വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2026

ബെത്‌ലഹേമിലെ കുടുംബ യൂണിറ്റുകൾ



(spoiler alert)

ഗിരീഷ് എ. ഡി. യും കിരൺ ജോസിയും എഴുതി, ഗിരീഷ് സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒരു അയൽവക്കത്തിൻ്റെ കൂടി കഥയാണ്. കുറച്ചൊക്കെ അയഥാർഥ്യവും, ഉട്ടോപ്യനുമായ എന്നാൽ നാം എല്ലാം ജീവിക്കാൻ ആഗ്രഹിച്ചു പോകുന്നതുമായ ഒരു അയൽവക്കമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. അതുകൊണ്ട് കൂടി ആകാം ഈ അയൽവക്കത്തിന് ബെത്ലഹേം എന്ന പേര് തെരഞ്ഞെടുത്തത്. കോവിഡിന് ശേഷം പ്രത്യേകിച്ചും, പ്രശ്ന നിർഭരമായ ഈ ലോകത്ത് ഈ അയൽവക്കം നൽകുന്ന ആശ്വാസം തന്നെ ആകണം ഇവിടേക്ക് വീണ്ടും വീണ്ടും പോകാൻ ജനത്തെ പ്രേരിപ്പിക്കുന്നത് ,സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് ആകുന്നത്.

പലപ്പോഴും പൗരോഹ്യത്തിൻ്റെ നിയന്ത്രണത്തിനുള്ള ഉപാധി ആയി വർത്തിക്കുക കൂടി ചെയ്യുന്ന കുടുംബ യൂണിറ്റുകൾ പക്ഷേ ഇവിടെ പൂർണ്ണമായും സ്നേഹം നിറഞ്ഞ, സാഹോദര്യത്തിനുള്ള ഇടമായാണ് അടയാളപ്പെടുത്തുന്നത്. ഇങ്ങനെ ഹൃദയ ശൂന്യമായി മാറുന്ന ലോകത്തെ ഹൃദയമായി വർത്തിക്കുന്നത് കൂടി കൊണ്ടാവണം ഇവിടേക്ക് തിരിച്ചു പോവാനുള്ള ലാഞ്ചന ഓരോ പ്രേക്ഷകനും വീണ്ടും ഉണ്ടാകുന്നത്. 'ഹരി അല്ലേ, മനുഷ്യൻ അല്ലേ, നമുക്ക് സംസാരിക്കാം' എന്ന ജസ്റ്റിൻ്റെ വാക്കും ബോധവും തന്നെയാണ് നമ്മൾ സമൂഹത്തിൽ പലയിടത്തും കാണാതെ പോകുന്നത്.

ഒരേസമയം കലാമൂല്യം ഉള്ളതും, എന്നാൽ ബില്യൺ കണക്കിന് ഡോളർ ബിസിനസ് നടക്കുന്ന കൊമേഴ്സ്യൽ വിജയങ്ങളുമായ സിനിമകൾ എടുക്കുന്ന ക്രിസ്റ്റഫർ നോളൻ പോലും താൻ കൈവെക്കാൻ ഭയക്കുന്ന genre ആണ് rom-com എന്ന് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പാളിപ്പോകാൻ നല്ല സാധ്യത ഉള്ളതും, നല്ല പ്രതിഭാധനന്മാർക്ക് മാത്രം വിജയിപ്പിക്കാൻ കഴിയുന്നതുമായ ഈ genre-ൽ മികച്ച സിനിമകൾ എടുത്ത നിരവധി പ്രതിഭകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ തുടർച്ചയായും consistant ആയും മികച്ച സിനിമകൾ എടുത്ത് പ്രതിഭ തെളിയിച്ച എഴുത്തുകാരനും സംവിധായകനുമാണ് ഗിരീഷ് എ.ഡി. ഓരോ സിനിമ കഴിയുന്തോറും കൂടുതൽ തെളിവാർന്നു വരുന്ന ഗിരീഷിൻ്റെ മികച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടത് ബെത്ലഹേം കുടുംബ യൂണിറ്റ് തന്നെ ആകും.

പ്രവാസത്തിൻ്റെ അവധിയിൽ നാട്ടിലെത്തുന്ന, അതിന് രണ്ടു വർഷങ്ങൾക്ക് ജനിച്ചുവളർന്ന വീടിനെ ഉപേക്ഷിച്ച് പുതിയ സ്ഥലത്തേക്ക് പറിച്ചു നടപ്പെടുന്ന ആഷ്ലിയുടെ രണ്ട് കാലങ്ങളിലൂടെയാണ് സിനിമയും യാത്ര ചെയ്യുന്നത്. മമിത ബൈജുവിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായ ആഷ്ലിക്ക് ഒപ്പമാണ് നമ്മളും ആ അയൽപക്കത്ത് എത്തുന്നത്, ആഷ്ലി പരിചയപ്പെടുമ്പോൾ ആണ് നമ്മളും അവിടെ ഉള്ളവരെ പരിചയപ്പെടുന്നത്. ആഷ്ലി ആ നാട്ടിൽ ഇല്ലാതിരുന്ന രണ്ടു കാലങ്ങളെ ആഷ്ലി കേട്ടറിയുമ്പോൾ ആണ് നമ്മളും അറിയുന്നത്. അല്പം അന്തർമുഖത്വം പുലർത്തുന്ന ആഷ്ലി ആ അയൽപക്കത്തിൽ സുരക്ഷിതത്വം ലഭിക്കുമ്പോൾ ആണ് അവിടെ കൂടുതൽ തുറന്ന് പെരുമാറുന്നത്, തുറന്ന് സംസാരിക്കുന്നത്. 

പ്രായവ്യത്യാസം എന്ന ഘടകത്തിന് ഉപരിയായി ആഷ്ലിയും ജസ്റ്റിനും തമ്മിലുള്ള പ്രണയം സ്വാഭാവികം ആയി നമുക്ക് തോന്നുന്നത് അതിനുള്ളിൽ ഉള്ള ജീവിത യാഥാർത്ഥ്യങ്ങളുടെ പല കണികകൾ മൂലമാവാം. പ്രേമലുവിലെ സച്ചിനെപ്പോലെ കുടുംബാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥയിൽ ആണ് ഇവിടെ ആഷ്ലിയുടെയും യൗവനം രൂപപ്പെടുന്നത്. പ്രേമലുവിൽ തന്നോട് കുടുംബത്തിലും സമൂഹത്തിലും കിട്ടാത്ത പരിഗണന റീനുവിൻ്റെ അടുത്ത് നിന്ന് കിട്ടുന്നതാണ് സച്ചിനെ റീനുവിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ അതിൻ്റെ നഷ്ടം ആ നാടുതന്നെ ഉപേക്ഷിച്ച് പോകാൻ ആണ് സച്ചിനെ പ്രേരിപ്പിക്കുന്നത്. ഇവിടെ തൻ്റെ കുടുംബത്തിൽ ലഭിക്കാത്ത സ്ഥിരതയും, സുരക്ഷിതത്വവും ജസ്റ്റിനിൽ നിന്ന് ലഭിക്കുമ്പോൾ കിട്ടുന്ന പ്രതീക്ഷയും, തന്നെ മനസിലാക്കിയുള്ള പെരുമാറ്റവും ആവാം പ്രായവ്യത്യാസത്തിന് അപ്പുറവും ജസ്റ്റിനിനോട് ആഷ്ലിക്ക് ഇഷ്ടം തോന്നാൻ കാരണം. തങ്ങളുടെ സമപ്രായക്കാരിൽ പലരിലും കാണാത്ത തനിക്കിഷ്ടപ്പെട്ട സംഗീതത്തോടും മാറ്റിഷ്ടങ്ങളോടും ഉള്ള ജസ്റ്റിൻ്റെ അഭിരുചിയും, പ്രായവ്യത്യാസത്തിന് ഇപ്പുറം തൻ്റെ കസിൻസിനോടുള്ള ജസ്റ്റിൻ്റെ ഇടപെടലുകളുടെ നൈർമല്യവും ഒക്കെ ആവാം ഈ ഇഷ്ടത്തിന് പിന്നിൽ. 

എന്നാൽ ആഷ്ലിക്കാൾ ജീവിതം കണ്ടിട്ടുള്ള, പ്രണയവും പ്രണയ നഷ്ടവും അനുഭവിച്ചിട്ടുള്ള, തങ്ങളുടെ പ്രായ വ്യത്യാസവും ആഷ്ലി പുറത്തുപോയി സമ്പാദിക്കുന്നതിൽ ആഷ്ലിയുടെ കുടുംബം അർപ്പിക്കുന്ന പ്രതീക്ഷയും ഉണ്ടാക്കാവുന്ന സാമൂഹ്യ-കുടുംബ പ്രശ്നങ്ങളെ പറ്റി ബോധമുള്ള ജസ്റ്റിൻ തനിക്കു കഴിയുന്ന വിധം ഈ ഇഷ്ടം നിരുത്സാഹപ്പെടുത്താനും, ഒരു വേള ആഷ്ലിയുടെ പ്രായത്തിൻ്റെ ജീവിത പരിചയം ഇല്ലായ്മ മറികടക്കുന്നത് വരെ ആഷ്ലിയുടെ ജീവിതത്തിൽ നിന്ന് തന്നെ മാറി നിൽക്കാനും തയ്യാറാവുന്നുണ്ട്. ഇങ്ങനെ വിട്ടുകൊടുക്കാനുള്ള ജസ്റ്റിൻ്റേയും, ആഷ്ലിയുടേയും മനസ്സു തന്നെയാണ് ഈ രണ്ടു കഥാപാത്രങ്ങളേയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആക്കുന്നത്. ആഷ്ലിയുടെ കുടുംബത്തിന് വലിയ ദുരിതങ്ങൾ വരുത്തി വെച്ചത് ആഷ്ലിയുടെ പിതാവിൻ്റെ മദ്യപാനമാണ്. അത് ജസ്റ്റിനിലൂടെ ആവർത്തിക്കുമോ എന്ന ആഷ്ലിയുടെ ഭയം ഈ ശീലം തന്നെ ഉപേക്ഷിക്കാൻ ജസ്റ്റിനെ പ്രേരിപ്പിക്കുന്നുണ്ട്. ആഷ്ലിയുടെ സന്തോഷത്തിനായി ഈ വിട്ടുവീഴ്ചകൾ ചെയ്യാനുള്ള മനസ്സ് തന്നെ ആണ് ജസ്റ്റിൻ്റെ കഥാപാത്രത്തെ ഉയർത്തുന്നത്.

ഈ കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെ മുഖധാരാ സിനിമയിലെ സർവ്വ ശക്തനും, പ്രതാപിയും, എല്ലാവരെയും വരച്ച വരയിൽ നിർത്തുകയും, 'കലിപ്പനും' ആയ പാട്രീയാർക്കിയൽ ചേട്ടൻ കഥാപാത്രങ്ങളിൽ നിന്ന് മാറിയാണ് ഗിരീഷ് എ. ഡിയും കിരൺ ജോസിയും നിവിൻ പോളി മനോഹരം ആയി അവതരിപ്പിച്ച ജസ്റ്റിൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ അഭിലാഷങ്ങൾക്ക് ഒപ്പം നിൽക്കാനും, അതിന് വില കൊടുക്കാനും ജസ്റ്റിൻ തയ്യാറാവുന്നുണ്ട്. പുതിയ കാലത്തോടും, തലമുറയോടും ചേർന്ന് നിൽക്കാനും സ്വയം പുതുക്കാനും ജസ്റ്റിൻ തയ്യാറാണ്. അത് തന്നെ ആണ് താനുമായി വലിയ പ്രായവ്യത്യാസം ഇല്ലാത്ത വിനയ് ഫോർട്ട് അവതരിപ്പിച്ച ആഷ്ലിയുടെ അലക്സ് അങ്കിളിൽ നിന്നും ജസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. അലക്സ് ആഷ്ലിയുടെ പിതാവിൻ്റെ ദുർബലമായ പ്രകൃതം ചൂഷണം ചെയ്ത് ആഷ്ലിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന രീതിയിൽ ആണ് ആ കുടുംബത്തിൽ അധികാര പ്രയോഗം നടത്തുന്നത്. ഒരു തരത്തിലും പുതുക്കാൻ തയ്യാറാവാത്ത അലക്സ് 'അമ്മാവൻ ' പക്ഷെ ജസ്റ്റിൻ്റെ പക്വമായ ഇടപെടലുകളിൽ ഒടുവിൽ നിർവീര്യൻ ആക്കപ്പെടുകയാണ്. കാലത്തിനൊത്ത് മാറാത്ത അമ്മാവൻ രൂപങ്ങൾ സമൂഹത്തെയും കുടുംബങ്ങളേയും എങ്ങനെ പിന്നോട്ടടിക്കുന്നു എന്നും, അതിനെ നേരിടേണ്ടത് എങ്ങനെ എന്നും ഇവിടെ കാണാം. പലപ്പോഴും അനിയനോടും കസിനോടും ഒക്കെ ജസ്റ്റിൻ പ്രയോഗിക്കുന്ന തമാശയ്ക്ക് വേണ്ടി നിർമ്മിച്ച ശാരീരികമായ വയലൻസ് ഈ കഥാപാത്ര നിർമ്മിതിയിൽ ഒരു കല്ലുകടി ആകുന്നുമുണ്ട്. 

ഇപ്പോൾ ഉപയോഗത്തിൽ നിന്നും മറഞ്ഞ ഓഡിയോ ക്യാസറ്റുകൾ, സ്ട്രീമിംഗ് ആരംഭിച്ചതോടെ അങ്ങനെ മറഞ്ഞുകൊണ്ടിരിക്കുന്ന MP3 പാട്ടുകൾ എന്നിങ്ങനെ നൊസ്റ്റാൾജിയ ഉണർത്തുന്ന നിരവധി ഘടകങ്ങൾ ഗിരീഷും കിരൺ ജോസിയും വിദഗ്ധമായി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വെളിച്ചം കാണാതെ പോയ 'അന്ന' സിനിമയിലെ ഏറെ പ്രശസ്തം ആയിരുന്ന 'യവന കഥയിൽ നിന്നുവന്ന' എന്ന ഗാനവും സമാനമായ കർത്തവ്യം നിർവ്വഹിക്കുന്നു. വിസ്മൃതിയിലേക്ക് പോയിരുന്ന ആ ഗാനത്തിൻ്റെ മനോഹരമായ ഉയിർപ്പിനും ഈ ഓണക്കാലം സാക്ഷിയായി. 

സുരേഷ് കൃഷ്ണ, സൃന്ദ, ഷമീർ ഖാൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, മീനാക്ഷി, ശ്രീ രഞ്ജിനി, വെട്ടുകിളി പ്രകാശ്, വിനയ് ഫോർട്ട്, പാർവതി അയ്യപ്പദാസ്, വിനീത് വിശ്വം, ജാസർ ക്ലിക്ക്സ്, മഞ്ജുശ്രീ, ജയശങ്കർ കരിമുട്ടം തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തിൻ്റെ മാറ്റ് വർദ്ധിപ്പിച്ചു. മലയാളസിനിമയിൽ അടുത്ത് കാണാത്ത വിധം സൈറ്റുവേഷണൽ കോമഡികളാൽ നിറഞ്ഞിരിക്കുന്ന സിനിമ ആണിത്. ഇതിൽ എഴുത്തിന് ഒപ്പം ഈ അഭിനേതാക്കളുടെ കെമിസ്ട്രിയും നല്ല പങ്ക് വഹിച്ചു. ഇൻ്റർവെൽ ബ്ലോക്കിലും, ക്ലൈമാക്സിലും ഉൾപ്പടെ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ വിഷ്ണു വിജയിൻ്റെ സംഗീതത്തിനും, ആകാശ് ജോസഫ് വർഗീസിൻ്റെ എഡിറ്റിങ്ങിനും കഴിഞ്ഞു. ഇവരെപ്പോലെ പ്രേമലുവിലും, ഇപ്പോൾ ബെത്ലഹേമിലും മനോഹരമായ വിഷ്വലുകൾ പകർത്തിയത് അജ്മൽ സാബുവാണ്. പ്രേമലുവിൽ നിന്ന് ബെത്ലഹേമിലേക്ക് എത്തുമ്പോൾ പ്രൊഡക്ഷൻ ക്വാളിറ്റി പുതിയൊരു തലത്തിൽ എത്തിയിട്ടുണ്ട്. സംവിധായകന് നൽകുന്ന സ്വാതന്ത്ര്യവും, ബാക്കിങ്ങും, നിർമ്മാണത്തിൽ പ്രഫഷണൽ രീതിയും അവലംബിക്കുന്ന ദിലീഷ് പോത്തൻ്റേയും ഫഹദ് ഫാസിലിൻ്റേയും ശ്യാം പുഷ്‌കരൻ്റേയും ഭാവന സ്റ്റുഡിയോസിന് അഭിമാനിക്കാവുന്ന ചിത്രമാണ് ഇത്.