ബുധനാഴ്‌ച, നവംബർ 16, 2011

മുരുഗദോസ്സും ക്രിസ്ടഫര്‍ നോളനും തമ്മിലെന്ത്?'പ്രേസ്ട്ടീജിനെയും ഇന്സപ്ഷനെയും ഇഷ്ടപ്പെടുന്ന, അനുകൂലിക്കുന്ന ആള്‍ എന്തുകൊണ്ടാണ് ഏഴാം അറിവിനെ എതിര്‍ക്കുന്നത്?' 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ് എന്ന എന്റെ പോസ്റ്റുമായി ബന്ധപെട്ടു ആനന്ദ് ചോദിച്ച ചോദ്യാണിത്. അതിനു വിശദമായി മറുപടി പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്‌. ആ ചോദ്യം ചോദിച്ച ആനന്ദിന് നന്ദി, അതുകൊണ്ടാണല്ലോ ഈ പോസ്റ്റ്‌.

 

പ്രെസ്ടീജിനെപ്പറ്റിയും ഇന്സെപ്ഷനെപ്പറ്റിയും ആനന്ദ് പറഞ്ഞത് കൊണ്ട് ക്രിസ്ടഫര്‍ നോളനെക്കുറിച്ചു കൂടി പറയട്ടെ. സിനിമാ ചരിത്രത്തിലെ ഏറ്റവും നല്ല സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ എടുക്കുന്ന സംവിധായകരില്‍ ഒരാള്‍ അദ്ദേഹമാണ്. സമകാലികരില്‍ ജെയിംസ്‌ കാമറൂണിനും (അവതാര്‍, എലിയന്‍സ്‌, ടെര്‍മിനേറ്റര്‍ സീരിസ്), സ്പില്‍ബെര്‍ഗ്ഗിനും (ഇ.റ്റി: ദി എക്സ്ട്രാ ടെറസ്ട്രിയല്‍, ജുറാസിക്ക് പാര്‍ക്ക് സീരിസ്, ബാക്ക് ടു ദി ഫ്യൂച്ചര്‍ സീരിസ്, ഇന്ത്യാന ജോണ്‍സ് സീരിസ്, എ.ഐ, വാര്‍ ഓഫ് ദി വേള്‍ഡ്സ്)  അദ്ദേഹത്തിന്റെ സ്ഥാനം. മെമന്റോ , പ്രസ്റ്റീജ്, ബാറ്റ്മാന്‍ ബിഗിന്‍സ്, ഡാര്‍ക്ക് നൈറ്റ്‌, ഇന്സപ്ഷന്‍ എന്നെ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ആ സ്ഥാനം നേടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട്. ഡാര്‍ക്ക് നൈറ്റ്‌ ബുഷണ്ണനെ പുണ്യാളന്‍ ആക്കാനെടുത്ത പടമാണെന്ന ഒരു വ്യാഖ്യാനവും ഉണ്ട്.(അത് ഒരു വ്യാഖ്യാനം മാത്രമാവാം. കല രചയിതാവിന്റെത് മാത്രമല്ലല്ലോ. പ്രേക്ഷകര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ക്കൂടിയാണ്  കലയുടെ നിലനില്‍പ്പ്‌ എന്ന് ഞാന്‍ കരുതുന്നു). എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ട്. ഇപ്പോഴും യുക്തിക്ക് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു എന്നതാണ് കാരണം. 

പ്രസ്റ്റീജ് യഥാര്‍ത്ഥത്തില്‍ അതെ പേരുള്ള ഒരു നോവലിനെ ആധാരമാക്കി എടുത്തതാണ്. എന്നാല്‍ നോവലും സിനിമയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസം ഉണ്ട്. മന്ത്രവാദവും മായാവിദ്യകളും ആയിരുന്നു നോവലിന്റെ പശ്ചാത്തലം. എന്നാല്‍ അതിനെ പുതുക്കിപ്പണിഞ്ഞു ശാസ്ത്രമാണ് മാജിക്കിന്റെ അടിസ്ഥാനം എന്ന സത്യം പ്രചരിപ്പിക്കുകയാണ് അദ്ദേഹം തന്റെ സഹോദരന്‍ ജോനാതന്‍ നോളനുമായി ചേര്‍ന്ന് ചെയ്തത്. ഇത് യഥാര്‍ത്ഥത്തില്‍ വളരെയധികം പ്രചരിപ്പിക്കപ്പെടെണ്ട ഒരു പോയന്റ് ആണ്. മാജിക്കിലെ ഏറ്റവും സിമ്പിളായ വിദ്യകള്‍ തങ്ങളുടെ അമാനുഷിക  കഴിവാണെന്ന മട്ടില്‍ പ്രചരിപ്പിച്ചു കുമ്പിടി സ്വാമിമാര്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. വിരലുകള്‍ക്കിടയില്‍ നിന്ന് ഭസ്മം എടുക്കുകയും, സ്വര്‍ണ്ണ മാല എടുക്കുകയും, ശിവലിംഗം ചര്‍ദ്ദിക്കുകയും ചെയ്തു ദൈവങ്ങളായ മനുഷ്യരുടെ ആരാധകര്‍ ഇതൊക്കെ മാജിക്കിലെ ബാലപാഠങ്ങളാണ് എന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ പ്രസ്റ്റീജ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ  അര്‍ത്ഥത്തില്‍ വളരെ പുരോഗമനപരമാണ് ഈ ചിത്രം. എന്നാല്‍ ഏഴാം അറിവിലാകട്ടെ നേരെ വിപരീതമായി ഫ്രാഡ് സ്വാമിമാരുടെയും ഗോക്രിമാരുടെയും പാദസേവ ചെയ്യകയാണ് മു.ദോ. അതിനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.

സിനിമ കണ്ട ശേഷം നോവലിന്റെ സൃഷ്ടാവ് തന്റെ നോവലിനേക്കാള്‍ എത്രയോ മനോഹരമായിരിക്കുന്നു സിനിമ എന്ന് പ്രശംസിച്ചത് തന്നെയാണ് നോളന്റെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം. എന്നാല്‍ സിനിമ ഒരു കലാസൃഷ്ടി കൂടിയാണ്. അവിടെ ആനന്ദ് നേരത്തെ പറഞ്ഞ ഭാവന ഉപയോഗിക്കണം. അതിനുള്ള അവസരമായി മാത്രം ഡൂപ്ലിക്കേറ്റിംഗ് മെഷീനെ കണ്ടാല്‍ മതി. എന്നാല്‍ അപ്പോഴും മന്ത്രവിദ്യ ഉപയോഗിച്ച് അല്ല ഈ മെഷീനെ നോളന്‍ പ്രവര്‍ത്തിപ്പിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ടെസ്ലാ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി വരുന്നു. ടെസ്ല ആണ് ഈ മെഷീന്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷനില്‍ ഭാവനയും ശാസ്ത്രവും ന്യായമായ അളവില്‍ ചേര്‍ക്കേണ്ടതുണ്ട്. അതിന്റെ ശരിയായ മിശ്രണം ഒരു നല്ല കലാസൃഷിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രസ്റ്റീജ്. അതിന്റെ ഏറ്റവും വികൃതമായ ഉപയോഗമാണ് ഏഴാം അറിവില്‍ ഉള്ളത്. അതില്‍ അയുക്തമായ ഭാവന മാത്രമേ ഉള്ളൂ, ശാസ്ത്രം തീരെ ഇല്ല.

ബാറ്റ്മാന്‍ സീരിസില്‍ ഇറങ്ങിയ രണ്ടു പടങ്ങളും (ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക് നൈറ്റ്‌) എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടിയിട്ടേ ഉള്ളൂ. ഒരു സാധാരണ സൂപ്പര്‍ ഹീറോ ആയി  അവശേഷിക്കുമായിരുന്ന ബാറ്റ്മാന്‍ എന്ന ലെജന്‍ഡിനെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിയത്‌ അദ്ദേഹമാണ്. സൂപ്പര്‍മാന്‍  തുടങ്ങി നമ്മുടെ ശക്തിമാനില്‍ വരെ ജന്മനാ സിദ്ധിച്ച കഴിവുകളാണ് അവരെ അതിമാനുഷികര്‍ ആക്കി മാറ്റിയതും അനീതിക്കെതിരെ പോരാടാന്‍ ശക്തി നല്‍കിയതും. എന്നാല്‍ ക്രിസ്ടഫര്‍ നോളന്‍ ഈ അതിമാനുഷികര്‍ക്ക് ഒരു പുനര്‍വായന നടത്തുകയായിരുന്നു. ജന്മനാ സിദ്ധിച്ച കഴിവ്വല്ല മറിച്ച് ജീവിതം കൊണ്ട് ആര്‍ജ്ജിച്ച കഴിവുകളാണ് ബ്രൂസ് വെയ്നെ ബാറ്റ്മാനാക്കി തീര്‍ക്കുന്നത്. അതില്‍ ബാറ്റ്മാന്‍ മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മനുഷ്യന്‍ സ്വപ്രയത്നത്താല്‍ നേടിയ ആത്മവിശ്വാസവും ധൈര്യവും മോര്‍ഗന്‍ ഫ്രീമാന്‍ അവതരിപ്പിക്കുന്ന ഫോക്സ് എന്ന ശാസ്ത്രജ്ഞന്‍ വഴി ശാസ്ത്രത്തിന്റെ അത്ഭുതകരമായ സാധ്യതകളുമായി ചേര്‍ന്നപ്പോഴാണ് നോളന്റെ ബാറ്റ്മാന്‍ ജനിക്കുന്നത്. ബ്രൂസ് വെയ്ന്റെ അച്ഛന് ചെയ്യാന്‍ കഴിയാതിരുന്നതാണ് ബാറ്റ്മാന്‍ ചെയ്യുന്നതൊക്കെ എന്ന് ചിത്രം വ്യക്തമായി കാണിക്കുക വഴി പ്രതിഭ ജന്മസിദ്ധമല്ലെന്നും ആര്‍ജ്ജിതമാണെന്നും വാദിക്കുകയാണ് നോളന്‍ . ഇതിന്റെ ഏറ്റവും പോസിറ്റീവ് ആയ വശം ഇത് പാരമ്പര്യവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്നുള്ളതാണ്. പാരമ്പര്യ വാദം എങ്ങനെയാണ് സാമൂഹ്യ വിരുദ്ധമാകുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവിന്‌ എതിര്‍ധ്രുവത്തിലാണ് ബാറ്റ്മാന്റെ സ്ഥാനം.

ഇങ്ങനെ പറയുമ്പോഴും നോളന്റെ ബാറ്റ്മാന്‍ സീരിസിന്റെ രാഷ്ട്രീയം വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. ബുഷണ്ണന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. സ്വന്തം നാടിനു വേണ്ടി (?) യുദ്ധം ചെയ്ത, അനീതിക്കെതിരെ പോരാടിയ (?), വിദേശ രാഷ്ട്രത്തില്‍ അധിനിവേശം നടത്തിയ (ചിത്രത്തില്‍ വില്ലനില്‍ പോക്കാനായി ചൈനയില്‍ അതിക്രമിച്ചു കടക്കുന്നു), ഒടുവില്‍ നാട്ടുകാരാല്‍ വെറുക്കപ്പെടുന്ന, എന്നിട്ടും നാട്ടുകാര്‍ക്ക് വേണ്ടി നിലകൊണ്ട ആളായി ആണല്ലോ 'ഡാര്‍ക്ക് നൈറ്റ്‌ ' എന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ ചിത്രീകരിക്കപ്പെടുന്നത്. ബുഷിന്റെ ആരാധകര്‍ അയാളെ ന്യായീകരിക്കാന്‍ പറയുന്ന നുണകള്‍ക്ക് ഇവയുമായി ഉള്ള സാമ്യം യാദൃശ്ചികമാകില്ല. ഈ വീഡിയോ കാണുക. ബുഷിനെ വെള്ളപൂശാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഡാര്‍ക്ക് നൈറ്റിലെ സംഭാഷണങ്ങള്‍ ആണ്.

ഉപദേശകന്റെ വക കാട്ടില്‍ ഒളിച്ച കൊള്ളക്കാരനെ പിടിക്കാന്‍ കാടിന് തന്നെ തീയിട്ട കഥയാണ്‌  ബ്രൂസ് വെയ്ന് പ്രോത്സാഹനം ആകുന്നത്. ജോക്കറെപ്പറ്റി 'some people just want to see the wold burn, we can't find any logic in them' എന്നാണു മൈക്കേല്‍ കെയ്ന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നു. ഇത് നേരെ പിടിച്ചു തീവ്രവാദികളുടെ മേലില്‍ വെക്കുകയാണ് ബുഷ്‌ ആരാധകര്‍ ചെയ്യുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്ക് ഇത് ഒട്ടും യോജിക്കുന്ന വിശേഷണങ്ങള്‍ അല്ല. തീവ്രവാദി ആക്രമങ്ങള്‍ക്കും ബുഷിന്റെ തീവ്രവാദികള്‍ക്ക് എതിരായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടങ്ങള്‍ക്കും വ്യക്തമായ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയവുമായ ഉദ്ദേശങ്ങള്‍ ഉണ്ട്. അമേരിക്ക-തീവ്രവാദി ദ്വന്തത്തെ അത് കൊണ്ടുതന്നെ ബാറ്റ്മാന്‍ - ജോക്കര്‍ ദ്വന്തമായി പരിഗണിക്കുന്നത് അത്യന്തം കാപട്യപരവും ചരിത്ര നിഷേധവുമാണ്. ബിന്‍ ലാദനും സദ്ദാം ഹുസൈനുമൊക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആദ്യം ആയുധം നല്‍കിയത് ഇതേ അമേരിക്കന്‍ സാമ്രാജ്യം തന്നെയായിരുന്നു എന്നും ഓര്‍ക്കുക.

ബുഷിനെപ്പോലെ ഒരാളെ ന്യായീകരിക്കാന്‍ അബോധമായെങ്കിലും നോളന്‍ ശ്രമിച്ചെങ്കില്‍ അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത് ആ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ കളങ്കം ആണ്. ഇതുമാത്രമല്ല, അനീതിയും അക്രമവും ഇല്ലാതാക്കാന്‍ നോളന്‍ മുന്നോട്ടു വെക്കുന്ന രീതി അസംബന്ധവും അപ്രായോഗികവുമാണ്. ഇല്ലാതാക്കേണ്ടത് കുറ്റവാളികളെ അല്ല, കുറ്റം ചെയ്യാനുണ്ടായ സാഹചര്യം ആണെന്ന അടിസ്ഥാന തത്വം നോളന്‍ ഇവിടെ മറന്നുപോയി. ഈ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ഈ ജനുസില്‍പ്പെട്ട മറ്റേതൊരു ഹോളിവുഡ് ചിത്രവും പോലെ പൊട്ടി പൊളിയുകയാണ് നോളന്റെ ഈ ചിത്രവും. (അവതാര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇറാക്ക് അധിനിവേശത്തെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് : 'മാനവസംസ്കാരത്തിന്റെ അമ്മമരം').

ഇന്സപ്ഷന്‍ ഞാന്‍ കണ്ടിട്ടുള്ളതിലും വായിച്ചിട്ടുള്ളതിലും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ സൃഷ്ടികളില്‍ ഒന്നാണ്. എന്തൊരു ഭാവന  എന്ന് മാത്രമേ ആ ചിത്രത്തെക്കുറിച്ച് എനിക്ക് പറയാനുള്ളൂ (ഇതാണ് ഭാവന, അല്ലാതെ മുടി മൈക്രോസ്കോപ്പില്‍ വെച്ചിട്ട് ഡി എന്‍ എ കിടന്നു കറങ്ങുന്നത് കാണിക്കുന്നത് അല്ല).  തീര്‍ച്ചയായും നമ്മുടെ കാലത്തെ ഒരു ക്ലാസ്സിക്ക് ചിത്രം. എന്നാല്‍ നോളനെ കണ്ടു പഠിക്കഡേയ് എന്ന് മു.ദോ-യോട് ഒരിക്കലും ഞാന്‍ പറയില്ല. കാരണം മു.ദോ നോളനെക്കണ്ട് തന്നെയാണ് പഠിച്ചിരിക്കുന്നത്. പക്ഷെ ഒരു ഉപയോഗവും ഉണ്ടായില്ല എന്ന് മാത്രം. ദീന, രമണ തുടങ്ങിയ ചവറുകള്‍ എടുത്തു സിനിമാ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രം ഒടുങ്ങുമായിരുന്ന (ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ തന്നെയാണ് തോന്നുന്നത്) മു.ദോ-യെ ഇപ്പോള്‍ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും നോളന്‍ സഹോദരന്മാര്‍ക്കാണ്. കാരണം ജോനാതന്‍ നോളന്‍ എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നോളന്‍ സഹോദരന്മാര്‍ ചേര്‍ന്നെഴുതി ക്രിസ്ടഫര്‍ നോളന്‍ സംവിധാനം ചെയ്ത  'മെമന്റോ' എന്ന ചിത്രത്തിന്റെ ഈച്ചകോപ്പിയാണ് മു.ദോ-യെ പ്രശസ്തനാക്കിയ 'ഗജിനി'.

ഒരു സിനിമ ഏറ്റവും മോശമായി എങ്ങനെ റീമേക്ക് ചെയ്യാം എന്നതില്‍ ചൈന ടൌണിനും (ദി ഹാന്ഗ് ഓവര്‍), 'കഥ തുടരുന്നു'-നും (ദി പെഴ്സ്യൂട്റ്റ് ഓഫ് ഹാപ്പിനെസ്സ്), ആഗിനും (ഷോലെ), ഫോര്‍ ഫ്രണ്ട്സിനും (ദി ബക്കറ്റ് ലിസ്റ്റ്) ഒപ്പമാണ് ഗജിനിയുടെയും സ്ഥാനം. 'മെമന്റോ'  ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഗജിനി പകുതി വരെയെങ്കിലും സഹിച്ചിരുന്നു കാണാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. തമിഴ് വേര്‍ഷന്‍ കുറച്ചു കണ്ടു പേടിച്ചു ഹിന്ദി വേര്‍ഷന്റെ അടുത്ത് പോലും പോയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യം അറിയില്ല. എന്നാല്‍ അതും ഫീകരമാണെന്നാണ് കണ്ടവരുടെ റിപ്പോര്‍ട്ട്. ഇങ്ങനെ നേടിയ ചീത്തപ്പേര് കൂടുതല്‍ (കു)പ്രസിദ്ധമാക്കാന്‍ മാത്രമേ ഏഴാം അറിവ് ഉപകരിച്ചിട്ടുള്ളൂ. 'എന്ഗേയും എപ്പോതും' എന്ന ചിത്രം നിര്‍മ്മിച്ചു എന്ന പേരില്‍ മാത്രമാകും ഒരുപക്ഷെ തമിഴ് സിനിമ ചരിത്രത്തില്‍ മു.ദോ അറിയപ്പെടുക.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ സാധാരണ ജനപ്രിയ സിനിമകളില്‍, പ്രത്യേകിച്ച് ഹോളിവുഡ് സിനിമകില്‍, കാണാനിടയില്ലാത്ത യുക്തിചിന്തയും പുരോഗമനപരമായ നിലപാടുകളും പിന്നെ കലാരൂപം എന്ന നിലയില്‍  സിനിമകളുടെ ഉന്നതമായ നിലവാരവും ക്രിസ്ടഫര്‍ നോളനെ എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാക്കി മാറ്റുന്നു. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാശാവ്. മു.ദോ-യുടെ സ്ഥാനാമാകട്ടെ ചവറ്റുകുട്ടയിലും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ബന്ധപ്പെട്ട പോസ്റ്റുകള്‍:

 മാനവസംസ്കാരത്തിന്റെ 'അമ്മമരം'  

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

 

11 അഭിപ്രായങ്ങൾ:

 1. totally agree with you.
  a small correction - back to the future was directed by Robert Zemechis. Spielberg was its producer.

  മറുപടിഇല്ലാതാക്കൂ
 2. 'മെമന്റോ' ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഗജിനി പകുതി വരെയെങ്കിലും സഹിച്ചിരുന്നു കാണാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല.. വളരെ ശരിയാണ്. ‘ഗജിനി’യാണ് ഞാൻ ആദ്യം കണ്ടതെങ്കിലും 'മെമന്റോ' കണ്ടുകഴിഞ്ഞപ്പോൾ Guy Pearce-ന്റെ അഭിനയ പാടവത്തെ പാടേ കളിയാക്കുന്ന എന്തോ ഒന്ന് എന്നുമാത്രമേ ഗജിനിയെപ്പറ്റി തോന്നിയുള്ളൂ. നല്ല സൂക്ഷ്മതയുള്ള നിരീ‍ക്ഷണങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 3. @ananthakrishnan, Yeah I know that. But that film is of Spielberg genre. I don't think Spielberg was only a producer in that film

  മറുപടിഇല്ലാതാക്കൂ
 4. താങ്കളുടെ ഈ പോസ്റ്റും avatar ഉം ഇറാഖ് അഭിനിവേശത്തെയും ബന്ധപ്പെടുത്തിയുള്ള നിരീക്ഷണങ്ങളും വായിച്ചു. ഒരു ബുദ്ധിജീവി എന്ന് സ്ഥാപിച്ചെടുക്കാനുള്ള വിചിത്രമായ ശ്രമങ്ങള്‍ എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുന്നുള്ളു. താങ്കളുടെ ഈ കണ്ടെത്തലുകള്‍ ആ സിനിമകളുടെ സ്രഷ്ടാക്കള്‍ ചിന്തിച്ചിട് പോലും ഉണ്ടാവുമോ എന്നത് സംശയമാണ്. കലാസൃഷ്ടികളെ ആ രീതിയില്‍ കാണാന്‍ സ്രെമിക്കാന്‍ അപേക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. മേല്‍ പറഞ്ഞ കമന്റില്‍ ഉദേശിച്ചത്‌ prestige, batman സിനിമകളെ കുറിച്ചുള്ള താങ്കളുടെ ആഴത്തിലുള്ള നിരീക്ഷണങ്ങളെ മാത്രം ആണ്. ഒരു നോളന്‍ ആരാധകന്‍ എന്ന നിലയില്‍ അദേഹത്തെ കുറിച്ചുള്ള താങ്കളുടെ പരാമര്‍ശങ്ങളോട് ഞാന്‍ യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. >>ഒരു ബുദ്ധിജീവി എന്ന് സ്ഥാപിച്ചെടുക്കാനുള്ള വിചിത്രമായ ശ്രമങ്ങള്‍ എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുന്നുള്ളു.<<

  കറക്ടാണ്. ഒരു ബുദ്ധിജീവി ആയിട്ട് വീട്ടില്‍ കയറിയാല്‍ മതി എന്നാണു എന്റെ പിതാജി എന്നോട് അരുളിയിരിക്കുന്നത്. അതിനുള്ള കഠിനശ്രമത്തിലാണ്. അനുഗ്രഹിക്കണം.

  മറുപടിഇല്ലാതാക്കൂ
 7. >>താങ്കളുടെ ഈ കണ്ടെത്തലുകള്‍ ആ സിനിമകളുടെ സ്രഷ്ടാക്കള്‍ ചിന്തിച്ചിട് പോലും ഉണ്ടാവുമോ എന്നത് സംശയമാണ്. കലാസൃഷ്ടികളെ ആ രീതിയില്‍ കാണാന്‍ സ്രെമിക്കാന്‍ അപേക്ഷിക്കുന്നു.<<

  ഒരു സിനിമ ആസ്വദിക്കുന്ന കാര്യത്തിൽ അത്തരം കർതൃത്വനിർദ്ദേശങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്? തിയ്യറ്ററിലോ ടെലിവിഷനിലോ കമ്പ്യൂട്ടർ സ്ക്രീനിലോ ഒരു ചിത്രം ആസ്വദിക്കുന്ന പ്രേക്ഷകരുടെ മേൽ അത്തരം കർതൃത്വസങ്കല്പങ്ങളുടെ നിയന്ത്രണങ്ങളില്ല, അതിന്റെ ആവശ്യവുമില്ല; അവരോരുത്തരും അവരവരുടേതായ രീതിയിലാണ് അതിനെ സ്വീകരിക്കുന്നതും ആസ്വദിക്കുന്നതും.
  -സി.എസ്. വെങ്കിടേശ്വരന്‍
  http://workersforum.blogspot.com/2011/11/blog-post_2369.html

  ഒരു കലാസൃഷ്ടിയെ ഏതു രീതിയില്‍ കാണണം എങ്ങനെ വായിക്കണം എന്നതില്‍ പ്രേക്ഷകന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. കല രചയിതാവിന്റെത് മാത്രമല്ലല്ലോ. പ്രേക്ഷകര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ക്കൂടിയാണ് കലയുടെ നിലനില്‍പ്പ്‌ എന്ന് ഞാന്‍ കരുതുന്നു. അവര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ അവരുടെ നിലപാടുകളും പ്രതിഫലിക്കും. അതുവഴി പ്രേക്ഷകനും ആ കലാരൂപത്തില്‍ പങ്കാളിയാകുന്നു. അതില്‍ തന്നെയല്ലേ എല്ലാ കലകളുടെയും നിലനില്‍പ്പ്‌. അല്ലാതെ ദാ ഞാന്‍ ഒരു കലാസൃഷ്ടി ചെയ്തിട്ടുണ്ട്, എല്ലാവരും ഇന്ന രൂപത്തിലെ അത് കാണാവൂ എന്ന് പറയുന്നത് ഏഴാം അറിവിന്റെ ക്ലൈമാക്സില്‍ മു.ദോ സൂര്യയെക്കൊണ്ട് ഹിതാണ് സിനിമയുടെ ആശയം എന്നും പറഞ്ഞു പ്രസംഗം നടത്തിക്കുന്നതിനേക്കാള്‍ വികൃതമായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 8. നോലന്റെ ചിത്രങ്ങള്‍ ഒരുപാടിഷ്ടപെടുന്നു ഈ കുറിപ്പും നന്നായി .മലയാളത്തില്‍ ആരും ഇന്സേപ്ഷനെ കുറിച്ച് എഴുതി കണ്ടില്ല
  എന്നാല്‍ മറ്റു ഭാഷകളിലൊക്കെ കാര്യമായ ചര്‍ച്ചകള്‍ കണ്ടു പ്രത്യേകിച്ചും ക്ലയിമാക്സിനെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളും .
  അതോ ഇനി വല്ലയിടത്തും ഉണ്ടെങ്കില്‍ ലിങ്ക് തരണേ വീണ്ടും വരാം .

  മറുപടിഇല്ലാതാക്കൂ
 9. മുരുഗധോസിനെ ഒരു പാട് പേര്‍ മേമെന്ടോ യുടെ പേരില്‍ അധിക്ഷേപ്പിക്കുന്നത് കേള്‍ക്കുന്നു..മേമെന്ടോ കണ്ട ഒട്ടു മിക്ക പ്രേക്ഷകരും,എന്തിനു അതിന്റെ സംവിധായകനായ നോലാന്‍ പോലും അതിന്റെ കഥ എന്താനെന്നതില്‍ ഒരു തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല..പക്ഷെ അതാണ്‌ ആ പടത്തിന്റെ സവിശേഷതയും..പലരും അലമുറയിടുന്നത് പോലെ ഗജിനി മേമെന്റൊയുടെ ഒരു പകര്‍പ്പാണ് എന്ന് പറയുന്നതില്‍ വലിയ അര്‍ഥം ഇല്ല..ഗയ്‌ പീര്സ് അവതിരിപ്പിച്ച ആ കഥാപാത്രത്തിനെയും അയാളുടെ വേഷ വിധാനങ്ങളും മാത്രമേ ഇതില്‍ ഉപയോഗിച്ചിട്ടുള്ളൂ..ഒരു പക്ഷെ ആ പടം അതെ പോലെ remake ചെയ്‌താല്‍ ഇത്ര ശ്രേടിക്കപെടുകയോ ചര്‍ച്ചാവിഷയം ആവുകയോ ചെയുമായിരുന്നില്ല..അങ്ങനെ അതെ പടി ഇംഗ്ലീഷില്‍ നിന്ന് അടിച്ചു മാറ്റപെട്ട ഒരു പാട് brainy movies പരാജയപെട്ട ഉതാഹരണങ്ങള്‍ നമുക്ക് ഹിന്ദിയിലും തമിഴിലും എന്തിനു മലയാളത്തിലും കാണാം..ഇന്ത്യന്‍ കച്ചവട സിനിമയുടെ സാഹചര്യങ്ങളിലേക്ക് വളരെ നന്നായി തന്നെ പറിച്ചു മാറ്റ പെട്ട ഒരു സംരംഭം ആണെന്ന് തന്നെ ഈ പടത്തിനെ കുറിച്ച് പറയാന്‍ പറ്റും...ഒരു നാട്യ-ലാസ്യ-സരസ കലാ-സാമൂഹം ആയ നമ്മുടെ മണ്ണില്‍ നിന്ന് കൊണ്ട് ചിന്ടിചെടുത്ത കഥയ്ക്ക്‌,മേമെന്റോയില്‍ കൊടുത്തത് പോലെ പ്രതികാരതിന്റെയോ,സഹ കഥാപാത്രങ്ങളുടെ ചതിയുടെയോ നിറം കൂട്ടി കൊടുതിരിന്നു എങ്കില്‍ ഒരു പക്ഷെ സ്വീകരിക്കപെടാതെ പോയേനെ..
  മുരുഗ ദോസ് ഒരു സാധാരണ സംവിധായകന്‍ മാത്രം ആണ്..ഇന്ത്യന്‍ കമേര്‍ഷ്യല്‍ മസാല ശ്രേണിയിലേക്ക് ഒരു ക്ലാസ്സിക്കിനെ പറിച്ചു നടുമ്പോള്‍ സംഭവിക്കാവുന്ന മൂല്യച്ചുതിയെ ഈ കാര്യത്തിലും സംബവിചിട്ടുള്ളൂ..അടിച്ചു പൊളിച്ചു നടക്കുന്ന പതിനെട്ടു വയസുകാരനെയും,അന്നത്തെ കൂലി സിനിമ ടാക്കിസില്‍ കൊണ്ട് കൊടുക്കുന്ന തമിഴനെയും ഉന്നം വച്ചെടുത്ത പടങ്ങളില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?!!

  പിന്നെ കലാ ശ്രിഷ്ടികള്‍ ഓപ്പണ്‍ source ആകണം എന്നാണു എന്റെ അഭിപ്രായം..കാരണം മുരുഗ ദോസ് എന്ന സംവിധായകന്‍ ഗജിനി എന്ന പടം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ മേമെന്ടോ കാണുമായിരുന്നില്ല..ഞാന്‍ മാത്രമല്ല നിങ്ങളില്‍ പലരും!! അവരെ കുറ്റം പറയാതെ ഇങ്ങനത്തെ മോഷണങ്ങള്‍ നമ്മള്‍ ഒരു വിധ്യബാസം ആയി കണക്കാക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ അതിന്റെ സംവിധായകനെയോ നടനെയോ കുറ്റം പറഞ്ഞിട്ടല്ല!!
  അവര്‍ ഇതൊക്കെ നമ്മള്‍ക്ക് മുന്നേ കണ്ടിട്ട് അവരവരുടെ സിനിമ industryil ഭൂരിപക്ഷം വരുന്ന പ്രേക്ഷക സമൂഹത്തെ തൃപ്തി പെടുത്തുവാന്‍,നിലവാരം കുറച്ചു സിനിമയെടുക്കുന്നു..ഞാന്‍ കുറ്റം പറയില്ല,കാരണം ഇത് ബിസിനസ്‌ ആണ്!!

  മറുപടിഇല്ലാതാക്കൂ
 10. ക്രിസ്ടഫര്‍ നോളന്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ ആണ്...താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....