ചൊവ്വാഴ്ച, നവംബർ 02, 2021

തിങ്കളാഴ്ച നിശ്ചയം




ജനാധിപത്യം എന്നതിന്റെ ഭൂരിപക്ഷത്തിന്റെ ഹിതം എപ്പോഴും നടപ്പാക്കുന്ന വ്യവസ്ഥയല്ല, അങ്ങനെ നടപ്പായാൽ അത് mobocracy ആണ്. ന്യൂനപക്ഷത്തിന്റെ അഭിപ്രായവും, നീതിയും കൂടെ ചേരുന്നതാണ് ജനാധിപത്യത്തിന്റെ പക്ഷം.

പുരുഷാധിപത്യ വ്യവസ്ഥയുടെ ഇരകൾ സ്ത്രീകളും, ലൈംഗിക ന്യൂനപക്ഷങ്ങളും മാത്രമല്ല. ഈ വ്യവസ്ഥയും, ഇതിനെ സംരക്ഷിക്കാനായി പടച്ചുവെച്ച കുടുംബവ്യവസ്ഥയുടെ അധികാര ഘടനയും കാത്തുസൂക്ഷിക്കേണ്ട ബാധ്യതയുടെ സമ്മർദ്ദം തകർക്കുന്നത് പുരുഷന്മാരെ കൂടിയാണ്. വ്യക്തികളെ വ്യവസ്ഥകൾ തകർക്കുന്നു, വ്യവസ്ഥക്കായി വ്യക്തികൾ തകരുന്നു.

ലോകമെങ്ങും വിവാഹങ്ങളിലും, സ്‌ത്രീ-പുരുഷ ബന്ധങ്ങളിലും പുരോഗമനപരമായ മുന്നേറ്റങ്ങൾ ഉണ്ടാവുമ്പോൾ ഇവിടെ മുന്പൊരിക്കലും തമ്മിൽ പരിചയം ഇല്ലാത്തവർ മേൽപ്പറഞ്ഞ കുടുംബ വ്യവസ്ഥയുടെ നിർബന്ധത്തിന്, അതിനെ സംരക്ഷിക്കാനുള്ള ബാധ്യതയുമായി പെട്ടെന്നൊരു ദിവസം ഒന്നിച്ചു ജീവിക്കാനുള്ള കരാറിൽ ഒപ്പിടേണ്ടി വരുന്നത് പുരോഗമസമൂഹം എന്നു അവകാശപ്പെടുന്നവർക്ക് അഭിലാഷണീയമാണോ എന്ന ചോദ്യവും ഉയരുന്നു.

അരങ്ങത്തേക്ക് മാത്രം പുരോഗമനം എത്തിയിട്ട് കാര്യമില്ല, അത് അടുക്കളയിലും വേണം. ഇല്ലെങ്കിൽ സർവ്വ പിന്തിരിപ്പൻ ആശയങ്ങളുടേയും കൂത്തരങ്ങായി കുടുംബകങ്ങൾ മാറും. 

കേരളം എന്നത് വള്ളുവനാടൻ ഭാഷയും സംസ്കാരവും മാത്രമല്ല. മുഖ്യധാരാ മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട വിവിധങ്ങളായ ഈ ഭാഷാ, ജീവിതരീതികളും അടയാളപ്പെടുത്തേണ്ടത് തന്നെയാണ്.

സെന്ന ഹെഗ്‌ഡെക്കും ടീമിനും അഭിനന്ദനങ്ങൾ.

അനൂപ്‌ കിളിമാനൂര്‍

TABBAR


വേണ്ടത്ര പ്രൊമോഷൻ ഇല്ലാത്തതുകൊണ്ട് ചർച്ച ചെയ്യപ്പെടാതെ പോകുന്ന സീരീസുകൾക്ക് ഉദാഹരണമാണ് സോണി ലൈവിലെ Tabbar. ഒരു മുൻപോലീസുകാരൻറെ വീട്ടിലേയ്ക്ക് ഒരു പ്രമുഖ നേതാവിൻ്റെ അനുജൻ മയക്കുമരുന്നുള്ള ബാഗ് തിരക്കി വരുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ് സീരീസ്. സീരീസിന് മലയാളത്തിലെ ഒരു ഹിറ്റ് സിനിമയുടെ കഥാതന്തുവിനോട് സാമ്യമുണ്ടെങ്കിലും അതിനേക്കാൾ മികച്ച ഒരു ഷേക്സ്പീരിയൻ ഡ്രാമയ്ക്ക് തുല്യമായ ഉൾപ്പിരിവുകളുമായി മുന്നേറുന്ന narration ആയാണ് അനുഭവപ്പെട്ടത്. ഉജ്ജ്വലമായ പ്രകടനമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം പുറത്തെടുക്കുന്നത്. തീർത്തും യാദൃശ്ചിക സംഭവങ്ങൾ പലപ്പോഴും കഥാഗതിയെ മുന്നോട്ടുനയിക്കാൻ സീരിസിന്റെ എഴുത്തുകാർ ശ്രമിച്ചതായി തോന്നി. ചിലയിടത്ത് എഴുത്തിലെ ഈ അലസത അൽപമെങ്കിലും കല്ലുകടിയായെങ്കിലും, മുഖ്യധാരാ ബോളീവുഡ് ഒരിക്കലും കാണിക്കാൻ ശ്രമിച്ചിട്ടില്ലാത്ത പഞ്ചാബിന്റെ പശ്ചാത്തലം brilliant ആയി ഉപയോഗിച്ച ഈ സീരീസ് ഇന്ത്യൻ OTT സീരിസുകളിൽ കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്. മുഖ്യധാരാ ബൊളീവുഡിന്റെ ചട്ടക്കൂടുകളിൽ നിന്ന് മാറാൻ OTT നൽകുന്ന സ്വാതന്ത്ര്യം നന്നായി ഉപയോഗിച്ച ഈ സീരിസിന്റെ സൃഷ്ടാക്കൾ ശ്രമിച്ചിട്ടുണ്ട്.

ശനിയാഴ്‌ച, ഒക്‌ടോബർ 23, 2021

Squid Games (2021)



മനുഷ്യരെ കുറ്റിക്കു ചുറ്റും കറങ്ങുന്ന ജീവികളെപ്പോലെ സ്വാതന്ത്രരാക്കാതെ കെട്ടിയിടാൻ ക്യാപിറ്റലിസം ഉപയോഗിക്കുന്ന കയറാണ് 'കടം'. ഇത് പ്രതികരണശേഷി ചോർത്തി മനുഷ്യരെ 'അനുസരണാ ശീലമുള്ള പൗരന്മാരാക്കി' മാറ്റുന്നു. ഒരു വീട് വെക്കുമ്പോഴോ, ഒരു ചെറിയ ബിസിനസ് തുടങ്ങുമ്പോഴോ, ഒരു കോളേജ് ഡിഗ്രി എടുക്കുമ്പോഴോപോലും കടം എടുക്കേണ്ടി വരുന്ന    സാധാരണ മനുഷ്യരെ പിന്നീട് സ്വതന്ത്രരാവാൻ അനുവദിക്കാതെ കെട്ടിയിടുന്നത് ഈ കടങ്ങളാണ്. ക്യാപിറ്റലിസ്റ്റ് രാജ്യമായ ദക്ഷിണകൊറിയയിൽ 50%-ലേറെ കുടുംബങ്ങൾക്ക് തിരിച്ചടക്കാനാവാത്ത കടങ്ങൾ ഉണ്ട് എന്നാണ് കണക്ക്. കടങ്ങളിലൂടെ ക്യാപിറ്റലിസം ജനതയെ എങ്ങനെ വലിച്ചു മുറുക്കുന്നു എന്നുകാണിക്കുന്ന സീരിസാണ് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽപേർ കണ്ട സീരിസായ 'Squid Games'.

കടക്കെണിയിൽ പെട്ട 456 പേരെ ഏജന്റുമാർ വമ്പൻ പ്രൈസ് മണിയുള്ള, രഹസ്യസങ്കേതത്തിൽ നടക്കുന്ന ഒരു ഗെയ്മിനായി റിക്രൂട്ട് ചെയ്യുന്നു. തൊഴില്ലായ്മ, ഫാക്ടറികളിൽ തൊഴിലാളികളെ പിരിച്ചുവിട്ടത് കാരണമുണ്ടായ തൊഴിൽ നഷ്ടവും കുടുംബത്തിന്റെ തകർച്ചയും, നിയന്ത്രണങ്ങൾ ഇല്ലാതായ സ്റ്റോക്ക് മാർക്കറ്റിലെ ചൂതാട്ടങ്ങൾ, അഭയാർത്ഥികൾ നേരിടുന്ന ചൂഷണങ്ങൾ ഒക്കെയാണ് ഇവരെ കടക്കാരാക്കിയത്. 'Green Light, Red Light' എന്ന കുട്ടികൾ കളിക്കാറുള്ള കളിയാണ് ആദ്യറൗണ്ട്. അതിൽത്തന്നെ കളിയുടെ നിയമങ്ങൾ പാലിക്കാനാകാത്ത പകുതിയിലേറെ പേരെ വെടിവെച്ചു കൊല്ലുന്നു. ഇതിൽ ഞെട്ടിയ കളിക്കാർ ഭൂരിപക്ഷം പേർ ആവശ്യപ്പെട്ടാൽ കളി നിർത്തണമെന്ന clause ഉപയോഗിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് നടക്കുന്ന വോട്ടിങ്ങിൽ ഒറ്റ വോട്ടിന് കളി നിർത്തണമെന്ന് ആവശ്യപ്പെടുന്നവർ വിജയിക്കുന്നു. തുടർന്ന് പുറത്ത് എത്തുന്നവർ പുറത്തുള്ള ജീവിതത്തെക്കാൾ ഭേദം ജീവനും മരണത്തിനും ഇടയിലുള്ള സ്ക്വിഡ് ഗെയ്മാണ് എന്ന് തോന്നി  തിരിച്ചു വന്ന് ഗെയിം തുടരുന്നു. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയ്ക്ക് കീഴിൽ സാധാരണ മനുഷ്യർക്ക് നല്ല ജീവിതം ലഭിക്കുക എത്രത്തോളം അസാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് ഈ തിരിച്ചു പോക്ക്. 

കൊറിയയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതായല്ല Squid Game-നെ കാണിച്ചിരിക്കുന്നത്. ഇത് സ്പോണ്സർ ചെയ്യുന്നതും, ആസ്വദിക്കുന്നതും, മനുഷ്യജീവിതങ്ങളെ ചൂതാട്ടത്തിനുള്ള വേദിയാക്കുന്നതും വിരലിൽ എണ്ണാവുന്ന സമ്പന്നരാണ്. ആഗോള ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥ എത്തിച്ചേർന്ന നിന്ദ്യമായ അവസ്ഥയെ ഇതിലും കൃത്യമായി വരച്ചുകാട്ടാൻ കഴിയുമോ എന്ന് സംശയമാണ്. സമ്പന്നൻ ആവാം എന്ന സ്വപ്നം നൽകി അവർ സാധാരണ മനുഷ്യരെ തമ്മിലടിപ്പിക്കുന്നു. പരസ്പരം ചതിക്കുമ്പോൾ, കൊല്ലുമ്പോൾ, സ്വാർത്ഥതയെ പുൽകുമ്പോൾ ജനങ്ങളുടെ തലക്കുമുകളിൽ തൂങ്ങുന്ന Prize Money വർദ്ധിക്കുന്നു. ഇതിൽ നിന്ന് പുറത്ത് കടക്കാൻ അവർ തെരഞ്ഞെടുപ്പിനെ ആശ്രയിക്കുന്നു, വോട്ടു ചെയ്യുന്നു. പക്ഷെ അവിടെ വിജയിക്കുമ്പോഴും അവരെ കാത്തിരിക്കുന്നത് അതിലും വലിയ പരാജയങ്ങളാണ്. ഇത് മുന്നിൽ കണ്ടാണ് അവരെ വോട്ടു ചെയ്യാൻ അനുവദിക്കുന്നത് പോലും. ഈ ഗെയിം ഇന്ന് തുടങ്ങിയതല്ലെന്നും, ഉടനെ അവസാനിക്കാൻ പോകുന്നില്ല എന്നും പറഞ്ഞു വെക്കുന്നു. അതിജീവിക്കാൻ ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്നു. ആ കൂട്ടായ്മകളെ കളിയുടെ നിയമങ്ങൾ എങ്ങനെ തകർക്കുന്നു എന്നും കാണിക്കുന്നു. ആ നിയമങ്ങളെ അതിജീവിച്ച് ഒന്നിച്ചു നിൽക്കാൻ  പ്രാപ്തർ ആവാത്തിടത്തോളം വിജയം അപ്രാപ്യമാണ് എന്നും കാണിക്കുന്നു. സ്വാർത്ഥത നൽകുന്ന വിജയങ്ങൾ ആത്യന്തികമായി പരാജയങ്ങൾ ആണ് എന്നും തെളിയിക്കുന്നു. ഉത്തരകൊറിയയിൽ നിന്നും ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ പ്രതീക്ഷ അർപ്പിച്ചു ദക്ഷിണ കൊറിയയിലേക്ക് കുടിയേറിയവർക്ക് ആ പ്രതീക്ഷ എത്ര വലിയ മിഥ്യ ആയിരുന്നു എന്നും തെളിയിക്കുന്നു. കൊറിയയിലെ കുടുംബങ്ങളുടെ കടത്തിന്റെ വ്യാപ്തി അവസാന എപ്പിസോഡിൽ പറഞ്ഞു പോകുന്നുണ്ട്.

സീരിസിന്റെ സൃഷ്ടാവായ Hwang Dong-hyuk സ്വന്തം ജീവിതസാഹചര്യങ്ങളും, ദക്ഷിണ കൊറിയയിൽ നിലനിൽക്കുക വർഗ്ഗ വിവേചനങ്ങളുമാണ് സീരിസിന് ആധാരമാക്കിയത്. തിരക്കഥയുമായി 10 വർഷത്തോളം അദ്ദേഹം നിർമ്മാതാക്കളെ തേടി അലഞ്ഞ ശേഷമാണ് Netflix സീരീസ് ഏറ്റെടുക്കുന്നത്.  14 കോടിയിലേറെ പേരാണ് റിലീസ് ആയി ഒരുമാസത്തിനുള്ളിൽ ഇത് കണ്ടത്. സ്‌ട്രീമിംഗ്‌ ഭീമനായ Netflix -ന് അരക്കോടിയിലേറെ പുതിയ സബ്സ്ക്രൈബേഴ്‌സിനെയാണ് ഈ സീരീസ് നൽകിയത്. ക്യാപിറ്റലിസത്തെ തൂക്കിലേറ്റാനുള്ള കയറും ക്യാപിറ്റലിസം നമുക്ക് വിറ്റ് കാശാക്കുമെന്നാണല്ലോ ലെനിൻ പറഞ്ഞിരിക്കുന്നത്.

കൊറിയയിൽ ഇപ്പോൾ നടക്കുന്ന ഒരു തൊഴിലാളി സമരത്തിലും സ്ക്വിഡ് ഗെയിംസിലെ ഗാർഡുമാരുടെ വേഷത്തിൽ സമരക്കാർ തങ്ങളെ അടിച്ചമർത്തുന്ന വ്യവസ്ഥയെ പ്രതീകാത്മകമായി കാണിക്കുന്നുണ്ട്. ഈ സീരിസിന് ആഗോള തലത്തിൽ ലഭിക്കുന്ന പിന്തുണയോടെ ഒരു കാരണം നിലനിൽക്കുന്ന ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയോടുള്ള പ്രതിഷേധമാണ്.

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2021

എന്തുകൊണ്ട് Sex Education?


സ്‌കൂളുകളിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറയുമ്പോൾ ഇത്രയും കുരുക്കൾ പൊട്ടുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമുണ്ടോ? എന്തുകൊണ്ട് അത് വേണം എന്നതിന് തെളിവല്ലേ അതിനു വന്ന ചില കമന്റുകൾ? കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത്‌ തന്നെയല്ലേ സമൂഹത്തിൽ നിലനിൽക്കുന്ന ഈ മനോഭാവത്തിന് കാരണം? ഈ വിഷയത്തിൽ നിലനിൽക്കുന്ന സ്റ്റിഗ്മകൾക്കും, ആധുനിക സമൂഹത്തിന് ചേരാത്ത വിധത്തിൽ സ്ത്രീകളും ട്രാൻസ്ജെൻഡേഴ്‌സും നേരിടേണ്ടി വരുന്ന അക്രമങ്ങൾക്കും, ബോഡി ഷെയ്മിങ്‌ എന്താണെന്ന് പലർക്കും മനസിലാവാത്തത്തിനും ഇത് തന്നെയല്ലേ കാരണം? 'Consent' എന്താണ് എന്ന് പലരും മനസിലാക്കാത്തതും, പ്രണയാഭ്യർത്ഥന നിരസിക്കുമ്പോൾ കൊല്ലാൻ നടക്കുന്നതും ഒക്കെ ഇതുകൊണ്ടല്ലേ?

താരതമ്യേന ഇത്തരം വിഷയങ്ങളിൽ നമ്മേക്കാൾ മുന്നിലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പോലും ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി നിലനിൽക്കുന്ന സ്റ്റിഗ്മകളെ മനസ്സിലാക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതിനെതിരെ ഉയരുന്ന ചില അഭിപ്രായങ്ങളിൽ അത്ഭുതപ്പെടേണ്ട എന്ന് തോന്നാം. Netflix -ൽ സ്ട്രീം ചെയ്യുന്ന Sex Education എന്ന ബ്രിട്ടീഷ് സീരീസ് ഈ വിഷയത്തിൽ വിശദമായും, പുരോഗമനപരമായും ഇടപെടുന്ന ഒന്നാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത മോർഡേൽ സെക്കൻഡറി സ്‌കൂളിൽ സെക്സ് തെറാപ്പിസ്റ്റ് ആയ ജീനിന്റെ മകൻ ഓട്ടിസ് സുഹൃത്ത് മേവുമായി ചേർന്ന് കുട്ടികൾക്കായി രഹസ്യമായി സെക്സ് ക്ലിനിക്ക് നടത്തുന്നതാണ് സീരിസിന്റെ ഇതിവൃത്തം. അനാരോഗ്യകരമായ ലൈംഗിക ശീലങ്ങളേയും, സ്വന്തം ശരീരത്തേയും ലൈംഗിക അഭിരുചികളേയും സ്വവർഗ്ഗ ലൈംഗികതയേയും കുറിച്ച നിലനിൽക്കുന്ന സ്റ്റിഗമകളെ അവർ അഭിസംബോധന ചെയ്യുമ്പോൾ അത് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തന്നെയാണ് തെളിയിക്കുന്നത്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തോട് പിന്തിരിഞ്ഞു നിൽക്കാനുള്ള സ്‌കൂളിലേയും സമൂഹത്തിലേയും പൊതുബോധത്തിന്റെ വാസന നമ്മുടെ നാട്ടിൽ മാത്രമല്ല എന്നും ഈ സീരീസ് വിവരിക്കുന്നു.

ഒരേസമയം ഡോക്യുമെന്ററി ആവാതെയും, എന്നാൽ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ ടീനേജ് റോമെഡി നിലവാരത്തിലേക്ക് താഴാതെയും മുന്നോട്ടു പോകുന്നതുതന്നെയാണ് ഈ സീരിസിനെ പോപ്പുലർ ആക്കിയത്. മൂന്നാം സീസണ് റിലീസ് ആയതുമുതൽ ഇത് ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിൽ ടോപ്പ് 10 ആണ്. പരസ്പരം ഇഷ്ടമുണ്ടെങ്കിലും ഒന്നിക്കാതെ സമാന്തര രേഖകൾ പോലെ സഞ്ചരിക്കുന്ന നായകനും നായികയും എന്ന FRIENDS (TV Show), The Office, The Big Bang Theory മുതലായ സൈറ്റുകോമുകളിൽ ഉപയോഗിച്ച narration technique ഒക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം ഈ സീരീസിനെ മറ്റൊരു തലത്തിലേക്ക് പലപ്പോഴും ഉയർത്തുന്നുണ്ട്‌.

അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, സെപ്റ്റംബർ 19, 2021

#Home

അല്ലെങ്കിൽ തന്നെ ചെരുപ്പ് ഊരി വെക്കുന്നതിന്റെ കൂടെ സർവ്വ പുരോഗമന ആശയങ്ങളും ഊരി വെച്ചിട്ടാണ് പല മലയാളികളും വീട്ടിൽ കയറുന്നത്. അതുകൊണ്ട് കൂടിയാണ് വീട്ടകങ്ങളും, ഫാമിലി വാട്ട്‌സ്ആപ് ഗ്രൂപ്പുകളും സർവ്വ പിന്തിരിപ്പൻ ആശയങ്ങളുടെയും കൂത്തരങ്ങ് ആവുന്നത്. അപ്പോഴാണ് 'വീട്ടിൽ ഞാൻ പെർഫെക്റ്റല്ല' എന്നുപറഞ്ഞ് ഇതിനൊക്കെ ന്യായീകരണവുമായി ചിലർ ഇറങ്ങുന്നത്. കാലുവയ്യാത്ത അമ്മയെക്കൊണ്ടു സർവ്വപണിയും ചെയ്യിക്കുന്ന, കാമുകിയോടും അച്ഛനോടുമൊക്കെ അങ്ങേയറ്റം പരുഷമായി പെരുമാറുന്ന, തനിക്ക്‌ എന്തെങ്കിലും വ്യക്തിപരമായ നേട്ടമുള്ള 'എക്സ്ട്രാ ഓർഡിനറി' വ്യക്തികളോട് മാത്രം മാന്യമായി പെരുമാറുന്ന ആന്റണിമാർക്ക് വേണ്ടി ന്യായീകരണം ചമച്ച്, പ്രോത്സാഹനം കൊടുത്ത് ഉത്തേജിപ്പിക്കേണ്ട കാലമാണോ ഇത്?



വീടിനുള്ളിൽ പെർഫെക്‌ട് ആയില്ലെങ്കിലും പുരോഗമനത്തിന്റെ കാറ്റും വെളിച്ചവും അകത്തുകടത്തുകയെങ്കിലും ചെയ്തില്ലെങ്കിൽ ഈ പുറത്തുകാണിക്കുന്ന പുരോഗമന നാട്യങ്ങൾക്ക് വലിയ കാര്യമൊന്നുമില്ല.

അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, സെപ്റ്റംബർ 12, 2021

ബക്കുറാവോയിലെ അസുരർ



'സമൂഹങ്ങളുടെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്.'
- കാൾ മാർക്സ് 


'സന്ദേശ'ത്തില്‍ അധികമാരും ക്വോട്ട് ചെയ്തു കണ്ടിട്ടില്ലാത്ത ഒരു സന്ദർഭം ഉണ്ട്. "താനെന്തിനാ ഇവിടത്തെ കാര്യം പറയുമ്പോള്‍ അന്താരാഷ്ട്രത്തില്‍ കയറിപ്പിടിക്കുന്നെ?" എന്ന് ജയറാമിന്റെ കഥാപാത്രം ചോദിക്കുമ്പോൾ ശ്രീനിയുടെ കഥാപാത്രം നൽകുന്ന മറുപടി
" മനുഷ്യന്റെ കാര്യം എല്ലായിടത്തും ഒരുപോലാണടോ" എന്നാണ്. ബ്രസീലിലെ 'ബക്കുറാവോ' എന്ന സാങ്കൽപ്പിക ഗ്രാമത്തിലേയും, കർണ്ണനിലെ ദളിത് ഗ്രാമത്തിലേയും ജനങ്ങളുടെ അടിച്ചമർത്തലുകൾക്കും, അധിനിവേശങ്ങൾക്കും എതിരായ സമരത്തെപ്പറ്റിയുള്ള കഥകളുടെ സാമ്യവും ഇതുതന്നെയാണ് ഓർമ്മിപ്പിക്കുന്നത്.

ബക്കുറാവോയിലെ ഗ്രാമപ്രമുഖയുടെ മരണാനന്തര ചടങ്ങുകൾക്കായി അവരുടെ ചെറുമകൾ ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നു. തുടർന്ന് നിരവധി വിചിത്ര സംഭവങ്ങൾക്ക് ഗ്രാമം സാക്ഷിയാകുന്നു. വലിയൊരു ഡാമിനാൽ ഗ്രാമത്തിലേക്കുള്ള വെള്ളം നേരത്തെ തന്നെ തടയപ്പെട്ടിരുന്നു. അവിടേക്ക്‌ വെള്ളവുമായി വരുന്ന ടാങ്കറുകളിൽ വെടിയേറ്റ പാടുകൾ കാണുന്നു. ഗ്രാമത്തിൽ ഫോൺ കണക്ടിവിറ്റി നഷ്ടമാകുന്നു. GPS-ൽ നിന്നും മാപ്പുകളിൽ നിന്നും ഗ്രാമം അപ്രത്യക്ഷമാകുന്നു. അപരിചിതരായ രണ്ടു യാത്രക്കാർ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. കുതിരലായമുള്ള ഒരു ബംഗ്ളാവിലെ എല്ലാവരും, അവരെ തിരക്കി വന്ന രണ്ടുപേരും കൊല്ലപ്പെടുന്നു. ഒരു 9 വയസ്സുകാരൻ കൂടി കൊല്ലപ്പെടുന്നതോടെ  ബക്കുറാവോയിനെതിരായ ഗൂഡാലോചന ആണിതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ഒളിവിൽ കഴിയുകയായിരുന്ന ലുംഗ എന്ന പോരാളിയെ ഉൾപ്പടെ അവർ ഗ്രാമത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു. ഒരു അമേരിക്കൻ കോർപ്പറേറ്റിനു വേണ്ടി ഗ്രാമത്തെ ഒഴിപ്പിക്കാനുള്ള മേയർ കൂടി ഉൾപ്പെട്ട നീക്കങ്ങൾക്കെതിരെ ജനം അവരുടെ മ്യൂസിയത്തിൽ ഉണ്ടായിരുന്ന പാരമ്പര്യമായി ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ഉൾപ്പെടെ പുറത്തെടുത്ത് ചെറുത്തുനിൽക്കുന്നതിന്റെ കഥയാണ് 'ബക്കുറാവോ'.

ബ്രസീലിൽ 2019-ലെ സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം. അധിനിവേശ പ്രവണതകൾക്കെതിരെ ബ്രസീലിയൻ സമൂഹത്തിൽ ഉയർന്നുവരുന്ന ജനവികാരത്തിന്റെ കൂടി പ്രതിഫലനം ആയിരുന്നു ഈ വിജയം. ആ വർഷത്തെ IFFK-യിൽ  ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്. സമാനമായ പ്രതികരണങ്ങൾ ആണ് ഈ വർഷം ആമസോണ് പ്രൈമിലൂടെ റിലീസ് ചെയ്ത 'കർണ്ണൻ' സമൂഹത്തിൽ ഉയർത്തിയത്. ജാതി പലപ്പോഴും വർഗ്ഗമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഒരു ദളിത് ഗ്രാമത്തിലെ ജനങ്ങളെ കുറഞ്ഞ കൂലിക്കും മറ്റുമായി ചൂഷണം ചെയ്യാൻ ഒരു ബസ് സ്റ്റോപ് പോലും അനുവദിക്കാതെ അധികാരകേന്ദ്രങ്ങൾ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ അവിടുത്തെ ജനങ്ങളുടെ ചെറുത്തുനിൽപ്പിനെപ്പറ്റിയാണ് മാരി ശെൽവരാജിന്റെ 'കർണ്ണൻ' സംസാരിക്കുന്നത്. ദേശ-ഭാഷാ-വർണ്ണ-ജാതി അതിരുകൾക്കപ്പുറം മനുഷ്യകുലവും, അവരുടെ ചരിത്രവും, അതിജീവന പോരാട്ടങ്ങളും എത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ രണ്ടു സിനിമകൾ. 

'ബക്കുറാവോ' MUBI -യിലും, 'കർണ്ണൻ' Amazon Prime Video  -യിലും ലഭ്യമാണ്.

'അധികാരത്തിനെതിരെ മനുഷ്യന്റെ പോരാട്ടമാണ് മറവിക്കെതിരെ ഓർമ്മകളുടെ പോരാട്ടം.'
-മിലൻ കുന്ദേര

ഓർമ്മകളുണ്ടായിരിക്കണം..

അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, ഓഗസ്റ്റ് 12, 2021

മെസ്സി പാരീസിൽ എത്തുമ്പോൾ



2014-ലെ ലോകകപ്പ് ഫൈനലിനിറങ്ങുമ്പോൾ മെസ്സി അതീവ ക്ഷീണിതനായിരുന്നെന്നും, കാലുകൾക്ക് നൂറുകിലോ ഭാരം തോന്നിയിരുന്നെന്നും ഫൈനലിന്റെ പരാജയത്തിനുശേഷം മെസ്സിയുടെ പിതാവ് ഹോർഹേ മെസ്സി പറഞ്ഞത് ഓർമ്മയുണ്ട്. കളിക്കാരെ ഒരുരീതിയിലും പരിഗണിക്കാത്ത, ലാഭം മാത്രം ലക്ഷ്യമുള്ള, ലോകകപ്പിന് മുൻപുണ്ടായിരുന്ന ദീർഘമായ യൂറോപ്യൻ സീസണായിരുന്നു ഇതിനു കാരണം.

നെയ്മറും പിന്നീട് സ്വാറസും പോയശേഷം ഏതാണ്ട് ഒറ്റയ്ക്കാണ് മെസ്സി ബാഴ്‌സയെ ചുമലിൽ ഏറ്റിയിരുന്നത്. എങ്കിലും കാലങ്ങളായി ബാഴ്‍സക്ക് ചാമ്പ്യൻസ് ലീഗ് കിട്ടിയിട്ട്. സ്ക്വാഡ് കണ്ടിട്ട് ഇനിയടുത്ത് കിട്ടാനും സാധ്യത ഇല്ല. എങ്കിലും മികച്ച പ്രകടനത്തിലൂടെ 2019-ലെ Ballon D'Or മെസ്സി നേടി. കോപ്പ അമേരിക്ക വിജയത്തോടെ ഈ വർഷവും മെസ്സിയാണ് Ballon D'Or പ്രവചനങ്ങളിൽ ഏറ്റവും മുന്നിൽ. പക്ഷെ ബാഴ്‌സയുടെ കളത്തിനകത്തും പുറത്തുമുള്ള പ്രശ്നങ്ങൾ അവിടെ തുടർന്നാലും സമ്മർദ്ദമില്ലാതെ കളിക്കാൻ മെസ്സിയെ അനുവദിക്കും എന്ന് തോന്നുന്നില്ല.

കരിയറിന്റെ അവസാനത്തിലേക്ക് കടക്കുന്ന മെസ്സി സമ്മർദ്ദമില്ലാത്ത ഫ്രഞ്ച് ലീഗിൽ ഇനി കൂട്ടുകാരോടൊപ്പം കളി ആസ്വദിക്കട്ടെ. നെയ്മറും എമ്പാപ്പയും ഡിമരിയയും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ച്ച വെക്കട്ടെ. ആവശ്യത്തിന് വിശ്രമത്തിന് ശേഷം അടുത്ത വർഷം ഖത്തറില് ലോകകപ്പിനായുള്ള അർജന്റീന ആരാധകരുടെ പതിറ്റാണ്ടുകളായ കാത്തിരിപ്പ് അവസാനിപ്പിക്കട്ടെ...

All the best Messi
Vamos Argentina

“I like Messi because he doesn't think he's Messi. He plays like a child enjoying the pasture, playing for the pleasure of playing, not the duty of winning.” 
- Eduardo Galeano

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജൂലൈ 09, 2021

മെസ്സിയും സംഘവും കോപ്പ അമേരിക്ക ഫൈനലിനിറങ്ങുമ്പോൾ

“I like Messi because he doesn't think he's Messi. He plays like a child enjoying the pasture, playing for the pleasure of playing, not the duty of winning.”
- Eduardo Galeano



ബാഴ്‌സലോണയ്ക്കൊപ്പം സൗന്ദര്യാത്മകമായ കളിയിലൂടെ ക്ലബ് ഫുട്ബോളിലെ എല്ലാ ട്രോഫികളും തുടരെത്തുടരെ നേടുമ്പോഴും ലയണൽ മെസ്സി  അർജന്റീനയ്ക്കു വേണ്ടി കളിക്കുമ്പോൾ താങ്ങാനാവാത്ത ഭാരം പേറുന്നതായി തോന്നിയിട്ടുണ്ട്. ഫുട്‌ബോൾ ഒരു ടീം ഗെയിം ആയതുകൊണ്ടുതന്നെ അർജന്റീനയ്ക്കു വേണ്ടി കളിക്കുമ്പോൾ ട്രോഫികൾ നേടാനാവശ്യമായ മികവുള്ള ഒരു ടീം തനിക്കൊപ്പം ഇല്ലായെന്ന മെസ്സിയുടെ ബോധ്യം കൊണ്ടാവാം. ഫുട്‌ബോൾ ശ്വസിച്ചു ജീവിക്കുന്ന ഒരു രാജ്യത്തിന്റെ അയഥാർഥ്യമായ അമിത പ്രതീക്ഷകൾ ഏൽപ്പിക്കുന്ന സമ്മർദ്ദമാവാം. ടീമിന്റെ സെക്യൂരിറ്റി സ്റ്റാഫിന് ആറു മാസമായി മുടങ്ങിക്കിടന്ന ശമ്പളം മെസ്സി സ്വന്തം പോക്കറ്റിൽ നിന്ന് നൽകുന്ന അവസ്ഥയിലെത്തിച്ച, വലതുപക്ഷം രാജ്യത്തു അധികാരത്തിൽ എത്തിയശേഷം അവർ പിടിച്ചെടുത്ത, കെടുകാര്യസ്ഥതയും, അഴിമതിയും മുഖമുദ്രയാക്കിയ ഒരു ഫുട്‌ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ചു കളിക്കേണ്ടി വരുന്നതാവാം. നിരന്തരമായി അന്താരാഷ്ട്ര ടൂർണമെന്റുകളിലൂടെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ഫൈനലുകളാവാം. ഇതൊക്കെയാവാം നിരാശാബോധം താങ്ങാനാവാതെ രണ്ടുതവണ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് പിന്നീട് പിൻവലിച്ച വിരമിക്കൽ പ്രഖ്യാപനങ്ങൾക്ക് മെസ്സിയെ പ്രേരിപ്പിച്ചത്. 

എന്നാലിപ്പോൾ ബാഴ്സയുടെയും നാഷണൽ ടീമിന്റേയും റോളുകൾ പരസ്പരം മാറിയിരിക്കുന്നു. ബോർഡിന്റെ പിടിപ്പുകേടും, കോവിഡിന്റെ ആഘാതവും മൂലം കളിക്കളത്തിന് അകത്തും പുറത്തും ബാഴ്‌സ വലിയ പ്രതിസന്ധികൾ നേരിടുന്നു. 2015-നു ശേഷം ചാമ്പ്യൻസ് ലീഗ് നേടാത്ത, സാവിയും, ഇനിയെസ്റ്റയും, നെയ്മറും, മാസ്കരാനോയും, സ്വാറസുമില്ലാത്ത ബാഴ്‌സയെ ഏതാണ്ട് ഒറ്റയ്ക്ക് ചുമലിലേറ്റി തളർന്ന് മെസ്സി ക്ലബ് വിടുന്നതിന്റെ അടുത്തുവരെ എത്തി. അതേസമയം ലോകോത്തര ക്ലബുകളിൽ കളിക്കുന്ന മികച്ച യുവനിരയും, ടീമിന്റെ ദൗർബല്യങ്ങൾ മനസിലാക്കി ഗെയിം പ്ലാൻ ഒരുക്കുന്ന കോച്ചും അർജന്റീനയ്ക്ക് വേണ്ടിയുള്ള കളികൾ മെസ്സിക്ക് ആസ്വാദ്യകരമാക്കിതുടങ്ങിയിരിക്കുന്നു. He now feels home while playing for Argentina, not Barca.

ആ കൊച്ചുമനുഷ്യനും, കാലങ്ങളായി സ്വന്തം ടീം ഒരു കപ്പിൽ മുത്തമിടുന്നത്‌ കാണാൻ ഭാഗ്യമുണ്ടാവാത്ത, ഫുട്‌ബോൾ സിരകളിൽ ഓടുന്ന അർജന്റീന ആരാധകർക്കുമായി ഇത്തവണ അർജന്റീന കോപ്പ അമേരിക്ക നേടട്ടെ എന്നാശംസിക്കുന്നു.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജൂലൈ 02, 2021

കൊറോണാകാലത്തെ സ്വതന്ത്രസിനിമ: മതിലുകളും അതിനപ്പുറവും



Walls and Beyond: Independent Cinema In the time of Corona
കൊറോണാകാലത്തെ സ്വതന്ത്രസിനിമ: മതിലുകളും അതിനപ്പുറവും

കച്ചവടസിനിമ കാലങ്ങൾ കൊണ്ടു തീർത്ത കൂറ്റൻ മതിൽ തകർത്ത്, കോവിഡ് കാലത്ത് OTT പ്ലാറ്റ്ഫോമുകളിലൂടെ സ്വതന്ത്രസിനിമ നടത്തുന്ന സഞ്ചാരത്തിന് ഉദാഹരണമാണ് മതിലുകൾ: ലൗ ഇൻ ദ റ്റൈം ഓഫ് കൊറോണ. നിർമാണത്തിൽ പുതിയ വഴിയൊരുക്കുന്ന മതിലുകളെ മുൻനിർത്തി, സ്വതന്ത്രസിനിമാനിർമാണ സാദ്ധ്യതകളെപ്പറ്റി തുറന്ന ചർച്ച
ജൂലൈ 2 വെള്ളിയാഴ്ച രാത്രി 7.30 ന് ക്ലബ് ഹൗസിൽ…

സിനിമയിലെ അണിയറ പ്രവർത്തകരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

https://www.clubhouse.com/join/indipendent-film-activity/NShtImm1

https://www.clubhouse.com/join/indipendent-film-activity/qZQBzqIs/M655Zr2J

ശുഭം! 
മംഗളം! 

വെള്ളിയാഴ്‌ച, ജൂൺ 11, 2021

മതിലുകൾ - Love in the time of Corona



ജീവിതം യൗവ്വനതീക്ഷണമായിരുന്ന കാലത്ത് ബഷീർ രചനകൾ മുഖമുയർത്താതെ വായിച്ചു ജീവിച്ചവർക്കും, തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നു കാണാൻ പോലും സാധിക്കാതെ കോവിഡ് കാലത്തെ ക്വാറന്റൈൻ ഏകാന്തത വിധിക്കപ്പെട്ടവർക്കും തീർച്ചയായും റിലേറ്റ് ചെയ്യാവുന്ന ഒരു നല്ല സിനിമയാണ് പ്രശസ്‌ത സാഹിത്യകാരൻ അൻവർ അബ്ദുള്ള രചനയും, സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച 'മതിലുകൾ - Love in the time of Corona'. മേൽപ്പറഞ്ഞ അനുഭവങ്ങൾ ഇല്ലാത്തവർക്ക് ആ മനുഷ്യാവസ്ഥകൾ അനുഭവ വേദ്യമാക്കാൻ ഈ സിനിമക്ക് കഴിയുന്നുണ്ട്.

മഹാമാരി സമ്മാനിച്ച ഏകാന്തതയെ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ബഷീറിന്റെയും മാർക്വേസിന്റെയും രചനാ ലോകത്തിന്റെ പശ്ചാത്തലത്തിൽ നോക്കിക്കാനാനാണ് അൻവർ അബ്ദുള്ള ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. വിദേശ വാസത്തിന്റെ അവധിക്ക് നാട്ടിലെത്തുന്ന കഥാകാരൻ തന്റെ വീട്ടിൽ ക്വാറന്റൈൻ നിബന്ധനകൾ പാലിക്കാനായി ഏകാന്ത വാസം തുടങ്ങുന്നു. മൊബൈൽ ഫോണാണ് പുറം ലോകവുമായി ഏക ബന്ധവും, ആശ്രയവും. 

എന്നാൽ ഫോൺ പ്രവർത്തിക്കാതെ ആകുന്നതോടു കൂടി പൂർണ്ണമായും ഒറ്റപ്പെടുന്ന കഥാകാരൻ യാഥാർത്ഥ്യവും ഭാവനയും കുഴഞ്ഞുകലർന്ന, പ്രകൃതിയും മനുഷ്യനും തമ്മിലിടർന്നു ചേരുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയുടെ തുടക്കത്തിൽ ഫോൺ സംഭാഷണങ്ങൾക്ക് അനുഭവപ്പെടുന്ന നാടകീയത ഈ ഇതിവൃത്തത്തിന്റെ ചൂണ്ടുപലകയായി കണക്കാക്കാവുന്നതാണ്. തുടർന്നാണ് ബഷീറിന്റെ മതിലുകൾക്കും, മാർക്വേസിന്റെ 'Love in the time of Cholera'-യുടേയും കഥാപരിസരങ്ങൾ ചിത്രത്തിൽ മനോഹരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന കഥാപാത്രം മാത്രമുള്ള സിനിമ ആയിട്ടും ചിത്രം ഒഴുക്കോടെ മുന്നോട്ടുപോകുന്നതിന് പ്രധാന കാരണം ഈ മഹത്തായ സാഹിത്യ സൃഷ്ടികൾ നൽകുന്ന ആഴമാണ്.

ഡ്രാക്കുള, ഗതി, കംപാർട്മെന്റ് തുടങ്ങിയ നിരവധി നോവലുകളിലൂടെ വായനക്കാർക്കും, Reporter ചാനലിലെ Reverse Clap എന്ന പ്രതിവാര ചലച്ചിത്ര നിരൂപണ പരിപാടിയിലൂടെ TV പ്രേക്ഷകർക്കും, malayal.am-ൽ ബി. അബൂബക്കർ എന്ന തൂലികാ നാമത്തിൽ മലയാള ബൂലോകത്തെ ഇളക്കിമറിച്ച സിനിമാ നിരൂപണങ്ങളിലൂടെയും, സിനിമകളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക വായനകളിലൂടെ online ലോകത്തിനും സുപരിചിതനായ അൻവർ അബ്ദുള്ള എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് 'മതിലുകൾ'. ഛായാഗ്രഹണം മൊഹമ്മദ് എ. നിർവഹിച്ചിരിക്കുന്നു. അൻവർ അബ്ദുള്ളയുടെ ആദ്യചിത്രമായ 'ട്രിപ്പ്' തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. 24/1 Independent Film Activities നിർമ്മിച്ച  'മതിലുകൾ' കോവിഡ്‌ പശ്ചാത്തലത്തിൽ OTT പ്ലാറ്റഫോമായ 'Roots Video' -യിൽ ഇന്ന് (June 11) റിലീസ്‌ ചെയ്യുന്നു. പ്രേക്ഷർക്ക് നല്ലൊരു കാഴ്ചാനുഭവം നൽകും എന്നതിനുപരി ഈ സിനിമയുടെ വിജയം മലയാളത്തിലെ സ്വതന്ത്ര സിനിമാ സംരംഭങ്ങൾക്ക് വലിയ കുതിപ്പേകും എന്നുറപ്പാണ്.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, മേയ് 12, 2021

നായാട്ട് വേട്ടയാടുന്നതാരെ?


'നായാട്ട്' നൽകിയ അസ്വസ്ഥതയേക്കാൾ വലുതാണ് അതിനെ വെളുപ്പിച്ചെടുക്കാനുള്ള ചില ശ്രമങ്ങൾ കാണുമ്പോൾ തോന്നുന്നത്. ഒരു സമൂഹത്തിനുനേരെ ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലുകൾക്ക് ചുരുങ്ങിയ തോതിലെങ്കിലുമുള്ള പ്രതിവിധിയായ സംവരണത്തിനെതിരെ സമരം നടക്കുന്ന, ദളിതർക്ക് പരിമിതമായെങ്കിലുമുള്ള നിയമ സംരക്ഷണങ്ങൾക്കെതിരെ അവ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പറഞ്ഞ് ആ സംരക്ഷണങ്ങളെ ഇല്ലാതാക്കാൻ നിയമ പോരാട്ടങ്ങൾ നടക്കുന്ന, സവർണ്ണത രാജ്യത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് സമൂഹത്തിന്റെ പൊതുബോധത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ദളിത് വിരുദ്ധതയെ മുഖ്യധാരയിൽ പ്രതിഷ്‌ടിക്കാനുള്ള പച്ചയായ ശ്രമങ്ങളെ എങ്ങനെയാണ് കാണാതെ പോകുന്നത്?

 സ്റ്റേഷനകത്ത് പോലീസുകാരനെ കൈവെച്ച ശേഷം SP യെക്കൊണ്ട് വിളിച്ചു പറയിച്ചു ഒരു കേസുമില്ലാതെ പുല്ലുപോലെ ഇറങ്ങിപ്പോവാൻ കഴിവുള്ള ഏത് പാവപ്പെട്ട ദളിത് യുവാവാണ് നമ്മുടെ നാട്ടിലുള്ളത്? ഒരു മണ്ഡലത്തിലെ ദളിതരുടെ വോട്ടു മുഴുവൻ കയ്യിൽ വെച്ച് negotiate ചെയ്യാൻ കഴിവുള്ള ഏത് ദളിത് സംഘടനയാണ് ഈ നാട്ടിലുള്ളത്? അതിന് നിന്നുകൊടുക്കാൻ മാത്രം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതോ, പൂർണ്ണമായും സ്വത്വ വാദത്തിൽ അടിയുറച്ചു നിൽക്കുന്നവരാണോ കേരളത്തിലെ ദളിതർ? അങ്ങനെ അല്ല എന്നല്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദളിത് വിഭാഗങ്ങളുടെ വോട്ടിങ് പാറ്റേണും തെളിയിക്കുന്നത്‌? മൂന്നിൽ രണ്ട് ദളിതരും ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന നാട്ടിൽ ദളിതരെ സ്വത്വവാദത്തിന്റെ കോളത്തിൽ മാത്രം ഒതുക്കാൻ ശ്രമിക്കുന്നവരെ എങ്ങനെ അംഗീകരിക്കാൻ കഴിയും? കൃത്യമായ രാഷ്ട്രീയ ബോധം പ്രകടിപ്പിക്കുന്ന, നന്നായി ചിന്തിക്കാൻ ശേഷിയുള്ള കേരളത്തിലെ ദളിത് വിഭാഗത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കൽ അല്ലേ ഈ അയഥാർത്ഥ്യമായ patronization? 'കുനിഞ്ഞു നിന്ന കാലമൊക്കെ പോയി സാറേ'  എന്ന വാചകത്തെ പ്ലെസ് ചെയ്ത രീതി രാജ്യമെങ്ങുമുള്ള ദളിത് പ്രതിരോധങ്ങളെയാകെ വില്ലനൈസ് ചെയ്യാനുള്ള ശ്രമമാണ് എന്ന് എന്തുകൊണ്ടാണ് കാണാൻ കഴിയാത്തത്? 

ജോജുവിന്റെ കഥാപാത്രവും ദളിതനാണ്. പക്ഷേ താൻ പണ്ട് സിസ്റ്റത്തോട് ചേർന്ന് നിന്ന് നടത്തിയ കൊള്ളാരുതായ്മകൾക്ക് ഉള്ള 'കർമ്മഫല'മാണിതെന്ന് ജോജുവിനെക്കൊണ്ടു പറയിപ്പിക്കുക വഴി അവിടെയും സിസ്റ്റത്തിന് കൈകഴുകാൻ ഒരു പഴുതു വെച്ചിട്ടില്ലേ സിനിമയുടെ പിന്നണിക്കാർ? ഒടുവിൽ സിനിമകളിൽ പോരാടാൻ പോകുമാവാതെ ജീവത്യാഗം ചെയ്യേണ്ടത്‌, വഴിയിൽ വീണുപോവേണ്ടത് പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ് എന്ന സ്ഥിരം ക്ളീഷേക്ക് ഇവിടെയും മാറ്റമില്ല. എന്തൊക്ക മേന്മ അവകാശപ്പെടാമെങ്കിലും, അതിനെയൊക്കെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം സിനിമയിലുടനീളം ആവർത്തിക്കപ്പെടുന്നത് സിനിമയെ ആരോചകമാക്കുന്നു എന്ന് പറയാതെ വയ്യ തന്നെ. നായാട്ടിൽ വേട്ടയാടപ്പെടുന്നതുപോലെ 'നായാട്ട്' വേട്ടയാടുന്നതും ദളിതരെ തന്നെയാണ്. അതിനുമുകളിൽ സംവിധായകൻ കാലങ്ങളായി പിന്തുടർന്നു പോരുന്ന മധ്യവർഗ്ഗ അരാഷ്ട്രീയത കൂടി കുത്തിനിറക്കുമ്പോൾ പൂർത്തിയായി. യഥാർത്ഥത്തിൽ കണ്ണുകാണാൻ വയ്യാത്തത് നാട്ടിലെ വോട്ടർമാർക്കല്ല, ഒരു യാഥാർഥ്യ ബോധവുമില്ലാതെ ഭാവനയിൽ ഈ ചപ്പടാച്ചിയൊക്കെ പടച്ചുണ്ടാക്കിയവർക്ക് തന്നെയാണ്.

തിങ്കളാഴ്‌ച, മാർച്ച് 08, 2021

La Casa de Papel - കമ്മട്ടത്തിന്റെ രാഷ്ട്രീയം


കോവിഡിനു ശേഷമുള്ള മാന്ദ്യത്തെ മറികടക്കാൻ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ പ്രമുഖ സെൻട്രൽ ബാങ്കുകൾ 10 ട്രില്യണ് ഡോളറാണ് 'quantitative easing' എന്ന പേരിൽ അടിച്ചിറക്കിയത്‌. ലോക സമ്പത് വ്യവസ്ഥയുടെ ഏകദേശം 5% വരുമിത്. അതിനു മുൻപുള്ള പത്തു വർഷങ്ങളിൽ പ്രിന്റ് ചെയ്തത് 20 ട്രില്ല്യണ് ഡോളറും. 2008-ലെ മാന്ദ്യത്തിന്റെ കാലത്തും ഇതു തന്നെയാണ് നടന്നത്. എന്നാൽ ഈ പ്രിന്റ് ചെയ്തിരിക്കുന്ന പണത്തിൽ ഭൂരിഭാഗവും പോയത് മന്ദ്യത്തിനു കാരണക്കാരായ അതേ ബാങ്കുകളുടെ കയ്യിലേക്കാണ്. ഇപ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. ഇതിൽ വളരെ തുച്ഛമായ പണമേ സാധാരണക്കാരായ മനുഷ്യർക്ക് ലഭിക്കുന്നുളളൂ. അതുതന്നെയാണ് ക്യാപിറ്റലിസത്തിന്റെ പ്രശ്നവും.

വൻകിട ബാങ്കുകൾ ചെയ്യുന്നതുപോലെ ആവശ്യം വരുമ്പോൾ ജനങ്ങൾക്കും സർക്കാരിന്റെ നോട്ടടിപ്പു ശാലകളിൽ പണം പ്രിന്റ് ചെയ്തു ഉപയോഗിച്ച് കൂടേ എന്ന ധാർമ്മികവും, നിയമപരവുമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ചിന്തയാണ് House of Paper എന്നർത്ഥം വരുന്ന 'La Casa de Papel' എന്ന സ്പാനിഷ് സീരിസ് ആണിക്കല്ല്. ഒന്നാം സീസണിന്റെ അവസാനം ഇത് കൃത്യമായി പറയുന്നുമുണ്ട്. ആ സംഭാഷണമാണ് പ്രേക്ഷകനെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രധാന കഥാപാത്രത്തിന്റെ, അതുവഴി പ്രേക്ഷകരേയും മോഷ്ടാക്കൾക്ക് അനുഭാവം ഉള്ളവരാക്കി തീർക്കുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് യഥാർത്ഥത്തിൽ ക്യാപിറ്റലിസത്തിന്റെ നീതിസംഹിതകൾ തന്നെയാണ്. പലപ്പോഴും സാധാരണക്കാർക്ക് ഉപയോഗപ്പെടാതെ പോകുന്ന ഈ പണത്തിന് പേപ്പറിന്റെ മൂല്യമേ ഉള്ളുവെന്നും സീരിസിന്റെ പേരിനെ വായിക്കാം. എന്നാൽ സീരീസ് മുന്നോട്ടു വെക്കുന്ന പരിഹാരം വ്യക്തിനിഷ്ഠമായ നേട്ടങ്ങൾക്കപ്പുറം പോകുന്നില്ല എന്നത് പോരായ്മയായി നിലനിൽക്കുകയും ചെയ്യുന്നു. 

ഈ വ്യക്തിനിഷ്ഠമായ നേട്ടങ്ങൾക്ക് ഉപരിയായി സീരീസ് കടക്കുന്നത് മൂന്നാം സീസണിന്റെ തുടക്കത്തിലാണ് എന്ന് വേണമെങ്കിൽ പറയാം. മാന്ദ്യകാലത്ത് ഭരണകൂടം തന്നെ നേരിട്ട് ഹെലികോപ്റ്ററിൽ പണം ജനങ്ങൾക്കിടയിലേക്ക് വിതരണം ചെയ്ത് ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടി മാന്ദ്യത്തെ മറികടക്കാൻ ശ്രമിക്കണമെന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തിക്കുന്നതിന്റെ പ്രതീകാത്മക അവതരണമായി ഇതിനെ കാണാവുന്നതാണ്. എന്നാൽ അക്ഷരാർത്ഥത്തിൽ ഇതു തന്നെയാണ് മൂന്നാം സീസണിന്റെ തുടക്കത്തിൽ പ്രഫസറും കൂട്ടരും ചെയ്യുന്നത്. അവിടെ ഉപയോഗിക്കുന്നത് വലിയ ബലൂണുകൾ ആണെന്ന് മാത്രം. രണ്ടാം സീസണിൽ അവർക്ക് രക്ഷപെടാൻ ഒരു വഴിയും കണ്ടില്ലെങ്കിൽ അവസാന തന്ത്രമായി പ്രയോഗിക്കാനിരുന്ന 'പ്ലാൻ ചെർണോബിൽ' ഇതാണ് എന്നും പറയുന്നുണ്ട്.

സീരിസിന്റെ മറ്റൊരു പ്രത്യേകത
കലാപരമായി വലിയ മേന്മ അവകാശപ്പെടാനില്ലെങ്കിലും ആഗോള തലത്തിൽ ഈ സീരീസ് സ്വീകരിക്കപ്പെട്ടതിന്  അബോധമായെങ്കിലും നിലനിൽക്കുന്ന വ്യവസ്ഥയോട് ജനങ്ങൾക്കുള്ള അമർഷം കാരണമായിരിക്കാം. മറ്റൊന്ന് 'bella ciao' എന്ന പ്രശസ്തമായ ഇറ്റാലിയൻ സമരഗീതത്തിന്റെ പ്രയോഗമാണ്. 19-ആം നൂറ്റാണ്ടിൽ ഇറ്റലിയിലെ കർഷകർ കൃഷിസ്ഥലത്തെ ദുരിതങ്ങൾക്കെതിരെ ആലപിച്ച ഈ ഗാനം പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റാലിയൻ ഫാസിസ്റ്റുകൾക്കും, ജർമ്മൻ നാസികൾക്കും എതിരെ പൊരുതിയ ഇറ്റലിയിലെ പാർട്ടിസാന്മാർ പരിഷ്കരിച്ച് പ്രയോഗിച്ചു. ഇന്ന് ലോകത്തിലെ പ്രധാന സമരമുഖങ്ങളിലെല്ലാം 'bella ciao' മുഴങ്ങുന്നുണ്ട്. പ്രഫസറുടെ മുത്തച്ഛൻ ഇറ്റലിയിലെ ഫാസിസ്റ്റുകൾക്കെതിരെ പൊരുതിയ പാർട്ടിസാൻ ആയിരുന്നെന്നും, അദ്ദേഹമാണ് പ്രഫസറേയും ജ്യേഷ്ഠനെയും ഈ ഗാനം പഠിപ്പിച്ചത് എന്നുമാണ് സീരീസിൽ കാണിക്കുന്നത്. സീരീസിലെ പല പ്രധാന സന്ദർഭങ്ങളിലും bella ciao ആവർത്തിക്കുന്നുണ്ട്. സീരിസിന്റെ ആന്റി എസ്റ്റാബ്ലിഷ്മെന്റ് മൂഡ് സെറ്റ് ചെയ്യുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു.

സ്‌പെയിനിലെ ഒരു ചാനലിൽ സംപ്രേഷണം ചെയ്യപ്പെട്ട ഈ സീരീസ് ആദ്യത്തെ കുറച്ച് എപ്പിസോഡുകൾക്ക് ശേഷം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഇതിന്റെ സ്‌ട്രീമിംഗ്‌ അവകാശം netflix വാങ്ങുകയും re-edit ചെയ്ത് 'Money Heist' എന്ന മോഷണത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന അമേരിക്കനൈസ് ചെയ്ത ശീർഷകവുമായി, രണ്ടു സീസണുകളായി റിലീസ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇതു ലോകശ്രദ്ധ പിടിച്ചു പറ്റുകയും netflix-ൽത്തന്നെ ഏറ്റവുമധികം പേർ കണ്ട സീരിസുകളിൽ ഒന്നായി മാറുകയും ചെയ്തു. ഇതിനെത്തുടർന്ന് മൂന്നും, നാലും സീസണുകൾ വലിയ ബജറ്റിൽ netflix നിർമ്മിച്ചു. കോവിഡ് മൂലം കാലതാമസം ഉണ്ടായ അഞ്ചാം സീസണ് ഈ വർഷവും, അടുത്ത വർഷവുമായി രണ്ടു ഭാഗങ്ങളിൽ റിലീസ് ചെയ്യും. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്ന സീരിസുകളിൽ ഒന്നായി 'La Casa De Papel' തീർച്ചയായും കണക്കാക്കാവുന്നതാണ്.
അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, ഫെബ്രുവരി 28, 2021

A 12 Year Night



"I'm not the poorest president. The poorest is the one who needs a lot to live. My lifestyle is a consequence of my wounds. I'm the son of my history. There have been years when I would have been happy just to have a mattress."
-José 'Pepe' Mujica

ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആയിരിക്കുമ്പോൾ പോലും നയിച്ച ലാളിത്യം നിറഞ്ഞ ജീവിതത്തിന്റെ പേരിൽ ലഭിച്ച 'ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന വിശേഷണത്തിന് ഉറുഗ്വേ മുൻ പ്രസിഡന്റ് ഹോസെ 'പെപ്പെ' മുഹിക്ക നൽകിയ മറുപടിയാണിത്. ഉറുഗ്വേയിലെ പട്ടാളത്തിന്റെ ഏകാധിപത്യ ഭരണത്തിന്റെ കാലത്ത് 12 വർഷക്കാലമാണ് മാർക്സിസ്റ്റ്‌ ഗൊറില്ല പോരാളികളായിരുന്ന പെപ്പെ മുഹീക്കയും സുഹൃത്തുക്കളും ജയിലിൽ കഴിഞ്ഞത്. അതിൽ കൂടുതലും ഒന്നും എഴുതാനോ വായിക്കാനോ എന്തിന് ഒന്നു സംസാരിക്കാൻ പോലും ആരുമില്ലാത്ത ഏകാന്ത തടവിലും. കിണറുകൾ പോലുള്ള തടവറകളിൽ ഏകാന്ത വാസത്തിന്റെ കാലത്ത് തന്റെ ഏറ്റവും വലിയ ആഗ്രഹം കിടന്നുറങ്ങാൻ ഒരു കിടക്ക ലഭിക്കുക എന്നതായിരുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.

പെപ്പെ, നാറ്റോ, മൗറീഷ്യോ തുടങ്ങിയ 3 പേരുടെ 12 വർഷത്തെ തടവുകാലത്തെ അതിന്റെ എല്ലാ തീവ്രതയോടെയും കാണിക്കുന്ന ചിത്രമാണ് ആൽവാരോ ബ്രെഷ്നർ സംവിധാനം ചെയ്ത 'A 12 Year Night'. വർഷങ്ങളുടെ ഏകാന്ത തടവിൽ മാനസിക വിഭ്രാന്തിയോളം എത്തുന്ന പെപ്പെയോട് മാനസിക നില തകർക്കാൻ പട്ടാളത്തിന്റെ ശ്രമങ്ങൾക്ക് മുന്നിൽ തോൽക്കരുതെന്ന് ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ അമ്മ, മൗറീഷ്യോയെ ആദ്യമായി കാണാൻ എത്തുന്ന മകൾ എന്നിങ്ങനെ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. ഒരു പ്രാവശ്യം കണ്ണുതുറന്ന് പുറം ലോകം കാണാൻ അവസരം ലഭിക്കുമ്പോൾ, ചുമരുകളിൽ തട്ടി ജയിലിലെ അപ്പുറത്തെ മുറിയിലുള്ളത്  സുഹൃത്തുണെന്ന് മനസ്സിലാക്കുമ്പോൾ ഒക്കെ അവർക്ക് ലഭിക്കുന്ന ആനന്ദം പ്രേക്ഷകർക്ക് കൂടിയുള്ളതാണ്.

മനുഷ്യർ നേടിയെടുത്ത നേട്ടങ്ങൾക്ക് പിന്നിൽ നൽകേണ്ടി വന്ന വിലകളെപ്പറ്റിയും, നാം ജീവിക്കുന്ന ജീവിതങ്ങളെപ്പറ്റിയും ആഴത്തിലുള്ള ചിന്തകൾ ഉണർത്താൻ പര്യാപ്തമായ 2018-ലെ IFFK-യെ ആവേശം കൊള്ളിച്ച ഈ ചിത്രം ഇപ്പോൾ Netflix-ൽ ലഭ്യമാണ്.

അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2021

ദൃശ്യം - This is not a review!

സത്യത്തിൽ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ നാട്ടുകാർ പൊളിച്ചെടുക്കില്ല എന്നുറപ്പുള്ള ക്ലൈമാക്സ് ജിത്തു അണ്ണൻ തലകുത്തി നിന്നിട്ടും കിട്ടീല. ഒടുവിൽ കിട്ടിയത് വെച്ച് കാച്ചി. ഇനി ആരേലും കളിയാക്കിയാൽ ഇത് ജോർജ്ജ് കുട്ടി സായ്‌കുമാറിന് പറഞ്ഞു കൊടുത്ത ക്ലൈമാക്സ് ആണെന്നും, വർമ്മ സാറിന്റെ തന്ത അല്ല ജോർജ്‌കുട്ടിയുടെ തന്ത എന്നും, ശരിക്കുള്ള ക്ലൈമാക്സ് ദൃശ്യം 3-യിലെ വരത്തുള്ളൂ എന്ന് പറയാനും പറഞ്ഞു. ഇപ്പോ എല്ലാം ഓക്കെ ആയില്ലേ? ഇനി എല്ലാരും പിരിഞ്ഞു പോണം, പ്ലീസ്..

#Drishyam2 #സിൽമാറിവ്യൂ

ശുഭം! 
മംഗളം! 
 അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, ജനുവരി 20, 2021

മഹത്തായ ഭാരതീയ അടുക്കളയെപ്പറ്റി



പുരോഗമനപരമായ, സമത്വത്തിന്റെ രാഷ്ട്രീയം മനോഹരമായി പറഞ്ഞ Neestream  -ൽ സ്ട്രീം ചെയ്യുന്ന The Great Indian Kitchen Movie  എന്ന മഹത്തായ ഭാരതീയ അടുക്കള കണ്ടപ്പോൾ ഓർത്ത ഒരു സിനിമ മലയാളത്തിലെ നവതരംഗത്തിന് ഇതാ തുടക്കമായി എന്ന് ഒരുകാലത്ത് കൊട്ടിഘോഷിക്കപ്പെട്ട ആഷിഖ് അബുവിന്റെ സാൾട്ട് ആൻഡ് പെപ്പർ എന്ന പടപ്പാണ്. പത്തു കൊല്ലങ്ങൾക്കു മുൻപ് ബി. അബൂബക്കർ സാൾട്ട് ആൻഡ് പെപ്പറിന്റെ രാഷ്ട്രീയത്തെപ്പറ്റി എഴുതിയത്  ഈ കാലത്തിനിടയിൽ മലയാള സിനിമയും അതിന്റെ പ്രേക്ഷകരും എത്രത്തോളം മുന്നോട്ടു വന്നു എന്നതിന്റെ തെളിവായി കണക്കാക്കാവുന്നതാണ്.



'ഏതുപെണ്ണിനെ കണ്ടാലും അവള്‍ വളയ്‌ക്കാനുള്ളതാണെന്നു കരുതുന്ന മനുവിനെയാണ്‌ രുചിപ്രധാനമായി ജീവിക്കുന്നുവെന്നു നമ്മെ ബോദ്ധ്യപ്പെടുത്താന്‍ യത്‌നിക്കുന്ന കഥാപാത്രമായ കാളിദാസന്‍ തന്റെ സ്‌ത്രീതെരഞ്ഞെടുപ്പിനു ജഡ്‌ജായി വിചാരിക്കുന്നതെന്നതും ശ്രദ്ധിക്കണം. അമ്മയെന്നാല്‍ രുചിയാണെന്നു കരുതുന്ന മായ എന്ന കഥാപാത്രവും അമ്മ / അടുക്കള എന്ന ദ്വന്ദ്വത്തെയാണു കാണിക്കുന്നത്‌. പ്രേമം പരാജയപ്പെടുത്തിയ അച്ഛനുള്ള വിജയരാഘവന്റെ കഥാപാത്രം അയാള്‍ക്കു നഷ്‌ടപ്പെട്ടുപോയ കാമുകിയെ കാണാനാണ്‌ പര്യവേക്ഷണവുമായി നടക്കുന്നത്‌. അയാളുടെ കാമുകിയെ നാം കാണുന്നില്ല. പക്ഷേ, അവരുടെ സാന്നിദ്ധ്യം ചിത്രത്തിലുണ്ട്‌. കള്ളപ്പമായും ചായയായും കടന്നുവരുന്ന ആ സാന്നിദ്ധ്യം / അസാന്നിദ്ധ്യവും സ്‌ത്രീ- ഭാര്യ - അടുക്കള എന്ന സംഗതിയെത്തന്നെയാണു സൂചിപ്പിക്കുന്നത്‌.

മറ്റൊന്നു കാളിദാസന്റെ പെണ്ണുകാണല്‍ ചടങ്ങാണ്‌. ബാബുരാജ്‌ എന്ന നടന്‍ അവതരിപ്പിക്കുന്ന ബാബു എന്ന പാചകക്കാരന്‍ എങ്ങനെ കാളിയുടെ വീട്ടിലെത്തി എന്നതിന്റെ ഉത്തരം അവിടെയാണ്‌. കാളി വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നത്‌ വല്ലതും വായിക്കു രുചിയായി വച്ചുണ്ടാക്കിത്തരാന്‍ ഒരാള്‍ക്കുവേണ്ടിയാണ്‌. എന്നാല്‍, ആ ഗുണഗണങ്ങളുള്ള ഒരു പാചകക്കാരനെ കിട്ടുമെങ്കില്‍ വിവാഹം വേണ്ടെന്നുവയ്‌ക്കാന്‍ കാളി തയ്യാറാണ്‌. മാത്രമല്ല, ബാബു എന്ന കഥാപാത്രം സ്‌ത്രൈണതകൂടിച്ചേര്‍ന്നൊരു വ്യക്തിത്വമായിട്ടാണ്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌.

കുളിച്ചുകുറിയിട്ട്‌ അടുക്കളയില്‍ കയറുന്ന ആ പാചകക്കാരന്‍, കുളിച്ചുകുറിയിട്ട്‌ അടുക്കളയില്‍ കയറുന്ന നല്ല ഭാര്യയുടെ പ്രതീകം തന്നെയാകുകയാണ്‌. അതുകൊണ്ടാണയാള്‍ കറിയുടെ ഉപ്പുനോക്കാന്‍ കാളിയുടെ ഊണുപാത്രത്തില്‍ കൈയിടുന്നത്‌. ദേഷ്യം വരുമ്പോള്‍ സാമ്പ്രദായികഭര്‍ത്താവിനെപ്പോലെ കാളി ബാബുവിന്റെ പാചകത്തെയാണു കുറ്റം പറയുന്നത്‌. ആ കാളിയെ സന്തോഷിപ്പിക്കാന്‍ ബാബു ചെയ്യുന്നത്‌ കൂടുതല്‍ മെച്ചപ്പെട്ട കറിയുണ്ടാക്കി വയ്‌ക്കലാണ്‌.

ഈ സിനിമയെ നവതലമുറ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുണ്ടെങ്കിൽ, അത്‌ ഇതിലെ ആഖ്യാനഘടനയെയും ക്രാഫ്‌റ്റിനെയും ഇതിലെ അവരുടെ പ്രായത്തോടു സല്ലപിക്കുന്ന കളിതമാശകളുടെയും പേരിലായിരിക്കും. അതൊന്നും വലിയ ആഴമുള്ളതായി തോന്നിയില്ല.'

ഭാരതീയ അടുക്കളയുടെ കലാമേന്മ  ലോകോത്തരം ആണെന്നൊന്നും പറയുന്നില്ല; പക്ഷേ മലയാള സിനിമയിൽ ഒരു നവതരംഗം ഉണ്ടാവുന്നെങ്കിൽ അത് പാചകം ചെയ്യപ്പെടുന്നത് സാൾട്ട് ആൻഡ് പെപ്പറിൽ അല്ല, ഈ മഹത്തായ ഭാരതീയ അടുക്കളയിലാണ്.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജനുവരി 08, 2021

പരിയേറും പെരുമാൾ


ജർമനിയിൽ സാധാരണക്കാരായ കുടുംബിനികൾ പോലും നാസികളുടെ സ്വാധീനത്താൽ സ്വന്തം മക്കളുടെ പ്രായമുള്ള കുട്ടികളെ ജൂതമതത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. ജാതിവ്യവസ്ഥയുടെ സ്വാധീനത്തിൽ ദുരഭിമാനഹത്യക്കിറങ്ങുന്ന പിതാക്കളെയും സഹോദരന്മാരെയും നയിക്കുന്നതും ഇതു തന്നെയാവാം. ഏത് അനീതിക്കും എതിരെയുള്ള പോരാട്ടം എന്നപോലെ ജാതിവ്യവസ്ഥക്കെതിരെയുള്ള പോരാട്ടവും വ്യക്തികൾക്ക് എതിരെയുള്ള പോരാട്ടമായി ചുരുക്കുന്നതിൽ ഫലമില്ല. ജാതിവിവേചനം അവസാനിപ്പിക്കാൻ മാറ്റേണ്ടത് അതിനെ പ്രോത്സാഹിപ്പിക്കുന്ന, അതിൽ നിലകൊള്ളുന്ന മനുഷ്യവിരുദ്ധമായ ആ വ്യവസ്ഥയെയാണ്. എങ്കിൽ മാത്രമേ മനുഷ്യത്വത്തിന് ശാശ്വതമായ വിജയം സാധ്യമാകൂ.

കറുപ്പിയുടെ നിറം നീലയും കൂടിയാണ്. നീൽ സലാം.

അനൂപ്‌ കിളിമാനൂര്‍

IFFK വേദിയെപ്പറ്റിയുള്ള വിവാദത്തെപ്പറ്റി..


10 കൊല്ലത്തിലധികമായി IFFK-യിൽ പങ്കെടുക്കുന്നു. ഒരു തിരുവനന്തപുരംകാരൻ എന്ന നിലയിൽ എല്ലാ പ്രിവിലേജുകളും അനുഭവിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും, സംസ്ഥാനങ്ങളിലും നിന്നു വരുന്ന സുഹൃത്തുക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും നേരിട്ടറിയാം. IFFK വേദി ഇവിടന്നു മാറ്റില്ല എന്ന് ഉത്തരവാദപ്പെട്ടവർ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഈ കോവിഡ് കാലത്ത് ഇവിടെ തിരക്ക് ഒഴിവാക്കാനും, മറ്റു ജില്ലകളിൽ ഉള്ളവർക്ക് യാത്രയിലും താമസത്തിലും ഉൾപ്പടെ വരുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും തിരുവനന്തപുരത്ത് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ മൂന്നിടത്ത് കൂടി പ്രദർശിപ്പിക്കുന്നതിൽ ഇങ്ങനെ വേവലാതിപ്പെടേണ്ട കാര്യം എന്താണെന്ന് മനസിലാവുന്നില്ല.

ശുഭം! 
മംഗളം! 
 അനൂപ്‌ കിളിമാനൂര്‍