ശനിയാഴ്‌ച, മാർച്ച് 23, 2013

3 ഡോട്ട്സ്: ആണ്‍കോയ്മയുടെ അർമ്മാദങ്ങൾ

ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 3 ഡോട്ട്സ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും നിർമ്മാണത്തിൽ ഒരു പങ്കും സുഗീത് വകയാണ്. ഓർഡിനറി പോലെ ഒരു ഓർഡിനറി കച്ചവട സിനിമ ഇറക്കുന്നതിൽപോലും പക്ഷെ സുഗീത് പരാജയപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്‌. എന്നാൽ ബിജു മേനോന്റെ മികച്ച പ്രകടനവും കുഞ്ചാക്കോ-പ്രതാപ്മാരുടെ മോശമല്ലാത്ത അഭിനയവും ചിത്രത്തെ കണ്ടിരിക്കാൻ കഴിയുന്നു ഒന്നാക്കുന്നു എന്നുമാത്രം.
പല കുറ്റങ്ങൾക്കായി ജയിലിൽ എത്തുന്ന വിഷ്ണു (കുഞ്ചാക്കോ). ലൂയിസ് (ബിജു), പത്മകുമാർ എന്ന പപ്പൻ (പ്രതാപ്) എന്നിവർ ജയിലിൽ നിന്ന് ഇറങ്ങുന്നതോടെയാണ് ചിത്രം തുടങ്ങുന്നത് ('റോമൻസി'ൽ നിന്നും നേരെ ഇറങ്ങി വന്നവരല്ലേ വിഷ്ണുവും ലൂയി 'ലവനും' എന്ന് ചോദിച്ചാൽ ഈ ജോഡികളെ  ഓർഡിനറിയിലൂടെ അവതരിപ്പിച്ച് താരദമ്പതികളും ഫോർമുലയും ആക്കിയത് താനല്ലേ എന്ന് സുഗീത് മറുപടി പറഞ്ഞേക്കാം). അവർ പലജോലിക്കായി ശ്രമിക്കുന്നു, പക്ഷെ കിട്ടുന്നില്ല. ഒടുവിൽ ജയിലിൽ കൗണ്‍സിലിംഗ് നടത്തിയിരുന്ന ഡോ: ഐസക്കിന്റെ (നരേയ്ൻ) ഉപദേശപ്രകാരം, പുള്ളിയുടെ തന്നെ സഹായത്തോടെ ഒരു ഡേ-കെയർ സെന്റർ സെന്ററും പപ്പന്റെ വണ്ടിയെ പരിഷ്കരിച്ചു ആംബുലൻസ് സർവ്വീസും തുടങ്ങുന്നു. പിന്നീട് കുറച്ചുനേരം 'തൂവൽ സ്പർശം' എടുത്തലക്കിയ ശേഷം ട്വിസ്റ്റ്‌ വരുന്നു. ഐസക്കിന് തന്റെ ഭാര്യയുമായുള്ള ഡൈവേഴ്സ് കേസ് വിജയിക്കുന്നതിനായി ഐസക്കിന്റെയും വക്കീലിന്റെയും ഉപദേശപ്രകാരം ഐസക്കിന്റെ കുട്ടിയെ മൂവർസംഘം തട്ടിക്കൊണ്ടു പോകുന്നു. പിന്നീട് പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ട്വിസ്റ്റുകളുടെ ബഹളമാണ്. അതിനെപ്പറ്റി കൂടുതൽ പറഞ്ഞ് ഒന്നും 'സ്പോയിൽ' ചെയ്യാൻ കർണ്ണൻ ഉദ്ദേശിക്കുന്നില്ല; പകരം ഒരു ക്ലൂ തരാം, 'റാംജിറാവൂ സ്പീക്കിംഗ്'!
ക്യൂട്ട്, സ്ട്രോങ്ങ്‌, സോഫ്റ്റ്‌ എന്നിങ്ങനെയാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ ചിത്രം അടയാളപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ രണ്ട് എലമെന്റ് ആണ് കുഞ്ചാക്കോ-ബിജു കൂട്ടുകെട്ടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നത്. രണ്ടു കേന്ദ്രകഥാപാത്രങ്ങളെ ഉപയോഗിക്കുമ്പോൾ വളരെമുന്പേ ലോകസിനിമയിൽ കഥാപാത്ര രൂപീകരണത്തിന് ഉപയോഗിക്കുന്ന എലമെന്റ് ആണ് ഇവ രണ്ടും. ഇതിന്റെ ഒരു പാരഡി ആണ് ദാസനിലും വിജയനിലുമായി ശ്രീനി സാധ്യമാക്കിയത്. ആ പാരഡിയുടെ പാരഡിയാണ് 'കിളി പോയി' എന്നും പറയാം. ഇതിനോടൊപ്പം മൂന്നാമതൊരു എലമെന്റ് കൂട്ടിവെച്ച് അവതരിപ്പിച്ച മലയാള സിനിമ റാംജിറാവൂ ആണ്. അതെ കഥാപാത്ര നിർമ്മിതി ആണ് ഈ ചിത്രവും പിന്തുടരുന്നത്. ചിത്രത്തിന്റെ അവസാന മണിക്കൂർ ഏതാണ്ട് പൂർണ്ണമായും ആ ചിത്രത്തിന്റെ അനുകരണം ആയിപ്പോയി എന്നിടത്താണ് ഈ സിനിമ കൂടുതൽ പാളുന്നത്. ചിത്രത്തിലെ ഏതാണ്ട് എല്ലാ 'തമാശ'കളും മുൻ മലയാള സിനിമകളിൽ നിന്ന് മാന്തിയെടുത്തവയാണ്. എന്തിനേറെ, ശ്രീനിവാസൻ 'തലയണമന്ത്ര'ത്തിൽ ആദ്യമിറക്കുകയും 'യാത്രക്കാരുടെ ശ്രദ്ധയ്ക്കി'ൽ സ്വയം കോപ്പിയടിക്കുകയും ചെയ്ത ഡ്രൈവിംഗ് പഠിപ്പിക്കുന്ന നമ്പർ വീണ്ടും അതുപോലെ ഇറക്കാനുള്ള തൊലിക്കട്ടി പോലും സുഗീതിനും തിരക്കഥാകൃത്ത്‌ രാജേഷ് രാഘവനും ഉണ്ടായി. എന്നാൽ ചിത്രത്തിലൂടെ ഇവർ ആഘോഷിക്കുന്ന മെയ്ൽ ഷോവനിസത്തിനുമുന്നിൽ  ഈ പാളിച്ചകളൊക്കെ എത്ര നിസാരം എന്ന് പറയേണ്ടി വരും. അത് തന്നെയാണ് ഈ കുറിപ്പിന്റെ പശ്ചാത്തലവും.
വിഷ്ണു - ലക്ഷ്മി (ജനനി അയ്യർ ), ലൂയി-ഗ്രെയ്സ് (അഞ്ജന മേനോൻ), പപ്പൻ-ഭാര്യ, ഡോ: ഐസക്ക്-ഭാര്യ, പോൾ ദമ്പതികൾ, അയൽക്കാരൻ-കാമുകി/ഭാര്യ എന്നിവരാണ് ചിത്രത്തിൽ കടന്നുവരുന്ന പ്രധാന ആണ്‍-പെണ്‍ ബന്ധങ്ങൾ. ഇതിൽ പപ്പൻ ഭാര്യയെ ഡൈവേഴ്സ് ചെയ്തുകഴിഞ്ഞു. ഐസക്കും ഭാര്യയും, പോൾ ദമ്പതിമാരും അതിന്റെ വക്കിലാണ്. വിഷ്ണുവിന് ലക്ഷ്മിയെ വിവാഹം ചെയ്തിട്ടില്ലാത്തത് കൊണ്ട്  ഇതുവരെ ഡൈവേഴ്സ് ചെയ്യാൻ കഴിഞ്ഞിട്ടില്ല (പാവം, ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയാണെങ്കിൽ അതിൽ ചെയ്യുമായിരിക്കും!).  ഗ്രെയ്സ് ഭർത്താവ് ആത്മഹത്യ ചെയ്ത വിധവയും ലൂയിയുടെയും ആണ്‍സമൂഹത്തിന്റെയും ലൈംഗികച്ചുവയുള്ള പ്രവൃത്തികൾക്ക് പാത്രമാവുന്നവളും ആണ്.  അയൽക്കാരന്റെ കാര്യം വഴിയെ പറയാം. 

പപ്പൻ മറ്റൊരു സ്ത്രീയുമായി ശാരീരികമായ അടുപ്പം പുലർത്തുകയും അതിനെ തുടർന്നു ജോലി ചെയ്യുന്ന ബാങ്കിൽ തിരിമറി നടുത്തുകയും ചെയ്തതുമൂലമാണ് അറസ്റ്റിൽ ആയത്. അങ്ങനെ വിവാഹമോചനവും സംഭവിച്ചു. ഇതാണ് ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്നത്. എന്നാൽ ഇവിടത്തെ യഥാർത്ഥ സ്ത്രീവിരുദ്ധത വെളിവാകുന്നത് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പപ്പന്റെ ഭാര്യ പപ്പനെ തേടി വരുന്ന രംഗത്താണ്. താൻ പപ്പനെ അമിതമായി ശ്രദ്ധിക്കുകയും നിയന്ത്രിക്കുക്കയും ചെയ്തിരുന്നെന്നും അതാണ്‌ 'പപ്പേട്ടന് തെറ്റ്, അല്ല അബദ്ധം പറ്റാൻ' കാരണമെന്നുമാണ് പപ്പന്റെ ഭാര്യാ കഥാപാത്രത്തെ കൊണ്ട് രചയിതാക്കളായ 'ആണുങ്ങൾ' പറയിപ്പിക്കുന്നത്. പപ്പന് പറ്റിയ തെറ്റിന്റെ (അല്ല അബദ്ധം!) ഉത്തരവാദിത്വം ഭാര്യയുടെ തലയിൽ കൊണ്ടുവെക്കുകയും അത് അവരെക്കൊണ്ടു തന്നെ പറയിപ്പിക്കയും ചെയ്യുന്നതിന് പിന്നിലെ സ്ത്രീവിരുദ്ധത ചില്ലറയല്ല. വിവാഹമോചനത്തിന് കൂടെ നിന്ന ബന്ധുക്കൾ ഇപ്പോൾ അവരുടെ കാര്യവും നോക്കി പോയെന്നും താനും മകളും ഒറ്റയ്ക്കായെന്നും അവർ വിലപിക്കുന്നു. സാമ്പത്തികമായ അസ്ഥിരതയും സാമൂഹികമായ അരക്ഷിതാവസ്ഥയുമാണ് ദാമ്പത്യത്തിലെ എന്ത് ദുരവസ്ഥയും സഹിച്ച് കഴിയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്ന വസ്തുതയ്ക്ക് അടിവര ഇടുന്നതാണ് ഈ രംഗം. 

ഇനി ഭർത്താവില്ലാതെ മകളോടൊപ്പം ഒരു സ്ത്രീ  ജീവിക്കാൻ തീരുമാനിച്ചാലോ, അതിന് തങ്ങൾ അനുവദിക്കില്ല എന്ന് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സിനിമയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പുരുഷസമൂഹം. ഭർത്താവ് ആത്മഹത്യ ചെയ്ത വിധവയായ ഗ്രെയ്സ് മകളോടൊപ്പം പപ്പന്റെ ഫ്ലാറ്റിനു നേരെ എതിരെ താമസിക്കുന്നു. അവർ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളിനുള്ള വ്യംഗ്യാർത്ഥം അറിയുന്നവർക്ക് ഇതിലെ ദുസ്സൂചന മനസിലാക്കാൻ ബുദ്ധിമുട്ടില്ല. നിന്റെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് എനിക്ക് ലൈസൻസ് എടുക്കണം എന്നുപറഞ്ഞ് മദ്യപിച്ച് അർദ്ധരാത്രിയിൽ അവളുടെ വാതിലിൽ മുട്ടുന്ന ചെറുപ്പക്കാരനെ കാണിക്കുന്നതിലൂടെ തങ്ങൾ ഉദ്ദേശിച്ചത് എന്ത് എന്ന് രചയിതാക്കൾ നിസ്സംശയം ഇവിടെ പ്രകടമാക്കുന്നു. ഗ്രെയ്സിനോട് ശാരീരികമായ താല്പര്യം മാത്രമാണ് ലൂയിക്കുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിലെ പല രംഗങ്ങളും. ഗ്രെയ്സ് വിധവയാണ് എന്ന് പപ്പൻ പറയുമ്പോൾ 'അപ്പോൾ സൗകര്യമായല്ലൊ' എന്ന ലൂയിയുടെ ആദ്യ പ്രതികരണം മുതൽ ഗ്രെയ്സിനെ ചുംബിക്കാൻ ലൂയി ശ്രമിക്കുന്നത് വരെയുള്ള രംഗങ്ങൾ ഇതിനു അടിവരയിടുന്നു. ഇതിനെയൊക്കെ ചെറുത്ത് നില്ക്കുന്ന ഒരു ഗ്രെയ്സിനെയാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും അനുതാപപൂർണ്ണമായ നിലപാടല്ല രചയിതാക്കൾ ഗ്രെയ്സിനോട് കാണിച്ചിരിക്കുന്നത് എന്ന് പറയെണ്ടിവരുന്നതും അതുകൊണ്ടാണ്. സ്ത്രീകളോട് സമൂഹത്തിനുള്ള നിലപാടുകളിൽ മാറ്റം വരാതെ പീഡനത്തിന് വധശിക്ഷ കൊണ്ടുവന്നിട്ടും കാര്യമൊന്നുമില്ല എന്നുമാത്രം ഇവിടെ പറഞ്ഞുകൊള്ളുന്നു. മുൻഭർത്താവിനെ തൊടുന്ന മാത്രയിൽ മരണം സംഭവിക്കുന്ന പ്രണയത്തിലെ ജയപ്രദയുടെ കഥാപാത്രത്തിന്റെ പേരും ഗ്രെയ്സ് എന്നത് യാദൃശ്ചികമാകാം.
ഇനി ഡോ: ഐസക്ക്-ഭാര്യ ദമ്പതികളുടെ കാര്യമെടുക്കാം. (ഇവിടെ ഐസക്കിന്റെ ദാമ്പത്യം യഥാർത്ഥത്തിൽ പോൾ ദമ്പതിമാരെയാണ് സൂചിപ്പിക്കുന്നത്. ശേഷം കാഴ്ചയിൽ). ഇവർ എന്തുകാരണത്താൽ ആണ് പിരിഞ്ഞത് എന്ന് ചിത്രത്തിൽ ഒരിടത്തും പറയുന്നില്ല. കേസ് ഐസക്കിന്റെ ഭാര്യ ജയിക്കുമെന്നും ആറു വയസ്സുകാരൻ മകൻ ഭാര്യയ്ക്കൊപ്പം അമേരിക്കയിലേയ്ക്ക് പോകുമെന്നും ഐസക്കിന്റെ വക്കീൽ പറയുന്നു. സ്വാഭാവികമായും മാതാപിതാക്കൾ പിരിയുന്ന പക്ഷം അമ്മയോടൊപ്പമാണ് ആ കുട്ടി നിൽക്കേണ്ടത്. എന്നാൽ അതിനെ പരാജയപ്പെടുത്താൻ കുട്ടിയെ തട്ടിക്കൊണ്ടുവരാൻ തയ്യാറാകുകയാണ് 'നായകരാ'യ മൂവർ സംഘം. പൊതുബോധം അവർക്കൊപ്പം ആണോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
വിഷ്ണുവിന് 'പരിശുദ്ധമായി' പ്രണയിക്കാനും ഒരു പാട്ട് തട്ടിക്കേറ്റാനും മാത്രമാണ് ലക്ഷ്മിയെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നും ചിത്രം കണ്ടാൽ. മറ്റെന്തെങ്കിലും ആഴമോ പ്രാധാന്യമോ ആ കഥാപാത്രത്തിന് ഇല്ല. വലിയ കണ്ണുകൾ കൊണ്ടുള്ള ആംഗ്യം അല്ലാതെ മറ്റൊന്നും ജനനി ചിത്രത്തിൽ കാട്ടുന്നുമില്ല. മിക്ക സീനുകളിലും സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന ശാലീന സുന്ദരിയായ ഈ കഥാപാത്രത്തെ ഇവിടെ ചർച്ചയ്ക്ക് എടുത്തതിനു കാരണം ഒരു സീനിൽ മാത്രം അപ്രധാനമായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു കഥാപാത്രത്തിന്റെ സാന്നിധ്യമാണ്. അയൽക്കാരൻ രൂക്ഷമായി ഫോണിൽ സംസാരിക്കുമ്പോൾ കേട്ടുനിൽക്കുന്ന പപ്പൻ പറയുന്നത് അത് അയാൾ ഭാര്യയോട്‌ സംസാരിക്കുന്നതാണെന്നും എല്ലാ ഭർത്താക്കന്മാരും ഭാര്യമാരോട് അങ്ങനെയാണ് സംസാരിക്കുന്നത് എന്നുമാണ്. ഭാര്യയോടു പരുഷമായി പെരുമാറുന്നതിലാണ് പുരുഷത്വം കുടിയിരിക്കുന്നത് എന്ന് സിദ്ധാന്തിക്കുകയാണ് ഇവർ എന്നും പറയാം. ഇതേ അയൽക്കാരൻ പിന്നീട് ഫോണിൽ മധുരമായി സംസാരിക്കുന്നത് കാണുന്ന പപ്പന്റെ നേതൃത്വത്തിലുള്ള ദുരാചാരപ്പോലീസ് അത് കാമുകിയുമായി സംസാരിക്കുകയാണ് എന്നുറപ്പിക്കുന്നു. അയാള് ഫോണിൽ പറയുന്ന ഒരു ഡയലോഗ് ഇതാണ്, 'നീ ഇന്ന് എന്തുവേഷമാ ധരിച്ചിരിക്കുന്നെ? അത് വേണ്ട. നീ ടീ ഷർട്ടും ബനിയനും ധരിക്ക്. അതാ സൗകര്യം'. പിന്നീട് രാത്രി അയാളോടൊപ്പം ടീ ഷർട്ടും ജീൻസും ധരിച്ചുവരുന്ന പെണ്‍കുട്ടിയെ ആണ് കാണിക്കുന്നത്. അവരോടു അല്പം മോശമായി പെരുമാറി ദുരാചാര പോലീസിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയാണ്‌ വിഷ്ണുവും ലൂയിയും. അതും പോരാഞ്ഞ് രാത്രി മുഴുവൻ ഉറക്കമുളച്ചിരുന്ന് അത് ഭാര്യയാണോ കാമുകിയാണോ എന്ന് കൂലങ്കഷമായി  ചിന്തിക്കുകയും ഇവർ ചെയ്യുന്നു. അത് തീരുമാനിക്കാനായി നാണയം ടോസ്സിടുമ്പോൾ അത് ബൾബിൽ ചെന്ന് കൊണ്ട് അന്ധകാരം പരക്കുന്ന രംഗം അർത്ഥപൂർണ്ണമായി.

പെണ്‍കുട്ടികൾ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് മറ്റേ സൗകര്യത്തിനു വേണ്ടിയാണ് എന്ന് കരുതുന്ന (സാരി അതിന് ഒട്ടും സൗകര്യം തരാത്ത പരിശുദ്ധവസ്ത്രം ആണല്ലോ!) ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ സഹിക്കാത്തവിധം കൊതിക്കെറുവ്‌ കൊണ്ട് ദുരാചാരപ്പോലീസ് ആയി മാറിക്കൊണ്ടിരിക്കുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്റെ ചിത്രമാണ് വിരുദ്ധോക്തിയാൽ ആണെങ്കിലും രചയിതാക്കൾ ഇവിടെ കോറിയിട്ടത്‌. വസ്ത്രധാരണമാണ് പീഡനത്തിലേയ്ക്ക്‌ നയിക്കുന്നത് എന്ന വിഡ്ഢിത്തം നിറഞ്ഞ വാദത്തിന്റെ സ്വാധീനവും നമുക്കിവിടെ കാണാം. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രവും ആഹാരവും ലൈംഗികതയും ഒക്കെ തെരഞ്ഞെടുക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുള്ള ഒരു സമൂഹം നമ്മിൽ നിന്ന് എത്ര അകലെയാണ്, നമുക്ക് കാലം ഒഴുകുന്നത്‌ പിന്നോട്ടാണോ തുടങ്ങിയ ചോദ്യങ്ങൾ മാത്രം ബാക്കി. 

ഇവിടെ പരാക്രമം സ്ത്രീകളോട് മാത്രമല്ല, സാമ്പ്രദായിക അർത്ഥത്തിൽ കൃത്യമായ ലിംഗം ഏതെന്ന് പറയാനാവാത്ത ലൈംഗികന്യൂനപക്ഷത്തോട് കൂടിയാണ്. പൊതുവെ സ്ത്രീയുടേത് എന്ന് സമൂഹം കൽപ്പിച്ചിട്ടുള്ള ജോലികൾ ചെയ്യുന്ന പുരുഷന്മാർ സ്ത്രൈണത പ്രദർശിപ്പിക്കുന്നവർ ആവണം എന്നത്രെ നവതുരങ്കസിനിമകൾ നമ്മെ പഠിപ്പിക്കുന്നത്‌. സാൾട്ട് ആൻഡ്‌ പേപ്പറിലെ ബാബുരാജിന്റെ കുക്കും, ചാപ്പകുരിശിലെ മേക്കപ്പ്മാനും ഒക്കെ ഇങ്ങനെയാണ് ചിത്രീകരിക്കപ്പെട്ടത്. വിശ്വരൂപത്തിലെ കമൽ അവതരിപ്പിക്കുന്ന നർത്തകൻ ഈ സ്കൂളിൽ നിന്നാണ് വരുന്നത്. മറ്റനേകം നൃത്താധ്യാപക കഥാപാത്രങ്ങളെയും ഓർക്കുക. ഈ പ്രവണത തുടങ്ങിയത് ഒരുപക്ഷെ തൂവൽസ്പർശത്തിൽ കിങ്ങിണിയെ നോക്കാൻ വരുന്ന ഇന്നസെന്റിന്റെ കഥാപാത്രത്തിൽ ആണ് (ഈ കഥാപാത്രത്തെ ഒരു ചിത്രത്തിൽ സുരാജും വികൃതമായി അനുകരിച്ചിരുന്നു). ആ ഇന്നസെന്റ് കഥാപാത്രത്തിന്റെ മകൻ എന്ന സൂചന നൽകിയാണ് ഇവിടെ കുട്ടികളെ നോക്കാനായി വരുന്നയാളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ പരമാവധി അപഹസിക്കാനാണ് രചയിതാക്കൾ ശ്രമിച്ചിരിക്കുന്നത്.

ഇതിലെ ഒന്നാമത്തെ പ്രശ്നം കുടികൊള്ളുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തട്ടകങ്ങൾ വെരെയാണ് എന്നും അവ കൂടിക്കലരാൻ പാടില്ല എന്നുമുള്ള തെറ്റായ പോതുബോധമാണ്. രണ്ടാമത്തെ പ്രശ്നം സ്വവർഗ്ഗാനുരാഗികൾ എന്തോ വലിയ തെറ്റ് ചെയ്തവരാണെന്നും അവർ കളിയാക്കപ്പെടേണ്ടവരും മാറ്റിനിർത്തപ്പെടേണ്ടവരും ആണെന്ന രാഷ്ട്രീയമായ ശരികേട് നിറഞ്ഞ കാഴ്ചപ്പാടിലാണ്. മൂന്നാമത്തെ പ്രശ്നം പെരുമാറ്റത്തിലെ സ്ത്രീത്വും സ്വവർഗ്ഗാനുരാഗവും തമ്മിൽ കൂട്ടിക്കെട്ടുന്നതിൽ ആണ്. 'ചാന്തുപൊട്ട്' അടക്കമുള്ള സിനിമകൾക്കും ഇതേ പ്രശ്നങ്ങൾ ഉണ്ട്. ഋതുപർണോ ഘോഷിന്റെ 'ചിത്രാംഗദ: The Crowning Wish' പോലുള്ള അപൂർവ്വം ചിത്രങ്ങളിൽ മാത്രമേ പൊതുവെ യാഥാസ്ഥിതിക കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ഇന്ത്യൻ സമൂഹത്തിൽ ലൈംഗികന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ശരിയായ രീതിയിൽ അഭിമുഖീകരിക്കപ്പെട്ടിട്ടുള്ളൂ. ഋതുപർണോ ഘോഷ് രചനയും സംവിധാനവും നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം സ്വവർഗ്ഗാനുരാഗിയായ നർത്തകൻ ആയ രുദ്ര ചാറ്റർജി നേരിടേണ്ടി വരുന്ന അസ്തിത്വ പ്രതിസന്ധികളെ വിഷയമാക്കുന്നു. സ്വവർഗ്ഗാനുരാഗി ആയിരിക്കുന്നത് ഒരു വലിയ കുറ്റമോ കുഴപ്പമോ ആയി കാണുന്ന സമൂഹവും, മാതാപിതാക്കളുമാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഋതുപർണോ ഘോഷ് ഈ ചിത്രത്തിലൂടെ പറയുന്നു. സമൂഹത്തിൽ ഇങ്ങനെ ജീവിക്കുന്നതിനു നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒരു ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവാൻ രുദ്രയെ പ്രേരിപ്പിക്കുന്നു. എന്നാൽ തന്റെ അസ്തിത്വം താനായിരിക്കുക എന്നതിലാണ് എന്ന് മനസിലാക്കുകയും ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിക്കുകയുമാണ് രുദ്ര. സ്വന്തം മകനെ അവനായിരിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച തങ്ങളാണ് കുറ്റക്കാർ എന്ന് രുദ്രയുടെ മാതാപിതാക്കൾക്കുണ്ടാവുന്ന തിരിച്ചറിവ് വലിയ ആഴമുള്ള ഒന്നാണ്; ഒരുപക്ഷെ നമ്മുടെ കച്ചവട സിനിമാക്കാർക്കൊന്നും സ്വപ്നം കാണാൻ പറ്റാത്തത്ര ആഴത്തിലുള്ളത്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ അഭിനയത്തിനും സംവിധാനത്തിനുമായി സ്പെഷ്യൽ ജൂറി പുരസ്കാരം ഈ ചിത്രത്തിലൂടെ ഋതുപർണോ ഘോഷ് കരസ്ഥമാക്കിയിരുന്നു.
നമ്മുടെ കച്ചവട-മുഖ്യധാരാ സിനിമയിൽ വാഴുന്നത് സ്ത്രീ-കീഴാള-ദളിത-മുസ്ലീം വിരുദ്ധമായ സംഗതികളാണ് എന്നത് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ ഈ ദിശയിലുള്ള ചർച്ചകൾ ധാരാളമായി നടക്കുമ്പോഴും നമ്മുടെ മുഖ്യധാരാ സിനിമ അവയിൽ നിന്നൊക്കെ മുഖം തിരിച്ചു രാഷ്ട്രീയമായ ശരികേടുകളെ ആഘോഷിക്കുന്നത് സിനിമയും സമൂഹവുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുന്നവർക്ക് വലിയ ആശങ്ക ഉയർത്തുന്ന സംഗതിയാണ്; പ്രത്യേകിച്ചും ഇക്കാലത്ത് മേൽപ്പറഞ്ഞ സമൂഹങ്ങൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ. 

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, മാർച്ച് 16, 2013

കിളി പോയി: ന്യൂവേവും കഞ്ചാവും

വി. കെ പ്രകാശിന്റെ ശിഷ്യനായ വിനയ് ഗോവിന്ദ്  ആദ്യമായി സംവിധാനം ചെയ്ത 'കിളി പോയി' ധാരാളം കൂവലുകളും കുറച്ചുമാത്രം കയ്യടികളും നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രം ഇന്നത്തെ മലയാള സിനിമയിലെ കൊട്ടിഘോഷിക്കപ്പെടുന്ന നവതുരങ്കത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 


ചിത്രം തുടങ്ങുന്നത് 'ബോയിംഗ് ബോയിംഗ്' എന്ന പ്രിയദർശൻ ചിത്രത്തിലെ, അഥവാ ഒറിനജിനലിന്റെ  പേര് പോലും മാറ്റാൻ  പ്രിയൻ  കോപ്പിയടിച്ചുണ്ടാക്കിയ സിനിമയിലെ, ഈ പ്രശസ്തമായ രംഗത്തോടെയാണ്. ഈ രംഗം യാദൃശ്ചികമായ ഒരു തമാശയ്ക്ക് വേണ്ടി ഉൾപ്പെടുത്തിയത് മാത്രമാണ് എന്ന് കരുതാൻ നിർവ്വാഹമില്ല, 'ന്യൂവേവി'ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ഇന്ന് മാർക്കറ്റ്‌ നവതലമുറ സിനിമയ്ക്ക് ആണ്, അഥവാ പുതിയൊരു സിനിമയുടെ ആശയവുമായി ചെല്ലുന്ന സംവിധായകരും കഥാകൃത്തുകളും തലമുറഭേദമന്യേ നേരിടുന്ന ചോദ്യം പടം ന്യൂവേവ്‌ ആണോ എന്നത്രേ. മണിയൻ പിള്ള രാജു ഒരു അഭിമുഖത്തിൽ പറഞ്ഞത് നവതലമുറ സിനിമ ആയതുകൊണ്ടാണ്‌ 'ബ്ലാക്ക് ബട്ടർഫ്ലൈ' നിർമ്മിക്കാൻ താൻ തുനിഞ്ഞിറങ്ങിയത്‌ എന്നും ഓർക്കുക. രാജുവിന്റെ മകൻ നായകനായി നടിച്ച ഈ ചിത്രം മറ്റു പല നവതുരങ്കങ്ങളെയും പോലെ ഒരു ദുരന്തമായി മാറി എന്നത് വേറെ കാര്യം. 

ലോകസിനിമയിൽ ന്യൂവേവ്‌ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് കലാപരമായ നൂതനത്വത്തിലൂടെ സിനിമയെന്ന കലാരൂപം തന്നെ മാറ്റിമറിക്കപ്പെട്ട അവസരങ്ങളിൽ ആണ്. ആ വാക്ക് ഒരു കച്ചവട ഫോർമുലയായി അധപതിക്കുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാൻ കഴിയുക. വിനയ് ഗോവിന്ദും സിനിമയ്ക്കായി ശ്രമിച്ചപ്പോൾ നേരിടേണ്ടി വന്നത് ഇതേ ചോദ്യം തന്നെയാവും. ഒ. പി. ഒളശ്ശ ആധുനിക സാഹിത്യത്തിനാണ് ഡിമാന്റ് എന്ന് കേട്ടപ്പോൾ കഞ്ചാവടിച്ച് ആനകളെയും തെളിച്ച് വരികയാണ് ചെയ്തതെങ്കിൽ, സാമാന്യം നല്ല സിനിമാ ബോധവും ലോകസിനിമയെപ്പറ്റി അത്യാവശ്യം നല്ല പരിചയവും ഉള്ള വിനയ് ഗോവിന്ദ് ചെയ്തത് ഈ ദുരവസ്ഥയെ നേരെ കീഴ്മേൽ മറിച്ച് കഞ്ചാവിനെത്തന്നെ നായകനാക്കി ഒരു സിനിമയെടുത്ത് ഒരുപക്ഷെ ഒരു നവതലമുറ അട്ടിമറി തന്നെ സൃഷ്ടിക്കുകയാണ്. നവതുരങ്കത്തിന്റെ അപ്പോസ്തലന്മാരിൽ ഒരാളായ വി. കെ പ്രകാശിന്റെ നെത്തോലി ഒക്കെ സർറിയൽ ആയ വലിയ മീനാണെന്ന് ഒക്കെ നിരൂവിച്ചവരെ, ഒരു പക്ഷെ സർറിയലിസത്തിന്റെ അടുത്തെങ്കിലും എത്തുന്ന രീതിയിൽ അടുത്തിറങ്ങിയ ഒരേയൊരു മലയാള പടമാണ് 'കിളി പോയി' എന്ന് നിങ്ങൾ മനസിലാക്കാതെ കൂവിക്കൊണ്ടിരിക്കുന്ന കാലം വരെയും നവതുരങ്ക കശ്മലന്മാർ ഇവിടെ വിരാജിക്കുക തന്നെ ചെയ്യും. വി. കെ പ്രകാശിനെയും ശിഷ്യൻ  വിനയ് ഗോവിന്ദിനെയും കാണുമ്പോൾ പാലം കടക്കുന്ന ആളുകളെ തുപ്പുന്ന പ്രതിമ ഉണ്ടാക്കിയ പെരുന്തച്ചനെയും ആ പ്രതിമയുടെ ചെകിടത്ത് അടിക്കുന്ന മകനെയും ഓർമ്മ  വരുന്നത് ലേഖകന് മാത്രമാണോ? പക്ഷെ ചെകിട്ടത് നല്ല പിട കിട്ടിയ കാര്യം അറിയാനുള്ള മൂള പോലും നവതുരങ്കവീരന്മാർക്ക് ഇല്ല എന്നിടത്താണ് ശരിക്കുള്ള ദുരന്തം. 

നാടോടിക്കാറ്റിന്റെ ലൂസായ ഒരു റീമേക്ക് ആണ് 'കിളി പോയി' എന്ന് വേണമെങ്കിൽ  പറയാം. പ്രധാന കഥാതന്തുവും പവനായിയെ കാണുമ്പോഴുള്ള 'ഇതേതാ ഈ അലവലാതി?' എന്ന ചോദ്യം ഹരി (അജു വർഗ്ഗീസ്) ഡിസ്ക്കോ ഡഗ്ലസിനെ (രവീന്ദ്രൻ) കാണുമ്പോൾ ആവർത്തിക്കുന്നതും മുതൽ ക്ലൈമാക്സിൽ കാണിക്കുന്ന 'ഇവിടെ ആരാ വെടിവെച്ചത്? ഇവിടെ എന്താ സംഭവിച്ചത്?' എന്ന നാടോടിക്കാറ്റിലെ സീൻ വരെ ഇത് സൂചിപ്പിക്കുന്നു. ഒ. പി ഒളശ്ശയെ വിശ്വസിക്കാമെങ്കിൽ പഴയ 'ബോംബ്‌' കഥ ആധുനിക കവിത ആക്കുന്നവരെ തന്നെയാകണം പിന്നണിക്കാർ ഉന്നം വെക്കുന്നത്. പുതുതലമുറയുടെ വേഗമാകണം ന്യൂ ജനറേഷൻ പടത്തിനും ഇത്ര പെട്ടെന്ന് സ്പൂഫ് ഇറങ്ങാൻ കാരണമായത്‌. ലോക ക്ലാസിക്കുകളുടെ വാൾപേപ്പറുകളുടെ പശ്ചാത്തലത്തിൽ ദാസനെയും വിജയനെയും മാത്രം കണ്ടുകൊണ്ടിരിക്കുന്ന നായക കഥാപാത്രങ്ങൾ നമ്മുടെ സിനിമാക്കാരെ ആണോ പ്രേക്ഷകരെ ആണോ ഉന്നം വെയ്ക്കുന്നത് എന്ന് നിങ്ങൾ തീരുമാനിക്കുക. 

'ഈ 'A' പടത്തെ ജനങ്ങൾ സ്വീകരിച്ചു' എന്ന പരസ്യ വാചകത്തിലൂടെയാണ് ചിത്രം ചുവരുകളിൽ നിറഞ്ഞു നിന്നത്. 'A' സർട്ടിഫിക്കറ്റ് എന്നത് ഒരുകാലത്ത് ഇവിടത്തെ ചില സിനിമകളെ എങ്ങനെയാണ് സഹായിച്ചിരുന്നത് എന്നും, അതിനു സെൻസർ ബോർഡ്‌ എങ്ങനെ കാരണക്കാരായി എന്നും ഓർമ്മയുള്ളവർക്ക് ഈ പരസ്യ വാചകം ആരെ കളിയാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് കണ്ടെത്താൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. അതുപോലെ തന്നെ മദ്യപാന, പുകവലി രംഗങ്ങളിൽ മുന്നറിയിപ്പ് തൂക്കണം എന്ന സെൻസർ ബോർഡിന്റെ നിർദ്ദേശത്തോടുള്ള പ്രതിഷേധം ആയാണ് ഏതാണ്ട് എല്ലാ രംഗങ്ങളിലും പുകവലിയോ മദ്യപാനമോ കഞ്ചാവോ ഒക്കെ ഉൾപ്പെടുത്തി ചിത്രത്തിൽ ഉടനീളം നിയമപ്രകാരമുള്ള മുന്നറിയിപ്പ് സിനിമയുടെ ഭാഗമെന്നോണം ചുവട്ടിൽ തൂക്കിയിരിക്കുന്നത് എന്ന വായനയും സാധ്യമാണ്. അടിയന്തരാവസ്ഥ കാലത്ത് സെൻസറിങ്ങിൽ പ്രതിഷേധിച്ചു എഡിറ്റോറിയൽ കോളം ബ്ലാങ്ക് ആയി പത്രമിറക്കിയ നടപടിയുടെ തലകീഴായ അനുകരണമാണ് ഇതെന്നും പറയാം. വിനയ് ഗോവിന്ദിന്റെ സിനിമാബോധത്തിന്റെ അല്പശതമാനം എങ്കിലും കത്തിയും കത്രികയുമായി സെൻസറിംഗിന് ഇറങ്ങുന്നവർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കാനല്ലേ പാവം പ്രേക്ഷകർക്ക്‌ കഴിയുകയുള്ളൂ. ഇത് എഴുതുമ്പോൾ 'പാപ്പിലിയോ ബുദ്ധ' എട്ടു മാസത്തെ സെൻസറിംഗും പല കട്ടുകളും കഴിഞ്ഞ് 'A' സർട്ടിഫിക്കറ്റോടെ ഒടുവിൽ പ്രദർശനത്തിനു എത്തുകയാണ്. 

ഇങ്ങനെ പുറം മോടിയിലുള്ള ചില പ്രത്യകതകൾ അവകാശപ്പെടാമെങ്കിലും ആഴമുള്ള ഒരു പ്രമേയമോ അതിനുള്ള ശ്രമങ്ങളോ പിന്നണിക്കാരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായ ഒരു ചിത്രം അല്ല ഇത്. മാത്രമല്ല ഈ 'നവ'സിനിമകളുടെ രാഷ്ട്രീയ ശരികേടുകളെ പരാമർശിക്കാനും ഇവർ തയ്യാറായിട്ടില്ല. ഫിലിം ഫെസ്റ്റിവലുകളിലും സർക്കാർ അവാർഡുകളിൽ നിന്ന് പോലും ആർട്ട് ഹൗസ് സിനിമകൾ അഥവാ കലാമൂല്യമുള്ള സിനിമകൾ മാറ്റിനിർത്തപ്പെടുന്ന അവസരത്തിൽ വേണം കച്ചവട സിനിമാക്കാരുടെ ന്യൂവേവ്‌ അവകാശവാദങ്ങളെ നാം കാണേണ്ടത്. നമ്മുടെ സിനിമ പൂർണ്ണമായും മുഖ്യധാരാ സിനിമക്കാരാൽ ഹൈജാക്ക് ചെയ്യപ്പെടുകയും യഥാർത്ഥ നവതലമുറ അല്ലെങ്കിൽ നവതരംഗ സിനിമകൾ ആവേണ്ട ആർട്ട് ഹൗസ് ചിത്രങ്ങളും സിനിമാ പ്രവർത്തകരും ഇടമില്ലാതെ ഒതുക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിൽ മുഖ്യധാരയ്ക്ക് ഉള്ളിൽ നിന്നാണെങ്കിൽ കൂടി പൊള്ളയായ ന്യൂ വേവ് അവകാശങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ വിനയ് ഗോവിന്ദ് തീർച്ചയായും അഭിനന്ദം അർഹിക്കുന്നു. 

ശുഭം!
മംഗളം!
 അനൂപ്‌ കിളിമാനൂര്‍

തിങ്കളാഴ്‌ച, മാർച്ച് 04, 2013

സെല്ലുലോയ്ഡ്: വിലക്കുകള്‍ അവശേഷിപ്പിക്കാത്തത്

ആദ്യ മലയാള സിനിമ ആയ വിഗതകുമാരന്റെ സൃഷ്ടാവ് ജെ.സി. ഡാനിയലിന്റെ ജീവിതമാണ് കമല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സെല്ലുലോയ്ഡ് എന്ന ചിത്രത്തിന് ആധാരം. ചേലങ്ങോട് ഗോപാലകൃഷ്ണന്‍ ജെ.സി ഡാനിയലിനെ പറ്റി എഴുതിയ പുസ്തകവും സിനിമയിലെ നായികയായ പി. കെ റോസിയെപ്പറ്റി വിനു എബ്രഹാം എഴുതിയ 'നഷ്ടനായിക' പുസ്തകവുമാണ് ചിത്രത്തിന്റെ രചനയ്ക്കായി കമല്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പൊതുവെ നല്ല അഭിപ്രായവും മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ ഏഴു സംസ്ഥാന അവാര്‍ഡുകളും അല്ലറചില്ലറ വിവാദങ്ങളുമായി ഈ ചിത്രം പൊതുസമൂഹത്തില്‍ സാമാന്യം നല്ല ചര്‍ച്ചയായിക്കഴിഞ്ഞു. പൊതുവേ ചൂഷകരും സവര്‍ണ്ണക്കോമരങ്ങളും ആടിത്തിമര്‍ക്കുന്ന മലയാള സിനിമയില്‍ പരാജയപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റേയും വീക്ഷണകോണുകളിലൂടെ ജീവിതത്തേയും സിനിമയെത്തന്നെയും കാണാനുള്ള ചെറുതല്ലാത്ത ശ്രമം ഉണ്ടായി എന്നതുകൊണ്ട്‌ കൂടിയാണ് അതിശയിപ്പിക്കുന്ന ഒരു കലാസൃഷ്ടി അല്ലാഞ്ഞിട്ടുകൂടി ഈ ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ ഒരു സുപ്രധാന സ്ഥാനം നേടുന്നത്. 

ഇരുപതുകളില്‍ ഒരു സിനിമ എടുക്കണമെന്ന മോഹവുമായി യാത്രകളും പഠനവുമായി നടക്കുന്ന ജെ. സി. ഡാനിയലിലൂടെ തുടങ്ങുന്ന ചിത്രം വിഗതകുമാരന്റെ നിര്‍മ്മാണത്തില്‍ ഡാനിയല്‍ നേരിടുന്ന ബുദ്ധിമുട്ടുകളിലൂടെയും ചിത്രത്തിലെ നായികയായ റോസിയുടെ ജീവിതത്തിലൂടെയും പുരോഗമിക്കുകയും ഡാനിയലിന്റെ കഷ്ടപ്പാട് നിറഞ്ഞ അവസാനകാലത്തെ ചെലങ്ങോട് ഗോപാലകൃഷ്ണന്റെ കണ്ണുകളിലൂടെ കാണിച്ചു അവസാനിക്കുകയും ചെയ്യുന്നു. ഒരു പൊതുപരിപാടിയില്‍ നടക്കുന്ന പ്രസംഗങ്ങളോടെ സിനിമ അവസാനിപ്പിക്കേണ്ടി വരുന്നത് ഉള്‍പ്പടെ സിനിമയെന്ന നിലയില്‍ അഭംഗി നിറഞ്ഞ ധാരാളം സംഗതികള്‍ ചിത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാലും ഈ ചിത്രമെടുത്ത കമലിന്റെ ഉദ്ദേശശുദ്ധിയും പരിശ്രമത്തേയും സിനിമയോടുള്ള മനോഭാവത്തെയും അഭിനന്ദിക്കുന്നതിന് അതൊന്നും തടസ്സമാകുന്നില്ല. 

ഒരു ദളിതന്റെ വീക്ഷണകോണില്‍ ജീവിതത്തെ കാണുക എന്നത് മലയാളസിനിമയില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു സംഭവമാണ്. അതിനു ശ്രമിച്ച പല ചിത്രങ്ങളും അധികം ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ 'പാപ്പിലിയോ ബുദ്ധ' പോലുള്ള ചിത്രങ്ങള്‍ നേരിട്ടത് വിലക്കുകളും സെന്‍സര്‍ കത്രികയുടെ അമിത പ്രയോഗങ്ങളുമാണ്‌.  മുഖ്യധാരാ മലയാള സിനിമയില്‍ ദളിതന്റെയും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരുടെയും ജീവിതം തീരെ അടയാളപ്പെട്ടിട്ടില്ല എന്നുതന്നെ പറയാം. ആ അവസരത്തിലാണ് മുഖ്യധാരാസിനിമയുടെ ഭാഗമായി നിലനില്‍ക്കുന്ന എന്നുതന്നെ പറയാവുന്ന ഒരു ചിത്രത്തില്‍ പി. കെ റോസി എന്ന ആദ്യമലയാള നായിക നേരിട്ട ജാതീയമായ അടിച്ചമര്‍ത്തലുകളും അതുമൂലം ആദ്യമലയാള സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്‍ഗ്ഗതിയും വിഷയമാകുന്നു എന്നതിന്റെ ചരിത്രപ്രാധാന്യം. 

ചിത്രം നിര്‍മ്മിക്കുന്നതിന് ഡാനിയല്‍ നേരിടേണ്ടി വന്ന ആദ്യപ്രശ്നങ്ങളില്‍ ഒന്ന് ഒരു നായികയെ കണ്ടെത്തുക എന്നതാണ്. 'തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ അഭിനയിക്കുമോ?' എന്നാണു ഡാനിയലിന്റെ ഭാര്യ  ജാനെറ്റ് ചോദിക്കുന്നത്. ഇന്നും പൂര്‍ണ്ണമായി വിട്ടുമാറാത്ത ഒരു പൊതുബോധത്തിന്റെ ബീജം നമുക്കിവിടെ കാണാം. നായികക്കായി പല ശ്രമങ്ങളും നടത്തുന്ന ഡാനിയല്‍ ഒടുവില്‍ കാക്കാരിശ്ശി നാടകക്കാരിയായ റോസമ്മയില്‍ എത്തിച്ചേരുന്നു. സാമാന്യം സമ്പന്നന്‍ ആയിരുന്ന ഡാനിയേല്‍ ' വിഗതകുമാരന്‍ ' എന്ന തന്റെ ചിത്രത്തിന്റെ നിര്‍മ്മാണത്തോടെ സാമ്പത്തികമായി തകരുകയും അഗസ്തീശ്വരത്തേക്ക് നാടുവിട്ടു പോകുകയും ചെയ്യുന്നു. റോസമ്മയെന്ന(പി. കെ റോസി) പുലയപ്പെണ്‍കുട്ടിയെ നായര്‍ യുവതിയായ നായികയാക്കുക വഴി ജാതിവെറിയന്മാരായ മേലാളന്മാരുടെ അപ്രീതിക്ക് ഡാനിയല്‍ പാത്രീഭവിച്ചു എന്നതാണ് ' വിഗതകുമാരന്‍ ' സാമ്പത്തികമായി തകരുന്നതിനുള്ള പ്രധാനകാരണമായി ചിത്രം മുന്നോട്ടു വെക്കുന്നത്. താന്‍ അഭിനയിച്ച ചിത്രം ഒരുവട്ടം കാണുന്നതില്‍ നിന്നുപോലും റോസി വിലക്കപ്പെടുന്നു. കാപ്പിറ്റോള്‍ തീയേറ്ററില്‍ താന്‍ നായികയായി അഭിനയിച്ച സിനിമയുടെ ആദ്യപ്രദര്‍ശനം നടക്കുമ്പോള്‍ അയിത്തം മൂലം തീയേറ്ററിന് അകത്തു പ്രവേശിക്കാന്‍ കഴിയാതെ റോസമ്മ നില്‍ക്കുന്ന രംഗം ഒരു ജനത നൂറ്റാണ്ടുകളോളം അനുഭവിച്ച വിവേചനത്തിന്റെയും വേദനയുടേയും ഒരു ചെറിയ അംശമെങ്കിലും പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. 

'വിഗതകുമാരന്റെ' ആദ്യപ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട  സ്ഥലത്തെ പ്രമാണിമാര്‍ തന്നെ ആ പ്രദര്‍ശനം അലങ്കൊലമാക്കുന്നു. തുടര്‍ന്ന് അവര്‍ റോസമ്മയുടെ വീട് അഗ്നിക്കിരയാക്കുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്യുന്നു. അവിടെനിന്നു ഓടിരക്ഷപെടുന്ന റോസമ്മ പിന്നീട് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല, അഥവാ സംവിധായകന്‍ അതിനു ശ്രമിക്കുന്നില്ല. പക്ഷെ, ഈ രംഗത്തോട് ചേര്‍ത്തു വെക്കാവുന്ന തിളക്കമാര്‍ന്ന ഒരു രംഗം ചിത്രത്തിലുണ്ട്.  ഡാനിയലിന്റെ മകന്‍ ഹാരിസ് ഡാനിയേല്‍ ബസ്സില്‍ വരുമ്പോള്‍ തിരുവനന്തപുരം ന്യൂ തീയേറ്ററില്‍ 'നരസിംഹം' സിനിമയുടെ റിലീസിന് പ്രിന്റ്‌ കൊണ്ട് വരികയാണ്. ഫാന്‍സിന്റെ ആഘൊഷം. 'വിഗതകുമാരന്റെ' ഒരേയൊരു പ്രിന്റ്‌ ആറു വയസ്സുള്ളപ്പോള്‍ ഹാരിസ് കത്തിച്ചു കളഞ്ഞിരുന്നു. അറിയാതെ ചെയ്ത ആ തെറ്റിന്റെ അതിന്റെ വില ഹാരിസ് മനസിലാക്കുന്നത്‌ ഇത് കാണുമ്പോഴാണ് എന്നൊരു വായന ഈ രംഗത്തിന് നല്‍കാം. എന്നാല്‍ അതിനേക്കാള്‍ അര്‍ത്ഥവത്തായ മറ്റൊരു വായന ഈ രംഗത്തിന് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു. 

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ സിനിമയില്‍ പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സവര്‍ണ്ണക്കോമരങ്ങളുടെ ആടിത്തിമര്‍പ്പിന്റെ കേളീകേന്ദ്രമായി മലയാള സിനിമ മാറിയതും ഇക്കാലത്താണ്. അതിന്റെ പരകോടിയായിരുന്നു 'നരസിംഹം' എന്ന ചിത്രം. ഏത് സവര്‍ണ്ണപ്രത്യയശാസ്ത്രമാണോ ആദ്യ മലയാള സിനിമയെ ഒരു പ്രിന്റ്‌ പോലും അവശേഷിപ്പിക്കാത്ത നശിപ്പിച്ചത് അതെ പ്രത്യയശാസ്ത്രം തന്നെയാണ് പ്രബുദ്ധ കേരളത്തില്‍ മലയാള സിനിമയാല്‍ ആഘോഷിക്കപ്പെടുന്നത് എന്ന വൈരുധ്യത്തെയാണ് ഈ രംഗത്തിലൂടെ കമല്‍ വിദഗ്ദമായി തുന്നിപ്പിടിപ്പിചിരിക്കുന്നത് എന്ന് വായിക്കാനാണ്‌ ലേഖകന് താല്പര്യം. അഥവാ കമല്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എങ്കില്‍ക്കൂടി, അങ്ങനെ ഒരു വായനയ്ക്കുള്ള സാധ്യത എങ്കിലും നല്‍കിയത് കമലിനോട് മലയാള സിനിമാചരിത്രം കടപ്പെട്ടിരിക്കും. 

പതിറ്റാണ്ടുകള്‍ക്കിപ്പുറവും സിനിമയുടെ മേല്‍ ജാതീയമായ വിലക്കുകള്‍ ഉണ്ടാവുന്നു എന്നത് പുരോഗമന സ്വഭാവം പ്രകടിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സമൂഹത്തിനു ഒട്ടും ആശാസ്യമല്ല. വിശ്വരൂപം എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെപ്പറ്റി മുന്‍പ് (വിശ്വരൂപം: വിലക്കുകള്‍ അവശേഷിപ്പിക്കുന്നത്) ചര്‍ച്ച ചെയ്തിരുന്നു. മറ്റൊരു രീതിയില്‍ സെല്ലുലോയിഡിനും പ്രദര്‍ശനത്തിനു മുന്നേ വിലക്കുകള്‍ നേരിടേണ്ടി വന്നിരുന്നത് ഒരു യാദൃശ്ചികത മാത്രമായി മാറാത്തത് ഈ അവസരത്തിലാണ്. സിനിമാവിതരണ മേഖലകളിലെ മാടമ്പിത്തരത്തിനു എതിരെ മുന്‍പ് കമല്‍ പ്രതികരിച്ചതാണ് ഇതിനു കാരണമായതെന്ന് മാത്രം. പക്ഷെ ഇവിടെ വിലക്കുകള്‍ വിജയിക്കാതിരിക്കുകയും ചിത്രം സാമാന്യം നല്ല വിജയം നേടുകയും ചെയ്തു. വിലക്കുകള്‍ അവശേഷിപ്പിക്കാതിരുന്നത് മലയാള സിനിമയുടെ ചരിത്രം തന്നെയാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. 

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 28, 2013

കമ്മത്ത് & കമ്മത്ത്:ദോശയുടെ ജാതിയും രാഷ്ട്രീയവും, ബീഫിന്റേയും

ചലച്ചിത്രത്തിന്റെ സാമൂഹികാര്‍ത്ഥങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഒരു കലാരൂപമെന്ന നിലയില്‍ അതിനു ചില പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും നിറവേറ്റതുണ്ടെന്നും പലരും വിസ്മരിക്കുന്ന ഒന്നാണ്. സിനിമയുടെ രൂപവും ഉള്ളടക്കവും പരിശോധിച്ചുകൊണ്ട്‌ അത് ജന്മം കൊള്ളുന്ന സമൂഹത്തിന്റെ സാംസ്കാരികാവസ്ഥയെക്കുറിച്ചും രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചും മനസിലാക്കാനാവും. നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഓരോ പ്രത്യയശാസ്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നുള്ളത് പലരും കാണാതെ പോകുന്ന വസ്തുതയാണ്.
-വി.കെ ജൊസഫ് (സിനിമയും പ്രത്യയശാസ്ത്രവും, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്)

ഉദയ്കൃഷ്ണ-സിബി കെ തോമസ്‌ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ തോംസണ്‍ കെ.തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'Proprietors കമ്മത്ത് & കമ്മത്ത്'. മമ്മൂട്ടിയും ദിലീപും റീമ കല്ലിങ്കലും നരേനും പോരാത്തതിന് തമിഴില്‍ നിന്ന് ധനുഷും നടിച്ചിരിക്കുന്ന ഈ ചിത്രം ഒരു തമാശപ്പടമാണ് എന്നാ ലേബലിലാണ് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നത്. ഹിറ്റ്ലര്‍ ബ്രദേഴ്സിലും മാട്ടുപ്പെട്ടി മച്ചാനിലും തുടങ്ങി മായമോഹിനിയിലൂടെയും കാര്യസ്ഥനിലൂടെയും മി.മരുമകനില്‍ എത്തി നില്‍ക്കുന്ന സിബി-ഉദയ് കൂട്ടുകെട്ട് 'കാര്യസ്ഥന്‍' സംവിധാനം ചെയ്ത തോമസണുമായി വീണ്ടും ഒന്നിക്കുമ്പോള്‍ വളരെ ദയനീയമാണ് അവരുടെ മുന്നില്‍ പെട്ടുപോയ പ്രേക്ഷകരുടെ അവസ്ഥ. മമ്മൂട്ടിയുടെയും ദിലീപിന്റെയും കൊങ്കിണി ഭാഷാപ്രയോഗം സ്കൂള്‍ യുവജോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളെപ്പോലും നാണിപ്പിക്കും. കേരളത്തിലെ എല്ലാ സ്ലാങ്ങുകളും പരീക്ഷിക്കുക എന്നാ മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ്‌ ഇതോടു കൂടി അട്ടത്തുകയറിയാല്‍ ഈ കലാസൃഷ്ടി കൊണ്ട് മലയാള സിനിമയ്ക്ക് അത്രയെങ്കിലും നേട്ടം ഉണ്ടായി എന്ന് ആശ്വസിക്കാം. മമ്മൂട്ടി ചെയ്ത ഏറ്റവും മോശം കഥാപാത്രങ്ങളില്‍ ഒന്നാണ് ചേട്ടന്‍ കമ്മത്ത്. ദിലീപ് അനിയന്‍ കമ്മത്തിന്റെ നിലവാരത്തില്‍ നിന്ന് മുകളില്‍ പോയ അവസരങ്ങള്‍ അപൂര്‍വ്വമാണ് എന്നതുകൊണ്ട്‌ അതിനെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല. നായകരുടെ ചുറ്റിലുമായി അങ്ങനെ നില്‍ക്കുക എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം പതിവുപോലെ മറ്റു കഥാപാത്രങ്ങള്‍ക്കില്ല. ബാബുരാജിനെ മുന്‍നിര്‍ത്തി നിരത്തിയിരിക്കുന്ന തമാശകള്‍ ലക്‌ഷ്യം കാണാതെ അലയുമ്പോള്‍ കര്‍ണ്ണകടോരമായ ഗാനങ്ങള്‍ തീയേറ്ററില്‍ ഒരു സുഖനിദ്ര നേടുന്നതില്‍നിന്നുപോലും പ്രേക്ഷകനെ തടയുന്നു. എന്നിട്ടും ചിത്രം കോടികള്‍ നേടി സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

കമ്മത്ത് & കമ്മത്ത് ഒരു നാലാംകിട തല്ലിപ്പൊളി സിനിമയായിട്ടു കൂടി അത് മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം അത്യന്തം ആപല്‍ക്കരവും സാമൂഹ്യവിരുദ്ധവും ആണെന്ന് പറയാതെ വയ്യ. തങ്ങള്‍ ബ്രാഹ്മണര്‍ ആണെന്നും, അതിനാല്‍ കള്ളം പറയാത്ത മഹാന്മാര്‍ ആണെന്നും വീമ്പു പറയുന്ന നായകന്മാരിലൂടെ പ്രത്യക്ഷപ്പെടുന്ന സവര്‍ണ്ണദാസ്യം അവരുടെ ഭക്ഷണരീതികളുടെ പുകഴ്ത്തലുകളിലൂടെയും മാംസഭക്ഷണത്തിന്റേയും അത് കഴിക്കുന്നവരുടെയും ഇകഴ്ത്തലിലൂടെയും പൂര്‍ണ്ണമാകുന്നു. അത് പിന്നീട് സ്വന്തം മതത്തില്‍ പെട്ടവര്‍ക്ക് മാത്രമേ സ്ഥലം നല്‍കൂ എന്ന് അടുത്തകാലത്ത്‌ കണ്ടുതുടങ്ങിയ നിര്‍ബന്ധബുദ്ധിയെവരെ ന്യായീകരിക്കുന്ന തലത്തിലേയ്ക്ക് ചിത്രം തരം താഴുന്നു. 

സവര്‍ണ്ണഹൈന്ദവതയുടെ ചരിത്രത്തില്‍ മാംസഭക്ഷണ വിരുദ്ധതയ്ക്കുള്ള സ്ഥാനം ചെറുതല്ല. അത് നിരുപദ്രവകരം എന്ന് തോന്നിപ്പിക്കുന്ന പ്രചാരണങ്ങള്‍ മുതല്‍ ഗോവധനിരോധനത്തില്‍ വരെ എത്തിനില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാംസഭുക്കാവുക എന്നത് ഒരു മോശപ്പെട്ട കാര്യമാണെന്നും അതില്‍ പോത്തിറച്ചി കഴിക്കുന്നത്‌ ഹീനമാണെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ബ്രാഹ്മണിക്കല്‍ ആയ മൂല്യങ്ങളുടെ പുനസ്ഥാപനതിനുള്ള ശ്രമങ്ങളില്‍ ആണെന്ന് കാണാന്‍ വിഷമമില്ല.അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വം അടിസ്ഥാനമാക്കിയുള്ള ശക്തികള്‍ ഗോവധനിരോധനത്തെ തങ്ങളുടെ പ്രധാന അജണ്ടകളില്‍ ഒന്നായി പ്രഖ്യാപിക്കുന്നതും ഗോവധം നടത്തുന്നവര്‍ക്ക് ശിക്ഷ നടപ്പാക്കാനായി നിയമനിര്‍മ്മാണം പോലും കൊണ്ടുവരാന്‍ ശ്രമിക്കുന്നതും. ദളിതയായ സ്ത്രീ പാത്രം കഴുകുന്നതുകൊണ്ട് സ്കൂളിലെ ഭക്ഷണം ഉപേക്ഷിക്കാന്‍ കുട്ടികളെ ഉപദേശിക്കുന്ന മാതാപിതാക്കളെ സൃഷ്ടിക്കുന്നത് ഈ പ്രത്യശാസ്ത്രം തന്നെയാണ്.

നമ്പൂതിരിയുടെ (ജനാര്‍ദ്ദനന്‍ ) ശ്രീകൃഷ്ണ വെജിറ്റെറിയന്‍ ഹോട്ടല്‍ അതിനു എതിര്‍വശത്ത് നോണ്‍-വെജ് ഹോട്ടല്‍ നടത്തിരിയിരുന്ന സുലൈമാന്‍ സാഹിബ് (റിസബാവ) ചതിയിലൂടെ അടപ്പിക്കുന്നു. ആ സ്ഥലം തന്റെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ആവശ്യത്തിനായി കയ്യടക്കാന്‍ സാഹിബ് ശ്രമിച്ചിട്ടും നടക്കുന്നില്ല. തന്റെ സ്ഥലത്ത് ക്ഷേത്രം ഉണ്ടെന്നും അതിനാല്‍ അവിടെ മീനും ഇറച്ചിയും ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല എന്നും പറഞ്ഞുകൊണ്ട് നമ്പൂതിരി ഈ ശ്രമങ്ങളെ എതിര്‍ക്കുന്നു. ഒടുവില്‍ സാഹിബിന്റെ എതിര്‍പ്പ് അവഗണിച്ച് വലിയ ഹോട്ടല്‍ ശൃംഘലയുടെ ഉടമകളായ കമ്മത്തുമാര്‍ എത്തി ഈ സ്ഥലം ലീസിനു എടുക്കുകയും അവിടെ ഒരു വെജിറ്റെറിയന്‍ ഹോട്ടല്‍ തുടങ്ങുകയും ചെയ്യുന്നു.ഹോട്ടല്‍ അടപ്പിക്കാനായി സാഹിബ് നടത്തുന്ന ശ്രമങ്ങളെ കമ്മത്തുമാര്‍ തോല്‍പ്പിക്കുകയും സ്ഥലം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതില്‍ ജാതിക്കും ഭക്ഷണരീതിക്കുമുള്ള പ്രാധാന്യത്തെപ്പറ്റി സാഹിബിനു ക്ലാസ് എടുക്കുകയും ചെയ്യുന്നു. അങ്ങനെ മനം മാറി സാഹിബ് 'നല്ലവനാ'കുന്നു. തീര്‍ത്തും നിരുപദ്രവകരവും നിര്‍ദ്ദോഷവും ആണെന്ന് തോന്നിപ്പിക്കുന്ന ഈ പ്ലോട്ടില്‍ മറഞ്ഞിരിക്കുന്ന പ്രതിലോമകത മനസിലാക്കാന്‍ മുകളില്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. 

ചീളുകേസുകള്‍ ഒന്നും കമ്മത്തുമാര്‍ കൈകാര്യം ചെയ്യാറില്ല; അതിനു അവര്‍ മീനും ഇറച്ചിയും പോത്തും കൊടുത്തു വളര്‍ത്തുന്ന ഗോപി (ബാബുരാജ്) ഉണ്ട്. ബാബുരാജ് ഗുണ്ടകളെ, ഇതിലെ ഗുണ്ടാസിനെ കണ്ടു വികാരം വ്രണപ്പെട്ടത്തിന്റെ പേരില്‍ ശരിക്കുമുള്ള ഗുണ്ടകള്‍ പ്രശ്നമുണ്ടാക്കാതിരുന്നാല്‍ നിര്‍മ്മാതാവിന്റെ ഭാഗ്യം, ഒറ്റയ്ക്ക് ഇടിച്ചു പപ്പടവും പരിപ്പും ആക്കുമ്പോള്‍ ചേട്ടന്‍ കമ്മത്ത് സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ കാറിന്റെ ബോണറ്റില്‍ ഇരുന്നു മുറുക്കിത്തുപ്പുന്നു. ഈ രംഗങ്ങള്‍ തന്റെ ശിങ്കിടികള്‍ ആളുകളെ ഇടിച്ചു ഇഞ്ചപ്പരുവമാക്കുമ്പോള്‍ വീട്ടിലെ വലിയ കസേരയില്‍ കാലിന്മേല്‍ കാലും കയറ്റി ആസ്വദിച്ചു മുറുക്കിയിരുന്ന നാടുവാഴിക്കോമരങ്ങളെ ഒരു നിമിഷമെങ്കിലും പ്രക്ഷകന്റെ മനസിലേക്ക് കൊണ്ടുവന്നാല്‍ അതിനു ആരെയാണ് കുറ്റം പറയേണ്ടത്? ആരുടെ പക്ഷമാണ്, ആരുടെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പിന്നണിക്കാര്‍ ചുമക്കുന്നത് എന്ന ചോദ്യം വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത് ഇങ്ങനെയാണ്. ഗോപിയെ തോന്നുമ്പോഴൊക്കെ കമ്മത്തുമാര്‍ തല്ലുകയും ചവുട്ടുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോള്‍, കമ്മത്തുമാരുടെ കാല്ച്ചുവട്ടിലായി തറയില്‍ മാത്രം ഗോപി ഇരിക്കുമ്പോള്‍, ഗോപിയുടെ പോത്തിറച്ചി പ്രേമത്തെ ചിത്രത്തിലുടനീളം കമ്മത്തുമാര്‍ കളിയാക്കുമ്പോള്‍ ചിത്രത്തിന്റെ പിന്നണിക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്രം സവര്‍ണ്ണനാടുവാഴിത്തതിന്റെതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? ആ നാടുവാഴിത്തത്തെ എതിര്‍ത്ത് തോല്‍പ്പിച്ച നവോദ്ധാന പ്രസ്ഥാനങ്ങളെ ഏതു കള്ളിയിലാണ് അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? ഒടുവില്‍ ഈ കമ്മത്തുമാര്‍ വിജയശ്രീലാളിതരായി നില്‍ക്കുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് നവോദ്ധാന കേരളത്തിന്റെ ചരിത്രം തന്നെയല്ലേ? അനിയന്‍ കമ്മത്ത് മിശ്രവിവാഹിതന്‍ ആകുന്നതുപോലുള്ള ചില നല്ല അംശങ്ങള്‍ ചിത്രത്തില്‍  ഉണ്ട് എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. എന്നാല്‍ അതുയര്‍ത്തുന്ന പുരോഗമനപരതയ്ക്ക് ചിത്രത്തില്‍ ആകമാനം ഉയര്‍ന്നു നില്‍ക്കുന്ന സവര്‍ണ്ണക്കൊയ്മയുടെ മുന്നില്‍ ആയുസ് വളരെക്കുറവാണ് എന്നതാണ്, അതുതന്നെയാണ് പ്രശ്നം. വി.കെ ജൊസഫ് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടെ 'നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഓരോ പ്രത്യയശാസ്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നുള്ളത് പലരും കാണാതെ പോകുന്ന വസ്തുതയാണ്.' ആ വസ്തുത തന്നെയാണ് കമ്മത്തുമാര്‍ സ്വീകരിക്കപ്പെടുമ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്, പ്രത്യേകിച്ചും സവര്‍ണ്ണത ഇന്ത്യയില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന ഈ കാലത്ത്.

ശുഭം! 
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

വിശ്വരൂപം: വിലക്കുകള്‍ അവശേഷിപ്പിക്കുന്നത്...

നീണ്ട വിവാദ കോലാഹലങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാരിന്റെ നിരോധനത്തിനും ഇടയില്‍ വിശ്വരൂപം പ്രദര്‍ശനത്തിനെത്തി. ഇന്ത്യയിലാകെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ റിലീസ് ആയ ഈ ബഹുഭാഷാ ചിത്രം നിരോധനം മൂലം തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഡി.ടി.എച്ചില്‍ റിലീസ് ചെയ്യാനുള്ള കമലഹാസന്റെ തീരുമാനമാണ് വിശ്വരൂപത്തെ ആദ്യം വാര്‍ത്തകളില്‍ എത്തിക്കുന്നത്. തീയേറ്റര്‍ കളക്ഷനുകള്‍ മാത്രം നിര്‍മ്മാതാവിന്റെ വരുമാന മാര്‍ഗ്ഗമായിരുന്ന കാലം എന്നെ പോയ്മറഞ്ഞു. ഇപ്പോള്‍ ചിത്രം തീയേറ്ററുകളില്‍ രണ്ടാഴ്ച മാത്രം ഓടിയാലും സാറ്റലൈറ്റ് -ഡി.വി.ഡി-ഓവര്‍സീസ്‌ റൈറ്റുകള്‍ കൊണ്ട് മുതല്‍മുടക്ക് തിരികെ പിടിക്കാന്‍ ചിലപ്പോള്‍ ലാഭമുണ്ടാക്കാനും നിര്‍മ്മാതാവിന് കഴിയുന്നു. ഈ അവസരത്തിലാണ് ഡി.ടി.എച്ച് റിലീസ് എന്ന ആശയവുമായി കമലഹാസന്‍ മുന്നോട്ടു വരുന്നത്. എന്നാല്‍ തീയേറ്റര്‍ ഉടമകളുടെ പ്രതിഷേധം മൂലം ഇതിനു തടസ്സങ്ങള്‍ നേരിട്ടു. ഇപ്പോള്‍ തമിഴ് നാട്ടില്‍ നിരോധനം ഉണ്ടായത് മൂലം ഡി.ടി.എച്ച് റിലീസ് അനിശ്ചിതത്വത്തില്‍ ആണ്. ഈ പ്രശ്നത്തിലെ തക്കം മൂലം കേരളത്തില്‍ എ-ക്ലാസ് തീയേറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ ബി-ക്ലാസ് തീയേറ്ററുകളിലും സര്‍ക്കാര്‍ തീയേറ്ററുകളിലും ചിത്രം നിറഞ്ഞോടുന്നു. ഡി.ടി.എച്ച് റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരോധനത്തിന് പിന്നില്‍ ഉണ്ടെന്നു പറയപ്പെടുന്നു. അതില്‍ എത്രമാത്രം വസ്തുതയുണ്ടെന്നു ഇനിയും വ്യക്തമാകേണ്ടതുണ്ട്.

നൂറു കോടിയിലധികം ചെലവാക്കി എടുത്ത ഈ ചിത്രത്തിന്റെ നിര്‍മ്മാണം കമല്‍ഹാസന്‍ സഹോദരന്‍ ചന്ദ്രഹാസനുമായി ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. രചനയും സംവിധാനവും കമല്‍ തന്നെ. ലോകനിലവാരമുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ശരാശരി തമിഴ് ചിത്രത്തില്‍ നിന്നും ഒട്ടും മേലയല്ല വിശ്വരൂപം. പലപ്പോഴും തിരക്കഥയിലെയും എഡിറ്റിങ്ങിലെയും പാളിച്ചകള്‍ മുഴച്ചു നില്‍ക്കുന്നു. ഒരു സ്പൈ-ത്രില്ലറിനുള്ള പശ്ചാത്തലം  ഉണ്ടായിട്ടും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പ്രക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ചിത്രം പൂര്‍ണ്ണമായും വിജയിക്കുന്നില്ല. എന്നാല്‍ 'മുസ്ലീം സംഘടനകള്‍' എന്ന ലേബലില്‍ പ്രതിഷേധവുമായി ഇറങ്ങി ചിത്രത്തിന്റെ നിരോധനത്തിന് കാരണക്കാരായവര്‍ ഉയര്‍ത്തുന്ന ആശങ്കള്‍ അസ്ഥാനത്ത് തന്നെയാണ് എന്ന് പറയേണ്ടി വരും.

ചിത്രത്തില്‍ ഖുറാനിലെ ചില വാക്യങ്ങളെ വയലസിന്റെ പശ്ചാത്തലമായി ഉപയോഗിക്കുന്നു എന്നാണു അവരുടെ പ്രധാന ആരോപണം. മറ്റൊന്ന് മുസ്ലീം മതവിശ്വാസത്തെയും തീവ്രവാദത്തെയും കൂട്ടികെട്ടുന്നു എന്നതും. 2001-ലെ തീവ്രവാദ ആക്രമത്തെ തുടര്‍ന്ന് ഒരു ഇസ്ലാമോഫോബിയ പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട് എന്നതും അതില്‍ അവര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്നതും സത്യമാണ്. ഈ ആശങ്ക അഡ്രസ്‌ ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഈ ആശങ്കയെ ചൂഷണം ചെയ്തു തന്‍കാര്യം നേടാന്‍ നടക്കുന്നവരുടെ പൊള്ളത്തരങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. 



അമേരിക്കന്‍ ആക്രമണം നേരിടുന്ന കാലത്തെ അഫ്ഘാനിസ്ഥാനാണ് ചിത്രത്തിന്റെ സിംഹഭാഗവും പശ്ചാത്തലം ആയി വര്‍ത്തിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ചു താലിബാന് ഭാരം പിടിച്ചെടുക്കാന്‍  സഹായകരമായത് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പിന്തുണ ഒന്ന് മാത്രമാണ്. ഈ പ്രദേശത്തെ സോവിയറ്റ് യൂണിയന്‍ സ്വാധീനം ഇല്ലാതാക്കുക എന്നതായിരുന്നു അമേരിക്കയുടെ പ്രധാന ഉദ്ദേശം. അക്കാലത്ത് ഒസാമാ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മാനസപുത്രനായിരുന്നു എന്നും ഓര്‍ക്കുക. എന്നാല്‍ പിന്നീട് ഇവര്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമായി തെറ്റുകയും അവരുടെ മുഖ്യശത്രുക്കള്‍ ആവുകയും ചെയ്തു. അവര്‍ ഉപയോഗിച്ചതില്‍ അധികവും അമേരിക്ക തന്നെ നല്‍കിയ ആയുധങ്ങള്‍ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തീവ്രവാദം എന്നത് മതപരം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ പ്രശ്നമാണ്. മതം അവര്‍ക്ക് ഒരു ഉപകരണം മാത്രമാണ്.എന്നാല്‍ ഈ ഉപകരണത്തെ അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നത് കൊണ്ട് തീവ്രവാദത്തെ പറ്റി പരാമര്‍ശിക്കുമ്പോള്‍ മതവും കടന്നു വരാം. അതിനു പ്രധാന കാരണക്കാര്‍ മതത്തെ ഉപകരണമാക്കി വിശ്വാസത്തെ ചൂഷണം ചെയ്തവര്‍ തന്നെയാണ്.

അമേരിക്കന്‍ സാമാജ്യത്വമാകട്ടെ തീവ്രവാദ വിരുദ്ധയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയത്തെ അല്ല, മറിച്ച് മതപരമായ പശ്ചാത്തലത്തെ ആണ് ആയുധമാക്കിയത്. കാരണം തീവ്രവാദത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അതിന്റെ ഒന്നാം പ്രതി തങ്ങള്‍ തന്നെ ആയിരിക്കും എന്ന് അവര്‍ക്കുള്ള തിരിച്ചറിവ് തന്നെയാണ് ഇതിനു കാരണം. തങ്ങളുടെ നേരെ കുറ്റപ്പെടുത്തല്‍ വരാതിരിക്കാനായി അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ വിവിധങ്ങളായ  ജിഹ്വകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പോതുബോധമാണ് പ്രതിസ്ഥാനത്ത്  ഇസ്ലാം സമൂഹത്തെ  കൊണ്ടുവന്നത്. ഈ രണ്ടു വസ്തുതകളും പരിഗണിക്കാതെ തീവ്രവാദത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന പിഴവുകളാണ് ഇസ്ലാമോഫോബിയയുടെയും, നാം ഇന്ന് കാണുന്ന അസ്ഥാനത്തുള്ള പ്രതിഷേധങ്ങളുടെയും ആണിക്കല്ല്. 
 
'വിശ്വരൂപത്തി'ലേയ്ക്ക് തിരിച്ചു വരാം. താലിബാന്‍ ഭരണത്തില്‍ കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ അവിടത്തെ വേഷവിധാനങ്ങളും, വിശ്വാസങ്ങളും, ശിക്ഷാരീതികളും ഒക്കെ യഥാതഥമായി ചിത്രീകരിക്കുക നല്ല ചലച്ചിത്രകാരന്റെ കടമയാണ്. അതില്‍ ഇവിടെ കമലഹാസന്‍ വിജയിച്ചു എന്നുതന്നെ പറയേണ്ടി വരും. കമല്‍ അവതരിപ്പിക്കുന്ന കഥാപാത്രം മാത്രമാണ് ഇതില്‍ ഇന്ത്യന്‍ വംശജര്‍ ആയുള്ളത്, കമലാകട്ടെ തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വേഷം മാറി അവിടെ എത്തുന്നതും. തീവ്രവാദികളില്‍ രണ്ടുപേര്‍ തമിഴ് സംസാരിക്കുന്നതായി കാണിക്കുന്നെങ്കിലും അവര്‍ ഇന്ത്യയുമായി ഒരു രീതിയില്‍ ബന്ധമുള്ളവര്‍ അല്ല. മറിച്ച് കഥപറച്ചിലിന്റെ എളുപ്പത്തിനു വേണ്ടി കമല്‍ നടത്തിയ ഒരു തട്ടിക്കൂട്ട് പരിപാടി മാത്രമാണ് ഈ തമിഴ് ഭാഷയറിയാവുന്ന തീവ്രവാദികള്‍. അപ്പോള്‍പ്പിന്നെ ഈ ഭാഗങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് വലിച്ചു നീട്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്ന ശുദ്ധ വിഡ്ഢിത്തരം നിറഞ്ഞ പരിപാടിയാണ്. ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങുന്ന ഒ. അബ്ദുള്ളയെപ്പോലുള്ളവര്‍ പെട്ടെന്ന് വിഷയം മാറ്റി വിടത്തെ ഇസ്ലാം സമൂഹത്തെ പറ്റി സംസാരിക്കുന്നതും അതുകൊണ്ട് തന്നെ അസ്ഥാനത്തുള്ള ഇടപാടാണെന്നു മാത്രമല്ല, അത് നമ്മുടെ മുസ്ലീം സഹോദരങ്ങളെ  അപമാനിക്കുന്നതിനു തുല്യമാണ്.

തീവ്രവാദത്തെപ്പറ്റി ആഴത്തിലുള്ള രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങളൊന്നും ഈ ചിത്രത്തിലൂടെ നല്‍കാന്‍ കമല്‍ ഹാസന് കഴിഞ്ഞിട്ടില്ല. മറിച്ചു തീവ്രവാദത്തെ പശ്ചാത്തലമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു കച്ചവട സിനിമ മാത്രമാണ് വിശ്വരൂപം. കഴിഞ്ഞ ഒരു ദശാബ്ദമായി ലോകസിനിമയില്‍ തീവ്രവാദം ഒരു പ്രധാന വിഷയമാണ്.  മുഖ്യധാരാ- ഹോളിവുഡ് സിനിമകള്‍ അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍മ്മിച്ച പോതുബോധത്തെ പിന്‍പറ്റുമ്പോള്‍ മുഖ്യധാരയ്ക്ക് പുറത്തു നിലകൊള്ളുന്ന കച്ചവടം മാത്രം ലക്ഷ്യമാക്കാത്ത സിനിമകളും മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുവരുന്ന ചിത്രങ്ങളും തീവ്രവാദത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടു വരുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. മതത്തെ എങ്ങനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തീവ്രവാദികള്‍ ഉപയോഗിക്കുന്നു എന്നത് വിശദമായിത്തന്നെ ഈ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു.  

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ  'Nabil Ayouchസംവിധാനം ചെയ്ത 'Horses of God' എന്ന ഫ്രഞ്ച്-മൊറോക്കോ ചിത്രം മൊറോക്കോയിലെ കാസാബ്ലാങ്കയില്‍ നടന്ന ഒരു ചാവേര്‍ സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കഥയാണ്‌ പറയുന്നത്.  'താന്‍ തീവ്രവാദി ആണെന്നറിഞ്ഞാല്‍ തന്റെ കാമുകി എന്ത് കരുതും' എന്ന കേന്ദ്രകഥാപാത്രത്തിന്റെ കൂട്ടുകാരനോടുള്ള ചോദ്യത്തോടെയാണ് ചിത്രം തുടങ്ങുന്നത്. 'എന്ത് കരുതിയാല്‍ എന്താ, ചാവേറായി കൊല്ലപ്പെട്ടാല്‍ നാം സ്വര്‍ഗ്ഗത്തില്‍ എത്തും. അവിടെ നിന്നെക്കാത്ത് നൂറു സുന്ദരിമാര്‍ ഉണ്ടാകും' എന്നാണു കൂട്ടുകാരന്റെ മറുപടി. ഇങ്ങനെ ജീവിതം തുടങ്ങിയിട്ട് മാത്രമുള്ള മനുഷ്യരുടെ വിശ്വാസത്തെ തീവ്രവാദികള്‍ ചൂഷണം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൊടിയ ദാരിദ്ര്യവും മോശപ്പെട്ട ജീവിത അവസ്ഥകളുമാണ് കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കുന്നത്. അവര്‍ നിയന്ത്രിക്കപ്പെടുന്നതാകട്ടെ മത ഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളാലും. പ്രാര്‍ഥനകളുടെ നീണ്ട ദൃശ്യങ്ങളാണ് ചിത്രത്തിന്റെ വലിയൊരു ഭാഗം. എന്നാല്‍ അത് വ്യക്തമായ ദൃശ്യപദ്ധതിയുടെ ഭാഗമാണ്. അതുപക്ഷെ മതവികാരത്തെ വ്രണപ്പെടുത്തുകയല്ല, മറിച്ചു മതവിശ്വാസത്തിന്റെ ചൂഷണത്തെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം കൂടിയാണ്. 

ഇങ്ങനെയൊക്കെ പറയുമ്പോഴും വിശ്വരൂപം രാഷ്ട്രീയമായ ശരികേടാണ് മുന്നോട്ടുവെക്കുന്നത് എന്ന് പറയാതെ വയ്യ.  ലഘുവായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചിത്രത്തിന്റെ നിരോധനത്തിനായി ഘോരഘോരമായി വാദിക്കുന്നവര്‍ ഈ രാഷ്ട്രീയമായ ശരികേടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ കൂടിയാണ് ഇല്ലാതാക്കുന്നത്. അമേരിക്കയുടെ തീവ്രവാദവിരുദ്ധ പോരാട്ടമാണ് തീവ്രവാദത്തെ നേരിടാനുള്ള ശരിയായ വഴി എന്നും, അതിനു നാം അവര്‍ക്കൊപ്പം നില്‍ക്കണം എന്നും  ചിത്രം നമ്മോടു പറയുന്നു. ചരിത്രത്തെ മറന്നു കൊണ്ടുള്ള ഈ വാദം തെറ്റാണ് എന്ന് കാലം ഇതിനകം തെളിയിച്ചു കഴിഞ്ഞു. അമേരിക്കയുടെ അധിനിവേശങ്ങള്‍ തീവ്രവാദത്തെ ഇല്ലാതാക്കുകയല്ല മറിച്ച് കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കുന്നതില്‍ മാത്രമേ വിജയിക്കുന്നുള്ളൂ. അമേരിക്കയുടെ യുദ്ധങ്ങള്‍ വരുത്തിവെച്ച കെടുതികള്‍ ഇതൊരു തീവ്രവാദി ആക്രമണത്തെക്കാളും വലിയ നാശ നഷ്ടങ്ങള്‍ ലോകത്തിനു വരുത്തിക്കഴിഞ്ഞു. അമേരിക്കന്‍ ഭരണത്തില്‍ അമിതസ്വാധീനമുള്ള ആയുധലോബിയുടെ കീശ വീര്‍പ്പിക്കുകയും, എണ്ണപ്പാടങ്ങളുടെ നിയന്ത്രണം അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയുമാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം. സ്ത്രീത്വമുള്ള ഒരു നര്‍ത്തകനായാണ് കമല്‍ ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പെട്ടെന്നൊരു നിമിഷം ഒറ്റയ്ക്ക് പത്തിരുപത്തഞ്ചു പേര് അടിച്ചും കുത്തിയും കൊന്നുകൊണ്ട്  തന്റെ വിശ്വരൂപം പുറത്തെടുക്കുന്നു'Masculinity'-യില്‍ വിശ്വസിക്കുകയും അതാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നും കമല്‍ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ 'American Masculinity' -യ്ക്ക് മറ്റൊരു ചരിത്രവും വര്‍ത്തമാനവും ആണുള്ളത് എന്ന് കമല്‍ എപ്പോഴോ മറന്നുപോയിരിക്കുന്നു.

അതിര്‍ത്തി കടന്നു കേരളത്തിലെത്തി സിനിമ കണ്ടാണ്‌ തെക്കന്‍ തമിഴ്നാട്ടിലെ സിനിമാപ്രേമികള്‍ നിരോധനത്തെ തോല്‍പ്പിച്ചത്. നമ്മുടെ കച്ചവട സിനിമകളില്‍ സാധാരണ കാണുന്ന മുസ്ലീം വിരുദ്ധത വെച്ച് നോക്കിയാല്‍ വിശ്വരൂപം ഒരു നിരുപദ്രവകാരിയാണ്. നമ്മുടെ മുഖ്യധാരാ സിനിമ പലപ്പോഴും ദളിത്‌ വിരുദ്ധവും സ്ത്രീ വിരുദ്ധവും മുസ്ലീം വിരുദ്ധവുമായ ഒരുപാട് സംഗതികള്‍ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ അവയെ നേരിടേണ്ടത് നിരോധനങ്ങള്‍ കൊണ്ടല്ല; മറിച്ചു രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചകളിലൂടെയാണ്, ആശയസമരത്തിലൂടെയാണ് . മറ്റൊരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിരോധനത്തിന്റെ ആയുധം എടുക്കുന്നവര്‍ ആ ആയുധം നാളെ തങ്ങള്‍ക്കുതന്നെ ബാധ്യതയായിത്തീരും എന്നോര്‍ക്കു.
L

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജനുവരി 04, 2013

'ഐ.പി.എല്‍ എന്ന ബിസിനസ്‌' ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്ന വിധം


അങ്ങനെ പാകിസ്ഥാനോടുള്ള പരമ്പരയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീരോചിതമായി തോറ്റു. വിദേശത്ത് തുടര്‍ച്ചയായി എട്ടു ടെസ്റ്റ്‌ മത്സരങ്ങള്‍ തോറ്റ് ധോണിയുടെ ടീം പുതിയ 'ചരിത്രം' സൃഷ്ടിച്ചപ്പോഴും ഏകദിന-T20 മത്സരങ്ങളിലെയും നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളിലെയും വിജയങ്ങളാണ് ധോണിയുടെ ക്യാപ്ടന്‍സി റെക്കോഡിനെ തീര്‍ത്തും പരിതാപകരം ആക്കാതെ നിര്‍ത്തിയിരുന്നത്. എന്നാല്‍ ആ വിദ്യയും ഇന്ത്യന്‍ ടീമിന് അന്യമായി മാറിക്കഴിഞ്ഞു. ഐ.പി.എല്‍ എന്ന കോടികളുടെ ബിസിനസ് താല്പര്യങ്ങള്‍ മാന്യന്മാരുടെ കളിയെ എങ്ങനെയാണ് അങ്ങനെ അല്ലാതാക്കിത്തീര്‍ത്തത് എന്നത് ഏറെ പഠിക്കേണ്ട ഒരു സംഗതിയാണ്. ഇന്ത്യന്‍ സെലക്ടര്‍മാരുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ക്യാപ്റ്റനെ മാറ്റി പുതിയൊരാളെ നിയമിക്കാനുള്ള തീരുമാനത്തെ, ആ ക്യാപ്ടന്‍ തന്റെ സ്വന്തം ഐ.പി.എല്‍ ടീമിന്റെ താരം ആയതുകൊണ്ട് മാത്രം, അട്ടിമറിച്ച ബി.സി.സി.ഐ പ്രസിഡണ്ടിനു മുതല്‍ ഐ.പി.എല്ലിലെ കാര്യമായി മേലനങ്ങാതെ നേടുന്ന കോടികള്‍ കണ്ണ് മഞ്ഞളിപ്പിച്ച ഏറ്റവും ജൂനിയര്‍ താരങ്ങള്‍ക്കുവരെ ഈ ദുരന്തത്തില്‍ പങ്കുണ്ട്.

ധോണിയും ബി.ശ്രീനിവാസനും
courtesy :http://timesofnews.co/2012/12/12/selectors-wanted-to-sack-dhoni-but-bcci-did-not-allow-it/

പ്രസിഡണ്ടിന്റെ ഇലവന്‍


courtesy: wikipedia 
മുന്‍പ് വിദേശ രാജ്യങ്ങള്‍ ഇന്ത്യയില്‍ പരമ്പരയ്ക്കായി വരുമ്പോള്‍ അവര്‍ പരിശീലനത്തിനായി 'President's Eleven'-നെ നേരിടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 'പ്രസിഡണ്ടിന്റെ ഇലവന്‍' എന്ന് കേട്ടാല്‍ നമുക്ക് ഉടനെ ഓര്‍മ്മ വരിക ഒരു ഐ.പി.എല്‍ ടീമിനെ ആണ്. ഒരു ടീമിന്റെ ഉടമ തന്നെ ടൂര്‍ണമെന്റിന്റെ പ്രധാന നടത്തിപ്പുകാരന്‍ ആകുന്ന അശ്ലീലത്തെ മാറ്റിവെച്ചാല്‍ തന്നെ അത്ര ചെറുതല്ലാത്ത പ്രശ്നങ്ങള്‍ ഈ ഇരട്ടപ്പദവി മുന്നോട്ടു വെക്കുന്നു. ബി.സി.സി.ഐ സെക്രട്ടറി ആയിരുന്ന കാലം മുതല്‍ ശ്രീനിവാസന്‍ ഐ.പി.എല്ലിന്റെ നടത്തില്‍ നല്ലതല്ലാത്ത രീതിയില്‍ ഇടപെട്ടിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. രാജസ്ഥാനില്‍ വെച്ച് നടക്കുന്ന മത്സരത്തിനു പോലും ചെന്നൈ ടീമിന്റെ താല്പര്യ പ്രകാരം പിച്ച് ഒരുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാണ്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരുകയും ചെയ്തത് ഓര്‍ക്കുക. ഇതിനെത്തുടര്‍ന്ന് ആ സീസണ്‍ അവസാനത്തോടെ വാണ്‍ ഐ.പി.എല്ലുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ചെന്നൈ ടീമിന്റെ ഐ.പി.എല്ലിലെ മുന്നേറ്റത്തെ (ഇതുവരെയുള്ള 6 സീസണുകളില്‍ അഞ്ചെണ്ണത്തില്‍ ഫൈനലില്‍ എത്തിയ ചെന്നൈ രണ്ടു പ്രാവശ്യം ജേതാക്കള്‍ ആയി) ചിലപ്പോഴെങ്കിലും സംശയത്തിന്റെ മുനയില്‍ ആക്കിയിട്ടുണ്ട്. ചെന്നൈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്ന വസ്തുതയെ അംഗീകരിച്ചു കൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്.



മറ്റൊന്ന് ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് മുന്‍പ്  ചെന്നൈ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറും ആയിരുന്നു എന്നതാണ്. ഇന്ത്യന്‍ ടീമില്‍ എപ്പഴും ചുരുങ്ങിയത് മൂന്നോ, ചിലപ്പോള്‍ നാലോ ചെന്നൈ ടീമിന്റെ കളിക്കാര്‍ ഉണ്ടായിരുന്നു എന്നുകൂടി ഓര്‍ക്കുക. എന്നാല്‍ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് വിദേശത്ത് തുടര്‍ച്ചയായ എട്ടു ടെസ്റ്റ്‌ മത്സരങ്ങള്‍ തോറ്റതിനെ തുടര്‍ന്ന്‍ ധോണിയെ ടെസ്റ്റ്‌ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചപ്പോഴാണ്. മൊഹിന്ദര്‍ അമര്‍നാഥ് ആയിരുന്നു അപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ . സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് ബി.സി.സി.ഐ പ്രസിഡണ്ടിന്റെ അംഗീകാരം വേണമെന്ന തീര്‍ത്തും സാങ്കേതികമായ നിബന്ധന ഉണ്ട്. എന്നാല്‍ സാധാരണ ഗതിയില്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ബി.ശ്രീനിവാസന്‍ ഈ സാങ്കേതികത ഉപയോഗിച്ച് സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചു. തുടര്‍ന്ന് മൊഹിന്ദര്‍ അമര്‍നാഥ് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ടു എന്ന് കൂടി വരുമ്പോഴാണ് ബിസിനസ്‌ താല്പര്യങ്ങള്‍ക്ക് കളിയേക്കാള്‍ പ്രാധാന്യം ലഭിക്കുന്നതിന്റെ ദുരന്തം നാം അറിയേണ്ടത്.

യുവതാരങ്ങള്‍ക്ക് സംഭവിക്കുന്നത്‌ 

ഇന്ത്യന്‍ ടെസ്റ്റ്‌ ടീം നേരിടുന്ന തുടര്‍ച്ചയായ പരാജയങ്ങള്‍, പ്രത്യേകിച്ചും വിദേശത്ത്, ധോണിയെന്ന ക്യാപ്റ്റന്റെ കഴിവുകേട് മാത്രമല്ല സൂചിപ്പിക്കുന്നത്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന ഒരു സിസ്റ്റത്തിന് നേരിടേണ്ടി വന്ന അപചയം കൂടിയാണ്. പതിറ്റാണ്ടുകളോളം വിദേശത്ത് ഒരു ടെസ്റ്റ്‌ മത്സരം പോലും ജയിക്കാതിരുന്ന ഇന്ത്യന്‍ ടീം ആ ദൌര്‍ബല്യം ഇല്ലാതാക്കിയത് ഗാംഗുലി എന്ന നായകന്‍റെ വരവോടു കൂടിയാണ്. ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, യുവ താരങ്ങളെ ആത്മവിശ്വാസം നല്‍കി മുന്നോട്ടു കൊണ്ടുവരാന്‍ ഗാംഗുലി തയ്യാറായി. പരാജപ്പെട്ടാലും താന്‍ ഇത്ര മത്സരങ്ങള്‍ കളിക്കുമെന്ന മിനിമം ഗ്യാരന്റി യുവതാരങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. സെവാഗ്, ഗംഭീര്‍, ധോണി, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍  എന്നിങ്ങനെ ഇന്നത്തെ മിന്നും താരങ്ങള്‍ പലരും അന്നത്തെ ആ സെലക്ഷന്‍ പോളിസിയുടെ ഉത്പന്നങ്ങളാണ്. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, കുംബ്ലെ എന്നിങ്ങനെ പരിചയ സമ്പന്നത  കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ വിദേശത്ത് പോലും വിജയങ്ങള്‍ വെട്ടിപ്പിടിച്ചു. തുടര്‍ന്ന്‍ വന്ന ദ്രാവിഡ്, കുംബ്ലെ എന്നീ ക്യാപ്റ്റന്മാരുടെ സംഭാവനയും വളരെ വലുതാണ്‌. ഇതിന്റെ വിളവിന്റെ വലിയൊരു ഭാഗം കൊയ്യാനുള്ള യോഗമുണ്ടായതാവട്ടെ ധോണിക്കും.

എന്നാല്‍ പിന്നീട് വിദേശ പരമ്പരകളില്‍ ഇന്ത്യയുടെ ആധിപത്യം കുറഞ്ഞുവന്നു. ഐ.പി.എല്ലിനും T20-ക്കും ലഭിച്ച പ്രാധാന്യത്തിന്റെ നൂറിലൊന്നു പോലും ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക് ലഭിക്കാതായി. യുവതാരങ്ങള്‍ക്ക് വളരാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ മത്സരങ്ങള്‍ ആണെന്നിരിക്കെ ആണ് ഇത് സംഭവിക്കുന്നത്‌. ഐ.പി.എല്‍ തുടങ്ങിയ ശേഷം ഇന്ത്യ വിദേശത്ത് കളിക്കുന്ന ടെസ്റ്റ്‌ മത്സരങ്ങള്‍ ക്രമാനുഗതമായി കുറഞ്ഞു വന്നു. ഹാഷിം അമല, അലസ്റ്റിയര്‍ കുക്ക് എന്നിങ്ങനെ പ്രതിഭാശാലികള്‍ ടെസ്റ്റ്‌ മത്സരങ്ങളിലൂടെ മോള്ഡ് ചെയ്യപ്പെട്ടു ഇന്ന് രാജ്യത്തിന്റെ ഏറ്റവും പ്രധാന കളിക്കാരായി മാറിയപ്പോള്‍ ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതിനുള്ള അവസരം പോലും നല്‍കാതെ ഐ.പി.എല്ലിനെയും T 20-യെയും വാരിപ്പുണര്‍ന്നു. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യന്‍ ടീം നേരിടുന്ന ദുര്‍ഗതി. ധോണിയുടെ അങ്ങേയറ്റം പ്രതിരോധാത്മകമായ ശൈലി ഈ താഴോട്ടുപോക്കിന്റെ വേഗത വര്‍ദ്ധിപ്പിച്ചു.

കളിക്ക് ബിസിനസ്സിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന ഒരു നേതൃത്വത്തിന്റെ അഭാവത്തില്‍ ക്രിക്കറ്റിന്റെ ഭാവി ഒട്ടും ശോഭനമല്ല. ഇനിയെങ്കിലും ഈ മനോഭാവം മാറ്റിയില്ലെങ്കില്‍ എല്ലാ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മറ്റു താല്പര്യങ്ങള്‍ മൂലം ഇന്ത്യന്‍ ക്രിക്കറ്റിനെ ദുര്‍ബ്ബലമാക്കിയവര്‍ എന്നാവും ഇന്നത്തെ നേതൃത്വത്തെ ചരിത്രം അടയാളപ്പെടുത്തുക.

I.D (2012)


റസൂല്‍ പൂക്കുട്ടി അടക്കം അഞ്ചു മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും മലയാളിയായ കമല്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത ഹിന്ദി ചിത്രമാണ് I.D.  IFFK 2012-ലെ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്ന ചിത്രങ്ങളില്‍ നിലവാരം അവകാശപ്പെടാവുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണിത്.  നവ-ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ കാലത്ത് മുംബൈ പോലുള്ള ഒരു മഹാനഗരത്തിലെ തൊഴിലാളികളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നോര്‍ത്ത്-ഈസ്റ്റില്‍ നിന്ന് മുംബൈയില്‍ എത്തി അവിടെ ജോലി നോക്കുന്ന ചാരുവിന്റെ ഫ്ലാറ്റിലേയ്ക്ക് ഒരു പെയ്ന്റര്‍ എത്തുന്നു. പെയ്ന്റ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുന്ന പെയ്ന്റര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നു. തുടര്‍ന്ന് ആ പെയ്ന്ററുടെ വിലാസം അന്വേഷിച്ചു ചാരു പോകുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം.

നടി ഗീതാഞ്ജലിയും സംവിധായകന്‍ കമലും

സാധാരണ ഹിന്ദി ചിത്രങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ബോളീവുഡ് കച്ചവട ചിത്രങ്ങളില്‍ നിന്നും,  വ്യത്യസ്തമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം പറയാന്‍ കമല്‍ ധൈര്യം കാണിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നും വരുന്ന ഒരു സ്ത്രീ കേന്ദ്രകഥാപാത്രം ആകുന്നതിന്റെ രാഷ്ട്രീയം കാണാതിരിക്കേണ്ട കാര്യമില്ല, ഇന്ത്യയുടെ പല ഭാഗത്തും ജോലിക്കായി എത്തുന്ന നോര്‍ത്ത് ഈസ്റ്റുകാര്‍ പലവിധ ആക്രമങ്ങള്‍ക്കും വിധേയമാകേണ്ടി വരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ആ തെരഞ്ഞെടുപ്പിന് കമല്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.അങ്ങനെ ഒരു കഥാപാത്രത്തിനെ വീക്ഷണകോണിലൂടെ മുംബൈ പോലുള്ള ഒരു നഗരത്തിലെ പെയ്ന്ററുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് യാത്ര നടത്തുമ്പോള്‍ അത് തുറന്നിടുന്ന സാധ്യതകള്‍ അനവധിയാണ്. 



ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് ഏറെ വളക്കൂറുണ്ടായിരുന്ന മണ്ണായിരുന്നു മുംബയിലേത്. ശക്തമായ തൊഴിലാളി സംഘടനകളുടെ വര്‍ഗ്ഗബോധം തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട ബാല്‍ താക്കറെയുടെയും ശിവസേനയുടെയും വരവോടെയാണ് അത് നഷ്ടമാകുന്നത് (സെബിന്റെ കുറിപ്പ് വായിക്കുക: https://www.facebook.com/sebinaj/posts/10151324595724083). മറാത്ത ദേശീയതയും മണ്ണിന്റെ മക്കള്‍  വാദത്തിന്റെയും അകമ്പടിയോടെ, മുതലാളിമാരുടെ ആശീര്‍വാദത്തോടെ ശിവസേന മുംബൈ കീഴടക്കിയപ്പോള്‍ നഷ്ടമായത് തൊഴിലാളികളുടെ വര്‍ഗ്ഗബോധമാണ്. അതിന്റെ ദോഷഫലങ്ങള്‍ ഇന്ന് മുംബൈയിലെ തൊഴിലാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം. 

ചാരുവിനു ഈ പെയ്ന്ററെ ഏര്‍പ്പാടാക്കി കൊടുക്കുന്നത് ഒരു കരാറുകാരന്‍ ആണ്. അയാള്‍ക്കാകട്ടെ   ഈ പെയ്ന്ററെ അറിയുക പോലുമില്ല; കാരണം അയാള്‍ ഉപകരാരുകാര്‍ വഴിയാണ് ജോലിക്കാരെ ഏര്‍പ്പാടാക്കുന്നത്. അതുകൊണ്ടുതന്നെ ആ തൊഴിലാളിയുടെ കുടുംബത്തെ തേടിയുള്ള ചാരുവിന്റെ യാത്ര കൂടുതല്‍ ദുഷ്കരമാകുന്നു.പലതട്ടിലൂടെയുള്ള കരാറുകാരിലൂടെ അരിക്കപ്പെട്ടു ഒടുവില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയോ തുച്ഛം ആയിരിക്കും എന്നോര്‍ക്കുക. മാത്രമല്ല, യാതൊരു വിധ തൊഴില്‍ നിയമങ്ങളോ, സംരക്ഷണമോ, എന്തിനു അടിസ്ഥാനമായ അവകാശങ്ങള്‍ പോലും അവര്‍ക്ക് ലഭിക്കുന്നില്ല. ജോലിസ്ഥലത്ത് അസുഖം ബാധിച്ചാലോ, മരിച്ചാല്‍ തന്നെയോ സ്വന്തം വീടുകാര്‍ തന്നെ അറിയാത്ത രീതിയിലായി മാറിക്കഴിഞ്ഞു നമ്മുടെ വന്‍നഗരങ്ങളിലെ പോലും തൊഴില്‍ വ്യവസ്ഥ. എല്ലാ ദിവസവും തൊഴിലിനായി പെയ്ന്റര്‍മാര്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ കരാറുകാരുടെ ദയാദാക്ഷണ്യങ്ങള്‍ക്കായി കാത്തു ഒരുമിച്ചുകൂടി നില്‍ക്കേണ്ടി വരുന്നു. വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്കുകളില്‍ കണ്ണ് മഞ്ഞളിച്ചവര്‍ കാണാതെ പോകുന്നത് നമ്മുടെ രാജ്യത്തിലെ കഷ്ടപ്പെടുന്ന ഭൂരിപക്ഷത്തെയാണ്. മേട്രോനഗരത്തിന്റെ പുറം മോടി ചായമടിച്ചു സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു പെയ്ന്ററുടെ  നിറമില്ലാത്ത ജീവിതം കഥാതന്തു ആകുന്നത് ഒട്ടും യാദൃശ്ചികമാകാന്‍ വഴിയില്ല. സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകളിലെയ്ക്ക് മാറുന്ന ഈ കാലഘട്ടത്തില്‍ ഒരു അധാരവുമില്ലാത്ത, വിലാസം പോലുമില്ലാത്ത ചേരിനിവാസികള്‍ വറചട്ടിയില്‍ നിന്നും എരിതീയിലേയ്ക്കുള്ള യാത്ര തുടരുന്നു.



റസൂല്‍ പൂക്കുട്ടിയുടെ യാഥാര്‍ത്ഥ്യം നിറഞ്ഞ ശബ്ദസംവിധാനവും മധു നീലകണ്‌ഠന്റെ ക്യാമറയും ചിത്രത്തിന്റെ മിഴിവ് വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിന്റെ ഡോക്യുമെന്ററി സ്വഭാവം ഒരു പക്ഷെ ബോധപൂര്‍വ്വമാകാം, ചിത്രത്തെ യാഥാര്‍ത്യത്തോട് അടുപ്പിക്കുന്ന ഒരു പാലമായി...



ചൊവ്വാഴ്ച, ജനുവരി 01, 2013

IFFK 2012-ലെ മികച്ച ചിത്രങ്ങള്‍



IFFK 2012-ല്‍  പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളെപ്പറ്റിയുള്ള ഒരു ലേഖന പരമ്പരയാണിത്. പൊതുവായി ഉപയോഗിക്കുന്ന അര്‍ത്ഥത്തിലുള്ള സിനിമാ നിരൂപണമല്ല, മറിച്ചു സിനിമയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ വായനയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

1. അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍

2NO (2012)

3. Omar Killed Me (2011)

4. I.D (2012)



അനൂപ്‌ കിളിമാനൂര്‍