Amores Perros, Babel, The Motorcycle Diaries എന്നീ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ Gael García Bernal അഭിനയിച്ച പുതിയ ചിത്രമാണ് 'NO'. Pablo Larraín ആണ് ഈ ചിലിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1988-ല്‍ പിനോഷെയുടെ സൈനികഭരണത്തെപ്പറ്റി നടന്ന ഹിതപരിശോധനയും അതിനായി ഉപയോഗിക്കപ്പെട്ട പ്രചരണ രീതികളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എല്ലാ ഭരണ വിരുദ്ധ അഭിപ്രായങ്ങളും പ്രചാരണങ്ങളും അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആ കാലത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ ലഭിച്ചിരുന്നത് നാഷണല്‍ ടെലിവിഷനില്‍ ദിവസവും വെറും പതിനഞ്ചു മിനുട്ടാണ്. അഭിപ്രായ വ്യത്യാസങ്ങല്‍ള്‍ക്കിടയിലും പ്രതിപക്ഷ കക്ഷികളുടെ 'മഴവില്‍' സഖ്യം ഈ പതിനഞ്ചു മിനുട്ട് ഉപയോഗിച്ച് നടത്തിയ 'No Campaign'-ഉം അതിന്റെ വിജയവും അഭിപ്രായസ്വാതന്ത്ര്യത്തെയും സെന്‍സറിങ്ങിനെയും ജനാധിപത്യത്തേയും കുറിച്ച് മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സാല്‍വഡോര്‍ അലന്റയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയാണ് 1973-ല്‍ പിനോഷെ ചിലിയുടെ ഭരണം പിടിച്ചെടുക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഭരണം തുടര്‍ന്ന പിനോഷെ നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുകയും തനിക്കെതിരെ ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളെയും ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. എന്നാല്‍ പിനോഷെയോടുള്ള എതിര്‍പ്പ് ചിലിയില്‍ ശക്തമായി വരുകയും അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1988-ല്‍ ഹിതപരിശോധന നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിനോഷെയുടെ ഭരണം തുരണം എന്നുള്ളവര്‍ 'YES' എന്നും എതിര്‍പ്പുള്ളവര്‍ 'NO' എന്നും വോട്ടു ചെയ്യണം. കമ്മ്യൂണിസ്റ്റുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ഉള്‍പ്പടെ നിരന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രചാരണത്തിന് ആകെ ലഭിച്ചത് ഒരു മാസക്കാലം ദിവസവും പതിനഞ്ചു മിനിറ്റാണ്. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഈ പാര്‍ട്ടികള്‍ക്ക് ഈ സമയം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കി തന്നെയാണ് സൈനിക ഭരണകൂടം ഇതിനു അനുവാദം നല്‍കിയത്.
പ്രതിപക്ഷ കക്ഷികള്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ രംഗത്തെ പ്രഗത്ഭനായ René Saavedra-യെ (Gael García Bernal)സമീപിക്കുന്നു. തുടര്‍ന്ന് വ്യത്യസ്തമായ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിക്കുന്ന 'മഴവില്‍' എന്ന സിംബല്‍ ഉപയോഗിച്ചുകൊണ്ട് 'Happiness is coming' എന്ന പേരില്‍ അവര്‍ ടെലിവിഷന്‍ ക്യാമ്പയ്ന്‍ (NO Campaign) ആരംഭിക്കുന്നു. ഭീഷണികളെയും രൂക്ഷമായ സര്‍ക്കാര്‍ നിരീക്ഷണങ്ങളെയും അതിജീവിച്ചു കൊണ്ടുള്ള അവരുടെ പോരാട്ടമാണ് പിന്നീട് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഡോക്യുമെന്ററി ആയി മാറാതെ കയ്യടക്കത്തോടെ ചിത്രീകരിക്കാന്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.
ജനാധിപത്യത്തിന്റെ വിലയും അത് നമുക്ക് നല്‍കുന്ന അവകാശങ്ങളും ശരിയായ രീതിയില്‍ മനസിലാക്കാത്ത ഒരു യുവതലമുറയാണ് നമ്മുടെ രാജ്യത്ത് ഇപ്പോഴുള്ളത് എന്ന വിമര്‍ശനം ശക്തമാണ്. ജനാധിപത്യ ഭരണവ്യവസ്ഥയ്ക്കായി ലോകത്തിന്റെ പലഭാഗത്തായി നടക്കുന്ന പോരാട്ടങ്ങളെ മനസിലാക്കുന്നത് ജനാധിപത്യത്തിന്റെ ശരിയായ ഉപയോഗത്തിന് സഹായകരമാകും എന്ന കാര്യത്തില്‍ സംശയമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വരുന്ന വിലക്കുകളും ഐ.ടി ആക്റ്റ് പോലുള്ള കരിനിയമങ്ങളിലൂടെ ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മൂക്കുകയറിടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളും വലിയ ചര്‍ച്ചയാകുന്ന അവസരമാണിത്. പതിനഞ്ചു മിനിട്ടിന്റെ 'No Campaign' ഒരു സൈനികഭരണകൂടത്തെ അട്ടിമറിച്ചതെങ്ങനെ എന്ന് അറിയുന്നത് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും നല്‍കുന്ന അത്ഭുതകരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരു ജനതയെ തീര്‍ച്ചയായും സഹായിക്കും. അതുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ പിനോഷെയുടെ പരാജയം നല്‍കുന്ന സൂചന തിരിച്ചറിയുന്നത് നന്നായിരിക്കും.
മലയാള സൈബര്‍ ലോകത്തിന്റെ അഥവാ ബൂലോകത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് 'ഗോക്രി വധം'. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവ ഒന്നും ഇടപെടാതെ മാറി നിന്ന ഒരു വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന് ശാസ്ത്രീയമായി പൊളിച്ചടുക്കാന്‍ ധൈര്യം കാണിച്ചത് ബൂലോകമാണ്. ഡോ.(?) ഗോപാലകൃഷ്ണന്‍ അഥവാ 'ഗോക്രി'യുടെ ഉഡായിപ്പുകള്‍ കാലാകാലങ്ങളില്‍ ഉമേഷ്, സൂരജ്, കാല്‍വിനാദികള്‍ പൊളിച്ചടുക്കിയിട്ടുണ്ട്. അതിന്റെ കാലഗണനയുടെ ചെറിയൊരു അടയാളപ്പെടുത്തല്‍ കുറെ വര്‍ഷങ്ങളായി ഇവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ലേഖനങ്ങള്‍ പരിചയമില്ലാത്തവര്‍ ബൂലോകത്ത് കുറവായിരിക്കും. എങ്കിലും ഇനിയും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അറിയുവാനും അല്ലാത്തവര്‍ക്ക് ഒരു പെട്ടെന്നുള്ള റെഫറന്‍സ് ആയും ഈ എളിയ ശ്രമം പ്രയോജനപ്പെടും എന്ന് കരുതുന്നു.
"ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകള്‍ എന്ന്‍ പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളില്‍ നിന്നും ദര്‍ശന/തത്വ സംഹിതകളില്‍ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങള്‍ കൊണ്ട് മുട്ടന്‍ ഉഡായിപ്പ് "ശാസ്ത്രീയമായി" വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം - ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയന്‍സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം "ദേ ഞമ്മട കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!
ആശാന്റെ ഉഡായിപ്പുകള്‍ ഇപ്പോള്‍ പീസ് പീസായി യൂട്യൂബില്‍ വരുന്നുണ്ട്- ആശാന്റെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് (IISH) എന്ന സ്ഥാപനം അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളായി. എഷ്യാനെറ്റ് കേബിള്‍ വിഷന്‍, അമൃതാടീവി ചാനലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന "ഡോക്ടര്‍"ഗോപാലകൃഷ്ണന്റെ ഹൈന്ദവ ഇവാഞ്ചലിസം ഇനി ഭൗതികതയിലും ലൗകികതയിലും പെട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന വിദേശമലയാളിക്കുഞ്ഞുങ്ങള്‍ക്കും അവരുടെ "ഭാഗവതം" വായിക്കാന്‍ സമയം കിട്ടാതെ "life" ആകെ "empty" ആയിപ്പോയ തന്ത-തള്ളാര്‍ക്കും, കേട്ട് കുളിരാം. "തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയാഘാതം വരും", "പൗഡറിട്ടാല്‍ ക്യാന്‍സര്‍ വരും", "കെടാക്കപ്പായേന്ന് എണീറ്റുടനെ രണ്ട് ഗ്ലാസുവെള്ളം കുടിച്ചാല്‍ സ്ട്രോക്കും അറ്റാക്കും വരാതെ നോക്കാം" എന്ന് തുടങ്ങുന്ന മഹത്തായ സചിത്ര e-mail-കള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് പോലും നോക്കാതെ ഫോര്‍വേഡ് ചെയ്ത് ലോകത്തിന്റെ ആരോഗ്യവിജ്ഞാനത്തെ അനുനിമിഷം സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്ന ബംഗളൂരൂ-ഹൈദ്രാബാദി-മൈസൂറിയന്‍ പ്രൊഫഷനലുകള്‍ക്കും, "ജപ്പാനിലെ ഏതോ മൈക്രോചിപ്പ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ സ്ത്രീകള്‍ ആര്‍ത്തവമുള്ളപ്പോള്‍ കൈകാര്യം ചെയ്ത ചിപ്പ് മുഴുവന്‍ അടിച്ചു പോയി" എന്ന് ഉളുപ്പില്ലാതെ ഒരു ടോക് ഷോയില്‍ അടിച്ചുവിടാനും മാത്രം ഔദ്ധത്യമുള്ള ന്യൂറോസര്‍ജ്ജന്മാര്‍ക്കും ഇനി അഭിമാനത്തിന്റെ നാളുകളായിരിക്കും ! പ്രാചീന ഇന്ത്യയിലെ സംസ്കൃതചിത്തങ്ങളില്‍ നിന്ന് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ഡാര്വീനിയന്‍ പരിണാമസിദ്ധാന്തവുമൊക്കെ നുള്ളിപ്പെറുക്കിക്കൊടുക്കാന്‍ നമുക്കും ഉണ്ടായിരിക്കുന്നു ഒരു "ശാസ്ത്ര-ജ്ഞന്‍".... അതും “അനേകം” പി.എഛ്.ഡിയും എണ്ണമില്ലാത്തത്ര പേറ്റന്റുകളും ഉള്ള ഒരു ബയോക്കെമിസ്ട്രി വിദഗ്ധന്‍ ! ആനന്ദ ലബ്ധിക്കിനി എന്തര് വ്യേണം ? ആശാന്റെ ഒരു ഉഡായിപ്പ് പ്രസംഗം ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന് കേള്‍ക്കാനിടയായി. പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ എത്രയോ വികസിതമായിരുന്നു എന്ന്‍ സ്ഥാപിക്കലാണ് വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ അന്താരാഷ്ട്ര സ്പേയ്സ് സ്റ്റേഷന്‍ പോലും ഇവിടെയെങ്ങാണ്ട് ഉണ്ടായിരുന്നില്ലേ എന്ന് കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയില്‍ തോന്നും... അമ്മാതിരി കീച്ചാണ്..... സംസ്കൃതം കൊണ്ട് വയറിളക്കം... ഇംഗ്ല്ലീഷു കൊണ്ട് ഹാലിളക്കം... സയന്‍സ് കൊണ്ട് പടയിളക്കം.... ആകെ മൊത്തം ജഗപൊഗ...."
ഇവയാണ് ഈ വിഷയം സംബന്ധിച്ച് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന ലേഖനങ്ങള്‍. ലേഖനങ്ങളിലെ കമന്റുകളും വായിക്കാതെ വിടരുത്.
എന്നാല്‍ ഇത് ഓടിച്ചു നോക്കിയാല്‍ പോലും മനസിലാകുന്നത് പോലെ വിമര്‍ശനങ്ങള്‍ക്കും തുറന്നു കാട്ടപ്പെട്ട കള്ളത്തരങ്ങള്‍ക്കും പോള്ളത്തരങ്ങള്‍ക്കും യാതൊരു മറുപടിയും വിശദീകരണവും ഗോക്രി നല്‍കുന്നില്ല. മറിച്ചു വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കു മുതിരുക മാത്രമാണ് ആര്‍ഷഭാരത ഗവേഷക ആചാര്യ പ്രഭാഷക ശിരോമണി നല്‍കുന്നത്. 'DOGS will bark and the caravans will never stop, it will go to the market.' എന്ന ഗോക്രിയുടെ ഡയലോഗ് ആവണം ബൂലോകത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം പാരഡിവല്‍ക്കരിക്കപ്പെട്ട ഐറ്റം! തന്നെ പണ്ട് വിമര്‍ശിച്ചിരുന്ന ആള്‍ പിന്നീട് മാനസിക രോഗിയായെന്നും ഗോക്രിയെ വിമര്‍ശിച്ചതിനു കാളി ശപിച്ചതിനാല്‍ താന്‍ അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്നും ഒക്കെ പറഞ്ഞു ഗോക്രിക്ക് മെയ്ല്‍ അയച്ചു എന്നൊക്കെയാണ് പുള്ളി തട്ടി വിടുന്നത്. (ഗോക്രി മാനസിക രോഗി എന്നാക്ഷേപിച്ച ചന്ദ്ര ഹരി എഴുതിയ ലേഖനം ഇവിടെ: http://www.scribd.com/doc/14628554/Falsehood-on-Sale-Scientific-Meaning-of-Acharas ) തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതാവും സംഭവിക്കുക എന്ന ഭീഷണി വ്യംഗ്യം. ഗോക്രിയുടെ മാനസിക അവസ്ഥ എത്ര പരിതാപകരമാണ് എന്ന് ഈ ഒറ്റ സംഭവത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ഏതായാലും വിമര്‍ശിക്കപ്പെട്ട പ്രസംഗങ്ങളുടെ വീഡിയോകളെല്ലാം ഒന്നൊന്നായി യു-ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി എന്നത് ചരിത്രം.
രണ്ട് :
തന്റെ മുഖം മൂടികളൊക്കെ അഴിച്ചു മാറ്റി തികഞ്ഞ വര്‍ഗ്ഗീയവാദിയായി ഗോക്രി വീണ്ടും രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഈ വര്‍ഷമാദ്യം കണ്ടത്.
ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. അതിന്റെ ഭാഗമായി രണ്ടു ലേഖനങ്ങള്‍ malayal.am-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
"ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലെ PhD വച്ചോണ്ട് ശാസ്ത്രത്തെ തരം പോലെ വളച്ചും ഒടിച്ചു മടക്കിയും ഹൈന്ദവപുരാണങ്ങളടക്കം സകല ജിലേബി ഗുലാബിയിലും "സയന്റിഫിക്" വസ്തുത സ്ഥാപിച്ചെടുക്കാന്‍ ഡോ:ഗോക്രി (എന്‍ ഗോപാലകൃഷ്ണന്‍) നടത്തുന്ന ശ്രമങ്ങളെ മുന്‍പ് ഞങ്ങള്‍ പൊളിച്ച് കാണിച്ചിരുന്നു (link1;link 2;link 3;link 4). നല്ല ഒന്നാംക്ലാസ് സംഘപറിവാരിത്തത്തിന്റെ സാംസ്കാരിക പ്ലാറ്റ്ഫോം കേരളത്തിന്റെ മതേതര മണ്ണില്‍ പണിതെടുക്കലാണു ഈ ഗജഫ്രാഡിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ അന്ന് തന്നെ കമന്റുകളിലും ഓണ്‍ലൈന്‍ ഇടപെടലുകളിലുമായി സൂചിപ്പിച്ചിരുന്നു. ഇയാളെ എതിര്‍ക്കുന്ന ഇന്ത്യയിലെ യുക്തിവാദികള്‍ക്ക് വിദേശ ക്രൈസ്തവ മിഷണറികളുടെ ഫണ്ട് കിട്ടുന്നുണ്ടെന്നൊക്കെ ഇടയ്ക്ക് അണ്ണന്‍ വച്ച് കീച്ചുന്നതും യൂട്യൂബില്‍ കണ്ടിരുന്നു.
ഇപ്പോള്‍ അണ്ണന്‍ ഇതാ കപടവിനയത്തിന്റെ മുഖം മൂടിയൊക്കെ പറിച്ച് കളഞ്ഞ് നല്ല അസ്സല്‍ തൃശൂലവടിവാള്‍-ധാരിയായി ഇറങ്ങിയിരിക്കുന്നു : സ്വന്തം മതത്തിന്റെ വക്കീലുകളിക്കുമ്പോള്‍ ഗാന്ധാരി ഗര്‍ഭം കലക്കി മാംസപിണ്ഡത്തെ പ്രസവിച്ച കഥ ക്ലോണിംഗിന്റെ മഹാ ഉദാഹരണമായി വരെ വച്ച് കീച്ചുന്ന അണ്ണനു പക്ഷേ ബൈബിളിലെ പഴയനിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു രക്ഷയുമില്ലാത്ത "അന്ധത"യാണ്. ബൈബിളില്‍ പറയുന്ന "യഹോവ" എന്ന സെമൈറ്റിക് ദൈവം അടിമുടി ഒരു ഗുണ്ടാ കൊണാപ്പനാണെന്നാണു ആശാന്‍ വാദിച്ച് കൊണ്ടുവന്ന് നിര്‍ത്തുന്നത്. കൃസ്ത്യാനിയെന്ന് പറയുന്ന കൂട്ടര് കാലത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതേ ഇന്നാരെ മതം മാറ്റാം എന്ന് ധ്യാനിച്ചോണ്ടാണെന്നാണു അണ്ണന്‍ പറഞ്ഞ് വരുന്നതിന്റെ സാരം."
മൂന്ന് :
ഗോക്രിത്തരങ്ങളുടെ പുതിയ അദ്ധ്യായം ഇങ്ങനെയാണ്. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐ.ഐ.ടി. മദ്രാസില്‍ വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ചടങ്ങിലെ പ്രഭാഷകന്‍ ആയി ഗോക്രി എത്തുന്നു.
വിഷയം: Indian Science(നെ എങ്ങനെ നാണം കെടുത്താം)
വീഡിയോ ചുവടെ.
പണ്ടേ പൊളിഞ്ഞടുങ്ങിയ വാദങ്ങളില്‍ ചിലത് ഗോക്രി ഇവിടെ വന്നു ഒരു ഉളുപ്പും ഇല്ലാതെ തട്ടിവിടുന്നു. ഈ പ്രഭാഷണ ആഭാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഐ.ഐ.ടി മദ്രാസ് കമ്മ്യൂണിറ്റി അംഗം ജവാലിയും ഡോ.സൂരജ് രാജനും കൂടി പോളിച്ചടുക്കുന്നു.
ലേഖനത്തിന്റെ ആമുഖം ഇങ്ങനെ:
"The mistake of inviting a man, whose main hobby is bad mouthing other religions (while never applying the same arguments to Hindu religion), who unabashedly shouts inaccurate facts to blatant lies, is not just a matter of bad selection but also a breach of the constitutional ideal of government (and its institutions) being secular. As rationalists committed to secularism (one of the authors being a member of the IITM community too), we find it both shocking and ridiculous, and are of the opinion that public interest is being served by writing this critique. Majority of his claims were hugely distorted or wrong. His arguments were basically clichéd right-wing ideals that give instant orgasm to the proponents of cultural nationalism and his conclusions were not only preposterous but also dangerous."
തുടര്‍ന്ന് വൈശാഖന്‍ തമ്പി തന്റേതായ രീതിയില്‍ ഇതിനെ പൊളിച്ചടുക്കിക്കൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് ഇടുന്നു. അത് പിന്നീട് malayal.am-ല്‍ പ്രസിദ്ധീകരിച്ചു. ലേഖനത്തില്‍ നിന്ന്.. "ആദ്യം തന്നെ താന്‍ ഫ്രീ ആയിട്ടല്ല, സംഘാടകരുടെ ചെലവിലാണ് വേദിയില്‍ നില്‍ക്കുന്നത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് രാജ്യസേവകന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീമാന്‍ ഡാക്ടര്‍ ഗോക്രി തന്‍റെ വായിട്ടലപ്പ് തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സംസ്കൃതം അറിയില്ല എന്ന കാര്യം തമാശരൂപത്തില്‍ പറയുന്നുമുണ്ട്. അത് തന്നെയാണ് ആശാന്‍റെ പ്രധാന ആയുധം. സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് ആശാന്‍ എന്ത് അര്‍ത്ഥം പറയുന്നോ, അത് തന്നെ അതിന്റെ അര്‍ത്ഥം.
"വിദ്യാം ച അവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യുമ് തീര്‍ത്വ വിദ്യയാ അമൃതമഷ്ണുതെ”
എന്നിട്ട് വിശദീകരണം ഇങ്ങനെ, “what is vidya? eternal spiritual knowledge! what is avidya? external experimentable scientific knowledge!” ഹോ കേട്ടിട്ടു കുളിര് കോരുന്നു. ഈ ശ്ലോകത്തില്‍ അവിദ്യ എന്നതുകൊണ്ട് ‘external experimentable scientific knowledge’ അല്ല അര്‍ഥമാക്കുന്നത് എന്നു മനസിലാക്കാന്‍ ഈയുള്ളവന്‍ അഞ്ചു വര്‍ഷം പഠിച്ച സംസ്കൃതം ആവശ്യമില്ല. കാരണം ഉപനിഷത്തുക്കള്‍ എഴുതപ്പെടുന്ന സമയത്ത് Experimentable knowledge എന്നൊരു സങ്കല്‍പ്പമേ ഇല്ല. ആധുനികശാസ്ത്രം ആരംഭിക്കുന്ന AD 15 ആം നൂറ്റാണ്ടിലാണ് പരീക്ഷണം/experiment അറിവിന്റെ ഭാഗമാകുന്നത്. അതുവരെ നിരീക്ഷണം/observation മാത്രമേ ഉള്ളൂ. അവിദ്യ എന്നാല്‍ വിദ്യ ഇല്ലാത്ത അവസ്ഥ. അത് മനസിലാക്കാന്‍ മലയാളം അറിയാവുന്ന, സ്കൂളില്‍ പഠിക്കാന്‍ വിട്ട സമയത്ത് മാവില്‍ എറിയാന്‍ പോകാതിരുന്ന ആര്‍ക്കും കഴിയും.
ഒരു സ്പാനിഷ് ദിനപ്പത്രം എടുത്ത് നിങ്ങള്‍ ഒരു വിദ്യാസമ്പന്നനായ സാധാരണക്കാരന്റെ കൈയില്‍ കൊടുത്തിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ പറഞ്ഞാല്‍ മിക്കവാറും “ഏയ് ഇത് ഇംഗ്ലീഷ് അല്ല. എനിക്കിത് അറിയില്ല” എന്നായിരിക്കും അയാള്‍ പറയുക. എന്നാല്‍ അതേ സാധനം ഒരു അഞ്ചാം ക്ലാസുകാരന്റെ കൈയില്‍ കൊടുത്തുനോക്കൂ. അയാള്‍ അത് പുല്ലുപോലെ വായിക്കും. കാരണം, അയാള്‍ക്ക് അത് ഇംഗ്ലീഷ് ഭാഷ അല്ല എന്ന് മനസിലാക്കാന്‍ മിക്കവാറും കഴിയില്ല. Quantum entanglement എടുത്ത് പ്രയോഗിക്കുന്ന ഗോക്രിയെ കാണുമ്പോള്‍ ആ അഞ്ചാം ക്ലാസുകാരനെയാണ് ഓര്‍മ വരുന്നത്. കാരണം ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്ന spin എന്ന വാക്കും ക്വാണ്ടം ഫിസിക്സിലെ spin എന്ന വാക്കും തമ്മില്‍ വ്യത്യാസമുണ്ട്.
ക്വാണ്ടം ഫിസിക്സ് അനുസരിച്ചു പഴഞ്ചൊല്ല് പറഞ്ഞാല്‍, ഇലക്ട്രോണ്‍ വാ പൊളിക്കുന്നത് കണ്ട് ഫുട്ബോള്‍ വാ പൊളിക്കരുത് എന്ന്‍ മാറ്റി പറയേണ്ടി വരും. ഇതൊന്നും അറിയാതെയാണ് ഗോക്രി കവലപ്രസംഗം പോലെ quantum entanglement എടുത്ത് കാച്ചുന്നത്. എന്നിട്ട് ഇത് പറഞ്ഞ നാസയിലെ അമിത് ഗോസ്വാമി എന്ന ശാസ്ത്രജ്ഞന്‍റെ പേര് കൂടി ഒരു ബലത്തിന് ഗോക്രി എടുത്ത് പ്രയോഗിക്കുന്നുണ്ട്. അമിത് ഗോസ്വാമി യൂജീന്‍ സര്‍വകലാശാലയിലെ Theoretical Physics വകുപ്പിലെ പ്രൊഫസറാണ് എന്നും നാസയുമായി അദേഹത്തിന് ബന്ധമൊന്നും ഇല്ല എന്നും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതൊക്കെ കേട്ടു കൈയടിച്ചുപോവും." മുഴുവന്‍ ഇവിടെ വായിക്കുക...
ഇതിനു നേരിട്ട് തന്നെ ഗോക്രി യു-ട്യൂബിലൂടെ 'മറുപടി' നല്‍കി. അത് ഇവിടെ..
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഗോക്രിക്ക് ഒരു മാറ്റവുമില്ല എന്ന് നമുക്ക് മനസിലാക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഇതുകൊണ്ടുണ്ടായ ഏക പ്രയോജനം. കാരവാന്റെ ചന്തയില്‍ പോക്ക് പഴേ റൂട്ടില്‍ തന്നെ. വസ്തുതകള്‍ക്ക് നേരിട്ട് മറുപടി നല്‍കുകയോ വിമര്‍ശനങ്ങളെ ആരോഗ്യകരമായി സമീപിക്കുകയോ ചെയ്യാതെ പതിവുപോലെ വ്യക്തിപരമായ ആക്ഷേപങ്ങളില്‍ മുഴുകുകയാണ് ഗോക്രി. പിന്നെ ഏതൊക്കെയോ പുസ്തകങ്ങള്‍ എടുത്തു അവിടെയും ഇവിടെയും കുറച്ചൊക്കെ വായിച്ചു 'കണ്ടാ ലവനെ ഞാന്‍ പോളിച്ചടുക്കിയെ' എന്ന് പറയുമ്പോള്‍ വായും പൊളിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.
ഇതിനു വളരെ നല്ല മറുപടി ഫെയ്സ്ബുക്കിലൂടെ വൈശാഖന്‍ തമ്പിനല്കി. അത് ഇവിടെ..
ഇതില്‍ പുള്ളിയെ 'ഗോക്രി' എന്ന് വിളിച്ചതിന് വൈശാഘന്‍ മാപ്പ് പറയുന്നത് കണ്ടു. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഇങ്ങേരുടെ കയ്യിലിരുപ്പു വെച്ചിട്ട് ഇതൊക്കും വിളിച്ചാല്‍ പോര. ബാക്കി ഭാഗത്തിന് 'ക്ലാപ്പ്സ്, ക്ലാപ്പ്സ്'. ആ കുറിപ്പില്‍ നിന്നും...
"അന്യമതങ്ങളെ പുച്ഛിക്കുന്ന ഈ സംസ്കാരം ആര്‍ഷഭാരതീയമാണ് എന്ന് സര്‍ അവകാശപ്പെടുന്നു.ഭാരതത്തിലെ ഏക ഡീ.ലിറ്റ് ശാസ്ത്രജ്ഞന്‍ ആയ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെപ്രായത്തെയും, അനുഭവത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ. എഴുത്തും വായനയും അറിയാവുന്നതുകൊണ്ട്, അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും കുറേയൊക്കെ ഈയുള്ളവനും വായിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും ഒരുമതവിശ്വാസത്തിനും അടിയറവ് വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ ഒരു മനസ് വെച്ചു ഞാനും കുറേയൊക്കെ മനസിലാക്കിയിട്ടുണ്ട്. ലോകത്ത് ഒരു സംസ്കാരവും പെര്‍ഫക്റ്റ് ആയിരുന്നില്ല. കാലഘട്ടത്തിന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളാത്ത ഒരു അറിവും ഒരു കാലത്തും എങ്ങും ഉണ്ടായിരുന്നില്ല. മാതൃരാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെ ഉയര്ത്തിക്കാട്ടുമ്പോഴുംഅതിനെ അതിന്റെ കുറവുകളോടെ സ്വീകരിക്കുകയുംഅന്യസംസ്കാരങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നതാണ് അടിയന്റെ കണ്ണില്‍ യഥാര്‍ത്ഥസംസ്കാരം. എന്നെ പ്രസവിച്ച സ്ത്രീ എന്നെ സംബന്ധിച്ചു പരമപൂജ്യ ആയിരിയ്ക്കും, അവര്‍ എന്റെ അമ്മയാണ്. അതിനര്‍ത്ഥം അവര്‍ ലോകത്തെ ഏറ്റവും ഉത്തമയായ സ്ത്രീ ആണെന്നല്ല, മറ്റ് സ്ത്രീകള്‍ മോശക്കാരാണെന്നതും അല്ല. അന്യമതങ്ങളോടും 'സായിപ്പ് ചവച്ചുതുപ്പിയത് തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അന്യസംസ്കാരങ്ങളോടും അങ്ങ് പുലര്‍ത്തുന്ന ഈ പുച്ഛമുണ്ടല്ലോ, ഇതിനെയാണ് ഞങ്ങള്‍, സംസ്കൃതത്തില്‍ ഡീ.ലിറ്റ് ഇല്ലാത്ത പാവങ്ങള്‍, വര്‍ഗീയവാദം എന്ന് പറയുന്നത്. അങ്ങ് ഘോരഘോരം വാദിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് ജാതിവ്യവസ്ഥയും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനും അവര്‍ക്കിടയിലെ സഹോദരിമാര്‍ക്ക് മാറ് മറയ്ക്കാനും ഉള്ള വിലക്കുകളും അങ്ങനെ എണ്ണമറ്റ അനാചാരങ്ങളും നിലനിന്നിരുന്നത്. അതിനെയൊന്നും ഇന്ന് കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പോരായ്മയായിരുന്നു എന്ന് കരുതി മാറ്റത്തെ സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് അടിയന്റെ ഭാരതസംസ്കാരം. ഞാന്‍ കണ്ട ഹിന്ദുസംസ്കാരം അന്യമതങ്ങളെയും സംസ്കാരങ്ങളെയും പുച്ഛിക്കുന്ന ഒന്നായിരുന്നില്ല. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറഞ്ഞ, അന്യ മതങ്ങളെ ഇവിടെ വളരാന്‍ അനുവദിച്ച ഒന്നായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ച് പ്രോല്‍സാഹിപ്പിച്ചതുകൊണ്ട് ഭാരതത്തില്‍ രൂപം കൊള്ളുന്ന അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ച്ചാത്തലത്തില്‍ അങ്ങേയ്ക്ക് കുറേയൊക്കെ വിജയിക്കാന്‍ സാധിച്ചേക്കാം. ഇങ്ങനെ വര്‍ഗീയവാദവും അന്ധവിശ്വാസങ്ങളും പ്രോല്‍സാഹിപ്പിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി അങ്ങ് കടന്നുപോവും. ഇത് കണ്ട് വര്‍ഗീയവാദികളായി വളര്‍ന്ന് വരുന്ന ഒരു തലമുറ അങ്ങ് കപട ആദരവ് കാണിക്കുന്ന ഈ മഹത്തായ സംസ്കാരത്തെ നശിപ്പിക്കും. അങ്ങേക്കിത് സര്‍വജ്ഞപീഠത്തിന്റെ മുകളില്‍ ഇരുന്ന്‍ ആസ്വദിക്കാം.
ഗോപാലകൃഷ്ണന്‍ സാര്‍ തലങ്ങും വിലങ്ങും പറയുന്ന ശ്ലോകങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങാന്‍, അടിച്ചു കിണ്ടിയായി കസേരയില്‍ ഇരിക്കുന്ന ഗര്‍വാസീസ് ആശാന്‍മാര്‍ അല്ല ഇവിടത്തെ ചിന്തിക്കുന്ന പൊതുജനം എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിക്കുന്നതു സ്വതന്ത്രമായി ചിന്തിക്കുന്നവരോടാണ്. ഞാന്‍ എഴുതിയതും അങ്ങ് തന്ന മറുപടിയും താരതമ്യം ചെയ്തു നെല്ലും പതിരും വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിയും എന്നെനിക്ക് ഉറപ്പാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവരുടെ നികുതിപ്പണം കൊണ്ട് നേടിയ അറിവുകള്‍ പങ്ക് വെക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുള്ളവര്‍ സ്വയം അന്വേഷിക്കട്ടെ. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്ത് അവര്‍ക്കുള്ള വിവരങ്ങള്‍ വളരെ സുലഭമാണ്. സ്വയം അന്വേഷിക്കുവാന്‍ മടിയുള്ളവരോ അന്വേഷിച്ചിട്ട് ഞാന്‍ പറയുന്നതു തെറ്റാണെന്ന് തോന്നുന്നവരോ അങ്ങയെ ആരാധിക്കട്ടെ."
ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും, പിന്നീട് പൈങ്കിളിയായും... -ദീപക് ശങ്കരനാരായണന്‍ അന്‍പതുകള്‍ മുതല്‍ പുരോഗമന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന മലയാള സിനിമ മാറിത്തുടങ്ങുന്നത് തോണൂറുകളുടെ തുടക്കം മുതലാണ്. അതായത് ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഉദയവും ഉണ്ടാകുന്ന അതെ സമയത്ത്. രഞ്ജിത്ത് വക ദേവാസുരത്തില്‍ തുടങ്ങി പിന്നീട് ഷാജി കൈലാസ്-രഞ്ജിത്ത് ടീമിലൂടെ ശക്തി പ്രാപിച്ചു ഉസ്താദും ആറാം തമ്പുരാനും ധ്രുവവും താണ്ഡവവും വഴി നരസിംഹത്തിലൂടെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിത്തീര്‍ന്ന അങ്ങേയറ്റം സാമൂഹ്യവിരുദ്ധമായ സവര്‍ണ്ണ ഫ്യൂടല്‍-മാടമ്പി സ്തുതികളുടെ പൈങ്കിളിയായ ആവര്‍ത്തനമായി മാറുകയാണ് ഈ ചിത്രം. ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലെയ്ക്ക് എത്തിയ മോഹന്‍ലാലിനെ അനുകരിച്ച് സൂപ്പര്‍ താരസിംഹാസനത്തിലേക്ക് കയറാനുള്ള ഒരു യുവനടന്റെ പരാജയപ്പെട്ട പരിശ്രമവും ദീപക്കിന്റെ കമന്റിനെ തന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതിയ സിംഹാസനം. സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ പോളിച്ചടുക്കിയതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഷാജി കൈലാസ് സ്വയം താനിതുവരെ ചെയ്ത പടങ്ങളെല്ലാം, അല്ലെങ്കില്‍ പിന്തുടര്‍ന്ന സിനിമാ രീതി തന്നെ എത്ര അപഹാസ്യമാണ് എന്ന് പകല്‍ വെളിച്ചത്തില്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന ചിത്രമാണ് സിംഹാസനം. ഒരര്‍ത്ഥത്തില്‍ കാലം കരുതിവെച്ച കാവ്യനീതി. സിനിമയും രാഷ്ട്രീയവും : പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍
ഈ ജനുസ്സില്‍ ഇന്നേ വരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ദേവാസുരം മുതല്‍ താണ്ഡവം വരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും സീനുകളും ഡയലോഗുകളും അടക്കം ഷാജി കോപ്പി ചെയ്തിരിക്കുന്നു,. അതുകൊണ്ടുതന്നെ ഈ ജനുസ്സിന്റെ എല്ലാ സാമൂഹ്യവിരുദ്ധതയും ഒറ്റ ചിത്രം കൊണ്ട് വ്യക്തമാകും. ചന്ദ്രഗിരി എന്ന തറവാട്ടിലെ മാധവന്റെയും മകന്‍ അര്‍ജ്ജുനന്‍ എന്ന അച്ചുവിന്റെയും (നരസിംഹത്തിലെ അതെ അച്ചു!) കഥയാണ് ചിത്രം. തന്റെ അച്ഛന്‍ ഒരു 'Parallel Government' ആണല്ലോ എന്ന് അച്ചുവിന്റെ കൂട്ടുകാരന്‍ പറയുമ്പോള്‍ 'അല്ല Alternate Government എന്ന്' അച്ചു പറയുന്നിടത്ത് ആ ജനാധിപത്യ-സാമൂഹ്യ വിരുദ്ധത ആരംഭിക്കുന്നു (ദേവാസുരം, താണ്ഡവം, ധ്രുവം). ഒടുവില്‍ തങ്ങള്‍ പഴയ രാജകുടുംബം ആണെന്നും ക്ഷത്രിയര്‍ ആണെന്നും പറഞ്ഞു അച്ചു പൂണൂല്‍ ധരിച്ചു (ആറാം തമ്പുരാനില്‍ എല്ലാത്തിന്റെം നാഥനായ ജഗന്നാഥന്‍ ഇട്ട അതെ പൂണൂല്‍) സിംഹാസനത്തില്‍ ഏറുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക. ഇവിടെ പൂണൂല്‍ വീണ്ടുമണിഞ്ഞു കൊണ്ട് നമ്മോട് ഉത്ഘോഷിക്കുന്നത് സവര്‍ണ്ണ, ഫ്യൂടല്‍ രാജവാഴ്ചയുടെ 'മഹത്വം' ആണ്. നാം എന്നേ കയ്യൊഴിഞ്ഞ ആ കെട്ടകാലത്തെ തിരിച്ചു കൊണ്ടുവരാനാനാണ്.
നരസിംഹത്തിലെത്തുമ്പോള്‍ അച്ചുവിന്റെ അച്ഛന്‍ ഒരു ജഡ്ജി ആണ്. ജനാധിപത്യത്തില്‍ നേരത്തെ പ്രതീക്ഷ നഷ്ടപ്പെട്ട ഷാജി ജൂഡീഷ്യറിയിലും പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണല്ലോ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനിച്ചുകൊണ്ട് 'ചിന്താമണി കൊലക്കേസ്' എന്ന ക്രിമിനല്‍ സിനിമ ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഇവിടെ കാണിക്കുന്നത് സാക്ഷി പറയാനായി നില്‍ക്കുന്ന എസ്.പിയെ കോടതിക്കുള്ളില്‍ വെച്ച് ഒരു വക്കീല്‍ തന്നെ കാച്ചുന്നതാണ്. കണ്ടാ, ജൂഡീഷ്യറിയുടെ കാര്യവും പോക്കാണ്. ശൂദ്രന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി പുല്ലുപോലെ കേസ് തെളിയിച്ചിരുന്ന കാലം എത്രയും പെട്ടെന്ന് തിരിച്ചു വരണം. 'ഇവടെ പോലീസും വക്കീലും ജഡ്ജിയും ഒക്കെ ഞാനാണ്' എന്ന് പണ്ട് ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത് വെറുതെയല്ലല്ലോ, യേത്?
കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കാനും മുഖ്യമന്ത്രിയുടെ തന്നെ പ്രശ്നങ്ങളില്‍ അവസാന അഭയമായി മാറാനും കെല്‍പ്പുള്ള പുള്ളി ആണത്രേ ചന്ദ്രഗിരി തറവാട്ടിലെ ('എന്ത് വരിക്കാശ്ശേരി മന കിട്ടൂലെടെ, ഞാന്‍ ഷൂട്ടിംഗ്തന്നെ വേണ്ടാന്നു വെക്കും') മാധവ മേനോന്‍ . ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും, എന്തിനു ബെല്ലാരിയിലെ ഗുണ്ടക്കും ബാംഗ്ലൂരിലെ പോലീസിനും പോലും മാധവന്‍ വന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവക്കെല്ലാം പുള്ളി ദൈവവും ആണ്! ചന്ദ്രഗിരി ഭരിക്കുന്നത് തന്നെ മാധവന്‍ ആണ്. പതിവുപോലെ തറവാടിനു മുന്നില്‍ ചുമ്മാ ബോറടിച്ച് നില്‍ക്കുന്ന ആനകളും, അമ്പലത്തിലെ ഉത്സവം നടത്തിപ്പും ഒക്കെ തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെ നായകന്‍ അച്ചുവിന് ഹിന്ദിപ്പടത്തില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് മീശ ഇല്ലാത്തത് കൊണ്ട് മീശപിരിക്കുക എന്ന ആചാരം തന്തപ്പടി മാധവമേനോന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പണ്ട് ആറാം തമ്പുരാന്‍ കൊളപ്പുള്ളി അപ്പനെ തട്ടിയിട്ടു കൊണ്ടുവന്ന തിരുവാഭരണം ഇപ്പോള്‍ ചന്ദ്രഗിരി തറവാട്ടിലാണ്. അത് ഉത്സവക്കമ്മിറ്റിക്കു അച്ചുത്തമ്പുരാന്‍ കൊടുത്തുകൊണ്ടാണ് താന്‍ വരുന്ന വഴി വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പ് ഒരു പദ്ധതി നടത്താന്‍ തീരുമാനിക്കുന്നു. പക്ഷെ തന്നോട് ആലോചിക്കാതെ തന്റെ നാട്ടില്‍ പദ്ധതി നടത്തുമോ എന്ന് ചോദിച്ചു മാധവണ്ണന്‍ നേരെ കേറിച്ചെന്നു റവന്യൂ മന്ത്രിയുടെ കുത്തിനു പിടിക്കുന്നു, നാട്ടുകാര്‍ പദ്ധതിസ്ഥലം തന്നെ കയ്യേറി അവിടെ 'ചന്ദ്രഗിരി' വക എന്ന ബോര്‍ഡ് തന്നെ വെക്കുന്നു. 'നീ എന്റെ സ്വത്താണ്' എന്ന് ഒരു പെണ്‍കുട്ടിയോട് അച്ചു പറയുന്നത് നല്‍കുന്ന ധ്വനി ഒട്ടും നല്ലതല്ല.
ജനാധിപത്യത്തിനു പകരമായി ഷാജി മുന്നോട്ടു വെക്കുന്ന ഈ നാടുവാഴിയുടെ രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് പകല്‍ പോലെ വ്യക്തമാകുന്നു. ചന്ദ്രഗിരി തറവാട് പഴയ രാജകുടുംബവും, അവര്‍ ക്ഷത്രിയരും ആണ്. ഭരണം എന്നത് രാജകുടുംബങ്ങള്‍ക്കും സവര്‍ണ്ണ പൌരോഹ്യത്തിനും മാത്രം പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യം വന്നതോടെ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതാണ് നാം നേരിടുന്ന പ്രശ്നം. അത് തിരിച്ചുകൊണ്ടു വരണം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഷാജിയും കൂട്ടരും ഇത്തരം സിനിമകളിലൂടെ മുന്നോട്ടു വെക്കുന്ന 'അ'രാഷ്ട്രീയം. സിംഹാസനത്തില്‍ എത്തുമ്പോള്‍ അത് പച്ചയായ രാജഭക്തിക്കു വഴിമാറുന്നു. ഇന്നത്തെ കാലത്തും എന്തിനാണ് ആചാരങ്ങള്‍ എന്ന് ചോദിക്കുന്ന അച്ചുവിനോട് ആസ്ഥാന ജ്യോത്സന്‍ (മാടമ്പ് മാറി ശ്രീരാമനാണ് ഇവിടെ) പറയുന്നതിങ്ങനെ. 'മനുഷ്യനെക്കാള്‍ വലുതാണ് ശാസ്ത്രം (ങേ!). ശാസ്ത്രമെന്നാല്‍ ആചാരങ്ങള്‍ (ഓ അങ്ങനെ). ആ ആചാരങ്ങളുടെ ബലത്തിലാണ് കോടിക്കണക്കിനു വരുന്ന സ്വത്ത് സംരക്ഷിച്ചുവെക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു കഴിഞ്ഞത്. അതുകൊണ്ട് നാം അത് പിന്തുടര്‍ന്നെ പറ്റൂ.' സിനിമയുടെ ടൈറ്റില്‍ കാണിക്കുന്നതുമുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാന്‍ സില്മാക്കാര്‍ കാണിക്കുന്ന അഭ്യാസത്തിന്റെ യഥാര്‍ത്ഥ കാരണം വെളിയില്‍ വരുന്നത് അപ്പോഴാണ്. ക്ഷേത്രമല്ല, അതിനുള്ളിലെ നിധിയാണ് കാര്യം. ആചാരങ്ങള്‍ നമ്മള്‍ക്ക് സ്വത്തു സൂക്ഷിക്കാനുള്ള മറയാണ്. അതുകൊണ്ട് തന്നെ അത് പിന്തുടര്‍ന്നെ മതിയാകൂ.
സൂരജ് രാജന്റെ വാക്കുകളില്‍, 'ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല. ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.
പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്.
വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?'
ജനാധിപത്യം തന്നെ എല്ലാ സൌകര്യങ്ങളും യഥേഷ്ടം അനുഭവിക്കുകയും എന്നാല്‍ അപ്പോഴും രാജവാഴ്ചയുടെ അയഥാര്‍ത്ഥമായ നൊസ്റ്റാള്‍ജിയ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവത്വം ഇവിടെയുമുണ്ട്. അതിനുപിന്നിലുള്ള ജാതിചിന്തയും സവര്‍ണ്ണ മനോഭാവവും കാണാതിരുന്നുകൂട. ജനനേതാക്കളുടെ രൂപവും നിറവും ജനിച്ച ജാതിയും എല്ലാം ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നതിലും ചിലര്‍ക്കൊക്കെ ഓക്കാനം വരുന്നതിലും ഈ ജാതിചിന്ത ഒരു പങ്കു വഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ അറുപിന്തിരിപ്പന്‍ രാഷ്ട്രീയത്തെ നേരെ കൈകാര്യം ചെയ്യാനും പണ്ട് ചെയ്തിരുന്നതുപോലെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാനും ഒന്നും ഷാജിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാടുവാഴിത്തറവാടും ഉത്സവം നടത്തി നാടുനന്നാക്കലും പൂണൂലിടലും ഒക്കെ വീണ്ടും നമ്മുടെ മുന്നില്‍ അവതരിക്കുന്നു, ഇങ്ങനെയുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സാധൂകരിച്ചുകൊണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ആദ്യഷോയ്ക്ക് പോലും ലഭിച്ച കൂവലുകള്‍ ഈ കള്ളത്തരം കയ്യോടെ പിടികൂടാന്‍ പൊതുജനത്തിന് കഴിയുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു.
ചെഗുവേരയുടെ വാചകം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് താന്‍ ഒരു ഭയങ്കര ഇടതുപക്ഷക്കാരനാണ് എന്നുമൊക്കെ പ്രഖ്യാപിച്ച് പാര്‍ട്ടി പത്രത്തിലടക്കം ഷാജി കൈലാസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. ചെ ഒരു ഫാഷനായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ എത്ര ഉപരിപ്ലവമായാണ് ചെഗുവേരയെ ഒക്കെ ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ പോലും മനസിലാക്കിയിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുകയും എന്നാല്‍ വലതുപക്ഷത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുകയും ചിലരില്‍ നിന്നും ഷാജിയിലേക്കുള്ള ദൂരം തീരെക്കുറവ് എന്നുമാത്രം പറയുന്നു.. സൂപ്പര്‍ താരമാവാന്‍ പെടുന്ന പാടുകള്‍ 'ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല.' - ബി. അബൂബക്കര്‍, (തേജാഭായ് - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന് അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍ ) സൂപ്പര്‍ താരങ്ങളായി അവകാശപ്പെട്ടിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മെഗാ സ്റ്റാറും പിന്നീട് യൂണിവേഴ്സല്‍ സ്റ്റാറും ഒക്കെയായി സ്വയം പ്രൊമോഷന്‍ വാങ്ങിപ്പോയ ഒഴിവിലേക്ക് വരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത ക്യൂ നിന്നവരാണ് 'ജനപ്രിയ' പൈങ്കിളി നായകന്‍ , ഷിറ്റിന്റെ ആശാന്‍ , ടോം ആന്‍ഡ് ജെറിക്ക് പഠിക്കുന്ന ആനക്കമ്പക്കാരന്‍ എന്നിവര്‍. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തില്‍ കവിഞ്ഞൊന്നും ഇവരെയൊന്നും സൂപ്പര്‍ താരം എന്ന് വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായില്ലെങ്കിലും ഇവരുടെ ഉപദേശികള്‍ക്ക് ഉണ്ടായി.. അപ്പോഴാണ് രംഗത്തേയ്ക്ക് പ്രിഥ്വിയുടെ വരവ്. 'പുതിയ മുഖം' എന്ന പറക്കൂതറ ചിത്രത്തോടെയാണ് പുള്ളി സൂപ്പര്‍ താരപദവി നോട്ടമിടാന്‍ തുടങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു മലയാള സിനിമയാണ് തന്റെ സ്വപ്നമെന്നും മറ്റും അഭിമുഖങ്ങളില്‍ ചപ്പടാച്ചി അടിക്കുകയും എന്നാല്‍ അതിനു നേര്‍വിപരീതമായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഒരു നടന്റെ ആരംഭം ഇവിടെ നിന്നാണ്. അതിനുശേഷം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയ വളരെക്കുറച്ച് ചിത്രങ്ങളാണ് പ്രിത്വി ചെയ്തത്; വീട്ടിലേയ്ക്കുള്ള വഴി, മാണിക്ക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ, രാവണന്‍ എന്നിവ. ബാക്കി പ്രധാന ചിത്രങ്ങള്‍ ഇവയാണ്: റോബിന്‍ ഹുഡ്, താന്തോന്നി, പോക്കിരിരാജ, പോലീസ് പോലീസ്, ത്രില്ലര്‍, അര്‍ജ്ജുനന്‍ സാക്ഷി, മനുഷ്യമൃഗം, മാസ്റ്റേഴ്സ്, മേക്കപ്പ്മാന്‍, തേജാഭായി, ഉറുമി, ഹീറോ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ആ ലിസ്റ്റ് അങ്ങനെ പോകുന്നു. പ്രിഥ്വിവിരോധം എന്ന പൊതുബോധത്തില്‍ പങ്കുചേരാതെ`ഈ നടനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് കുഴിച്ചുമൂടാന്‍ തക്ക കപ്പാസിറ്റി ഉള്ള ഒരു ലിസ്റ്റ്. ഒരു സൂപ്പര്‍ താരം ആയി പ്രതിഷ്ഠ നേടാനുള്ള പെടാപ്പാട് ആണ് ഈ ചിത്രങ്ങള്‍ പൊതുവായി പങ്കുവെക്കുന്നത്. അതിന്റെ പാരമ്യം ആണ് സിംഹാസനം.
ഒരു സൂപ്പര്‍ താരമാവാന്‍ പ്രിഥ്വി സ്വീകരിച്ച വഴികള്‍ മുകളില്‍ കൊടുത്ത ലേഖനത്തില്‍ വിശദമായി അബൂബക്കര്‍ എഴുതിയിട്ടുണ്ട്. അതിനു ഒരു അനുബന്ധമാണ് ഈ ചിത്രം. മോഹന്‍ലാല്‍ എങ്ങനെ ഒരു താരസ്വരൂപമായി മാറി എന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സവര്‍ണ്ണ വിളയാട്ടങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. താരസിംഹാസനത്തില്‍ എറാനായി അതിനെ പിന്തുടരുക ഒട്ടും നല്ലതല്ലാത്ത വഴിയാണ് ഇവിടെ പ്രിഥ്വി സ്വീകരിക്കുന്നത്.എന്നാല്‍ ലാലുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഭിനയമികവ് എന്നൊരു സാധനം പ്രിഥ്വിക്ക് തീരെ കുറവായതിനാതിനാലും ഷാജിയുടെ പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കാത്തതിനാലും വലിയൊരു ക്യാന്‍വാസില്‍ എടുത്ത ഒരു സന്തോഷ് പണ്ഡിറ്റ് മോഡല്‍ പടം എന്നതിനപ്പുറം മറ്റൊന്നുമാവാന്‍ ഈ ചിത്രത്തിന് കഴിയാതെ പോകുന്നു. 'കൂതറ പടം പിടിക്കാന്‍ അഞ്ചു ലക്ഷം മതി, അതിനു പത്തുകൊടിയും താടിയും വേണ്ട' എന്ന പണ്ഡിറ്റ്‌ജി പഠിപ്പിച്ച പാഠം നമ്മുടെ നിര്‍മ്മാതാക്കാള്‍ പഠിക്കാത്തിടത്തോളം കാലം സിംഹാസനങ്ങള്‍ വീണ്ടും ഉണ്ടാകും. എന്നാല്‍ അവ മുന്‍പ് നിര്‍വ്വഹിച്ച സാമൂഹ്യവിരുദ്ധമായ ദൌത്യം ഇനിയും ചെലവാവുമോ എന്ന് കണ്ടുതന്നെ അറിയണം. വിക്കിപീഡിയ ചിത്രത്തെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തുന്നു.. 'The film opened with negative reviews and critics saying 'Simhasanam' is another terrible waste of a terrific opportunity and money.'
'അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് ചന്തിയില്‍ തഴമ്പ്
വരോ?' വരില്ല എന്നാണ് പ്രശസ്തമായ ആ പഴഞ്ചൊല്ലിലൂടെ നാമെല്ലാം
കരുതിയിരുന്നത്. എന്നാല്‍ സത്യം അതല്ല എന്നും മകന് തഴമ്പ് വരുമെന്ന്
മാത്രമല്ല ഡി എന്‍ എ-യിലൂടെ ജെനറ്റിക്ക് മെമ്മറി വഴി അനേകം തലമുറകള്‍ക്ക് ആ
തഴമ്പ് പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കും എന്ന് ഇതാ തെളിഞ്ഞിരിക്കുന്നു. ഈ
മഹത്തായ കണ്ടുപിടിത്തം നടത്തിയതിലൂടെയും അതുപയോഗിച്ചു 'ഏഴാം അറിവ്'
(Seventh Sense) എന്ന അക്രമം കാണിച്ചതിലൂടെയും മുരുഗദോസ് എന്ന മഹാനുഭാവന്‍ ഓസ്ക്കാറും നോബല്‍ പ്രൈസും ഒരുമിച്ചു അടിച്ചെടുക്കുന്ന
എല്ലാ കോളുമുണ്ട്. നമുക്ക് ഇതു തന്നെ വരണം.
ബോധിധര്‍മ്മന്‍ എന്ന
ചൈനീസ് ബുദ്ധസന്യാസിയുടെ കഥയുമായാണ് ചിത്രം തുടങ്ങുന്നത്. ഇദ്ദേഹം
തമിഴ്നാട്ടിലെ പല്ലവ രാജവംശത്തിലെ കുമാരന്‍ ആയിരുന്നു എന്ന
ജനസംസാരത്തെപ്പറ്റി വിക്കിപ്പീഡിയ പറയുന്നു. പിന്നീട് ഇദ്ദേഹം
ചൈനയിലേയ്ക്ക് പോവുകയും ഒരു ബുദ്ധമത സന്യാസി ആയി മാറുകയും ചെയ്തു.
ഷാവോലിന്‍ എന്ന ആയോധന കല ഇദ്ദേഹത്തിന്റെ സംഭാവന ആണെന്ന് പറയപ്പെടുന്നു.
താവോയിസത്തിന്റെ തുടക്കവും അദ്ദേഹത്തില്‍ നിന്നാണ് എന്നും ഐതിഹ്യം.
എന്തായാലും ഈ രംഗങ്ങള്‍ ചിത്രത്തില്‍ മോശമല്ലാതെ ചിത്രീകരിച്ചിരിക്കുന്നു;
സൂര്യ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി നിര്‍മ്മിച്ച അതിശയോക്തി കലര്‍ന്ന
സംഘട്ടന രംഗങ്ങള്‍ ഇതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി എങ്കിലും. എന്തായാലും
ബോധിരാമന്റെ ഖബറില്‍ രണ്ട് പിടി മണ്ണ് വാരിയിട്ട ശേഷം മുരുഗദോസ്
വര്‍ത്തമാന കാലത്തിലേക്ക് കടക്കുന്നതോടെ സംഗതി ആകെ കൈവിട്ടു പോകുകയാണ്.
ബോധിധര്‍മ്മന്റെ
പിന്‍തലമുറക്കാരില്‍ ഒരാളായി സൂര്യ വീണ്ടും ഒരു സര്‍ക്കസ്സുകാരന്റെ
വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുള്ളി ശ്രുതി ഹാസന്‍ എന്ന ഗവേഷണ
വിദ്യാര്‍ഥിനിയുമായി അടുപ്പത്തില്‍ ആകുന്നു. എന്നാല്‍
ബോധിധര്‍മ്മനെപ്പറ്റി പഠിക്കുന്നതിനായി അവള്‍ തന്നെ
ഉപയോഗപ്പെടുത്തുകയായിരുന്നു എന്നവന്‍ വൈകിയാണ് മനസിലാക്കുന്നത്. പിന്നീട്
ഒരു വില്ലന്‍ അവതിരിക്കുന്നു. ബാക്കി എല്ലാം സാദാ തമിഴ് പടം പോലെ. സിനിമ
ഒരു കലാരൂപമെന്ന രീതിയിലുള്ള മറ്റു കാര്യങ്ങളെപ്പറ്റി പറയാന്‍ അല്ല ഇവിടെ
ഉദ്ദേശിച്ചിട്ടുള്ളത്. മറിച്ച് സിനിമ മുന്നോട്ടു വെക്കുന്ന തനി
പിന്തിരിപ്പന്‍ ആയ ചില ആശയങ്ങളെക്കുറിച്ചാണ്...
ശാസ്ത്രത്തെയും അതിന്റെ രീതികളെയുംമുരുഗദോസ് എങ്ങനെയാണ്
മനസിലാക്കിയിരിക്കുന്നത് എന്ന് ആദ്യം പരിശോധിക്കാം. ഒരു സയന്‍സ് ഫിക്ഷന്‍
ചെയ്യുമ്പോള്‍ ചെയ്യാന്‍ പോകുന്ന മേഖലയെപ്പറ്റി അടിസ്ഥാനപരമായ
കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന യാതൊരു നിര്‍ബന്ധവും ഈ സിനിമ എഴുതി
സംവിധാനം ചെയ്ത ഈ മനുഷ്യനില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എണീച്ചു
നിന്ന് കൂവിപ്പോകുന്ന രീതിയിലാണ് ശ്രുതി ഹാസന്റെ കഥാപാത്രം (ആ പേരൊന്നും
ഓര്‍മ്മയില്ല) ശാസ്ത്ര ഗവേഷണവും ഡി എന്‍ എ പഠനവും ഒക്കെ നടത്തുന്നത്.
സൂര്യയുടെ ചീപ്പില്‍ നിന്ന് കിട്ടിയ മുടി എടുത്തു മൈക്രോസ്കോപ്പിലൂടെ
നോക്കുമ്പോ അതാ ഡി എന്‍ എ അങ്ങനെ വട്ടത്തില്‍ ചുറ്റുന്നത് സ്ക്രീനില്‍
തെളിഞ്ഞു വരുന്നു. ഇതൊക്കെ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ആരും
കാണാതിരിക്കട്ടെ. കണ്ടാല്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍
ഇടയുണ്ട്. ദശാവതാരത്തില്‍ കമലിന്റെ ഒരു അവതാരം ഹെലിക്കൊപ്ട്ടറില്‍ ഇരുന്നു
ബൈനോക്കുലര്‍ വെച്ച് താഴെ വെള്ളത്തിലെ സൂക്ഷ്മ കീടങ്ങളെ നിരീക്ഷിക്കുന്ന
ഒരു സീനുണ്ട്. ഇവിടെ മൈക്രോസ്കോപ് ഉപയോഗിക്കാനുള്ള ബുദ്ധി (ഉവ്വ) എങ്കിലും
സംവിധായകന്‍ കാണിച്ചു എന്നാശ്വസിക്കാം. എന്നാലും ഡി എന്‍ എ ഒക്കെ, ശ്ശൊ.
പിടിച്ചതിനേക്കാള്‍
വലുതാണ് മാളത്തില്‍ ഇരിക്കുന്നത് എന്ന വേദനാജനകമായ സത്യം വൈകിയാണ്
മനസിലാക്കിയത്. പിന്നീടങ്ങോട്ട് ഒരു സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെ
ഒരു ഭ്രാന്തനെപ്പോലെ മു.ദോ സഞ്ചരിക്കുകയാണ്. ശാസ്ത്രത്തിന്റെ ചെലവില്‍
അശാസ്ത്രീയവും പിന്തിരിപ്പനുമായ ഗോക്രി മോഡല്‍ വാദങ്ങളാണ് പിന്നീട്
ചിത്രത്തിലാകെ മു.ദോ എടുത്തു വീശിയിരിക്കുന്നത്. ഒരു വേള സാക്ഷാല്‍
ഗോപാലകൃഷ്ണന്‍ തന്നെയാണോ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് പോലും
തംശയം തോന്നാനിടയുണ്ട്. ഡോ: സൂരജ് രാജന്റെ വാക്കുകള്‍ കടമെടുത്താല്‍ "ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ചു ആധുനിക സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെല്ലാം "ദേ ഞമ്മടെ കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!". (എന്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷ ഉദായിപ്പുകളെ സംബന്ധിച്ച പോസ്റ്റുകളെ ശ്രീ. ഗുരുകുലം ഉമേഷ് ഒരു ഇ-പുസ്തകമായി പി ഡി എഫ് രൂപത്തില്‍ സമാഹരിച്ചത്.. "ജ്യോതിഷവും ശാസ്ത്രവും".)
ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും എന്തിനു ഇനി കണ്ടുപിടിക്കാന്‍ പോകുന്നവ പോലും ഗീതയിലും ഖുറാനിലും ബൈബിളും ഉണ്ട് എന്ന് വാദിക്കുന്നതാണ് ഗോക്രിമാരെ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല ലക്ഷണം. ഇങ്ങനെയുള്ളവരെ ബൂലോകത്ത് മുന്‍പ് തന്നെ പലരും സുന്ദരമായി പോളിച്ചടുക്കിയിട്ടുണ്ട്.(മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍, സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍, ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍, സക്കീര്‍ നായിക്, ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ). ഇങ്ങനെ പോളിച്ചടുക്കപ്പെട്ട കാലഹരണപ്പെട്ട വാദങ്ങള്‍ തന്നെയാണ് മുരുഗദോസും അതുപോലെ വെച്ച് കാച്ചിയിരിക്കുന്നത്. ഉദാഹരത്തിന് ശാസ്ത്രം ജ്യോതിഷം പോലുള്ള ഉഡായിപ്പുകളേക്കാള്‍
മെച്ചമല്ല എന്ന് തെളിയിക്കുന്നതിനായി ഇവര്‍ സ്ഥിരമായി ഉന്നയിക്കുന്ന
വാദമാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ ഇപ്പോഴും ശരിയാവാറില്ല എന്നത്. ശ്രുതി
ഹാസന്‍ അവതരിപ്പിക്കുന്ന ശാസ്ത്ര'അജ്ഞയുടെ' വായില്‍ നിന്ന് തന്നെയാണ് ഇതു
പുറത്തു വരുന്നത്. ഈ വാദം എത്ര പൊള്ളയാണ് എന്നറിയുന്നതിനു നേരത്തെ ലിങ്ക്
തന്ന 'ജ്യോതിഷവും ശാസ്ത്രവും' എന്ന പിഡിഎഫ് പുസ്തകത്തിന്റെ പതിനെട്ടാം പേജു
മുതല്‍ വായിക്കുക. ഇതു പോലുള്ള 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി തന്നെയാണ്
മു.ദോ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. യാതൊരു ശാസ്ത്ര അടിത്തറയും
ഇല്ലാത്ത 'ചൂണ്ടു മര്‍മ്മ'ത്തെ ഹിപ്നോട്ടിസത്തിന്റെ ചെലവില്‍
അലക്കിവെളുപ്പിക്കാനും മു.ദോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനേക്കാള്‍ അപകടം ഒളിച്ചിരിക്കുന്നത് ഈ ഉഡായിപ്പുകളൊക്കെ
മു.ദോ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ്.
അവിടെയാണ് ആദ്യം പറഞ്ഞ ജെനറ്റിക്ക് തഴമ്പ് കടന്നു വരുന്നത്. മനുഷ്യര്‍ക്ക്
ആനയും കഴുതയും ഒന്നും ഉണ്ടാവാത്തതിന് കാരണം അടിസ്ഥാനപരമായി ക്രോമാസോമും ഡി
എന്‍ എ-യുമാണ്. അതുപോലെ ഓരോ മനുഷ്യരും വ്യത്യസ്തര്‍ ആയിരിക്കുന്നതും
എന്നാല്‍ വിശാലമായി നോക്കുമ്പോള്‍ ഓരോ പ്രദേശത്തെയും മനുഷ്യര്‍ തമ്മില്‍
പൊതുവായ സവിശേഷതകള്‍ ഉള്ളതും ഈ ഡി എന്‍ എ മൂലമാണ്. നമ്മുടെ പൂര്‍വ്വികരില്‍
നിന്ന് നാം ഗുണഗണങ്ങള്‍ കൈക്കൊള്ളുന്നതും ഇതിലൂടെയാണ്.
എന്നാല്‍ ഈ ഡി എന്‍ എ-യെയും ജെനറ്റിക്സിനെയും പാരമ്പര്യ വാദത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സംവിധായകന്‍. അതിനു മേമ്പൊടിയായാണ്
മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനമില്ലാത്ത വിദ്യകളും ആശാന്‍ എടുത്തു
പൂശിയിരിക്കുന്നത്. ഡി എന്‍ എ-യിലൂടെ നമ്മുടെ പൂര്‍വ്വികന്മാരുടെ
സവിശേഷതകള്‍ നമ്മളില്‍ ഉണ്ടാവും എന്നതില്‍ക്കവിഞ്ഞ് ആയിരക്കണക്കിന്
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബോധിധര്‍മ്മന്റെ ചിന്തകളും
ഓര്‍മ്മകളും വംശാവലിയില്‍പ്പെട്ട, പെട്ടു എന്ന് സംവിധായകന്‍ പറയുന്ന,
അരവിന്ദനില്‍ ജെനറ്റിക്ക് മെമ്മറിയിലൂടെ
എത്തിച്ചേര്‍ന്നു എന്നൊക്കെ മു.ദോ വെച്ച് കാച്ചുമ്പോള്‍ അതു ഈ ശാസ്ത്ര
മേഖലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച അനേകം ശാസ്ത്രകാരന്മാരെ
അപമാനിക്കുന്നതാണ് എന്ന് മാത്രമല്ല, ശുദ്ധ പോക്രിത്തരം കൂടിയാണ്. ജെനറ്റിക്ക് മെമ്മറി ഉണര്‍ത്താനായി നുമ്മടെ ശാസ്ത്ര'അജ്ഞ'
കൂട്ടുപിടിക്കുന്നത് പഴേ കിതാബുകളെയാണ് എന്നതും കൂടിയാവുമ്പോള്‍ എല്ലാം
പൂര്‍ത്തിയാകുന്നു. ബോധിധര്‍മ്മന്‍ പല്ലവ രാജവംശത്തില്‍ പെട്ടവനായിരുന്നു
എന്ന ഐതിഹ്യം എടുത്തുപയോഗിക്കുന്നത് ജെനറ്റിക്ക് 'തഴമ്പ്' എന്നത് വെറും
യാദൃശ്ചികമായി ഉപയോഗിക്കപ്പെട്ടതല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും.
രാജവംശത്തില്‍ പെട്ട ബോധിധര്‍മ്മന്റെ ഇപ്പോഴത്തെ തലമുറയ്ക്കും
ബോധിധര്‍മ്മന്റെ മു.ദോ വാഴ്ത്തുന്ന ഗുണങ്ങള്‍ എത്തി എന്ന് പറയുന്നത്
രാജവാഴ്ചയ്ക്കും ഫാസിസത്തിനും നാസിസത്തിനും അതുമായി ബന്ധപെട്ട അനേകം
അധികാരരൂപങ്ങള്‍ക്കും അടിസ്ഥാനമായ 'പാരമ്പര്യവാദ'ത്തില്‍ തന്നെയാണ്
നമ്മെക്കൊണ്ട് ചെന്നെത്തിക്കുന്നത്. അതിനായി ആധുനിക ശാസ്ത്രത്തിന്റെ മറ
പിടിക്കുകയാണ് മു.ദോ. ജ്യോതിഷത്തില്‍ തുടങ്ങി വാസ്തു'ശാസ്ത്രം', ഗൌളി
'ശാസ്ത്രം' വരെ എല്ലാ അസംബന്ധങ്ങളുടെയും പ്രവാചകര്‍ എങ്ങനെ തങ്ങളുടെ
ഉപജീവനത്തിനായി ശാസ്ത്രത്തെ വളച്ചൊടിക്കുന്നു എന്നതിന്റെ ഏറ്റവും വികൃതമായ
ഉദാഹരണമാണ് ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവ്.
ഈ പാരമ്പര്യവാദം എല്ലാക്കാലത്തും
ജനാധിപത്യ വിരുദ്ധ ഭരണക്രമങ്ങളുടെ ഏറ്റവും വലിയ ആയുധമായിരുന്നു.
പാരമ്പര്യവാദത്തില്‍ അധിഷ്ടിതമായ രാജവാഴ്ചയും അതിന്റെ ദോഷങ്ങളെയും കുറിച്ച്
പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നാസി പാര്‍ട്ടിയിലൂടെ ജര്‍മ്മനി
പിടിച്ച ഹിറ്റ്ലറും തന്റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചതു ഈ പാരമ്പര്യവാദത്തെ തന്നയായിരുന്നു.
ആര്യന്മാരുടെത് ശുദ്ധമായ രക്തമാണെന്നും അശുദ്ധ രക്തമുള്ള ജൂതന്മാരെ
തുടച്ചു നീക്കിയാല്‍ മാത്രമേ അനീതി ഇല്ലാതാക്കുവാന്‍ കഴിയൂ
എന്നുമായിരുന്നല്ലോ പുള്ളിയുടെ പോളിസി. ഇതിനായി 'കൊണ്സന്ട്രേഷന്‍
ക്യാമ്പുകള്‍' സ്ഥാപിക്കുകയും ജൂതന്മാരെ വേട്ടയാടുകയും ചെയ്തു. ഇതു ഒരു
ഒറ്റപ്പെട്ട പ്രവൃത്തി ആയിരുന്നില്ല. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്ക്
മുന്‍പും പിന്‍പും ഈ അസംബന്ധങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതു
കാണാന്‍ ദൂരെയെങ്ങും പോകണ്ട, നമുക്ക് ചുറ്റും തന്നെ നോക്കിയാല്‍ മതി.
സവര്‍ണ്ണതയും അയിത്തവും കൊടികുത്തി വാണ ഒരു ഭൂതകാലം നമുക്കുമുണ്ടായിരുന്നു.
അതിപ്പോഴും പലവിധത്തില്‍ പലരൂപത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ഏതെങ്കിലും ഒരു കുലത്തിലോ ജാതിയിലോ പിറന്നതുകൊണ്ടു ഒരു മനുഷ്യനും മറ്റൊരു
മനുഷ്യനെക്കാള്‍ മെച്ചപ്പെട്ടവന്‍ ആകുന്നില്ല. എന്നാല്‍ ഇതിന്റെ നിഷേധമാണ്
പാരമ്പര്യവാദം. വിശാലമായ അര്‍ത്ഥത്തില്‍ സവര്‍ണ്ണതയുടെയും അയിത്തതിന്റെയും
അടിസ്ഥാനം ഈ പാരമ്പര്യവാദം തന്നെയാണ്. ഈ ദുഷിച്ച വാദത്തിന്റെ വേരുകള്‍
ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിന്ന് പറിച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല
എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് കൂടിയാണ് ആ അര്‍ത്ഥത്തില്‍ 'ഏഴാം
അറിവ്'.
സവര്‍ണ്ണ-ബ്രാഹ്മണ മേധാവിത്വം നമ്മുടെ നാട്ടില്‍ ഉണ്ടാക്കി
വെച്ച കെടുതികള്‍ ചില്ലറയൊന്നുമല്ല. തങ്ങള്‍ മറ്റുള്ള ജാതിയില്‍
പിറന്നവരെക്കാള്‍ ഉയര്‍ന്നവര്‍ ആണ് എന്ന പൊതുബോധം നിര്‍മ്മിക്കുകയായിരുന്നു
അധികാരം കയ്യടക്കാനായി അവര്‍ ചെയ്തത്. കാലാകാലം രാജാധികാരം ഏതെങ്കിലും
കുടുംബത്തിന്റെ മാത്രം കുത്തകയായിരിക്കുകയും സവര്‍ണ്ണര്‍ മാത്രം ഉയര്‍ന്ന
അധികാര സ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്തിരുന്നതിനാല്‍ ഈ പൊതുബോധം
അടിച്ചേല്‍പ്പിക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല. അതിനെതിരെ ഉയര്‍ന്ന
പ്രതിഷേധങ്ങള്‍ അവര്‍ അടിച്ചമര്‍ത്തുകയുണ്ടായി. എന്നാല്‍ നാള്‍ക്കുനാള്‍ ആ
പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ
ദുരാചാരങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയവും
സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ കേരളത്തില്‍ ഇവ ഏതാണ്ട്
ഇല്ലാതായി എന്നുതന്നെ പറയാം. സംവരണം പോലുള്ള നടപടികള്‍ സമൂഹത്തിന്റെ
താഴെതട്ടിലെയ്ക്ക് വീണു പോയ ജനതയെ വീണ്ടും കൈപിടിച്ച് ഉയര്‍ത്തി.
എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൃത്തികേടുകള്‍ പൂര്‍വ്വാധികം
ശക്തിയോടെ തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടു കുറച്ചു
കാലമായി. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ പോലും ഇതു
കണ്ടുതുടങ്ങി. ഇപ്പോള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധ
മനോഭാവം ഇതിലെയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്.
ഒരു ജനസമൂഹത്തിന്റെ പൊതുബോധം അതിന്റെ ജനപ്രിയ കലാരൂപങ്ങളില്‍
പ്രതിഫലിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ നമ്മുടെ മുഖ്യധാരാ സിനിമകളില്‍
ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒട്ടും ശുഭസൂചകങ്ങള്‍ അല്ല. ഭൂമിയിലെ
രാജാക്കന്മാര്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ മലയാള സിനിമയിലും ഈ
മാറ്റം ശക്തമായി കണ്ടുതുടങ്ങി. അറുപിന്തിരിപ്പനും പ്രതിലോപകരവുമായ ഈ
രാഷ്ട്രീയ സാമൂഹ്യബോധത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് 'ഏഴാം
അറിവ്' എന്ന ചിത്രം.
പതിവില്‍ നിന്ന് വ്യത്യസ്തമായി തീവ്രവാദികള്‍ അല്ല ഈ ചിത്രത്തില്‍ പ്രതിനായകരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
മതതീവ്രവാദികളും മതഗ്രന്ഥങ്ങളുടെ വളച്ചൊടിക്കലിലൂടെയാണല്ലോ ഉപജീവനം
തേടുന്നത്; അതുകൊണ്ട് ഇതു സ്വാഭാവികമാണ്. മറിച്ച് ചൈനീസ് സര്‍ക്കാരാണ്
ഇതില്‍ വില്ലന്മാരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍
സൂക്ഷ്മവായനയില്‍ ഇടതുപക്ഷപ്രത്യയശാസ്ത്രത്തെ പ്രതിനായകരായി
അവതരിപ്പിക്കാനാണ് സംവിധായകന്റെ ഉത്സാഹം എന്ന് തിരിച്ചറിയാന്‍ കഴിയും.
'ഓപ്പറേഷന്‍ റെഡ്' എന്ന് പ്രതിനായകരുടെ പദ്ധതിക്ക് പേരിടുന്നതിലെ
മനശാസ്ത്രവും വ്യതസ്തമല്ല. സമീപകാലത്ത് ഉയര്‍ന്നുവന്ന
രാജവാഴ്ചയെപ്പറ്റിയുള്ള ചര്‍ച്ച ശ്രദ്ധിച്ചവര്‍ക്ക് ഓരോ പക്ഷവും എവിടെയാണ്
നില്‍ക്കുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. അന്ധവിശ്വാസങ്ങള്‍ക്കും
ആയിത്താചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും ഈ കഥയിലെ വില്ലന്‍
സ്ഥാനത്തിന് അവരെ സര്‍വ്വഥാ യോഗ്യരാക്കുന്നുണ്ട്.
ഐസക്ക്
അസിമോവിലൂടെയും കാല്‍ സാഗനിലൂടെയും ശക്തി പ്രാപിച്ച സയന്‍സ് ഫിക്ഷന്‍
ശാസ്ത്ര വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. പുതിയ
കണ്ടുപിടിത്തങ്ങള്‍ക്ക് വരെ ഈ സാഹിത്യ ശാഖ കാരണമായിട്ടുണ്ട്. അതിശോക്തിയുടെയും അസംഭവ്യതയുടെയും അയ്യരുകളിയായിട്ടു കൂടി ചെയ്യുന്ന
ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍
മിക്കപ്പോഴും ആസ്വാദ്യകരമാകാറുണ്ട്.
എന്നാല്‍ ചെയ്യുന്ന കള്ളത്തരതിനോട് പോലും മു.ദോ-യ്ക്ക് ഒരുപൊടി ആത്മാര്‍ഥത
ഇല്ലാത്തതിനാല്‍ സിനിമ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു
വീഴുന്ന ദയനീയമായ കാഴ്ച വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. അതു ഒരു കാവ്യനീതിയായി
കാണാനാണ് എനിക്കിഷ്ടം. ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷം സിനിമ എന്താണ് പറയാന്‍
ശ്രമിച്ചത് എന്നതിനെപ്പറ്റി നായകനെക്കൊണ്ടു പ്രസംഗം നടത്തിക്കേണ്ടി
വരുന്നത് സംവിധായകന്റെ പ്രതിഭാദാരിദ്ര്യം എത്രയെന്നു വ്യക്തമാക്കുന്നു.
യാഥാസ്ഥിതികരായിരുന്ന
ഒരു തമിഴ് കുടുംബം ആ മനോഭാവം ഉപേക്ഷിച്ചു യുക്തിയുടെയും അറിവിന്റെയും
ജീവിതത്തിലേക്ക് കടന്നപ്പോള്‍ ആ കുടുംബത്തില്‍ നിന്നുണ്ടായത് ഒന്നല്ല രണ്ട്
നോബല്‍ സമ്മാന ജേതാക്കളാണ്, സി.വി രാമനും സുബ്രഹ്മണ്യ ചന്ദ്രശേഖറും.
ശാസ്ത്ര ഗവേഷണ രംഗത്ത് ഭാരതം വര്‍ഷങ്ങളായി പടിക്കുപുറത്ത് നില്‍ക്കുന്നതിനു
പ്രധാന കാരണം നമ്മുടെ യാഥാസ്ഥിതിക മനോഭാവവും അന്ധവിശ്വാസങ്ങളും ആണ്. അവയെ കൂടുതല്‍
മുറുകെപ്പിടിക്കാനാണ് ഈ ചിത്രം നമ്മോടാവശ്യപ്പെടുന്നത്. ആള്‍ ദി ബെസ്റ്റ്!