(Spoiler Alert)
ഭൂതകാലത്തിലെ വീട് ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ (വിനു) തലയിൽ മെർജ് ചെയ്യുന്ന രീതിയിൽ ഒരു ഷോട്ടുണ്ട്. ആ വീടിനുള്ളിലെ 'ഭൂത'കാലം വിനുവിന്റെ മനസ്സിനുള്ളിൽ തന്നെയാകാം. അതുപാദിപ്പിക്കുന്ന ദുരൂഹതകളും, ഭയങ്ങളും വിനുവിന്റ മനസ്സിൽ ഉള്ളതാകാം, വിനുവിന്റെ മാനസിക ആരോഗ്യത്തിനുണ്ടായ താളപ്പിഴകളുടെ സൃഷ്ടിയുമാവാം.
പുറമെ നിന്ന് നോക്കുമ്പോൾ മികച്ച ഒരു സൈക്കോളജിക്കൽ ഹൊറർ genre ഫിലിം ആവുമ്പോൾ തന്നെ നിരവധി വായനകൾക്കുള്ള വിശാലമായ വഴികൾ തുറന്നിടുന്നു എന്നതാണ് 'ഭൂതകാല'ത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളുടെ, അത് സമൂഹത്തിൽ ഉത്പാദിപ്പിക്കുന്ന സ്റ്റിഗ്മയുടെ, ഒന്നു തുറന്നു പറഞ്ഞാൽ ഒരുപക്ഷെ വലിയ ആശ്വാസം ആകാനുള്ള സാധ്യത ഉണ്ടായിട്ടും അത് മനസ്സുതുറന്നു കേൾക്കാൻ ആരുമില്ലാത്തതിന്റെ ഒറ്റപ്പെടലിന്റെ ആവിഷ്കാരം കൂടിയാണിത്. വിനുവിനെ ഭയപ്പെടുത്തുന്ന കാഴ്ച്ചകൾ വിനുവിന്റേത് മാത്രമാണ്. അത് വിനുവിന് നൽകുന്ന പീഡകൾ അമ്മയിൽ നിന്നും, കാമുകിയിൽ നിന്നും, ചെറിയച്ഛനിൽ നിന്നും, കൗണ്സിലറിൽ നിന്നുപോലും വിനുവിലേക്കുള്ള വാതിലുകൾ കൊട്ടിയടക്കപ്പെടാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ. ക്ലിനിക്കലി ഡിപ്രസ്‌ഡ് ആയ അമ്മയുടെയും അവസ്ഥ ഇതുതന്നെ.
ഒടുവിൽ കൂട്ട ആത്മഹത്യയുടെ വക്കിൽ അമ്മയോട് മനസ്സുതുറന്നു സംസാരിക്കാൻ കഴിയുമ്പോൾ മാത്രമാണ് വിനുവിനെ ഭയപ്പെടുത്തുന്ന കാഴ്ച്ചകൾ അമ്മയും കാണുന്നത്. ഇതാണ് ആ 'ഭൂതകാല'ത്തിലെ പീഡകൾ വേട്ടയാടുന്ന മനസ്സാകുന്ന വീട്ടിൽ നിന്ന് പുറത്തേക്ക് കടക്കാൻ വിനുവിനെ സഹായിക്കുന്നത്. സ്റ്റിഗമകൾ മാറ്റിവെച്ച്, നല്ല കമ്മ്യൂണിക്കേഷനിലൂടെ മാനസിക അനാരോഗ്യത്തെ നേരിടേണ്ടത് എങ്ങനെ എന്ന് ഇത് കൃത്യമായി അടയാളപ്പെടുത്തുന്നു. മണിച്ചിത്രത്താഴ് പോലുള്ള സിനിമകൾ മാനസികാരോഗ്യത്തെപ്പറ്റി സമൂഹത്തിൽ ഏൽപ്പിച്ച കപട ശാസ്ത്രങ്ങൾ മറികടക്കാൻ നാമിനിയും എത്ര 'ഭൂതകാല'ങ്ങൾ താണ്ടേതുണ്ട്?
പി. എസ്.- ആ മുറിയിൽ എന്തുകണ്ട് ഭയന്നിട്ടാവണം ഒറ്റയ്ക്ക് ബാത്റൂമിൽ പോലും പോകാൻ കഴിയാത്ത ആ അമ്മൂമ്മ കഷ്ടപ്പെട്ട് നടന്ന് വിനുവിന്റെ മുറിയിൽ വന്നിരുന്നത് എന്നാലോചിക്കുമ്പോഴാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....