ചൊവ്വാഴ്ച, ഏപ്രിൽ 10, 2012

ശാസ്ത്രം ജയിച്ചു; മനുഷ്യനും...

 ശോഭയെന്നൊരു കന്യ പ്രകാശത്തെക്കാളൊ-
ട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ
ഒരു നാളവള്‍ ഐന്‍സ്റ്റീന്‍ രീതിയില്‍ പുറപ്പെട്ടാള്‍
തിരിച്ചു വീടെത്തിനാളത്ഭുതം , തലേ രാവില്‍ ..

-Geri Taran


ലാര്‍ജ് ഹാഡ്രോണ്‍ കൊള്ളയ്ഡറും ന്യൂടിനോകളും പ്രകാശത്തിന്റെ വേഗവുമൊക്കെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ശാസ്ത്രലോകത്തെ കുറച്ചുകാലത്തേയ്ക്കെങ്കിലും ഞെട്ടിച്ച 'പ്രകാശത്തെക്കാള്‍ വേഗമുള്ള ന്യൂട്രിനോ' പരീക്ഷണം നടത്തിയ 'OPERA' ഗ്രൂപ്പിന്റെ തലവനായിരുന്ന പ്രൊഫ. അന്റോണിയോ ഏറഡിറ്റാറ്റോ ആ സ്ഥാനം രാജി വെച്ചു. അദ്ദേഹത്തിന്റെ രാജിക്ക് ഗ്രൂപ്പിനുള്ളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നും വാര്‍ത്ത ഉണ്ട്. കഴിഞ്ഞ സെപ്റ്റംപറിലാണ് ശാസ്ത്രലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂട്രിനോ കണങ്ങള്‍ സഞ്ചരിച്ചു എന്ന പരീക്ഷണഫലം 'ഒപേര' പുറത്തുവിടുന്നത്. എന്നാല്‍ ജി.പി.എസ്സിനെ ക്ലോക്കുമായി ബന്ധിപ്പിക്കുന്ന  ഒപ്ടിക്കല്‍ ഫൈബറിലെ തകരാറ് നിമിത്തമാണ് ഇതു സംഭവിച്ചതെന്നും യഥാര്‍ത്ഥത്തില്‍ പ്രകാശത്തിനേക്കാള്‍ വേഗത്തില്‍ ന്യൂട്രിനോ സഞ്ചരിച്ചില്ല എന്നും ഈ അടുത്ത് വെളിപ്പെട്ടിരുന്നു.
ആദ്യമായി ന്യൂട്രിനോയുടെ വേഗം പ്രകാശത്തെ മറികടന്നു എന്ന പരീക്ഷണഫലം ലഭിച്ചപ്പോള്‍ അതു വിശ്വസിക്കാന്‍ 'ഒപെര' ടീം കൂട്ടാക്കിയിരുന്നില്ല. അങ്ങനെ ഒരു നിരീക്ഷണഫലം ഇന്നത്തെ ശാസ്ത്രത്തിന്റെ അടിത്തറ തന്നെ അട്ടിമറിക്കുമെന്ന് അവര്‍ക്കറിയാവുന്നത് തന്നെ കാരണം. അതിനെപ്പറ്റി ഇവിടെ (ശാസ്ത്രം ചരിത്രസന്ധിയില്‍ - മൂന്ന്: ഐന്‍സ്റ്റീന്‍ യുഗം) വിശദമാക്കിയിട്ടുണ്ട്. അതിനാല്‍ നിരീക്ഷണത്തില്‍ എന്തെങ്കിലും ഒരു പിഴവിനായി അവര്‍ പതിനയ്യായിരത്തോളം പ്രാവശ്യം അവര്‍ പരീക്ഷണം ആവര്‍ത്തിച്ചു. സ്വിസ്സിലെ ഒരു ലാബില്‍ നിന്നും 730 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ഒരു നിരീക്ഷണകേന്ദ്രത്തിലെയ്ക്ക് ന്യൂട്രിനോകളെ അയച്ചാണ് അവര്‍ പരീക്ഷണം നടത്തിയത്. പ്രകാശത്തെക്കാള്‍ വെറും മൈക്രോസെക്കണ്ടുകളുടെ വ്യത്യാസമാണ് ന്യൂട്രിനോകളുടെ ചലനത്തില്‍ അവര്‍ കണ്ടെത്തിയത് എന്നും ഓര്‍ക്കുക. എന്നാലപ്പോഴും അവര്‍ക്ക് അതേ ഫലം തന്നെ ലഭിച്ചു കൊണ്ടിരുന്നു. അതിനെത്തുടര്‍ന്നാണ് അവര്‍ ഈ പരീക്ഷണഫലം പരസ്യമാക്കിയത്.

യഥാര്‍ത്ഥത്തില്‍ ഐന്‍സ്ടീനു തെറ്റ് പറ്റി എന്ന് അവകാശവാദം ഉന്നയിക്കുകയല്ല, മറിച്ച് തങ്ങള്‍ക്കു പറ്റിയ തെറ്റ് എന്താണെന്ന് കണ്ടുപിടിക്കൂ എന്നാണ് അവര്‍ ലോകത്തോട്‌ ആവശ്യപ്പെട്ടത്. അവര്‍ തങ്ങളുടെ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഇതിനായി പരസ്യപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഈ പരീക്ഷണം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഈ പരീക്ഷണം ചെലവേറിയതും വന്‍സന്നാഹങ്ങള്‍ ആവശ്യപ്പെടുന്നതുമായ ഒന്നാണ്. അങ്ങനെ വീണ്ടും പലപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടപ്പോളാണ് 'ഒപേര' പരീക്ഷണത്തിലെ പിഴവ് വെളിപ്പെട്ടത്. പ്രകാശത്തിന്റെ വേഗത്തില്‍ തന്നെയാണ് ന്യൂട്രിനോ സഞ്ചരിക്കുന്നത് എന്ന് ഇപ്പോള്‍ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെ ഒരു നൂറ്റാണ്ടിനിപ്പുറവും മാനവ വിജ്ഞാനത്തിലെ ഏറ്റവും ഫലപ്രദവും മികച്ചതുമായ സിദ്ധാന്തമായി നിലകൊള്ളുന്ന ഐന്‍സ്ടീന്റെ 'ആപേക്ഷികതാ സിദ്ധാന്തം' തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പാക്കി. 'ആപേക്ഷികതാ സിദ്ധാന്തം' അടിസ്ഥാനമാക്കി പ്രപഞ്ച സത്യങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നവര്‍ക്ക് ഇനി കൂടുതല്‍ ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകാം.

ഇവിടെയാണ്‌ ശാസ്ത്രം അതിന്റെ ഏറ്റവും മികച്ചതും പുരോഗമനപരവുമായ മുഖം വെളിവാക്കുന്നത്. അതു തന്നെയാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാമുഖ്യം ഏറിവരുന്ന ഈ അവസരത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത. അതിവയാണ്.

 
ഒന്ന്) ഐന്‍സ്റ്റീന്‍ മാനവവൈജ്ഞാനിക മേഖലയിലെ ഏറ്റവും തിളക്കമുള്ള വ്യക്തിത്വമാണ്. ശാസ്ത്രം ഒരു മതമായിരുന്നെങ്കില്‍ അതിലെ ദൈവപുത്രനോ പ്രവാചകനോ ഒരു പക്ഷെ ദൈവം തന്നെയായോ  ഐന്‍സ്റ്റീന്‍ വാഴ്തപ്പെടുമായിരുന്നു. എന്നുകരുതി ഐന്‍സ്റ്റീനൊ  അതുപോലെ മറ്റാരെങ്കിലുമോ പറയുന്നത്, അത് അവര്‍ പറയുന്നു എന്നതുകൊണ്ടുമാത്രം ശാസ്ത്രസമൂഹം അംഗീകരിക്കില്ല. പകരം അവരുടെ സിദ്ധാന്തങ്ങളും നിഗമനങ്ങളും വിമര്‍ശനബുദ്ധിയോടെയുള്ള നിരന്തരമായ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കും. എന്ന് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നോ അന്ന് വരെയോ ഉള്ളൂ എത്ര വലിയ സിദ്ധാന്തത്തിന്റെയും നിലനില്‍പ്പ്‌.

അത് പറയുമ്പോള്‍ ആപേക്ഷികതാ സിദ്ധാന്തം ആദ്യകാലത്ത് നേരിട്ട എതിര്‍പ്പിനെക്കുറിച്ചും  ഓര്‍ക്കണം. പാരമ്പര്യവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നവ ആയിരുന്നില്ല ഈ സിദ്ധാന്തത്തിലെ നിഗമനങ്ങള്‍. ഈ സിദ്ധാന്തം തെളിയിക്കുക ഒട്ടും എളുപ്പവും ആയിരുന്നില്ല. ഒടുവില്‍ ഐന്‍സ്റ്റീന്റെ ഏറ്റവും വലിയ അനുയായി ആയിരുന്ന ആര്‍തര്‍ എടിങ്ങ്ടണും കൂട്ടരും 1919-ലെ സൂര്യഗ്രഹണ സമയത്ത് ബ്രസീലിലും ആഫ്രിക്കയിലും ഒരേസമയം സാഹസികമായി നടത്തിയ പരീക്ഷണമാണ് ഈ സിദ്ധാന്തത്തിനു ഏറ്റവും വലിയ തെളിവായി മാറിയത്. ഇങ്ങനെ കാലാകാലങ്ങളായുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഏതൊരു സിദ്ധാന്തവും അംഗീകരിക്കപ്പെടുന്നതും വിപുലീകരിക്കപ്പെടുന്നതും. അല്ലാതെ 'ഇത് പ്രവാചകന്റെ മുടിയാണ്, ഇത് കത്തില്ല' എന്നാരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ശാസ്ത്രബോധമുള്ളവര്‍ക്ക് കഴിയില്ല. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ കത്താത്ത മുടിയുണ്ടെങ്കില്‍ അത് പരീക്ഷണം നടത്തി തെളിയിക്കാനുള്ള ചങ്കുറപ്പ് അങ്ങനത്തെ അവകാശവാദം ഉള്ളവര്‍ കാണിക്കണം. അങ്ങനെയുള്ള ധൈര്യം ഇവര്‍ക്കില്ല എന്നിടത്ത് തന്നെയാണ് ഈ മാതിരി ഉഡായിപ്പുകളുടെ പൊള്ളത്തരം വെളിവാകുന്നത്. അവിടെയാണ് ശാസ്ത്രബോധമുള്ളവര്‍ ഇവയെയൊക്കെ നിരാകരിക്കുന്നതും.

രണ്ട്) എഡിസണ്‍ ആയിരം വട്ടം ശ്രമിച്ചിട്ടാണ് ബള്‍ബിന്റെ ഫിലമെന്റ്റ് കണ്ടുപിടിച്ചത് എന്ന് നാം കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന സംഗതിയാണ്. എന്നാല്‍ ഇവിടെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ നിരീക്ഷണഫലം ശരിയാണോ എന്നുറപ്പിക്കാന്‍ പതിനയ്യായിരം വട്ടമാണ് പരീക്ഷണം ആവര്‍ത്തിച്ചത്. സാധാരണ പരീക്ഷണങ്ങളെ അപേക്ഷിച്ച് അത്യധ്വാനവും പരിശ്രമവും ചെലവും ഉള്ളതാണ് ഈ പരീക്ഷണം എന്നോര്‍ക്കുക. എന്നിട്ടാണ് അവര്‍ ലോകത്തോട്‌ ഈ വിവരം വിളിച്ചുപറഞ്ഞത്‌. അല്ലാതെ അവര്‍ രാത്രി ഉറക്കത്തില്‍ സ്വപ്നം കണ്ട കാര്യമൊന്നും അല്ലയിത്. എന്നിട്ടും അതിനെ വീണ്ടും വീണ്ടും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയാണ് ശാസ്ത്രസമൂഹം ചെയ്തത്. ഒടുവില്‍ അതിലെ തെറ്റ് കണ്ടുപിടിക്കുന്നതില്‍ നാം വിജയിക്കുക തന്നെ ചെയ്തു. അതാണ്‌ ശാസ്ത്രത്തിന്റെ രീതി, അതിന്റെ വിജയവും.

'മനുഷ്യര്‍ക്ക്‌ പ്രപഞ്ചത്തെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിയില്ല അതിനു ഞങ്ങളുടെ മതത്തില്‍ ചേരൂ', 'ശാസ്ത്രം ഇതു വരെ കണ്ടുപിടിച്ചതെല്ലാം തങ്ങളുടെ കിതാബുകളിലുണ്ട്' എന്നൊക്കെ വെച്ച് കീറുന്നവര്‍ ഈ അധ്വാനത്തിന്റെ ശക്തിയും മഹത്വവും ഇനിയെങ്കിലും മനസിലാക്കുക. യാതൊരു അധ്വാനവും നടത്താന്‍ മനസ്സില്ലാത്ത ചില ഗോക്രിമാര്‍ മതഗ്രന്ഥങ്ങളെ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് 'ഓ ഈ കണ്ടുപിടിത്തമോക്കെ പണ്ടേ നമ്മുടെ ആള്‍ക്കാര്‍ നടത്തിയതാ' എന്നും പറഞ്ഞു ആളെ പറ്റിച്ചു ജീവിക്കുകയാണ് എന്ന് മനസ്സിലാക്കാനുള്ള ബോധമെങ്കിലും അഭ്യസ്തവിദ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഉണ്ടാവണം. അതിനുപോലും കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ വിദ്യാഭ്യാസം എന്നും പറഞ്ഞു കുറെ വര്‍ഷം പാഴാക്കിക്കളയുകയാണ് ചെയ്തത് എന്നുമാത്രം അറിയുക.

ശാസ്ത്രം വളരുന്നത്‌ യുക്തിയും അധ്വാനവും അറിവും സമ്മേളിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ആത്യന്തികമായി ശാസ്ത്രം വിജയിക്കുക തന്നെ ചെയ്യും, മനുഷ്യനും...ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂടീനോ: ശാസ്ത്രം ചരിത്രസന്ധിയില്‍ - ഒന്ന്


ശാസ്ത്രം ചരിത്രസന്ധിയില്‍ - രണ്ട്: ന്യൂട്ടന്റെ കാലം, മാക്സ് വെല്ലിന്റെയും...

ശാസ്ത്രം ചരിത്രസന്ധിയില്‍ - മൂന്ന്: ഐന്‍സ്റ്റീന്‍ യുഗം'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?
  
ചിത്രം(1): http://www.bbc.co.uk/news/science-environment-17560379
ചിത്രം(2): Wikipedia  
 


അധികവായനയ്ക്ക്:

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്

 

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

 


9 അഭിപ്രായങ്ങൾ:

 1. നന്ദി അനൂപേ വളരെ നന്നായി കൃത്യമായിത്തന്നെ താങ്കള്‍ പറഞ്ഞു

  മറുപടിഇല്ലാതാക്കൂ
 2. Good article on science and non-sense. I have only one issue with this

  "അത് പറയുമ്പോള്‍ ആപേക്ഷികതാ സിദ്ധാന്തം ആദ്യകാലത്ത് നേരിട്ട എതിര്‍പ്പിനെക്കുറിച്ചും ഓര്‍ക്കണം. പാരമ്പര്യവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നവ ആയിരുന്നില്ല ഈ സിദ്ധാന്തത്തിലെ നിഗമനങ്ങള്‍. ഈ സിദ്ധാന്തം തെളിയിക്കുക ഒട്ടും എളുപ്പവും ആയിരുന്നില്ല. ഒടുവില്‍ ഐന്‍സ്റ്റീന്റെ ഏറ്റവും വലിയ അനുയായി ആയിരുന്ന ആര്‍തര്‍ എടിങ്ങ്ടണും കൂട്ടരും 1919-ലെ സൂര്യഗ്രഹണ സമയത്ത് ബ്രസീലിലും ആഫ്രിക്കയിലും ഒരേസമയം സാഹസികമായി നടത്തിയ പരീക്ഷണമാണ് ഈ സിദ്ധാന്തത്തിനു ഏറ്റവും വലിയ തെളിവായി മാറിയത്".

  This post is based on the announcement of apparent observation of neutrinos traveling faster than the speed of light. This result if found true could be in violation of special theory of relativity (SR).

  It is a popular belief that Einstein magically derived this out of thin air and hence surprised everyone with its bizarre implications. But if one examines the history of special relativity, one can see many others were working before like Lorentz, Lamor and Poincare. Time was almost ripe for the discovery of SR. Of course, their approach was completely different from Einstein and they were still clinging to ether concept. Einstein himself acknowledged the work of Lorentz. So i amn't sure who were the traditionalists who couldn't accept SR.

  History_of_special_relativity

  The experimental evidence you quoted (done by Eddington in 1919) was for checking the prediction of General theory of relativity (GR). Special theory was accepted by almost all leading scientists by 1911 and he was recommended for Nobel prize for this work in 1912 (not given).

  മറുപടിഇല്ലാതാക്കൂ
 3. @Jack Rabbit,

  >>This post is based on the announcement of apparent observation of neutrinos traveling faster than the speed of light. This result if found true could be in violation of special theory of relativity (SR). The experimental evidence you quoted (done by Eddington in 1919) was for checking the prediction of General theory of relativity (GR).<<

  അല്പം കൂടി വിശാലമായ അര്‍ത്ഥത്തില്‍ ശാസ്ത്രം ഒരു സിദ്ധാന്തത്തെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും എങ്ങനെയാണ് എന്ന് പറയാന് ഈ രണ്ടു പരീക്ഷണങ്ങളും ഉദ്ധരിച്ചത്. അതില്‍ തെറ്റില്ല എന്ന് കരുതുന്നു...  >>It is a popular belief that Einstein magically derived this out of thin air and hence surprised everyone with its bizarre implications. But if one examines the history of special relativity, one can see many others were working before like Lorentz, Lamor and Poincare. Time was almost ripe for the discovery of SR. Of course, their approach was completely different from Einstein and they were still clinging to ether concept. Einstein himself acknowledged the work of Lorentz. So i amn't sure who were the traditionalists who couldn't accept SR.<<

  പരിമിതികള്‍ക്കുള്ളില്‍ നിന്ന് പറയേണ്ടത് കൊണ്ട് അങ്ങനെ പലരെയും ഒഴിവാക്കി പ്രധാനപ്പെട്ടവരെ കുറിച്ച് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളു. താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണ യോജിപ്പ്. കമന്റിനു നന്ദി...

  മറുപടിഇല്ലാതാക്കൂ
 4. നന്നായിട്ടുണ്ട് അനൂപ്...ഇന്ന് നാം കാണുന്ന ശാസ്ത്രീയ നേട്ടങ്ങള്‍ എല്ലാം തന്നെ (വിമാനവും ക്ലോനിങ്ങുമെല്ലാം ഉദാഹരണങ്ങള്‍
  ) നമ്മുടെ പുരാണങ്ങളിലും മറ്റും പണ്ടേ വിവരിച്ചിട്ടുണ്ട് എന്ന വാദം പലപ്പോഴും പല വിശ്വാസികളും ഉന്നയിക്കാറുണ്ട് .....എത്രയോ ആളുകളുടെ അനേക വര്‍ഷങ്ങളുടെ നിരന്തര നിരീക്ഷണ പരീക്ഷണങ്ങളെ ഇത്രയ്ക്ക് വിലകുറച്ച് കാണുന്ന അത്തരം ആളുകളോട് സഹതപിക്കാം ......

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....