യൂറോപ്പിൽ പ്രധാനമായി ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയൻ , ജർമൻ, ഫ്രഞ്ച് എന്നിങ്ങനെ 5 ലീഗുകൾ ആണുള്ളത്. അതുകൂടാതെ ഡച്ച്, പോർച്ചുഗീസ്, റഷ്യൻ, ഉക്രൈൻ ലീഗുകളും ഉണ്ട്. 90-കളിൽ ഇറ്റലിയിലെ സിരിയ എയും, അടുത്ത കാലം വരെ റൊണാൾഡോയും മെസ്സിയുമൊക്കെ കളിച്ചിരുന്ന സ്പാനിഷ് ലാ ലീഗയും ആയിരുന്നു ഏറ്റവും പോപ്പുലർ എങ്കിൽ ഇപ്പോൾ ആ സ്ഥാനം ഇംഗ്ളീഷ് പ്രീമിയർ ലീഗിനാണ്. ക്ലബ്ബുകളിൽ ചരിത്രപരമായി ഏറ്റവും ഫാൻസ് ഉള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് , ബാർസലോണ , ലിവർപൂൾ, ബയേൺ മ്യൂണിച്ച് എന്നിവർക്കാണ്.
ഇംഗ്ളീഷ് പ്രീമിയർ ലീഗ്
1992-ലാണ് ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് ഒന്നാം ഡിവിഷൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആയി മാറുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സെനൽ, ചെൽസി, ലിവർപൂൾ , ടോട്ടൻഹാം എന്നിങ്ങനെ ആറു ക്ലബുകൾ ആണ് പ്രധാനമായുള്ളത്. കഴിഞ്ഞ വർഷം സൗദിയുടെ പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് വാങ്ങിയതിന് ശേഷം 90-കളിലെ മികച്ച ടീമായിരുന്ന ന്യൂകാസിൽ യുണൈറ്റഡും ഇവർക്കൊപ്പം എത്തിയിട്ടുണ്ട്. ഇതിൽ കുറച്ചു ഇടതു ചായ്‌വുള്ളത് ലിവർപൂൾ ആണ്. ലിവർപൂൾ സിറ്റി ചരിത്രപരമായി ഇംഗ്ലണ്ടിലെ സോഷ്യലിസ്റ്റ് ഏരിയ ആണ്. ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ചരിത്രപരമായി ഏറ്റവും ശക്തിയുള്ള ടീമുകൾ.
ഇതിൽ ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ വളർന്ന ക്ലബ്ബുകൾ ആണ്. റഷ്യൻ കോടീശ്വരൻ റോമൻ ഇബ്രാമോവിച്ച് വാങ്ങുന്നതോടെയാണ് ചെൽസീ ഒരു പ്രധാന ക്ലബ്ബായി ഉദയം ചെയ്യുന്നത്. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ആദ്യമായി വലിയ രീതിയിൽ പണം പമ്പ് ചെയ്യുന്നത് ഇബ്രാമോവിച്ച് ആണ്. ഇതിനെത്തുടർന്ന് പോർച്ചുഗീസ് കോച്ച് ഹോസെ മൊറീഞ്ഞോയുടെ കീഴിൽ രണ്ടു പ്രാവശ്യം പ്രീമിയർ ലീഗ് കിരീടം നേടിയ ചെൽസി പിന്നീട് പല തവണ ഇതാവർത്തിക്കുകയും രണ്ടു വട്ടം UEFA ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്തു. അബുദാബി സ്റ്റേറ്റിന്റെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും വലിയ വളർച്ച ഉണ്ടാവുകയും, നിരവധി പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തു. ഇപ്പോൾ പെപ് ഗാർഡിയോളയ്ക്ക് കീഴിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണെങ്കിലും, ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചെസ്റ്റർ സിറ്റിക്ക് ഇതുവരെ നേടാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ 10 വർഷത്തിൽ 6 തവണ പ്രീമിയർ ലീഗ് കിരീടം നേടി. ഏർലിംഗ് ഹാലൻഡ് , ഡി ബ്രൂയ്നെ, ക്യാന്സലോ, അൽവാരെസ്, എഡേഴ്സണ്, റൂബൻ ഡിയാസ് തുടങ്ങിയവരൊക്കെ അവിടെയാണ് കളിക്കുന്നത്. ഓട്ടമെന്റിയും, സെർജിയോ അഗ്വേറോയും, പാബ്ലോ സാബലറ്റോയും, കാർലോസ് ടെവസും മുൻപ് മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്നു.
ഈ ക്ലബുകളുടെ ഉദയത്തോടെ പിന്നിലേക്ക് പോയ ക്ലബാണ് 90-കളിലെ ശക്തി ദുർഗ്ഗമായിരുന്ന അഴ്‌സനൽ. ആർട്ടേറ്റയ്ക്ക് കീഴിൽ അവർ തിരിച്ചു വരവിന്റെ പാതയിലാണ്. നോർവീജിയൻ താരം മാർട്ടിൻ ഓഡിഗാർഡിന്റെ നേതൃത്വത്തിൽ ഒരുപടി യുവതാരങ്ങളാണ് അഴ്‌സെനലിന്റെ ശക്‌തി. 22 വർഷങ്ങൾ മാനേജരായിരുന്ന അഴ്‌സെനെ വെങ്ങറുടെ കാലത്താണ് അഴ്‌സനൽ ഏറ്റവും ശക്തമായ പ്രകടനം കാഴ്‌ച വെച്ചത്. 2003-04 സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ കിരീടം നേടിയ അഴ്‌സെനെ വെങ്ങറുടെ അഴ്‌സനൽ ടീം 'Invinsibles' എന്നറിയപ്പെടുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ വേറൊരു ടീമിനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ സ്റ്റേഡിയം നിർമ്മിച്ചപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയും പണം മുടക്കാനുള്ള ഉടമസ്ഥരുടെ മൂലം പിന്നോട്ട് പോയെങ്കിലും അഴ്‌സനലിന് ലോകമെമ്പാടും ഇപ്പോഴും ശക്തമായ ഫാൻ ബെയ്‌സ് ഉണ്ട്. ആഴ്ച്ച മുഴുവൻ പണിയെടുക്കുന്നവരെ വാരാന്ത്യങ്ങളിൽ ആസ്വദിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്നാണ് വെങ്ങർ അഴ്‌സെനലിന്റെ കുറിയ പാസുകളിലൂടെയുള്ള സുന്ദരമായ കേളീശൈലിക്ക് കാരണമായി പറഞ്ഞത്. വെങ്ങറിന് കീഴിൽ അഴ്‌സെനലിന്റെ ക്യാപ്‌റ്റനും, പെപ് ഗാർഡിയോളക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്ന ഫ്രഞ്ച് കളിക്കാരൻ ആയിരുന്നു അർട്ടേറ്റ ഈ അർത്ഥത്തിൽ വെങ്ങറുടെ പിന്ഗാമിയാണ്.
80-കളിൽ യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായിരുന്ന ടീം ആയിരുന്നു ലിവർപൂൾ. കെന്നി ഡാഗ്ലീഷ്, സ്റ്റീവ് നിക്കോൾ ഉൾപ്പെടെയുള്ള ലെജന്റുകൾ അണിനിരന്ന ലിവർപൂൾ 90-കളുടെ തുടക്കത്തോടെ അല്പം പിന്നേക്ക് പോയി. പിന്നീട് ഒരു തവണ ചാമ്പ്യൻസ് ലീഗ് നേടിയ ലിവർപൂൾ മൈക്കൽ ഓവൻ, സ്റ്റീഫൻ ജെറാർഡ്, ഹാവിയർ മാസ്കരാനോ, ഫെർണാണ്ടോ ടോറസ്, ജൈമി ക്യാരഗർ തുടങ്ങിയ നിരവധി കളിക്കാർ അണിനിരന്നിട്ടും പ്രീമിയർ ലീഗ് കിട്ടാക്കനിയായി. ഒടുവിൽ ഏഴുവർഷം മുൻപ് പ്രശസ്ത ജർമ്മൻ കോച്ച് യുർഹൻ ക്ളോപ്പ് ലിവർപൂളിൽ എത്തിയതോടെയാണ് ലിവർപൂൾ വീണ്ടും പഴയ പ്രതാപം വീണ്ടെടുത്തത്. മൂന്നു UEFA ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ കളിക്കുകയും, ഒരു പ്രാവശ്യം കിരീടം നേടുകയും ചെയ്ത ലിവർപൂൾ പലവട്ടം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ പ്രീമിയർ ലീഗ് കിരീടം മുപ്പതു വർഷങ്ങൾക്ക് ശേഷം 2019-20 സീസണിൽ സ്വന്തമാക്കി. ഇംഗ്ലണ്ടിൽ എറ്റവും കൂടുതൽ യൂറോപ്യൻ കപ്പ് എടുത്ത റെക്കോർഡ് ലിവർപൂളിനാണ്. മൊഹമ്മദ് സലാഹ്, വിർജിൽ വാൻ ഡൈക്, അല്ലിസൺ, ഹെൻഡേഴ്‌സണ്, ഡാർവിൻ ന്യൂനസ്, ഫാബിഞ്ഞോ, തിയാഗോ അൽകാന്ത്ര എന്നിവർ ലിവർപൂളിൽ ആണ് കളിക്കുന്നത്. കിരീട നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച സാദിയോ മാനെ കഴിഞ്ഞ വർഷം ക്ലബ് വിട്ടു. എൻസോ ഇവിടേക്ക് പോകുമെന്നൊക്കെ പറയപെടുന്നു. 'You will never walk alone' എന്നതാണ് ലിവർപൂളിന്റെ ചരിത്ര പ്രസിദ്ധമായ സ്ലോഗൻ. 1989 ഏപ്രിൽ15-ന് ഹിൽസ്ബറോയിൽ ലിവർപൂൾ-നോട്ടിങ്ഹാം ഫോറസ്റ്റ് FA കപ്പ് സെമി ഫൈനൽ കാണാനെത്തിയ 97 ഫുട്‌ബോൾ ആരാധകർ സ്റ്റേഡിയത്തിലെ ഉന്തും തള്ളിനും ഇടയിൽ കൊല്ലപ്പെട്ടു. ഇത് ഹിൽസ്ബറോ ദുരന്തം എന്ന് അറിയപ്പെടുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്. 2013-നുശേഷം പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ലെങ്കിലും ലോകത്ത് ഏറ്റവും ആരാധകർ ഉള്ള ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് കാരണം തുടർച്ചയായി 26 വർഷം മാനേജർ ആയിരുന്ന സർ അലക്സ് ഫെർഗൂസന്റെ കാലത്ത് 13 പ്രീമിയർ കിരീടങ്ങളും, 2 UEFA ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ 38 പ്രധാന കിരീടങ്ങൾ നേടി നടത്തിയ ജൈത്രയാത്രയാണ്. 'ക്ലാസ് ഓഫ് 92' എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ബെക്ഹാം, പോൾ സ്‌കോൾസ്, ഗാരി നെവിൽ, ഫിൽ നെവിൽ, റയാൻ ഗിഗ്സ്, നിക്കി ബട്ട് എന്നിവർ ഉൾപ്പെട്ട യുണൈറ്റഡ് അക്കാദമി പ്രൊഡക്ടുകൾ ആയിരുന്നു ഇക്കാലത്തെ യുണൈറ്റഡിന്റെ വിജയങ്ങൾക്ക് പ്രധാന കാരണം. റോയ് കീൻ, എറിക് കന്റോണ, വെയ്ൻ റൂണി തുടങ്ങിയ ലെജൻഡുകളായ ക്യാപ്‌റ്റൻമാരും, ക്രിസ്റ്റ്യാനോ റൊണാൾഡോ, യുവാൻ സെബാസ്റ്റ്യൻ വെറോണ്, റൂഡ് വാൻ നിസ്റ്റൽറൂയ്, റിയോ ഫെർഡിനാൻഡ്, ഒലെ ഗുണ സോൾഷെർ, ഗബ്രിയേൽ ഹെയ്ൻസ്, കാർലോസ് ടെവസ്, ഫാബിയൻ ബാർത്തേസ്, ജെറാർഡ് പിക്വെ, വാൻ ഡേ സാർ, റോബിൻ വാൻ പേഴ്‌സി, ഡ്വൈറ്റ് യോർക്ക്, ആന്റി കോൾ, ടെഡി ഷെറിങ്‌ഹാം, നേമാഞ്ച വിഡിച്ച്, പാട്രിക്ക് എവ്‌റ തുടങ്ങിയ നിരവധി മികച്ച കളിക്കാരും അക്കാലത്ത് മാൻചെസ്റ്റർ യുണൈറ്റഡ് ജേഴ്സി അണിഞ്ഞു. സർ അലക്‌സ് ഫെർഗൂസൻ ജീവിതകാലം മുഴുവൻ അടിയുറച്ച സോഷ്യലിസ്റ്റ് ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങുകളിലൂടെ തിരമാല കണക്കെ മുന്നേറുന്ന ആക്രമണാത്മക ഫുട്‌ബോൾ അവർക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. ക്ലബിനെക്കാൾ വലുതല്ല ഒരു കളിക്കാരനും എന്നു വിശ്വസിച്ചിരുന്ന സർ അലക്സ് അക്കാരണത്താൽ ബെക്ക്ഹാം, റോയ് കീൻ തുടങ്ങി നിരവധി കളിക്കാർക്ക് ക്ലബിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തു.
ഇതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്ര വലിയ വിജയങ്ങൾ നേടിയെടുത് സർ മാറ്റ് ബുസ്‌ബി മാനേജർ ആയിരുന്ന 1945-69 കാലത്തായിരുന്നു. 'ബുസ്‌ബി ബേബ്‌സ്' എന്നറിയപ്പെട്ടിരുന്ന ഈ ടീം 1952,1956, 1957സീസണുകളിൽ ലീഗ് കിരീടങ്ങൾ നേടി ഇംഗ്ലീഷ് ചാമ്പ്യൻ പട്ടം അലങ്കരിക്കവേ 1958-ൽ റെഡ്സ്റ്റാർ ബെൽഗ്രെഡുമായി യൂറോപ്യൻ കപ്പിൽ മത്സരിക്കാനുള്ള വിമാന യാത്രയ്ക്കിടെ മ്യൂണിച്ചിൽ വെച്ച് വിമാനം അപകടത്തിൽപ്പെടുകയും 8 കളിക്കാരും, 3 കോച്ചുമാരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ഈ അപകടത്തിൽ ജീവൻ നഷ്ടമാവാതിരുന്ന ബുസ്‌ബി നിരവധി വർഷങ്ങളെടുത്ത് ടീമിനെ പുനർ നിർമ്മിക്കുകയും 1965, 67 സീസണുകളിൽ ഇംഗ്ളീഷ് ലീഗ് കിരീടവും, 1968ൽ യൂറോപ്യൻ കിരീടവും നേടുകയും ചെയ്തു.
സർ അലക്സ് ഫെർഗൂസന്റെ റിട്ടയർമെന്റിന് ശേഷം യുണൈറ്റഡ് പക്ഷേ ലീഗ് കിരീടം നേടാനായില്ല. തുടർച്ചയായ നിയമിക്കപ്പെട്ട മാനേജർമാരുടെ പരാജയങ്ങളും, യുണൈറ്റഡിൽ നിന്ന് പണം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന അമേരിക്കൻ ഉടമസ്ഥരായ ഗ്ലെയ്സർ കുടുംബവും ഇതിന് കാരണക്കാരായി. ഫൽക്കാവോ, അലക്സിസ് സാഞ്ചെസ്, ഡി മരിയ, ഇബ്റാഹിമോവിച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെ നിരവധി കളിക്കാരെ സൈൻ ചെയ്‌തെങ്കിലും യുണൈറ്റഡിന് വിജയ വഴിയിൽ തിരിച്ചെത്താൻ കഴിഞ്ഞില്ല. ഡേവിഡ് മോയസ്, ലൂയി വാൻ ഹാൾ, ഒലെ ഗുണ സോൾഷർ തുടങ്ങിയവർ പരാജയം ആയപ്പോൾ ഹോസെ മൊറീഞ്ഞോക്ക് മാത്രമാണ് യൂറോപ്പ ലീഗ്, ലീഗ് കപ്പ് തുടങ്ങിയ ട്രോഫികൾ എങ്കിലും നേടാൻ കഴിഞ്ഞത്. 2014-ൽ 60 മില്യൺ പൗണ്ടിന് ഡി മരിയ റിയൽ മാഡ്രിഡിലെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. എന്നാൽ മാനേജർ ആയിരുന്ന വാൻ ഗാലുമായുള്ള പ്രശ്‌നങ്ങൾ മൂലം അടുത്ത വർഷം ഡി മരിയ 44 മില്യൺ പൗണ്ടിന് PSG യിലേക്ക് പോയി. മുൻപ് ആർജന്റൈൻ താരമായ റൂക്വെൽമെയ്ക്കും ബാർഴ്സയിൽ വെച്ച് അന്ന് ബാഴ്‌സ മാനേജർ ആയിരുന്ന വാൻ ഹാളുമായുള്ള പ്രശ്‌നങ്ങൾ മൂലം ബാഴ്‌സ വിട്ടു പോവേണ്ടി വന്നിരുന്നു. പൊളിറ്റിക്കൽ സൈനിംഗ് എന്നാണ് റിക്വൽമയെ ബാഴ്‌സ സൈൻ ചെയ്തതിനനെ വാൻ ഹാൾ വിശേഷിപ്പിച്ചത്. ഈ രണ്ട് സംഭവങ്ങൾക്കും ഉള്ള മറുപടിയായാണ് നെതർലാണ്ട്സിന് എതിരെ ഗോൾ അടിച്ച ശേഷം റിക്വൽമയുടെ പ്രശസ്തമായ സെലിബ്രേഷൻ മെസ്സി വാൻ ഹാൾ ഉൾപ്പെടെയുള്ള ഡച്ച് ബെഞ്ചിന് മുന്നിൽ നിന്ന് കാണിച്ചതും, ഡച്ച് കൊച്ചുമാരുമായി തർക്കം ഉണ്ടായതും. 2016-ൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വാൻ ഹാളിനെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
ഈ സീസണിൽ എറിക് ടാൻ ഹാഗിന്റെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. റൊണാൾഡോ കഴിഞ്ഞ മാസം ടീം വിട്ടപ്പോൾ ബ്രൂണോ ഫെർണാണ്ടസ്, ലിസാൻഡ്രോ മാർട്ടിനെസ്, ഡേവിഡ് ഡി ഹിസ്, മാർക്കസ് റാഷ്ഫോഡ്, ഗെർണാച്ചോ, ക്യാസമിറോ, ഹാരി മക്‌ഗയർ, ജോർദാൻ സാഞ്ചോ തുടങ്ങിയവരാണ് ഇപ്പോൾ യുണൈറ്റഡിന്റെ പ്രധാന കളിക്കാർ. ഗ്ലെയ്സർ കുടുംബം ഇപ്പോൾ ക്ലബ് വിൽക്കാനുള്ള ശ്രമത്തിലാണ്.
ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ, ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സണ് ഹി മിൻ, ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്, ക്രിസ്റ്റ്യൻ റൊമേറോ, റിച്ചാർലിസണ്, പെരിസിച്ച് തുടങ്ങിയവരാണ് ടോട്ടൻഹാം ഹോസ്‌പറിന്റെ പ്രധാന കളിക്കാർ. ആർജന്റൈൻ ആയ മൗറീഷ്യോ
പോച്ചട്ടീനോ, ഇംഗ്ളീഷുകാരൻ ആയ ഹാരി റെഡ്‌നാപ്പ് തുടങ്ങിയവരുടെ കീഴിൽ ആക്രമാത്മക ഫുട്‌ബോൾ കളിച്ചിരുന്ന ടോട്ടൻഹാം ഇപ്പോൾ അന്റോണിയോ കൊണ്ടെയുടെ കീഴിൽ പ്രതിരോധത്തിൽ ഊന്നി കളിക്കുന്നു. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടോട്ടൻഹാം പക്ഷേ ഒരു പ്രധാന കിരീടം നേടിയിട്ട് വർഷങ്ങളായി.
മുൻപ് യൂറോപ്യൻ കപ്പ് കിരീടം നേടിയിട്ടുള്ള ആസ്റ്റണ് വില്ല, നോട്ടിങ്ഹാം ഫോറെസ്റ്റ് തുടങ്ങിയ ടീമുകൾ ഇപ്പോൾ അത്ര നല്ല നിലയിലല്ല. എമിലിയാനോ മാർട്ടിനെസ് ആസ്റ്റണ് വില്ലയിലും, മക് ആലിസ്റ്റർ ബ്രൈറ്റണും വേണ്ടി കളിക്കുന്നു. ലീഡ്സ് യുണൈറ്റഡ്, വൂൾവ്‌സ്, ഏവർട്ടണ്, ലീസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ് തുടങ്ങിയവയാണ് പ്രീമിയർ ലീഗ് കളിക്കുന്ന മറ്റ് പ്രധാന ക്ലബുകൾ. ഇംഗ്ളീഷ് ലീഗ് ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ബോക്‌സിംഗ് ഡേ എന്നറിയപ്പെടുന്ന ഡിസംബർ 26-ന് ബ്രെൻറ്ഫോഡ്-ടോട്ടൻഹാം മത്സരത്തിലൂടെ ലോകകപ്പിനായുള്ള ഇടവേളയ്ക്ക് ശേഷം ഇംഗ്ളീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....