തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....പത്താം ക്ലാസ് കഴിഞ്ഞു നില്‍കുന്ന സമയത്താണ് എന്ന് തോന്നുന്നു, മലയാള സിനിമാ ഗാനരംഗത്ത്‌ വലിയ മാറ്റം സൃഷ്ടിച്ചു കൊണ്ട് ജാസി ഗിഫ്റ്റ് 'ലജ്ജാവതിയുമായി' കടന്നു വന്നത്. എനിക്ക് ആദ്യം കേള്‍കുമ്പോള്‍ വലിയ അരോചകമായി തോന്നി. ഒരു മാസത്തില്‍ കൂടുതല്‍ ആയുസ്സില്ലാത്ത വെറും അടിച്ചുപൊളിപ്പാട്ട് എന്നാദ്യം വിധിയെഴുതി. പിന്നീട് കേട്ടു കേട്ടു ഇഷ്ടമായി എങ്കിലും. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബംഗ്ലൂരില്‍ തെരുവില്‍ കൂടി നടക്കുമ്പോള്‍ വീടുകളില്‍ നിന്ന്  ലജ്ജവതിയുടെ കന്നഡ പതിപ്പ് ഉയരുമ്പോള്‍, ഓഫീസ് ട്രിപ്പില്‍ അന്ധ്രാക്കാര്‍ അതിന്റെ തെലുങ്ക് പതിപ്പ് പാടുമ്പോള്‍ ആ പഴയ ധാരണ വലിയൊരു തെറ്റായിരുന്നു എന്നെ ബോധ്യപ്പെടുന്നു. സംഗീതത്തിന്റെ എല്ലാ വരേണ്യതയും അട്ടിമറിച്ച ഒന്നായിരുന്നു ലജ്ജാവതി. അതിന്റെ  ഒരു തുടര്‍ച്ചയാണ് സില്‍സിലയും. ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....


ശബ്ദ സൌകുമാര്യം ഉള്ളവര്‍ക്കും മാത്രം പ്രവേശനം ഉണ്ടായിരുന്ന മലയാള സിനിമാ ഗാനരംഗത്ത്‌ കാളരാഗത്തിന് ഉടമയായ എനിക്ക് വേണമെങ്കിലും പാടാന്‍ കഴിയുന്ന ഗാനങ്ങള്‍ ഉണ്ടായതിനു ഒരു പ്രധാന കാരണക്കാരന്‍ ജാസ്സി ഗിഫ്റ്റ് ആയിരുന്നു. ശാസ്ത്രീയതയില്‍ കുരുങ്ങിക്കിടന്ന സംഗീതത്തെ ജനങ്ങളില്‍ എത്തിച്ചത് ലളിത ഗാനങ്ങളും സിനിമാ ഗാനങ്ങളും ആയിരുന്നു. എന്നാല്‍ സംഗതി തപ്പി നടക്കുന്നവര്‍ ഗാനങ്ങള്‍ സാധാരണക്കാര്‍ക്ക്  കേള്‍ക്കാന്‍ മാത്രമുള്ളതാക്കി. കേള്‍ക്കാന്‍ നമുക്ക് ധാരാളം ഗാനങ്ങള്‍ ഉണ്ടായി. പക്ഷെ സാധാരണക്കാര്‍ക്ക് നാലാള്‍ കേള്‍ക്കെ അതൊന്നും മൂളാന്‍ ധൈര്യം പോരായിരുന്നു. എന്നാല്‍ പാടീനടാ മക്കളെ, ഒരുത്തനും ചോദിക്കില്ല എന്ന ആത്മവിശ്വാസം നമുക്ക് തിരിച്ചു നല്‍കിയത് ജാസി ഗിഫ്ടും കലാഭവന്‍ മണിയും ആണ്. നാടാന്‍ പാട്ടുകളുമായി കുട്ടപ്പനും മറ്റനേകം പേരും ഇതു നേരത്തെ സാധ്യമാക്കിയിരുന്നു എങ്കിലും ഇതു കൂടുതല്‍ ജനകീയമായത് ഈ രണ്ട് പേരിലൂടെയാണ്.
 


 ട്രിപ്പിനെപ്പറ്റി നമ്മുടെ മാനേജര്‍ അയച്ച മെയിലില്‍  'സോംഗ് ഓഫ് ദി ട്രിപ്പ്‌' സില്‍സില ആയിരുന്നു. തമാശയ്ക്ക് പുള്ളി പറഞ്ഞതാണെങ്കിലും യുട്യൂബില്‍ ഹരിശങ്കര്‍ കേട്ട തെറി ഇതുമായി ചേര്‍ത്ത് വെയ്ക്കുമ്പോള്‍ വലിയ ഒരു വൈരുധ്യം തന്നെയാണ്. യാതൊരു മുന്‍വിധിയും ഇല്ലാതെ, മലയാളം തീരെ അറിയാത്തവര്‍ക്ക് പോലും ആസ്വദിക്കാവുന്ന ഒരു ഗാനത്തെ എന്തിനാണ് മലയാളികള്‍ ഇങ്ങനെ തെറിവിളിച്ചോതുക്കിയത്? സൂപ്പര്‍ താരങ്ങളുടെ കോപ്രായങ്ങള്‍ക്ക്‌ ഫാന്‍സ്‌ എന്നൊരു വാലും വെച്ച് ഒരു ഉളുപ്പും ഇല്ലാതെ പോയി   കയ്യടിക്കുന്നവര്‍ ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചവിട്ടിതേയ്ക്കുമ്പോള്‍ അതൊരു പ്രശ്നം തന്നെയാണ്. സില്‍സിലയുടെ വീഡിയോയുടെ നിലവാരം വളരെ മോശം തന്നെയാണ്. മുന്നൂറ്ററുപതു ഡിഗ്രിയില്‍ കാലും പൊക്കി ചാടുന്നവളെ നോക്കി ലജാവതിയെ എന്ന് വിളിക്കുന്ന മലയാള ഗാനങ്ങളെ വെച്ച് നോക്കുമ്പോള്‍ (അതു എനിക്കിപ്പഴും അത്ര ദഹിച്ചിട്ടില്ല) സില്‍സിലയ്ക്ക് മാത്രം എന്തിനു തെറിവിളി?

 

ഇതൊക്കെ ഇപ്പൊ പറഞ്ഞത് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇത്രയൊക്കെ വിഷമിപ്പിച്ചിട്ടും പിന്മാറാന്‍ തയ്യാറാകാതെ ഹരിശങ്കര്‍ തന്റെ പുതിയ സൃഷ്ടിയുമായി വന്നിരിക്കുന്നു. ബെര്‍ളി ആശാന്‍ പുതിയ പോസ്റ്റ്‌ ഇട്ടപ്പോഴാണ് ഇതു കാണുന്നത്.


നെഞ്ചിനുള്ളില്‍ ഗ്യാസാണ് എന്നൊക്കെ പറഞ്ഞു ഒരു ആണും പെണ്ണും കൂടി പാടത്തും പറമ്പിലും ഓടിനടന്നു തുള്ളുന്ന മലയാള സിനിമാ ആല്‍ബങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മണ്ണിന്റെ മണമുള്ള കാവ്യ ഭംഗിയുള്ള ഒരു നല്ല ഗാനം. നല്ല ചിത്രീകരണം. ഭീരുക്കള്‍ കള്ളപ്പേരില്‍ വന്നു തെറി വിളിച്ചോട്ടെ, അതു കൊണ്ടൊന്നും ആരും തോല്‍ക്കുന്നില്ല. കഴിവും കഠിനാധ്വാനവും കലാശേഷിയും ഒടുവില്‍ അന്ഗീകരിക്കപ്പെടുക തന്നെ ചെയ്യും. സില്‍സിലയെന്നാല്‍ തുടര്‍ച്ച എന്നാണര്‍ത്ഥം. തുടരുക ഹരിശങ്കര്‍, ഞങ്ങള്‍ കൂടെയുണ്ട്.

ശുഭം! 

മംഗളം! 
അനൂപ്‌ കിളിമാനൂര്‍

അടുത്തത് കൃഷ്ണനും രാധയും, ജാഗ്രതൈ...

7 അഭിപ്രായങ്ങൾ:

 1. സംഗീതത്തിന്റെ എല്ലാ വരേണ്യതയും അട്ടിമറിച്ച ഒന്നായിരുന്നു ലജ്ജാവതി. അതിന്റെ ഒരു തുടര്‍ച്ചയാണ് സില്‍സിലയും. ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

  മറുപടിഇല്ലാതാക്കൂ
 2. ഇതെന്റെ സംഗീതമാണെന്നും എന്റെ സംഗീതം ഇങ്ങനാണെന്നും പറയാനുള്ള ധൈര്യം തന്നതിലൂടെയാണ് 'ലജ്ജാവതി' ചരിത്രത്തിന്റെ ഭാഗമാകുന്നത് എങ്കില്‍ ആ ധൈര്യം ഉപയോഗിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ചെറുത്തു നില്‍പ്പിലൂടെയാണ് സില്‍സിലയും അതിനെക്കാളുപരി ഹരിശങ്കറും ചരിത്രമാകുന്നത്.

  മറുപടിഇല്ലാതാക്കൂ
 3. >>>>>>>ശബ്ദ സൌകുമാര്യം ഉള്ളവര്‍ക്കും മാത്രം പ്രവേശനം ഉണ്ടായിരുന്ന മലയാള സിനിമാ ഗാനരംഗത്ത്‌ കാളരാഗത്തിന് ഉടമയായ എനിക്ക് വേണമെങ്കിലും പാടാന്‍ കഴിയുന്ന ഗാനങ്ങള്‍ ഉണ്ടായതിനു ഒരു പ്രധാന കാരണക്കാരന്‍ ജാസ്സി ഗിഫ്റ്റ് ആയിരുന്നു. <<<<<<<


  വിയോജിപ്പുണ്ട് ... പരയുന്നത് പൊളിറ്റിക്കലി കറക്റ്റ് അല്ലെന്നറിയാം എങ്കിലും പറയാതെ നിവര്‍ത്തിയില്ല.... മലയാളത്തിലെ മെയില്‍ വോയ്സ് എന്നവകാശപ്പെടാന്‍ ഒരേ ഒരു വോയിസേ ഉള്ളൂ.......അതു ജാസ്സി ഗിഫ്റ്റിന്റേതാണു.......

  മറുപടിഇല്ലാതാക്കൂ
 4. പാട്ട് ഇറങ്ങിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതായി ഓര്‍ക്കുന്നു... :)

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....