നീണ്ട വിവാദ കോലാഹലങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാരിന്റെ നിരോ ധനത്തിനും ഇടയില്‍ വിശ്വരൂപം പ്രദര്‍ശനത്തിനെത്തി. ഇന്ത്യയിലാകെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ റിലീസ് ആയ ഈ ബഹുഭാഷാ ചിത്രം നിരോധനം മൂലം തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഡി.ടി.എച്ചില്‍ റിലീസ് ചെയ്യാനുള്ള കമലഹാസന്റെ തീരുമാനമാണ് വിശ്വരൂപത്തെ ആദ്യം വാര്‍ത്തകളില്‍ എത്തിക്കുന്നത്. തീയേറ്റര്‍ കളക്ഷനുകള്‍ മാത്രം നിര്‍മ്മാതാവിന്റെ വരുമാന മാര്‍ഗ്ഗമായിരുന്ന കാലം എന്നെ പോയ്മറഞ്ഞു. ഇപ്പോള്‍ ചിത്രം തീയേറ്ററുകളില്‍ രണ്ടാഴ്ച മാത്രം ഓടിയാലും സാറ്റലൈറ്റ് -ഡി.വി.ഡി-ഓവര്‍സീസ് റൈറ്റുകള്‍ കൊണ്ട് മുതല്‍മുടക്ക് തിരികെ പിടിക്കാന്‍ ചിലപ്പോള്‍ ലാഭമുണ്ടാക്കാനും നിര്‍മ്മാതാവിന് കഴിയുന്നു. ഈ അവസരത്തിലാണ് ഡി.ടി.എച്ച് റിലീസ് എന്ന ആശയവുമായി കമലഹാസന്‍ മുന്നോട്ടു വരുന്നത്. എന്നാല്‍ തീയേറ്റര്‍ ഉടമകളുടെ പ്രതിഷേധം മൂലം ഇതിനു തടസ്സങ്ങള്‍ നേരിട്ടു. ഇപ്പോള്‍ തമിഴ് നാട്ടില്‍ നിരോധനം ഉണ്ടായത് മൂലം ഡി.ടി.എച്ച് റിലീസ് അനിശ്ചിതത്വത്തില്‍ ആണ്. ഈ പ്രശ്നത്തിലെ തക്കം മൂലം കേരളത്തില്‍ എ-ക്ലാസ് തീയേറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ ബി-ക്ലാസ് തീയേറ്ററുകളിലും സര്‍ക്കാര്‍ തീയേറ്ററുകളിലും ചിത്രം നിറഞ്ഞോടുന്നു. ഡി.ടി.എച്ച് റിലീ സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരോധനത്തിന് പിന്നില്‍ ഉണ്ടെന്നു പറയപ്പെടുന്നു. അതില്‍ എത്രമാത്രം വസ്തുതയുണ്ടെന്നു ഇനിയും വ്യക്തമാകേണ്ടതുണ്ട്.
നൂറു കോടിയിലധികം ചെലവാക്കി എടുത്ത ഈ ചിത്രത്തിന്റെ നിര്‍മ്മാണം കമല്‍ഹാസന്‍ സഹോദരന്‍ ചന്ദ്രഹാസനുമായി ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. രചനയും സംവിധാനവും കമല്‍ തന്നെ. ലോകനിലവാരമുള്ള സാങ്കേതി ക വിദ്യയുടെ ഉപയോഗം ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ശരാശരി തമിഴ് ചിത്രത്തില്‍ നിന്നും ഒട്ടും മേലയല്ല വിശ്വരൂപം. പലപ്പോഴും തിരക്കഥയിലെയും എഡിറ്റിങ്ങിലെയും പാളിച്ചകള്‍ മുഴച്ചു നില്‍ക്കുന്നു. ഒരു സ്പൈ-ത്രില്ലറിനുള്ള പശ്ചാത്തലം ഉണ്ടായിട്ടും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പ്രക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ചിത്രം പൂര്‍ണ്ണമായും വിജയിക്കുന്നില്ല. എന്നാല്‍ 'മുസ്ലീം സംഘടനകള്‍' എന്ന ലേബലില്‍ പ്രതിഷേധവുമായി ഇറങ്ങി ചിത്രത്തിന്റെ നിരോധനത്തിന് കാരണക്കാരായവര്‍ ഉയര്‍ത്തുന്ന ആശങ്കള്‍ അസ്ഥാനത്ത് തന്നെയാണ് എന്ന് പറയേണ്ടി വരും.
ചിത്രത്തില്‍ ഖുറാനിലെ ചില വാക്യങ്ങളെ വയലസിന്റെ പശ്ചാത്തലമായി ഉപയോഗിക്കുന്നു എന്നാണു അവരുടെ പ്രധാന ആരോപണം. മറ്റൊന്ന് മുസ്ലീം മതവിശ്വാസത്തെയും തീവ്രവാദത്തെയും കൂട്ടികെട്ടുന്നു എന്നതും. 2001-ലെ തീവ്രവാദ ആക്രമത്തെ തുടര്‍ന്ന് ഒരു ഇസ്ലാമോഫോബിയ പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട് എന്നതും അതില്‍ അവര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്നതും സത്യമാണ്. ഈ ആശങ്ക അഡ്രസ് ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഈ ആശങ്കയെ ചൂഷണം ചെയ്തു തന്‍കാര്യം നേടാന്‍ നടക്കുന്നവരുടെ പൊള്ളത്തരങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്.
അമേരിക്കന്‍ ആക്രമണം നേരിടുന്ന കാലത്തെ അഫ്ഘാനിസ്ഥാനാണ് ചിത്രത്തിന്റെ സിംഹഭാഗവും പശ്ചാത്തലം ആയി വര്‍ത്തിക്കുന്നത്. അഫ്ഗാനിസ്ഥാ നിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ചു താലിബാന് ഭാരം പിടിച്ചെടുക്കാന്‍ സഹായകരമായത് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പിന്തുണ ഒന്ന് മാത്രമാണ്. ഈ പ്രദേശത്തെ സോവിയറ്റ് യൂണിയന്‍ സ്വാധീനം ഇല്ലാതാക്കുക എന്നതായിരുന്നു അമേരിക്കയുടെ പ്രധാന ഉദ്ദേശം. അക്കാലത്ത് ഒസാമാ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മാനസപുത്രനായിരുന്നു എന്നും ഓര്‍ക്കുക. എന്നാല്‍ പിന്നീട് ഇവര്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമായി തെറ്റുകയും അവരുടെ മുഖ്യശത്രുക്കള്‍ ആവുകയും ചെയ്തു. അവര്‍ ഉപയോഗിച്ചതില്‍ അധികവും അമേരിക്ക തന്നെ നല്‍കിയ ആയുധങ്ങള്‍ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തീവ്രവാദം എന്നത് മതപരം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ പ്രശ്നമാണ്. മതം അവര്‍ക്ക് ഒരു ഉപകരണം മാത്രമാണ്.എന്നാല്‍ ഈ ഉപകരണത്തെ അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നത് കൊണ്ട് തീവ്രവാദത്തെ പറ്റി പരാമര്‍ശിക്കുമ്പോള്‍ മതവും കടന്നു വരാം. അതിനു പ്രധാന കാരണക്കാര്‍ മതത്തെ ഉപകരണമാക്കി വിശ്വാസത്തെ ചൂഷണം ചെയ്തവര്‍ തന്നെയാണ്.
അമേരിക്കന്‍ സാമാജ്യത്വമാകട്ടെ തീവ്രവാദ വിരുദ്ധയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയത്തെ അല്ല, മറിച്ച് മതപരമായ പശ്ചാത്തലത്തെ ആണ് ആയുധമാക്കിയത്. കാരണം തീവ്രവാദത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അതിന്റെ ഒന്നാം പ്രതി തങ്ങള്‍ തന്നെ ആയിരിക്കും എന്ന് അവര്‍ക്കുള്ള തിരിച്ചറിവ് തന്നെയാണ് ഇതിനു കാരണം. തങ്ങളുടെ നേരെ കുറ്റപ്പെടുത്തല്‍ വരാതിരിക്കാനായി അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ വിവിധങ്ങളായ ജിഹ്വകള്‍ ഉപയോഗി ച്ച് നിര്‍മ്മിച്ച പോതുബോധമാണ് പ്രതിസ്ഥാനത്ത് ഇസ്ലാം സമൂഹത്തെ കൊണ്ടുവന്നത്. ഈ രണ്ടു വസ്തുതകളും പരിഗണിക്കാതെ തീവ്രവാദത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന പിഴവുകളാണ് ഇസ്ലാമോഫോബിയയുടെയും, നാം ഇന്ന് കാണുന്ന അസ്ഥാനത്തുള്ള പ്രതിഷേധങ്ങളുടെയും ആണിക്കല്ല്.
'വിശ്വരൂപത്തി'ലേയ്ക്ക് തിരിച്ചു വരാം. താലിബാന്‍ ഭരണത്തില്‍ കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ അവിടത്തെ വേഷവിധാനങ്ങളും, വിശ്വാസങ്ങളും, ശിക്ഷാരീതികളും ഒക്കെ യഥാതഥമായി ചിത്രീകരിക്കുക നല്ല ചലച്ചിത്രകാരന്റെ കടമയാണ്. അതില്‍ ഇവിടെ കമലഹാസന്‍ വിജയിച്ചു എന്നുതന്നെ പറയേണ്ടി വരും. കമല്‍ അവതരിപ്പിക്കുന്ന കഥാപാത്രം മാത്രമാണ് ഇതില്‍ ഇന്ത്യന്‍ വംശജര്‍ ആയുള്ളത്, കമലാകട്ടെ തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വേഷം മാറി അവിടെ എത്തുന്നതും. തീവ്രവാദികളില്‍ രണ്ടുപേര്‍ തമിഴ് സംസാരിക്കുന്നതായി കാണിക്കുന്നെങ്കിലും അവര്‍ ഇന്ത്യയുമായി ഒരു രീതിയില്‍ ബന്ധമുള്ളവര്‍ അല്ല. മറിച്ച് കഥപറച്ചിലിന്റെ എളുപ്പത്തിനു വേണ്ടി കമല്‍ നടത്തിയ ഒരു തട്ടിക്കൂട്ട് പരിപാടി മാത്രമാണ് ഈ തമിഴ് ഭാഷയറിയാവുന്ന തീവ്രവാദികള്‍. അപ്പോള്‍പ്പിന്നെ ഈ ഭാഗങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് വലിച്ചു നീട്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്ന ശുദ്ധ വിഡ്ഢിത്തരം നിറഞ്ഞ പരിപാടിയാണ്. ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങുന്ന ഒ. അബ്ദുള്ളയെപ്പോലുള്ളവര്‍ പെട്ടെന്ന് വിഷയം മാറ്റി ഇവിടത്തെ ഇസ്ലാം സമൂഹത്തെ പറ്റി സംസാരിക്കുന്നതും അതുകൊണ്ട് തന്നെ അസ്ഥാനത്തുള്ള ഇടപാടാണെന്നു മാത്രമല്ല, അത് നമ്മുടെ മുസ്ലീം സഹോദരങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്.
തീവ്രവാദത്തെപ്പറ്റി ആഴത്തിലുള്ള രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങളൊന്നും ഈ ചിത്രത്തിലൂടെ നല്‍കാന്‍ കമല്‍ ഹാസന് കഴിഞ്ഞിട്ടില്ല. മറിച്ചു തീവ്രവാദത്തെ പശ്ചാത്തലമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു കച്ചവട സിനിമ മാത്രമാണ് വിശ്വരൂപം. കഴിഞ്ഞ ഒരു ദശാബ്ദമായി ലോകസിനിമയില്‍ തീവ്രവാദം ഒരു പ്രധാന വിഷയമാണ്. മുഖ്യധാരാ- ഹോളിവുഡ് സിനിമകള്‍ അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍മ്മിച്ച പോതുബോധത്തെ പിന്‍പറ്റുമ്പോള്‍ മുഖ്യധാരയ്ക് ക് പുറത്തു നിലകൊള്ളുന്ന കച്ചവടം മാത്രം ലക്ഷ്യമാക്കാത്ത സിനിമകളും മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുവരുന്ന ചിത്രങ്ങളും തീവ്രവാദത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടു വരുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മതത്തെ എങ്ങനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തീവ്രവാദികള്‍ ഉപയോഗിക്കുന്നു എന്നത് വിശദമായിത്തന്നെ ഈ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു.
കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ 'Nabil Ayouch' സംവിധാനം ചെയ്ത 'Horses of God' എന്ന ഫ്രഞ്ച്-മൊറോക്കോ ചിത്രം മൊറോക്കോയിലെ കാസാബ്ലാങ്കയില്‍ നടന്ന ഒരു ചാവേര്‍ സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കഥയാണ് പറയുന്നത്. 'താന്‍ തീവ്രവാദി ആണെന്നറിഞ്ഞാല്‍ തന്റെ കാമുകി എന്ത് കരുതും' എന്ന കേന്ദ്രകഥാപാത്രത്തിന്റെ കൂട്ടുകാരനോടുള്ള ചോദ്യത്തോടെയാ ണ് ചിത്രം തുടങ്ങുന്നത്. 'എന്ത് കരുതിയാല്‍ എന്താ, ചാവേറായി കൊല്ലപ്പെട്ടാല്‍ നാം സ്വര്‍ഗ്ഗത്തില്‍ എത്തും. അവിടെ നിന്നെക്കാത്ത് നൂറു സുന്ദരിമാര്‍ ഉണ്ടാകും' എന്നാണു കൂട്ടുകാരന്റെ മറുപടി. ഇങ്ങനെ ജീവിതം തുടങ്ങിയിട്ട് മാത്രമുള്ള മനുഷ്യരുടെ വിശ്വാസത്തെ തീവ്രവാദികള്‍ ചൂഷണം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൊടിയ ദാരിദ്ര്യവും മോശപ്പെട്ട ജീവിത അവസ്ഥകളുമാണ് കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കുന്നത്. അവര്‍ നിയന്ത്രിക്കപ്പെടുന്നതാകട്ടെ മത ഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളാലും. പ്രാര്‍ഥനകളുടെ നീണ്ട ദൃശ്യങ്ങളാണ് ചിത്രത്തിന്റെ വലിയൊരു ഭാഗം. എന്നാല്‍ അത് വ്യക്തമായ ദൃശ്യപദ്ധതിയുടെ ഭാഗമാണ്. അതുപക്ഷെ മതവികാരത്തെ വ്രണപ്പെടുത്തുകയല്ല, മറിച്ചു മതവിശ്വാസത്തിന്റെ ചൂഷണത്തെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം കൂടിയാണ്.
ഇങ്ങനെയൊക്കെ പറയുമ്പോഴും വിശ്വരൂപം രാഷ്ട്രീയമായ ശരികേടാണ് മുന്നോട്ടുവെക്കുന്നത് എന്ന് പറയാതെ വയ്യ. ലഘുവായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചിത്രത്തിന്റെ നിരോധനത്തിനായി ഘോരഘോരമായി വാദിക്കുന്നവര്‍ ഈ രാഷ്ട്രീയമായ ശരികേടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ കൂടിയാണ് ഇല്ലാതാക്കുന്നത്. അമേരിക്കയുടെ തീവ്രവാദവിരുദ്ധ പോരാട്ടമാണ് തീവ്രവാദത്തെ നേരിടാനുള്ള ശരിയായ വഴി എന്നും, അതിനു നാം അവര്‍ക്കൊപ്പം നില്‍ക്കണം എന്നും ചിത്രം നമ്മോടു പറയുന്നു. ചരിത്രത്തെ മറന്നു കൊണ്ടുള്ള ഈ വാദം തെറ്റാണ് എന്ന് കാലം ഇതിനകം തെളിയിച്ചു കഴിഞ്ഞു. അമേരിക്കയുടെ അധിനിവേശങ്ങള്‍ തീവ്രവാദത്തെ ഇല്ലാതാക്കുകയല്ല മറിച്ച് കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കുന്നതില്‍ മാത്രമേ വിജയിക്കുന്നുള്ളൂ. അമേരിക്കയുടെ യുദ്ധങ്ങള്‍ വരുത്തിവെച്ച കെടുതികള്‍ ഇതൊരു തീവ്രവാദി ആക്രമണത്തെക്കാളും വലിയ നാശ നഷ്ടങ്ങള്‍ ലോകത്തിനു വരുത്തിക്കഴിഞ്ഞു. അമേരിക്കന്‍ ഭരണത്തില്‍ അമിതസ്വാധീനമുള്ള ആയുധലോബിയുടെ കീശ വീര്‍പ്പിക്കുകയും, എണ്ണപ്പാടങ്ങളുടെ നിയന്ത്രണം അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയുമാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം. സ്ത്രീത്വമുള്ള ഒരു നര്‍ത്തകനായാണ് കമല്‍ ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പെട്ടെന്നൊരു നിമിഷം ഒറ്റയ്ക്ക് പത്തിരുപത്തഞ്ചു പേര് അടിച്ചും കുത്തിയും കൊന്നുകൊണ്ട് തന്റെ വിശ്വരൂപം പുറത്തെടുക്കുന്നു. 'Masculinity'-യില്‍ വിശ്വസിക്കുകയും അതാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നും കമല്‍ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ 'American Masculinity' -യ്ക്ക് മറ്റൊരു ചരിത്രവും വര്‍ത്തമാനവും ആണുള്ളത് എന്ന് കമല്‍ എപ്പോഴോ മറന്നുപോയിരിക്കുന്നു.
അതിര്‍ത്തി കടന്നു കേരളത്തിലെത്തി സിനിമ കണ്ടാണ് തെക്കന്‍ തമിഴ്നാട്ടിലെ സിനിമാപ്രേമികള്‍ നിരോധനത്തെ തോല്‍പ്പിച്ചത്. നമ്മുടെ കച്ചവട സിനിമകളില്‍ സാധാരണ കാണുന്ന മുസ്ലീം വിരുദ്ധത വെച്ച് നോക്കിയാല്‍ വിശ്വരൂപം ഒരു നിരുപദ്രവകാരിയാണ്. നമ്മുടെ മുഖ്യധാരാ സിനിമ പലപ്പോഴും ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവും മുസ്ലീം വിരുദ്ധവുമായ ഒരുപാട് സംഗതികള്‍ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ അവയെ നേരിടേണ്ടത് നിരോധനങ്ങള്‍ കൊണ്ടല്ല; മറിച്ചു രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചകളിലൂടെയാണ്, ആശയസമരത്തി ലൂടെയാണ് . മറ്റൊരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിരോധനത്തിന്റെ ആയുധം എടുക്കുന്നവര്‍ ആ ആയുധം നാളെ തങ്ങള്‍ക്കുതന്നെ ബാധ്യതയായിത്തീരും എന്നോര്‍ക്കു ക.
L
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....