ബോളിവുഡിൽ ഇപ്പോഴത്തെ പല അഭിനേതാക്കളും അഭിനയ പരിശീലനത്തിന് ഒരു പ്രാധാന്യവും കൊടുക്കാറില്ല എന്നും, ജിമ്മിൽ പോകുന്നതിൽ മാത്രമാണ് പലർക്കും ശ്രദ്ധ എന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. അതിന് ഒരു അപവാദം ആയ മികച്ച അഭിനയശേഷി പ്രകടിപ്പിക്കുന്ന നിരവധി യുവതാരങ്ങൾ ഉള്ള മലയാളം സിനിമയിലെ ഏറ്റവും നല്ല രണ്ട് അഭിനേതാക്കളാണ് റോഷൻ മാത്യുവും, സെറിൻ ഷഹാബും. രണ്ടു പേരുടേയും ഈ അഭിനയശേഷിയും, നാടക കളരികളിലൂടെ ലഭിച്ച അനുഭവ സമ്പത്തും ബിഗ് സ്ക്രീനിൽ മികച്ച രീതിയിൽ കാണാൻ കഴിയുന്ന ചിത്രമാണ് ഇത്തിരി നേരം. പലപ്പോഴും സംഭാഷണങ്ങൾക്ക് ഇടയിലുള്ള മൗനങ്ങളിൽ നേർത്ത ഭാവവ്യത്യാസങ്ങളിലൂടെ അവരുടെ പ്രണയത്തിൻ്റേയും, വേദനയുടേയും തീവ്രത വ്യക്തമാകുന്ന തരത്തിൽ അത്ഭുതം തോന്നുന്ന പെർഫോമൻസ് ആണ് രണ്ടു പേരുടേയും. മലയാള സിനിമയുടെ രണ്ടു തലമുറകളെ പ്രതിനിധാനം ചെയ്യുന്ന നന്ദുവിൻ്റെയും ആനന്ദ് മന്മദൻ്റെയും മികച്ച പ്രകടനവും ശ്രദ്ധേയമാണ്.
തൻ്റെ മൂന്നാമത്തെ ചിത്രമായ ഇത്തിരി നേരത്തെ വളരെ കയ്യൊതുക്കത്തോടെയാണ് സംവിധായകനായ പ്രശാന്ത് വിജയ് സമീപിച്ചിരിക്കുന്നത്. വലിയ സ്ക്രീനിൽ ഈ സിനിമ കാണേണ്ടതിൻ്റെ ഒരു പ്രധാന കാരണം പ്രശാന്തിൻ്റെ സംവിധാന മികവാണ്. തിരുവനന്തപുരത്തെ അറിയുന്നവർക്ക് മനസിൽ സൂക്ഷിക്കാവുന്ന നിരവധി വിഷ്വൽസ് സിനിമയിൽ ഉണ്ട്. സംഭാഷണ പ്രധാനമായ ഈ സിനിമയിൽ അതുപോലെ പ്രധാനപ്പെട്ടതാണ് വിശാഖ് ശക്തിയുടെ മനോഹരമായ എഴുത്ത്. ബേസിൽ സി ജെ എഴുതി സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച പ്രണയഗാനങ്ങളാണ്. അതിൽ നീയൊരിക്കൽ എന്ന ഗാനമാണ് ഏറ്റവും പ്രിയപ്പെട്ടത്.
വലിയ സ്ക്രീനിൽ ഈ നമുക്കു പരിചിതമായ, എന്നാൽ വളരെ വ്യത്യസ്തമായ ഈ പ്രണയകഥ മിസ്സ് ചെയ്യാതിരിക്കുക.
