ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 3 ഡോട്ട്സ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും നിർമ്മാണത്തിൽ ഒരു പങ്കും സുഗീത് വകയാണ്. ഓർഡിനറി പോലെ ഒരു ഓർഡിനറി കച്ചവട സിനിമ ഇറക്കുന്നതിൽപോലും പക്ഷെ സുഗീത് പരാജയപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. എന്നാൽ ബിജു മേനോന്റെ മികച്ച പ്രകടനവും കുഞ്ചാക്കോ-പ്രതാപ്മാരുടെ മോശമല്ലാത്ത അഭിനയവും ചിത്രത്തെ കണ്ടിരിക്കാൻ കഴിയുന്നു ഒന്നാക്കുന്നു എന്നുമാത്രം.
പല കുറ്റങ്ങൾക്കായി ജയിലിൽ എത്തുന്ന വിഷ്ണു (കുഞ്ചാക്കോ). ലൂയിസ് (ബിജു), പത്മകുമാർ എന്ന പപ്പൻ (പ്രതാപ്) എന്നിവർ ജയിലിൽ നിന്ന് ഇറങ്ങുന്നതോടെയാണ് ചിത്രം തുടങ്ങുന്നത് ('റോമൻസി'ൽ നിന്നും നേരെ ഇറങ്ങി വന്നവരല്ലേ വിഷ്ണുവും ലൂയി 'ലവനും' എന്ന് ചോദിച്ചാൽ ഈ ജോഡികളെ ഓർഡിനറിയിലൂടെ അവതരിപ്പിച്ച് താരദമ്പതികളും ഫോർമുലയും ആക്കിയത് താനല്ലേ എന്ന് സുഗീത് മറുപടി പറഞ്ഞേക്കാം). അവർ പലജോലിക്കായി ശ്രമിക്കുന്നു, പക്ഷെ കിട്ടുന്നില്ല. ഒടുവിൽ ജയിലിൽ കൗണ്‍സിലിംഗ് നടത്തിയിരുന്ന ഡോ: ഐസക്കിന്റെ (നരേയ്ൻ) ഉപദേശപ്രകാരം, പുള്ളിയുടെ തന്നെ സഹായത്തോടെ ഒരു ഡേ-കെയർ സെന്റർ സെന്ററും പപ്പന്റെ വണ്ടിയെ പരിഷ്കരിച്ചു ആംബുലൻസ് സർവ്വീസും തുടങ്ങുന്നു. പിന്നീട് കുറച്ചുനേരം 'തൂവൽ സ്പർശം' എടുത്തലക്കിയ ശേഷം ട്വിസ്റ്റ് വരുന്നു. ഐസക്കിന് തന്റെ ഭാര്യയുമായുള്ള ഡൈവേഴ്സ് കേസ് വിജയിക്കുന്നതിനായി ഐസക്കിന്റെയും വക്കീലിന്റെയും ഉപദേശപ്രകാരം ഐസക്കിന്റെ കുട്ടിയെ മൂവർസംഘം തട്ടിക്കൊണ്ടു പോകുന്നു. പിന്നീട് പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ട്വിസ്റ്റുകളുടെ ബഹളമാണ്. അതിനെപ്പറ്റി കൂടുതൽ പറഞ്ഞ് ഒന്നും 'സ്പോയിൽ' ചെയ്യാൻ കർണ്ണൻ ഉദ്ദേശിക്കുന്നില്ല; പകരം ഒരു ക്ലൂ തരാം, 'റാംജിറാവൂ സ്പീക്കിംഗ്'!
ക്യൂട്ട്, സ്ട്രോങ്ങ്, സോഫ്റ്റ് എന്നിങ്ങനെയാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ ചിത്രം അടയാളപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ രണ്ട് എലമെന്റ് ആണ് കുഞ്ചാക്കോ-ബിജു കൂട്ടുകെട്ടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നത്. രണ്ടു കേന്ദ്രകഥാപാത്രങ്ങളെ ഉപയോഗിക്കുമ്പോൾ വളരെമുന്പേ ലോകസിനിമയിൽ കഥാപാത്ര രൂപീകരണത്തിന് ഉപയോഗിക്കുന്ന എലമെന്റ് ആണ് ഇവ രണ്ടും. ഇതിന്റെ ഒരു പാരഡി ആണ് ദാസനിലും വിജയനിലുമായി ശ്രീനി സാധ്യമാക്കിയത്. ആ പാരഡിയുടെ പാരഡിയാണ് 'കിളി പോയി' എന്നും പറയാം. ഇതിനോടൊപ്പം മൂന്നാമതൊരു എലമെന്റ് കൂട്ടിവെച്ച് അവതരിപ്പിച്ച മലയാള സിനിമ റാംജിറാവൂ ആണ്. അതെ കഥാപാത്ര നിർമ്മിതി ആണ് ഈ ചിത്രവും പിന്തുടരുന്നത്. ചിത്രത്തിന്റെ അവസാന മണിക്കൂർ ഏതാണ്ട് പൂർണ്ണമായും ആ ചിത്രത്തിന്റെ അനുകരണം ആയിപ്പോയി എന്നിടത്താണ് ഈ സിനിമ കൂടുതൽ പാളുന്നത്. ചിത്രത്തിലെ ഏതാണ്ട് എല്ലാ 'തമാശ'കളും മുൻ മലയാള സിനിമകളിൽ നിന്ന് മാന്തിയെടുത്തവയാണ്. എന്തിനേറെ, ശ്രീനിവാസൻ 'തലയണമന്ത്ര'ത്തിൽ ആദ്യമിറക്കുകയും 'യാത്രക്കാരുടെ ശ്രദ്ധയ്ക്കി'ൽ സ്വയം കോപ്പിയടിക്കുകയും ചെയ്ത ഡ്രൈവിംഗ് പഠിപ്പിക്കുന്ന നമ്പർ വീണ്ടും അതുപോലെ ഇറക്കാനുള്ള തൊലിക്കട്ടി പോലും സുഗീതിനും തിരക്കഥാകൃത്ത് രാജേഷ് രാഘവനും ഉണ്ടായി. എന്നാൽ ചിത്രത്തിലൂടെ ഇവർ ആഘോഷിക്കുന്ന മെയ്ൽ ഷോവനിസത്തിനുമുന്നിൽ ഈ പാളിച്ചകളൊക്കെ എത്ര നിസാരം എന്ന് പറയേണ്ടി വരും. അത് തന്നെയാണ് ഈ കുറിപ്പിന്റെ പശ്ചാത്തലവും.
വിഷ്ണു - ലക്ഷ്മി (ജനനി അയ്യർ ), ലൂയി-ഗ്രെയ്സ് (അഞ്ജന മേനോൻ), പപ്പൻ-ഭാര്യ, ഡോ: ഐസക്ക്-ഭാര്യ, പോൾ ദമ്പതികൾ, അയൽക്കാരൻ-കാമുകി/ഭാര്യ എന്നി വരാണ് ചിത്രത്തിൽ കടന്നുവരുന്ന പ്രധാന ആണ്‍-പെണ്‍ ബന്ധങ്ങൾ. ഇതിൽ പപ്പൻ ഭാര്യയെ ഡൈവേഴ്സ് ചെയ്തുകഴിഞ്ഞു. ഐസക്കും ഭാര്യയും, പോൾ ദമ്പതിമാരും അതിന്റെ വക്കിലാണ്. വിഷ്ണുവിന് ലക്ഷ്മിയെ വിവാഹം ചെയ്തിട്ടില്ലാത്തത് കൊണ്ട് ഇതുവരെ ഡൈവേഴ്സ് ചെയ്യാൻ കഴിഞ്ഞിട്ടില്ല (പാവം, ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയാണെങ്കിൽ അതിൽ ചെയ്യുമായിരിക്കും!). ഗ്രെയ്സ് ഭർത്താവ് ആത്മഹത്യ ചെയ്ത വിധവയും ലൂയിയുടെയും ആണ്‍സമൂഹത്തിന്റെയും ലൈംഗികച്ചുവയുള്ള പ്രവൃത്തികൾക്ക് പാത്രമാവുന് നവളും ആണ്. അയൽക്കാരന്റെ കാര്യം വഴിയെ പറയാം.
പപ്പൻ മറ്റൊരു സ്ത്രീയുമായി ശാരീരികമായ അടുപ്പം പുലർത്തുകയും അതിനെ തുടർന്നു ജോലി ചെയ്യുന്ന ബാങ്കിൽ തിരിമറി നടുത്തുകയും ചെയ്തതുമൂലമാണ് അറസ്റ്റിൽ ആയത്. അങ്ങനെ വിവാഹമോചനവും സംഭവിച്ചു. ഇതാണ് ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്നത്. എന്നാൽ ഇവിടത്തെ യഥാർത്ഥ സ്ത്രീവിരുദ്ധത വെളിവാകുന്നത് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പപ്പന്റെ ഭാര്യ പപ്പനെ തേടി വരുന്ന രംഗത്താണ്. താൻ പപ്പനെ അമിതമായി ശ്രദ്ധിക്കുകയും നിയന്ത്രിക്കുക്കയും ചെയ്തിരുന്നെന്നും അതാണ് 'പപ്പേട്ടന് തെറ്റ്, അല്ല അബദ്ധം പറ്റാൻ' കാരണമെന്നുമാണ് പപ്പന്റെ ഭാര്യാ കഥാപാത്രത്തെ കൊണ്ട് രചയിതാക്കളായ 'ആണുങ്ങൾ' പറയിപ്പിക്കുന്നത്. പപ്പന് പറ്റിയ തെറ്റിന്റെ (അല്ല അബദ്ധം!) ഉത്തരവാദിത്വം ഭാര്യയുടെ തലയിൽ കൊണ്ടുവെക്കുകയും അത് അവരെക്കൊണ്ടു തന്നെ പറയിപ്പിക്കയും ചെയ്യുന്നതിന് പിന്നിലെ സ്ത്രീവിരുദ്ധത ചില്ലറയല്ല. വിവാഹമോചനത്തിന് കൂടെ നിന്ന ബന്ധുക്കൾ ഇപ്പോൾ അവരുടെ കാര്യവും നോക്കി പോയെന്നും താനും മകളും ഒറ്റയ്ക്കായെന്നും അവർ വിലപിക്കുന്നു. സാമ്പത്തികമായ അസ്ഥിരതയും സാമൂഹികമായ അരക്ഷിതാവസ്ഥയുമാണ് ദാമ്പത്യത് തിലെ എന്ത് ദുരവസ്ഥയും സഹിച്ച് കഴിയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്ന വസ്തുതയ്ക്ക് അടിവര ഇടുന്നതാണ് ഈ രംഗം.
ഇനി ഭർത്താവില്ലാതെ മകളോടൊപ്പം ഒരു സ്ത്രീ ജീവിക്കാൻ തീരുമാനിച്ചാലോ, അതിന് തങ്ങൾ അനുവദിക്കില്ല എന്ന് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സിനിമയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പുരുഷസമൂഹം. ഭർത്താവ് ആത്മഹത്യ ചെയ്ത വിധവയായ ഗ്രെയ്സ് മകളോടൊപ്പം പപ്പന്റെ ഫ്ലാറ്റിനു നേരെ എതിരെ താമസിക്കുന്നു. അവർ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളിനുള്ള വ്യംഗ്യാർത്ഥം അറിയുന്നവർക്ക് ഇതിലെ ദുസ്സൂചന മനസിലാക്കാൻ ബുദ്ധിമുട്ടില്ല. നിന്റെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് എനിക്ക് ലൈസൻസ് എടുക്കണം എന്നുപറഞ്ഞ് മദ്യപിച്ച് അർദ്ധരാത്രിയിൽ അവളുടെ വാതിലിൽ മുട്ടുന്ന ചെറുപ്പക്കാരനെ കാണിക്കുന്നതിലൂടെ തങ്ങൾ ഉദ്ദേശിച്ചത് എന്ത് എന്ന് രചയിതാക്കൾ നിസ്സംശയം ഇവിടെ പ്രകടമാക്കുന്നു. ഗ്രെയ്സിനോട് ശാരീരികമായ താല്പര്യം മാത്രമാണ് ലൂയിക്കുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിലെ പല രംഗങ്ങളും. ഗ്രെയ്സ് വിധവയാണ് എന്ന് പപ്പൻ പറയുമ്പോൾ 'അപ്പോൾ സൗകര്യമായല്ലൊ' എന്ന ലൂയിയുടെ ആദ്യ പ്രതികരണം മുതൽ ഗ്രെയ്സിനെ ചുംബിക്കാൻ ലൂയി ശ്രമിക്കുന്നത് വരെയുള്ള രംഗങ്ങൾ ഇതിനു അടിവരയിടുന്നു. ഇതിനെയൊക്കെ ചെറുത്ത് നില്ക്കുന്ന ഒരു ഗ്രെയ്സിനെയാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും അനുതാപപൂർണ്ണമായ നിലപാടല്ല രചയിതാക്കൾ ഗ്രെയ്സിനോട് കാണിച്ചിരിക്കുന്നത് എന്ന് പറയെണ്ടിവരുന്നതും അതുകൊണ്ടാണ്. സ്ത്രീകളോട് സമൂഹത്തിനുള്ള നിലപാടുകളിൽ മാറ്റം വരാതെ പീഡനത്തിന് വധശിക്ഷ കൊണ്ടുവന്നിട്ടും കാര്യമൊന്നുമില്ല എന്നുമാത്രം ഇവിടെ പറഞ്ഞുകൊള്ളുന്നു. മുൻഭർത്താവിനെ തൊടുന്ന മാത്രയിൽ മരണം സംഭവിക്കുന്ന പ്രണയത്തിലെ ജയപ്രദയുടെ കഥാപാത്രത്തിന്റെ പേരും ഗ്രെയ്സ് എന്നത് യാദൃശ്ചികമാകാം.
ഇനി ഡോ: ഐസക്ക്-ഭാര്യ ദമ്പതികളുടെ കാര്യമെടുക്കാം. (ഇവിടെ ഐസക്കിന്റെ ദാമ്പത്യം യഥാർത്ഥത്തിൽ പോൾ ദമ്പതിമാരെയാണ് സൂചിപ്പിക്കുന്നത്. ശേഷം കാഴ്ചയിൽ). ഇവർ എന്തുകാരണത്താൽ ആണ് പിരിഞ്ഞത് എന്ന് ചിത്രത്തിൽ ഒരിടത്തും പറയുന്നില്ല. കേസ് ഐസക്കിന്റെ ഭാര്യ ജയിക്കുമെന്നും ആറു വയസ്സുകാരൻ മകൻ ഭാര്യയ്ക്കൊപ്പം അമേരിക്കയിലേയ്ക്ക് പോകുമെന്നും ഐസക്കിന്റെ വക്കീൽ പറയുന്നു. സ്വാഭാവികമായും മാതാപിതാക്കൾ പിരിയുന്ന പക്ഷം അമ്മയോടൊപ്പമാണ് ആ കുട്ടി നിൽക്കേണ്ടത്. എന്നാൽ അതിനെ പരാജയപ്പെടുത്താൻ കുട്ടിയെ തട്ടിക്കൊണ്ടുവരാൻ തയ്യാറാകുകയാണ് 'നായകരാ'യ മൂവർ സംഘം. പൊതുബോധം അവർക്കൊപ്പം ആണോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
വിഷ്ണുവിന് 'പരിശുദ്ധമായി' പ്രണയിക്കാനും ഒരു പാട്ട് തട്ടിക്കേറ്റാനും മാത്രമാണ് ലക്ഷ്മിയെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നും ചിത്രം കണ്ടാൽ. മറ്റെന്തെങ്കിലും ആഴമോ പ്രാധാന്യമോ ആ കഥാപാത്രത്തിന് ഇല്ല. വലിയ കണ്ണുകൾ കൊണ്ടുള്ള ആംഗ്യം അല്ലാതെ മറ്റൊന്നും ജനനി ചിത്രത്തിൽ കാട്ടുന്നുമില്ല. മിക്ക സീനുകളിലും സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന ശാലീന സുന്ദരിയായ ഈ കഥാപാത്രത്തെ ഇവിടെ ചർച്ചയ്ക്ക് എടുത്തതിനു കാരണം ഒരു സീനിൽ മാത്രം അപ്രധാനമായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു കഥാപാത്രത്തിന്റെ സാന്നിധ്യമാണ്. അയൽക്കാരൻ രൂക്ഷമായി ഫോണിൽ സംസാരിക്കുമ്പോൾ കേട്ടുനിൽക്കുന്ന പപ്പൻ പറയുന്നത് അത് അയാൾ ഭാര്യയോട് സംസാരിക്കുന്നതാണെന്നും എല്ലാ ഭർത്താക്കന്മാരും ഭാര്യമാരോട് അങ്ങനെയാണ് സംസാരിക്കുന്നത് എന്നുമാണ്. ഭാര്യയോടു പരുഷമായി പെരുമാറുന്നതിലാണ് പുരുഷത്വം കുടിയിരിക്കുന്നത് എന്ന് സിദ്ധാന്തിക്കുകയാണ് ഇവർ എന്നും പറയാം. ഇതേ അയൽക്കാരൻ പിന്നീട് ഫോണിൽ മധുരമായി സംസാരിക്കുന്നത് കാണുന്ന പപ്പന്റെ നേതൃത്വത്തിലുള്ള ദുരാചാരപ്പോലീസ് അത് കാമുകിയുമായി സംസാരിക്കുകയാണ് എന്നുറപ്പിക്കുന്നു. അയാള് ഫോണിൽ പറയുന്ന ഒരു ഡയലോഗ് ഇതാണ്, 'നീ ഇന്ന് എന്തുവേഷമാ ധരിച്ചിരിക്കുന്നെ? അത് വേണ്ട. നീ ടീ ഷർട്ടും ബനിയനും ധരിക്ക്. അതാ സൗകര്യം'. പിന്നീട് രാത്രി അയാളോടൊപ്പം ടീ ഷർട്ടും ജീൻസും ധരിച്ചുവരുന്ന പെണ്‍കുട്ടിയെ ആണ് കാണിക്കുന്നത്. അവരോടു അല്പം മോശമായി പെരുമാറി ദുരാചാര പോലീസിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയാണ് വിഷ്ണുവും ലൂയിയും. അതും പോരാഞ്ഞ് രാത്രി മുഴുവൻ ഉറക്കമുളച്ചിരുന്ന് അത് ഭാര്യയാണോ കാമുകിയാണോ എന്ന് കൂലങ്കഷമായി ചിന്തിക്കുകയും ഇവർ ചെയ്യുന്നു. അത് തീരുമാനിക്കാനായി നാണയം ടോസ്സിടുമ്പോൾ അത് ബൾബിൽ ചെന്ന് കൊണ്ട് അന്ധകാരം പരക്കുന്ന രംഗം അർത്ഥപൂർണ്ണമായി.
പെണ്‍കുട്ടികൾ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് മറ്റേ സൗകര്യത്തിനു വേണ്ടിയാണ് എന്ന് കരുതുന്ന (സാരി അതിന് ഒട്ടും സൗകര്യം തരാത്ത പരിശുദ്ധവസ്ത്രം ആണല്ലോ!) ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ സഹിക്കാത്തവിധം കൊതിക്കെറുവ് കൊണ്ട് ദുരാചാരപ്പോലീസ് ആയി മാറിക്കൊണ്ടിരിക്കുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്റെ ചിത്രമാണ് വിരുദ്ധോക്തിയാൽ ആണെങ്കിലും രചയിതാക്കൾ ഇവിടെ കോറിയിട്ടത്. വസ്ത്രധാരണമാണ് പീഡനത്തിലേയ്ക്ക് നയിക്കുന്നത് എന്ന വിഡ്ഢിത്തം നിറഞ്ഞ വാദത്തിന്റെ സ്വാധീനവും നമുക്കിവിടെ കാണാം. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രവും ആഹാരവും ലൈംഗികതയും ഒക്കെ തെരഞ്ഞെടുക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുള്ള ഒരു സമൂഹം നമ്മിൽ നിന്ന് എത്ര അകലെയാണ്, നമുക്ക് കാലം ഒഴുകുന്നത് പിന്നോട്ടാണോ തുടങ്ങിയ ചോദ്യങ്ങൾ മാത്രം ബാക്കി.
പെണ്‍കുട്ടികൾ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് മറ്റേ സൗകര്യത്തിനു വേണ്ടിയാണ് എന്ന് കരുതുന്ന (സാരി അതിന് ഒട്ടും സൗകര്യം തരാത്ത പരിശുദ്ധവസ്ത്രം ആണല്ലോ!) ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ സഹിക്കാത്തവിധം കൊതിക്കെറുവ് കൊണ്ട് ദുരാചാരപ്പോലീസ് ആയി മാറിക്കൊണ്ടിരിക്കുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്റെ ചിത്രമാണ് വിരുദ്ധോക്തിയാൽ ആണെങ്കിലും രചയിതാക്കൾ ഇവിടെ കോറിയിട്ടത്. വസ്ത്രധാരണമാണ് പീഡനത്തിലേയ്ക്ക് നയിക്കുന്നത് എന്ന വിഡ്ഢിത്തം നിറഞ്ഞ വാദത്തിന്റെ സ്വാധീനവും നമുക്കിവിടെ കാണാം. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രവും ആഹാരവും ലൈംഗികതയും ഒക്കെ തെരഞ്ഞെടുക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുള്ള ഒരു സമൂഹം നമ്മിൽ നിന്ന് എത്ര അകലെയാണ്, നമുക്ക് കാലം ഒഴുകുന്നത് പിന്നോട്ടാണോ തുടങ്ങിയ ചോദ്യങ്ങൾ മാത്രം ബാക്കി.
ഇവിടെ പരാക്രമം സ്ത്രീകളോട് മാത്രമല്ല, സാമ്പ്രദായിക അർത്ഥത്തിൽ കൃത്യമായ ലിംഗം ഏതെന്ന് പറയാനാവാത്ത ലൈംഗികന്യൂനപക്ഷത് തോട് കൂടിയാണ്. പൊതുവെ സ്ത്രീയുടേത് എന്ന് സമൂഹം കൽപ്പിച്ചിട്ടുള്ള ജോലികൾ ചെയ്യുന്ന പുരുഷന്മാർ സ്ത്രൈണത പ്രദർശിപ്പിക്കുന്നവർ ആവണം എന്നത്രെ നവതുരങ്കസിനിമകൾ നമ്മെ പഠിപ്പിക്കുന്നത്. സാൾട്ട് ആൻഡ് പേപ്പറിലെ ബാബുരാജിന്റെ കുക്കും, ചാപ്പകുരിശിലെ മേക്കപ്പ്മാനും ഒക്കെ ഇങ്ങനെയാണ് ചിത്രീകരിക്കപ്പെട്ടത്. വിശ്വരൂപത്തിലെ കമൽ അവതരിപ്പിക്കുന്ന നർത്തകൻ ഈ സ്കൂളിൽ നിന്നാണ് വരുന്നത്. മറ്റനേകം നൃത്താധ്യാപക കഥാപാത്രങ്ങളെയും ഓർക്കുക. ഈ പ്രവണത തുടങ്ങിയത് ഒരുപക്ഷെ തൂവൽസ്പർശത്തിൽ കിങ്ങി ണിയെ നോക്കാൻ വരുന്ന ഇന്നസെന്റിന്റെ കഥാപാത്രത്തിൽ ആണ് (ഈ കഥാപാത്രത്തെ ഒരു ചിത്രത്തിൽ സുരാജും വികൃതമായി അനുകരിച്ചിരുന്നു). ആ ഇന്നസെന്റ് കഥാപാത്രത്തിന്റെ മകൻ എന്ന സൂചന നൽകിയാണ് ഇവിടെ കുട്ടികളെ നോക്കാനായി വരുന്നയാളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ പരമാവധി അപഹസിക്കാനാണ് രചയിതാക്കൾ ശ്രമിച്ചിരിക്കുന്നത്.
ഇതിലെ ഒന്നാമത്തെ പ്രശ്നം കുടികൊള്ളുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തട്ടകങ്ങൾ വെരെയാണ് എന്നും അവ കൂടിക്കലരാൻ പാടില്ല എന്നുമുള്ള തെറ്റായ പോതുബോധമാണ്. രണ്ടാമത് തെ പ്രശ്നം സ്വവർഗ്ഗാനുരാഗികൾ എന്തോ വലിയ തെറ്റ് ചെയ്തവരാണെന്നും അവർ കളിയാക്കപ്പെടേണ്ടവരും മാറ്റിനി ർത്തപ്പെടേണ്ടവരും ആണെന്ന രാഷ്ട്രീയമായ ശരികേട് നിറഞ്ഞ കാഴ്ചപ്പാടിലാണ്. മൂന്നാമത്തെ പ്രശ്നം പെരുമാറ്റത്തിലെ സ്ത്രീത്വും സ്വവർഗ്ഗാനുരാഗവും തമ്മിൽ കൂട്ടിക്കെട്ടുന്നതിൽ ആണ്. 'ചാന്തുപൊട്ട്' അടക്കമുള്ള സിനിമകൾക്കും ഇതേ പ്രശ്നങ്ങൾ ഉണ്ട്. ഋതുപർണോ ഘോഷിന്റെ 'ചിത്രാംഗദ: The Crowning Wish' പോലുള്ള അപൂർവ്വം ചിത്രങ്ങളിൽ മാത്രമേ പൊതുവെ യാഥാസ്ഥിതിക കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ഇന്ത്യൻ സമൂഹത്തിൽ ലൈംഗികന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ശരിയായ രീതിയിൽ അഭിമുഖീകരിക്കപ്പെട്ടിട്ടുള്ളൂ. ഋതുപർണോ ഘോഷ് രചനയും സംവിധാനവും നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം സ്വവർഗ്ഗാനുരാഗിയായ നർത്തകൻ ആയ രുദ്ര ചാറ്റർജി നേരിടേണ്ടി വരുന്ന അസ്തിത്വ പ്രതിസന്ധികളെ വിഷയമാക്കുന്നു. സ്വവർഗ്ഗാനുരാഗി ആയിരിക്കുന്നത് ഒരു വലിയ കുറ്റമോ കുഴപ്പമോ ആയി കാണുന്ന സമൂഹവും, മാതാപിതാക്കളുമാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഋതുപർണോ ഘോഷ് ഈ ചിത്രത്തിലൂടെ പറയുന്നു. സമൂഹത്തിൽ ഇങ്ങനെ ജീവിക്കുന്നതിനു നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒരു ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവാൻ രുദ്രയെ പ്രേരിപ്പിക്കുന്നു. എന്നാൽ തന്റെ അസ്തിത്വം താനായിരിക്കുക എന്നതിലാണ് എന്ന് മനസിലാക്കുകയും ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിക്കുകയുമാണ് രുദ്ര. സ്വന്തം മകനെ അവനായിരിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച തങ്ങളാണ് കുറ്റക്കാർ എന്ന് രുദ്രയുടെ മാതാപിതാക്കൾക്കുണ്ടാവുന്ന തിരിച്ചറിവ് വലിയ ആഴമുള്ള ഒന്നാണ്; ഒരുപക്ഷെ നമ്മുടെ കച്ചവട സിനിമാക്കാർക്കൊന്നും സ്വപ്നം കാണാൻ പറ്റാത്തത്ര ആഴത്തിലുള്ളത്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ അഭിനയത്തിനും സംവിധാനത്തിനുമായി സ്പെഷ്യൽ ജൂറി പുരസ്കാരം ഈ ചിത്രത്തിലൂടെ ഋതുപർണോ ഘോഷ് കരസ്ഥമാക്കിയിരുന്നു.
ഇതിലെ ഒന്നാമത്തെ പ്രശ്നം കുടികൊള്ളുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തട്ടകങ്ങൾ വെരെയാണ് എന്നും അവ കൂടിക്കലരാൻ പാടില്ല എന്നുമുള്ള തെറ്റായ പോതുബോധമാണ്. രണ്ടാമത്
നമ്മുടെ കച്ചവട-മുഖ്യധാരാ സിനിമയിൽ വാഴുന്നത് സ്ത്രീ-കീഴാ ള-ദളിത-മുസ്ലീം വിരുദ്ധമായ സംഗതികളാണ് എന്നത് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ ഈ ദിശയിലുള്ള ചർച്ചകൾ ധാരാളമായി നടക്കുമ്പോഴും നമ്മുടെ മുഖ്യധാരാ സിനിമ അവയിൽ നിന്നൊക്കെ മുഖം തിരിച്ചു രാഷ്ട്രീയമായ ശരികേടുകളെ ആഘോഷിക്കുന്നത് സിനിമയും സമൂഹവുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുന്നവർക്ക് വലിയ ആശങ്ക ഉയർത്തുന്ന സംഗതിയാണ്; പ്രത്യേകിച്ചും ഇക്കാലത്ത് മേൽപ്പറഞ്ഞ സമൂഹങ്ങൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ.
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....