ഞായറാഴ്‌ച, ജൂലൈ 24, 2011

ആദാമിന്റെ മകന്‍ അബു

Rating: 4.5/5
ടി.ഡി.ദാസന്‍ പോലെ നല്ല കുറെ സിനിമകള്‍ തീരെ ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഇടപെടല്‍ മൂലം ആ ദുരന്തത്തില്‍  നിന്ന് രക്ഷപെട്ട ഒരു സിനിമയാണ് 'ആദാമിന്റെ മകന്‍ അബു'. സാധാരണ ഗതിയില്‍ ഇന്നത്തെ അവസ്ഥ വെച്ച് തീയേറ്റര്‍ കിട്ടാനിടയില്ലാത്ത ഈ ചിത്രത്തെ അവാര്‍ഡ് നല്‍കിയ പ്രസിദ്ധി രക്ഷപെടുത്തുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പുതുമുഖ സംവിധായകനായ സലിം അഹമ്മദിന്റെ ഈ ചിത്രം ഇതു തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു. നാല് വീതം ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ നേടിയ മോശമല്ലാത്ത വിജയം മലയാള സിനിമാ പ്രേമികള്‍ക്ക് തികച്ചും സന്തോഷം നല്‍കുന്നതാണ്.


പത്മശ്രീ ലെഫ്. കേണല്‍ ഡോക്ടര്‍ മെഗാസ്റാര്‍ മോഹന്‍ലാലിനെപ്പറ്റി  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേള്‍ക്കുന്ന പരാതി, അദ്ദേഹത്തിന്റെ സിനിമകളില്‍ കഥാപാത്രമില്ല, പകരം മോഹന്‍ലാല്‍ മാത്രമേ ഉള്ളൂ എന്നാണ്. എന്നാല്‍ അതിനെ നേരെ വിപരീതമാണ് ഈ ചിത്രം. ഈ ചിത്രത്തില്‍ സലിം കുമാറോ, സെറീന വഹാബോ ഇല്ല; കലാഭവന്‍ മണിയും നെടുമുടിയും സുരാജും മുകേഷും ഇല്ല. അബുവും ഐഷുമ്മയും ജോണ്സനും മാഷും ഹൈദറും അഷ്റഫുമേ ഉള്ളൂ. ഇതു തീര്‍ച്ചയായും സംവിധായകന്റെ മികവാണ്. ആദ്യ ചിത്രമാണ് എന്ന് തോന്നിപ്പിക്കാത്ത കയ്യടക്കത്തോടെ ഇതു സാധ്യമാക്കിയ സലിമിന് അഭിനന്ദനങ്ങള്‍. സലിമിന്റെ നാട്ടില്‍ പണ്ട് ജീവിച്ചിരുന്ന ഒരു അത്തര്‍ കച്ചവടക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഹജ്ജ് മോഹവുമായി നടക്കുന്ന, അതിനായി തന്റെ ചെറിയ വരുമാനത്തില്‍ ഭൂരിഭാഗവും സമ്പാദ്യമാക്കുന്ന മകന്‍ ഉപേക്ഷിച്ചു പോയ ഒരു വൃദ്ധന്‍.  സലിം വളരെകാലമായി മനസ്സില്‍ കൊണ്ട് നടന്നു പരുവപ്പെടുത്തി എടുത്തതാണ് ഈ കഥ. അതിന്റെ മെച്ചം ചിത്രത്തിലുടനീളം അനുഭവപ്പെടുന്നു.
സലിം കുമാര്‍ എന്ന നടന്റെ റേഞ്ച് എന്തെന്ന് കാട്ടിത്തരുന്നു ഒരു ചിത്രമാണ് ഇത്. നേരത്തെ പറഞ്ഞത് പോലെ നമുക്കെല്ലാം സുപരിചിതനായ സലിം കുമാറിനെ ചിത്രത്തില്‍ ഒരിടത്തും കാണാന്‍ കഴിയില്ല; പകരം അബു എന്ന അത്തര്‍ കച്ചവടക്കാരന്‍ മാത്രം. വേളിയിലാണ് എന്‍റെ ഉമ്മയുടെ വീട്. അവിടത്തെ ഇടവഴികളില്‍ ഞാന്‍ കണ്ടിട്ടുണ്ട് അബുമാരെ. സലിം കുമാറിന്റെ നിരീക്ഷണ പാടവവും അതു വേണ്ടിടത്ത് ഉപയോഗിക്കാനുള്ള പ്രാപ്തിയും വിസ്മയിപ്പിക്കുന്നതാണ്. അച്ഛനുറങ്ങാത്ത വീടിനു ശേഷം അദ്ദേഹം ചെയ്ത ഏറ്റവും നല്ല കഥാപാത്രം എന്ന് നിസംശയം പറയാം. ചിത്രത്തിന് അദ്ദേഹം പ്രതിഫലം വാങ്ങിയില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ 'ലാഫിംഗ് വില്ല' ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കുകയും ചെയ്തു. നല്ല സിനിമകളോട് സലിം കുമാര്‍ കാണിക്കുന്ന അഭിനിവേശം എല്ലാ മുന്‍നിര നടന്മാര്‍ക്കും മാതൃകയാക്കാവുന്നതാണ്. പിന്നെ എടുത്തു പറയേണ്ടത് വെഞ്ഞാറമൂട് സുരാജിന്റെ അഭിനയമാണ്. സുരാജ് ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല കഥാപാത്രമാണ് ഈ ചിത്രത്തില്‍ ഹൈദര്‍. എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയായിത്തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. മധു അംബാട്ടിന്റെ ക്യാമറയും രമേശ്‌ നാരായണന്റെ സംഗീതവും എടുത്തു പറയേണ്ട സവിശേഷതകള്‍ ആണ്.

ഇപ്പോഴത്തെ സാധാരണ മലയാള സിനിമകളുടെ സ്ഥിരം ഫോര്‍മുലകള്‍ ഒന്നും തന്നെ പ്രയോഗിക്കാതെ, തന്റെ രീതിയില്‍ ഉറച്ചു നില്‍ക്കാനുള്ള ധൈര്യം അദ്ദേഹം കാട്ടിയിരിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യരെല്ലാം നല്ലവരാണ് എന്ന ഒരു സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്.'വില്ലന്‍' എന്നൊരു ആശയം തന്നെ ചിത്രത്തില്‍ ഇല്ല. മനുഷ്യരുടെ മനസിലെ നന്മയെ പല രീതിയില്‍ തുറന്നു കാട്ടുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍. ഗോപകുമാര്‍  അവതരിപ്പിച്ച സുലൈമാന്‍ പോലും തുടക്കത്തില്‍ നെഗറ്റീവ് ആയി തോന്നിക്കുമെങ്കിലും ആത്യന്തികമായി മനുഷ്യരുടെ നന്മയുടെ പ്രതീകമാണ്. ചില പോരായ്മകള്‍ ഈ ചിത്രത്തിനുമുണ്ട്. എന്നാല്‍ സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്ന നന്മയുടെ വെളിച്ചം ഈ പോരായ്മകളിലെയ്ക്ക് പോകാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതുപോലെ ഒരു പുതിയ സംവിധായകന്റെ ഒന്നരക്കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഒരു കൊച്ചു ചിത്രം കരസ്ഥമാക്കിയ നേട്ടങ്ങളില്‍ നിന്ന്  നമ്മുടെ മുന്‍നിര സംവിധായകരും താരങ്ങളും ചിലതൊക്കെ പഠിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നിര്‍ത്തുന്നു.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

Related Posts:

കണ്ണീരിന്റെ 'സാള്‍ട്ടും' അവിയലിന്റെ 'പെപ്പറും' 

പ്രേക്ഷകര്‍ അറിയുന്നതിന്... 

മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ...... 

 

 

 


ശനിയാഴ്‌ച, ജൂലൈ 23, 2011

കണ്ണീരിന്റെ 'സാള്‍ട്ടും' അവിയലിന്റെ 'പെപ്പറും'

Rating: 4/5
കണ്ണീരിന്റെ ചെറിയ ഉപ്പുരസവും അവിയല്‍ വക ഒരു ഉഗ്രന്‍ പാട്ടിന്റെ എരിവുമായാണ് തീയേറ്റര്‍ വിട്ടത്. മനസ് നിറഞ്ഞു, വയറും. ഇതു തന്നെയാണ് ഞങ്ങ കാത്തിരുന്ന സിനിമ; ആഷിക്ക് അബുവിന്റെ 'സാള്‍ട്ട് ആന്‍ഡ്‌ പേപ്പര്‍, ഒരു ദോശയുണ്ടാക്കിയ കഥ'. ഒരു ഭയങ്കര സിനിമയൊന്നുമല്ല. അങ്ങനെ പറയത്തക്ക കഥയുമില്ല, വലിയ സൂപ്പര്‍ താരങ്ങളുമില്ല. സംവിധായകന്‍ തന്നെയാണ് താരം എന്ന് തെളിയിച്ച സിനിമ. തിരുവനന്തപുരം സിറ്റിയിലാണ് സിനിമ ഏതാണ്ട് മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ ഉടനീളമുള്ള ഭക്ഷണവിശേഷങ്ങളും. എന്നെപ്പോലെ ഒരു പാവം തിര്വന്തോരം പയലിനു ഇതില്‍ കൂടുതല്‍ എന്തരു വേണം, അല്ലേ...

 
ഭക്ഷണപ്രിയനായ കാളിദാസന്‍ (ലാല്‍) എന്ന കഥാപാത്രം, അദ്ദേഹത്തിന്റെ അനന്തിരവന്‍ മനു(ആസിഫ് അലി), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മായ(ശ്വേത മേനോന്‍), പിന്നെ മീനാക്ഷി (മൈഥിലി), കാളിദാസന്റെ കുക്ക് ബാബു(ബാബുരാജ്) എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. വിജയരാഘവന്‍ അവതരിപ്പിക്കുന്ന ബാലകൃഷ്ണന്‍ എന്ന ശാസ്ത്രജ്ഞനും കേളുമൂപ്പന്‍ അവതിര്‍പ്പിച്ച  മൂപ്പനും ആണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ഉളനീടം നര്‍മ്മത്തില്‍ ചാലിച്ച് കഥപറയുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിരിക്കുന്നു. പ്രാഞ്ചിയേട്ടന് ശേഷം ചിരിയും ചിന്തയുമുള്ള നര്‍മ്മം എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ ഏറെ പ്രസിദ്ധമായിക്കഴിഞ്ഞ ടൈറ്റില്‍ സോംഗും അവസാനത്തെ അവിയല്‍ വക 'ആനക്കള്ളനും' ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കേരളക്കരയുടെ ഏതാണ്ട് എല്ലാ ഭക്ഷണശീലങ്ങളെയും പ്രധാന ഹോട്ടലുകളെയും ഈ പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിര്വന്തോരത്ത് നിന്ന് പ്രശസ്തമായ ബുഹാരി ഹോട്ടല്‍ ആണ് ഇതില്‍ ഇടം പിടിച്ചത്. ചിത്രത്തിന്റെ തുടക്കത്തില്‍ കുട്ടികാളിദാസന്‍ ക്ലാസില്‍ വെച്ച് പഴുത്ത പുളി, തോട് പൊട്ടിച്ചു തിന്നുന്നത് വായില്‍ വെള്ളവും മനസ്സില്‍ കുട്ടിക്കാലത്തെ കുറെ കിളിമാനൂര്‍ ഓര്‍മ്മകളും നിറച്ചു. നന്ദി ആഷിക് അബു നന്ദി....കല്യാണപ്രായമോക്കെ കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന കാളിദാസന്റെയും മായയുടെയും പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൂടുതല്‍ പറഞ്ഞു രസം കളയുന്നില്ല. പടം കാണൂ, തീയേറ്ററില്‍ പോയിതന്നെ. ലാലും ശ്വേത മേനോനും പതിവ് പോലെ തകര്‍ത്തിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ലാല്‍ എന്ന് നിസംശയം പറയാം. ശ്വേതയുടെ കാര്യവും വ്യത്യസ്തം അല്ല. കൂട്ടത്തില്‍ മീനാക്ഷിയെ അവതിരിപ്പിച്ച മൈഥിലി മാത്രമേ മോശം എന്ന് പറയാനുള്ളൂ. ഗുണ്ടയുടെ റോളില്‍ സ്ഥിരം എത്തുന്ന ബാബുരാജിന് ഒരു ബ്രേക്ക്‌ ത്രൂ തന്നെയാണ് ഈ ചിത്രം. കുക്കിന്റെ കഥാപാത്രം ശരിക്കും അവിസ്മരണീയമാക്കുന്നു ബാബുരാജ്‌. മൂപ്പനും വിജയരാഘവനും എന്തിനു ചെറിയ റോളുകള്‍ അവതരിപ്പിച്ചവര്‍ പോലും നന്നായി ചെയ്തു. ഇതു ശരിക്കും സംവിധായകന്റെ മിടുക്ക് തന്നെയാണ്. ഭാവിയുടെ താരം ആകാനുള്ള എല്ലാ ശേഷിയും ആസിഫ് അലിക്കുണ്ട്. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ  നല്ല റോളുകള്‍ തെരഞ്ഞെടുത്തു അതു ഭംഗിയാക്കാന്‍ മിടുക്ക് കാട്ടുന്ന ആസിഫിന് ഒരു സ്പെഷ്യല്‍ ക്ലാപ്സ്.

സ്ത്രീകളുടെത്  എന്ന് സമൂഹം കല്‍പ്പിച്ചു നല്‍കുന്ന ജോലി ചെയ്യന്ന പുരുഷന്മാരില്‍ ഒരു തരം സ്ത്രൈണത ആരോപിക്കുന്നത് ഈ നല്ല സദ്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ കല്ലുകടിയായി. ഇതു രണ്ട് കഥാപാത്രങ്ങള്‍ക്ക് സംഭവിച്ചതിനാല്‍ തികച്ചും യാദൃശ്ചികത ആയി തള്ളിക്കളയാന്‍ കഴിയില്ല. ബാബുരാജ് ചെയ്ത കുക്കും കല്‍പ്പനയുടെ ബ്യൂട്ടി പാര്‍ലറില്‍ നില്‍ക്കുന്ന പയ്യനും ആണ് ഇതു സംഭവിച്ചത്. പണ്ട് ഡാന്‍സ് പഠിപ്പിക്കാന്‍ വരുന്ന അധ്യാപകരുടെ കഥാപാത്രങ്ങളില്‍ ആണ് ഇങ്ങനെ കണ്ടിരുന്നത്‌. എന്നാല്‍ അവരൊന്നും അങ്ങനെയല്ല എന്നാണ് എന്‍റെ അനുഭവം, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. ഇപ്പോള്‍ അതിനെ എക്സ്ട്രാ പൊളയിറ്റു ചെയ്തു ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും സ്ത്രീത്വം ആരോപിച്ചിരിക്കുന്നത് ശരിക്കും ദുഖകരമാണ്. പുരുഷന്മാര്‍ സ്ത്രീത്വം കാണിക്കുന്നത് ഒരു തെറ്റൊന്നുമല്ല. എന്നാല്‍ ഇതിനെ മാതൃകയാക്കി മലയാളത്തില്‍ വരാന്‍ പോകുന്ന അനേകം കഥാപാത്രങ്ങളാണ് എന്നെ പേടിപ്പിക്കുന്നത്‌. ഉദയ് കൃഷ്ണ-സിബി കെ തോമസ്‌ പോലുള്ള ഫോര്‍മുല വാദികളാണല്ലോ ഇപ്പൊ ഇവിടം ഫരിക്കുന്നത്.

'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍' ഒരു യാദൃശ്ചികത അല്ല. കോപ്പി ആണെങ്കിലും കൊക്ക്ടെയ്ല്‍ തുടങ്ങി വെച്ച ട്രാഫിക്കിലൂടെയും മാണിക്ക്യക്കല്ലിലൂടെയും പൂര്‍ണ്ണ ശക്തിയാര്‍ജ്ജിച്ച ഒരു നവ സിനിമാ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണിത്. വന്‍ബജറ്റില്‍ എടുത്ത പല മള്‍ട്ടിസ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍, അരസ്റ്റാര്‍ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീഴുമ്പോഴാണ് കുറഞ്ഞ ചെലവില്‍ എടുത്ത ഈ ചിത്രങ്ങള്‍ വിജയിക്കുന്നത്. ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക്‌ വേണ്ടത് ഒരു ലോജിക്കുമില്ലാത്ത സൂപ്പര്‍ സ്റാര്‍ കോപ്രായങ്ങളും 'ജനപ്രിയ' വളിപ്പുകളും അല്ല, ഇതു പോലുള്ള തിരക്കഥകളും പുതുമയുള്ള സമീപനവും ആണ്. ഒരിക്കലും വെള്ളിവെളിച്ചത്തില്‍ അങ്ങനെ വരാത്തവരാണ് തിരക്കഥാകൃത്തുക്കള്‍. അതിനാല്‍ ചിത്രത്തിന്റെ രചയിതാക്കളായ ശ്യാം പുഷ്കരനും ദിലീഷ് നായര്‍ക്കും പിന്നെ സംവിധായകന്‍ ആഷിക്ക് അബുവിനും നന്ദി. നല്ല ചിത്രം എന്തെന്ന് കാട്ടിത്തന്നതിന്. പലര്‍ക്കും കാട്ടിക്കൊടുത്തതിന്.
 
ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


കടപ്പാട്: വിക്കിപീഡിയ

ശനിയാഴ്‌ച, ജൂലൈ 16, 2011

പ്രവാസത്തിനു ഒരു അര്‍ദ്ധവിരാമം...

ഒടുവില്‍ പ്രവാസത്തിന്റെ ഏകാന്തതയ്ക്ക് ഒരു അര്‍ദ്ധവിരാമം.

വീണ്ടും സ്വന്തം മണ്ണിലേയ്ക്ക്, കിളിമാനൂരിലെയ്ക്ക്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന സന്തോഷത്തോടെ....

ഇരട്ടമുഖമുള്ള നഗരമേ, നിനക്ക് വിട.


 
ഇവിടെയുമെനിക്കൊരു വീടുണ്ട്. എന്‍റെ കുടുംബാംഗങ്ങള്‍.....


ഈ പ്രവാസത്തില്‍ താങ്ങും തണലുമായി നിന്ന എല്ലാവര്‍ക്കും മണവാളന്‍ ആന്‍ഡ്‌ സണ്‍സിന്റെ പേരിലും എന്‍റെ സ്വന്തം പേരിലും അതിയായ നന്ദി രേഖപ്പെടുത്തുന്നു.

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

തിങ്കളാഴ്‌ച, ജൂലൈ 04, 2011

ഷോര്‍ട്ട് ഫിലിം: "ഫ്രൈഡേ, സ്റ്റോറി ഓഫ് സിക്സ് ഫ്രണ്ട്സ്"

കോളേജിലെ എന്റെ ജൂനിയേഴ്സ്‌ ചെയ്ത  "ഫ്രൈഡേ, സ്റ്റോറി ഓഫ് സിക്സ് ഫ്രണ്ട്സ്" എന്ന ഷോര്‍ട്ട് ഫിലിം അഭിമാനപുരസ്സരം ഇവിടെ ഷെയര്‍ ചെയ്യുന്നു....

രചന, സംവിധാനം: ദേവന്‍


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍