super stars എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
super stars എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

സിംഹാസനം: ഏഴാം തമ്പുരാന്റെ ഏനക്കേടുകള്‍

ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും, പിന്നീട് പൈങ്കിളിയായും...
-ദീപക് ശങ്കരനാരായണന്‍

അന്‍പതുകള്‍ മുതല്‍ പുരോഗമന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന മലയാള സിനിമ മാറിത്തുടങ്ങുന്നത് തോണൂറുകളുടെ തുടക്കം മുതലാണ്‌. അതായത് ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഉദയവും ഉണ്ടാകുന്ന അതെ സമയത്ത്. രഞ്ജിത്ത് വക ദേവാസുരത്തില്‍ തുടങ്ങി പിന്നീട് ഷാജി കൈലാസ്-രഞ്ജിത്ത് ടീമിലൂടെ ശക്തി പ്രാപിച്ചു ഉസ്താദും ആറാം തമ്പുരാനും ധ്രുവവും താണ്ഡവവും വഴി നരസിംഹത്തിലൂടെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിത്തീര്‍ന്ന അങ്ങേയറ്റം സാമൂഹ്യവിരുദ്ധമായ സവര്‍ണ്ണ ഫ്യൂടല്‍-മാടമ്പി സ്തുതികളുടെ പൈങ്കിളിയായ ആവര്‍ത്തനമായി മാറുകയാണ് ഈ ചിത്രം. ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലെയ്ക്ക്  എത്തിയ മോഹന്‍ലാലിനെ അനുകരിച്ച് സൂപ്പര്‍ താരസിംഹാസനത്തിലേക്ക് കയറാനുള്ള ഒരു യുവനടന്റെ പരാജയപ്പെട്ട പരിശ്രമവും ദീപക്കിന്റെ കമന്റിനെ തന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതിയ സിംഹാസനം. സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയെ പോളിച്ചടുക്കിയതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഷാജി കൈലാസ് സ്വയം താനിതുവരെ ചെയ്ത പടങ്ങളെല്ലാം, അല്ലെങ്കില്‍ പിന്തുടര്‍ന്ന സിനിമാ രീതി തന്നെ എത്ര അപഹാസ്യമാണ് എന്ന് പകല്‍ വെളിച്ചത്തില്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന ചിത്രമാണ് സിംഹാസനം. ഒരര്‍ത്ഥത്തില്‍ കാലം കരുതിവെച്ച കാവ്യനീതി.

സിനിമയും രാഷ്ട്രീയവും : പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ 

ഈ ജനുസ്സില്‍ ഇന്നേ വരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ദേവാസുരം മുതല്‍ താണ്ഡവം വരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും സീനുകളും ഡയലോഗുകളും അടക്കം ഷാജി കോപ്പി ചെയ്തിരിക്കുന്നു,. അതുകൊണ്ടുതന്നെ ഈ ജനുസ്സിന്റെ എല്ലാ സാമൂഹ്യവിരുദ്ധതയും ഒറ്റ ചിത്രം കൊണ്ട് വ്യക്തമാകും. ചന്ദ്രഗിരി എന്ന തറവാട്ടിലെ മാധവന്റെയും മകന്‍ അര്‍ജ്ജുനന്‍ എന്ന അച്ചുവിന്റെയും (നരസിംഹത്തിലെ അതെ അച്ചു!)  കഥയാണ്‌ ചിത്രം.  തന്റെ അച്ഛന്‍ ഒരു 'Parallel Government' ആണല്ലോ എന്ന് അച്ചുവിന്റെ കൂട്ടുകാരന്‍ പറയുമ്പോള്‍ 'അല്ല  Alternate Government എന്ന്' അച്ചു പറയുന്നിടത്ത് ആ ജനാധിപത്യ-സാമൂഹ്യ വിരുദ്ധത ആരംഭിക്കുന്നു (ദേവാസുരം, താണ്ഡവം, ധ്രുവം). ഒടുവില്‍ തങ്ങള്‍ പഴയ രാജകുടുംബം ആണെന്നും ക്ഷത്രിയര്‍ ആണെന്നും പറഞ്ഞു അച്ചു പൂണൂല്‍ ധരിച്ചു (ആറാം തമ്പുരാനില്‍ എല്ലാത്തിന്റെം നാഥനായ ജഗന്നാഥന്‍ ഇട്ട അതെ പൂണൂല്‍) സിംഹാസനത്തില്‍ ഏറുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക. ഇവിടെ പൂണൂല്‍ വീണ്ടുമണിഞ്ഞു  കൊണ്ട് നമ്മോട് ഉത്ഘോഷിക്കുന്നത് സവര്‍ണ്ണ, ഫ്യൂടല്‍ രാജവാഴ്ചയുടെ 'മഹത്വം' ആണ്. നാം എന്നേ  കയ്യൊഴിഞ്ഞ ആ കെട്ടകാലത്തെ തിരിച്ചു കൊണ്ടുവരാനാനാണ്.



നരസിംഹത്തിലെത്തുമ്പോള്‍ അച്ചുവിന്റെ അച്ഛന്‍ ഒരു ജഡ്ജി ആണ്. ജനാധിപത്യത്തില്‍ നേരത്തെ പ്രതീക്ഷ നഷ്ടപ്പെട്ട ഷാജി   ജൂഡീഷ്യറിയിലും പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണല്ലോ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനിച്ചുകൊണ്ട് 'ചിന്താമണി കൊലക്കേസ്' എന്ന ക്രിമിനല്‍ സിനിമ ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഇവിടെ കാണിക്കുന്നത് സാക്ഷി പറയാനായി നില്‍ക്കുന്ന എസ്.പിയെ കോടതിക്കുള്ളില്‍ വെച്ച് ഒരു വക്കീല്‍ തന്നെ കാച്ചുന്നതാണ്. കണ്ടാ, ജൂഡീഷ്യറിയുടെ കാര്യവും പോക്കാണ്. ശൂദ്രന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി പുല്ലുപോലെ കേസ് തെളിയിച്ചിരുന്ന കാലം എത്രയും പെട്ടെന്ന് തിരിച്ചു വരണം. 'ഇവടെ പോലീസും വക്കീലും ജഡ്ജിയും ഒക്കെ ഞാനാണ്' എന്ന് പണ്ട് ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത് വെറുതെയല്ലല്ലോ, യേത്?


കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കാനും മുഖ്യമന്ത്രിയുടെ തന്നെ പ്രശ്നങ്ങളില്‍ അവസാന അഭയമായി മാറാനും കെല്‍പ്പുള്ള പുള്ളി ആണത്രേ ചന്ദ്രഗിരി തറവാട്ടിലെ ('എന്ത് വരിക്കാശ്ശേരി മന കിട്ടൂലെടെ, ഞാന്‍ ഷൂട്ടിംഗ്തന്നെ വേണ്ടാന്നു വെക്കും') മാധവ മേനോന്‍ . ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും, എന്തിനു ബെല്ലാരിയിലെ ഗുണ്ടക്കും ബാംഗ്ലൂരിലെ പോലീസിനും പോലും മാധവന്‍ വന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവക്കെല്ലാം പുള്ളി ദൈവവും ആണ്! ചന്ദ്രഗിരി ഭരിക്കുന്നത്‌ തന്നെ മാധവന്‍ ആണ്. പതിവുപോലെ തറവാടിനു മുന്നില്‍ ചുമ്മാ ബോറടിച്ച് നില്‍ക്കുന്ന ആനകളും, അമ്പലത്തിലെ ഉത്സവം നടത്തിപ്പും ഒക്കെ തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെ നായകന്‍ അച്ചുവിന് ഹിന്ദിപ്പടത്തില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് മീശ ഇല്ലാത്തത് കൊണ്ട് മീശപിരിക്കുക എന്ന ആചാരം തന്തപ്പടി മാധവമേനോന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പണ്ട് ആറാം തമ്പുരാന്‍ കൊളപ്പുള്ളി അപ്പനെ തട്ടിയിട്ടു കൊണ്ടുവന്ന തിരുവാഭരണം ഇപ്പോള്‍ ചന്ദ്രഗിരി തറവാട്ടിലാണ്. അത് ഉത്സവക്കമ്മിറ്റിക്കു അച്ചുത്തമ്പുരാന്‍ കൊടുത്തുകൊണ്ടാണ് താന്‍ വരുന്ന വഴി വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പ് ഒരു പദ്ധതി നടത്താന്‍ തീരുമാനിക്കുന്നു. പക്ഷെ തന്നോട് ആലോചിക്കാതെ തന്റെ നാട്ടില്‍ പദ്ധതി നടത്തുമോ എന്ന് ചോദിച്ചു മാധവണ്ണന്‍ നേരെ  കേറിച്ചെന്നു റവന്യൂ  മന്ത്രിയുടെ കുത്തിനു പിടിക്കുന്നു, നാട്ടുകാര്‍ പദ്ധതിസ്ഥലം  തന്നെ കയ്യേറി അവിടെ 'ചന്ദ്രഗിരി' വക എന്ന ബോര്‍ഡ് തന്നെ വെക്കുന്നു. 'നീ എന്റെ സ്വത്താണ്' എന്ന് ഒരു പെണ്‍കുട്ടിയോട് അച്ചു പറയുന്നത് നല്‍കുന്ന ധ്വനി ഒട്ടും നല്ലതല്ല.




ജനാധിപത്യത്തിനു പകരമായി ഷാജി മുന്നോട്ടു വെക്കുന്ന ഈ നാടുവാഴിയുടെ രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് പകല്‍ പോലെ വ്യക്തമാകുന്നു. ചന്ദ്രഗിരി തറവാട് പഴയ രാജകുടുംബവും, അവര്‍ ക്ഷത്രിയരും ആണ്. ഭരണം എന്നത് രാജകുടുംബങ്ങള്‍ക്കും സവര്‍ണ്ണ പൌരോഹ്യത്തിനും മാത്രം പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യം വന്നതോടെ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതാണ് നാം നേരിടുന്ന പ്രശ്നം. അത് തിരിച്ചുകൊണ്ടു വരണം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഷാജിയും കൂട്ടരും ഇത്തരം സിനിമകളിലൂടെ മുന്നോട്ടു വെക്കുന്ന 'അ'രാഷ്ട്രീയം. സിംഹാസനത്തില്‍ എത്തുമ്പോള്‍ അത് പച്ചയായ രാജഭക്തിക്കു വഴിമാറുന്നു. ഇന്നത്തെ കാലത്തും എന്തിനാണ് ആചാരങ്ങള്‍ എന്ന് ചോദിക്കുന്ന അച്ചുവിനോട് ആസ്ഥാന ജ്യോത്സന്‍ (മാടമ്പ് മാറി ശ്രീരാമനാണ് ഇവിടെ) പറയുന്നതിങ്ങനെ. 'മനുഷ്യനെക്കാള്‍ വലുതാണ്‌ ശാസ്ത്രം (ങേ!). ശാസ്ത്രമെന്നാല്‍ ആചാരങ്ങള്‍ (ഓ  അങ്ങനെ). ആ ആചാരങ്ങളുടെ ബലത്തിലാണ് കോടിക്കണക്കിനു വരുന്ന സ്വത്ത് സംരക്ഷിച്ചുവെക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു കഴിഞ്ഞത്. അതുകൊണ്ട് നാം അത് പിന്തുടര്‍ന്നെ പറ്റൂ.' സിനിമയുടെ ടൈറ്റില്‍ കാണിക്കുന്നതുമുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാന്‍ സില്മാക്കാര്‍ കാണിക്കുന്ന അഭ്യാസത്തിന്റെ യഥാര്‍ത്ഥ കാരണം വെളിയില്‍ വരുന്നത് അപ്പോഴാണ്‌. ക്ഷേത്രമല്ല, അതിനുള്ളിലെ നിധിയാണ്‌ കാര്യം. ആചാരങ്ങള്‍ നമ്മള്‍ക്ക് സ്വത്തു സൂക്ഷിക്കാനുള്ള മറയാണ്. അതുകൊണ്ട് തന്നെ അത് പിന്തുടര്‍ന്നെ മതിയാകൂ.





സൂരജ് രാജന്റെ വാക്കുകളില്‍, 'ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല. 

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.  


 പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്. 

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?'

ജനാധിപത്യം തന്നെ എല്ലാ സൌകര്യങ്ങളും യഥേഷ്ടം അനുഭവിക്കുകയും എന്നാല്‍ അപ്പോഴും രാജവാഴ്ചയുടെ അയഥാര്‍ത്ഥമായ നൊസ്റ്റാള്‍ജിയ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവത്വം ഇവിടെയുമുണ്ട്. അതിനുപിന്നിലുള്ള ജാതിചിന്തയും സവര്‍ണ്ണ മനോഭാവവും കാണാതിരുന്നുകൂട. ജനനേതാക്കളുടെ രൂപവും നിറവും ജനിച്ച ജാതിയും എല്ലാം ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നതിലും ചിലര്‍ക്കൊക്കെ ഓക്കാനം വരുന്നതിലും ഈ ജാതിചിന്ത ഒരു പങ്കു വഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.


എന്നാല്‍ ഈ അറുപിന്തിരിപ്പന്‍ രാഷ്ട്രീയത്തെ നേരെ കൈകാര്യം ചെയ്യാനും പണ്ട് ചെയ്തിരുന്നതുപോലെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാനും ഒന്നും ഷാജിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാടുവാഴിത്തറവാടും ഉത്സവം നടത്തി നാടുനന്നാക്കലും പൂണൂലിടലും ഒക്കെ വീണ്ടും നമ്മുടെ മുന്നില്‍ അവതരിക്കുന്നു, ഇങ്ങനെയുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സാധൂകരിച്ചുകൊണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ആദ്യഷോയ്ക്ക് പോലും ലഭിച്ച  കൂവലുകള്‍ ഈ കള്ളത്തരം കയ്യോടെ പിടികൂടാന്‍ പൊതുജനത്തിന് കഴിയുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു.


ചെഗുവേരയുടെ വാചകം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് താന്‍ ഒരു ഭയങ്കര ഇടതുപക്ഷക്കാരനാണ് എന്നുമൊക്കെ പ്രഖ്യാപിച്ച് പാര്‍ട്ടി പത്രത്തിലടക്കം ഷാജി കൈലാസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. ചെ ഒരു ഫാഷനായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ എത്ര ഉപരിപ്ലവമായാണ് ചെഗുവേരയെ ഒക്കെ ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ പോലും മനസിലാക്കിയിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുകയും എന്നാല്‍ വലതുപക്ഷത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുകയും ചിലരില്‍ നിന്നും ഷാജിയിലേക്കുള്ള ദൂരം തീരെക്കുറവ് എന്നുമാത്രം പറയുന്നു..

സൂപ്പര്‍ താരമാവാന്‍  പെടുന്ന പാടുകള്‍ 

'ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല.'

 - ബി. അബൂബക്കര്‍, (തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍ )

സൂപ്പര്‍ താരങ്ങളായി അവകാശപ്പെട്ടിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മെഗാ സ്റ്റാറും പിന്നീട് യൂണിവേഴ്സല്‍ സ്റ്റാറും ഒക്കെയായി സ്വയം പ്രൊമോഷന്‍ വാങ്ങിപ്പോയ ഒഴിവിലേക്ക് വരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത ക്യൂ നിന്നവരാണ് 'ജനപ്രിയ' പൈങ്കിളി നായകന്‍ , ഷിറ്റിന്റെ ആശാന്‍ , ടോം ആന്‍ഡ്‌ ജെറിക്ക് പഠിക്കുന്ന ആനക്കമ്പക്കാരന്‍ എന്നിവര്‍. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തില്‍ കവിഞ്ഞൊന്നും ഇവരെയൊന്നും സൂപ്പര്‍ താരം എന്ന് വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായില്ലെങ്കിലും ഇവരുടെ ഉപദേശികള്‍ക്ക് ഉണ്ടായി.. അപ്പോഴാണ്‌ രംഗത്തേയ്ക്ക് പ്രിഥ്വിയുടെ വരവ്. 'പുതിയ മുഖം' എന്ന പറക്കൂതറ ചിത്രത്തോടെയാണ് പുള്ളി സൂപ്പര്‍ താരപദവി നോട്ടമിടാന്‍ തുടങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു മലയാള സിനിമയാണ് തന്റെ സ്വപ്നമെന്നും മറ്റും അഭിമുഖങ്ങളില്‍ ചപ്പടാച്ചി അടിക്കുകയും എന്നാല്‍ അതിനു നേര്‍വിപരീതമായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഒരു നടന്റെ ആരംഭം ഇവിടെ നിന്നാണ്. അതിനുശേഷം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയ വളരെക്കുറച്ച് ചിത്രങ്ങളാണ് പ്രിത്വി ചെയ്തത്; വീട്ടിലേയ്ക്കുള്ള വഴി, മാണിക്ക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ, രാവണന്‍  എന്നിവ. ബാക്കി പ്രധാന ചിത്രങ്ങള്‍ ഇവയാണ്: റോബിന്‍ ഹുഡ്, താന്തോന്നി, പോക്കിരിരാജ, പോലീസ് പോലീസ്, ത്രില്ലര്‍, അര്‍ജ്ജുനന്‍ സാക്ഷി, മനുഷ്യമൃഗം, മാസ്റ്റേഴ്സ്, മേക്കപ്പ്മാന്‍, തേജാഭായി, ഉറുമി, ഹീറോ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ആ ലിസ്റ്റ് അങ്ങനെ പോകുന്നു. പ്രിഥ്വിവിരോധം  എന്ന പൊതുബോധത്തില്‍ പങ്കുചേരാതെ`ഈ നടനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് കുഴിച്ചുമൂടാന്‍ തക്ക കപ്പാസിറ്റി ഉള്ള ഒരു ലിസ്റ്റ്. ഒരു സൂപ്പര്‍ താരം ആയി പ്രതിഷ്ഠ നേടാനുള്ള പെടാപ്പാട് ആണ് ഈ ചിത്രങ്ങള്‍ പൊതുവായി പങ്കുവെക്കുന്നത്. അതിന്റെ പാരമ്യം ആണ് സിംഹാസനം.



ഒരു സൂപ്പര്‍ താരമാവാന്‍ പ്രിഥ്വി  സ്വീകരിച്ച വഴികള്‍ മുകളില്‍ കൊടുത്ത ലേഖനത്തില്‍ വിശദമായി അബൂബക്കര്‍ എഴുതിയിട്ടുണ്ട്. അതിനു ഒരു അനുബന്ധമാണ്‌ ഈ ചിത്രം. മോഹന്‍ലാല്‍ എങ്ങനെ ഒരു താരസ്വരൂപമായി മാറി എന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സവര്‍ണ്ണ വിളയാട്ടങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. താരസിംഹാസനത്തില്‍ എറാനായി അതിനെ പിന്തുടരുക ഒട്ടും നല്ലതല്ലാത്ത വഴിയാണ് ഇവിടെ പ്രിഥ്വി  സ്വീകരിക്കുന്നത്.എന്നാല്‍ ലാലുമായി താരതമ്യപ്പെടുത്തുമ്പോള്‍  അഭിനയമികവ് എന്നൊരു സാധനം പ്രിഥ്വിക്ക് തീരെ കുറവായതിനാതിനാലും ഷാജിയുടെ പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കാത്തതിനാലും വലിയൊരു ക്യാന്‍വാസില്‍ എടുത്ത ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ മോഡല്‍ പടം എന്നതിനപ്പുറം മറ്റൊന്നുമാവാന്‍ ഈ ചിത്രത്തിന് കഴിയാതെ പോകുന്നു. 'കൂതറ പടം പിടിക്കാന്‍ അഞ്ചു ലക്ഷം മതി, അതിനു പത്തുകൊടിയും താടിയും വേണ്ട' എന്ന പണ്ഡിറ്റ്‌ജി പഠിപ്പിച്ച പാഠം നമ്മുടെ നിര്‍മ്മാതാക്കാള്‍ പഠിക്കാത്തിടത്തോളം കാലം സിംഹാസനങ്ങള്‍ വീണ്ടും ഉണ്ടാകും. എന്നാല്‍ അവ മുന്‍പ് നിര്‍വ്വഹിച്ച സാമൂഹ്യവിരുദ്ധമായ ദൌത്യം ഇനിയും ചെലവാവുമോ എന്ന് കണ്ടുതന്നെ അറിയണം. വിക്കിപീഡിയ ചിത്രത്തെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തുന്നു..

'The film opened with negative reviews and critics saying 'Simhasanam' is another terrible waste of a terrific opportunity and money.'

ശനിയാഴ്‌ച, ജൂലൈ 07, 2012

ഉസ്താദ് ഹോട്ടല്‍ നമുക്ക് വിളമ്പുന്നത്...





ഉസ്താദ് ഹോട്ടല്‍ എന്ന അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു ദുല്ക്കര്‍ സല്‍മാനും തിലകനും മറ്റും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ നമുക്ക് മുന്നിലേയ്ക്ക് വെക്കുന്ന കാഴ്ചകള്‍ ഇവയാണ്.


൧) റസ്സാക്കിന്റെ (സിദ്ദിക്ക്) ഭാര്യ ഗര്‍ഭിണി ആകുന്നു. അതു ആണ്‍കുട്ടി തന്നെയാകുമെന്നും തന്റെ മുഴുവന്‍ സ്വത്തും അവനാകുമെന്നും റസാക്ക് പറയുന്നു. എന്നാല്‍ കുട്ടി പെണ്‍കുട്ടിയാണ്. അതറിഞ്ഞ ഉടന്‍ റസാക്ക് വിഷമിക്കുന്നു, കരയാന്‍ പോകുന്നു. അടുത്ത മൂന്ന് പ്രസവത്തിലും പെണ്‍കുട്ടികളാണ്. അപ്പോഴെല്ലാം റസാക്ക് ദുഖിതനാകുന്നു, ബന്ധുക്കളും. എന്നാല്‍ അഞ്ചാമത്തെ പ്രസവം ആണ്‍കുട്ടിയാണ്. അതറിഞ്ഞ റസാക്ക് സന്തോഷിച്ചു തുള്ളിച്ചാടുന്നു. ബന്ധുക്കള്‍ക്കും വന്‍ സന്തോഷം, പ്രേക്ഷകര്‍ക്കും സന്തോഷം.  തീയേറ്ററില്‍ വന്‍ കയ്യടി.


൨) ഒരു ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തുടര്‍ച്ചയായുള്ള പ്രസവങ്ങള്‍ മൂലം റസാക്കിന്റെ ഭാര്യ അസുഖബാധിതയാകുന്നു, തുടര്‍ന്ന് മരിക്കുന്നു.


൩) മകന്‍ ഫൈസി(ദുല്ക്കര്‍ സല്‍മാന്‍) സഹോദരിമാരെ  അടുക്കളയില്‍ സഹായിക്കുന്നതു കണ്ടു റസാക്കിന് ദേഷ്യം വരുന്നു. നിനക്കെന്താ അടുക്കളയില്‍ കാര്യമെന്ന് ചോദിച്ചു അവനെ വിരട്ടുന്നു, പോയിരുന്നു പഠിക്കാന്‍ പറയുന്നു. ഫൈസി പഠിക്കാന്‍ പോകുന്നു, സഹോദരിമാര്‍ അടുക്കളയില്‍ പാചകം തുടരുന്നു. പ്രേക്ഷകര്‍ 'അതു തീര്‍ത്തും സ്വാഭാവികം' എന്ന മട്ടില്‍ പടം കാണുന്നു.


൪) സഹോദരിമാരെയെല്ലാം വിവാഹം കഴിച്ചയക്കുന്നു.  ഫൈസിയെ സ്വിട്സര്‍ലാണ്ടില്‍ പഠിക്കാന്‍ വിടുന്നു.


൫) മാനേജ്മെന്റ്റ് പഠിക്കാനെന്നും പറഞ്ഞു സ്വിട്സര്‍ലാണ്ടില്‍ പോകുന്ന ഫൈസി പഠിക്കുന്നത് പാചകം, അതും വാപ്പയോ ബന്ധുക്കളോ അറിയാതെ. തിരിച്ചു വരുന്ന ഫൈസി നേരെ പോകുന്നത് പെണ്ണുകാണാനാണ്. ഫൈസി പഠിച്ചത് പാചകം ആണെന്നറിഞ്ഞു പെണ്ണു ഇറങ്ങി ഓടുന്നു. ആലോചന മുടങ്ങുന്നു. ഫൈസിയുടെ വാപ്പ രോഷാകുലനാകുന്നു. ആണുങ്ങള്‍ പാചകം ചെയ്യുകയോ, ഛെ മ്ലേച്ചം. അതിനല്ലേ പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാതെ നമ്മള്‍ കെട്ടിച്ചയക്കുന്നത്. ആണ്‍കുട്ടികള്‍ ചെയ്യാനുള്ളത് പഠിച്ചിട്ടു തന്തപ്പടിയെ ബിസിനസ്സില്‍ സഹായിക്കുകയാണ്. അല്ലാതെ ആഹാരം ഉണ്ടാക്കുകയല്ല. ഈ രീതിയെ വെല്ലുവിളിച്ചാല്‍ വീട്ടിനു പുറത്ത്, സമൂഹത്തിനും.


൬) തുടര്‍ന്ന് നാട്ടില്‍ ഉപ്പാപ്പ നടത്തുന്ന 'ഉസ്താദ്‌ ഹോട്ടലില്‍' ഫൈസി കൂടുന്നു. അവിടത്തെ ബിരിയാണി പാഴ്സല്‍ കൊണ്ടുകൊടുക്കാന്‍ മുസ്ലീം മതചിഹ്നങ്ങള്‍ വഹിക്കുന്ന ഒരാളുടെ വീട്ടിലെത്തുന്നു. അവിടെ പത്തന്‍പത് കുട്ടികള്‍ ഓടിക്കളിക്കുന്നു. എല്ലാം തന്റെതാ എന്നയാള്‍ പറയുന്നു, 'ഗുഡ് ജോബ്‌' എന്ന് ഫൈസി. എന്നിട്ട് ചെല്ലുന്നത് ഒരു സവര്‍ണ്ണ നാലുകെട്ടിലേക്ക്. പടിപ്പുരയ്ക്കു പുറത്ത് നിന്ന് ബിരിയാണി അകത്തേക്ക് കൊടുക്കുന്നു. അവിടെ രണ്ട് കുട്ടികള്‍ മാത്രം. അതു പിന്നങ്ങനല്ലേ, അല്ലേ?


൭) കുറഞ്ഞ വിലയും സേവനമനോഭാവവും മൂലം ഉസ്താദ് ഹോട്ടല്‍ നഷ്ടത്തിലും കടത്തിലും ആവുന്നു. ഫൈസി ഫ്രാന്‍സിലോ മറ്റോ 'ഷെഫ്' ആയി പോകാനുള്ള ശ്രമത്തിലാണ്. അപ്പളാണ് ഫൈസി സ്വന്തം ജീവിതം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച താജിലെ ഒരു പഴേ ഷെഫിനെ പരിചയപ്പെടുന്നത്. (ഒരാള്‍ വഴിയരികില്‍ വിശന്നിരുന്നു അമേദ്യം ഭക്ഷിക്കുന്നത് കണ്ടാണ്‌ അയാള്‍ അങ്ങനെ മാറുന്നത്). അതു കണ്ടു ഇന്‍സ്പിരേഷന്‍ കേറി ഫൈസി യൂറോപ്പില്‍ പോവാനുള്ള പ്ലാന്‍ ഉപേക്ഷിക്കുകയും ഉസ്താദ് ഹോട്ടലിനെ ഏറ്റെടുത്തു നവീകരിച്ചു വിലകൂട്ടി, സേവനം ഉപേക്ഷിച്ചു ലാഭത്തിലാക്കുകയും ചെയ്യുന്നു. സുദീപ് ചോദിക്കുന്നതുപോലെ “150 രൂപ കൊടുത്ത് ബിരിയാണി തിന്നാന്‍ ‘കഴിവു’ള്ളവര്‍ ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി തിന്നാല്‍ മതി, അതിന് വകയില്ലെങ്കില്‍ വഴിയരികില്‍ ഇരുന്ന് സ്വന്തം അമേധ്യം ഭക്ഷിക്കൂ, ഹൃദയത്തില്‍ നിറയെ നന്മയുള്ള ഏതെങ്കിലും കാശുകാര്‍ വന്ന് തിന്നാന്‍ വാങ്ങിത്തരും എന്നാണോ അഞ്ജലി മേനോനും അന്‍വര്‍ റഷീദും പറയാന്‍ ഉദ്ദേശിച്ചത്?”

൮) മുസ്ലീം പെണ്‍കുട്ടി പാട്ടുപാടാന്‍ മതില്‍ ചാടി പോകുന്നു, നേരെ പോകാന്‍ പറ്റില്ലത്രേ.



൧൦)മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കോ, അച്ഛന്റെ തഴമ്പ് മോന് കിട്ടാതിരിക്കോ എന്നിങ്ങനെയുള്ള താരപുത്രന്റെ ഫാന്‍സ്‌ ഉയര്‍ത്തിയ (ലവന് ജന്മനാ ഫാന്‍സ്‌ ഉണ്ടത്രേ, ആദ്യത്തെ പടം റിലീസ് ആവുന്നതിനുമുന്നെ ഫാന്‍സ്‌ അസോസിയേഷനും) ദാര്‍ശനിക സമസ്യകള്‍ക്ക് നടുവിലൂടെയാണ്‌ പടത്തിനു കയറിയത്. പയ്യന്‍സിനു പലയിടത്തും ലിപ് സിങ്ക് പോലുമില്ല!


ഇവയാണ് ഉസ്താദ് ഹോട്ടലിലെ വിഭവങ്ങള്‍. നമ്മുടെ സിനിമയും പോതുബോധവുമൊക്കെ സ്ത്രീവിരുദ്ധമാണോ, സാമൂഹ്യ വിരുദ്ധമാണോ, മുസ്ലീം വിരുദ്ധമാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്?

സന്ദേശവും അന്തിക്കാടും പിന്നെ സ്ത്രീധനവും





തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

സന്ദേശവും അന്തിക്കാടും പിന്നെ സ്ത്രീധനവും


ഓരോ തമാശയ്ക്ക് പിന്നിലും അതിന്റേതായ രാഷ്ട്രീയം ഉണ്ട്. മലയാളത്തില്‍ കാലാതീതമായ തമാശകള്‍ സൃഷ്ടിച്ച ആളാര് എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍  വരിക ശ്രീനിവാസന്റെ പേരാണ്; അതിന്റെ നിലവാരവും ആഴവും രാഷ്ട്രീയവും ഒക്കെ അത്ര മെച്ചമല്ല എങ്കിലും. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന് ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ കുറയും. പലപ്പോഴും ആഴമില്ലാത്ത പുറന്തോട് മാത്രം സ്പര്‍ശിക്കുന്ന ഫലിതങ്ങളാണ് ശ്രീനി നിര്‍മ്മിച്ചത്. അതാകട്ടെ 'അരാഷ്ട്രീയം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന  വലതുപക്ഷ രാഷ്ട്രീയത്തോടു ചേര്‍ന്ന് നില്‍ക്കുന്നതും. ഇടതുപക്ഷം എന്നാല്‍ പലര്‍ക്കും പ്രഭാകരന്മാരും ക്യൂബ മുകുന്ദന്‍മാരും ആയി മാറുന്നത് പതിവ് കാഴ്ച്ചയാണല്ലോ. രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും പുരോഗമനപരമായ ആശയങ്ങളെയും എന്നും അവജ്ഞയോടു കൂടി മാത്രമേ ശ്രീനിയും സത്യന്‍ അന്തിക്കാടും കണ്ടിട്ടുള്ളൂ. അതിന്റെ പരമകൊടിയാണ് 'സന്ദേശം' എന്ന സിനിമ. അതിലെ പ്രശസ്തമായ ഒരു സീനാണ് പ്രഭാകരന്റെ പെണ്ണുകാണല്‍.







ശ്രീനിയുടെ പ്രശസ്തമായ ഡയകോല്‍ ഇതാണ്. 'എനിക്ക് ചില നിബന്ധനകള്‍ മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിനു ആര്‍ഭാടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ പാര്‍ട്ടി ആഫീസില്‍ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടനിയിക്കും. കുട്ടി ഒരു രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞങ്ങളുടെ പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം. ചടങ്ങ് തീര്‍ന്നു.'
ഈ തമാശയുടെ വേരുകള്‍ എവിടെയാണ് എന്നാണ് നാം പരിശോധിക്കേണ്ടത്. ആ ആലോചന എണ്‍പതുകളില്‍ പുരോഗമനപരമായി ചിന്തിച്ച ഒരു കൂട്ടം ചെരുപ്പക്കാരിലാണ് ചെന്നു നില്‍ക്കുക. കേരളം ഒരു മധ്യവര്‍ഗ്ഗ സമൂഹമായി മാറിത്തുടങ്ങിയ കാലം. ആ കാലത്താണ് ആര്‍ഭാടകരമായ വിവാഹങ്ങളും സ്ത്രീധനവിലപേശലുകളും കേരളത്തില്‍ വ്യാപകം ആകുന്നത്. കലാലയ രാഷ്ട്രീയം നന്മകളുടെ വിത്തുകള്‍ നിറച്ച ഒരു കൂട്ടം യുവാക്കള്‍ ഇതിനെതിരെ ചിന്തിച്ചു തുടങ്ങുന്നു. അവര്‍ സിനിമയില്‍ പറയുന്നത് പോലെ ഇടതുപക്ഷത്തോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മാത്രം ഉള്ളവരല്ല, അവരില്‍ വലിയൊരു പങ്ക് ഇടതുപക്ഷ ചിന്താഗതിക്കാര്‍ ആയിരുന്നു എങ്കിലും. പുരോഗമന ആശയങ്ങള്‍ മനസ്സില്‍ കൊണ്ട് നടന്ന ആ തലമുറയില്‍പ്പെട്ട പലരും സ്ത്രീധനം ചോദിക്കാതെയും ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കിയും വിവാഹം കഴിക്കാന്‍ തിരുമാനിച്ചു. അങ്ങനെ വിവാഹം കഴിച്ച ആ തലമുറയില്‍പ്പെട്ടു പോയ പലരെയും എനിക്ക് നേരിട്ടറിയാം. പല വിവാഹങ്ങളിലും അതു പ്രത്യക്ഷമായി ദൃശ്യമായില്ല എങ്കിലും വിലപേശലുകളും അനാവശ്യ ആര്‍ഭാടങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ അവര്‍ വളരെ പ്രത്യക്ഷമായിത്തന്നെ നടന്നു, ഒരു പക്ഷെ മുകളില്‍ പറഞ്ഞ ഡയലോഗ് പോലുള്ള വിവാഹങ്ങള്‍ സംഭവിച്ചു. എന്നാല്‍ ഈ പുരോഗമനപരമായ സമൂഹത്തിനു വളരെയേറെ ഉപയോഗപ്പെടുമായിരുന്ന ആ മുന്നേറ്റത്തെ ചവിട്ടിയരക്കാനാണ് ശ്രീനിയേയും സത്യന്‍ അന്തിക്കാടിനെയും പോലുള്ളവര്‍ ഉത്സാഹം കാട്ടിയത്. അതാകട്ടെ വസ്തുതകളെ അങ്ങേയറ്റം വികൃതമാക്കിയും. സത്യന്‍-ശ്രീനി കൂട്ടുകെട്ടിന്റെ 'പൊന്മുട്ടയിടുന്ന താറാവില്‍' ആകട്ടെ സ്ത്രീധനം വാങ്ങുന്നത് ഒരു നാട്ടുനടപ്പായി മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. കാമുകന്‍ പ്രണയസമ്മാനമായി തന്ന മാല വരന് സ്ത്രീധനമായി കൊടുക്കുന്നതില്‍ മാത്രമാണ് അവര്‍ തെറ്റുകണ്ടത്.

കാലം മാറുകയും പുരോഗമനപരമായ പല ആശയങ്ങളെയും പോലും ഈ രീതിയിലുള്ള വിവാഹങ്ങളും കുറഞ്ഞു വന്നു. അതിനു പല കാരണങ്ങളും ഉണ്ട്. ഫലമോ അനാവശ്യ ആര്‍ഭാടങ്ങള്‍ നിറഞ്ഞ വിവാഹങ്ങളും വര്‍ഷംതോറും പൂക്കുറ്റി പോലെ മോളിലേക്ക് പോകുന്ന, പ്രതിരോധബജറ്റിന്റെ അതിശയിക്കുന്ന സ്ത്രീധന ഡിമാന്റുകളും മാതാപിതാക്കളുടെ ചങ്കിലെ തീയ്ക്കും കടക്കെണിയിലായ കുടുംബങ്ങള്‍ക്കും കാരണമാകുന്നത് 'നോര്‍മല്‍' കാഴ്ചയായി മാറി. വിവാഹം എന്നത് ഒരു ആണും പെണ്ണും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു എന്നതിലുപരി ഒരു വലിയ ബിസിനസ്‌ ആയി മാറുന്ന അശ്ലീലക്കാഴ്ച്ചക്കും സമൂഹം സാക്ഷിയായി. അപ്പോഴാണ്‌ സത്യന്‍ അന്തിക്കാടിലെ 'നാട്ടുമ്പുറത്തുകാരന്‍ ഉപദേശി' സ്ത്രീധനവും വിവാഹത്തിലെ ആര്‍ഭാടങ്ങളും ഒക്കെ വലിയ പ്രശ്നമാണെന്ന് മനസിലാക്കി സടകുടഞ്ഞെഴുന്നേല്ക്കുന്നതും 'ഭാഗ്യദേവത' എന്ന 'സ്ത്രീധന-വിരുദ്ധ സില്‍മ' പിടിക്കുന്നതും.

പലരും യുവാക്കളായിരിക്കുമ്പോള്‍ സ്ത്രീധനം ചോദിച്ചു വാങ്ങിക്കുന്നവരും എന്നാല്‍ മൂന്നാല് പെണ്‍പിള്ളാരുടെ തന്ത ആകുമ്പോള്‍ വലിയ സ്ത്രീധന വിരുദ്ധര്‍ ആകുന്നതും അത്ര അപൂര്‍വമായ കാഴ്ച അല്ല, യേത്? എന്തായാലും ഏതാണ്ടതുപോലൊരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് 'ഭാഗ്യദേവത'യിലെ നായകന്‍, ഇവിടെ പുള്ളിക്ക് മകളല്ല മറിച്ച് സഹോദരി ആണെന്ന് മാത്രം, കടുത്ത സ്ത്രീധനവിരോധി ആകുന്നതും. ഈ നായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണോ എന്നറിയില്ലെങ്കിലും പുള്ളി ആ കഥാപാത്രത്തില്‍ നിന്ന് വലിയ വ്യത്യസ്തന്‍ അല്ല എന്നാണ് പുള്ളിയുടെ പഴയകാല സില്മകളും ഈ പുതിയ പടപ്പും വെച്ചു നോക്കുമ്പോള്‍ മനസിലാകുന്നത്. ഇതു ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട്-പ്രിയദര്‍ശന്‍ ത്രയത്തിന്റെ ഒരു പൊതുസ്വഭാവം തന്നെയാണ്. എല്ലാ പുരോഗമനപരമായ മുന്നേറ്റങ്ങളേയും ആശയങ്ങളെയും അന്യായമായി സാമാന്യവല്‍ക്കരിച്ച് പരിഹസിക്കുകയും എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ക്ക് തടയാന്‍ കഴിയുമായിരുന്ന പല വിപത്തുകളെയും പറ്റി വളരെക്കാലത്തിനു ശേഷം ആശങ്കപ്പെടുകയും ചെയ്യുന്ന ഇവരെപ്പോലുള്ളവര്‍ മലയാള സിനിമാചരിത്രത്തിലെ കറുത്ത പാടുകള്‍ തന്നെയാണ്. സൂപ്പര്‍ താര നിര്‍മ്മാണത്തിലും അവരുടെ കൊള്ളരുതായ്മകളിലും പങ്കുവഹിക്കുകയും പങ്കുപറ്റുകയും ചെയ്തിട്ട് ഒടുവില്‍ തനിക്കു അവരില്‍ നിന്നും ഒന്നും കിട്ടാനില്ല എന്ന് പുടി കിട്ടിയപ്പോള്‍ ശ്രീനി എടുത്ത 'പത്മശ്രീ ഭരത് ഡോ:സരോജ് കുമാര്‍' തന്നെയാണ് ഈ സീരിസിലെ ലേറ്റെസ്റ്റ്‌ എന്ട്രി. ഈ പൊള്ളത്തരങ്ങള്‍ മലയാളിസമൂഹം മനസിലാക്കിത്തുടങ്ങിയാല്‍ നന്ന് എന്ന് മാത്രം പറഞ്ഞുകൊള്ളുന്നു.



ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്? 

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....

 

(എഴുതാനുണ്ടായ സാഹചര്യം ഇവിടെ...)



ചൊവ്വാഴ്ച, ഡിസംബർ 06, 2011

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

(സിനിമയുടെ സസ്പെന്‍സ് അടക്കം ഇവിടെ പറയുന്നുണ്ട്. പടം കാണുന്നതിനു മുന്‍പ് അതു വായിക്കുന്നത് ബുദ്ധിമുട്ടുള്ളവര്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ വായിക്കാതിരിക്കുന്നതാവും ഉചിതം)



അനൂപ്‌ മേനോന്‍ രചന നിര്‍വ്വഹിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു പക്ഷെ, വി.കെ പ്രകാശിന്റെ ആദ്യത്തെ ഹിറ്റ് ചിത്രം. 'ഗുലുമാല്‍' എന്ന മൂന്നാം കിട വളിപ്പ് സിനിമ മാത്രമാണ് വി.കെ.പി-യുടെ സംവിധാനത്തില്‍ ഇതിനു മുന്‍പ് അല്പമെങ്കിലും കാശ് വാരിയ ചിത്രം. നിരൂപക പ്രശംസ നേടിയ പുനരധിവാസവും ഫ്രീക്കി ചക്രയുമൊക്കെ ഇതിനു മുന്‍പ് സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടവയാണ്.


വളരെ പോസിറ്റീവ് ആയ ജീവിത വീക്ഷണം ചിത്രം മുന്നോട്ടു വെക്കുന്നു. ഒരര്‍ത്ഥത്തില്‍ ദയാവധം പ്രമേയമായ 'ഗുസാരിഷി'നു വിരുദ്ധ ധ്രുവത്തിലാണ് ഈ ചിത്രം നില്‍ക്കുന്നത്. അനൂപ്‌ മേനോന്റെ തിരക്കഥയും വി.കെ പ്രകാശിന്റെ സംവിധാന മികവും ഒന്നിക്കുമ്പോള്‍ ചിത്രം ആസ്വാദ്യകരമായ അനുഭവം ആകുന്നുണ്ട്. മുന്‍പ് പകല്‍ നക്ഷത്രങ്ങളിലും കോക്ക്ടെയ്ലിലും (അതൊരു മുഴുനീള കോപ്പിയടി ആയിരുന്നെങ്കില്‍ കൂടി) പ്രകടമായിരുന്ന സംഭാഷണ മികവ് ഈ ചിത്രത്തിലും അനൂപ്‌ മേനോന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ ഒതുങ്ങിയതും എന്നാല്‍ സത്യസന്ധതയാല്‍ തീക്ഷ്ണവുമായ സംഭാഷണങ്ങള്‍ സീരിയിലുകളായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന മലയാള സിനിമയില്‍ നിന്ന് ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു. മികച്ച തിരക്കഥകളുടെ അഭാവവും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലെ പാളിച്ചയുമാണ് വി.കെ പ്രകാശിന്റെ സംവിധാന മികവ് പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്നതിനു പ്രധാന കാരണം എന്ന് ഈ ചിത്രം അടിവരയിടുന്നു. ഉണ്ണിമേനോന്‍ ഒഴികെ ആരും തങ്ങളുടെ വേഷം മോശമാക്കിയില്ല. എന്നാല്‍ ഈ ചിത്രം സ്വീകരിക്കപ്പെടുന്നതിനു മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നും, അവ തന്നെയാണ് അതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു. അതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.

ജനപ്രിയവും എന്നാല്‍ അങ്ങേയറ്റം ജനവിരുദ്ധവുമായ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെയും ഇതു പോലുള്ള മറ്റനേകം സിനിമകളുടെയും വിജയരഹസ്യം. എണ്ണത്തില്‍ സ്ത്രീകള്‍ക്കു മുന്‍തൂക്കമുള്ള ഒരു സമൂഹത്തിന്റെ പോതുബോധത്തിലെ കടുത്ത സ്ത്രീ വിരുദ്ധത ഒരു ഐറണി ആയി തോന്നാമെങ്കിലും അതു നമ്മുടെ സമൂഹത്തില്‍  നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അന്‍പതുകളിലും അറുപതുകളിലും പുരോഗമന ആശയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന മലയാള സിനിമ എണ്‍പതുകളോടുകൂടി എല്ലാതരം പിന്തിരിപ്പന്‍ ആശയങ്ങളുടെയും പ്രവാചകര്‍ ആയി മാറിയതായി കാണാം. നമ്മുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തിന്റെ ദിശ കൂടിയാണ് ഇതു കാണിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് എതിരാണ് ചിത്രത്തിന്റെ ശില്‍പ്പികള്‍ എന്ന ധ്വനി ജനിപ്പിക്കുന്നുണ്ട്. പ്രവീണ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിലൂടെ മലയാളത്തിലെ ഇന്നത്തെ കുടുംബ വ്യവസ്ഥകളെ ശക്തമായി വിമര്‍ശിക്കുന്നു. എന്നാല്‍ ചിത്രം പകുതി കഴിയുമ്പോള്‍ രചയിതാവിന്റെ ഉള്ളിലിരുപ്പ് പയ്യെപ്പയ്യെ പുറത്തു വരുന്നു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ. 

രാത്രി കൂട്ടുകാരനൊപ്പം ബൈക്കില്‍ കയറി പോകുന്ന പെണ്‍കുട്ടി ചില സമീപകാല സംഭവങ്ങള്‍ ഓര്‍മ്മയില്‍ ഉള്ളത് കൊണ്ട് സദാചാര പോലീസുകള്‍ക്കുള്ള ഒരടി ആയാണ് ഉള്‍പ്പെടുത്തിയത് എന്ന് കരുതിയെങ്കിലും, ഈ പെണ്‍കുട്ടി അയാളുടെ പിറകെ പ്രേമാഭ്യര്‍ത്ഥനയുമായി നടക്കുന്ന രംഗങ്ങള്‍ പിന്നീട് കുത്തിത്തിരുകിയത് അങ്ങനെയൊരു വായനയെ അസാധ്യമാക്കി എന്ന് മാത്രമല്ല, സദാചാര പോലീസുകള്‍ക്ക് പരോക്ഷമായെങ്കിലും ഒരു ന്യായീകരണം നല്‍കുന്നതായി ഭവിച്ചു. പിന്നീടങ്ങോട്ട് പ്രത്യക്ഷമായിത്തന്നെ സ്ത്രീ വിരുദ്ധമാവുകയാണ് ചിത്രം. 

വീട്ടുജോലിക്കാരികളെയും ഹോം നെഴ്സുമാരെയും കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ, അവര്‍ എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്നവരാണ് എന്ന ഒരു പൊതു ധാരണയെ ഒരു ഉളുപ്പുമില്ലാതെ ഏറ്റു പിടിക്കുകയാണ് അനൂപ്‌ മേനോന്‍ . കൂടാതെ പണം മോഷ്ടിച്ച് കൊണ്ട് ഓടിപ്പോകുന്നവരാണ് വീട്ടുജോലിക്ക് പോകുന്ന സ്ത്രീകള്‍ എന്ന പഴയ നമ്പരും പുള്ളി ഇറക്കിയിട്ടുണ്ട്. അങ്ങനെയുള്ള പ്രമേയമുള്ള ഒരു പരസ്യം മൂലം ഡോക്കൊമോ-ക്കാര്‍ കോടതി കയറിയതൊന്നും തിരക്കിനിടയില്‍ ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല.

പ്രവീണയുടെ കഥാപാത്രത്തിലൂടെ ഉയര്‍ത്തിയ സാമൂഹിക വിമര്‍ശനം മുഴുവന്‍ അസാധുവാക്കുകയാണ് ആനിയും (മേഘ്ന) അലെക്സും (ടിനി ടോം) തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിരിക്കുന്ന രീതി. 'എന്നും ഇങ്ങനെ വെപ്പാട്ടിയായി കഴിഞ്ഞാല്‍ മതിയോ?' എന്ന ഒരു കാലത്ത് മലയാള സിനിമയിലെ ക്ലീഷേ ആയിരുന്നു ഡയലോഗ് പോലും അതുപോലെ എടുത്തുപയോഗിക്കാന്‍ രചയിതാവ് ഒരു മടിയും കാണിക്കുന്നില്ല എന്നിടത്താണ് ചിത്രത്തിന്റെ തനിപിന്തിരിപ്പന്‍ സ്വഭാവം പുറത്തു വരുന്നത്. താന്‍ ആദ്യം പറയാന്‍ ശ്രമിച്ചതൊക്കെ വെറും പൊള്ളയായ ഒരു പുറം മൂടി ആയിരുന്നെന്നും, തന്റെ നിലപാടുകള്‍ മുഖ്യധാര മലയാള സിനിമയില്‍ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ല എന്നും രചയിതാവ് കാണികളോട് നേരിട്ട് പറയുന്നത് പോലെയാണ് ഈ ഡയലോഗ് അനുഭവപ്പെടുക. ഇവിടെത്തന്നെയാണ് നവസിനിമകള്‍ എന്ന പേരില്‍ പടച്ചു വിടുന്നവയുടെ കള്ളി വെളിച്ചത്താവുന്നതും. സിനിമയുടെ വിപണി തന്നെയാവും അബോധമായെങ്കിലും ഇത്തരം പ്രവൃത്തികള്‍ക്ക്‌ സൃഷ്ടാക്കളെ പ്രേരിപ്പിക്കുന്നത്. വിപണിയുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തില്‍ ഇവ ഒരു വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരപൂരകമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി മുന്നോട്ടു പോകുന്ന ഈ പ്രക്രിയ നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു ദുരന്തത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. ഒരു സമൂഹം മൊത്തത്തില്‍ സദാചാര പോലീസിങ്ങും കപട സദാചാരവും ഒരു വിശ്വാസ സംഹിതയായി തെരഞ്ഞെടുക്കുന്നു എന്ന ദുരന്തം. നവസിനിമകളായി കൊട്ടിഘോഷിക്കപ്പെട്ട കൊക്ക്ടെയ്ലും ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ്‌ പേപ്പറും ഒന്നും അടിസ്ഥാനപരമായി ഇങ്ങനെയുള്ള പ്രതിലോമകരമായ ആശയങ്ങള്‍ തന്നെയാണ് വിനിമയം  ചെയ്യുന്നത് എന്നും ഓര്‍ക്കുക.

ആനി അഞ്ജലിയാവുന്ന മായാജാലം കൂടി ഒന്ന് സ്പര്‍ശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. വലിയൊരു പൊട്ടും തൊട്ട് സവര്‍ണ്ണകുലജാതയായി വരുന്ന അഞ്ജലി സ്റ്റീഫനെ (ജയസൂര്യ) നന്നായി നോക്കുന്ന, ജോണിന്റെ (അനൂപ്‌ മേനോന്‍ ) പ്രണയത്തിനു പാത്രമാകുന്ന, സാരി മാത്രമുടുക്കുന്ന കഥാപാത്രമാണ്. എന്നാല്‍ ഇതേ കഥാപാത്രം സ്റ്റീഫനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ ആയി മാറുമ്പോള്‍  അലെക്സുമായി സാമ്പ്രദായിക കുടുംബബന്ധങ്ങള്‍ക്ക് നിരക്കാത്ത ബന്ധം പുലരുത്തുന്ന, മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആനി എന്ന പെണ്‍കുട്ടി ആയി മാറുന്നു. ഒരേ കഥാപാത്രത്തിന്റെ  നന്മ-തിന്മ എന്നീ വിരുദ്ധ ധ്രുവങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളും, പേരും, ജാതിയും, സ്വഭാവ സവിശേഷതകളും നല്‍കുന്ന സൂചന ഒട്ടും ശുഭകരമല്ല. ഇതെഴുതുമ്പോള്‍ അപ്പുറത്ത് ടി.വി-യില്‍ മിന്നിമറയുന്ന സീരിയലിലെ(ഹരിചന്ദനം എന്നത്രേ പേര്) നായികയും പ്രതിനായികയും യഥാക്രമം അഞ്ജലി-ആനി മാരെ ഓര്‍മ്മിപ്പിക്കുന്ന വേഷ-സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍ തന്നെയാണ്. അഞ്ജലിമാര്‍ ആഘോഷിക്കപ്പെടുന്നതും ആനിമാര്‍ ക്രൂശിക്കപ്പെടുന്നതും ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നും, വാത്സല്യം എന്ന ചിത്രം മുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ദ്വന്ദം ആണ് എന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ ഈ ദ്വന്ദം നിര്‍മ്മിച്ചിരിക്കുന്ന പൊതുബോധം പുരോഗനപരമായി ചിന്തിക്കേണ്ട ഒരു സമൂഹത്തിനു ഒട്ടും യോജിക്കുന്നതല്ല എന്നത് കൊണ്ടാണ് അതു ഇവിടെ പരാമര്‍ശവിധേയമാകുന്നത്.

വാത്സല്യത്തില്‍ നന്മയുടെ പ്രതീകങ്ങളായി കാണുന്ന സ്ത്രീകള്‍ ഒക്കെയും അടുക്കളയില്‍ മാത്രമൊതുങ്ങുന്ന, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കാത്ത, പുരുഷാധിപത്യത്തിന് യാതൊരു വിരോധവുമില്ലാത്ത കീഴ്പ്പെടുന്ന, ഒരു പരിധി വരെ ആസ്വദിക്കുന്ന സ്ത്രീകളാണ്. എന്നാല്‍ അങ്ങനെയല്ലാത്ത, സ്വന്തമായി ഒരു അഭിപ്രായം ഉള്ള, അതു പറയാന്‍ ധൈര്യം ഉള്ള, ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഒരു പെണ്‍കുട്ടിയായി കടന്നു വരുന്ന സിദ്ദിക്കിന്റെ ഭാര്യ ചിത്രത്തില്‍ പ്രതിനായികയായി, ആ തറവാടിന്റെ നാശത്തിനു തന്നെ കാരണമാവുന്നവളായി ചിത്രീകരിക്കപ്പെടുന്നു. ഒടുവില്‍ അവളെ ചെകിട്ടത്തടിച്ചു കൊണ്ട് നന്നാക്കുകയാണ് സിദ്ദിക്കിന്റെ കഥാപാത്രം. ആ പാത്രസൃഷ്ടിക്കും ചെകിട്ടത്തടിക്കും ലഭിച്ച സ്വീകാര്യത അതു ആയിരത്തൊന്നു വട്ടം ആവര്‍ത്തിക്കപ്പെട്ടു ഇന്ന് മറ്റൊരു രീതിയില്‍  ബ്യൂട്ടിഫുളില്‍ എത്തി നില്‍ക്കാന്‍ കാരണമായി. പുരുഷമേധാവിത്വത്തിന്റെ അസ്സന്നിഗ്ദമായ പ്രഖ്യാപനം ആയിരുന്നു അതു എന്നത് തന്നെയാണ് ആ ചെകിട്ടത്തടിക്കും രണ്ട് പതിട്ടാണ്ടിനിപ്പുറവും ഉണ്ടാവുന്ന ആവര്‍ത്തനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതക്കു നിദാനം. പുരുഷമേധാവിത്വത്തില്‍ അധിഷ്ടിതമായി നിര്‍മ്മിക്കപ്പെട്ട ഈ പൊതുബോധം അതിന്റെ എല്ലാ ദോഷവശങ്ങളും അനുഭവിക്കുന്ന സ്ത്രീകള്‍ക്കും സ്വീകാര്യമായിത്തീര്‍ന്നു എന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം. ഇതിനു പ്രധാന പങ്ക് വഹിച്ചത് മുഖ്യധാരാ സിനിമ മാത്രമല്ല,  ടി.വി സീരിയലുകള്‍ കൂടിയാണ്. വി.ടി അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് സ്ത്രീകളെ കൊണ്ട് വന്നപ്പോള്‍, ടി.വി സ്ത്രീകളെ അരങ്ങത്തു നിന്ന് തിരിച്ചു അടുക്കളയിലേക്കു ഒതുക്കി എന്നത്രേ കെട്ട കറുത്ത കാലം അടയാളപ്പെടുത്തുന്നത്.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സമൂഹമായി നമ്മുടേത്‌ അധപതിക്കുമ്പോള്‍ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ധൈര്യപ്പെടുന്ന രഞ്ജിനി ഹരിദാസുമാര്‍ അതേ സമൂഹത്തിന്റെ മുന്നില്‍ തെറ്റുകാരായി മാറുന്നതില്‍ അത്ഭുതമുണ്ടോ? അതെ, ആനിമാര്‍ എന്നും ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കും. തെറ്റുകാരായി ചിത്രീകരിക്കപ്പെടും. 'നീ വെറും പെണ്ണായിപ്പോയി' എന്ന് ആക്രോശിച്ച് അതു നമ്മള്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്യും.

ഇതോടൊപ്പം ഈ അഞ്ജലി-ആനി ദ്വന്ദത്തിനു ഒരു പ്രാധാന്യം കൂടിയുണ്ട്. അതു മനസിലേക്ക് കൊണ്ട് വരുന്നത്  കേരളക്കരയെ ഒരു കാലത്ത് കീഴടക്കിയ പരമേശ്വരന്‍ -ഉസ്താദ് ദ്വന്ദത്തിന്റെ ഒട്ടും സുഖകരമല്ലാത്ത ഓര്‍മ്മകളെയാണ്. കുടുംബസ്ഥനും നാട്ടിലെ മാന്യനുമായ ശുഭ്രവസ്ത്രധാരി ആയി, തബലയും വായിച്ചു പരമേശ്വരന്‍ വാഴുമ്പോള്‍, മാപ്പിളപ്പാട്ടുമായി പ്രത്യക്ഷപ്പെടുന്ന അധോലോകരാജാവായ ക്രിമിനലിന്റെ പേര് ഉസ്താദ് എന്നാണ്. അതെന്നും അങ്ങനെ തന്നെയായിരിന്നു. വായിക്കുന്നവരില്‍ ചിലര്‍ക്ക് എത്ര ചൊറിച്ചില്‍ തോന്നിയാലും വേണ്ടില്ല, ഇതു മുഖ്യധാര മലയാള സിനിമയിലെ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഹിസ്‌ ഹൈനെസ് മഹാരാജാവിനെ കൊല്ലാന്‍ വരുന്നത് അബ്ദുള്ള തന്നെയാവും. അപ്പോഴും അഞ്ജലിയും പരമേശ്വരനും മാത്രമായി ആ കഥാപാത്രങ്ങള്‍  എന്ത് കൊണ്ട് നിര്‍മ്മിക്കപ്പെട്ടില്ല, എതിനവര്‍ക്ക് ആനിയും ഉസ്താദും ആയി മാറേണ്ടി വന്നു എന്നൊരു ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു. ഉത്തരം വളരെ വ്യക്തം.

ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാണ് സ്ത്രീ പക്ഷത്തു നിന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ചിലതായ നാല് പെണ്ണുങ്ങളും ചാപ്പാകുരിശും ഒക്കെ പരാജയപ്പെട്ടിടത്ത് ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നത്.

മുന്‍അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പോസ്റ്റിനു ലഭിക്കാനിടയുള്ള ചില പ്രതികരണങ്ങള്‍ക്ക് അഡ്വാന്‍സ് ആയി മറുപടി നല്‍കി പോസ്റ്റ്‌ അവസാനിപ്പിക്കാം. 

൧) ബുദ്ധിജീവി ആവാനുള്ള വികലശ്രമം 

തനിക്കു രസിക്കാത്ത അഭിപ്രായം പറയുന്നവരെ വിളിക്കാന്‍ മല്ലൂസ് ഉപയോഗിക്കുന്ന ഏറ്റവും മാന്യമായ തെറിയാണല്ലോ ഇപ്പോള്‍ ബുദ്ധിജീവി എന്നത്. 'Intellectual' എന്ന വാക്കിന്റെ മലയാള പദമാണ് ബുദ്ധിജീവി എന്ന കാര്യം പോലും സന്ദേശത്തിന്റെ ഹാങ്ങോവര്‍ മാറാത്ത, ചരിത്രം പഠിച്ചു മാര്‍ക്ക് വാങ്ങാനുള്ള ഒരു വിഷയം മാത്രമായി കണക്കാക്കുന്ന ഒരു സമൂഹം മറന്നു തുടങ്ങിയിരിക്കുന്നു. കുറെ ബുദ്ധിജീവികളുടെ പ്രയത്നഫലമാണടോ കേരളത്തിന്‌ ഉന്നത നിലവാരമുള്ള സാംസ്കാരിക പരിസരം നല്‍കിയത്. അങ്ങനെ ചിലരെയെങ്കിലും അറിയുന്നതുകൊണ്ടും, എന്‍റെ എല്ലാ പരിമിതികളും ബോധ്യമുള്ളതു കൊണ്ടും ഒരു ബുദ്ധിജീവി ആവാനുള്ള ശ്രമം നടത്താന്‍ മാത്രം വിഡ്ഡിയൊന്നുമല്ല ഞാന്‍ . 

൨) ഇങ്ങനെയും ഉണ്ടോ ഭ്രാന്ത് 

രാത്രി ഒരുമിച്ചു യാത്ര ചെയ്‌താല്‍ ഉടന്‍ അനാശാസ്യം ആരോപിച്ചു മര്‍ദ്ദിക്കുന്ന സദാചാര പോലീസിനില്ലാത്ത, എല്ലാ അധികാരസ്ഥാപനങ്ങളെയും വെല്ലുവിളിച്ചു  സ്വന്തമായി ഒരു സിനിമ പിടിച്ചതിന്റെ പേരില്‍ ഒരാള്‍ക്ക്‌ നേരെ ചീമുട്ടയേറും കൊലപാതക ഭീഷണിയും തെറിവിളിയും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് ഇല്ലാത്ത, മുസ്ലീം പ്രേക്ഷകര്‍ കുറയുമെന്ന ഭയത്താല്‍ നോമ്പ് കാലത്ത് സിനിമ റിലീസ് ചെയ്യാനുള്ള ധൈര്യം പോലുമില്ലാഞ്ഞിട്ടും തുടര്‍ച്ചയായി മുസ്ലീം വിരുദ്ധ സിനിമകള്‍ ഇറക്കുന്നവര്‍ക്കില്ലാത്ത, ഭൂരിപക്ഷം സ്ത്രീ പ്രേക്ഷകര്‍ ആയിട്ടും തുടര്‍ച്ചയായി സ്ത്രീ വിരുദ്ധ സിനിമകള്‍ പടച്ചു വിടുന്നവര്‍ക്കില്ലാത്ത, ചാനല്‍ അവതാരക എന്ത് വേഷം ധരിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും ഫത്വ ഇറക്കുന്നവര്‍ക്ക് ഇല്ലാത്ത ഭ്രാന്ത് എനിക്കുണ്ടെങ്കില്‍ ഞാനങ്ങു സഹിച്ചു.

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
വിക്കിപ്പീഡിയ 
m3db
ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ 

ബന്ധപ്പെട്ട പോസ്റ്റുകള്‍:

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

ബുധനാഴ്‌ച, നവംബർ 16, 2011

മുരുഗദോസ്സും ക്രിസ്ടഫര്‍ നോളനും തമ്മിലെന്ത്?



'പ്രേസ്ട്ടീജിനെയും ഇന്സപ്ഷനെയും ഇഷ്ടപ്പെടുന്ന, അനുകൂലിക്കുന്ന ആള്‍ എന്തുകൊണ്ടാണ് ഏഴാം അറിവിനെ എതിര്‍ക്കുന്നത്?' 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ് എന്ന എന്റെ പോസ്റ്റുമായി ബന്ധപെട്ടു ആനന്ദ് ചോദിച്ച ചോദ്യാണിത്. അതിനു വിശദമായി മറുപടി പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്‌. ആ ചോദ്യം ചോദിച്ച ആനന്ദിന് നന്ദി, അതുകൊണ്ടാണല്ലോ ഈ പോസ്റ്റ്‌.

 

പ്രെസ്ടീജിനെപ്പറ്റിയും ഇന്സെപ്ഷനെപ്പറ്റിയും ആനന്ദ് പറഞ്ഞത് കൊണ്ട് ക്രിസ്ടഫര്‍ നോളനെക്കുറിച്ചു കൂടി പറയട്ടെ. സിനിമാ ചരിത്രത്തിലെ ഏറ്റവും നല്ല സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ എടുക്കുന്ന സംവിധായകരില്‍ ഒരാള്‍ അദ്ദേഹമാണ്. സമകാലികരില്‍ ജെയിംസ്‌ കാമറൂണിനും (അവതാര്‍, എലിയന്‍സ്‌, ടെര്‍മിനേറ്റര്‍ സീരിസ്), സ്പില്‍ബെര്‍ഗ്ഗിനും (ഇ.റ്റി: ദി എക്സ്ട്രാ ടെറസ്ട്രിയല്‍, ജുറാസിക്ക് പാര്‍ക്ക് സീരിസ്, ബാക്ക് ടു ദി ഫ്യൂച്ചര്‍ സീരിസ്, ഇന്ത്യാന ജോണ്‍സ് സീരിസ്, എ.ഐ, വാര്‍ ഓഫ് ദി വേള്‍ഡ്സ്)  അദ്ദേഹത്തിന്റെ സ്ഥാനം. മെമന്റോ , പ്രസ്റ്റീജ്, ബാറ്റ്മാന്‍ ബിഗിന്‍സ്, ഡാര്‍ക്ക് നൈറ്റ്‌, ഇന്സപ്ഷന്‍ എന്നെ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ആ സ്ഥാനം നേടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട്. ഡാര്‍ക്ക് നൈറ്റ്‌ ബുഷണ്ണനെ പുണ്യാളന്‍ ആക്കാനെടുത്ത പടമാണെന്ന ഒരു വ്യാഖ്യാനവും ഉണ്ട്.(അത് ഒരു വ്യാഖ്യാനം മാത്രമാവാം. കല രചയിതാവിന്റെത് മാത്രമല്ലല്ലോ. പ്രേക്ഷകര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ക്കൂടിയാണ്  കലയുടെ നിലനില്‍പ്പ്‌ എന്ന് ഞാന്‍ കരുതുന്നു). എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ട്. ഇപ്പോഴും യുക്തിക്ക് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു എന്നതാണ് കാരണം. 

പ്രസ്റ്റീജ് യഥാര്‍ത്ഥത്തില്‍ അതെ പേരുള്ള ഒരു നോവലിനെ ആധാരമാക്കി എടുത്തതാണ്. എന്നാല്‍ നോവലും സിനിമയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസം ഉണ്ട്. മന്ത്രവാദവും മായാവിദ്യകളും ആയിരുന്നു നോവലിന്റെ പശ്ചാത്തലം. എന്നാല്‍ അതിനെ പുതുക്കിപ്പണിഞ്ഞു ശാസ്ത്രമാണ് മാജിക്കിന്റെ അടിസ്ഥാനം എന്ന സത്യം പ്രചരിപ്പിക്കുകയാണ് അദ്ദേഹം തന്റെ സഹോദരന്‍ ജോനാതന്‍ നോളനുമായി ചേര്‍ന്ന് ചെയ്തത്. ഇത് യഥാര്‍ത്ഥത്തില്‍ വളരെയധികം പ്രചരിപ്പിക്കപ്പെടെണ്ട ഒരു പോയന്റ് ആണ്. മാജിക്കിലെ ഏറ്റവും സിമ്പിളായ വിദ്യകള്‍ തങ്ങളുടെ അമാനുഷിക  കഴിവാണെന്ന മട്ടില്‍ പ്രചരിപ്പിച്ചു കുമ്പിടി സ്വാമിമാര്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. വിരലുകള്‍ക്കിടയില്‍ നിന്ന് ഭസ്മം എടുക്കുകയും, സ്വര്‍ണ്ണ മാല എടുക്കുകയും, ശിവലിംഗം ചര്‍ദ്ദിക്കുകയും ചെയ്തു ദൈവങ്ങളായ മനുഷ്യരുടെ ആരാധകര്‍ ഇതൊക്കെ മാജിക്കിലെ ബാലപാഠങ്ങളാണ് എന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ പ്രസ്റ്റീജ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ  അര്‍ത്ഥത്തില്‍ വളരെ പുരോഗമനപരമാണ് ഈ ചിത്രം. എന്നാല്‍ ഏഴാം അറിവിലാകട്ടെ നേരെ വിപരീതമായി ഫ്രാഡ് സ്വാമിമാരുടെയും ഗോക്രിമാരുടെയും പാദസേവ ചെയ്യകയാണ് മു.ദോ. അതിനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.

സിനിമ കണ്ട ശേഷം നോവലിന്റെ സൃഷ്ടാവ് തന്റെ നോവലിനേക്കാള്‍ എത്രയോ മനോഹരമായിരിക്കുന്നു സിനിമ എന്ന് പ്രശംസിച്ചത് തന്നെയാണ് നോളന്റെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം. എന്നാല്‍ സിനിമ ഒരു കലാസൃഷ്ടി കൂടിയാണ്. അവിടെ ആനന്ദ് നേരത്തെ പറഞ്ഞ ഭാവന ഉപയോഗിക്കണം. അതിനുള്ള അവസരമായി മാത്രം ഡൂപ്ലിക്കേറ്റിംഗ് മെഷീനെ കണ്ടാല്‍ മതി. എന്നാല്‍ അപ്പോഴും മന്ത്രവിദ്യ ഉപയോഗിച്ച് അല്ല ഈ മെഷീനെ നോളന്‍ പ്രവര്‍ത്തിപ്പിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ടെസ്ലാ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി വരുന്നു. ടെസ്ല ആണ് ഈ മെഷീന്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷനില്‍ ഭാവനയും ശാസ്ത്രവും ന്യായമായ അളവില്‍ ചേര്‍ക്കേണ്ടതുണ്ട്. അതിന്റെ ശരിയായ മിശ്രണം ഒരു നല്ല കലാസൃഷിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രസ്റ്റീജ്. അതിന്റെ ഏറ്റവും വികൃതമായ ഉപയോഗമാണ് ഏഴാം അറിവില്‍ ഉള്ളത്. അതില്‍ അയുക്തമായ ഭാവന മാത്രമേ ഉള്ളൂ, ശാസ്ത്രം തീരെ ഇല്ല.

ബാറ്റ്മാന്‍ സീരിസില്‍ ഇറങ്ങിയ രണ്ടു പടങ്ങളും (ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക് നൈറ്റ്‌) എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടിയിട്ടേ ഉള്ളൂ. ഒരു സാധാരണ സൂപ്പര്‍ ഹീറോ ആയി  അവശേഷിക്കുമായിരുന്ന ബാറ്റ്മാന്‍ എന്ന ലെജന്‍ഡിനെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിയത്‌ അദ്ദേഹമാണ്. സൂപ്പര്‍മാന്‍  തുടങ്ങി നമ്മുടെ ശക്തിമാനില്‍ വരെ ജന്മനാ സിദ്ധിച്ച കഴിവുകളാണ് അവരെ അതിമാനുഷികര്‍ ആക്കി മാറ്റിയതും അനീതിക്കെതിരെ പോരാടാന്‍ ശക്തി നല്‍കിയതും. എന്നാല്‍ ക്രിസ്ടഫര്‍ നോളന്‍ ഈ അതിമാനുഷികര്‍ക്ക് ഒരു പുനര്‍വായന നടത്തുകയായിരുന്നു. ജന്മനാ സിദ്ധിച്ച കഴിവ്വല്ല മറിച്ച് ജീവിതം കൊണ്ട് ആര്‍ജ്ജിച്ച കഴിവുകളാണ് ബ്രൂസ് വെയ്നെ ബാറ്റ്മാനാക്കി തീര്‍ക്കുന്നത്. അതില്‍ ബാറ്റ്മാന്‍ മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മനുഷ്യന്‍ സ്വപ്രയത്നത്താല്‍ നേടിയ ആത്മവിശ്വാസവും ധൈര്യവും മോര്‍ഗന്‍ ഫ്രീമാന്‍ അവതരിപ്പിക്കുന്ന ഫോക്സ് എന്ന ശാസ്ത്രജ്ഞന്‍ വഴി ശാസ്ത്രത്തിന്റെ അത്ഭുതകരമായ സാധ്യതകളുമായി ചേര്‍ന്നപ്പോഴാണ് നോളന്റെ ബാറ്റ്മാന്‍ ജനിക്കുന്നത്. ബ്രൂസ് വെയ്ന്റെ അച്ഛന് ചെയ്യാന്‍ കഴിയാതിരുന്നതാണ് ബാറ്റ്മാന്‍ ചെയ്യുന്നതൊക്കെ എന്ന് ചിത്രം വ്യക്തമായി കാണിക്കുക വഴി പ്രതിഭ ജന്മസിദ്ധമല്ലെന്നും ആര്‍ജ്ജിതമാണെന്നും വാദിക്കുകയാണ് നോളന്‍ . ഇതിന്റെ ഏറ്റവും പോസിറ്റീവ് ആയ വശം ഇത് പാരമ്പര്യവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്നുള്ളതാണ്. പാരമ്പര്യ വാദം എങ്ങനെയാണ് സാമൂഹ്യ വിരുദ്ധമാകുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവിന്‌ എതിര്‍ധ്രുവത്തിലാണ് ബാറ്റ്മാന്റെ സ്ഥാനം.

ഇങ്ങനെ പറയുമ്പോഴും നോളന്റെ ബാറ്റ്മാന്‍ സീരിസിന്റെ രാഷ്ട്രീയം വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. ബുഷണ്ണന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. സ്വന്തം നാടിനു വേണ്ടി (?) യുദ്ധം ചെയ്ത, അനീതിക്കെതിരെ പോരാടിയ (?), വിദേശ രാഷ്ട്രത്തില്‍ അധിനിവേശം നടത്തിയ (ചിത്രത്തില്‍ വില്ലനില്‍ പോക്കാനായി ചൈനയില്‍ അതിക്രമിച്ചു കടക്കുന്നു), ഒടുവില്‍ നാട്ടുകാരാല്‍ വെറുക്കപ്പെടുന്ന, എന്നിട്ടും നാട്ടുകാര്‍ക്ക് വേണ്ടി നിലകൊണ്ട ആളായി ആണല്ലോ 'ഡാര്‍ക്ക് നൈറ്റ്‌ ' എന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ ചിത്രീകരിക്കപ്പെടുന്നത്. ബുഷിന്റെ ആരാധകര്‍ അയാളെ ന്യായീകരിക്കാന്‍ പറയുന്ന നുണകള്‍ക്ക് ഇവയുമായി ഉള്ള സാമ്യം യാദൃശ്ചികമാകില്ല. ഈ വീഡിയോ കാണുക. ബുഷിനെ വെള്ളപൂശാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഡാര്‍ക്ക് നൈറ്റിലെ സംഭാഷണങ്ങള്‍ ആണ്.

ഉപദേശകന്റെ വക കാട്ടില്‍ ഒളിച്ച കൊള്ളക്കാരനെ പിടിക്കാന്‍ കാടിന് തന്നെ തീയിട്ട കഥയാണ്‌  ബ്രൂസ് വെയ്ന് പ്രോത്സാഹനം ആകുന്നത്. ജോക്കറെപ്പറ്റി 'some people just want to see the wold burn, we can't find any logic in them' എന്നാണു മൈക്കേല്‍ കെയ്ന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നു. ഇത് നേരെ പിടിച്ചു തീവ്രവാദികളുടെ മേലില്‍ വെക്കുകയാണ് ബുഷ്‌ ആരാധകര്‍ ചെയ്യുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്ക് ഇത് ഒട്ടും യോജിക്കുന്ന വിശേഷണങ്ങള്‍ അല്ല. തീവ്രവാദി ആക്രമങ്ങള്‍ക്കും ബുഷിന്റെ തീവ്രവാദികള്‍ക്ക് എതിരായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടങ്ങള്‍ക്കും വ്യക്തമായ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയവുമായ ഉദ്ദേശങ്ങള്‍ ഉണ്ട്. അമേരിക്ക-തീവ്രവാദി ദ്വന്തത്തെ അത് കൊണ്ടുതന്നെ ബാറ്റ്മാന്‍ - ജോക്കര്‍ ദ്വന്തമായി പരിഗണിക്കുന്നത് അത്യന്തം കാപട്യപരവും ചരിത്ര നിഷേധവുമാണ്. ബിന്‍ ലാദനും സദ്ദാം ഹുസൈനുമൊക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആദ്യം ആയുധം നല്‍കിയത് ഇതേ അമേരിക്കന്‍ സാമ്രാജ്യം തന്നെയായിരുന്നു എന്നും ഓര്‍ക്കുക.

ബുഷിനെപ്പോലെ ഒരാളെ ന്യായീകരിക്കാന്‍ അബോധമായെങ്കിലും നോളന്‍ ശ്രമിച്ചെങ്കില്‍ അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത് ആ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ കളങ്കം ആണ്. ഇതുമാത്രമല്ല, അനീതിയും അക്രമവും ഇല്ലാതാക്കാന്‍ നോളന്‍ മുന്നോട്ടു വെക്കുന്ന രീതി അസംബന്ധവും അപ്രായോഗികവുമാണ്. ഇല്ലാതാക്കേണ്ടത് കുറ്റവാളികളെ അല്ല, കുറ്റം ചെയ്യാനുണ്ടായ സാഹചര്യം ആണെന്ന അടിസ്ഥാന തത്വം നോളന്‍ ഇവിടെ മറന്നുപോയി. ഈ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ഈ ജനുസില്‍പ്പെട്ട മറ്റേതൊരു ഹോളിവുഡ് ചിത്രവും പോലെ പൊട്ടി പൊളിയുകയാണ് നോളന്റെ ഈ ചിത്രവും. (അവതാര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇറാക്ക് അധിനിവേശത്തെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് : 'മാനവസംസ്കാരത്തിന്റെ അമ്മമരം').

ഇന്സപ്ഷന്‍ ഞാന്‍ കണ്ടിട്ടുള്ളതിലും വായിച്ചിട്ടുള്ളതിലും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ സൃഷ്ടികളില്‍ ഒന്നാണ്. എന്തൊരു ഭാവന  എന്ന് മാത്രമേ ആ ചിത്രത്തെക്കുറിച്ച് എനിക്ക് പറയാനുള്ളൂ (ഇതാണ് ഭാവന, അല്ലാതെ മുടി മൈക്രോസ്കോപ്പില്‍ വെച്ചിട്ട് ഡി എന്‍ എ കിടന്നു കറങ്ങുന്നത് കാണിക്കുന്നത് അല്ല).  തീര്‍ച്ചയായും നമ്മുടെ കാലത്തെ ഒരു ക്ലാസ്സിക്ക് ചിത്രം. എന്നാല്‍ നോളനെ കണ്ടു പഠിക്കഡേയ് എന്ന് മു.ദോ-യോട് ഒരിക്കലും ഞാന്‍ പറയില്ല. കാരണം മു.ദോ നോളനെക്കണ്ട് തന്നെയാണ് പഠിച്ചിരിക്കുന്നത്. പക്ഷെ ഒരു ഉപയോഗവും ഉണ്ടായില്ല എന്ന് മാത്രം. ദീന, രമണ തുടങ്ങിയ ചവറുകള്‍ എടുത്തു സിനിമാ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രം ഒടുങ്ങുമായിരുന്ന (ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ തന്നെയാണ് തോന്നുന്നത്) മു.ദോ-യെ ഇപ്പോള്‍ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും നോളന്‍ സഹോദരന്മാര്‍ക്കാണ്. കാരണം ജോനാതന്‍ നോളന്‍ എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നോളന്‍ സഹോദരന്മാര്‍ ചേര്‍ന്നെഴുതി ക്രിസ്ടഫര്‍ നോളന്‍ സംവിധാനം ചെയ്ത  'മെമന്റോ' എന്ന ചിത്രത്തിന്റെ ഈച്ചകോപ്പിയാണ് മു.ദോ-യെ പ്രശസ്തനാക്കിയ 'ഗജിനി'.

ഒരു സിനിമ ഏറ്റവും മോശമായി എങ്ങനെ റീമേക്ക് ചെയ്യാം എന്നതില്‍ ചൈന ടൌണിനും (ദി ഹാന്ഗ് ഓവര്‍), 'കഥ തുടരുന്നു'-നും (ദി പെഴ്സ്യൂട്റ്റ് ഓഫ് ഹാപ്പിനെസ്സ്), ആഗിനും (ഷോലെ), ഫോര്‍ ഫ്രണ്ട്സിനും (ദി ബക്കറ്റ് ലിസ്റ്റ്) ഒപ്പമാണ് ഗജിനിയുടെയും സ്ഥാനം. 'മെമന്റോ'  ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഗജിനി പകുതി വരെയെങ്കിലും സഹിച്ചിരുന്നു കാണാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. തമിഴ് വേര്‍ഷന്‍ കുറച്ചു കണ്ടു പേടിച്ചു ഹിന്ദി വേര്‍ഷന്റെ അടുത്ത് പോലും പോയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യം അറിയില്ല. എന്നാല്‍ അതും ഫീകരമാണെന്നാണ് കണ്ടവരുടെ റിപ്പോര്‍ട്ട്. ഇങ്ങനെ നേടിയ ചീത്തപ്പേര് കൂടുതല്‍ (കു)പ്രസിദ്ധമാക്കാന്‍ മാത്രമേ ഏഴാം അറിവ് ഉപകരിച്ചിട്ടുള്ളൂ. 'എന്ഗേയും എപ്പോതും' എന്ന ചിത്രം നിര്‍മ്മിച്ചു എന്ന പേരില്‍ മാത്രമാകും ഒരുപക്ഷെ തമിഴ് സിനിമ ചരിത്രത്തില്‍ മു.ദോ അറിയപ്പെടുക.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ സാധാരണ ജനപ്രിയ സിനിമകളില്‍, പ്രത്യേകിച്ച് ഹോളിവുഡ് സിനിമകില്‍, കാണാനിടയില്ലാത്ത യുക്തിചിന്തയും പുരോഗമനപരമായ നിലപാടുകളും പിന്നെ കലാരൂപം എന്ന നിലയില്‍  സിനിമകളുടെ ഉന്നതമായ നിലവാരവും ക്രിസ്ടഫര്‍ നോളനെ എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാക്കി മാറ്റുന്നു. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാശാവ്. മു.ദോ-യുടെ സ്ഥാനാമാകട്ടെ ചവറ്റുകുട്ടയിലും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ബന്ധപ്പെട്ട പോസ്റ്റുകള്‍:

 മാനവസംസ്കാരത്തിന്റെ 'അമ്മമരം'  

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

 

തിങ്കളാഴ്‌ച, നവംബർ 14, 2011

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

'അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് ചന്തിയില്‍ തഴമ്പ് വരോ?' വരില്ല എന്നാണ് പ്രശസ്തമായ ആ പഴഞ്ചൊല്ലിലൂടെ നാമെല്ലാം കരുതിയിരുന്നത്. എന്നാല്‍ സത്യം അതല്ല എന്നും മകന് തഴമ്പ് വരുമെന്ന് മാത്രമല്ല ഡി എന്‍ എ-യിലൂടെ ജെനറ്റിക്ക് മെമ്മറി വഴി അനേകം തലമുറകള്‍ക്ക് ആ തഴമ്പ് പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കും എന്ന് ഇതാ തെളിഞ്ഞിരിക്കുന്നു. ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയതിലൂടെയും അതുപയോഗിച്ചു 'ഏഴാം അറിവ്' (Seventh Sense) എന്ന അക്രമം കാണിച്ചതിലൂടെയും മുരുഗദോസ് എന്ന മഹാനുഭാവന്‍ ഓസ്ക്കാറും നോബല്‍ പ്രൈസും ഒരുമിച്ചു അടിച്ചെടുക്കുന്ന എല്ലാ കോളുമുണ്ട്. നമുക്ക് ഇതു തന്നെ വരണം. 


ബോധിധര്‍മ്മന്‍ എന്ന ചൈനീസ്‌ ബുദ്ധസന്യാസിയുടെ കഥയുമായാണ് ചിത്രം തുടങ്ങുന്നത്. ഇദ്ദേഹം തമിഴ്നാട്ടിലെ പല്ലവ രാജവംശത്തിലെ കുമാരന്‍ ആയിരുന്നു എന്ന ജനസംസാരത്തെപ്പറ്റി വിക്കിപ്പീഡിയ പറയുന്നു. പിന്നീട് ഇദ്ദേഹം ചൈനയിലേയ്ക്ക് പോവുകയും ഒരു ബുദ്ധമത സന്യാസി ആയി മാറുകയും ചെയ്തു. ഷാവോലിന്‍ എന്ന ആയോധന കല ഇദ്ദേഹത്തിന്റെ സംഭാവന ആണെന്ന് പറയപ്പെടുന്നു. താവോയിസത്തിന്റെ തുടക്കവും അദ്ദേഹത്തില്‍ നിന്നാണ് എന്നും ഐതിഹ്യം. എന്തായാലും ഈ രംഗങ്ങള്‍ ചിത്രത്തില്‍ മോശമല്ലാതെ ചിത്രീകരിച്ചിരിക്കുന്നു; സൂര്യ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി നിര്‍മ്മിച്ച അതിശയോക്തി കലര്‍ന്ന സംഘട്ടന രംഗങ്ങള്‍ ഇതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി എങ്കിലും. എന്തായാലും ബോധിരാമന്റെ ഖബറില്‍ രണ്ട് പിടി മണ്ണ് വാരിയിട്ട ശേഷം മുരുഗദോസ് വര്‍ത്തമാന കാലത്തിലേക്ക് കടക്കുന്നതോടെ സംഗതി ആകെ കൈവിട്ടു പോകുകയാണ്.

ബോധിധര്‍മ്മന്റെ പിന്‍തലമുറക്കാരില്‍ ഒരാളായി സൂര്യ വീണ്ടും ഒരു സര്‍ക്കസ്സുകാരന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുള്ളി ശ്രുതി ഹാസന്‍ എന്ന ഗവേഷണ വിദ്യാര്‍ഥിനിയുമായി അടുപ്പത്തില്‍ ആകുന്നു. എന്നാല്‍ ബോധിധര്‍മ്മനെപ്പറ്റി പഠിക്കുന്നതിനായി അവള്‍ തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നവന്‍ വൈകിയാണ് മനസിലാക്കുന്നത്‌. പിന്നീട് ഒരു വില്ലന്‍ അവതിരിക്കുന്നു. ബാക്കി എല്ലാം സാദാ തമിഴ് പടം പോലെ. സിനിമ ഒരു കലാരൂപമെന്ന രീതിയിലുള്ള മറ്റു കാര്യങ്ങളെപ്പറ്റി പറയാന്‍ അല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. മറിച്ച് സിനിമ മുന്നോട്ടു വെക്കുന്ന തനി പിന്തിരിപ്പന്‍ ആയ ചില ആശയങ്ങളെക്കുറിച്ചാണ്...

ശാസ്ത്രത്തെയും അതിന്റെ രീതികളെയും മുരുഗദോസ് എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്ന് ആദ്യം പരിശോധിക്കാം. ഒരു സയന്‍സ് ഫിക്ഷന്‍ ചെയ്യുമ്പോള്‍ ചെയ്യാന്‍ പോകുന്ന മേഖലയെപ്പറ്റി അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന യാതൊരു നിര്‍ബന്ധവും ഈ സിനിമ എഴുതി സംവിധാനം ചെയ്ത ഈ മനുഷ്യനില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എണീച്ചു നിന്ന് കൂവിപ്പോകുന്ന രീതിയിലാണ് ശ്രുതി ഹാസന്റെ കഥാപാത്രം (ആ പേരൊന്നും ഓര്‍മ്മയില്ല) ശാസ്ത്ര ഗവേഷണവും ഡി എന്‍ എ പഠനവും ഒക്കെ നടത്തുന്നത്. സൂര്യയുടെ ചീപ്പില്‍ നിന്ന് കിട്ടിയ മുടി എടുത്തു മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോ അതാ ഡി എന്‍ എ അങ്ങനെ വട്ടത്തില്‍ ചുറ്റുന്നത്‌ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു. ഇതൊക്കെ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ആരും കാണാതിരിക്കട്ടെ. കണ്ടാല്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍ ഇടയുണ്ട്. ദശാവതാരത്തില്‍ കമലിന്റെ ഒരു അവതാരം ഹെലിക്കൊപ്ട്ടറില്‍ ഇരുന്നു ബൈനോക്കുലര്‍ വെച്ച് താഴെ വെള്ളത്തിലെ സൂക്ഷ്മ കീടങ്ങളെ നിരീക്ഷിക്കുന്ന ഒരു സീനുണ്ട്. ഇവിടെ മൈക്രോസ്കോപ് ഉപയോഗിക്കാനുള്ള ബുദ്ധി (ഉവ്വ) എങ്കിലും സംവിധായകന്‍ കാണിച്ചു എന്നാശ്വസിക്കാം. എന്നാലും ഡി എന്‍ എ ഒക്കെ, ശ്ശൊ.

പിടിച്ചതിനേക്കാള്‍ വലുതാണ്‌ മാളത്തില്‍ ഇരിക്കുന്നത് എന്ന വേദനാജനകമായ സത്യം വൈകിയാണ് മനസിലാക്കിയത്. പിന്നീടങ്ങോട്ട് ഒരു സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ മു.ദോ സഞ്ചരിക്കുകയാണ്. ശാസ്ത്രത്തിന്റെ ചെലവില്‍ അശാസ്ത്രീയവും  പിന്തിരിപ്പനുമായ ഗോക്രി മോഡല്‍ വാദങ്ങളാണ് പിന്നീട് ചിത്രത്തിലാകെ മു.ദോ എടുത്തു വീശിയിരിക്കുന്നത്‌. ഒരു വേള സാക്ഷാല്‍ ഗോപാലകൃഷ്ണന്‍ തന്നെയാണോ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് പോലും തംശയം തോന്നാനിടയുണ്ട്. ഡോ: സൂരജ് രാജന്റെ വാക്കുകള്‍ കടമെടുത്താല്‍ "ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ചു ആധുനിക സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെല്ലാം "ദേ ഞമ്മടെ കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!". (എന്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷ ഉദായിപ്പുകളെ സംബന്ധിച്ച പോസ്റ്റുകളെ ശ്രീ. ഗുരുകുലം ഉമേഷ്‌ ഒരു ഇ-പുസ്തകമായി പി ഡി എഫ് രൂപത്തില്‍ സമാഹരിച്ചത്..
"ജ്യോതിഷവും ശാസ്ത്രവും".)


ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും എന്തിനു ഇനി കണ്ടുപിടിക്കാന്‍ പോകുന്നവ പോലും ഗീതയിലും ഖുറാനിലും ബൈബിളും ഉണ്ട് എന്ന് വാദിക്കുന്നതാണ് ഗോക്രിമാരെ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല ലക്ഷണം. ഇങ്ങനെയുള്ളവരെ ബൂലോകത്ത് മുന്‍പ് തന്നെ പലരും സുന്ദരമായി പോളിച്ചടുക്കിയിട്ടുണ്ട്.(മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍, സക്കീര്‍ നായിക്ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ). ഇങ്ങനെ പോളിച്ചടുക്കപ്പെട്ട കാലഹരണപ്പെട്ട വാദങ്ങള്‍ തന്നെയാണ് മുരുഗദോസും അതുപോലെ വെച്ച് കാച്ചിയിരിക്കുന്നത്. ഉദാഹരത്തിന് ശാസ്ത്രം ജ്യോതിഷം പോലുള്ള ഉഡായിപ്പുകളേക്കാള്‍ മെച്ചമല്ല എന്ന് തെളിയിക്കുന്നതിനായി ഇവര്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദമാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ ഇപ്പോഴും ശരിയാവാറില്ല എന്നത്. ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്ന ശാസ്ത്ര'അജ്ഞയുടെ' വായില്‍ നിന്ന് തന്നെയാണ് ഇതു പുറത്തു വരുന്നത്. ഈ വാദം എത്ര പൊള്ളയാണ്‌ എന്നറിയുന്നതിനു നേരത്തെ ലിങ്ക് തന്ന 'ജ്യോതിഷവും ശാസ്ത്രവും' എന്ന പിഡിഎഫ് പുസ്തകത്തിന്റെ പതിനെട്ടാം പേജു മുതല്‍ വായിക്കുക. ഇതു പോലുള്ള 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി തന്നെയാണ് മു.ദോ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. യാതൊരു ശാസ്ത്ര അടിത്തറയും ഇല്ലാത്ത 'ചൂണ്ടു മര്‍മ്മ'ത്തെ ഹിപ്നോട്ടിസത്തിന്റെ ചെലവില്‍ അലക്കിവെളുപ്പിക്കാനും മു.ദോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനേക്കാള്‍ അപകടം ഒളിച്ചിരിക്കുന്നത് ഈ ഉഡായിപ്പുകളൊക്കെ മു.ദോ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ്. അവിടെയാണ് ആദ്യം പറഞ്ഞ ജെനറ്റിക്ക് തഴമ്പ് കടന്നു വരുന്നത്. മനുഷ്യര്‍ക്ക്‌ ആനയും കഴുതയും ഒന്നും ഉണ്ടാവാത്തതിന് കാരണം അടിസ്ഥാനപരമായി ക്രോമാസോമും ഡി എന്‍ എ-യുമാണ്‌. അതുപോലെ ഓരോ മനുഷ്യരും വ്യത്യസ്തര്‍ ആയിരിക്കുന്നതും എന്നാല്‍ വിശാലമായി നോക്കുമ്പോള്‍ ഓരോ പ്രദേശത്തെയും മനുഷ്യര്‍ തമ്മില്‍ പൊതുവായ സവിശേഷതകള്‍ ഉള്ളതും ഈ ഡി എന്‍ എ മൂലമാണ്. നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് നാം ഗുണഗണങ്ങള്‍ കൈക്കൊള്ളുന്നതും ഇതിലൂടെയാണ്.
എന്നാല്‍ ഈ ഡി എന്‍ എ-യെയും ജെനറ്റിക്സിനെയും പാരമ്പര്യ വാദത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സംവിധായകന്‍. അതിനു മേമ്പൊടിയായാണ് മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനമില്ലാത്ത വിദ്യകളും ആശാന്‍ എടുത്തു പൂശിയിരിക്കുന്നത്. ഡി എന്‍ എ-യിലൂടെ നമ്മുടെ പൂര്‍വ്വികന്മാരുടെ സവിശേഷതകള്‍ നമ്മളില്‍ ഉണ്ടാവും എന്നതില്‍ക്കവിഞ്ഞ്‌ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബോധിധര്‍മ്മന്റെ ചിന്തകളും ഓര്‍മ്മകളും വംശാവലിയില്‍പ്പെട്ട, പെട്ടു എന്ന് സംവിധായകന്‍ പറയുന്ന, അരവിന്ദനില്‍ ജെനറ്റിക്ക് മെമ്മറിയിലൂടെ എത്തിച്ചേര്‍ന്നു എന്നൊക്കെ മു.ദോ വെച്ച് കാച്ചുമ്പോള്‍ അതു ഈ ശാസ്ത്ര മേഖലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച അനേകം ശാസ്ത്രകാരന്മാരെ അപമാനിക്കുന്നതാണ് എന്ന് മാത്രമല്ല, ശുദ്ധ പോക്രിത്തരം കൂടിയാണ്. ജെനറ്റിക്ക് മെമ്മറി ഉണര്‍ത്താനായി നുമ്മടെ ശാസ്ത്ര'അജ്ഞ' കൂട്ടുപിടിക്കുന്നത് പഴേ കിതാബുകളെയാണ് എന്നതും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നു. ബോധിധര്‍മ്മന്‍ പല്ലവ രാജവംശത്തില്‍ പെട്ടവനായിരുന്നു എന്ന ഐതിഹ്യം എടുത്തുപയോഗിക്കുന്നത് ജെനറ്റിക്ക് 'തഴമ്പ്' എന്നത് വെറും യാദൃശ്ചികമായി ഉപയോഗിക്കപ്പെട്ടതല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും.

രാജവംശത്തില്‍ പെട്ട ബോധിധര്‍മ്മന്റെ ഇപ്പോഴത്തെ തലമുറയ്ക്കും ബോധിധര്‍മ്മന്റെ മു.ദോ വാഴ്ത്തുന്ന ഗുണങ്ങള്‍ എത്തി എന്ന് പറയുന്നത് രാജവാഴ്ചയ്ക്കും ഫാസിസത്തിനും  നാസിസത്തിനും അതുമായി ബന്ധപെട്ട അനേകം അധികാരരൂപങ്ങള്‍ക്കും അടിസ്ഥാനമായ 'പാരമ്പര്യവാദ'ത്തില്‍ തന്നെയാണ് നമ്മെക്കൊണ്ട് ചെന്നെത്തിക്കുന്നത്. അതിനായി ആധുനിക ശാസ്ത്രത്തിന്റെ മറ പിടിക്കുകയാണ് മു.ദോ. ജ്യോതിഷത്തില്‍ തുടങ്ങി വാസ്തു'ശാസ്ത്രം', ഗൌളി 'ശാസ്ത്രം' വരെ എല്ലാ അസംബന്ധങ്ങളുടെയും പ്രവാചകര്‍ എങ്ങനെ തങ്ങളുടെ ഉപജീവനത്തിനായി ശാസ്ത്രത്തെ വളച്ചൊടിക്കുന്നു  എന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണ് ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവ്.

ഈ പാരമ്പര്യവാദം എല്ലാക്കാലത്തും ജനാധിപത്യ വിരുദ്ധ ഭരണക്രമങ്ങളുടെ ഏറ്റവും വലിയ ആയുധമായിരുന്നു. പാരമ്പര്യവാദത്തില്‍ അധിഷ്ടിതമായ രാജവാഴ്ചയും അതിന്റെ ദോഷങ്ങളെയും കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നാസി പാര്‍ട്ടിയിലൂടെ ജര്‍മ്മനി പിടിച്ച ഹിറ്റ്ലറും തന്റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചതു ഈ പാരമ്പര്യവാദത്തെ തന്നയായിരുന്നു. ആര്യന്മാരുടെത് ശുദ്ധമായ രക്തമാണെന്നും അശുദ്ധ രക്തമുള്ള ജൂതന്മാരെ തുടച്ചു നീക്കിയാല്‍ മാത്രമേ അനീതി ഇല്ലാതാക്കുവാന്‍ കഴിയൂ എന്നുമായിരുന്നല്ലോ പുള്ളിയുടെ പോളിസി. ഇതിനായി 'കൊണ്സന്ട്രേഷന്‍ ക്യാമ്പുകള്‍' സ്ഥാപിക്കുകയും ജൂതന്മാരെ വേട്ടയാടുകയും ചെയ്തു. ഇതു ഒരു ഒറ്റപ്പെട്ട പ്രവൃത്തി ആയിരുന്നില്ല. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്ക് മുന്‍പും പിന്‍പും ഈ അസംബന്ധങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതു കാണാന്‍ ദൂരെയെങ്ങും പോകണ്ട, നമുക്ക് ചുറ്റും തന്നെ നോക്കിയാല്‍ മതി. സവര്‍ണ്ണതയും അയിത്തവും കൊടികുത്തി വാണ ഒരു ഭൂതകാലം നമുക്കുമുണ്ടായിരുന്നു. അതിപ്പോഴും പലവിധത്തില്‍ പലരൂപത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു കുലത്തിലോ ജാതിയിലോ പിറന്നതുകൊണ്ടു ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെക്കാള്‍ മെച്ചപ്പെട്ടവന്‍ ആകുന്നില്ല. എന്നാല്‍ ഇതിന്റെ നിഷേധമാണ് പാരമ്പര്യവാദം. വിശാലമായ അര്‍ത്ഥത്തില്‍ സവര്‍ണ്ണതയുടെയും അയിത്തതിന്റെയും അടിസ്ഥാനം ഈ പാരമ്പര്യവാദം തന്നെയാണ്. ഈ ദുഷിച്ച വാദത്തിന്റെ വേരുകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിന്ന് പറിച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് കൂടിയാണ് ആ അര്‍ത്ഥത്തില്‍ 'ഏഴാം അറിവ്'.

സവര്‍ണ്ണ-ബ്രാഹ്മണ മേധാവിത്വം നമ്മുടെ നാട്ടില്‍ ഉണ്ടാക്കി വെച്ച കെടുതികള്‍ ചില്ലറയൊന്നുമല്ല. തങ്ങള്‍  മറ്റുള്ള ജാതിയില്‍ പിറന്നവരെക്കാള്‍ ഉയര്‍ന്നവര്‍ ആണ് എന്ന പൊതുബോധം നിര്‍മ്മിക്കുകയായിരുന്നു അധികാരം കയ്യടക്കാനായി അവര്‍ ചെയ്തത്. കാലാകാലം രാജാധികാരം ഏതെങ്കിലും കുടുംബത്തിന്റെ മാത്രം കുത്തകയായിരിക്കുകയും സവര്‍ണ്ണര്‍ മാത്രം ഉയര്‍ന്ന അധികാര സ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്തിരുന്നതിനാല്‍ ഈ പൊതുബോധം അടിച്ചേല്‍പ്പിക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല.  അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവര്‍ അടിച്ചമര്‍ത്തുകയുണ്ടായി. എന്നാല്‍ നാള്‍ക്കുനാള്‍ ആ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ ദുരാചാരങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു.  രാഷ്ട്രീയവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ കേരളത്തില്‍ ഇവ ഏതാണ്ട് ഇല്ലാതായി എന്നുതന്നെ പറയാം. സംവരണം പോലുള്ള നടപടികള്‍ സമൂഹത്തിന്റെ താഴെതട്ടിലെയ്ക്ക് വീണു പോയ ജനതയെ വീണ്ടും കൈപിടിച്ച് ഉയര്‍ത്തി.

 എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൃത്തികേടുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടു കുറച്ചു കാലമായി. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ പോലും ഇതു കണ്ടുതുടങ്ങി. ഇപ്പോള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധ മനോഭാവം ഇതിലെയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്.

ഒരു ജനസമൂഹത്തിന്റെ പൊതുബോധം അതിന്റെ ജനപ്രിയ കലാരൂപങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ നമ്മുടെ മുഖ്യധാരാ സിനിമകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒട്ടും ശുഭസൂചകങ്ങള്‍ അല്ല. ഭൂമിയിലെ രാജാക്കന്മാര്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ മലയാള സിനിമയിലും ഈ മാറ്റം ശക്തമായി കണ്ടുതുടങ്ങി. അറുപിന്തിരിപ്പനും പ്രതിലോപകരവുമായ ഈ രാഷ്ട്രീയ സാമൂഹ്യബോധത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് 'ഏഴാം അറിവ്' എന്ന ചിത്രം. 



പതിവില്‍ നിന്ന് വ്യത്യസ്തമായി തീവ്രവാദികള്‍ അല്ല ഈ ചിത്രത്തില്‍ പ്രതിനായകരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതതീവ്രവാദികളും മതഗ്രന്ഥങ്ങളുടെ വളച്ചൊടിക്കലിലൂടെയാണല്ലോ ഉപജീവനം തേടുന്നത്; അതുകൊണ്ട് ഇതു സ്വാഭാവികമാണ്. മറിച്ച് ചൈനീസ്‌ സര്‍ക്കാരാണ് ഇതില്‍ വില്ലന്മാരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സൂക്ഷ്മവായനയില്‍ ഇടതുപക്ഷപ്രത്യയശാസ്ത്രത്തെ  പ്രതിനായകരായി അവതരിപ്പിക്കാനാണ് സംവിധായകന്റെ ഉത്സാഹം എന്ന് തിരിച്ചറിയാന്‍ കഴിയും. 'ഓപ്പറേഷന്‍ റെഡ്' എന്ന് പ്രതിനായകരുടെ പദ്ധതിക്ക് പേരിടുന്നതിലെ മനശാസ്ത്രവും വ്യതസ്തമല്ല. സമീപകാലത്ത് ഉയര്‍ന്നുവന്ന രാജവാഴ്ചയെപ്പറ്റിയുള്ള ചര്‍ച്ച ശ്രദ്ധിച്ചവര്‍ക്ക് ഓരോ പക്ഷവും എവിടെയാണ് നില്‍ക്കുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. അന്ധവിശ്വാസങ്ങള്‍ക്കും ആയിത്താചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും ഈ കഥയിലെ വില്ലന്‍ സ്ഥാനത്തിന് അവരെ സര്‍വ്വഥാ യോഗ്യരാക്കുന്നുണ്ട്.

ഐസക്ക് അസിമോവിലൂടെയും കാല്‍ സാഗനിലൂടെയും ശക്തി പ്രാപിച്ച സയന്‍സ് ഫിക്ഷന്‍ ശാസ്ത്ര വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വരെ ഈ സാഹിത്യ ശാഖ കാരണമായിട്ടുണ്ട്. അതിശോക്തിയുടെയും അസംഭവ്യതയുടെയും അയ്യരുകളിയായിട്ടു കൂടി ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ മിക്കപ്പോഴും ആസ്വാദ്യകരമാകാറുണ്ട്. എന്നാല്‍ ചെയ്യുന്ന കള്ളത്തരതിനോട് പോലും മു.ദോ-യ്ക്ക് ഒരുപൊടി ആത്മാര്‍ഥത ഇല്ലാത്തതിനാല്‍ സിനിമ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു വീഴുന്ന ദയനീയമായ കാഴ്ച വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. അതു ഒരു കാവ്യനീതിയായി കാണാനാണ് എനിക്കിഷ്ടം. ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷം സിനിമ എന്താണ് പറയാന്‍ ശ്രമിച്ചത് എന്നതിനെപ്പറ്റി നായകനെക്കൊണ്ടു പ്രസംഗം നടത്തിക്കേണ്ടി വരുന്നത് സംവിധായകന്റെ പ്രതിഭാദാരിദ്ര്യം എത്രയെന്നു വ്യക്തമാക്കുന്നു.  


യാഥാസ്ഥിതികരായിരുന്ന ഒരു തമിഴ് കുടുംബം ആ മനോഭാവം ഉപേക്ഷിച്ചു യുക്തിയുടെയും അറിവിന്റെയും ജീവിതത്തിലേക്ക് കടന്നപ്പോള്‍ ആ കുടുംബത്തില്‍ നിന്നുണ്ടായത് ഒന്നല്ല രണ്ട് നോബല്‍ സമ്മാന ജേതാക്കളാണ്, സി.വി രാമനും സുബ്രഹ്മണ്യ ചന്ദ്രശേഖറും. ശാസ്ത്ര ഗവേഷണ രംഗത്ത് ഭാരതം വര്‍ഷങ്ങളായി പടിക്കുപുറത്ത് നില്‍ക്കുന്നതിനു പ്രധാന കാരണം നമ്മുടെ യാഥാസ്ഥിതിക മനോഭാവവും അന്ധവിശ്വാസങ്ങളും ആണ്. അവയെ കൂടുതല്‍  മുറുകെപ്പിടിക്കാനാണ് ഈ ചിത്രം നമ്മോടാവശ്യപ്പെടുന്നത്. ആള്‍ ദി ബെസ്റ്റ്!


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


ചിത്രങ്ങള്‍:  വിക്കിപ്പീഡിയ 


ബന്ധപ്പെട്ട പോസ്റ്റുകള്‍:
സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

അധികവായനയ്ക്ക്:

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

sillybeliefs