അറബ് രാജ്യങ്ങളില്‍ മറ്റുമതങ്ങളുടെ പ്രചാരണം അനുവദിക്കാത്തത് ശരിയല്ല എന്ന് യൂറോപ്യന്മാരുടെ മുന്നില്‍ പറയുകയും എന്നാല്‍ ഉറുദുവിലെ ചര്‍ച്ചയ്ക്കിടെ അത് ശരിയാണ് എന്ന് വാദിക്കുകയും ചെയ്യുന്ന സക്കീര്‍ നായിക്കിന്റെ കാപട്യ ത്തെക്കുറിച്ചല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് അതിലെ ജനാധിപത്യ വിരുദ്ധതയെ കുറിച്ചാണ്. മതവും വിശ്വാസങ്ങളും ഒക്കെ സമൂഹത്തിന്റെ ഭാഗമാണ്. മതപ്രചാരണവും മതവിശ്വാസവും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും വ്യക്തിപരമായ അവകാശങ്ങളുമാണ്. വര്‍ഗീയതയും കപടമായ പ്രചാരണങ്ങളും എതിര്‍ക്കപ്പെടണം എങ്കിലും മേല്‍പ്പറഞ്ഞ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ അതുകൊണ്ടുതന്നെ ചെറുക്കപ്പെപ്പെടേണ്ടതുണ്ട്.
ആ വീഡിയോയുടെ അടിയില്‍ എഴുതി വെച്ചിരിക്കുന്നതിനോടൊന്നും യാതൊരു യോജിപ്പുമില്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇവിടെ സക്കീര്‍ നായിക്ക് പറയുന്നത് ഇങ്ങനെയാണ്. മറ്റു മതങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല; തന്റെ മതം മാത്രമാണ് ശരി. അതിനു കാരണമായി പറയുന്നത് ഇതാണ്. തന്റെ മതത്തില്‍ രണ്ടും രണ്ടും നാലാണ്, മറ്റുമതങ്ങളില്‍ അത് മൂന്നും അഞ്ചും ഒക്കെയാണ്. (ഇതെന്തു കോപ്പിലെ ലോജിക്കാണ് എന്നാവും നിങ്ങള്‍ ഇപ്പൊ ചിന്തിക്കുക. സക്കീര്‍ നായിക്കിന്റെയും ഗോക്രിയുടെയും വാദങ്ങള്‍ കേട്ടിട്ടുള്ളവര്‍ ഇത് കേട്ട് അത്ഭുതപ്പെടുകയൊന്നുമില്ല, കാരണം ഈ രീതി തന്നെയാണ് അവര്‍ എല്ലാ കാര്യങ്ങളിലും പിന്തുടരുന്നത്.) ഇനി മതപരിവര്‍ത്തനത്തിനും മറ്റു മതങ്ങളുടെ പ്രചാരണത്തിനും എതിരായി ഗോക്രി പറയുന്നതോ, രണ്ടരലക്ഷം ക്രിസ്ത്യന്‍ മിഷനറിമാര്‍ മിനുട്ടില്‍ 29000 ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന്. (https://plus.google.com/103492654161045595043/posts/L5J7aDcNroK) അതായത് ഒരു മാസം മറ്റു മതത്തിലേക്ക് മാറുന്ന ഹിന്ദുക്കളുടെ എണ്ണം നൂറ്റി ഇരുപത്തഞ്ചു കോടി! കൂടുതല്‍ പറയണ്ടല്ലോ... ;)
ഈ മാതിരി ഉഡായിപ്പ് പരിപാടികളിലൂടെ ഈ ഫ്രാഡുകള്‍ ലക്ഷ്യമിടുന്നത് എന്താണ് എന്ന് വ്യക്തമാണ്. പേരുകളും രൂപങ്ങളും ഇടങ്ങളും മാത്രമേ മാറുന്നുള്ളൂ, ഇവര്‍ നാണയത്തിന്റെ ഇരു വശങ്ങളാണ്. വര്‍ഗ്ഗീയമായ മുതലെടുപ്പും അതുവഴിയുള്ള അധികാരവും പണവും തന്നെയാണ് ഈ മാതിരി ഐറ്റങ്ങളുടെ ജീവിതലക്ഷ്യം. മതത്തിന്റെ മറവില്‍ ഇവര്‍ കവര്‍ന്നെടുക്കുന്നത് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തെയാണ്. അതുകൊണ്ടുതന്നെയാണ് ഇവരെ വിമര്‍ശിക്കുന്നവര്‍ രൂക്ഷമായി ആക്രമിക്കപ്പെടുന്നത്. ഈ ഗോക്രിയും മറ്റുമാണോ, അതോ ഇവരെ വിമര്‍ശിക്കുന്നവര്‍ ആണോ പ്രോത്സാഹിപ്പിക്കപ്പെടെണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കുക.
ഇക്കൂട്ടരെ കരുതിയിരിക്കുക; അവന്‍ ഏതു രൂപത്തിലും വരും! ശുഭം! മംഗളം! അനൂപ് കിളിമാനൂര്‍ Photo courtesy: Suraj Rajan
മലയാള സൈബര്‍ ലോകത്തിന്റെ അഥവാ ബൂലോകത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് 'ഗോക്രി വധം'. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവ ഒന്നും ഇടപെടാതെ മാറി നിന്ന ഒരു വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന് ശാസ്ത്രീയമായി പൊളിച്ചടുക്കാന്‍ ധൈര്യം കാണിച്ചത് ബൂലോകമാണ്. ഡോ.(?) ഗോപാലകൃഷ്ണന്‍ അഥവാ 'ഗോക്രി'യുടെ ഉഡായിപ്പുകള്‍ കാലാകാലങ്ങളില്‍ ഉമേഷ്, സൂരജ്, കാല്‍വിനാദികള്‍ പൊളിച്ചടുക്കിയിട്ടുണ്ട്. അതിന്റെ കാലഗണനയുടെ ചെറിയൊരു അടയാളപ്പെടുത്തല്‍ കുറെ വര്‍ഷങ്ങളായി ഇവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ലേഖനങ്ങള്‍ പരിചയമില്ലാത്തവര്‍ ബൂലോകത്ത് കുറവായിരിക്കും. എങ്കിലും ഇനിയും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അറിയുവാനും അല്ലാത്തവര്‍ക്ക് ഒരു പെട്ടെന്നുള്ള റെഫറന്‍സ് ആയും ഈ എളിയ ശ്രമം പ്രയോജനപ്പെടും എന്ന് കരുതുന്നു.
"ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകള്‍ എന്ന്‍ പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളില്‍ നിന്നും ദര്‍ശന/തത്വ സംഹിതകളില്‍ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങള്‍ കൊണ്ട് മുട്ടന്‍ ഉഡായിപ്പ് "ശാസ്ത്രീയമായി" വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം - ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയന്‍സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം "ദേ ഞമ്മട കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!
ആശാന്റെ ഉഡായിപ്പുകള്‍ ഇപ്പോള്‍ പീസ് പീസായി യൂട്യൂബില്‍ വരുന്നുണ്ട്- ആശാന്റെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് (IISH) എന്ന സ്ഥാപനം അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളായി. എഷ്യാനെറ്റ് കേബിള്‍ വിഷന്‍, അമൃതാടീവി ചാനലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന "ഡോക്ടര്‍"ഗോപാലകൃഷ്ണന്റെ ഹൈന്ദവ ഇവാഞ്ചലിസം ഇനി ഭൗതികതയിലും ലൗകികതയിലും പെട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന വിദേശമലയാളിക്കുഞ്ഞുങ്ങള്‍ക്കും അവരുടെ "ഭാഗവതം" വായിക്കാന്‍ സമയം കിട്ടാതെ "life" ആകെ "empty" ആയിപ്പോയ തന്ത-തള്ളാര്‍ക്കും, കേട്ട് കുളിരാം. "തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയാഘാതം വരും", "പൗഡറിട്ടാല്‍ ക്യാന്‍സര്‍ വരും", "കെടാക്കപ്പായേന്ന് എണീറ്റുടനെ രണ്ട് ഗ്ലാസുവെള്ളം കുടിച്ചാല്‍ സ്ട്രോക്കും അറ്റാക്കും വരാതെ നോക്കാം" എന്ന് തുടങ്ങുന്ന മഹത്തായ സചിത്ര e-mail-കള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് പോലും നോക്കാതെ ഫോര്‍വേഡ് ചെയ്ത് ലോകത്തിന്റെ ആരോഗ്യവിജ്ഞാനത്തെ അനുനിമിഷം സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്ന ബംഗളൂരൂ-ഹൈദ്രാബാദി-മൈസൂറിയന്‍ പ്രൊഫഷനലുകള്‍ക്കും, "ജപ്പാനിലെ ഏതോ മൈക്രോചിപ്പ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ സ്ത്രീകള്‍ ആര്‍ത്തവമുള്ളപ്പോള്‍ കൈകാര്യം ചെയ്ത ചിപ്പ് മുഴുവന്‍ അടിച്ചു പോയി" എന്ന് ഉളുപ്പില്ലാതെ ഒരു ടോക് ഷോയില്‍ അടിച്ചുവിടാനും മാത്രം ഔദ്ധത്യമുള്ള ന്യൂറോസര്‍ജ്ജന്മാര്‍ക്കും ഇനി അഭിമാനത്തിന്റെ നാളുകളായിരിക്കും ! പ്രാചീന ഇന്ത്യയിലെ സംസ്കൃതചിത്തങ്ങളില്‍ നിന്ന് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ഡാര്വീനിയന്‍ പരിണാമസിദ്ധാന്തവുമൊക്കെ നുള്ളിപ്പെറുക്കിക്കൊടുക്കാന്‍ നമുക്കും ഉണ്ടായിരിക്കുന്നു ഒരു "ശാസ്ത്ര-ജ്ഞന്‍".... അതും “അനേകം” പി.എഛ്.ഡിയും എണ്ണമില്ലാത്തത്ര പേറ്റന്റുകളും ഉള്ള ഒരു ബയോക്കെമിസ്ട്രി വിദഗ്ധന്‍ ! ആനന്ദ ലബ്ധിക്കിനി എന്തര് വ്യേണം ? ആശാന്റെ ഒരു ഉഡായിപ്പ് പ്രസംഗം ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന് കേള്‍ക്കാനിടയായി. പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ എത്രയോ വികസിതമായിരുന്നു എന്ന്‍ സ്ഥാപിക്കലാണ് വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ അന്താരാഷ്ട്ര സ്പേയ്സ് സ്റ്റേഷന്‍ പോലും ഇവിടെയെങ്ങാണ്ട് ഉണ്ടായിരുന്നില്ലേ എന്ന് കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയില്‍ തോന്നും... അമ്മാതിരി കീച്ചാണ്..... സംസ്കൃതം കൊണ്ട് വയറിളക്കം... ഇംഗ്ല്ലീഷു കൊണ്ട് ഹാലിളക്കം... സയന്‍സ് കൊണ്ട് പടയിളക്കം.... ആകെ മൊത്തം ജഗപൊഗ...."
ഇവയാണ് ഈ വിഷയം സംബന്ധിച്ച് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന ലേഖനങ്ങള്‍. ലേഖനങ്ങളിലെ കമന്റുകളും വായിക്കാതെ വിടരുത്.
എന്നാല്‍ ഇത് ഓടിച്ചു നോക്കിയാല്‍ പോലും മനസിലാകുന്നത് പോലെ വിമര്‍ശനങ്ങള്‍ക്കും തുറന്നു കാട്ടപ്പെട്ട കള്ളത്തരങ്ങള്‍ക്കും പോള്ളത്തരങ്ങള്‍ക്കും യാതൊരു മറുപടിയും വിശദീകരണവും ഗോക്രി നല്‍കുന്നില്ല. മറിച്ചു വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കു മുതിരുക മാത്രമാണ് ആര്‍ഷഭാരത ഗവേഷക ആചാര്യ പ്രഭാഷക ശിരോമണി നല്‍കുന്നത്. 'DOGS will bark and the caravans will never stop, it will go to the market.' എന്ന ഗോക്രിയുടെ ഡയലോഗ് ആവണം ബൂലോകത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം പാരഡിവല്‍ക്കരിക്കപ്പെട്ട ഐറ്റം! തന്നെ പണ്ട് വിമര്‍ശിച്ചിരുന്ന ആള്‍ പിന്നീട് മാനസിക രോഗിയായെന്നും ഗോക്രിയെ വിമര്‍ശിച്ചതിനു കാളി ശപിച്ചതിനാല്‍ താന്‍ അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്നും ഒക്കെ പറഞ്ഞു ഗോക്രിക്ക് മെയ്ല്‍ അയച്ചു എന്നൊക്കെയാണ് പുള്ളി തട്ടി വിടുന്നത്. (ഗോക്രി മാനസിക രോഗി എന്നാക്ഷേപിച്ച ചന്ദ്ര ഹരി എഴുതിയ ലേഖനം ഇവിടെ: http://www.scribd.com/doc/14628554/Falsehood-on-Sale-Scientific-Meaning-of-Acharas ) തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതാവും സംഭവിക്കുക എന്ന ഭീഷണി വ്യംഗ്യം. ഗോക്രിയുടെ മാനസിക അവസ്ഥ എത്ര പരിതാപകരമാണ് എന്ന് ഈ ഒറ്റ സംഭവത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ഏതായാലും വിമര്‍ശിക്കപ്പെട്ട പ്രസംഗങ്ങളുടെ വീഡിയോകളെല്ലാം ഒന്നൊന്നായി യു-ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി എന്നത് ചരിത്രം.
രണ്ട് :
തന്റെ മുഖം മൂടികളൊക്കെ അഴിച്ചു മാറ്റി തികഞ്ഞ വര്‍ഗ്ഗീയവാദിയായി ഗോക്രി വീണ്ടും രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഈ വര്‍ഷമാദ്യം കണ്ടത്.
ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. അതിന്റെ ഭാഗമായി രണ്ടു ലേഖനങ്ങള്‍ malayal.am-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
"ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലെ PhD വച്ചോണ്ട് ശാസ്ത്രത്തെ തരം പോലെ വളച്ചും ഒടിച്ചു മടക്കിയും ഹൈന്ദവപുരാണങ്ങളടക്കം സകല ജിലേബി ഗുലാബിയിലും "സയന്റിഫിക്" വസ്തുത സ്ഥാപിച്ചെടുക്കാന്‍ ഡോ:ഗോക്രി (എന്‍ ഗോപാലകൃഷ്ണന്‍) നടത്തുന്ന ശ്രമങ്ങളെ മുന്‍പ് ഞങ്ങള്‍ പൊളിച്ച് കാണിച്ചിരുന്നു (link1;link 2;link 3;link 4). നല്ല ഒന്നാംക്ലാസ് സംഘപറിവാരിത്തത്തിന്റെ സാംസ്കാരിക പ്ലാറ്റ്ഫോം കേരളത്തിന്റെ മതേതര മണ്ണില്‍ പണിതെടുക്കലാണു ഈ ഗജഫ്രാഡിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ അന്ന് തന്നെ കമന്റുകളിലും ഓണ്‍ലൈന്‍ ഇടപെടലുകളിലുമായി സൂചിപ്പിച്ചിരുന്നു. ഇയാളെ എതിര്‍ക്കുന്ന ഇന്ത്യയിലെ യുക്തിവാദികള്‍ക്ക് വിദേശ ക്രൈസ്തവ മിഷണറികളുടെ ഫണ്ട് കിട്ടുന്നുണ്ടെന്നൊക്കെ ഇടയ്ക്ക് അണ്ണന്‍ വച്ച് കീച്ചുന്നതും യൂട്യൂബില്‍ കണ്ടിരുന്നു.
ഇപ്പോള്‍ അണ്ണന്‍ ഇതാ കപടവിനയത്തിന്റെ മുഖം മൂടിയൊക്കെ പറിച്ച് കളഞ്ഞ് നല്ല അസ്സല്‍ തൃശൂലവടിവാള്‍-ധാരിയായി ഇറങ്ങിയിരിക്കുന്നു : സ്വന്തം മതത്തിന്റെ വക്കീലുകളിക്കുമ്പോള്‍ ഗാന്ധാരി ഗര്‍ഭം കലക്കി മാംസപിണ്ഡത്തെ പ്രസവിച്ച കഥ ക്ലോണിംഗിന്റെ മഹാ ഉദാഹരണമായി വരെ വച്ച് കീച്ചുന്ന അണ്ണനു പക്ഷേ ബൈബിളിലെ പഴയനിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു രക്ഷയുമില്ലാത്ത "അന്ധത"യാണ്. ബൈബിളില്‍ പറയുന്ന "യഹോവ" എന്ന സെമൈറ്റിക് ദൈവം അടിമുടി ഒരു ഗുണ്ടാ കൊണാപ്പനാണെന്നാണു ആശാന്‍ വാദിച്ച് കൊണ്ടുവന്ന് നിര്‍ത്തുന്നത്. കൃസ്ത്യാനിയെന്ന് പറയുന്ന കൂട്ടര് കാലത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതേ ഇന്നാരെ മതം മാറ്റാം എന്ന് ധ്യാനിച്ചോണ്ടാണെന്നാണു അണ്ണന്‍ പറഞ്ഞ് വരുന്നതിന്റെ സാരം."
മൂന്ന് :
ഗോക്രിത്തരങ്ങളുടെ പുതിയ അദ്ധ്യായം ഇങ്ങനെയാണ്. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐ.ഐ.ടി. മദ്രാസില്‍ വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ചടങ്ങിലെ പ്രഭാഷകന്‍ ആയി ഗോക്രി എത്തുന്നു.
വിഷയം: Indian Science(നെ എങ്ങനെ നാണം കെടുത്താം)
വീഡിയോ ചുവടെ.
പണ്ടേ പൊളിഞ്ഞടുങ്ങിയ വാദങ്ങളില്‍ ചിലത് ഗോക്രി ഇവിടെ വന്നു ഒരു ഉളുപ്പും ഇല്ലാതെ തട്ടിവിടുന്നു. ഈ പ്രഭാഷണ ആഭാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഐ.ഐ.ടി മദ്രാസ് കമ്മ്യൂണിറ്റി അംഗം ജവാലിയും ഡോ.സൂരജ് രാജനും കൂടി പോളിച്ചടുക്കുന്നു.
ലേഖനത്തിന്റെ ആമുഖം ഇങ്ങനെ:
"The mistake of inviting a man, whose main hobby is bad mouthing other religions (while never applying the same arguments to Hindu religion), who unabashedly shouts inaccurate facts to blatant lies, is not just a matter of bad selection but also a breach of the constitutional ideal of government (and its institutions) being secular. As rationalists committed to secularism (one of the authors being a member of the IITM community too), we find it both shocking and ridiculous, and are of the opinion that public interest is being served by writing this critique. Majority of his claims were hugely distorted or wrong. His arguments were basically clichéd right-wing ideals that give instant orgasm to the proponents of cultural nationalism and his conclusions were not only preposterous but also dangerous."
തുടര്‍ന്ന് വൈശാഖന്‍ തമ്പി തന്റേതായ രീതിയില്‍ ഇതിനെ പൊളിച്ചടുക്കിക്കൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് ഇടുന്നു. അത് പിന്നീട് malayal.am-ല്‍ പ്രസിദ്ധീകരിച്ചു. ലേഖനത്തില്‍ നിന്ന്.. "ആദ്യം തന്നെ താന്‍ ഫ്രീ ആയിട്ടല്ല, സംഘാടകരുടെ ചെലവിലാണ് വേദിയില്‍ നില്‍ക്കുന്നത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് രാജ്യസേവകന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീമാന്‍ ഡാക്ടര്‍ ഗോക്രി തന്‍റെ വായിട്ടലപ്പ് തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സംസ്കൃതം അറിയില്ല എന്ന കാര്യം തമാശരൂപത്തില്‍ പറയുന്നുമുണ്ട്. അത് തന്നെയാണ് ആശാന്‍റെ പ്രധാന ആയുധം. സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് ആശാന്‍ എന്ത് അര്‍ത്ഥം പറയുന്നോ, അത് തന്നെ അതിന്റെ അര്‍ത്ഥം.
"വിദ്യാം ച അവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യുമ് തീര്‍ത്വ വിദ്യയാ അമൃതമഷ്ണുതെ”
എന്നിട്ട് വിശദീകരണം ഇങ്ങനെ, “what is vidya? eternal spiritual knowledge! what is avidya? external experimentable scientific knowledge!” ഹോ കേട്ടിട്ടു കുളിര് കോരുന്നു. ഈ ശ്ലോകത്തില്‍ അവിദ്യ എന്നതുകൊണ്ട് ‘external experimentable scientific knowledge’ അല്ല അര്‍ഥമാക്കുന്നത് എന്നു മനസിലാക്കാന്‍ ഈയുള്ളവന്‍ അഞ്ചു വര്‍ഷം പഠിച്ച സംസ്കൃതം ആവശ്യമില്ല. കാരണം ഉപനിഷത്തുക്കള്‍ എഴുതപ്പെടുന്ന സമയത്ത് Experimentable knowledge എന്നൊരു സങ്കല്‍പ്പമേ ഇല്ല. ആധുനികശാസ്ത്രം ആരംഭിക്കുന്ന AD 15 ആം നൂറ്റാണ്ടിലാണ് പരീക്ഷണം/experiment അറിവിന്റെ ഭാഗമാകുന്നത്. അതുവരെ നിരീക്ഷണം/observation മാത്രമേ ഉള്ളൂ. അവിദ്യ എന്നാല്‍ വിദ്യ ഇല്ലാത്ത അവസ്ഥ. അത് മനസിലാക്കാന്‍ മലയാളം അറിയാവുന്ന, സ്കൂളില്‍ പഠിക്കാന്‍ വിട്ട സമയത്ത് മാവില്‍ എറിയാന്‍ പോകാതിരുന്ന ആര്‍ക്കും കഴിയും.
ഒരു സ്പാനിഷ് ദിനപ്പത്രം എടുത്ത് നിങ്ങള്‍ ഒരു വിദ്യാസമ്പന്നനായ സാധാരണക്കാരന്റെ കൈയില്‍ കൊടുത്തിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ പറഞ്ഞാല്‍ മിക്കവാറും “ഏയ് ഇത് ഇംഗ്ലീഷ് അല്ല. എനിക്കിത് അറിയില്ല” എന്നായിരിക്കും അയാള്‍ പറയുക. എന്നാല്‍ അതേ സാധനം ഒരു അഞ്ചാം ക്ലാസുകാരന്റെ കൈയില്‍ കൊടുത്തുനോക്കൂ. അയാള്‍ അത് പുല്ലുപോലെ വായിക്കും. കാരണം, അയാള്‍ക്ക് അത് ഇംഗ്ലീഷ് ഭാഷ അല്ല എന്ന് മനസിലാക്കാന്‍ മിക്കവാറും കഴിയില്ല. Quantum entanglement എടുത്ത് പ്രയോഗിക്കുന്ന ഗോക്രിയെ കാണുമ്പോള്‍ ആ അഞ്ചാം ക്ലാസുകാരനെയാണ് ഓര്‍മ വരുന്നത്. കാരണം ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്ന spin എന്ന വാക്കും ക്വാണ്ടം ഫിസിക്സിലെ spin എന്ന വാക്കും തമ്മില്‍ വ്യത്യാസമുണ്ട്.
ക്വാണ്ടം ഫിസിക്സ് അനുസരിച്ചു പഴഞ്ചൊല്ല് പറഞ്ഞാല്‍, ഇലക്ട്രോണ്‍ വാ പൊളിക്കുന്നത് കണ്ട് ഫുട്ബോള്‍ വാ പൊളിക്കരുത് എന്ന്‍ മാറ്റി പറയേണ്ടി വരും. ഇതൊന്നും അറിയാതെയാണ് ഗോക്രി കവലപ്രസംഗം പോലെ quantum entanglement എടുത്ത് കാച്ചുന്നത്. എന്നിട്ട് ഇത് പറഞ്ഞ നാസയിലെ അമിത് ഗോസ്വാമി എന്ന ശാസ്ത്രജ്ഞന്‍റെ പേര് കൂടി ഒരു ബലത്തിന് ഗോക്രി എടുത്ത് പ്രയോഗിക്കുന്നുണ്ട്. അമിത് ഗോസ്വാമി യൂജീന്‍ സര്‍വകലാശാലയിലെ Theoretical Physics വകുപ്പിലെ പ്രൊഫസറാണ് എന്നും നാസയുമായി അദേഹത്തിന് ബന്ധമൊന്നും ഇല്ല എന്നും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതൊക്കെ കേട്ടു കൈയടിച്ചുപോവും." മുഴുവന്‍ ഇവിടെ വായിക്കുക...
ഇതിനു നേരിട്ട് തന്നെ ഗോക്രി യു-ട്യൂബിലൂടെ 'മറുപടി' നല്‍കി. അത് ഇവിടെ..
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഗോക്രിക്ക് ഒരു മാറ്റവുമില്ല എന്ന് നമുക്ക് മനസിലാക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഇതുകൊണ്ടുണ്ടായ ഏക പ്രയോജനം. കാരവാന്റെ ചന്തയില്‍ പോക്ക് പഴേ റൂട്ടില്‍ തന്നെ. വസ്തുതകള്‍ക്ക് നേരിട്ട് മറുപടി നല്‍കുകയോ വിമര്‍ശനങ്ങളെ ആരോഗ്യകരമായി സമീപിക്കുകയോ ചെയ്യാതെ പതിവുപോലെ വ്യക്തിപരമായ ആക്ഷേപങ്ങളില്‍ മുഴുകുകയാണ് ഗോക്രി. പിന്നെ ഏതൊക്കെയോ പുസ്തകങ്ങള്‍ എടുത്തു അവിടെയും ഇവിടെയും കുറച്ചൊക്കെ വായിച്ചു 'കണ്ടാ ലവനെ ഞാന്‍ പോളിച്ചടുക്കിയെ' എന്ന് പറയുമ്പോള്‍ വായും പൊളിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.
ഇതിനു വളരെ നല്ല മറുപടി ഫെയ്സ്ബുക്കിലൂടെ വൈശാഖന്‍ തമ്പിനല്കി. അത് ഇവിടെ..
ഇതില്‍ പുള്ളിയെ 'ഗോക്രി' എന്ന് വിളിച്ചതിന് വൈശാഘന്‍ മാപ്പ് പറയുന്നത് കണ്ടു. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഇങ്ങേരുടെ കയ്യിലിരുപ്പു വെച്ചിട്ട് ഇതൊക്കും വിളിച്ചാല്‍ പോര. ബാക്കി ഭാഗത്തിന് 'ക്ലാപ്പ്സ്, ക്ലാപ്പ്സ്'. ആ കുറിപ്പില്‍ നിന്നും...
"അന്യമതങ്ങളെ പുച്ഛിക്കുന്ന ഈ സംസ്കാരം ആര്‍ഷഭാരതീയമാണ് എന്ന് സര്‍ അവകാശപ്പെടുന്നു.ഭാരതത്തിലെ ഏക ഡീ.ലിറ്റ് ശാസ്ത്രജ്ഞന്‍ ആയ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെപ്രായത്തെയും, അനുഭവത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ. എഴുത്തും വായനയും അറിയാവുന്നതുകൊണ്ട്, അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും കുറേയൊക്കെ ഈയുള്ളവനും വായിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും ഒരുമതവിശ്വാസത്തിനും അടിയറവ് വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ ഒരു മനസ് വെച്ചു ഞാനും കുറേയൊക്കെ മനസിലാക്കിയിട്ടുണ്ട്. ലോകത്ത് ഒരു സംസ്കാരവും പെര്‍ഫക്റ്റ് ആയിരുന്നില്ല. കാലഘട്ടത്തിന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളാത്ത ഒരു അറിവും ഒരു കാലത്തും എങ്ങും ഉണ്ടായിരുന്നില്ല. മാതൃരാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെ ഉയര്ത്തിക്കാട്ടുമ്പോഴുംഅതിനെ അതിന്റെ കുറവുകളോടെ സ്വീകരിക്കുകയുംഅന്യസംസ്കാരങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നതാണ് അടിയന്റെ കണ്ണില്‍ യഥാര്‍ത്ഥസംസ്കാരം. എന്നെ പ്രസവിച്ച സ്ത്രീ എന്നെ സംബന്ധിച്ചു പരമപൂജ്യ ആയിരിയ്ക്കും, അവര്‍ എന്റെ അമ്മയാണ്. അതിനര്‍ത്ഥം അവര്‍ ലോകത്തെ ഏറ്റവും ഉത്തമയായ സ്ത്രീ ആണെന്നല്ല, മറ്റ് സ്ത്രീകള്‍ മോശക്കാരാണെന്നതും അല്ല. അന്യമതങ്ങളോടും 'സായിപ്പ് ചവച്ചുതുപ്പിയത് തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അന്യസംസ്കാരങ്ങളോടും അങ്ങ് പുലര്‍ത്തുന്ന ഈ പുച്ഛമുണ്ടല്ലോ, ഇതിനെയാണ് ഞങ്ങള്‍, സംസ്കൃതത്തില്‍ ഡീ.ലിറ്റ് ഇല്ലാത്ത പാവങ്ങള്‍, വര്‍ഗീയവാദം എന്ന് പറയുന്നത്. അങ്ങ് ഘോരഘോരം വാദിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് ജാതിവ്യവസ്ഥയും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനും അവര്‍ക്കിടയിലെ സഹോദരിമാര്‍ക്ക് മാറ് മറയ്ക്കാനും ഉള്ള വിലക്കുകളും അങ്ങനെ എണ്ണമറ്റ അനാചാരങ്ങളും നിലനിന്നിരുന്നത്. അതിനെയൊന്നും ഇന്ന് കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പോരായ്മയായിരുന്നു എന്ന് കരുതി മാറ്റത്തെ സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് അടിയന്റെ ഭാരതസംസ്കാരം. ഞാന്‍ കണ്ട ഹിന്ദുസംസ്കാരം അന്യമതങ്ങളെയും സംസ്കാരങ്ങളെയും പുച്ഛിക്കുന്ന ഒന്നായിരുന്നില്ല. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറഞ്ഞ, അന്യ മതങ്ങളെ ഇവിടെ വളരാന്‍ അനുവദിച്ച ഒന്നായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ച് പ്രോല്‍സാഹിപ്പിച്ചതുകൊണ്ട് ഭാരതത്തില്‍ രൂപം കൊള്ളുന്ന അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ച്ചാത്തലത്തില്‍ അങ്ങേയ്ക്ക് കുറേയൊക്കെ വിജയിക്കാന്‍ സാധിച്ചേക്കാം. ഇങ്ങനെ വര്‍ഗീയവാദവും അന്ധവിശ്വാസങ്ങളും പ്രോല്‍സാഹിപ്പിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി അങ്ങ് കടന്നുപോവും. ഇത് കണ്ട് വര്‍ഗീയവാദികളായി വളര്‍ന്ന് വരുന്ന ഒരു തലമുറ അങ്ങ് കപട ആദരവ് കാണിക്കുന്ന ഈ മഹത്തായ സംസ്കാരത്തെ നശിപ്പിക്കും. അങ്ങേക്കിത് സര്‍വജ്ഞപീഠത്തിന്റെ മുകളില്‍ ഇരുന്ന്‍ ആസ്വദിക്കാം.
ഗോപാലകൃഷ്ണന്‍ സാര്‍ തലങ്ങും വിലങ്ങും പറയുന്ന ശ്ലോകങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങാന്‍, അടിച്ചു കിണ്ടിയായി കസേരയില്‍ ഇരിക്കുന്ന ഗര്‍വാസീസ് ആശാന്‍മാര്‍ അല്ല ഇവിടത്തെ ചിന്തിക്കുന്ന പൊതുജനം എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിക്കുന്നതു സ്വതന്ത്രമായി ചിന്തിക്കുന്നവരോടാണ്. ഞാന്‍ എഴുതിയതും അങ്ങ് തന്ന മറുപടിയും താരതമ്യം ചെയ്തു നെല്ലും പതിരും വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിയും എന്നെനിക്ക് ഉറപ്പാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവരുടെ നികുതിപ്പണം കൊണ്ട് നേടിയ അറിവുകള്‍ പങ്ക് വെക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുള്ളവര്‍ സ്വയം അന്വേഷിക്കട്ടെ. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്ത് അവര്‍ക്കുള്ള വിവരങ്ങള്‍ വളരെ സുലഭമാണ്. സ്വയം അന്വേഷിക്കുവാന്‍ മടിയുള്ളവരോ അന്വേഷിച്ചിട്ട് ഞാന്‍ പറയുന്നതു തെറ്റാണെന്ന് തോന്നുന്നവരോ അങ്ങയെ ആരാധിക്കട്ടെ."
ശോഭയെന്നൊരു കന്യ പ്രകാശത്തെക്കാളൊ- ട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ ഒരു നാളവള്‍ ഐന്‍സ്റ്റീന്‍ രീതിയില്‍ പുറപ്പെട്ടാള്‍ തിരിച്ചു വീടെത്തിനാളത്ഭുതം , തലേ രാവില്‍ .. -Geri Taran
ലാര്‍ജ് ഹാഡ്രോണ്‍ കൊള്ളയ്ഡറും ന്യൂടിനോകളും പ്രകാശത്തിന്റെ വേഗവുമൊക്കെ
വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ശാസ്ത്രലോകത്തെ
കുറച്ചുകാലത്തേയ്ക്കെങ്കിലും ഞെട്ടിച്ച 'പ്രകാശത്തെക്കാള്‍ വേഗമുള്ള
ന്യൂട്രിനോ' പരീക്ഷണം നടത്തിയ 'OPERA' ഗ്രൂപ്പിന്റെ തലവനായിരുന്ന പ്രൊഫ.
അന്റോണിയോ ഏറഡിറ്റാറ്റോ ആ സ്ഥാനം രാജി വെച്ചു. അദ്ദേഹത്തിന്റെ
രാജിക്ക് ഗ്രൂപ്പിനുള്ളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നും
വാര്‍ത്ത ഉണ്ട്. കഴിഞ്ഞ സെപ്റ്റംപറിലാണ് ശാസ്ത്രലോകത്തെ മുഴുവന്‍
ഞെട്ടിച്ചു കൊണ്ട് പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂട്രിനോ കണങ്ങള്‍
സഞ്ചരിച്ചു എന്ന പരീക്ഷണഫലം 'ഒപേര' പുറത്തുവിടുന്നത്. എന്നാല്‍
ജി.പി.എസ്സിനെ ക്ലോക്കുമായി ബന്ധിപ്പിക്കുന്ന ഒപ്ടിക്കല്‍ ഫൈബറിലെ തകരാറ്
നിമിത്തമാണ് ഇതു സംഭവിച്ചതെന്നും യഥാര്‍ത്ഥത്തില്‍ പ്രകാശത്തിനേക്കാള്‍
വേഗത്തില്‍ ന്യൂട്രിനോ സഞ്ചരിച്ചില്ല എന്നും ഈ അടുത്ത് വെളിപ്പെട്ടിരുന്നു.
ആദ്യമായി ന്യൂട്രിനോയുടെ വേഗം പ്രകാശത്തെ മറികടന്നു എന്ന പരീക്ഷണഫലം
ലഭിച്ചപ്പോള്‍ അതു വിശ്വസിക്കാന്‍ 'ഒപെര' ടീം കൂട്ടാക്കിയിരുന്നില്ല.
അങ്ങനെ ഒരു നിരീക്ഷണഫലം ഇന്നത്തെ ശാസ്ത്രത്തിന്റെ അടിത്തറ തന്നെ
അട്ടിമറിക്കുമെന്ന് അവര്‍ക്കറിയാവുന്നത് തന്നെ കാരണം. അതിനെപ്പറ്റി ഇവിടെ (ശാസ്ത്രം ചരിത്രസന്ധിയില്‍ - മൂന്ന്: ഐന്‍സ്റ്റീന്‍ യുഗം)
വിശദമാക്കിയിട്ടുണ്ട്. അതിനാല്‍ നിരീക്ഷണത്തില്‍ എന്തെങ്കിലും ഒരു
പിഴവിനായി അവര്‍ പതിനയ്യായിരത്തോളം പ്രാവശ്യം അവര്‍ പരീക്ഷണം
ആവര്‍ത്തിച്ചു. സ്വിസ്സിലെ ഒരു ലാബില്‍ നിന്നും 730 കിലോമീറ്റര്‍ അകലെ
ഇറ്റലിയിലെ ഒരു നിരീക്ഷണകേന്ദ്രത്തിലെയ്ക്ക് ന്യൂട്രിനോകളെ അയച്ചാണ് അവര്‍
പരീക്ഷണം നടത്തിയത്. പ്രകാശത്തെക്കാള്‍ വെറും മൈക്രോസെക്കണ്ടുകളുടെ
വ്യത്യാസമാണ് ന്യൂട്രിനോകളുടെ ചലനത്തില്‍ അവര്‍ കണ്ടെത്തിയത് എന്നും
ഓര്‍ക്കുക. എന്നാലപ്പോഴും അവര്‍ക്ക് അതേ ഫലം തന്നെ ലഭിച്ചു കൊണ്ടിരുന്നു.
അതിനെത്തുടര്‍ന്നാണ് അവര്‍ ഈ പരീക്ഷണഫലം പരസ്യമാക്കിയത്.
യഥാര്‍ത്ഥത്തില്‍
ഐന്‍സ്ടീനു തെറ്റ് പറ്റി എന്ന് അവകാശവാദം ഉന്നയിക്കുകയല്ല, മറിച്ച്
തങ്ങള്‍ക്കു പറ്റിയ തെറ്റ് എന്താണെന്ന് കണ്ടുപിടിക്കൂ എന്നാണ് അവര്‍
ലോകത്തോട് ആവശ്യപ്പെട്ടത്. അവര്‍ തങ്ങളുടെ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഇതിനായി പരസ്യപ്പെടുത്തി.
ഇതിനെത്തുടര്‍ന്ന് ഈ പരീക്ഷണം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഈ പരീക്ഷണം
ചെലവേറിയതും വന്‍സന്നാഹങ്ങള്‍ ആവശ്യപ്പെടുന്നതുമായ ഒന്നാണ്. അങ്ങനെ വീണ്ടും
പലപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടപ്പോളാണ് 'ഒപേര' പരീക്ഷണത്തിലെ പിഴവ്
വെളിപ്പെട്ടത്. പ്രകാശത്തിന്റെ വേഗത്തില്‍ തന്നെയാണ് ന്യൂട്രിനോ
സഞ്ചരിക്കുന്നത് എന്ന് ഇപ്പോള്‍ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെ ഒരു
നൂറ്റാണ്ടിനിപ്പുറവും മാനവ വിജ്ഞാനത്തിലെ ഏറ്റവും ഫലപ്രദവും മികച്ചതുമായ
സിദ്ധാന്തമായി നിലകൊള്ളുന്ന ഐന്‍സ്ടീന്റെ 'ആപേക്ഷികതാ സിദ്ധാന്തം'
തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പാക്കി. 'ആപേക്ഷികതാ സിദ്ധാന്തം'
അടിസ്ഥാനമാക്കി പ്രപഞ്ച സത്യങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നവര്‍ക്ക് ഇനി
കൂടുതല്‍ ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകാം. ഇവിടെയാണ് ശാസ്ത്രം
അതിന്റെ ഏറ്റവും മികച്ചതും പുരോഗമനപരവുമായ മുഖം വെളിവാക്കുന്നത്. അതു
തന്നെയാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാമുഖ്യം ഏറിവരുന്ന ഈ
അവസരത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത. അതിവയാണ്.
ഒന്ന്)
ഐന്‍സ്റ്റീന്‍ മാനവവൈജ്ഞാനിക മേഖലയിലെ ഏറ്റവും തിളക്കമുള്ള
വ്യക്തിത്വമാണ്. ശാസ്ത്രം ഒരു മതമായിരുന്നെങ്കില്‍ അതിലെ ദൈവപുത്രനോ
പ്രവാചകനോ ഒരു പക്ഷെ ദൈവം തന്നെയായോ ഐന്‍സ്റ്റീന്‍ വാഴ്തപ്പെടുമായിരുന്നു.
എന്നുകരുതി ഐന്‍സ്റ്റീനൊ അതുപോലെ മറ്റാരെങ്കിലുമോ പറയുന്നത്, അത് അവര്‍
പറയുന്നു എന്നതുകൊണ്ടുമാത്രം ശാസ്ത്രസമൂഹം അംഗീകരിക്കില്ല. പകരം അവരുടെ
സിദ്ധാന്തങ്ങളും നിഗമനങ്ങളും വിമര്‍ശനബുദ്ധിയോടെയുള്ള നിരന്തരമായ
പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കും. എന്ന്
തെറ്റാണെന്ന് തെളിയിക്കപ്പെടുന്നോ അന്ന് വരെയോ ഉള്ളൂ എത്ര വലിയ
സിദ്ധാന്തത്തിന്റെയും നിലനില്‍പ്പ്.
അത് പറയുമ്പോള്‍ ആപേക്ഷികതാ സിദ്ധാന്തം
ആദ്യകാലത്ത് നേരിട്ട എതിര്‍പ്പിനെക്കുറിച്ചും ഓര്‍ക്കണം.
പാരമ്പര്യവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നവ ആയിരുന്നില്ല ഈ
സിദ്ധാന്തത്തിലെ നിഗമനങ്ങള്‍. ഈ സിദ്ധാന്തം തെളിയിക്കുക ഒട്ടും എളുപ്പവും
ആയിരുന്നില്ല. ഒടുവില്‍ ഐന്‍സ്റ്റീന്റെ ഏറ്റവും വലിയ അനുയായി ആയിരുന്ന
ആര്‍തര്‍ എടിങ്ങ്ടണും കൂട്ടരും 1919-ലെ സൂര്യഗ്രഹണ സമയത്ത് ബ്രസീലിലും
ആഫ്രിക്കയിലും ഒരേസമയം സാഹസികമായി നടത്തിയ പരീക്ഷണമാണ്
ഈ സിദ്ധാന്തത്തിനു ഏറ്റവും വലിയ തെളിവായി മാറിയത്. ഇങ്ങനെ
കാലാകാലങ്ങളായുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഏതൊരു സിദ്ധാന്തവും
അംഗീകരിക്കപ്പെടുന്നതും വിപുലീകരിക്കപ്പെടുന്നതും. അല്ലാതെ 'ഇത്
പ്രവാചകന്റെ മുടിയാണ്, ഇത് കത്തില്ല' എന്നാരെങ്കിലും പറഞ്ഞാല്‍ അത്
അംഗീകരിക്കാന്‍ ശാസ്ത്രബോധമുള്ളവര്‍ക്ക് കഴിയില്ല. ഏതു മുടിയും
കത്തിച്ചാല്‍ കത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ കത്താത്ത
മുടിയുണ്ടെങ്കില്‍ അത് പരീക്ഷണം നടത്തി തെളിയിക്കാനുള്ള ചങ്കുറപ്പ്
അങ്ങനത്തെ അവകാശവാദം ഉള്ളവര്‍ കാണിക്കണം. അങ്ങനെയുള്ള ധൈര്യം ഇവര്‍ക്കില്ല
എന്നിടത്ത് തന്നെയാണ് ഈ മാതിരി ഉഡായിപ്പുകളുടെ പൊള്ളത്തരം വെളിവാകുന്നത്.
അവിടെയാണ് ശാസ്ത്രബോധമുള്ളവര്‍ ഇവയെയൊക്കെ നിരാകരിക്കുന്നതും.
രണ്ട്)
എഡിസണ്‍ ആയിരം വട്ടം ശ്രമിച്ചിട്ടാണ് ബള്‍ബിന്റെ ഫിലമെന്റ്റ്
കണ്ടുപിടിച്ചത് എന്ന് നാം കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന സംഗതിയാണ്.
എന്നാല്‍ ഇവിടെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ നിരീക്ഷണഫലം ശരിയാണോ
എന്നുറപ്പിക്കാന്‍ പതിനയ്യായിരം വട്ടമാണ് പരീക്ഷണം ആവര്‍ത്തിച്ചത്. സാധാരണ
പരീക്ഷണങ്ങളെ അപേക്ഷിച്ച് അത്യധ്വാനവും പരിശ്രമവും ചെലവും ഉള്ളതാണ് ഈ
പരീക്ഷണം എന്നോര്‍ക്കുക. എന്നിട്ടാണ് അവര്‍ ലോകത്തോട് ഈ വിവരം
വിളിച്ചുപറഞ്ഞത്. അല്ലാതെ അവര്‍ രാത്രി ഉറക്കത്തില്‍ സ്വപ്നം കണ്ട
കാര്യമൊന്നും അല്ലയിത്. എന്നിട്ടും അതിനെ വീണ്ടും വീണ്ടും
പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയാണ് ശാസ്ത്രസമൂഹം ചെയ്തത്. ഒടുവില്‍ അതിലെ
തെറ്റ് കണ്ടുപിടിക്കുന്നതില്‍ നാം വിജയിക്കുക തന്നെ ചെയ്തു. അതാണ്
ശാസ്ത്രത്തിന്റെ രീതി, അതിന്റെ വിജയവും.
'മനുഷ്യര്‍ക്ക്
പ്രപഞ്ചത്തെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിയില്ല അതിനു ഞങ്ങളുടെ
മതത്തില്‍ ചേരൂ', 'ശാസ്ത്രം ഇതു വരെ കണ്ടുപിടിച്ചതെല്ലാം തങ്ങളുടെ
കിതാബുകളിലുണ്ട്' എന്നൊക്കെ വെച്ച് കീറുന്നവര്‍ ഈ അധ്വാനത്തിന്റെ ശക്തിയും
മഹത്വവും ഇനിയെങ്കിലും മനസിലാക്കുക. യാതൊരു അധ്വാനവും നടത്താന്‍
മനസ്സില്ലാത്ത ചില ഗോക്രിമാര്‍ മതഗ്രന്ഥങ്ങളെ തോന്നുന്ന രീതിയില്‍
വ്യാഖ്യാനിച്ച് 'ഓ ഈ കണ്ടുപിടിത്തമോക്കെ പണ്ടേ നമ്മുടെ ആള്‍ക്കാര്‍
നടത്തിയതാ' എന്നും പറഞ്ഞു ആളെ പറ്റിച്ചു ജീവിക്കുകയാണ് എന്ന്
മനസ്സിലാക്കാനുള്ള ബോധമെങ്കിലും അഭ്യസ്തവിദ്യര്‍ എന്ന്
അവകാശപ്പെടുന്നവര്‍ക്ക് ഉണ്ടാവണം. അതിനുപോലും കഴിയുന്നില്ലെങ്കില്‍ തങ്ങള്‍
വിദ്യാഭ്യാസം എന്നും പറഞ്ഞു കുറെ വര്‍ഷം പാഴാക്കിക്കളയുകയാണ് ചെയ്തത്
എന്നുമാത്രം അറിയുക.
ശാസ്ത്രം വളരുന്നത് യുക്തിയും അധ്വാനവും അറിവും സമ്മേളിക്കുമ്പോഴാണ്.
അതുകൊണ്ടുതന്നെ ആത്യന്തികമായി ശാസ്ത്രം വിജയിക്കുക തന്നെ ചെയ്യും,
മനുഷ്യനും...
'പ്രേസ്ട്ടീജിനെയും ഇന്സപ്ഷനെയും ഇഷ്ടപ്പെടുന്ന, അനുകൂലിക്കുന്ന ആള്‍ എന്തുകൊണ്ടാണ് ഏഴാം അറിവിനെ എതിര്‍ക്കുന്നത്?' 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്എന്ന എന്റെ പോസ്റ്റുമായി ബന്ധപെട്ടു ആനന്ദ് ചോദിച്ച ചോദ്യാണിത്. അതിനു വിശദമായി മറുപടി പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്. ആ ചോദ്യം ചോദിച്ച ആനന്ദിന് നന്ദി, അതുകൊണ്ടാണല്ലോ ഈ പോസ്റ്റ്.
പ്രെസ്ടീജിനെപ്പറ്റിയും ഇന്സെപ്ഷനെപ്പറ്റിയും ആനന്ദ് പറഞ്ഞത് കൊണ്ട് ക്രിസ്ടഫര്‍ നോളനെക്കുറിച്ചു കൂടി പറയട്ടെ. സിനിമാ ചരിത്രത്തിലെ ഏറ്റവും നല്ല സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ എടുക്കുന്ന സംവിധായകരില്‍ ഒരാള്‍ അദ്ദേഹമാണ്. സമകാലികരില്‍ ജെയിംസ് കാമറൂണിനും (അവതാര്‍, എലിയന്‍സ്, ടെര്‍മിനേറ്റര്‍ സീരിസ്), സ്പില്‍ബെര്‍ഗ്ഗിനും (ഇ.റ്റി: ദി എക്സ്ട്രാ ടെറസ്ട്രിയല്‍, ജുറാസിക്ക് പാര്‍ക്ക് സീരിസ്, ബാക്ക് ടു ദി ഫ്യൂച്ചര്‍ സീരിസ്, ഇന്ത്യാന ജോണ്‍സ് സീരിസ്, എ.ഐ, വാര്‍ ഓഫ് ദി വേള്‍ഡ്സ്) അദ്ദേഹത്തിന്റെ സ്ഥാനം. മെമന്റോ , പ്രസ്റ്റീജ്, ബാറ്റ്മാന്‍ ബിഗിന്‍സ്, ഡാര്‍ക്ക് നൈറ്റ്, ഇന്സപ്ഷന്‍ എന്നെ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ആ സ്ഥാനം നേടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട്. ഡാര്‍ക്ക് നൈറ്റ് ബുഷണ്ണനെ പുണ്യാളന്‍ ആക്കാനെടുത്ത പടമാണെന്ന ഒരു വ്യാഖ്യാനവും ഉണ്ട്.(അത് ഒരു വ്യാഖ്യാനം മാത്രമാവാം. കല രചയിതാവിന്റെത് മാത്രമല്ലല്ലോ. പ്രേക്ഷകര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ക്കൂടിയാണ് കലയുടെ നിലനില്‍പ്പ് എന്ന് ഞാന്‍ കരുതുന്നു). എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ട്. ഇപ്പോഴും യുക്തിക്ക് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു എന്നതാണ് കാരണം.
പ്രസ്റ്റീജ് യഥാര്‍ത്ഥത്തില്‍ അതെ പേരുള്ള ഒരു നോവലിനെ ആധാരമാക്കി എടുത്തതാണ്. എന്നാല്‍ നോവലും സിനിമയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസം ഉണ്ട്. മന്ത്രവാദവും മായാവിദ്യകളും ആയിരുന്നു നോവലിന്റെ പശ്ചാത്തലം. എന്നാല്‍ അതിനെ പുതുക്കിപ്പണിഞ്ഞു ശാസ്ത്രമാണ് മാജിക്കിന്റെ അടിസ്ഥാനം എന്ന സത്യം പ്രചരിപ്പിക്കുകയാണ് അദ്ദേഹം തന്റെ സഹോദരന്‍ ജോനാതന്‍ നോളനുമായി ചേര്‍ന്ന് ചെയ്തത്. ഇത് യഥാര്‍ത്ഥത്തില്‍ വളരെയധികം പ്രചരിപ്പിക്കപ്പെടെണ്ട ഒരു പോയന്റ് ആണ്. മാജിക്കിലെ ഏറ്റവും സിമ്പിളായ വിദ്യകള്‍ തങ്ങളുടെ അമാനുഷിക കഴിവാണെന്ന മട്ടില്‍ പ്രചരിപ്പിച്ചു കുമ്പിടി സ്വാമിമാര്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. വിരലുകള്‍ക്കിടയില്‍ നിന്ന് ഭസ്മം എടുക്കുകയും, സ്വര്‍ണ്ണ മാല എടുക്കുകയും, ശിവലിംഗം ചര്‍ദ്ദിക്കുകയും ചെയ്തു ദൈവങ്ങളായ മനുഷ്യരുടെ ആരാധകര്‍ ഇതൊക്കെ മാജിക്കിലെ ബാലപാഠങ്ങളാണ് എന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ പ്രസ്റ്റീജ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ അര്‍ത്ഥത്തില്‍ വളരെ പുരോഗമനപരമാണ് ഈ ചിത്രം. എന്നാല്‍ ഏഴാം അറിവിലാകട്ടെ നേരെ വിപരീതമായി ഫ്രാഡ് സ്വാമിമാരുടെയും ഗോക്രിമാരുടെയും പാദസേവ ചെയ്യകയാണ് മു.ദോ. അതിനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.
സിനിമ കണ്ട ശേഷം നോവലിന്റെ സൃഷ്ടാവ് തന്റെ നോവലിനേക്കാള്‍ എത്രയോ മനോഹരമായിരിക്കുന്നു സിനിമ എന്ന് പ്രശംസിച്ചത് തന്നെയാണ് നോളന്റെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം. എന്നാല്‍ സിനിമ ഒരു കലാസൃഷ്ടി കൂടിയാണ്. അവിടെ ആനന്ദ് നേരത്തെ പറഞ്ഞ ഭാവന ഉപയോഗിക്കണം. അതിനുള്ള അവസരമായി മാത്രം ഡൂപ്ലിക്കേറ്റിംഗ് മെഷീനെ കണ്ടാല്‍ മതി. എന്നാല്‍ അപ്പോഴും മന്ത്രവിദ്യ ഉപയോഗിച്ച് അല്ല ഈ മെഷീനെ നോളന്‍ പ്രവര്‍ത്തിപ്പിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ടെസ്ലാ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി വരുന്നു. ടെസ്ല ആണ് ഈ മെഷീന്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷനില്‍ ഭാവനയും ശാസ്ത്രവും ന്യായമായ അളവില്‍ ചേര്‍ക്കേണ്ടതുണ്ട്. അതിന്റെ ശരിയായ മിശ്രണം ഒരു നല്ല കലാസൃഷിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രസ്റ്റീജ്. അതിന്റെ ഏറ്റവും വികൃതമായ ഉപയോഗമാണ് ഏഴാം അറിവില്‍ ഉള്ളത്. അതില്‍ അയുക്തമായ ഭാവന മാത്രമേ ഉള്ളൂ, ശാസ്ത്രം തീരെ ഇല്ല.
ബാറ്റ്മാന്‍ സീരിസില്‍ ഇറങ്ങിയ രണ്ടു പടങ്ങളും (ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക് നൈറ്റ്) എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടിയിട്ടേ ഉള്ളൂ. ഒരു സാധാരണ സൂപ്പര്‍ ഹീറോ ആയി അവശേഷിക്കുമായിരുന്ന ബാറ്റ്മാന്‍ എന്ന ലെജന്‍ഡിനെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിയത് അദ്ദേഹമാണ്. സൂപ്പര്‍മാന്‍ തുടങ്ങി നമ്മുടെ ശക്തിമാനില്‍ വരെ ജന്മനാ സിദ്ധിച്ച കഴിവുകളാണ് അവരെ അതിമാനുഷികര്‍ ആക്കി മാറ്റിയതും അനീതിക്കെതിരെ പോരാടാന്‍ ശക്തി നല്‍കിയതും. എന്നാല്‍ ക്രിസ്ടഫര്‍ നോളന്‍ ഈ അതിമാനുഷികര്‍ക്ക് ഒരു പുനര്‍വായന നടത്തുകയായിരുന്നു. ജന്മനാ സിദ്ധിച്ച കഴിവ്വല്ല മറിച്ച് ജീവിതം കൊണ്ട് ആര്‍ജ്ജിച്ച കഴിവുകളാണ് ബ്രൂസ് വെയ്നെ ബാറ്റ്മാനാക്കി തീര്‍ക്കുന്നത്. അതില്‍ ബാറ്റ്മാന്‍ മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മനുഷ്യന്‍ സ്വപ്രയത്നത്താല്‍ നേടിയ ആത്മവിശ്വാസവും ധൈര്യവും മോര്‍ഗന്‍ ഫ്രീമാന്‍ അവതരിപ്പിക്കുന്ന ഫോക്സ് എന്ന ശാസ്ത്രജ്ഞന്‍ വഴി ശാസ്ത്രത്തിന്റെ അത്ഭുതകരമായ സാധ്യതകളുമായി ചേര്‍ന്നപ്പോഴാണ് നോളന്റെ ബാറ്റ്മാന്‍ ജനിക്കുന്നത്. ബ്രൂസ് വെയ്ന്റെ അച്ഛന് ചെയ്യാന്‍ കഴിയാതിരുന്നതാണ് ബാറ്റ്മാന്‍ ചെയ്യുന്നതൊക്കെ എന്ന് ചിത്രം വ്യക്തമായി കാണിക്കുക വഴി പ്രതിഭ ജന്മസിദ്ധമല്ലെന്നും ആര്‍ജ്ജിതമാണെന്നും വാദിക്കുകയാണ് നോളന്‍ . ഇതിന്റെ ഏറ്റവും പോസിറ്റീവ് ആയ വശം ഇത് പാരമ്പര്യവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്നുള്ളതാണ്. പാരമ്പര്യ വാദം എങ്ങനെയാണ് സാമൂഹ്യ വിരുദ്ധമാകുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവിന് എതിര്‍ധ്രുവത്തിലാണ് ബാറ്റ്മാന്റെ സ്ഥാനം.
ഇങ്ങനെ പറയുമ്പോഴും നോളന്റെ ബാറ്റ്മാന്‍ സീരിസിന്റെ രാഷ്ട്രീയം വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. ബുഷണ്ണന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. സ്വന്തം നാടിനു വേണ്ടി (?) യുദ്ധം ചെയ്ത, അനീതിക്കെതിരെ പോരാടിയ (?), വിദേശ രാഷ്ട്രത്തില്‍ അധിനിവേശം നടത്തിയ (ചിത്രത്തില്‍ വില്ലനില്‍ പോക്കാനായി ചൈനയില്‍ അതിക്രമിച്ചു കടക്കുന്നു), ഒടുവില്‍ നാട്ടുകാരാല്‍ വെറുക്കപ്പെടുന്ന, എന്നിട്ടും നാട്ടുകാര്‍ക്ക് വേണ്ടി നിലകൊണ്ട ആളായി ആണല്ലോ 'ഡാര്‍ക്ക് നൈറ്റ് ' എന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ ചിത്രീകരിക്കപ്പെടുന്നത്. ബുഷിന്റെ ആരാധകര്‍ അയാളെ ന്യായീകരിക്കാന്‍ പറയുന്ന നുണകള്‍ക്ക് ഇവയുമായി ഉള്ള സാമ്യം യാദൃശ്ചികമാകില്ല. ഈ വീഡിയോ കാണുക. ബുഷിനെ വെള്ളപൂശാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഡാര്‍ക്ക് നൈറ്റിലെ സംഭാഷണങ്ങള്‍ ആണ്.
ഉപദേശകന്റെ വക കാട്ടില്‍ ഒളിച്ച കൊള്ളക്കാരനെ പിടിക്കാന്‍ കാടിന് തന്നെ തീയിട്ട കഥയാണ് ബ്രൂസ് വെയ്ന് പ്രോത്സാഹനം ആകുന്നത്. ജോക്കറെപ്പറ്റി 'some people just want to see the wold burn, we can't find any logic in them' എന്നാണു മൈക്കേല്‍ കെയ്ന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നു. ഇത് നേരെ പിടിച്ചു തീവ്രവാദികളുടെ മേലില്‍ വെക്കുകയാണ് ബുഷ് ആരാധകര്‍ ചെയ്യുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്ക് ഇത് ഒട്ടും യോജിക്കുന്ന വിശേഷണങ്ങള്‍ അല്ല. തീവ്രവാദി ആക്രമങ്ങള്‍ക്കും ബുഷിന്റെ തീവ്രവാദികള്‍ക്ക് എതിരായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടങ്ങള്‍ക്കും വ്യക്തമായ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയവുമായ ഉദ്ദേശങ്ങള്‍ ഉണ്ട്. അമേരിക്ക-തീവ്രവാദി ദ്വന്തത്തെ അത് കൊണ്ടുതന്നെ ബാറ്റ്മാന്‍ - ജോക്കര്‍ ദ്വന്തമായി പരിഗണിക്കുന്നത് അത്യന്തം കാപട്യപരവും ചരിത്ര നിഷേധവുമാണ്. ബിന്‍ ലാദനും സദ്ദാം ഹുസൈനുമൊക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആദ്യം ആയുധം നല്‍കിയത് ഇതേ അമേരിക്കന്‍ സാമ്രാജ്യം തന്നെയായിരുന്നു എന്നും ഓര്‍ക്കുക.
ബുഷിനെപ്പോലെ ഒരാളെ ന്യായീകരിക്കാന്‍ അബോധമായെങ്കിലും നോളന്‍ ശ്രമിച്ചെങ്കില്‍ അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത് ആ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ കളങ്കം ആണ്. ഇതുമാത്രമല്ല, അനീതിയും അക്രമവും ഇല്ലാതാക്കാന്‍ നോളന്‍ മുന്നോട്ടു വെക്കുന്ന രീതി അസംബന്ധവും അപ്രായോഗികവുമാണ്. ഇല്ലാതാക്കേണ്ടത് കുറ്റവാളികളെ അല്ല, കുറ്റം ചെയ്യാനുണ്ടായ സാഹചര്യം ആണെന്ന അടിസ്ഥാന തത്വം നോളന്‍ ഇവിടെ മറന്നുപോയി. ഈ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ഈ ജനുസില്‍പ്പെട്ട മറ്റേതൊരു ഹോളിവുഡ് ചിത്രവും പോലെ പൊട്ടി പൊളിയുകയാണ് നോളന്റെ ഈ ചിത്രവും. (അവതാര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇറാക്ക് അധിനിവേശത്തെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് : 'മാനവസംസ്കാരത്തിന്റെ അമ്മമരം').
ഇന്സപ്ഷന്‍ ഞാന്‍ കണ്ടിട്ടുള്ളതിലും വായിച്ചിട്ടുള്ളതിലും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ സൃഷ്ടികളില്‍ ഒന്നാണ്. എന്തൊരു ഭാവന എന്ന് മാത്രമേ ആ ചിത്രത്തെക്കുറിച്ച് എനിക്ക് പറയാനുള്ളൂ (ഇതാണ് ഭാവന, അല്ലാതെ മുടി മൈക്രോസ്കോപ്പില്‍ വെച്ചിട്ട് ഡി എന്‍ എ കിടന്നു കറങ്ങുന്നത് കാണിക്കുന്നത് അല്ല). തീര്‍ച്ചയായും നമ്മുടെ കാലത്തെ ഒരു ക്ലാസ്സിക്ക് ചിത്രം. എന്നാല്‍ നോളനെ കണ്ടു പഠിക്കഡേയ് എന്ന് മു.ദോ-യോട് ഒരിക്കലും ഞാന്‍ പറയില്ല. കാരണം മു.ദോ നോളനെക്കണ്ട് തന്നെയാണ് പഠിച്ചിരിക്കുന്നത്. പക്ഷെ ഒരു ഉപയോഗവും ഉണ്ടായില്ല എന്ന് മാത്രം. ദീന, രമണ തുടങ്ങിയ ചവറുകള്‍ എടുത്തു സിനിമാ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രം ഒടുങ്ങുമായിരുന്ന (ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ തന്നെയാണ് തോന്നുന്നത്) മു.ദോ-യെ ഇപ്പോള്‍ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും നോളന്‍ സഹോദരന്മാര്‍ക്കാണ്. കാരണം ജോനാതന്‍ നോളന്‍ എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നോളന്‍ സഹോദരന്മാര്‍ ചേര്‍ന്നെഴുതി ക്രിസ്ടഫര്‍ നോളന്‍ സംവിധാനം ചെയ്ത 'മെമന്റോ' എന്ന ചിത്രത്തിന്റെ ഈച്ചകോപ്പിയാണ് മു.ദോ-യെ പ്രശസ്തനാക്കിയ 'ഗജിനി'.
ഒരു സിനിമ ഏറ്റവും മോശമായി എങ്ങനെ റീമേക്ക് ചെയ്യാം എന്നതില്‍ ചൈന ടൌണിനും (ദി ഹാന്ഗ് ഓവര്‍), 'കഥ തുടരുന്നു'-നും (ദി പെഴ്സ്യൂട്റ്റ് ഓഫ് ഹാപ്പിനെസ്സ്), ആഗിനും (ഷോലെ), ഫോര്‍ ഫ്രണ്ട്സിനും (ദി ബക്കറ്റ് ലിസ്റ്റ്) ഒപ്പമാണ് ഗജിനിയുടെയും സ്ഥാനം. 'മെമന്റോ' ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഗജിനി പകുതി വരെയെങ്കിലും സഹിച്ചിരുന്നു കാണാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. തമിഴ് വേര്‍ഷന്‍ കുറച്ചു കണ്ടു പേടിച്ചു ഹിന്ദി വേര്‍ഷന്റെ അടുത്ത് പോലും പോയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യം അറിയില്ല. എന്നാല്‍ അതും ഫീകരമാണെന്നാണ് കണ്ടവരുടെ റിപ്പോര്‍ട്ട്. ഇങ്ങനെ നേടിയ ചീത്തപ്പേര് കൂടുതല്‍ (കു)പ്രസിദ്ധമാക്കാന്‍ മാത്രമേ ഏഴാം അറിവ് ഉപകരിച്ചിട്ടുള്ളൂ. 'എന്ഗേയും എപ്പോതും' എന്ന ചിത്രം നിര്‍മ്മിച്ചു എന്ന പേരില്‍ മാത്രമാകും ഒരുപക്ഷെ തമിഴ് സിനിമ ചരിത്രത്തില്‍ മു.ദോ അറിയപ്പെടുക.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ സാധാരണ ജനപ്രിയ സിനിമകളില്‍, പ്രത്യേകിച്ച് ഹോളിവുഡ് സിനിമകില്‍, കാണാനിടയില്ലാത്ത യുക്തിചിന്തയും പുരോഗമനപരമായ നിലപാടുകളും പിന്നെ കലാരൂപം എന്ന നിലയില്‍ സിനിമകളുടെ ഉന്നതമായ നിലവാരവും ക്രിസ്ടഫര്‍ നോളനെ എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാക്കി മാറ്റുന്നു. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാശാവ്. മു.ദോ-യുടെ സ്ഥാനാമാകട്ടെ ചവറ്റുകുട്ടയിലും.
'അച്ഛന് ആനപ്പുറത്ത് കയറിയാല്‍ മകന് ചന്തിയില്‍ തഴമ്പ്
വരോ?' വരില്ല എന്നാണ് പ്രശസ്തമായ ആ പഴഞ്ചൊല്ലിലൂടെ നാമെല്ലാം
കരുതിയിരുന്നത്. എന്നാല്‍ സത്യം അതല്ല എന്നും മകന് തഴമ്പ് വരുമെന്ന്
മാത്രമല്ല ഡി എന്‍ എ-യിലൂടെ ജെനറ്റിക്ക് മെമ്മറി വഴി അനേകം തലമുറകള്‍ക്ക് ആ
തഴമ്പ് പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കും എന്ന് ഇതാ തെളിഞ്ഞിരിക്കുന്നു. ഈ
മഹത്തായ കണ്ടുപിടിത്തം നടത്തിയതിലൂടെയും അതുപയോഗിച്ചു 'ഏഴാം അറിവ്'
(Seventh Sense) എന്ന അക്രമം കാണിച്ചതിലൂടെയും മുരുഗദോസ് എന്ന മഹാനുഭാവന്‍ ഓസ്ക്കാറും നോബല്‍ പ്രൈസും ഒരുമിച്ചു അടിച്ചെടുക്കുന്ന
എല്ലാ കോളുമുണ്ട്. നമുക്ക് ഇതു തന്നെ വരണം.
ബോധിധര്‍മ്മന്‍ എന്ന
ചൈനീസ് ബുദ്ധസന്യാസിയുടെ കഥയുമായാണ് ചിത്രം തുടങ്ങുന്നത്. ഇദ്ദേഹം
തമിഴ്നാട്ടിലെ പല്ലവ രാജവംശത്തിലെ കുമാരന്‍ ആയിരുന്നു എന്ന
ജനസംസാരത്തെപ്പറ്റി വിക്കിപ്പീഡിയ പറയുന്നു. പിന്നീട് ഇദ്ദേഹം
ചൈനയിലേയ്ക്ക് പോവുകയും ഒരു ബുദ്ധമത സന്യാസി ആയി മാറുകയും ചെയ്തു.
ഷാവോലിന്‍ എന്ന ആയോധന കല ഇദ്ദേഹത്തിന്റെ സംഭാവന ആണെന്ന് പറയപ്പെടുന്നു.
താവോയിസത്തിന്റെ തുടക്കവും അദ്ദേഹത്തില്‍ നിന്നാണ് എന്നും ഐതിഹ്യം.
എന്തായാലും ഈ രംഗങ്ങള്‍ ചിത്രത്തില്‍ മോശമല്ലാതെ ചിത്രീകരിച്ചിരിക്കുന്നു;
സൂര്യ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി നിര്‍മ്മിച്ച അതിശയോക്തി കലര്‍ന്ന
സംഘട്ടന രംഗങ്ങള്‍ ഇതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി എങ്കിലും. എന്തായാലും
ബോധിരാമന്റെ ഖബറില്‍ രണ്ട് പിടി മണ്ണ് വാരിയിട്ട ശേഷം മുരുഗദോസ്
വര്‍ത്തമാന കാലത്തിലേക്ക് കടക്കുന്നതോടെ സംഗതി ആകെ കൈവിട്ടു പോകുകയാണ്.
ബോധിധര്‍മ്മന്റെ
പിന്‍തലമുറക്കാരില്‍ ഒരാളായി സൂര്യ വീണ്ടും ഒരു സര്‍ക്കസ്സുകാരന്റെ
വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുള്ളി ശ്രുതി ഹാസന്‍ എന്ന ഗവേഷണ
വിദ്യാര്‍ഥിനിയുമായി അടുപ്പത്തില്‍ ആകുന്നു. എന്നാല്‍
ബോധിധര്‍മ്മനെപ്പറ്റി പഠിക്കുന്നതിനായി അവള്‍ തന്നെ
ഉപയോഗപ്പെടുത്തുകയായിരുന്നു എന്നവന്‍ വൈകിയാണ് മനസിലാക്കുന്നത്. പിന്നീട്
ഒരു വില്ലന്‍ അവതിരിക്കുന്നു. ബാക്കി എല്ലാം സാദാ തമിഴ് പടം പോലെ. സിനിമ
ഒരു കലാരൂപമെന്ന രീതിയിലുള്ള മറ്റു കാര്യങ്ങളെപ്പറ്റി പറയാന്‍ അല്ല ഇവിടെ
ഉദ്ദേശിച്ചിട്ടുള്ളത്. മറിച്ച് സിനിമ മുന്നോട്ടു വെക്കുന്ന തനി
പിന്തിരിപ്പന്‍ ആയ ചില ആശയങ്ങളെക്കുറിച്ചാണ്...
ശാസ്ത്രത്തെയും അതിന്റെ രീതികളെയുംമുരുഗദോസ് എങ്ങനെയാണ്
മനസിലാക്കിയിരിക്കുന്നത് എന്ന് ആദ്യം പരിശോധിക്കാം. ഒരു സയന്‍സ് ഫിക്ഷന്‍
ചെയ്യുമ്പോള്‍ ചെയ്യാന്‍ പോകുന്ന മേഖലയെപ്പറ്റി അടിസ്ഥാനപരമായ
കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന യാതൊരു നിര്‍ബന്ധവും ഈ സിനിമ എഴുതി
സംവിധാനം ചെയ്ത ഈ മനുഷ്യനില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എണീച്ചു
നിന്ന് കൂവിപ്പോകുന്ന രീതിയിലാണ് ശ്രുതി ഹാസന്റെ കഥാപാത്രം (ആ പേരൊന്നും
ഓര്‍മ്മയില്ല) ശാസ്ത്ര ഗവേഷണവും ഡി എന്‍ എ പഠനവും ഒക്കെ നടത്തുന്നത്.
സൂര്യയുടെ ചീപ്പില്‍ നിന്ന് കിട്ടിയ മുടി എടുത്തു മൈക്രോസ്കോപ്പിലൂടെ
നോക്കുമ്പോ അതാ ഡി എന്‍ എ അങ്ങനെ വട്ടത്തില്‍ ചുറ്റുന്നത് സ്ക്രീനില്‍
തെളിഞ്ഞു വരുന്നു. ഇതൊക്കെ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ആരും
കാണാതിരിക്കട്ടെ. കണ്ടാല്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍
ഇടയുണ്ട്. ദശാവതാരത്തില്‍ കമലിന്റെ ഒരു അവതാരം ഹെലിക്കൊപ്ട്ടറില്‍ ഇരുന്നു
ബൈനോക്കുലര്‍ വെച്ച് താഴെ വെള്ളത്തിലെ സൂക്ഷ്മ കീടങ്ങളെ നിരീക്ഷിക്കുന്ന
ഒരു സീനുണ്ട്. ഇവിടെ മൈക്രോസ്കോപ് ഉപയോഗിക്കാനുള്ള ബുദ്ധി (ഉവ്വ) എങ്കിലും
സംവിധായകന്‍ കാണിച്ചു എന്നാശ്വസിക്കാം. എന്നാലും ഡി എന്‍ എ ഒക്കെ, ശ്ശൊ.
പിടിച്ചതിനേക്കാള്‍
വലുതാണ് മാളത്തില്‍ ഇരിക്കുന്നത് എന്ന വേദനാജനകമായ സത്യം വൈകിയാണ്
മനസിലാക്കിയത്. പിന്നീടങ്ങോട്ട് ഒരു സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെ
ഒരു ഭ്രാന്തനെപ്പോലെ മു.ദോ സഞ്ചരിക്കുകയാണ്. ശാസ്ത്രത്തിന്റെ ചെലവില്‍
അശാസ്ത്രീയവും പിന്തിരിപ്പനുമായ ഗോക്രി മോഡല്‍ വാദങ്ങളാണ് പിന്നീട്
ചിത്രത്തിലാകെ മു.ദോ എടുത്തു വീശിയിരിക്കുന്നത്. ഒരു വേള സാക്ഷാല്‍
ഗോപാലകൃഷ്ണന്‍ തന്നെയാണോ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് പോലും
തംശയം തോന്നാനിടയുണ്ട്. ഡോ: സൂരജ് രാജന്റെ വാക്കുകള്‍ കടമെടുത്താല്‍ "ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ചു ആധുനിക സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെല്ലാം "ദേ ഞമ്മടെ കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!". (എന്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷ ഉദായിപ്പുകളെ സംബന്ധിച്ച പോസ്റ്റുകളെ ശ്രീ. ഗുരുകുലം ഉമേഷ് ഒരു ഇ-പുസ്തകമായി പി ഡി എഫ് രൂപത്തില്‍ സമാഹരിച്ചത്.. "ജ്യോതിഷവും ശാസ്ത്രവും".)
ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും എന്തിനു ഇനി കണ്ടുപിടിക്കാന്‍ പോകുന്നവ പോലും ഗീതയിലും ഖുറാനിലും ബൈബിളും ഉണ്ട് എന്ന് വാദിക്കുന്നതാണ് ഗോക്രിമാരെ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല ലക്ഷണം. ഇങ്ങനെയുള്ളവരെ ബൂലോകത്ത് മുന്‍പ് തന്നെ പലരും സുന്ദരമായി പോളിച്ചടുക്കിയിട്ടുണ്ട്.(മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍, സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍, ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍, സക്കീര്‍ നായിക്, ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ). ഇങ്ങനെ പോളിച്ചടുക്കപ്പെട്ട കാലഹരണപ്പെട്ട വാദങ്ങള്‍ തന്നെയാണ് മുരുഗദോസും അതുപോലെ വെച്ച് കാച്ചിയിരിക്കുന്നത്. ഉദാഹരത്തിന് ശാസ്ത്രം ജ്യോതിഷം പോലുള്ള ഉഡായിപ്പുകളേക്കാള്‍
മെച്ചമല്ല എന്ന് തെളിയിക്കുന്നതിനായി ഇവര്‍ സ്ഥിരമായി ഉന്നയിക്കുന്ന
വാദമാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ ഇപ്പോഴും ശരിയാവാറില്ല എന്നത്. ശ്രുതി
ഹാസന്‍ അവതരിപ്പിക്കുന്ന ശാസ്ത്ര'അജ്ഞയുടെ' വായില്‍ നിന്ന് തന്നെയാണ് ഇതു
പുറത്തു വരുന്നത്. ഈ വാദം എത്ര പൊള്ളയാണ് എന്നറിയുന്നതിനു നേരത്തെ ലിങ്ക്
തന്ന 'ജ്യോതിഷവും ശാസ്ത്രവും' എന്ന പിഡിഎഫ് പുസ്തകത്തിന്റെ പതിനെട്ടാം പേജു
മുതല്‍ വായിക്കുക. ഇതു പോലുള്ള 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി തന്നെയാണ്
മു.ദോ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. യാതൊരു ശാസ്ത്ര അടിത്തറയും
ഇല്ലാത്ത 'ചൂണ്ടു മര്‍മ്മ'ത്തെ ഹിപ്നോട്ടിസത്തിന്റെ ചെലവില്‍
അലക്കിവെളുപ്പിക്കാനും മു.ദോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനേക്കാള്‍ അപകടം ഒളിച്ചിരിക്കുന്നത് ഈ ഉഡായിപ്പുകളൊക്കെ
മു.ദോ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ്.
അവിടെയാണ് ആദ്യം പറഞ്ഞ ജെനറ്റിക്ക് തഴമ്പ് കടന്നു വരുന്നത്. മനുഷ്യര്‍ക്ക്
ആനയും കഴുതയും ഒന്നും ഉണ്ടാവാത്തതിന് കാരണം അടിസ്ഥാനപരമായി ക്രോമാസോമും ഡി
എന്‍ എ-യുമാണ്. അതുപോലെ ഓരോ മനുഷ്യരും വ്യത്യസ്തര്‍ ആയിരിക്കുന്നതും
എന്നാല്‍ വിശാലമായി നോക്കുമ്പോള്‍ ഓരോ പ്രദേശത്തെയും മനുഷ്യര്‍ തമ്മില്‍
പൊതുവായ സവിശേഷതകള്‍ ഉള്ളതും ഈ ഡി എന്‍ എ മൂലമാണ്. നമ്മുടെ പൂര്‍വ്വികരില്‍
നിന്ന് നാം ഗുണഗണങ്ങള്‍ കൈക്കൊള്ളുന്നതും ഇതിലൂടെയാണ്.
എന്നാല്‍ ഈ ഡി എന്‍ എ-യെയും ജെനറ്റിക്സിനെയും പാരമ്പര്യ വാദത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സംവിധായകന്‍. അതിനു മേമ്പൊടിയായാണ്
മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനമില്ലാത്ത വിദ്യകളും ആശാന്‍ എടുത്തു
പൂശിയിരിക്കുന്നത്. ഡി എന്‍ എ-യിലൂടെ നമ്മുടെ പൂര്‍വ്വികന്മാരുടെ
സവിശേഷതകള്‍ നമ്മളില്‍ ഉണ്ടാവും എന്നതില്‍ക്കവിഞ്ഞ് ആയിരക്കണക്കിന്
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബോധിധര്‍മ്മന്റെ ചിന്തകളും
ഓര്‍മ്മകളും വംശാവലിയില്‍പ്പെട്ട, പെട്ടു എന്ന് സംവിധായകന്‍ പറയുന്ന,
അരവിന്ദനില്‍ ജെനറ്റിക്ക് മെമ്മറിയിലൂടെ
എത്തിച്ചേര്‍ന്നു എന്നൊക്കെ മു.ദോ വെച്ച് കാച്ചുമ്പോള്‍ അതു ഈ ശാസ്ത്ര
മേഖലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച അനേകം ശാസ്ത്രകാരന്മാരെ
അപമാനിക്കുന്നതാണ് എന്ന് മാത്രമല്ല, ശുദ്ധ പോക്രിത്തരം കൂടിയാണ്. ജെനറ്റിക്ക് മെമ്മറി ഉണര്‍ത്താനായി നുമ്മടെ ശാസ്ത്ര'അജ്ഞ'
കൂട്ടുപിടിക്കുന്നത് പഴേ കിതാബുകളെയാണ് എന്നതും കൂടിയാവുമ്പോള്‍ എല്ലാം
പൂര്‍ത്തിയാകുന്നു. ബോധിധര്‍മ്മന്‍ പല്ലവ രാജവംശത്തില്‍ പെട്ടവനായിരുന്നു
എന്ന ഐതിഹ്യം എടുത്തുപയോഗിക്കുന്നത് ജെനറ്റിക്ക് 'തഴമ്പ്' എന്നത് വെറും
യാദൃശ്ചികമായി ഉപയോഗിക്കപ്പെട്ടതല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും.
രാജവംശത്തില്‍ പെട്ട ബോധിധര്‍മ്മന്റെ ഇപ്പോഴത്തെ തലമുറയ്ക്കും
ബോധിധര്‍മ്മന്റെ മു.ദോ വാഴ്ത്തുന്ന ഗുണങ്ങള്‍ എത്തി എന്ന് പറയുന്നത്
രാജവാഴ്ചയ്ക്കും ഫാസിസത്തിനും നാസിസത്തിനും അതുമായി ബന്ധപെട്ട അനേകം
അധികാരരൂപങ്ങള്‍ക്കും അടിസ്ഥാനമായ 'പാരമ്പര്യവാദ'ത്തില്‍ തന്നെയാണ്
നമ്മെക്കൊണ്ട് ചെന്നെത്തിക്കുന്നത്. അതിനായി ആധുനിക ശാസ്ത്രത്തിന്റെ മറ
പിടിക്കുകയാണ് മു.ദോ. ജ്യോതിഷത്തില്‍ തുടങ്ങി വാസ്തു'ശാസ്ത്രം', ഗൌളി
'ശാസ്ത്രം' വരെ എല്ലാ അസംബന്ധങ്ങളുടെയും പ്രവാചകര്‍ എങ്ങനെ തങ്ങളുടെ
ഉപജീവനത്തിനായി ശാസ്ത്രത്തെ വളച്ചൊടിക്കുന്നു എന്നതിന്റെ ഏറ്റവും വികൃതമായ
ഉദാഹരണമാണ് ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവ്.
ഈ പാരമ്പര്യവാദം എല്ലാക്കാലത്തും
ജനാധിപത്യ വിരുദ്ധ ഭരണക്രമങ്ങളുടെ ഏറ്റവും വലിയ ആയുധമായിരുന്നു.
പാരമ്പര്യവാദത്തില്‍ അധിഷ്ടിതമായ രാജവാഴ്ചയും അതിന്റെ ദോഷങ്ങളെയും കുറിച്ച്
പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നാസി പാര്‍ട്ടിയിലൂടെ ജര്‍മ്മനി
പിടിച്ച ഹിറ്റ്ലറും തന്റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചതു ഈ പാരമ്പര്യവാദത്തെ തന്നയായിരുന്നു.
ആര്യന്മാരുടെത് ശുദ്ധമായ രക്തമാണെന്നും അശുദ്ധ രക്തമുള്ള ജൂതന്മാരെ
തുടച്ചു നീക്കിയാല്‍ മാത്രമേ അനീതി ഇല്ലാതാക്കുവാന്‍ കഴിയൂ
എന്നുമായിരുന്നല്ലോ പുള്ളിയുടെ പോളിസി. ഇതിനായി 'കൊണ്സന്ട്രേഷന്‍
ക്യാമ്പുകള്‍' സ്ഥാപിക്കുകയും ജൂതന്മാരെ വേട്ടയാടുകയും ചെയ്തു. ഇതു ഒരു
ഒറ്റപ്പെട്ട പ്രവൃത്തി ആയിരുന്നില്ല. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്ക്
മുന്‍പും പിന്‍പും ഈ അസംബന്ധങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതു
കാണാന്‍ ദൂരെയെങ്ങും പോകണ്ട, നമുക്ക് ചുറ്റും തന്നെ നോക്കിയാല്‍ മതി.
സവര്‍ണ്ണതയും അയിത്തവും കൊടികുത്തി വാണ ഒരു ഭൂതകാലം നമുക്കുമുണ്ടായിരുന്നു.
അതിപ്പോഴും പലവിധത്തില്‍ പലരൂപത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ഏതെങ്കിലും ഒരു കുലത്തിലോ ജാതിയിലോ പിറന്നതുകൊണ്ടു ഒരു മനുഷ്യനും മറ്റൊരു
മനുഷ്യനെക്കാള്‍ മെച്ചപ്പെട്ടവന്‍ ആകുന്നില്ല. എന്നാല്‍ ഇതിന്റെ നിഷേധമാണ്
പാരമ്പര്യവാദം. വിശാലമായ അര്‍ത്ഥത്തില്‍ സവര്‍ണ്ണതയുടെയും അയിത്തതിന്റെയും
അടിസ്ഥാനം ഈ പാരമ്പര്യവാദം തന്നെയാണ്. ഈ ദുഷിച്ച വാദത്തിന്റെ വേരുകള്‍
ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിന്ന് പറിച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല
എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് കൂടിയാണ് ആ അര്‍ത്ഥത്തില്‍ 'ഏഴാം
അറിവ്'.
സവര്‍ണ്ണ-ബ്രാഹ്മണ മേധാവിത്വം നമ്മുടെ നാട്ടില്‍ ഉണ്ടാക്കി
വെച്ച കെടുതികള്‍ ചില്ലറയൊന്നുമല്ല. തങ്ങള്‍ മറ്റുള്ള ജാതിയില്‍
പിറന്നവരെക്കാള്‍ ഉയര്‍ന്നവര്‍ ആണ് എന്ന പൊതുബോധം നിര്‍മ്മിക്കുകയായിരുന്നു
അധികാരം കയ്യടക്കാനായി അവര്‍ ചെയ്തത്. കാലാകാലം രാജാധികാരം ഏതെങ്കിലും
കുടുംബത്തിന്റെ മാത്രം കുത്തകയായിരിക്കുകയും സവര്‍ണ്ണര്‍ മാത്രം ഉയര്‍ന്ന
അധികാര സ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്തിരുന്നതിനാല്‍ ഈ പൊതുബോധം
അടിച്ചേല്‍പ്പിക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല. അതിനെതിരെ ഉയര്‍ന്ന
പ്രതിഷേധങ്ങള്‍ അവര്‍ അടിച്ചമര്‍ത്തുകയുണ്ടായി. എന്നാല്‍ നാള്‍ക്കുനാള്‍ ആ
പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ
ദുരാചാരങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയവും
സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ കേരളത്തില്‍ ഇവ ഏതാണ്ട്
ഇല്ലാതായി എന്നുതന്നെ പറയാം. സംവരണം പോലുള്ള നടപടികള്‍ സമൂഹത്തിന്റെ
താഴെതട്ടിലെയ്ക്ക് വീണു പോയ ജനതയെ വീണ്ടും കൈപിടിച്ച് ഉയര്‍ത്തി.
എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൃത്തികേടുകള്‍ പൂര്‍വ്വാധികം
ശക്തിയോടെ തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടു കുറച്ചു
കാലമായി. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ പോലും ഇതു
കണ്ടുതുടങ്ങി. ഇപ്പോള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധ
മനോഭാവം ഇതിലെയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്.
ഒരു ജനസമൂഹത്തിന്റെ പൊതുബോധം അതിന്റെ ജനപ്രിയ കലാരൂപങ്ങളില്‍
പ്രതിഫലിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ നമ്മുടെ മുഖ്യധാരാ സിനിമകളില്‍
ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒട്ടും ശുഭസൂചകങ്ങള്‍ അല്ല. ഭൂമിയിലെ
രാജാക്കന്മാര്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ മലയാള സിനിമയിലും ഈ
മാറ്റം ശക്തമായി കണ്ടുതുടങ്ങി. അറുപിന്തിരിപ്പനും പ്രതിലോപകരവുമായ ഈ
രാഷ്ട്രീയ സാമൂഹ്യബോധത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് 'ഏഴാം
അറിവ്' എന്ന ചിത്രം.
പതിവില്‍ നിന്ന് വ്യത്യസ്തമായി തീവ്രവാദികള്‍ അല്ല ഈ ചിത്രത്തില്‍ പ്രതിനായകരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
മതതീവ്രവാദികളും മതഗ്രന്ഥങ്ങളുടെ വളച്ചൊടിക്കലിലൂടെയാണല്ലോ ഉപജീവനം
തേടുന്നത്; അതുകൊണ്ട് ഇതു സ്വാഭാവികമാണ്. മറിച്ച് ചൈനീസ് സര്‍ക്കാരാണ്
ഇതില്‍ വില്ലന്മാരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍
സൂക്ഷ്മവായനയില്‍ ഇടതുപക്ഷപ്രത്യയശാസ്ത്രത്തെ പ്രതിനായകരായി
അവതരിപ്പിക്കാനാണ് സംവിധായകന്റെ ഉത്സാഹം എന്ന് തിരിച്ചറിയാന്‍ കഴിയും.
'ഓപ്പറേഷന്‍ റെഡ്' എന്ന് പ്രതിനായകരുടെ പദ്ധതിക്ക് പേരിടുന്നതിലെ
മനശാസ്ത്രവും വ്യതസ്തമല്ല. സമീപകാലത്ത് ഉയര്‍ന്നുവന്ന
രാജവാഴ്ചയെപ്പറ്റിയുള്ള ചര്‍ച്ച ശ്രദ്ധിച്ചവര്‍ക്ക് ഓരോ പക്ഷവും എവിടെയാണ്
നില്‍ക്കുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. അന്ധവിശ്വാസങ്ങള്‍ക്കും
ആയിത്താചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും ഈ കഥയിലെ വില്ലന്‍
സ്ഥാനത്തിന് അവരെ സര്‍വ്വഥാ യോഗ്യരാക്കുന്നുണ്ട്.
ഐസക്ക്
അസിമോവിലൂടെയും കാല്‍ സാഗനിലൂടെയും ശക്തി പ്രാപിച്ച സയന്‍സ് ഫിക്ഷന്‍
ശാസ്ത്ര വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. പുതിയ
കണ്ടുപിടിത്തങ്ങള്‍ക്ക് വരെ ഈ സാഹിത്യ ശാഖ കാരണമായിട്ടുണ്ട്. അതിശോക്തിയുടെയും അസംഭവ്യതയുടെയും അയ്യരുകളിയായിട്ടു കൂടി ചെയ്യുന്ന
ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍
മിക്കപ്പോഴും ആസ്വാദ്യകരമാകാറുണ്ട്.
എന്നാല്‍ ചെയ്യുന്ന കള്ളത്തരതിനോട് പോലും മു.ദോ-യ്ക്ക് ഒരുപൊടി ആത്മാര്‍ഥത
ഇല്ലാത്തതിനാല്‍ സിനിമ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു
വീഴുന്ന ദയനീയമായ കാഴ്ച വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. അതു ഒരു കാവ്യനീതിയായി
കാണാനാണ് എനിക്കിഷ്ടം. ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷം സിനിമ എന്താണ് പറയാന്‍
ശ്രമിച്ചത് എന്നതിനെപ്പറ്റി നായകനെക്കൊണ്ടു പ്രസംഗം നടത്തിക്കേണ്ടി
വരുന്നത് സംവിധായകന്റെ പ്രതിഭാദാരിദ്ര്യം എത്രയെന്നു വ്യക്തമാക്കുന്നു.
യാഥാസ്ഥിതികരായിരുന്ന
ഒരു തമിഴ് കുടുംബം ആ മനോഭാവം ഉപേക്ഷിച്ചു യുക്തിയുടെയും അറിവിന്റെയും
ജീവിതത്തിലേക്ക് കടന്നപ്പോള്‍ ആ കുടുംബത്തില്‍ നിന്നുണ്ടായത് ഒന്നല്ല രണ്ട്
നോബല്‍ സമ്മാന ജേതാക്കളാണ്, സി.വി രാമനും സുബ്രഹ്മണ്യ ചന്ദ്രശേഖറും.
ശാസ്ത്ര ഗവേഷണ രംഗത്ത് ഭാരതം വര്‍ഷങ്ങളായി പടിക്കുപുറത്ത് നില്‍ക്കുന്നതിനു
പ്രധാന കാരണം നമ്മുടെ യാഥാസ്ഥിതിക മനോഭാവവും അന്ധവിശ്വാസങ്ങളും ആണ്. അവയെ കൂടുതല്‍
മുറുകെപ്പിടിക്കാനാണ് ഈ ചിത്രം നമ്മോടാവശ്യപ്പെടുന്നത്. ആള്‍ ദി ബെസ്റ്റ്!