ശനിയാഴ്‌ച, മാർച്ച് 24, 2012

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്?

             (മലയാളരാജ്യത്തില്‍ പ്രസിദ്ധീകരിച്ചത്)കോളേജ് പഠനം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചിട്ടില്ല (വൈകുന്നേരങ്ങളില്‍ എന്റെ  വീട്ടിലുള്ള സഹപാഠികളുടെ എണ്ണം വെച്ച് എന്റെ വീട് ഒരു ബോയ്സ് ഹോസ്റ്റല്‍ ആയി വേണേല്‍ പ്രഖ്യാപിക്കാം എന്ന് ഉമ്മ ഇടയ്ക്കൊരു പ്രസ്താവന നടത്തിയിരുന്നു എങ്കിലും). ജോലി കിട്ടിയപ്പോഴാണ് ആദ്യമായി ഹോസ്റ്റലില്‍ താമസിക്കുന്നത്. അപ്പൊ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ എന്നെ 'ഡേയ് ലുങ്കീ, ലുങ്കീ' എന്ന് മാത്രമാണ് ഇവരില്‍ ചിലര്‍ (എല്ലാവരും അല്ല, ചിലര്‍ മാത്രം) എന്നെ വിളിക്കുന്നത്‌. ഇടയ്ക്ക് ഒരാള്‍ മറയില്ലാതെ എന്നോട് ചോദിക്കുകയും ചെയ്തു, 'ഡേയ് നീ വെറും പഴഞ്ചന്‍ ആയിപ്പോയല്ലോടെ, ലുങ്കിയും ഉടുത്തു നടക്കുന്നു. നിനക്ക് നമ്മളെപ്പോലെ മോഡേണ്‍ ആയി നടന്നൂടെ. നമ്മുടേം അച്ഛനപ്പൂപ്പന്മാര്‍ ധോത്തി ഉപയോഗിച്ചിരുന്നു. പക്ഷെ നമ്മള്‍ ട്രാക്ക് സ്യൂട്ടും ഹാഫ് പാന്റ്സും ഒക്കെയേ ധരിക്കാറുള്ളൂ. നീയൊക്കെ എന്നാണു പുരോഗമിക്കുന്നത്?'


വസ്ത്രധാരണത്തില്‍ പാശ്ചാത്യരെ അനുകരിച്ചാല്‍, മുടി സ്പൈക്ക് ചെയ്തു നടന്നാല്‍, പാശ്ചാത്യ ആഹാര രീതികള്‍ ശീലിച്ചാല്‍, അവരുടെ തീന്മേശ മര്യാദകള്‍ പിന്തുടര്‍ന്നാല്‍, പാശ്ചാത്യ സംഗീതം ഉച്ചത്തില്‍ ആസ്വദിച്ചാല്‍ ഉണ്ടാകുന്ന പുരോഗമനത്തിന് എത്ര ആഴമാണുള്ളത്? നമ്മുടെ പൊതുബോധം പലപ്പോഴും പുറം മോടിയില്‍ വിരാജിക്കുന്ന ഒന്നാണെന്നുള്ളത് ഒരു വാസ്തവമാണ്. ചെറുതോ വലുതോ, സാമൂഹ്യമോ രാഷ്ട്രീയമോ  വ്യക്തിപരമോ ആയ എന്ത് കാര്യവും ഉപരിപ്ലവമായി മാത്രം കാണുന്ന, ആഴത്തില്‍ ചിന്തിക്കാന്‍ കഴിവുള്ള എന്നാല്‍ അതിനു താല്പര്യമില്ലാത്തവരായി നമ്മുടെ യുവതലമുറ മാറുന്നുവോ?


പുരോഗമനത്തിന്റെ കാര്യം തന്നെ എടുക്കാം. ഇങ്ങനെ പുറംമോടിയില്‍ എത്ര പുരോഗമനം അവകാശപ്പെട്ടാലും എന്നേ തൂത്തെറിയേണ്ട സമൂഹത്തിന്റെ എല്ലാ പഴഞ്ചന്‍ മൂല്യങ്ങളും ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു ഇളക്കവും തട്ടാതെ കാത്തു സൂക്ഷിക്കുന്നവരല്ലേ നമ്മളില്‍ ഭൂരിപക്ഷവും. ജാതിചിന്തയുടെ കാര്യം നോക്കുക. അന്യജാതിയില്‍പ്പെട്ടവനെ(ളെ) പ്രണയിച്ചു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം മകളെയോ മകനെയോ കമിതാവിനോപ്പം കൊല്ലാന്‍ മടിയില്ലാത്ത, എന്നിട്ട് അതിനു 'അഭിമാനഹത്യ' എന്ന് ഉത്ഘോഷിച്ചു നടക്കാന്‍ അറപ്പില്ലാത്തവര്‍ ഉള്ള സമൂഹം. സ്വന്തം ജാതി എന്തോ ഭയങ്കര സംഭവം ആണെന്ന് കരുതി അത് സ്വന്തം നെറ്റിയില്‍ ഒട്ടിച്ച്, അതിന്റെ പേരില്‍ സംഘടന ഉണ്ടാക്കി, അതൊരു വിലപേശല്‍ മാര്‍ഗ്ഗവും വോട്ടു ബാങ്കും ആക്കി മാറ്റി ജനാധിപത്യത്തെ വ്യഭിചരിക്കുന്നവര്‍ ഉള്ള സമൂഹം. നൂറ്റാണ്ടുകള്‍ നീണ്ട തൊട്ടുകൂടായ്മയും അടിച്ചമര്‍ത്തലുകളും മൂലം സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളെ സംവരണം എന്ന കൈത്താങ്ങ്‌ നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, അതിനെ പരാജയപ്പെടുത്താന്‍ ഐ-പാഡുകളും തൂക്കി പോരാടുന്ന, സര്‍വ്വ സൌഭാഗ്യങ്ങളോടും കൂടി ജനിച്ചുജീവിക്കുന്ന, ഊത്ത് ഫോര്‍ ഇക്വാളിറ്റിക്കാര്‍, തങ്ങളുടെ ജാതിക്കാര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ കോളേജ് നടത്തുന്നതെന്ന് പറയാന്‍ ഉളുപ്പില്ലാത്തവര്‍, ജാതി വിവേചനം ചൂണ്ടിക്കാട്ടുന്നവരെ ജാതിഭ്രാന്തന്‍ എന്ന് വിളിക്കാന്‍ മടിയില്ലാത്ത വിവരദോഷികള്‍, അമ്പലത്തിന്റെയും പള്ളിയുടെയും പേര് പറഞ്ഞു ആളുകളെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ എല്ലാം കൂടിവരുന്ന കാഴ്ചയാണ് ചുറ്റും. അയിത്തവും അതുമായി ബന്ധപ്പെട്ട അലുക്കൊലുത്തുകളും പലയിടത്തും ഇപ്പോഴും ശക്തം.


കപട സദാചാരത്തിന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം. ഭാര്യക്കും ഭര്‍ത്താവിനും പോലും സദാചാര പോലീസിനെ പേടിക്കാതെ ഒരുമിച്ചു പുറത്തുപോണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് കൂടെ കരുതേണ്ട അവസ്ഥ വന്നിരിക്കുന്നു നമ്മുടെ ഈ പുരോഗമനം വാതില്‍ക്കല്‍ വന്നു മുട്ടി നില്‍ക്കുന്ന സമൂഹത്തില്‍. വ്യക്തിസ്വാതന്ത്ര്യം എന്നൊരു സംഗതി ഉണ്ടെന്നു പോലും ഇവര്‍ മറന്നു തുടങ്ങിയിരിക്കുന്നു. ഇതാകട്ടെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായി മാറുന്നതായാണ് നമുക്ക് പലപ്പോഴും കാണാന്‍ കഴിയുക. എന്നാല്‍ നാല് വയസ്സുകാരിക്ക് പോലും രക്ഷയില്ലാത്ത പീഡനങ്ങളുടെ സ്വന്തം നാട്ടില്‍ അവയ്ക്കെതിരെ ഒന്നും ഈ സദാചാര പോലീസിനെ കാണാറില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അതിനൊക്കെ അവര്‍ക്ക് എവിടെ സമയം. വൈകുന്നേരം സുഹൃത്തിന്റെ ബൈക്കില്‍ കയറി പോകുന്ന പെണ്‍കുട്ടികളുടെ തടഞ്ഞു നിര്‍ത്തി സദാചാരം പറഞ്ഞ് കരണം അടിച്ചു പൊളിക്കാന്‍ പോലും അവര്‍ക്ക് സമയം തികയുന്നില്ല, അപ്പോഴാണ്‌. ആണിനും പെണ്ണിനും സൗഹൃദം സാധ്യമാണ് എന്നുപോലും സമൂഹത്തില്‍ ഒരു വിഭാഗം മറന്നു തുടങ്ങിയിരിക്കുന്നു.


വിദ്യാഭ്യാസം നേടാനുള്ള അവസരത്തിലൂടെയും മറ്റും സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പമോ, അതിനു മുകളിലോ സ്ഥാനം നേടുന്ന അവസ്ഥ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ വേരോട്ടമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സംജാതമായിട്ടുണ്ട് എങ്കിലും മിക്കയിടങ്ങളിലും അവസ്ഥ അതല്ല. പെണ്‍കുട്ടികളുടെ ഭ്രൂണഹത്യ നിരക്കില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്‌. പുരോഗമിച്ചു എന്നവകാശപ്പെടുന്ന ഇടങ്ങളില്‍ പോലും ജനപ്രിയവും അതെ സമയം അങ്ങേയറ്റം ജനവിരുദ്ധവുമായ പൊതുബോധം വഹിക്കുന്ന സ്ത്രീവിരുദ്ധത വളരെ സ്പഷ്ടമാണ്. അതിനിടയിലാണ് വസ്ത്രധാരണം മാറ്റിയാല്‍ മതി പുറംമോടി നന്നായാല്‍ മതി നാട് പുരോഗമിച്ചു, കര്‍ഷകര്‍ എത്ര വേണേലും മരിച്ചോട്ടെ വളര്‍ച്ചാനിരക്ക് മെച്ചപ്പെട്ടാല്‍ മതി നാട് വികസിച്ചു എന്നൊക്കെ ചിലരെങ്കിലും നമ്മോടു പറയുന്നത്.താന്‍ രാഷ്ട്രീയത്തെ വെറുക്കുന്നു എന്ന് നെഞ്ചും വിരിച്ചു പറഞ്ഞു നടക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍ എന്ന് ചിലരെങ്കിലും കരുതുന്നു എന്നത് ഇതിന്റെ മറ്റൊരു വശമാണ്. ചരിത്രബോധം ഇല്ലാതിരിക്കുകയാണല്ലോ ഏറ്റവും സുഖപ്രദം, മറവികളില്‍ ജീവിക്കുന്നതും.


പാശ്ചാത്യ അനുകരണമാണ് പുരോഗമനം എന്ന് പലരും വിശ്വസിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ സിനിമ തന്നെയാണ്. 'ട്രാഫിക്കില്‍' തുടങ്ങി 'ഈ അടുത്ത കാലത്തില്‍' എത്തി നില്‍ക്കുന്ന സിനിമകള്‍ ഉപയോഗിക്കുന്നത് പാശ്ചാത്യ ചലച്ചിത്രകാരന്മാര്‍ ഉപയോഗിച്ച് പഴകി ഉപേക്ഷിച്ചതും എന്നാല്‍ മലയാളത്തില്‍ തീരെ ഉപയോഗിക്കപ്പെടാത്തതും ആയ നോണ്‍-ലീനിയാര്‍ നരേഷന്‍ പോലുള്ള സങ്കേതങ്ങള്‍ ആണ്. അതില്‍ ചിലത് പാശ്ചാത്യ സിനിമകളെ സീന്‍-ബൈ-സീന്‍ കൊപ്പിയടിച്ചവ ആണ് എന്നതും ഒരു വസ്തുത ആണ്. നവ-സിനിമകള്‍ എന്നത്രേ ഇവയ്ക്കു വിളിപ്പേര്. ഇത്തരം ഉടായിപ്പ് പരിപാടികളെ ഒരറ്റത്ത് നിന്ന് പൊളിച്ചടുക്കുന്ന ബി.അബൂബക്കറിനെ പോലുള്ള നിരൂപകര്‍ നേരിടുന്നതോ ഘോരഘോരമായ വിമര്‍ശന പീരങ്കികളും. അബൂബക്കറിന്റെ ബ്യൂട്ടിഫുളിന്റെ നിരൂപണത്തില്‍ നിന്നും


"പിഞ്ചിപ്പഴകിയ സദാചാരനിയമങ്ങളെ ലംഘിക്കുന്നതെന്നും, പുതുജീവിതത്തിന്റെ നാഗരികസ്വഭാവങ്ങളെയും നാഗരികമനുഷ്യന്റെ ആകുലതകളെയും ആധികളെയും പുതുജീവിതത്തില്‍ സംഭവിച്ചുപോകുന്ന സാംസ്കാരികമായ പരിതസ്ഥിതിവ്യതിയാനത്തില്‍ വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായിവരുന്ന പുതിയ വൈകാരികസംഘര്‍ഷങ്ങളെയും അടയാളപ്പെടുത്തുന്നതെന്നും ഒക്കെ പുറമേ തോന്നിപ്പിക്കുകയെന്നതാണ് ഈ ചിത്രങ്ങളുടെ പൊതുസ്വഭാവം. എന്നാല്‍, ആഴത്തില്‍ പരിശോധിച്ചാല്‍, ഇതേ സദാചാരസംഹിതകളെ മറ്റെന്തിനേക്കാളും പ്രധാനമായി മുറുക്കെപ്പിടിക്കുകയും പുതുജീവിതത്തില്‍ നാഗരികസ്ത്രീ നേടിയെടുത്തെന്നു കരുതപ്പെടുന്ന വൈകാരികബലവും സ്വാതന്ത്ര്യബോധവും വെറും പൊള്ളയാണെന്നു തെളിയിച്ചുകൊണ്ട് അവളെ വീണ്ടും വെറും ശരീരമെന്നനിലയിലേക്ക് തള്ളിവിടുന്നതിനു കാരണമാകുകയും ചെയ്യുന്ന സാസ്കാരികനിര്‍മിതികളെന്ന നിലയിലാണ് ഈ ചിത്രങ്ങള്‍ നിലകൊള്ളുന്നതെന്നു കാണാം. അതിനുപുറമേ, സമകാലികജീവിതം ചിത്രീകരിക്കുന്ന നിലയില്‍ പുറത്തുവരുമ്പോഴും രാഷ്ട്രീയപരതയെ സമ്പൂര്‍ണമായി നിരാകരിക്കുകയോ അസന്നിഹിതപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാനും ഈ ചിത്രങ്ങള്‍ ഇടം കണ്ടെത്തുന്നു.


കേരളം പോലെയുള്ള ഇടങ്ങള്‍ ഒരേസമയം പഴഞ്ചന്‍ സദാചാരമൂല്യങ്ങളുടെ തകര്‍ച്ചയ്ക്കു സാക്ഷ്യം വഹിക്കുമ്പോഴും കിട്ടാക്കൊതിമൂലം ഒരു വലിയ വിഭാഗം അതിനെ വ്യാജമായി പൊതിഞ്ഞുസംരംക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഈ കാലത്തേക്ക് കൃത്യം പാകമായ പാചകവിധിയുമായാണ് ബ്യൂട്ടിഫുള്‍ എത്തുന്നത്. ഈ ചിത്രം ഒരു വന്‍വിജയമാകുകയും നല്ല അഭിപ്രായം നേടുകയും ചെയ്യുകയാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്യൂട്ടിഫുള്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരികപ്രശ്നങ്ങളെ കണ്ടില്ലെന്നു വയ്ക്കാനാവില്ല. അതും പുരോഗമനാത്മകമെന്നും പ്രചോദനാത്മകമെന്നും ഉള്ള വ്യാജമുഖംമൂടികള്‍ ഈ ചിത്രം എടുത്തണിയുന്ന അവസ്ഥയില്‍."


അബൂബക്കര്‍ 'ഈ അടുത്ത കാലത്തിന്റെ' നിരൂപണത്തില്‍ പറയുന്നത് ശ്രദ്ധിക്കുക.


"ഇത്തരം ചിത്രങ്ങളുടെ വന്‍വിജയം കൂടുതല്‍ അപകടകരമായ സാസ്‌കാരികാന്തരീക്ഷമാണുണ്ടാക്കുക എന്ന്‌ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇവിടെ സദാചാരനാട്യങ്ങള്‍, കപടമാന്യതകളും പൊളിഞ്ഞുവീഴുന്നു എന്ന തോന്നലുണ്ടാക്കിക്കൊണ്ട്‌ ഒരു പ്രാചീനമൂല്യത്തെയും അട്ടിമറിക്കാതെ, എല്ലാത്തിനെയും പൊതിഞ്ഞുവയ്‌ക്കുകയാണ്‌ ട്രാഫിക്‌ മുതല്‍ ഈ അടുത്ത കാലത്തു വരെയുള്ള സിനിമകള്‍. യഥാര്‍ത്ഥ വിപ്ലവത്തെ അട്ടിമറിക്കുന്ന വ്യാജകലാപബഹളം മാത്രമാണിത്‌. ഇതു തിരിച്ചറിയാന്‍ തക്ക ജാഗ്രത പ്രേക്ഷകരും ബുദ്ധിജീവികളും പുലര്‍ത്തിയില്ലെങ്കില്‍, പുതിയ താരങ്ങളും പ്രച്ഛന്നരൂപങ്ങളും വെച്ച്‌ നമുക്ക്‌ പഴയതിലും കുഴപ്പം പിടിച്ച കളി തുടരാം. അടുത്ത മുപ്പതുകൊല്ലത്തേക്ക്‌..."
അതായത് പുറം മോടിയില്‍ മാത്രമേ ഇവയൊക്കെ നവ-സിനിമകള്‍ ആകുന്നുള്ളൂ, അതും പാശ്ചാത്യരുടെ ഉപയോഗിച്ച് പഴകിയ കുപ്പായങ്ങള്‍ എടുത്തണിഞ്ഞു കൊണ്ട്. എന്നാല്‍ ആ പുറം മോടിയുടെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിച്ചു പോയവര്‍ക്ക് ഉള്ളിലെ വലിച്ചെറിയേണ്ട പിഞ്ചിപ്പഴകിയ സാമൂഹ്യബോധത്തെ കാണാന്‍ കഴിയുന്നില്ല, അഥവാ അതിനു ശ്രമിക്കുന്നില്ല. അതിനു ശ്രമിക്കുന്നവരെ അധിക്ഷേപിക്കാന്‍ ഇവര്‍ക്ക് സമയം ധാരാളം ഉണ്ടുതാനും.


പാശ്ചാത്യമായത് ഉപയോഗിക്കുന്നതിനെ ഞാന്‍ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ല. പലപ്പോഴും അത് കാലത്തിന്റെ ആവശ്യമാണ്‌ താനും. തനിക്കു സൗകര്യം നല്കുന്നതെന്തോ അതുപയോഗിക്കുക; അതെന്തുകാര്യത്തിലായാലും, ആരെന്തു പറഞ്ഞാലും. അതുതന്നെയാണല്ലോ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല്. എന്നാല്‍ കാലംചെന്ന പ്രാചീനസാമൂഹ്യബോധത്തെ 'പുത്തന്‍' പുറംമോടികളും മുഖംമൂടികളും മാത്രം കൊണ്ട് മറച്ച ശേഷം പുരോഗമിച്ചു എന്ന് കരുതുന്നത് നമ്മുടെ സമൂഹത്തെ, പ്രത്യേകിച്ചും യുവതലമുറയെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?


അധികവായനയ്ക്ക്:

ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് ഫിലിം ഫെസ്റ്റിവെല്‍ വേദിയിലേക്ക്

സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്‌ട്രീയം

ട്രാഫിക്‌ എന്ന സിനിമ - ഒരു സാംസ്‌കാരിക കുറ്റകൃത്യം


ബ്യൂട്ടിഫുള്‍ - ഫ്രം സെക്സ് റ്റു അട്ടര്‍ അണ്‍കോണ്‍ഷ്യസ്നെസ്

ഈ അടുത്ത കാലത്ത്‌ - ബുദ്ധിജീവികളേ അതിലേ ഇതിലേ...

സെക്കന്റ്‌ ഷോ - ഉപ്പ ആനപ്പുറത്തേറിയാല്‍ മകന്റെ ചന്തിയില്‍ തഴമ്പുകാണുമോ?
 
കോക്ക്ടെയ്ല്‍ - രുചിവ്യതിയാനങ്ങളുടെ മിശ്രിതം

ചാപ്പാ കുരിശ്‌ - പുതുവഴി വെട്ടുന്നവരോട്‌!

ഡോക്ടര്‍ ലൌ: അനുരാഗചികിത്സയുടെ മറപ്പുരയെഴുത്തുകള്‍ 
  
പെണ്‍നടത്തം