'സമൂഹങ്ങളുടെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്.'
- കാൾ മാർക്സ്
'സന്ദേശ'ത്തില്‍ അധികമാരും ക്വോട്ട് ചെയ്തു കണ്ടിട്ടില്ലാത്ത ഒരു സന്ദർഭം ഉണ്ട്. "താനെന്തിനാ ഇവിടത്തെ കാര്യം പറയുമ്പോള്‍ അന്താരാഷ്ട്രത്തില്‍ കയറിപ്പിടിക്കുന്നെ?" എന്ന് ജയറാമിന്റെ കഥാപാത്രം ചോദിക്കുമ്പോൾ ശ്രീനിയുടെ കഥാപാത്രം നൽകുന്ന മറുപടി
" മനുഷ്യന്റെ കാര്യം എല്ലായിടത്തും ഒരുപോലാണടോ" എന്നാണ്. ബ്രസീലിലെ 'ബക്കുറാവോ' എന്ന സാങ്കൽപ്പിക ഗ്രാമത്തിലേയും, കർണ്ണനിലെ ദളിത് ഗ്രാമത്തിലേയും ജനങ്ങളുടെ അടിച്ചമർത്തലുകൾക്കും, അധിനിവേശങ്ങൾക്കും എതിരായ സമരത്തെപ്പറ്റിയുള്ള കഥകളുടെ സാമ്യവും ഇതുതന്നെയാണ് ഓർമ്മിപ്പിക്കുന്നത്.
ബക്കുറാവോയിലെ ഗ്രാമപ്രമുഖയുടെ മരണാനന്തര ചടങ്ങുകൾക്കായി അവരുടെ ചെറുമകൾ ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നു. തുടർന്ന് നിരവധി വിചിത്ര സംഭവങ്ങൾക്ക് ഗ്രാമം സാക്ഷിയാകുന്നു. വലിയൊരു ഡാമിനാൽ ഗ്രാമത്തിലേക്കുള്ള വെള്ളം നേരത്തെ തന്നെ തടയപ്പെട്ടിരുന്നു. അവിടേക്ക് വെള്ളവുമായി വരുന്ന ടാങ്കറുകളിൽ വെടിയേറ്റ പാടുകൾ കാണുന്നു. ഗ്രാമത്തിൽ ഫോൺ കണക്ടിവിറ്റി നഷ്ടമാകുന്നു. GPS-ൽ നിന്നും മാപ്പുകളിൽ നിന്നും ഗ്രാമം അപ്രത്യക്ഷമാകുന്നു. അപരിചിതരായ രണ്ടു യാത്രക്കാർ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. കുതിരലായമുള്ള ഒരു ബംഗ്ളാവിലെ എല്ലാവരും, അവരെ തിരക്കി വന്ന രണ്ടുപേരും കൊല്ലപ്പെടുന്നു. ഒരു 9 വയസ്സുകാരൻ കൂടി കൊല്ലപ്പെടുന്നതോടെ ബക്കുറാവോയിനെതിരായ ഗൂഡാലോചന ആണിതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ഒളിവിൽ കഴിയുകയായിരുന്ന ലുംഗ എന്ന പോരാളിയെ ഉൾപ്പടെ അവർ ഗ്രാമത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു. ഒരു അമേരിക്കൻ കോർപ്പറേറ്റിനു വേണ്ടി ഗ്രാമത്തെ ഒഴിപ്പിക്കാനുള്ള മേയർ കൂടി ഉൾപ്പെട്ട നീക്കങ്ങൾക്കെതിരെ ജനം അവരുടെ മ്യൂസിയത്തിൽ ഉണ്ടായിരുന്ന പാരമ്പര്യമായി ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ഉൾപ്പെടെ പുറത്തെടുത്ത് ചെറുത്തുനിൽക്കുന്നതിന്റെ കഥയാണ് 'ബക്കുറാവോ'.
ബ്രസീലിൽ 2019-ലെ സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം. അധിനിവേശ പ്രവണതകൾക്കെതിരെ ബ്രസീലിയൻ സമൂഹത്തിൽ ഉയർന്നുവരുന്ന ജനവികാരത്തിന്റെ കൂടി പ്രതിഫലനം ആയിരുന്നു ഈ വിജയം. ആ വർഷത്തെ IFFK-യിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്. സമാനമായ പ്രതികരണങ്ങൾ ആണ് ഈ വർഷം ആമസോണ് പ്രൈമിലൂടെ റിലീസ് ചെയ്ത 'കർണ്ണൻ' സമൂഹത്തിൽ ഉയർത്തിയത്. ജാതി പലപ്പോഴും വർഗ്ഗമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഒരു ദളിത് ഗ്രാമത്തിലെ ജനങ്ങളെ കുറഞ്ഞ കൂലിക്കും മറ്റുമായി ചൂഷണം ചെയ്യാൻ ഒരു ബസ് സ്റ്റോപ് പോലും അനുവദിക്കാതെ അധികാരകേന്ദ്രങ്ങൾ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ അവിടുത്തെ ജനങ്ങളുടെ ചെറുത്തുനിൽപ്പിനെപ്പറ്റിയാണ് മാരി ശെൽവരാജിന്റെ 'കർണ്ണൻ' സംസാരിക്കുന്നത്. ദേശ-ഭാഷാ-വർണ്ണ-ജാതി അതിരുകൾക്കപ്പുറം മനുഷ്യകുലവും, അവരുടെ ചരിത്രവും, അതിജീവന പോരാട്ടങ്ങളും എത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ രണ്ടു സിനിമകൾ.
'ബക്കുറാവോ'
MUBI -യിലും, 'കർണ്ണൻ' Amazon Prime Video -യിലും ലഭ്യമാണ്.
'അധികാരത്തിനെതിരെ മനുഷ്യന്റെ പോരാട്ടമാണ് മറവിക്കെതിരെ ഓർമ്മകളുടെ പോരാട്ടം.'
-മിലൻ കുന്ദേര
ഓർമ്മകളുണ്ടായിരിക്കണം..
അനൂപ് കിളിമാനൂര്‍