ശനിയാഴ്‌ച, ജൂൺ 26, 2010

ബാധ്യതകള്‍

ഭോപാലില്‍ ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവര്‍ക്കറിയാം ആ മഹാദുരന്തം ആ ജനതയെ എങ്ങനെയാണ് ബാധിച്ചതെന്ന്. അവിടെയുള്ള മതിലുകളും ചുവരുകളും ഓരോ ഇഷ്ടികക്കഷണങ്ങള്‍ പോലും നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളുടെ വാഹകരാണ്. ഇപ്പോഴും മുലപ്പാലിനെപ്പോലും വിഷമയമാക്കുന്ന ആ ദുരന്തത്തിന്റെ ആഴം വഹിച്ചു നില്‍ക്കുന്ന, കാല്‍നൂറ്റാണ്ടായി തുടരുന്ന ആ പോരാട്ടത്തിന്റെ മൂകസാക്ഷികള്‍...

ഭോപാല്‍ ദുരന്തത്തിലെ പ്രധാന പ്രതി യൂണിയന്‍ കാര്‍ബൈഡ് അമേരിക്കന്‍ അധിപന്‍ വാറന്‍ ആണ്ടെഴ്സനെ രക്ഷിച്ചതില്‍ അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ പങ്ക്ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി അര്‍ജുന്‍ സിംഗിന്റെ മേല്‍നോട്ടത്തില്‍ ഔദ്യോഗിക വിമാനത്തില്‍ സല്യൂട്ട് നല്‍കിയാണ്‌ ആണ്ടെഴ്സനെ ഭോപാലില്‍ നിന്നും കടത്തിയത്. പിന്നീട് അറസ്റ്റ് ചെയ്യില്ലെന്ന് രാജീവ് ഗാന്ധി നല്‍കിയ ഉറപ്പിന്മേല്‍ ഒരിക്കല്‍ ഭോപ്പാലില്‍ വന്നു എല്ലാം കണ്ടു തൃപ്തിപ്പെട്ടിട്ട് തിരിച്ചു പോകാനും ആ കൊലയാളിക്ക് കഴിഞ്ഞു. വിദേശവ്യവസായികളെ നിരുത്സാഹപ്പെടുത്താന്‍ പാടില്ലെന്നാണ് അന്നതിനുപറഞ്ഞ ന്യായം. എത്രപേര്‍ മരിച്ചാലും, ലക്ഷങ്ങള്‍ പുഴുക്കളെപ്പോലെ നരകിച്ചാലും അവര്‍ക്ക് ഈ വ്യവസായികള്‍ സന്തോഷിച്ചാല്‍ മതി... 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന മനപ്പൂര്‍വമായ നരഹത്യ എന്നത് 2 വര്‍ഷം മാത്രം ശിക്ഷയുള്ള അശ്രദ്ധ മൂലമുള്ള നരഹത്യ ആക്കി മാറ്റിയ സുപ്രീം കോടതി ജഡ്ജി ഇന്ന് യൂണിയന്‍ കാര്‍ബൈടിന്റെ ആശുപത്രിയുടെ ആജീവനാന്ത മേധാവിയാണ്. ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കായി സുപ്രീം കോടതി നിര്‍ദേശപ്രകാരം ഉണ്ടാക്കിയ ആശുപത്രിയാണിത്. ഗവണ്മെന്റിന്റെ നിലപാടുകളും ഈ ഇളവുകൊടുക്കലുകള്‍ക്ക് കാരണമായി. CIA -യുടെ വെളിപ്പെടുത്തലുകള്‍ ഇത് പച്ചയായ സത്യമാനെന്നതിനു തെളിവുനല്കുന്നു. വെറും 713 കോടി രൂപയ്ക്കാണ് ലക്ഷക്കണക്കിന്‌ ദുരിതബാധിതര്‍ക്കായി അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കോടതിയുടെ അനുവാദത്തോടെ കമ്പനിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ദുരിതബാധിതരുടെ എതിര്‍പ്പ് വകവെയ്ക്കാതെയായിരുന്നു ഇത്. ഈ പണത്തില്‍ വളരെക്കുറച്ചുമാത്രമാണ് ഇതുവരെ വിതരണം ചെയ്യപ്പെട്ടത്.ഇപ്പോഴിതാ വീണ്ടുമൊരു കോണ്‍ഗ്രസ്‌ സര്‍ക്കാര്‍... സോണിയാജി പിന്‍സീറ്റില്‍; മനമോഹന സിംഹന്‍ ഡ്രൈവ് ചെയ്യുന്നു. 'ആണവ ബാധ്യതാ ബില്ലാണ്' ഇപ്പോഴത്തെ പ്രധാന മനമോഹന സ്വപ്നം. അമേരിക്കയുമായുള്ള ആണവ കരാറായിരുന്നു ഒരു വര്‍ഷം മുന്‍പ് വരെ പ്രധാന സ്വപ്നം. നാലരവര്‍ഷം ഒരു മന്ത്രിസ്ഥാനം പോലും ആവശ്യപ്പെടാതെ പിന്തുണ നല്‍കിയ ഇടതുപക്ഷത്തെ നിഷ്കരുണം തള്ളിപ്പറഞ്ഞാണ് ആണവകരാറുമായി മനമോഹനനും കൂട്ടരും മുന്നോട്ട് പോയത്. NPT , CTBT ഇവയിലോപ്പിടാതെ ഇന്ത്യക്ക് ആണവരംഗത്ത്‌ വന്‍നേട്ടമുണ്ടാകുമെന്നായിരുന്
നല്ലോ വീമ്പിളക്കല്‍. പിന്നെ കുറ്റം പറയരുതല്ലോ കഴിഞ്ഞ ആര് വര്‍ഷത്തിനിടയില്‍ മനമോഹനന്‍ അല്പമെങ്കിലും കരുത്തു കാണിച്ചത് ഈ കരാറിന്റെ കാര്യത്തില്‍ മാത്രമാണ്. ഇതോപ്പിട്ടില്ലേല്‍ രാജിവ് വെയ്ക്കുമെന്നുവരെ പുള്ളി പറഞ്ഞുകളഞ്ഞു. ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞു, അവരുടെ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ ഒടുവില്‍ ഈ കരാറില്‍ ഒപ്പിട്ടു.

ഇപ്പോഴിതാ അതെ അമേരിക്ക തന്നെ യു.എന്നെക്കൊണ്ട് പ്രമേയം പാസ്സാക്കിച്ചിരിക്കുന്നു. ഇന്ത്യയെ പേരെടുത്തുപറഞ്ഞു NPT -യിലും CTBT -യിലും ഒപ്പിടണമെന്ന്. പക്ഷപാതപരമായ ഈ കരാറുകളെപ്പറ്റി 'Why India Shouldn't sign NPT & CTBT?' എന്ന ഭാഗത്ത്‌ ഇതേ ബ്ലോഗില്‍ വിശദമാക്കിയിട്ടുണ്ട്. ഇവ ഒപ്പിടാനാണെങ്കില്‍ പിന്നെ ആണവകരാറിന്റെ ആവശ്യമേയില്ല. ഇനി ആണവ കരാറുമായി മുന്നോട്ടുപോണമെങ്കില്‍ 'ആണവ ബാധ്യതാ ബില്‍' ഇന്ത്യ പാസ്സാക്കണം. അമേരിക്കയിലെ General Electricals പോലുള്ള വന്‍ സ്വകാര്യ കമ്പനികളാണ് ആണവകരാര്‍ പ്രകാരം നമുക്ക് റിയാക്ടറുകള്‍ തരുക. ഈ റിയാക്ടറുകള്‍ സ്ഥാപിച്ചശേഷം അവമൂലം ആണവദുരന്തം ഉണ്ടാവുകയാണെങ്കില്‍ ആ കമ്പനികളെ അതിന്റെ ബാധ്യതയില്‍ നിന്നൊഴിവാക്കുകയാണ് ഈ ബില്ലിന്റെ പ്രധാന ഉദ്ദേശം. എങ്കില്‍ മാത്രമേ ആ കമ്പനികള്‍ വ്യവസായവുമായി വരികയുള്ളത്രെ... പണ്ട് ഭോപാലില്‍ പറഞ്ഞ അതെ കാരണങ്ങള്‍ തന്നെ.

ഒരു ആണവദുരന്തം ഉണ്ടായിക്കഴിഞ്ഞാല്‍ അതുണ്ടാക്കിയ അമേരിക്കന്‍ കമ്പനി അഞ്ഞൂറ് കോടി രൂപ നഷ്ടപരിഹാരം തന്നാല്‍ മതി! ആണവദുരന്തം ഉണ്ടാക്കുന്ന നാശനഷ്ടം ഭോപാല്‍ ദുരന്തത്തിന്റെ എത്ര മടങ്ങാകുമെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഉണ്ടായാലുള്ള നഷ്ടപരിഹാരമാണ് ഈ അഞ്ഞൂറ് കോടി. ഭോപാലില്‍ 1989 -ല്‍ തീരുമാനിച്ച 713 കോടിയെക്കാള്‍ എത്രയോ കുറവ്. അതുതന്നെ കുറ്റകരമായ അനാസ്ഥമൂലമാണ് അപകടം ഉണ്ടാവുന്നതെങ്കില്‍ അവര്‍ തന്നാല്‍ മതി. ഒരു കമ്പനി മനപ്പൂര്‍വ്വമാണ്‌ അപകടം ഉണ്ടാക്കിയതെന്ന് കോടതിയില്‍ തെളിയിക്കുക എന്നത് ഇന്ത്യ ഫുട്ബോള്‍ ലോകകപ്പ്‌ നേടുന്നതുപോലെ ഒരു ദിവാസ്വപ്നം മാത്രം. ഈ ബില്‍ പ്രകാരം പ്രകൃതിദുരന്തം മൂലമോ, മോഷണം മൂലമോ, ആക്രമണം മൂലമോ ആണ് അപകടം ഉണ്ടാകുന്നതെങ്കില്‍ ഈ കമ്പനി നഷ്ടപരിഹാരം തരേണ്ട ആവശ്യമില്ല.

അതായത് അവര്‍ക്കിവിടെ റിയാക്ടര്‍ ഉണ്ടാക്കാം. ഭോപ്പാലില്‍ യുണിയന്‍ കാര്‍ബൈഡ് ചെയ്തതുപോലെ കാര്യമായ മുന്‍കരുതല്‍ എടുക്കേണ്ട. ആണവദുരന്തം ഉണ്ടാവുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിമാനത്തില്‍ കമ്പനിയിലെ പ്രമുഖരെ സല്യൂട്ടടിച്ചു അമേരിക്കയിലെയ്ക്കയക്കും. ഇവിടെ അവശേഷിക്കുന്ന ഇന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പത്തിരുപത്തഞ്ചു വര്‍ഷത്തെ വിചാരണ കഴിഞ്ഞു കൂടിപ്പോയാല്‍ രണ്ടുവര്‍ഷം തടവ്‌ കിട്ടും. അതിനും അപ്പീലുപോകാം. കൂടിപ്പോയാല്‍ ഒരു അഞ്ഞൂറുകോടി നഷ്ടപരിഹാരം കൊടുക്കണം. ഒരു റിയാക്ടര്‍ സ്ഥാപിക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ ഒരംശം വരില്ല ഈ തുക. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും കുട്ടികള്‍ ജനിക്കുന്നത് അംഗവൈകല്യത്തോടെയാണ്. ഭോപ്പാലിലെ വിഷാംശം ഒഴിയാന്‍ 150 വര്‍ഷം എടുക്കാമെന്നാണ് പറയുന്നത്. ഒരു കൊച്ചു കഷണം റേഡിയോ ആക്റ്റീവ് കൊബാള്‍ട്ട് മൂലം ഡല്‍ഹിയില്‍ ഈയടുത്തുണ്ടായ പ്രശ്നം ഓര്‍മ്മ കാണുമല്ലോ. സാധാരണ ഉള്ളതിലും 5000 ഇരട്ടിയാണത്രേ ആ പരിസരത്തെ ആണവ വികിരണം. ഒരു ആണവ ദുരന്തമെന്നത് സങ്കല്‍പ്പത്തിനും അതീതമാണ്. നമ്മുടെ ജനങ്ങള്‍ പുഴുക്കളെപ്പോലെ നരകിക്കും. എത്ര തലമുറകള്‍ കഴിഞ്ഞാലും ഈ വികിരണങ്ങള്‍ നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കും. വാറന്‍ ആണ്ടെഴ്സന്മാര്‍ 3D ടിവിയില്‍ ഇതുകണ്ട് രസിക്കും. ഇന്ത്യന്‍ ഭരണാധികാരികളുടെ പോഴത്തത്തെ പറ്റി പറഞ്ഞു ചിരിക്കും. ഇതിനെയാണോ മനമോഹനാ നിക്ഷേപ സൗഹൃദ ഉദാരവല്‍കൃത സ്വര്‍ഗം എന്ന് പറയുന്നത്????

ആണവ റിയാക്ടറിനു വേണ്ട വസ്തുക്കള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പിഴവുപറ്റിയാല്‍ അവര്‍ക്ക് ബാധ്യത നല്‍കുന്ന വകുപ്പാണ് ബില്ലിലെ 17 (ബി). നിരുപദ്രവകരമായ ഈ വകുപ്പുപോലും അമേരിക്കന്‍ വ്യവസായ ലോബിയുടെ സമ്മര്‍ദം മൂലം എടുത്തുമാറ്റി. പക്ഷെ ശക്തമായ പ്രതിഷേധം മൂലം ഇത് താല്‍കാലികമായി പുനസ്ഥാപിച്ചു. ഇടതുപക്ഷം അന്ന് നല്‍കിയ മുന്നറിയിപ്പുകള്‍ ശരിയാണെന്ന് വരികയാണ്. മനമോഹന്മാരെ എങ്ങനെയാണ് നാം വിശ്വസിക്കുക? ലോകസഭയില്‍ ചര്‍ച്ച ചെയ്തിട്ടേ ആണവകരാര്‍ ഒപ്പിടൂ എന്നുറപ്പുനല്‍കിയിട്ടു ആരോടും പറയാതെ പോയോപ്പിട്ടു. ഒടുവില്‍ രാജ്യസഭാമ്ഗമായതിനാല്‍ ലോകസഭയിലെ ഉറപ്പു പാലിക്കണ്ട എന്ന സാങ്കേതികത്വം പറഞ്ഞല്ലേ പുള്ളി അവകാശ ലംഘന നോട്ടീസില്‍ നിന്ന് രക്ഷപെട്ടത്. ആസിയാന്‍ കരാര് പോലെ എത്രയെത്ര സംഭവങ്ങള്‍.. എങ്ങനെയാണ് മനമോഹന താങ്കളെ നാം വിശ്വസിക്കുക?

ഭോപ്പാലിലേതുപോലെ നീതിക്കായുള്ള കണ്ണീരും ചോരയും കലര്‍ന്ന മതിലെഴുത്തുകള്‍ ഇന്ത്യ മുഴുവന്‍ നിറയാതിരിക്കനമെങ്കില്‍ നാം ഇപ്പോള്‍ ശബ്ദമുയര്‍ത്തനം. ഗ്രീന്‍ പീസ്‌ പോലുള്ള സംഘടനകള്‍ ഈ ബില്ലിനെതിരെ പ്രക്ഷോഭത്തിലാണ്. അവരുടെ മെയില്‍ ചുവടെ ചേര്‍ക്കുന്നു. ഓര്‍ക്കുക, ക്കൊടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സന്നദ്ധ സംഘടനകള്‍ 2007 -ല്‍ കോടതിയെ സമീപിച്ചപ്പോള്‍ കേന്ദ്രഗവന്മേന്റ്റ് അതിനെ എതിര്‍ക്കുകയാനുണ്ടായത്. ഭോപ്പാലില്‍ നിന്ന് പഠിക്കേണ്ട പാഠം ഇതാണ്; ഒരു ദുരന്തം ഉണ്ടായാല്‍ ഭരണകൂടമോ, ഉദ്യോഗസ്ഥരോ എന്തിനു കോടതി പോലുമോ നമുക്ക് ആശ്രയമായെന്നു വരില്ല. 26 വര്‍ഷത്തിനുശേഷം കരയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഇപ്പോള്‍ ഉറക്കെ സംസാരിക്കുന്നത്... തോക്കെടുക്കാതെ തന്നെ പോരാടാം. തൂലിക തന്നെയാണ് ഏറ്റവും നല്ല പടവാള്‍. ഒറ്റപ്പെട്ട 'ശബ്ദങ്ങളെ' അവഗണിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ കൂട്ടായ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു മനമോഹനനും കഴിയില്ല. ആണവ ബാധ്യത ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കുക. ഉറക്കെ ചോദിക്കുക: ഈ ബില്ലുകാര്‍ക്ക് ആരിടാണ് ബാധ്യത? അതോ ഇവര്‍ നമുക്കൊരു ബാധ്യത മാത്രമോ?


വാല്‍ക്കഷണം: മന്ത്രിസഭാ ഉപസമിതി 1500 കോടിയുടെ പാക്കേജ് ദുരന്ത ബാധിതര്‍ക്കായി പ്രഖ്യാപിച്ചു. നല്ല കാര്യം. പക്ഷെ മനോരമാദികളിലെ വെണ്ടയ്ക്കയും മത്തങ്ങയും മറ്റും കണ്ടപ്പോള്‍ ഞാന്‍ കരുതി യൂണിയന്‍ കാര്ബൈടിനെ ഏറ്റെടുത്ത dow chemicals ആകും പണം ചെലവാക്കുക എന്ന്. പക്ഷെ ജനങ്ങളില്‍ നിന്ന് നികുതിയായി പിരിച്ച പണമാണ് ഇതിനുപയോഗിക്കുക. എന്നാലും ഇതിനു കാരണക്കാരായവരോട് ഒരു നയാപൈസ പോലും വാങ്ങില്ല. ഭോപാല്‍ വൃത്തിയാക്കുന്നതും സര്‍ക്കാര്‍ ചെലവില്‍. മുഖം രക്ഷിക്കാന്‍ പദ്ധതി ജനങ്ങളുടെ ചെലവിലാവട്ടെ, ആര് ചോദിക്കാന്‍.... കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി.......
ശുഭം!
മംഗളം!
anoopesar

ബുധനാഴ്‌ച, ജൂൺ 16, 2010

മിശിഹായും മെസ്സിയും പിന്നെ ഞങ്ങളും...

അതിജീവനത്തിനായി പോരാടുന്നവര്‍ക്ക് ആവേശം നല്കുന്നതാകട്ടെ ഈ ലോകകപ്പ്‌......
അധിനിവേശവീരന്മാര്‍ മുട്ടുകുത്തട്ടെ.........
ഫുട്ബോള്‍ മിശിഹായുടെ 'ദൈവത്തിന്റെ കൈകള്‍' ഇത്തവണ കപ്പുയര്‍ത്തട്ടെ.....
മരഡോണയ്ക്കും പിള്ളേര്‍ക്കും സര്‍വമംഗളങ്ങളും നേരുന്നു........


ശുഭം!
മംഗളം!
anoopesar

22 കൂലിക്കാര്‍ മൈതാനത്ത് പന്ത് തട്ടി കളിക്കുന്നതാണ് ഫുട്ബോള്‍ എങ്കില്‍ ഒരു തടിക്കഷണത്തില്‍ കുറെ കമ്പികള്‍ വലിച്ചുകെട്ടിയതാണ് വയലിന്‍; പേപ്പറില്‍ കുറെ മഷി പടര്‍ന്നതാണ് 'ഹാംലെറ്റ്' .
-ജെ.ബി പ്രീസ്റ്ലി

ഗ്രീനിനോട് പറയാനുള്ളത്.....
കുറ്റം 'ജബുലാനി'യുടെതാകാം......
പക്ഷെ......
ഗോളിമാര്‍ നന്ദി അര്‍ഹിക്കുന്നില്ല..........
അതവരുടെ നിയോഗമാണ്; സ്വയം തെരഞ്ഞെടുത്ത നിയോഗം.
എങ്കിലും എനിക്കിഷ്ടം ഗോളിയാവാനാണ്..........

Being a good person is like being a goal-keeper. No matter how many goals you will save, People will remember the only one you missed.
-Anonymous

ശുഭം!
മംഗളം!
anoopesar

വ്യാഴാഴ്‌ച, ജൂൺ 10, 2010

ചില അഴീക്കോടന്‍ ചിന്തകള്‍.......


നാം സാധാരണയായി 'നല്ല മനുഷ്യന്‍' എന്ന് പറയുന്നതിലെ 'നന്മ' നട്ടെല്ലുള്ള നന്മയല്ല. ആരെപ്പറ്റിയും ദോഷം
പറയാതെയും ആര്‍ക്കും ദോഷം ചെയ്യാതെയും എല്ലാവര്‍ക്കും ഗുണം വരണമെന്ന് പ്രാര്‍ത്ഥിച്ചും ഉള്ള ഒരാളിന്റെ നിര്‍ഗന്ധവും നിര്‍ഗുണവുമായ ഒരു ജീവിതമുണ്ട്. ജീവിതത്തിലെ സാധാരണ തിന്മകള്‍ കാണാത്തതിനാല്‍ ഇതാകും നന്മ എന്ന് മിക്കവാറും തെറ്റിദ്ധരിക്കുന്നു. ഇത് നട്ടെല്ലില്ലാത്ത നന്മയാണ്. സത്യമായ നന്മയുടെ വെറും നിഴല്‍. ഗാന്ധിജിയാണ് നമുക്ക് 'പോസിറ്റീവ്' എന്ന് വിളിക്കാവുന്ന നന്മയുടെ മാതൃക കാട്ടിത്തന്നത്. പൂവിതള്‍ പോലെ മൃദുലം എങ്കിലും ഉള്ളില്‍ കാരിരുമ്പ് ഇല്ലാത്തയാള്‍ ക്രിയാരഹിതനായ നല്ലയാളാകാം. നല്ലയാളെന്നു പറയപ്പെടുന്ന വ്യക്തി ക്രിയാരഹിതനായാല്‍ മൊത്തത്തില്‍ ചീത്ത മനുഷ്യന്റെ ഫലം ചെയ്യുന്നു. ഉള്ളില്‍ കാരിരുമ്പ് ഉണ്ടെങ്കിലും ഉള്ളു മാര്‍ദവമുള്ളതല്ലെങ്കില്‍ നിങ്ങളുടെ ശക്തി ക്രൂരന്റെതായിത്തീരുന്നു. അതുകൊണ്ടാണ് പണ്ടുള്ളവര്‍ , 'ഉത്തമ മനുഷ്യന്റെ മനസ്സ് വജ്രം പോലെ കഠിനവും പൂ പോലെ മൃദുലവും ആണെന്ന് പറഞ്ഞത്. നല്ല ജീവിതത്തിന്റെ ആധുനികമാതൃക നമുക്ക് ഗാന്ധിജി തെളിയിച്ചു തന്നു. പ്രൊഫസര്‍ മുഹമ്മദ്‌ ഗനി മാതൃകയില്‍ വാര്‍ക്കപ്പെട്ട ആളാണ്.
-സുകുമാര്‍ അഴീക്കോട് (അഴീക്കോടിന്റെ ആത്മകഥ)

ശുഭം!
മംഗളം!

കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ്

വിവ അര്‍ജന്റിനാ..........ഭൂമി തന്നെ ഒരു പന്തിലേയ്ക്ക് ചുരുങ്ങുമ്പോള്‍........

എനിക്കിഷ്ടം ഗോളിയാവാനാണ്.......
ആള്‍ക്കൂട്ടത്തില്‍ തനിയെ...........
പരിശുദ്ധമായ ഏകാന്തതയും നുകര്‍ന്ന്.............
ശുഭം
!
മംഗളം!
anoopesar

വെള്ളിയാഴ്‌ച, ജൂൺ 04, 2010

പലസ്തീന്‍ ഒറ്റയ്ക്കല്ല.........


മരുന്നും ഭക്ഷണസാധനങ്ങളുമായി സമാധാനപ്രവര്‍ത്തകര്‍ ഗാസയിലെയ്ക്ക് പോകുകയായിരുന്ന കപ്പലുകളെ ഇസ്രായേല്‍ ആക്രമിച്ചു. സമാധാനപ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ഇരുപതിലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. യു.എന്‍ ജനറല്‍ സെക്രട്ടറിയും പ്രധാന ലോകനേതാക്കളും ഒന്നടങ്കം സംഭവത്തെ രൂക്ഷമായി അപലപിച്ചു.... പലസ്തീന്‍ ഒറ്റയ്ക്കല്ല.........ലോകമനസാക്ഷി പാലസ്തീനു ഒപ്പമാണ്..............
അതില്‍ പെടാത്ത അമേരിക്ക മാത്രം സംഭവത്തെ കണ്ട ഭാവം നടിച്ചില്ല. കൂടെ ഒരു പുതിയ കൂട്ടുകാരനും. നമ്മുടെ ഇന്ത്യ......എന്തിനാണീ വിധേയത്വം?മനമോഹനന്റെയും സംഘത്തിന്റെയും ഈ നട്ടെല്ല് വളഞ്ഞുള്ള നില്പ് നമുക്കെന്താണ് നേടിത്തരുന്നത്‌?


ശുഭം!
മംഗളം!

anoopesar


ചിത്രങ്ങള്‍: ദി ഹിന്ദു

പക്ഷപാതങ്ങള്‍...........

ഇത് ഫത്വകളുടെ കാലം...........
സ്ത്രീകള്‍ പര്‍ദയിടാതെ പുറത്തിറങ്ങാന്‍ പാടില്ല, ജോലി ചെയ്യാന്‍ പാടില്ല.... അങ്ങനെ അങ്ങനെ.......
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അന്യപുരുഷന്മാരുമായി ഇടപെടെണ്ടിവരുമത്രേ, ഇതനുവദിക്കാന്‍ പാടില്ല.........
ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും ഇതേ പ്രശ്നമുണ്ടല്ലോ, അന്യസ്ത്രീകളുടെ കൂടെ ജോലി ചെയ്യേണ്ട് വരുക......
അതിനെന്തേ നിരോധനമില്ല?

സ്ത്രീകള്‍ സമ്പാദിക്കുന്ന പണം കുടുംബം സ്വീകരിക്കാന്‍ പാടില്ല, അത് അനിസ്ലാമികമാണ് പോലും. പക്ഷെ ഇനിയുള്ള കാലത്ത് രണ്ടുപേരും ജോലി ചെയ്‌താല്‍ മാത്രമേ കുടുംബം പുലരൂ എന്നതിനാല്‍ ഇത് സമൂഹം തീരെ സ്വീകരിക്കാനിടയില്ല. സ്ത്രീകള്‍ സാമ്പത്തികമായി സ്വാശ്രയത്വം നേടുന്നതില്‍ എന്താണ് തെറ്റ്? ജോലി ചെയ്തു ഒരു ജീവിതം കെട്ടിപ്പെടുക്കാനുള്ള അവകാശം പുരുഷനെപ്പോലെ തന്നെ സ്ത്രീയ്ക്കുമുണ്ട്.......

ഈ പണ്ഡിതര്‍ എന്നവകാശപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ഇപ്പോഴും സ്ത്രീകളെക്കുറിച്ച്‌ മാത്രം സംസാരിക്കുന്നത്?
ഒരു കാരണം മാത്രം, അവരുടെ ഉള്ളിലെ സ്ത്രീവിരുദ്ധത അഥവാ പുരുഷപക്ഷപാതം......
ഇത്തരം ഫത്വകള്‍ക്കെതിരെ സമുദായതിനകത്തു തന്നെയുള്ള പണ്ഡിതര്‍ മുന്നോട്ടു വരുന്നുണ്ട് എന്നത് നല്ല കാര്യം....
ഇതിനെതിരെ മുന്നോട്ടു വന്ന പ്രശസ്ത കവിയും ഗാന രചയിതാവുമായ ജാവേദ് അക്തര്‍ക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നു..
ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കുകതന്നെ വേണം.

ഒരു കാര്യം കൂടി, ഈയിടയായി നമ്മുടെ ചാനലുകളും മറ്റും ഇടതുപക്ഷത്തെക്കുറിച്ചു മാത്രം ചര്‍ച്ചകള്‍ നടത്തുന്നു. എന്താവും കാരണം?ശുഭം!
മംഗളം!
anoopesar