ശനിയാഴ്‌ച, ഡിസംബർ 21, 2024

City of Lies


റൈഫിൾ ക്ലബിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട് വലിയ പ്രശംസ നേടുകയാണ്. കറുത്ത വർഗക്കാർ നേരിടുന്ന അടിച്ചമർത്തലുകൾക്ക് എതിരായ വലിയ പ്രതിഷേധം കൂടിയാണ് ഹിപ് ഹോപ് മ്യൂസിക്. സ്കൂൾ കാലം മുഴുവൻ യു എസിലെ ഹൂസ്റ്റണിൽ ജീവിച്ച Hanumankind തൻ്റെ ലോക പ്രശസ്തമായ 'Big Dawgs'-ൽ റാപ്പർ പ്രോജക്ട് പാറ്റിനെ സ്വാധീനത്തെ പരാമർശിക്കുന്നുണ്ട്. Project Pat Juicy J- യും, A$AP Rocky-യുമായി ചേർന്ന് ചെയ്ത Feed the streets എന്ന ഗാനത്തിലെ പ്രശസ്തമായ ബീറ്റ് Big Dawgs-ൽ ഹനുമാൻ കൈൻഡ് ഉപയോഗിക്കുന്നുണ്ട്.

Big dwags-നു Hanumankind ലോകപ്രശസ്ത റാപ്പറും, റിഹാനയുടെ പങ്കാളിയുമായി A$AP Rocky-യുമായി ചേർന്ന് റീമിക്സ് വേർഷൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 'I feel like Afeni Shakur' എന്ന് A$AP Rocky ഈ ഗാനത്തിൽ പാടുന്നുണ്ട്. യു.എസിലെ ശക്തയായ civil rights movement ആക്ടിവിസ്റ്റും black panthers പാർട്ടിയുടെ നേതാവും ആയിരുന്നു അഫെനി ഷക്കൂർ. ചരിത്രത്തിലെ തന്നെ എറ്റവും സ്വാധീനം ചെലുത്തിയ hip-hop ഗായകൻ എന്ന് വിലയിരുത്തപ്പെടുന്ന 2pac Shakur അഫെനി ഷക്കൂറിൻ്റെ മകനാണ്. 1996- ൽ 25 വയസ്സിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയ 2pac ഷക്കൂറിൻ്റെ റെക്കോഡുകൾ ഇപ്പോഴും വലിയതോതിൽ വിറ്റഴിക്കപ്പെടുന്നു. 2pac-മായി നിരവധി തവണ കൊമ്പുകോർത്ത പ്രശസ്ത റാപ്പറായ 'the Notorius B.I.G.' എന്ന ക്രിസ്റ്റഫർ വാലസിനെയും തൊട്ടടുത്ത വർഷം അദ്ദേഹത്തിൻ്റെ 25-ആം വയസ്സിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. ഈ കൊലപാതകങ്ങളിൽ ഗ്യാംഗുകളുമായി ബന്ധമുള്ള LAPD-യിലെ പോലീസുകാരും ഉൾപ്പെട്ടിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ടു കൊലപാതകങ്ങളും LAPD ഇതുവരെ തെളിയിച്ചിട്ടില്ല.


യുഎസിൽ ഏറ്റവുമധികം വയലൻസ് നേരിടുന്ന കറുത്തവർഗക്കാരുടെ കൊലപാതകങ്ങളിൽ 50 ശതമാനവും തെളിയിക്കപ്പെടാറില്ല. 'The Wire' എന്ന പ്രശസ്തമായ സീരീസിൽ പറയുന്നത് പോലെ 'ഇങ്ങനെ ബാൾട്ടിമോറിൽ ആയിരക്കണക്കിനു കറുത്തവർഗ്ഗക്കാർക്ക് പകരം വെളുത്തവരാണ് കൊല്ലപ്പെട്ടത് എങ്കിൽ ഒരു സൈന്യം തന്നെ അത് തടയാൻ ഇവിടെ വന്നേനെ' എന്ന വാചകം ഇവിടെയും ബാധകമാണ്. മെഡിക്കൽ ഇൻഷുറൻസ് ക്ലൈമുകൾ നിരസിക്കുന്നതിൽ കുപ്രസിദ്ധി ആർജ്ജിച്ച യുഎസിലെ എറ്റവും വലിയ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയായ UnitedHealthcare CEO-യെ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ഒരു വലിയ പോലീസ് സംഘത്തെ തന്നെ കേസ് തെളിയിക്കാൻ ഇറക്കിയത് മേൽപ്പറഞ്ഞ വാചകത്തിന് തെളിവാണ്. ‘Deny,’ ‘Defend, ‘Depose’ എന്നാണ് UnitedHealthcare CEO- ക്ക് എതിരെ നിറയൊഴിച്ച വെടിയുണ്ടകളിൽ എഴുതിയിരുന്നത്. 'The Truth'-ൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നതുപൊലെ 'Sometimes truth is stranger than fiction.'

2pac Shakur- ൻ്റേയും B.I.G.- ൻ്റേയും കൊലപാതകത്തിൻ്റെ അന്വേഷണത്തിന് സംഭവിച്ചത് എന്ത് എന്ന് വ്യക്തമാക്കുന്ന ജോണി ഡെപ്പ് അഭിനയിച്ച 'City of Lies' ഡിസംബർ 31 വരെ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

 

ചൊവ്വാഴ്ച, ഡിസംബർ 10, 2024

Iffk 2024 recommendations

 

I am Nevenka 
Toxic 
Anora
All we imagine as light 
Holy Cow 
The substance 
Black dog
The Room next door (Pedro Almodovar)
The Art of warfare (Krishand)
Kiss Wagon (Midhun murali)
Rhythm of Dammam (Jayan Cheriyan)
Emilia Perez
Meeting with Pol Pot
The Teacher 
Queer (Daniel Craig)
Algiers
Exhuma 
Ankur (Syam Benegal )
The New year that never came
Ann Hui Films
Seven Samurai

അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, നവംബർ 27, 2024

Favorites from IFFI 2024


I Am Nevenka
All we imagine as light
Luna Park
Holy Cow
Locust
Kix
Crossing
Red Path
The room next door (Pedro Almodovar)
Deal at the border
Toxic
Who do I belong to
Pierce

I Am Nevenka is a powerful Spanish film on sexual harrasment and how power, position and societal norms assists predators. Based on a real fight by Nevenka Fernández.


Luna Park dwells on the civil war and failure and horrors of capitalism in post-Soviet Albenia.


Many important films, even the Palm D'or winner was not screened in IFFI while award winners like All we imagine as light, Black dog etc. had only one screening.

IFFI 2024 in letterboxd https://boxd.it/ACbzM

അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, മേയ് 19, 2024

'ആവേശ'ത്തിന് പിന്നിൽ

(Connecting Kerala - ത്തിൽ എഴുതിയത്)


നൂറ്റമ്പത് കോടിയിലധികം കലക്ഷൻ നേടി തീയേറ്ററിലെ വൻ വിജയത്തിന് ശേഷം അൻവർ റഷീദും നസ്രിയ നസീമും നിർമ്മിച്ച ജിത്തു മാധവൻ എഴുതി സംവിധാനം ചെയ്ത ആവേശം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT പ്രദർശനവും ആരംഭിച്ചു കഴിഞ്ഞു. OTT- യിലും ദേശീയ തലത്തിൽ വലിയ സ്വീകാര്യത ആണ് ചിത്രത്തിന് കിട്ടുന്നത്. കുറച്ച് കാലത്തിനു ശേഷമാണ് ഫഹദ് ഫാസിലിൻ്റെ ഒരു വലിയ കൊമേഴ്സ്യൽ മലയാള സിനിമ തിയറ്ററിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിൻ്റെ വലിയ സ്വീകാര്യതയും സാമ്പത്തിക വിജയവും ഫഹദ് ഫാസിലിൻ്റെ സ്റ്റാർഡത്തെ കൂടി ഊട്ടി ഉറപ്പിക്കുന്ന ഒന്നാണ്. വേറെ ആര് ചെയ്താലും രംഗ എന്ന കഥാപാത്രം ഇങ്ങനെ ശരിയാകില്ലായിരുന്നു എന്ന അഭിപ്രായം വലിയ തോതിൽ ഉയർത്തുന്ന രീതിയിൽ മികച്ച പ്രകടനം ആണ് ഫഹദ് കാഴ്ചവെച്ചത്.

ഫാസിലിൻ്റെ അനിയത്തിപ്രാവ് ഒരേ സമയം പ്രേമിക്കുന്നവരേയും, അവരുടെ മാതാപിതാക്കളുടെ, വീട്ടുകാരുടെ വിചാരങ്ങളേയും അഭിസംബോധന ചെയ്തത് കൊണ്ടാണ് അത്രയും വലിയ ഹിറ്റ് ആയത് എന്ന് കേട്ടിട്ടുണ്ട്. ആവേശവും അതുപോലൊരു പ്രതിഭാസം ആണ്. സുഷിൻ ശ്യാം, ഫൈറ്റ് choreography, അന്യനാട്ടിൽ പോയുള്ള കോളേജ്-ഹോസ്റ്റൽ ജീവിതം, പുതുമയുള്ള കോമഡി തുടങ്ങി യുവജനങ്ങൾക്ക് വേണ്ടത് എല്ലാം ഉണ്ട്. കൂടാതെ എത്ര കണ്ടാലും മടുക്കാത്ത വിഷ്വൽസും. കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടുന്ന രീതിയിൽ ചിത്രകഥ- caricature കഥാപാത്രങ്ങളുമായി. അമ്പാൻ്റെ റെഫറൻസ് തന്നെ മായാവിയിലെ വിക്രമൻ ആയിരുന്നു എന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. ഫൈറ്റ് സീനുകളിലെ ഫഹദിൻ്റെ മാനറിസം മിക്കതും ചിത്രകഥകളെ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു. പിന്നെ മാതാപിതാക്കൾക്ക് മാപ്പു പറഞ്ഞാണ് മദ്യപാന സീനുകൾ തുടങ്ങുന്നത് തന്നെ. വഴിവിട്ട ജീവിതത്തിലെ അപകടങ്ങളെപ്പറ്റിയുള്ള ഗുണപാഠം പോലെ മാതാപിതാക്കൾക്ക് എടുക്കാവുന്ന രീതിയിൽ കൂടിയാണ് സിനിമ. ക്ലൈമാക്സിലെ ചൂരൽ പ്രയോഗം ഉദാഹരണം. സ്വന്തം അമ്മയും, ബിബിയുടെ അമ്മയും ആയി രംഗ പുലർത്തുന്ന ആത്മബന്ധമാണ് സിനിമയിലെ പ്രധാനപ്പെട്ട പ്ലോട്ട് പോയിൻ്റ്സാണ്. പ്രേക്ഷകർ പലവട്ടം തീയേറ്ററിൽ സിനിമ കണ്ടത് ഒരു കാരണം ആണെങ്കിലും ഇത്ര വലിയ സാമ്പത്തിക വിജയം നേടിയതിനു പിന്നിൽ ഇങ്ങനെ എല്ലാ പ്രായത്തിലുളളവർക്കും ആസ്വദിക്കാവുന്ന സിനിമയായി ബുദ്ധിപൂർവ്വം ഒരുക്കിയ സ്ക്രിപ്റ്റ് കൂടി കാരണമാണ്.

ഇതിനെ ഒക്കെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നത് ആയിരുന്നു സുശിൻ ശ്യാമിൻ്റെ സംഗീതവും, സമീർ താഹിറിൻ്റെ ഛായാഗ്രഹണവും, എല്ലാവരുടേയും മികച്ച പ്രകടനങ്ങളും, അശ്വിനി കാലെയുടെ പ്രൊഡക്ഷൻ ഡിസൈനും, വിവേക് ഹർഷൻ്റെ എഡിറ്റിംഗും, നിരവധി പ്രശസ്ത സിനിമാ രംഗങ്ങളുടെ റെഫറൻസുകളും. രാജമാണിക്യം , ചട്ടമ്പിനാട് തുടങ്ങി നിരവധി സിനിമകളിലെ ഡയലോഗുകളും, വേഷഭാവാദികളും, ഗോഡ്ഫാദർ 3 ("Just when I thought I was out, they pull me back in!"), ഗുഡ്ഫെല്ലാസ് (Joe Pesci restaurant scene-dumb charades scene), കുമ്പളങ്ങി നൈറ്റ്സ് (ജനലിലൂടെ ഉള്ള എത്തിവലിഞ്ഞ നോട്ടം ക്ലൈമാക്സ് സീൻ), മുന്നാഭായി MBBS (രംഗ,അമ്പാൻ - മുന്ന,സർക്കീട്ട്), രോമാഞ്ചം (സിനുവിൻ്റേയും ശാന്തൻ്റെയും തലകുലുക്കിയുള്ള ചിരി), തേജാഭായി & ഫാമിലി (ഋഷി വശ്യ വജസ്സിൻ്റെ ഡാൻസ്), ഫഹദ് ബർത്ത്ഡേ കേക്ക് കട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് കേക്കിലേക്ക് നോക്കുന്ന ഷോട്ടിൽ Inglorious Basterds-ലെ 'I think this just might be my masterpiece' എന്ന പ്രശസ്തമായ ഷോട്ടിനുള്ള ട്രിബ്യൂട്ട് ഒക്കെ ആയി നിരവധി റെഫറസുകളും ചിത്രത്തിൽ ഉണ്ട്. ഇപ്പോഴത്തെ പ്രധാന ഹിറ്റുകളായ പ്രേമലു, മഞ്ഞുമ്മേൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ, ജയജയജയ ജയഹേ തുടങ്ങി സിനിമകളുടെ ഒക്കെ പ്രത്യേകത ആണ് ഈ റഫറൻസുകൾ.


സിനിമയുടെ ഒടുവിൽ ബിഗ് സ്ക്രീൻ ചെറുതായി ഒരു മൊബൈൽ സ്ക്രീനിലെ റീൽ ആയി മാറുന്നുണ്ട്. റീലുകളുടെ കാലത്തെ മാറുന്ന ആസ്വാദന ശീലങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമയാണിതെന്ന സംവിധായകൻ്റെ പ്രസ്താവന കൂടി ആവാം ഇത്. ഫഹദിനും സജിൻ ഗോപുവിനും പുറമേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റീലുകളും, ഗെയിമിംഗ് വീഡിയോകളും വഴി പ്രശസ്തരായ ഹിപ്സ്‌റ്റർ, റോഷൻ, മിഥുൻ, മിഥൂട്ടി തുടങ്ങിയവർ ആണ്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു. മുകളിൽ സൂചിപ്പിച്ച ഇപ്പോഴത്തെ ഹിറ്റുകളും ഈ മാറുന്ന ആസ്വാദന ശീലങ്ങളെ കൂടി മുന്നിൽ കണ്ട് ഒരുക്കിയവ ആണ്. ഈ സിനിമകൾക്ക് കാഴ്ചയിൽ അനുഭവിക്കാവുന്ന പുതുമയ്ക്ക് ഇതും ഒരു കാരണമാണ്. ഇതുകൊണ്ട് കൂടി ആവണം പ്രേമലുവും ആവേശവും ഒക്കെ പലവട്ടം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. സ്വതന്ത്ര സംഗീത മേഖലയിൽ പ്രതിഭ തെളിയിച്ച Dabzee, Malayali Monkeys, MC Couper, Munz, Hanumankind ഉൾപ്പെടെ നിരവധി യുവ സംഗീതജ്ഞരും ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. വിനായക് ശശികുമാറിൻ്റെ വരികളും മികച്ചവയാണ്.

ഒരു ഇൻ്റവ്യൂവിൽ 'നല്ല ഗുണ്ട എന്നൊന്നില്ല, എല്ലാ ഗുണ്ടകളും മോശമാണ്' എന്ന് ജിത്തു മാധവൻ പറയുന്നുണ്ടായിരുന്നു. പലപ്പോഴും അധോലോക നായകരെ പോലും മഹത്വവൽക്കരിക്കുന്ന രീതിയാണ് മാസ്സ് മസാല എന്ന പേരിൽ ഇറങ്ങുന്ന കച്ചവട സിനിമകൾ സ്വീകരിച്ചിട്ടുള്ളത്. പലതും തെലുങ്ക്-തമിഴ് സിനിമകളുടെ വാർപ്പു മാതൃകകൾ പിന്തുടരുന്നവയാണ്. എന്നാൽ അത്തരം ഗുണ്ടാ കഥാപാത്രങ്ങളുടെ സ്പൂഫ് കൂടിയാണ് ചിത്രം. മുൻപുണ്ടായ ചില അനുഭവങ്ങളെ തൻ്റെ ചിത്രങ്ങൾക്ക് അടിസ്ഥാനമാക്കിയുണ്ട് ജിത്തു പറഞ്ഞിട്ടുണ്ട്. സിനിമയോടുള്ള അപ്രോച്ചിൽ കാണിക്കുന്ന സത്യസന്ധത കൂടിയാണ് ഈ സിനിമകളെ കൂടുതൽ ജനകീയം ആക്കുന്നത്. 

നിർമ്മാതാവായ അൻവർ റഷീദിൻ്റെ രാജമാണിക്യത്തിൻ്റെ ചില സീനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നായക കഥാപാത്രത്തേക്കാൾ മറ്റു കഥാപാത്രങ്ങൾ ആണ് സംഘട്ടന രംഗങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ചിത്രത്തിൽ ചോര കാണിക്കുന്നത് വയലൻസ് കാണികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന രംഗങ്ങളിൽ മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. അങ്ങനെ അല്ലാതെയുള്ള സംഘട്ടന രംഗങ്ങൾ കാർട്ടൂണിഷ് ആയ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പല 'പാൻ ഇന്ത്യൻ' എന്ന് വിളിക്കപ്പെടുന്ന പല സിനിമകളേയും പോലെ വയലൻസ് ആഘോഷിക്കപ്പെടുന്നു എന്ന വിമർശനത്തെ ചിത്രം അതിജീവിക്കാൻ ശ്രമിക്കുന്നത് ഇങ്ങനെയൊക്കെ ആണ്. മാത്രമല്ല പല പാൻ-ഇന്ത്യൻ സിനിമകളിലെ ആൽഫാ-സിഗ്മ മെയ്ൽ ആണത്വ പ്രാഘോഷണങ്ങൾ സാധാരണ ജീവിതത്തിൽ എത്ര വലിയ കോമാളിത്തരം ആണെന്ന കാഴ്ചയാണ് ചിത്രം ഉയർത്തുന്നത്.

ഈ അടുത്ത് വലിയ ഹിറ്റുകളും, നിരൂപക പ്രശംസ നേടിയവയുമായ മഞ്ഞുമ്മേൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം, ആട്ടം ഒക്കെ സംവിധായകരുടെ രണ്ടാമത്തേയോ, മൂന്നാമത്തേയോ സിനിമകളും, ഗുരുവായൂർ അമ്പലനടയിൽ സംവിധായകൻ്റെ നാലാമത്തെ ചിത്രവും, ആടുജീവിതവും, വർഷങ്ങൾക്കു ശേഷവും താരതമ്യേന പരിചയ സമ്പന്നരായ സംവിധായകരുടെയും സിനിമകളുമാണ്. ഇവയിൽ മിക്കതും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയതോ, യാഥാർത്ഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്നതോ ആയ സിനിമകളാണ്. മലയാള സിനിമയുടെ ആത്മാവ് എന്നു പറയാവുന്ന ജീവിത യാഥാർത്ഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന ആഖ്യാനങ്ങളോടൊപ്പം പുതുമയുടെ കാറ്റും വെളിച്ചവും, പുതിയ സിനിമാ രീതികളും കടന്നുവന്നതിൻ്റെ മെച്ചം കൂടിയാണ് ഇന്ന് മലയാള സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത.

തിങ്കളാഴ്‌ച, ഏപ്രിൽ 22, 2024

ആട്ടം


ആനന്ദ് ഏകർഷിയുടെ ആട്ടം മികച്ച ഒരു സിനിമയാണ്. ചെറിയ ഒരു സ്ഥല - കാലത്തിൽ കാണുന്നവരെ പിടിച്ചിരുന്ന തരത്തിൽ engaging ആയി വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫീച്ചർ ഫിലിം ഉണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല. Film maker എന്ന രീതിയിൽ ആനന്ദ് ഏകർഷിയുടെ range ആണ് അത് കാണിക്കുന്നത്. അതിൽ നാടക പ്രവർത്തകർ ആയി അഭിനയിച്ചവർ യഥാർത്ഥത്തിലും നാടക പ്രവർത്തകർ  തന്നെ ആണെന്നതും, പലരുടെയും യഥാർത്ഥ പേരുകളും ജോലികളും സിനിമയിലും ഉപയോഗിച്ചിട്ടുണ്ട് എന്നും കണ്ടു. എല്ലാവരും നന്നായി പെർഫോം ചെയ്തു.ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചത് സരിൻ ഷഹാബ് ആണ്.

പലപ്പോഴും '12 angry men'-നെ ഓർമ്മിപ്പിക്കുന്നുണ്ട് ചിത്രം. കറൻറ് പോകുമ്പോൾ ചർച്ച നടക്കുന്ന മുറിക്കകത്തെ ചൂടൊക്കെ ആ സിനിമയ്ക്കുള്ള ഒരു റഫറൻസ്/ഹോമേജ് ആയി കണക്കാക്കാവുന്നതാണ്. '12 angry men' കഥാപാത്രങ്ങളുടെ സ്വാർത്ഥതയിൽ നിന്ന് നിസ്വാർത്ഥയിലേക്കുള്ള യാത്ര ആണെങ്കിൽ 'ആട്ടം' നേരെ തിരിച്ചാണ്. (Spoiler alert) കേവലമായ ഭൗതിക നേട്ടങ്ങൾക്കായി ഒറ്റ നിമിഷത്തിൽ പറഞ്ഞിരുന്ന ആദർശങ്ങളെ മാറ്റിപ്പറയുവാൻ അവർക്ക് മടി ഒന്നും ഉണ്ടാവുന്നില്ല. എന്നൽ പുരുഷന്മാർ എല്ലാവരും ഇങ്ങനെ ഒരു വിഷയത്തിൽ മോശക്കാരാണ് എന്ന വ്യാഖ്യാനം ചിത്രത്തിന് ഉണ്ടാവാൻ സാധ്യതയുണ്ട്. എല്ലാരും മോശക്കാരാണ് എന്ന വാദം തെറ്റിനെ normalize ചെയ്യാനും, തെറ്റുകാർക്ക് ഒരു excuse ആവാനും സാധ്യത ഉണ്ട് എന്നത് ഒരു പ്രശ്നമാണ്. ചിത്രം അങ്ങനെ പറയുന്നു എന്നല്ല, അങ്ങനെ ഒരു വ്യാഖ്യാനം സാദ്ധ്യമാണ് എന്ന് പറഞ്ഞെന്നു മാത്രം. സത്യത്തിന് പല വെർഷൻ ഉണ്ട് എന്ന അർത്ഥത്തിൽ ചിത്രം റോഷോമോന് ഒരു ഹോമേജ് ആണെന്ന് പറയാം.

IFFI ഉൾപ്പെടെ അന്താരാഷ്ട്ര മേളകളിലും, തീയറ്റർ റിലീസിലും വലിയ പ്രശംസ നേടിയ ആട്ടം പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു.


അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, മാർച്ച് 19, 2024

ഭ്രമയുഗം



ഭ്രമയുഗം മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ്. മമ്മൂട്ടിയെ മുമ്പെങ്ങും കാണാത്ത രീതിയിൽ രാഹുൽ സദാശിവൻ അവതരിപ്പിച്ചിരിക്കുന്നു. നിരവധി തലങ്ങളുള്ള, സങ്കീർണ്ണമായ കഥാപാത്രം അനായാസമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അർജ്ജുൻ അശോകൻ തൻ്റെ വേഷം നന്നായി ചെയ്തു. എന്നാൽ ഏറ്റവും മികച്ച അഭിനയം പുറത്തെടുത്തത് സിദ്ധാർത്ഥ് ഭരതൻ ആണ് എന്നു പറയേണ്ടി വരും. Heavy ആയ കഥാപാത്രത്തെ മികച്ച രീതിയിൽ സിദ്ധാർഥ് അവതരിപ്പിച്ചു.

നിരവധി പിന്നോക്ക- ദളിത് സമുദായങ്ങളുടെ ആരാധനാ മൂർത്തി ആയ ചാത്തൻ, പിന്നെ മാംസാഹാരം എന്നിവയെ വളരെ നെഗറ്റീവ് ആയി അവതരിപ്പിച്ചു എന്ന വിമർശനം ഈ സിനിമയ്ക്ക് നേരെ ഉയരുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല നമ്മുടെ ഐതിഹ്യങ്ങളെ ബ്രാഹ്മണവൽക്കരിച്ച് അവതരിപ്പിച്ചു എന്നൊരു വിമർശനം മുൻപു ഉണ്ടായിരുന്നു. ബ്രാഹ്മണ്യത്തിൻ്റെ ഗ്ലോറിഫിക്കേഷൻ എന്ന സമാനമായ വിമർശനം ഈ സിനിമയ്ക്ക് നേരെയും ഉയരുന്നുണ്ട്. 

അന്നത്തെ സമൂഹത്തിൽ നിലനിന്ന ഉച്ച നീതത്വങ്ങളുടെ പ്രതിഫലനം ആയും ചിത്രത്തിൽ പാണൻ നേരിടുന്ന സന്ദർഭങ്ങളെ കാണാവുന്നതാണ്. ബ്രാഹ്മണ്യത്തിൻ്റെ തോളിലേറി ഫ്യൂഡലിസം അന്നത്തെ സമൂഹത്തെ മുറുകെപ്പിടിച്ചത് പോലെയാണ് ചാത്തനും മനയെ തൻ്റെ കൈക്കുള്ളിൽ ആക്കിയത് എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ചതിനു വിപരീതമായി ഫ്യൂഡലിസത്തിൻ്റെ വേര് അറുത്തിട്ടല്ല നമ്മുടെ രാജ്യത്ത് വിദേശ ശക്തികൾ ക്യാപിറ്റലിസം കൊണ്ടുവന്നത്. അടിച്ചമർത്തലിൻ്റെ പ്രതീകമായ സിനിമയിലെ ചാത്തനെപ്പോലെ അവരുടെ വരവിന് ശേഷവും ഫ്യൂഡലിസം ഇവിടെ നിലനിന്നു, അതും ക്യാപിറ്റലിസവുമായി ഇഴചേർന്ന് വളരെ മോശപ്പെട്ട രീതിയിൽ.

ചിത്രം Sony LIV -ൽ സ്ട്രീം ചെയ്യുന്നു.
അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 29, 2024

2024 - മലയാളത്തിൻ്റെ സിനിമാ വർഷം



മലയാള സിനിമ വലുതാവണമെങ്കിൽ തെലുങ്ക്, തമിഴ് മാസ് മസാല കച്ചവട സിനിമകളെ മാതൃകയാക്കി, അതിമാനുഷരായ നായകന്മാരെ ആഘോഷിക്കുന്ന 'പാൻ ഇന്ത്യൻ' സിനിമകൾ ഇറക്കണം എന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ കമൽ ഹാസൻ ഫിലിം കംപാനിയൻ്റെ റൗണ്ട് ടേബിളിൽ പങ്കെടുത്തപ്പോൾ പറഞ്ഞത് മലയാള സിനിമ അതിൻ്റെ സ്വതസിദ്ധമായ ശൈലി ഉപേക്ഷിച്ച് തമിഴ്-തെലുങ്ക് കച്ചവടശൈലിയെ അനുകരിച്ച് തട്ടുപൊളിപ്പൻ കച്ചവട സിനിമകൾ തുടർച്ചയായി ഇറക്കിയ കാലമാണ് മലയാള സിനിമയുടെ ഇരുണ്ട യുഗം എന്നാണ്. താൻ ഉൾപ്പടെ നിരവധി പേര് സിനിമ പരിശീലിച്ചത് മലയാള സിനിമകൾ കണ്ടും, അവയിൽ ഭാഗവാക്കായും ആണെന്നും സാധാരണ മനുഷ്യജീവിതങ്ങളെ വരച്ചു കാട്ടുന്ന ആ ശൈലിയാണ് മലയാള സിനിമയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സിനിമ ആക്കുന്നതും എന്നുകൂടി അദ്ദേഹം പറയുകയുണ്ടായി. നിർമ്മാല്യം താൻ നാല് പ്രാവശ്യം കണ്ടു എന്നു പറഞ്ഞ കമൽ ഹാസൻ സബ്ടൈറ്റിൽ ഇല്ലാതിരുന്ന കാലത്തും 'ചെമ്മീൻ' കേരളത്തിന് പുറത്ത് നിറഞ്ഞോടിയിട്ടുണ്ട് എന്നും, അതായിരുന്നു യഥാർത്ഥ പാൻ ഇന്ത്യൻ സിനിമ എന്നും മുൻപ് പറഞ്ഞിട്ടുണ്ട്.

2024- ൻ്റെ തുടക്കത്തിൽ ഏറെ പ്രതീക്ഷകളോടെ എത്തിയ 'മലൈക്കോട്ടൈ വാലിബൻ' ഒരു പരിധി വരെ നിരൂപക പ്രശംസ നേടിയെങ്കിലും പ്രേക്ഷകർക്കിടയിൽ രണ്ടു ധ്രുവങ്ങളിലുള്ള അഭിപ്രായങ്ങൾ നേടുകയും, പ്രതീക്ഷിച്ച ബോക്സ് ഓഫീസ് വിജയം നേടാതിരിക്കുകയും ചെയ്തു. നമ്മുടെ സിനിമകളിലും നാടകങ്ങളിലും നിരവധി ഗാനങ്ങൾ പ്രത്യക്ഷപ്പെടാൻ പ്രചോദനം ആയ ബാലെ എന്ന കലാരൂപം, വെസ്റ്റേൺ സിനിമകൾ, martial arts സിനിമകൾ, ഷോലെ, സാംസൺ, നിരവധി തമിഴ് സിനിമകൾ, പഴയകാല സിനിമകളിലെ മരംചുറ്റി പ്രേമം, കാനന ഛായയിൽ ആടുമേക്കാൻ ഉൾപ്പടെ നിരവധി ഗാനങ്ങൾ തുടങ്ങിയവയ്ക്കും മോഹൻലാലിൻ്റെ നിരവധി ചിത്രങ്ങൾക്കും ഉള്ള tribute കൂടി ആയിരുന്നു ഈ സിനിമ. ചിത്രം OTT-യിൽ എത്തിയ ശേഷവും പ്രേക്ഷകർക്ക് ഇടയിൽ ചിത്രത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ തുടരുകയും ചെയ്യുന്നു.

ഫെബ്രുവരി മാസത്തിൻ്റെ ആരംഭത്തിൽ ഗിരീഷ് എ.ഡി.യുടെ പ്രേമലു, ഡാർവിൻ കുര്യാക്കോസിൻ്റെ അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടങ്ങി. പ്രേമലു ഓരോ ദിവസവും കളക്ഷൻ വർദ്ധിപ്പിച്ച് വമ്പൻ ഹിറ്റിലേക്ക് നീങ്ങുമ്പോൾ പിന്നിട് റിലീസായ രാഹുൽ സദാശിവൻ്റെ ഭ്രമയുഗവും, ചിദംബരത്തിൻ്റെ മഞ്ഞുമ്മേൽ ബോയ്സും പ്രേക്ഷക പ്രശംസ നേടി സമാനമായി ഹിറ്റിലേക്ക് നീങ്ങുകയാണ്. ഈ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനും ഗംഭീരമാണ്.

മൂന്ന് സിനിമകളും സ്വന്തം genre-നോട് സത്യസന്ധത പുലർത്തുന്ന genre സിനിമകളാണ്. 


മൂന്ന് സിനിമകളുടെയും മറ്റൊരു പ്രത്യേകത ഇവയിലെ protagonist-കൾ തൊഴിലാളി വർഗ്ഗ കുടുംബങ്ങളിൽ നിന്നോ, അടിച്ചമർത്തപ്പെട്ട പശ്ചാത്തലത്തിൽ നിന്നോ വരുന്നവരാണ് എന്നതാണ്. ഇതിൽ മഞ്ഞുമ്മേൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലർ ആണ്. പോലീസും, നാട്ടുകാരും, ഫയർ ഫോഴ്സും ഒക്കെ കൈവിട്ടിട്ടും തങ്ങളുടെ കൂട്ടുകാരനെ പുറത്തെത്തിക്കാൻ ഭീകരമായ ഗുഹയ്ക്കുള്ളിലേയ്ക്കു ഇറങ്ങുന്ന കുട്ടേട്ടനും, കുട്ടൻ ഇറങ്ങിയില്ലെങ്കിൽ താൻ ഇറങ്ങും എന്നു പറയുന്ന സുധിയും, അവസാനം വരെ കൂടെ നിൽക്കുന്ന സുഹൃത്തുക്കളും മഹത്തായ മാനവ സ്നേഹത്തിനും, സൗഹൃദത്തിനും പുറമേ അവർ വരുന്ന തൊഴിലാളി വർഗ്ഗ സാഹചര്യങ്ങൾ മനുഷ്യജീവന് നൽകുന്ന വിലയുടെ കൂടി ദൃഷ്ടാന്തമാണ്.




റോം-കോം ആയ പ്രേമലുവിലെ നസ്ലൻ അവതരിപ്പിച്ച സച്ചിനും, ഫോക്ലോർ- ഹൊറർ ആയ ഭ്രമയുഗത്തിലെ അർജുൻ അശോകൻ അവതരിപ്പിച്ച തേവനും തങ്ങൾ അകപ്പെട്ടു പോയ സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാനും survive ചെയ്യാനുമുള്ള ശ്രമങ്ങളാണ് സിനിമയിൽ ഉടനീളം കാണുന്നത്. പ്രേമലുവിന് മുന്പ് രോമാഞ്ചം മാത്രമാണ് ഐ.ടി. ബൂമിന് ശേഷവും ബാംഗ്ലൂർ, ഹൈദരാബാദ് പോലെയുള്ള ഐ.ടി. സിറ്റികളിൽ അങ്ങനെ മലയാള സിനിമ അടയാളപ്പെടുത്താതെ പോയ, പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മലയാളി യുവത്വത്തെ കുറേയെങ്കിലും സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയിൽ ഏറ്റെടുക്കപ്പെട്ടത്തിന് ഈ അടയാളപ്പെടുത്തലുകളും ഒരു പ്രധാന കാരണമാണ് എന്ന് കരുതുന്നു. 

കൂടാതെ മുൻപ് മുഖ്യധാരാ മലയാള സിനിമ നായികാ-നായക സ്ഥാനത്ത് കാര്യമായി പരിഗണിക്കാതിരുന്ന കഥാപാത്രങ്ങളെയാണ് ഗിരീഷിൻ്റെ മൂന്നു സിനിമകളിലും നമുക്ക് കാണാൻ കഴിയുക. സംവിധായകരുടേയും, എഴുത്തുകാരുടേയും ഫാൻ്റസികളെ ആണ് മിക്കപ്പോഴും നായക കഥാപാത്രങ്ങളുടെ പ്രവർത്തികളായി കാണിക്കുന്നത് എന്ന് ഗിരീഷ് മേൽപ്പറഞ്ഞ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവും നാം ചുറ്റും അങ്ങനെ കണ്ടിട്ടില്ലാത്ത സർവ്വകലാ വല്ലഭരും, അതീവ ബഹിർമുഖരും, ചിലപ്പോഴൊക്കെ അസാമാന്യ ശക്തിയുള്ള അതിമാനുഷരും നമ്മുടെ നായക കഥാപാത്രങ്ങളായി അരങ്ങു വാഴുന്നത്. പെട്ടെന്ന് ഓർമ്മ വരുന്നത് യോദ്ധയിലെ തൈപ്പറമ്പിൽ അശോകൻ -അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ദ്വന്ദമാണ്. നമ്മളിൽ മിക്കവരും, നമുക്ക് ചുറ്റുമുള്ളവരിൽ ഭൂരിപക്ഷവും യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത് ജഗതിയും, ശ്രീനിവാസനും ഒക്കെ അവതരിപ്പിച്ച, മിക്കയിടത്തും തോറ്റ് പിന്മാറേണ്ടി വരുന്ന സാധാരണക്കാരായ കഥാപാത്രങ്ങളാണ്. ഒടുവിൽ വിജയിക്കുന്ന, മിക്കപ്പോഴും സൂപ്പർ താരങ്ങൾ അവതരിപ്പിച്ച നായക കഥാപാത്രങ്ങൾ നമ്മുടെ ഫാൻ്റസിയാണ്. അവരുടെ അയഥാർത്ഥവും, സ്വപ്നസമാനമായ വിജയങ്ങളിൽ പൂവണിയുന്നത് നമ്മുടെ ഫാൻ്റസികൾ കൂടിയാണ്. ഇതൊരു തീർത്തും മോശം കാര്യമാണ് എന്നല്ല പറയുന്നത്, ഈ ദ്വന്ദങ്ങളുടെ വിജയ ഫോർമുലകളെ ഒന്ന് പരാമർശിച്ചു എന്ന് മാത്രം. ഓരോ കാലത്തേയും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും, ജനങ്ങളുടെ ചിന്തകളും അഭിലാഷങ്ങളും എല്ലാം സിനിമകളെയും, അവ സ്വീകരിക്കപ്പെടുന്ന രീതികളെയും സ്വാധീനിക്കുന്നുണ്ട്. നവഉദാരവൽക്കരണ കാലത്തിൻ്റെ തുടക്കത്തിന് സമാന്തരമായി ആണ് നമ്മുടെ പ്രധാന കഥാപാത്രങ്ങൾ പലരും സാധാരണക്കാരിൽ നിന്നും മാറി അതിമാനുഷർ ആയതെന്നതും യാദൃശ്ചികമായി സംഭവിച്ചത് ആകാനും വഴിയില്ല.

പുറമേ അത്രയും സ്മാർട്ടും, അസാധാരണമാം വിധം സർവ്വകലാവല്ലഭരും, അതിമാനുഷരും അല്ലാത്ത, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നു വരുന്ന, സ്വതവേ അന്തർമുഖരും, നിരവധി ജീവിത പരാജയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരുമായ നായകരും വീണ്ടും വിജയ സിനിമകളിൽ നായക കഥാപാത്രമായി അവതരിപ്പിക്കാം എന്ന് ഗിരീഷ് എ.ഡി. തെളിയിക്കുകയാണ്. ഒരുപക്ഷേ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോലുള്ള സിനിമകളിൽ മുൻപ് നാം പരിചയിച്ചിട്ടുള്ള, മത്സരസംസ്കാരത്തിൻ്റെ ആഗോളവൽക്കരണാനന്തര കാലത്ത് ചുരുക്കം സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മോൾഡിൽ ഉള്ള നായകകഥാപാത്രങ്ങളുടെ തിരിച്ചുവരവ് കൂടിയായി പ്രമലുവിൻ്റെ വിജയം നമുക്ക് കണക്കാക്കാം. ഇത് ലോകമെങ്ങും സാമ്പത്തിക മാന്ദ്യങ്ങളുടെ കാലത്ത് ദുഷ്കരമായ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന millenial, gen z തലമുറകളേയും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറച്ചുകൂടി ആഴത്തിൽ വിശകലനം ചെയ്യാൻ ഒരു അവസരമാണ്. വലിയ ഹിറ്റായ കരിക്കിൻ്റെ 'തേരാ പാരാ' എന്ന കോമഡി-വെബ് സീരിസും സമാനമായ ജീവിത സാഹചര്യങ്ങളെ ആണ് വരച്ചു കാട്ടിയത്.

ഗിരീഷ് എ.ഡി.ക്കൊപ്പം പ്രേമലുവിൻ്റെ രചന നിർവഹിച്ച കിരൺ ജോസിയും അഭിനന്ദനം അർഹിക്കുന്നു. അജ്മൽ സാബുവിൻ്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു. നസ്ലൻ, മമിത ബൈജു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിൻ്റെ മാറ്റു കൂട്ടുന്നു. ഭ്രമയുഗവും മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ്. മമ്മൂട്ടിയെ മുമ്പെങ്ങും കാണാത്ത രീതിയിൽ രാഹുൽ സദാശിവൻ അവതരിപ്പിച്ചിരിക്കുന്നു. നിരവധി തലങ്ങളുള്ള, സങ്കീർണ്ണമായ കഥാപാത്രം അനായാസമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അർജ്ജുൻ അശോകൻ തൻ്റെ വേഷം നന്നായി ചെയ്തു. എന്നാൽ ഏറ്റവും മികച്ച അഭിനയം പുറത്തെടുത്തത് സിദ്ധാർത്ഥ് ഭരതൻ ആണ് എന്നു പറയേണ്ടി വരും. Heavy ആയ കഥാപാത്രത്തെ മികച്ച രീതിയിൽ സിദ്ധാർഥ് അവതരിപ്പിച്ചു.

നിരവധി പിന്നോക്ക- ദളിത് സമുദായങ്ങളുടെ ആരാധനാ മൂർത്തി ആയ ചാത്തൻ, പിന്നെ മാംസാഹാരം എന്നിവയെ വളരെ നെഗറ്റീവ് ആയി അവതരിപ്പിച്ചു എന്ന വിമർശനം ഈ സിനിമയ്ക്ക് നേരെ ഉയരുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല നമ്മുടെ ഐതിഹ്യങ്ങളെ ബ്രാഹ്മണവൽക്കരിച്ച് അവതരിപ്പിച്ചു എന്നൊരു വിമർശനം മുൻപു ഉണ്ടായിരുന്നു. ബ്രാഹ്മണ്യത്തിൻ്റെ ഗ്ലോറിഫിക്കേഷൻ എന്ന സമാനമായ വിമർശനം ഈ സിനിമയ്ക്ക് നേരെയും ഉയരുന്നുണ്ട്. 

അന്നത്തെ സമൂഹത്തിൽ നിലനിന്ന ഉച്ച നീതത്വങ്ങളുടെ പ്രതിഫലനം ആയും ചിത്രത്തിൽ പാണൻ നേരിടുന്ന സന്ദർഭങ്ങളെ കാണാവുന്നതാണ്. ബ്രാഹ്മണ്യത്തിൻ്റെ തോളിലേറി ഫ്യൂഡലിസം അന്നത്തെ സമൂഹത്തെ മുറുകെപ്പിടിച്ചത് പോലെയാണ് ചാത്തനും മനയെ തൻ്റെ കൈക്കുള്ളിൽ ആക്കിയത് എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ചതിനു വിപരീതമായി ഫ്യൂഡലിസത്തിൻ്റെ വേര് അറുത്തിട്ടല്ല നമ്മുടെ രാജ്യത്ത് വിദേശ ശക്തികൾ ക്യാപിറ്റലിസം കൊണ്ടുവന്നത്. അടിച്ചമർത്തലിൻ്റെ പ്രതീകമായ സിനിമയിലെ ചാത്തനെപ്പോലെ അവരുടെ വരവിന് ശേഷവും ഫ്യൂഡലിസം ഇവിടെ നിലനിന്നു, അതും ക്യാപിറ്റലിസവുമായി ഇഴചേർന്ന് വളരെ മോശപ്പെട്ട രീതിയിൽ. അതിൻ്റെ ദുരിതങ്ങളും പേറിയാണ് രാജ്യം മുന്നോട്ട് പോകുന്നു.

1956 സെൻട്രൽ ട്രാവൻകൂർ, ശവം, വിത്ത്, സന്തോഷത്തിൻ്റെ മൂന്നാം രഹസ്യം, Everything is cinema തുടങ്ങി നിരൂപക പ്രശംസ നേടിയ, നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'- യും ഈ വർഷം പ്രദർശനത്തിന് എത്തിയ ഒരു പ്രധാനപ്പെട്ട സിനിമയാണ്. ഡോൺ പാലത്തറയും, ഷെറിൻ കാതറിനും രചന നിർവഹിച്ച ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, മാത്യൂ തോമസ്, ദിവ്യ പ്രഭ, നിൽജ കെ. ബേബി, ജയിൻ ആൻഡ്രൂസ് തുടങ്ങിയവർ വേഷമിട്ടു. കലാമൂല്യം ഉള്ള സിനിമകൾക്ക് പേര് കേട്ട മലയാള സിനിമയിൽ ഡോൺ പാലത്തറയെ പോലുളള പ്രതിഭകളുടെ സിനിമകൾക്ക് അർഹിക്കുന്ന തിയേറ്റർ റിലീസ് ലഭിക്കുക എന്നത് സിനിമയുടെ കലാമേന്മ നിലനിർത്താൻ അനിവാര്യമായ ഘടകമാണ്. ടോവിനോ തോമസ് നായകൻ ആയ അന്വേഷിപ്പിൻ 
കണ്ടെത്തും എന്ന ചിത്രവും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നു. OTT റിലീസിന് ശേഷം ചിത്രം കൂടുതൽ ചർച്ച ചെയ്യപ്പെടും എന്ന് കരുതുന്നു.

 ജനുവരിയില് റിലീസ് ചെയ്ത മിഥുൻ മാനുവൽ തോമസിൻ്റെ ഓസ്ലർ, കഴിഞ്ഞ വർഷം അവസാനം പ്രദർശനത്തിന് എത്തിയ ആനന്ദ് ഏകദർഷിയുടെ ആട്ടം എന്നിവയും മികച്ച പ്രേക്ഷക അഭിപ്രായം നേടി. 'രോമാഞ്ചം' സംവിധായകൻ ജിത്തു മാധവൻ്റെ ഫഹദ് ഫാസിൽ ചിത്രം ആവേശം, ബ്ലെസ്സിയുടെ ആടുജീവിതം, മോഹൻലാലിൻ്റെ ബാരോസ്, 'ജയജയ ജയഹേ' സംവിധായകൻ വിപിൻ ദാസിൻ്റെ ഗുരുവായൂർ അമ്പലനടയിൽ, വിനീത് ശ്രീനിവാസൻ്റെ വർഷങ്ങൾക്ക് ശേഷം, ലാൽ ജൂനിയറിൻ്റെ നടികർ തുടങ്ങി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ ഈ വർഷത്തെ മലയാള സിനിമയെപ്പറ്റി വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത്. കമൽഹാസൻ അഭിപ്രായപ്പെട്ട പോലെ മണ്ണിൽ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന തങ്ങളുടെ ചരിത്രപരമായ ദൗത്യം നിർവ്വഹിക്കുകയും, കേരളത്തിനു വെളിയിൽ നമ്മുടെ സിനിമകൾ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ മാർക്കറ്റ് ചെയ്യാനും വിതരണം ചെയ്യാനും അവസരം ലഭിക്കുകയും ചെയ്താൽ മലയാള സിനിമ കൂടൂതൽ ഉയരങ്ങൾ താണ്ടുന്ന സിനിമാവർഷം ആവും ഇതെന്ന കാര്യത്തിൽ സംശയമില്ല.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഫെബ്രുവരി 16, 2024

പ്രേമലു


താൻ ചെയ്യുന്ന സിനിമകൾ എളുപ്പപ്പണി ആണ് എന്നും, അവ കലാപരമായി ഉന്നത നിലവാരം ഉള്ളതല്ല എന്നും പലരും കരുതുന്നു എന്ന് ഗിരീഷ് എ. ഡി. മനീഷ് നാരായണനുമായുള്ള അഭിമുഖത്തിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ കുറച്ചു കഥാപാത്രങ്ങളെ, പ്രേക്ഷകർക്ക് പരിചിതമായ കഥാപരിസരത്തിൽ പ്ലേസ് ചെയ്ത് രണ്ടരമണിക്കൂർ പ്രായഭേദമന്യേ ഏവർക്കും പൂർണമായി ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ എഴുതുക എന്നത് അനേകം തലമുറകളുടെയും, നിരവധി കഥാപാത്രങ്ങളുടെയും കഥ പറയുന്ന ബിഗ് ബജറ്റ് സിനിമകൾ എഴുതുന്നതിനോളമോ, അതിനേക്കാൾ ഏറെയോ ബുദ്ധിമുട്ട് ഏറിയതാണ്. കൂടാതെ ഗിരീഷിൻ്റെ മൂന്ന് സിനിമകളുടെയും പ്രധാന പ്രത്യേകത ബൗദ്ധികമായ സത്യസന്ധതയാണ്. ഇതും സ്നേഹം എന്ന പ്രാപഞ്ചികമായ വികാരം നിറഞ്ഞു നിൽക്കുന്ന സിനിമയോടുള്ള സമീപനവും ഈ സിനിമകളെ ഉത്തമമായ കലാ സൃഷ്ടികൾ ആക്കി മാറ്റുന്നു എന്നും കരുതുന്നു. കേരളത്തിലെ പ്രമുഖരായ യുവതാരങ്ങൾ അണിനിരക്കുന്നുണ്ട് എങ്കിലും, സൂപ്പർതാര പ്രഭ ഇല്ലാഞ്ഞിട്ടും ഈ മൂന്ന് സിനിമകളും വലിയ തോതിൽ സ്വീകരിക്കപ്പെട്ടു എന്നതും ഇതിന് തെളിവാണ്. 

പ്രമലുവിന് മുന്പ് രോമാഞ്ചം മാത്രമാണ് ഐ.ടി. ബൂമിന് ശേഷവും ബാംഗ്ലൂർ, ഹൈദരാബാദ് പോലെയുള്ള ഐ.ടി. സിറ്റികളിൽ അങ്ങനെ മലയാള സിനിമ അടയാളപ്പെടുത്താതെ പോയ, പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മലയാളി യുവത്വത്തെ കുറേയെങ്കിലും സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയിൽ ഏറ്റെടുക്കപ്പെട്ടതിന് ഈ അടയാളപ്പെടുത്തലുകളും ഒരു പ്രധാന കാരണമാണ് എന്ന് കരുതുന്നു. 

കൂടാതെ മുൻപ് മുഖ്യധാരാ മലയാള സിനിമ നായികാ-നായക സ്ഥാനത്ത് കാര്യമായി പരിഗണിക്കാതിരുന്ന കഥാപാത്രങ്ങളെയാണ് ഗിരീഷിൻ്റെ മൂന്നു സിനിമകളിലും നമുക്ക് കാണാൻ കഴിയുക. സംവിധായകരുടെയും, എഴുത്തുകാരുടേയും ഫാൻ്റസികളെ ആണ് മിക്കപ്പോഴും നായക കഥാപാത്രങ്ങളുടെ പ്രവർത്തികളായി കാണിക്കുന്നത് എന്ന് ഗിരീഷ് മേൽപ്പറഞ്ഞ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവും നാം ചുറ്റും അങ്ങനെ കണ്ടിട്ടില്ലാത്ത സർവ്വ കലാ വല്ലഭരും, അതീവ ബഹിർമുഖരും, ചിലപ്പോഴൊക്കെ അസാമാന്യ ശക്തിയുള്ള അതിമാനുഷരും നമ്മുടെ നായക കഥാപാത്രങ്ങളായി അരങ്ങു വാഴുന്നത്. പെട്ടെന്ന് ഓർമ്മ വരുന്നത് യോദ്ധയിലെ തൈപ്പറമ്പിൽ അശോകൻ -അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ദ്വന്ദമാണ്. നമ്മളിൽ മിക്കവരും, നമുക്ക് ചുറ്റുമുള്ളവരിൽ ഭൂരിപക്ഷവും യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത് ജഗതിയും, ശ്രീനിവാസനും ഒക്കെ അവതരിപ്പിച്ച, മിക്കയിടത്തും തോറ്റ് പിന്മാറേണ്ടി വരുന്ന സാധാരണക്കാരായ കഥാപാത്രങ്ങളാണ്. ഒടുവിൽ വിജയിക്കുന്ന, മിക്കപ്പോഴും സൂപ്പർ താരങ്ങൾ അവതരിപ്പിച്ച നായക കഥാപാത്രങ്ങൾ നമ്മുടെ ഫാൻ്റസിയാണ്. അവരുടെ അയഥാർത്ഥവും, സ്വപ്നസമാനമായ വിജയങ്ങളിൽ പൂവണിയുന്നത് നമ്മുടെ ഫാൻ്റസികൾ കൂടിയാണ്. ഇതൊരു തീർത്തും മോശം കാര്യമാണ് എന്നല്ല പറയുന്നത്, ഈ ദ്വന്ദങ്ങളുടെ വിജയ ഫോർമുലകളെ ഒന്ന് പരാമർശിച്ചു എന്ന് മാത്രം. ഓരോ കാലത്തേയും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും, ജനങ്ങളുടെ ചിന്തകളും അഭിലാഷങ്ങളും എല്ലാം സിനിമകളെയും, അവ സ്വീകരിക്കപ്പെടുന്ന രീതികളെയും സ്വാധീനിക്കുന്നുണ്ട്. നവഉദാരവൽക്കരണ കാലത്തിൻ്റെ തുടക്കത്തിന് സമാന്തരമായി ആണ് നമ്മുടെ പ്രധാന കഥാപാത്രങ്ങൾ പലരും സാധാരണക്കാരിൽ നിന്നും മാറി അതിമാനുഷർ ആയതെന്നതും യാദൃശ്ചികമായി സംഭവിച്ചത് ആകാനും വഴിയില്ല.

പുറമേ അത്രയും സ്മാർട്ടും, അസാധാരണമാം വിധം സർവ്വകലാവല്ലഭരും, അതിമാനുഷരും അല്ലാത്ത, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നു വരുന്ന, സ്വതവേ അന്തർമുഖരും, നിരവധി ജീവിത പരാജയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരുമായ നായകരും വീണ്ടും വിജയ സിനിമകളിൽ നായക കഥാപാത്രമായി അവതരിപ്പിക്കാം എന്ന് ഗിരീഷ് എ.ഡി. തെളിയിക്കുകയാണ്. ഒരുപക്ഷേ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോലുള്ള സിനിമകളിൽ മുൻപ് നാം പരിചയിച്ചിട്ടുള്ള, മത്സരസംസ്കാരത്തിൻ്റെ ആഗോളവൽക്കരണാനന്തര കാലത്ത് ചുരുക്കം സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മോൾഡിൽ ഉള്ള നായകകഥാപാത്രങ്ങളുടെ തിരിച്ചുവരവ് കൂടിയായി പ്രമലുവിൻ്റെ വിജയം നമുക്ക് കണക്കാക്കാം. ഇത് ലോകമെങ്ങും സാമ്പത്തിക മാന്ദ്യങ്ങളുടെ കാലത്ത് ദുഷ്കരമായ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന millenial, gen z തലമുറകളേയും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറച്ചുകൂടി ആഴത്തിൽ വിശകലനം ചെയ്യാൻ ഒരു അവസരമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

(ഈ അവസരത്തിൽ ഗിരീഷ് എ.ഡി. സിനിമളിലേയും, ഗിരീഷ് നിർമ്മിക്കുകയും ഈ സിനിമയുടെ സഹ-തിരക്കഥാകൃത്ത് കൂടിയായ കിരൺ ജോസി സംവിധാനം ചെയ്യുകയും ചെയ്ത അനുരാഗ് ഇഞ്ചിനീയറിങ് വർക്ക്‌സ് എന്ന ഷോർട്ട് ഫിലിമിലേയും നായക കഥാപാത്രങ്ങളെ ആസ്പദമാക്കി മുന്പ് എഴുതിയ ഒരു കുറിപ്പ് കൂടി ചേർക്കുന്നു.)


നവമലയാള സിനിമയിലെ അന്തർമുഖത്വത്തിന്റെ നായക ഭാവങ്ങൾ


മലയാള സിനിമയിൽ അന്തർമുഖരായ (introvert) കഥാപാത്രങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അവരെ പലപ്പോഴും നെഗറ്റീവ് ആയ ഛായ നൽകിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അഥവാ പ്രധാന കഥാപാത്രം ആണെങ്കിൽ കൂടി അന്തർമുഖർ ക്രിമിനലുകളായോ, മാനസിക പ്രശ്നങ്ങൾ ഉള്ള ആളായോ, അതുമല്ലെങ്കിൽ അന്തർമുഖത്വം മാറി നായകൻ 'നന്നാവുന്ന' കമിംഗ് ഓഫ് ഏജ് സ്റ്റോറി ഒക്കെ ആയാണ് അടയാളപ്പെടുത്തുക പതിവ്. അങ്ങനെ അല്ലാതെ, തീർത്തും നോർമൽ ആയ പ്രധാന കഥാപാത്രമായി അന്തർമുഖർ അടയാളപ്പെടുത്തപ്പെട്ടത് ഓർക്കെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം കുറവാണ്. കച്ചവട സിനിമയുടെ ഫോർമുലകളും, ഫോർമാറ്റും ഇതിന് ഒരു കാരണമാകാം.

കുറെയെങ്കിലും അന്തർമുഖത്വത്തെ മാനുഷിക ഭാവത്തോടെ കണ്ടിട്ടുണ്ടത് അടൂരും, കെ. ജി. ജോർജ്ജും, ലോഹിതദാസും, ടി. വി. ചന്ദ്രനും ആണെന്ന് പറയാം. എന്നാലും ഇവരുടെ കഥാപാത്രങ്ങളുടെ അന്തർമുഖത്വം അവരുടെ കുറവുകൾക്കുള്ള ന്യായീകരണമായാണ് കാണിച്ചിരിക്കുന്നത്. ഇരകൾ, എലിപ്പത്തായം, വിധേയൻ, ഡാനി, റോൾ മോഡൽസ്, ചാപ്പാ കുരിശ്, ദൈവത്തിന്റെ വികൃതികൾ, ആർട്ടിസ്റ്റ്, അകം തുടങ്ങി നിരവധി സിനിമകളിൽ അന്തർമുഖർ പ്രധാന കഥാപാത്രങ്ങൾ ആയെങ്കിലും ഒരു മുഖ്യധാരാ നായക കഥാപാത്രത്തിന് വേണമെന്ന് കരുതപ്പെടുന്ന ഗുണഗണങ്ങൾ പതിച്ചുകിട്ടിയവർ ആയിരുന്നില്ല ഇവരൊന്നും. നോർത്ത് 24 കാതവും അന്തർമുഖത്വവും, OCD-യും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, അതിൽ OCD-ൽ നിന്ന് നായകകഥാപാത്രം പുറത്തേക്ക് വരുന്നതിലാണ് ഊന്നുന്നത്. മൺസൂൺ മംഗോസ് ഈ ട്രെന്റിന് ഒരു അപവാദം ആയി പറയാം. പക്‌ഷേ പല കാരണങ്ങൾ കൊണ്ടും പടം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതിന് ഒരു അപവാദം ഒരു പരിധി വരെ ' മഹേഷിൻ്റെ പ്രതികാരം' സ്വീകരിക്കപ്പെട്ടത് മാത്രമാകാം.

നമ്മുടെ സമൂഹത്തിന്റെ 30% മുതൽ 50% വരെ അന്തർമുഖർ ആണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ഇത് ചികിത്സിച്ചോ, അല്ലാതെയോ മാറ്റേണ്ട ഒരു പ്രശ്നം അല്ലെന്നും, മനുഷ്യ സ്വഭാവത്തിന്റെ സ്വാഭാവികമായ ഒരു സവിശേഷത ആണെന്നും ഉള്ള വസ്‌തുത സമൂഹത്തിലും, അതിന്റെ പ്രതിഫലനങ്ങൾ ആയ സിനിമയിലും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നു കാണാൻ കഴിയും. ആശയ പ്രകാശനത്തിന്റെ പുതുരൂപങ്ങൾ ആയ ടിക് ടോക്-ഇൻസ്റ്റാഗ്രാം വീഡിയോകൾ പോലും അന്തർമുഖത്വത്തെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ട ഒരു വലിയ പ്രശ്നമായാണ് അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചാം പാതിര പോലുള്ള ക്രൈം ത്രില്ലറുകൾ സൈക്കോപ്പാത്തുകൾ ആയ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷത ആയാണ് അന്തർമുഖത്വത്തെ അടയാളപ്പെടുത്തുന്നത്. 

അതേസമയം മുഖ്യധാര സിനിമകളിൽ ഒരുപരിധിവരെ എങ്കിലും അന്തർമുഖനായ, എന്നാൽ അതൊരു കുറവായി കാണിക്കാതെ അവതരിപ്പിച്ച നായക കഥാപാത്രത്തെ കണ്ടത് ഗിരീഷ് എ.ഡി.യും, ഡിനോയ്‌ പൗലോസും രചന നിർവ്വഹിച്ചു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'തണ്ണീർ മത്തൻ ദിനങ്ങളി'ലെ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സണ് ആണ് എന്ന് പറയാം. മിക്ക ഇൻട്രോവർട്ടുകളെയും പോലെ അടുത്ത സൗഹൃദ വലയങ്ങൾക്കുള്ളിൽ എക്സ്‌ട്രോവെർട്ടിനെ പോലെ പെരുമാറുന്ന ജെയ്സണ് പക്ഷേ പലപ്പോഴും അങ്ങനെയല്ല പൊതു സമൂഹത്തിൽ കാണപ്പെടുന്നത്. ക്ലാസിനു മുന്നിൽ പുസ്തകം വായിക്കുമ്പോഴും, നായികാ കഥാപാത്രത്തോട് നേരിട്ട് ഇഷ്ടം തുറന്നുപറയാൻ കഴിയാതിരിക്കുമ്പോഴും ഒക്കെ ജെയ്സന്റെ അന്തർമുഖ സ്വഭാവം പ്രകടം ആവുന്നുണ്ട്. ജെയ്സനേക്കാൾ അന്തർമുഖൻ ആണ് വീടിനുള്ളിൽത്തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന, നാട്ടുകാർ എന്തിനാ ഇങ്ങോട്ട് വരുന്നത് എന്ന് ചോദിക്കുന്ന ഡിനോയ്‌ പൗലോസിന്റെ ജെയ്സന്റെ ചേട്ടനായ ജോയ്‌സന്റെ കഥാപാത്രം.

മലയാളസിനിമ കണ്ടുശീലിച്ച, ആഘോഷിക്കപ്പെട്ട, എപ്പോഴും ആത്മവിശ്വാസത്തോടെ മാത്രം സമൂഹത്തിൽ ഇടപെടുന്ന ബഹിർമുഖരായ (extrovert) നായക കഥാപാത്രങ്ങളിൽ നിന്നും ജെയ്സണ് ഈ അർത്ഥത്തിൽ മാറി നിൽക്കുന്നു. അതുകൊണ്ടു കൂടിയാണ് മുൻപ് മലയാള സിനിമയിൽ കാര്യമായി കണ്ടിട്ടില്ലാത്ത ജെയ്സന്റെ കഥയുടേയും, സ്വഭാവ സവിശേഷതകൾകളുടേയും, പ്രണയത്തിന്റേയുമൊക്കെ സത്യസന്ധമായ ആവിഷ്കാരത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്.

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'സൂപ്പർ ശരണ്യ'യിൽ അന്തർമുഖയായ ശരണ്യയെ നായികാ കഥാപാത്രം ആയി ഗിരീഷ് എ.ഡി. അവതരിപ്പിച്ചു. തണ്ണീർ മത്തനിൽ എക്സ്ട്രോവേർട്ട് ആയ നായികാ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച അനശ്വര രാജൻ ആണ് ഈ സിനിമയിൽ ശരണ്യയെ അവതരിപ്പിച്ചത്. പഠനത്തിൽ മിടുക്കിയായ ശരണ്യ കോളേജ് പഠനത്തിനായി താൽപ്പര്യം ഇല്ലാതെ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുന്നു. റാഗിംഗും, പ്രേമാഭ്യർത്ഥനകളും ഉൾപ്പെടെ സീനിയേഴ്‌സിൽ നിന്ന് നിരവധി പ്രശ്നങ്ങളെ നേരിടുന്ന ശരണ്യ അവധിയെടുത്ത് വീടിന്റെ സുരക്ഷിത്വത്തിലേക്ക് തിരിച്ചു പോയാണ് ആദ്യം ഇതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നാട്ടിലും പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് വരുന്നത്‌ ശരണ്യയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരമാവധി അത്തരം അറ്റൻഷനുകളിൽ നിന്ന് മാറിനിൽക്കാനാണ് ശരണ്യ ശ്രമിക്കുന്നത്. തങ്ങളുടെ പലരുടെയും ഇതുപോലുള്ള സ്വഭാവ സവിശേഷതകളും കൂടിയാണ് ശരണ്യയ്ക്ക് നൽകിയിട്ടുള്ളത് എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ലേഖകന്റെ കാര്യവും വ്യത്യസ്തമല്ല.

ബഹിർമുഖരായ സോന ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്ക് എളുപ്പം ഹോസ്റ്റലിലെ സാഹചര്യങ്ങളെ നേരിടാൻ സാധിക്കുമ്പോൾ ശരണ്യയ്ക്ക് തുടക്കത്തിൽ അത് ബൗദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പഠനം തുടർന്നുപോകുമ്പോൾ കോളേജിലേയും, ഹോസ്റ്റലിലേയും സാഹചര്യങ്ങളോട് ശരണ്യ കൂടുതൽ ഇണങ്ങുന്നുണ്ട്. എങ്കിലും dominating character ആയ സോന ശരണ്യയ്ക്കും, അവരുടെ 'ധാബാ ഗേൾസ്' എന്ന ഗ്യാങിനും മേൽ എപ്പോഴും വലിയ നിയന്ത്രണങ്ങൾ കയ്യാളുന്നുണ്ട്. ശരണ്യയുടെ വ്യക്തിജീവിതത്തിലും, പ്രണയത്തിലും ഒക്കെ സോന അധികാരപൂർവ്വം കൈ കടത്തുന്നതും, ശരണ്യയുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ പോലും ശരണ്യയ്ക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നതും കാണാം. ഇത് അന്തർമുഖത്വം ഉള്ള പലർക്കും അനുഭവം ഉള്ളതാണ്. ഇതിൽ നിന്ന് സ്വയമേവ മുക്തയാവാൻ ശരണ്യയ്ക്ക് കഴിയുന്നില്ല. അതിനും ശരണ്യയുടെ കാമുകൻ ആയ ദീപുവിന്റെ (അർജുൻ അശോകൻ) ഇടപെടൽ വേണ്ടിവരുന്നു. 

രണ്ടു സിനിമകളിലെയും മറ്റൊരു പ്രധാന ഘടകം ജോയ്‌സന്റേയും, ശരണ്യയുടേയും ജീവിതത്തിൽ വളരെ അധികാര പൂർണമായും, ചിലപ്പോഴൊക്കെ ഹിംസാത്മകം എന്നു കണക്കാവുന്ന വിധത്തിലും ഇടപെടുന്ന രണ്ടു കഥാപാത്രങ്ങളാണ്. തണ്ണീർ മത്തനിൽ ഇത് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭൻ ആണെങ്കിൽ, സൂപ്പർ ശരണ്യയിൽ ഇത് വിനീത് വാസുദേവൻ അവതരിപ്പിച്ച അർജുൻ റെഡ്ഢിയുടെ സ്പൂഫ് ആയി കണക്കാക്കാവുന്ന അജിത് മേനോൻ എന്ന കഥാപാത്രം ആണ്. രവി പത്മനാഭൻ ജയ്സണുമേൽ അധ്യാപകൻ എന്ന അധികാരം ആണ് ഉപയോഗിക്കുന്നതെങ്കിൽ, അജിത് മേനോൻ ശരണ്യയുടെ മേൽ പ്രയോഗിക്കുന്നതും ശരണ്യയോട് തന്നെ പ്രണയിക്കാൻ ആവശ്യപ്പെടുന്നതും സീനിയർ എന്ന അധികാരം ഉപയോഗിച്ചാണ്. അന്തർമുഖർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നതും, അതിജീവിക്കാൻ ബുദ്ധിമുട്ട് ഏറിയതുമായ സംഗതിയാണ് ഇത്തരത്തിലുള്ള അധികാര പ്രയോഗങ്ങൾ. രണ്ടു സന്ദർഭങ്ങളിലും ബാഹ്യമായ സാഹചര്യങ്ങളുടേയും വ്യക്തികളുടേയും ഇടപെടലുകളാണ് ജെയ്സണേയും, ശരണ്യയെയും രക്ഷിക്കുന്നത്.

ഗിരീഷ് എ.ഡി.യും, റീജു ജോസും ചേർന്ന് നിർമ്മിക്കുകയും കിരൺ ജോസിയും, ആദർശ് സദാനന്ദനും ചേർന്ന് എഴുതി കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എൻജിനീയറിങ് വർക്ക്‌സ് എന്ന ഷോർട്ട് ഫിലിമും ഒരു ഇന്ററോവർട്ട് പ്രണയ കഥ എന്ന രീതിയിൽ പ്രസക്തമാണ്. ഇതിന്റെ എഴുത്തുകാർ രണ്ടുപേരും തങ്ങളുടെ ഇന്ററോവെർട്ട് നേച്ചർ ആണ് പ്രധാന കഥാപാത്രം ആയ അനുരാഗിന്റെ കഥാപാത്ര നിർമ്മിതിയിൽ പ്രതിഫലിക്കുന്നത് എന്ന് പറയുന്നുണ്ട്. സൂപ്പർ ശരണ്യയിലെ 'അജിത് മേനോൻ' ഉൾപ്പെടെ ലൗഡായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനീത് വാസുദേവ് അനുരാഗ് ആയുള്ള ഒതുക്കമുള്ള പ്രകടനമാണ് ഈ ഷോർട്ട് ഫിലിമിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. അഖില ഭാർഗവൻ അവതരിപ്പിച്ച നീതു എന്ന കഥാപാത്രത്തോട് ഉണ്ടാകുന്ന അനുരാഗം അറിയിക്കാനുള്ള അനുരാഗിന്റെ ശ്രമങ്ങളും, അത് അനുരാഗിന്റെയും നീതുവിന്റേയും ജീവിതങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തുന്നു എന്നതുമാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രമേയം. തീർത്തും നോർമൽ ആയ മനുഷ്യൻ ആയി അനുരാഗ് എന്ന കഥാപാത്രത്തെ സമീപിക്കുന്നതും, അനുരാഗിന്റേയും നീതുവിന്റേയും മാനസിക വ്യാപാരങ്ങളെ സത്യസന്ധമായി സമീപിക്കുന്നതുമാണ് ഈ ഷോർട്ട് ഫിലിമിനെ മികച്ചതാക്കുന്നത്.

സമൂഹത്തിന്റെ മൂന്നിലൊന്ന് മുതൽ രണ്ടിലൊന്ന് വരെ പല അളവിൽ അന്തർമുഖത്വം ഉള്ളവരാണ്. എന്നാൽ സമൂഹത്തിന്റേയും, സ്ഥാപനങ്ങളുടേയും നേതൃ സ്ഥാനങ്ങൾ വഹിക്കുന്നതിൽ 96%-വും ബഹിർമുഖരാണ്. ഇതിനൊരു കാരണം ആശയങ്ങൾ ഒരു ഓഡിയൻസിന് മുന്നിൽ പ്രകടിപ്പിക്കാനും, സമൂഹത്തിൽ ഇടപെടാനും ബഹിർമുഖരെ അപേക്ഷിച്ച് അന്തർമുഖർക്കുമേൽ അടിച്ചേല്പിക്കപ്പെടുന്ന പരിമിതികളാണ്. നമ്മുടെ ക്ലാസ് മുറികൾ പോലും ബഹിർമുഖരെ കണക്കാക്കി സജ്ജീകരിച്ചിട്ടുള്ളതാണ്. സംസാരിക്കാനുള്ള കഴിവാണ് പലപ്പോഴും മികവ്‌ മനസിലാക്കുന്നതിനുള്ള ഏക അളവുകോലായി കണക്കാക്കുന്നത്. ക്ലാസിനുമുന്നിൽ എപ്പോഴും എഴുന്നേറ്റു നിന്ന് സംസാരിക്കുന്നവരെയാണ് പലപ്പോഴും മിടുക്കാരായി കണക്കാക്കുന്നത്. എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നിട്ടും അതിങ്ങനെ പ്രകടിപ്പിക്കാനുള്ള പരിമിതി മനസ്സിലാക്കി, അങ്ങനെയുള്ള വിദ്യാർത്ഥികളെക്കൂടി മുന്നോട്ടു കൊണ്ടുവന്നു അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടിയിരിക്കുന്നു. ചെറുപ്പകാലം മുതലേ സമൂഹത്തൊടുള്ള ഇടപെടലുകളിൽ നിലനിൽക്കുന്ന ഇത്തരം ചിട്ടവട്ടങ്ങളോട് വഴങ്ങാനുള്ള പോരാട്ടമാണ് സമൂഹത്തിന്റെ പകുതിയും വരുന്ന അന്തർമുഖരുടെ ജീവിതങ്ങൾ. അധികം സംസാരിക്കാതെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ താല്പര്യപ്പെടുന്നതും മനുഷ്യ സഹജമായ കാര്യങ്ങളാണെന്നും, അതിന്റെ പേരിൽ ആരെയും ജഡ്ജ് ചെയ്യേണ്ട കാര്യമില്ല എന്നുമൊക്കെ മനസ്സിലാക്കാനുള്ള maturity സമൂഹത്തിന് ഇനിയും ഉണ്ടാവേണ്ടി ഇരിക്കുന്നു എന്നത് സങ്കടകരമായ സംഗതിയാണ്. അന്തർമുഖർ കുറച്ചു കൂടി സെൻസിറ്റീവ് ആയിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സെൻസിറ്റിവിറ്റിയെ മനസ്സിലാക്കാനും, അത് സമൂഹത്തിന്റെ മെച്ചത്തിനായി ഉപയോഗിക്കാനുമുള്ള പരിശ്രമങ്ങളാണ് വേണ്ടത്.

ക്രിയേറ്റിവായ മേഖലകളിൽ കഴിവു തെളിയിച്ച പലരും അന്തർമുഖരാണ്. മുറിയിൽ ഒറ്റയ്ക്ക് മണിക്കൂറുകളോളം സൃഷ്ടിപരമായ പ്രവൃത്തികളിലും, പരീക്ഷണ-നിരീക്ഷണങ്ങളിലും മുഴുകാൻ അന്തർമുഖത്വം സഹായകരം ആയെന്നുവരാം. പ്രശസ്തരായ നിരവധി എഴുത്തുകാരും, ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും മാഡം ക്യൂറിയും ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരും, ഗാന്ധിയും മാർക്‌സും അംബേദ്കറും ലിങ്കണും നെൽസൻ മണ്ടേലയും ഉൾപ്പടെ ലോകത്തെ നയിച്ചവരും, ബീതോവനും എ. ആർ. റഹ്‌മാനും ബോബ് ഡൈലനും ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞരും, സച്ചിനും മെസ്സിയും വിശ്വനാഥൻ ആനന്ദും ഉൾപ്പടെ തങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന നിരവധി കായിക പ്രതിഭകളും, ഷാരൂഖ് ഖാനും മോഹൻലാലും ഫഹദ് ഫാസിലും എമ്മ വാട്സണും മെറിൽ സ്ട്രീപ്പും ഡാനിയേൽ ഡേയ് ലൂയിസും ഉമ തർമനും ഉൾപ്പെടെയുള്ള അഭിനേതാക്കളും, ടെറൻസ് മാലിക്കും സ്റ്റീഫൻ സ്പിൽബർഗും ജെയിംസ് കാമറൂണും ഹിച്ച്കോക്കും ഉൾപ്പടെയുള്ള സംവിധായകരും അന്തർമുഖരാണ്. അന്തർമുഖരിൽ തന്നെ ഓരോ വ്യക്തികളിലും അത് പല അളവിലാണ്. ഇത് മനസ്സിലാക്കി ഓരോ വ്യക്തികളേയും ആവരുടെ സ്വാഭാവികമായ മാനസിക പരിസ്‌ഥിതികളിൽ അംഗീകരിച്ച് മുന്നോട്ടു പോകുന്നത് സമൂഹത്തിന്റെ അയഥാർഥ്യമായ പ്രതീക്ഷകൾ ഏൽപ്പിക്കുന്ന അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കി സാമൂഹ്യ ജീവിതം കൂടുതൽ ലളിതമാവാൻ സമൂഹത്തെ മുഴുവൻ സഹായിക്കും. ബഹിർമുഖരേയും, അന്തർമുഖരേയും ഉൾക്കൊണ്ടുള്ള ടീം വർക്കിനാണ് കൂടുതൽ വിജയ സാധ്യത എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജനുവരി 26, 2024

മലൈക്കോട്ടൈ വാലിബൻ


ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു, 'every frame was a painting' എന്ന് പറയാം. പക്ഷേ 2nd ഹാഫ് കയ്യീന്ന് പോയ പൊലെ തോന്നി. Stardom -ത്തെ ഉപയോഗിക്കാനും, പെട്ടെന്ന് കഥ പറഞ്ഞു തീർക്കാനും ഒക്കെ നോക്കിയപ്പോ പടം ഒട്ടും കണക്ട് ആയില്ല. Framing , മധു നീലണ്ഠൻ്റെ സിനിമാട്ടോഗ്രഫി ഒരു രക്ഷയും ഇല്ല. അതിനു വേണ്ടി മാത്രം തീയറ്ററിൽ കാണാനുള്ളത് ഉണ്ട്. സാധാരണ ഇറങ്ങുന്ന സിനിമകളെക്കാൾ ഭേദം ആണ്, പക്ഷേ ലിജോയുടെ മികച്ച വർക്ക് അല്ല. ഇനിയും ഒരുപാട് മെച്ചപ്പെടുത്താനുള്ള സ്കൊപ്പുണ്ടായിരുന്നു. 2nd ഹാഫിൽ സ്ക്രിപ്റ്റ് പാളിയപൊലെ തോന്നി. പടം ചിലപ്പോ വലിയ സാമ്പത്തിക വിജയം നേടില്ലായിരിക്കും, പക്ഷേ അത്ര മോശം പടം ഒന്നുമല്ല.കുറെ കാലത്തിനു ശേഷം മോഹൻലാലിൻ്റെ ഡയലോഗ് ഡെലിവറി ഒക്കെ ഗംഭീരം ആയി തോന്നി.

കൺകണ്ടത് നിജം
കാണാത്തത് പൊയി

റിവ്യൂ നോക്കി ഇരിക്കാതെ പോയി പടം കാണൂ എന്ന് കൂടി ആവും ലിജോ ജോസ് പെല്ലിശ്ശേരി ഉദ്ദേശിച്ചത്.

അനൂപ്‌ കിളിമാനൂര്‍