വെള്ളിയാഴ്‌ച, ഡിസംബർ 30, 2022

ക്ലബ് ഫുട്‌ബോളിന് ഒരാമുഖം - സ്പാനിഷ് ലാ ലിഗ


കുറച്ചു വർഷങ്ങൾക്കു മുൻപ്‌ വരെ ലോകത്തിലെ ഏറ്റവും ജനപ്രിയമേറിയ ലീഗായി കണക്കാക്കപ്പെട്ടിരുന്നത് സ്പാനിഷ് ലാ ലീഗ ആയിരുന്നു. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ സൂപ്പർ താരങ്ങളുടെ സാന്നിധ്യമുള്ള ശക്തമായ ക്ലബുകളും UEFA ചാമ്പ്യൻസ് ലീഗും, യൂറോപ്പ ലീഗും സ്പാനിഷ് ടീമുകൾ തുടർച്ചയായി വിജയിച്ചിരുന്നതും ഇതിന് പ്രധാന കാരണങ്ങൾ ആയിരുന്നു. എന്നാൽ ബാഴ്‌സലോണ ഉൾപ്പെടെയുള്ള പ്രധാന ക്ലബുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വളർച്ചയും ലാ ലിഗയെ കുറച്ചു പിന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

20 ക്ലബുകളാണ് സ്പാനിഷ് ലീഗിലെ ഒന്നാം ഡിവിഷനായ ലാ ലിഗയിൽ ഉള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് സമാനമായി ഓരോ ടീമും മറ്റു 19 ടീമുകളുമായി ഒരു home മത്സരവും ഒരു away മത്സരവും കളിക്കുന്നു. മറ്റു ലീഗുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ മത്സരങ്ങളും ഒരേ ക്രമത്തിൽ രണ്ടു പ്രാവശ്യവും കളിക്കുന്നു എന്നതാണ് ലാ ലിഗയുടെ പ്രത്യേകത. വിജയത്തിന് 3 പോയിന്റും സമനിലയ്ക്ക് ഒരു പോയിന്റും ലഭിക്കുന്നു. ലീഗ് പൂർത്തിയാവുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ലീഗ് കിരീടം നേടും. ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ചാമ്പ്യൻസ് ലീഗ് പ്രവേശനം കിട്ടുമ്പോൾ അവസാന മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർ രണ്ടാം ഡിവിഷനിലേക്ക് റെലിഗേറ്റ് ചെയ്യപ്പെടും. രണ്ടാം ഡിവിഷനിൽ നിന്ന് മൂന്നു ക്ലബുകൾ ഓരോ വർഷവും ലാ ലിഗയിലേക്ക് എത്തുന്നു. സ്‌പെയിനിലെ പ്രധാന കപ്പ് ടൂർണമെന്റ് ആണ് കോപ്പ ഡെൽ റെയ്. കോപ്പ ഡെൽ റെയ്, ലാ ലിഗ ചാംപ്യന്മാരും റണ്ണേഴ്സ് അപ്പും ആയ നാലു ടീമുകൾ സൂപ്പർ കോപ്പ എസ്പാനയിൽ ഏറ്റുമുട്ടും. മുൻപ് കോപ്പ ഡെൽ റെയ്-ലാ ലിഗ ചാമ്പ്യൻമാർ നേരിട്ട് ഏറ്റുമുട്ടിയിരുന്ന സൂപ്പർ കോപ്പ 2019-20 സീസണ് മുതലാണ് ഈ ഫോർമാറ്റിലേക്ക് മാറിയത്.


റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ, വലൻസിയ, വിയ്യാറയാൽ, റയൽ സോഷ്യഡാഡ്, അത്‌ലറ്റിക് ക്ലബ് തുടങ്ങിയവയാണ് ലാ ലിഗയിലെ പ്രധാന ടീമുകൾ. ഇതിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയുമാണ് പ്രധാന ശക്തികൾ.  ഇരു ടീമുകളും തമ്മിൽ മത്സരിക്കുന്ന 'എൽ ക്ലാസിക്കോ' ലോകത്തേറ്റവും കൂടുതൽ പേർ കാണുന്ന ക്ലബ് മത്സരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രണ്ടു ക്ലബുകളും ലോകത്തെ ഏറ്റവും ശക്തി ഉള്ളവരാണ് എന്നതിന് ഉപരിയായി രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങൾ ഇതിനുണ്ട്. റയൽ മാഡ്രിഡ്-അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ-എസ്പാന്യോൾ ഡർബികളും പ്രധാനപ്പെട്ടവയാണ്. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക് ക്ലബ്, ഒസാസുന തുടങ്ങിയവ ക്ലബ് അംഗങ്ങളായ ആരാധകരുടെ തന്നെ ഉടമസ്ഥയിൽ ആണ്. മറ്റു ക്ലബുകൾ 1992-ൽ സ്‌പെയിനിൽ പാസാക്കിയ നിയമം മൂലം പബ്ലിക്ക് ലിമിറ്റഡ് കമ്പനികളായാണ് പ്രവർത്തിക്കുന്നതെങ്കിലും അവയുടെ പ്രവർത്തനത്തിൽ ആരാധകർക്ക് വലിയ സ്വാധീനമുണ്ട്.

റയൽ മാഡ്രിഡ് 1902-ലാണ് മാഡ്രിഡ് ഫുട്‌ബോൾ ക്ലബ് എന്ന പേരിൽ സ്ഥാപിതം ആകുന്നത്. 1920-ൽ കിംഗ്‌ അൽഫോണ്സോ പതിമൂന്നാമനാണ് 'റോയൽ' എന്നർത്ഥർമുള്ള 'റയൽ' എന്ന സ്പാനിഷ് പട്ടം നൽകി ക്ലബിന് റയൽ മാഡ്രിഡ് എന്ന പേര് നൽകുന്നത്. ക്ലബിലെ കളിക്കാരനും, മാനേജരും, ക്ലബിന്റെ വളർച്ചയ്ക്ക് വലിയ കാരണക്കാരനായ പ്രസിഡണ്ടും ആയിരുന്ന സാന്റിയാഗോ ബെർണബുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത സാന്റിയാഗോ ബെർണബു സ്റ്റേഡിയത്തിലാണ് റയൽ മാഡ്രിഡ് കളിക്കുന്നത്. ക്ലബ് ആരംഭിച്ചത് മുതൽ വെള്ള നിറത്തിലുള്ള ഷർട്ടും ഷോർട്സുമാണ് റയൽ മാഡ്രിഡിന്റെ ജേഴ്സി. ആൽഫ്രഡ്‌ ഡി സ്റ്റെഫാനോ, റൊണാൾഡോ നസാരിയോ, റൗൾ ഗോണ്സാൽവസ്, പുസ്‌കാസ്, ലൂയി ഫിഗോ, സിദാൻ,  ക്രിസ്റ്റിയാനോ റൊണാൾഡോ, ആംഗേൽ ഡി മരിയ, ഹിഗ്വയ്ൻ, ഡേവിഡ് ബെക്ക്ഹാം, ഹാവിയർ സാവിയോള, കാക, റോബർട്ടോ കാർലോസ്, ഐക്കർ കാസിയസ്, മേസൂട് ഓസിൽ, സെർജിയോ റാമോസ്, ഹ്യൂഗോ സാഞ്ചെസ്, ആര്യൻ റോബൻ തുടങ്ങിയ നിരവധി മഹാരഥന്മാർ റയലിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. ലൂക്ക മോഡ്റിച്ച്, നിലവിലെ ബാലണ് ഡി'ഓർ ജേതാവ് കരീം ബെൻസിമ, ടോണി ക്രൂസ്, തിയാഗോ കോർട്ടുവാ, വിനീഷ്യസ് ജൂനിയർ, വാൽവേർഡേ, ക്യാമവിങ്ക, റോഡ്രിഗോ എന്നിവരാണ് ഇപ്പോൾ അവരുടെ പ്രധാന കളിക്കാർ. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ റയൽ മാഡ്രിഡിന്റെ മാനേജർ കാർലോ ആഞ്ചലോട്ടിയാണ്. റയൽ മാഡ്രിഡ് കളിക്കാരൻ എന്ന നിലയിൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും, ലാ ലിഗ കിരീടവും നേടിയിട്ടുള്ള സിദാൻ മാനേജർ ആയി മൂന്നു ചാപ്യൻസ് ലീഗ് കിരീടങ്ങളും, രണ്ടു ലിഗ കിരീടങ്ങളും റയലിന് നേടിക്കൊടുത്തിട്ടുണ്ട്. 438 മത്സരങ്ങളിൽ 450 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് റയലിന്റെ ടോപ്പ് സ്‌കോറർ.

സ്പാനഷ് തലസ്ഥാനമായ മാഡ്രിഡിന്റെ ക്ലബായ റയൽ മാഡ്രിഡ് സ്പാനിഷ് ദേശീയതയുടെ പ്രതീകമായി പലരും കണക്കാക്കിയപ്പോൾ 1899-ൽ ജുവാൻ ഗമ്പറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട FC ബാഴ്‌സലോണ ക്യാറ്റലാൻ ദേശീയതയുടെ പ്രതീകമാണ്. ക്യാറ്റലാൻ ജനതയുടെ ജീവിതത്തിനും, ക്യാറ്റലാൻ സംസ്കാരത്തിനും മേൽ ഈ ക്ലബിനുള്ള പ്രാധാന്യം 'Més que un club' അഥവാ 'More than a club' എന്ന ബാഴ്‌സയുടെ മോട്ടോയിൽ തന്നെയുണ്ട്. ലയണൽ മെസ്സി, ദിയേഗോ മറഡോണ, യോഹാൻ ക്രൈഫ്, റിഖ്വൽമേ, റൊണാൾഡിഞ്ഞോ, ഹാവിയർ മസ്ക്കാരാനോ, റിവാൾഡോ, റൊണാൾഡോ നസീരിയോ, ലൂയി ഫിഗോ, പെപ് ഗാർഡിയോള, നെയ്‌മർ, ഡാനി ആൽവെസ്, ഗ്യാരി ലിനേക്കർ, സ്‌ലാത്താൻ ഇബ്രാഹിമോവിച്ച്, ഡേവിഡ് വിയ്യ, ലൂയി സുവാരസ്, സാമുവേൽ എറ്റോ,  ലൂയിസ് എൻറിക്വെ, രാകിട്ടിച്ച്, തിയറി ഹെൻറി, പാട്രിക്ക് ക്ളൈവർട്ട്, മൈക്കൽ ലൗഡ്റപ് തുടങ്ങി നിരവധി മഹാരഥന്മാർ അണിനിരന്ന ബാഴ്‌സ സാവി, ഇനിയെസ്റ്റ, പുയോൾ, പിക്വേ, സെർജിയോ ബാസ്കറ്റ്സ്, പെഡ്രോ, വിക്ടർ വാൽഡേസ് തുടങ്ങിയ ബാഴ്‌സയുടെ ലാ മസിയ അക്കാദമി പ്രൊഡക്ടുകളും മെസ്സിയും, ഡേവിഡ് വിയ്യയും, ഹാവിയർ മാസ്കരാനോയും ഉൾപ്പെട്ട സുവർണ തലമുറയുടെ കാലത്താണ് ലോകത്തിന്റെ നെറുകയിൽ എത്തിയത്.

1900 മുതൽ നീലയും ചുവപ്പും നിറങ്ങളുള്ള ജേഴ്‌സിയാണ് ബാഴ്‌സ ഉപയോഗിക്കുന്നത്. ബാഴ്‌സ കളിക്കാരനും, ഡയറക്ടർ ഓഫ് ഫുട്‌ബോളും ആയിരുന്ന കാർലെസ് കൊമമാല 1910-ൽ ഡിസൈൻ ചെയ്ത ലോഗോയാണ് ബാഴ്‌സ ഇപ്പോഴും ചെറിയ മാറ്റങ്ങളോടെ ഉപയോഗിക്കുന്നത്. 1925-ൽ സ്പാനിഷ് ഏകാധിപതി പ്രിമോ ഡി റിവേരക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ദേശീയ ഗാനത്തിന്റെ സമയത്ത് ബാഴ്‌സ ആരാധകർ കൂവുകയുണ്ടായി. തുടർന്ന് ആറു മാസം ബാഴ്‌സ സ്റ്റേഡിയം അടച്ചിടുകയും, ക്ലബിന്റെ സ്ഥാപകൻ ആയിരുന്ന ഗംപർക്ക് ക്ലബ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തു. 1930-ൽ വിഷാദ രോഗവും, സാമ്പത്തിക പ്രതിസന്ധികളും മൂലം ഗംപർ ആത്‍മഹത്യ ചെയ്തു. ഗംപറുടെ സ്മരണാർത്ഥം ഇപ്പോഴും സീസൺ തുടങ്ങുന്നതിനു മുൻപ് ബാഴ്‌സ ഹോം ഗ്രൗണ്ട് ആയ നു കാമ്പിൽ ഗംപർ ട്രോഫിക്കായി ബാഴ്‌സ സൗഹൃദ മത്സരം സംഘടിപ്പിക്കാറുണ്ട്.

 1936-ൽ സ്പാനിഷ് ആഭ്യന്തര യുദ്ധ കാലത്ത് ബാഴ്‌സയിലെയും, അത്ലറ്റികോ ബിൽബോയിലെയും നിരവധി കളിക്കാർ സൈനിക അട്ടിമറിക്ക് എതിരെ പോരാടി. ഫാസിസ്റ്റ് സൈനിക മേധാവി ഫ്രാൻകോയുടെ സൈനികർ ക്ലബ് പ്രസിഡന്റ് ജോസെപ് സുന്യോളിനെ കൊലപ്പെടുത്തി. റയൽ മാഡ്രിഡ് പ്രസിഡന്റും, റിപ്പബ്ലിക്കൻ സൈനിക നേതാവും, സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും ആയിരുന്ന അന്റോണിയോ ഓർട്ടേഗയെയും, റയൽ മാഡ്രിഡ് വൈസ് പ്രസിഡന്റിനും, ട്രേഷറർക്കും, മറ്റ് ബോർഡ് അംഗങ്ങൾക്കും ഒപ്പം ഫ്രാൻകോയുടെ സൈനികർ കൊലപ്പെടുത്തി. ഫ്രാൻകോയുടെ ഏകാധിപത്യ കാലത്ത് ബാഴ്‌സ ലോഗോയിൽ നിന്ന് ക്യാറ്റലാൻ പതാക മാറ്റേണ്ടി വന്നു. ക്ലബിന്റെ പേര് Club de Fútbol Barcelona എന്നും മാറ്റാൻ നിർബന്ധിതമായി. 1975-ൽ ക്ലബ് യഥാർത്ഥ ലോഗോയിലേക്കും, പേരിലേക്കും തിരിച്ചുവന്നു. ഫ്രാൻകോയുമായി ബന്ധപ്പെട്ട ക്ലബായതുകൊണ്ടു റയൽ മാഡ്രിഡിൽ ചേരില്ല എന്നുപറഞ്ഞാണ് യോഹാൻ ക്രൈഫ് 1973-ൽ ബാഴ്‌സയിൽ എത്തുന്നത്. 1951-ൽ ബാഴ്‌സലോണയിലെ ട്രാം തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു മഴയുള്ള ഞായറാഴ്ച ബാഴ്‌സ ആരാധകർ മത്സരശേഷം ട്രാം ഉപയോഗിക്കാതെ കാൽനടയായി സ്റ്റേഡിയത്തിൽ നിന്ന് പോയി. ഇതുപോലുള്ള സംഭവങ്ങൾ മൂലം ബാഴ്‌സയെ സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങളുടേയും സംരക്ഷകരായി സ്‌പെയിനിലെ പുരോഗമന നിലപാടുള്ളവർ കണക്കാക്കാൻ തുടങ്ങി. ഫ്രാൻകോയുടെ ഏകാധിപത്യം അവസാനിച്ച് 1975-ൽ സ്‌പെയിനിൽ ജനാധിപത്യം തിരിച്ചു വന്നതിനെ തുടർന്ന് ബാഴ്‌സ പ്രസിഡന്റ് സ്ഥാനവും വോട്ടെടുപ്പ് വഴിയായി. ആ രീതി ഇപ്പോഴും തുടരുന്നു. ക്ലബ് നിലവിൽ വന്നിട്ട് 2010 വരെ ഒരു നൂറ്റാണ്ടിനു മുകളിൽ ബാഴ്‌സ ജേഴ്‌സിയിൽ കോർപ്പറേറ്റ് സ്പോണ്സർഷിപ് സ്വീകരിച്ചിരുന്നില്ല. 2006-ൽ UNICEF ബാഴ്‌സയുടെ ഷർട്ട് സ്പോണ്സർ ആവുകയും, UNICEF-ന് ബാഴ്‌സ വലിയ തോതിൽ സംഭാവന നൽകുകയും ചെയ്തിരുന്നു. 

റിനസ് മൈക്കേൽസ് ആദ്യം ഉപയോഗിക്കുകയും, യോഹൻ ക്രൈഫ് ബാഴ്‌സയിലും, നെതാർലൻഡ്സിലും, അയാക്‌സിലും വിജയകരമായി പ്രയോഗിക്കുകയും ചെയ്ത ടോട്ടൽ ഫുട്‌ബോൾ ആണ് ബാഴ്‌സയുടെ കേളീ ശൈലിയിൽ പിന്നീട് ഏറ്റവും വലിയ സ്വാധീനം പുലർത്തിയത്. അയാക്സ് ഫുട്‌ബോൾ ക്ലബിലെ ശുചീകരണ തൊഴിലാളിയുടെ മകനായ യോഹാൻ ക്രൈഫ് അയാക്‌സിന് കളിക്കുമ്പോൾ രണ്ടു വർഷം തുടർച്ചയായി ബാലണ് ഡി'ഓർ സ്വന്തമാക്കി. തൊട്ടടുത്ത വർഷം ബാഴ്‌സയുടെ കുപ്പായത്തിൽ കളിച്ച് വീണ്ടും ബാലണ് ഡി'ഓർ നേടിയ യോഹൻ ക്രൈഫ് ബാഴ്‌സ മാനേജർ ആയിരുന്നപ്പോൾ ബാഴ്‌സ തുടർച്ചയായി നാലു ലാ ലീഗ കിരീടങ്ങളും, ഒരു യൂറോപ്യൻ കിരീടവും നേടി. പിന്നീട് അൽപ്പം പിന്നോട്ട് പോയ ബാഴ്‌സ മുൻ കളിക്കാരൻ ആയിരുന്ന 'ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം' എന്ന് വിശേഷിപ്പിക്കപ്പെട്ട പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിച്ച ടീമിലൂടെ വീണ്ടും മുന്നോട്ടു വന്നു. ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രതിഭാധനന്മാർ അണിനിരന്ന ഈ ടീം 2009 സീസണിൽ കളിച്ച ആറു ടൂർണമെന്റുകളിലും കിരീടമണിഞ്ഞ് റെക്കോർഡ് സൃഷ്ടിച്ചു. 2008-12 കാലത്ത് ഗ്വാർഡിയോളയ്ക്ക് കീഴിൽ 2 ചാമ്പ്യൻസ് ലീഗ് ട്രോഫിയും, 3 ലാ ലീഗാ കിരീടങ്ങളും ഉൾപ്പെടെ 14 പ്രധാന കിരീടങ്ങളാണ് ബാഴ്‌സ നേടിയത്. 2012-ൽ 91 ഗോളുകൾ അടിച്ച മെസ്സി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ എന്ന ഗേർഡ് മുള്ളറുടെ റെക്കോർഡും മറികടന്നു.


സ്വന്തം നാടായ റോസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ കളിച്ചിരുന്ന ലയണൽ മെസ്സി പതിമൂന്നാം വയസ്സിലാണ് ബാഴ്‌സലോണയിൽ എത്തുന്നത്. മെസ്സി ടീമിൽ എത്തുന്നതിന് മുൻപ് ഒരു യൂറോപ്യൻ കിരീടം മാത്രമാണ് ബാഴ്‌സയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ മെസ്സി കളിച്ച കാലത്ത് ബാഴ്‌സ നേടിയ 4 യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ബാഴ്‌സയുടെ ചരിത്രത്തിൽ മെസ്സിയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ബാഴ്‌സയുടെ എക്കാലത്തെയും വലിയ ടോപ്പ് സ്‌കോറർ ആയ മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി 778 കളികളിൽ 672 ഗോളുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് ഉള്ള സീസർ റോഡ്രിഗസ് നേടിയത് 226 ഗോളുകൾ ആണ്. മൂന്നാമതുള്ള ലൂയി സുവാരസ് 195 ഗോളുകൾ ബാഴ്‌സയ്ക്കായി നേടി. 2021-ൽ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധി മൂലം കരാർ പുതുക്കാനാവാതെ ബാഴ്‌സ വിടുമ്പോഴേക്കും 10 ലാ ലീഗാ കിരീടങ്ങൾ ഉൾപ്പെടെ 35 പ്രധാന കിരീടങ്ങളും, 6 ബാലണ് ഡി'ഓറുകളും മെസ്സി നേടിക്കഴിഞ്ഞിരുന്നു. 2021-ൽ PSG-ക്ക് വേണ്ടി കളിക്കുമ്പോൾ മെസ്സി തന്റെ ഏഴാമത്തെ ബാലണ് ഡി'ഓർ കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ബാഴ്‌സയുടെ പ്രധാന കളിക്കാരിൽ ഒരാളായിരുന്ന സാവിയാണ് ഇപ്പോൾ ബാഴ്‌സയുടെ മാനേജർ. പെഡ്റി, ലെവൻഡോവിസ്കി, ഒസ്മാനെ ഡെമ്പലെ, റാഫീഞ്ഞ, ജൂൾസ് കുണ്ടെ, മാർക്ക് ആന്ദ്രേ ടെർ സ്റ്റെഗൻ, ഫ്രാൻകി ഡി യോങ്, മെംഫിസ് ഡിപ്പായ്, റൊണാൾഡ് അരാഹോ, ഫ്രാൻക് കേസ്സി, ഫെറാൻ ടോറസ്, ലാ മസിയ അക്കാദമി പ്രോഡക്ടുകളായ ഗാവി, അൻസു ഫാറ്റി, സെർജിയോ ബാസ്‌ക്കേറ്റ്സ്, എറിക് ഗാർഷിയ തുടങ്ങിയവർ ഇപ്പോൾ ബാഴ്‌സക്ക് വേണ്ടി കളിക്കുന്നു.

ബാഴ്‌സയും റയലും തമ്മിലുള്ള മത്സരങ്ങൾ ഫുട്‌ബോളിന് അപ്പുറത്തേക്ക് സ്പാനിഷ്-ക്യാറ്റലാൻ ദേശീയതകൾ തമ്മിലുള്ള പോരാട്ടമായിക്കൂടി കണക്കാക്കപ്പെടുന്നതിനാൽ പുതിയൊരു മാനം കൈവരിക്കുന്നു. പലപ്പോഴും സ്റ്റേഡിയത്തിനുള്ളിൽ തെരുവുയുദ്ധത്തിന് സമാനമായ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷമാണ് ഈ മത്സരങ്ങളിൽ ഉണ്ടാവാറുള്ളത്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലും, തുടർന്നുള്ള ഫ്രാൻകോയുടെ ഏകാധിപത്യ ഭരണത്തിലും ഈ വൈരത്തിന്റെ വേരുകൾ ആഴ്ന്നു കിടക്കുന്നു. മാഡ്രിഡും ബാഴ്‍സലോണയും ഫ്രാൻകോക്കെതിരെ പൊരുതിയെങ്കിലും, ഫ്രാൻകോ തന്റെ ഏകാധിപത്യ ഭരണം ഉറപ്പിച്ച ശേഷം മാഡ്രിഡ് ആണ് അധികാര കേന്ദ്രമായി കണക്കാക്കിയത്. അധികാരത്തിന്റെ കേന്ദ്രീകരണത്തിൽ വിശ്വസിച്ചിരുന്ന ഫ്രാൻകോ സ്വാഭാവികമായും റയൽ മാഡ്രിഡ് ക്ലബിനെ ഈ പ്രത്യയ ശാസ്ത്ര പ്രചാരണത്തിനായി ഉപയോഗിച്ചു. ക്യാറ്റലാൻ ക്ലബായ ബാഴ്‌സലോണയും, ബാസ്‌ക്ക് ക്ലബായ അത്‌ലറ്റിക്കോ ബിൽബാവോയും മറ്റും ഫ്രാൻകോ ഭരണകാലത്ത് നിരവധി നിയന്ത്രങ്ങളാൽ വലിഞ്ഞു മുറുകപ്പെട്ടു. ഫ്രാൻകോ ഉയർത്തിക്കാണിക്കാൻ ശ്രമിച്ച സ്പാനിഷ് തീവ്രദേശീയതയ്ക്കും, അധികാര കേന്ദ്രീകരണത്തിനും ക്യാറ്റലാൻ, ബാസ്‌ക്ക് ദേശീയതകൾ ഉയർത്തിയ വെല്ലുവിളികൾ തന്നെ ഇതിന് കാരണം.

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളർമാരിൽ ഒരാളായി കരുതപ്പെടുന്ന ആർജന്റൈൻ താരം ആൽബർട്ട് ഡി സ്റ്റെഫാനോ ബാഴ്‌സ സൈൻ ചെയ്‌തെങ്കിലും, അദ്ദേഹത്തിന്റെ കരാറുകളെപ്പറ്റി റയലുമായി ഉണ്ടായ നിയമ പ്രശ്നങ്ങളെത്തുടർന്ന് ഇരു ടീമുകൾക്കും ഓരോ സീസണിലും മാറി മാറി കളിക്കേണ്ട അവസ്ഥ വന്നു. ഇത് ബാഴ്‌സ ആരാധകർക്ക് ഇടയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുകയും, ഡി സ്റ്റെഫാനോയുമായുള്ള കരാറിൽ നിന്ന് ബാഴ്‌സ പിന്മാറുകയും, ബാഴ്‌സ പ്രസിഡന്റ് രാജി വെക്കുകയും ചെയ്തു. ഇതിനു പിന്നിൽ ബാഴ്‌സക്കുമേൽ ഫ്രാൻകോയുടെ ഇടപെടൽ ഉണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. തുടർന്ന് റയൽ മാഡ്രിഡിൽ എത്തിയ ഡി സ്റ്റെഫാനോ മാഡ്രിഡിനായി 396 മത്സരങ്ങളിൽ നിന്ന് 308 ഗോളുകൾ നേടുകയും, റയലിന് അഞ്ചു യൂറോപ്യൻ കിരീടങ്ങൾ നേടിക്കൊക്കുകയും ചെയ്തു. കോപ്പ ഡെൽ റിയോ സെമിഫൈനലിൽ ഒന്നാം പാദത്തിൽ റയലിനോട് 3-0ന് മുന്നിൽ നിന്ന ബാഴ്‌സ ടീം രണ്ടാം പാദത്തിൽ 11-1ന് പരാജപ്പെട്ടത്തിന് പിന്നിൽ ഫ്രാൻകോ ഭരണകൂടത്തിന്റെ ഭീഷണി ആണെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിലെ സത്യാവസ്ഥ എന്തായാലും റയലിന്റെ നേട്ടങ്ങളെ ഫ്രാൻകോ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു എന്നതും, ക്ലബിൽ നിരന്തരം സന്ദർശനം നടത്തിയിരുന്നു എന്നതും വസ്തുതയാണ്. ഫ്രാൻകോ ഭരണകാലത്തെ സ്പാനിഷ് ജനത അവജ്ഞയോടെ കാണുന്നത്. ഫ്രാൻകോയുമായി ക്ലബിനെ ബന്ധപ്പെടുത്തുന്ന ഒരു വാദങ്ങളും റയൽ മാഡ്രിഡ് ആരാധകർക്ക് സ്വീകാര്യവുമല്ല.

ബാഴ്‌സ ക്യാപ്റ്റൻ ആയിരുന്ന പോർച്ചുഗീസ് താരം ലൂയി ഫിഗോയെ റയലിന് എത്തിക്കുമെന്ന് വാഗ്‌ദാനം നൽകിയാണ് ഇപ്പോഴത്തെ റയൽ പ്രസിഡന്റ് ഫ്ലോറെന്റീനോ പെരസ് ആദ്യമായി റയൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 2000-ൽ പെരസ്‌ തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ ഫിഗോ റയലിന് എത്തിയത് ഇരു ടീമുകളും തമ്മിലുള്ള വൈരം വർദ്ധിപ്പിച്ചു. ബാഴ്‌സയുമായുള്ള മത്സരത്തിനിടെ ഫിഗോയുടെ അടുത്തേക്ക്‌ പന്നിത്തലയും, കുപ്പികളും വലിച്ചെറിയുന്നതിൽ വരെ ഇതെത്തിച്ചു. ഫ്ലോറെന്റീനോ പെരസ്‌ സൂപ്പർ താരങ്ങൾ ഉൾപ്പെട്ട തന്റെ 'ഗലാക്ടിക്കോസ്' ടീമിനെ അവതരിപ്പിച്ചു. ലൂയി ഫിഗോ, സിദാൻ, ബെക്ക്ഹാം, റൊണാൾഡോ നസാരിയോ, റൗൾ, മൈക്കൽ ഓവൻ, റൊബീഞ്ഞോ, റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങൾ ഒരേ സമയം റയലിന് വേണ്ടി കളിച്ചു. എന്നാൽ ഇവർക്ക് വേണ്ടത്ര നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2006-ൽ പെരസിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു.

ഇപ്പോഴത്തെ ബാഴ്‌സ പ്രസിഡന്റ് ലപ്പോർട്ട ആദ്യമായി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത് 2003-ലാണ്. ഗലാക്ടിക്കോ കൾച്ചറിന് വിരുദ്ധമായി സൂപ്പർ താരങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിലും യോഹാൻ ക്രൈഫിന്റെ തത്വസംഹിതകൾ പിന്തുടർന്ന് ടീം വർക്കിൽ ആണ് ബാഴ്‌സ കൂടുതൽ ഊന്നിയിരുന്നത്. റൊണാൾഡിഞ്ഞോയുടെ പിൻഗാമിയായി മെസ്സിയും, ലാ മസിയ അക്കാദമി കളിക്കാരും ഈ സമയത്താണ് ടീമിൽ വരുന്നത്. തുടർന്ന് ബാഴ്‌സ ആധിപത്യം ആരംഭിച്ചു. പക്ഷെ 2009-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഫ്ലോറെന്റീനോ പെരസ് ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസിമ, കാക, ആംഗേൽ ഡി മരിയ, ഓസിൽ, അലോൻസോ, ലൂക്ക മോഡ്റിച്ച്, ഗാരേത് ബേയ്ൽ തുടങ്ങി നിരവധി കളിക്കാരുടെ വരവോടെ വീണ്ടും ശക്തമാവുകയും എൽ ക്ളാസിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങൾ പിന്നീടുള്ള പതിറ്റാണ്ട് സാക്ഷ്യം വഹിക്കുകയും ചെയ്തു. 2009, 2011, 2015 സീസണുകളിലെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആ പതിറ്റാണ്ടിലെ ഒട്ടുമിക്ക ലാ ലീഗ കിരീടങ്ങളും ബാഴ്‌സലോണ കരസ്ഥമാക്കിയപ്പോൾ 2014, 16,17,18,22 സീസണുകളിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായി. 


2017-ൽ നെയ്മർ ബാഴ്‌സയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് PSG യിൽ പോയി. തുടർന്ന് ബാഴ്‌സ പ്രസിഡന്റ് ബാർട്ടോമൂവിന്റെ കീഴിൽ കൗടീഞ്ഞോ, ഡെംബലെ, ഗ്രീസ്മാൻ തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ എത്തിയെങ്കിലും ഇത് ബാഴ്‌സയെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചു. ബാർട്ടുമോ പുറത്താക്കപ്പെടുകയും ലപ്പോർട്ട വീണ്ടും പ്രസിഡന്റ് ആയി തിരിച്ചെത്തുകയും ചെയ്തു. റയൽ മാഡ്രിഡും ഇപ്പോൾ സൂപ്പർ താരങ്ങളേക്കാൾ, മികവുള്ള യുവതാരങ്ങളെയാണ് സൈൻ ചെയ്യാൻ ശ്രമിക്കുന്നത്.

ബാഴ്‌സലോണയിൽ ആണ് ഉള്ളതെങ്കിലും സ്പാനിഷ് ദേശീയതയെ അംഗീകരിക്കുന്ന എസ്പാന്യോൾ ആണ് ബാഴ്‌സയുടെ പ്രധാന പ്രാദേശിക വൈരികൾ. സ്‌പെയിനിൽ നിന്ന് വിട്ടുപോകാനുള്ള ക്യാറ്റലാൻ റെഫറണ്ടതിന്റെ കേന്ദ്രമായി ബാഴ്‌സ ആരാധകർ നിലകൊണ്ടപ്പോൾ, അതിനെതിരായ നിലപാടാണ് എസ്പാന്യോൾ, റയൽ മാഡ്രിഡ് ആരാധകർ എടുത്തത്. ബാസ്‌ക്ക് ദേശീയതയുടെ വക്താക്കളായ ലാ ലിഗ ക്ലബ് അത്ലറ്റികോ ബിൽബാവോ ഇപ്പോഴും ബാസ്‌ക്ക് പ്രദേശത്തുള്ള കളിക്കാരെ മാത്രം ടീമിൽ കൊണ്ടുവരുന്ന രീതി പിന്തുടരുന്നു. ഇതിനായി ഈ പ്രദേശത്തെ യുവകളിക്കാരെ പരിശീലിപ്പിക്കാനും, ടീമിൽ കൊണ്ടുവരാനും അവർ പരിശ്രമിക്കുന്നു. അത്ലറ്റികോ ബിൽബാവോ 8 ലാ ലിഗ കിരീടങ്ങളും, 23 കോപ്പ ഡെൽ റെയ് കിരീടങ്ങളും നേടിയിട്ടുണ്ട്.  2011-13 കാലഘട്ടത്തിൽ പ്രശസ്ത ആർജന്റൈൻ കോച്ച്
മാഴ്‌സലോ ബിയേൽസ ആയിരുന്നു അവരുടെ മാനേജർ. 2012-ൽ അവർ യൂറോപ്പ ലീഗിന്റേയും, കോപ്പ ഡെൽ റെയുടെയും ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാനായില്ല.

ആർജന്റൈൻ കളിക്കാരൻ ആയിരുന്ന സിമിയോണിയാണ് നിലവിലെ ലാ ലീഗാ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മാനേജർ. റോഡ്രിഗോ ഡി പോൾ, അന്റോയ്ൻ ഗ്രീസ്മാൻ, മോളീന, ആംഗേൽ കൊറിയ, ജാവോ ഫെലിക്സ്, യാൻ ഒബ്ളാക്ക്, മൊറാറ്റ, കൊക്കെ, സോൾ നിഗസ് തുടങ്ങിയവരാണ് അവരുടെ പ്രധാന കളിക്കാർ. ലൂയി സുവാരസ്, അഗ്വേറോ, ഫാൽക്കാവോ, ബനെഗ, ഗോഡിൻ, ടോറസ്, സിമിയോണി, ദിയേഗോ കോസ്റ്റ, ദിയേഗോ ഫോർലാൻ തുടങ്ങിയവർ മുൻപ് അത്‌ലറ്റിക്കോക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2014-ലും അവർ ലാ ലീഗ കിരീടം നേടിയിട്ടുണ്ട്. പ്രതിരോധത്തിൽ ഊന്നിയ കളിയാണ് 11 വർഷമായി അത്‌ലറ്റിക്കോ മാനേജർ ആയ സിമിയോണിയുടെ കീഴിൽ ക്ലബ് കളിക്കുന്നത്. ഈ സീസണിൽ ക്ലബിന്റെ പ്രകടനം മോശമാണ്.

ആർജന്റൈൻ കളിക്കാരായ ഫോയ്ത്തും ലെ സെൽസോയും വിയ്യാറയലിലും, പാപ്പു ഗോമസും അക്കുനയും മോണ്ടിയേലും എറിക് ലമേലയും സേവിയ്യയിലും, ഗുയിഡോ റോഡ്രിഗസ് റയൽ ബെറ്റിസിലുമാണ്, പസ്റ്റോർ എൽച്ചയിലുമാണ് കളിക്കുന്നത്. സേവിയ്യയുടെ മൊറോക്കോ ഗോളി യാസിൻ ബോണോ കഴിഞ്ഞ സീസണിൽ മികച്ച ലാ ലീഗാ ഗോൾകീപ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാർലോസ് സോളർ വലൻസിയയിലും, ഇയാഗോ അസ്‌പാസ് സെൽറ്റാ വിഗോയിലും കളിക്കുന്നു. സെവിയ്യ ആറു വട്ടവും, വലൻസിയയും വിയ്യാറയലും ഓരോ വട്ടവും യൂറോപ്പ ലീഗ് ചാമ്പ്യൻമാർ ആയിട്ടുണ്ട്.

ബുധനാഴ്‌ച, ഡിസംബർ 28, 2022

ക്ലബ് ഫുട്‌ബോളിന് ഒരാമുഖം - ഇംഗ്ളീഷ് പ്രീമിയർ ലീഗ്



യൂറോപ്പിൽ പ്രധാനമായി ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയൻ , ജർമൻ, ഫ്രഞ്ച് എന്നിങ്ങനെ 5 ലീഗുകൾ ആണുള്ളത്.  അതുകൂടാതെ ഡച്ച്, പോർച്ചുഗീസ്, റഷ്യൻ, ഉക്രൈൻ ലീഗുകളും ഉണ്ട്. 90-കളിൽ ഇറ്റലിയിലെ സിരിയ എയും, അടുത്ത കാലം വരെ റൊണാൾഡോയും മെസ്സിയുമൊക്കെ കളിച്ചിരുന്ന സ്പാനിഷ് ലാ ലീഗയും ആയിരുന്നു ഏറ്റവും പോപ്പുലർ എങ്കിൽ ഇപ്പോൾ ആ സ്ഥാനം ഇംഗ്ളീഷ് പ്രീമിയർ ലീഗിനാണ്. ക്ലബ്ബുകളിൽ  ചരിത്രപരമായി ഏറ്റവും ഫാൻസ്‌ ഉള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് , ബാർസലോണ , ലിവർപൂൾ, ബയേൺ മ്യൂണിച്ച് എന്നിവർക്കാണ്. 

ഇംഗ്ളീഷ് പ്രീമിയർ ലീഗ്

1992-ലാണ് ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് ഒന്നാം ഡിവിഷൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആയി മാറുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സെനൽ, ചെൽസി, ലിവർപൂൾ , ടോട്ടൻഹാം എന്നിങ്ങനെ ആറു ക്ലബുകൾ ആണ് പ്രധാനമായുള്ളത്. കഴിഞ്ഞ വർഷം സൗദിയുടെ പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് വാങ്ങിയതിന് ശേഷം 90-കളിലെ മികച്ച ടീമായിരുന്ന ന്യൂകാസിൽ യുണൈറ്റഡും ഇവർക്കൊപ്പം എത്തിയിട്ടുണ്ട്. ഇതിൽ കുറച്ചു ഇടതു ചായ്‌വുള്ളത് ലിവർപൂൾ ആണ്. ലിവർപൂൾ സിറ്റി ചരിത്രപരമായി ഇംഗ്ലണ്ടിലെ സോഷ്യലിസ്റ്റ് ഏരിയ ആണ്. ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ചരിത്രപരമായി ഏറ്റവും ശക്തിയുള്ള ടീമുകൾ.


ഇതിൽ ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞ   20 വർഷങ്ങൾക്കുള്ളിൽ വളർന്ന ക്ലബ്ബുകൾ ആണ്. റഷ്യൻ കോടീശ്വരൻ റോമൻ ഇബ്രാമോവിച്ച് വാങ്ങുന്നതോടെയാണ് ചെൽസീ ഒരു പ്രധാന ക്ലബ്ബായി ഉദയം ചെയ്യുന്നത്. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ആദ്യമായി വലിയ രീതിയിൽ പണം പമ്പ് ചെയ്യുന്നത് ഇബ്രാമോവിച്ച് ആണ്. ഇതിനെത്തുടർന്ന് പോർച്ചുഗീസ് കോച്ച് ഹോസെ മൊറീഞ്ഞോയുടെ കീഴിൽ രണ്ടു പ്രാവശ്യം പ്രീമിയർ ലീഗ് കിരീടം നേടിയ ചെൽസി പിന്നീട് പല തവണ ഇതാവർത്തിക്കുകയും രണ്ടു വട്ടം UEFA ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്തു. അബുദാബി സ്റ്റേറ്റിന്റെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും വലിയ വളർച്ച ഉണ്ടാവുകയും, നിരവധി പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തു. ഇപ്പോൾ പെപ് ഗാർഡിയോളയ്ക്ക് കീഴിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണെങ്കിലും, ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചെസ്റ്റർ സിറ്റിക്ക് ഇതുവരെ നേടാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ 10 വർഷത്തിൽ 6 തവണ പ്രീമിയർ ലീഗ് കിരീടം നേടി. ഏർലിംഗ് ഹാലൻഡ് , ഡി ബ്രൂയ്നെ, ക്യാന്സലോ, അൽവാരെസ്, എഡേഴ്സണ്, റൂബൻ ഡിയാസ് തുടങ്ങിയവരൊക്കെ അവിടെയാണ് കളിക്കുന്നത്. ഓട്ടമെന്റിയും, സെർജിയോ അഗ്വേറോയും, പാബ്ലോ സാബലറ്റോയും, കാർലോസ് ടെവസും മുൻപ് മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്നു.

ഈ ക്ലബുകളുടെ ഉദയത്തോടെ പിന്നിലേക്ക് പോയ ക്ലബാണ് 90-കളിലെ ശക്തി ദുർഗ്ഗമായിരുന്ന അഴ്‌സനൽ. ആർട്ടേറ്റയ്ക്ക് കീഴിൽ അവർ തിരിച്ചു വരവിന്റെ പാതയിലാണ്. നോർവീജിയൻ താരം മാർട്ടിൻ ഓഡിഗാർഡിന്റെ നേതൃത്വത്തിൽ ഒരുപടി യുവതാരങ്ങളാണ് അഴ്‌സെനലിന്റെ ശക്‌തി. 22 വർഷങ്ങൾ മാനേജരായിരുന്ന അഴ്‌സെനെ വെങ്ങറുടെ കാലത്താണ് അഴ്‌സനൽ ഏറ്റവും ശക്തമായ പ്രകടനം കാഴ്‌ച വെച്ചത്. 2003-04 സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ കിരീടം നേടിയ അഴ്‌സെനെ വെങ്ങറുടെ അഴ്‌സനൽ ടീം 'Invinsibles' എന്നറിയപ്പെടുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ വേറൊരു ടീമിനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ സ്റ്റേഡിയം നിർമ്മിച്ചപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയും പണം മുടക്കാനുള്ള ഉടമസ്ഥരുടെ മൂലം പിന്നോട്ട് പോയെങ്കിലും അഴ്‌സനലിന് ലോകമെമ്പാടും ഇപ്പോഴും ശക്തമായ ഫാൻ ബെയ്‌സ് ഉണ്ട്. ആഴ്ച്ച മുഴുവൻ പണിയെടുക്കുന്നവരെ വാരാന്ത്യങ്ങളിൽ ആസ്വദിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്നാണ് വെങ്ങർ അഴ്‌സെനലിന്റെ കുറിയ പാസുകളിലൂടെയുള്ള സുന്ദരമായ കേളീശൈലിക്ക് കാരണമായി പറഞ്ഞത്. വെങ്ങറിന് കീഴിൽ അഴ്‌സെനലിന്റെ ക്യാപ്‌റ്റനും, പെപ് ഗാർഡിയോളക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്ന ഫ്രഞ്ച് കളിക്കാരൻ ആയിരുന്നു അർട്ടേറ്റ ഈ അർത്ഥത്തിൽ വെങ്ങറുടെ പിന്ഗാമിയാണ്.

80-കളിൽ യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായിരുന്ന ടീം ആയിരുന്നു ലിവർപൂൾ. കെന്നി ഡാഗ്ലീഷ്, സ്റ്റീവ് നിക്കോൾ ഉൾപ്പെടെയുള്ള ലെജന്റുകൾ അണിനിരന്ന ലിവർപൂൾ 90-കളുടെ തുടക്കത്തോടെ അല്പം പിന്നേക്ക് പോയി. പിന്നീട്‌ ഒരു തവണ ചാമ്പ്യൻസ് ലീഗ് നേടിയ ലിവർപൂൾ മൈക്കൽ ഓവൻ, സ്റ്റീഫൻ ജെറാർഡ്, ഹാവിയർ മാസ്കരാനോ, ഫെർണാണ്ടോ ടോറസ്, ജൈമി ക്യാരഗർ തുടങ്ങിയ നിരവധി കളിക്കാർ അണിനിരന്നിട്ടും പ്രീമിയർ ലീഗ് കിട്ടാക്കനിയായി. ഒടുവിൽ ഏഴുവർഷം മുൻപ് പ്രശസ്ത ജർമ്മൻ കോച്ച് യുർഹൻ ക്ളോപ്പ് ലിവർപൂളിൽ എത്തിയതോടെയാണ് ലിവർപൂൾ വീണ്ടും പഴയ പ്രതാപം വീണ്ടെടുത്തത്. മൂന്നു UEFA ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ കളിക്കുകയും, ഒരു പ്രാവശ്യം കിരീടം നേടുകയും ചെയ്ത ലിവർപൂൾ പലവട്ടം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ പ്രീമിയർ ലീഗ് കിരീടം മുപ്പതു വർഷങ്ങൾക്ക് ശേഷം 2019-20 സീസണിൽ സ്വന്തമാക്കി. ഇംഗ്ലണ്ടിൽ എറ്റവും കൂടുതൽ യൂറോപ്യൻ കപ്പ് എടുത്ത റെക്കോർഡ് ലിവർപൂളിനാണ്. മൊഹമ്മദ് സലാഹ്, വിർജിൽ വാൻ ഡൈക്, അല്ലിസൺ, ഹെൻഡേഴ്‌സണ്, ഡാർവിൻ ന്യൂനസ്, ഫാബിഞ്ഞോ, തിയാഗോ അൽകാന്ത്ര എന്നിവർ ലിവർപൂളിൽ ആണ് കളിക്കുന്നത്. കിരീട നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച സാദിയോ മാനെ കഴിഞ്ഞ വർഷം ക്ലബ് വിട്ടു. എൻസോ ഇവിടേക്ക് പോകുമെന്നൊക്കെ പറയപെടുന്നു. 'You will never walk alone' എന്നതാണ് ലിവർപൂളിന്റെ ചരിത്ര പ്രസിദ്ധമായ സ്ലോഗൻ. 1989 ഏപ്രിൽ15-ന് ഹിൽസ്ബറോയിൽ ലിവർപൂൾ-നോട്ടിങ്ഹാം ഫോറസ്റ്റ് FA കപ്പ് സെമി ഫൈനൽ കാണാനെത്തിയ 97 ഫുട്‌ബോൾ ആരാധകർ സ്റ്റേഡിയത്തിലെ ഉന്തും തള്ളിനും ഇടയിൽ കൊല്ലപ്പെട്ടു. ഇത് ഹിൽസ്ബറോ ദുരന്തം എന്ന് അറിയപ്പെടുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്. 2013-നുശേഷം പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ലെങ്കിലും ലോകത്ത് ഏറ്റവും ആരാധകർ ഉള്ള ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് കാരണം തുടർച്ചയായി 26 വർഷം മാനേജർ ആയിരുന്ന സർ അലക്സ് ഫെർഗൂസന്റെ കാലത്ത് 13 പ്രീമിയർ കിരീടങ്ങളും, 2 UEFA ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ 38 പ്രധാന കിരീടങ്ങൾ നേടി നടത്തിയ ജൈത്രയാത്രയാണ്. 'ക്ലാസ് ഓഫ് 92' എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ബെക്ഹാം, പോൾ സ്‌കോൾസ്, ഗാരി നെവിൽ, ഫിൽ നെവിൽ, റയാൻ ഗിഗ്സ്, നിക്കി ബട്ട് എന്നിവർ ഉൾപ്പെട്ട യുണൈറ്റഡ് അക്കാദമി പ്രൊഡക്ടുകൾ ആയിരുന്നു ഇക്കാലത്തെ യുണൈറ്റഡിന്റെ വിജയങ്ങൾക്ക് പ്രധാന കാരണം. റോയ് കീൻ, എറിക് കന്റോണ, വെയ്ൻ റൂണി തുടങ്ങിയ ലെജൻഡുകളായ ക്യാപ്‌റ്റൻമാരും, ക്രിസ്റ്റ്യാനോ റൊണാൾഡോ, യുവാൻ സെബാസ്റ്റ്യൻ വെറോണ്, റൂഡ് വാൻ നിസ്റ്റൽറൂയ്, റിയോ ഫെർഡിനാൻഡ്, ഒലെ ഗുണ സോൾഷെർ, ഗബ്രിയേൽ ഹെയ്ൻസ്, കാർലോസ് ടെവസ്, ഫാബിയൻ ബാർത്തേസ്‌, ജെറാർഡ് പിക്വെ, വാൻ ഡേ സാർ, റോബിൻ വാൻ പേഴ്‌സി, ഡ്വൈറ്റ് യോർക്ക്, ആന്റി കോൾ, ടെഡി ഷെറിങ്‌ഹാം, നേമാഞ്ച വിഡിച്ച്, പാട്രിക്ക് എവ്‌റ തുടങ്ങിയ നിരവധി മികച്ച കളിക്കാരും അക്കാലത്ത് മാൻചെസ്റ്റർ യുണൈറ്റഡ് ജേഴ്സി അണിഞ്ഞു. സർ അലക്‌സ് ഫെർഗൂസൻ ജീവിതകാലം മുഴുവൻ അടിയുറച്ച സോഷ്യലിസ്റ്റ് ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങുകളിലൂടെ തിരമാല കണക്കെ മുന്നേറുന്ന ആക്രമണാത്മക ഫുട്‌ബോൾ അവർക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. ക്ലബിനെക്കാൾ വലുതല്ല ഒരു കളിക്കാരനും എന്നു വിശ്വസിച്ചിരുന്ന സർ അലക്സ് അക്കാരണത്താൽ ബെക്ക്ഹാം, റോയ് കീൻ തുടങ്ങി നിരവധി കളിക്കാർക്ക് ക്ലബിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തു.

ഇതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്ര വലിയ വിജയങ്ങൾ നേടിയെടുത് സർ മാറ്റ് ബുസ്‌ബി മാനേജർ ആയിരുന്ന 1945-69 കാലത്തായിരുന്നു. 'ബുസ്‌ബി ബേബ്‌സ്' എന്നറിയപ്പെട്ടിരുന്ന ഈ ടീം 1952,1956, 1957സീസണുകളിൽ ലീഗ് കിരീടങ്ങൾ നേടി ഇംഗ്ലീഷ് ചാമ്പ്യൻ പട്ടം അലങ്കരിക്കവേ 1958-ൽ റെഡ്സ്റ്റാർ ബെൽഗ്രെഡുമായി യൂറോപ്യൻ കപ്പിൽ മത്സരിക്കാനുള്ള വിമാന യാത്രയ്ക്കിടെ മ്യൂണിച്ചിൽ വെച്ച് വിമാനം അപകടത്തിൽപ്പെടുകയും 8 കളിക്കാരും, 3 കോച്ചുമാരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ഈ അപകടത്തിൽ ജീവൻ നഷ്ടമാവാതിരുന്ന ബുസ്‌ബി നിരവധി വർഷങ്ങളെടുത്ത്‌ ടീമിനെ പുനർ നിർമ്മിക്കുകയും 1965, 67 സീസണുകളിൽ ഇംഗ്ളീഷ് ലീഗ് കിരീടവും, 1968ൽ യൂറോപ്യൻ കിരീടവും നേടുകയും ചെയ്തു.

സർ അലക്സ് ഫെർഗൂസന്റെ റിട്ടയർമെന്റിന് ശേഷം യുണൈറ്റഡ് പക്ഷേ ലീഗ് കിരീടം നേടാനായില്ല. തുടർച്ചയായ നിയമിക്കപ്പെട്ട മാനേജർമാരുടെ പരാജയങ്ങളും, യുണൈറ്റഡിൽ നിന്ന് പണം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന അമേരിക്കൻ ഉടമസ്ഥരായ ഗ്ലെയ്സർ കുടുംബവും ഇതിന് കാരണക്കാരായി. ഫൽക്കാവോ, അലക്സിസ് സാഞ്ചെസ്, ഡി മരിയ, ഇബ്റാഹിമോവിച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെ നിരവധി കളിക്കാരെ സൈൻ ചെയ്‌തെങ്കിലും യുണൈറ്റഡിന് വിജയ വഴിയിൽ തിരിച്ചെത്താൻ കഴിഞ്ഞില്ല. ഡേവിഡ് മോയസ്, ലൂയി വാൻ ഹാൾ, ഒലെ ഗുണ സോൾഷർ തുടങ്ങിയവർ പരാജയം ആയപ്പോൾ ഹോസെ മൊറീഞ്ഞോക്ക് മാത്രമാണ് യൂറോപ്പ ലീഗ്, ലീഗ് കപ്പ് തുടങ്ങിയ ട്രോഫികൾ എങ്കിലും നേടാൻ കഴിഞ്ഞത്. 2014-ൽ 60 മില്യൺ പൗണ്ടിന് ഡി മരിയ റിയൽ മാഡ്രിഡിലെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. എന്നാൽ മാനേജർ ആയിരുന്ന വാൻ ഗാലുമായുള്ള പ്രശ്‌നങ്ങൾ മൂലം അടുത്ത വർഷം ഡി മരിയ 44 മില്യൺ പൗണ്ടിന് PSG യിലേക്ക് പോയി. മുൻപ് ആർജന്റൈൻ താരമായ റൂക്വെൽമെയ്ക്കും ബാർഴ്സയിൽ വെച്ച് അന്ന് ബാഴ്‌സ മാനേജർ ആയിരുന്ന വാൻ ഹാളുമായുള്ള പ്രശ്‌നങ്ങൾ മൂലം ബാഴ്‌സ വിട്ടു പോവേണ്ടി വന്നിരുന്നു. പൊളിറ്റിക്കൽ സൈനിംഗ് എന്നാണ് റിക്വൽമയെ ബാഴ്‌സ സൈൻ ചെയ്തതിനനെ വാൻ ഹാൾ വിശേഷിപ്പിച്ചത്. ഈ രണ്ട് സംഭവങ്ങൾക്കും ഉള്ള മറുപടിയായാണ് നെതർലാണ്ട്സിന് എതിരെ ഗോൾ അടിച്ച ശേഷം റിക്വൽമയുടെ പ്രശസ്തമായ സെലിബ്രേഷൻ മെസ്സി വാൻ ഹാൾ ഉൾപ്പെടെയുള്ള ഡച്ച് ബെഞ്ചിന് മുന്നിൽ നിന്ന് കാണിച്ചതും, ഡച്ച് കൊച്ചുമാരുമായി തർക്കം ഉണ്ടായതും. 2016-ൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വാൻ ഹാളിനെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

ഈ സീസണിൽ എറിക് ടാൻ ഹാഗിന്റെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. റൊണാൾഡോ കഴിഞ്ഞ മാസം ടീം വിട്ടപ്പോൾ ബ്രൂണോ ഫെർണാണ്ടസ്, ലിസാൻഡ്രോ മാർട്ടിനെസ്, ഡേവിഡ് ഡി ഹിസ്, മാർക്കസ് റാഷ്ഫോഡ്‌, ഗെർണാച്ചോ, ക്യാസമിറോ, ഹാരി മക്‌ഗയർ, ജോർദാൻ സാഞ്ചോ തുടങ്ങിയവരാണ് ഇപ്പോൾ യുണൈറ്റഡിന്റെ പ്രധാന കളിക്കാർ. ഗ്ലെയ്സർ കുടുംബം ഇപ്പോൾ ക്ലബ് വിൽക്കാനുള്ള ശ്രമത്തിലാണ്.

ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ, ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സണ് ഹി മിൻ, ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്, ക്രിസ്റ്റ്യൻ റൊമേറോ, റിച്ചാർലിസണ്, പെരിസിച്ച് തുടങ്ങിയവരാണ് ടോട്ടൻഹാം ഹോസ്‌പറിന്റെ പ്രധാന കളിക്കാർ. ആർജന്റൈൻ ആയ മൗറീഷ്യോ
പോച്ചട്ടീനോ, ഇംഗ്ളീഷുകാരൻ ആയ ഹാരി റെഡ്‌നാപ്പ് തുടങ്ങിയവരുടെ കീഴിൽ ആക്രമാത്മക ഫുട്‌ബോൾ കളിച്ചിരുന്ന ടോട്ടൻഹാം ഇപ്പോൾ അന്റോണിയോ കൊണ്ടെയുടെ കീഴിൽ പ്രതിരോധത്തിൽ ഊന്നി കളിക്കുന്നു. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടോട്ടൻഹാം പക്ഷേ ഒരു പ്രധാന കിരീടം നേടിയിട്ട് വർഷങ്ങളായി.

മുൻപ് യൂറോപ്യൻ കപ്പ് കിരീടം നേടിയിട്ടുള്ള ആസ്റ്റണ് വില്ല, നോട്ടിങ്ഹാം ഫോറെസ്റ്റ് തുടങ്ങിയ ടീമുകൾ ഇപ്പോൾ അത്ര നല്ല നിലയിലല്ല. എമിലിയാനോ മാർട്ടിനെസ് ആസ്റ്റണ് വില്ലയിലും, മക് ആലിസ്റ്റർ ബ്രൈറ്റണും വേണ്ടി കളിക്കുന്നു. ലീഡ്സ് യുണൈറ്റഡ്, വൂൾവ്‌സ്, ഏവർട്ടണ്, ലീസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ് തുടങ്ങിയവയാണ് പ്രീമിയർ ലീഗ് കളിക്കുന്ന മറ്റ് പ്രധാന ക്ലബുകൾ. ഇംഗ്ളീഷ് ലീഗ് ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ബോക്‌സിംഗ് ഡേ എന്നറിയപ്പെടുന്ന ഡിസംബർ 26-ന് ബ്രെൻറ്ഫോഡ്-ടോട്ടൻഹാം മത്സരത്തിലൂടെ ലോകകപ്പിനായുള്ള ഇടവേളയ്ക്ക് ശേഷം ഇംഗ്ളീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കും.

വ്യാഴാഴ്‌ച, ഡിസംബർ 22, 2022

ഖത്തർ ലോകകപ്പും ക്യാൻസൽ കൾച്ചറും

ലാറ്റിനമേരിക്കൻ ക്ലബുകൾ ഒന്നും പഴയ പ്രഭയിൽ അല്ലാത്ത കാലത്ത്, കളിക്കാനായി ഇരുപതാം വയസ്സിൽ യൂറോപ്പിലേക്ക് ഒറ്റയ്ക്ക് വണ്ടികയറിയ, 28-ആം വയസ്സുവരെ ഒരു ഇംഗ്ലീഷ് ക്ളബ് ബഞ്ചിലിരുത്തി ഏതാണ്ട് കരിയർ തന്നെ നശിക്കുന്നതിന്റെ വക്കത്തെത്തിയ, പിന്നീട് ഒരു രണ്ടാം നിര ക്ലബ്ബായ ആസ്റ്റണ് വില്ലയിലേക്ക് മാറി കളിച്ചു തെളിഞ്ഞ്, സ്‌കളോണി പരീക്ഷിച്ച ആദ്യ 8 ഗോളികളിൽ ഒരാൾ അല്ലാതിരുന്ന, കോപ്പ അമേരിക്കക്ക് മുൻപ് അർമാണിക്ക് പരിക്കേറ്റതുകൊണ്ട് മാത്രം നാഷണൽ ടീമിൽ അവസരം കിട്ടി, ടീമിന് ലോകകപ്പ് കിട്ടുന്നെങ്കിൽ വലിയ പങ്കു വഹിക്കുന്നതിൽ വരെ എത്തിനിൽക്കുന്ന  കളിക്കാരനാണ് എമിലിയാനോ മാർട്ടിനെസ്. അങ്ങേർക്ക് യൂറോപ്യൻ ഫുട്‌ബോളിന്റെ മഹത്വത്തെപ്പറ്റി കേൾക്കുമ്പോൾ, അതും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന്റെ സർവ്വ സൗകര്യങ്ങളും ചെറിയ പ്രായത്തിൽത്തന്നെ ലഭിച്ച, മെസ്സിയുടേയും നെയ്മറിന്റെയും പാസുകളിൽ നിന്ന് എല്ലാ ആഴ്ചയും ഗോളടിച്ചു കൂട്ടുന്ന, ലോകത്തേറ്റവും പ്രതിഫലം ഓഫർ ചെയ്യപ്പെട്ടിട്ടും നെയ്മറെയും മറ്റ് ലാറ്റിനമേരിക്കൻ കളിക്കാരെയും ടീമിൽ നിന്ന് മാറ്റിയാലെ താൻ പുതിയ കരാർ ഒപ്പുവെ‌ക്കൂ എന്നു വാശി പിടിക്കുന്ന, ഇപ്പോഴും അതിന്റെ പേരിൽ PSG വിടുമെന്ന് നിരന്തരം ഭീഷണി മുഴക്കുന്ന ഒരാളിന്റെ വായിൽ നിന്ന് അത് കേൾക്കുമ്പോൾ പുച്ഛം തോന്നിയില്ലെങ്കിലെ അൽഭുതം ഉള്ളൂ. വോക്ക് പൊലിറ്റിക്സിനും ക്യാൻസൽ കൾച്ചറിനും പെട്ടൊന്നൊരു ദിവസം വന്ന് അങ്ങനെ റദ്ദാക്കിക്കളയാവുന്നതല്ല മനുഷ്യന്റെ ജീവിത പരിസരങ്ങളും ചരിത്രവും.


ഒരു നൂറ്റാണ്ടിന്റെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മിഡിൽ ഈസ്റ്റിൽ ഒരു ലോകകപ്പ് നടത്താൻ തീരുമാനിച്ചപ്പോൾ മുൻപ് അവിടെ ബോംബിടാനും, എണ്ണ കൊണ്ടുപോവാനും മാത്രം വന്നിരുന്ന, അവിടെ ഉണ്ടായിരുന്ന പ്രോഗ്രസ്സീവായ ഭരണകൂടങ്ങളെ മുഴുവൻ അട്ടിമറിച്ച ചരിത്രമുള്ള യൂറോപ്യൻമാർ മോറൽ സുപ്പീരിറ്റിയുമായി പറന്നിറങ്ങി. യൂറോപ്യൻമാരുടെ കൊളോണിയൽ പാസ്റ്റിന് ഇനി ഒരു മുവ്വായിരം വർഷം കഴിഞ്ഞാലും ഒരു മോറൽ സുപ്പീരിറ്റിയും കിട്ടില്ല എന്നുപറഞ്ഞു ഫിഫ പ്രസിഡന്റ് അവർക്ക് കണ്ടത്തിലേക്കുള്ള വഴി കാണിച്ച്‌കൊടുത്തു. പിന്നെ ഫുട്‌ബോൾ സുപ്പീരിയോറിറ്റി പറഞ്ഞു നടന്ന പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെയൊക്കെ ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പഞ്ഞിക്കിടുകയും ഒരു ലാറ്റിനമേരിക്കൻ രാജ്യം കപ്പെടുക്കുകയും ചെയ്തപ്പോൾ അതുവരെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ അധിക്ഷേപിച്ചു  നടന്നവരുടെ വക വോക്ക് പൊളിറ്റിക്സ് ആയി, മെസ്സിക്കൊരു കപ്പ് യോജനയായി, ക്യാൻസൽ കൾച്ചർ ആയി.

ഇനി മുതൽ സർവ്വം തികഞ്ഞ പുരുഷോത്തമാന്മാരായ യൂറോപ്യൻമാരും, അമേരിക്കയും കൂടി സ്വന്തം നാട്ടിൽ മാത്രം ലോകകപ്പ് നടത്തി, അത് സ്വന്തമായി വീതിച്ചു എടുത്തോളീ. ബാക്കിയുള്ളവർക്ക് കുറച്ചു സമാധാനം കിട്ടുമല്ലോ. 🙏

ബുധനാഴ്‌ച, ഡിസംബർ 21, 2022

ഖത്തർ ലോകകപ്പ് അവലോകനം



ഫുട്‌ബോൾ ലോകകപ്പിനെപ്പറ്റി എഴുതിയ കുറിപ്പുകൾ




















പ്രസിദ്ധീകരണങ്ങൾക്ക് Ribin Shahana Kareem-ന് നന്ദി.

അനൂപ്‌ കിളിമാനൂര്‍

അറിയിപ്പ്


മഹേഷ് നാരായണൻ പലപ്പോഴും തിരക്കിട്ട് തിരക്കഥ എഴുതി പടമെടുക്കുന്നതായി തോന്നിയിട്ടുണ്ട്. ഇതങ്ങനെ അല്ല. പക്ഷെ രാഷ്ട്രീയത്തിൽ  ട്രെൻഡിന് അനുസരിച്ച് കഥ പറയാനുള്ള ശ്രമം അത്ര സത്യസന്ധമായി തോന്നിയില്ല. പൊളിറ്റിക്സ് ഒക്കെ കുറെ forced ആയി, പറയാൻ വേണ്ടി ചേർത്തതായി തോന്നി. കലാപരമായ മേന്മക്കുറവിനെ മറച്ചുവെക്കാൻ ഇതിന് കഴിഞ്ഞിട്ടുമില്ല. ഇപ്പോൾ നെറ്റ്ഫ്ലിക്ക്‌സിൽ സിനിമ ലഭ്യമാണ്.

അനൂപ്‌ കിളിമാനൂര്‍

തിങ്കളാഴ്‌ച, ഡിസംബർ 19, 2022

രണ്ടു പകുതികളുടെ കഥ, ഷൂട്ടൗട്ടിന്റേയും



ഒടുവിൽ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ലോകചാമ്പ്യന്മാരായി. കളിച്ചതിൽ നേടാൻ ബാക്കിയുള്ള ഏക ട്രോഫിയും നേടി ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ എന്ന പട്ടത്തിന് മെസ്സി അർഹനായി. കിലിയൻ എമ്പാപ്പെ അര നൂറ്റാണ്ടിനിപ്പുറം ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരൻ ആയെങ്കിലും ഫ്രാൻസിനെ തുടർച്ചയായ ലോകകപ്പ് വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.


ഡി മരിയ പരിക്ക് മാറി വന്നതോട് മുൻപ് ഏറെ പരീക്ഷിച്ചു വിജയിച്ച 4-2-2 ഫോർമേഷനിൽ അർജന്റീന കളത്തിൽ ഇറങ്ങുകയായിരുന്നു. സെമിയിൽ മധ്യനിരയിൽ കളിച്ച പരദേസിന് പകരമാണ് ഡി മരിയ എത്തിയത്. അക്കുനോ  സസ്‌പെൻഷനിൽ നിന്ന് തിരിച്ചു വന്നെങ്കിലും ഇടതുവിങ്ങിൽ ഫുൾബാക്ക് ആയി റ്റേഗ്ലിഫിക്കോ തന്നെ സ്റ്റാർട് ചെയ്തു. ഫ്രാൻസിനായി  ഫോഫാനയ്ക്കും കോനാട്ടെയ്ക്കും പകരം പരിക്ക് മാറി റാബിയോയും ഉപമെക്കാനോയും ടീമിൽ തിരിച്ചെത്തിയപ്പോൾ അവർ സ്ഥിരം ഫോർമേഷനായ 4-2-3-1 ൽ തന്നെ കളത്തിലിറങ്ങി.

അർജന്റൈൻ മധ്യനിര കളിയുടെ നിയന്ത്രണം ഏറ്റെടുത്തതും, മധ്യനിരയിൽ നിന്നും മെസ്സിയിൽ നിന്നും ഡി മരിയക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാസുകളും, ഡി മരിയയുടെ ഇടതു വിങ്ങിലെ തുടർച്ചയായ റെയ്ഡുകളുമായി ആദ്യപകുതി പൂർണമായും അർജന്റീനയുടെ നിയന്ത്രണത്തിൽ ആയിരുന്നു. എതിരാളികൾക്ക് പന്തുവിട്ടുകൊടുത്ത് പ്രതിരോധവും പ്രത്യാക്രമണവുമായി മുന്നോട്ടുപോകുന്നതാണ് ഫ്രാൻസിന്റെ സ്ഥിരം ശൈലിയെങ്കിലും ആദ്യപകുതിയിൽ അവർക്ക് പന്തുലഭിക്കാത്തവിധമുള്ള അർജന്റൈൻ ആധിപത്യമാണ് കണ്ടത്. ഡി മരിയയെ ഡെമ്പലെ ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി മെസ്സി വലയിലാക്കിയതോടെ അർജന്റീന മുന്നിലെത്തി. മെസ്സി തുടങ്ങിവെച്ച മുന്നേറ്റത്തിൽ മക്കാലിസ്റ്റർ നൽകിയ പാസിൽ ഡി മരിയ ഗോൾ നേടിയതോടെ ഫ്രാൻസ് വലിയ പ്രതിസന്ധിയിലായി. ലോകകപ്പിൽ അവരുടെ മികച്ച കളിക്കാർ ആയിരുന്ന ഗ്രീസ്മാനും, എമ്പാപ്പെക്കും പന്തു ലഭിക്കാത്ത അവസ്ഥയായി. ആർജന്റൈൻ മദ്യനിര ഗ്രീസ്മാനെ കൃത്യമായി മാർക്ക് ചെയ്യുകയും, അദ്ദേഹത്തിനുള്ള ബോള് സപ്പ്‌ളൈ കട്ട് ചെയ്യുകയും ചെയ്തതോടെ ഫ്രാൻസിന്റെ മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞു.

ആദ്യപകുതിയിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ ഫ്രാൻസിന് കുറച്ചുകൂടി ബോൾ പൊസഷൻ ലഭിക്കുകയും, മുന്നേറി കളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ എഴുപതാം മിനുട്ട് വരെ ആർജന്റൈൻ ആധിപത്യം തുടർന്നു. പൂർണമായും ഫിറ്റ് അല്ലാതിരുന്ന ഡി മരിയയെ പിൻവലിച്ച് അക്കുനയെ ഇറക്കി സ്‌കാലോണി പ്രതിരോധം ശക്തമാക്കി. ആദ്യപകുതിയിൽ തന്നെ ജിറൂഡിനെയും, ഡെമ്പലയേയും പിൻവലിച്ച ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാമ്പ് രണ്ടാം പകുതിയിൽ ഗ്രീസ്‌മാനേയും, തിയാഗോ ഫെർണാണ്ടസിനേയും പിൻവലിച്ചതോടെ ആക്രമിച്ചു കളിക്കുന്ന നിരവധി യുവതാരങ്ങൾ ഫ്രാൻസിനായി കളിക്കളത്തിൽ എത്തി. ഇതോടെ അക്ഷരാർത്ഥത്തിൽ ജീവൻ വെച്ച ഫ്രഞ്ച് മുന്നേറ്റം 80-ആം മിനുട്ടിൽ കൊളോമാനിയെ ഓട്ടമെന്റി ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി എമ്പാപ്പെ ഗോളാക്കിയതോടെ കരുത്താർജ്ജിച്ചു. 77 സെക്കണ്ടിനുള്ളിൽ ലീഗ് വണ്ണിൽ മെസ്സിയുടെ പാസിൽ എമ്പാപ്പെ നേടുന്ന ഗോളുകളെ ഓർമിപ്പിക്കും മികച്ച ഒരു മുന്നേറ്റതിന് ഒടുവിൽ വോളിയിലൂടെ എമ്പാപ്പെ ഫ്രാൻസിന് സമനില നേടിക്കൊടുത്തു.

ഇതോടെ വിജയപ്രതീക്ഷ ഉണർന്ന ഫ്രഞ്ച് പട നിരന്തരമായി ആക്രമിച്ചു കളിച്ചെങ്കിലും അപ്പോഴേക്കും മുഴുവൻ സമയ വിസിൽ വന്നു. ആദ്യപകുതി ആർജന്റൈൻ ആധിപത്യം ആയിരുന്നെങ്കിൽ രണ്ടു മിനുട്ടിൽ പിറന്ന രണ്ടു ഗോളുകളിലൂടെ ഫ്രാൻസ് രണ്ടാം പകുതി സ്വന്തം പേരിലാക്കി.

എന്നാൽ അധിക സമയക്കളിയിൽ വീണ്ടും അർജന്റൈൻ മുന്നേറ്റം ആണ് കണ്ടത്. ഫ്രഞ്ച് പ്രതിരോധത്തെ തുടർച്ചയായി പ്രസ് ചെയ്തു ക്ഷീണിച്ച ഹുലിയൻ അൽവരെസിന് പകരം മാർട്ടിനെസിനേയും ഡി പോളിന് പകരം പരദേസിനേയും കൊണ്ടുവന്നു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ഫ്രഞ്ച്‌ഗോളമുഖത്തെ കൂട്ടപ്പൊരിച്ചിലിൽ മെസ്സി ഗോളടിച്ച് അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ മോണ്ടിയേലിന്റെ ഹാൻഡ് ബോളിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാട്രിക്ക് തികച്ച എമ്പാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. സ്‌കോർ 3-3. തുടർന്ന് കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ലൗറ്റാരോ മാർട്ടിൻസിന് കഴിഞ്ഞില്ല. അവസാന മിനുട്ടിൽ കൊളോ മാണിയുടെ ഉഗ്രൻ ഷോട്ട് ഒരു മികച്ച സേവിലൂടെ തടുത്ത് എമിലിയാനോ മാർട്ടിനെസ് കളി ഷൂട്ടൗട്ടിലേക്ക് നീക്കി.

ഷൂട്ടൗട്ടിൽ ആദ്യ പെനാൽറ്റി ശക്തമായ ഷോട്ടിലൂടെ എമ്പാപ്പെ ഗോളാക്കി. ഫ്രാൻസിന്റെ ആദ്യത്തെ ഗോളെന്ന പോലെ പന്ത് കയ്യിലുരസ്സിയെങ്കിലും തടഞ്ഞിടാൻ എമിലിയാനോ മാർട്ടിൻസിന് കഴിഞ്ഞില്ല. തുടർന്ന് ഗോളിയുടെ ഒരു നിമിഷത്തെ നിശ്ചയമില്ലായ്മയെ മുതലെടുത്ത് നിസാരമായ ഒരു പാസ്‌പോലെ മെസ്സി ബോൾ ഗോളിലേക്ക് എത്തിച്ചു. ഡൈവ് ചെയ്യാൻ ആദ്യം മടിച്ച ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പക്ഷെ ശരിയായ വശത്തേക്ക് ഡൈവ് ചെയ്തപ്പോഴേക്കും പന്ത് വലയിൽ ആയിക്കഴിഞ്ഞിരുന്നു. പിന്നീട് കോമന്റെ ഷോട്ട് എമിലിയാനോ സേവ് ചെയ്യുകയും ടുക്കുമനി പന്ത് പുറത്തേക്ക് പായിക്കുകയും ചെയ്തു.  അർജന്റീനയ്ക്ക് വേണ്ടി കിക്കെടുത്ത നാലു പേരും അത് ഗോളാക്കിയപ്പോൾ, കോലോമാണിയുടെ ഗോളും ഫ്രാൻസിനെ രക്ഷിച്ചില്ല. രണ്ടു ടീമിനും ഓരോ പെനാൽറ്റി ബാക്കിനിൽക്കെ 4-2 എന്ന സ്കോറിൽ അർജന്റീന ലോകചാമ്പ്യന്മാരായി. 36 വർഷത്തെ ലോകമെങ്ങുമുള്ള ആർജന്റൈൻ ആരാധകരുടെ കാത്തിരിപ്പ്‌ സഫലമായി. ലോകകപ്പ് ജയിക്കാത്തത് കൊണ്ടുമാത്രം മെസ്സി 'The Greatest of all time' അല്ല എന്ന് വാദിച്ചിരുന്നവർക്കും മനസ്സുമാറ്റേണ്ടി വന്നു.

35 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് സ്‌കളോണിയുടെ അർജന്റീന ലോകകപ്പിന് എത്തിയത്.
ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ബ്രസീലിനെ തോൽപ്പിച്ച് കോപ്പ അമേരിക്കയും, യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസ്‌മ കിരീടവും നേടിയുരുന്ന അർജന്റീന ലോകകപ്പ് വിജയത്തോടെ ലോകഫുട്‌ബോളിൽ തങ്ങളുടെ ആധിപത്യം പൂർത്തിയായി. ബ്രസീൽ, ഫ്രാൻസ്, ഇംഗ്ളണ്ട് ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ, അർജന്റീനയേക്കാൾ മികച്ച സ്‌ക്വാഡ് ഉണ്ടായിരുന്നു. എന്നാൽ ടീമിന്റെ ഒത്തിണക്കവും, ചങ്കുറപ്പും, ധൈര്യവും, മെസ്സിയുടെ മാന്ത്രികതയും ചേർന്നപ്പോൾ ഫുട്‌ബോൾ എന്ന ടീം ഗെയിമിൽ ആധിപത്യം ഉറപ്പിക്കാൻ അവർക്ക് സാധിച്ചു. അർജന്റീനിയൻ കളിക്കാരുടെ വിയർപ്പ് ചോരയാക്കിയ കഠിനാധ്വാനവും, മനഃസാന്നിധ്യവും, ധൈര്യവും ഡച്ചുകാർക്ക് എതിരായ ക്വാർട്ടർ ഫൈനലിലും, ഫൈനലിലും ദൃശ്യമായിരുന്നു. 1986-ലെ മറഡോണയെയും, 2006-ലെ സിദാനെയും അനുസ്മരിപ്പിക്കുന്ന വിധം മെസ്സി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്ന് പുറത്തെടുത്തെങ്കിലും മെസ്സി മാത്രം ആയിരുന്നില്ല അർജന്റീന. ഗോൾ പോസ്റ്റുകൾക്കുള്ളിൽ നിരവധി സേവുകളിലൂടെ കരിങ്കല്ല് പോലെ ഉറച്ചുനിന്ന എമിലിയാനോ മാർട്ടിനെസ്സും, പ്രായത്തെ വെല്ലുവിളിച്ച മികച്ച പ്രകടനവുമായി ഓട്ടമെന്റിയും, ഹെഡറുകളിലെ ആധിപത്യവും മികച്ച പാസിങ്ങുമായി ക്രിസ്ത്യൻ റൊമേറോയും, വിങ്ങുകളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത അക്കുനോയും, മോളീനയും, മോണ്ടിയേലും, കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ലിസൻഡ്രോ മാർട്ടിനെസ്സും, റ്റെഗ്ലിഫിക്കോയും, മധ്യനിരയിൽ കഠിനാധ്വാനത്തിന്റെയും പോരാട്ട വീറിന്റെയും മറുവാക്കായ റോഡ്രിഗോ ഡി പോളും, യുവത്വത്തിന്റെ തുടിപ്പുമായി ലോകകപ്പിൽ സൂപ്പർ താര പദവിയിലേക്ക് ഉയർന്ന എൻസോ ഫെർണാണ്ടസും, മക് ആലിസ്റ്ററും, ആവശ്യം വന്നപ്പോഴൊക്കെ മധ്യനിരയിൽ പാറ പോലെ ഉറച്ചു നിന്ന പരദേസും, മികച്ച മുന്നേറ്റങ്ങളും ഗോളുകളുമായി അർജന്റീനയുടെ ഒളിമ്പിക്‌സ് ഗോൾ മെഡൽ, കോപ്പ അമേരിക്ക, ഫൈനലിസ്‌മ വിജയങ്ങളിൽ ഫൈനലുകളിൽ ഗോളടിച്ച ശീലം ഈ ലോകകപ്പിലും ആവർത്തിച്ച ഡി മരിയയും, ആർജന്റൈൻ ക്ലബ് റിവർ പ്ളേറ്റിനായി ഒരു കളിയിൽ ആറു ഗോളടിച്ചു റെക്കോർഡിട്ട ചരിത്രമുള്ള, ആദ്യ ചോയ്സ് അല്ലായിരുന്നെങ്കിലും ലൗറ്റാരോയുടെ ഫോം നഷ്ടം മൂലം ടീമിലേക്ക് വന്നശേഷം 4 ഗോളുകൾക്കൊപ്പം അപാരമായ വർക് റേറ്റിൽ പ്രതിരോധ നിരക്കാരെ വെള്ളം കുടിപ്പിച്ച ഹുലിയൻ അൽവരസും, നെതാർലാൻഡ്സിന് നിർണ്ണായക പെനാൽറ്റി അടിച്ചു ടീമിനെ സെമിയിൽ എത്തിച്ച ലൗറ്റാരോ മാർട്ടിനെസും, എല്ലാത്തിനും ഉപരിയായി മത്സരങ്ങൾക്കും, എതിരാളികൾക്കും, കളിക്കാരുടെ പ്രകടനങ്ങൾക്കും അനുസരിച്ച് നിരന്തരം ടീമും തന്ത്രങ്ങളും മാറ്റിപ്പരീക്ഷിക്കാൻ തയ്യാറായ, ഒരിക്കലും ശാന്തത കൈവിടാത്ത, ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കൊച്ചായിരുന്ന ലിയോണയൽ സ്‌കാലോണിയും. മുൻ അർജന്റൈൻ ലെജന്റുകളെ കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫ്‌. ഹൃദയത്തിലെ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ വർഷം വിരമിച്ച അഗ്വേറോ ഉൾപ്പെടെയുള്ള മുൻ കളിക്കാരും പ്രാക്ടീസ് ഗ്രൗണ്ടിലും ഡ്രെസ്സിങ് റൂമിലും അടക്കം മുഴുവൻ സമയവും ടീമിന് പിന്തുണയുമായി ഉണ്ടായിരുന്നു. അങ്ങനെ ഒരു ടീമിന്റെ വിജയമാണ് അർജന്റീനയുടേത്. ടീമിൽ പലരും ലോകകപ്പിന് എത്തുമ്പോൾ ലോകത്തിന് അപരിചിതർ ആയിരുന്നു, പക്ഷെ ലോകം കീഴടക്കിയാണ് സൂപ്പർ താരങ്ങളായി അവർ തിരിച്ചു മടങ്ങുന്നത്. ഫുട്‌ബോൾ ആരാധർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഓർമ്മകൾക്കൊപ്പം ഫുട്‌ബോൾ ചരിത്രത്തെപ്പറ്റി ഇനി എഴുതപ്പെടാൻ പോകുന്ന പുസ്തകങ്ങളിൽ നിരവധി തവണ ആവർത്തിക്കാൻ ഇടയുള്ള കഥകളും, ഉപകഥകളും, ലെജന്റുകളും, തന്ത്രങ്ങളും, കേളീശൈലിയും കൂടി സമ്മാനിച്ചാണ് അർജന്റീന ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

അറബ് രാജ്യങ്ങൾക്ക് പുറമേ ഖത്തറിൽ ഒരു ഹോം ടീം ഉണ്ടായിരുന്നെങ്കിൽ അത് അർജന്റീന മാത്രമാണ്. അർജന്റീന കളിച്ച സ്റ്റേഡിയങ്ങളിൽ മൃഗീയ ഭൂരിപക്ഷമാണ് മറ്റു രാജ്യങ്ങളുടെ ആരാധകർക്ക് മേൽ അർജന്റീനയ്ക്ക് ഉണ്ടായിരുന്നത്. ഇത് എല്ലാ കളികളും ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ഉണ്ടാവുന്ന മേൽക്കൈ ലഭിക്കാൻ അർജന്റീനയെ സഹായിച്ചു. ഈ ആരാധകരിൽ അർജന്റീനയിൽ വന്നവർ മാത്രമല്ല ഉണ്ടായിരുന്നത്. അതു മനസ്സിലാക്കിയാണ് അർജന്റീന ടീം ഔദ്യോഗികമായി ബംഗ്ളാദേശിലേയും, കേരളത്തിലെയും, ഇന്ത്യയിലെയും, പാകിസ്ഥാനിലെയും ആരാധകർക്ക് നന്ദി പറഞ്ഞത്. സ്റ്റേഡിയത്തിന് അകത്തും പുറത്തും അവർക്ക് ലഭിച്ച പിന്തുണ, സ്വന്തം നാട്ടിൽ കളിച്ചാൽപ്പോലും ഇനിയൊരു ലോകകപ്പിൽ ആർക്കെങ്കിലും കിട്ടുമോ എന്ന് സംശയമാണ്. നിരവധി ത്രില്ലറുകൾക്ക് സാക്ഷ്യം വഹിച്ച ഈ ലോകകപ്പിന് അർഹിക്കുന്ന വിരാമമായിരുന്നു, ഇരു ടീമുകളുടെ ഫാനുകൾക്കുപരി നിഷ്പക്ഷ കാഴ്ചക്കാരുടെയും നെഞ്ചിടിപ്പ് കൂട്ടിയ ഈ ഫൈനൽ.


ബാഴ്‌സക്കുവേണ്ടി കിരീടങ്ങൾ വാരിക്കൂട്ടുമ്പോഴും, ലോകത്തെ മികച്ച കളിക്കാരനു നൽകുന്ന ബാലണ് ഡി'ഓർ പുരസ്കാരങ്ങൾ തുടർച്ചയായി നേടുമ്പോഴും, തന്റെ രാജ്യത്തെ സീനിയർ ടീമിനുവേണ്ടി പ്രധാന കിരീടങ്ങൾ നേടിയിട്ടില്ല എന്ന വസ്‌തുത മെസ്സിയെ തളർത്തിയിരുന്നു. തുടർച്ചയായ കപ്പിനും ചുണ്ടിനും ഇടയിലുള്ള ഫൈനൽ പരാജയങ്ങളും,ടൂർണമെന്റ് ഫുട്‌ബോളിൽ ടീമിന്റെ പലവിധ ദൗർബല്യങ്ങളും, പലപ്പോഴും ടീം സ്റ്റാഫിന് മെസ്സി സ്വന്തം പോക്കറ്റിൽ നിന്ന് ശമ്പളം കൊടുക്കുന്നതിൽ വരെ എത്തിച്ച അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ പിടിപ്പുകേടും മൂലം രണ്ടു തവണ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പോലും മെസ്സി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരാജയങ്ങൾ രൂക്ഷമായ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന കൃത്യമായി ബോധ്യത്തോടെ തന്നെ, ഫുട്‌ബോൾ ഭുജിച്ചു ജീവിക്കുന്ന ഒരു രാജ്യത്തിന്റെ അസംഭ്യതയുടെ വക്കിൽ നിൽക്കുന്ന പ്രതീക്ഷകളുടെ ഭാരം ചുമക്കാൻ ടീമിന്റെ നായകത്വം ഏറ്റെടുത്ത് അദ്ദേഹം ഓരോ പ്രാവശ്യവും അർജന്റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായത്തിലേക്ക് തിരിച്ചു വന്നു. അത്രയ്ക്ക് ശക്തമായിരുന്നു പതിറ്റാണ്ടുകൾക്കു ശേഷം, മറഡോണയ്ക്കു ശേഷം, ആ രാജ്യത്തിന് ഒരു ലോകകപ്പ് നേടിക്കൊടുക്കാനുള്ള മെസ്സിയുടെ തീവ്രമായ ആഗ്രഹം.

ഒടുവിൽ കോപ്പ അമേരിക്ക, ഫൈനലിസ്‌മ വിജയങ്ങൾക്കൊപ്പം ലോകകപ്പ് വിജയത്തിലൂടെ മെസ്സി തന്റെ കരിയറിന്റെ പൂർണ്ണതയിൽ എത്തുമ്പോൾ മഹാനായ കളിപറച്ചിലുകാരൻ പീറ്റർ ഡ്രൂറിയുടെ വാക്കുകൾക്കപ്പുറം ചരിത്രം തിരുത്തിക്കുറിച്ച, ചരിത്രത്തിലെ ഏറ്റവും മഹത്തായ തിരിച്ചുവരവുകളിൽ ഒന്നിനെ സൃഷ്ടിച്ച സുവർണനിമിഷങ്ങളെ വർണ്ണിക്കുവാൻ മറ്റൊന്നുമില്ല.

''Unparralleled. And maybe today, there will, of course, always be those who argue, always be those who debate, and the debate could rage on if You like. But as he falls in love, with the object in the world that his heart most desired; it's hard to escape the supposition that he has rendered himself today, The Greatest of All Time."

അനൂപ്‌കിളിമാനൂർ

ശനിയാഴ്‌ച, ഡിസംബർ 17, 2022

ലോകകപ്പ് ഫൈനൽ പ്രിവ്യൂ: മെസ്സിയോ ഗ്രീസ്‌മാനോ? ഫ്രാൻസിന്റെ ചതുർമുഖ മുന്നേറ്റത്തെ സ്‌കളോണി എങ്ങനെ നേരിടും? കാന്റെയുടെ അഭാവം ദിദിയർ ദെഷാമ്പ് എങ്ങനെ പരിഹരിക്കും?



ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തന്നെയാണ് ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്, അർജന്റീനയും ഫ്രാൻസും. തുല്യശക്തികൾ തമ്മിലുള്ള ഈ പോരാട്ടത്തിൽ ഇരു ടീമിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. മെസ്സിയുടെ അവസാന ലോകകപ്പ് മത്സരത്തിൽ ലോകകപ്പ് നേടി 1986-ൽ മറഡോണയും ടീമും നേടിയ വിജയം ആവർത്തിക്കാനായി അർജന്റീനയും, 60 വർഷത്തിനുള്ളിൽ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യടീം ആവാനായി നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ കരിയറിന്റെ അവസാനത്തിൽ എത്തുന്ന മെസ്സിയും, കരിയറിന്റെ പ്രൈമിലുള്ള എംബാപ്പെയും തമ്മിലുള്ള മുഖാമുഖം ആയും ഈ കളി വിലയിരുത്തപ്പെടുന്നു.

5 ഗോളുകളുമായി ലോകകപ്പിലെ ടോപ്പ് സ്‌കോറർ പദവിയിലുള്ള എംബാപ്പെക്ക് ഇംഗ്ലണ്ടിന്റെ കൈൽ വാൽക്കറും, മൊറോക്കോയുടെ അഷ്‌റഫ് ഹക്കിമിയും കൃത്യമായി മാർക്ക് ചെയ്തപ്പോൾ കഴിഞ്ഞ രണ്ടു കളികളിലും അത്ര ശോഭിക്കാൻ കഴിഞ്ഞില്ല.  മൊറോക്കോയ്ക്ക് എതിരായ എംബാപ്പെയുടെ അസ്സിസ്റ്റ് ആണ് ഇതിന് അപവാദം. എന്നാൽ എംബാപ്പെയെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ അത് ആ വിങ്ങിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ അത് ബാധിച്ചു. പക്ഷെ എംബാപ്പെ ഒട്ടും ഡിഫണ്ടു ചെയ്യാൻ തയ്യാറാവാത്തതിനെ മുതലെടുത്തപ്പോൾ ആ വിങ്ങിലെ മൊറോക്കോയുടെ മുന്നേറ്റങ്ങൾക്ക് കരുത്തേകി. ആദ്യമിനുട്ടുകളിൽ തന്നെ ഒരു ഗോളിന് പിന്നിൽ പോയതിനെത്തുടർന്ന് പതിവിനു വിപരീതമായി കുറച്ചുകൂടി ആക്രമിച്ചു കളിക്കാൻ മൊറോക്കോ തയ്യാറായി. ടൈറ്റ് സ്പെയ്സുകളിൽ മനോഹരമായ കുറിയ പാസുകളിലൂടെ അവർ നിരന്തരം ഫ്രാൻസിന്റെ ഗോൾമുഖം റെയ്ഡ് ചെയ്തു കൊണ്ടിരുന്നു. ബോൾ പൊസഷൻ വലിയ വ്യത്യാസത്തിൽ മൊറോക്കോയ്ക്ക് ഉണ്ടായിരുന്നപ്പോൾ  ഒരു നല്ല ഫിനിഷറുടെ അഭാവവും, ടൈറ്റ് ആയ ഫ്രഞ്ച് പ്രതിരോധവും ഗോൾ മടക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. എതിരാളികളുടെ ഗോളമുഖത്ത്  വലിയ പ്രത്യാക്രമണത്തിൽ ഒരു ഗോൾ കൂടി ഫ്രാൻസ് അടിച്ചതോടെ മൊറോക്കോയുടെ പരാജയം ഉറപ്പായി.

പ്രതിരോധ നിരയുടെ ശ്രദ്ധ കൂടുതലായി എംബാപ്പെയിലേക്ക് പോകുമ്പോപ്പോൾ ഗ്രീസ്മാൻ ഫ്രീ ആവുകയും ഇംഗ്ലണ്ടിന് എതിരായ 2 അസിസ്റ്റുകൾ ഉൾപ്പെടെ മികച്ച പ്രകടനം നടത്തുകയും ചെയ്തു. വലതു വിങ്ങിൽ ഉസ്മാനെ ഡെമ്പലെയും അപകടകാരിയാണ്. മൊണോക്കോയിൽ എംബാപ്പെക്കൊപ്പം കളിക്കുമ്പോൾ എംബാപ്പെയേക്കാൾ കഴിവുള്ള കളിക്കാരൻ എന്നാണ് ഡെമ്പലയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആ പ്രതിഭയ്ക്ക് ഒത്ത പ്രകടനം ഇനിയും ഡെമ്പലെയിൽ നിന്ന് ഉണ്ടാവേണ്ടി ഇരിക്കുന്നു.  എമ്പാപ്പയെ പൂട്ടിയാലും ഗ്രീസ്മാനെയും, ഡെമ്പലയെയും, മികച്ച ഫോമിലുള്ള ജിറൂഡിനെയും ഒക്കെ എങ്ങനെ തടയും എന്നതാണ് അർജന്റീന മാനേജർ സ്‌കളോണി നേരിടുന്ന മറ്റൊരു പ്രശ്നം. പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ലോകകപ്പിൽ ഇതുവരെ കളിക്കാതിരുന്ന കരിം ബെൻസിമ ഫൈനൽ കളിക്കാൻ സാധ്യത കുറവാണ്.

ലോകത്തിലെ ഏറ്റവും നല്ല മിഡ്ഫീൽഡ്‌ ആണ് ക്രോയേഷ്യക്ക് ഉണ്ടായിരുന്നത്. പന്ത് കൈവശം വെച്ച് കളി പൂർണമായും നിയന്ത്രിക്കാൻ ശേഷി ഉള്ളവർ ആയിരുന്നു നായകൻ മോഡ്റിച്ച്  ഉൾപ്പെടെ ക്രോയേഷ്യയുടെ മധ്യനിരയിലെ മൂന്നുപേർ. മുൻപ് ഉപയോഗിച്ച 4-3-3, 3-5-2 ഫോർമേഷനുകൾ ഉപേക്ഷിച്ച് അവർക്കെതിരായ സെമിയിൽ 4-4-2 ഫോർമേഷനിൽ 4 സെൻട്രൽ മിഡ്ഫീൽഡർമാരെ ഇറക്കിയാണ് സ്‌കളോണി ഈ ഭീഷണിയെ മറികടന്നത്. മെസ്സിയും അൽവരെസും മുന്നേറ്റത്തിൽ ഇറങ്ങിയപ്പോൾ എൻസോ ഫെർണാണ്ടസ്, ഡി പോൾ, മക് ആലിസ്റ്റർ,  പരദേസ് തുടങ്ങിയവരാണ് മധ്യനിരയിൽ അണി നിരന്നത്. 2 മഞ്ഞക്കാർഡുകൾ കിട്ടിയത് മൂലം സസ്‌പെൻഷനിലായ അക്കുനയ്ക്ക് പകരം ടെഗ്ലിയാഫിക്കോ ആണ് ലെഫ്റ്റ് ബാക്കായി കളിച്ചത്. ആദ്യ മുപ്പതു മിനുറ്റുകൾ ക്രോയേഷ്യയുടെ മധ്യനിര കളി നിയന്തിച്ചെങ്കിലും ഹുലിയൻ അൽവരസിനെ ക്രോയേഷ്യൻ ഗോൾ കീപ്പർ ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി വലയിലാക്കി മെസ്സി അർജന്റീനയ്ക്ക് ലീഡ് നൽകി. ഇതോടെ സ്ഥിരം പ്രതിരോധ കളി വിട്ട് ക്രോയേഷ്യക്ക് മുന്നേറി കളിക്കേണ്ടി വന്നു. അർജന്റീന തൊടുത്ത ഹൈ ബോളുകളും ക്രോയേഷ്യയെ സ്വാഭാവിക കളി പുറത്തെടുക്കുന്നതിൽ നിന്ന് തടഞ്ഞു. പിന്നീട് അൽവരസിന്റെ സോളോ ഗോളും, മെസ്സിയുടെ മെസ്സിക്ക് മാത്രം പറ്റുന്നൊരു അസിസ്റ്റിലൂടെ ആൽവരെസ് നേടിയ ഗോളും അർജന്റീനയുടെ ഫൈനൽ പ്രവേശനം ഉറപ്പിച്ചു.

ഫ്രാൻസിന്റെ ചതുർമുഖ മുന്നേറ്റത്തിനെതിരെ സ്‌കലോണിയുടെ തന്ത്രം എന്താവും എന്നത്‌ ഫൈനലിൽ വളരെ പ്രധാനം ആയിരിക്കും. സസ്‌പെൻഷൻ അവസാനിച്ചു ഇടതുവിങ്ങിൽ അക്കുന തിരിച്ചെത്തുന്നത് അർജന്റീനയ്ക്ക് ആശ്വാസമാകും. അർജന്റീന 3-5-2 ഫോർമേഷനിൽ രണ്ടു വിങ്ങ് ബാക്കുകളെയും, മധ്യനിരയിലും പ്രതിരോധത്തിലും 3 പേരേയും വീതം അണിനിരത്തി ശക്തമായ പ്രതിരോധം തീർത്തു കളിക്കാനും സാധ്യതയുണ്ട്. എമ്പാപ്പെയുടെ പ്രതിരോധിക്കാനുള്ള താൽപ്പര്യം ഇല്ലായ്മ വലതു വിങ്ങിൽ മുതലെടുക്കാൻ മെസ്സിയും, ഡി പോളും, റൈറ്റ് ബാക്ക് മോളീനോയും ശ്രമിച്ചേക്കും. അർജന്റീന 4-3-3 ഫോർമേഷനിൽ ഇറങ്ങിയാൽ ഡി പോളും, ഡി മറിയയും മെസ്സിയുമായി ചേർന്ന് വലതുവിങ്ങ് വഴി ആക്രമണം ശക്തവുമാക്കാനും സാധ്യതയുണ്ട്. എമ്പാപ്പെ പിറകോട്ടു ഇറങ്ങി കളിക്കാത്തത് മൂലം റാബിയോ/ഫോഫാനായ്ക്ക് അവിടെക്കൂടി കവർ ചെയ്തു കളികേണ്ടി വരും. ഇത് മധ്യനിരയിൽ സൃഷ്ടിക്കുന്ന വിടവ് മുതലെടുക്കാൻ അർജന്റീന ശ്രമിച്ചേക്കും. എമ്പാപ്പെയെ മുഴുവൻ സമയവും മാർക്ക് ചെയ്യാനാവും റൈറ്റ് ബാക്ക് മോളീനയുടെ ശ്രമം. ഡി മരിയ പൂർണ്ണ ആരോഗ്യവാൻ അല്ലെങ്കിൽ ക്രോയേഷ്യയ്ക്ക് എതിരായി ഇറങ്ങിയ പരദേസ് ഉൾപ്പെടെയുള്ള 4 മിഡ്ഫീൽഡർമാരുമായി 4-4-2 ഫോർമേഷനിൽ  കുറച്ചുകൂടി പ്രതിരോധാത്മകം ആയി കളിക്കാനും സാധ്യത ഉണ്ട്.

മുന്നേറ്റത്തിൽ മറ്റൊരു മെസ്സി മാജിക്ക് തന്നെയാകും അർജന്റീന പ്രതീക്ഷിക്കുക. ഹുലിയൻ ആൽവരസിന്റെ മികച്ച ഫോമും ഡി പൊളിന്റെയും, അക്കുനയുടെയും കഠിനാധ്വാനവും പൂർണമായും മെസ്സിയെ ആശ്രയിക്കുന്ന ശീലത്തിൽ നിന്ന് മുക്തരാവാൻ അർജന്റീനയെ സഹായിക്കും. പ്രതീക്ഷൾക്ക് അപ്പുറം മികച്ച പ്രകടനം കാഴ്ചവെച്ച ഓട്ടമെന്റിയും, ക്രിസ്ട്യൻ റോമേറോ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരുടെ മികച്ച ഫോമും ഈ ലോകകപ്പിൽ നല്ല പ്രതിരോധ മികവ് കാഴ്ചവെക്കാൻ അർജന്റീനയെ സഹായിച്ചിട്ടുണ്ട്. പെനാൽറ്റി ബോക്സിൽ നല്ല കമാൻഡ് ഉള്ള, മികച്ച സേവുകളിലൂടെ അർജന്റീനയെ ടൂർണമെന്റിൽ മുന്നോട്ട് നയിച്ച ഗോളി എമിലിയാനോ മാർട്ടിനെസ് തന്നെയാണ് അർജന്റൈൻ പ്രതിരോധത്തിന്റെ നട്ടെല്ല്. 

അതേസമയം എതിരാളികൾക്ക് പന്തുവിട്ടുകൊടുത്ത് പ്രതിരോധാത്മക ശൈലിയിൽ കളിക്കുകയും, പ്രത്യാക്രമണങ്ങളിലും സെറ്റ് പീസുകളിലും ആയി കിട്ടുന്ന അവസരങ്ങളിൽ ഗോൾ അടിക്കുകയും ആണ് ദിദിയർ ദെഷാമ്പിനെ കീഴിൽ ഫ്രാൻസ് കൈക്കൊണ്ടു പോന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർ ആയി കല്ലുപോലെ ഉറച്ചുനിന്നു കളിക്കുന്ന എൻഗോളോ കാൻറെയുടെ അഭാവം കൂടുതൽ പ്രതിരോധത്തിൽ ഊന്നി കളിക്കാൻ ഫ്രാൻസിനെ പ്രേരിപ്പിക്കുന്നുണ്ട്. അസുഖം ഭേദമായാൽ റാബിയോയും, ഉപമാക്കാനോയും ടീമിൽ തിരിച്ച്‌വരാനാണ് സാധ്യത. പരിക്ക് ഭീഷണി ഇല്ലെങ്കിൽ ഡിഫൻസിൽ ഉപമാക്കാനോക്കൊപ്പം ജൂൾസ് കുണ്ടേയും, വരാനും, ഹെർണാണ്ടസും കളിച്ചേക്കും. റബിയോയും ടുക്കുമാനിയും മിഡ്ഫീല്ഡിൽ അണിനിരക്കുമ്പോൾ ഗ്രീസ്മാനും, ഡെംബലെയും, എമ്പാപ്പെയും, ജിറൂഡും ആയിരിക്കും മുൻനിരയിൽ.

2018-ലെ ലോകകപ്പ് വിജയത്തിന്റെയും, അത്ലറ്റികോ മാഡ്രിഡിലെ മികച്ച പ്രകടനത്തിന്റെയും പിൻബലത്തിലാണ് ഗ്രീസ്മാൻ 120 മില്യൺ പൗണ്ടിന് ബാഴ്‌സയിൽ എത്തിയത്. എന്നാൽ മെസ്സി ഉള്ളതുകൊണ്ട് ഗ്രീസ്മാന് പൊസിഷൻ മാറിക്കളിക്കേണ്ടി വന്നു. തുടർച്ചയായ ഫോം ഇല്ലായ്മ മൂലം വലഞ്ഞ ഗ്രീസ്മാൻ രണ്ടുവർഷത്തിന് ശേഷം ലോണടിസ്ഥാനത്തിൽ അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചെത്തിയെങ്കിലും ഫോം കണ്ടെത്താനായില്ല.  മത്സരങ്ങളിൽ 50%-ൽ കൂടുതൽ സമയം കളിച്ചാൽ ഗ്രീസ്മാനെ വാങ്ങാൻ അത്‌ലറ്റിക്കോ ബാഴ്‌സക്ക് കൂടുതൽ പണം നൽകേണ്ടി വരുമെന്ന കരാറിലെ ഭാഗം മൂലം സ്ഥിരമായി 50 മിനുട്ടിനു ശേഷം അത്ലറ്റികോ ഗ്രീസ്മാനെ കളത്തിലിറക്കുന്ന വിചിത്രമായ കാഴ്ചയ്ക്കും ലാ ലീഗ സാക്ഷിയായി. ഒടുവിൽ സ്വന്തം ശമ്പളം വെട്ടിക്കുറച്ചു സ്ഥിരമായി അത്ലറ്റികോയിലേക്ക് ട്രാൻസ്ഫർ നേടിയതോടെയാണ് ഗ്രീസ്മാന്റെ ഈ ഗതികേട് അവസാനിച്ചത്. 

എന്നാൽ ഈ ഫോമില്ലായ്മയ്ക്കിടയിലും എഴുപതോളം മത്സരങ്ങൾ ഗ്രീസ്മാൻ ഫ്രാൻസിനായി തുടർച്ചയായി കളിച്ചു. ഈ ലോകകപ്പിൽ മികച്ച പ്രകടനവുമായി ഫ്രഞ്ച് മാനേജർ തന്നിലേല്പിച്ച വിശ്വാസത്തെ ഗ്രീസ്മാൻ കാത്തുരക്ഷിച്ചു. 'നമ്പർ 10' പൊസിഷനിലാണ് കളിക്കുന്നതെങ്കിലും എല്ലായിടത്തും സ്വതന്ത്രമായി വിഹരിക്കാൻ മാനേജർ ഗ്രീസ്മാന് അനുവാദം നൽകി. പരിക്കേറ്റ പോൾ പോഗ്ബയുടെ അഭാവത്തിൽ ഗ്രീസ്മാൻ ഫ്രാൻസിന്റെ പ്ലേമേക്കർ ആയി നിറഞ്ഞു കളിച്ചു. സിമിയോണിയുടെ അത്ലറ്റികോ സ്‌കൂളിൽ കളിച്ചുപഠിച്ച ഗ്രീസ്മാൻ അവിടെ കളിച്ചു തെളിഞ്ഞ തന്റെ ഡിഫൻസീവ് പ്ലേ കൂടി പുറത്തെടുത്തതോടെ ഈ ലോകകപ്പിൽ ഒരു കംപ്ലീറ്റ് പ്ലേയർ ആയി. ഗ്രീസ്മാന് എങ്ങനെ തടയിടാം എന്നതുകൂടിയാണ് അർജന്റീന നേരിടുന്ന പ്രധാന വെല്ലുവിളി.

ചരിത്രം കുറിക്കുന്ന ഫുട്‌ബോൾ ലോകചാമ്പ്യൻമാർ ആരാണ് എന്നുമാത്രമല്ല, ബാഴ്‌സയിലെ പഴയ സഹതാരങ്ങളായിരുന്ന മെസ്സിയാണോ ഗ്രീസ്‌മാനാണോ ലോകകപ്പിലെ മികച്ച കളിക്കാരൻ എന്നതുകൂടിയാണ് ഈ ഫൈനൽ തീരുമാനിക്കുക.

അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, ഡിസംബർ 13, 2022

ലോകകപ്പ് സെമിഫൈനലിൽ എത്തുമ്പോൾ


(Connecting Keralam-നു വേണ്ടി എഴുതിയത്)

ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് സാധ്യത കല്പിക്കപ്പെട്ടിരുന്ന അർജന്റീനയും, ഫ്രാൻസും സെമിയിൽ എത്തി. എന്നാൽ അത്ര കിരീട പ്രതീക്ഷ ഇല്ലായിരുന്ന ക്രൊയേഷ്യയും, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മൊറോക്കോയും ആണ് സെമി ബെർത്ത് ഉറപ്പിച്ച മറ്റു രണ്ടു ടീമുകൾ. ആദ്യസെമിയിൽ അർജന്റീന ക്രോയേഷ്യയേയും രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോയെയും നേരിടും.

കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സിയുടെ മികച്ച പ്രകടനം തന്നെയാണ് അർജന്റീനയുടെ നട്ടെല്ല്. രാജ്യത്തിനും ക്ലബ്ബിനും കളിച്ച ടൂർണമെന്റുകളിൽ ലോകകപ്പ് ഒഴികെ ബാക്കി എല്ലാ കിരീടവും നേടിയ മെസ്സിക്ക് ലോകകപ്പ് കൂടി നേടി 'Greatest of All Time' പട്ടം ഉറപ്പിക്കാനുള്ള അവസാന അവസരമാണിത്. അർജന്റീന ടീമിന്റെ മാനസികമായ കരുത്തും നിശ്ചയ ദാർഢ്യവും നെതർലൻഡ്സിന് എതിരായ മത്സരത്തിന്റെ അധിക സമയത്തും പെനാൽറ്റി ഷൂട്ടൗട്ടിലും ദൃശ്യമായിരുന്നു. അർജന്റീന ആധിപത്യം പുലർത്തിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ രണ്ടുഗോൾ നേടിയാണ് ഡച്ചുകാർ കളി അധിക സമയത്തേക്ക് നീട്ടിയത്.  അവസാന പതിനഞ്ച് മിനുട്ടുകളിൽ ഹൈ ബോളുകൾ കളിച്ച് ഗോൾ മടക്കുക ആയിരുന്നു ഡച്ച് തന്ത്രം. അർജന്റീനയുടെ  റൊമെറോയും, ഡി പോളും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതും, പ്രതിരോധ നിരയിലെ മറ്റുകളിക്കാരുടെ പൊക്കക്കുറവും ഈ നീക്കം അർജന്റീനയ്ക്ക് തിരിച്ചടിയുണ്ടാക്കി. ഇഞ്ചുറി ടൈമിന്റെ പത്താം മിനുട്ടിൽ വഴങ്ങിയ സമനില ഗോൾ മുൻ കാലങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അർജന്റീനയുടെ പരാജയത്തിലേക്ക് വഴിവെച്ചെനെ.

എന്നാൽ നിശ്ചയ ദാർഢ്യത്തോടെ കളിച്ച അർജന്റീനയുടെ യുവനിര അങ്ങനെ പരാജയം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അധിക സമയക്കളിയിൽ ആക്രമിച്ചു കളിച്ച അർജന്റീന ഗോളി എമിലിയാനോ മാർട്ടിൻസിന്റെ രണ്ടു തകർപ്പൻ സേവുകളുടെ ബലത്തിൽ ഷൂട്ടൗട്ട് വിജയത്തോടെ സെമിയിലേക്ക് മുന്നേറി. രണ്ടു ടീമുകളും പരുക്കൻ കളി പുറത്തെടുത്തപ്പോൾ റെക്കോർഡ് മഞ്ഞക്കാർഡാണ് കളിയിൽ റഫറി വീശിയത്. വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ റഫറിയെ ഫിഫ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടു കളികളിൽ മഞ്ഞക്കാർഡ് വാങ്ങിയ നല്ല ഫോമിലുള്ള ഫുൾ ബാക്ക് അക്കുനയ്ക്ക് സെമി ഫൈനൽ നഷ്ടമാകുന്നത് അർജന്റീനയ്ക്ക് തിരിച്ചടിയാകും. എന്നാൽ മധ്യനിരയുടെയും, കെട്ടുറപ്പുള്ള പ്രതിരോധ നിരയും, മുന്നേറ്റത്തിൽ മെസ്സിയുടെയും ഹുലിയൻ ആൽവരസിന്റെയും മികച്ച ഫോമും അർജന്റീനയ്ക്ക് കരുത്താവും. അക്കുനയ്ക്ക് പകരം ആരു കളിക്കുമെന്നും, കഴിഞ്ഞ കളി പോലെ അഞ്ചു ഡിഫണ്ടർമാരുമായി അർജന്റീന കളിക്കാൻ ഇറങ്ങുമോ എന്നും ആണിനി അറിയാനുള്ളത്. 4 പ്രതിരോധക്കാരെ അണിനിരത്തുന്നെങ്കിൽ പരിക്ക് ഭേദമായ ഡി മരിയ ആദ്യ ഇലവനിൽ തിരിച്ചെത്താനും സാധ്യതയുണ്ട്.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ആണെങ്കിലും അന്നത്തെ ടീമിലെ പല കളിക്കാരും വിരമിച്ചതും, നായകൻ മോഡ്രിച്ചും പെരിസിച്ചും ഉൾപ്പെടെയുള്ള പ്രധാന കളിക്കാർ കരിയറിന്റെ അവസാന ലാപ്പിൽ ആയതുമൂലം ക്രോയേഷ്യയ്ക്ക് വലിയ കിരീട സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നില്ല. ആദ്യമത്സരങ്ങളിൽ മൊറോക്കോയുമായി സമനില വഴങ്ങിയതും ഈ അഭിപ്രായങ്ങൾക്ക് സാധുത നൽകി. എന്നാൽ കാനഡയ്ക്ക് എതിരായ ആധികാരിക വിജയവും, ബെൽജിയത്തിന് എതിരായ സമനിലയും ആയി പ്രീ ക്വാർട്ടറിൽ എത്തിയ ക്രോയേഷ്യ ജപ്പാനേയും ബ്രസീലിനേയും പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പരാജയപ്പെടുത്തിയാണ് സെമിയിൽ എത്തിയത്. 2018 ലോകകപ്പിലും സമാനമായി നോക്ക് ഔട്ട് മത്സരങ്ങളിൽ തുടർച്ചയായ പെനാൽറ്റി ഷൂട്ടൗട്ടുകളിലെ വിജയത്തിന്റെ അനുഭവപരിചയവും ക്രോയേഷ്യയ്ക്ക് തുണയായി. സെമിയിൽ അർജന്റീനയ്ക്കെതിരെ ഇറങ്ങുമ്പോഴും അച്ചടക്കം നിറഞ്ഞ പ്രതിരോധത്തിലൂടെ ഷൂട്ട് ഔട്ടിലേക്ക് കളി എത്തിക്കാൻ ക്രോയേഷ്യ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല.

റയൽ മാഡ്രിഡിനുവേണ്ടി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള നായകൻ ലൂക്ക മോഡ്രിച്ച് തന്നെയാണ് 37-ആം വയസ്സിലും ക്രോയേഷ്യയുടെ കുന്തമുന. 2018 ലോകകപ്പിലെ പ്രകടനവും, ചാമ്പ്യൻസ് ലീഗ് വിജയവുമായി ആ വർഷത്തെ ബാലണ് ഡി' ഓർ മോഡ്റിച്ച്‌ കരസ്ഥമാക്കിയിരുന്നു. ബ്രസീലുമായുള്ള ക്വാർട്ടർ ഫൈനൽ മോഡ്റിച്ചിന്റെ മാസ്റ്റർ ക്ലാസ് തന്നെ ആയിരുന്നു. സർവ്വ വ്യാപിയായി കളിച്ച മോഡ്രിച്ച് തന്റെ കൃത്യതയാർന്ന പാസുകളും, ഡിഫൻസിലും മിഡ്ഫീല്ഡിലും മാറിമാറി കയറിയിറങ്ങി കൊണ്ട് കളിയുടെ വേഗം നിയന്ത്രിച്ചു. ആദ്യപകുതിയിൽ ബ്രസീൽ പലപ്പോഴും പാസ് കിട്ടാതെ കുഴങ്ങി. പ്രതിരോധിക്കേണ്ട സമയത്ത് ബ്രസീൽ നടത്തിയ അനാവശ്യ ആക്രമണം മുതലെടുത്ത്  116-ആം മിനുട്ടിലെ സമനില ഗോളും, ഷൂട്ടൗട്ടിലെ അട്ടിമറി വിജയവുമായി ക്രോയേഷ്യ സെമിയിലെത്തി. എക്സ്ട്രാ ടൈമിൽ മനോഹരമായ ഗോൾ നേടിയ നെയ്മറിന് പക്ഷേ ഷൂട്ടൗട്ടിൽ അഞ്ചാമതായി പെനാൽറ്റി കിക്ക് എടുക്കാൻ കഴിയുന്നതിനു മുൻപ് ബ്രസീൽ പരാജയപ്പെടുകയും ചെയ്തു.

പെരിസിച്ചിന്റെയും ക്രാമറിച്ചിന്റെയും ഫോമും ക്രോയേഷ്യയ്ക്ക് ആശ്വാസമാണ്. സെമിയിൽ അർജന്റീനയ്ക്കാണ് മുൻതൂക്കം എങ്കിലും വേണമെങ്കിൽ ഷൂട്ടൗട്ട് വരെ കളിയത്തിച്ചും അട്ടിമറികളുടെ ചരിത്രം ആവർത്തിക്കാനാവും ക്രോയേഷ്യ ശ്രമിക്കുക.

കഴിഞ്ഞ ലോകകപ്പിലും, അത്ലറ്റികോ മാഡ്രിഡിലും മികച്ച കളി പുറത്തെടുത്ത അന്റോയിൻ ഗ്രീസ്മാന് പക്ഷെ ബാഴ്‌സയിലെത്തിയശേഷം കഷ്ടകാലം ആയിരുന്നു. തിരിച്ചു അത്ലറ്റികോ മാഡ്രിഡിൽ എത്തിയെങ്കിലും ഗ്രീസ്മാന് ഫോം തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഫ്രാൻസ് മാനേജർ ദിദിയർ ദേഷാമ്പിന്റെ ഗുഡ് ബുക്കിൽ ഉണ്ടായിരുന്ന ഗ്രീസ്മാന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു. പരിക്കേറ്റ പോൾ പോഗ്ബയുടെ അഭാവത്തിൽ പ്ലേ മേക്കറുടെ റോളിൽ മധ്യനിരയിലേക്ക് ഇറങ്ങിക്കളിച്ച ഗ്രീസ്മാൻ മാനേജർ തനിക്കുമുകളിൽ അർപ്പിച്ച വിശ്വാസം ലോകകപ്പിൽ കാത്തുസൂക്ഷിക്കുന്നു. ക്വാർട്ടറിൽ എമ്പാപ്പയെ ഇംഗ്ലീഷ് ഫുൾ ബാക്ക് കൈൽ വാക്കർ കെട്ടിയിട്ടെങ്കിലും ഗ്രീസ്മാന് ഇംഗ്‌ളീഷ് കളിക്കാർക്ക് മറുപടി ഉണ്ടായിരുന്നില്ല. കളിയിൽ ഫ്രാൻസിന്റെ രണ്ടു ഗോളിനും വഴിയൊരുക്കിയത് ഗ്രീസ്മാനാണ്. കഴിഞ്ഞ ലോകകപ്പിൽ ഒരു ഗോൾ പോലും അടിക്കാൻ കഴിയാഞ്ഞിട്ടും മുന്നേറ്റത്തിൽ നിറഞ്ഞു കളിച്ച ജിറൂഡ്  ഇത്തവണ നാലു ഗോൾ അടിച്ചപ്പോൾ ഗ്രീൻസ്മാൻ ഗോളടിക്കാതെ ഫ്രാൻസിന്റെ പ്ലേ മേക്കർ ആയി നിറഞ്ഞു കളിക്കുന്നു.

കഴിഞ്ഞ ലോകകപ്പിൽ പ്രതിരോധത്തിൽ ഊന്നിക്കളിച്ച ഫ്രാൻസ് ഇത്തവണ കുറച്ചുകൂടി ആക്രമിച്ചു കളിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ സോളിഡ് ആയി പ്രതിരോധിക്കുകയും ആവശ്യമുള്ളപ്പോൾ ആക്രമിക്കുകയും ചെയ്യുകയാണ് ചെയ്തത്. കഴിഞ്ഞ ലോകകപ്പിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഡിഫൻസീവ് മിഡ്ഫീൽഡർ എൻഗോളോ കാന്റെയുടെ അഭാവം ഫ്രാൻസിനെ ഇതുവരെ അലട്ടിയില്ലെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ ആ കുറവ് എതിർടീമുകൾക്ക് മുതലെടുക്കാൻ കഴിയുമോ എന്ന് കാണേണ്ടിയിരിക്കുന്നു. പ്രീ ക്വാർട്ടറിനും ക്വാർട്ടറിനും ഇറക്കിയ അതേ ടീമിനെതന്നെ ഫ്രാൻസ് ഇറക്കുമെന്ന് കരുതുന്നു.

ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് മൊറോക്കോ സെമിഫൈനലിൽ എത്തിയത്. ലോക രണ്ടാം നമ്പർ ടീമായ ബെൽജിയം ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് പ്രവചനങ്ങൾ തെറ്റിച്ച് ക്രോയേഷ്യയ്ക്കൊപ്പം മൊറോക്കോയും പ്രീ ക്വാർട്ടറിൽ എത്തി. നോക്കൗട്ട് റൗണ്ടുകളിൽ യൂറോപ്യൻ ശക്തികളായ സ്പെയിനിനേയും, പോർച്ചുഗലിനെയും അട്ടിമറിച്ചാണ് മൊറോക്കോ സെമിയിൽ എത്തുന്ന ആഫ്രിക്കൻ രാജ്യമായത്. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾക്ക് കളിക്കുന്ന ഹക്കിം സിയെച്ച്, അഷ്‌റഫ് ഹക്കിമി, ഗോൾ കീപ്പർ ബോണോ, എൽ നസ്രി തുടങ്ങിവരാണ് മൊറോക്കോയുടെ ശക്തി. കൃത്യമായി ഓർഗനൈസ് ചെയ്ത ഡിഫൻസും, ടൈറ്റ് സ്പേസുകളിൽ നിന്നും ചെറിയ പാസുകളിലൂടെ പുറത്തുകടക്കാനുള്ള ഒത്തിണക്കവും പന്തടക്കവും, അവസരം കിട്ടുമ്പോഴുള്ള പ്രത്യാക്രമണവുമാണ് വലിയ ടീമുകളെ മറികടക്കാനുള്ള മൊറോക്കോയുടെ ഗെയിം പ്ലാൻ. ഒരു സെല്ഫ് ഗോൾ അല്ലാതെ വേറൊരു ഗോളും ഈ ലോകകപ്പിൽ മൊറോക്കോ വഴങ്ങിയിട്ടില്ല. എന്നാൽ നിരവധി മുൻനിര കളിക്കാർ പരിക്കിനാൽ വലയുന്നത് മൊറോക്കോയ്ക്ക് തിരിച്ചടി ആവാൻ സാധ്യതയുണ്ട്.

മൊറോക്കോ കോച്ചിന്റെ മാതാവ് അദ്ദേഹം കളിച്ചിരുന്നപ്പോൾ ഒരിക്കലും അദ്ദേഹത്തിന്റെ കളി സ്റ്റേഡിയത്തിൽ പോയി കണ്ടിട്ടില്ല. എന്നാൽ മൊറോക്കയിലെ ഭരണകൂടം കൊച്ചിന്റേയും, കളിക്കാരുടെയും എല്ലാം കുടുംബങ്ങളെ മൊറോക്കോയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ എത്തിക്കാൻ തയ്യാറായി. ഇത് മനോഹരമായ ചില ദൃശ്യങ്ങൾക്കും സാക്ഷ്യം വഹിച്ചു. എന്നാൽ താരതമ്യേന മോഡേണായ ജീവിതം നയിക്കുന്ന മൊറോക്കൻ താരങ്ങളെ അപ്പ്രോപ്രിയേറ്റ് ചെയ്യാനുള്ള യാഥാസ്ഥിതകരുടെ ശ്രമവും ഉണ്ടായി. മൊറോക്കൻ ഭരണകൂടം ഇസ്രായേലുമായി ബന്ധം  നോർമൽ ആക്കുമ്പോഴും ഓരോ കളിക്കുശേഷവും പാലസ്തീൻ പതാകയും ഏന്തി മൊറോക്കൻ കളിക്കാർ വിജയാഹ്ലാദത്തിൽ പങ്കുചേരുന്നു.

ഈ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലെ ഹോം ടീമുകൾ അർജന്റീനയും മൊറോക്കയും ആണെന്ന് പറയപ്പെടുന്നുണ്ട്. നാൽപതിനായിരത്തോളം അർജന്റീന ആരാധകരാണ് ലോകകപ്പിന് എത്തിയത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി അർജന്റീന ആരാധകർ ലോകകപ്പ് കാണാൻ എത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള അർജന്റീന ആരാധകരുടെ മുന്നിലാണ് അവർ ഓരോ കളിയും കളിക്കുന്നത്. ഖത്തറും, സൗദി അറേബ്യയും പുറത്തായ ശേഷം അറബ് രാജ്യങ്ങളിലെ ആരാധകരുടെ വലിയ പിന്തുണയാണ് ആഫ്രിക്കൻ-അറബ് രാജ്യമായ മൊറോക്കോയ്ക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാശ്‌ചാത്യ രാജ്യങ്ങളിലെ ആരാധകർക്ക് ഖത്തർ യാത്ര എളുപ്പമല്ലെങ്കിലും ഏഷ്യയിലേയും ആഫ്രിക്കയിലേയും നിരവധി ആരാധകർക്ക് എത്താൻ എളുപ്പമുള്ള ലോകകപ്പ് ആണിത്. പതിവിന് വിപരീതമായി യൂറോപ്പിന് പുറത്തുള്ള ടീമുകൾക്ക് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് ഇതും കാരണമാണ്.

അങ്ങേയറ്റം ത്രസിപ്പിച്ച ഗ്രൂപ്പ്, പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ നൽകിയ പ്രതീക്ഷ ഇനിയുള്ള മത്സരങ്ങൾ കാക്കുമെന്ന് കരുതുന്നു. 36 വർഷത്തിന് ശേഷം ലോകകപ്പ് നേടാനായി അർജന്റീന, അര നൂറ്റാണ്ടിനു ശേഷം ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം ആവാൻ പൊരുതുന്ന ഫ്രാൻസ്,ആദ്യ ലോകകപ്പിനായി 40 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ക്രോയേഷ്യ, ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാകാൻ മൊറോക്കോ. ഇനിയുള്ള മത്സരങ്ങൾ തീ പാറുമെന്നുറപ്പ്.

തിങ്കളാഴ്‌ച, ഡിസംബർ 12, 2022

ഫ്രാൻസ് vs ഇംഗ്ലണ്ട് പ്രിവ്യൂ


ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും, ടൂർണമെന്റിലെ ഫേവറൈറ്റുകളിൽ ഒന്നായ ഇംഗ്ലണ്ടും തമ്മിലാണ്. മികച്ച ഫോമിലുള്ള ഇരുടീമുകളുകൾക്കും തുല്യസാധ്യത കല്പിക്കപ്പെടുന്നു.

എൻഗോളോ കാൻറെ, പോൾ പോഗ്ബ, നിലവിലെ ബാലണ് ഡി ഓർ ജേതാവായ കരീം ബെൻസിമ തുടങ്ങി നിരവധി പ്രമുഖ കളിക്കാർ പരിക്കേറ്റു പുറത്തായത്‌ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ലോകകപ്പിൽ തിരിച്ചടിയാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ആദ്യ രണ്ടുമത്സങ്ങളിലേയും ആധികാരികമായ വിജയത്തോടെ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ എത്തി. നിരവധി മാറ്റങ്ങളുമായെത്തി അവസാന ഗ്രൂപ്പ് മത്സരത്തിൽ ട്യുണീഷ്യയോട് പരാജപ്പെട്ടെങ്കിലും പ്രീ ക്വാർട്ടറിൽ പോളണ്ടിനെതിരായ ആധികാരിക വിജയമാണ് ഫ്രാൻസ് നേടിയത്.

2018-ലെ റഷ്യ ലോകകപ്പ് വിജയത്തിലെ പ്രധാന ശില്പികളായ കാന്റെയുടെയും പോഗ്ബയുടേയും അഭാവം മറികടക്കാൻ റാബിയോയും, Tchouaméni-യും ഉൾപ്പെട്ട ഫ്രാൻസിന്റെ മധ്യനിരയ്ക്ക് കഴിയുന്നുണ്ട്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കളി നിയന്ത്രിക്കാൻ അവർക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. ഡെമ്പലയും എമ്പാപ്പെയും ഉൾപ്പെടെയുള്ള മുൻനിരയും മികച്ച ഫോമിലാണ്. 5 ഗോളുകളുമായി എമ്പാപ്പെയാണ് ലോകകപ്പിൽ നിലവിലെ ടോപ്പ് സ്‌കോറർ. കൈൽ വാക്കർ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പ്രതിരോധ നിരയ്ക്ക് എമ്പാപ്പയെ എങ്ങനെ തളയ്ക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. 3 ഗോളുകളുമായി ഫ്രാൻസിന്റെ സ്‌ട്രൈക്കർ ഒലിവിയെ ജിറൂഡും നല്ല ഫോമിലാണ്.

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ പ്രവേശനവും, യൂറോകപ്പിലെ ഫൈനൽ പ്രവേശനവും കൈമുതൽ ആക്കിയാണ് ഇംഗ്ളണ്ട് ഈ ലോകകപ്പിന് എത്തിയത്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ രണ്ടു വിജയങ്ങളും USA ക്കെതിരെ സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ എത്തി. അവിടെ സെനഗലിനെ ആധികാരികമായി പരാജയപ്പെടുത്തി.

ഒരു കളിയിൽ മാത്രമേ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ പറ്റിയുള്ളൂ എങ്കിലും 3 ഗോളുകളുമായി മികച്ച ഫോമിലാണ് മാർക്കസ് റാഷ്ഫോഡ്‌. റാഷ്ഫോർഡിനും ഫിൽ ഫോഡനും പകരം ഈ സീസണിൽ വലിയ ഫോമിൽ അല്ലാത്ത സ്റ്റെർലിങ്ങിനെയും മെയ്സണ് മൗണ്ടിനെയും ആണ് ഗ്രൂപ്പ് മത്സരങ്ങളിൽ മാനേജർ സൗത്ത്ഗേറ്റ് സ്റ്റാർട്ട് ചെയ്തത്‌. ലണ്ടനിലെ വീട്ടിൽ ആയുധധാരികളായ മോഷ്ടാക്കൾ പ്രവേശിച്ചതിനെത്തുടർന്ന് നാട്ടിലേക്കുപോയ സ്റ്റെർലിങ് ഉടനെ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും യുവതാരങ്ങളായ ഫിൽ ഫോഡനും, സാക്കയുമാണ് ക്യാപ്റ്റൻ ഹാരി കെയ്‌നൊപ്പം ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിൽ അണിനിരക്കാൻ സാധ്യത. ഇവരുടെ വേഗമേറിയ പ്രത്യാക്രമണങ്ങൾ ഫ്രാൻസിന് തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സെനഗലിന് എതിരെ കളിച്ച മധ്യനിരയെ സൗത്ത്ഗേറ്റ് നിലനിർത്താനാണ് സാധ്യത. ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്‌സന്റെ മധ്യനിരയിൽ ഊർജ്ജസ്വലത നിറഞ്ഞ പ്രകടനം സെനഗലിനെ പരാജയപ്പെടുത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചിരുന്നു. ഡെക്ലാൻ റൈസും, ഈ ലോകകപ്പിൽ സൂപ്പർ താരപദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ജൂഡ് ബെല്ലിങ്ഹാമും ഹെൻഡേഴ്‌സനൊപ്പം മധ്യനിരയിൽ അണിനിരക്കുമെന്ന് കരുതപ്പെടുന്നു.

അമിതമായി പ്രതിരോധത്തിൽ ഊന്നിയുള്ള കളിയാണ് ലോകകപ്പിലും യൂറോയിലും ഇംഗ്ലണ്ടിന് വിനയായത് എന്ന് വലിയ വിമർശനം ഉണ്ട്. ഇതുവരെ ആ ശൈലി സ്വീകരിക്കാതിരുന്ന സൗത്ത്ഗേറ്റ് ഫ്രാൻസിനെതിരേ വീണ്ടും അമിത പ്രതിരോധത്തിലേക്ക് മടങ്ങിപ്പോകുമോ എന്നാണ് കണ്ടറിയേണ്ടത്. കളിക്കിടെ കളിയുടെ ഗതിക്കനുസരിച്ച് ഗെയിം പ്ലാനിൽ മാറ്റം വരുത്താനുള്ള സൗത്ത്ഗേറ്റിന്റെ കഴിവില്ലായ്മയും മുൻപ് രൂക്ഷമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിമർശനങ്ങൾക്ക് മറുപടി പറയാൻ സൗത്ത് ഗേറ്റിന് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ് ഈ മത്സരം. അതേ സമയം ക്യാപ്റ്റൻ എന്ന നിലയിലും, മാനേജർ എന്ന നിലയിലും ലോകകപ്പ് നേടിയിട്ടുള്ള ദിദിയർ ദെഷാമ്പിന് അനുഭവ
സമ്പത്തിലും, ടാക്ടിക്കൽ മികവിലും സൗത്ത് ഗേറ്റിന് മുന്നിൽ ആധിപത്യം അവകാശപ്പെടാമെങ്കിലും  പ്രവചനങ്ങൾക്ക് ഒട്ടും വഴങ്ങാത്ത ഒരു ലോകകപ്പ് ആണിപ്പോൾ ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് മറന്നുകൂടാ. ഈ മത്സരത്തിൽ ആരു വിജയിച്ചാലും ലോകകപ്പ് നേടാനുള്ള സാധ്യതാ പട്ടികയിൽ അവർ മുന്നിൽത്തന്നെ ഉണ്ടാവും.

ശനിയാഴ്‌ച, ഡിസംബർ 03, 2022

2022 ഖത്തർ ലോകകപ്പ്- ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ

(Connecting Keralam-നും സമയം പ്ലസ്സിനും വേണ്ടി എഴുതിയത്)


ഗ്രൂപ്പ് A


ലൂയി വാൻ ഗാളിന്റെ കീഴിൽ തങ്ങളുടെ പരമ്പരാഗത രീതികളിൽ നിന്ന് വിട്ട് ഒഴുക്കു കുറഞ്ഞ, പ്രതിരോധത്തിൽ ഊന്നിയ കളിയാണ് നേതാർലാണ്ട്സ് കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്നതും ഈ ശൈലീ മാറ്റത്തിന് ഒരു കാരണമാവാം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടോപ് സ്‌കോറർ ആയിരുന്ന ബാഴ്‌സലോണ കളിക്കാരൻ മെംഫിസ് ഡിപായ് കുറച്ചുനാളായി പരിക്കുമൂലം കളത്തിന് പുറത്തായിരുന്നത് എന്നത് അവരുടെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ടെങ്കിലും ഉജ്ജ്വല ഫോമിൽ ഉള്ള കോഡി ഗാക്പോ ഈ കുറവ് പരിഹരിക്കുന്നുണ്ട്. 3 ഗോളുകൾ നേടി ലോകകപ്പിൽ നിലവിലെ ടോപ്പ് സ്‌കോറർ കൂടിയാണ് ഗാക്പോ. വാൻ ഡൈക്ക് നയിക്കുന്ന പ്രതിരോധ നിരയും ശക്തമാണ്. USA-യുമായുള്ള പ്രീ ക്വാർട്ടറിൽ  മുൻതൂക്കം കല്പിക്കപ്പെടുന്നുണ്ട് എങ്കിലും knock out മത്സരങ്ങൾ നേതർലാണ്ട്സിന് അത്ര എളുപ്പമാവില്ല.

ലിവർപൂളിന്റെ ഈ സീസണിലെ മോശം ഫോമിനു ഒരു കാരണം അവർക്ക് ചാമ്പ്യന്സ് ലീഗും പ്രീമിയർ ലീഗും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാദിയോ മാനെ ടീം വിട്ടുപോയതാണ് എന്ന് ഒരഭിപ്രായം ഉണ്ട്. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്കു വഹിച്ച മാനെ പരിക്കേറ്റു ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത് സെനഗലിന് വലിയ തിരിച്ചടി ആകുമെന്ന് കരുതിയിരുന്നു. അത്രയ്ക്ക് ഉണ്ടായിരുന്നു മാനെയ്ക്ക് സെനഗൽ ഫുട്‌ബോളിലുള്ള സ്വാധീനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർ ആയി കരുതപ്പെടുന്ന ക്യാപ്റ്റൻ കൂടിയായ കുലോബാലിയുടെ ഈ സീസണിലെ മോശം ഫോമും അവരെ അലട്ടിയിരുന്നു. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് മികച്ച മുന്നേറ്റം നടത്തി പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുകയാണ് സെനഗൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില ലക്ഷ്യമാക്കി കളിച്ച് പതിവുതാളം നഷ്ടമായ ഇക്വഡോറിനെ പരാജയപ്പെടുത്തിയാണ് സെനഗലിന് ഇത് സാധ്യമായത്. രണ്ടു ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വെച്ചപ്പോൾ ഇക്വഡോറിന്റെ നഷ്ടം സെനഗലിന് നേട്ടമായി. പ്രീ ക്വാർട്ടറിൽ അവർ ഇംഗ്ലണ്ടിനെ നേരിടും. 

നിലവിലെ ഏഷ്യൻ ചാമ്പ്യൻമാരും ലോകകപ്പ്‌ആതിഥേയരുമായ ഖത്തറിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ മൂന്നു മത്സരങ്ങളും തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പാവും വരുന്ന ആഴ്‌ചകളിൽ ഖത്തറിന്റെ പ്രധാന ലക്ഷ്യം. ടൂർണമെന്റിൽ ഏഷ്യൻ, ആഫ്രിക്കൻ ടീമുകൾ നേടിയ അട്ടിമറി വിജയങ്ങൾക്ക് ഖത്തറിലെ കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഷ്യയിലേയും ആഫ്രിക്കയിലേയും മൂന്നാം ലോക രാജ്യങ്ങളിലെ ഫുട്‌ബോൾ ആരാധകർക്ക് ഏറ്റവുമധികം പങ്കെടുക്കാൻ സാധിച്ച ലോകകപ്പായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

Group B


കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ പ്രവേശനവും, യൂറോകപ്പിലെ ഫൈനൽ പ്രവേശനവും കൈമുതൽ ആക്കിയാണ് ഇംഗ്ളണ്ട് ഈ ലോകകപ്പിന് എത്തിയത്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ രണ്ടു വിജയങ്ങളും USA ക്കെതിരെ സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ എത്തി. ഇറാനെതിരായ വിജയത്തോടെ USAയും പ്രീ ക്വാർട്ടറിൽ എത്തി. ഗാരേത്ത് ബെയ്ൽ ഉൾപ്പെടെയുള്ള വെയിൽസ്‌ പക്ഷേ പ്രധാന താരങ്ങളുടെ ഫോം ഇല്ലായ്മ കാരണം പിന്നിലേയ്ക്ക് പോയി. ബെയ്ൽ ഒക്കെ മികച്ച ഫോമിൽ നിന്ന കാലത്തുനടന്ന കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വെയിൽസ്‌ ചിലപ്പോൾ മുന്നേറ്റം ഉണ്ടാക്കിയേനെ. ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ശക്തമായ നിലപാട് എടുത്ത ഇറാനിയൻ ടീമിന് പക്ഷേ വെയിൽസിനെതിരെയുള്ള വിജയത്തിൽ തൃപ്തിപ്പെടേണ്ടി വന്നു.

ഒരു കളിയിൽ മാത്രമേ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ പറ്റിയുള്ളൂ എങ്കിലും 3 ഗോളുകളുമായി ടോപ്പ് സ്‌കോറർ പദവിയിലാണ് മാർക്കസ് റാഷ്ഫോഡ്‌. മികച്ച ഫോമിലുള്ള റാഷ്ഫോർഡിനും ഫിൽ ഫോഡനും പകരം ഈ സീസണിൽ വലിയ ഫോമിൽ അല്ലാത്ത സ്റ്റെർലിങ്ങിനെയും മെയ്സണ് മൗണ്ടിനെയും ആണ് മാനേജർ സൗത്ത്ഗേറ്റ് സ്റ്റാർട്ട് ചെയ്യുന്നത്‌. വെയ്ൽസിനെതിരായ പ്രകടനം പ്രീ ക്വാർട്ടറിൽ സൗത്ത് ഗേറ്റിനെ മാറ്റി ചിന്തിപ്പിക്കുമോ എന്നു കാണണം. അമിതമായി പ്രതിരോധത്തിൽ ഊന്നിയുള്ള കളിയാണ് ലോകകപ്പിലും യൂറോയിലും ഇംഗ്ലണ്ടിന് വിനയായത് എന്ന് വലിയ വിമർശനം ഉണ്ട്. വലിയ ടീമുകളുമായുള്ള കളികളിൽ ഈ രീതി സൗത്ത്ഗേറ്റ് മാറ്റുമോ എന്നാണ് കണ്ടറിയേണ്ടത്.

ഗ്രൂപ്പ് C



അർജന്റീനയെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ അട്ടിമറിച്ചതാണ് ഈ ഗ്രൂപ്പിന് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. എന്നാൽ പ്രതിരോധത്തിൽ ഊന്നിക്കളിച്ച മെക്സിക്കോയേയും പോളണ്ടിനെയും പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായി അർജന്റീന പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. പോളണ്ടിനും അർജന്റീനയ്ക്കും എതിരേ വേണ്ടരീതിയിൽ പ്രകടനം കാഴ്ച്ച വെക്കാതിരുന്ന മെക്സിക്കോ സൗദി അറേബ്യയെ പരാജയപ്പെടുത്തിയിട്ടും ടൂർണമെന്റിൽ നിന്ന് പുറത്തായി. അർജന്റീനയോട് പരാജയപ്പെട്ടിട്ടും മികച്ച ഗോൾ വ്യത്യാസത്തിൽ ലവൻഡോവിസ്കിയുടെ പോളണ്ട് രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറി. സൗദിക്കെതിരേ ലവൻഡോവിസ്കി തന്റെ ലോകകപ്പിലെ ആദ്യ ഗോൾ നേടി.  പ്രീ ക്വാർട്ടറിൽ അർജന്റീന ആസ്‌ട്രേലിയയേയും പോളണ്ട് ഫ്രാൻസിനേയും നേരിടും. ലയണൽ മെസ്സിക്ക് തന്റെ അവസാന ലോകകപ്പിൽ ചാമ്പ്യനായി മടങ്ങുമോ എന്നറിയാനാണ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് D


എൻഗോളോ കാൻറെ, പോൾ പോഗ്ബ, നിലവിലെ ബാലണ് ഡി ഓർ ജേതാവായ കരീം ബെൻസിമ തുടങ്ങി നിരവധി പ്രമുഖ കളിക്കാർ പരിക്കേറ്റു പുറത്തായത്‌ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തിരിച്ചടിയാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ആദ്യ രണ്ടുമത്സങ്ങളിലേയും ആധികാരികമായ വിജയത്തോടെ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ എത്തി. ലോകകപ്പ് വിജയത്തിലെ പ്രധാന ശില്പികളായ കാന്റെയുടെയും പോഗ്ബയുടേയും അഭാവം മറികടക്കാൻ ഫ്രാൻസിന്റെ മധ്യനിരയ്ക്ക് കഴിയുന്നുണ്ട്. നോക്കൗട്ട് റൗണ്ടുകളിൽ പ്രധാന ടീമുകൾക്കെതിരെ കളി നിയന്ത്രിക്കാൻ അവർക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. ഡെമ്പലയും എമ്പാപ്പെയും ഉൾപ്പെടെയുള്ള മുൻനിരയും മികച്ച ഫോമിലാണ്. നിരവധി മാറ്റങ്ങളുമായിറങ്ങി അവസാന ഗ്രൂപ്പ് മത്സരത്തിൽ ട്യുണീഷ്യയോട് പരാജയപ്പെട്ടെങ്കിലും ഫ്രാൻസ് ടൂർണമെന്റിലെ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ടീം തന്നെയാണ്. പരിക്ക്‌ഭേദമായാൽ ബെൻസിമ ചിലപ്പോൾ ചില മത്സരങ്ങൾ കളിച്ചേക്കും എന്നും പറയപ്പെടുന്നു.

കഴിഞ്ഞ യൂറോകപ്പ് മത്സരത്തിൽ ഹൃദയാഘാതം വന്ന് കുറച്ചു കാലം കളിയിൽ നിന്ന് മാറി നിന്നെങ്കിലും പിന്നീട് ബ്രെന്റ്ഫോർഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലുമായി മികച്ച പ്രകടനം കാഴ്ച്ച വെച്ച എറിക്സൻ പക്ഷെ ഈ ലോകകപ്പിൽ മങ്ങിപ്പോയി. അദ്ദേഹം ഉൾപ്പെട്ട ഡെൻമാർക്ക് ടീം ആസ്‌ട്രേലിയയോടും ഫ്രാൻസിനോടും പരാജയപ്പെട്ടു പുറത്താവുകയും ഏവരേയും ഞെട്ടിച്ചുകൊണ്ട് ആസ്‌ട്രേലിയ അടുത്ത റൗണ്ടിലേക്ക് ക്വാളിഫൈ ചെയ്യുകയും ചെയ്തു. ഫ്രാൻസിനെതിരെയുള്ള അട്ടിമറി വിജയമാണ് ട്യുണീഷ്യക്ക് ആശ്വാസം ആയത്.

ഗ്രൂപ്പ് E


വൻ അട്ടിമറികൾക്കാണ് മരണഗ്രൂപ്പായ ഗ്രൂപ്പ് E സാക്ഷിയായത്. മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയേയും സ്പെയിനിനേയും ആട്ടിമറിച്ചുകൊണ്ട് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി. കോസ്റ്റാറിക്കയെ വലിയ മാർജിനിൽ തോൽപ്പിക്കുകയും, ജർമ്മനിയോട് സമനില വഴങ്ങുകയും ചെയ്ത സ്പെയിൻ രണ്ടാം സ്ഥാനക്കാരായി മുന്നേറി. അവസാന മത്സരത്തിൽ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയെങ്കിലും ജർമ്മനിക്ക് തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് സ്റ്റേജിൽ പടിയിറങ്ങേണ്ടി വന്നു. പതിറ്റാണ്ടുകളായി യൂറോപ്പിലെ പവർ ഹൗസ് ആയി വിരാജിച്ച ജർമ്മനിക്ക് ആ സ്ഥാനത്ത് നിന്നുളള പടിയിറക്കത്തിനാണ് 2018, 2022 ലോകകപ്പുകളും കഴിഞ്ഞ യൂറോ കപ്പും സാക്ഷിയായത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റക്കാരിൽ ഒരാളായ തോമസ് മുള്ളർക്കും മങ്ങിയ ഫോമോടെ ലോകകപ്പ് ഫുട്‌ബോളിൽ നിന്ന് വിടവാങ്ങേണ്ടി വന്നു. ക്യാപ്റ്റൻ മാനുവൽ നോയർ ഉൾപ്പടെ നിരവധി ഇതിഹാസ താരങ്ങളുടെ ലോകകപ്പ് കരിയറും ജർമ്മനിയുടെ വിടവാങ്ങലോടെ അവസാനിച്ചു. ജർമ്മൻ ടീമിൽ വലിയ അഴിച്ചുപണികൾക്ക് ഈ തോൽവി കാരണമാകും. ജപ്പാനെ അട്ടിമറിക്കുകയും, ജർമ്മനിയോട് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും ചെയ്ത കോസ്റ്റാറിക്ക അഭിമാനത്തോടെ ലോകകപ്പിൽ നിന്ന് പടിയിറങ്ങി.

കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയുമായി പ്രീ ക്വാർട്ടർ കളിക്കുന്ന ജപ്പാൻ ഇനിയും അട്ടിമറികൾക്ക് സാധ്യതയുള്ള ടീമാണ്. ഖത്തറിലെ കാലാവസ്ഥാ ഏഷ്യയിലേയും ആഫ്രിക്കയിലേയും ടീമുകളെ സഹായിച്ചിട്ടുണ്ട് എന്നും കാണാനാവും. ലോകഫുട്‌ബോൾ ഭാവിയിൽ അടക്കി ഭരിക്കാൻ ശേഷിയുള്ള പെഡ്റി, ഗാവി തുടങ്ങിയ യുവപ്രതിഭകൾ ഉണ്ടെങ്കിലും മുന്നേറ്റ നിരയിൽ അനുഭവസമ്പത്തിന്റെ കുറവും, പ്രതിരോധ നിരയിലെ കളിക്കാരുടെ പ്രായാധിക്യവും, ഒരു ലോകനിലവാരത്തിലുള്ള സ്‌ട്രൈക്കറുടെ അഭാവവും സ്പെയിനിന് മറികടക്കേണ്ടതുണ്ട്. മൂന്നു ഗോൾ നേടിയെങ്കിലും സ്പെയ്നിനെ എത്രത്തോളം മുന്നിലേക്ക് നയിക്കാൻ മൊറാട്ടയ്ക്ക് കഴിയുമെന്ന് കണ്ടറിയണം. എങ്കിലും ടൂർണമെന്റിലെ ഫേവറൈറ്റുകളിൽ ഒന്നായ സ്പെയിൻ അടുത്ത റൗണ്ടിൽ മൊറോക്കോയെ നേരിടും.

ഗ്രൂപ്പ് F


ഫിഫ റാങ്കിങിൽ ലോക രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ ഒന്നാം റൗണ്ടിലെ പുറത്താകലും മൊറോക്കൻ ഫുട്‌ബോളിന്റെ ഉദയവുമാണ് ഈ ഗ്രൂപ്പിനെ ശ്രദ്ധേയമാക്കിയത്. ബെൽജിയം ടീമിലെ അസ്വാരസ്യങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കാനഡയ്ക്ക് എതിരായ നിറംകെട്ട വിജയവും, ഒരു തോൽവിയും സമനിലയുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായി പുറത്തായി. നിരവധി സൂപ്പർ സ്റ്റാർ കളിക്കാർ ഉണ്ടായിട്ടും ഒരു പ്രധാന അന്താരാഷ്ട്ര കിരീടം പോലും നേടാനാകാതെ ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷനും അവസാനിച്ചു. ഹക്കിം സിയെച്ച്, അഷ്‌റഫ് ഹക്കിമി തുടങ്ങിയവരുടെ ബലത്തിൽ ബെൽജിയത്തിന്റെ അട്ടിമറിച്ച മൊറോക്കോ ക്യാനഡയ്ക്ക് എതിരായ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടന്നു. അടുത്ത റൗണ്ടിൽ അവർ സ്പെയിനെ നേരിടും. കാനഡയ്ക്ക് എതിരായ വിജയവും രണ്ടു സമനിലകളുമായി ക്രൊയേഷ്യയും അടുത്ത റൗണ്ടിൽ കടന്നു. മികച്ച അറ്റാക്കിങ് ഫുട്‌ബോൾ കാഴ്ച്ച വച്ചെങ്കിലും കാനഡയ്ക്ക് ഒരു കളിയിലും ജയിക്കാൻ കഴിഞ്ഞില്ല.

ഗ്രൂപ്പ് G


ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയെങ്കിലും ആദ്യ മത്സരത്തിൽ നെയ്മറിന് ഏറ്റ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. ടൂർണമെന്റിലെ ഏറ്റവും വിജയസാധ്യത ഉള്ള ടീമുകളിൽ ഒന്നായാണ് ആയാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ കണക്കാക്കപ്പെടുന്നത്. നിരവധി യുവതാരങ്ങൾ ഉണ്ടെങ്കിലും പടത്തലവനായ നെയ്മറിന്റെ അഭാവം മുന്നേറ്റത്തിൽ ബ്രസീലിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശക്തമായ പ്രതിരോധവും, മധ്യനിരയും ബ്രസീലിന് കരുത്താണ്. എന്നാൽ അവസാന മത്സരത്തിൽ കാമറൂണിനോട് ഏറ്റ തോൽവി തിരിച്ചടിയായി. ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണ് പക്ഷെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി പുറത്തായി. രണ്ടു വിജയങ്ങളുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനം നേടി മുന്നേറി. സെർബിയ അവസാന സ്ഥാനത്തായി. പ്രീ ക്വാർട്ടറിൽ ബ്രസീൽ സൗത്ത് കൊറിയയേയും സ്വിറ്റ്സർലൻഡ് പോർച്ചുഗലിനെയും നേരിടും.

ഗ്രൂപ്പ് H


ഘാനയ്ക്കെതിരായ അവസാന മത്സരത്തിൽ 85-ആം മിനിട്ട് വരെ അടുത്ത റൗണ്ടിലേക്ക് മുന്നേറും എന്നു കരുതിയിരുന്ന ഉറുഗ്വെ പക്ഷെ ദക്ഷിണ കൊറിയ പോർച്ചുഗലിനെ ഇഞ്ചുറി ടൈമിൽ അട്ടിമറിച്ചതോടെ ലോകകപ്പിൽ നിന്ന് പുറത്തായി. രണ്ടു വിജയങ്ങളുമായി പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് മുന്നേറിയപ്പോൾ ഈ അട്ടിമറി വിജയം കൈമുതൽ ആക്കി ദക്ഷിണ കൊറിയ രണ്ടാമത്തെത്തി. അവസാന രണ്ടു മത്സരങ്ങളിൽ റൊണാൾഡോയുടെ മോശം പ്രകടനം നോക്ക് ഔട്ട് റൗണ്ടിൽ പോർച്ചുഗലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2010-ൽ ഉറുഗ്വേക്ക് എതിരെയുള്ള മത്സരത്തിൽ പോസ്റ്റിലേക്ക് വന്ന പന്ത് സുവാരസ് കൈകൊണ്ട് തടയുകയും, തുടർന്ന് കിട്ടിയ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്താണ് ഘാന പുറത്തായത്‌. എന്നാൽ ഈ ലോകകപ്പിൽ ഉറുഗ്വേക്ക് ഒരു ഗോൾ കൂടി അടിച്ചു അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അനുവദിക്കാതെ ഘാന പ്രതികാരം വീട്ടി. സുവാരസ്, കവാനി തുടങ്ങിയ ഉറുഗ്വെയുടെ ഇതിഹാസ താരങ്ങൾ കണ്ണീരോടെ ലോകകപ്പിൽ നിന്ന് വിടവാങ്ങി.

നിരവധി അട്ടിമറികളും, ത്രില്ലർ സിനിമകളെ അതിശയിപ്പിക്കുന്ന ട്വിസ്റ്റും ടേണുമായി മുന്നേറിയ ഗ്രൂപ്പ് മത്സരങ്ങൾ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ടമാണ് സമ്മാനിച്ചത്. ഇത് നോക്ക്ഔട്ട് റൗണ്ടുകളെ ആവേശത്തോടെ കാത്തിരിക്കാൻ ലോകമെമ്പാടും ഉള്ള ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം നൽകുന്നു.


വെള്ളിയാഴ്‌ച, ഡിസംബർ 02, 2022

ആസ്വദിച്ചു കളിക്കാൻ സാഹചര്യമുണ്ടെങ്കിൽ മെസ്സിയോളം അപകടകാരിയായ മറ്റൊരു കളിക്കാരനും ഇപ്പോൾ ലോകത്തില്ല


“I like Messi because he doesn't think he's Messi. He plays like a child enjoying the pasture, playing for the pleasure of playing, not the duty of winning.”
- Eduardo Galeano

ബാഴ്‌സലോണ കുപ്പായത്തിൽ നേടിയ അസംഖ്യം കിരീടങ്ങൾ അർജന്റീനയ്ക്ക് വേണ്ടി ആവർത്തിക്കാൻ കഴിഞ്ഞില്ല എന്ന് മെസ്സി നേരിട്ട വിമർശനങ്ങൾ ഒരു പരിധി വരെ അവസാനിച്ചത് കഴിഞ്ഞ കോപ്പ അമേരിക്ക വിജയത്തോടെയാണ്. ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടുമ്പോഴും മൂന്നുവർഷങ്ങൾക്ക് മുൻപുവരെ മെസ്സി അർജന്റീനയ്ക്ക് കളിക്കുമ്പോൾ അമിത സമ്മർദ്ദം മൂലം അനുഭവിച്ചിരുന്നു. ഇത് അർജന്റീനയ്ക്കു വേണ്ടി കളിക്കുമ്പോൾ പലപ്പോഴും വേണ്ടത്ര മികവുള്ള ഒരു ടീം തനിക്കൊപ്പം ഇല്ലായെന്ന മെസ്സിയുടെ ബോധ്യം കൊണ്ടാവാം. മെസ്സിക്കുമേൽ അമിതമായ ആശ്രയത്വം ടീമിന്റെ പ്രകടനങ്ങളെ ബാധിച്ചതുകൊണ്ടാവാം. ഫുട്‌ബോൾ ശ്വസിച്ചു ജീവിക്കുന്ന ഒരു രാജ്യത്തിന്റെ അയഥാർഥ്യമായ അമിത പ്രതീക്ഷകൾ ഏൽപ്പിക്കുന്ന സമ്മർദ്ദമാവാം. ടീമിന്റെ സെക്യൂരിറ്റി സ്റ്റാഫിന് ആറു മാസമായി മുടങ്ങിക്കിടന്ന ശമ്പളം മെസ്സി സ്വന്തം പോക്കറ്റിൽ നിന്ന് നൽകുന്ന അവസ്ഥയിലെത്തിച്ച, വലതുപക്ഷം രാജ്യത്തു അധികാരത്തിൽ എത്തിയശേഷം അവർ പിടിച്ചെടുത്ത, കെടുകാര്യസ്ഥതയും, അഴിമതിയും മുഖമുദ്രയാക്കിയ ഒരു ഫുട്‌ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ചു കളിക്കേണ്ടി വരുന്നതാവാം. നിരന്തരമായി അന്താരാഷ്ട്ര ടൂർണമെന്റുകളിലൂടെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ഫൈനലുകളാവാം. ഇതൊക്കെയാവാം നിരാശാബോധം താങ്ങാനാവാതെ രണ്ടുതവണ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് പിന്നീട് പിൻവലിച്ച വിരമിക്കൽ പ്രഖ്യാപനങ്ങൾക്ക് മെസ്സിയെ പ്രേരിപ്പിച്ചത്. ട്രോഫികൾക്ക് വേണ്ടിയുള്ള സമ്മർദ്ദം  ഫുട്‌ബോളിനെ ആസ്വദിച്ചു കളിക്കുന്നതിന് മെസ്സിയെ എത്രത്തോളം അനുവദിച്ചു എന്നതൊരു പ്രശ്നം തന്നെ ആയിരുന്നു. ട്രോഫികൾക്കു പകരം, കുട്ടികളെപ്പോലെ കളിയുടെ ആഹ്ലാദത്തിനായി കളിച്ചിരുന്ന മെസ്സിയുടെ കേളീശൈലിക്ക് യോജിച്ചതായിരുന്നില്ല ഈ അടിച്ചേൽപ്പിക്കപ്പെട്ട അമിതമായ സമ്മർദ്ദങ്ങൾ. എന്നിട്ടും 2014 ലോകകപ്പ് വിജയത്തിന് തൊട്ടടുത്ത് എത്താൻ അർജന്റീനയ്ക്ക് കഴിഞ്ഞു.

പിന്നീട് ബാഴ്സയുടെയും നാഷണൽ ടീമിന്റേയും റോളുകൾ പരസ്പരം മാറി. ബോർഡിന്റെ പിടിപ്പുകേടും, കോവിഡിന്റെ ആഘാതവും മൂലം കളിക്കളത്തിന് അകത്തും പുറത്തും ബാഴ്‌സ വലിയ പ്രതിസന്ധികൾ നേരിട്ടു. 2015-നു ശേഷം ചാമ്പ്യൻസ് ലീഗ് നേടാത്ത, സാവിയും, ഇനിയെസ്റ്റയും, നെയ്മറും, മാസ്കരാനോയും, സ്വാറസുമില്ലാത്ത ബാഴ്‌സയെ ഏതാണ്ട് ഒറ്റയ്ക്ക് ചുമലിലേറ്റി തളർന്ന് മെസ്സി ഒടുവിൽ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ പുതുക്കാനാവാതെ ക്ലബ് വിട്ടു. അതേസമയം പ്രമുഖ യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന മികച്ച യുവനിരയും, ടീമിന്റെ മികവുകളും ദൗർബല്യങ്ങളും മനസിലാക്കി ഗെയിം പ്ലാൻ ഒരുക്കുന്ന സ്‌കലോണി എന്ന കോച്ചും അർജന്റീനയ്ക്ക് വേണ്ടിയുള്ള കളികൾ മെസ്സിക്ക് ആസ്വാദ്യകരമാക്കി. മെസ്സിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി, മെസ്സിയെ അമിതമായി ആശ്രയിക്കാതെ മറ്റുകളിക്കാർക്കും സ്വാഭാവിക കളി പുറത്തെടുക്കാൻ കഴിയുന്ന ഗെയിം പ്ലാനുമായി മുന്നോട്ട് പോയതു കൊണ്ടുകൂടിയാണ് പരാജയം അറിയാത്ത 36  കളികളിലും, കോപ്പ അമേരിക്ക നേട്ടത്തിലും അർജന്റീന എത്തി നിൽക്കുന്നത്.

PSG യിലെ ആദ്യ സീസണിൽ മങ്ങിപ്പോയെങ്കിലും ഈ സീസണിൽ അപാര ഫോമിൽ ആണ് മെസ്സി. സ്‌ട്രൈക്കറിൽ നിന്നും ഒരു പരിപൂർണ്ണ പ്ലെ മേക്കർ ആയി മെസ്സി മാറിക്കഴിഞ്ഞു. ഡ്രിബിൾ ചെയ്യുന്നതിലും സ്പ്രിന്റ് ചെയ്യുന്നതിലും പ്രായം ഏൽപ്പിക്കുന്ന പരിമിതികൾ പരിമിതികൾ വിഷനും അപാരമായ പാസിംഗ് range ഉം കൊണ്ടാണ് മെസ്സി മറികടന്നത്. യൂറോപ്പിലെ പ്രധാന 5 ലീഗുകളിൽ ഈ സീസണിൽ ഏറ്റവും അസിസ്റ്റുകൾ നൽകിയത് മെസ്സിയാണ്. നെയ്മറിന്റെയും എമ്പാപ്പെയുടെയും മികച്ച ഫിനിഷിങ്ങും കൂടി ഇതിന് സഹായകരം ആയി.

പണ്ടുമുതലേ കളികളുടെ തുടക്കത്തിൽ നല്ലോരു സമയം മെസ്സി നടക്കുന്നത് കാണാം. എന്നാൽ ഈ സമയത്ത് മെസ്സി ചുറ്റും നോക്കി എതിർ ഡിഫൻഡർമാരുടെ സ്ഥാനവും, ഫോർമേഷനും, അവരുടെ ബലഹീനതകളും മനസ്‌സിൽ ഉറപ്പിക്കുക ആണെന്നും, ഈ ഇൻഫോർമേഷൻ ആണ് പിന്നീട് ഗംഭീരമായ മുന്നേറ്റങ്ങൾക്ക് മെസ്സിയെ സഹായിക്കുന്നത് എന്നും ബാഴ്‌സയിലെ മെസ്സിയുടെ കൊച്ചായിരുന്ന ഗാർഡിയോള പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ നടത്തം കൂടുതൽ ആയി എന്നുകാണാം. കാര്യമായ ഡിഫണ്ടിങ്ങോ, ട്രാക്കിംഗ് ബാക്കോ ഒന്നും മെസ്സി നടത്താറില്ല. എന്നാൽ ഡിഫൻസീവ് ലൈനുകൾക്ക് ഇടയിലുള്ള പൊസിഷനിംഗും, കൃത്യമായ സമയത്തുള്ള എണ്ണം പറഞ്ഞ റണ്ണുകളും, ഡിഫണ്ടർമാർക്ക് മുകളിലൂടെ പായിക്കുന്ന കീ ഫോർവേഡ് പാസുകളുമായി നിമിഷ നേരങ്ങൾക്കിടയിലാണ് മെസ്സി രൗദ്ര രൂപം കൈക്കൊള്ളുന്നത്. കൂടാതെ മെസ്സിയുടെ സാനിദ്ധ്യം കൂടുതൽ ഡിഫണ്ടർമാരെ മെസ്സിയിലേക്ക് അടുപ്പിക്കുകയും, അവരുടെ ഡിഫെൻസീവ് ഓർഗനൈസേഷൻ തകരുകയും ഇത്  ടീമിലെ മറ്റുള്ള മുന്നേറ്റ കളിക്കാർക്ക് ഓപ്പോസിഷൻ പെനാൽറ്റി ബോക്സിൽ വലിയ സ്‌പെയ്‌സ് ഉണ്ടാക്കുകയും ചെയ്യുന്നു. PSG യിൽ എംബാപ്പ ഒക്കെ ഇതിന്റെ ഗുണഭോക്താക്കൾ ആണ്. എംബാപ്പയുടെ ശരവേഗം കൂടിയാവുമ്പോൾ ഈ കൂട്ടുകെട്ട് ഡിഫണ്ടർമാർക്ക് വലിയ തലവേദന ആണ് സൃഷ്ടിക്കുന്നത്.


മെസ്സിയുടെ കളിയിലെ ഈ മാറ്റം പോളണ്ടിനെതിരെ പ്രകടം ആയിരുന്നു.  കൂടാതെ കുറച്ചു കാലങ്ങളായി ഇല്ലാതിരുന്ന മെസ്സിയുടെ പന്തുമായുള്ള വലിയ റണ്ണുകളും, ഡ്രിബിളിങ്ങും ഈ കളിയിൽ കാണാൻ കഴിഞ്ഞു. ഇത് ഗോളിൽ കലാശിച്ചില്ലെങ്കിലും പലപ്പോഴും മെസ്സിയിലേക്ക് കൂടുതൽ ഡിഫണ്ടർമാർക്ക് ശ്രദ്ദിക്കേണ്ടി വരുന്നതുമൂലം മറ്റു അർജന്റീന കളിക്കാർക്ക് സ്‌പെയ്‌സ് തുറന്നുകൊടുക്കുകയും, പോളണ്ടിന്റെ ഡിഫൻസീവ് ഓർഗനൈസേഷൻ പൊളിക്കുകയും, നിർണ്ണായക മേഖലകളിൽ ഫൗളുകൾ ചെയ്യാൻ പോളണ്ട് ഡിഫണ്ടർമാരെ പ്രേരിപ്പിക്കുകയും, കളി കൂടുതലും പോളണ്ടിന്റെ പെനാൽറ്റി ബോക്സിനടുത്ത് കേന്ദ്രീകരിക്കാൻ കാരണമാവുകയും ചെയ്തു. കൂടാതെ കളത്തിന്റെ വലതു വശത്തു നിന്ന്  ഇടതു വശത്തേക്ക് ഡിഫൻസീവ് ലൈനിന് മുകളിലൂടെയുള്ള ത്രൂ പാസുകൾ നിരവധി ഗോൾ അവസരങ്ങളാണ് അർജന്റീനയ്ക്ക് തുറന്നു കൊടുത്തത്. PSG-യിൽ എമ്പാപ്പെയും നെയ്മറും ഉൾപ്പെടെ നേടിയ നിരവധി ഗോളുകൾ മെസ്സിയുടെ ഇത്തരം പാസുകളിലൂടെ ആയിരുന്നു എന്നു കാണാം. പോളണ്ടിനെതിരെ ഈ പാസുകളിൽ കൂടുതലും ലഭിച്ച അക്കൂനയ്ക്ക് ഇതുപക്ഷെ ഗോൾ മുഖത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇത്തരം പാസുകൾ വരും മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യത ഉണ്ട്.



പോളണ്ടിനെതിരെ അർജന്റീന നേടിയ രണ്ടു ഗോളുകളിലും മെസ്സിക്ക് നേരിട്ട് പങ്കുണ്ടായിരുന്നില്ല. എന്നാൽ ഈ ഗോളുകൾ സൃഷ്ടിച്ച സാഹചര്യങ്ങളിൽ മെസ്സിക്കും വലിയ പങ്കുണ്ടായിരുന്നു. ഇതുതന്നെയാണ് ഒരു പ്ലേ മേക്കറിൽ നിന്ന് ടീമുകൾ പ്രതീക്ഷിക്കുന്നതും. കൂടാതെ എപ്പോഴും മെസ്സിക്ക് പാസുനല്കി, മെസ്സിയിൽ പൂർണ്ണമായും ആശ്രയിക്കാതെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് സ്വാഭാവിക കളി കളിക്കാൻ അർജന്റീനയുടെ മുന്നേറ്റ താരങ്ങൾ തയ്യാറായത് നല്ലൊരു സൂചനയാണ്. ഇത് മെസ്സിയിലുള്ള സമ്മർദ്ദം കുറയ്‌ക്കുകയും കളിയെ കൂടുതൽ സ്ട്രെച്ച് ചെയ്യുകയും ചെയ്തു. ഇതു പോളണ്ടിന് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കി. സൗദിക്കെതിരേ അർജന്റീനയ്ക്ക് കഴിയാതിരുന്നതും ഇതാണ്.

സൗദിക്കെതിരായ മത്സരം ഭൂരിപക്ഷം കളിക്കാരുടെയും ആദ്യ ലോകകപ്പ് അനുഭവം ആയിരുന്നു. സൗദിക്കെതിരേയും, മെക്സിക്കോക്ക് എതിരായ ആദ്യ പകുതിയിലും ഇതിന്റെ സമ്മർദ്ദം സ്വാഭാവിക കളി പുറത്തെടുക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു എന്നുവേണം കരുതാൻ. കൂടാതെ 36 കളികളുടെ തുടർജയം വേണ്ടത്ര മാനസിക തയ്യാറെടുപ്പിനും വിഘാതമായിട്ടുണ്ടാവാം. സൗദിയുടെ ഡിഫൻസീവ് ഹൈ ലൈനും അർജന്റീനയ്ക്ക് കാര്യങ്ങൾ ദുഷ്കരമാക്കി. സമ്മർദ്ദം ഏറിയപ്പോൾ സ്വയം പിൻവലിഞ്ഞ് മെസ്സിയുടെ അത്ഭുതത്തിനായി കാത്തിരിക്കുന്ന പഴയ ശൈലിയിലേക്ക് അവർ പിൻവലിഞ്ഞു. ഇത് പരാജയത്തിനു കാരണമായി. ഇത് ഏൽപ്പിച്ച അമിതസമ്മർദ്ദം മെസ്സിയെയും പുറകോട്ടു വലിച്ചു. എന്നാൽ മെക്സിക്കോക്ക് എതിരെയുള്ള രണ്ടാം പകുതിയിൽ മെക്സിക്കോയുടെ പ്രെസ്സിങ്ങ് ഗെയിം ദുർബ്ബലം ആവുകയും, കളി ജയിച്ചേ മതിയാവൂ എന്ന അവസ്ഥ വരുകയും, മെസ്സി ബോക്സിനു പുറത്തുനിന്ന് ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കൂടുതൽ കോണ്ഫിഡൻസോടെയുള്ള കളി മെസ്സിയുടെ പാസിൽ എൻസോയുടെ മനോഹരമായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പോളണ്ടിനെതിരെ ആവട്ടെ സ്‌കോളാനി കോച്ചായി വന്നതിനു ശേഷമുള്ള സ്ഥിരം കളി പുറത്തെടുക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു. കൂടാതെ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് ആലിസ്റ്റർ തുടങ്ങിയവരുടെ മധ്യനിരയിലെ മികച്ച പ്രകടനവും, ഹൂലിയൻ ആൽവാരസിന്റെ മുൻനിരയിലെ ഊർജ്ജസ്വലമായ പ്രകടനവും അർജന്റീനയ്ക്ക് ശക്തി പടർന്നു.

സൗദിക്കെതിരായ പരാജയം ഇനിയുള്ള കളികളിൽ കൂടുതൽ ജാഗരൂഗരായി തയ്യാറെടുക്കാൻ അർജന്റീനയെ സഹായിക്കും. കൂടുതൽ ശക്തരായ ടീമുകൾക്ക് എതിരെ എങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നതും ലോകകപ്പിൽ അർജന്റീനയുടെ  മുന്നേറ്റം എത്രയാകും എന്നു നിർണ്ണയിക്കും. സ്‌കലോണി കാലത്തെ പ്രധാന കളിക്കാരൻ ആയിരുന്നു  ലെ സൽസോയുടെ അഭാവം മധ്യനിരയിൽ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ എല്ലാവരും സ്വാഭാവിക കളി പുറത്തെടുക്കുകയും, ടീം സ്പിരിറ്റ് ഉയർത്തുകയും ചെയ്താൽ അർജന്റീനയ്ക്ക് നല്ല പ്രതീക്ഷയ്ക്ക് വകയുണ്ട്, പ്രത്യേകിച്ച് യൂറോപ്യൻ ടീമുകൾ ഇതുവരെ വേണ്ടത്ര നിലവാരം പുലർത്താത്ത ഈ ലോകകപ്പിൽ. പിന്നെ ആസ്വദിച്ചു കളിക്കാൻ സാഹചര്യം ലഭിക്കുകയാണെങ്കിൽ മെസ്സിയോളം അപകടകാരിയായ മറ്റൊരു കളിക്കാരൻ  ഇപ്പോഴും വേറേയില്ലല്ലോ. 

അനൂപ് കിളിമാനൂർ

വ്യാഴാഴ്‌ച, ഡിസംബർ 01, 2022

53-ആമത് IFFI, ഗോവ

53-ആമത് IFFI, ഗോവയിൽ കണ്ട സിനിമകൾ







My picks

Triangle of sadness (Palm d'Or)

No bears

Decision to leave (best director, Cannes)

The whale

Alcarras (Golden Bear)

Mediterranean fever (best screenplay, uncertain regard, Cannes)

Hanging Garden

Maya Nilo (Laura)

9

How to blow up a pipeline

Between two worlds

I have electric dreams (best director, Locarno Film Festival)

Havana

Behind the haystacks

#IFFIGoa