ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2011

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും

 ‘‘നമ്മള്‍ പെണ്ണുങ്ങളല്ലേ’’ എന്ന് ലജ്ജിക്കുന്ന നമ്മുടെ പെണ്ണുങ്ങളും, ‘‘അവര് പെണ്ണുങ്ങളല്ലേ’’ എന്ന് പുച്ഛിക്കുന്ന ആണുങ്ങളും ...
- പെണ്ണിര (സിന്ധു ഷെല്ലി)
കോളേജില്‍ എന്‍റെ ജൂനിയര്‍ ആയി പഠിച്ച ദേവനും കൂട്ടുകാരും ചേര്‍ന്നെടുത്ത രണ്ടാമത്തെ ഹ്രസ്വചിത്രം ആയ  'സ്റ്റോറി ബോര്‍ഡ്‌'  കാണുവാനിടയായി. അവരുടെ ആദ്യചിത്രം 'ഫ്രൈഡേ' ഇവിടെ കാണാം. ഈ ചിത്രം എന്നില്‍ ഉണര്‍ത്തിയ ചില ചിന്തകളാണ് ഈ കുറുപ്പിന് ആധാരം. ഒന്നാമതായി, ദൃശ്യകലാരംഗത്തേയ്ക്ക് പ്രത്യേകിച്ച് സിനിമാ-സീരിയല്‍ രംഗത്തേയ്ക്ക് കടന്നു വരുന്ന പെണ്‍കുട്ടികള്‍ ഈ കാലത്തും സമൂഹത്തില്‍ നിന്ന് നേരിടുന്ന വെല്ലുവിളികള്‍. രണ്ട്, ജനപ്രിയ സിനിമകളുടെ മുഖമുദ്രയായ സ്ത്രീ വിരുദ്ധത. മൂന്ന്, ഈ വിഷയങ്ങളില്‍ സമൂഹത്തിന്റെ പോതുബോധത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അബൂബക്കറിനെപ്പോലുള്ളവരെ സമൂഹം നേരിടുന്ന രീതി. ആദ്യം ചിത്രം കാണുക. 
ഒരു കൂട്ടം സുഹൃത്തുക്കള്‍ തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്ത ശ്രമം എന്ന പരിഗണ വെച്ചുകൂടി വേണം ഈ ചിത്രം കാണേണ്ടത് എന്ന് ഞാന്‍ കരുതുന്നു. ഒരു യുവാവ് പ്രണയം പ്രമേയമാക്കി ഒരു ഹ്രസ്വചിത്രം എടുക്കാന്‍ ഒരുങ്ങുകയും എന്നാല്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ കിട്ടാത്തതുമൂലം അതു ഉപേക്ഷിക്കേണ്ടി വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഒടുവില്‍ സംവിധായകന്‍ സ്വയം പ്രത്യക്ഷപ്പെട്ട് ഇതു ചിത്രത്തിന്റെ സംവിധായകന്റെ തന്നെ  അനുഭവമാണ് എന്ന് പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കുകവഴി പ്രമേയത്തെ കൂടുതല്‍ ആഴത്തില്‍ പ്രേക്ഷകന്റെ മനസ്സില്‍ പതിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 'അതിനിനു കണ്ടവളുടെ കാലു പിടിക്കണ്ടേ' മാതിരി മോശം ഡയലോഗുകള്‍ ഉണ്ടെങ്കിലും ഈ ചിത്രം സ്ത്രീപക്ഷത്ത്‌ നില്‍ക്കുന്ന ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. അതിനു പ്രധാന കാരണം പല മുഖ്യധാരാ ചിത്രങ്ങളെയും പോലെ സ്ത്രീകളെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നതിനു പകരം സ്ത്രീകഥാപാത്രങ്ങള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരം നല്‍കുകയും അതുവഴി സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയിലേക്ക് ഒരു ചൂണ്ടുപലക ആകാന്‍ ചിത്രത്തിന് കഴിയുകയും ചെയ്യുന്നു എന്നുള്ളതാണ്. മൂന്ന്‍ പെണ്കുട്ടികളെയാണ്  ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സംവിധായകനും കൂട്ടരും സമീപിക്കുന്നത്. അതില്‍ ആദ്യത്തെ കുട്ടി അഭിനയിക്കാനുള്ള തന്റെ താല്പര്യമില്ലായ്മ സംവിധായകനെ അറിയിക്കുന്നു. എന്നാല്‍ മറ്റു രണ്ടുപേരും തങ്ങള്‍ക്കു അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിക്കില്ല (അഥവാ നാട്ടുകാര്‍ ഓരോന്ന് പറയും) എന്ന ഭയം കൊണ്ട് മാറിനില്‍ക്കുകയാണ്. ഈ കാലത്തും ദൃശ്യകലാരംഗത്തെയ്ക്ക്, പ്രത്യേകിച്ച് സിനിമാ-സീരിയല്‍ രംഗത്തേയ്ക്ക് കടന്നുവരാന്‍ പെണ്‍കുട്ടികള്‍ എന്തെങ്കിലും പേടിക്കാനുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്.

ഈ സാമൂഹ്യബോധത്തിന്റെ നിര്‍മ്മാണത്തില്‍ ജനപ്രിയസിനിമകള്‍ വഹിക്കുന്ന പങ്കും ചെറുതല്ല. 'നീ പെണ്ണായിപ്പോയി, വെറും പെണ്ണ്' എന്ന് പറഞ്ഞു കയ്യടി വാങ്ങുന്നവരാണല്ലോ നമ്മുടെ താരങ്ങള്‍. ജനപ്രിയസിനിമകള്‍ എക്കാലവും അങ്ങനെ തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും രതിച്ചേച്ചിമാര്‍ പാമ്പ് കടിയേറ്റു മരിക്കും; ഒരു തുള്ളി കണ്ണീര്‍ വാര്‍ത്ത് അതു തുടച്ചു കളഞ്ഞശേഷം പപ്പുമാര്‍ പുതിയ ജീവിതത്തിലേയ്ക്ക് നടന്നു കയറും. ത്രികോണ 'പ്രണയത്തിനു' ഒടുവില്‍ രണ്ട് പ്രാവശ്യം അറ്റാക്ക് വന്ന അച്ചുതമെനോനോ, രണ്ട് പ്രാവശ്യം പക്ഷാഘാതം വന്ന മാത്യൂസിനോ ഒന്നും സംഭവിക്കില്ല. എന്നാല്‍ തന്റെ മുന്‍ഭര്‍ത്താവ് തന്നെ തൊടുമ്പോള്‍ പ്രത്യേകിച്ച് രോഗമോന്നുമില്ലാത്ത ഗ്രെയ്സ് മരിച്ചു വീഴും. സാമൂഹ്യ ബോധത്തിന് എതിരായി ജീവിക്കുന്ന സ്ത്രീകള്‍ക്ക് മരണമാണ് ശിക്ഷ. ആ സാമോഹ്യബോധം തെറ്റോ ശരിയോ എന്ന പരിശോധന നടത്താതെ അതിനു കീഴടങ്ങുകയാണ് ബ്ലെസ്സിയെപ്പോലുള്ളവര്‍ ചെയ്യുന്നത്. അമ്മയെ പാഞ്ചാലി എന്ന് ആക്ഷേപിക്കുന്ന ആ മകള്‍ക്കൊപ്പം തന്നെയാണ് താനും എന്നല്ലാതെ മറ്റെന്തു സന്ദേശമാണ് ഈ ക്ലൈമാക്സിലൂടെ  സംവിധായകന്‍ നല്‍കുന്നത്. സമൂഹത്തെ വകവെക്കാതെ മാത്യൂസിന്റെ വീല്‍ ചെയറും തള്ളിക്കൊണ്ട് അച്ചുതമേനോനും ഗ്രെയ്സും കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു ചിത്രത്തിന്റെ അന്ത്യം എങ്കില്‍ ലഭിക്കുമായിരുന്ന എല്ലാ സാധ്യതകളെയും സാമ്പ്രദായിക കുടുംബ ബന്ധങ്ങളില്‍ തളച്ചിടപ്പെട്ട പൊതു സാമൂഹ്യബോധത്തെ എതിര്‍ക്കാനുള്ള കഴിവില്ലായ്മ മൂലം ബ്ലെസ്സി നശിപ്പിക്കുകയാണ്. അതുതന്നെയാണ് മുഖ്യധാരാ മലയാള സിനിമയുടെ പ്രധാന പ്രശ്നവും.

മുകളില്‍ സൂചിപ്പിച്ചത് പോലെ മുഖ്യധാര ജനപ്രിയ സിനിമകള്‍ സമൂഹത്തില്‍ നിന്ന് വേറിട്ട ഒന്നല്ല. സമൂഹത്തിന്റെ പോതുബോധത്തെയാണ് അതു പലപ്പോഴും പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തെക്കുറിച്ചുള്ള പഠനം ജനപ്രിയസിനിമകളുടെ ഇഴപിരിച്ചുള്ള വിശകലനത്തിലൂടെ സാധ്യമാണ്. അതിനുള്ള ശ്രമമാണ് malayal.am-ലൂടെ ബി.അബൂബക്കര്‍ നടത്തുന്നത്. എന്നാല്‍ തങ്ങളുടെ പോതുബോധതെയും സാമാന്യയുക്തിയെയും ചോദ്യം ചെയ്യുന്ന ഒന്നും തങ്ങള്‍ അനുവദിക്കില്ല എന്ന സമൂഹത്തിന്റെ ധാര്‍ഷ്ട്യം ആണ് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് (മനുഷ്യര്‍ ജീവിതകാലം കൊണ്ട് സ്വരൂപിക്കുന്ന മുന്‍വിധികളാണ് സാമാന്യയുക്തി എന്ന് ഐന്‍സ്റീന്‍ പറഞ്ഞത് വെറുതെ അല്ലല്ലോ). അദ്ദേഹത്തെ ആശയപരമായി നേരിടുന്നവര്‍ തീരെ കുറവ്. തന്റെ ഫോണ്‍ നമ്പര്‍ ട്രെയ്നിന്റെ ബാത്ത്റൂമില്‍ എഴുതിയിടും എന്ന് തുടങ്ങി തന്നെ തല്ലുമെടാ, കൊല്ലുമെടാ മാതിരി ഭീഷണികളാണ് അദ്ദേഹത്തിന് സ്ഥിരം കിട്ടിക്കൊണ്ടിരിക്കുന്നത്. അബൂബക്കറിന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പ് ഉള്ളപ്പോള്‍ തന്നെ, അബൂബക്കര്‍ നടത്തുന്ന ശ്രമത്തിനു എല്ലാ പിന്തുണയും ഭാവുകങ്ങളും നേരുന്നു.നമ്മുടെ ഉള്ളില്‍ നാമറിയാതെ ഉറച്ചുപോയ പല ബോധ്യങ്ങളെയും തല്ലിത്തകര്‍ക്കാന്‍ അബൂബക്കര്‍മാര്‍ ഇനിയും ഉണ്ടാവേണ്ടതുണ്ട്. അതു കാലത്തിന്റെ ആവശ്യമാണ്‌.

ഇന്റര്‍നെറ്റ്‌ തുറന്നു തന്നിരിക്കുന്നത് ആശയപ്രകാശനത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനന്ത വിഹാസ്സാണ്. സ്വയം കുറസോവയെന്നു കരുതുന്ന എന്നാല്‍ കാലം ചെന്ന ഒരു സാമൂഹ്യബോധത്തെയും വെല്ലുവിളിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ബ്ലെസ്സിമാരെക്കാള്‍ എനിക്കിഷ്ടം ആരുടേയും താല്പര്യത്തിനു വശംവദരാകാതെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്, വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ
സാമൂഹ്യവിമര്‍ശനത്തിനു കെല്‍പ്പുള്ള പടമെടുക്കുന്ന ദേവന്മാരെയാണ്. ജനക്കൂട്ടത്തിന്റെ സാമൂഹ്യബോധത്തെ ഇക്കിളികൂട്ടി ചിരിപ്പിച്ചു ഹിറ്റ്‌ കൂട്ടുന്ന ബ്ലോഗ്ഗറെക്കാള്‍ എനിക്ക് പ്രിയം സമൂഹത്തില്‍ എന്തെങ്കില്‍ മാറ്റമുണ്ടാക്കാനുള്ള സാധ്യതയെങ്കിലും അവശേഷിപ്പിക്കുന്ന അബൂബക്കര്‍മാരെയാണ്.
ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

10 അഭിപ്രായങ്ങൾ:

 1. കോളേജില്‍ എന്‍റെ ജൂനിയര്‍ ആയി പഠിച്ച ദേവനും കൂട്ടുകാരും ചേര്‍ന്നെടുത്ത രണ്ടാമത്തെ ഹ്രസ്വചിത്രം ആയ 'സ്റ്റോറി ബോര്‍ഡ്‌' കാണുവാനിടയായി.ഈ ചിത്രം എന്നില്‍ ഉണര്‍ത്തിയ ചില ചിന്തകളാണ് ഈ കുറുപ്പിന് ആധാരം. ഒന്നാമതായി, ദൃശ്യകലാരംഗത്തേയ്ക്ക് പ്രത്യേകിച്ച് സിനിമാ-സീരിയല്‍ രംഗത്തേയ്ക്ക് കടന്നു വരുന്ന പെണ്‍കുട്ടികള്‍ ഈ കാലത്തും സമൂഹത്തില്‍ നിന്ന് നേരിടുന്ന വെല്ലുവിളികള്‍. രണ്ട്, ജനപ്രിയ സിനിമകളുടെ മുഖമുദ്രയായ സ്ത്രീ വിരുദ്ധത. മൂന്ന്, ഈ വിഷയങ്ങളില്‍ സമൂഹത്തിന്റെ പോതുബോധത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അബൂബക്കറിനെപ്പോലുള്ളവരെ സമൂഹം നേരിടുന്ന രീതി.

  മറുപടിഇല്ലാതാക്കൂ
 2. മൂവി കണ്ടു, ഇത് തുടരുക, ഒരു ചെറിയ സമയത്തില്‍ ഇത്തരം ഒരു Subject വളരെ ചിട്ടയോടെ അവതരിപിച്ച ഇതിന്റെ പിന്നണി സ്നേഹിതര്‍ക് ആശംസകള്‍ നല്‍കാതെ വയ്യ

  മറുപടിഇല്ലാതാക്കൂ
 3. ഇ­തി­നി­ടെ, പയ്യ­നെ ശരി­ക്കും തട്ടി­യ­ത്‌ അധോ­ലോ­ക­നേ­താ­വി­ന്റെ അനി­യന്‍ തന്നെ­യാ­ണ്‌ എന്ന ആ കൊ­ടും­ര­ഹ­സ്യം അറി­യാ­ത്ത­ത്‌ തി­ര­ക്ക­ഥാ­കൃ­ത്തി­നും സം­വി­ധാ­യ­ക­നും മാ­ത്ര­മാ­ണ്‌. പ്രേ­ക്ഷ­ക­രും ബ്ലാ­ക്കില്‍ ടി­ക്ക­റ്റു വില്‍­ക്കു­ന്ന­വ­നും വരെ, ദത്‌ ദവ­ന്റെ ദപ്പു­റ­ത്തു നില്‍­ക്കു­ന്ന ദവ­ന്റ­നി­യന്‍ ദി­വന്‍ തന്നെ എന്നു മന­സ്സി­ലാ­ക്കി പു­ല്ലു­പോ­ലി­രു­ന്നു സി­നി­മ­ക­ണ്ടു­തീര്‍­ക്കു­ന്നു. അതേ സമ­യം അനി­യ­നാ­ണു വി­ല്ലന്‍ കൊ­ല­യാ­ളി എന്ന­ത്‌ എക്‌­സ്‌­പോ­സ്‌­ഡ്‌ ആകു­മ്പോള്‍, പണ്ട്‌ "ബാ­റ്റാ? ബാ­റ്റാ­ക്കാ­രാ­ണോ കൊ­ല­പാ­ത­കി­കള്‍?" എന്നു ചോ­ദി­ച്ചു ഞെ­ട്ടിയ ഒടു­വി­ലാ­ന്റെ മന്ത്രി­യെ­പ്പോ­ലെ (പ­ട്ട­ണ­പ്ര­വേ­ശം) തി­ര­ക്ക­ഥാ­കൃ­ത്ത്‌ ഇക്‌­ബാല്‍ കു­റ്റി­പ്പു­റ­വും സം­വി­ധാ­യ­കന്‍ ജോ­ഷി­യും ഞെ­ട്ടു­ന്നു. അമ്പട നമ്മ­ളേ എന്നു പറ­ഞ്ഞു കെ­ട്ടി­പ്പി­ടി­ക്കു­ന്നു­... എന്തൊ­ക്കെ കണ്ടാ­ലാ­ണെ­ന്റെ കട­വു­ളേ, കാ­ലം ചെ­യ്യു­ക!

  അബൂബക്കര്‍ തകര്‍ത്തു. സെവന്‍സിന്റെ റിവ്യൂ...
  http://malayal.am/വിനോദം/സിനിമ/ഫിലിം-റിവ്യൂ/12748/സെവന്‍സ്‌-അരപ്പട്ട-കെട്ടിയ-നഗരത്തില്‍

  മറുപടിഇല്ലാതാക്കൂ
 4. കൂടുതൽ സ്ത്രീ പീഢന കേസുകളും ഇത്തര സീരിയൽ സിനിമാ പ്രലോഭനങ്ങളുടെ മറ പിടിച്ലല്ലെ സംഭവിക്കുന്നത്..!! പിന്നെങ്ങിനെ അഭിനയിക്കാൻ പിള്ളാരെ കിട്ടും..

  മറുപടിഇല്ലാതാക്കൂ
 5. അതിനു സ്ത്രീകള്‍ ഈ രംഗത്ത് നിന്ന് മാറിനില്‍ക്കുക എന്നതല്ല സൊലൂഷന്‍ . കുറ്റക്കാരെ പൊക്കി അകത്തിടുക എന്നതാണ്. അതിനു കഴിവില്ലാത്ത ഒരു സമൂഹം സ്ത്രീകളോട് മാറിനില്‍ക്കാന്‍ പറയുന്നു എന്നത് തന്നെയാണ് പ്രശ്നം...

  മറുപടിഇല്ലാതാക്കൂ
 6. എ­ന്റെ അഭി­പ്രാ­യ­ത്തില്‍ ഈ ചി­ത്രം വി­ജ­യി­ച്ചു പണ്ടാ­ര­മ­ട­ങ്ങി­പ്പോ­ട്ടെ എന്നാ­ണ്‌. അല്ലെ­ങ്കില്‍, ന്നേം­കൂ­ടെ സൂ­പ്പര്‍­സ്റ്റാ­റാ­യി­ട്ട്‌ അങ്ങീ­ക­രി­ച്ചേ­പ­റ്റൂ എന്നു നി­രാ­ഹാ­ര­മി­രി­ക്കു­ന്ന പൃ­ഥ്വി­രാ­ജ്‌ ഇതു­പൊ­ട്ടി­യാല്‍ ഇതി­നേ­ക്കാള്‍ വലിയ ഇണ്ടാ­സു­മാ­യി­ട്ടു­വ­രും. അതു­കൊ­ണ്ട്‌ അളി­യോ­... അളി­യ­നും സൂ­പ്പര്‍­സ്റ്റാ­റന്‍ തന്നെ­... സമ്മ­തി­ച്ചു­... കള്ള­സര്‍­ട്ടീ­റ്റി­ന്റെ കോ­പ്പി­യെ­ട്‌... എവി­ടാ­ന്നാ ഒപ്പി­ട്ടു­ത­ന്നേ­ക്കാം­... ഇനി­യൊ­ന്നു നെ­ല­ത്തു­നി­ക്കാ­വോ? ഒര­ഞ്ചു­മി­നി­റ്റ്‌?

  http://malayal.am/വിനോദം/സിനിമ/ഫിലിം-റിവ്യൂ/12779/തേജാഭായ്‌-എന്നെ-ഇനീം-സൂപ്പര്‍സ്റ്റാറെന്ന്‌-അംഗീകരിച്ചില്ലെങ്കില്‍ല്‍

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....