കാർത്തിക് സുബ്ബരാജിന്റെ ഇതുവരെ ഉള്ളതിൽ മികച്ച ചിത്രങ്ങളിൽ ഒന്ന്, കാലങ്ങൾക്ക് ശേഷം വിക്രത്തിന്റെ ഒരു നല്ല ചിത്രം. ഇതൊക്കെയാണ് വ്യക്തിപരമായ അഭിപ്രായത്തിൽ 'മഹാൻ'.
മദ്യവിരുദ്ധ പ്രക്ഷോഭത്തിന്റെ നേതാവായ ഗാന്ധിനായ പിതാവ് വിക്രത്തിന്റെ കഥാപാത്രത്തിന് നൽകിയ പേര് 'ഗാന്ധി മഹാൻ'. ഈ പേരിന്റെയും, ആദർശത്തിന്റെയും, പാരമ്പര്യത്തിന്റെയും, അതേ പാരമ്പര്യത്തെ അടിച്ചേൽപ്പിക്കുന്ന കുടുംബത്തിന്റെയും ഭാരത്തിൽ ഞെരുങ്ങി കഴിയുന്ന ഗാന്ധി മഹാന് സ്വപ്നങ്ങൾ പണവും, അധികാരവും, സാമ്രാജ്യവും ഒക്കെയാണ്. ഇത് സ്വപ്നം കണ്ടുറങ്ങുന്ന ഗാന്ധിയെ മകൻ ദാദാബായി നവറോജി തന്റെ സാധാരണ ജീവിതത്തിലേക്ക് വിളിച്ചുണർത്തുന്നിടത്താണ് തുടക്കം. മകന്റെ അക്ഷരാർത്ഥത്തിൽ ഉള്ള ഈ വിളിച്ചുണർത്തൽ ഒടുവിലും ഉണ്ട്. അപ്പോൾ ഇതുവരെ കണ്ടത് മുഴുവൻ സ്വപ്നം ആയിരുന്നെന്നും, ചിത്രത്തിന്റെ തുടക്കത്തിൽ എന്നപോലെ മഹാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരും എന്നും നമ്മളും കൊതിച്ചുപോകും. പണത്തിനും അധികാരത്തിനുമായുള്ള പോരാട്ടങ്ങളും അക്രമങ്ങളും എത്ര വ്യർത്ഥമാണെന്നും, അത് നൽകുന്ന നഷ്ടങ്ങൾ എന്തെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഈ സീൻ തന്നെയാകണം സിനിമ മുന്നോട്ടുവെക്കുന്ന ആദർശം. ഒരർത്ഥത്തിൽ മകന്റെ തിരിച്ചുവരവ് തന്നെയാണല്ലോ സമ്പത്തിന്റെയും അധികാരത്തിന്റെയും ലഹരിയിൽ നിന്ന് ഗാന്ധിയെ ഉണർത്തുന്നത്.
മറ്റൊന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാതെ ആദർശങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അതേ ആദർശങ്ങൾക്ക് എങ്ങനെ ഘടകവിരുദ്ധമായി തീരുന്നു എന്ന കാഴ്ചയുമാണ്. ഗാന്ധിയൻ ആദർശങ്ങളെ മദ്യവിരുദ്ധതയിൽ മാത്രം ഒതുക്കുകയാണ് ഗാന്ധി മഹാന്റെ പിതാവും, ഭാര്യാ കുടുംബവും, മകനുമൊക്കെ. അതിന്റെ പാലനത്തിനായി ഗാന്ധിയൻ എന്നവകാശപ്പെടുന്നവർ രൂക്ഷമായ വയലൻസ് പോലും ഉപയോഗിക്കുന്നതിൽ ഇവർ ഒരു കുഴപ്പവും കാണാത്തത് ഇത്തരം നിലപാടിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ മാത്രം ഗാന്ധിയെ കണ്ണടയ്ക്ക് പിന്നിൽ ഒതുക്കി നിർത്തുന്നത് അത്ര നിഷ്കളങ്കമായ നിലപാടൊന്നുമല്ലല്ലോ. അധികാരത്തിനായും, അധികാരം ഉപയോഗിച്ചുമുള്ള വയലൻസിനെ ഒരു മാർട്ടിൻ സ്കോർഴ്‌സസി മാതൃകയിൽ ചിത്രം രൂക്ഷമായി വിമർശിക്കുന്നുണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്ത്, നിയമം നടപ്പാക്കേണ്ടവർ തന്നെ നടത്തുന്ന എൻകൗണ്ടർ കില്ലിങ്ങുകളുടെ (അ)നീതിയേയും ചിത്രം തുറന്നുകാട്ടുന്നു.
ആദ്യപകുതിയിൽ ഗാന്ധി ഡോൺ ആവുന്ന രംഗങ്ങളിൽ ചില പാളിച്ചകൾ ഒക്കെ ആരോപിക്കാമെങ്കിലും ഇക്കാലത്ത് കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് മഹാൻ.