വ്യാഴാഴ്‌ച, ജൂൺ 02, 2011

ആശങ്കകളോടെ വിദ്യാലയങ്ങള്‍ ഉണരുന്നുവിദ്യാഭ്യാസ രംഗത്തെ മികവാര്‍ന്ന അഞ്ചുവര്‍ഷത്തിനു ശേഷം ആശങ്കകളോടെയാണ് പുതിയ അധ്യയനവര്‍ഷത്തെ കേരളം വരവേല്‍ക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമഭരണത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ സമാനതകളില്ലാത്ത നേട്ടങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക കേരളത്തിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. അഭിമാനകരമായ നേട്ടങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായത്. പത്താംതരം പരീക്ഷയും ഫലപ്രഖ്യാപനവും വിജയശതമാനവും നമ്മുടെ അഭിമാനമായി. അത്യന്തം സൂക്ഷ്മതയോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഫലപ്രഖ്യാപനവും നടന്നത്. പൊതുപരീക്ഷയ്ക്ക് ഇരട്ടമൂല്യനിര്‍ണയം നിലവില്‍വന്ന ആദ്യസംസ്ഥാനമാണ് കേരളം. പ്ലസ്ടുവിന്റെ മൂന്നുവിഷയങ്ങളുടെ മാര്‍ക്കുകള്‍കൂടി പരിഗണിച്ചുക്കൊണ്ട് എന്‍ജിനിയറിങ്ങിന്റെ പ്രവേശന നടപടികള്‍ പരിഷ്കരിച്ചു. മധ്യവേനലവധിക്കാലത്തുതന്നെ പാഠപുസ്തകഅച്ചടി പൂര്‍ത്തിയാക്കി. ഭൂരിപക്ഷം സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുമ്പുതന്നെ എത്തിക്കഴിഞ്ഞു. അധ്യാപകപരിശീലനങ്ങള്‍ എല്ലാതലത്തിലും പൂര്‍ത്തിയായി. ജൂണ്‍മാസംതന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം ഹയര്‍സെക്കന്‍ഡറി ഏകജാലപ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി സിലബസനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി 200 സാധ്യായ ദിവസങ്ങള്‍ പഠനത്തിനായി ലഭിക്കുന്നുണ്ട്. ജൂണ്‍ നാല് പ്രവൃത്തിദിവസമാകുന്നതോടെ ഈ വര്‍ഷവും 200 സാധ്യായ ദിവസങ്ങള്‍ ഉണ്ടാകും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും ജനപ്രതിനിധികളും അഞ്ചുവര്‍ഷത്തിനിടെ നടത്തിയ ഇടപെടലുകളുടെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളില്‍ വലിയ പുരോഗതിയാണുണ്ടായത്. കുറഞ്ഞത് മൂന്ന് ലാബുകളെങ്കിലും ഇല്ലാത്ത സ്കൂളുകള്‍ കുറവാണ്. കംപ്യൂട്ടര്‍ ലാബിനുപുറമെ ഐടി അധിഷ്ഠിത പഠനസൗകര്യങ്ങളുള്ള സ്മാര്‍ട് ക്ലാസ്റൂമുകള്‍ വ്യാപകമായി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്കൂളുകള്‍ വിരളമാണ്. എല്ലാ അര്‍ഥത്തിലും പിന്നോക്കംനിന്ന സ്കൂളുകള്‍ തെരഞ്ഞെടുത്ത് നടത്തിയ 107ഭസ്കൂള്‍ പദ്ധതിയിലൂടെ ഉണ്ടായ നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പത്താം തരംവരെയുള്ള 50 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്കൂളുകളും പഠിപ്പിക്കാനുള്ള അധ്യാപകരും കേരളത്തിലുണ്ട്. മലബാര്‍ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും സ്കൂളുകള്‍ അനുവദിച്ചു. 12-ാം തരംവരെ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തമാണ് ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസം. ഈ നേട്ടങ്ങളുടെ നിറവില്‍ പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഉത്ക്കണ്ഠ ഉളവാക്കുന്ന പ്രഖ്യാപനങ്ങളാണ് വിദ്യാഭ്യാസമന്ത്രിയില്‍നിന്നും ഉണ്ടാകുന്നത്. സ്കൂള്‍ വര്‍ഷാരംഭത്തില്‍തന്നെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു. സമാധാനപരമായ സ്കൂള്‍ അന്തരീക്ഷത്തേയും അക്കാദമിക് രംഗത്തെയും കലുഷിതമാക്കാനേ ഇതു സഹായിക്കൂ. ഹയര്‍സെക്കന്‍ഡറിയിലെ ഏകജാലകപ്രവേശനത്തെ വൈകിപ്പിക്കാനും അട്ടിമറിക്കാനും നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്. ഇനിയും ഫലപ്രഖ്യാപനം നടത്താത്ത സിബിഎസ്ഇയിലെ രണ്ടായിരത്തോളം കുട്ടികള്‍ക്കുവേണ്ടി നാലുലക്ഷത്തോളംവരുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ പ്രവേശന നടപടികളെയാണ് കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം എഴുപതിലധികമാകും. പത്തുലക്ഷം കുട്ടികളുടെ കുറവാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലുണ്ടായത്. ഇതിന്റെ ഫലമായി അയ്യായിരത്തോളം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലും പുതിയ സിബിഎസ്ഇ സ്കൂളുകളും അണ്‍ -എയ്ഡഡ് സ്കൂളുകളും വ്യാപകമായി അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ക്കായി ഖജനാവിലെ പണം വിനിയോഗിക്കാന്‍ കഴിയില്ല എന്നും മന്ത്രി പറയുന്നു. കൂടാതെ വിദ്യാലയങ്ങള്‍ നടത്താന്‍ കോര്‍പറേറ്റുകളെ ക്ഷണിച്ചിരിക്കുകയാണ്. പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) ത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള കേന്ദ്രഗവണ്‍മെന്റ് നയം നടപ്പാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ്, സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ് വരുന്നത്. 12,323 സ്കൂളുകളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികളും 17,4978 അധ്യാപകരും നിലവിലുണ്ട്. കൂടാതെ ഡിപിഐ ഓഫീസ്, 14 ഡിഡിഇ ഓഫീസുകള്‍ , 38 ഡിഇഒ ഓഫീസുകള്‍ , 162 അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകള്‍ , ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ , റീജണല്‍ -അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് നമ്മുടെ വിപുലമായ പൊതുവിദ്യാഭ്യാസസംവിധാനം. എസ്സിഇആര്‍ടി-സീമാറ്റ്-ഡയറ്റുകള്‍ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുമുണ്ട്. എസ്എസ്എ, ആര്‍എംഎസ്എ എന്നീ പ്രോജക്ടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസുകളും ബ്ലോക്കുതലംവരെയുണ്ട്. സമ്പൂര്‍ണ വിദ്യാഭ്യാസചാനലുള്ള ഐടി അറ്റ് സ്കൂള്‍ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ്. രണ്ടായിരത്തോളം ജീവനക്കാരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെട്ട സംവിധാനമാണ് പൊതുവിദ്യാഭ്യാസത്തിന് ഭരണപരമായ നേതൃത്വം നല്‍കുന്നത്. നാം കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയാണ് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ പൊതുവിദ്യാഭ്യാസസംവിധാനം. കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയിലും മതേതരത്വത്തിലും പൊതുവിദ്യാഭ്യാസത്തിനുള്ള പങ്കും നിര്‍ണായകമാണ്്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം വിദ്യാഭ്യാസരംഗത്തെ ഔദ്യോഗിക സംവിധാനങ്ങളില്‍ വരുത്തിയ മാറ്റം അത്ഭുതകരമാണ്. എന്നെ തല്ലണ്ട ഞാന്‍ നന്നാകില്ല എന്ന പഴഞ്ചൊല്ലുപോലെയായിരുന്ന വിവിധ ഓഫീസുകള്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ ഇന്ന് നൂറുമേനിയാണ്.


പരീക്ഷാവിജയങ്ങളും അതിവേഗത്തിലുള്ള ഫലപ്രഖ്യാപനങ്ങളും ഏകജാലകസംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മികവുകളാണ്. ദൗര്‍ഭാഗ്യവശാല്‍ അധ്യയനവര്‍ഷാരംഭത്തില്‍തന്നെ പൊതുവിദ്യാഭ്യാസരംഗത്തു കരിനിഴല്‍ പരത്തുന്ന നീക്കങ്ങളാണ് പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കുട്ടികളിലും സ്കൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍ . പൊതുവിദ്യാഭ്യാസത്തിന് ഇനി ഭാവിയില്ല എന്നുപ്രഖ്യാപിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. 40 ലക്ഷത്തോളംവരുന്ന കേരളത്തിലെ കുട്ടികളുടെ ആഹ്ലാദത്തില്‍ പങ്കുചേരുകയും അവരുടെ മികവിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്യുക എന്നതാണ് പുതിയ സ്കൂള്‍ വര്‍ഷാരംഭത്തില്‍ എല്ലാവരും ചെയ്യേണ്ടത്. ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല മറിച്ച് വളരേണ്ടതാണ് വിദ്യാഭ്യാസം എന്ന് അധികാരികള്‍ മനസ്സിലാക്കണം.


 -എം ഷാജഹാന്‍
(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


കടപ്പാട്:  ദേശാഭിമാനി

Shared as ShareAlike CC (Creative Commons)

12 അഭിപ്രായങ്ങൾ:

 1. അനൂപ്‌ ഷാജഹാന്‍ സാറിന്റെ മകനായിരുന്നോ. എന്റെ സ്ഥലവും കിളിമാനൂര്‍ ആണ്. സാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട് . പ്രീ ഡിഗ്രിയ്ക്ക്, നേതാജിയില്‍ വെച്ച്. അത് 1988- 86 കാലം . അന്ന് കുസാറ്റില്‍ വന്നപ്പോള്‍ സാറിന്റെ കൂടെ അനൂപായിരുന്നോ വന്നത് . എന്തായാലും അറിഞ്ഞതില്‍ സന്തോഷം. സാറിനോട് അന്വേഷണം പറയുക

  മറുപടിഇല്ലാതാക്കൂ
 2. "പത്താംതരം പരീക്ഷയും ഫലപ്രഖ്യാപനവും വിജയശതമാനവും നമ്മുടെ അഭിമാനമായി"

  അഭിമാനമായോ???????
  മലബാറിലെ ഒരുപാട് കുട്ടികൾ ഹൈയർ സെക്കൻഡറി പഠിത്തം കിട്ടാക്കനിയായി കൊണ്ട് നടക്കുന്നു.........എന്നാൽ തെക്കൻ ജില്ലകളിലോ സീറ്റുകൾ ബാക്കി>>>>>>>>>>>>കോപ്പി അടിയന്മാരായതിനാലാണോ ഈ വിവേചനം???????????????

  മറുപടിഇല്ലാതാക്കൂ
 3. @anoop, അതെ, അന്ന് ഞാനാണ് വന്നത്. വാപ്പയോടു പറയാം.
  ഞാനും നേതാജിയിലാ പഠിച്ചത്. :)

  മറുപടിഇല്ലാതാക്കൂ
 4. @ABDULLA JASIM IBRAHIM, മലബാറില്‍ ആരെങ്കിലും കോപി അടിച്ചു എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആരേലും പറഞ്ഞിട്ടുന്ടെല്‍ അവിടെ ചെന്നു ചോദിക്കുക....
  പിന്നെ മലപ്പുറത്ത്‌ കഴിഞ്ഞ വര്‍ഷം പുതിയതായി ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചതോന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. അതോ മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതോ?

  മറുപടിഇല്ലാതാക്കൂ
 5. ദേശാഭിമാനിയില്‍ കണ്ടിരുന്നു. നന്ദി പോസ്റ്റിയതിന്.

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. എന്നിട്ട് ഇപ്പോഴും പെറ്റ് പെരുകി ജനസംഖ്യ കൂട്ടാൻ ഇറങ്ങി പുറപ്പെട്ട ആളുകൾ തിങ്ങി പാർക്കുന്ന മലബാറിൽ സീറ്റ് തികയുന്നില്ലല്ലോ തെക്കൻ ജില്ലകളിൽ സീറ്റ് ബാക്കിയാണെന്ന കര്യം ഞാൻ ആവർത്തിക്കുന്നു...........5000 സീറ്റിന് അര സ്കൂൾ എന്ന അനുപാതത്തിലല്ലോ പ്രക്യാപിക്കേണ്ടത്....അത് കൊണ്ട് തന്നെ അല്ലെ മലബാറിൽ നിന്നും ഇങ്ങനെ ഉള്ള ആളുകളെ ജനം തൂക്കി എറിഞ്ഞത്...........

  മറുപടിഇല്ലാതാക്കൂ
 8. >>അത് കൊണ്ട് തന്നെ അല്ലെ മലബാറിൽ നിന്നും ഇങ്ങനെ ഉള്ള ആളുകളെ ജനം തൂക്കി എറിഞ്ഞത്........... <<

  പകരം നിങ്ങള്‍ കുറച്ചു പേരെ അങ്ങോട്ട്‌ അയച്ചിട്ടുണ്ടല്ലോ. അവരിപ്പോ തരും. വന്നു കേറിയ ഉടനെ നമ്മുടെ പുതിയ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കേട്ടായിരുന്നോ? പുതിയ പള്ളിക്കൂടങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല എന്ന്. (ഉള്ള പള്ളിക്കൂടങ്ങള്‍ കൂടി അവര്‍ പൂട്ടിക്കാതിരുന്നാല്‍ നിങ്ങടെ ഫാഗ്യം.) പകരം കോര്‍പ്പറെറ്റുകളെയും സ്വകാര്യ വ്യക്തികളെയും ഈ രംഗത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു എന്ന്. അങ്ങനെയുള്ളവര്‍ തുടങ്ങുന്ന സ്കൂളുകളിലെ വലിയ ഫീസ്‌ കൊടുത്തു പഠിക്കാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍?

  മറുപടിഇല്ലാതാക്കൂ
 9. ഹ ഹ അവരെം 5 വർഷം കഴിഞ്ഞാ തള്ളുമല്ലൊ.........പക്ഷേ ഇപ്പൊ കയറിയവർക്ക് വിഷം കുറവാ ട്ടോ....

  മറുപടിഇല്ലാതാക്കൂ
 10. >>പക്ഷേ ഇപ്പൊ കയറിയവർക്ക് വിഷം കുറവാ ട്ടോ.... <<
  ഉവ്വ

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....