വെള്ളിയാഴ്‌ച, ജൂൺ 24, 2011

12683 Bangalore Super Fast Express-നെ രക്ഷിക്കുക....

 ബാംഗ്ലൂരില്‍ എത്തിയ കാലത്ത് എന്ത് കാര്യത്തിനാണ് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുള്ള ആ കൊച്ചുവേളി എക്സ്പ്രസ്സ്‌ ഞായറാഴ്ച ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓടിക്കുന്നത് എന്ന് ആദ്യമൊക്കെ സംശയം ഉണ്ടായിരുന്നു. ഇപ്പൊ അതു നല്ല രീതിയില്‍ മാറിക്കിട്ടി. അതു ആ ദിവസം തിരുവനന്തപുരത്ത് നിന്ന് ബംഗ്ലൂരെയ്ക്ക് ഓടിച്ചാല്‍ ആ റൂട്ടില്‍ ട്രിപ്പടിക്കുന്ന ബസ്സ് മുതലാളിമാര്‍ എന്തര് ചെയ്യും? ഇതാവുമ്പോ മുന്നൂറു രൂപ കൊടുത്തു ട്രെയ്നില്‍ പോവേണ്ട നമ്മള്‍ ആയിരം രൂപ കൊടുത്തു അവരുടെ ബസ്സില്‍ പോവേണ്ടി വരും. പിന്നെ തിരുവന്തോരംകാരുടെ ഏക ആശ്രയമായ കന്യാകുമാരി-ബംഗ്ലൂര്‍ ഐലന്ഡ് എക്സ്പ്രസ്സിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. വഴിയില്‍ ആരേലും കൈ കാണിച്ചാല്‍ പോലും നിര്‍ത്തിക്കൊടുക്കുന്ന  മഹാമനസ്കരാണ്‌ അതു ഓട്ടിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് കേറിയാല്‍ നാളെ അങ്ങെത്താം. അതാണ് സെറ്റപ്പ്. അതില്‍ത്തന്നെ ടിക്കറ്റ്‌ കിട്ടുന്നവര്‍ വലിയ  പുണ്യം ചെയ്തവരാണ്.

പിന്നെയുള്ള ഓപ്ഷന്‍ എറണാകുളത്തു പോയിട്ട് അവിടന്നുള്ള ട്രെയ്നില്‍ പോവുക എന്നുള്ളതാണ്. തിര്വന്തോരം മുതല്‍ തൃശൂര്‍ വരെ ഉള്ളവര്‍ ഞായറാഴ്ച  ആശ്രയിക്കുന്ന ഒരേയൊരു ട്രെയ്നാണ് എറണാകുളം-ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റ്.  അങ്ങനെയുള്ള അവസ്ഥയില്‍ ഈ ട്രെയ്ന്‍ തിങ്കളാഴ്ചത്തേയ്ക്ക്  മാറ്റിയ റെയില്‍വേയിലെ മാമന്മാര്‍ക്ക്(അതു തന്നെ!) അഭിനന്ദന മലരുകള്‍. ഇതിനെതിരെ ബംഗ്ലൂര്‍ റെയില്‍വേ സ്റെഷനില്‍ യാത്രക്കാരില്‍ നിന്ന് ഒപ്പുശേഖരണം നടത്തിക്കൊണ്ടിരുന്നവരെ മര്‍ദ്ദിച്ച ബസ് ലോബിയുടെ ആള്‍ക്കാര്‍ക്കും അഭിനന്ദനങ്ങള്‍. ഇതോടു കൂടി ഈ സമയം മാറ്റം ആര്‍ക്കു വേണ്ടിയാണ് എന്ന് ശരിക്കും ഞമ്മക്ക് ഉറപ്പായി. ഇരുന്നൂറു രൂപയ്ക്ക്എറണാകുളത്തു നിന്ന്  ട്രെയ്നില്‍ പോകേണ്ടവര്‍ക്കു ഇനി എണ്ണൂറു  മുതല്‍ ആയിരം രൂപ വരെ കൊടുത്തു ഇവന്മാരുടെ ബസ്സുകളില്‍ പോകാം.

ഈ അനീതിക്കെതിരെ പ്രതികരിക്കുക. എനിക്ക് വന്ന ഒരു മെയില്‍ അതുപോലെ ഇവിടെ പൂശുന്നു. ഇതു കൂടുതല്‍ പേരില്‍ എത്തിക്കാന്‍ വിനീതമായി അഭ്യര്‍ഥിച്ചു കൊള്ളുന്നു.



Hello Friend,

You may have came to know about the Protest to retain the existing schedule of 12683 .
Ernakulam Bangalore Super fast Exp Train .

If not you can visit the Facebook Page: http://www.facebook.com/SaveBangaloreSFExpress

As a part of that, we are doing a mass movement of "5000 Emails to Railway Authorities".
You can show your Support doing 2 small helps.
(1) Send an email in a format provided below to the Railway Authorities.
(2) Spread this to your Friends, they can also Know about this and give their Support.

You can Help us:

Copy these email ids to "To: Field"

crb@rb.railnet.gov.in ; gm@sr.railnet.gov.in ; drmpgt@sr.railnet.gov.in ; drmsbc@swr.railnet.gov.in ;

msrm@rb.railnet.gov.in ; drmtvc@sr.railnet.gov.in ; cptm@sr.railnet.gov.in ; ddpg@sr.railnet.gov.in

; save12683@gmail.com

C
opy this Subject Line :

Save12683 Ernakulam-Bangalore Superfast Express

Copy This to Content and Edit your Name/Place :

Respected Sir,

My name is <> .I am basically from <>

I am writing this email to bring to your attention the following matter.

Train number 12683, Ernakulam-Bangalore superfast express, which runs from Ernakulam Junction to Bangalore City Junction has been rescheduled from every Sundays to every Mondays, with effect from 20 July 2011.

The proposed reschedule of Train 12683 affects thousands of Keralites residing in Bangalore. There are more than 5000 travellers to Bangalore from Kerala on Sunday evenings.

All of them now have to rely on the only evening train – Kanyakumari-Bangalore Island Express (16525).

The Ernakulam-Bangalore Superfast Express has been running successfully for the last 6 years. Due to heavy rush and demand for ticket, this train runs with 2 additonal sleeper coaches on Sundays. Inspite of this, Southern Railway is rescheduling this service from Sunday to Monday stating technical reasons.

There are already two bi-weekly trains running from Kerala to Bangalore on Mondays (Train no 06345 Ernakulam-Bangalore Express and Train no 12258 Kochuveli-Yeswantpur Garibrath Express) in addition to Train no 16525 Kanyakumari- Bangalore express.

So the introduction of 4th train on Monday will also hit the railway profit.

Altogether the rescheduling of the Ernakulam-Bangalore Superfast Express(2683) to Mondays is only adding pain to weekend travellers .

On behalf of the passengers we humbly request you to retain the existing schedule of Train 12683 on Sundays.

Your time and effort towards the same will be much appreciated

Sincerely,

<>
<>

Please forward this to your Friends :Thank you!


ചുമ്മാ അയക്കന്നെ. ചെലപ്പോ ബിരിയാണി കിട്ടിയാലോ. ഇല്ലേല്‍ നമ്മുടെ കാര്യം ഗോവിന്ദ.... :(
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, ജൂൺ 05, 2011

ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!

 
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര  ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക്‌ ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.

ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ്‌ സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക  കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ. 


 
പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച്‌ കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക. 

പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത്‌ വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി.  സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്,
"How many Ramdevs make one Gandhi?"

ജനാധിപത്യത്തില്‍ ഇങ്ങങ്ങനെയുള്ള സത്യാഗ്രഹങ്ങള്‍ക്കുള്ള ഇടം എന്ത് എന്ന ചോദ്യം സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം സത്യാഗ്രഹങ്ങളില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണം എന്നും നിയമവ്യവസ്ഥിതിയെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അംബെദ്കര്‍ പറയുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്ത് പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യം  നിലനില്‍ക്കാത്തിടത്തോളം കാലം ചിലപ്പോള്‍ ഇങ്ങനെയുള്ള സമരമുറകള്‍ ആവശ്യമായി വരും. ഇറോം ഷര്‍മിള പത്ത് വര്‍ഷമായി നടത്തുന്ന ഉപവാസം തന്നെ ഉദാഹരണം. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനും സര്‍ക്കാരിനെതന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തു സ്വന്തം ആവശ്യങ്ങള്‍ നേടാനും അതുപയോഗിക്കപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. അഴിമതി, കള്ളപ്പണം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നാം ചുറ്റും കാണുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ രോഗമല്ല, മറിച്ചു ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് എന്ന് നാം മനസിലാക്കണം. നവ ഉദാരവല്‍ക്കണത്തിന്റെ കൂടപ്പിറപ്പുകള്‍ ആണ് ഇവയെല്ലാം. ചികിത്സ വേണ്ടത് ലക്ഷണങ്ങള്‍ക്കല്ല, മറിച്ചു രോഗത്തിനാണ്‌. ലക്ഷണങ്ങള്‍ക്ക് ഈ നിരാഹാരം പോലുള്ള ചികിത്സ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രോഗത്തെ കൂടതല്‍ വഷളാക്കുകയെ ഉള്ളൂ. 1991-ല്‍ മനമോഹനനും നരസിംഹറാവുവും ചേര്‍ന്ന് നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണനയങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഇത്ര തീവ്രമാക്കി മാറ്റിയത്. അതിനുമുന്‍പ്‌ അഴിമതി ഇല്ലായിരുന്നു എന്നല്ല, എന്നാല്‍ ഈ പുതിയ നയം മൂലം കേന്ദ്രസര്‍ക്കാരിന് വന്നു ചേര്‍ന്ന മുതലാളിത്തമുഖമാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയത്. നെഹ്രൂവിയന്‍ സോഷ്യലിസത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയും മുതലാളിത്ത നയങ്ങള്‍ അവര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയില്‍ 'ലോബിയിംഗ്' എന്ന പേരില്‍ അഴിമതി നിയമവിധേയമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ട് കാലമേറെയായി. വന്‍ കോര്‍പ്പറേറ്റുകള്‍ ഭരണകര്‍ത്താക്കളുടെ നയങ്ങളെ ഈ ലോബിയിസ്ടുകള്‍ വഴി തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്വാധീനിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് നീരാ റാഡിയയിലൂടെ നാം കണ്ടത്. അതായത് ഉദാരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ സര്‍വ്വ ശക്തിയോടും കൂടെ നമ്മെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ആഴ്ച തോറും കൂടുന്ന എണ്ണവിലയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു തുലയ്ക്കലും എല്ലാം ഇതിനു അനുബന്ധം മാത്രം....

രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്‌. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും  ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ്‌ വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക.  ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും  നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി...  വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്‌...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വാല്‍ക്കഷണം: ഇതൊക്കെക്കണ്ട്‌ ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....

Related Posts:

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...


 

Go Green

 Nature has enough resources to fulfill our needs, but not our greed.
Go Green or live long enough to see yourself become the Villain.


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രം: Shaji Mullookkaaran

Related Posts:

ഭൂമീദേവിക്കായി ഒരു മണിക്കൂര്‍....


വ്യാഴാഴ്‌ച, ജൂൺ 02, 2011

ആശങ്കകളോടെ വിദ്യാലയങ്ങള്‍ ഉണരുന്നു



വിദ്യാഭ്യാസ രംഗത്തെ മികവാര്‍ന്ന അഞ്ചുവര്‍ഷത്തിനു ശേഷം ആശങ്കകളോടെയാണ് പുതിയ അധ്യയനവര്‍ഷത്തെ കേരളം വരവേല്‍ക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമഭരണത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ സമാനതകളില്ലാത്ത നേട്ടങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക കേരളത്തിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. അഭിമാനകരമായ നേട്ടങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായത്. പത്താംതരം പരീക്ഷയും ഫലപ്രഖ്യാപനവും വിജയശതമാനവും നമ്മുടെ അഭിമാനമായി. അത്യന്തം സൂക്ഷ്മതയോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഫലപ്രഖ്യാപനവും നടന്നത്. പൊതുപരീക്ഷയ്ക്ക് ഇരട്ടമൂല്യനിര്‍ണയം നിലവില്‍വന്ന ആദ്യസംസ്ഥാനമാണ് കേരളം. പ്ലസ്ടുവിന്റെ മൂന്നുവിഷയങ്ങളുടെ മാര്‍ക്കുകള്‍കൂടി പരിഗണിച്ചുക്കൊണ്ട് എന്‍ജിനിയറിങ്ങിന്റെ പ്രവേശന നടപടികള്‍ പരിഷ്കരിച്ചു. മധ്യവേനലവധിക്കാലത്തുതന്നെ പാഠപുസ്തകഅച്ചടി പൂര്‍ത്തിയാക്കി. ഭൂരിപക്ഷം സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുമ്പുതന്നെ എത്തിക്കഴിഞ്ഞു. അധ്യാപകപരിശീലനങ്ങള്‍ എല്ലാതലത്തിലും പൂര്‍ത്തിയായി. ജൂണ്‍മാസംതന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം ഹയര്‍സെക്കന്‍ഡറി ഏകജാലപ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി സിലബസനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി 200 സാധ്യായ ദിവസങ്ങള്‍ പഠനത്തിനായി ലഭിക്കുന്നുണ്ട്. ജൂണ്‍ നാല് പ്രവൃത്തിദിവസമാകുന്നതോടെ ഈ വര്‍ഷവും 200 സാധ്യായ ദിവസങ്ങള്‍ ഉണ്ടാകും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും ജനപ്രതിനിധികളും അഞ്ചുവര്‍ഷത്തിനിടെ നടത്തിയ ഇടപെടലുകളുടെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളില്‍ വലിയ പുരോഗതിയാണുണ്ടായത്. കുറഞ്ഞത് മൂന്ന് ലാബുകളെങ്കിലും ഇല്ലാത്ത സ്കൂളുകള്‍ കുറവാണ്. കംപ്യൂട്ടര്‍ ലാബിനുപുറമെ ഐടി അധിഷ്ഠിത പഠനസൗകര്യങ്ങളുള്ള സ്മാര്‍ട് ക്ലാസ്റൂമുകള്‍ വ്യാപകമായി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്കൂളുകള്‍ വിരളമാണ്. എല്ലാ അര്‍ഥത്തിലും പിന്നോക്കംനിന്ന സ്കൂളുകള്‍ തെരഞ്ഞെടുത്ത് നടത്തിയ 107ഭസ്കൂള്‍ പദ്ധതിയിലൂടെ ഉണ്ടായ നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പത്താം തരംവരെയുള്ള 50 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്കൂളുകളും പഠിപ്പിക്കാനുള്ള അധ്യാപകരും കേരളത്തിലുണ്ട്. മലബാര്‍ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും സ്കൂളുകള്‍ അനുവദിച്ചു. 12-ാം തരംവരെ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തമാണ് ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസം. ഈ നേട്ടങ്ങളുടെ നിറവില്‍ പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഉത്ക്കണ്ഠ ഉളവാക്കുന്ന പ്രഖ്യാപനങ്ങളാണ് വിദ്യാഭ്യാസമന്ത്രിയില്‍നിന്നും ഉണ്ടാകുന്നത്. സ്കൂള്‍ വര്‍ഷാരംഭത്തില്‍തന്നെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു. സമാധാനപരമായ സ്കൂള്‍ അന്തരീക്ഷത്തേയും അക്കാദമിക് രംഗത്തെയും കലുഷിതമാക്കാനേ ഇതു സഹായിക്കൂ. ഹയര്‍സെക്കന്‍ഡറിയിലെ ഏകജാലകപ്രവേശനത്തെ വൈകിപ്പിക്കാനും അട്ടിമറിക്കാനും നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്. ഇനിയും ഫലപ്രഖ്യാപനം നടത്താത്ത സിബിഎസ്ഇയിലെ രണ്ടായിരത്തോളം കുട്ടികള്‍ക്കുവേണ്ടി നാലുലക്ഷത്തോളംവരുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ പ്രവേശന നടപടികളെയാണ് കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം എഴുപതിലധികമാകും. പത്തുലക്ഷം കുട്ടികളുടെ കുറവാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലുണ്ടായത്. ഇതിന്റെ ഫലമായി അയ്യായിരത്തോളം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലും പുതിയ സിബിഎസ്ഇ സ്കൂളുകളും അണ്‍ -എയ്ഡഡ് സ്കൂളുകളും വ്യാപകമായി അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ക്കായി ഖജനാവിലെ പണം വിനിയോഗിക്കാന്‍ കഴിയില്ല എന്നും മന്ത്രി പറയുന്നു. കൂടാതെ വിദ്യാലയങ്ങള്‍ നടത്താന്‍ കോര്‍പറേറ്റുകളെ ക്ഷണിച്ചിരിക്കുകയാണ്. പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) ത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള കേന്ദ്രഗവണ്‍മെന്റ് നയം നടപ്പാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ്, സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ് വരുന്നത്. 12,323 സ്കൂളുകളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികളും 17,4978 അധ്യാപകരും നിലവിലുണ്ട്. കൂടാതെ ഡിപിഐ ഓഫീസ്, 14 ഡിഡിഇ ഓഫീസുകള്‍ , 38 ഡിഇഒ ഓഫീസുകള്‍ , 162 അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകള്‍ , ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ , റീജണല്‍ -അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് നമ്മുടെ വിപുലമായ പൊതുവിദ്യാഭ്യാസസംവിധാനം. എസ്സിഇആര്‍ടി-സീമാറ്റ്-ഡയറ്റുകള്‍ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുമുണ്ട്. എസ്എസ്എ, ആര്‍എംഎസ്എ എന്നീ പ്രോജക്ടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസുകളും ബ്ലോക്കുതലംവരെയുണ്ട്. സമ്പൂര്‍ണ വിദ്യാഭ്യാസചാനലുള്ള ഐടി അറ്റ് സ്കൂള്‍ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ്. രണ്ടായിരത്തോളം ജീവനക്കാരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെട്ട സംവിധാനമാണ് പൊതുവിദ്യാഭ്യാസത്തിന് ഭരണപരമായ നേതൃത്വം നല്‍കുന്നത്. നാം കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയാണ് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ പൊതുവിദ്യാഭ്യാസസംവിധാനം. കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയിലും മതേതരത്വത്തിലും പൊതുവിദ്യാഭ്യാസത്തിനുള്ള പങ്കും നിര്‍ണായകമാണ്്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം വിദ്യാഭ്യാസരംഗത്തെ ഔദ്യോഗിക സംവിധാനങ്ങളില്‍ വരുത്തിയ മാറ്റം അത്ഭുതകരമാണ്. എന്നെ തല്ലണ്ട ഞാന്‍ നന്നാകില്ല എന്ന പഴഞ്ചൊല്ലുപോലെയായിരുന്ന വിവിധ ഓഫീസുകള്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ ഇന്ന് നൂറുമേനിയാണ്.


പരീക്ഷാവിജയങ്ങളും അതിവേഗത്തിലുള്ള ഫലപ്രഖ്യാപനങ്ങളും ഏകജാലകസംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മികവുകളാണ്. ദൗര്‍ഭാഗ്യവശാല്‍ അധ്യയനവര്‍ഷാരംഭത്തില്‍തന്നെ പൊതുവിദ്യാഭ്യാസരംഗത്തു കരിനിഴല്‍ പരത്തുന്ന നീക്കങ്ങളാണ് പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കുട്ടികളിലും സ്കൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍ . പൊതുവിദ്യാഭ്യാസത്തിന് ഇനി ഭാവിയില്ല എന്നുപ്രഖ്യാപിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. 40 ലക്ഷത്തോളംവരുന്ന കേരളത്തിലെ കുട്ടികളുടെ ആഹ്ലാദത്തില്‍ പങ്കുചേരുകയും അവരുടെ മികവിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്യുക എന്നതാണ് പുതിയ സ്കൂള്‍ വര്‍ഷാരംഭത്തില്‍ എല്ലാവരും ചെയ്യേണ്ടത്. ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല മറിച്ച് വളരേണ്ടതാണ് വിദ്യാഭ്യാസം എന്ന് അധികാരികള്‍ മനസ്സിലാക്കണം.


 -എം ഷാജഹാന്‍
(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


കടപ്പാട്:  ദേശാഭിമാനി

Shared as ShareAlike CC (Creative Commons)