ചലച്ചിത്രത്തിന്റെ സാമൂഹികാര്‍ത്ഥങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഒരു കലാരൂപമെന്ന നിലയില്‍ അതിനു ചില പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും നിറവേറ്റതുണ്ടെന്നും പലരും വിസ്മരിക്കുന്ന ഒന്നാണ്. സിനിമയുടെ രൂപവും ഉള്ളടക്കവും പരിശോധിച്ചുകൊണ്ട് അത് ജന്മം കൊള്ളുന്ന സമൂഹത്തിന്റെ സാംസ്കാരികാവസ്ഥയെക്കുറിച്ചും രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചും മനസിലാക്കാനാവും. നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഓരോ പ്രത്യയശാസ്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നുള്ളത് പലരും കാണാതെ പോകുന്ന വസ്തുതയാണ്.
-വി.കെ ജൊസഫ് (സിനിമയും പ്രത്യയശാസ്ത്രവും, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്)
ഉദയ്കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ തോംസണ്‍ കെ.തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'Proprietors കമ്മത്ത് & കമ്മത്ത്'. മമ്മൂട്ടിയും ദിലീപും റീമ കല്ലിങ്കലും നരേനും പോരാത്തതിന് തമിഴില്‍ നിന്ന് ധനുഷും നടിച്ചിരിക്കുന്ന ഈ ചിത്രം ഒരു തമാശപ്പടമാണ് എന്നാ ലേബലിലാണ് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നത്. ഹിറ്റ്ലര്‍ ബ്രദേഴ്സിലും മാട്ടുപ്പെട്ടി മച്ചാനിലും തുടങ്ങി മായമോഹിനിയിലൂടെയും കാര്യസ്ഥനിലൂടെയും മി.മരുമകനില്‍ എത്തി നില്‍ക്കുന്ന സിബി-ഉദയ് കൂട്ടുകെട്ട് 'കാര്യസ്ഥന്‍' സംവിധാനം ചെയ്ത തോമസണുമായി വീണ്ടും ഒന്നിക്കുമ്പോള്‍ വളരെ ദയനീയമാണ് അവരുടെ മുന്നില്‍ പെട്ടുപോയ പ്രേക്ഷകരുടെ അവസ്ഥ. മമ്മൂട്ടിയുടെയും ദിലീപിന്റെയും കൊങ്കിണി ഭാഷാപ്രയോഗം സ്കൂള്‍ യുവജോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളെപ്പോലും നാണിപ്പിക്കും. കേരളത്തിലെ എല്ലാ സ്ലാങ്ങുകളും പരീക്ഷിക്കുക എന്നാ മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് ഇതോടു കൂടി അട്ടത്തുകയറിയാല്‍ ഈ കലാസൃഷ്ടി കൊണ്ട് മലയാള സിനിമയ്ക്ക് അത്രയെങ്കിലും നേട്ടം ഉണ്ടായി എന്ന് ആശ്വസിക്കാം. മമ്മൂട്ടി ചെയ്ത ഏറ്റവും മോശം കഥാപാത്രങ്ങളില്‍ ഒന്നാണ് ചേട്ടന്‍ കമ്മത്ത്. ദിലീപ് അനിയന്‍ കമ്മത്തിന്റെ നിലവാരത്തില്‍ നിന്ന് മുകളില്‍ പോയ അവസരങ്ങള്‍ അപൂര്‍വ്വമാണ് എന്നതുകൊണ്ട് അതിനെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല. നായകരുടെ ചുറ്റിലുമായി അങ്ങനെ നില്‍ക്കുക എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം പതിവുപോലെ മറ്റു കഥാപാത്രങ്ങള്‍ക്കില്ല. ബാബുരാ ജിനെ മുന്‍നിര്‍ത്തി നിരത്തിയിരിക്കുന്ന തമാശകള്‍ ലക്‌ഷ്യം കാണാതെ അലയുമ്പോള്‍ കര്‍ണ്ണകടോരമായ ഗാനങ്ങള്‍ തീയേറ്ററില്‍ ഒരു സുഖനിദ്ര നേടുന്നതില്‍നിന്നുപോലും പ്രേക്ഷകനെ തടയുന്നു. എന്നിട്ടും ചിത്രം കോടികള്‍ നേടി സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.
കമ്മത്ത് & കമ്മത്ത് ഒരു നാലാംകിട തല്ലിപ്പൊളി സിനിമയായിട്ടു കൂടി അത് മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം അത്യന്തം ആപല്‍ക്കരവും സാമൂഹ്യവിരുദ്ധവും ആണെന്ന് പറയാതെ വയ്യ. തങ്ങള്‍ ബ്രാഹ്മണര്‍ ആണെന്നും, അതിനാല്‍ കള്ളം പറയാത്ത മഹാന്മാര്‍ ആണെന്നും വീമ്പു പറയുന്ന നായകന്മാരിലൂടെ പ്രത്യക്ഷപ്പെടുന്ന സവര്‍ണ്ണദാസ്യം അവരുടെ ഭക്ഷണരീതികളുടെ പുകഴ്ത്തലുകളിലൂടെയും മാംസഭക്ഷണത്തിന്റേയും അത് കഴിക്കുന്നവരുടെയും ഇകഴ്ത്തലിലൂടെയും പൂര്‍ണ്ണമാകുന്നു. അത് പിന്നീട് സ്വന്തം മതത്തില്‍ പെട്ടവര്‍ക്ക് മാത്രമേ സ്ഥലം നല്‍കൂ എന്ന് അടുത്തകാലത്ത് കണ്ടുതുടങ്ങിയ നിര്‍ബന്ധബുദ്ധിയെവരെ ന്യായീകരിക്കുന്ന തലത്തിലേയ്ക്ക് ചിത്രം തരം താഴുന്നു.
സവര്‍ണ്ണഹൈന്ദവതയുടെ ചരിത്രത്തില്‍ മാംസഭക്ഷണ വിരുദ്ധതയ്ക്കുള്ള സ്ഥാനം ചെറുതല്ല. അത് നിരുപദ്രവകരം എന്ന് തോന്നിപ്പിക്കുന്ന പ്രചാരണങ്ങള്‍ മുതല്‍ ഗോവധനിരോധനത്തില്‍ വരെ എത്തിനില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാംസഭുക്കാവുക എന്നത് ഒരു മോശപ്പെട്ട കാര്യമാണെന്നും അതില്‍ പോത്തിറച്ചി കഴിക്കുന്നത് ഹീനമാണെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന് നത് ബ്രാഹ്മണിക്കല്‍ ആയ മൂല്യങ്ങളുടെ പുനസ്ഥാപനതിനുള്ള ശ്രമങ്ങളില്‍ ആണെന്ന് കാണാന്‍ വിഷമമില്ല.അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വം അടിസ്ഥാനമാക്കിയുള്ള ശക്തികള്‍ ഗോവധനിരോധനത്തെ തങ്ങളുടെ പ്രധാന അജണ്ടകളില്‍ ഒന്നായി പ്രഖ്യാപിക്കുന്നതും ഗോവധം നടത്തുന്നവര്‍ക്ക് ശിക്ഷ നടപ്പാക്കാനായി നിയമനിര്‍മ്മാണം പോലും കൊണ്ടുവരാന്‍ ശ്രമിക്കുന്നതും. ദളിതയായ സ്ത്രീ പാത്രം കഴുകുന്നതുകൊണ്ട് സ്കൂളിലെ ഭക്ഷണം ഉപേക്ഷിക്കാന്‍ കുട്ടികളെ ഉപദേശിക്കുന്ന മാതാപിതാക്കളെ സൃഷ്ടിക്കുന്നത് ഈ പ്രത്യശാസ്ത്രം തന്നെയാണ്.
നമ്പൂതിരിയുടെ (ജനാര്‍ദ്ദനന്‍ ) ശ്രീകൃഷ്ണ വെജിറ്റെറിയന്‍ ഹോട്ടല്‍ അതിനു എതിര്‍വശത്ത് നോണ്‍-വെജ് ഹോട്ടല്‍ നടത്തിരിയിരുന്ന സുലൈമാന്‍ സാഹിബ് (റിസബാവ) ചതിയിലൂടെ അടപ്പിക്കുന്നു. ആ സ്ഥലം തന്റെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ആവശ്യത്തിനായി കയ്യടക്കാന്‍ സാഹിബ് ശ്രമിച്ചിട്ടും നടക്കുന്നില്ല. തന്റെ സ്ഥലത്ത് ക്ഷേത്രം ഉണ്ടെന്നും അതിനാല്‍ അവിടെ മീനും ഇറച്ചിയും ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല എന്നും പറഞ്ഞുകൊണ്ട് നമ്പൂതിരി ഈ ശ്രമങ്ങളെ എതിര്‍ക്കുന്നു. ഒടുവില്‍ സാഹിബിന്റെ എതിര്‍പ്പ് അവഗണിച്ച് വലിയ ഹോട്ടല്‍ ശൃംഘലയുടെ ഉടമകളായ കമ്മത്തുമാര്‍ എത്തി ഈ സ്ഥലം ലീസിനു എടുക്കുകയും അവിടെ ഒരു വെജിറ്റെറിയന്‍ ഹോട്ടല്‍ തുടങ്ങുകയും ചെയ്യുന്നു.ഹോട്ടല്‍ അടപ്പിക്കാനായി സാഹിബ് നടത്തുന്ന ശ്രമങ്ങളെ കമ്മത്തുമാര്‍ തോല്‍പ്പിക്കുകയും സ്ഥലം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതില്‍ ജാതിക്കും ഭക്ഷണരീതിക്കുമുള്ള പ്രാധാന്യത്തെപ്പറ്റി സാഹിബിനു ക്ലാസ് എടുക്കുകയും ചെയ്യുന്നു. അങ്ങനെ മനം മാറി സാഹിബ് 'നല്ലവനാ'കുന്നു. തീര്‍ത്തും നിരുപദ്രവകരവും നിര്‍ദ്ദോഷവും ആണെന്ന് തോന്നിപ്പിക്കുന്ന ഈ പ്ലോട്ടില്‍ മറഞ്ഞിരിക്കുന്ന പ്രതിലോമകത മനസിലാക്കാന്‍ മുകളില്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.
ചീളുകേസുകള്‍ ഒന്നും കമ്മത്തുമാര്‍ കൈകാര്യം ചെയ്യാറില്ല; അതിനു അവര്‍ മീനും ഇറച്ചിയും പോത്തും കൊടുത്തു വളര്‍ത്തുന്ന ഗോപി (ബാബുരാജ്) ഉണ്ട്. ബാബുരാജ് ഗുണ്ടകളെ, ഇതിലെ ഗുണ്ടാസിനെ കണ്ടു വികാരം വ്രണപ്പെട്ടത്തിന്റെ പേരില്‍ ശരിക്കുമുള്ള ഗുണ്ടകള്‍ പ്രശ്നമുണ്ടാക്കാതിരുന്നാല്‍ നിര്‍മ്മാതാവിന്റെ ഭാഗ്യം, ഒറ്റയ്ക്ക് ഇടിച്ചു പപ്പടവും പരിപ്പും ആക്കുമ്പോള്‍ ചേട്ടന്‍ കമ്മത്ത് സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ കാറിന്റെ ബോണറ്റില്‍ ഇരുന്നു മുറുക്കിത്തുപ്പുന്നു. ഈ രംഗങ്ങള്‍ തന്റെ ശിങ്കിടികള്‍ ആളുകളെ ഇടിച്ചു ഇഞ്ചപ്പരുവമാക്കുമ്പോള്‍ വീട്ടിലെ വലിയ കസേരയില്‍ കാലിന്മേല്‍ കാലും കയറ്റി ആസ്വദിച്ചു മുറുക്കിയിരുന്ന നാടുവാഴിക്കോമരങ്ങളെ ഒരു നിമിഷമെങ്കിലും പ്രക്ഷകന്റെ മനസിലേക്ക് കൊണ്ടുവന്നാല്‍ അതിനു ആരെയാണ് കുറ്റം പറയേണ്ടത്? ആരുടെ പക്ഷമാണ്, ആരുടെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പിന്നണിക്കാര്‍ ചുമക്കുന്നത് എന്ന ചോദ്യം വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത് ഇങ്ങനെയാണ്. ഗോപിയെ തോന്നുമ്പോഴൊക്കെ കമ്മത്തുമാര്‍ തല്ലുകയും ചവുട്ടുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോള്‍, കമ്മത്തുമാരുടെ കാല്ച്ചുവട്ടിലായി തറയില്‍ മാത്രം ഗോപി ഇരിക്കുമ്പോള്‍, ഗോപിയുടെ പോത്തിറച്ചി പ്രേമത്തെ ചിത്രത്തിലുടനീളം കമ്മത്തുമാര്‍ കളിയാക്കുമ്പോള്‍ ചിത്രത്തിന്റെ പിന്നണിക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്രം സവര്‍ണ്ണനാടുവാഴിത്തതിന്റെതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? ആ നാടുവാഴിത്തത്തെ എതിര്‍ത്ത് തോല്‍പ്പിച്ച നവോദ്ധാന പ്രസ്ഥാനങ്ങളെ ഏതു കള്ളിയിലാണ് അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? ഒടുവില്‍ ഈ കമ്മത്തുമാര്‍ വിജയശ്രീലാളിതരായി നില്‍ക്കുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് നവോദ്ധാന കേരളത്തിന്റെ ചരിത്രം തന്നെയല്ലേ? അനിയന്‍ കമ്മത്ത് മിശ്രവിവാഹിതന്‍ ആകുന്നതുപോലുള്ള ചില നല്ല അംശങ്ങള്‍ ചിത്രത്തില്‍ ഉണ്ട് എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. എന്നാല്‍ അതുയര്‍ത്തുന്ന പുരോഗമനപരതയ്ക്ക് ചിത്രത്തില്‍ ആകമാനം ഉയര്‍ന്നു നില്‍ക്കുന്ന സവര്‍ണ്ണക്കൊയ്മയുടെ മുന്നില്‍ ആയുസ് വളരെക്കുറവാണ് എന്നതാണ്, അതുതന്നെയാണ് പ്രശ്നം. വി.കെ ജൊസഫ് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടെ 'നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഓരോ പ്രത്യയശാസ്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നുള്ളത് പലരും കാണാതെ പോകുന്ന വസ്തുതയാണ്.' ആ വസ്തുത തന്നെയാണ് കമ്മത്തുമാര്‍ സ്വീകരിക്കപ്പെടുമ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്, പ്രത്യേകിച്ചും സവര്‍ണ്ണത ഇന്ത്യയില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന ഈ കാലത്ത്.
ശുഭം!
അനൂപ് കിളിമാനൂര്‍
