ലോട്ടറി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോട്ടറി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറുദിന കര്‍മ്മപരിപാടി: കുഞ്ഞൂഞ്ഞു വഹ..

അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

ഒന്ന്) അതിവേഗം, ബഹുദൂരം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. വോട്ടെണ്ണി അങ്ങട് കഴിഞ്ഞതെ ഉള്ളു. അപ്പഴേക്കും വന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍, ഉമ്മന്‍ ചാണ്ടിക്ക് പമോലീന്‍ എന്തെരാണ്‌ എന്ന് പോലും അറിയില്ല എന്ന്. അതീ കോടതി തള്ളി എന്നത് നേര് തന്നെ. അതീ കോടതിക്ക് നടപടിക്രമം ഒന്ന് വലിയ പുടി ഇല്ലാത്തത് കൊണ്ടാ എന്ന് കോണ്ഗ്രസ്. അതൊക്കെ നമ്മുടെ ഹസ്സന്‍ സാറിനോട് ഒന്ന് ചോദിച്ചിരുന്നേല്‍ പുള്ളി പറഞ്ഞു കൊടുക്കത്തില്ലായിരുന്നോ അതൊക്കെ. പിന്നെ എന്തരിനാണ് ഹസ്സന്‍ റിപ്പോര്‍ട്ടറിലെ ചര്‍ച്ചയില്‍ വേണുവിന്റെ മുന്നിലിരുന്നു വെള്ളം കുടിച്ചു ജബ ജബ അടിച്ചതെന്നു ചോദിച്ചാല്‍ അതുപിന്നെ....

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി മൂന്നുമാസം തികയുന്നതിനു മുന്‍പ് മുഖ്യമത്രിയുടെ രാജി ആവശ്യം നാല് കോണില്‍ നിന്നും ഉയരുന്നു. കുഞ്ഞൂഞ്ഞിനിട്ടു പണി തരാന്‍ ചെന്നിയണ്ണന്‍ മുസ്തഫയെ ഇറക്കി കളിച്ചതാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. (അങ്ങനേലും പുള്ളിയെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനം ഉണ്ടായല്ലോ, സന്തോഷം). പണ്ട് കുഞ്ഞൂഞ്ഞു കരുണാകരനും അന്തോണിച്ചനും പണിഞ്ഞു. ഇപ്പൊ അതുപോലെ തിരിച്ചു കിട്ടുന്നു. അത്രേം കരുതിയാ മതി. ഉമ്മന്‍ ചാണ്ടിയാണോ ചെന്നിത്തലയാണോ എന്ന ചോയ്സ് മലയാളിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്നതാണോ ലോകാവാസാനാമാണോ നല്ലത് എന്നത് പോലെയേ ഉള്ളു എന്ന് ബെര്‍ളി. 

രണ്ട്) എ -ക്ലാസ് പിള്ള അദ്ദേഹത്തെ ആദ്യം പരോളില്‍ ഇറക്കി. പിന്നേം ഇറക്കി. അനുവദിച്ചിട്ടുള്ള പരോളില്‍ നാല്പത്തഞ്ചു ദിവസം അധികം. ഇനി പരോള്‍ കിട്ടാന്‍ വകുപ്പ് അങ്ങു പുതുപ്പള്ളീനു കൊണ്ട് വരേണ്ടി വരും. അപ്പഴാണ് ഇരുമ്പഴിയെണ്ണി എണ്ണി ആണെന്ന് തോന്നുന്നു പിള്ളേടെ മേത്ത് ഇരുമ്പിന്റെ അംശം കൂടീന്നു ഒരു റിപ്പോര്‍ട്ട് കിട്ടി. പിന്നൊന്നും നോക്കീല, പരോള്‍ കഴിഞ്ഞു തിരിച്ചു വന്നെന്റെ അന്ന് തന്നെ പിള്ളയെ 'കിംസ്'-ലോട്ട് അയച്ചു; അതും ഫൈവ് സ്റ്റാര്‍. പൂജപ്പുരയില്‍ നിന്നും കിംസിലെക്കുള്ള ദൂരമായിരിക്കും ഈ 'സമദൂരത്തിലെ ശരിദൂരം'.

മൂന്ന്) അടൂര്‍ പ്രകാശിന്റെ പേരിലുള്ള റേഷന്‍ കട ക്രമക്കേട് വിജിലന്‍സ് അന്വേഷണം ഒരു വഴിക്കാക്കി. അന്ന് പ്രകാശ് ചെയ്തതിനേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ജേക്കബിന്റെ മോന്‍ തന്നെ നേരിട്ട് ഇപ്പൊ റേഷന്‍ കട കൊടുക്കാനുള്ള ഇടവാട് നടത്തുന്നു. ഫയങ്കര പുരോഗതി. അതിന്റിടയ്ക്ക് ആ കൈരളിക്കാര് ജേക്കബ് ഗ്രൂപ്പ് നേതാവ് ഈപ്പന്‍ ഇതിനായി കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പുടിച്ചു. ചാനലുകാരു കൂടുതലും നമ്മുടെ ആളുകളായത് കൊണ്ട് അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല, ഫാഗ്യം. ഈപ്പനെ നമ്മല്പ്പഴെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകി.
 

നാല്) ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ പ്രാക്ടീസ് എടുത്തു കളയാന്‍ ഒന്ന് നോക്കി. അതിനായി സാമാന്യം നല്ല രീതിയില്‍ പിരിവും നടന്നു. പക്ഷെ ആ ഇടതന്മാര് തമ്മസിക്കണ്ടേ?

അഞ്ച്) ഐസ് ക്രീം....

ആറ്) അഞ്ഞൂറ്റിമുപ്പതു അണ്‍എയ്ഡഡ്  സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തു പൊതുവിദ്യാലയങ്ങളെ ഒരു വഴിക്കാക്കാന്‍ തീരുമാനിച്ചു. ആ ഇടതന്മാരും സാറന്മാരും എന്തിനു കെ.എസ്.യു വരെ എതിര്‍ത്തത് കാരണം തല്ക്കാലം അതു പരണത്തു വെച്ചു.

ഏഴ്) മാനേജ്മെന്റുകള്‍ ചോദിച്ചത് പോലെ +2  സീറ്റുകള്‍ അനുവദിച്ചു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളൊക്കെ അങ്ങനേലും ഒന്ന് പൂട്ടട്ടെ. ഓണപ്പരൂഷ നടത്താന്‍ അവസാനനിമിഷം തീരുമാനിച്ചു വിദ്യാഭ്യാസ കലണ്ടര്‍ മുഴുവന്‍ അവതാളത്തിലാക്കി.


എട്ട്) ഇഷ്ടമല്ലാത്ത ജീവനക്കാരേം പോലീസുകാരേം തോന്നിയിടതോട്ടൊക്കെ സ്ഥലം മാറ്റി. പലരും ഇപ്പോഴും കേരളത്തിന്റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഒന്‍പത്) ഇതിനിടേല്‍ കുഞ്ഞാലിക്കുട്ടി, ബഷീര്‍, ആര്യാടന്‍, ചെര്‍ക്കളം മുതലായ മഹാന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇനി അതിനേം ഒരു വഴിക്കാക്കണം.


പത്ത്) ഏതാണ്ടെല്ലാ നിയമനങ്ങളും വിവാദമാക്കി (ഇതൊക്കെ എങ്ങനെ സാധിക്കുന്നു!). അര്‍ഹതയില്ലാത്തവരെ നിയമിച്ചു എന്നത് തന്നെ പ്രശ്നം. എന്താനിവര്‍ക്ക് ഒരു അര്‍ഹതക്കുറവു എന്ന് ഞാനുറക്കെ ചോദിക്കുകയാണ്. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ വി.സി ആക്കുന്നത് ഒരു തെറ്റാ?  സ്പെക്ട്രം കേസിലും നീര റാടിയ ടേപ്പിലും ഒക്കെ ഉള്ള തരുണ്‍ ദാസിനെക്കാള്‍ അര്‍ഹതയുള്ള ഒരാളെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കാന്‍ കഴിയോ? പറയൂ  പറയൂ....

പതിനൊന്ന്) അഞ്ചാം മന്ത്രി അഥവാ കുഞ്ഞാപ്പയുടെ വിക്രിയകള്‍...

പന്ത്രണ്ട്) കാസര്ഗോടത്തെ അക്രമം അനെഷിക്കുന്ന കമ്മീഷന്‍ ലീഗിനെതിരെ തെളിവുകള്‍ കണ്ടെത്തി. ഒട്ടും താമസിച്ചില്ല, കമ്മീഷനെ അങ്ങു പിരിച്ചു വിടാന്‍ തീരുമാനിച്ചു. പക്ഷെ ഇപ്പൊ കമ്മീഷന്റെ കണ്ടെത്തലോക്കെ പുറത്തു വന്നു ആകെ നാറി.

പതിമൂന്ന്) ബസ്‌ ചാര്‍ജ്ജില്‍ സാമാന്യം നല്ല വര്‍ദ്ധന വരുത്തി. കറണ്ടു ചാര്‍ജ്ജ്, പാല്‍ വില തുടങ്ങിയവയില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വര്‍ദ്ധന വരുത്തി സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതായിരിക്കും.

പതിനാല്) എന്ടോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ കോണ്ഗ്രസ് വക്താവ് സിന്ഗ്വി തന്നെ ഹാജരായി. താന്‍ വാദിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും സിന്ഗ്വി. ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കാസര്ഗോഡത്തെ  പ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ മൂലമല്ല എന്ന് വാടിച്ചതിനു തെളിവുകള്‍ പുറത്തു വന്നു. എന്ടോസള്‍ഫാന്‍ ബാധിത മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന മുഹമ്മദ്‌ അഷീലിനെപ്പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇതൊന്നും പോരാഞ്ഞിട് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര വകുപ്പ് കൂടി ഫരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടത്താന്‍ കപ്പാസിറ്റി ഉള്ള ഒരു പോലീസുകാരനെ കണ്ടിട്ട് മരിച്ചാ മതി....



ശുഭം?
മംഗളം??

അനൂപ്‌ കിളിമാനൂര്‍

Related Posts:

മുഖ്യനോട് ചോദിക്കാം...

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 

കാര്‍ട്ടൂണ്‍: ദേശാഭിമാനി 

 

ഞായറാഴ്‌ച, ജൂൺ 05, 2011

ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!

 
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര  ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക്‌ ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.

ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ്‌ സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക  കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ. 


 
പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച്‌ കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക. 

പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത്‌ വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി.  സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്,
"How many Ramdevs make one Gandhi?"

ജനാധിപത്യത്തില്‍ ഇങ്ങങ്ങനെയുള്ള സത്യാഗ്രഹങ്ങള്‍ക്കുള്ള ഇടം എന്ത് എന്ന ചോദ്യം സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം സത്യാഗ്രഹങ്ങളില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണം എന്നും നിയമവ്യവസ്ഥിതിയെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അംബെദ്കര്‍ പറയുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്ത് പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യം  നിലനില്‍ക്കാത്തിടത്തോളം കാലം ചിലപ്പോള്‍ ഇങ്ങനെയുള്ള സമരമുറകള്‍ ആവശ്യമായി വരും. ഇറോം ഷര്‍മിള പത്ത് വര്‍ഷമായി നടത്തുന്ന ഉപവാസം തന്നെ ഉദാഹരണം. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനും സര്‍ക്കാരിനെതന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തു സ്വന്തം ആവശ്യങ്ങള്‍ നേടാനും അതുപയോഗിക്കപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. അഴിമതി, കള്ളപ്പണം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നാം ചുറ്റും കാണുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ രോഗമല്ല, മറിച്ചു ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് എന്ന് നാം മനസിലാക്കണം. നവ ഉദാരവല്‍ക്കണത്തിന്റെ കൂടപ്പിറപ്പുകള്‍ ആണ് ഇവയെല്ലാം. ചികിത്സ വേണ്ടത് ലക്ഷണങ്ങള്‍ക്കല്ല, മറിച്ചു രോഗത്തിനാണ്‌. ലക്ഷണങ്ങള്‍ക്ക് ഈ നിരാഹാരം പോലുള്ള ചികിത്സ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രോഗത്തെ കൂടതല്‍ വഷളാക്കുകയെ ഉള്ളൂ. 1991-ല്‍ മനമോഹനനും നരസിംഹറാവുവും ചേര്‍ന്ന് നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണനയങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഇത്ര തീവ്രമാക്കി മാറ്റിയത്. അതിനുമുന്‍പ്‌ അഴിമതി ഇല്ലായിരുന്നു എന്നല്ല, എന്നാല്‍ ഈ പുതിയ നയം മൂലം കേന്ദ്രസര്‍ക്കാരിന് വന്നു ചേര്‍ന്ന മുതലാളിത്തമുഖമാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയത്. നെഹ്രൂവിയന്‍ സോഷ്യലിസത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയും മുതലാളിത്ത നയങ്ങള്‍ അവര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയില്‍ 'ലോബിയിംഗ്' എന്ന പേരില്‍ അഴിമതി നിയമവിധേയമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ട് കാലമേറെയായി. വന്‍ കോര്‍പ്പറേറ്റുകള്‍ ഭരണകര്‍ത്താക്കളുടെ നയങ്ങളെ ഈ ലോബിയിസ്ടുകള്‍ വഴി തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്വാധീനിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് നീരാ റാഡിയയിലൂടെ നാം കണ്ടത്. അതായത് ഉദാരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ സര്‍വ്വ ശക്തിയോടും കൂടെ നമ്മെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ആഴ്ച തോറും കൂടുന്ന എണ്ണവിലയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു തുലയ്ക്കലും എല്ലാം ഇതിനു അനുബന്ധം മാത്രം....

രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്‌. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും  ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ്‌ വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക.  ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും  നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി...  വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്‌...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വാല്‍ക്കഷണം: ഇതൊക്കെക്കണ്ട്‌ ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....

Related Posts:

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...


 

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...



അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇതുവരെ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതു പബ്ലിഷ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതു ഒത്തുതീര്‍പ്പാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാരണം ആവശ്യം തീര്‍ത്തും ന്യായം ആണ്. ജെ.പി.സി ആവശ്യത്തില്‍ സംഭവിച്ചതുപോലെ സാങ്കേതികതയില്‍ എത്രനാള്‍  തൂങ്ങിക്കിടന്നാലും ഒടുവില്‍ അനിവാര്യതയ്ക്ക് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് അടിയറവു പറയേണ്ടി വരും. കാരണം ഇവിടെ എകാധിപത്യമോ രാജഭരണമോ അല്ല, മറിച്ചു ഇതൊരു  ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍ ഈ പോരാട്ടം താല്‍കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്‌ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ്‌ ആണ്. 

അദ്ദേഹം ഓപ്പണ്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ.

http://www.openthemagazine.com/article/voices/the-anna-hazare-show
ഈ ലേഖനത്തിലും ടൈംസ്‌ നൌ- ചാനലിലെ ചര്‍ച്ചയിലും പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഈ പോസ്റ്റിനു ആധാരം. അദ്ദേഹം പറഞ്ഞതിലെ പ്രധാന പോയിന്റ്‌ ഇതാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ മുഴുവന്‍ സമ്മതിച്ചു ഇതു പാസ്സാക്കി എന്ന് കരുതുക, അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എങ്കിലും ചുമ്മാ കരുതുക. അപ്പോള്‍ നിയമിക്കപ്പെടാന്‍ പോകുന്ന ഉദ്യോഗസ്ഥന്റെ അധികാരങ്ങളും പ്രവര്‍ത്തന രീതികളും അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു. അത്രയും അധികാരങ്ങളില്ല എങ്കിലും സമാനമായ അധികാരങ്ങളുള്ള ഒരു പോസ്റ്റ്‌ ഇപ്പോള്‍ തന്നെ ഉണ്ടു. മറ്റൊന്നുമല്ല, പി.ജെ തോമസ്‌ ഇരുന്നു വിലകളഞ്ഞ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്ന പോസ്റ്റ്‌. ആ പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും പറഞ്ഞത് ആ പോസ്റ്റിലെ നിയമനം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തീര്‍ത്തും നിഷ്പക്ഷം ആയിരിക്കും എന്നുമാണ്. എന്നാലിപ്പഴോ? ടെലികോം സെക്രട്ടറി ആയിരിക്കെ സ്പെക്ട്രം ഇടപാടുകളില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു ആ സ്ഥാനാരോഹണം എന്നത് പരസ്യമായ രഹസ്യമാണ്. അതു കൊണ്ടുതന്നെയാണ് സുപ്രീം കോടതി വരെ പറഞ്ഞിട്ടും പുള്ളിയെ ഇറക്കിവിടാന്‍ വിമ്മിട്ടപ്പെട്ടു നില്‍ക്കുന്ന ആദര്‍ശശാലി( എന്തരോ എന്തോ?) മനമോഹനെയും കൂട്ടരെയും നമുക്ക് കാണേണ്ടി വന്നത്. സി.ബി. ഐ ഇപ്പോള്‍ വെറും കോണ്ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്ടിഗേഷന്‍ ആയി മാറിയതെങ്ങനെ എന്നും ഓര്‍ത്താല്‍ നല്ലത്. നിയമം മൂലം എത്ര ശക്തമായ കരങ്ങളാണ് അഴിമതിക്കെതിരെ പോരാടാന്‍ നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അവയെ ഹൈജാക്ക് ചെയ്യാനും ഇഷ്ടക്കാരെ നിയമിക്കുക വഴി ആ കരങ്ങളെ തീര്‍ത്തും ആശക്തമാക്കാനും നമ്മുടെ രാഷ്ട്രീയ-ബ്യൂറോക്രസി-കോര്‍പ്പറേറ്റ് 'നെക്സസ്'-നു കഴിഞ്ഞു. ഇവിടെയാണ്‌ 'അന്നാ ഹസാരയെ നിങ്ങള്‍ എങ്ങനെയാണ് പിന്തുണയ്ക്കുന്നത്?' എന്ന ചോദ്യത്തിന്റെ പ്രസക്തി. ചിലര്‍ ഒരു നേരം പട്ടിണി കിടക്കുന്നു, ചിലര്‍ മെഴുകുതിരികള്‍ കത്തിക്കുന്നു. ഞാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് എന്‍റെ പിന്തുണ കൊടുക്കുക എന്നെന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, 'ആകെയുള്ള കുറച്ചു ലീവില്‍ മൂന്നെണ്ണം എടുത്തു ഞാന്‍ നാട്ടില്‍ വോട്ടു ചെയ്യാന്‍ പോകുന്നു' എന്ന്.

അതു തന്നെയാണ് നാം ശ്രദ്ധിക്കേണ്ട പ്രശ്നം. മനു ജോസഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'രണ്ട് തരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ട്. പക്ഷെ അതില്‍ ചീത്ത ആള്‍ക്കാരെ ഭരണം ഏല്‍പ്പിച്ച ശേഷം ഒരു നേരം പട്ടിണി കിടന്നിട്ടെന്തു കാര്യം?'. അത്ര പോപ്പുലര്‍ ആയ ചോദ്യം അല്ല എന്നറിയാം. പക്ഷെ ഈ ചോദ്യം വിരല്‍ ചൂണ്ടുന്ന പ്രശ്നമല്ലേ ആദ്യം പരിഹരിക്കപ്പെടേണ്ടത്. നമ്മെ ഭരിക്കാനുള്ള ചുമതല ചില അഴിമതിക്കാരെ ഏല്‍പ്പിച്ച ശേഷം നാം മെഴുകുതിരിയും കത്തിച്ചു പട്ടിണി കിടന്നാല്‍ ഈ നാട്ടിലെ അഴിമതിയൊക്കെ ഇല്ലാതാവുമോ? അഴിമതിക്കാര്‍ നമ്മെ ഭരിക്കുന്നെങ്കില്‍ അതിനു നമ്മള്‍ കൂടി കാരണക്കാര്‍ അല്ലേ? അപ്പൊ പറയുന്ന മറുപടി ഇതാവും, "എല്ലാരും കണക്കാ, പിന്നെ ആരെ ജയിപ്പിക്കാനാ എന്ന്".  അരാഷ്ട്രീയമായ ഈ നിസംഗത തന്നെയാണ് ഈ കള്ളന്മാര്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നത് എന്നറിയുക. ഈ 'എല്ലാരും കണക്കാ'  ടീമ്സിനോടൊക്കെ എന്‍റെ ചോദ്യം ഇതാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനും ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരിനും ഒക്കെ എതിരെ ആഴ്ചയ്ക്ക് ഒന്ന് എന്ന കണക്കിലാണല്ലോ അഴിമതിക്കഥകള്‍ പുറത്തു വരുന്നത്. എന്നിട്ടും എന്തേ ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജെനുവിന്‍ ആയ ഒരു അഴിമതി ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജെനുവിന്‍ ആയ എന്ന് പറഞ്ഞാല്‍ വി.ഡി സതീശന്റെ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന ലോട്ടറി ആരോപണം പോലെയുള്ളവ അല്ല എന്നര്‍ഥം. 'എല്ലാരും കണക്കല്ല' എന്നത് തന്നെയാണ് ഇതിനു കാരണം. ഈ വാദത്തോട് യോജിക്കാതെ സ്വന്തം സമ്മതിദാനാവകാശം പോലും വിനിയോഗിക്കാതെ 'എല്ലാരും കണക്കാ' എന്ന് ജപിച്ചിരിക്കുന്നവരോട് എനിക്കിത്രയേ പറയാനുള്ളൂ, 'മെഴുകുതിരിയും കത്തിച്ചു ഐ.പി.എല്ലും കണ്ടിരുന്നോളൂ, അഴിമതി ഇപ്പൊ തീരും...' (ഉവ്വ തീര്‍ന്നു).

അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍: ദി ഹിന്ദു

ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010

കോണ്‍ഗ്രസ്സും ഗാന്ധിജിയും...

പേരും നുണകളില്‍ കെട്ടിപ്പൊക്കിയ ലോട്ടറി വിവാദം കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ തിരിഞ്ഞു കൊത്തിയത് നാം കണ്ടതാണ്. പക്ഷെ, വീ ഡീ സതീശനെപ്പോലുള്ള മാന്യന്മാര്‍ വീണ്ടും നുണകളുമായി ഇറങ്ങുന്നത് കാണുമ്പോള്‍ എനിക്ക് പറയാനുള്ളത് ഇത്രയും മാത്രം; വീണിടത്ത് കിടന്നുരുണ്ടു ആ ഖദറില്‍ ഇനിയും ചെളി പുരട്ടരുത്. സത്യം എല്ലാക്കാലവും ഒളിച്ചുവെയ്ക്കാന്‍ കഴിയില്ല. എന്നെങ്കിലും അത് പുറത്തുവന്നെ തീരൂ. വി.ഡി സതീശനും മറ്റും ഇതു മനസിലാക്കിയാല്‍ നന്ന്. ലോട്ടരിക്കാര്‍ക്ക് വാദിച്ചതിനായി തൊണ്ണൂറുലക്ഷമാണത്രേ മാര്‍ട്ടിന്‍ കൊടുത്ത സിന്ഘ്വിയുടെ ഫീസ്‌. നോട്ടുകള്‍ കാണുമ്പോഴെങ്കിലും ഗാന്ധിജിയെ ഒന്നോര്‍ക്കുക....


ശുഭം!
മംഗളം!

അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

ലോട്ടറി മാഫിയക്കെതിരെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് പോരാടുന്ന ചെന്നിത്തലയ്ക്കും വീഡീ സതീശനും ഹസനും മറ്റും എതിരായ വന്‍ ഗൂഡാലോചനയാണ് ഇപ്പോള്‍ പുറത്തു കേരളത്തിലെ മാധ്യമ പുലികളുടെയും മറ്റും പ്രവര്‍ത്തനത്തിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലോട്ടറി മാഫിയയും തോമസ്‌ ഐസക്കും ചേര്‍ന്ന് വന്‍ ഗൂഡാലോചന നടത്തി ലോട്ടറി സംവാദത്തില്‍ വെന്നിക്കൊടി പാറിച്ചു എന്നവകാശപ്പെടുന്ന പുലിക്കുട്ടന്‍ വീഡീ സതീശനെയും മറ്റും നാണം കേടുത്തിയെന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ലോട്ടറി മാഫിയക്ക് വേണ്ടി വാദിക്കാന്‍ കോണ്ഗ്രസിന്റെ ദേശീയ നേതാവ് അഥവാ വക്താവ് ആയ അഭിഷേക് സിംഗ്വി സാറിനെ കൊണ്ടുവന്നത് ഐസക്കിന്റെ ബുദ്ധിയാണെന്നാണ് ചെന്നിത്തല സാര്‍ ഇന്ന് പറഞ്ഞത്. എന്നിട്ട് ചെന്നിത്തലയും പി.ടി.തോമസും വന്ന പ്ലൈനില്‍ തന്നെ ടിക്കറ്റെടുത്ത് കൊടുത്തു. പ്ലെയിനില്‍ വെച്ച് കണ്ടപ്പോള്‍ താന്‍ കൊച്ചി വഴി ബംഗ്ലൂര്‍ക്ക് പോവുകയാണെന്ന് സിങ്ങ്വി ചെന്നിതലയോട് പറഞ്ഞത്രേ. പാവം ചെന്നിസാര്‍ അതങ്ങ് വിശ്വസിച്ചു. കേസിന്റെ കാര്യം ചെന്നിയോടു പറഞ്ഞതുമില്ല. പത്രക്കാര്‍ പറഞ്ഞപ്പോഴാണ് പാവം ചെന്നി ഈ കേസിന്റെ കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ വീഡീ സതീശനേം കൂട്ടി വന്‍ നീക്കങ്ങള്‍ നടത്തി. തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് വിളി വരുകയും കേസില്‍ അനുകൂല വിധി വാങ്ങിയ ശേഷം(!) പുള്ളി കേസില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.

കൊണ്ഗ്രസിനുണ്ടായ നാണക്കേട്‌ ചില്ലറയല്ല. എന്തിനേറെ, 'ഒരു കേട്ടു നോട്ടു കൊടുത്താല്‍ ഒരു വക്താവ് കൂടെപ്പോരും' എന്ന് വീരഭൂമിക്കുപോലും എഴുതേണ്ടി വന്നു. ഏതായാലും ചെന്നിത്തലയെ നാണം കെടുത്താന്‍ മാത്രം കോണ്ഗ്രസിന്റെ ദേശീയ നേതാവിനെ രംഗത്തിറക്കിയ ഐസക്കിന്റെ നടപടി ഭയാനകം തന്നെ. ഐസക്ക് നല്ലൊരു മന്ത്രിയാനെന്നറിയാം, പക്ഷെ ഇത്രേം ഫയങ്കരനാനെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ഇനി അടുത്ത തവണ ചെന്നിയെ നാണം കെടുത്താന്‍ മനമോഹനനെയോ എന്തിനു സോണിയാ മാഡത്തിനെതന്നെയോ  പുള്ളി രംഗത്തിറക്കുവോ എന്നാണ് എന്റെ ഭയം. ഇത്രയും നാള്‍ ചിദംബരം, ആ ഇപ്പഴത്തെ നമ്മുടെ കേന്ദ്ര മന്ത്രി തന്നെ, ലോട്ടറിക്കാര്‍ക്ക് വേണ്ടി നമ്മുടെ കേരളാ ഹൈക്കോടതിയിലടക്കം ഇന്ത്യ മുഴുവന്‍ വാദിച്ചു നടന്നതിനു പിന്നില്‍ തോമസ്‌ ഐസക്കിന്റെ കരങ്ങളാനെന്നാണ് എന്റെ ബലമായ സംശയം. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഇപ്പോഴും ലോട്ടറിക്കാരുടെ കേസ് വാദിക്കുനതിനു പിന്നിലും ഐസക്കിന്റെ ഗൂഡാലോചന തന്നെ ആയിരിക്കും. ചിദംബരം കേരളാ ഹൈക്കോടതിയില്‍ വാദിച്ചു തോറ്റ അതേ വാദങ്ങള്‍ കേന്ദ്രനിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പുള്ളി അതില്‍ ഉള്‍പ്പെടുത്തിയതും ഐസക്കിന്റെ ഗൂഡാലോചന തന്നെ. ലോട്ടറികള്‍ക്കെതിരെ നടപടിയടുക്കാന്‍ അവകാശം കേന്ദ്രത്തിനു മാത്രമെന്ന് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയതും ഇത്രയും കാലമായിട്ടും, ഉമ്മന്‍ ചാണ്ടിയും വി. എസ്സും ഇത്രയും കത്ത് എഴുതിയിട്ടും ഒരു നടപടിയും എടുക്കാതിരുന്നതും ഈ ഗൂഡാലോചനയുടെ ഭാഗമല്ലേ എന്ന് പോലും ഞാന്‍ സംശയിക്കുന്നു. രാം ഗോപാല്‍ വര്‍മ്മ ഇതൊന്നും കേള്‍ക്കണ്ട, ഉടന്‍ ഇതു വെച്ചൊരു പടം പിടിച്ചു കളയാന്‍ ചാന്‍സുണ്ട്.
മണി കുമാര്‍ സുബ്ബ എന്ന മഹാനായ ഒരു കോണ്ഗ്രസ് നേതാവുണ്ട്. നമ്മുടെ കാലഘട്ടത്തില്‍ ഉള്ള കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ ഏറ്റവും മഹാന്‍ പുള്ളിയാണെന്ന് പറഞ്ഞാല്‍ അച്യുതന്‍ മുതലാളി പോലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. പുള്ളി നേപ്പാളില്‍ നിന്നോ മറ്റോ ഒരു കൊലപാതകം ചെയ്തു ഇന്ത്യയില്‍ കടന്നു. എന്നിട്ട് നേരെ ചെന്നു കൊണ്ഗ്രെസ്സില്‍ ചേര്‍ന്നു. മൂന്നു പ്രാവശ്യം എം.എല്‍.എയും രണ്ട് പ്രാവശ്യം എം.പിയുമായി, അതും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍. ഇപ്പൊ ഏതോ ബലാല്‍സംഘക്കേസില്‍ പെട്ട് ഡല്‍ഹിയിലോ മറ്റോ ഒളിവിലാണെന്ന് കേട്ടു. പുള്ളിയുടെ കാര്യം ദിവിടെ പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചാല്‍ ഇന്ത്യയിലെ ലോട്ടറിയുടെ കിരീടം വെയ്ക്കാത്ത രാജാവാണ് ഈ മഹാന്‍. പുള്ളി കഴിഞ്ഞ ഇലക്ഷനുമാത്രം കൊണ്ഗ്രസ്സിനു കൊടുത്തത് 5000 കോടി രൂപയാണെന്നത് പുള്ളി തന്നെ പറഞ്ഞ കാര്യമാണ്. പുള്ളിയെ കൊണ്ഗ്രസ്സില്‍ ചേര്‍ത്തതിനു പിന്നിലും ചെന്നിത്തലയെയും വീഡീ സതീശനെയും അപകീര്‍ത്തിപ്പെടുതാനുള്ള ഐസക്കിന്റെ ബുദ്ധിയല്ലേ എന്ന് ഞാന്‍ ഭയങ്കരമായി സംശയിക്കുന്നു.

കേരളാ സംസ്ഥാന ഭാഗ്യക്കുറി എന്നത് വികലാംഗരായവരും മറ്റു ജോലി ചെയ്യാന്‍ കഴിയാത്തവരുമായ പലരുടെയും അത്താണി ആണ്. ഈ ഭാഗ്യക്കുറി നിരോധിച്ചാല്‍ മാത്രമേ നമുക്ക് അന്യ സംസ്ഥാന ഭാഗ്യക്കുറി നിരോധിക്കാന്‍ കഴിയൂ. കാരണം സ്വന്തമായി ഭാഗ്യക്കുറി നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളുടെ ഭാഗ്യക്കുറി നിരോധിക്കാന്‍ കഴിയില്ല. അതിനുള്ള അധികാരം കേന്ദ്രത്തില്‍ മാത്രം നിക്ഷിപ്തം. കേന്ദ്രത്തിന്റെ കാര്യം പറയണ്ടല്ലോ; അവര്‍ക്ക് വല്ല നടപടിയും എടുക്കാന്‍ പറ്റോ? സര്‍വ കേന്ദ്ര മന്ത്രിമാരേം ഇപ്പൊ നിയന്ത്രിക്കുന്നത്‌ തോമസ്‌ ഐസക്കല്ലേ. പിന്നെങ്ങനെ നടപടി വരും. ഹല്ല പിന്നെ...... എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 
വാല്‍ക്കഷണം: കള്ളുകച്ചവടത്തിനും ലോട്ടറിക്കുമെതിരെ എം.എം ഹസന്‍ ഇന്ന് തിരുവന്തോരത്ത് ഉപവാസം നടത്തുന്നു. ഡിഫിക്കാര്‍  ഒരു കോവര്‍ കഴുതയുടെ പുറത്തു ഹസന്‍, അച്യുതന്‍, സിംഗ്വി തുടങ്ങിയവുടെ പടം ഒട്ടിച്ചു സിറ്റി മൊത്തം നടത്തുകയും പ്രതീകാത്മകമായി അതിനു ആഹാരം കൊടുക്കുകയും ചെയ്തു. ഡിഫിക്കാരുടെ ഈ  നടപടിയില്‍ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അധ്വാനിക്കുന്നവും ഭാരം ചുമക്കുന്നവനുമായ ആ കോവര്‍ കഴുതയെ ഇങ്ങനെ അപമാനിക്കാന്‍ പാടില്ലായിരുന്നു. ആരുടെ പ്രതീകമാണ് താനെന്നു ആ കഴുതയ്ക്ക് മനസിലാവാത്തത് ഡിഫിക്കാരുടെ ഭാഗ്യം.

ശുഭം! 
മംഗളം! 
anoopesar