ക്ലബ് ഫു്ബോളിലെ ഫുട്ബോൾ താരങ്ങളെ കൈമാറുന്ന പ്രധാന ട്രാൻസ്ഫർ സീസൺ ആയ Summer Transfer Window ഈ മാസം അവസാനത്തോടെ മിക്ക രാജ്യങ്ങളിലും അവസാനിക്കും. പതിവുപോലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകൾ കളിക്കാർക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കുകയും മറ്റ് പ്രധാന യൂറോപ്യൻ ലീഗുകൾ പ്രധാനപ്പെട്ട കളിക്കാരെ നേടുകയും ചെയ്തപ്പോൾ സൗദി പ്രോ ലീഗ് ഏവരെയും ഞെട്ടിച്ചു കൊണ്ട് രംഗപ്രവേശം ചെയ്യുകയും ട്രാൻസ്ഫർ വിപണി ആകെ ഇളക്കി മറിക്കുകയും ചെയ്തു.
യൂറോപ്പിലെ പ്രമുഖ ലീഗുകൾ അവസാനിച്ച ശേഷം ട്രാൻസ്ഫർ സീസൺ ആരംഭിച്ചപ്പോൾ ആദ്യം വാർത്തകൾ വന്നത് പാരിസിൽ നിന്നാണ്. മെസ്സിയും, നെയ്മറും, എമ്പാപ്പെയും PSG വിടുമെന്ന് അഭ്യൂഹങ്ങൾ വന്നു. തുടർന്ന് മെസ്സി ക്ലബ് വിടുകയാണെന്നും, MLS ലെ ഡേവിഡ് ബക്കാമിൻ്റെ ക്ലബ് ആയ ഇൻ്റർ മിയാമിയിൽ ചേരുന്നുവെന്നും പ്രഖ്യാപിച്ചു. മെസ്സിക്കൊപ്പം മുൻ ബാഴ്സ താരങ്ങളായ സെർജിയോ ബാസ്കറ്റ്സ്, ജോർഡി ആൽബ തുടങ്ങിയവരും ഇൻ്റർ മിയാമിയിലെത്തി. എംബാപ്പെ റയൽ മാഡ്രിഡിൽ ചേരുമെന്ന് മുൻപ് പല സീസണുകളിലെ പോലെ വാർത്തകൾ വന്നെങ്കിലും എംബാപ്പെ PSG-യിൽ തന്നെ തുടരുമെന്നും പുതിയ കരാറിനായി PSG യുമായി ചർച്ച തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. എങ്കിലും വരും മാസങ്ങളിലും എംബാപ്പെ- റയൽ മാഡ്രിഡ് ബന്ധം വാർത്തകളിൽ നിറയുമെന്നുറപ്പാണ്. നെയ്മർ സൗദി പ്രോ ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നായ അൽ ഹിലാലിൽ ചേർന്നു. അതേസമയം ഫ്രഞ്ച് കളിക്കാരൻ ആയ ഡെംബലെ ബാഴ്സലോണ വിട്ട് PSG യിലെത്തി.
ഗുണ്ടോഗന് കഴിഞ്ഞ സീസണിലെ യൂറോപ്യൻ - ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്സലോണയിലെത്തി. ജൂഡ് ബെല്ലിംഗ് ഹാം (ബറൂസിയ ഡോർട്മെൻ്റ് - റയൽ മാഡ്രിഡ്), ഹോയിലൻഡ് (അറ്റ്ലാൻ്റ- മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡെക്ലാൻ റൈസ് (വെസ്റ്റ് ഹാം - ആഴ്‌സെനൽ), ഹാരി കെയ്ൻ (ടൊട്ടന്ഹാം- ബയേൺ മ്യൂണിച്ച്), ക്യാസിഡോ (ബ്രൈറ്റൻ - ചെൽസി), മക്ആലിസ്റ്റർ (ബ്രൈറ്റൻ- ലിവർപൂൾ), ഗ്വാർഡിയോൾ (RB ലൈപ്സിഗ്- മാഞ്ചസ്റ്റർ സിറ്റി), മൗണ്ട് (ചെൽസി - മാഞ്ചസ്റ്റർ യുണൈറ്റഡ്), കൈ ഹാവേർട്സ് (ചെൽസി - അഴ്‌സെനൽ), സോബോസ്ലായ് (RB ലൈപ്സിഗ്- ലിവർപൂൾ) തുടങ്ങിയവയാണ് മറ്റ് പ്രധാന ട്രാൻസ്ഫറുകൾ. ട്രാൻസ്ഫർ വിപണിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മറ്റെല്ലാ ലീഗുകളെയും പിന്നിലാക്കിയപ്പോൾ ഒരു വർഷത്തിനിടെ 900 മില്യൺ പൗണ്ടിന് മുകളിൽ കളിക്കാരെ വാങ്ങാനായി ചെലവാക്കിയ ചെൽസിയാണ് ഇംഗ്ലണ്ടിൽ എറ്റവും പണം ചെലവാക്കിയത്. ഇതേസമയം നിരവധി താരങ്ങളെ ചെൽസി വിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ ട്രാൻസ്ഫർ വിപണിയെ ആകെ മാറ്റിമറിച്ചത് സൗദി പ്രോ ലീഗിൻ്റെ രംഗപ്രവേശമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച റൊണാൾഡോയെ ജനുവരിയിൽ അൽ നാസർ സ്വന്തമാക്കിയതോടെയാണ് സൗദി പ്രോ ലീഗ് ശ്രദ്ധ നേടുന്നത്. മുൻപും ഏഷ്യയിലെ പ്രധാന ലീഗുകളിൽ ഒന്നാണെങ്കിലും റൊണാൾഡോയെപ്പോലെ ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളായ റൊണാൾഡോയെ വൻ തുകയ്ക്ക് സൈൻ ചെയ്തതോടെ സൗദി ലീഗ് കാര്യമായ മുന്നേറ്റത്തിന് ഒരുങ്ങുന്നു എന്ന് വ്യക്തമായി. സൗദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം വഹിക്കുന്ന സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ഇംഗ്ലണ്ടിലെ ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കിയിരുന്നു. കൂടാതെ നിരവധി ക്ലബുകളിലും, ഗോൾഫ്, ഫോർമുല വൺ ഉൾപ്പടെയുള്ള കായിക ഇനങ്ങളിലും സൗദി അറേബ്യ വലിയ രീതിയിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. ആഭ്യന്തര അടിച്ചമർത്തലുകളും, ജമാൽ കഷ്തോഗി വധവും, മനുഷ്യാവകാശ ലംഘനങ്ങളും, മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശിയെ ജയിലിലാക്കി ബലമായി സൗദിയിൽ അധികാരം പിടിച്ചതും, ഖത്തർ,ഇറാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായുള്ള തർക്കവും, അമേരിക്കൻ പക്ഷപാതിത്വവും, യെമൻ -ലിബിയൻ യുദ്ധവുമൊക്കെ ലോകത്തിന് മുന്നിൽ നഷ്ടമാക്കിയ പ്രതിശ്ചായ വീണ്ടെടുക്കാനുള്ള സൗദി ഭരണകൂടത്തിൻ്റെ ശ്രമങ്ങളാണ് കായികരംഗത്തെ ഈ നിക്ഷേപങ്ങൾക്ക് പിന്നിലുള്ളത് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ബ്രിട്ടൺ, USA, ജർമ്മനി, തുർക്കി, ഇസ്രായേൽ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവരുമായും സഹകരിക്കുന്നതിലെ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടണം എന്ന വാദവും ഉയരുന്നുണ്ട്. ഖത്തർ ലോകകപ്പിൻ്റെ സമയത്തും സമാനമായ ചർച്ചകൾ ഉയർന്നു വന്നിരുന്നു.
എന്തായാലും ഫുട്ബോളിലെ നിക്ഷേപം സൗദി അറേബ്യ വൻതോതിൽ ഉയർത്തുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. നിലവിലെ ബാലൺ ഡീ ഓർ ജേതാവായ ഫ്രഞ്ച് താരം കരീം ബെൻസിമയെ റയൽ മാഡ്രിഡിൽ നിന്ന് അൽ ഇത്തിഹാദ് സ്വന്തമാക്കിയാണ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൗദി ലീഗ് രംഗപ്രവേശം നടത്തിയത്. തുടർന്ന് സാദിയോ മാനെ ബയേൺ മ്യൂണിച്ചിൽ നിന്ന് റൊണാൾഡോയ്ക്കൊപ്പം അൽ നാസറിൽ ചേർന്നു. അൽ നാസറിനെപ്പോലെ റിയാദ് ആസ്ഥാനമാക്കിയ മറ്റൊരു പ്രധാന ക്ലബായ അൽ ഹിലാൽ വർഷത്തിൽ 4000 കോടി രൂപയും മറ്റ് ആനുകൂല്യങ്ങളും PSG വിടുമെന്ന് പ്രഖ്യാപിച്ച മെസ്സിക്ക് വാഗ്ദാനം ചെയ്തു. എന്നാൽ അത് നിരസിച്ച് മെസ്സി MLS ൽ ചേർന്നു. ഇപ്പൊൾ വലിയൊരു ഓഫർ നൽകി നെയ്മറിനെ ഖത്തറിൻ്റെ ഉടമസ്ഥതയിൽ ഉള്ള PSG യിൽ നിന്ന് അൽ ഹിലാൽ സ്വന്തമാക്കി. ഫാബിഞ്ഞോ, ഹേണ്ടേഴ്സൺ, ഫെർമീനോ (മൂവരും ലിവർപൂൾ), റൂബൻ നവസ് (വൂൾവ്സ്), റിയാദ് മേഹ്റസ്, ലപ്പോർട്ട് (രണ്ടുപേരും മാഞ്ചസ്റ്റർ സിറ്റി), എൻഗോലോ കാൻ്റെ, കുലോബാലി , മെൻഡീ (മൂവരും ചെൽസി), മോസ ഡേംബലെ (ലിയോൺ), സെകോ ഫോഫാന (ലെൻസ്), ടെലസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), യാസീൻ ബോണോ (സെവിയ്യ), മിട്രോവിച്ച്(ഫുൾഹാം) തുടങ്ങിയവരും സൗദി ക്ലബുകളിൽ ചേർന്നു കഴിഞ്ഞു. ഇവരിൽ പലരും കരിയറിൻ്റെ അവസാനത്തോട് അടുക്കുന്നവരും, റിട്ടയർ ചെയ്യുന്നതിന് മുൻപുള്ള വലിയ payday-ക്കായി സൗദി ക്ലബുകളിൽ എത്തിയവരും ആണ്. എന്നാൽ നെയ്മർ, ലപ്പോർട്, റൂബന് നവാസ് , 21- കാരനായ സ്പാനിഷ് താരം ഗാബ്രി വെയ്ഗ തുടങ്ങിയവരെ സൈൻ ചെയ്തതോടെ വെറും retirement ലീഗ് അല്ല, ലോക ഫുട്ബോൾ മേധാവിത്വം ആണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് സൗദി വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത് സ്ഥാനമൊഴിഞ്ഞ, ഇറ്റലിക്ക് യൂറോ കപ്പ് നേടിക്കൊടുത്ത മുൻ മാനേജർ റോബർട്ടോ മാഞ്ചിനി സൗദി ദേശീയ ടീമിൻ്റെ പരിശീലകൻ ആവുമെന്നും വാർത്തകൾ ഉണ്ട്. ലിവപൂളിൻ്റെ പ്രധാന കളിക്കാരനും, ഈജിപ്റ്റ് ക്യാപ്റ്റനും ആയ മൊഹമ്മദ് സലയെ സൗദിയിൽ എത്തിക്കാൻ അൽ ഇത്തിഹാദ് വലിയ ഓഫറുകൾ നൽകി പരിശ്രമിക്കുന്നുണ്ട്. എന്നാൽ സലയെ ക്ലബ് വിൽക്കില്ലെന്ന് മാനേജർ ഹോർഹൻ ക്ലോപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ആഗസ്റ്റ് അവസാനത്തോടെ ട്രാൻസ്ഫർ വിപണി അവസാനിക്കുമ്പോൾ സൗദി ലീഗിന് സെപ്റ്റംബർ 15 വരെ കളിക്കാരെ വാങ്ങാം എന്നത് യൂറോപ്യൻ ലീഗുകൾക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.
സ്വന്തം ഗ്രാസ്‌റൂട്ട് ഫുട്ബോൾ വളർത്താതെ വലിയ പണം ചെലവാക്കി വിദേശ താരങ്ങളെ കൊണ്ടുവന്നതുകൊണ്ട് മാത്രം സൗദിക്ക് ലോക ഫുട്ബോൾ ശക്തിയാവാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ സംശയങ്ങൾ ഉണ്ട്. മുൻപ് ചൈനയെ ലോക ഫുട്ബോൾ ശക്തിയാക്കാനുള്ള ലക്ഷ്യവുമായി ചൈനീസ് സൂപ്പർ ലീഗ് ക്ലബുകൾ വലിയ പണം ചെലവാക്കി ഓസ്കാർ, കാർലോസ് ടെവെസ് തുടങ്ങി നിരവധി വിദേശ താരങ്ങളെ ചൈനയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ വിദേശ താരങ്ങൾക്കായ്യി ഇങ്ങനെ അമിതമായി പണം ചെലവഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നും , ഇതുകൊണ്ട് ചൈനീസ് ഫുട്ബോൾ വളരില്ല എന്നും മനസ്സിലാക്കിയ ചൈനീസ് ഗവൺമെൻ്റ് ഇത് നിയന്ത്രിക്കാൻ ഇടപെടലുകൾ നടത്തി. അതുകൊണ്ട് തന്നെ സൗദി ഫുട്ബോളിൽ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ സൗദി ഫുട്ബോളിന് എത്ര ഗുണകരം ആവുമെന്നും, ഇത് എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് ഇനി കാണേണ്ടത്. സൗദിയിലേയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും തീവ്രമായ ഫുട്ബോളും പ്രേമവും, സൗദി ഭരണകൂടത്തിൻ്റെ വലിയ സമ്പത്തും, അന്തർദേശീയ തലത്തിൽ സ്വന്തം ഇമേജ് മെച്ചപ്പെടുത്തുന്നതിൽ കായികരംഗത്തിന് അവർ നൽകുന്ന പ്രാധാന്യവും, അധികാരം നിലനിർത്താൻ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന കരുനീക്കളും, ഖത്തർ ലോകകപ്പിൻ്റെ വിജയവുമാണ് സൗദി പ്രോ ലീഗിന് യഥാർത്ഥത്തിൽ പ്രതീക്ഷ പകരുന്നത്.
അനൂപ് കിളിമാനൂർ

