തിങ്കളാഴ്‌ച, നവംബർ 14, 2011

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

'അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് ചന്തിയില്‍ തഴമ്പ് വരോ?' വരില്ല എന്നാണ് പ്രശസ്തമായ ആ പഴഞ്ചൊല്ലിലൂടെ നാമെല്ലാം കരുതിയിരുന്നത്. എന്നാല്‍ സത്യം അതല്ല എന്നും മകന് തഴമ്പ് വരുമെന്ന് മാത്രമല്ല ഡി എന്‍ എ-യിലൂടെ ജെനറ്റിക്ക് മെമ്മറി വഴി അനേകം തലമുറകള്‍ക്ക് ആ തഴമ്പ് പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കും എന്ന് ഇതാ തെളിഞ്ഞിരിക്കുന്നു. ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയതിലൂടെയും അതുപയോഗിച്ചു 'ഏഴാം അറിവ്' (Seventh Sense) എന്ന അക്രമം കാണിച്ചതിലൂടെയും മുരുഗദോസ് എന്ന മഹാനുഭാവന്‍ ഓസ്ക്കാറും നോബല്‍ പ്രൈസും ഒരുമിച്ചു അടിച്ചെടുക്കുന്ന എല്ലാ കോളുമുണ്ട്. നമുക്ക് ഇതു തന്നെ വരണം. 


ബോധിധര്‍മ്മന്‍ എന്ന ചൈനീസ്‌ ബുദ്ധസന്യാസിയുടെ കഥയുമായാണ് ചിത്രം തുടങ്ങുന്നത്. ഇദ്ദേഹം തമിഴ്നാട്ടിലെ പല്ലവ രാജവംശത്തിലെ കുമാരന്‍ ആയിരുന്നു എന്ന ജനസംസാരത്തെപ്പറ്റി വിക്കിപ്പീഡിയ പറയുന്നു. പിന്നീട് ഇദ്ദേഹം ചൈനയിലേയ്ക്ക് പോവുകയും ഒരു ബുദ്ധമത സന്യാസി ആയി മാറുകയും ചെയ്തു. ഷാവോലിന്‍ എന്ന ആയോധന കല ഇദ്ദേഹത്തിന്റെ സംഭാവന ആണെന്ന് പറയപ്പെടുന്നു. താവോയിസത്തിന്റെ തുടക്കവും അദ്ദേഹത്തില്‍ നിന്നാണ് എന്നും ഐതിഹ്യം. എന്തായാലും ഈ രംഗങ്ങള്‍ ചിത്രത്തില്‍ മോശമല്ലാതെ ചിത്രീകരിച്ചിരിക്കുന്നു; സൂര്യ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി നിര്‍മ്മിച്ച അതിശയോക്തി കലര്‍ന്ന സംഘട്ടന രംഗങ്ങള്‍ ഇതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി എങ്കിലും. എന്തായാലും ബോധിരാമന്റെ ഖബറില്‍ രണ്ട് പിടി മണ്ണ് വാരിയിട്ട ശേഷം മുരുഗദോസ് വര്‍ത്തമാന കാലത്തിലേക്ക് കടക്കുന്നതോടെ സംഗതി ആകെ കൈവിട്ടു പോകുകയാണ്.

ബോധിധര്‍മ്മന്റെ പിന്‍തലമുറക്കാരില്‍ ഒരാളായി സൂര്യ വീണ്ടും ഒരു സര്‍ക്കസ്സുകാരന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുള്ളി ശ്രുതി ഹാസന്‍ എന്ന ഗവേഷണ വിദ്യാര്‍ഥിനിയുമായി അടുപ്പത്തില്‍ ആകുന്നു. എന്നാല്‍ ബോധിധര്‍മ്മനെപ്പറ്റി പഠിക്കുന്നതിനായി അവള്‍ തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നവന്‍ വൈകിയാണ് മനസിലാക്കുന്നത്‌. പിന്നീട് ഒരു വില്ലന്‍ അവതിരിക്കുന്നു. ബാക്കി എല്ലാം സാദാ തമിഴ് പടം പോലെ. സിനിമ ഒരു കലാരൂപമെന്ന രീതിയിലുള്ള മറ്റു കാര്യങ്ങളെപ്പറ്റി പറയാന്‍ അല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. മറിച്ച് സിനിമ മുന്നോട്ടു വെക്കുന്ന തനി പിന്തിരിപ്പന്‍ ആയ ചില ആശയങ്ങളെക്കുറിച്ചാണ്...

ശാസ്ത്രത്തെയും അതിന്റെ രീതികളെയും മുരുഗദോസ് എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്ന് ആദ്യം പരിശോധിക്കാം. ഒരു സയന്‍സ് ഫിക്ഷന്‍ ചെയ്യുമ്പോള്‍ ചെയ്യാന്‍ പോകുന്ന മേഖലയെപ്പറ്റി അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന യാതൊരു നിര്‍ബന്ധവും ഈ സിനിമ എഴുതി സംവിധാനം ചെയ്ത ഈ മനുഷ്യനില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എണീച്ചു നിന്ന് കൂവിപ്പോകുന്ന രീതിയിലാണ് ശ്രുതി ഹാസന്റെ കഥാപാത്രം (ആ പേരൊന്നും ഓര്‍മ്മയില്ല) ശാസ്ത്ര ഗവേഷണവും ഡി എന്‍ എ പഠനവും ഒക്കെ നടത്തുന്നത്. സൂര്യയുടെ ചീപ്പില്‍ നിന്ന് കിട്ടിയ മുടി എടുത്തു മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോ അതാ ഡി എന്‍ എ അങ്ങനെ വട്ടത്തില്‍ ചുറ്റുന്നത്‌ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു. ഇതൊക്കെ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ആരും കാണാതിരിക്കട്ടെ. കണ്ടാല്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍ ഇടയുണ്ട്. ദശാവതാരത്തില്‍ കമലിന്റെ ഒരു അവതാരം ഹെലിക്കൊപ്ട്ടറില്‍ ഇരുന്നു ബൈനോക്കുലര്‍ വെച്ച് താഴെ വെള്ളത്തിലെ സൂക്ഷ്മ കീടങ്ങളെ നിരീക്ഷിക്കുന്ന ഒരു സീനുണ്ട്. ഇവിടെ മൈക്രോസ്കോപ് ഉപയോഗിക്കാനുള്ള ബുദ്ധി (ഉവ്വ) എങ്കിലും സംവിധായകന്‍ കാണിച്ചു എന്നാശ്വസിക്കാം. എന്നാലും ഡി എന്‍ എ ഒക്കെ, ശ്ശൊ.

പിടിച്ചതിനേക്കാള്‍ വലുതാണ്‌ മാളത്തില്‍ ഇരിക്കുന്നത് എന്ന വേദനാജനകമായ സത്യം വൈകിയാണ് മനസിലാക്കിയത്. പിന്നീടങ്ങോട്ട് ഒരു സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ മു.ദോ സഞ്ചരിക്കുകയാണ്. ശാസ്ത്രത്തിന്റെ ചെലവില്‍ അശാസ്ത്രീയവും  പിന്തിരിപ്പനുമായ ഗോക്രി മോഡല്‍ വാദങ്ങളാണ് പിന്നീട് ചിത്രത്തിലാകെ മു.ദോ എടുത്തു വീശിയിരിക്കുന്നത്‌. ഒരു വേള സാക്ഷാല്‍ ഗോപാലകൃഷ്ണന്‍ തന്നെയാണോ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് പോലും തംശയം തോന്നാനിടയുണ്ട്. ഡോ: സൂരജ് രാജന്റെ വാക്കുകള്‍ കടമെടുത്താല്‍ "ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ചു ആധുനിക സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെല്ലാം "ദേ ഞമ്മടെ കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!". (എന്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷ ഉദായിപ്പുകളെ സംബന്ധിച്ച പോസ്റ്റുകളെ ശ്രീ. ഗുരുകുലം ഉമേഷ്‌ ഒരു ഇ-പുസ്തകമായി പി ഡി എഫ് രൂപത്തില്‍ സമാഹരിച്ചത്..
"ജ്യോതിഷവും ശാസ്ത്രവും".)


ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും എന്തിനു ഇനി കണ്ടുപിടിക്കാന്‍ പോകുന്നവ പോലും ഗീതയിലും ഖുറാനിലും ബൈബിളും ഉണ്ട് എന്ന് വാദിക്കുന്നതാണ് ഗോക്രിമാരെ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല ലക്ഷണം. ഇങ്ങനെയുള്ളവരെ ബൂലോകത്ത് മുന്‍പ് തന്നെ പലരും സുന്ദരമായി പോളിച്ചടുക്കിയിട്ടുണ്ട്.(മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍, സക്കീര്‍ നായിക്ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ). ഇങ്ങനെ പോളിച്ചടുക്കപ്പെട്ട കാലഹരണപ്പെട്ട വാദങ്ങള്‍ തന്നെയാണ് മുരുഗദോസും അതുപോലെ വെച്ച് കാച്ചിയിരിക്കുന്നത്. ഉദാഹരത്തിന് ശാസ്ത്രം ജ്യോതിഷം പോലുള്ള ഉഡായിപ്പുകളേക്കാള്‍ മെച്ചമല്ല എന്ന് തെളിയിക്കുന്നതിനായി ഇവര്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദമാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ ഇപ്പോഴും ശരിയാവാറില്ല എന്നത്. ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്ന ശാസ്ത്ര'അജ്ഞയുടെ' വായില്‍ നിന്ന് തന്നെയാണ് ഇതു പുറത്തു വരുന്നത്. ഈ വാദം എത്ര പൊള്ളയാണ്‌ എന്നറിയുന്നതിനു നേരത്തെ ലിങ്ക് തന്ന 'ജ്യോതിഷവും ശാസ്ത്രവും' എന്ന പിഡിഎഫ് പുസ്തകത്തിന്റെ പതിനെട്ടാം പേജു മുതല്‍ വായിക്കുക. ഇതു പോലുള്ള 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി തന്നെയാണ് മു.ദോ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. യാതൊരു ശാസ്ത്ര അടിത്തറയും ഇല്ലാത്ത 'ചൂണ്ടു മര്‍മ്മ'ത്തെ ഹിപ്നോട്ടിസത്തിന്റെ ചെലവില്‍ അലക്കിവെളുപ്പിക്കാനും മു.ദോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനേക്കാള്‍ അപകടം ഒളിച്ചിരിക്കുന്നത് ഈ ഉഡായിപ്പുകളൊക്കെ മു.ദോ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ്. അവിടെയാണ് ആദ്യം പറഞ്ഞ ജെനറ്റിക്ക് തഴമ്പ് കടന്നു വരുന്നത്. മനുഷ്യര്‍ക്ക്‌ ആനയും കഴുതയും ഒന്നും ഉണ്ടാവാത്തതിന് കാരണം അടിസ്ഥാനപരമായി ക്രോമാസോമും ഡി എന്‍ എ-യുമാണ്‌. അതുപോലെ ഓരോ മനുഷ്യരും വ്യത്യസ്തര്‍ ആയിരിക്കുന്നതും എന്നാല്‍ വിശാലമായി നോക്കുമ്പോള്‍ ഓരോ പ്രദേശത്തെയും മനുഷ്യര്‍ തമ്മില്‍ പൊതുവായ സവിശേഷതകള്‍ ഉള്ളതും ഈ ഡി എന്‍ എ മൂലമാണ്. നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് നാം ഗുണഗണങ്ങള്‍ കൈക്കൊള്ളുന്നതും ഇതിലൂടെയാണ്.
എന്നാല്‍ ഈ ഡി എന്‍ എ-യെയും ജെനറ്റിക്സിനെയും പാരമ്പര്യ വാദത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സംവിധായകന്‍. അതിനു മേമ്പൊടിയായാണ് മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനമില്ലാത്ത വിദ്യകളും ആശാന്‍ എടുത്തു പൂശിയിരിക്കുന്നത്. ഡി എന്‍ എ-യിലൂടെ നമ്മുടെ പൂര്‍വ്വികന്മാരുടെ സവിശേഷതകള്‍ നമ്മളില്‍ ഉണ്ടാവും എന്നതില്‍ക്കവിഞ്ഞ്‌ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബോധിധര്‍മ്മന്റെ ചിന്തകളും ഓര്‍മ്മകളും വംശാവലിയില്‍പ്പെട്ട, പെട്ടു എന്ന് സംവിധായകന്‍ പറയുന്ന, അരവിന്ദനില്‍ ജെനറ്റിക്ക് മെമ്മറിയിലൂടെ എത്തിച്ചേര്‍ന്നു എന്നൊക്കെ മു.ദോ വെച്ച് കാച്ചുമ്പോള്‍ അതു ഈ ശാസ്ത്ര മേഖലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച അനേകം ശാസ്ത്രകാരന്മാരെ അപമാനിക്കുന്നതാണ് എന്ന് മാത്രമല്ല, ശുദ്ധ പോക്രിത്തരം കൂടിയാണ്. ജെനറ്റിക്ക് മെമ്മറി ഉണര്‍ത്താനായി നുമ്മടെ ശാസ്ത്ര'അജ്ഞ' കൂട്ടുപിടിക്കുന്നത് പഴേ കിതാബുകളെയാണ് എന്നതും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നു. ബോധിധര്‍മ്മന്‍ പല്ലവ രാജവംശത്തില്‍ പെട്ടവനായിരുന്നു എന്ന ഐതിഹ്യം എടുത്തുപയോഗിക്കുന്നത് ജെനറ്റിക്ക് 'തഴമ്പ്' എന്നത് വെറും യാദൃശ്ചികമായി ഉപയോഗിക്കപ്പെട്ടതല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും.

രാജവംശത്തില്‍ പെട്ട ബോധിധര്‍മ്മന്റെ ഇപ്പോഴത്തെ തലമുറയ്ക്കും ബോധിധര്‍മ്മന്റെ മു.ദോ വാഴ്ത്തുന്ന ഗുണങ്ങള്‍ എത്തി എന്ന് പറയുന്നത് രാജവാഴ്ചയ്ക്കും ഫാസിസത്തിനും  നാസിസത്തിനും അതുമായി ബന്ധപെട്ട അനേകം അധികാരരൂപങ്ങള്‍ക്കും അടിസ്ഥാനമായ 'പാരമ്പര്യവാദ'ത്തില്‍ തന്നെയാണ് നമ്മെക്കൊണ്ട് ചെന്നെത്തിക്കുന്നത്. അതിനായി ആധുനിക ശാസ്ത്രത്തിന്റെ മറ പിടിക്കുകയാണ് മു.ദോ. ജ്യോതിഷത്തില്‍ തുടങ്ങി വാസ്തു'ശാസ്ത്രം', ഗൌളി 'ശാസ്ത്രം' വരെ എല്ലാ അസംബന്ധങ്ങളുടെയും പ്രവാചകര്‍ എങ്ങനെ തങ്ങളുടെ ഉപജീവനത്തിനായി ശാസ്ത്രത്തെ വളച്ചൊടിക്കുന്നു  എന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണ് ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവ്.

ഈ പാരമ്പര്യവാദം എല്ലാക്കാലത്തും ജനാധിപത്യ വിരുദ്ധ ഭരണക്രമങ്ങളുടെ ഏറ്റവും വലിയ ആയുധമായിരുന്നു. പാരമ്പര്യവാദത്തില്‍ അധിഷ്ടിതമായ രാജവാഴ്ചയും അതിന്റെ ദോഷങ്ങളെയും കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നാസി പാര്‍ട്ടിയിലൂടെ ജര്‍മ്മനി പിടിച്ച ഹിറ്റ്ലറും തന്റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചതു ഈ പാരമ്പര്യവാദത്തെ തന്നയായിരുന്നു. ആര്യന്മാരുടെത് ശുദ്ധമായ രക്തമാണെന്നും അശുദ്ധ രക്തമുള്ള ജൂതന്മാരെ തുടച്ചു നീക്കിയാല്‍ മാത്രമേ അനീതി ഇല്ലാതാക്കുവാന്‍ കഴിയൂ എന്നുമായിരുന്നല്ലോ പുള്ളിയുടെ പോളിസി. ഇതിനായി 'കൊണ്സന്ട്രേഷന്‍ ക്യാമ്പുകള്‍' സ്ഥാപിക്കുകയും ജൂതന്മാരെ വേട്ടയാടുകയും ചെയ്തു. ഇതു ഒരു ഒറ്റപ്പെട്ട പ്രവൃത്തി ആയിരുന്നില്ല. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്ക് മുന്‍പും പിന്‍പും ഈ അസംബന്ധങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതു കാണാന്‍ ദൂരെയെങ്ങും പോകണ്ട, നമുക്ക് ചുറ്റും തന്നെ നോക്കിയാല്‍ മതി. സവര്‍ണ്ണതയും അയിത്തവും കൊടികുത്തി വാണ ഒരു ഭൂതകാലം നമുക്കുമുണ്ടായിരുന്നു. അതിപ്പോഴും പലവിധത്തില്‍ പലരൂപത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു കുലത്തിലോ ജാതിയിലോ പിറന്നതുകൊണ്ടു ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെക്കാള്‍ മെച്ചപ്പെട്ടവന്‍ ആകുന്നില്ല. എന്നാല്‍ ഇതിന്റെ നിഷേധമാണ് പാരമ്പര്യവാദം. വിശാലമായ അര്‍ത്ഥത്തില്‍ സവര്‍ണ്ണതയുടെയും അയിത്തതിന്റെയും അടിസ്ഥാനം ഈ പാരമ്പര്യവാദം തന്നെയാണ്. ഈ ദുഷിച്ച വാദത്തിന്റെ വേരുകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിന്ന് പറിച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് കൂടിയാണ് ആ അര്‍ത്ഥത്തില്‍ 'ഏഴാം അറിവ്'.

സവര്‍ണ്ണ-ബ്രാഹ്മണ മേധാവിത്വം നമ്മുടെ നാട്ടില്‍ ഉണ്ടാക്കി വെച്ച കെടുതികള്‍ ചില്ലറയൊന്നുമല്ല. തങ്ങള്‍  മറ്റുള്ള ജാതിയില്‍ പിറന്നവരെക്കാള്‍ ഉയര്‍ന്നവര്‍ ആണ് എന്ന പൊതുബോധം നിര്‍മ്മിക്കുകയായിരുന്നു അധികാരം കയ്യടക്കാനായി അവര്‍ ചെയ്തത്. കാലാകാലം രാജാധികാരം ഏതെങ്കിലും കുടുംബത്തിന്റെ മാത്രം കുത്തകയായിരിക്കുകയും സവര്‍ണ്ണര്‍ മാത്രം ഉയര്‍ന്ന അധികാര സ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്തിരുന്നതിനാല്‍ ഈ പൊതുബോധം അടിച്ചേല്‍പ്പിക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല.  അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവര്‍ അടിച്ചമര്‍ത്തുകയുണ്ടായി. എന്നാല്‍ നാള്‍ക്കുനാള്‍ ആ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ ദുരാചാരങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു.  രാഷ്ട്രീയവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ കേരളത്തില്‍ ഇവ ഏതാണ്ട് ഇല്ലാതായി എന്നുതന്നെ പറയാം. സംവരണം പോലുള്ള നടപടികള്‍ സമൂഹത്തിന്റെ താഴെതട്ടിലെയ്ക്ക് വീണു പോയ ജനതയെ വീണ്ടും കൈപിടിച്ച് ഉയര്‍ത്തി.

 എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൃത്തികേടുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടു കുറച്ചു കാലമായി. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ പോലും ഇതു കണ്ടുതുടങ്ങി. ഇപ്പോള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധ മനോഭാവം ഇതിലെയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്.

ഒരു ജനസമൂഹത്തിന്റെ പൊതുബോധം അതിന്റെ ജനപ്രിയ കലാരൂപങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ നമ്മുടെ മുഖ്യധാരാ സിനിമകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒട്ടും ശുഭസൂചകങ്ങള്‍ അല്ല. ഭൂമിയിലെ രാജാക്കന്മാര്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ മലയാള സിനിമയിലും ഈ മാറ്റം ശക്തമായി കണ്ടുതുടങ്ങി. അറുപിന്തിരിപ്പനും പ്രതിലോപകരവുമായ ഈ രാഷ്ട്രീയ സാമൂഹ്യബോധത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് 'ഏഴാം അറിവ്' എന്ന ചിത്രം. പതിവില്‍ നിന്ന് വ്യത്യസ്തമായി തീവ്രവാദികള്‍ അല്ല ഈ ചിത്രത്തില്‍ പ്രതിനായകരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതതീവ്രവാദികളും മതഗ്രന്ഥങ്ങളുടെ വളച്ചൊടിക്കലിലൂടെയാണല്ലോ ഉപജീവനം തേടുന്നത്; അതുകൊണ്ട് ഇതു സ്വാഭാവികമാണ്. മറിച്ച് ചൈനീസ്‌ സര്‍ക്കാരാണ് ഇതില്‍ വില്ലന്മാരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സൂക്ഷ്മവായനയില്‍ ഇടതുപക്ഷപ്രത്യയശാസ്ത്രത്തെ  പ്രതിനായകരായി അവതരിപ്പിക്കാനാണ് സംവിധായകന്റെ ഉത്സാഹം എന്ന് തിരിച്ചറിയാന്‍ കഴിയും. 'ഓപ്പറേഷന്‍ റെഡ്' എന്ന് പ്രതിനായകരുടെ പദ്ധതിക്ക് പേരിടുന്നതിലെ മനശാസ്ത്രവും വ്യതസ്തമല്ല. സമീപകാലത്ത് ഉയര്‍ന്നുവന്ന രാജവാഴ്ചയെപ്പറ്റിയുള്ള ചര്‍ച്ച ശ്രദ്ധിച്ചവര്‍ക്ക് ഓരോ പക്ഷവും എവിടെയാണ് നില്‍ക്കുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. അന്ധവിശ്വാസങ്ങള്‍ക്കും ആയിത്താചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും ഈ കഥയിലെ വില്ലന്‍ സ്ഥാനത്തിന് അവരെ സര്‍വ്വഥാ യോഗ്യരാക്കുന്നുണ്ട്.

ഐസക്ക് അസിമോവിലൂടെയും കാല്‍ സാഗനിലൂടെയും ശക്തി പ്രാപിച്ച സയന്‍സ് ഫിക്ഷന്‍ ശാസ്ത്ര വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വരെ ഈ സാഹിത്യ ശാഖ കാരണമായിട്ടുണ്ട്. അതിശോക്തിയുടെയും അസംഭവ്യതയുടെയും അയ്യരുകളിയായിട്ടു കൂടി ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ മിക്കപ്പോഴും ആസ്വാദ്യകരമാകാറുണ്ട്. എന്നാല്‍ ചെയ്യുന്ന കള്ളത്തരതിനോട് പോലും മു.ദോ-യ്ക്ക് ഒരുപൊടി ആത്മാര്‍ഥത ഇല്ലാത്തതിനാല്‍ സിനിമ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു വീഴുന്ന ദയനീയമായ കാഴ്ച വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. അതു ഒരു കാവ്യനീതിയായി കാണാനാണ് എനിക്കിഷ്ടം. ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷം സിനിമ എന്താണ് പറയാന്‍ ശ്രമിച്ചത് എന്നതിനെപ്പറ്റി നായകനെക്കൊണ്ടു പ്രസംഗം നടത്തിക്കേണ്ടി വരുന്നത് സംവിധായകന്റെ പ്രതിഭാദാരിദ്ര്യം എത്രയെന്നു വ്യക്തമാക്കുന്നു.  


യാഥാസ്ഥിതികരായിരുന്ന ഒരു തമിഴ് കുടുംബം ആ മനോഭാവം ഉപേക്ഷിച്ചു യുക്തിയുടെയും അറിവിന്റെയും ജീവിതത്തിലേക്ക് കടന്നപ്പോള്‍ ആ കുടുംബത്തില്‍ നിന്നുണ്ടായത് ഒന്നല്ല രണ്ട് നോബല്‍ സമ്മാന ജേതാക്കളാണ്, സി.വി രാമനും സുബ്രഹ്മണ്യ ചന്ദ്രശേഖറും. ശാസ്ത്ര ഗവേഷണ രംഗത്ത് ഭാരതം വര്‍ഷങ്ങളായി പടിക്കുപുറത്ത് നില്‍ക്കുന്നതിനു പ്രധാന കാരണം നമ്മുടെ യാഥാസ്ഥിതിക മനോഭാവവും അന്ധവിശ്വാസങ്ങളും ആണ്. അവയെ കൂടുതല്‍  മുറുകെപ്പിടിക്കാനാണ് ഈ ചിത്രം നമ്മോടാവശ്യപ്പെടുന്നത്. ആള്‍ ദി ബെസ്റ്റ്!


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


ചിത്രങ്ങള്‍:  വിക്കിപ്പീഡിയ 


ബന്ധപ്പെട്ട പോസ്റ്റുകള്‍:
സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

അധികവായനയ്ക്ക്:

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

sillybeliefs

6 അഭിപ്രായങ്ങൾ:

 1. സിക്സ്ത് സെന്‍സും കഴിഞ്ഞുള്ള അറിവ് ആണ് ഏഴാം അറിവ് ,അതുള്ളവര്‍ക്ക് ഡി.എന്‍.എ കണ്ടുപിടിക്കാന്‍ മൈക്രോ സ്കോപ് ഒന്നും വേണ്ട വെറും കണ്ണ് മതി .തമിഴന്മാരോടാ കളി ..

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍3:23 PM, നവംബർ 19, 2011

  സുഹൃത്തേ... അതൊരു ചിത്രമല്ലേ... ഒരു സിനിമ... അതിന്‍ ഇത്രയും വള വള സംസാരിക്കനുണ്ടോ... ഇങ്ങനെയും പ്രാന്തമാരുണ്ടോ???

  മറുപടിഇല്ലാതാക്കൂ
 3. ഉണ്ടെന്നു ഇപ്പ മനസിലായല്ല്. ഇനി അപ്പി ചെല്ല്....

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....