ലോക്പാല്‍ ബില്ലിനെയും അണ്ണ ഹസാരയുടെ സമരത്തെയും പറ്റി നാലുകോണിലും
ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഈ ബില്‍ എന്താണെന്നും അതിലെ
വ്യവസ്ഥകള്‍ എന്താണെന്നും നമുക്ക് പലര്‍ക്കും അറിയില്ല. ഈ അവസരത്തിലാണ്
നിഷാദ് കൈപ്പള്ളി ജന്‍ലോക്പാല്‍ ബില്ലിനെപ്പറ്റി വിക്കിപീഡിയയിലെ ഇംഗ്ലീഷ് ലേഖനം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. അതിനുള്ള ഒരു എളിയ ശ്രമമാണ് ഇത്. യോഗ്യമെങ്കില്‍
വേണ്ട തിരുത്തലുകളോടെ വിക്കിപീഡിയയില്‍ ഇത് ഉള്‍പ്പെടുത്തുന്ന കാര്യം
പരിഗണിക്കണമെന്ന് മലയാളം വിക്കി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ
ആശയം മുന്നോട്ടു വെച്ച നിഷാദ് കൈപ്പള്ളിയ്ക്കും നമ്മുടെ എല്ലാമെല്ലാമായ
വിക്കിപീഡിയയ്ക്കും ടി. രാമലിംഗം പിള്ളയ്ക്കും കടപ്പാട്.
ജന്‍ലോക്പാല്‍ ബില്‍
'പൌരന്മാരുടെ ഓംബുട്സ്മാന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന
ജന്‍ലോക്പാല്‍ ബില്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു നിയമമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ്
കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി
അഴിമതി വിരുദ്ധ പ്രവര്‍ത്തകരാണ് ഈ ബില്‍ മുന്നോട്ട്
കൊണ്ടുവന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളിലൂടെയും എന്‍.ജി.ഓ-കളിലൂടെയും
മറ്റും സാധാരണ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഈ
മെച്ചപ്പെടുത്തലുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന്
സൂചിപ്പിക്കാനായാണ് ബില്ലിന്റെ പേരിനു മുന്നില്‍ 'ജന്‍' എന്ന്
ചേര്‍ത്തിരിക്കുന്നത്. ജനങ്ങളുടെ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത
പദമാണ് 'ലോക്പാല്‍'.
ഫലപ്രദമായി അഴിമതിയെ തടയുവാനും ജനങ്ങളുടെ പരാതികള്‍
പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ (whistle-blowers)
സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍' ലക്ഷ്യമിടുന്നത്. ഒരു
നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു
സ്വതന്ത്ര ഓംബുട്സ്മാന്‍ ബോഡി
ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും. രാഷ്ട്രീക്കാര്‍ക്കും
ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ
തന്നെ പരാതികള്‍ സ്വീകരിക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും ലോക്പാലിനു
അധികാരം ഉണ്ടായിരിക്കും. 1968 -ല്‍ കൊണ്ടുവന്ന ഈ ബില്‍ നാല്
ദശകങ്ങള്‍ക്കിപ്പുറവും ഒരു നിയമമായി മാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
2011 -ല്‍ ഈ ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടു ഗാന്ധിയന്‍ അവകാശ
പ്രവര്‍ത്തകന്‍ ആയ അണ്ണാ ഹസാരെ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്നു
പ്രഖ്യാപിച്ചു സത്യാഗ്രഹം ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെയും
മാധ്യമങ്ങളുടെയും പിന്തുണ ഈ സമരത്തിന് ലഭിക്കുകയുണ്ടായി.
ഹസാരെയുടെ നാല്
ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ഈ ബില്‍ പാര്‍ലമെണ്ടിന്‍റെ വര്‍ഷകാല
സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍
സിംഗ് പ്രഖ്യാപിച്ചു.
തുടര്‍ന്ന് അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെയും ഹസാരെ ഉള്‍പ്പടെ അഞ്ച്
സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി സര്‍ക്കാരിന്റെ ലോക്പാലിനെയും
ജന്‍ ലോക്പാലിനെയും ചേര്‍ത്ത് ഒരു കരടുബില്‍ തയ്യാറാക്കുന്നതിനായി
ശ്രമിച്ചെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ലോക്പാല്‍
ബില്‍ മാത്രം പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു. എന്നാല്‍ ഇതു ദുര്‍ബലമാണ്
എന്ന് ആരോപിച്ചു ജന്‍ ലോക്പാല്‍ പ്രവര്‍ത്തകര്‍ ഈ ബില്ലിനെ എതിര്‍ത്തു.
ഹിന്ദിയിലും ഇന്ഗ്ലീഷിലും ജന്‍ലോക്പാല്‍ ബില്‍ ഇവിടെ ലഭ്യമാണ്. (www.indiaagainstcorruption.org )
ലോക്പാല്‍ ബില്ലിന്റെ പശ്ചാത്തലം
ശാന്തിഭൂഷണ്‍ 1968 -ല്‍ ഈ നിയമം കൊണ്ടുവരുകയും തുടര്‍ന്ന്
1969 -ല്‍ ഈ നിയമം നാലാം ലോകസഭ പാസാക്കുകയും ചെയ്തു. പക്ഷെ ഉപരിസഭയായ
രാജ്യസഭയില്‍ ഈ ബില്‍ പസ്സായില്ല. 1971, 1977, 1985, 1989, 1996, 1998,
2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലിന്റെ പുതുക്കിയ രൂപങ്ങള്‍
വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല. സന്തോഷ്
ഹെഗ്ടെ, ശാന്തി ഭൂഷന്‍, അണ്ണ ഹസാരെ, അരവിന്ദ് കേജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍
എന്നിവര്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘവും സര്‍ക്കാര്‍
പ്രതിനിധികളും തമ്മിലുള്ള മുന്‍പ് സൂചിപ്പിച് അഭിപ്രായ
വ്യത്യാസത്തെടുര്‍ന്നു ഈ ബില്ലിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ വീണ്ടും
ശക്തമായി.
ഇപ്പോഴത്തെ നിയമങ്ങള്‍ തീരെ ദുര്‍ബ്ബലവും, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും,
അഴിമതിയെ നേരിടാന്‍ അപര്യാപ്തവുമാണെന്നു ജന്‍ലോക്പാല്‍ ബില്ലിനെ
പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. എന്നാല്‍ ഈ ബില്ലിന്റെ വിമര്‍ശകര്‍ ഈ
ബില്‍ നിലവിലുള്ള ഭരണപരമായ സ്ഥാപനങ്ങളെ മറികടക്കുന്നതിന് ശ്രമിക്കുന്നു
എന്നും വിപുലമായ അധികാരങ്ങളുള്ള അമിതശക്തിയുള്ള ഒരു സ്ഥാപനം
ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമാണ് എന്നും വാദിക്കുന്നു.
മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1
) ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക. സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ സഹായിക്കും.
2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ
ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും ലോക്പാലിനു മേല്‍നോട്ടം
വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം
ആവുകയും ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍
നിന്ന് മോചിതമാവുകയും ചെയ്യും.
3 ) ഇതിലെ അംഗങ്ങളെ ജട്ജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും,
പൌരന്മാരും, ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ
തെരഞ്ഞെടുക്കും.
4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട്
ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ വീഡിയോ
റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.
5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും,
ഓരോന്നിന്റെയും സംക്ഷിത രൂപവും, ഓരോന്നിനും എടുത്തതോ എടുക്കാന്‍ പോകുന്നതോ
ആയ നടപടികളും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു
മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും അതില്‍ നടപടിയെടുക്കാന്‍
ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.
6 ) അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.
7
) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍
നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും
അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.
8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം
ഒരു മാസത്തിനകം പൂര്‍ത്തിയാക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ
രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.
10 ) ഇപ്പോഴുള്ള
അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ (സി.വി.സി, വിജിലന്‍സ്, സി.ബി.ഐ-യുടെ അഴിമതി
വിരുദ്ധ ശാഖ എന്നിവ) ലോക്പാലില്‍ ലയിപ്പിക്കും. ഏത് രാഷ്ട്രീയക്കാരനോ,
ഉദ്യോഗസ്ഥനോ, ജട്ജിനോ എതിരായ പരാതി സ്വതന്ത്രമായി അന്വേഷിക്കാനും അവരെ
പ്രോസിക്ക്യൂട്ട് ചെയ്യാനും ഉള്ള ശക്തിയും അധികാരവും ലോക്പാലിനു ഉണ്ടാവും.
11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് (വിസില്‍ ബ്ലോവേഴ്സിന്) പൂര്‍ണ്ണ സംരക്ഷണം നല്‍കും.
സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
ഗ : സര്‍ക്കാരിന്റെ കരടു ബില്‍
ജ : ജന്‍ലോക്പാല്‍ ബില്‍
ഒന്ന്) ഗ: ലോക്പാലിനു സ്വന്തം നിലയില്‍
പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. ലോകസഭാ സ്പീക്കറോ
രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ
അവര്‍ക്ക് കഴിയൂ.
ജ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.
രണ്ട്) ഗ: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.
ജ: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.
മൂന്ന്) ഗ: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ
ക്രിമിനല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.
ജ:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.
നാല്) ഗ: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.
ജ:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.
അഞ്ച്) ഗ: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.
ജ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.
വ്യത്യാസങ്ങള്‍ വിശദമായി:
പ്രധാനമന്ത്രി:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.
ജ്യുഡീഷ്യറി:
ജ: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത
പദവിയിലുള്ളവരെക്കുറിച്ച് ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ
അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.
ഗ: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.
എം.പിമാര്‍:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.
ഉദ്യോഗസ്ഥവൃന്ദം
ജ: എല്ലാ പോതുസേവകരും ഉള്‍പ്പെടും.
ഗ: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.
സി.ബി.ഐ
ജ: ലോക്പാലിനോട് ലയിപ്പിക്കും.
ഗ:സ്വതന്ത്ര ഏജന്‍സി ആയി തുടരും.
ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:
ജ:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും.
സുപ്രീം കോടതി പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.
ഗ: വ്യക്തി പരാതി പ്രസിടന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.
ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:
ജ:
വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട
സ്വതന്ത്ര സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍
അന്വേഷിക്കും.
ഗ: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.
ലോകായുക്ത:
ജ: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും അതുപോലെ തുടരും.
ഗ: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.
വിസില്‍ ബ്ലോവേഴ്സിനുള്ള സംരക്ഷണം:
ജ:സംരക്ഷണം നല്‍കും.
ഗ: സംരക്ഷണം നല്‍കില്ല.
അഴിമതിക്കുള്ള ശിക്ഷ:
ജ:
ലോക്പാലിനു നേരിട്ട് ശിക്ഷ കൊടുക്കുകയോ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയോ
ചെയ്യാം. ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജയില്‍ ശിക്ഷ, അഴിമതിക്ക്
കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കല്‍ എന്നിവ ലോക്പാലിനു നേരിട്ട്
നല്‍കാം.
ഗ:ലോക്പാലിനു നേരിട്ട് ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം കോടതിയുടെ
ശ്രദ്ധയില്‍ പെടുത്താം. ശിക്ഷ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും.
അന്വേഷണ അധികാരങ്ങള്‍:
ജ:
ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍
എന്നിവയ്ക്ക് അധികാരം ഉണ്ട്. സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം.
അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.
ഗ:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍,
സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല.
അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.
തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:
ജ: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.
ഗ: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.
അന്വേഷണ പരിധി:
ജ: എല്ലാ അഴിമതിയും അന്വേഷിക്കാം.
ഗ: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.
ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രചരണം
2010
-ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ്
അഴിമതിയെ തടയാന്‍ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ
പ്രവര്‍ത്തകരായ പൊതു സമൂഹ പ്രതിനിധികള്‍ തള്ളുകയുണ്ടായി. ഈ പ്രവര്‍ത്തകര്‍
'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും
പൌരന്മാരുടെതായ ഒരു ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇതിനു
പിന്നീട് 'ജന്‍ലോക്പാല്‍ ബില്‍' എന്ന് പേര് നല്‍കി. ബില്ലിന്റെ
പ്രചാരണത്തിനായി പബ്ലിക് അവയര്‍നെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ
മാര്‍ച്ചുകളും നടത്തി. 2011 ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ ജന്‍ലോക്പാല്‍
ബില്‍ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള
ജനപിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.
ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി
പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ
പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് ഈ നിയമത്തില്‍
ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ദേശീയ ഉപദേശക സമിതി ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ
കരട് ലോക്പാല്‍ ബില്‍ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍
പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍
സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്നിവേശിനേയും അരവിന്ദ് കേജ്രിവാളിനെയും
ഏപ്രില്‍ ഏഴിന് കണ്ടു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല.
സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചു
ഏപ്രില്‍ 13 മുതല്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ ഏപ്രില്‍ 7
-ന് അണ്ണ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകള്‍
ലഭിച്ചതായും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും
ഹസാരെ അവകാശപ്പെട്ടു. സമരത്തിന് ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ
ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍
നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന
സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ ഏതാണ്ട് എല്ലാ ആവശ്യങ്ങളും
അംഗീകരിച്ചതിനെത്തുടര്‍ന്നു 98 മണിക്കൂറിനു ശേഷം ഏപ്രില്‍ 9 -ന് ഹസാരെ
നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ് പതിനഞ്ചിന് മുന്‍പ് ബില്‍
പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ പതിനാറു മുതല്‍ വീണ്ടും നിരാഹാര സമരം
ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്നു കേന്ദ്ര
സര്‍ക്കാര്‍ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സമ്മതം
മൂളി.
പ്രധാനമായി പിന്തുണച്ചവരും എതിര്‍ത്തവരും
ശ്രീ ശ്രീ
രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത്
സിംഗ് മന്‍പ്രീത് സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഈ ബില്ലിന്
പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടില്‍ നിന്നുള്ള
അനവധി നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ ഈ ബില്ലിന്
പിന്തുണയുമായി രംഗത്ത് വന്നു.
കേന്ദ്രമന്ത്രി കപില്‍ സിബല്‍, മറ്റു കോണ്ഗ്രസ് നേതാക്കള്‍,
മമത ബാനര്‍ജി, അകാലി ദാല്‍ നേതാവ് പ്രകാശ്
സിംഗ് ബദല്‍, ബാല്‍ താക്കറേ,
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഗ്ദിഷ് ശരണ്‍ വര്‍മ്മ എന്നിവരാണ് ഈ
ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ബി.ജെ.പി ആദ്യം ഈ ബില്ലിനെ
പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാര്‍ലമെന്റിന്
നിയമനിര്‍മ്മാനത്തിന് ഉള്ള അവകാശത്തില്‍ മേല്‍ക്കൈ നേടുമോ' എന്ന
കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.
ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ
നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം),
ആര്‍.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ
പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. ബില്ലില്‍ ഒരു സമവായത്തില്‍ എത്താന്‍
സമിതി പരാജയപ്പെടുകയും സര്‍ക്കാര്‍ സ്വന്തം രീതിയില്‍ കരട് 2011
ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടര്‍ന്ന്
ആഗസ്റ്റ് പതിനാറു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ
പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് രാവിലെ ഡല്‍ഹി പോലീസ് ഹസാരയെ അറസ്റ്റ്
ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലില്‍ വെച്ചു
സത്യാഗ്രഹം ആരംഭിച്ചു. എന്നാല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന്
ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ
മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാരം ആരംഭിച്ചു.
നിരാഹാരം ഇപ്പോള്‍ ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നു,
ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍
ഈ
ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അഴിമതിയെ നേരിടുന്ന
കാര്യത്തില്‍ ഈ ബില്‍ തീര്‍ത്തും നിഷ്കളങ്കമായ അല്ലെങ്കില്‍ തീര്‍ത്തും
ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍
പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റ് ആയ പ്രതാപ് ഭാനു മേഹ്ത ഈ ബില്ലിനെ
വിശേഷിപ്പിച്ചത് 'ഏറ്റവും നല്ല അവസ്ഥയില്‍ തീരെ നിഷ്കളങ്കവും എന്നാല്‍
ഏറ്റവും മോശം അവസ്ഥയില്‍ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാന്‍
ശ്രമിക്കുന്നതുമായ ഒന്ന്' എന്നാണ്. കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ലോക്പാല്‍
എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ
ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ബില്‍ ഭരണഘടനാ
വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അരവിന്ദ്
കേജ്രിവാള്‍ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാല്‍
അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുകയെ ഉള്ളൂ
എന്നും അതില്‍ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്.
സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കൂടാതെ ബില്ലില്‍
സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നല്‍കുന്ന
വ്യവസ്ഥകളും ഉണ്ട്.
ഈ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും ലോക്പാലിന്റെ
വിമര്‍ശകര്‍ പറയുന്നത് ലോക്പാലിന്റെ യഥാര്‍ഥ ജുഡീഷ്യല്‍ അധികാരങ്ങള്‍
അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍
അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ
ഉദ്യോഗസ്ഥരും പോലീസുകാര്‍ ആയിരിക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു.
ബില്ലിനെ പിന്തുണയ്ക്കുന്നവരില്‍ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യല്‍
അധികാരങ്ങള്‍ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരും ചില
വിമര്‍ശകരും അതിനു അര്‍ദ്ധ-ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉള്ളതായി കരുതുന്നു.
ബില്ലില്‍
പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈക്കോടതിക്ക് ഉള്ള അധികാരങ്ങള്‍
ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ
കോടതില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലില്‍
വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തില്‍ തന്നെ
പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു
വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍
ഒരു ജുഡീഷ്യല്‍ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള,
അന്വേഷണ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സാധാരണ കോടതിയില്‍ തീരുമാനങ്ങള്‍ ചോദ്യം
ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാല്‍.
ഒരു പ്രധാന
തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു
പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍
അന്നയുടെ നോമിനിയും പാനലിന്റെ
കോ-ചെയര്‍മാനുമായ ജസ്റ്റിസ് വര്‍മ്മ
പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു
കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ
അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ
സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍
അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ
അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'
വിവാദങ്ങള്‍
2011
ഏപ്രിലില്‍ ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി കോ-ചെയര്‍മാന്‍ ശാന്തി
ഭൂഷന്റെത് എന്ന് അവകാശപ്പെടുന്ന ഒരു സി.ഡി. പുറത്തു വന്നു. ഇതില്‍ അദ്ദേഹം
അമര്‍ സിങ്ങിനോടും മുലായം സിങ്ങിനോടും ഒരു ജട്ജിനെ
സ്വാധീനിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍
ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സി.ഡി. കൃത്രിമം ആണ് എന്ന് വാദിക്കുകയും
ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആഗസ്റ്റ്
പതിനാറിന് നിരാഹാര സമരത്തിനു പുറപ്പെടാനിരുന്ന അണ്ണ ഹസാരയെ പോലീസ് അറസ്റ്റ്
ചെയ്തു. ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഇതേ
സമയം പോലീസ് അരവിന്ദ് കേജ്രീവാളിനെയും മറ്റു അനുയായികളെയും അറസ്റ്റ് ചെയ്തു.
ഇതിനെതിരെ നാല് കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇന്ത്യാ ഗേറ്റില്‍
നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പിന്നീട് അന്നയെ വിട്ടയച്ചു.
ബില്ലിനെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പറയുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ സ്വയം സംസാരിക്കട്ടെ...
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍