Malyalam Songs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malyalam Songs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജൂലൈ 07, 2012

ഉസ്താദ് ഹോട്ടല്‍ നമുക്ക് വിളമ്പുന്നത്...





ഉസ്താദ് ഹോട്ടല്‍ എന്ന അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു ദുല്ക്കര്‍ സല്‍മാനും തിലകനും മറ്റും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ നമുക്ക് മുന്നിലേയ്ക്ക് വെക്കുന്ന കാഴ്ചകള്‍ ഇവയാണ്.


൧) റസ്സാക്കിന്റെ (സിദ്ദിക്ക്) ഭാര്യ ഗര്‍ഭിണി ആകുന്നു. അതു ആണ്‍കുട്ടി തന്നെയാകുമെന്നും തന്റെ മുഴുവന്‍ സ്വത്തും അവനാകുമെന്നും റസാക്ക് പറയുന്നു. എന്നാല്‍ കുട്ടി പെണ്‍കുട്ടിയാണ്. അതറിഞ്ഞ ഉടന്‍ റസാക്ക് വിഷമിക്കുന്നു, കരയാന്‍ പോകുന്നു. അടുത്ത മൂന്ന് പ്രസവത്തിലും പെണ്‍കുട്ടികളാണ്. അപ്പോഴെല്ലാം റസാക്ക് ദുഖിതനാകുന്നു, ബന്ധുക്കളും. എന്നാല്‍ അഞ്ചാമത്തെ പ്രസവം ആണ്‍കുട്ടിയാണ്. അതറിഞ്ഞ റസാക്ക് സന്തോഷിച്ചു തുള്ളിച്ചാടുന്നു. ബന്ധുക്കള്‍ക്കും വന്‍ സന്തോഷം, പ്രേക്ഷകര്‍ക്കും സന്തോഷം.  തീയേറ്ററില്‍ വന്‍ കയ്യടി.


൨) ഒരു ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തുടര്‍ച്ചയായുള്ള പ്രസവങ്ങള്‍ മൂലം റസാക്കിന്റെ ഭാര്യ അസുഖബാധിതയാകുന്നു, തുടര്‍ന്ന് മരിക്കുന്നു.


൩) മകന്‍ ഫൈസി(ദുല്ക്കര്‍ സല്‍മാന്‍) സഹോദരിമാരെ  അടുക്കളയില്‍ സഹായിക്കുന്നതു കണ്ടു റസാക്കിന് ദേഷ്യം വരുന്നു. നിനക്കെന്താ അടുക്കളയില്‍ കാര്യമെന്ന് ചോദിച്ചു അവനെ വിരട്ടുന്നു, പോയിരുന്നു പഠിക്കാന്‍ പറയുന്നു. ഫൈസി പഠിക്കാന്‍ പോകുന്നു, സഹോദരിമാര്‍ അടുക്കളയില്‍ പാചകം തുടരുന്നു. പ്രേക്ഷകര്‍ 'അതു തീര്‍ത്തും സ്വാഭാവികം' എന്ന മട്ടില്‍ പടം കാണുന്നു.


൪) സഹോദരിമാരെയെല്ലാം വിവാഹം കഴിച്ചയക്കുന്നു.  ഫൈസിയെ സ്വിട്സര്‍ലാണ്ടില്‍ പഠിക്കാന്‍ വിടുന്നു.


൫) മാനേജ്മെന്റ്റ് പഠിക്കാനെന്നും പറഞ്ഞു സ്വിട്സര്‍ലാണ്ടില്‍ പോകുന്ന ഫൈസി പഠിക്കുന്നത് പാചകം, അതും വാപ്പയോ ബന്ധുക്കളോ അറിയാതെ. തിരിച്ചു വരുന്ന ഫൈസി നേരെ പോകുന്നത് പെണ്ണുകാണാനാണ്. ഫൈസി പഠിച്ചത് പാചകം ആണെന്നറിഞ്ഞു പെണ്ണു ഇറങ്ങി ഓടുന്നു. ആലോചന മുടങ്ങുന്നു. ഫൈസിയുടെ വാപ്പ രോഷാകുലനാകുന്നു. ആണുങ്ങള്‍ പാചകം ചെയ്യുകയോ, ഛെ മ്ലേച്ചം. അതിനല്ലേ പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാതെ നമ്മള്‍ കെട്ടിച്ചയക്കുന്നത്. ആണ്‍കുട്ടികള്‍ ചെയ്യാനുള്ളത് പഠിച്ചിട്ടു തന്തപ്പടിയെ ബിസിനസ്സില്‍ സഹായിക്കുകയാണ്. അല്ലാതെ ആഹാരം ഉണ്ടാക്കുകയല്ല. ഈ രീതിയെ വെല്ലുവിളിച്ചാല്‍ വീട്ടിനു പുറത്ത്, സമൂഹത്തിനും.


൬) തുടര്‍ന്ന് നാട്ടില്‍ ഉപ്പാപ്പ നടത്തുന്ന 'ഉസ്താദ്‌ ഹോട്ടലില്‍' ഫൈസി കൂടുന്നു. അവിടത്തെ ബിരിയാണി പാഴ്സല്‍ കൊണ്ടുകൊടുക്കാന്‍ മുസ്ലീം മതചിഹ്നങ്ങള്‍ വഹിക്കുന്ന ഒരാളുടെ വീട്ടിലെത്തുന്നു. അവിടെ പത്തന്‍പത് കുട്ടികള്‍ ഓടിക്കളിക്കുന്നു. എല്ലാം തന്റെതാ എന്നയാള്‍ പറയുന്നു, 'ഗുഡ് ജോബ്‌' എന്ന് ഫൈസി. എന്നിട്ട് ചെല്ലുന്നത് ഒരു സവര്‍ണ്ണ നാലുകെട്ടിലേക്ക്. പടിപ്പുരയ്ക്കു പുറത്ത് നിന്ന് ബിരിയാണി അകത്തേക്ക് കൊടുക്കുന്നു. അവിടെ രണ്ട് കുട്ടികള്‍ മാത്രം. അതു പിന്നങ്ങനല്ലേ, അല്ലേ?


൭) കുറഞ്ഞ വിലയും സേവനമനോഭാവവും മൂലം ഉസ്താദ് ഹോട്ടല്‍ നഷ്ടത്തിലും കടത്തിലും ആവുന്നു. ഫൈസി ഫ്രാന്‍സിലോ മറ്റോ 'ഷെഫ്' ആയി പോകാനുള്ള ശ്രമത്തിലാണ്. അപ്പളാണ് ഫൈസി സ്വന്തം ജീവിതം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച താജിലെ ഒരു പഴേ ഷെഫിനെ പരിചയപ്പെടുന്നത്. (ഒരാള്‍ വഴിയരികില്‍ വിശന്നിരുന്നു അമേദ്യം ഭക്ഷിക്കുന്നത് കണ്ടാണ്‌ അയാള്‍ അങ്ങനെ മാറുന്നത്). അതു കണ്ടു ഇന്‍സ്പിരേഷന്‍ കേറി ഫൈസി യൂറോപ്പില്‍ പോവാനുള്ള പ്ലാന്‍ ഉപേക്ഷിക്കുകയും ഉസ്താദ് ഹോട്ടലിനെ ഏറ്റെടുത്തു നവീകരിച്ചു വിലകൂട്ടി, സേവനം ഉപേക്ഷിച്ചു ലാഭത്തിലാക്കുകയും ചെയ്യുന്നു. സുദീപ് ചോദിക്കുന്നതുപോലെ “150 രൂപ കൊടുത്ത് ബിരിയാണി തിന്നാന്‍ ‘കഴിവു’ള്ളവര്‍ ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി തിന്നാല്‍ മതി, അതിന് വകയില്ലെങ്കില്‍ വഴിയരികില്‍ ഇരുന്ന് സ്വന്തം അമേധ്യം ഭക്ഷിക്കൂ, ഹൃദയത്തില്‍ നിറയെ നന്മയുള്ള ഏതെങ്കിലും കാശുകാര്‍ വന്ന് തിന്നാന്‍ വാങ്ങിത്തരും എന്നാണോ അഞ്ജലി മേനോനും അന്‍വര്‍ റഷീദും പറയാന്‍ ഉദ്ദേശിച്ചത്?”

൮) മുസ്ലീം പെണ്‍കുട്ടി പാട്ടുപാടാന്‍ മതില്‍ ചാടി പോകുന്നു, നേരെ പോകാന്‍ പറ്റില്ലത്രേ.



൧൦)മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കോ, അച്ഛന്റെ തഴമ്പ് മോന് കിട്ടാതിരിക്കോ എന്നിങ്ങനെയുള്ള താരപുത്രന്റെ ഫാന്‍സ്‌ ഉയര്‍ത്തിയ (ലവന് ജന്മനാ ഫാന്‍സ്‌ ഉണ്ടത്രേ, ആദ്യത്തെ പടം റിലീസ് ആവുന്നതിനുമുന്നെ ഫാന്‍സ്‌ അസോസിയേഷനും) ദാര്‍ശനിക സമസ്യകള്‍ക്ക് നടുവിലൂടെയാണ്‌ പടത്തിനു കയറിയത്. പയ്യന്‍സിനു പലയിടത്തും ലിപ് സിങ്ക് പോലുമില്ല!


ഇവയാണ് ഉസ്താദ് ഹോട്ടലിലെ വിഭവങ്ങള്‍. നമ്മുടെ സിനിമയും പോതുബോധവുമൊക്കെ സ്ത്രീവിരുദ്ധമാണോ, സാമൂഹ്യ വിരുദ്ധമാണോ, മുസ്ലീം വിരുദ്ധമാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്?

സന്ദേശവും അന്തിക്കാടും പിന്നെ സ്ത്രീധനവും





ചൊവ്വാഴ്ച, ഡിസംബർ 06, 2011

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

(സിനിമയുടെ സസ്പെന്‍സ് അടക്കം ഇവിടെ പറയുന്നുണ്ട്. പടം കാണുന്നതിനു മുന്‍പ് അതു വായിക്കുന്നത് ബുദ്ധിമുട്ടുള്ളവര്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ വായിക്കാതിരിക്കുന്നതാവും ഉചിതം)



അനൂപ്‌ മേനോന്‍ രചന നിര്‍വ്വഹിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു പക്ഷെ, വി.കെ പ്രകാശിന്റെ ആദ്യത്തെ ഹിറ്റ് ചിത്രം. 'ഗുലുമാല്‍' എന്ന മൂന്നാം കിട വളിപ്പ് സിനിമ മാത്രമാണ് വി.കെ.പി-യുടെ സംവിധാനത്തില്‍ ഇതിനു മുന്‍പ് അല്പമെങ്കിലും കാശ് വാരിയ ചിത്രം. നിരൂപക പ്രശംസ നേടിയ പുനരധിവാസവും ഫ്രീക്കി ചക്രയുമൊക്കെ ഇതിനു മുന്‍പ് സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടവയാണ്.


വളരെ പോസിറ്റീവ് ആയ ജീവിത വീക്ഷണം ചിത്രം മുന്നോട്ടു വെക്കുന്നു. ഒരര്‍ത്ഥത്തില്‍ ദയാവധം പ്രമേയമായ 'ഗുസാരിഷി'നു വിരുദ്ധ ധ്രുവത്തിലാണ് ഈ ചിത്രം നില്‍ക്കുന്നത്. അനൂപ്‌ മേനോന്റെ തിരക്കഥയും വി.കെ പ്രകാശിന്റെ സംവിധാന മികവും ഒന്നിക്കുമ്പോള്‍ ചിത്രം ആസ്വാദ്യകരമായ അനുഭവം ആകുന്നുണ്ട്. മുന്‍പ് പകല്‍ നക്ഷത്രങ്ങളിലും കോക്ക്ടെയ്ലിലും (അതൊരു മുഴുനീള കോപ്പിയടി ആയിരുന്നെങ്കില്‍ കൂടി) പ്രകടമായിരുന്ന സംഭാഷണ മികവ് ഈ ചിത്രത്തിലും അനൂപ്‌ മേനോന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ ഒതുങ്ങിയതും എന്നാല്‍ സത്യസന്ധതയാല്‍ തീക്ഷ്ണവുമായ സംഭാഷണങ്ങള്‍ സീരിയിലുകളായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന മലയാള സിനിമയില്‍ നിന്ന് ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു. മികച്ച തിരക്കഥകളുടെ അഭാവവും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലെ പാളിച്ചയുമാണ് വി.കെ പ്രകാശിന്റെ സംവിധാന മികവ് പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്നതിനു പ്രധാന കാരണം എന്ന് ഈ ചിത്രം അടിവരയിടുന്നു. ഉണ്ണിമേനോന്‍ ഒഴികെ ആരും തങ്ങളുടെ വേഷം മോശമാക്കിയില്ല. എന്നാല്‍ ഈ ചിത്രം സ്വീകരിക്കപ്പെടുന്നതിനു മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നും, അവ തന്നെയാണ് അതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു. അതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.

ജനപ്രിയവും എന്നാല്‍ അങ്ങേയറ്റം ജനവിരുദ്ധവുമായ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെയും ഇതു പോലുള്ള മറ്റനേകം സിനിമകളുടെയും വിജയരഹസ്യം. എണ്ണത്തില്‍ സ്ത്രീകള്‍ക്കു മുന്‍തൂക്കമുള്ള ഒരു സമൂഹത്തിന്റെ പോതുബോധത്തിലെ കടുത്ത സ്ത്രീ വിരുദ്ധത ഒരു ഐറണി ആയി തോന്നാമെങ്കിലും അതു നമ്മുടെ സമൂഹത്തില്‍  നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അന്‍പതുകളിലും അറുപതുകളിലും പുരോഗമന ആശയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന മലയാള സിനിമ എണ്‍പതുകളോടുകൂടി എല്ലാതരം പിന്തിരിപ്പന്‍ ആശയങ്ങളുടെയും പ്രവാചകര്‍ ആയി മാറിയതായി കാണാം. നമ്മുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തിന്റെ ദിശ കൂടിയാണ് ഇതു കാണിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് എതിരാണ് ചിത്രത്തിന്റെ ശില്‍പ്പികള്‍ എന്ന ധ്വനി ജനിപ്പിക്കുന്നുണ്ട്. പ്രവീണ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിലൂടെ മലയാളത്തിലെ ഇന്നത്തെ കുടുംബ വ്യവസ്ഥകളെ ശക്തമായി വിമര്‍ശിക്കുന്നു. എന്നാല്‍ ചിത്രം പകുതി കഴിയുമ്പോള്‍ രചയിതാവിന്റെ ഉള്ളിലിരുപ്പ് പയ്യെപ്പയ്യെ പുറത്തു വരുന്നു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ. 

രാത്രി കൂട്ടുകാരനൊപ്പം ബൈക്കില്‍ കയറി പോകുന്ന പെണ്‍കുട്ടി ചില സമീപകാല സംഭവങ്ങള്‍ ഓര്‍മ്മയില്‍ ഉള്ളത് കൊണ്ട് സദാചാര പോലീസുകള്‍ക്കുള്ള ഒരടി ആയാണ് ഉള്‍പ്പെടുത്തിയത് എന്ന് കരുതിയെങ്കിലും, ഈ പെണ്‍കുട്ടി അയാളുടെ പിറകെ പ്രേമാഭ്യര്‍ത്ഥനയുമായി നടക്കുന്ന രംഗങ്ങള്‍ പിന്നീട് കുത്തിത്തിരുകിയത് അങ്ങനെയൊരു വായനയെ അസാധ്യമാക്കി എന്ന് മാത്രമല്ല, സദാചാര പോലീസുകള്‍ക്ക് പരോക്ഷമായെങ്കിലും ഒരു ന്യായീകരണം നല്‍കുന്നതായി ഭവിച്ചു. പിന്നീടങ്ങോട്ട് പ്രത്യക്ഷമായിത്തന്നെ സ്ത്രീ വിരുദ്ധമാവുകയാണ് ചിത്രം. 

വീട്ടുജോലിക്കാരികളെയും ഹോം നെഴ്സുമാരെയും കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ, അവര്‍ എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്നവരാണ് എന്ന ഒരു പൊതു ധാരണയെ ഒരു ഉളുപ്പുമില്ലാതെ ഏറ്റു പിടിക്കുകയാണ് അനൂപ്‌ മേനോന്‍ . കൂടാതെ പണം മോഷ്ടിച്ച് കൊണ്ട് ഓടിപ്പോകുന്നവരാണ് വീട്ടുജോലിക്ക് പോകുന്ന സ്ത്രീകള്‍ എന്ന പഴയ നമ്പരും പുള്ളി ഇറക്കിയിട്ടുണ്ട്. അങ്ങനെയുള്ള പ്രമേയമുള്ള ഒരു പരസ്യം മൂലം ഡോക്കൊമോ-ക്കാര്‍ കോടതി കയറിയതൊന്നും തിരക്കിനിടയില്‍ ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല.

പ്രവീണയുടെ കഥാപാത്രത്തിലൂടെ ഉയര്‍ത്തിയ സാമൂഹിക വിമര്‍ശനം മുഴുവന്‍ അസാധുവാക്കുകയാണ് ആനിയും (മേഘ്ന) അലെക്സും (ടിനി ടോം) തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിരിക്കുന്ന രീതി. 'എന്നും ഇങ്ങനെ വെപ്പാട്ടിയായി കഴിഞ്ഞാല്‍ മതിയോ?' എന്ന ഒരു കാലത്ത് മലയാള സിനിമയിലെ ക്ലീഷേ ആയിരുന്നു ഡയലോഗ് പോലും അതുപോലെ എടുത്തുപയോഗിക്കാന്‍ രചയിതാവ് ഒരു മടിയും കാണിക്കുന്നില്ല എന്നിടത്താണ് ചിത്രത്തിന്റെ തനിപിന്തിരിപ്പന്‍ സ്വഭാവം പുറത്തു വരുന്നത്. താന്‍ ആദ്യം പറയാന്‍ ശ്രമിച്ചതൊക്കെ വെറും പൊള്ളയായ ഒരു പുറം മൂടി ആയിരുന്നെന്നും, തന്റെ നിലപാടുകള്‍ മുഖ്യധാര മലയാള സിനിമയില്‍ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ല എന്നും രചയിതാവ് കാണികളോട് നേരിട്ട് പറയുന്നത് പോലെയാണ് ഈ ഡയലോഗ് അനുഭവപ്പെടുക. ഇവിടെത്തന്നെയാണ് നവസിനിമകള്‍ എന്ന പേരില്‍ പടച്ചു വിടുന്നവയുടെ കള്ളി വെളിച്ചത്താവുന്നതും. സിനിമയുടെ വിപണി തന്നെയാവും അബോധമായെങ്കിലും ഇത്തരം പ്രവൃത്തികള്‍ക്ക്‌ സൃഷ്ടാക്കളെ പ്രേരിപ്പിക്കുന്നത്. വിപണിയുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തില്‍ ഇവ ഒരു വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരപൂരകമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി മുന്നോട്ടു പോകുന്ന ഈ പ്രക്രിയ നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു ദുരന്തത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. ഒരു സമൂഹം മൊത്തത്തില്‍ സദാചാര പോലീസിങ്ങും കപട സദാചാരവും ഒരു വിശ്വാസ സംഹിതയായി തെരഞ്ഞെടുക്കുന്നു എന്ന ദുരന്തം. നവസിനിമകളായി കൊട്ടിഘോഷിക്കപ്പെട്ട കൊക്ക്ടെയ്ലും ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ്‌ പേപ്പറും ഒന്നും അടിസ്ഥാനപരമായി ഇങ്ങനെയുള്ള പ്രതിലോമകരമായ ആശയങ്ങള്‍ തന്നെയാണ് വിനിമയം  ചെയ്യുന്നത് എന്നും ഓര്‍ക്കുക.

ആനി അഞ്ജലിയാവുന്ന മായാജാലം കൂടി ഒന്ന് സ്പര്‍ശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. വലിയൊരു പൊട്ടും തൊട്ട് സവര്‍ണ്ണകുലജാതയായി വരുന്ന അഞ്ജലി സ്റ്റീഫനെ (ജയസൂര്യ) നന്നായി നോക്കുന്ന, ജോണിന്റെ (അനൂപ്‌ മേനോന്‍ ) പ്രണയത്തിനു പാത്രമാകുന്ന, സാരി മാത്രമുടുക്കുന്ന കഥാപാത്രമാണ്. എന്നാല്‍ ഇതേ കഥാപാത്രം സ്റ്റീഫനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ ആയി മാറുമ്പോള്‍  അലെക്സുമായി സാമ്പ്രദായിക കുടുംബബന്ധങ്ങള്‍ക്ക് നിരക്കാത്ത ബന്ധം പുലരുത്തുന്ന, മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആനി എന്ന പെണ്‍കുട്ടി ആയി മാറുന്നു. ഒരേ കഥാപാത്രത്തിന്റെ  നന്മ-തിന്മ എന്നീ വിരുദ്ധ ധ്രുവങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളും, പേരും, ജാതിയും, സ്വഭാവ സവിശേഷതകളും നല്‍കുന്ന സൂചന ഒട്ടും ശുഭകരമല്ല. ഇതെഴുതുമ്പോള്‍ അപ്പുറത്ത് ടി.വി-യില്‍ മിന്നിമറയുന്ന സീരിയലിലെ(ഹരിചന്ദനം എന്നത്രേ പേര്) നായികയും പ്രതിനായികയും യഥാക്രമം അഞ്ജലി-ആനി മാരെ ഓര്‍മ്മിപ്പിക്കുന്ന വേഷ-സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍ തന്നെയാണ്. അഞ്ജലിമാര്‍ ആഘോഷിക്കപ്പെടുന്നതും ആനിമാര്‍ ക്രൂശിക്കപ്പെടുന്നതും ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നും, വാത്സല്യം എന്ന ചിത്രം മുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ദ്വന്ദം ആണ് എന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ ഈ ദ്വന്ദം നിര്‍മ്മിച്ചിരിക്കുന്ന പൊതുബോധം പുരോഗനപരമായി ചിന്തിക്കേണ്ട ഒരു സമൂഹത്തിനു ഒട്ടും യോജിക്കുന്നതല്ല എന്നത് കൊണ്ടാണ് അതു ഇവിടെ പരാമര്‍ശവിധേയമാകുന്നത്.

വാത്സല്യത്തില്‍ നന്മയുടെ പ്രതീകങ്ങളായി കാണുന്ന സ്ത്രീകള്‍ ഒക്കെയും അടുക്കളയില്‍ മാത്രമൊതുങ്ങുന്ന, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കാത്ത, പുരുഷാധിപത്യത്തിന് യാതൊരു വിരോധവുമില്ലാത്ത കീഴ്പ്പെടുന്ന, ഒരു പരിധി വരെ ആസ്വദിക്കുന്ന സ്ത്രീകളാണ്. എന്നാല്‍ അങ്ങനെയല്ലാത്ത, സ്വന്തമായി ഒരു അഭിപ്രായം ഉള്ള, അതു പറയാന്‍ ധൈര്യം ഉള്ള, ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഒരു പെണ്‍കുട്ടിയായി കടന്നു വരുന്ന സിദ്ദിക്കിന്റെ ഭാര്യ ചിത്രത്തില്‍ പ്രതിനായികയായി, ആ തറവാടിന്റെ നാശത്തിനു തന്നെ കാരണമാവുന്നവളായി ചിത്രീകരിക്കപ്പെടുന്നു. ഒടുവില്‍ അവളെ ചെകിട്ടത്തടിച്ചു കൊണ്ട് നന്നാക്കുകയാണ് സിദ്ദിക്കിന്റെ കഥാപാത്രം. ആ പാത്രസൃഷ്ടിക്കും ചെകിട്ടത്തടിക്കും ലഭിച്ച സ്വീകാര്യത അതു ആയിരത്തൊന്നു വട്ടം ആവര്‍ത്തിക്കപ്പെട്ടു ഇന്ന് മറ്റൊരു രീതിയില്‍  ബ്യൂട്ടിഫുളില്‍ എത്തി നില്‍ക്കാന്‍ കാരണമായി. പുരുഷമേധാവിത്വത്തിന്റെ അസ്സന്നിഗ്ദമായ പ്രഖ്യാപനം ആയിരുന്നു അതു എന്നത് തന്നെയാണ് ആ ചെകിട്ടത്തടിക്കും രണ്ട് പതിട്ടാണ്ടിനിപ്പുറവും ഉണ്ടാവുന്ന ആവര്‍ത്തനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതക്കു നിദാനം. പുരുഷമേധാവിത്വത്തില്‍ അധിഷ്ടിതമായി നിര്‍മ്മിക്കപ്പെട്ട ഈ പൊതുബോധം അതിന്റെ എല്ലാ ദോഷവശങ്ങളും അനുഭവിക്കുന്ന സ്ത്രീകള്‍ക്കും സ്വീകാര്യമായിത്തീര്‍ന്നു എന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം. ഇതിനു പ്രധാന പങ്ക് വഹിച്ചത് മുഖ്യധാരാ സിനിമ മാത്രമല്ല,  ടി.വി സീരിയലുകള്‍ കൂടിയാണ്. വി.ടി അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് സ്ത്രീകളെ കൊണ്ട് വന്നപ്പോള്‍, ടി.വി സ്ത്രീകളെ അരങ്ങത്തു നിന്ന് തിരിച്ചു അടുക്കളയിലേക്കു ഒതുക്കി എന്നത്രേ കെട്ട കറുത്ത കാലം അടയാളപ്പെടുത്തുന്നത്.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സമൂഹമായി നമ്മുടേത്‌ അധപതിക്കുമ്പോള്‍ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ധൈര്യപ്പെടുന്ന രഞ്ജിനി ഹരിദാസുമാര്‍ അതേ സമൂഹത്തിന്റെ മുന്നില്‍ തെറ്റുകാരായി മാറുന്നതില്‍ അത്ഭുതമുണ്ടോ? അതെ, ആനിമാര്‍ എന്നും ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കും. തെറ്റുകാരായി ചിത്രീകരിക്കപ്പെടും. 'നീ വെറും പെണ്ണായിപ്പോയി' എന്ന് ആക്രോശിച്ച് അതു നമ്മള്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്യും.

ഇതോടൊപ്പം ഈ അഞ്ജലി-ആനി ദ്വന്ദത്തിനു ഒരു പ്രാധാന്യം കൂടിയുണ്ട്. അതു മനസിലേക്ക് കൊണ്ട് വരുന്നത്  കേരളക്കരയെ ഒരു കാലത്ത് കീഴടക്കിയ പരമേശ്വരന്‍ -ഉസ്താദ് ദ്വന്ദത്തിന്റെ ഒട്ടും സുഖകരമല്ലാത്ത ഓര്‍മ്മകളെയാണ്. കുടുംബസ്ഥനും നാട്ടിലെ മാന്യനുമായ ശുഭ്രവസ്ത്രധാരി ആയി, തബലയും വായിച്ചു പരമേശ്വരന്‍ വാഴുമ്പോള്‍, മാപ്പിളപ്പാട്ടുമായി പ്രത്യക്ഷപ്പെടുന്ന അധോലോകരാജാവായ ക്രിമിനലിന്റെ പേര് ഉസ്താദ് എന്നാണ്. അതെന്നും അങ്ങനെ തന്നെയായിരിന്നു. വായിക്കുന്നവരില്‍ ചിലര്‍ക്ക് എത്ര ചൊറിച്ചില്‍ തോന്നിയാലും വേണ്ടില്ല, ഇതു മുഖ്യധാര മലയാള സിനിമയിലെ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഹിസ്‌ ഹൈനെസ് മഹാരാജാവിനെ കൊല്ലാന്‍ വരുന്നത് അബ്ദുള്ള തന്നെയാവും. അപ്പോഴും അഞ്ജലിയും പരമേശ്വരനും മാത്രമായി ആ കഥാപാത്രങ്ങള്‍  എന്ത് കൊണ്ട് നിര്‍മ്മിക്കപ്പെട്ടില്ല, എതിനവര്‍ക്ക് ആനിയും ഉസ്താദും ആയി മാറേണ്ടി വന്നു എന്നൊരു ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു. ഉത്തരം വളരെ വ്യക്തം.

ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാണ് സ്ത്രീ പക്ഷത്തു നിന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ചിലതായ നാല് പെണ്ണുങ്ങളും ചാപ്പാകുരിശും ഒക്കെ പരാജയപ്പെട്ടിടത്ത് ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നത്.

മുന്‍അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പോസ്റ്റിനു ലഭിക്കാനിടയുള്ള ചില പ്രതികരണങ്ങള്‍ക്ക് അഡ്വാന്‍സ് ആയി മറുപടി നല്‍കി പോസ്റ്റ്‌ അവസാനിപ്പിക്കാം. 

൧) ബുദ്ധിജീവി ആവാനുള്ള വികലശ്രമം 

തനിക്കു രസിക്കാത്ത അഭിപ്രായം പറയുന്നവരെ വിളിക്കാന്‍ മല്ലൂസ് ഉപയോഗിക്കുന്ന ഏറ്റവും മാന്യമായ തെറിയാണല്ലോ ഇപ്പോള്‍ ബുദ്ധിജീവി എന്നത്. 'Intellectual' എന്ന വാക്കിന്റെ മലയാള പദമാണ് ബുദ്ധിജീവി എന്ന കാര്യം പോലും സന്ദേശത്തിന്റെ ഹാങ്ങോവര്‍ മാറാത്ത, ചരിത്രം പഠിച്ചു മാര്‍ക്ക് വാങ്ങാനുള്ള ഒരു വിഷയം മാത്രമായി കണക്കാക്കുന്ന ഒരു സമൂഹം മറന്നു തുടങ്ങിയിരിക്കുന്നു. കുറെ ബുദ്ധിജീവികളുടെ പ്രയത്നഫലമാണടോ കേരളത്തിന്‌ ഉന്നത നിലവാരമുള്ള സാംസ്കാരിക പരിസരം നല്‍കിയത്. അങ്ങനെ ചിലരെയെങ്കിലും അറിയുന്നതുകൊണ്ടും, എന്‍റെ എല്ലാ പരിമിതികളും ബോധ്യമുള്ളതു കൊണ്ടും ഒരു ബുദ്ധിജീവി ആവാനുള്ള ശ്രമം നടത്താന്‍ മാത്രം വിഡ്ഡിയൊന്നുമല്ല ഞാന്‍ . 

൨) ഇങ്ങനെയും ഉണ്ടോ ഭ്രാന്ത് 

രാത്രി ഒരുമിച്ചു യാത്ര ചെയ്‌താല്‍ ഉടന്‍ അനാശാസ്യം ആരോപിച്ചു മര്‍ദ്ദിക്കുന്ന സദാചാര പോലീസിനില്ലാത്ത, എല്ലാ അധികാരസ്ഥാപനങ്ങളെയും വെല്ലുവിളിച്ചു  സ്വന്തമായി ഒരു സിനിമ പിടിച്ചതിന്റെ പേരില്‍ ഒരാള്‍ക്ക്‌ നേരെ ചീമുട്ടയേറും കൊലപാതക ഭീഷണിയും തെറിവിളിയും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് ഇല്ലാത്ത, മുസ്ലീം പ്രേക്ഷകര്‍ കുറയുമെന്ന ഭയത്താല്‍ നോമ്പ് കാലത്ത് സിനിമ റിലീസ് ചെയ്യാനുള്ള ധൈര്യം പോലുമില്ലാഞ്ഞിട്ടും തുടര്‍ച്ചയായി മുസ്ലീം വിരുദ്ധ സിനിമകള്‍ ഇറക്കുന്നവര്‍ക്കില്ലാത്ത, ഭൂരിപക്ഷം സ്ത്രീ പ്രേക്ഷകര്‍ ആയിട്ടും തുടര്‍ച്ചയായി സ്ത്രീ വിരുദ്ധ സിനിമകള്‍ പടച്ചു വിടുന്നവര്‍ക്കില്ലാത്ത, ചാനല്‍ അവതാരക എന്ത് വേഷം ധരിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും ഫത്വ ഇറക്കുന്നവര്‍ക്ക് ഇല്ലാത്ത ഭ്രാന്ത് എനിക്കുണ്ടെങ്കില്‍ ഞാനങ്ങു സഹിച്ചു.

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
വിക്കിപ്പീഡിയ 
m3db
ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ 

ബന്ധപ്പെട്ട പോസ്റ്റുകള്‍:

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

വെള്ളിയാഴ്‌ച, നവംബർ 11, 2011

സന്തോഷ്‌ പണ്ഡിറ്റും മലയാള സിനിമയും പിന്നെ അബൂബക്കറും...

പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ബി.അബൂബക്കര്‍ എഴുതിയ 


'കൃഷ്ണനും രാധയും' റിവ്യൂ  ഇവിടെ പരിചയപ്പെടുത്തുന്നു. കൃഷ്ണനും 


രാധയും എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മലയാള 


സിനിമയും താര ചക്രവര്‍ത്തിമാരും നിശിതമായി 


വിമര്‍ശിക്കപ്പെടുന്നു...


കൃഷ്‌ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ? 
(ഭാഗം - 2)

http://malayal.am/node/13345

 

കൃഷ്ണനും രാധയും: കോമാളികള്‍ നായകന്മാരും നായകന്മാര്‍ കോമാളികളും ആകുന്നത്‌
 

http://malayal.am/node/13347

 

പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങള്‍
 

http://malayal.am/node/13348

 

കൃഷ്‌ണനും രാധയും മലയാളസിനിമയും
 

http://malayal.am/node/13349




"സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു നിര്‍മ്മിതിയാണെങ്കില്‍ ആ നിര്‍മ്മിതിയുടെ പണിശാല മലയാളസിനിമ തന്നെയാണ്‌. കൃഷ്‌ണനും രാധയും എന്ന സിനിമയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന താരവും അതുകൊണ്ടുതന്നെ ഓരോ ഇഞ്ചിലും മലയാളസിനിമയുടെ പ്രേതരൂപമായി മാറുകയും ചെയ്യുകയാണ്‌.
സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു വിഡ്‌ഢിയാണോ ഭ്രാന്തനാണോ എന്നൊക്കെയും ചര്‍ച്ച നടക്കുന്നുണ്ട്‌. ഇദ്ദേഹം ഒരു വിഡ്‌ഢിയാണെങ്കില്‍, ഭ്രാന്തനാണെങ്കില്‍ അതു തുടര്‍ച്ചയായി മലയാളസിനിമകള്‍ കണ്ടതുകൊണ്ടു സംഭവിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതല്ല, ഒരു അതിബുദ്ധിമാനാണെങ്കില്‍, മലയാളസിനിമയെ ഏറ്റവും നന്നായി, മലയാളിപ്രേക്ഷകന്റെ ഇച്ചീച്ചിശീലങ്ങളെ ഏറ്റവും ആഴത്തില്‍ മനസ്സിലാക്കി, ബുദ്ധികൊണ്ട്‌ അദ്ദേഹം നടത്തിയ വ്യായാമമാണ്‌ കൃഷ്‌ണനും രാധയും.


ബാബുരാജ്‌ പറയുന്നു, ഒരാള്‍ ചുമ്മാ വന്ന്‌ അങ്ങനെ സംവിധായകനാകുന്നതെങ്ങനെയാണ്‌? അയാളാദ്യം ക്ലാപ്പ്‌ ബോയിയായി തുടങ്ങി, പിന്നെ, നാലാം അസിസ്റ്റന്റായി നിന്ന്‌ പടിപടിയായി കയറി, അവസാനം അസോസിയേറ്റായി, ഒടുക്കം വേണം സംവിധായകനാകാന്‍ എന്ന്‌. ഈ പറച്ചിലിന്റെ മറ്റൊരു തരമാണ്‌ സംഘടനാതലത്തില്‍ സിനിമാക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. ഒരാള്‍ സാങ്കേതികപ്രവര്‍ത്തകനാകാന്‍ അവര്‍ ബാബുരാജ്‌ പറഞ്ഞ നിബന്ധനകളാണു വച്ചിരിക്കുന്നത്‌. ആ വെള്ളത്തിനുമീതെ സന്തോഷ്‌ പണ്ഡിറ്റിനെപ്പോലൊരു സാധാരണക്കാരന്‍ കെട്ടുവള്ളമിറക്കിയതുകണ്ട്‌ വിരണ്ട്‌ അവരിപ്പോള്‍ സെവന്‍ ഡി ക്യാമറ നിരോധിക്കാന്‍ ഒരുങ്ങുകയാണ്‌. ഇത്തരം നിരോധനങ്ങളെയൊക്കെക്കൊണ്ട്‌ ഇവര്‍ ഈ മേഖലയെ ഒരു എക്‌സ്‌ക്ലൂസിവ്‌ സോണാക്കിവയ്‌ക്കാന്‍ പയറ്റുന്ന ഒരു പണിയും നടക്കാന്‍ പോകുന്നില്ല എന്നുതന്നെയാണ്‌ ഇനിയുള്ള കാലം തെളിയാന്‍ പോകുന്നത്‌.


ഒരു സണ്ണിക്കുട്ടന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍, അടുത്ത ദുര്‍ഗാഷ്‌ടമിക്കു മുന്‍പ്‌, ഒന്നുകില്‍ മലയാളസിനിമ കൊല്ലപ്പെടും, മമ്മൂട്ടിയും മോഹന്‍ലാലും ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ പ്രേക്ഷകന്‍ പിന്നെ ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തില്‍ മുഴുഭ്രാന്തിന്റെ, ന്യൂറോസിസിന്റെയല്ല, സൈക്കോസിസിന്റെ തന്നെ പിടിയിലകപ്പെടും. അതിനു അവനെ തമിഴ്‌സിനിമയിലോ ബോളിവുഡിലോ ഹോളിവുഡിലോ ഒന്നും കൊണ്ടുപോയി ചികിത്സിച്ചിട്ടു കാര്യമില്ല നകുലാ... ഈ അവസ്ഥ ഒഴിവാക്കാനാണ്‌ നാഗവല്ലിയെ സഹായിച്ച തിലകനെത്തന്നെ കൊണ്ടുവന്ന്‌ ഉച്ചാടനം സാദ്ധ്യമാകുമോ എന്ന്‌ രഞ്‌ജിത്ത്‌ ശ്രമിക്കുന്നത്‌.


സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്‌ത ഓരോ കാര്യത്തെയും മലയാളസിനിമയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുമായി ചേര്‍ത്തുകാണാമെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. ‌"




"ഭ്രാ­ന്ത­വേ­ഗ­ത്തി­ലോ­ടിയ ഒരു ബസ്സ്‌ വഴി­പോ­ക്ക­നെ ഇടി­ച്ചു താ­ഴെ­യി­ടു­മ്പോള്‍, ബസ്സി­ലി­രി­ക്കു­ന്ന മു­ഴു­വന്‍ ആളു­ക­ളും ആ വഴി­പോ­ക്ക­നെ തെ­റി­വി­ളി­ക്കു­ക­യാ­ണെ­ങ്കില്‍, അതാ­ണി­പ്പോള്‍ പണ്ഡി­റ്റി­നെ­തി­രെ നട­ക്കു­ന്ന­ത്‌. തങ്ങ­ളു­ടെ കാ­ഴ്‌­ചാ­ശീ­ല­ങ്ങ­ളെ കണ­ക്ക­റ്റു പരി­ഹ­സി­ക്കു­ക­യാ­ണ്‌ സന്തോ­ഷ്‌ പണ്ഡി­റ്റെ­ന്നു കണ്ട­പ്പോള്‍, മല­യാ­ളി­ക­ളു­ടെ ഇന്‍­ഫീ­രി­യ­റായ സു­പ്പീ­രി­യോ­റി­റ്റി കോം­പ്ല­ക്‌­സ്‌ ഇള­കി­യ­താ­ണ്‌ തെ­റി­വി­ളി­യു­ടെ കാ­ര­ണം. അതി­പ്പോള്‍ മാ­റി­വ­രു­ന്ന­ത്‌, പണ്ഡി­റ്റ്‌ മല­യാ­ള­സി­നി­മ­യു­ടെ തന്നെ പ്രേ­ത­രൂ­പ­മാ­ണെ­ന്നും പ്രേ­ക്ഷ­ക­ശീ­ല­ങ്ങ­ളും നാ­റിയ കോ­ല­മാ­ണെ­ന്നും തി­രി­ച്ച­റി­യു­മ്പോള്‍, പണ്ഡി­റ്റി­നോ­ടു പറ­യു­ന്ന ഓരോ തെ­റി­യും അവ­ന­വ­നോ­ടു­ള്ള തെ­റി­യാ­ണെ­ന്നു മന­സ്സി­ലാ­കു­ന്ന­തു­കൊ­ണ്ടു­കൂ­ടി­യാ­ണ്‌.


ഇവി­ടെ മല­യാ­ള­ത്തി­ലെ താ­ര­ങ്ങള്‍ എന്തു­കൊ­ണ്ട്‌ നേ­രി­ട്ട്‌, ഈ പ്ര­ശ്‌­ന­ത്തില്‍ ഇട­പെ­ടു­ക­യോ പണ്ഡി­റ്റി­നെ തെ­റി­പ­റ­യു­ക­യോ ചെ­യ്യു­ന്നി­ല്ലെ­ന്നും ശ്ര­ദ്ധി­ക്ക­ണം. അതി­നാ­ണ്‌, അവര്‍ പകല്‍ അടു­ക്ക­ള­യില്‍ പണി­യെ­ടു­ക്കു­ക­യും രാ­ത്രി വേ­ണ­മെ­ങ്കില്‍ കൊ­ട്ടേ­ഷന്‍ പരി­പാ­ടി­ക്കു പോ­കു­ക­യും ചെ­യ്യു­ന്ന ബാ­ബു­രാ­ജി­നെ ഏര്‍­പ്പാ­ടു ചെ­യ്‌­തി­രി­ക്കു­ന്ന­ത്‌. പണ്ഡി­റ്റി­നി­ട്ട്‌ ഒരു ചി­ന്ന­ക്കൊ­ട്ടേ­ഷന്‍. പക്ഷേ, ബാ­ബു­രാ­ജി­ന്റെ ഓരോ കു­ത്തി­ലും വീ­ഴു­ന്ന­ത്‌ താ­ര­സ്വ­രൂ­പ­ങ്ങള്‍ തന്നെ­."




"പ­ണ്ഡി­റ്റ്‌ തെ­ളി­യി­ച്ച­തെ­ന്താ­ണ്‌?
സി­നിമ എന്ന­ത്‌ ഒരു വലിയ സം­ഭ­വ­മ­ല്ലെ­ന്നും ആര്‍­ക്കും ചെ­യ്യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണെ­ന്നും­ത­ന്നെ. അതി­ന്‌ സി­നി­മാ­സം­ഘ­ട­ന­ക­ളു­ടെ മു­ന്നില്‍ ഓച്ഛാ­നി­ച്ചു നില്‍­ക്കേ­ണ്ട­തി­ല്ലെ­ന്നും പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. "

"ന­മ്മു­ടെ സി­നി­മാ­ക്കാര്‍ ഉണ്ടാ­ക്കി­വ­യ്‌­ക്കു­ന്ന ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളൊ­ക്കെ­യു­ണ്ട്‌. അതി­ന്റെ മേ­ലാ­ണ്‌ അവ­രു­ടെ നി­ല­നി­ല്‌­പു­ത­ന്നെ. സി­നി­മ­യെ­ന്ന­ത്‌ ഒരു കള­ക്‌­ടീ­വ്‌ എഫര്‍­ട്ടാ­ണെ­ന്നും ഫയ­ങ്കര പണി­യാ­ണെ­ന്നും അവര്‍ വരു­ത്തി­ത്തീര്‍­ത്തി­രി­ക്കു­ന്നു. ഓതര്‍ തി­യ­റി­യെ­യൊ­ക്കെ കട­പു­ഴ­ക്കി വളര്‍­ന്ന് യക്ഷ­രൂ­പം പ്രാ­പി­ച്ചു­നില്‍­ക്കു­ന്ന ഈ ധാ­ര­ണ­യു­ടെ പു­റം­പൂ­ച്ചി­ലാ­ണ്‌ നമ്മു­ടെ സി­നിമ നി­ല­കൊ­ള്ളു­ന്ന­ത്‌. അപ്പോ­ഴാ­ണ്‌, എത്ര­മേല്‍ അമ­ച്വ­റാ­യി­ട്ടാ­ണെ­ങ്കി­ലും സന്തോ­ഷ്‌ പണ്ഡി­റ്റ്‌, ക്യാ­മ­റ­യൊ­ഴി­ച്ചു­ള്ള സക­ല­നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഒറ്റ­യ്‌­ക്കു ചെ­യ്‌­തു­കൊ­ണ്ട്‌ ഒരു രണ്ടേ­മു­ക്കാല്‍ മണി­ക്കൂര്‍ ചി­ത്രം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ന്ന­ത്‌."


"ഇ­ത്‌ ഇവി­ടെ ഒരു സ്‌­പൂ­ഫ്‌ എന്ന നി­ല­യ്‌­ക്കാ­ണു വാര്‍­ന്നു­വീ­ണി­രി­ക്കു­ന്ന­തെ­ങ്കി­ലും പ്ര­തി­ഭ­യും ബു­ദ്ധി­യും കര്‍­മ­ശേ­ഷി­യും ഉള്ള ഒരു­വള്‍­ക്ക്‌ / ഒരു­വ­ന് ഇതേ­പോ­ലെ മെ­ച്ച­പ്പെ­ട്ട സി­നി­മ­യെ­ടു­ക്കാ­നാ­കും. ഈ പകല്‍­സ­ത്യ­മാ­ണ്‌ പണ്ഡി­റ്റ്‌ വി­ളി­ച്ചു­പ­റ­യു­ന്ന­ത്‌."
"മറ്റൊ­ന്ന്‌, മമ്മൂ­ട്ടി­ക്കോ ലാ­ലി­നോ ഒക്കെ സാ­ദ്ധ്യ­മാ­കു­ന്ന എന്തും സി­നി­മ­യു­ടെ സാ­ങ്കേ­തി­ക­സൗ­ക­ര്യ­ങ്ങ­ളു­ടെ ഒരു വി­നി­മ­യം മാ­ത്ര­മാ­ണെ­ന്നു പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. ബാ­ഷ­യി­ലെ രജ­നീ­കാ­ന്തി­നെ ഇന്ദ്രന്‍­സ്‌ ത്രീ­മെന്‍ ആര്‍­മി­യില്‍ സ്‌­പൂ­ഫു ചെ­യ്യു­ന്ന­ത്‌ നമു­ക്കോര്‍­ക്കാം­. സന്തോ­ഷ്‌ പണ്ഡി­റ്റ്‌ ഒരു വി­ഡ്‌­ഢി­യാ­ണെ­ങ്കില്‍ (അ­ങ്ങ­നെ കരു­തു­ന്ന­വ­രു­ടെ സമാ­ധാ­ന­ത്തി­നു വേ­ണ്ടി പറ­യു­ന്നു) അദ്ദേ­ഹം ക്ലി­ഷേ കഥ­യായ രാ­ജാ­വു നഗ്നന്‍ കഥ­യി­ലെ കു­ട്ടി­യെ­പ്പോ­ലെ നി­ഷ്‌­ക­ള­ങ്ക­നായ വി­ഡ്‌­ഢി­യാ­ണ്‌. താ­ര­രാ­ജാ­ക്ക­ന്മാര്‍­ക്ക്‌ തു­ണി­മാ­ത്ര­മ­ല്ല, കോ­ണാ­നു­മി­ല്ലെ­ന്നും വി­ളി­ച്ചു­പ­റ­ഞ്ഞി­രി­ക്കു­ക­യാ­ണ്‌ സന്തോ­ഷ്‌ പണ്ഡി­റ്റ്‌."


 "മാ­രാ­മണ്‍ കണ്‍­വെന്‍­ഷ­നി­ലോ കും­ഭ­മേ­ള­യി­ലോ ഹജ്ജു­കൂ­ട്ട­ത്തി­ലോ കയ­റി­ച്ചെ­ന്നി­ട്ട്‌ ദൈ­വ­മി­ല്ലെ­ന്നു പറ­ഞ്ഞാല്‍ നല്ല­വ­രില്‍ നല്ല­വ­രായ വി­ശ്വാ­സി­കള്‍ നി­രീ­ശ്വ­ര­വാ­ദി­യെ തന്ത­യ്‌­ക്കു­വി­ളി­ക്കു­ക­യും തല്ലി­ക്കൊ­ല്ലു­ക­യും ചെ­യ്യും. അതു­പോ­ലെ, പണ്ഡി­റ്റി­നെ­യും ആളു­കള്‍ അതു­ത­ന്നെ ചെ­യ്യും. വി­ശ്വാ­സം അത­ല്ലേ, എല്ലാം­..."






 "മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട്‌ കൃഷ്‌ണനും രാധയും. അതുതന്നെയാണ്‌ ഇതിന്റെ ആസ്വാദ്യതയും. ഇത്‌ അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത്‌ പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."


 "ഇങ്ങനെ ഓരോ നിമിഷവും മലയാളസിനിമയുടെ മൃതകോശങ്ങളുപയോഗിച്ചു നിര്‍മിച്ച ഒന്നാന്തരം സ്‌പൂഫായി അറിഞ്ഞോ അറിയാതെയോ മാറിയിട്ടുണ്ട്‌ ഈ സിനിമ. എംബാം ചെയ്ത മലയാളസിനിമയുടെ ശവമാണിത്. കൃഷ്‌ണനും രാധയും മലയാളസിനിമയുടെ മൃതദേഹം സഞ്ചരിക്കുന്ന മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നതാണെങ്കില്‍ ഇതിലെ ഡയലോഗുകളും പാട്ടുകളും ഈ ജീര്‍ണതയുടെ മേല്‍ വച്ച പുഷ്‌പചക്രങ്ങളാകുന്നു."


 "മാസ്റ്റര്‍ സ്‌ട്രോക്കെന്ന നിലയില്‍ ഇത്രകൂടി - മമ്മൂട്ടി മുതല്‍ പൃഥ്വിരാജ്‌ വരെയുള്ള നിലവിലെ ഓരോ താരവും ജനിച്ച ശേഷം വളരെ കഷ്‌ടപ്പെട്ടു സൂപ്പര്‍താരങ്ങളായിത്തീര്‍ന്നവരാണെങ്കില്‍, സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പര്‍താരമായശേഷം വളരെ കഷ്‌ടപ്പെട്ടു ജനിച്ചവനാണ്‌."




ശുഭം!
മംഗളം!


ബന്ധപ്പെട്ട പോസ്റ്റുകള്‍:

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

'കൈരളി'യില്‍ നടന്ന ചലച്ചിത്ര വിപ്ലവം....

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....

പ്രേക്ഷകര്‍ അറിയുന്നതിന്...

 ചാപ്പാ കുരിശ്

 


വ്യാഴാഴ്‌ച, നവംബർ 03, 2011

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

 
"നീ പറയുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ടാവാം. പക്ഷെ അത് പറയുന്നതിനുള്ള നിന്റെ അവകാശത്തിനു വേണ്ടി മരണം വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്."


൧) അമ്മ, ഫെഫ്ക്ക, ചക്ക തുടങ്ങിയ ക്ണാപ്പ് സംഘടനകളുടെ ഔദാര്യം ഇല്ലാതെ തന്നെ മലയാളത്തില്‍ സിനിമ പിടിക്കാമെന്നും റിലീസ് ചെയ്യാമെന്നും തെളിയിച്ചതുകൊണ്ട്.

൨) കാശില്ലാത്തത്‌ കൊണ്ട് സിനിമ പിടിക്കാന്‍ കഴിയാത്ത യുവ പ്രതിഭകള്‍ക്ക് ഒരു പുതുവഴി വെട്ടിയത് കൊണ്ട്. അത് സാധ്യമാണ് എന്ന് തെളിയിച്ചത് കൊണ്ട്. അങ്ങനെ സാധാരണക്കാരന് അപ്രാപ്യമാണ് മലയാള സിനിമ എന്ന വലിയൊരു മിത്തിനെ പുല്ലുപോലെ പൊളിച്ചത് കൊണ്ട്.

൩)ചീത്ത വിളികളേയും, കളിയാക്കലുകളെയും  കൂളായി നേരിടാനുള്ള അപാരമായ കഴിവുള്ളതുകൊണ്ട്. അങ്ങനെ  ചീത്തവിളിക്കാന്‍ വരുന്നവനോട് ധാര്‍മ്മികമായ വിജയം നേടുന്നതുകൊണ്ട്.

൪)താന്‍ വലിയ ബുദ്ധിമാനാണ് എന്ന ശരാശരി മലയാളിയുടെ ഈഗോ ഉപയോഗിച്ച് കൊണ്ട്തന്നെ എത്ര പൊള്ളയാണ്‌ ആ ബോധം എന്ന് തെളിയിച്ചതുകൊണ്ട്. മണ്ടനായി നടിച്ച സന്തോഷ്‌ പണ്ഡിറ്റിന്റെ ബുദ്ധി മനസിലാക്കാനുള്ള കപ്പാസിറ്റി പോലും ഇവര്‍ക്കില്ല എന്ന് തെളിയിച്ചതുകൊണ്ട്.

൫)'കോഴി കറുത്തതാണ്‌ എന്ന് കരുതി മുട്ട കറുത്തതാണ്‌ എന്ന് കരുതരുത്' എന്ന ഡയലോഗും അടിച്ചു സ്ലോ മോഷനില്‍ തിരിച്ചു നടക്കുക വഴി മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട  താരസ്വരൂപങ്ങളെ തകര്‍ത്തെറിഞ്ഞത് കൊണ്ട്.

൬)നാവിനു എല്ലില്ലാത്ത അന്തിച്ചര്‍ച്ചകളിലെ ചില പതിവുകാര്‍ക്ക് പോലും കഴിയാത്ത വിധത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് നികേഷിന്റെ പത്തി അടിച്ചു താത്തിയത് കൊണ്ട്.

൭)സ്വന്തം കാര്യം വരുമ്പോള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍  മലയാളികള്‍ പുല്ലുവില കല്‍പ്പിക്കാത്ത 'അഭിപ്രായ സ്വാതന്ത്ര്യം' എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടി‍യും, ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊണ്ടതിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതുകൊണ്ട്.


൮)സവാരിഗിരിയും, മോനെ ദിനേശായും ചുമന്നു നടക്കുന്ന ഒരു ജനതയുടെ ആശയദാരിദ്ര്യം എത്രയെന്നു തെളിയിച്ചത് കൊണ്ട്. ആ കറുത്ത കോഴിയുടെ വെളുത്ത മുട്ട വന്നു പതിക്കുന്നത് ഫാന്‍സിന്റെ തലയില്‍ തന്നെയാണ് എന്ന് പറയാതെ പറഞ്ഞത് കൊണ്ട്.


൯)സ്നേഹവീടിനും ഡബിള്‍സിനും കാര്യസ്ഥനും തെജാഭായിക്കും ഫ്ലക്സ് ഒട്ടിക്കുന്ന, ആര്‍പ്പുവിളിക്കുന്ന ഒരു ജനതയ്ക്ക് കൃഷ്ണനും രാധയ്ക്കും നിലവാരമില്ല എന്ന് പറയാനുള്ള നിലവാരം മാത്രമേ ആയുള്ളൂ എന്ന് തെളിയിച്ചത് കൊണ്ട്.


൧൦)ഗോകുലനാഥനായ്, ഗുരുവായൂരപ്പാ എന്നീ നല്ല ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചതുകൊണ്ട്.


൧൧)തങ്ങളുടെ ധാര്‍മ്മിക രോഷം തീര്‍ക്കാന്‍ ഒരു സന്തോഷ്‌ പണ്ഡിറ്റിനെ മാത്രമേ മലയാളി കാണുന്നുള്ളല്ലോ എന്ന വേദന കൊണ്ട്.


൧൨)ആരുടേയും കളിയാക്കലുകളെയും തെറിവിളിയും കൂസാക്കാതെ തനിക്കു ശരിയെന്നു തോന്നുന്ന പാതയില്‍ മുന്നോട്ടു പോയാല്‍ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യും എന്ന വലിയൊരു പാഠം നമ്മെ പഠിപ്പിച്ചതുകൊണ്ട്.


൧൩)തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു പാവത്താനെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന്റെ പക്ഷം ചേര്‍ന്ന് അടിയുടെ പങ്ക് പറ്റുകയെങ്കിലും ചെയ്യുന്നതാണ് ശരി എന്ന ധാര്‍മ്മികബോധം കൊണ്ട്....


ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

http://www.santhoshpandit.com/


ബന്ധപ്പെട്ട പോസ്റ്റുകള്‍:

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)



യുട്യൂബില്‍ യാദൃശ്ചികമായി കണ്ട സന്തോഷ്‌ പണ്ഡിട്ടിന്റെ ഒരു ഇന്റെര്‍വ്യൂ. സാധാരണ ഈ മാതിരി സാധനങ്ങള്‍ കാണാറില്ല. എഡിറ്റ്‌ ചെയ്തു പുള്ളിയെ തെറിവിളി ആയിരിക്കും മിക്കതിലും. പക്ഷെ ഇതു കണ്ടു. ഇതില്‍ സന്തോഷ്‌ പറഞ്ഞിരിക്കുന്നതില്‍ പ്രധാനപ്പെട്ടത് മാത്രം താഴെ കുറിക്കുന്നു. അവശ്യം കേട്ടിരിക്കേണ്ടത്...

'നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ ഞാന്‍ നശിക്കണമെന്നായിരുന്നു എങ്കില്‍ എന്നെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നെ ഒരാള്‍ ചീത്ത പറഞ്ഞു ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഞാന്‍ എത്ര ഹാപ്പി ആണെന്നറിയോ? എനിക്കത് വലിയ മോറല്‍ ബൂസ്റ്റ്‌-അപ്പ്‌ ആണ്.'

'ന്യൂയോര്‍ക്കിലിരിക്കുന്ന ഒരു സായിപ്പ് കാണുന്നത് ഇതിന്റെ ബിസിനസ് വശം മാത്രമാണ്. അയാള്‍ നോക്കുമ്പോ എന്താ, സന്തോഷ്‌ പണ്ടിട്റ്റ് എന്ന് കാണുമ്പോഴേ ഇരുപത്തഞ്ചു ലക്ഷം പേര് കാണുന്നു. അയാളൊരിക്കലും ഇതിന്റെ കമന്റ് വായിക്കുന്നില്ല. വായിച്ചാലൊട്ടു മനസിലാവേം ഇല്ല. എന്റടുത്ത് പുതിയൊരു പ്രോജക്ട്ടുമായി വരുന്നവരുടെ അടുത്ത് ഫസ്റ്റ് ഞാന്‍ കാണിച്ചു കൊടുക്കുന്നത് ദാ ഞാന്‍ ചെയ്ത സാധാനത്തിന്റെ റേറ്റിംഗ് നോക്ക്. അയാളതെ നോക്കൂ.
ഡാ നിങ്ങളീ കുറെ ആളുകള്‍ എന്തു കമന്റ് എഴുതീന്നു ആര് നോക്കുന്ന്? ഞാന്‍ പോലും നോക്കുന്നില്ല. നിങ്ങള് പരസ്പരം ഇരുന്നു വായിക്കുന്നു. അത്രതന്നെ...'

'എന്നെ വലിയ ഹിറ്റ് ആക്കിയതില്‍ വിമര്‍ശകര്‍ക്കും വലിയൊരു പങ്കുണ്ട്.'


'
സില്‍സില, അദ്ദേഹത്തെ കുറെ വിമര്‍ശിച്ചു. ഇപ്പൊ അദ്ദേഹത്തിനു പത്ത് സിനിമ കിട്ടി. പുള്ളി ക്ലച്ച് പിടിച്ചു. രാത്രി, ശുഭരാത്രി കണ്ടു എന്നെ കുറെ ഇതാക്കി; ഞാനും ക്ലച്ച് പിടിച്ചു. എനിവേ, മൂന്നാമതൊരാള്‍ ഇതുപോലെ കൂതറ ആല്‍ബവുമായി വരികയാണെങ്കില്‍ ലേശം ബുദ്ധി ഉപയോഗിച്ചോളൂ. മൈന്‍ഡ് ചെയ്യരുത്. ഇതാണ് ഐഡിയ. ഇനി അതല്ല ഞങ്ങള്‍ അയാളെ നന്നാക്കിയേ അടങ്ങൂ എന്നൊക്കെ വാശി പിടിച്ചു ചെയ്യുവാണേല്‍ ചിലപ്പോ അയാളും രക്ഷപെടും. നിങ്ങള് മനസിലാക്കേണ്ടത് ഈ ഒരു കമന്റ് എഴുതിയ ഒരാളേം ആരും ഇന്റെര്‍വ്യൂവിന് വിളിക്കുന്നില്ല. നിങ്ങള്‍ ഇരയാക്കിയ ആള്‍ക്കാണ് എല്ലാ ഇമ്പോര്‍ട്ടന്‍സും കിട്ടുന്നത്. നിങ്ങളെ ആരും മൈന്‍ഡ് ചെയ്യുന്ന പോലും ഇല്ല.'

ഇനി പറയ്, അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി?  ;)


യെവന്‍ പുലിയാണ് കെട്ടാ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍



ബന്ധപ്പെട്ട പോസ്റ്റുകള്‍:

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....

 

അധികവായനയ്ക്ക്:

പറയൂ, ആരാണ് കോമാളി

സന്തോഷ് പഠിപ്പിക്കുന്ന പാഠം

നിലാവ് മായും മുമ്പേ ....: 'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം 

വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....



അളിയാ, അന്തിക്കാട്ടിലെ നാട്ടുമ്പുറത്തുകാരന്റെ പുതിയ സില്‍മ വന്നു. പോയാലാ?

ഡേയ്, ആവശ്യത്തില്‍ക്കൂടുതല്‍ സാരോപദേശം വീട്ടീന്ന് ഫ്രീ ആയി കിട്ടുന്നുണ്ട്‌. പിന്നെന്തരിനടെ കാശ് കൊടുത്തു തീയെറ്ററീ പോയിരുന്നു ഉപദേശം കേക്കണേ....

അളിയാ അങ്ങനല്ല. ഇന്നാ പിടിച്ചോ നിന്റെ പഴയ ഗംഗയെ
എന്ന് പറയുന്ന ഡോ: സണ്ണിയെപ്പോലെ നമ്മടെ ഉപദേശി പറയുവാണ്, ഇന്നാ പിടിച്ചോ നിങ്ങനെ പഴേ മോഹന്‍ലാലിനെ എന്ന്... പോവാമളിയാ.... വേണ്ടേടാ, നമുക്ക് നമ്മുടെ പഴേ ലാലേട്ടനെ.

ഓ, എന്തരോ ആവട്ട്. ഇതിലും വലുത് എന്തൊക്കെ നാം സഹിക്കുന്നു. ജയ്‌ മധുമോഹന്‍ 


ഇന്ടര്‍വെലിനു മുന്‍പേ 'യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ' എന്നും വിളിച്ചു രണ്ട് പേരും ഓടിത്തള്ളി എന്നത് ചരിത്രം. സ്നേഹവീട്ടിലെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിയ എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു.


ചിത്രത്തെക്കുറിച്ച് പ്രത്യേകിച്ച് പുതുതായൊന്നും പറയാനില്ല.
കുറച്ചു കാലമായുള്ള മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും (എന്തരോ എന്തോ?), സ്വന്തമായി തിരക്കഥ എഴുതിത്തുടങ്ങിയ ശേഷം അന്തിക്കാടേട്ടന്റെ സില്മകളുടെ നിലവാരത്തെക്കുറിച്ചും (ഉവ്വ), സര്‍വ്വോപരി സംഗീത ശിരോമണി ഇളയരാശാവിന്റെ അന്തിക്കാട് ചിത്രങ്ങളിലെ സംഗീതത്തെക്കുറിച്ചും (ഹമ്മേ) ഏവര്‍ക്കും അറിവുള്ളതാണല്ലോ. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ക്വാളിറ്റി ആയിരുന്ന ടൈമിംഗ് ഒക്കെ പോയിട്ട് കാലം എത്രയായി. ഇപ്പോള്‍ അദ്ദേഹം ഒരു നല്ല നടനല്ല എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്ന ചിത്രമത്രേ ഇത്. സഹിക്കുക നല്ല ബുദ്ധിമുട്ട്. ആന്റണി പെരുമ്പാവൂരിന് നല്ല നമസ്കാരം.

മനസിനക്കരെയ്ക്ക് ശേഷമാണ് അന്തിക്കാട് സ്വന്തമായി തിരക്കഥ എഴുതിത്തുടങ്ങിയത്. രസതന്ത്രവും ഭാഗ്യദേവതയും മറ്റും നല്ല പ്രമേയം ഉണ്ടായിട്ടും തിരക്കഥയിലെ പാളിച്ചകള്‍ മുഴച്ചു നിന്ന ചിത്രങ്ങളാണ്. മോശപ്പെട്ട ഈ തിരക്കഥയെഴുത്തിന്റെ ഏറ്റവും പരമമായ പോയന്റുകളാണ് കഥ തുടരുമ്പോഴും ഇപ്പോള്‍ സ്നേഹവീടും. ഇനിയും അദ്ദേഹത്തിനു താഴേക്കു പോകാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഇന്നസെന്റും കെ.പി.എ.സി ലളിതയും മാമുക്കോയയും മറ്റും അന്തിക്കാടിന്റെ സില്മകളിലെ സ്ഥിരം വേഷങ്ങളില്‍ വന്നു പോകുന്നുണ്ട്, ആ പോട്ടെ. ബിജു മേനോന്‍ എന്ന നല്ലൊരു നടനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും ഉള്ള വേഷം പുള്ളി വൃത്തിയായി ചെയ്തു. ഷീലാമ്മയുടെ അമിതാഭിനയത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. രാഹുല്‍ രാജ് എന്ന പുതുമുഖം തന്റെ അഭിനയമില്ലായ്മ്മ കൊണ്ട് ഇത് ഒരു വിധം കൊമ്പന്‍സേറ്റ് ചെയ്യുന്നുണ്ട്.


അന്തിക്കാട് സില്മകളിലെ ഇളയരാജയുടെ സംഗീതത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഒരു ചാനല്‍ ചര്‍ച്ചയില്‍ ടി.പി.ശാസ്തമംഗലം അന്തിക്കാടിന്റെ സാന്നിധ്യത്തില്‍  ഈ നിലവാരമില്ലായ്മ്മയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ആര്‍ക്കു തോന്നിയാലും അന്തിക്കാടിനു തോന്നിയില്ലേല്‍ പിന്നെ

പറഞ്ഞിട്ടെന്തു കാര്യം. അനുഭവിക്കുക തന്നെ.

സിനിമയില്‍ ചിലയിടത്തൊക്കെ പലരും തകര്‍ത്തു ചിരിക്കുന്നുണ്ടായിരുന്നു. എന്‍റെ നിലവാരത്തകര്‍ച്ച കൊണ്ടാവണം എനിക്കതിനൊന്നും ചിരിക്കാന്‍ തോന്നാഞ്ഞത്. മോഹന്‍ലാല്‍ അട്ടപ്പാടിയിലെ തോട്ടം നോക്കുന്ന തമിഴനെ ഫോണിലൂടെ തുടരെത്തുടരെ ചീത്ത വിളിക്കുമ്പോള്‍ ആഞ്ഞു ചിരിക്കുന്ന പ്രക്ഷകരുടെ മനശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ലാലേട്ടന്‍ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ച ചില തമാശകള്‍ കണ്ടപ്പോള്‍ വലിയ കഷ്ടമാണ് തോന്നിയത്. കരിങ്കണ്ണന്‍ മത്തായി എന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെ വെച്ചുള്ള 'കരിങ്കണ്ണ്' നേഴ്സറി തമാശകള്‍ അന്തിക്കാട് ചെന്നു പെട്ടിരിക്കുന്ന പ്രതിഭാദാരിദ്ര്യമെന്ന മഹാഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിനൊക്കെ ചിരിക്കാന്‍ കഴിയുന്നവരോട് സത്യമായും എനിക്ക് അസൂയ തോന്നുന്നു. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചു ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യാത്തത് കൊണ്ട് കല്യാണം കഴിക്കാതെ കഴിയുന്നു എന്നൊക്കെയാണ് ലാല്‍ വെച്ച് കാച്ചുന്നത്. കൂടുതല്‍ പറയണ്ടല്ലോ...

 
മറ്റു ഇന്ത്യന്‍ ഭാഷകളിലെല്ലാം മധ്യവയസ്കരായ സൂപ്പര്‍ താരങ്ങളുടെ പ്രഭാവം അസ്തമിക്കുകയും, യുവപ്രതിഭകളുടെ തള്ളിക്കയറ്റം ഉണ്ടാവുകയും ചെയ്തപ്പോള്‍ മലയാളത്തില്‍ വേരൂന്നിയ സീരിയല്‍ സംസ്കാരത്തിന്റെ ബലത്തിലാണ് ഇവിടത്തെ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ താരപദവി നിലനിര്‍ത്തിയത് എന്ന വാദത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഉടനെ പോയി ഈ സിനിമ, സോറി മെഹാസീരിയല്‍ കാണുക. ഉടനെ ആ സംശയം തീര്‍ന്നു കിട്ടും. തീയേറ്ററില്‍ ഇരിക്കുന്ന രണ്ടര മണിക്കൂര്‍ യുഗയുഗാന്തരങ്ങളായി പ്രേക്ഷകര്‍ക്ക്‌ അനുഭപ്പെടാന്‍ മാത്രം ശക്തമാത്രേ ഈ അന്തിക്കാട് വക പടപ്പ്. ഫോര്‍ ഫ്രെണ്ട്സിനെയും ഹാപ്പി ഹസ്ബന്റ്സിനെയും സകുടുംബം ശ്യാമളയെയുമോക്കെ സ്വീകരിച്ച മലയാളികള്‍ ചിലപ്പോള്‍ ഈ ചിത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കാം. പക്ഷെ അവിടെയും പരാജയപ്പെടുന്നത് മലയാളസിനിമ ആയിരിക്കും. ചാപ്പാ കുരിശിലൂടെയും പ്രാഞ്ചിയെട്ടനിലൂടെയും മലയാളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു നവസിനിമാ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമേ പരിചയസമ്പന്നരുടെ  ഈ മാതിരി ചവറുകള്‍ പ്രയോജനപ്പെടുകയുള്ളൂ...

റേറ്റിംഗ്:1.5/10 (ഗ്രാമഭംഗിയുടെ ചില വിഷ്വല്‍സിനും ഇന്ടര്‍വെലിനു കഴിച്ച ഐസ് ക്രീമിനും ചേര്‍ത്ത്)

വാല്‍: വിലക്കല്‍ വീരന്മാരെ, നിത്യ  മേനോന്റെം റീമ കല്ലിങ്ങലിന്റെം ഒക്കെ മെക്കിട്ടു കേറാന്‍ നടക്കുന്നതിനു പകരം ഇങ്ങേരുടെ തിരക്കഥ, രാശാവിന്റെ സംഗീതം, ലാലേട്ടന്റെ ബാച്ചി ജീവിതം ഇതൊക്കെ ഒന്ന് വിലക്കൂ. അങ്ങനേലും നിങ്ങളെക്കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ. പ്ലീസ്...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍


Related Posts:

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

അദ്ധ്യാപകദിനാശംസകള്‍..!!

  
മാതാപിതാക്കള്‍ രണ്ടുപേരും സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍. സ്വന്തം ഉമ്മയുടെ ക്ലാസിലിരുന്നു പഠിക്കാനും തല്ലുവാങ്ങാനും ഭാഗ്യമുണ്ടായവന്‍ . കുടുംബസുഹൃത്തുക്കള്‍ മിക്കവാറും അദ്ധ്യാപകര്‍. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ  ഇടയില്‍ വളര്‍ന്ന ഈയുള്ളവന് ഇതിലും വലിയൊരു ദിനമുണ്ടോ? മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം നിറച്ചുകൊണ്ട് തങ്ങളുടെ ജീവിതം സാര്‍ത്ഥകമാക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അദ്ധ്യാപകദിനാശംസകള്‍..!!



പൊതുവിദ്യാലയങ്ങള്‍ നാടിന്റെ ആവശ്യമാണ്‌. സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍പ്പിച്ചുകൊണ്ട്‌....

 ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍