തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

സിംഹാസനം: ഏഴാം തമ്പുരാന്റെ ഏനക്കേടുകള്‍

ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും, പിന്നീട് പൈങ്കിളിയായും...
-ദീപക് ശങ്കരനാരായണന്‍

അന്‍പതുകള്‍ മുതല്‍ പുരോഗമന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന മലയാള സിനിമ മാറിത്തുടങ്ങുന്നത് തോണൂറുകളുടെ തുടക്കം മുതലാണ്‌. അതായത് ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഉദയവും ഉണ്ടാകുന്ന അതെ സമയത്ത്. രഞ്ജിത്ത് വക ദേവാസുരത്തില്‍ തുടങ്ങി പിന്നീട് ഷാജി കൈലാസ്-രഞ്ജിത്ത് ടീമിലൂടെ ശക്തി പ്രാപിച്ചു ഉസ്താദും ആറാം തമ്പുരാനും ധ്രുവവും താണ്ഡവവും വഴി നരസിംഹത്തിലൂടെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിത്തീര്‍ന്ന അങ്ങേയറ്റം സാമൂഹ്യവിരുദ്ധമായ സവര്‍ണ്ണ ഫ്യൂടല്‍-മാടമ്പി സ്തുതികളുടെ പൈങ്കിളിയായ ആവര്‍ത്തനമായി മാറുകയാണ് ഈ ചിത്രം. ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലെയ്ക്ക്  എത്തിയ മോഹന്‍ലാലിനെ അനുകരിച്ച് സൂപ്പര്‍ താരസിംഹാസനത്തിലേക്ക് കയറാനുള്ള ഒരു യുവനടന്റെ പരാജയപ്പെട്ട പരിശ്രമവും ദീപക്കിന്റെ കമന്റിനെ തന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതിയ സിംഹാസനം. സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയെ പോളിച്ചടുക്കിയതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഷാജി കൈലാസ് സ്വയം താനിതുവരെ ചെയ്ത പടങ്ങളെല്ലാം, അല്ലെങ്കില്‍ പിന്തുടര്‍ന്ന സിനിമാ രീതി തന്നെ എത്ര അപഹാസ്യമാണ് എന്ന് പകല്‍ വെളിച്ചത്തില്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന ചിത്രമാണ് സിംഹാസനം. ഒരര്‍ത്ഥത്തില്‍ കാലം കരുതിവെച്ച കാവ്യനീതി.

സിനിമയും രാഷ്ട്രീയവും : പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ 

ഈ ജനുസ്സില്‍ ഇന്നേ വരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ദേവാസുരം മുതല്‍ താണ്ഡവം വരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും സീനുകളും ഡയലോഗുകളും അടക്കം ഷാജി കോപ്പി ചെയ്തിരിക്കുന്നു,. അതുകൊണ്ടുതന്നെ ഈ ജനുസ്സിന്റെ എല്ലാ സാമൂഹ്യവിരുദ്ധതയും ഒറ്റ ചിത്രം കൊണ്ട് വ്യക്തമാകും. ചന്ദ്രഗിരി എന്ന തറവാട്ടിലെ മാധവന്റെയും മകന്‍ അര്‍ജ്ജുനന്‍ എന്ന അച്ചുവിന്റെയും (നരസിംഹത്തിലെ അതെ അച്ചു!)  കഥയാണ്‌ ചിത്രം.  തന്റെ അച്ഛന്‍ ഒരു 'Parallel Government' ആണല്ലോ എന്ന് അച്ചുവിന്റെ കൂട്ടുകാരന്‍ പറയുമ്പോള്‍ 'അല്ല  Alternate Government എന്ന്' അച്ചു പറയുന്നിടത്ത് ആ ജനാധിപത്യ-സാമൂഹ്യ വിരുദ്ധത ആരംഭിക്കുന്നു (ദേവാസുരം, താണ്ഡവം, ധ്രുവം). ഒടുവില്‍ തങ്ങള്‍ പഴയ രാജകുടുംബം ആണെന്നും ക്ഷത്രിയര്‍ ആണെന്നും പറഞ്ഞു അച്ചു പൂണൂല്‍ ധരിച്ചു (ആറാം തമ്പുരാനില്‍ എല്ലാത്തിന്റെം നാഥനായ ജഗന്നാഥന്‍ ഇട്ട അതെ പൂണൂല്‍) സിംഹാസനത്തില്‍ ഏറുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക. ഇവിടെ പൂണൂല്‍ വീണ്ടുമണിഞ്ഞു  കൊണ്ട് നമ്മോട് ഉത്ഘോഷിക്കുന്നത് സവര്‍ണ്ണ, ഫ്യൂടല്‍ രാജവാഴ്ചയുടെ 'മഹത്വം' ആണ്. നാം എന്നേ  കയ്യൊഴിഞ്ഞ ആ കെട്ടകാലത്തെ തിരിച്ചു കൊണ്ടുവരാനാനാണ്.നരസിംഹത്തിലെത്തുമ്പോള്‍ അച്ചുവിന്റെ അച്ഛന്‍ ഒരു ജഡ്ജി ആണ്. ജനാധിപത്യത്തില്‍ നേരത്തെ പ്രതീക്ഷ നഷ്ടപ്പെട്ട ഷാജി   ജൂഡീഷ്യറിയിലും പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണല്ലോ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനിച്ചുകൊണ്ട് 'ചിന്താമണി കൊലക്കേസ്' എന്ന ക്രിമിനല്‍ സിനിമ ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഇവിടെ കാണിക്കുന്നത് സാക്ഷി പറയാനായി നില്‍ക്കുന്ന എസ്.പിയെ കോടതിക്കുള്ളില്‍ വെച്ച് ഒരു വക്കീല്‍ തന്നെ കാച്ചുന്നതാണ്. കണ്ടാ, ജൂഡീഷ്യറിയുടെ കാര്യവും പോക്കാണ്. ശൂദ്രന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി പുല്ലുപോലെ കേസ് തെളിയിച്ചിരുന്ന കാലം എത്രയും പെട്ടെന്ന് തിരിച്ചു വരണം. 'ഇവടെ പോലീസും വക്കീലും ജഡ്ജിയും ഒക്കെ ഞാനാണ്' എന്ന് പണ്ട് ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത് വെറുതെയല്ലല്ലോ, യേത്?


കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കാനും മുഖ്യമന്ത്രിയുടെ തന്നെ പ്രശ്നങ്ങളില്‍ അവസാന അഭയമായി മാറാനും കെല്‍പ്പുള്ള പുള്ളി ആണത്രേ ചന്ദ്രഗിരി തറവാട്ടിലെ ('എന്ത് വരിക്കാശ്ശേരി മന കിട്ടൂലെടെ, ഞാന്‍ ഷൂട്ടിംഗ്തന്നെ വേണ്ടാന്നു വെക്കും') മാധവ മേനോന്‍ . ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും, എന്തിനു ബെല്ലാരിയിലെ ഗുണ്ടക്കും ബാംഗ്ലൂരിലെ പോലീസിനും പോലും മാധവന്‍ വന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവക്കെല്ലാം പുള്ളി ദൈവവും ആണ്! ചന്ദ്രഗിരി ഭരിക്കുന്നത്‌ തന്നെ മാധവന്‍ ആണ്. പതിവുപോലെ തറവാടിനു മുന്നില്‍ ചുമ്മാ ബോറടിച്ച് നില്‍ക്കുന്ന ആനകളും, അമ്പലത്തിലെ ഉത്സവം നടത്തിപ്പും ഒക്കെ തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെ നായകന്‍ അച്ചുവിന് ഹിന്ദിപ്പടത്തില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് മീശ ഇല്ലാത്തത് കൊണ്ട് മീശപിരിക്കുക എന്ന ആചാരം തന്തപ്പടി മാധവമേനോന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പണ്ട് ആറാം തമ്പുരാന്‍ കൊളപ്പുള്ളി അപ്പനെ തട്ടിയിട്ടു കൊണ്ടുവന്ന തിരുവാഭരണം ഇപ്പോള്‍ ചന്ദ്രഗിരി തറവാട്ടിലാണ്. അത് ഉത്സവക്കമ്മിറ്റിക്കു അച്ചുത്തമ്പുരാന്‍ കൊടുത്തുകൊണ്ടാണ് താന്‍ വരുന്ന വഴി വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പ് ഒരു പദ്ധതി നടത്താന്‍ തീരുമാനിക്കുന്നു. പക്ഷെ തന്നോട് ആലോചിക്കാതെ തന്റെ നാട്ടില്‍ പദ്ധതി നടത്തുമോ എന്ന് ചോദിച്ചു മാധവണ്ണന്‍ നേരെ  കേറിച്ചെന്നു റവന്യൂ  മന്ത്രിയുടെ കുത്തിനു പിടിക്കുന്നു, നാട്ടുകാര്‍ പദ്ധതിസ്ഥലം  തന്നെ കയ്യേറി അവിടെ 'ചന്ദ്രഗിരി' വക എന്ന ബോര്‍ഡ് തന്നെ വെക്കുന്നു. 'നീ എന്റെ സ്വത്താണ്' എന്ന് ഒരു പെണ്‍കുട്ടിയോട് അച്ചു പറയുന്നത് നല്‍കുന്ന ധ്വനി ഒട്ടും നല്ലതല്ല.
ജനാധിപത്യത്തിനു പകരമായി ഷാജി മുന്നോട്ടു വെക്കുന്ന ഈ നാടുവാഴിയുടെ രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് പകല്‍ പോലെ വ്യക്തമാകുന്നു. ചന്ദ്രഗിരി തറവാട് പഴയ രാജകുടുംബവും, അവര്‍ ക്ഷത്രിയരും ആണ്. ഭരണം എന്നത് രാജകുടുംബങ്ങള്‍ക്കും സവര്‍ണ്ണ പൌരോഹ്യത്തിനും മാത്രം പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യം വന്നതോടെ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതാണ് നാം നേരിടുന്ന പ്രശ്നം. അത് തിരിച്ചുകൊണ്ടു വരണം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഷാജിയും കൂട്ടരും ഇത്തരം സിനിമകളിലൂടെ മുന്നോട്ടു വെക്കുന്ന 'അ'രാഷ്ട്രീയം. സിംഹാസനത്തില്‍ എത്തുമ്പോള്‍ അത് പച്ചയായ രാജഭക്തിക്കു വഴിമാറുന്നു. ഇന്നത്തെ കാലത്തും എന്തിനാണ് ആചാരങ്ങള്‍ എന്ന് ചോദിക്കുന്ന അച്ചുവിനോട് ആസ്ഥാന ജ്യോത്സന്‍ (മാടമ്പ് മാറി ശ്രീരാമനാണ് ഇവിടെ) പറയുന്നതിങ്ങനെ. 'മനുഷ്യനെക്കാള്‍ വലുതാണ്‌ ശാസ്ത്രം (ങേ!). ശാസ്ത്രമെന്നാല്‍ ആചാരങ്ങള്‍ (ഓ  അങ്ങനെ). ആ ആചാരങ്ങളുടെ ബലത്തിലാണ് കോടിക്കണക്കിനു വരുന്ന സ്വത്ത് സംരക്ഷിച്ചുവെക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു കഴിഞ്ഞത്. അതുകൊണ്ട് നാം അത് പിന്തുടര്‍ന്നെ പറ്റൂ.' സിനിമയുടെ ടൈറ്റില്‍ കാണിക്കുന്നതുമുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാന്‍ സില്മാക്കാര്‍ കാണിക്കുന്ന അഭ്യാസത്തിന്റെ യഥാര്‍ത്ഥ കാരണം വെളിയില്‍ വരുന്നത് അപ്പോഴാണ്‌. ക്ഷേത്രമല്ല, അതിനുള്ളിലെ നിധിയാണ്‌ കാര്യം. ആചാരങ്ങള്‍ നമ്മള്‍ക്ക് സ്വത്തു സൂക്ഷിക്കാനുള്ള മറയാണ്. അതുകൊണ്ട് തന്നെ അത് പിന്തുടര്‍ന്നെ മതിയാകൂ.

സൂരജ് രാജന്റെ വാക്കുകളില്‍, 'ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല. 

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.  


 പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്. 

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?'

ജനാധിപത്യം തന്നെ എല്ലാ സൌകര്യങ്ങളും യഥേഷ്ടം അനുഭവിക്കുകയും എന്നാല്‍ അപ്പോഴും രാജവാഴ്ചയുടെ അയഥാര്‍ത്ഥമായ നൊസ്റ്റാള്‍ജിയ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവത്വം ഇവിടെയുമുണ്ട്. അതിനുപിന്നിലുള്ള ജാതിചിന്തയും സവര്‍ണ്ണ മനോഭാവവും കാണാതിരുന്നുകൂട. ജനനേതാക്കളുടെ രൂപവും നിറവും ജനിച്ച ജാതിയും എല്ലാം ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നതിലും ചിലര്‍ക്കൊക്കെ ഓക്കാനം വരുന്നതിലും ഈ ജാതിചിന്ത ഒരു പങ്കു വഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.


എന്നാല്‍ ഈ അറുപിന്തിരിപ്പന്‍ രാഷ്ട്രീയത്തെ നേരെ കൈകാര്യം ചെയ്യാനും പണ്ട് ചെയ്തിരുന്നതുപോലെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാനും ഒന്നും ഷാജിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാടുവാഴിത്തറവാടും ഉത്സവം നടത്തി നാടുനന്നാക്കലും പൂണൂലിടലും ഒക്കെ വീണ്ടും നമ്മുടെ മുന്നില്‍ അവതരിക്കുന്നു, ഇങ്ങനെയുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സാധൂകരിച്ചുകൊണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ആദ്യഷോയ്ക്ക് പോലും ലഭിച്ച  കൂവലുകള്‍ ഈ കള്ളത്തരം കയ്യോടെ പിടികൂടാന്‍ പൊതുജനത്തിന് കഴിയുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു.


ചെഗുവേരയുടെ വാചകം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് താന്‍ ഒരു ഭയങ്കര ഇടതുപക്ഷക്കാരനാണ് എന്നുമൊക്കെ പ്രഖ്യാപിച്ച് പാര്‍ട്ടി പത്രത്തിലടക്കം ഷാജി കൈലാസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. ചെ ഒരു ഫാഷനായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ എത്ര ഉപരിപ്ലവമായാണ് ചെഗുവേരയെ ഒക്കെ ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ പോലും മനസിലാക്കിയിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുകയും എന്നാല്‍ വലതുപക്ഷത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുകയും ചിലരില്‍ നിന്നും ഷാജിയിലേക്കുള്ള ദൂരം തീരെക്കുറവ് എന്നുമാത്രം പറയുന്നു..

സൂപ്പര്‍ താരമാവാന്‍  പെടുന്ന പാടുകള്‍ 

'ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല.'

 - ബി. അബൂബക്കര്‍, (തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍ )

സൂപ്പര്‍ താരങ്ങളായി അവകാശപ്പെട്ടിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മെഗാ സ്റ്റാറും പിന്നീട് യൂണിവേഴ്സല്‍ സ്റ്റാറും ഒക്കെയായി സ്വയം പ്രൊമോഷന്‍ വാങ്ങിപ്പോയ ഒഴിവിലേക്ക് വരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത ക്യൂ നിന്നവരാണ് 'ജനപ്രിയ' പൈങ്കിളി നായകന്‍ , ഷിറ്റിന്റെ ആശാന്‍ , ടോം ആന്‍ഡ്‌ ജെറിക്ക് പഠിക്കുന്ന ആനക്കമ്പക്കാരന്‍ എന്നിവര്‍. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തില്‍ കവിഞ്ഞൊന്നും ഇവരെയൊന്നും സൂപ്പര്‍ താരം എന്ന് വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായില്ലെങ്കിലും ഇവരുടെ ഉപദേശികള്‍ക്ക് ഉണ്ടായി.. അപ്പോഴാണ്‌ രംഗത്തേയ്ക്ക് പ്രിഥ്വിയുടെ വരവ്. 'പുതിയ മുഖം' എന്ന പറക്കൂതറ ചിത്രത്തോടെയാണ് പുള്ളി സൂപ്പര്‍ താരപദവി നോട്ടമിടാന്‍ തുടങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു മലയാള സിനിമയാണ് തന്റെ സ്വപ്നമെന്നും മറ്റും അഭിമുഖങ്ങളില്‍ ചപ്പടാച്ചി അടിക്കുകയും എന്നാല്‍ അതിനു നേര്‍വിപരീതമായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഒരു നടന്റെ ആരംഭം ഇവിടെ നിന്നാണ്. അതിനുശേഷം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയ വളരെക്കുറച്ച് ചിത്രങ്ങളാണ് പ്രിത്വി ചെയ്തത്; വീട്ടിലേയ്ക്കുള്ള വഴി, മാണിക്ക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ, രാവണന്‍  എന്നിവ. ബാക്കി പ്രധാന ചിത്രങ്ങള്‍ ഇവയാണ്: റോബിന്‍ ഹുഡ്, താന്തോന്നി, പോക്കിരിരാജ, പോലീസ് പോലീസ്, ത്രില്ലര്‍, അര്‍ജ്ജുനന്‍ സാക്ഷി, മനുഷ്യമൃഗം, മാസ്റ്റേഴ്സ്, മേക്കപ്പ്മാന്‍, തേജാഭായി, ഉറുമി, ഹീറോ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ആ ലിസ്റ്റ് അങ്ങനെ പോകുന്നു. പ്രിഥ്വിവിരോധം  എന്ന പൊതുബോധത്തില്‍ പങ്കുചേരാതെ`ഈ നടനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് കുഴിച്ചുമൂടാന്‍ തക്ക കപ്പാസിറ്റി ഉള്ള ഒരു ലിസ്റ്റ്. ഒരു സൂപ്പര്‍ താരം ആയി പ്രതിഷ്ഠ നേടാനുള്ള പെടാപ്പാട് ആണ് ഈ ചിത്രങ്ങള്‍ പൊതുവായി പങ്കുവെക്കുന്നത്. അതിന്റെ പാരമ്യം ആണ് സിംഹാസനം.ഒരു സൂപ്പര്‍ താരമാവാന്‍ പ്രിഥ്വി  സ്വീകരിച്ച വഴികള്‍ മുകളില്‍ കൊടുത്ത ലേഖനത്തില്‍ വിശദമായി അബൂബക്കര്‍ എഴുതിയിട്ടുണ്ട്. അതിനു ഒരു അനുബന്ധമാണ്‌ ഈ ചിത്രം. മോഹന്‍ലാല്‍ എങ്ങനെ ഒരു താരസ്വരൂപമായി മാറി എന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സവര്‍ണ്ണ വിളയാട്ടങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. താരസിംഹാസനത്തില്‍ എറാനായി അതിനെ പിന്തുടരുക ഒട്ടും നല്ലതല്ലാത്ത വഴിയാണ് ഇവിടെ പ്രിഥ്വി  സ്വീകരിക്കുന്നത്.എന്നാല്‍ ലാലുമായി താരതമ്യപ്പെടുത്തുമ്പോള്‍  അഭിനയമികവ് എന്നൊരു സാധനം പ്രിഥ്വിക്ക് തീരെ കുറവായതിനാതിനാലും ഷാജിയുടെ പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കാത്തതിനാലും വലിയൊരു ക്യാന്‍വാസില്‍ എടുത്ത ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ മോഡല്‍ പടം എന്നതിനപ്പുറം മറ്റൊന്നുമാവാന്‍ ഈ ചിത്രത്തിന് കഴിയാതെ പോകുന്നു. 'കൂതറ പടം പിടിക്കാന്‍ അഞ്ചു ലക്ഷം മതി, അതിനു പത്തുകൊടിയും താടിയും വേണ്ട' എന്ന പണ്ഡിറ്റ്‌ജി പഠിപ്പിച്ച പാഠം നമ്മുടെ നിര്‍മ്മാതാക്കാള്‍ പഠിക്കാത്തിടത്തോളം കാലം സിംഹാസനങ്ങള്‍ വീണ്ടും ഉണ്ടാകും. എന്നാല്‍ അവ മുന്‍പ് നിര്‍വ്വഹിച്ച സാമൂഹ്യവിരുദ്ധമായ ദൌത്യം ഇനിയും ചെലവാവുമോ എന്ന് കണ്ടുതന്നെ അറിയണം. വിക്കിപീഡിയ ചിത്രത്തെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തുന്നു..

'The film opened with negative reviews and critics saying 'Simhasanam' is another terrible waste of a terrific opportunity and money.'

14 അഭിപ്രായങ്ങൾ:

 1. "പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക"

  അങ്ങേയറ്റം ജാതീയത പുലര്‍ത്തിയ അയാള്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന് വന്നവരെ ആവതും ഒതുക്കി. ഗൌരിയമ്മ ഒക്കെ ഇതിനുദാഹരണം. അവര്‍ണനായ ആദ്യകാല പാര്‍ടി സെക്രടറി യെ ആരും അറിയുക പോലുമില്ല ഇപ്പോള്‍.

  മറുപടിഇല്ലാതാക്കൂ
 2. @അജ്ഞാതന്‍ , പൂര്‍ണ്ണമായും വിയോജിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 3. മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട് ....
  ഷാജി കൈലാസ് എന്നാ വ്യക്തി ഒരു സവര്‍ണ ഹിന്ദു അല്ല എന്നാണു എന്റെ അറിവ്.. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ അല്ലെങ്കില്‍ സിനിമയിലൂടെ പുറത്തുവരുന്ന ചിന്ത എന്തായിരിക്കും? അടിമത്തം?

  മറുപടിഇല്ലാതാക്കൂ
 4. ഷാജികൈലാസ് എന്ന ഫാസിസ്റ്റ് സംവിധായകനെ തുറന്നുകാട്ടിയതിന് അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 5. @ ജിമേഷ്, ജനിച്ച മതത്തിനോ ജാതിക്കോ ഈ വിഷയത്തില്‍ ഒരു പ്രസക്തിയും ഇല്ല. നിലപാടുകളും ആശയങ്ങളുമാണ്‌ പ്രശ്നം.

  മറുപടിഇല്ലാതാക്കൂ
 6. വളരെ നല്ല റിവ്യൂ. ഇഷ്ടപ്പെട്ടു.
  www.mindaattam.wordpress.com

  മറുപടിഇല്ലാതാക്കൂ
 7. ചിലര്‍ക്ക് നമ്പൂതി, വര്‍മ്മ, നായര്‍, എഴുത്തശ്ശന്‍ എന്നൊക്കെ കേട്ടാല്‍ ഉടനെ മറ്റേടത്തെ പുണ്ണ് പഴുക്കും. ഇവര്‍ക്ക് പഥ്യം ഭരണത്തിന്റെയും മതത്തിന്റേയും മറവില്‍ കള്ളക്കടത്തും പെണ്ണുപിടിയും ഒന്നിലധികം പെണ്ണുകെട്ടും പെറ്റുപെരുകലും വര്‍ഗ്ഗീയതയുമൊക്കെ ആഘോഷമായി കൊണ്ടു നടക്കുന്നവന്റെ ആസനത്തില്‍ നിന്നും പോകുന്ന അമേഥ്യമാണെന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. >> ചിലര്‍ക്ക് നമ്പൂതി, വര്‍മ്മ, നായര്‍, എഴുത്തശ്ശന്‍ എന്നൊക്കെ കേട്ടാല്‍ ഉടനെ മറ്റേടത്തെ പുണ്ണ് പഴുക്കും. <<

   ഡേയ് ചെല്ലാ, ആ നമ്പര്‍ മടക്കി അങ്ങ് കയ്യീ തന്നെ വെച്ചോ കേട്ടാ, അതിവിടെ ചലവാകൂല...

   >> ഇവര്‍ക്ക് പഥ്യം ഭരണത്തിന്റെയും മതത്തിന്റേയും മറവില്‍ കള്ളക്കടത്തും പെണ്ണുപിടിയും ഒന്നിലധികം പെണ്ണുകെട്ടും പെറ്റുപെരുകലും വര്‍ഗ്ഗീയതയുമൊക്കെ ആഘോഷമായി കൊണ്ടു നടക്കുന്നവന്റെ ആസനത്തില്‍ നിന്നും പോകുന്ന അമേഥ്യമാണെന്ന് തോന്നുന്നു.<<

   നാം ഇന്നനുഭവിക്കുന്ന സുഖസൌകര്യങ്ങള്‍ എല്ലാം ജനാധിപത്യത്തിന്റെ സംഭാവനയാണ്. ജനാധിപത്യത്തിനു ഉള്ള ദോഷങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടത് നമ്മുടെ തന്നെ ചുമതലയാണ്. മതം നോക്കി ഇലക്ഷന് കുത്തുന്ന നമ്മുടെ തന്നെ നാട്ടുകാരും അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും ആണ് ഇന്ന് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതിനുള്ള പ്രതിവിധി ജനാധിപത്യത്തെ മതനിരപേക്ഷം ആക്കുക എന്നതാണ്. അല്ലാതെ പഴയ രാജഭരണവും ഫ്യൂടല്‍ നാടുവാഴിത്തവും തിരിച്ചു കൊണ്ടുവരിക എന്നതല്ല.

   സൂരജ് രാജന്റെ ചോദ്യം ആവര്‍ത്തിക്കുന്നു, "വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?"

   ഇല്ലാതാക്കൂ
 8. in raj system -his and his fellow men looted the public ,in democracy-the political parties does the same .so is this what our great ones faught for .in the eagerness to find fault with the bygone era we must not forget the present mis happenings

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....