മൈതാനങ്ങളിലെ കുമ്മായവരകൾക്കുള്ളിലും, തെരുവുകളിലും, കടൽത്തീരങ്ങളിലും ഒരു തുകൽപ്പന്തിനൊപ്പം പായുമ്പോൾ ലോകമെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യർക്ക് ജീവിതത്തിൽ ഒരിക്കലും ലഭിക്കാത്ത സമത്വവും, നീതിയും, പരിഗണനയും, ആഹ്ലാദവും ലഭിച്ചിരുന്നു. വിശപ്പും, ദാഹവും, ഒറ്റപ്പെടലുകളും, ഭൗതികവും മാനസികവുമായ ഇല്ലായ്മകളും, വല്ലായ്മകളും, വിഷാദങ്ങളും അവർ മറന്നിരുന്നു. ആ രണ്ടു പോസ്റ്റുകൾക്കുള്ളിൽ, കണ്ടുനിന്ന കാണികൾക്കുള്ളിൽ നിറഞ്ഞു തുളുമ്പിയിരുന്നത് നിത്യജീവിതത്തിൽ തങ്ങൾക്ക് നേരെ നീട്ടപ്പെടാത്ത മനുഷ്യത്വം ആയിരുന്നു, അവർക്ക് നഷ്ടമായിക്കൊണ്ടിരുന്ന മനുഷ്യരിലുള്ള വിശ്വാസം ആയിരുന്നു. ജീവിതത്തിൽ അന്യമായിക്കൊണ്ടിരുന്ന വിജയത്തിന്റെ ഉന്മാദം അവർ അറിഞ്ഞിരുന്നത് ആ കളത്തിൽ ആയിരുന്നു. ഒരു കായികരൂപത്തിനോടുള്ള ഇഷ്ടത്തിലുപരിയായി അതുകൊണ്ടുകൂടിയാണ് നാലുകൊല്ലം കൂടുമ്പോൾ തങ്ങൾ ഒരിക്കലും കാണാനിടയില്ലാത്ത ഒരു രാജ്യത്തിന്റെ, തങ്ങൾ പരിചയപ്പെടാനിടയില്ലാത്ത ഒരു ജനതയുടേയും ഭാഷയുടേയും സംസ്കാരത്തിന്റേയും പതാകവാഹകരായി അവർ തെരുവുകളിലും, വീടുകളിലും, നവമാധ്യമങ്ങളിലും ആഘോഷിക്കുന്നത്; ആ ദേശരൂപങ്ങൾക്കായി പൊരുതുന്നത്. എന്തും വെട്ടിപ്പിടിച്ചു മാത്രം ശീലമുള്ള, അന്യന്റെ അധ്വാനത്തെ ഊറ്റിക്കുടിച്ചു ചീർത്ത, ധാരാളിത്തത്തെ മാത്രം ഭുജിച്ചു ജീവിച്ചവർക്ക് അതു മനസ്സിലാവുന്നില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും വലിയൊരുപങ്ക് ജനതയ്ക്ക് തങ്ങളുടെ നാടിന്റെ കാൽപന്തുകളിയിലെ ലോകകപ്പ് വിജയം വിദൂരമായ സ്വപ്നങ്ങളിൽപ്പോലും അന്യമാണ്. അവർ ആർജന്റീനയുടെയോ, ബ്രസീലിന്റെയോ, സ്പെയ്നിന്റേയോ, പോർച്ചുഗലിന്റെയോ, ഫ്രാൻസിന്റേയോ, ജർമ്മനിയുടെയോ, ഇംഗ്ളണ്ടിന്റെയോ വിജയങ്ങളെ സ്വപ്നം കാണട്ടെ, ആഘോഷിക്കട്ടെ. നിങ്ങൾക്ക് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയാത്ത വികാരങ്ങൾ കാപട്യമാണെന്നും, അവർ കപട ആരാധകരും വിലയ്ക്കെടുക്കപ്പെട്ടവർ ആണെന്നും മാത്രം കരുതരുത്. എല്ലാവരുടേയും ഇല്ലായ്മകൾ അവസാനിപ്പിച്ച്, സമത്വം നിറഞ്ഞ ഒരു ലോകം സാധ്യമാവാത്ത കാലത്തോളം, ആ അസമത്വത്തിന്റെ കാരണക്കാർ കൂടിയായ നിങ്ങൾക്ക് അതിനവകാശമില്ല.
Football is the sigh of the oppressed people, the heart of a heartless world, and the soul of our soulless conditions. It is the opium of the masses.
Picture:
“Messi
10
Diamond”
Somewhere in Bangladesh


