സംഗീത റിയാലിറ്റി ഷോകളെപ്പറ്റിയും മലയാലം കൊരച്ചു കൊരച്ചു മാത്രം പറയാന്‍ അറിയാവുന്ന അവതാരങ്ങളെ, ഐ മീന്‍ അവതാരകമാരെപ്പറ്റിയും ജഡ്ജ്മാരെപ്പറ്റിയും നമുക്ക് പറയാന്‍ കഴിയാതിരുന്നത് അമ്പിളിച്ചേട്ടന്‍ പറഞ്ഞപ്പോള്‍....
"പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും..." എന്ന പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച ആ എക്സ്-കമ്മി അനോണിയായി വന്നു പോസ്റ്റില്‍ കമന്റ് ഇട്ടിരുന്നു. വിശദമായി ആ കമന്റിനു മറുപടി പറയണമെന്നുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്. ഒണ്ടായോ ഇല്ലെയോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക...
എക്സ്-കമ്മിയുടെ കമന്റിനു മുന്‍പ് വേറൊരു കമന്റ് ഇതാണ്...
>>ഇതു എഴുതാന്‍ അനക്ക് സി.പി.എമ് എത്ര പൈസായാട തന്നെ? <<
പോസ്റ്റിന്റെ വലിപ്പവും കമന്റിന്റെ എണ്ണവും ഒക്കെ നോക്കി എല്ലാ ഒന്നാം തീയതിയും ചാക്കില്‍ കെട്ടി വീട്ടില്‍ എത്തിക്കുന്നുണ്ട്. അതു പുഴുങ്ങിതിന്നാണ് ഞാന്‍ ജീവിക്കുന്നത്. യെന്തേ?
>>തല്ലുകൊണ്ട ഷാജഹാനും തല്ലിയ ജയരാജനും ഇല്ലാത്ത വെഗ്രത തല്ലിയില്ല എന്ന് സ്ഥാപിക്കാന്‍ നടത്തുന്ന എഴുത്തുകള്‍ കാണുമ്പോ 'രാജാവിനെക്കാള്‍ വലിയ രാജഭക്തി' എന്ന് പറയാനേ തോന്നുന്നുള്ളൂ..... <<
തല്ലുകൊണ്ടെന്നു ഷാജഹാന്റെ ഏഷ്യാനെറ്റിനു പോലും ഇപ്പൊ പരാതിയില്ല. പക്ഷെ താങ്കള്‍ അതുറപ്പിച്ചു. 'രാജാവിനെക്കാള്‍ വലിയ രാജഭക്തി'. എനിക്കും അതേ പറയാനുള്ളൂ...
ഇനി നമ്മുടെ എക്സ്- കമ്മിയുടെ കമന്റ്.....
>>നിന്റെ ഭാവന കൊള്ളാം....<<
സില്‍മയില്‍ അഫിനയിക്കുന്ന ഭാവന ആണോ? ഭാവനയ്ക്കെന്താ ഈ ബ്ലോഗില്‍ കാര്യം?
>>ഞാന്‍ പറയാത്തതും പറഞ്ഞതുമായ കാര്യങ്ങള്‍ നീ ഭംഗിയായീ ബ്ലോഗി....<<
എനിക്ക് നിന്നോട് അന്നേ ദിവസം വാര്‍ത്ത വായിച്ചു കലി കേറിയിട്ടൊന്നുമല്ല അങ്ങനെ സംസാരിച്ചത്...ഇതെല്ലാം ഞാന്‍ എന്നും കാണുന്നതല്ലേ...
കേള്‍ക്കുന്നതുമല്ലേ...എനിക്ക് രാഷ്ട്രീയം ഇന്നത് നിലനില്ല്ക്കുന്ന സമൂഹത്തോടുള്ള സജീവമായ പ്രതികരണമാണ്....സജീവം എന്ന വാക്ക് ചിന്തിപിക്കുന്നു....താല്പര്യം കുറഞ്ഞിട്ടുണ്ട്....<<
സന്തോഷം...
>>നിന്നെ പോലെ അപ്ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്...<<
ഇടതന്മാരിക്കിട്ടു പണി കൊടുക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലല്ലോ. അവിടെയൊക്കെ എന്താ അപ്ഡേറ്റിങ്ങ്? ഈ അസുഖത്തിനെ സെലക്ടീവ് ബ്ലൈണ്ട്നെസ്സ് എന്ന് പറയും. എസ്-കത്തിയുടെ സി.ബി.ഐ റിപ്പോര്‍ട്ട്, 2 ജി അഴിമതി, കോമണ്‍വെല്‍ത്ത്, ഐസ് ക്രീം, പാമോലീന്‍, ആദര്‍ശ് ഫ്ലാറ്റ് അഴിമതി, മലബാര്‍ സിമന്റ്സ് അഴിമതി, ഇടമലയാര്‍ ഇതൊന്നും നാം തീരെ അപ്ഡേറ്റ് ചെയ്യാറില്ല.
>>എന്റെ മനസും മസ്ഥിഷകവും ഞാന്‍ ഒരു പ്രസ്ഥാനത്തിനും തീറെഴുതി കൊടുത്തിട്ടില്ല....
നിഷ്പക്ഷനല്ല ഞാന്‍...മറിച്ചു ഒരു ജനപക്ഷന്‍.....<<
തള്ളേ...!!
>>ഇതൊരു പാര്‍ട്ടി കാരെ കാണുമ്പോഴും ഞാന്‍ അവരുടെ വീക്ഷണ കോണകം അറിയാന്‍ ശ്രമിക്കാറുണ്ട്...അടുത്തറിയുന്
നവര്‍ക്ക് അത് ചൊറിയുന്നതായിട്ടു തോന്നാം...<<
വീക്ഷണ കോണകം, ചൊറിച്ചില്... എന്തെരോ എന്തോ?
>>പിന്നെ ബ്ലോഗില്‍ ഞാന്‍ ഇടയ്ക്ക് ഉരുണ്ടെന്നോ മറിഞ്ഞെന്നോ ഒക്കെയുണ്ട്...ഭാവന ഗംഭീരം....<<
ഭാവനയല്ലഡേ ഉര്‍വശി.
>>അയാള്‍ അടിച്ചോ ഇല്ലയോ എന്നോതുമല്ല വിഷയം...<<
ഇതിനെയാണ് മകനേ ഉരുളല്‍ എന്ന് പറയുന്നത്. അതു തന്നെയാണ് വിഷയം. പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമോ കയ്യേറ്റമോ ഉണ്ടായി എന്നായിരുന്നു വാര്‍ത്തയെങ്കില്‍ അതിനു ഒരിക്കലും ഇത്ര പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടെ നേതാവായ പി.ജയരാജന്‍ ഒരു പത്രപ്രവര്‍ത്തകനെ കോളറില്‍ കുത്തിപ്പിടിക്കുകയും മറ്റെക്കൈ കൊണ്ട് നെഞ്ചത്ത് രണ്ടുപ്രാവശ്യം ഇടിക്കുകയും ചെയ്തു എന്നായിരുന്നു മനോരമ അടക്കമുള്ള പത്രങ്ങള്‍ മുന്‍പേജില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അതു പിന്നീട് ഷാജഹാന്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതാണ് പ്രശ്നം ഇത്ര ജനശ്രദ്ധ നേടാന്‍ കാരണം. ഇടതുപക്ഷ അനുഭാവികള്‍ പോലും ആ വാര്‍ത്ത വിശ്വസിച്ചു ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ആ വാര്‍ത്ത പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഏഷ്യാനെറ്റ് പോലീസ് സ്റെഷനില്‍ കൊടുത്ത പരാതി താഴെ. അതില്‍ എവിടെയും ഷാജഹാനെ ആരെങ്കിലും തല്ലി എന്ന് പറഞ്ഞിട്ടില്ല. പകരം കയ്യേറ്റ ശ്രമവും വാക്കേറ്റവും നടന്നു എന്നെ പറയുന്നുള്ളൂ. ഇപ്പൊ വിഷയം അതല്ല എന്നും പറഞ്ഞു ഉരുണ്ടാല്‍ നല്ലൊരു നമസ്കാരം.
പോസ്റ്റില്‍ വന്ന മറ്റൊരു കമന്റ് ഇവിടെ കോപ്പി പേസ്റ്റുന്നു...
ജനശക്തി said
"മനോരമ ചാനലില്‍ എന്‍. മാധവന്‍ കുട്ടി മാധ്യമങ്ങളുടെ ‘അവശിഷ്ട വിശ്വാസ്യത’യെങ്കിലും തകരാതിരിക്കാന്‍ ജയരാജന്‍ കൈയേറ്റം ചെയ്തു എന്ന പച്ചക്കള്ളം പിന്‍വലിക്കണം എന്ന് വേണുവിനോട് പറയുന്നത് കേട്ടു. "
>>പിന്നെ പി ജയരാജന്‍ ഇന്നത് ഒരു പ്രതീകമാണ്...<<
യോജിക്കുന്നു. നുണ വാര്‍ത്തകളുടെയും പെയ്ഡ് ന്യൂസിന്റെയും ഇരകളുടെ പ്രതീകം.
>>അക്രമം, ദാര്‍ഷ്ട്യം,എല്ലാം എങ്ങനെ രാഷ്ട്രീയത്തില്‍ കലര്ത്തമെന്നതിന്റെ ...<<
രണ്ടാഴ്ച മുന്‍പ് ഒരു മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ റൈഡ് നടക്കുന്നു എന്നറിഞ്ഞു ഇന്ത്യവിഷന്‍ ചാനലിന്റെ മൂന്ന് പ്രവര്‍ത്തകരെ മുസ്ലീം ലീഗ് നേതാക്കളും പ്രവര്‍ത്തകരും നന്നായി പെരുമാറി. പണ്ട് കുഞ്ഞാലിക്കുട്ടി സംഭവത്തില്‍ എയര്‍പോര്‍ട്ടില്‍ നടന്നതൊന്നും മറന്നു കാണില്ലല്ലോ. പക്ഷെ അതൊന്നും നമുക്ക് "അക്രമം, ദാര്‍ഷ്ട്യം,എല്ലാം എങ്ങനെ രാഷ്ട്രീയത്തില്‍ കലര്ത്തമെന്നതിന്റെ പ്രതീകമായി" തോന്നില്ല. കാരണം നമ്മള്‍ അങ്ങനത്തെ കാര്യങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാറില്ല.
>>അയാളുടെ ഭാഷ ന്യായീകരിക്ക്നുണ്ടോ...<<
ഇല്ല, ന്യായീകരിക്കുന്നില്ല. ഫോണ്‍ വിളിച്ചത് മണ്ടത്തരമായി പോയി എന്ന് ഞാന്‍ കരുതുന്നു. ആ ഫോണ്‍ കോളാണല്ലോ ഇപ്പൊ നിങ്ങടെ പിടിവള്ളി..
.
>>കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പൊട്ടിയ വിഷു പടക്കം ഒന്നോര്‍ക്കുന്നു...<<
ഈ തെരഞ്ഞെടുപ്പു കാലത്ത് നാദാപുരത്ത് കയ്യിലിരുന്നു പൊട്ടിയ പടക്കങ്ങള്‍ കണ്ടു കാണാന്‍ വഴിയില്ല. കണ്ടാലും ഓര്‍ക്കില്ല. ഓര്‍ത്താലും പറയില്ല. നമ്മള്‍ അപ്ഡേറ്റഡ് അല്ലല്ലോ, യേത്?
>>ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ രക്ത സാക്ഷികളെയും....
ഇനിയും അവര്‍ ഉണ്ടാവും.....പ്രസ്ഥാനം ഉണ്ടാക്കും...<<
അപ്പൊ രക്തസാക്ഷികളെയൊക്കെ പ്രസ്ഥാനം ഉണ്ടാക്കിയതാണ്. അല്ലാതെ അവര്‍ ആര്‍ക്കെതിരെ പൊരുതി രക്തസാക്ഷിയായോ അവരല്ല കുറ്റക്കാര്‍, പ്രസ്ഥാനമാണ് കുറ്റക്കാര്‍. ഉള്ളിലിരുപ്പ് ഒന്നൊന്നായി പുറത്തു വരുന്നതില്‍ സന്തോഷം ഉണ്ട്.
>>ആശംസകള്‍....<<
നോ, താങ്ക്സ്..
>>വാല്‍: ഇടതുപക്ഷത്തെ ഒതുക്കാന്‍ ഞാനോ അല്ലെങ്കില്‍ എക്സ് കളോ ഒന്നും വേണ്ട....
മനോരമയോ മാത്രുഭുമിയോ ഒന്നും വേണ്ട ...\\
അവരെക്കാള്‍ ഭാങ്ങിയായെ ജയരാജന്മാര്‍ ചെയ്തോളും....<<
അജ്ജൊഡാ, പാര്‍ട്ടിയോട് എന്തൊരു സ്നേഹം. പാര്‍ട്ടിയെ സ്നേഹിക്കുന്നതായി ഭാവിച്ചു കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തുന്നവരെക്കാള്‍ നല്ലത് താന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന് പരസ്യമായി പറഞ്ഞു നേര്‍ക്ക് നേരെ നിന്ന് പോരുതുന്നവനാണ്. അതുതന്നെയാണ് ഈ മാതിരി എക്സ്-കളുടെ പ്രധാന പ്രശ്നം. തന്നെപ്പറ്റി എനിക്ക് പരിചയമുള്ള ചില കോണ്ഗ്രസ് അനുഭാവികള്‍ പോലും പറയുന്നത് പറച്ചിലില്‍ കമ്മ്യൂണിസ്റ്റും പ്രവൃത്തിയില്‍ കൊണ്ഗ്രസ്സും എന്നാണ്. എനിക്ക് തന്നെക്കാള്‍ ബഹുമാനം അവരോടാണ്.
>>ലാല്‍ സലാം....<<
അത്മാര്‍ത്ഥമായി അല്ലെന്നു അറിയാം, എങ്കിലും ലാല്‍ സലാം..!!
നാട്ടുകാരനായ ഒരു എക്സ്- കമ്മി (എക്സ്-കമ്മിയാണ് യഥാര്‍ത്ഥ ഇടതുപക്ഷം, ബാക്കിയൊക്കെ വെറും...) ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ആകെ ബഹളം. "പി.ജയരാജന്‍ ആ പത്രക്കാരനെ തള്ളിയത് കണ്ടോടെയ്? എന്തുവാടേ? ഈ ഗുണ്ടായിസം വെച്ച് പോറുപ്പിക്കമോടെയ്? ഈ നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെടെ?" എന്നൊക്കെ. ഓഫീസില്‍ ബ്ലോക്ക്ഡ് ആയിരുന്നതിനാല്‍ ആ വീഡിയോ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അതില്‍ കാര്യമായൊന്നും ഇല്ലെന്നു അറിഞ്ഞിരുന്നു. അതു കൊണ്ട് അവനോടു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. അവന്‍ ഉരുളലോടുരുളല്‍. ഒടുവില്‍ നീ ഇന്റെ ബ്ലോഗില്‍ പോയി ഒണ്ടാക്കു, എനിക്കൊന്നും പറയണ്ട എന്നും പറഞ്ഞു പുള്ളി കട്ട് ചെയ്തു. ബ്ലോഗില്‍ പോയി ഒണ്ടാക്കിയാല്‍ ഒണ്ടാവോ എന്നറിയാനാണ് ഈ പോസ്റ്റ്. അറിയണമല്ലോ, യേത്?
ഒന്ന്) പി.ജയരാജന്‍ അയാളെ തല്ലുന്നത് നീ ആ വീഡിയോയില്‍ കണ്ടോ?
ഉത്തരമില്ല. അയാളെ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടത്രെ. അതു പോരല്ലോ മകനെ...
രണ്ട്) പണ്ടിതുപോലെ ഒരു എസ്-കത്തിയും കൊല്ലന്റെ ആലയും ഒക്കെ പൊക്കിക്കൊണ്ട് വന്നു ഒടുവില്‍ കാറ്റുപോയ ആ സ്കൂപ്പിറക്കിയ ഏഷ്യാനെറ്റില്‍ തന്നെയല്ലേ ഈ വാര്‍ത്തയും വന്നത്? വീഡിയോയില്‍ തല്ലുന്നത് കാണിക്കാത്ത സ്ഥിതിക്ക് നാം അതെങ്ങനെ വിശ്വസിക്കും?
ഉത്തരം നഹിം അഥവാ ഉരുളലോടുളല്‍. അപ്പോള്‍ പി.ജയരാജന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം എടുത്തിട്ടു. അതിനുള്ള മറുപടിയായി ശാശ്വത് ഗൂഗിള്‍ ബസ്സിലിട്ട ആ സംഭാഷണം അതുപോലെ പകര്‍ത്തുന്നു..
"നിനക്ക്.... ഈ ഒഞ്ചിയത്ത്ന്ന്... ഞീ ഈ റെവലൂഷണറിക്കാരെ ഏജെന്റായിറ്റ് വര്‍ക്ക് ചെയ്യുന്നേരത്തേ എനക്ക് മനസ്സിലായിന്."
വീണ്ടും മൌനം.
"ഞീ ഇത് റിക്കാര്‍ഡ് ചെയ്യുന്ന്ണ്ട് ന്ന് അനക്കറിയാം. ഞീ അത്ര സമര്‍ത്ഥനൊന്നും ആവണ്ട."
(ഇനി റെക്കോര്‍ഡ് ചെയ്യുന്ന ആള്‍ക്ക് സേഫ് സൈഡ് എടുത്തേ പറ്റൂ. ഇടയില്‍ കേറുന്നു.)
"നിങ്ങള്‍ എന്താണ് എന്നെ തല്ലിയതിന്റെ അടിസ്ഥാനം?"
"അതേ... നമുക്ക്... അത് തന്നെയാ പറഞ്ഞത്... കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഷയാ പി ശശിയെ സംബന്ധിച്ചുള്ള ആരോപണം?"
(വീണ്ടും ഇടയില്‍ കേറുന്നു)
"പക്ഷേ താങ്കള്‍ എന്തടിസ്ഥാനത്തിലാ എന്നെ തല്ലിയത്?"
"ഞാന്‍ വരുന്നതിനു മുന്‍പേ... കോണ്‍ഗ്രസ്സുകാരുആയിറ്റ് ഞീ ആലോചിച്ച് എല്ലാ കാര്യങ്ങളും.."
"സി പി എം ജില്ലാ സെക്ര...."
"കോണ്‍ഗ്രസ്സിന്റടുക്കേന്ന് പൈസേം വാങ്ങിച്ചിറ്റ്... കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം വാങ്ങിച്ചിറ്റ് ഇമ്മാതിരി അവതരണം നടത്തിക്കഴിഞ്ഞാല്‍, നിനക്ക് എനിയും തല്ലു കൊള്ളും... ജനങ്ങളടുക്കേന്ന്."
"ങ്ങളെന്തടിസ്ഥാനത്തിലാണ് എന്നെ തല്ലീത്? ഞാന്‍ ങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തോ?"
"അല്ല, റിക്കാര്‍ഡ് ചെയ്തിറ്റ്... റിക്കാര്‍ഡ് ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ് ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."
വീണ്ടും ചെറിയ മൌനം.
"അത് കൊണ്ട്.. ഷാജഹാന്‍ മനസ്സിലായിക്കോ... ഇത് കണ്ണൂരാന്ന് മനസ്സിലായിക്കോ."
(ഏഷ്യാനെറ്റ് ന്യൂസില്‍ "കണ്ണൂരുകാരെ മനസ്സിലാക്കിക്കോ" എന്നാണ് എഴുതിക്കാട്ടിയിരുന്നത്. അങ്ങനെയല്ല.)
സംഭാഷണം അവിടെ വെച്ച് കട്ട് ആവുന്നു. ബാക്കി കേള്‍പ്പിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് റെക്കോര്‍ഡ് ചെയ്ത് കിട്ടി. പിന്നെയെന്താണ് നടന്നത് എന്ന് കേള്‍പ്പിക്കാന്‍ അവര്‍ക്ക് താത്പര്യം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇനിയും കൂടുതല്‍ വളച്ചൊടിക്കാന്‍ ആരും കഷ്ടപ്പെടണ്ട. സംഭാഷണം അതേ പോലെത്തന്നെ കൊടുത്തിട്ടുണ്ട്. കോപ്പി ചെയ്‌താല്‍ മതിയാകും. പി. ജയരാജന്‍ ചെയ്തതിനെ ഞാന്‍ അനുകൂലിക്കുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. പക്ഷേ ഇതിനെ പറ്റിയുള്ള 'ചര്‍ച്ച'കളില്‍, വേറെ പല പല കുറ്റിയിലും അതിനെ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍, അയാള്‍ പറഞ്ഞതിന് അപ്പുറത്തെക്കുള്ള കാര്യങ്ങള്‍ അയാളുടെ തലയില്‍ വെച്ച് കൊടുക്കുന്നത് ശരിയല്ലല്ലോ എന്ന് തോന്നിയത് കൊണ്ട്."
ഇതില്‍ കൊണ്ഗ്രസ്സുകാര്‍ എത്ര കാശ് തന്നു എന്ന ചോദ്യം നിഷേധിക്കാന്‍ പോലും ആ പത്രക്കാരന്‍ കൂട്ടാക്കുന്നില്ല. പകരം നിങ്ങള്‍ എന്നെ തല്ലിയില്ലേ, ...ല്ലേ എന്നോക്ക്കെ ചോദിച്ചു ഊരാനാണ് ഷാജഹാന്‍ നോക്കിയത്. >>"അല്ല, റിക്കാര്‍ഡ് ചെയ്തിറ്റ്... റിക്കാര്‍ഡ് ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ് ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."
വീണ്ടും ചെറിയ മൌനം.<<
എന്തിനാണ് ഈ മൌനം. വാങ്ങിയിട്ടില്ലേല്‍ വാങ്ങിയില്ല എന്നുറപ്പിച്ചു പറഞ്ഞുകൂടേ. പി ജയരാജന്‍ ചെയ്തിനെയോ, ആ പത്രക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തെങ്കില്‍ അതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ കൈക്ക് സ്വാധീനമില്ലാത്ത പി.ജയരാജന്‍ ഒരാളെ തല്ലിയോന്നോ തള്ളിയെന്നോ ഒക്കെ പറഞ്ഞാല്‍ അതു തൊണ്ടവിടാതെ വിഴുങ്ങുക വലിയ ബുദ്ധിമുട്ടാണ്. ഇതൊന്നു വായിക്കുക...
"പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്."
അങ്ങനെയൊരു അവസരത്തിലാണ് ഏഷ്യാനെറ്റ് എന്ന ചാനലിന്റെ ചരിത്രവും അതിന്റെ വിശ്വാസ്യതയും നാം പരിഗണിക്കേണ്ടത്. എന്ത് കൊണ്ട് ഏഷ്യനെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കരുത് എന്നതിന് പറ്റിയ ഉദാഹരണം പോള്‍ മുത്തുറ്റ് വധക്കേസിലെ അവരുടെ കൊല്ലന്റെ ആല -എസ് കത്തി സ്കൂപ്പാണ്(കോപ്പ്!). കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ എസ്-കത്തി പണിയിക്കുവാന്‍ പോയി എന്നും കാരി സതീഷനല്ല കൊന്നത് മറ്റുമായിരുന്നല്ലോ അതിന്റെ ഹൃദയഭാഗം. ഒടുക്കം സി.ബി.ഐ അന്വേഷണം കഴിഞ്ഞപ്പോള്‍ എന്തായി?
ഒന്ന്) കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ പോയിട്ടില്ല എന്നും അങ്ങനെ കത്തി പണിയിക്കാന്‍ കൊടുത്തിട്ടില്ല എന്നും തെളിഞ്ഞു. വാര്‍ത്തയുടെ പ്രധാനഭാഗം പോളിഞ്ഞേ....
രണ്ട്) കുത്താനുപയോഗിച്ച കത്തിയല്ല, പോലീസുകാര്‍ പണിയിച്ച കത്തിയുമല്ല; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ താന്‍ കൊടുത്ത കത്തിയായിരുന്നു അതെന്നു കാരി സതീശന്‍ തന്നെ സി.ബി.ഐ-യോട് സമ്മതിച്ചു. പിന്നേം പോളിഞ്ഞേ സ്കൂപ്പ്..
മൂന്ന്) കാരി സതീശന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. അതോടെ സ്കൂപ്പ് ആവിയായി.
അപ്പൊ ആരാണ് കൊല്ലന്റെ ആലയില്‍ കത്തി പണിയിക്കാന്‍ പോയത്? സംഭവം നടന്നത് ഇങ്ങനെയാവാന്‍ നല്ല സാധ്യതയുണ്ട്. ചാനലിന്റെ ഒരു ലേഖകന്‍ തന്നെ താന്‍ പോലീസ് ആണെന്ന് പറഞ്ഞു കത്തി പണിയിക്കാന്‍ കൊല്ലാന്റെ ആലയില്‍ പോകുന്നു. തൊട്ടുപിറകെ വേറൊരു ലേഖകന്‍ കൊല്ലന്റെ ഇന്റര്‍വ്യൂ നടത്തുന്നു(തള്ളേ, കൊല്ലന്റെ സമയം). പിന്നെ കേരളത്തെ ഇളക്കിമറിച്ച കുറെ ആഴ്ചകള്‍. ബി.ഉണ്ണിക്കൃഷ്ണന്‍ ഒരു കൂതറ പടം പോലും ഈ കഥ വെച്ചെടുത്തു എന്നും ഓര്‍ക്കുക. ഇങ്ങനത്തെ പാരമ്പര്യമുള്ള ഒരു ചാനലിനെ വിശ്വസിക്കണമെന്ന് പറഞ്ഞാല്‍, സോറി എക്സ്-കമ്മീ, അയാം വെരി സോറി. സി.ബി.ഐ റിപ്പോര്‍ട്ടിന് വേണ്ട പ്രാധാന്യം ഏഷ്യാനെട്ടോ മറ്റു മാധ്യമങ്ങളോ നല്‍കിയിരുന്നില്ല. അതുകൊണ്ട് സത്യം അറിയാത്തവര്‍ ഇപ്പൊഴുമുണ്ട്. ഈ എക്സ്-കമ്മിയും ആ കൂട്ടത്തില്‍ തന്നെ എന്നും മനസിലാക്കാന്‍ കഴിഞ്ഞു.
ജനക്കൂട്ടം ചിലപ്പോള്‍ അയാളെ കൈകാര്യം ചെയ്തിട്ടുണ്ടാവാം. അങ്ങനെ സംഭവിച്ചെങ്കില്‍ ഞാന്‍ അതിനെ ന്യായീകരിക്കുന്നില്ല.പക്ഷെ സംഭവിച്ചത് ഇതാണെങ്കിലോ , "കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന് കയ്യേറ്റം ചെയ്തു എന്ന്." (നേരത്തെ തന്ന ലിങ്കില്‍ നിന്ന്)
ഉന്മേഷ് പറഞ്ഞത് പോലെ,"മാധ്യമ ധര്‍മ്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഏഷ്യാനെറ്റ് ആ പരിപാടി എഡിറ്റു ചെയ്യാതെ ടെലിക്കാസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം. ബര്‍ക്കാ ദത്തിനെതിരെ ആരോപണം വന്നപ്പോള്‍ എഡിറ്റ് ചെയ്യാതെ അവരുമായുള്ള ഇന്റര്‍വ്യൂ NDTV കാണിച്ചതു പോലെ. സത്യമറിയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്."
അയാളെ പി.ജയരാജന്‍ തല്ലുന്നതൊന്നും ആ വീഡിയോയില്‍ ഇല്ലാത്ത സ്ഥിതിക്കും പറയുന്നത് ഏഷ്യാനെറ്റ് ആയത് കൊണ്ടും ഇതിന്റെ പേരില്‍ ബഹളം കൂട്ടുന്നവരോട് പറയാനുള്ളത്, കാര്യമറിയാതെ വെറുതെ കിടന്നു ബഹളം കൂട്ടരുത്. കാര്യമെന്താണെന്നു നന്നായി അന്വേഷിച്ച ശേഷം മാത്രം പോരെ ഇതെല്ലാം. അല്ല ഇടതുപക്ഷത്തെ താറടിക്കാന്‍ കിട്ടിയ ഒരവസരമായി ഇതിനെ ഉപയോഗിക്കുന്നവരോട് എനിക്കത്രയെ പറയാനുള്ളൂ, ഗ്രഹണത്തിനും ഒരു സമയമുണ്ട്. അതു കഴിഞ്ഞാല്‍ സൂര്യന്‍ പുറത്തു വരിക തന്നെ ചെയ്യും. സത്യത്തെ എല്ലാക്കാലത്തും മറച്ചു വെയ്ക്കാന്‍ കഴിയില്ല, എസ്-കത്തിയാണെ സത്യം...
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ മുതല്‍ ഇടതുമുന്നണിയെ തോല്പ്പിക്കാനായി കേരളത്തിലും ബെന്ഗാളിലും വന്‍ തോതില്‍ പണമൊഴുകുന്ന കാര്യം അത്ര രഹസ്യമൊന്നുമല്ല (സ്പെക്ട്രത്തിനും രാജയ്ക്കും സ്തുതി). കേരളത്തിലെ എന്പതിരണ്ടു കോണ്ഗ്രസ് എം.പിമാര്‍ക്കായി നൂറു കോടി രൂപ കേരളത്തില്‍ എത്തിയതായി ഉള്ള ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. യു.ഡി.എഫ് വിമതന്മാര്‍ക്ക് പിന്മാറാന്‍ ഇരുപത്തഞ്ചു ലക്ഷമോക്കെയാനത്രേ വാഗ്ദാനം. മണിക്കൂറിനു അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് പല മഹാന്മാരുടെയും ഹെലികോപ്ടര്‍ പ്രചാരണത്തിനുള്ള ചെലവ്. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്കായി കൊണ്ടുവന്ന രണ്ട് കോടിയില്‍ ഒരു പങ്ക് പണം കൊണ്ട് വന്ന നേതാവ് മുക്കിയതും തുടന്നുണ്ടായ കോലാഹലവും ഓര്‍മ്മ കാണുമല്ലോ (ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം). ഈ തുകയില്‍ എത്രപങ്കു ഏതൊക്കെ പത്രക്കാരുടെ പോക്കറ്റില്‍ പോകുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നല്ലതായിരിക്കും. പെയ്ഡ് ന്യൂസ് മഹാരാഷ്ട്രയില്‍ മാത്രമല്ല, കേരളത്തിലും ഒരു യാഥാര്‍ഥ്യം ആണ്. ഇതിനു കൂട്ടുനില്‍ക്കുന്നവര്‍ സ്വന്തം ജോലിയെ വ്യഭിചരിക്കുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യഭിച്ചരിക്കുന്നത് ജനാധിപത്യത്തെയും. കഥയറിയാതെ ആട്ടം കാണുകയാണ് പലപ്പോഴും നാം എന്നറിയുക. നീരാ റാടിയ-ബര്‍ഖ ദത്ത്- വീര്‍ സാമ്ഘ്വി ആട്ടക്കഥ മറന്നിട്ടില്ലല്ലോ അല്ലേ....
ഈ സംഭവത്തില്‍ ആരെങ്കിലും പണം വാങ്ങിയെന്നോ കൊടുത്തെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ ചിലര്‍ ഒരു പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി കള്ളവാര്തകള്‍ കൊടുക്കുന്നത് പുണ്യം കിട്ടാന്‍ ഒന്നും ആകില്ല എന്ന് മനസിലാക്കാന്‍ പോലീസിന്റെ ഇന്റെറോഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ ഒന്നും വേണ്ട. വെറും നാലാം ക്ലാസും ഗുസ്തിയും വെറും കോമണ്‍ സെന്‍സും മാത്രം മതി. നാനാവിധമായ ലക്ഷം കോടികളുടെ അഴിമതികളിലും പാവം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്ത പീഡനങ്ങളിലും മുങ്ങി തോല്‍വി മുന്നില്‍ കണ്ടു കൊണ്ട് നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരാനും ഈ പ്രശ്നങ്ങളില്‍ നിന്നും ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് ഈ നാടകങ്ങള്‍ എങ്കില്‍ ആയിക്കോളൂ. എസ് കത്തിയുടെ രൂപത്തിലും മറ്റും നാം ഇതു നാം നേരത്തെ കണ്ടതാണ്. സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിച്ചും സമൂഹത്തില്‍ 'എല്ലാരും കണക്കാ' എന്ന അരാഷ്ട്രീയ ബോധം പടര്‍ത്തുമ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന കൊമ്പു മുറിക്കുകയാണെന്നു അറിയുന്നുണ്ടോ പത്രക്കാരാ? പൊതുജനം വെറും കഴുതയല്ല എന്നറിയുക. എല്ലാക്കാലത്തും എല്ലാരെയും കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, അതേതു മര്‍ഡോക്കായാലും...