ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറുദിന കര്‍മ്മപരിപാടി: കുഞ്ഞൂഞ്ഞു വഹ..

അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

ഒന്ന്) അതിവേഗം, ബഹുദൂരം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. വോട്ടെണ്ണി അങ്ങട് കഴിഞ്ഞതെ ഉള്ളു. അപ്പഴേക്കും വന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍, ഉമ്മന്‍ ചാണ്ടിക്ക് പമോലീന്‍ എന്തെരാണ്‌ എന്ന് പോലും അറിയില്ല എന്ന്. അതീ കോടതി തള്ളി എന്നത് നേര് തന്നെ. അതീ കോടതിക്ക് നടപടിക്രമം ഒന്ന് വലിയ പുടി ഇല്ലാത്തത് കൊണ്ടാ എന്ന് കോണ്ഗ്രസ്. അതൊക്കെ നമ്മുടെ ഹസ്സന്‍ സാറിനോട് ഒന്ന് ചോദിച്ചിരുന്നേല്‍ പുള്ളി പറഞ്ഞു കൊടുക്കത്തില്ലായിരുന്നോ അതൊക്കെ. പിന്നെ എന്തരിനാണ് ഹസ്സന്‍ റിപ്പോര്‍ട്ടറിലെ ചര്‍ച്ചയില്‍ വേണുവിന്റെ മുന്നിലിരുന്നു വെള്ളം കുടിച്ചു ജബ ജബ അടിച്ചതെന്നു ചോദിച്ചാല്‍ അതുപിന്നെ....

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി മൂന്നുമാസം തികയുന്നതിനു മുന്‍പ് മുഖ്യമത്രിയുടെ രാജി ആവശ്യം നാല് കോണില്‍ നിന്നും ഉയരുന്നു. കുഞ്ഞൂഞ്ഞിനിട്ടു പണി തരാന്‍ ചെന്നിയണ്ണന്‍ മുസ്തഫയെ ഇറക്കി കളിച്ചതാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. (അങ്ങനേലും പുള്ളിയെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനം ഉണ്ടായല്ലോ, സന്തോഷം). പണ്ട് കുഞ്ഞൂഞ്ഞു കരുണാകരനും അന്തോണിച്ചനും പണിഞ്ഞു. ഇപ്പൊ അതുപോലെ തിരിച്ചു കിട്ടുന്നു. അത്രേം കരുതിയാ മതി. ഉമ്മന്‍ ചാണ്ടിയാണോ ചെന്നിത്തലയാണോ എന്ന ചോയ്സ് മലയാളിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്നതാണോ ലോകാവാസാനാമാണോ നല്ലത് എന്നത് പോലെയേ ഉള്ളു എന്ന് ബെര്‍ളി. 

രണ്ട്) എ -ക്ലാസ് പിള്ള അദ്ദേഹത്തെ ആദ്യം പരോളില്‍ ഇറക്കി. പിന്നേം ഇറക്കി. അനുവദിച്ചിട്ടുള്ള പരോളില്‍ നാല്പത്തഞ്ചു ദിവസം അധികം. ഇനി പരോള്‍ കിട്ടാന്‍ വകുപ്പ് അങ്ങു പുതുപ്പള്ളീനു കൊണ്ട് വരേണ്ടി വരും. അപ്പഴാണ് ഇരുമ്പഴിയെണ്ണി എണ്ണി ആണെന്ന് തോന്നുന്നു പിള്ളേടെ മേത്ത് ഇരുമ്പിന്റെ അംശം കൂടീന്നു ഒരു റിപ്പോര്‍ട്ട് കിട്ടി. പിന്നൊന്നും നോക്കീല, പരോള്‍ കഴിഞ്ഞു തിരിച്ചു വന്നെന്റെ അന്ന് തന്നെ പിള്ളയെ 'കിംസ്'-ലോട്ട് അയച്ചു; അതും ഫൈവ് സ്റ്റാര്‍. പൂജപ്പുരയില്‍ നിന്നും കിംസിലെക്കുള്ള ദൂരമായിരിക്കും ഈ 'സമദൂരത്തിലെ ശരിദൂരം'.

മൂന്ന്) അടൂര്‍ പ്രകാശിന്റെ പേരിലുള്ള റേഷന്‍ കട ക്രമക്കേട് വിജിലന്‍സ് അന്വേഷണം ഒരു വഴിക്കാക്കി. അന്ന് പ്രകാശ് ചെയ്തതിനേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ജേക്കബിന്റെ മോന്‍ തന്നെ നേരിട്ട് ഇപ്പൊ റേഷന്‍ കട കൊടുക്കാനുള്ള ഇടവാട് നടത്തുന്നു. ഫയങ്കര പുരോഗതി. അതിന്റിടയ്ക്ക് ആ കൈരളിക്കാര് ജേക്കബ് ഗ്രൂപ്പ് നേതാവ് ഈപ്പന്‍ ഇതിനായി കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പുടിച്ചു. ചാനലുകാരു കൂടുതലും നമ്മുടെ ആളുകളായത് കൊണ്ട് അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല, ഫാഗ്യം. ഈപ്പനെ നമ്മല്പ്പഴെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകി.
 

നാല്) ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ പ്രാക്ടീസ് എടുത്തു കളയാന്‍ ഒന്ന് നോക്കി. അതിനായി സാമാന്യം നല്ല രീതിയില്‍ പിരിവും നടന്നു. പക്ഷെ ആ ഇടതന്മാര് തമ്മസിക്കണ്ടേ?

അഞ്ച്) ഐസ് ക്രീം....

ആറ്) അഞ്ഞൂറ്റിമുപ്പതു അണ്‍എയ്ഡഡ്  സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തു പൊതുവിദ്യാലയങ്ങളെ ഒരു വഴിക്കാക്കാന്‍ തീരുമാനിച്ചു. ആ ഇടതന്മാരും സാറന്മാരും എന്തിനു കെ.എസ്.യു വരെ എതിര്‍ത്തത് കാരണം തല്ക്കാലം അതു പരണത്തു വെച്ചു.

ഏഴ്) മാനേജ്മെന്റുകള്‍ ചോദിച്ചത് പോലെ +2  സീറ്റുകള്‍ അനുവദിച്ചു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളൊക്കെ അങ്ങനേലും ഒന്ന് പൂട്ടട്ടെ. ഓണപ്പരൂഷ നടത്താന്‍ അവസാനനിമിഷം തീരുമാനിച്ചു വിദ്യാഭ്യാസ കലണ്ടര്‍ മുഴുവന്‍ അവതാളത്തിലാക്കി.


എട്ട്) ഇഷ്ടമല്ലാത്ത ജീവനക്കാരേം പോലീസുകാരേം തോന്നിയിടതോട്ടൊക്കെ സ്ഥലം മാറ്റി. പലരും ഇപ്പോഴും കേരളത്തിന്റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഒന്‍പത്) ഇതിനിടേല്‍ കുഞ്ഞാലിക്കുട്ടി, ബഷീര്‍, ആര്യാടന്‍, ചെര്‍ക്കളം മുതലായ മഹാന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇനി അതിനേം ഒരു വഴിക്കാക്കണം.


പത്ത്) ഏതാണ്ടെല്ലാ നിയമനങ്ങളും വിവാദമാക്കി (ഇതൊക്കെ എങ്ങനെ സാധിക്കുന്നു!). അര്‍ഹതയില്ലാത്തവരെ നിയമിച്ചു എന്നത് തന്നെ പ്രശ്നം. എന്താനിവര്‍ക്ക് ഒരു അര്‍ഹതക്കുറവു എന്ന് ഞാനുറക്കെ ചോദിക്കുകയാണ്. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ വി.സി ആക്കുന്നത് ഒരു തെറ്റാ?  സ്പെക്ട്രം കേസിലും നീര റാടിയ ടേപ്പിലും ഒക്കെ ഉള്ള തരുണ്‍ ദാസിനെക്കാള്‍ അര്‍ഹതയുള്ള ഒരാളെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കാന്‍ കഴിയോ? പറയൂ  പറയൂ....

പതിനൊന്ന്) അഞ്ചാം മന്ത്രി അഥവാ കുഞ്ഞാപ്പയുടെ വിക്രിയകള്‍...

പന്ത്രണ്ട്) കാസര്ഗോടത്തെ അക്രമം അനെഷിക്കുന്ന കമ്മീഷന്‍ ലീഗിനെതിരെ തെളിവുകള്‍ കണ്ടെത്തി. ഒട്ടും താമസിച്ചില്ല, കമ്മീഷനെ അങ്ങു പിരിച്ചു വിടാന്‍ തീരുമാനിച്ചു. പക്ഷെ ഇപ്പൊ കമ്മീഷന്റെ കണ്ടെത്തലോക്കെ പുറത്തു വന്നു ആകെ നാറി.

പതിമൂന്ന്) ബസ്‌ ചാര്‍ജ്ജില്‍ സാമാന്യം നല്ല വര്‍ദ്ധന വരുത്തി. കറണ്ടു ചാര്‍ജ്ജ്, പാല്‍ വില തുടങ്ങിയവയില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വര്‍ദ്ധന വരുത്തി സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതായിരിക്കും.

പതിനാല്) എന്ടോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ കോണ്ഗ്രസ് വക്താവ് സിന്ഗ്വി തന്നെ ഹാജരായി. താന്‍ വാദിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും സിന്ഗ്വി. ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കാസര്ഗോഡത്തെ  പ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ മൂലമല്ല എന്ന് വാടിച്ചതിനു തെളിവുകള്‍ പുറത്തു വന്നു. എന്ടോസള്‍ഫാന്‍ ബാധിത മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന മുഹമ്മദ്‌ അഷീലിനെപ്പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇതൊന്നും പോരാഞ്ഞിട് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര വകുപ്പ് കൂടി ഫരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടത്താന്‍ കപ്പാസിറ്റി ഉള്ള ഒരു പോലീസുകാരനെ കണ്ടിട്ട് മരിച്ചാ മതി....ശുഭം?
മംഗളം??

അനൂപ്‌ കിളിമാനൂര്‍

Related Posts:

മുഖ്യനോട് ചോദിക്കാം...

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 

കാര്‍ട്ടൂണ്‍: ദേശാഭിമാനി 

 

3 അഭിപ്രായങ്ങൾ:

 1. അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

  മറുപടിഇല്ലാതാക്കൂ
 2. ചാണ്ടിയുടെ ദുഃഖവും, ചെന്നിത്തലയുടെ സ്വപ്നവും... പോസ്റ്റ്‌ ഉഷാര്‍ ആയിട്ടുണ്ട് അനൂപ്‌.. :-)

  മറുപടിഇല്ലാതാക്കൂ
 3. ഹി ഹി സമ്പാവം എഴുത്ത് കലക്കി
  പക്ഷെ ഈ സര്‍ക്കാര്‍ അങ്ങനെയങ്ങ് ഇറങ്ങൂലാ ഇത് യുഡി എഫ് ആണ്‍ സകാവേ

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....