FBI- യുടെ സൃഷ്ടിക്ക് തന്നെ കാരണമായ ഓസാഞ്ചെ വംശജരായ തദ്ദേശീയരായ മനുഷ്യരെ വെള്ളക്കാർ കൂട്ടക്കൊല ചെയ്ത കേസ് അന്വേഷിക്കാൻ വരുന്ന FBI ഉദ്യോഗസ്ഥൻ എന്ന റോളിലാണ് മാർട്ടിൻ സ്ക്കോഴ്‌സേസി ഡീ കാപ്രിയോയെ 'Killers of the flower moon' എന്ന പുസ്തകത്തിൻ്റെ അഡാപ്റ്റേഷനിൽ കാസ്റ്റ് ചെയ്യുന്നത്. പുസ്തകവും അതേ നരേഷൻ ആണ് പിന്തുടർന്നത്. എന്നാൽ ഡീ കാപ്രിയോയുടെ ആവശ്യ പ്രകാരം ഡീ കാപ്രിയോയെ, ഡീ നീറോയ്ക്ക് ഒപ്പമുള്ള വില്ലൻ വേഷത്തിലേക്ക് സ്കോഴ്സെസി മാറ്റിയതോടെ ചിത്രത്തിൻ്റെ രൂപം മാറുകയും, തദ്ദേശീയരുടെ വീക്ഷണ കോണിനെ ചിത്രം പിന്തുടരുകയും ചെയ്തു. ഇത് നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന ഭയത്താൽ പിന്മാറുന്ന അവസ്ഥ വരെ ഉണ്ടാക്കിയെങ്കിലും ആപ്പിൾ ടിവി കൂടി പ്രൊഡക്ഷനിൽ പങ്കാളി ആയതോടെ തൻ്റെ വിഷനിൽ സ്കോഴ്സെസി ചിത്രം എടുത്തു. ഈ മാറ്റം തന്നെയാണ് ചിത്രത്തെ കാലാതീതം ആക്കിയത്. എൺപതാം വയസ്സിൽ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ട് സിനിമ എടുക്കുമ്പോൾ താൻ ഇത്രയെങ്കിലും റിസ്ക് എടുക്കണ്ടേ എന്നാണ് സ്കോഴ്സെസി പറഞ്ഞത്.
തനിക്കു ഓഫർ ചെയ്ത പോലീസുകാരൻ്റെ വേഷത്തിന് പകരം ക്രൂരനായ സൈക്കോപ്പാത്തിൻ്റെ റോള് തെരഞ്ഞെടുത്തതിലൂടെ ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെ ആണ് കളങ്കാവലിൽ കാണാൻ കിട്ടിയത്, ഇതുവരെ കാണാത്ത പെർഫോമൻസും. വിനായകനെ പോലീസ് വേഷം കൂടി ഏൽപ്പിച്ചതോടെ സാമ്പ്രദായിക നായക സങ്കല്പങ്ങളെ മുഴുവൻ അട്ടിമറിച്ച് നവമായ ഒരു സിനിമാനുഭവം ആയി കളങ്കാവലിന് മാറാൻ കഴിഞ്ഞു. കച്ചവട ചേരുവകൾക്ക് വഴങ്ങാതെ താരങ്ങൾക്ക് പകരം നടന്മാർക്കും നടിമാർക്കും പ്രാധാന്യം നൽകുന്ന നരേഷനിലൂടെ തൻ്റെ വരവ് അറിയിച്ചിരിക്കുകയാണ് ജിതിൻ കെ. ജോസ്. എഴുത്ത്, സംഗീതം, എഡിറ്റിംഗ്, ക്യാമറ തുടങ്ങി എല്ലാ മേഖലകളിലും പുതുരീതികൾ പിന്തുടരുന്ന ഈ ചിത്രം മലയാളത്തിൻ്റെ 2025-നെ കൂടുതൽ മനോഹരം ആക്കുന്നു.
അനൂപ് കിളിമാനൂര്‍

