വെള്ളിയാഴ്‌ച, ഡിസംബർ 22, 2023

സലാർ




സലാർ ഇഷ്ടപ്പെട്ടു. KGF മോഡൽ ഹെലിക്കോപ്റ്റർ പപ്പടം ഉണക്ക് മാസ് ഒന്നും ഇല്ല, എന്നാൽ സ്റ്റോറി ടെല്ലിംഗ് വളരെ മെച്ചപ്പെട്ടതായി തോന്നി. KGF ന് പക്കാ കൊമേഴ്സ്യൽ മാസ്സ് പടം എന്ന നിലയിൽ എന്തൊക്കെ കുറവ് ഉണ്ടെങ്കിലും കഥ പറയാനുള്ള പ്രശാന്ത് നീലിൻ്റെ കഴിവ് അവിടവിടെ കാണാമായിരുന്നു. സലാറിൽ അത് നല്ല വ്യക്തം ആണ്. അവിശ്വസനീയമായ പ്ലോട്ടിനെ കുറേയൊക്കെ വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട്. KGF ൻ്റെ വിജയം പുള്ളിക്ക് കുറച്ചുകൂടി creative freedom കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട് ആവും KGF-ലുള്ള മാസ്സ് സീനുകൾ കുറേ ഒഴിവാക്കിയിട്ടുണ്ട്. KGF-ൽ നിന്ന് വ്യത്യസ്തമായി കഥാപാത്രങ്ങൾക്ക് കൃത്യമായ മോട്ടിവേഷൻസും നീൽ നൽകിയിട്ടുണ്ട്.

Star wars ആദ്യത്തെ പടം ഒക്കെ world building - നു ഉദാഹരണം ആണ്. നിരവധി കഥാപാത്രങ്ങൾ, എല്ലാവർക്കും proper ആയ ബാക്ക് സ്റ്റോറി കാണും, അതിനു പടത്തിൽ പല പ്രാവശ്യം reference വരും. മുൻപ് നടന്ന പ്രധാന സംഭവങ്ങളെ പറ്റിയും reference വരും. അതു പടത്തിൻ്റെ scale വലിയ രീതിയില് മാറ്റും. ഈ സംഭവങ്ങൾ പലതും യഥാർത്ഥത്തിൽ കാണിക്കുക sequal or prequel - ൽ ആയിരിക്കും.

ഇത് ചെറിയ ബജറ്റ് സിനിമകളിലും സാധ്യമാണ്. ഡോൺ പാലത്തറയുടെ 1945, മധ്യ തിരുവതാംകൂർ ഉദാഹരണം. അവിടെ നിരവധി പേര് പറയുന്ന കഥകളിലൂടെ ആണ് world building നടക്കുന്നത്. 

ഇത് നന്നായി ഉപയോഗിച്ചാൽ പ്രേക്ഷകരുടെ anticipation വർദ്ധിപ്പിക്കാം, അതുവഴി പടം കൂടുതൽ interesting ആക്കാം. സലാറിൽ ഇത് ഒരു പരിധി വരെ വിജയിച്ചു എന്നാണ് തോന്നിയത്. പൃഥ്വി കൊള്ളാം,  അദ്ദേഹത്തിൻ്റെ  കുറച്ച് rigid ആയ അഭിനയത്തിന് പറ്റിയ റോളിലാണ്. ഒറ്റ ഭാവം ഉള്ള പ്രഭാസിനെ വരെ നന്നായി അവതരിപ്പിച്ചു.

KGF പ്രതീക്ഷിച്ച് പോയവരുടെ നിരാശ ആണ് നെഗറ്റീവ് വരുന്നതിന് ഒരു കാരണം എന്ന് തോന്നുന്നു. പൂർണ്ണ തൃപ്തി കൊടുക്കാത്ത cliffhanger ക്ലൈമാക്സ് ആവും മറ്റൊരു കാരണം. കമേഴ്സ്യൽ പടങ്ങളിൽ നന്നായി എടുത്ത പടം ആയാണ് തോന്നിയത്. തെലുങ്ക് സിനിമയിലെ പതിവിന് വിപരീതമായി matured ആയ അപ്രോച്ച് ആയിരുന്നൂ പ്രശാന്ത് നീലിൻ്റേത്. തീയേറ്റർ experience മിസ്സ് ആക്കണ്ട എന്നാണ് അഭിപ്രായം.

അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, ഡിസംബർ 13, 2023

പലായന കാലത്തെ ലോകസിനിമ


മെച്ചപ്പെട്ട ജോലിക്കും, ജീവിതത്തിനുമായി കൃത്യമായ വിസ ലഭിക്കാതെ 'Donkey route' പോലുള്ള നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരുടെ കഥയാണ് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത തപസി പന്നു, ഷാരൂഖ് ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച Dunki പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ വലിയ തോതിൽ യുവതലമുറയെ നഷ്ടപ്പെട്ട ബ്രിട്ടൺ ഇന്ത്യയിൽ നിന്നും മറ്റുമുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുമൂലം പഞ്ചാബിൽ നിന്നും മറ്റും നിരവധി പേർ ബ്രിട്ടനിലേക്ക് കുടിയേറുകയും അവിടെ സ്ഥിര താമസം ആക്കുകയും ചെയ്തു. 

എന്നാൽ കാലക്രമത്തിൽ ബ്രിട്ടൺ ഇത് അവസാനിപ്പിച്ചു. എന്നാൽ അവിടേക്കു കുടിയേറാൻ ഉള്ള താത്പര്യം യുവതലമുറയ്ക്ക് ഇടയിൽ ശക്തമായി തുടർന്ന്. സമ്പന്നർക്ക് പെട്ടെന്ന് ലഭ്യമാകുമായിരുന്ന വിസ സാധാരണക്കാർക്ക് ലഭിക്കുക അത്ര എളുപ്പം അല്ലായിരുന്നു. ഇതാണ് ജീവൻ പണയം വെച്ചും നിയമ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ അവിടേക്കു പോകാൻ യുവതലമുറയെ പ്രേരിപ്പിച്ചത്. ഇങ്ങനെ പോയ പലർക്കും വഴിയിൽ ജീവൻ നഷ്ടമായി. അവിടെ എത്തിയ പലർക്കും ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല. ഈ കാലിക പ്രസക്തിയുള്ള കഥയാണ് ഡങ്കി പറയുന്നത്.


എന്നാൽ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കാൻ രാജ് കുമാർ ഹിരാനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. തൻ്റെ മുൻ ചിത്രങ്ങളെ പോലെ തമാശയിൽ പൊതിഞ്ഞ അവതരണം ആണ് ഇവിടേയും ഹിരാനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ താമശകൾ പലതും ഫലിക്കുന്നില്ല എന്ന് മാത്രമല്ല, വിഷയത്തിൻ്റെ ഗൗരവത്തെ ഇത് പലപ്പോഴും ചോർത്തിക്കളയുകയും ചെയ്യുന്നു. എങ്കിലും മുഖ്യധാരാ കച്ചവട സിനിമയിൽ ഇത്തരം ഒരു ശ്രമം നടത്തിയതിന് ഹിരാനിയും, നിർമ്മാതാവ് കൂടിയായ ഷാരൂഖ് ഖാനും അഭിനന്ദനം അർഹിക്കുന്നു. 

തൊഴിലാളി വർഗ്ഗം നേരിടുന്ന പ്രശ്നങ്ങൾ ആസ്പദമാക്കി സിനിമകൾ എടുക്കുന്ന പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ കെൻ ലോച്ചിൻ്റെ പുതിയ സിനിമയായ 'ദി ഓൾഡ് ഓക്ക്' ഉൾപ്പടെ നിരവധി സിനിമകൾ കുടിയേറ്റക്കാർ നേരിടുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നു. കുടിയേറ്റക്കാരായ തൊഴിലാളികളും തദ്ദേശീയരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളേയും തെറ്റിദ്ധാരണകളേയും പരിഹരിക്കാനുള്ള ശ്രമങ്ങളെ ദി ഓൾഡ് ഓക്ക് എന്ന പബ്ബിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് ഇത്. പലായനങ്ങളുടെ ഈ കാലത്ത് ആ വിഷയത്തെ ആധാരമാക്കി എടുത്ത ചില ലോക സിനിമകളെ പരിചയപ്പെടുത്തുന്നു.

മെഡിറ്ററേനിയൻ ഫീവർ



ഇസ്രായേലിലെ ഹൈഫയിൽ ജീവിക്കുന്ന പാലസ്തീൻകാരനായ വാലിദ്. ഒരു നോവൽ എഴുതാനായി ജോലി ഉപേക്ഷിച്ച് വീട്ടിലെ ജോലികളുമായി ഇരിക്കുന്ന വാലിദ് വിഷാദ രോഗത്തിന് അടിമയാണ്. പാലസ്തീന് മേൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ തുടർച്ചയായി ടി വിയിൽ കണ്ട് ദിവസങ്ങൾ മുന്നോട്ട് നീക്കുന്ന വാലിദിന് ഒരു വരി പോലും എഴുതാൻ കഴിയുന്നില്ല. വിഷാദ രോഗത്തിൻ്റെ മൂർച്ചയിൽ ധൈര്യം വരാത്തതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്യാത്ത വാലിദ് ക്രിമിനൽ ബന്ധമുള്ള തൻ്റെ പുതിയ അയൽക്കാരനുമായി സൗഹൃദത്തിൽ ആവുകയും, തന്നെ വധിക്കാൻ ആ അയൽക്കാരന് quotation നൽകുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

കഴിഞ്ഞ വർഷം IFFI-ല് കണ്ട സിനിമയെപ്പറ്റി എഴുതാനുള്ള കാരണം ഒരു സീൻ ആണ്. ഉദ്യോഗസ്ഥർ ഒരു ഫോം ഫിൽ ചെയ്യാനായി വാലിദിൻ്റെ അടുത്ത് വരുമ്പോൾ അതിൽ വംശം മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ മുതലായ കോളങ്ങൾ മാത്രം ഉള്ളതിൻ്റെ പേരിൽ വാലിദ് അവരുമായി തർക്കിക്കുകയും താൻ പാലസ്തീനിയൻ വംശജൻ ആണെന്നും, അങ്ങനെ മാത്രമേ താൻ ഫോം പൂരിപ്പിക്കൂ എന്ന് വാലിദ് വാശി പിടിക്കുകയും ചെയ്യുന്നു.

പാലസ്തീൻ പ്രശ്നം ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം പ്രശ്നമല്ല, അതു രാഷ്ട്രീയ പ്രശ്നമാണ്. പാലസ്തീനികളുടെ എറ്റവും പ്രധാന സ്വത്വം താൻ പാലസ്തീനി ആണ് എന്നുള്ളതാണ്, മതസ്വത്വം അവർക്ക് രണ്ടാമത് മാത്രമേ വരുന്നുള്ളൂ. കാരണം ഒരു മതത്തിൻ്റെ സ്വത്വത്തിനുള്ളിൽ തളച്ചിടാവുന്നതല്ല അവരുടെ പ്രശ്നം, വേറേ ഒരു നാട്ടിലെയും സമാനമതക്കാർ അനുഭവിക്കുന്നതിനു സമാനമല്ല അവർ നേരിടുന്ന പ്രതിസന്ധി. അത് ഒരു മതത്തിൻ്റേയും കോളങ്ങളിൽ മാത്രം ഒതുക്കാവുന്നതല്ല. സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു, പാലായനം ചെയ്യേണ്ടി വരുന്ന, മരണത്തിലേക്ക് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുമായി ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിൽ ജീവിക്കുന്ന പാലസ്തീൻ ജനത നേരിടുന്ന പ്രതിസന്ധി തന്നെയാണ് അവരുടെ ഐഡൻ്റിറ്റി. അതു വേറേ ഏതൊരു ജനത നേരിടുന്ന പ്രതിസന്ധിയേക്കാൾ ക്രൂരവുമാണ്.


Endless Borders



ഇറാനിയൻ ഭരണകൂടം ജയിലിലടച്ച അധ്യാപികയുടെ ഭർത്താവായ, അതേ കേസിൽ ഇറാൻ- അഫ്ഗാൻ അതിർത്തിയിലെ ഒരു ബലോച് ഗ്രാമത്തിലേക്ക് നാടുകടത്തപ്പെട്ട അഹമ്മെദ് അവിടത്തെ ഒരു ഏകാധ്യാപക സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു. ഭാ ര്യക്കൊപ്പം ശക്തമായി നിന്നില്ല എന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്ന അഹമ്മെദ് ഭാര്യയെ ജാമ്യത്തിൽ ഇറക്കി ഇറാൻ വിടാൻ തയ്യാറെടുക്കുന്നു. താലിബാനിൽ നിന്ന് രക്ഷപെടാൻ അവിടേക്കു എത്തുന്ന ചിലർക്ക് സ്കൂളിലും അടുത്തുള്ള വീടുകളിലും ആയി അതിർത്തി സംരക്ഷണ സേനയെ ഭയന്ന് നൽകുന്ന അഭയം. അതിൽ ഒരു വൃദ്ധൻ്റെ യുവത്വത്തിലേക്ക് കാലെടുത്തു വെക്കുന്ന പുതിയ ഭാര്യയുമായി അഭയം നൽകിയ വീട്ടിലെ യുവാവായ, അഹമ്മദിൻ്റെ ശിഷ്യനുമായുള്ള വിലക്കപ്പെട്ട പ്രണയം. യാഥാസ്ഥിക സമൂഹവും, അവസാനിക്കാത്ത അതിർത്തിക്ക് ഇരുവശത്തും അധികാരത്തിലുള്ള മതഭരണകൂടങ്ങളും പാലായനത്തിന് പ്രേരിപ്പിക്കുന്ന, മനുഷ്യൻ്റെ അടിസ്ഥാന വാജ്ഞകൾക്ക് എതിരായ പാലായനം എന്ന യാഥാർത്ഥ്യത്തോട് നിരന്തരം സംഘർഷത്തിൽ ഏർപ്പെടുന്ന കുറേ മനുഷ്യരെപ്പറ്റിയുള്ള മനോഹരമായ സിനിമ. 2023- ലെ IFFI- യിലെ മികച്ച സിനിമയ്ക്കുള്ള ഗോൾഡൺ പീകോക്ക് വിജയി.


 A house in Jerusalem



ഒരു കാർ അപകടത്തിൽ അമ്മ മരിച്ചതിൻ്റെ ട്രോമയുമായി കഴിയുന്ന മകളുമായി ബ്രിട്ടനിൽ നിന്ന് മൈക്കേൽ ജറുസലേമിലെ കുടുംബ വീട്ടിലേക്ക് താമസം മാറി എത്തുന്നതാണ് ചിത്രത്തിൻറെ കഥാപരിസരം. ഇസ്രായേൽ അധിനിവേശ ഭൂമികളിൽ എവിടേയും പോലെ 1948-ൽ ഒരു പാലസ്തീൻ കുടുംബത്തെ ആട്ടിയോടിച്ച ശേഷം ഇസ്രയേൽ ഭരണകൂടം കയ്യടക്കിയ ആ വീട് അവരിൽ നിന്ന് മൈക്കേലിൻ്റെ പിതാവ് വാങ്ങിയതാണ്. അവിടെ വലിയ ഒറ്റപ്പെടലും, അമ്മ നഷ്ടമായതിൻ്റെ മാനസിക പ്രയാസങ്ങളും അനുഭവിക്കുന്ന മൈക്കേലിൻ്റെ മകൾ റെബേക്ക അവിടെ ഒരു പെൺകുട്ടിയുടെ സാന്നിദ്ധ്യം അറിയുന്നു. 

റെബേക്കയ്ക്ക് മാത്രം കാണാൻ കഴിയുന്ന ആ പെൺകുട്ടി ആ വീട്ടിൽ നിന്ന് പതിറ്റാണ്ടുകൾക്കു മുൻപ് പുറത്താക്കപ്പെട്ടു പാലായനം ചെയ്യേണ്ടി വന്ന പാലസ്തീൻ കുടുംബത്തിലെ അംഗമായ റാഷ ആണ് എന്ന് റെബേക്ക മനസ്സിലാക്കുന്നു. തുടർന്ന് റാഷയുടെ കുടുംബത്തെ തേടി റെബേക്ക പോകുന്നതും തുടർന്നുള്ള സംഭവങ്ങളും വഴി സിനിമയുടെ കഥാഗതി വികസിക്കുന്നു. 

നൂറുകണക്കിന് വർഷങ്ങളായി, നിരവധി തലമുറകൾ താമസിച്ചിരുന്ന വീടുകളിൽ നിന്നാണ് ലക്ഷക്കണക്കിന് പാലസ്തീൻ കുടുംബങ്ങൾ ഇസ്രായേൽ അധിനിവേശത്തിൽ പുറത്താക്കപ്പെട്ടത്, അതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ദൈവം വാഗ്ദാനം ചെയ്ത ഭൂമിയാണ് എന്ന ജൂതരുടെ വിശ്വാസത്തിൻ്റെ പേരിൽ. പ്രവാസത്തിലും, അഭയാർത്ഥി ക്യാമ്പുകളിലുമായി ജീവിതം കഴിച്ചു കൂട്ടുന്ന ഈ പാലസ്തീൻ കുടുംബങ്ങൾ ഇപ്പോഴും തങ്ങളുടെ യഥാർത്ഥ വീടുകളുടെ താക്കോലുകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, പുറത്താക്കപ്പെട്ട തങ്ങളുടെ ഭൂമിയുടെയും വീടിൻ്റെയും അടയാളമായി. ഈ വീടുകളിലും അതിക്രമിച്ചു കയറിയ സ്ഥലങ്ങളിലും താമസിക്കുന്ന ഇസ്രായേൽ കുടുംബങ്ങളുടെ വരും തലമുറകളും ചോരയുടെയും കണ്ണീരിൻ്റെയും ചരിത്രമുള്ള ഈ പാപ ഭാരം പേറേണ്ടി വരുന്നു.

സമകാലിക ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഈ അധിനിവേശത്തെ രണ്ടു കുഞ്ഞുങ്ങളുടെ കണ്ണിലൂടെ ഇന്ന് ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനവ മൂല്യങ്ങളുടെയും, സാഹോദര്യത്തിൻ്റേയും, നീതിയുടേയും നിറവിൽ  വരച്ചുകാട്ടുന്ന മനോഹരമായ സിനിമയാണ് 'A house in Jerusalem'.

ചിത്രം - സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ അലസ്റ്റിയർ ക്ലാർക്ക്


യൂറോപ്പ



സിനിമയുടെ രാഷ്ട്രീയമാണോ, കലാപരമായ സൗന്ദര്യം ആണോ പ്രധാനം എന്ന ചർച്ചകളിൽ പല അഭിപ്രായങ്ങളും ഉയരാറുണ്ട്. കലാപരവും, ദൃശ്യ പരവുമായ സൗന്ദര്യത്തേക്കാൾ ഉപരിയായി പാലായനത്തിൻ്റെ രാഷ്ട്രീയം സംസാരിച്ച സിനിമയാണ് യൂറോപ്പ. പാശ്ചാത്യ രാജ്യങ്ങളുടെ താത്പര്യ പ്രകാരമുള്ള അധിനിവേശങ്ങളും, ബോംബിങ്ങുകളും പല മൂന്നാം ലോക രാജ്യങ്ങളിലേയും ജീവിതം നരകതുല്യമാക്കിയതാണ് അവിടെ നിന്നുള്ള കുടിയേറ്റങ്ങളുടെ പ്രധാന കാരണം. അങ്ങനെ അധിനിവേശാനന്തര ഇറാഖിൽ നിന്ന് ജീവൻ പണയം വെച്ചും യൂറോപ്പിലേക്ക് തുർക്കി- ബൾഗേറിയ അതിർത്തി വഴി കുടിയേറാൻ ശ്രമിക്കുന്നവർ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയാണ് സിനിമ. ഇവരെ ബോംബുകൾ വർഷിച്ച് പാലായനത്തിനു പ്രേരിപ്പിച്ചവർ തന്നെ അടച്ച അതിർത്തികളും, മുള്ളുവേലികളും, കുടിയേറ്റ വിരുദ്ധ തീവ്ര വലതു ദേശീയതയാൽ ഉത്തേജിപ്പിക്കപ്പെട്ട കുടിയേറ്റ വേട്ടക്കാരായ അനൗദ്യോഗിക അതിർത്തി കാവൽക്കാരുമായി അവരെ നേരിടുന്നു. 

ബൾഗേറിയൻ കാടുകളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ കാടിൻ്റെ ദൃശ്യ ഭംഗിക്ക് കീഴ്പ്പെടാത്ത ക്യാമറ ക്ലോസപ്പ് ഷോട്ടുകളിലൂടെ പലായനം ചെയ്യുന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ഭാവങ്ങളെ പകർത്താനാണ് ശ്രമിച്ചിരിക്കുന്നത്. ഇത് സംവിധായകൻ പ്രാധാന്യം നൽകാൻ ശ്രമിച്ചിരിക്കുന്നത് എന്തിനെന്നും വ്യക്തമാക്കുന്നു. ടീനേജിലേക്ക് കാലെടുത്തു വെക്കുന്ന യുവത്വം പോലും കുടിയേറുന്നവർക്ക് എതിരായ വിദ്വേഷ പ്രചരണങ്ങളിൽ കുടുങ്ങി നിസ്സഹായരായ കുടിയേറ്റക്കാരെ വേട്ടയാടാൻ ഇറങ്ങുന്നതിലെ ദുരന്തവും ചിത്രം മുന്നോട്ട് വെക്കുന്നു.

Me Captain



കഴിഞ്ഞ വർഷത്തെ ലോകസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇറ്റാലിയൻ സംവിധായകനായ മറ്റിയോ ഗരോണിൻ്റെ 'Me Captain'. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച ഈ ചിത്രം മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

സെനഗലിൽ നിന്ന് യൂറോപ്പിലേക്ക് സംഗീത രംഗത്ത് അവസരങ്ങളും, നല്ലൊരു ജീവിതവും സ്വപ്നം കണ്ട് കസിൻസ് ആയ സെയ്ദോയും, മൂസയും നടത്തുന്ന യാത്രയും, അതിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. സാമ്രാജ്യത്വത്തിൻ്റെ ലാഭക്കൊതിയിൽ പ്രകൃതി, മനുഷ്യ വിഭവങ്ങൾ പാശ്ചാത്യ രാജ്യങ്ങളാൽ ചൂഷണം ചെയ്യപ്പെട്ട് ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്ക് തളളിവിടപ്പെടുന്ന ആഫ്രിക്കൻ ജനത ജീവൻ പണയം വെച്ചും ആ പാശ്ചാത്യ രാജ്യങ്ങളിലേക്ക് തന്നെ ചെയ്യേണ്ടി വരുന്ന ദുരിത യാത്ര ചിത്രത്തിൽ വരച്ചു കാട്ടുന്നു. വ്യാജ ഏജൻ്റുമാരാൽ ചതിക്കപ്പെട്ട് മരുഭൂമിക്ക് നടുവിൽ പെട്ടുപോവുകയും, പോലീസും മാഫിയയും ഉൾപ്പടെ നിരവധി ഔദ്യോഗിക - അനൗദ്യോഗിക അധികാര സ്ഥാപനങ്ങളാൽ ചൂഷണം ചെയ്യപ്പെടുകയും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുകയും ചെയ്യുന്ന പ്രധാന കഥാപാത്രങ്ങൾ കുടിയേറ്റക്കാർ ദിനം പ്രതി നേരിടേണ്ടി വരുന്ന ജീവിതാവസ്ഥകളുടെ പ്രതിനിധികളും കൂടിയാണ്. ഒടുവിൽ നിരവധി യാത്രക്കാരെ വഹിച്ച് ഇറ്റലിയിലേക്ക് പോകുന്ന ഒരു ബോട്ടിൻ്റെ കപ്പിത്താൻ സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്ന സെയ്ദോ മുറിഞ്ഞ ഇംഗ്ലീഷിൽ തൻ്റെ ക്യാപ്റ്റൻ സ്ഥാനത്തിൻ്റെ ഉത്തരവാദിത്വം ഉൾക്കൊണ്ട് പറയുന്ന വാചകം തന്നെ സിനിമയുടെ പേരാകുമ്പോൾ അത് മുന്നോട്ട് വെക്കുന്ന ആശയത്തിനും രാഷ്ട്രീയത്തിനും നിരവധി അർത്ഥതലങ്ങളുണ്ട്. ഇപ്പൊൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുന്ന എപിക്ക് സ്കെയിലിൽ ഉള്ള ഈ ചിത്രം ഉടനെ സ്ട്രീമിംഗിൽ ലഭ്യമാവും എന്ന് കരുതപ്പെടുന്നു.

The Swimmers



സിറിയൻ യുദ്ധത്തിൽ നിന്ന് രക്ഷ നേടാനായി പലായനം ചെയ്യുമ്പോൾ തുർക്കിയിൽ നിന്ന് ഗ്രീസ് വഴി ജർമ്മനിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരുകടൽ തന്നെ നീന്തിക്കടക്കേണ്ടി വരുകയും, അതിലൂടെ ബോട്ടിൽ ഉണ്ടായിരുന്ന 18 അഭയാർത്ഥികളുടെ ജീവൻ രക്ഷിക്കുകയും, ഒടുവിൽ അഭയാർത്ഥികളുടെ ടീമിൻ്റെ പതാകയേന്തി ഒളിമ്പിക്സിൽ മത്സരിക്കുകയും, അഭയാർത്ഥികളുടെ അവകാശങ്ങൾക്കായി ജീവിതം മാറ്റിവെക്കുകയും ചെയ്ത മർദിനി സഹോദരിമാരുടെ ജീവിതം പറയുന്ന സിനിമയാണ് 'The Swimmers'. ചിത്രം Netflix-ൽ സ്ട്രീം ചെയ്യുന്നു.

ചൊവ്വാഴ്ച, ഡിസംബർ 05, 2023

IFFI Goa 2023-ൽ കണ്ട സിനിമകൾ





അനൂപ്‌ കിളിമാനൂര്‍

Recommendations for IFFK 2023


World Cinema

Me Captain
Family Album
The settlers 
Endless Borders
Anatomy of a Fall
Hanging Gardens
Upon Open Sky
Omen
How to Have Sex
Cobweb
When the Seedlings Grow
Drift

International competition 
Family
TOTEM

Malayalam Cinema today 
Aattam 
കാതൽ The Core
Daayam
B 32 TO 44
0.BABY

Spirit of Cinema
Rafiki
From a Whisper

Masterminds
Asteroid City
About Dry Grasses
The Old Oak
Monster
A Brighter Tomorrow

Midnight screening
The Exorcist
Tiger stripes

Kaleidoscope
Kennedy

Indian Cinema now
Joseph's son
Which Colour?

Films in Country Focus-Cuba, Mrinal Sen retrospective, Retrospective of Krzysztof Zanussi, The Female Gaze


അനൂപ്‌ കിളിമാനൂര്‍

തിങ്കളാഴ്‌ച, ഒക്‌ടോബർ 23, 2023

Leo



Too much time was spent on Vijay's present, which is not necessarily a bad thing. That's the one of the reason first half felt better. Especially the introduction with Hyena which represented a man flighting to tame violence with empathy.

But there were too many villain characters and not enough character development or screen space was given to them. This made the main villain characters half-cooked and their motive was not very convincing, either in flash back or in present. This resulted in a disappointing third act for most. Seems Lokesh was conflicted with the idea of a man who is trying to move on from the violent past and Vijay's stardom as an action hero, which demanded a celebration of violence. Nature of Vijay's stardom didn't afford him the space to create a convincing story line like in Kaithi and Vikram. In Vikram, Kamal Hassan of present hardly appears in the first half, which created the anticipation. This allowed Lokesh to unleash Kamal in the third act. Even in Lucifer Mohan Lal's screen space was much less in the beginning which allowed the plot to develop and Mohan Lal created hawock in the third act. While in Leo, the Villains appears only near the intervel and Vijay's action scenes are one too many very early in the film. That didn't allow the plot to develop into a good third act and created disappointing finale to the audience.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 25, 2023

ഫുട്ബോൾ ട്രാൻസ്ഫർ സീസണിലെ സൗദി പണക്കിലുക്കം



ക്ലബ് ഫു്ബോളിലെ ഫുട്ബോൾ താരങ്ങളെ കൈമാറുന്ന പ്രധാന ട്രാൻസ്ഫർ സീസൺ ആയ Summer Transfer Window ഈ മാസം അവസാനത്തോടെ മിക്ക രാജ്യങ്ങളിലും അവസാനിക്കും. പതിവുപോലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകൾ കളിക്കാർക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കുകയും മറ്റ് പ്രധാന യൂറോപ്യൻ ലീഗുകൾ പ്രധാനപ്പെട്ട കളിക്കാരെ നേടുകയും ചെയ്തപ്പോൾ സൗദി പ്രോ ലീഗ് ഏവരെയും ഞെട്ടിച്ചു കൊണ്ട് രംഗപ്രവേശം ചെയ്യുകയും ട്രാൻസ്ഫർ വിപണി ആകെ ഇളക്കി മറിക്കുകയും ചെയ്തു.

യൂറോപ്പിലെ പ്രമുഖ ലീഗുകൾ അവസാനിച്ച ശേഷം ട്രാൻസ്ഫർ സീസൺ ആരംഭിച്ചപ്പോൾ ആദ്യം വാർത്തകൾ വന്നത് പാരിസിൽ നിന്നാണ്. മെസ്സിയും, നെയ്മറും, എമ്പാപ്പെയും PSG വിടുമെന്ന് അഭ്യൂഹങ്ങൾ വന്നു. തുടർന്ന് മെസ്സി ക്ലബ് വിടുകയാണെന്നും, MLS ലെ ഡേവിഡ് ബക്കാമിൻ്റെ ക്ലബ് ആയ ഇൻ്റർ മിയാമിയിൽ ചേരുന്നുവെന്നും പ്രഖ്യാപിച്ചു. മെസ്സിക്കൊപ്പം മുൻ ബാഴ്സ താരങ്ങളായ സെർജിയോ ബാസ്കറ്റ്സ്, ജോർഡി ആൽബ തുടങ്ങിയവരും ഇൻ്റർ മിയാമിയിലെത്തി. എംബാപ്പെ റയൽ മാഡ്രിഡിൽ ചേരുമെന്ന് മുൻപ് പല സീസണുകളിലെ പോലെ വാർത്തകൾ വന്നെങ്കിലും എംബാപ്പെ PSG-യിൽ തന്നെ തുടരുമെന്നും പുതിയ കരാറിനായി PSG യുമായി ചർച്ച തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. എങ്കിലും വരും മാസങ്ങളിലും എംബാപ്പെ- റയൽ മാഡ്രിഡ് ബന്ധം വാർത്തകളിൽ നിറയുമെന്നുറപ്പാണ്. നെയ്മർ സൗദി പ്രോ ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നായ അൽ ഹിലാലിൽ ചേർന്നു. അതേസമയം ഫ്രഞ്ച് കളിക്കാരൻ ആയ ഡെംബലെ ബാഴ്സലോണ വിട്ട് PSG യിലെത്തി.

ഗുണ്ടോഗന് കഴിഞ്ഞ സീസണിലെ യൂറോപ്യൻ - ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്സലോണയിലെത്തി. ജൂഡ് ബെല്ലിംഗ് ഹാം (ബറൂസിയ ഡോർട്മെൻ്റ് - റയൽ മാഡ്രിഡ്), ഹോയിലൻഡ് (അറ്റ്ലാൻ്റ- മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡെക്ലാൻ റൈസ് (വെസ്റ്റ് ഹാം - ആഴ്‌സെനൽ), ഹാരി കെയ്ൻ (ടൊട്ടന്ഹാം- ബയേൺ മ്യൂണിച്ച്), ക്യാസിഡോ (ബ്രൈറ്റൻ - ചെൽസി), മക്ആലിസ്റ്റർ (ബ്രൈറ്റൻ- ലിവർപൂൾ), ഗ്വാർഡിയോൾ (RB ലൈപ്സിഗ്- മാഞ്ചസ്റ്റർ സിറ്റി), മൗണ്ട് (ചെൽസി - മാഞ്ചസ്റ്റർ യുണൈറ്റഡ്), കൈ ഹാവേർട്സ് (ചെൽസി - അഴ്‌സെനൽ), സോബോസ്ലായ് (RB ലൈപ്സിഗ്- ലിവർപൂൾ) തുടങ്ങിയവയാണ് മറ്റ് പ്രധാന ട്രാൻസ്ഫറുകൾ. ട്രാൻസ്ഫർ വിപണിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മറ്റെല്ലാ ലീഗുകളെയും പിന്നിലാക്കിയപ്പോൾ ഒരു വർഷത്തിനിടെ 900 മില്യൺ പൗണ്ടിന് മുകളിൽ കളിക്കാരെ വാങ്ങാനായി ചെലവാക്കിയ ചെൽസിയാണ് ഇംഗ്ലണ്ടിൽ എറ്റവും പണം ചെലവാക്കിയത്. ഇതേസമയം നിരവധി താരങ്ങളെ ചെൽസി വിൽക്കുകയും ചെയ്തിരുന്നു.

എന്നാൽ ട്രാൻസ്ഫർ വിപണിയെ ആകെ മാറ്റിമറിച്ചത് സൗദി പ്രോ ലീഗിൻ്റെ രംഗപ്രവേശമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച റൊണാൾഡോയെ ജനുവരിയിൽ അൽ നാസർ സ്വന്തമാക്കിയതോടെയാണ് സൗദി പ്രോ ലീഗ് ശ്രദ്ധ നേടുന്നത്. മുൻപും ഏഷ്യയിലെ പ്രധാന ലീഗുകളിൽ ഒന്നാണെങ്കിലും റൊണാൾഡോയെപ്പോലെ ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളായ റൊണാൾഡോയെ വൻ തുകയ്ക്ക് സൈൻ ചെയ്തതോടെ സൗദി ലീഗ് കാര്യമായ മുന്നേറ്റത്തിന് ഒരുങ്ങുന്നു എന്ന് വ്യക്തമായി. സൗദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം വഹിക്കുന്ന സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ഇംഗ്ലണ്ടിലെ ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കിയിരുന്നു. കൂടാതെ നിരവധി ക്ലബുകളിലും, ഗോൾഫ്, ഫോർമുല വൺ ഉൾപ്പടെയുള്ള കായിക ഇനങ്ങളിലും സൗദി അറേബ്യ വലിയ രീതിയിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. ആഭ്യന്തര അടിച്ചമർത്തലുകളും, ജമാൽ കഷ്തോഗി വധവും, മനുഷ്യാവകാശ ലംഘനങ്ങളും, മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശിയെ ജയിലിലാക്കി ബലമായി സൗദിയിൽ അധികാരം പിടിച്ചതും, ഖത്തർ,ഇറാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായുള്ള തർക്കവും,  അമേരിക്കൻ പക്ഷപാതിത്വവും, യെമൻ -ലിബിയൻ യുദ്ധവുമൊക്കെ ലോകത്തിന് മുന്നിൽ നഷ്ടമാക്കിയ പ്രതിശ്ചായ വീണ്ടെടുക്കാനുള്ള സൗദി ഭരണകൂടത്തിൻ്റെ ശ്രമങ്ങളാണ് കായികരംഗത്തെ ഈ നിക്ഷേപങ്ങൾക്ക് പിന്നിലുള്ളത് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ബ്രിട്ടൺ, USA, ജർമ്മനി, തുർക്കി, ഇസ്രായേൽ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവരുമായും സഹകരിക്കുന്നതിലെ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടണം എന്ന വാദവും ഉയരുന്നുണ്ട്. ഖത്തർ ലോകകപ്പിൻ്റെ സമയത്തും സമാനമായ ചർച്ചകൾ ഉയർന്നു വന്നിരുന്നു.


എന്തായാലും ഫുട്ബോളിലെ നിക്ഷേപം സൗദി അറേബ്യ വൻതോതിൽ ഉയർത്തുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. നിലവിലെ ബാലൺ ഡീ ഓർ ജേതാവായ ഫ്രഞ്ച് താരം കരീം ബെൻസിമയെ റയൽ മാഡ്രിഡിൽ നിന്ന് അൽ ഇത്തിഹാദ് സ്വന്തമാക്കിയാണ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൗദി ലീഗ് രംഗപ്രവേശം നടത്തിയത്. തുടർന്ന് സാദിയോ മാനെ ബയേൺ മ്യൂണിച്ചിൽ നിന്ന് റൊണാൾഡോയ്ക്കൊപ്പം അൽ നാസറിൽ ചേർന്നു. അൽ നാസറിനെപ്പോലെ റിയാദ് ആസ്ഥാനമാക്കിയ മറ്റൊരു പ്രധാന ക്ലബായ അൽ ഹിലാൽ വർഷത്തിൽ 4000 കോടി രൂപയും മറ്റ് ആനുകൂല്യങ്ങളും PSG വിടുമെന്ന് പ്രഖ്യാപിച്ച മെസ്സിക്ക് വാഗ്ദാനം ചെയ്തു. എന്നാൽ അത് നിരസിച്ച് മെസ്സി MLS ൽ ചേർന്നു. ഇപ്പൊൾ വലിയൊരു ഓഫർ നൽകി നെയ്മറിനെ ഖത്തറിൻ്റെ ഉടമസ്ഥതയിൽ ഉള്ള PSG യിൽ നിന്ന് അൽ ഹിലാൽ സ്വന്തമാക്കി. ഫാബിഞ്ഞോ, ഹേണ്ടേഴ്സൺ, ഫെർമീനോ (മൂവരും ലിവർപൂൾ), റൂബൻ നവസ് (വൂൾവ്സ്), റിയാദ് മേഹ്റസ്, ലപ്പോർട്ട് (രണ്ടുപേരും മാഞ്ചസ്റ്റർ സിറ്റി), എൻഗോലോ കാൻ്റെ, കുലോബാലി , മെൻഡീ (മൂവരും ചെൽസി), മോസ ഡേംബലെ (ലിയോൺ), സെകോ ഫോഫാന (ലെൻസ്), ടെലസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), യാസീൻ ബോണോ (സെവിയ്യ), മിട്രോവിച്ച്(ഫുൾഹാം) തുടങ്ങിയവരും സൗദി ക്ലബുകളിൽ ചേർന്നു കഴിഞ്ഞു. ഇവരിൽ പലരും കരിയറിൻ്റെ അവസാനത്തോട് അടുക്കുന്നവരും, റിട്ടയർ ചെയ്യുന്നതിന് മുൻപുള്ള വലിയ payday-ക്കായി സൗദി ക്ലബുകളിൽ എത്തിയവരും ആണ്. എന്നാൽ നെയ്മർ, ലപ്പോർട്, റൂബന് നവാസ് , 21- കാരനായ സ്പാനിഷ് താരം ഗാബ്രി വെയ്ഗ തുടങ്ങിയവരെ സൈൻ ചെയ്തതോടെ വെറും retirement ലീഗ് അല്ല, ലോക ഫുട്ബോൾ മേധാവിത്വം ആണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് സൗദി വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത് സ്ഥാനമൊഴിഞ്ഞ, ഇറ്റലിക്ക് യൂറോ കപ്പ് നേടിക്കൊടുത്ത മുൻ മാനേജർ റോബർട്ടോ മാഞ്ചിനി സൗദി ദേശീയ ടീമിൻ്റെ പരിശീലകൻ ആവുമെന്നും വാർത്തകൾ ഉണ്ട്. ലിവപൂളിൻ്റെ പ്രധാന കളിക്കാരനും, ഈജിപ്റ്റ് ക്യാപ്റ്റനും ആയ മൊഹമ്മദ് സലയെ സൗദിയിൽ എത്തിക്കാൻ അൽ ഇത്തിഹാദ് വലിയ ഓഫറുകൾ നൽകി പരിശ്രമിക്കുന്നുണ്ട്. എന്നാൽ സലയെ ക്ലബ് വിൽക്കില്ലെന്ന് മാനേജർ ഹോർഹൻ ക്ലോപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ആഗസ്റ്റ് അവസാനത്തോടെ ട്രാൻസ്ഫർ വിപണി അവസാനിക്കുമ്പോൾ സൗദി ലീഗിന് സെപ്റ്റംബർ 15 വരെ കളിക്കാരെ വാങ്ങാം എന്നത് യൂറോപ്യൻ ലീഗുകൾക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.

സ്വന്തം ഗ്രാസ്‌റൂട്ട് ഫുട്ബോൾ വളർത്താതെ വലിയ പണം ചെലവാക്കി വിദേശ താരങ്ങളെ കൊണ്ടുവന്നതുകൊണ്ട് മാത്രം സൗദിക്ക് ലോക ഫുട്ബോൾ ശക്തിയാവാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ സംശയങ്ങൾ ഉണ്ട്. മുൻപ് ചൈനയെ ലോക ഫുട്ബോൾ ശക്തിയാക്കാനുള്ള ലക്ഷ്യവുമായി ചൈനീസ് സൂപ്പർ ലീഗ് ക്ലബുകൾ വലിയ പണം ചെലവാക്കി ഓസ്കാർ, കാർലോസ് ടെവെസ് തുടങ്ങി നിരവധി വിദേശ താരങ്ങളെ ചൈനയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ വിദേശ താരങ്ങൾക്കായ്യി ഇങ്ങനെ അമിതമായി പണം ചെലവഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നും , ഇതുകൊണ്ട് ചൈനീസ് ഫുട്ബോൾ വളരില്ല എന്നും മനസ്സിലാക്കിയ ചൈനീസ് ഗവൺമെൻ്റ് ഇത് നിയന്ത്രിക്കാൻ ഇടപെടലുകൾ നടത്തി. അതുകൊണ്ട് തന്നെ സൗദി ഫുട്ബോളിൽ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ സൗദി ഫുട്ബോളിന് എത്ര ഗുണകരം ആവുമെന്നും, ഇത് എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് ഇനി കാണേണ്ടത്. സൗദിയിലേയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും തീവ്രമായ ഫുട്ബോളും പ്രേമവും, സൗദി ഭരണകൂടത്തിൻ്റെ വലിയ സമ്പത്തും, അന്തർദേശീയ തലത്തിൽ സ്വന്തം ഇമേജ് മെച്ചപ്പെടുത്തുന്നതിൽ കായികരംഗത്തിന് അവർ നൽകുന്ന പ്രാധാന്യവും, അധികാരം നിലനിർത്താൻ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന കരുനീക്കളും, ഖത്തർ ലോകകപ്പിൻ്റെ വിജയവുമാണ് സൗദി പ്രോ ലീഗിന് യഥാർത്ഥത്തിൽ പ്രതീക്ഷ പകരുന്നത്.


അനൂപ് കിളിമാനൂർ

ചൊവ്വാഴ്ച, ജൂൺ 13, 2023

ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുമ്പോൾ

(Connecting Keralam-ൽ എഴുതിയത്)


ഒടുവിൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചെസ്റ്റർ സിറ്റി നേടി. 129 വർഷം മുൻപ് സ്ഥാപിക്കപ്പെട്ട സിറ്റി 68 വർഷത്തെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് (യൂറോപ്യൻ കപ്പ്) ചരിത്രത്തിൽ ആദ്യമായാണ് കിരീടം നേടിയത്. ഇതോടൊപ്പം ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, FA കപ്പ് കൂടി നേടി ഒരു സീസണിൽ ട്രെബിൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമായി മാഞ്ചെസ്റ്റർ സിറ്റി മാറി. 1999-ലെ മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീം മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇംഗ്ലീഷ് ടീം. ഇത് സിറ്റി മാനേജർ പെപ് ഗാർഡിയോളയുടെ രണ്ടാമത്തെ ട്രെബിൾ നേട്ടമാണ്. 2009-ൽ പെപ്പിന്റെ ബാഴ്‌സലോണ ടീം 6 കിരീടങ്ങൾ നേടി Sextuple കരസ്ഥമാക്കിയിരുന്നു. ഇത്തവണത്തെ ട്രെബിൾ നേട്ടത്തോടെ എക്കാലത്തെയും മികച്ച മാനേജർമാരിൽ പെപ് തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങളും നേടിയ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ പതുക്കെയാണ് തുടങ്ങിയത്. സീസണിൽ ഭൂരിഭാഗവും ആഴ്‌സെനൽ ആയിരുന്നു മുന്നിൽ നിന്നതെങ്കിലും സീസണവസാനത്തോടടുക്കുമ്പോൾ ആഴ്‌സെനൽ പിന്നോട്ട് പോവുകയും, കഴിഞ്ഞ സീസണുകൾക്ക്  സമാനമായി സീസണിലെ അവസാന മത്സരങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഈ വർഷവും സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ ആറു സീസണിൽ പെപ്പിന്റെ സിറ്റിക്ക് ഇത് അഞ്ചാം കിരീടമാണ്. കൂടാതെ FA കപ്പ് ഫൈനലിൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി സിറ്റി കിരീടം നേടി. സിറ്റി സ്ഥിരമായി വിജയിച്ചുവന്ന ലീഗ് കപ്പ് മാത്രമാണ് സിറ്റിക്ക് ഈ സീസണിൽ നേടാൻ കഴിയാതെ പോയത്. മാഞ്ചെസ്റ്റർ യുണൈറ്റഡ് ആണ് ലീഗ് കപ്പ് വിജയിച്ചത്. 

ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവി അറിയാതെ ഒന്നാമതായി എത്തിയാണ് സിറ്റി knockout മത്സരങ്ങൾക്ക് യോഗ്യത നേടിയത്. പ്രീക്വാർട്ടറിൽ RB ലൈപ്സിഗിനെയും, ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ചാമ്പ്യൻമാരായ ബയേണ് മ്യൂണിച്ചിനെയും, സെമിയിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനേയും ആധികാരികമായി പരാജയപ്പെടുത്തിയാണ് സിറ്റി ഫൈനലിൽ എത്തിയത്. സെമിയിലെ രണ്ടാം ലെഗ്ഗിൽ യൂറോപ്യൻ ഫുട്‌ബോളിനെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അടക്കിവാണ റയൽ മാഡ്രിഡിനെ 4-0 എന്ന സ്കോറിന് തകർത്തത് ലോകഫുട്‌ബോളിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. യൂറോപ്പിൽ മാഡ്രിസ് യുഗത്തിന് അവസാനമാകുന്നോ എന്ന ചോദ്യവും ഉയർന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ 89 മിനുട്ട് വരെ 2 ഗോളിന് മുന്നിൽ നിന്ന ശേഷമാണ് സിറ്റി റയലിനോട് ആറു മിനിറ്റിൽ മൂന്നു ഗോൾ വഴങ്ങി പുറത്താവുന്നത്.

സിറ്റിയെ അപേക്ഷിച്ച് താരതമ്യേന എളുപ്പവഴി ആണ് ഇന്റർ മിലാന് ഫൈനലിലേക്ക് ഉണ്ടായിരുന്നത്. ഇറ്റാലിയൻ സിരിയ എ-യിൽ കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കാൻ കഴിയാതിരുന്ന ഇന്റർ ഇത്തവണ ഏവരേയും അത്‌ഭുതപ്പെടുത്തിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. സെമിയിൽ നാട്ടുകാർ ആയ AC മിലാനെ ആണ് ഇന്റർ പരാജയപ്പെടുത്തിയത്. ഒരുകാലത്ത് യൂറോപ്യൻ ഫുട്‌ബോൾ അടക്കി ഭരിച്ചിരുന്ന മിലാൻ ക്ലബുകളുടെ തിരിച്ചുവരവ് ആയും ഈ സീസണെ കാണാം. 

2021-ൽ കപ്പിനും ചുണ്ടിനും ഇടയിലാണ് പെപ്പിന്റെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടമായത്. അന്ന് സിറ്റിയുടെ അത്ര ശക്തമായ ടീം അല്ലാഞ്ഞിരുന്നിട്ടും ഫൈനലിൽ ചെൽസി ഒരു ഗോളിന് സിറ്റിയെ അട്ടിമറിക്കുക ആയിരുന്നു. അന്ന് റോഡ്രിയെ കളിപ്പിക്കാതെ ഗുണ്ടോഗനെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയി കളിപ്പിച്ച പെപ്പിന്റെ തീരുമാനം നിശിതമായി വിമർശിക്കപ്പെട്ടു. എന്നാൽ ഇത്തവണ അതേ റോഡ്രിയുടെ ഗോളിൽ തന്നെ സിറ്റി ചാമ്പ്യൻമാരായി.  

എന്നാൽ സിറ്റി സ്ഥിരമായി കളിക്കുന്ന ഒഴുക്കുള്ള പാസിംഗ് ഗെയിം ഇത്തവണത്തെ ഫൈനിലിൽ കാണാനായില്ല. കൃത്യമായി പൊസിഷനിങ്ങും, അപ്രതീക്ഷിതമായ ഹൈ പ്രെസ്സിങ്ങും വഴി ഇന്റർ സിറ്റിയുടെ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ അനുവദിച്ചില്ല. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ റൈറ്റ് ബാക്ക് കെയിൽ വാക്കറിനെ പുറത്തിരുത്തിയാണ് സിറ്റി കളിക്കിറങ്ങിയത്. പകരം വന്ന ആകെ റൂബൻ ഡിയാസിനും, അകാഞ്ചിക്കും ഒപ്പം ഡിഫൻസിൽ കളിച്ചപ്പോൾ ഡി ബ്രുണയും ജോണ് സ്റ്റോണ്സും വിങ്ങുകളിലായി യോഹൻ ക്രൈഫിന്റെ ടീമുകളെ ഓർമ്മിപ്പിക്കുന്ന 3-4-3 ഡയമണ്ട് ഫോർമേഷനാണ് പെപ് ആദ്യ പകുതിയിൽ പരീക്ഷിച്ചത്. എന്നാൽ ഇത്‌ കാര്യമായ നേട്ടം ഉണ്ടാക്കാതെ വരുകയും, ഡി ബ്രുണക്ക് പരിക്കേറ്റത് മൂലം ഫിൽ ഫോഡൻ എത്തുകയും ചെയ്തതോടെ സിറ്റി രണ്ടാം പകുതിയിൽ സ്റ്റോണ്സ് മധ്യത്തേക്ക് വന്ന് 4-1-4-1 ഫോർമേഷനിലേക്ക് തിരിച്ചുപോയി. റോഡ്രിയുടെ ഗോളിന് പിന്നിൽ പോയതോടെ അവസാന 20 മിനുട്ടുകളിൽ ശക്തമായ മുന്നേറ്റമാണ് ഇന്റർ മിലാൻ കാഴ്ച വെച്ചത്. എന്നാൽ ലുകാകുവിന് ലഭിച്ച പോസ്റ്റിന് മുന്നിൽ ഒരു ഫ്രീ ഹെഡർ ഉൾപ്പെടെ നിരവധി അവസരങ്ങൾ ഇന്റർ മുന്നേറ്റ നിര പാഴാക്കിയപ്പോൾ ഈ ഗോളിൽ പിടിച്ചു നിൽക്കാനും മത്സരം ജയിക്കാനും സിറ്റിക്ക് കഴിഞ്ഞു. പക്ഷെ എന്തുകൊണ്ടും അഭിമാനിക്കാവുന്ന പ്രകടനമാണ് സിമോൺ ഇന്സാഗിയുടെ ഇന്റർ മിലാൻ കാഴ്ച്ച വെച്ചത്. ഇറ്റാലിയൻ കപ്പ്, സൂപ്പർ കപ്പ് കിരീടങ്ങൾ ഇത്തവണ ഇന്റർ നേടിയിരുന്നു. സിറ്റി ഗോൾ കീപ്പർ എഡേഴ്സണായിയിരുന്നു ഫൈനലിലെ മികച്ച കളിക്കാരൻ എന്ന് നിസംശയം പറയാം.

ഈ സീസണിൽ സിറ്റിയിൽ എത്തുകയും 51 മത്സങ്ങളിൽ 52 ഗോളുകൾ അടിച്ചു സിറ്റിയുടെ ടോപ്പ് സ്‌കോറർ ആവുകയും ചെയ്ത ഹാളണ്ട് മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെച്ചത്. എന്നാൽ കഴിഞ്ഞ 9 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് ഹാളണ്ടിനു അടിക്കാൻ കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടു ലെഗ്ഗുകളിലും, ഫൈനലിലും മോശം പ്രകടനമാണ് ഹാളണ്ട് കാഴ്ച വെച്ചത്. ഗോളുകൾ അടിച്ചു കൂട്ടുമ്പോഴും പന്ത് ഹോൾഡ് ചെയ്തു വെക്കുന്നതുപോലെ നിരവധി മേഖലകളിൽ ഹാളണ്ട് മുന്നേറാനുണ്ട്. എന്നാൽ വരുന്ന സീസണുകളിൽ ലോകഫുട്‌ബോൾ ഏറ്റവും ശ്രദ്ധിക്കുന്ന കളിക്കാരനാവും ഈ 22-കാരനായ നോർവീജിയൻ കളിക്കാരൻ എന്ന് ഉറപ്പാണ്. സീസണിന്റെ തുടക്കത്തിൽ കുറച്ചു പതറിപ്പോയ കെവിൻ ഡി ബ്രൂണെ പക്ഷെ പിന്നീട് മികച്ച പ്രകടങ്ങളാണ് കാഴ്ച്ച വെച്ചത്. ക്യാപ്റ്റൻ ഗുണ്ടോഗൻ ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. FA കപ്പ് ഫൈനലിൽ ഉൾപ്പെടെ ഗുണ്ടോഗന്റെ ഗോളുകൾ സിറ്റിയെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡർ റോഡ്രി, മധ്യനിരയിലേക്ക് കളംമാറ്റിയെങ്കിലും ഉഗ്രൻ പ്രകടനം കാഴ്‌ചവെക്കുന്ന ജോണ് സ്റ്റോണ്സ്, ഗോൾകീപ്പർ എഡേഴ്സണ്, പലപ്പോഴും പകരക്കാരൻ ആയി എത്തിയിട്ടും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഹൂലിയന് അൽവരെസ്, വിങ്ങുകളിലൂടെ നിരന്തരം മുന്നേറ്റം സൃഷ്ടിച്ച ജാക്ക് ഗ്രീലിഷ്, ബെർണാഡോ സിൽവ തുടങ്ങിയവരും സിറ്റിയുടെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചു. ലോകകപ്പിന് പുറമെ ട്രെബിൾ കൂടി നേടിയതോടെ 4 പ്രധാന കിരീടങ്ങൾ ഒറ്റ സീസണിൽ നേടുന്ന അപൂർവ്വം കളിക്കാരുടെ നിരയിലേക്കാണ് ആർജന്റൈൻ മുന്നേറ്റക്കാരൻ ഹുലിയൻ അൽവരെസ് ഉയരുന്നത്.

മെസ്സി ടീമിൽ ഇല്ലെങ്കിൽ, ബാഴ്‌സയിൽ അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞിയില്ല എന്ന ടാഗ് കൂടിയാണ് പെപ് ഈ വിജയത്തോടെ മാറ്റുന്നത്. ബാഴ്‌സയിൽ നിന്ന് ബയേണിൽ എത്തിയപ്പോഴും, സിറ്റിയിൽ എത്തിയപ്പോഴും പെപ് തന്റെ തന്ത്രങ്ങൾ പല രീതിയിൽ മാറിക്കഴിഞ്ഞു. 2008-2012 കാലത്ത് ലോകം കീഴടക്കിയ ടിക്കി ടാക്കയിൽ നിന്ന് വലിയ മാറ്റങ്ങൾ വന്നെങ്കിലും തന്റെ അടിസ്ഥാന ആശയമായ പോസഷൻ അടിസ്‌ഥാനപ്പെടുത്തുയുള്ള ഫുട്‌ബോളിൽ പെപ് അടിയുറച്ചു നിൽക്കുന്നു. കാഴ്ചക്കാരിൽ അങ്ങേയറ്റം ആവേശം ഉയർത്തുന്ന ഈ സൗന്ദര്യാത്മകമായ കളിതന്ത്രത്തിന്റെ വിജയം കൂടിയാണ് ഈ ട്രെബിൾ. അടുത്ത സീസണിൽ ക്ലബ് ലോകകപ്പ്, UEFA സൂപ്പർ കപ്പ്, FA ചാരിറ്റി ഷീൽഡ് എന്നിവയ്ക്ക് കൂടി മാഞ്ചെസ്റ്റർ സിറ്റി യോഗ്യത നേടിയതോടെ 6 കിരീടങ്ങൾ എന്ന ബാഴ്‌സയിലെ നേട്ടം ആവർത്തിക്കാനുള്ള അവസരം ആണ് പെപ്പിനും ലഭിച്ചിരിക്കുന്നത്.

ഞായറാഴ്‌ച, ജൂൺ 11, 2023

2018



പ്രൊഡക്ഷൻ ക്വാളിറ്റിയിൽ മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽ മികച്ച ഒരു വർക്കാണ് 2018. പ്രത്യേകിച്ചും വെള്ളപ്പൊക്കം ചിത്രീകരിച്ച രംഗങ്ങൾ. ടോവിനോ, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർ മികച്ച പ്രകടനങ്ങളും കാഴ്ചവെച്ചു.

 മത്സ്യത്തൊഴിലാളികൾക്കും, സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയ മലയാളി യുവത്വത്തിനുമൊക്കെ അർഹമായ പ്രാതിനിധ്യം ലഭിക്കുമ്പോഴും രാഷ്ട്രീയ നേതൃത്വത്തേയും, പോലീസ്, ഫയർ ഫോഴ്‌സ്, NDRF, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പ്രാദേശിക നേതാക്കൾ തുടങ്ങി പഞ്ചായത്ത് മെമ്പർ വരെയുള്ള സർക്കാർ സംവിധാനങ്ങളേയും വെള്ളിവെളിച്ചത്തിൽ നിന്ന് പരമാവധി മാറ്റിനിർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഇത് എത്രത്തോളം ചരിത്ര വിരുദ്ധമായ തീരുമാനം ആയിരുന്നു എന്നത് ചിത്രത്തിന്റെ end credits-ൽ ഉൾപ്പെടുത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സർക്കാർ സംവിധാനങ്ങളുടെ ഇടപെടലുകളുടെ യഥാർത്ഥ ചിത്രങ്ങൾ തന്നെ തെളിയിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്കും, സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയ യുവത്വത്തിനുമൊക്കെ പിന്നിൽ കാര്യമായ സർക്കാർ ഇടപെടലുകൾ ഉണ്ടായിരുന്നു എന്നതും ചിത്രം കാണിക്കാത്ത യാഥാർത്ഥ്യം ആണ്. വെറും 5 വർഷം മുമ്പ് നടന്ന സംഭവങ്ങളിൽ കാണിക്കുന്ന ചരിത്ര വിരുദ്ധത ഞെട്ടിപ്പിക്കുന്നതാണ്.

സംവിധായകന്റെ ആത്മാവിശ്വാസക്കുറവ് over exaggeration-ലേക്ക് പലപ്പോഴും കൊണ്ടുപോയി. അതുപോലെ 'നന്മയുള്ള ലോകമേ' മോഡൽ റിയാക്ഷൻ-ക്ലോസപ്പ് ഷോട്ടുകളുടെ ആധിക്യം പലപ്പോഴും കല്ലുകടിയായി തോന്നി. റിമോട്ട് കൺട്രോൾ എന്ന ആയുധം കയ്യിൽ ഉള്ളതുകൊണ്ട് പലപ്പോഴും കഴിച്ചിലായി. സുധീഷിന്റെ കുടുംബത്തെ പ്രളയ സമയത്ത് ചിത്രീകരിച്ച രീതി ഇമോഷണൽ അത്യാചാർ ലെവലിൽ എത്തിയിരുന്നു. ഓവർ ആയിപ്പോയി എന്ന് തോന്നിയത്‌ കൊണ്ടു പല സിനുകളും കട്ട് ചെയ്തിരുന്നു എന്ന് സംവിധായകൻ തന്നെ പിന്നീട് പറഞ്ഞിരുന്നു, അതേതായാലും നന്നായി. ആത്മവിശ്വാസത്തോടെ കുറച്ചുകൂടി ഒതുക്കത്തിൽ ചെയ്തിരുന്നെങ്കിൽ മറ്റൊരു ലെവലിലേയ്ക്ക് ചിത്രം ഉയർന്നേനെ. ഇതിനിടയിൽ ബോംബുമായി തമിഴനെ കൊണ്ടുവരേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നും, വെള്ളപ്പൊക്കത്തിനിടയ്ക്ക് ആണോ ഓടുമാറ്റുന്നത് തുടങ്ങിയ ചോദ്യങ്ങളും അവശേഷിക്കുന്നു.

ചിത്രത്തിന്റെ വലിയ വിജയത്തിന് ഈ വിഷയവുമായി കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾക്കുള്ള വികാരപരമായ അടുപ്പവും വലിയൊരു കാരണമായി. അതിനു ഒരു പ്രധാന കാരണം ടോവിനോ ചെയ്ത കഥാപാത്രത്തിന്റെ character arc കൂടിയാണ്. എന്നാൽ ഈ മിടുക്ക് മറ്റ് പല കഥാപാത്ര നിർമ്മിതികളുടെ കാര്യത്തിലും ഉണ്ടായില്ല. പോളിഷ് ടൂറിസ്റ്റ് ഉൾപ്പെടെ പലരും അമിതാഭിനയത്തിൽ വീണുപോയി. ടൂറിസ്റ്റ് സെർ കൊടുത്തതിന്റെ പത്തിരട്ടി കാശിന് അഭിനയിച്ചിട്ടുണ്ട്. ഇതുകൂടി ചേർത്താൻ ചിത്രത്തിന്റെ ലാഭം 200 കോടിയിൽ വട്ടമെത്തിക്കാം. ടോവിനോയുടെ കഥാപാത്രത്തിന്റെ പേര് ഹഡാൽ ആകർഷിച്ചു എന്നും ഈ അവസരത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ.

വ്യാഴാഴ്‌ച, ജൂൺ 08, 2023

എന്തുകൊണ്ട് മെസ്സി ബാഴ്‌സയ്ക്ക് പകരം ഇന്റർ മിയാമി തെരഞ്ഞെടുത്തു?



മെസ്സി minimum സാലറിക്കു സൈൻ ചെയ്താലും ലാ ലീഗ അവരുടെ FFP റൂൾ വെച്ച് മെസിയുടെ മാർക്കറ്റ് റേറ്റ് വെച്ചുള്ള സാലറി ബാഴ്‌സ ടീമിന്റെ total സാലറിയുടെ കൂടി ആഡ് ചെയ്യും. അതുകൊണ്ട് നിലവിലെ കളിക്കാരെ വിൽക്കുകയും, പലരുടെയും സാലറി കുറയ്ക്കുകയും ചെയ്താലേ മെസ്സിയെ രജിസ്റ്റർ ചെയ്യാൻ ലാ ലീഗ സമ്മതിക്കു. അതിനു മെസ്സിക്ക് താല്പര്യം ഇല്ല. ബാഴ്‌സയെ ഒതുക്കി ഒതുക്കി ലാ ലീഗ സ്വന്തം കുഴി തോണ്ടുന്നു എന്നു പറഞ്ഞാ മതി. 

റൊണാൾഡോ, മെസ്സി പോയതിനു ശേഷം viewership ൽ നല്ല ഇടിവാണ്. അത് ഇനിയും താഴോട്ടു പോവും. ഇപ്പൊ ബെൻസിമയും പോയി. കെയ്ൻ, ഹാലണ്ട്, എമ്പാപ്പെ ഒന്നും അടുത്ത് വരുന്ന ലക്ഷണവും ഇല്ല
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജൂൺ 02, 2023

സുലൈഖ മൻസിൽ



പലപ്പോഴും മതപരവും, സാമൂഹ്യവുമായ യാഥാസ്ഥികത്തെ മുറുകെപ്പിടിക്കുന്ന മുഖ്യധാരാ മലയാള സിനിമയിലെ പാതിവെന്ത നവതരംഗത്തിൽ നിന്ന് വ്യത്യാസപ്പെട്ടു നിൽക്കുന്ന ഒരു നല്ല സിനിമയാണ് സുലൈഖ മൻസിൽ. സമൂഹത്തിൽ ഇപ്പൊഴും നിലനിൽക്കുന്ന യാഥാസ്ഥിത-പിന്തിരിപ്പൻ മനോഭാവത്തിൽ ശ്വാസം മുട്ടുന്ന, പുരോഗമനാത്മക ചിന്തകളുള്ള, മാറുന്ന ലോകത്തെ കാണുന്ന, അതിനായി ആഗ്രഹിക്കുന്ന, തല്ലുമാലകളാൽ ചുറ്റപ്പെടാത്ത യുവത്വത്തെ, അവർ നേരിടുന്ന പ്രതിസന്ധികളെ ഒരു നമ്മുടെ സമൂഹത്തിൽ മാത്രം ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന സ്ഥാപനവൽക്കരിക്കപ്പെട്ട , 'സാധാരണ'മായ
arranged marriage- ന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായും യാഥാർത്ഥ്യ ബോധത്തോടെയും അവതരിപ്പിക്കുന്നു. വിവാഹം കഴിക്കാൻ പോകുന്നവർ ആദ്യമായി ഒന്നു മനസ്സുതുറന്നു സംസാരിക്കാൻ പോലും യാഥാസ്ഥികതയുടെ മതിൽക്കെട്ട് ചാടിക്കടക്കേണ്ട, നാട്ടുക്കൂട്ടത്തിന്റെ കളിയാക്കലുകൾ ഭയക്കേണ്ട, മാറ്റേണ്ട ചട്ടങ്ങളെ, സമൂഹത്തിന്റെ ചിന്താഗതിയെ, വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹങ്ങളിൽ യാഥാസ്ഥിതികമായ ആചാരങ്ങൾക്കപ്പുറം വിവാഹം കഴിക്കുന്നവർക്ക് എത്ര അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട്, അതു മതിയോ, അതെങ്ങനെ മാറണം എന്നൊക്കെ ചിന്തിക്കാൻ വക നൽകുന്ന ചിത്രം. subtle ആയി അവതരിപ്പിക്കപ്പെടുന്ന ഈ സാമൂഹ്യ വിമർശനങ്ങളെ ഒരുകാലത്ത് മലയാള സംഗീത രംഗത്ത് ഏറ്റവും പ്രചാരം ഉണ്ടായിരുന്ന ആൽബം പാട്ടുകൾക്കുള്ള ഒരു tribute ആയ ടൈറ്റിൽ സോങ്ങ് ഉൾപ്പെടെ മനോഹരമായ ഗാനങ്ങളും, ചിത്രീകരണവും, ഒഴുക്കമുള്ള എഡിറ്റിംഗും നല്ലൊരു സിനിമാക്കാഴ്ചയ്ക്ക് ഉള്ളിലാണ് സംവിധായകൻ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് എടുത്തു പറയണം. 

അഷ്റഫ് ഹംസയ്ക്കും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദങ്ങൾ.

ഞായറാഴ്‌ച, മേയ് 28, 2023

ഭീഡ്



Article 15, തപ്പഡ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ അനുഭവ് സിൻഹയുടെ പുതിയ ചിത്രം. ഷട്ട് ഡൗണ് കാലത്ത് ഒരു ചെക്ക്പോസ്റ്റിന്റെ പശ്ചാത്തലത്തിൽ നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് കാൽനടയായും അല്ലാതെയും തിരിച്ചുപോകേണ്ടിവന്ന കുടിയേറ്റ തൊഴിലാളികളുടെ കഥ പറയുന്ന ഭീഡ് (crowd) ജാതി, മതം, വർഗ്ഗം, അധികാരം തുടങ്ങിയവ ആ ചെക്ക്പോസ്റ്റിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നുകൂടി അടയാളപ്പെടുത്തുന്നു.

രാജ്കുമാർ റാവു, ഭൂമി പടനേക്കർ, പങ്കജ് കപൂർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ Netflix-ൽ സ്ട്രീം ചെയ്യുന്നു.

ബുധനാഴ്‌ച, മേയ് 17, 2023

തുറമുഖം

'മറവിക്കെതിരായ ഓർമ്മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ സമരം.'
-മിലൻ കുന്ദേര



തുറമുഖം റിലീസ് ആയപ്പോൾ ചിലരൊക്കെ ഇഴച്ചിൽ അനുഭവപ്പെട്ടെന്നു അഭിപ്രായപ്പെട്ടിരുന്നു. തീയേറ്ററിൽ കണ്ടപ്പോൾ വ്യക്തിപരമായി അങ്ങനെ തോന്നിയില്ല. ചിത്രം ഉന്നയിക്കുന്ന വിഷയത്തോടുള്ള താൽപര്യവും, ഈ പേസിലുള്ള സിനിമകൾ കണ്ടുള്ള ശീലവും കൊണ്ടാവാം അത്. 

പ്രേക്ഷകരുടെ അറ്റൻഷൻ സ്പാൻ കുറഞ്ഞുവരുന്ന, റീലുകളുടെ കാലമാണ്. ഈ കാലഘട്ടത്തിന്റെ മാറ്റം എഡിറ്റിംഗ് പഠിക്കാത്തത്തിന്റെ പ്രശ്നമായി സിനിമാ പ്രവർത്തകർ കരുതിയിട്ടും കാര്യമില്ല. റിമോട്ട് കൺട്രോൾ എന്ന എഡിറ്റിംഗ് ടൂൾ ഉള്ളപ്പോൾ OTT വഴി സിനിമകൾ കാണുമ്പോൾ പ്രേക്ഷകർക്കു അനായാസമായി മറികടക്കാവുന്നതാണ്.

പെയ്‌സ് കുറവാണ് എന്നൊരു പ്രചാരണം വഴി കാണാതെ ഉപേക്ഷിക്കേണ്ട സിനിമയല്ല തുറമുഖം. മഹാരാജാസ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഇടതെന്ന ലേബലിൽ പലപ്പോഴും വലതുപക്ഷ ഉത്പന്നങ്ങളായി പുറത്തുവരുന്ന സിനിമകളെക്കാൾ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം അടയാളപ്പെടുത്താൻ ശ്രമിച്ച സിനിമകളാണ് രാജീവ് രവിയുടേത്. ഒരു പക്ഷെ കെൻ ലോച്ച് ബ്രിട്ടീഷ് സിനിമയിൽ ആവിഷ്കരിക്കുന്നതിന് സമാനമായി മലയാളത്തിൽ സിനിമയെടുക്കുന്നത് രാജീവ് രവി ആണെന്ന് പറയാം. അതിൽ പ്രധാനപ്പെട്ട സൃഷ്ടിയാണ് തുറമുഖം.

കെൻ ലോച്ചിന്റെ കിലിയൻ മർഫി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച The Wind That Shakes the Barley ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഐറിഷ് ജനതയുടെ കഥയാണ്. പരസ്പരം തോളോടുതോൾ ചേർന്ന് പൊരുതുകയും, എന്നാൽ റിപബ്ലിക്കന്മാർ രാജഭരണത്തെ അംഗീകരിക്കാത്തതുമൂലം പിന്നെ അയർലൻഡിന്റെ വിഭജനത്തിലേക്ക് നയിച്ച ആഭ്യന്തര യുദ്ധത്തിൽ ശത്രുപക്ഷങ്ങളിൽ ആയിപ്പോവുന്ന രണ്ടു സഹോദരന്മാരുടെ കഥ കൂടിയാണിത്.

തുറമുഖവും അന്യവൽക്കരിക്കപ്പെട്ട് ചൂഷകന്റെ കയ്യാളായി മാറുന്ന ഒരു സഹോദരന്റേയും, തൊഴിലാളികൾക്കൊപ്പം ഉറച്ചുനിന്ന മറ്റൊരു സഹോദരന്റേയും കൂടി കഥയാണ്. വിപ്ലവപ്രവർത്തനങ്ങളിലെ സാഹോദര്യവും, സാഹോദര്യത്തിലെ വൈരുദ്ധ്യങ്ങളും ഇങ്ങനെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. 

ചിത്രത്തെ പറ്റി ഉയർന്ന ഒരു വിമർശനം നിവിൻ പോളി ഉൾപ്പടെയുള്ള അഭിനേതാക്കളുടെ താരപരിവേഷവും, മുഖ്യധാരാ കച്ചവട സിനിമകളിലെ ജനപ്രിയ ചേരുവകളും ഉപയോഗിച്ചില്ല എന്നതാണ്. എന്നാൽ ഇത്തരം ചേരുവകൾ കെജിഫ്, കർണ്ണൻ തുടങ്ങിയ സിനിമകളിൽ എങ്ങനെ ചരിത്ര നിരാസവും, തൊഴിലാളി കൂട്ടായ്മകളുടേയും പോരാട്ടങ്ങളുടേയും ഒഴിവാക്കലുകളും ആയി മാറി എന്നതും നാം കണ്ടതാണ്. ഈ സിനിമകളിൽ നായക കഥാപാത്രങ്ങളുടെ ഒറ്റയാൾ പോരാട്ടങ്ങളും വീരപരിവേഷവും സിനിമകൾക്ക് ആധാരമായ ചരിത്ര സംഭവങ്ങളിലെ തൊഴിലാളി സമരങ്ങളെ തമസ്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെ ജനപ്രിയത എന്ന മാനദണ്ഡം തന്നെ ജനവിരുദ്ധതയ്ക്ക് കാരണമാകുന്നു. എന്നാൽ രാജീവ് രവി ഇവിടെ അതിന് തയ്യാറാവാതെ ചരിത്രപരമായ സത്യസന്ധത പുലർത്തുകയാണ്. അതുകൊണ്ട് തന്നെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾക്ക് കാരണം ആയെങ്കിലും, ഈ സത്യസന്ധത കാലാതിവർത്തിയായ കലാസൃഷ്ടിയും, ചരിത്രപരമായ അടയാളപ്പെടുത്തലുമായി തുറമുഖത്തെ മാറ്റുന്നുണ്ട്.

ചാപ്പ സമ്പ്രദായത്തിന് എതിരെ ഉൾപ്പെടെ പോരാടി എങ്ങനെയാണ് കേരളത്തിലെ പണിയെടുക്കുന്നവർ അവകാശങ്ങൾ നേടിയെടുത്തത് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആകുന്ന ഈ ചിത്രം കണ്ടിരിക്കേണ്ടത് തന്നെയാണ്. 

'കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ 
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?'

ചിത്രം Sony LIV-ൽ സ്ട്രീം ചെയ്യുന്നു.

വെള്ളിയാഴ്‌ച, ഏപ്രിൽ 14, 2023

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കലാശക്കൊട്ടിലേക്ക്

(Connecting Keralam-ൽ എഴുതിയത്)

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ അവസാനത്തോട് അടുക്കുമ്പോൾ വീണ്ടും ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ലിവർപൂൾ ആയിരുന്നെങ്കിൽ ഇത്തവണ ആഴ്‌സനലും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ഏതാനും മത്സരങ്ങൾക്ക് മുൻപ് വരെ  ലീഗ് കിരീടം ആഴ്‌സെനൽ ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാൽ 8 മത്സരം ശേഷിക്കെ ആഴ്‌സനലിന്റെ ലീഡ് 6 പോയിന്റ് ആയി കുറഞ്ഞിരിക്കുകയാണ്. ഒരു മത്സരം അധികം കയ്യിലുള്ള മാഞ്ചസ്റ്റർ സിറ്റി ലീസ്റ്റർ സിറ്റിക്കെതിരെ ജയിച്ചാൽ ആഴ്‌സനലിന്റെ ലീഡ് 3 പോയിന്റായി കുറയും. അങ്ങനെ സംഭവിച്ചാൽ ഏപ്രിൽ 26-ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് സിറ്റിയും ആഴ്‌സനലും തമ്മിലുള്ള പോരാട്ടം സീസണിന്റെ വിധി നിർണ്ണയിക്കുന്നതാവാൻ സാധ്യതയുണ്ട്.

2003-04 സീസണിലാണ് ആഴ്‌സെനൽ അവസാനമായി ലീഗ് കിരീടം നേടിയത്. 'ഇൻവിൻസിബിൾസ്' എന്നറിയപ്പെട്ട ആ ആഴ്‌സെനൽ ടീം ആഴ്‌സനെ വെംഗറിന് കീഴിൽ ഒരു ലീഗ് മത്സരം പോലും പരാജയപ്പെടാതെയാണ് തങ്ങളുടെ മൂന്നാം പ്രീമിയർ ലീഗ് കിരീടം നേടിയത്. 1888-89 സീസണിൽ മാത്രമാണ് ഇംഗ്ളീഷ് ലീഗിൽ മുൻപ് ഒരു ടീം ഇതുപോലെ അപരാജിതരായി കിരീടം നേടിയത്. പുതിയ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളെ തുടർന്നും, ക്ലബിന്റെ റിക്രൂട്ട്‌മെന്റും ഓണർഷിപ്പുമായ മറ്റു പ്രശ്നങ്ങളാലും പിന്നോട്ട് പോയ ആഴ്‌സെനൽ ഈ സീസണിലാണ് വീണ്ടും ലീഗിൽ വലിയ വെല്ലുവിളി ഉയർത്തുന്നത്. മുൻ ക്യാപ്റ്റൻ കൂടിയായ ആർട്ടേറ്റയുടെ കീഴിൽ ശക്തമായ യുവനിരയുമായി ഈ സീസണിൽ ഉടനീളം മികച്ച ഫോം പിന്തുടർന്ന ആഴ്‌സെനൽ സീസണിന്റെ അവസാന മത്സങ്ങളിലും ഈ ഫോം തുടർന്നാൽ നാലാം പ്രീമിയർ ലീഗ് കിരീടം അകലെയല്ല. താരതമ്യേന യുവതാരങ്ങൾ നിറഞ്ഞ ടീമിന്റെ പരിചയ സമ്പത്തിലെ കുറവ് പോരാട്ടമികവ് കൊണ്ടു മറികടക്കാം എന്നാണ് ആഴ്‌സെനൽ കരുതുന്നത്.

എന്നാൽ പെപ് ഗാർഡിയോളയുടെ കീഴിൽ കഴിഞ്ഞ 5 സീസണുകളിൽ 4 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റി വൻ വെല്ലുവിളിയാണ് ആഴ്‌സെനലിന് ഉയർത്തുന്നത്. സീസണിലെ അവസാന മത്സരങ്ങളിൽ തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ലീഗ് കിരീടം നേടുന്ന ചരിത്രമാണ് കുറച്ചു കാലങ്ങളായി മാഞ്ചസ്റ്റർ സിറ്റിക്ക് ഉള്ളത്. കഴിഞ്ഞ അഞ്ചു സീസണുകളിലെ അവസാന പത്തു മത്സരങ്ങൾ വീതം പരിഗണിച്ചാൽ 50-ൽ 40 മത്സരങ്ങളും സിറ്റി വിജയിച്ചപ്പോൾ 4 സമനിലകളും 6 പരാജയങ്ങളും മാത്രമാണ് അവർക്ക് ഉള്ളത്. രണ്ടുവട്ടം ലിവർപൂളിന് കപ്പിനും ചുണ്ടിനും ഇടയിൽ ലീഗ് കിരീടം നഷ്ടമായത് സിറ്റിയുടെ ഈ പ്രകടനം മൂലമാണ്. ഇത്തവണയും സിറ്റി ഇത് ആവർത്തിക്കാൻ ഒരുങ്ങുമ്പോൾ വാശിയേറിയ പോരാട്ടങ്ങൾക്കാണ് ഇനി പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുക. പോയന്റ് നിലയിൽ പിന്നിലാണെങ്കിലും ആഴ്‌സനലിനെ അപേക്ഷിച്ച് താരതമ്യേന എളുപ്പമുള്ള മത്സങ്ങളാണ് സിറ്റിക്കുള്ളത് എന്നതും കിരീടപ്പോരാട്ടത്തിന്റെ അപ്രവചനീയത വർദ്ധിപ്പിക്കുന്നു. ക്യാപ്റ്റൻ  ഓഡിഗാർഡ്, ഗോൾ കീപ്പർ റംസ്‌ടെയ്ൽ, സാക്ക, മാർട്ടിനെലി, തോമസ് പാർട്ടി, ഗബ്രിയേൽ, സിൻചെങ്കോ, മുൻ ക്യാപ്റ്റൻ ഷാക്കാ എന്നിവരാണ് ആഴ്‌സനലിന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെക്കുന്നത്. ലീഗ് ടോപ്പ് സ്‌കോറർ ഹാലണ്ട്, ഡി ബ്രൂണെ, റൂബൻ ഡിയാസ്, സ്റ്റോണ്സ്, ഹുലിയൻ അൽവരെസ്, റോഡ്രി, വാൾക്കർ, ഫോഡൻ, ഗുണ്ടോഗൻ, ഗ്രീലിഷ്, എഡേഴ്സണ്, ബെർണാഡോ സിൽവ തുടങ്ങിയവരുടെ മികച്ച പ്രകടങ്ങളാണ് സിറ്റിയുടെ ശക്‌തി. 



സൗദിയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്ത ശേഷം മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ന്യൂ കാസിൽ നിലവിൽ മൂന്നാമതാണ്. ഇടയ്ക്കൊന്നു മങ്ങിപ്പോയെങ്കിലും തുടർച്ചയായ വിജയങ്ങളിലൂടെ ന്യൂകാസിൽ ലീഗിലെ ആദ്യ നാലു ടീമുകൾക്ക് ലഭിക്കുന്ന അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡും, ടോട്ടൻഹാമും ആണ് ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കാൻ പൊരുതുന്ന മറ്റുരണ്ടു ടീമുകൾ. എറിക് ടാൻ ഹാഗിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ടീമിന്റെ സ്ഥിരതയില്ലായ്മ യൂണൈറ്റഡ് ആരാധകരിൽ ആശങ്ക ഉണർത്തുന്നു. ടീമിന്റെ ടോപ്പ് സ്‌കോറർ ആയ റാഷ്ഫോഡിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയാണ്. റാഷ്ഫോഡിന് പുറമെ ബ്രൂണോ ഫെർണാണ്ടസ്, കാസമിറോ, ലീസാന്ദ്ര മാർട്ടിനെസ്, ലൂക്ക് ഷാ എന്നിവർ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ക്ലബുമായുള്ള തർക്കത്തെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിന് ശേഷം ക്ലബ് വിട്ടിരുന്നു. ക്ലബ് ഉടമസ്ഥരായ US-ലെ ഗ്ലെയ്സർ കുടുംബം ക്ലബ് വിൽപ്പനയ്ക്കായി ഒരുങ്ങുകയാണ്. ഖത്തറിലെ ഒരു ഗ്രൂപ്പ്, സർ ജിം റാഡ്ക്ലിഫ് തുടങ്ങിയവർ ക്ലബ് വാങ്ങാൻ ലേലത്തിൽ പങ്കെടുക്കുന്നു.

 ടോട്ടൻഹാമിന്റെ അവസ്‌ഥയും വ്യത്യസ്‌തമല്ല. പ്രകടനത്തിലെ അസ്ഥിരതയും, ബോർഡുമായുള്ള അഭിപ്രായ ഭിന്നതയും മാനേജർ ആയിരുന്ന അന്റോണിയോ കൊണ്ടെയുടെ ജോലി തെറിപ്പിച്ചു. പുതിയ മാനേജരെ തേടുന്ന ടോട്ടൻഹാം അടുത്ത വർഷം ചാമ്പ്യൻസ് ലീഗിൽ സ്ഥാനം കിട്ടിയില്ലെങ്കിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഉൾപ്പെടെ ടീം വിടുമെന്ന ആശങ്കയിലുമാണ്. അതുകൊണ്ട് തന്നെ ക്ലബിന്റെ ഭാവിക്ക് ഇനിയുള്ള മത്സരങ്ങളും, പുതിയ മാനേജർ നിയമനവും വളരെ പ്രധാനമാണ്. നിരവധി വർഷങ്ങളായി ട്രോഫികളൊന്നും ടോട്ടൻഹാമിന് നേടാൻ കഴിയാത്തതിൽ ആരാധകരും നിരാശരാണ്.

കഴിഞ്ഞ തവണ ലീഗിൽ രണ്ടാമത് എത്തുകയും, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ പ്രധാന ടൂർണമെന്റുകളുടെയും ഫൈനലിൽ എത്തുകയും, FA കപ്പ് വിജയിക്കുകയും ചെയ്ത ലിവർപൂൾ ഈ വർഷം മോശം പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. നിരവധി താരങ്ങളുടെ പരിക്കും, ഫോം നഷ്ടവും ഇതിന് കാരണമാണ്. കാര്യമായ റിക്രൂട്ട്‌മെന്റ് നടത്തിയില്ലെങ്കിൽ വരുന്ന സീസണുകളിലും ടീം തിരിച്ചടി നേരിടാൻ സാധ്യത ഉണ്ട്. 

ഉക്രൈൻ യുദ്ധത്തിന് ശേഷം ഉണ്ടായ വിലക്കുകൾ മൂലം റഷ്യൻ കോടീശ്വരൻ റോമൻ അബ്‌റാമോവിച്ചിന്  ചെൽസി ക്ലബ് ടോഡ് ബോളിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ കണ്സോർഷ്യത്തിന് വിൽക്കേണ്ടി വന്നു. അബ്‌റാമോവിച്ചിന്റെ ഉടമസ്ഥതയിൽ നിരവധി കിരീടങ്ങൾ നേടിയ ചെൽസിക്ക് പുതിയ ഓണർമാർ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ പണം ചിലവാക്കി നിരവധി കളിക്കാരെ കൊണ്ടുവന്നെങ്കിലും ലീഗിൽ കഷ്ടകാലമാണ്. ഈ സീസണിൽ 11 ലീഗ് കളികളിൽ പരാജയപ്പെട്ട ചെൽസി ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്. മനേജർമാരായിരുന്ന തോമസ് ടൂക്കലിനും, ഗ്രഹാം പോർട്ടറിനും സ്ഥാനം നഷ്ടമായപ്പോൾ മുൻ ചെൽസി കളിക്കാരനും മാനേജരും ആയിരുന്ന ഫ്രാൻക് ലാംപാർഡിന് ടീമിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. 

ഗ്രഹാം പോർട്ടറിന്റെ മുൻ ടീം ആയ ബ്രൈറ്റൺ, ഉനൈ എംറി മാനേജർ ആയി വന്നശേഷം ആസ്റ്റൺ വില്ല, ബ്രെണ്ട്ഫോർഡ്, ഫുൾഹാം തുടങ്ങിയ ക്ലബുകൾ ലീഗിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയപ്പോൾ 9 ടീമുകളാണ് ഇപ്പോഴും ലീഗിൽ നിന്ന് തരംതാഴ്ത്തൽ ഒഴിവാക്കാനായി പൊരുതുന്നത്.  ലീഗിൽ അവസാന സ്ഥാനത്ത് എത്തുന്ന 3 ടീമുകൾ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെടും.

ആഴ്‌സനലും സിറ്റിയും തമ്മിലുള്ള കിരീട പോരാട്ടവും, അവശേഷിക്കുന്ന ചാമ്പ്യൻസ് ലീഗ് സ്ഥാനങ്ങൾക്കായുള്ള ന്യൂകാസിൽ, മാഞ്ചസ്റ്റർ യൂണൈറ്റഡ്, ടോട്ടൻഹാം പോരാട്ടവും, റേലിഗേഷൻ ഒഴിവാക്കാനുള്ള ലീഗ് ടേബിളിന്റെ രണ്ടാം പകുതിയിലെ കൂട്ടപ്പൊരിച്ചിലും, യൂറോപ്യൻ ടൂർണമെന്റുകളിലെ സ്പോട്ടുകൾക്കായി ലിവർപൂളും ചെൽസിയും ഉൾപ്പടെയുള്ള വമ്പന്മാരുടെ അവസാന ശ്രമങ്ങളും ഒക്കെയായി ആവേശമേറിയ മത്സരങ്ങളാണ് ഇനി ഈ പ്രീമിയർ ലീഗ് സീസണിൽ പ്രതീക്ഷിക്കാവുന്നത്.
അനൂപ്‌ കിളിമാനൂര്‍

തിങ്കളാഴ്‌ച, ഏപ്രിൽ 10, 2023

പുരുഷപ്രേതം

(Connecting Keralam-ൽ എഴുതിയത്)


"കഥാന്ത്യത്തിൽ കലങ്ങിതെളിയണം 
നായകൻ വില്ലൊടിക്കണം കണ്ണീര് നീങ്ങി കളിച്ചിരിയിലാവണം ശുഭം
കയ്യടി പുറകെ വരണം
എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഃഖമോ ബാക്കിവെയ്ക്കുന്നത്? തിരശ്ശീലയിൽ നമുക്കീ കൺകെട്ടും കാർണിവലും മതി." 
 -സച്ചി


കലാമേന്മ ഉള്ള സിനിമകളെ ആഴത്തിൽ സ്നേഹിച്ചിരുന്ന, അത്തരം സിനിമകളെ സൃഷ്ടിക്കണം എന്ന ആഗ്രഹവുമായി സിനിമയിലേക്ക് വന്ന സച്ചി ഒടുവിൽ സിനിമയെ ഭരിക്കുന്ന ധനതത്വ ശാസ്ത്രത്തോട് മല്ലിട്ട് ക്ഷീണിതനായി കച്ചവട സിനിമകളുടെ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ എഴുതിയ വരികളാണ് മുകളിൽ കുറിച്ചത്. കച്ചവട സിനിമകളിൽ വെന്നിക്കൊടി പാറിച്ച ശേഷം കൂടുതൽ ഗൗരവമേറിയ സിനിമകളിലേക്ക് കടക്കുന്ന കാലത്ത് പക്‌ഷേ ആ സ്വപ്നങ്ങളും, പറയാതെ പോയ കഥകളും ബാക്കിയാക്കി സച്ചി നമ്മെ വിട്ടു പോയി.

വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം തുടങ്ങിയ നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടിയ കൃഷാന്തിന്റെ പുതിയ ചിത്രമായ 'പുരുഷ പ്രേതം' മേൽപ്പറഞ്ഞ സച്ചിയുടെ വാചകങ്ങളോടെയാണ് അവസാനിക്കുന്നത്. മുഖ്യധാരാ കച്ചവട സിനിമയുടെ തിരക്കഥാ രീതിശാസ്ത്രം പിൻപറ്റിയാണ് 'പുരുഷ പ്രേതം' എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ, അതേ സമയം കലാപരമായ മേന്മയും മികച്ച വിഷ്വലുകളും ജഗദീഷിന്റെയും, പ്രകാശ് അലക്‌സാണ്ടറിന്റെയും, ദർശന രാജേന്ദ്രന്റേയും ഉൾപ്പെടെ മികച്ച പ്രകടനങ്ങളും നിറഞ്ഞതാണ് ഈ സിനിമ. 

പലപ്പോഴും കച്ചവട സിനിമകളുടെ നടപ്പുരീതികളെ തലതിരിച്ചിടുന്നതും, മുഴച്ചുനിൽക്കാതെ ആവശ്യമായ മിതത്വം പാലിച്ച് പരിഹസിക്കുന്നതും, വിമർശിക്കുന്നതും കാണാൻ കഴിയും. ഉദാഹരണത്തിന് സാധാരണ നായകനടൻ സ്ക്രീനിൽ എത്തുമ്പോൾ നൽകുന്ന സ്വീകരണം കായലിൽ കിടക്കുന്ന ശവം കരയ്ക്ക് അടുപ്പിക്കാനായി എത്തുന്നയാൾക്കാണ് നൽകിയിരിക്കുന്നത്. തീയേറ്ററുകളിൽ ആരാധകർ പേപ്പറുകൾ കീറി എറിയുന്നത് ഓർമ്മിപ്പിക്കുന്ന രീതിയിൽ ഈ കഥാപാത്രം പ്രവേശിക്കുമ്പോൾ നാട്ടുകാരിലൊരാൾ ഇലകൾ കീറി എറിയുന്നുണ്ട്. അതിമാനുഷ ശക്തിയുള്ള മുഖ്യധാരാ സിനിമകളുടെ നായകൻമാരെ ഓർമ്മിപ്പിക്കുന്ന രീതിയിൽ 'സൂപ്പർ സെബാസ്റ്റ്യൻ' എന്നാണ് പ്രശാന്ത് അലക്സാണ്ടർ അവതരിപ്പിക്കുന്ന SI സെബാസ്റ്റ്യൻ എന്ന നായക കഥാപാത്രത്തെ ജഗദീഷ് അവതരിപ്പിക്കുന്ന CPO ദിലീപ് ഉൾപ്പെടെയുള്ളവർ വിശേഷിപ്പിക്കുന്നത്. എന്നാൽ അവർ പറയുന്ന കഥകളിലെ ഈ സൂപ്പർ വിശേഷണത്തിന് പിന്നിലെ പൊള്ളത്തരങ്ങൾ സിനിമയിലുടനീളം കാണിക്കുന്നു. ഇവിടെ പൊളിച്ചെടുക്കപ്പെടുന്നത് മുഖ്യധാരാ കച്ചവട സിനിമകളിലെ കെട്ടുമാറാപ്പുകളുടെ പൊള്ളത്തരങ്ങൾ കൂടിയാണ്.

ആക്ഷേപ ഹാസ്യം നിറഞ്ഞ അവതരണത്തിലൂടെ പ്രത്യക്ഷത്തിൽ പിടിച്ചിരുത്തുന്ന ഒരു ദൃശ്യാനുഭവം ആയിരിക്കുമ്പോൾ തന്നെ ആഴത്തിൽ വിമർശനാത്മകം ആയ മറ്റൊരു തലം കൂടി നിലനിർത്തുക എന്നത് ബുദ്ധിമുട്ടേറിയ കലാപ്രക്രിയയാണ്. അതിൽ ഒരുപരിധിവരെ വരെ കൃഷാന്ത് വിജയിച്ചിട്ടുണ്ട്. എഡിറ്റിങ്ങും ലൈറ്റിങ്ങും സിനിമാട്ടോഗ്രാഫിയും പശ്‌ചാത്തല സംഗീതവും ശബ്ദമിശ്രണവും ഉൾപ്പെടെ സാങ്കേതികമായും ചിത്രം മികച്ച നിലവാരം പുലർത്തുന്നു. SI സെബാസ്റ്റ്യൻ സൂസന്റെ (ദർശന രാജേന്ദ്രൻ) വീട്ടിൽ എത്തുന്ന സീനിലെ ലൈറ്റിങ്ങും വർണ്ണ വിന്യാസവും സീനിന്റെ ദൃശ്യമികവ് പലമടങ്ങ് ഉയർത്തുന്നു. ചുവന്ന കണ്ണടയുടെ കീഴിൽ, കണ്ണീരിന്റെ ചാലിൽ മുഖത്തു പടർന്ന കണ്മഷിയുമായി കാറിലിരിക്കുന്ന സൂസന്റെ  ഷോട്ടുൾപ്പടെയുള്ള ഓർമ്മയിൽ നിൽക്കുന്ന നിരവധി ദൃശ്യങ്ങൾ ചിത്രത്തിലുണ്ട്. അതുപോലെ സൂസനെ ജഡ്ജ് ചെയ്യാൻ ശ്രമിക്കാതിരിക്കുന്ന സംവിധായകൻ സൂസന്റെ ഭൂതകാലത്തിൽ സംഭവിച്ചതെന്ത് എന്നത് പ്രേക്ഷകന്റെ ഭാവനയ്ക്കും, സൂസന്റെ പ്രവൃത്തികൾ പ്രേക്ഷകന്റെ ധാർമ്മിക ബോധത്തിന്റെ അളവുകോലുകൾക്കും വിട്ടുനൽകുന്നു.

ലക്ഷണമൊത്ത ഒരു മോക്യൂമെന്ററി ആയ ആവാസവ്യൂഹത്തിന് സമാനമായി ആക്ഷേപ ഹാസ്യത്തിലൂടെയുള്ള സാമൂഹ്യ വിമർശനവും, പറച്ചിലിലും പ്രവൃത്തിയിലുമുള്ള വൈരുദ്ധ്യങ്ങളിലൂടെയുള്ള കഥാപാത്ര വികസനവും ഇവിടെയുണ്ട്. എന്നാൽ ഒരു ശവശരീരത്തേയും, അധികാരകേന്ദ്രങ്ങളേയും മുൻനിർത്തി ഉയർത്താൻ ശ്രമിച്ച വിഷയങ്ങൾ മൂർത്തമായ രൂപത്തിൽ മുന്നോട്ടുവെക്കാൻ കഴിഞ്ഞോ എന്ന് സംശയമാണ്. ആവാസവ്യൂഹത്തിലും സമാനമായ പ്രശ്നം അനുഭവപ്പെട്ടിരുന്നു.  എങ്കിലും പുരുഷപ്രേതം തിരശ്ശീലയിലെ വെറും കൺകെട്ടും കാർണിവലും അല്ലതന്നെ എന്ന് നിസംശയം പറയാം. ചിത്രം സോണി ലൈവിൽ ലഭ്യമാണ്.


വ്യാഴാഴ്‌ച, ഏപ്രിൽ 06, 2023

രോമാഞ്ചം

മുൻപ് മലയാള സിനിമയിൽ കാര്യമായി കാണിക്കാത്ത ബാംഗ്ളൂരിലെ ജോലി തിരയുന്ന, ജീവിക്കാനായി കഷ്ടപ്പെടുന്ന, ഐ.ടി. മേഖലയ്ക്ക് പുറത്തുള്ളതുൾപ്പടെയുള്ള മലയാളി യുവത്വം അത്യാവശ്യം നന്നായി അടയാളപ്പെടുത്തി എന്നതാണ് രോമാഞ്ചത്തിന്റെ പ്രത്യേകത ആയി തോന്നിയത്. അതൊഴിച്ചു നിർത്തിയാൽ ഇത് ഒരു ശരാശരി അനുഭവം മാത്രമായിരുന്നു. പ്രേക്ഷകർക്ക് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ലാളിത്യമുള്ള തമാശപ്പടങ്ങൾക്കായി മലയാളികൾ എത്ര കാത്തിരിക്കുകയാണ് എന്നും, അങ്ങനെ പടങ്ങൾ ഉണ്ടായാൽ ഇനിയും വലിയ വിജയങ്ങൾ ഉണ്ടാവും എന്നാണ് ശരാശരി സിനിമ ആയിട്ടുകൂടി ഈ വർഷം ഇറങ്ങിയ 58 മലയാള സിനിമകളിൽ ഏക വലിയ ഹിറ്റായ രോമാഞ്ചത്തിന്റെ വിജയം സൂചിപ്പിക്കുന്നത്.

അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, മാർച്ച് 09, 2023

അർജന്റീന, 1985

1974-ൽ അർജന്റൈൻ പ്രസിഡന്റ് ആയിരുന്ന ഇസബെല്ലാ പെറോണിനെ സൈന്യം അട്ടിമറിച്ചു. 1983-ൽ ജനാധിപത്യം പുനസ്ഥാപിച്ച ശേഷം 1985-ൽ നിരവധി ഭീഷണികൾക്കിടെ ചീഫ് പ്രോസിക്യൂട്ടർ ആയ ഹുലിയോ സീസർ സ്ട്രസ്സേറയുടെ ടീം സൈനിക ഭരണത്തിലെ പ്രധാനികളെ അവർ ചെയ്ത കുറ്റകൃത്യങ്ങളേയും, കൊലപാതകങ്ങളേയും, തട്ടിക്കൊണ്ടു പോകലുകളേയും പറ്റി അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിനെപ്പറ്റിയുള്ള സിനിമയാണ് അർജന്റീന, 1985. ഒരു കോർട്ട് റൂം ഡ്രാമ ആണെങ്കിലും അന്നത്തെ അർജന്റീനയിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളേയും, സൈനിക ഭരണകൂടത്തിന്റെ ക്രൂരതകളേയും ചിത്രം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും, കോടതി രംഗങ്ങളുടെ മികച്ച അവതരണവുംകൊണ്ട് ശ്രദ്ദേയമാണ്.

മികച്ച non-english ചിത്രത്തിനുള്ള ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ഈ ചിത്രം
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും നേടിയിട്ടുണ്ട്. അർജന്റീന, 1985 ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2023

തങ്കം

കുമ്പളങ്ങി നൈറ്റ്‌സിന്റെ ക്ലൈമാക്സ് കുറച്ചധികം ലൗഡ് ആയിപ്പോയെന്നു   ശ്യാം പുഷ്കരൻ പറഞ്ഞത് കേട്ടിട്ടുണ്ട്. ഷമ്മി സൈക്കോപാത്ത് ആയ ഗ്യാപ്പിൽ പാട്രിയാർക്യൽ സമൂഹത്തിന് എതിരായ പല വിമർശനങ്ങളും രക്ഷപെട്ടു പോയോ എന്ന് തോന്നിയിട്ടുണ്ട്. സൈക്കോപാത്ത് എന്ന അവസ്ഥയെക്കാൾ നിലനിൽക്കുന്ന സാമൂഹ്യരീതികളെ പിന്തുടരുന്നതായിരുന്നു ഷമ്മിയുടെ പ്രശ്നമായി ഉയരേണ്ടി ഇരുന്നത്.

അതുകൊണ്ടാണോ എന്നറിയില്ല, കച്ചവട സിനിമ ആവശ്യപ്പെടുന്നത് എന്ന് പൊതുവെ കരുതപ്പെടുന്ന ലൗഡ് ആയ ക്ലൈമാക്സ് ആയിരുന്നില്ല തങ്കത്തിന്റേത്. അതുകൊണ്ട് തന്നെ സമ്പത്തിന്റെ ഏറ്റവും വലിയ രൂപങ്ങളിൽ ഒന്നായി മലയാളി സമൂഹം കണക്കാക്കുന്ന സ്വർണ്ണം കൈകാര്യം ചെയ്യുമ്പോഴും മനുഷ്യർ നേരിടുന്ന ജീവിതാവസ്ഥകളേയും, ബന്ധങ്ങളുടെ വൈരുധ്യാത്മകതയെയും കൂടുതൽ ആഴത്തിൽ അടയാളപ്പെടുത്തിയ സിനിമയായി തങ്കത്തിന് ഉയരാൻ കഴിഞ്ഞു. എന്നാൽ ഒരു ത്രില്ലർ സിനിമകൾ കണ്ടു ശീലിച്ച, ആ വഴിയിലാണ് ഈ പോകുന്നതെന്ന് പ്രേക്ഷകർക്ക് ഉടനീളം സൂചന നൽകിയ Procedural drama ആയി ചിത്രീകരിക്കപ്പെട്ട തങ്കത്തിന്റെ ക്ലൈമാക്സ് പക്ഷേ പലർക്കും വർക്ക് ആകാതെ പോയതും ഇതുകൊണ്ടാവാം. ക്ളൈമാക്‌സ് നരേഷനു സ്വീകരിച്ച രീതിയും ഇതിന് ഒരു കാരണം ആകാം. 

കണ്ണന്റേയും, മുത്തിന്റെയും പൂർവ്വജീവിതങ്ങളും കുടുംബവും കൂടുതൽ കാണിച്ചിരുന്നെങ്കിൽ, അത്തരത്തിലുള്ള ഡിലീറ്റഡ് സീനുകൾ ഉൾപ്പെടെ ഒഴിവാക്കാതിരുന്നിരുന്നെങ്കിൽ ഒരുപക്ഷേ ആ കഥാപാത്രങ്ങളോട്, അവരുടെ മാനസിക വ്യാപാരങ്ങളോടും പിരിമുറുക്കങ്ങളോടും പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം തോന്നിയേനെ എന്നും, ഇത് നിലവിലെ ക്ളൈമാക്സിനെത്തന്നെ കൂടുതൽ പേർക്ക് വർക്ക് ചെയ്യിക്കാൻ സഹായകരം ആയേനെ എന്നും തോന്നുന്നു. ഈ ചെറിയ വിമർശനം  ഉള്ളപ്പോഴും തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട, കണ്ടിരിക്കേണ്ട, ചർച്ച ചെയ്യപ്പെടേണ്ട സിനിമ ആയാണ് തങ്കം അനുഭവപ്പെട്ടത്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, വിനീത് തട്ടിൽ, ഗിരീഷ് കുൽക്കർണി, അപർണ്ണ ബാലമുരളി, കൊച്ചുപ്രേമൻ തുടങ്ങി ഒട്ടുമിക്ക അഭിനേതാക്കളുടേയും മികച്ച പ്രകടനങ്ങളും സഹീദ് അരാഫത്തിന്റെ കയ്യടക്കമുള്ള സംവിധാനവും സാങ്കേതിക മികവും കൊണ്ട് ഈ വർഷം ഇറങ്ങിയതിൽ മികച്ച ചിത്രങ്ങളിൽ ഒന്നാണ് തങ്കം എന്ന് നിസംശയം പറയാം. OTT-യേക്കാൾ ഒരുനല്ല തീയേറ്റർ അനുഭവം അർഹിക്കുന്നുണ്ട് ഭാവന സ്റ്റുഡിയോസ് ഇതുവരെ എടുത്തതിൽ ഏറ്റവും വലിയ സ്‌കെയിലിൽ ഉള്ള ഈ ചിത്രം.

മാർട്ടിൻ സ്‌കോഴ്‌സെസി നിരവധി ഗ്യാങ്സ്റ്റർ സിനിമകൾ എടുത്തിട്ടുണ്ട്. എന്നാൽ ക്രൈമുകളെ ഗ്ലോറിഫൈ ചെയ്യുന്നത് അല്ല അദ്ദേഹത്തിന്റെ സിനിമകൾ, അവ മസ്‌ക്കുലാനിറ്റിക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ പ്രതിഷേധങ്ങളാണ്. ക്രൈമിനെപ്പറ്റി സിനിമയെടുക്കുന്നതോ, ക്രൈം സിനിമയിൽ കാണിക്കുന്നതോ ഒന്നും പ്രശ്നമല്ല. പക്ഷെ ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുന്നതാണ് പ്രശ്നം. അവിടെയാണ്  മുകുന്ദനുണ്ണിയൊക്കെ പരാജയപ്പെടുന്നിടത്ത് തങ്കം വിജയിക്കുന്നത്.


അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, ജനുവരി 25, 2023

പഠാൻ

Action genre-ൽ ഉള്ള ഒരു കണ്ടിരിക്കാവുന്ന സിനിമയാണ് പഠാൻ. റൊമാൻസ്‌ ഒഴിവാക്കി, ഒരു പാട്ടു മാത്രം ഉള്ള genre-നോട് നീതി പുലർത്തിയ ഒരു ചിത്രമാണ് പഠാൻ. എല്ലാ genre-ലും ഫോർമുലകളും, റൊമാൻസും, ഫാമിലി ഡ്രാമയും കുത്തിനിറയ്ക്കുന്ന മുൻകാല ബോളിവുഡ് സിനിമകളെക്കാൾ ഹോളിവുഡ് സിനിമകളുടെ സ്വാധീനം പ്രകടമാണ്. ഒരു SRK ഷോ ആയി ചുരുക്കാതെ, ജോണ് എബ്രഹാം, ദീപിക പദുക്കോൺ തുടങ്ങിയവരുടെ കഥാപാത്രങ്ങൾക്കും ആവശ്യത്തിന് സ്‌പെയ്‌സും, ക്യാരക്ടർ ഡെവലപ്മെന്റും തിരക്കഥ നൽകുന്നുണ്ട്. പൊതുവെ പ്രേക്ഷകരുടെ അറ്റൻഷൻ സ്പാൻ കുറവായ ഈ കാലത്ത് ചിത്രത്തിന്റെ നീളക്കുറവും, ചടുലമായ എഡിറ്റിങ്ങും, ഭേദപ്പെട്ട VFX-ഉം ഗുണകരമാവും. കുറെയൊക്കെ ഫിസിക്സിനേയും ലോജിക്കിനേയും വെല്ലുവിളിക്കുന്നുണ്ട് എങ്കിലും, കോവിഡിന് ശേഷം പ്രേക്ഷകർക്ക് കാര്യമായി ലഭിക്കാതിരുന്ന, നന്നായി മിസ്സ് ചെയ്ത ഒരു ത്രില്ലിംഗ് തീയേറ്റർ അനുഭവം ഈ സിനിമ നൽകുന്നുണ്ട്. അതുകൊണ്ട് ഒരു അതിഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും, പടം സൂപ്പർ ഹിറ്റ് ആവാൻ തന്നെയാണ് സാധ്യത. സൽമാൻ ക്യാമിയോയും നന്നായിരുന്നു. നല്ല ആസ്വാദനത്തിന്‌ തീയേറ്ററുകളിൽ തന്നെ കാണുന്നതാവും നല്ലത്.

അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, ജനുവരി 22, 2023

കാപ്പ

കാപ്പ അത്ര മോശം പടം ആയി തോന്നിയില്ല, തിരുവനന്തപുരത്തെ പഴയ ഗാംഗ് വാറിനെ ഒക്കെ തരക്കേടില്ലാതെ കാണിച്ചിട്ടുണ്ട്. വേണു ISC തന്നെ സംവിധാനം ചെയ്തിരുന്നെങ്കിൽ പടം കുറച്ചുകൂടെ നന്നായിരുന്നേനെ എന്ന് തോന്നി. ആക്ഷൻ സെറ്റ് പീസുകൾ ഒക്കെ ക്ളീഷേ ആയിരുന്നു. 

പിന്നെ തിരുവനന്തപുരത്തെ പഴേ ചില ഗുണ്ടകളെ പറ്റി കേട്ടിട്ടുള്ളത് കണ്ടാൽ ആർക്കും പേടി തോന്നാത്ത, വലിയ സൈസ് ഒന്നും ഇല്ലാത്ത സാധാരണ മനുഷ്യരാണ് എന്നാണ്, ചങ്കൂറ്റത്തിന്റെ മാത്രം ബലത്തിൽ ആണ് പലരും പിടിച്ചു നിന്നിട്ടുള്ളത്. അതുകൊണ്ട് ഒക്കെ ആവും അന്നയെ കാസ്റ്റ് ചെയ്തത്. അപർണ്ണ നല്ല പെർഫോമൻസ് ആയിരുന്നു. വേണമെങ്കിൽ  പൃഥ്വിരാജ് മിസ്സ്‌കാസ്റ്റ് ആയിരുന്നു എന്ന് പറയാം.

അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, ജനുവരി 18, 2023

നവമലയാള സിനിമയിലെ അന്തർമുഖത്വത്തിന്റെ നായക ഭാവങ്ങൾ


മലയാള സിനിമയിൽ അന്തർമുഖരായ (introvert) കഥാപാത്രങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അവരെ പലപ്പോഴും നെഗറ്റീവ് ആയ ഛായ നൽകിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അഥവാ പ്രധാന കഥാപാത്രം ആണെങ്കിൽ കൂടി അന്തർമുഖർ ക്രിമിനലുകളായോ, മാനസിക പ്രശ്നങ്ങൾ ഉള്ള ആളായോ, അതുമല്ലെങ്കിൽ അന്തർമുഖത്വം മാറി നായകൻ 'നന്നാവുന്ന' കമിംഗ് ഓഫ് ഏജ് സ്റ്റോറി ഒക്കെ ആയാണ് അടയാളപ്പെടുത്തുക പതിവ്. അങ്ങനെ അല്ലാതെ, തീർത്തും നോർമൽ ആയ പ്രധാന കഥാപാത്രമായി അന്തർമുഖർ അടയാളപ്പെടുത്തപ്പെട്ടത് ഓർക്കെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം കുറവാണ്. കച്ചവട സിനിമയുടെ ഫോർമുലകളും, ഫോർമാറ്റും ഇതിന് ഒരു കാരണമാകാം.

കുറെയെങ്കിലും അന്തർമുഖത്വത്തെ മാനുഷിക ഭാവത്തോടെ കണ്ടിട്ടുണ്ടത് അടൂരും, കെ. ജി. ജോർജ്ജും, ലോഹിതദാസും, ടി. വി. ചന്ദ്രനും ആണെന്ന് പറയാം. എന്നാലും ഇവരുടെ കഥാപാത്രങ്ങളുടെ അന്തർമുഖത്വം അവരുടെ കുറവുകൾക്കുള്ള ന്യായീകരണമായാണ് കാണിച്ചിരിക്കുന്നത്. ഇരകൾ, എലിപ്പത്തായം, വിധേയൻ, ഡാനി, റോൾ മോഡൽസ്, ചാപ്പാ കുരിശ്, ദൈവത്തിന്റെ വികൃതികൾ, ആർട്ടിസ്റ്റ്, അകം തുടങ്ങി നിരവധി സിനിമകളിൽ അന്തർമുഖർ പ്രധാന കഥാപാത്രങ്ങൾ ആയെങ്കിലും ഒരു മുഖ്യധാരാ നായക കഥാപാത്രത്തിന് വേണമെന്ന് കരുതപ്പെടുന്ന ഗുണഗണങ്ങൾ പതിച്ചുകിട്ടിയവർ ആയിരുന്നില്ല ഇവരൊന്നും. നോർത്ത് 24 കാതവും അന്തർമുഖത്വവും, OCD-യും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, അതിൽ OCD-ൽ നിന്ന് നായകകഥാപാത്രം പുറത്തേക്ക് വരുന്നതിലാണ് ഊന്നുന്നത്. മൺസൂൺ മംഗോസ് ഈ ട്രെന്റിന് ഒരു അപവാദം ആയി പറയാം. പക്‌ഷേ പല കാരണങ്ങൾ കൊണ്ടും പടം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

നമ്മുടെ സമൂഹത്തിന്റെ 30% മുതൽ 50% വരെ അന്തർമുഖർ ആണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ഇത് ചികിത്സിച്ചോ, അല്ലാതെയോ മാറ്റേണ്ട ഒരു പ്രശ്നം അല്ലെന്നും, മനുഷ്യ സ്വഭാവത്തിന്റെ സ്വാഭാവികമായ ഒരു സവിശേഷത ആണെന്നും ഉള്ള വസ്‌തുത സമൂഹത്തിലും, അതിന്റെ പ്രതിഫലനങ്ങൾ ആയ സിനിമയിലും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നു കാണാൻ കഴിയും. ആശയ പ്രകാശനത്തിന്റെ പുതുരൂപങ്ങൾ ആയ ടിക് ടോക്-ഇൻസ്റ്റാഗ്രാം വീഡിയോകൾ പോലും അന്തർമുഖത്വത്തെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ട ഒരു വലിയ പ്രശ്നമായാണ് അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചാം പാതിര പോലുള്ള ക്രൈം ത്രില്ലറുകൾ സൈക്കോപ്പാത്തുകൾ ആയ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷത ആയാണ് അന്തർമുഖത്വത്തെ അടയാളപ്പെടുത്തുന്നത്. 

അതേസമയം മുഖ്യധാര സിനിമകളിൽ  ഒരുപരിധിവരെ എങ്കിലും അന്തർമുഖനായ, എന്നാൽ അതൊരു കുറവായി കാണിക്കാതെ അവതരിപ്പിച്ച നായക കഥാപാത്രത്തെ കണ്ടത് ഗിരീഷ് എ.ഡി.യും, ഡിനോയ്‌ പൗലോസും രചന നിർവ്വഹിച്ചു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'തണ്ണീർ മത്തൻ ദിനങ്ങളി'ലെ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സണ് ആണ് എന്ന് പറയാം. മിക്ക ഇൻട്രോവർട്ടുകളെയും പോലെ അടുത്ത സൗഹൃദ വലയങ്ങൾക്കുള്ളിൽ എക്സ്‌ട്രോവെർട്ടിനെ പോലെ പെരുമാറുന്ന ജെയ്സണ് പക്ഷേ പലപ്പോഴും അങ്ങനെയല്ല പൊതു സമൂഹത്തിൽ കാണപ്പെടുന്നത്. ക്ലാസിനു മുന്നിൽ പുസ്തകം വായിക്കുമ്പോഴും, നായികാ കഥാപാത്രത്തോട് നേരിട്ട് ഇഷ്ടം തുറന്നുപറയാൻ കഴിയാതിരിക്കുമ്പോഴും ഒക്കെ ജെയ്സന്റെ അന്തർമുഖ സ്വഭാവം പ്രകടം ആവുന്നുണ്ട്. ജെയ്സനേക്കാൾ അന്തർമുഖൻ ആണ് വീടിനുള്ളിൽത്തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന, നാട്ടുകാർ എന്തിനാ ഇങ്ങോട്ട് വരുന്നത് എന്ന് ചോദിക്കുന്ന ഡിനോയ്‌ പൗലോസിന്റെ ജെയ്സന്റെ ചേട്ടനായ ജോയ്‌സന്റെ കഥാപാത്രം.


മലയാളസിനിമ കണ്ടുശീലിച്ച, ആഘോഷിക്കപ്പെട്ട, എപ്പോഴും ആത്മവിശ്വാസത്തോടെ മാത്രം സമൂഹത്തിൽ ഇടപെടുന്ന ബഹിർമുഖരായ (extrovert) നായക കഥാപാത്രങ്ങളിൽ നിന്നും ജെയ്സണ് ഈ അർത്ഥത്തിൽ മാറി നിൽക്കുന്നു. അതുകൊണ്ടു കൂടിയാണ് മുൻപ് മലയാള സിനിമയിൽ കാര്യമായി കണ്ടിട്ടില്ലാത്ത ജെയ്സന്റെ കഥയുടേയും, സ്വഭാവ സവിശേഷതകൾകളുടേയും, പ്രണയത്തിന്റേയുമൊക്കെ സത്യസന്ധമായ ആവിഷ്കാരത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്.

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'സൂപ്പർ ശരണ്യ'യിൽ അന്തർമുഖയായ ശരണ്യയെ നായികാ കഥാപാത്രം ആയി ഗിരീഷ് എ.ഡി. അവതരിപ്പിച്ചു. തണ്ണീർ മത്തനിൽ എക്സ്ട്രോവേർട്ട് ആയ നായികാ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച അനശ്വര രാജൻ ആണ് ഈ സിനിമയിൽ ശരണ്യയെ അവതരിപ്പിച്ചത്. പഠനത്തിൽ മിടുക്കിയായ ശരണ്യ കോളേജ് പഠനത്തിനായി താൽപ്പര്യം ഇല്ലാതെ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുന്നു. റാഗിംഗും, പ്രേമാഭ്യർത്ഥനകളും ഉൾപ്പെടെ സീനിയേഴ്‌സിൽ നിന്ന് നിരവധി പ്രശ്നങ്ങളെ നേരിടുന്ന ശരണ്യ അവധിയെടുത്ത് വീടിന്റെ സുരക്ഷിത്വത്തിലേക്ക് തിരിച്ചു പോയാണ് ആദ്യം ഇതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നാട്ടിലും പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക്  വരുന്നത്‌ ശരണ്യയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരമാവധി അത്തരം അറ്റൻഷനുകളിൽ നിന്ന് മാറിനിൽക്കാനാണ് ശരണ്യ ശ്രമിക്കുന്നത്. തങ്ങളുടെ പലരുടെയും ഇതുപോലുള്ള സ്വഭാവ സവിശേഷതകളും കൂടിയാണ് ശരണ്യയ്ക്ക് നൽകിയിട്ടുള്ളത് എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ലേഖകന്റെ കാര്യവും വ്യത്യസ്തമല്ല.

ബഹിർമുഖരായ സോന ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്ക് എളുപ്പം ഹോസ്റ്റലിലെ സാഹചര്യങ്ങളെ നേരിടാൻ സാധിക്കുമ്പോൾ ശരണ്യയ്ക്ക് തുടക്കത്തിൽ അത് ബൗദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പഠനം തുടർന്നുപോകുമ്പോൾ കോളേജിലേയും, ഹോസ്റ്റലിലേയും സാഹചര്യങ്ങളോട് ശരണ്യ കൂടുതൽ ഇണങ്ങുന്നുണ്ട്. എങ്കിലും dominating character ആയ സോന ശരണ്യയ്ക്കും, അവരുടെ 'ധാബാ ഗേൾസ്' എന്ന ഗ്യാങിനും മേൽ എപ്പോഴും വലിയ നിയന്ത്രണങ്ങൾ കയ്യാളുന്നുണ്ട്. ശരണ്യയുടെ വ്യക്തിജീവിതത്തിലും, പ്രണയത്തിലും ഒക്കെ സോന അധികാരപൂർവ്വം കൈ കടത്തുന്നതും, ശരണ്യയുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ പോലും ശരണ്യയ്ക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നതും കാണാം. ഇത് അന്തർമുഖത്വം ഉള്ള പലർക്കും അനുഭവം ഉള്ളതാണ്. ഇതിൽ നിന്ന് സ്വയമേവ മുക്തയാവാൻ ശരണ്യയ്ക്ക് കഴിയുന്നില്ല. അതിനും  ശരണ്യയുടെ കാമുകൻ ആയ ദീപുവിന്റെ (അർജുൻ അശോകൻ) ഇടപെടൽ വേണ്ടിവരുന്നു. 

രണ്ടു സിനിമകളിലെയും മറ്റൊരു പ്രധാന ഘടകം ജോയ്‌സന്റേയും, ശരണ്യയുടേയും ജീവിതത്തിൽ വളരെ അധികാര പൂർണമായും, ചിലപ്പോഴൊക്കെ ഹിംസാത്മകം എന്നു കണക്കാവുന്ന വിധത്തിലും ഇടപെടുന്ന രണ്ടു കഥാപാത്രങ്ങളാണ്. തണ്ണീർ മത്തനിൽ ഇത് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭൻ ആണെങ്കിൽ, സൂപ്പർ ശരണ്യയിൽ ഇത് വിനീത് വാസുദേവൻ അവതരിപ്പിച്ച അർജുൻ റെഡ്ഢിയുടെ സ്പൂഫ് ആയി കണക്കാക്കാവുന്ന അജിത് മേനോൻ എന്ന കഥാപാത്രം ആണ്. രവി പത്മനാഭൻ ജയ്സണുമേൽ അധ്യാപകൻ എന്ന അധികാരം ആണ് ഉപയോഗിക്കുന്നതെങ്കിൽ, അജിത് മേനോൻ ശരണ്യയുടെ മേൽ പ്രയോഗിക്കുന്നതും ശരണ്യയോട് തന്നെ പ്രണയിക്കാൻ ആവശ്യപ്പെടുന്നതും സീനിയർ എന്ന അധികാരം ഉപയോഗിച്ചാണ്. അന്തർമുഖർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നതും, അതിജീവിക്കാൻ ബുദ്ധിമുട്ട് ഏറിയതുമായ സംഗതിയാണ് ഇത്തരത്തിലുള്ള അധികാര പ്രയോഗങ്ങൾ. രണ്ടു സന്ദർഭങ്ങളിലും ബാഹ്യമായ സാഹചര്യങ്ങളുടേയും വ്യക്തികളുടേയും ഇടപെടലുകളാണ് ജെയ്സണേയും, ശരണ്യയെയും രക്ഷിക്കുന്നത്.

ഗിരീഷ് എ.ഡി.യും, റീജു ജോസും ചേർന്ന് നിർമ്മിക്കുകയും കിരൺ ജോസിയും, ആദർശ് സദാനന്ദനും ചേർന്ന് എഴുതി കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എൻജിനീയറിങ് വർക്ക്‌സ് എന്ന ഷോർട്ട് ഫിലിമും ഒരു ഇന്ററോവർട്ട് പ്രണയ കഥ എന്ന രീതിയിൽ പ്രസക്തമാണ്. ഇതിന്റെ എഴുത്തുകാർ രണ്ടുപേരും തങ്ങളുടെ ഇന്ററോവെർട്ട് നേച്ചർ ആണ് പ്രധാന കഥാപാത്രം ആയ അനുരാഗിന്റെ കഥാപാത്ര നിർമ്മിതിയിൽ പ്രതിഫലിക്കുന്നത് എന്ന് പറയുന്നുണ്ട്. സൂപ്പർ ശരണ്യയിലെ 'അജിത് മേനോൻ' ഉൾപ്പെടെ ലൗഡായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനീത് വാസുദേവ് അനുരാഗ് ആയുള്ള ഒതുക്കമുള്ള പ്രകടനമാണ് ഈ ഷോർട്ട് ഫിലിമിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. അഖില ഭാർഗവൻ അവതരിപ്പിച്ച നീതു എന്ന കഥാപാത്രത്തോട് ഉണ്ടാകുന്ന അനുരാഗം അറിയിക്കാനുള്ള അനുരാഗിന്റെ ശ്രമങ്ങളും, അത് അനുരാഗിന്റെയും നീതുവിന്റേയും ജീവിതങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തുന്നു എന്നതുമാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രമേയം. തീർത്തും നോർമൽ ആയ മനുഷ്യൻ ആയി അനുരാഗ് എന്ന കഥാപാത്രത്തെ സമീപിക്കുന്നതും, അനുരാഗിന്റേയും നീതുവിന്റേയും മാനസിക വ്യാപാരങ്ങളെ സത്യസന്ധമായി സമീപിക്കുന്നതുമാണ് ഈ ഷോർട്ട് ഫിലിമിനെ മികച്ചതാക്കുന്നത്.

സമൂഹത്തിന്റെ മൂന്നിലൊന്ന് മുതൽ രണ്ടിലൊന്ന് വരെ പല അളവിൽ അന്തർമുഖത്വം ഉള്ളവരാണ്. എന്നാൽ സമൂഹത്തിന്റേയും, സ്ഥാപനങ്ങളുടേയും നേതൃ സ്ഥാനങ്ങൾ വഹിക്കുന്നതിൽ 96%-വും ബഹിർമുഖരാണ്. ഇതിനൊരു കാരണം ആശയങ്ങൾ ഒരു ഓഡിയൻസിന് മുന്നിൽ പ്രകടിപ്പിക്കാനും, സമൂഹത്തിൽ ഇടപെടാനും ബഹിർമുഖരെ അപേക്ഷിച്ച് അന്തർമുഖർക്കുമേൽ അടിച്ചേല്പിക്കപ്പെടുന്ന പരിമിതികളാണ്. നമ്മുടെ ക്ലാസ് മുറികൾ പോലും ബഹിർമുഖരെ കണക്കാക്കി സജ്ജീകരിച്ചിട്ടുള്ളതാണ്. സംസാരിക്കാനുള്ള കഴിവാണ് പലപ്പോഴും മികവ്‌ മനസിലാക്കുന്നതിനുള്ള ഏക അളവുകോലായി കണക്കാക്കുന്നത്. ക്ലാസിനുമുന്നിൽ എപ്പോഴും എഴുന്നേറ്റു നിന്ന് സംസാരിക്കുന്നവരെയാണ് പലപ്പോഴും മിടുക്കാരായി കണക്കാക്കുന്നത്. എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നിട്ടും അതിങ്ങനെ പ്രകടിപ്പിക്കാനുള്ള പരിമിതി മനസ്സിലാക്കി, അങ്ങനെയുള്ള വിദ്യാർത്ഥികളെക്കൂടി മുന്നോട്ടു കൊണ്ടുവന്നു അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടിയിരിക്കുന്നു. ചെറുപ്പകാലം മുതലേ സമൂഹത്തൊടുള്ള ഇടപെടലുകളിൽ നിലനിൽക്കുന്ന ഇത്തരം ചിട്ടവട്ടങ്ങളോട് വഴങ്ങാനുള്ള പോരാട്ടമാണ് സമൂഹത്തിന്റെ പകുതിയും വരുന്ന അന്തർമുഖരുടെ ജീവിതങ്ങൾ. അധികം സംസാരിക്കാതെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ താല്പര്യപ്പെടുന്നതും മനുഷ്യ സഹജമായ കാര്യങ്ങളാണെന്നും, അതിന്റെ പേരിൽ ആരെയും ജഡ്ജ് ചെയ്യേണ്ട കാര്യമില്ല എന്നുമൊക്കെ മനസ്സിലാക്കാനുള്ള maturity സമൂഹത്തിന് ഇനിയും ഉണ്ടാവേണ്ടി ഇരിക്കുന്നു എന്നത് സങ്കടകരമായ സംഗതിയാണ്. അന്തർമുഖർ കുറച്ചു കൂടി സെൻസിറ്റീവ് ആയിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സെൻസിറ്റിവിറ്റിയെ മനസ്സിലാക്കാനും, അത് സമൂഹത്തിന്റെ  മെച്ചത്തിനായി ഉപയോഗിക്കാനുമുള്ള പരിശ്രമങ്ങളാണ് വേണ്ടത്.

ക്രിയേറ്റിവായ മേഖലകളിൽ കഴിവു തെളിയിച്ച പലരും അന്തർമുഖരാണ്. മുറിയിൽ ഒറ്റയ്ക്ക് മണിക്കൂറുകളോളം  സൃഷ്ടിപരമായ പ്രവൃത്തികളിലും, പരീക്ഷണ-നിരീക്ഷണങ്ങളിലും മുഴുകാൻ അന്തർമുഖത്വം സഹായകരം ആയെന്നുവരാം. പ്രശസ്തരായ നിരവധി എഴുത്തുകാരും, ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും മാഡം ക്യൂറിയും ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരും, ഗാന്ധിയും മാർക്‌സും അംബേദ്കറും ലിങ്കണും നെൽസൻ മണ്ടേലയും ഉൾപ്പടെ ലോകത്തെ നയിച്ചവരും, ബീതോവനും എ. ആർ. റഹ്‌മാനും ബോബ് ഡൈലനും ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞരും, സച്ചിനും മെസ്സിയും വിശ്വനാഥൻ ആനന്ദും ഉൾപ്പടെ തങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന നിരവധി കായിക പ്രതിഭകളും, ഷാരൂഖ് ഖാനും മോഹൻലാലും ഫഹദ് ഫാസിലും എമ്മ വാട്സണും മെറിൽ സ്ട്രീപ്പും ഡാനിയേൽ ഡേയ് ലൂയിസും ഉമ തർമനും ഉൾപ്പെടെയുള്ള അഭിനേതാക്കളും, ടെറൻസ് മാലിക്കും സ്റ്റീഫൻ സ്പിൽബർഗും ജെയിംസ് കാമറൂണും ഹിച്ച്കോക്കും ഉൾപ്പടെയുള്ള സംവിധായകരും അന്തർമുഖരാണ്. അന്തർമുഖരിൽ തന്നെ ഓരോ വ്യക്തികളിലും അത് പല അളവിലാണ്. ഇത് മനസ്സിലാക്കി ഓരോ വ്യക്തികളേയും ആവരുടെ സ്വാഭാവികമായ മാനസിക പരിസ്‌ഥിതികളിൽ അംഗീകരിച്ച് മുന്നോട്ടു പോകുന്നത് സമൂഹത്തിന്റെ അയഥാർഥ്യമായ പ്രതീക്ഷകൾ ഏൽപ്പിക്കുന്ന അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കി സാമൂഹ്യ ജീവിതം കൂടുതൽ ലളിതമാവാൻ സമൂഹത്തെ മുഴുവൻ സഹായിക്കും. ബഹിർമുഖരേയും, അന്തർമുഖരേയും ഉൾക്കൊണ്ടുള്ള ടീം വർക്കിനാണ് കൂടുതൽ വിജയ സാധ്യത എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

പി.എസ്: ഗിരീഷ് എ.ഡി.യും തണ്ണീർ മത്തൻ ദിനങ്ങളുടേയും, സൂപ്പർ ശരണ്യയുടേയും സഹനിർമ്മാതാവായ ഷബിൻ ബേക്കറും ചേർന്ന് നിർമ്മിച്ച്, ഈ രണ്ടു സിനിമകളിലും അഭിനയിച്ച വരുണ് ധാര തിരക്കഥയും, വിനീത് വാസുദേവൻ സംവിധാനവും നിർവ്വഹിക്കുന്ന 'പൂവൻ' ജനുവരി 20-ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ആന്റണി വർഗീസ്, സജിൻ ചെറുകയിൽ, അനീഷ്‌മ അനിൽകുമാർ, അഖില ഭാർഗവൻ, ആനീസ് എബ്രഹാം, വിനീത് വാസുദേവൻ, വരുണ് ധാര, ഗിരീഷ് എ. ഡി., വിനീത് വിശ്വം, ബിന്ദുസതീഷ്കുമാർ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, ജനുവരി 03, 2023

കാന്താര മുതൽ കടൈസി വ്യവസായി വരെ: 2022-ലെ മികച്ച ഇന്ത്യൻ സിനിമകൾ




നിരവധി ചിത്രങ്ങളിൽ ഗാനങ്ങളും, സംഭാഷണങ്ങളും എഴുതുകയും, ബുൾബുൾ എന്ന തന്റെ ആദ്യചിത്രത്തിലൂടെ ചിത്രത്തിലൂടെ മികച്ച സംവിധായികയായി പേരെടുക്കുകയും ചെയ്ത അൻവിത ദത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഘല. ഇത് കാലത്തിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് ഘല എന്ന ഗായികയുടെ ജീവിതം പറയുന്ന സിനിമയാണ്. ബുൾബുളിലെ നായികയായി മികച്ച പ്രകടനം കാഴ്ച വെച്ച തൃപ്തി ദിംറിയാണ് ഘലയായെ അവതരിപ്പിക്കുന്നത്. സ്വാസ്തിക മുഖർജി, അന്തരിച്ച പ്രശസ്ത നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാൻ, അമിത് സിയാൽ, വരുണ് ഗ്രോവർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ മികച്ച സിനിമാറ്റോഗ്രാഫിക്കും, വിഷ്വൽസിനും, പശ്ചാത്തല സംഗീതത്തിനും, മികച്ച ഗാനങ്ങൾക്കും ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടി കൊണ്ടാണ് ശ്രദ്ധേയം ആകുന്നത്.

ഇരട്ടകൾ ആയിരുന്നെങ്കിലും അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചുതന്നെ ഘലയ്ക്ക് തന്റെ സഹോദരനെ നഷ്ടമാകുന്നു. മകനെ ആഗ്രഹിച്ചിരുന്ന അമ്മ ഇതുമൂലം ഘലയോട് എപ്പോഴും അകലം പാലിക്കുകയും, ഘലയിലെ ഗായികയെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. ജഗൻ എന്ന അനാഥനായ ഗായകനെ അമ്മ വീട്ടിൽ കൊണ്ടുവരുകയും ജഗന്റെ കരിയറിനെ പ്രൊമോട്ട് ചെയ്യാൻ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുകയും ചെയ്യുന്നു. ഇത് വീടിനുള്ളിൽ പോലും ഘലയുടെ അന്യതാ ബോധം വളർത്തുകയും ചെയ്തു. തുടർന്ന് ഗായികയാവാനായി ഘല ചെയ്യുന്ന കാര്യങ്ങളും, ഇതുമൂലം ഘലയിൽ കരിയറിനൊപ്പം വളരുന്ന കുറ്റബോധവുമാണ് തുടർന്ന് ചിത്രത്തിൽ കാണിക്കുന്നത്. കുടുംബത്തിലും, സമൂഹത്തിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയേയും ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങളേയും ഒട്ടും ലൗഡ് ആവാതെ കൃത്യമായി അടയാളപ്പെടുത്താൻ അൻവിത ദത്തിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീവിരുദ്ധത നിറഞ്ഞ സമൂഹത്തിൽ പുരുഷന്റെ കുറ്റബോധമാണ് യക്ഷീസങ്കൽപ്പെന്ന വാദത്തെ അടയാളപ്പെടുത്തിയ 'ബുൾബുളി'ന് ശേഷം അൻവിത ദത്തിന്റെ പ്രശംസനീയമായ ശ്രമമാണ് 'ഘല'. ചിത്രം Netflix-ൽ ലഭ്യമാണ്.



അവനേ ശ്രീമൻ നാരായണ, ഗരുഡ ഗമന ഋഷഭ വാഹന, ഉളിഡവാരു കണ്ടാതെ, കിറിക് പാർട്ടി, ചാർളി 777, ഒണ്ടു മോട്ടേയ കഥേ തുടങ്ങിയ ചിത്രങ്ങളിലൂടെ രക്ഷിത്, രാജ് ഷെട്ടിമാർക്കൊപ്പം കന്നഡ സിനിമയിൽ പുതിയ സിനിമാ അനുഭവങ്ങൾ നൽകുന്ന റിഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് കാന്താര. രാജ്‌ഷെട്ടി ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ രചനയിലും, കൊറിയോഗ്രാഫിയിലും പങ്കുവഹിച്ചു. വടക്കൻ കേരളത്തിലെ തെയ്യത്തിന് സമാനമായ ഭൂതക്കോലത്തിന്റെ പശ്‌ചാത്തലത്തിൽ കാട്ടിൽ ജീവിക്കുന്ന ട്രൈബൽ വിഭാഗങ്ങളും, സ്റ്റേറ്റും, ഫ്യൂഡൽ ലാൻഡ്ലോഡുകളും തമ്മിലുള്ള സംഘർഷങ്ങളെ ചിത്രീകരിക്കുന്ന കാന്താര സാമൂഹ്യവും, സാമ്പത്തികവും, ജാതിപരവുമായ അടിച്ചമർത്തലുകൾ നേരിടുന്നവർക്കൊപ്പം എടുക്കുന്ന നിലപാടുകൾ പ്രധാനമാണ്.

മുൻപ് നാട്ടുരാജാവ് ട്രൈബൽ വിഭാഗങ്ങൾക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന നാട്ടു രാജാവിന്റെ പിന്തലമുറക്കാരും, നിയമങ്ങളുടെ നടത്തിപ്പിന്റെ പേരിലുള്ള നിയന്ത്രണങ്ങളാൽ ട്രൈബൽ ജനവിഭാഗങ്ങളുടെ സ്വാഭാവിക ജീവിതം തടസ്സപ്പെടുത്തുന്ന സ്റ്റേറ്റും ഇതിൽ വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ സ്റ്റേറ്റിന്റെ ഇടപെടലുകളുമായി സന്ധിചെയ്യുന്നു എന്ന വിമർശനവും ഉണ്ട്. റിഷഭ് ഷെട്ടിയുടെ കഥാപാത്രം ടോക്സിക്ക് മസ്കുലാനിറ്റിയെ പ്രൊമോട്ട് ചെയ്യുന്നു എന്ന വിമർശനവും, എന്നാൽ ആ കഥാപാത്രം അങ്ങനെയുള്ള വ്യക്തി ആണെന്നും ആ നിലപാടുകളെ ന്യായീകരിക്കാനോ ആഘോഷിക്കാനോ ശ്രമിക്കുന്നില്ല എന്ന മറുവാദവും ഉണ്ട്. കാടിന്റേയും, ഭൂതക്കോലത്തിന്റേയും, കമ്പാല എന്ന തെക്കുപടിഞ്ഞാറൻ കർണ്ണാടകയിലെ കാളയോട്ടത്തിന്റേയും, സംഘട്ടന രംഗങ്ങളുടേയും മികച്ച ചിത്രീകരണവും റിഷഭ് ഷെട്ടിയും, കിഷോറും ഉൾപ്പെടെയുള്ളവരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ മേന്മകളാണ്. ബ്രസീലിയൻ ചിത്രമായ ബാക്കറാവുവിനേയും, തമിഴ് ചിത്രമായ കർണ്ണനേയും ചിത്രത്തിന്റെ ക്ലൈമാക്സ് ഓർമ്മിപ്പിക്കുന്നു. സിനിമയെക്കുറിച്ചുള്ള അഭിപ്രായം എന്തായാലും അവഗണിക്കാനാവാത്ത സിനിമയാണിത്.

പഞ്ചുരുളിയുടെ ഉത്ഭവത്തെക്കുറിച്ചും നിരവധി ചർച്ചകൾക്ക് ചിത്രം ഇടവെച്ചു. തൈക്കുടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനത്തിന്റെ ഓർക്കസ്ട്ര അറേഞ്ച്മെന്റ് അടക്കം കോപ്പി ചെയ്തതാണ് കാന്താരയിലെ 'വരാഹരൂപം' എന്ന ആരോപണവും ഉയർന്നു. ഇതിപ്പോൾ കോടതിക്ക് മുന്നിലാണ്. കാന്താര Amazon പ്രൈം വീഡിയോയിലും, ഹിന്ദി ഡബ്ബ്ഡ് വെർഷൻ Netflix-ലും സ്ട്രീം ചെയ്യുന്നു.


കൽക്കിയുടെ പ്രശസ്ത തമിഴ് നോവൽ പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ എം.ജി.ആറും, കമൽ ഹാസനും ഉൾപ്പെടെ നിരവധി പേർ അര നൂറ്റാണ്ടിനു മുകളിൽ പരിശ്രമിച്ചിരുന്നു. ഒടുവിൽ മണിരത്‌നത്തിനാണ് ഇത് സാധ്യമായത്. കൽക്കിയുടെ നോവൽ പരിചയമില്ലാത്ത തമിഴ്നാട്ടുകാർ അപൂർവ്വമായിരിക്കും. അവരെ ഉദ്ദേശിച്ചു എടുത്തതുകൊണ്ടും, അഞ്ചു വലിയ പുസ്തകങ്ങളെ രണ്ടു സിനിമകളാക്കി ചുരുക്കിയതുകൊണ്ടും നോവലിൻറെ വിശദാംശങ്ങൾ അറിയാത്തവർക്ക് ആദ്യ കാഴ്ച അത്ര എളുപ്പമല്ല എന്ന വിമർശനം വന്നെങ്കിലും ഇരുകയ്യും നീട്ടിയാണ് സിനിമയെ തമിഴ്നാട് സ്വീകരിച്ചത്. 70 വയസ്സിനു മുകളിൽ ഉള്ളവരെ വരെ തീയേറ്ററുകളിലേക്ക് വലിയ രീതിയിൽ തിരിച്ചുകൊണ്ടുവരാൻ ഈ സിനിമയ്ക്ക് സാധിച്ചു.

കൽക്കിയുടെ ക്ലാസിക്ക് നോവലിന് അർഹിച്ച മനോഹരമായ സിനിമാവിഷ്കാരമാണ് മണിരത്നം ഒരുക്കിയത്. കാർത്തി, വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, പ്രകാശ് രാജ് എന്നിവരുടെ മികച്ച പ്രകടനങ്ങളും, തോട്ട ധരണിയുടെ കലാസംവിധാനവും, രവി വർമ്മന്റെ ഛായാഗ്രഹണവും, എ.ആർ. റഹ്‌മാന്റെ സംഗീതവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ചിത്രം ഇപ്പോൾ പ്രൈം വീഡിയോയിൽ ലഭ്യമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം  2023 ഏപ്രിൽ28-ന് റിലീസ് ചെയ്യും.


'വൃത്താകൃതിയിലുള്ള ചതുര'ത്തിന് ശേഷം കൃഷാന്ത് സംവിധാനം ചെയ്ത സിനിമയാണ് ആവാസവ്യൂഹം: The Arbit Documentation of An Ambhibian Hunt. മികച്ച തിരക്കഥയ്ക്കും, മികച്ച സിനിമയ്ക്കുമുള്ള സംസ്ഥാന അവാർഡും 26-ആമത് IFFK-യിൽ മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി, നെറ്റ്പാക്ക് അവാർഡുകളും ലഭിച്ച ആവാസവ്യൂഹം ആഗസ്റ്റിൽ സോണി ലൈവിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. സോണി ലൈവ് പ്രദർശനത്തിന് എത്തിച്ച മികച്ച മലയാളം സിനിമകളിൽ ഒന്നായ ഇത് കഴിഞ്ഞ വർഷത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ 'മോക്കുമെന്ററി' ആയി ഇതിനെ കണക്കാക്കാം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളേയും, ഇതിൽ നടക്കുന്ന ഇടപെടലുകളേയും, പ്രകൃതി സംരക്ഷണത്തിനുള്ള പോരാട്ടങ്ങളേയും, അതിന്റെ പേരിലുള്ള തട്ടിപ്പുകളേയും ചിത്രം ആക്ഷേപഹാസ്യം പുരട്ടി വർണ്ണിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് മനുഷ്യ ചരിത്രത്തിൽ ഉള്ളത്. അതിന്റെ വിവിധ മാനങ്ങൾ കാല്പനികതയ്ക്ക് ഉപരിയായി യാഥാർഥ്യ ബോധത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.




മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച കാക്ക മുട്ടൈ, കുട്രമേ തണ്ടണയ്, ആണ്ടവൻ കാട്ടാളൈ തുടങ്ങിയ സിനിമകളുടെ സംവിധായകൻ ആയ എം. മണികണ്ഠൻ രചനയും, ഛായാഗ്രഹണവും, നിർമ്മാണവും, സംവിധാനവും നിർവഹിച്ച സിനിമയാണ് കടൈസി വ്യവസായി. നല്ലാണ്ടി, മുനീശ്വരൻ, കാളിമുത്തു, ചാപ്ലിൻ സുന്ദർ, വിജയ് സേതുപതി, യോഗി ബാബു തുടങ്ങിയവർ വേഷമിട്ട ചിത്രം മായാണ്ടി എന്ന 85-കാരനായ കർഷകന്റെ ജീവിതമാണ് പറയുന്നത്.

ഗ്രാമത്തിലെ പ്രധാന കർഷകരെല്ലാം വരൾച്ചയും, കൃഷി നഷ്ടവും മൂലം കൃഷിഭൂമി വിറ്റ് മറ്റ് മേഖലകളിലേക്ക് ഉപജീവനം തേടി പോകുമ്പോഴും മായാണ്ടി കൃഷിയിൽ ഉറച്ചുനിൽക്കുന്നു. തന്റെ പൂർവ്വികരിൽ നിന്ന് ലഭിച്ച ഭൂമി പല പ്രലോഭനങ്ങൾക്കിടയിലും വിൽക്കാൻ മായാണ്ടി തയ്യാറാവുന്നില്ല. തന്നൊടുള്ള പ്രണയത്തെ പെണ്കുട്ടിയുടെ വീട്ടുകാർ എതിർത്തതുമൂലം കാമുകി ആത്‍മഹത്യ ചെയ്തതിനു ശേഷം മാനസിക പ്രശ്നങ്ങൾ നേരിടുന്ന മായാണ്ടിയുടെ ഏക മകന്റെ കഥാപാത്രമായ രാമയ്യയെ ആണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കാമുകി ഇപ്പോഴും തന്റെ കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ ആരാധനാലയങ്ങളിലേയ്ക്കുള്ള ദൂരങ്ങൾ നടന്നു തീർക്കുകയാണ് രാമയ്യ. വരൾച്ചയും മറ്റു ദുരിതങ്ങളും മാറാനായി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടത്തുന്ന ഉത്സവത്തിന് കാഴ്ചവെയ്ക്കാൻ കന്നിവിളയ്ക്കായി ഗ്രാമത്തിലെ അവസാനത്തെ കർഷകനായ മായാണ്ടിയെ ഗ്രാമവാസികൾ സമീപിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും, ഗ്രാമീണ ജീവിതങ്ങളും നിയമ വ്യവസ്ഥയുമായി നിലനിൽക്കുന്ന സങ്കീർണമായ ബന്ധങ്ങളും വിവരിക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. വിജയ് സേതുപതി പ്രൊഡക്ഷൻസ് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ സോണി ലൈവിൽ ലഭ്യമാണ്.

കൂടാതെ ഗാർഗി, ഡാർലിംഗ്‌സ്, ചവിട്ട്, അറ്റൻഷൻ പ്ലീസ്, മോണിക്ക ഓ മൈ ഡാർലിംഗ്, വിക്രം, ഡിയർ ഫ്രണ്ട്, പ്രാപ്പിട, അപ്പൻ, റോയ്, ജയ ജയ ജയ ജയ ഹേ, കെജിഫ്‌ 2, ഭൂതകാലം, താർ, ഗംഗുഭായി കതിയാവാഡി, ഇല വീഴാ പൂഞ്ചിറ, റോഷാക്ക്, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, ആൻ ആക്ഷൻ ഹീറോ, ഭീഷ്മപർവ്വം, ഫ്രീഡം ഫൈറ്റ്, സൂപ്പർ ശരണ്യ, പക തുടങ്ങിയ പ്രശംസനീയമായ നിരവധി ചിത്രങ്ങളും കഴിഞ്ഞ വർഷം റിലീസ് ചെയ്തു.

അനൂപ്‌ കിളിമാനൂര്‍