ചൊവ്വാഴ്ച, ഡിസംബർ 06, 2011

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

(സിനിമയുടെ സസ്പെന്‍സ് അടക്കം ഇവിടെ പറയുന്നുണ്ട്. പടം കാണുന്നതിനു മുന്‍പ് അതു വായിക്കുന്നത് ബുദ്ധിമുട്ടുള്ളവര്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ വായിക്കാതിരിക്കുന്നതാവും ഉചിതം)അനൂപ്‌ മേനോന്‍ രചന നിര്‍വ്വഹിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു പക്ഷെ, വി.കെ പ്രകാശിന്റെ ആദ്യത്തെ ഹിറ്റ് ചിത്രം. 'ഗുലുമാല്‍' എന്ന മൂന്നാം കിട വളിപ്പ് സിനിമ മാത്രമാണ് വി.കെ.പി-യുടെ സംവിധാനത്തില്‍ ഇതിനു മുന്‍പ് അല്പമെങ്കിലും കാശ് വാരിയ ചിത്രം. നിരൂപക പ്രശംസ നേടിയ പുനരധിവാസവും ഫ്രീക്കി ചക്രയുമൊക്കെ ഇതിനു മുന്‍പ് സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടവയാണ്.


വളരെ പോസിറ്റീവ് ആയ ജീവിത വീക്ഷണം ചിത്രം മുന്നോട്ടു വെക്കുന്നു. ഒരര്‍ത്ഥത്തില്‍ ദയാവധം പ്രമേയമായ 'ഗുസാരിഷി'നു വിരുദ്ധ ധ്രുവത്തിലാണ് ഈ ചിത്രം നില്‍ക്കുന്നത്. അനൂപ്‌ മേനോന്റെ തിരക്കഥയും വി.കെ പ്രകാശിന്റെ സംവിധാന മികവും ഒന്നിക്കുമ്പോള്‍ ചിത്രം ആസ്വാദ്യകരമായ അനുഭവം ആകുന്നുണ്ട്. മുന്‍പ് പകല്‍ നക്ഷത്രങ്ങളിലും കോക്ക്ടെയ്ലിലും (അതൊരു മുഴുനീള കോപ്പിയടി ആയിരുന്നെങ്കില്‍ കൂടി) പ്രകടമായിരുന്ന സംഭാഷണ മികവ് ഈ ചിത്രത്തിലും അനൂപ്‌ മേനോന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ ഒതുങ്ങിയതും എന്നാല്‍ സത്യസന്ധതയാല്‍ തീക്ഷ്ണവുമായ സംഭാഷണങ്ങള്‍ സീരിയിലുകളായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന മലയാള സിനിമയില്‍ നിന്ന് ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു. മികച്ച തിരക്കഥകളുടെ അഭാവവും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലെ പാളിച്ചയുമാണ് വി.കെ പ്രകാശിന്റെ സംവിധാന മികവ് പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്നതിനു പ്രധാന കാരണം എന്ന് ഈ ചിത്രം അടിവരയിടുന്നു. ഉണ്ണിമേനോന്‍ ഒഴികെ ആരും തങ്ങളുടെ വേഷം മോശമാക്കിയില്ല. എന്നാല്‍ ഈ ചിത്രം സ്വീകരിക്കപ്പെടുന്നതിനു മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നും, അവ തന്നെയാണ് അതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു. അതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.

ജനപ്രിയവും എന്നാല്‍ അങ്ങേയറ്റം ജനവിരുദ്ധവുമായ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെയും ഇതു പോലുള്ള മറ്റനേകം സിനിമകളുടെയും വിജയരഹസ്യം. എണ്ണത്തില്‍ സ്ത്രീകള്‍ക്കു മുന്‍തൂക്കമുള്ള ഒരു സമൂഹത്തിന്റെ പോതുബോധത്തിലെ കടുത്ത സ്ത്രീ വിരുദ്ധത ഒരു ഐറണി ആയി തോന്നാമെങ്കിലും അതു നമ്മുടെ സമൂഹത്തില്‍  നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അന്‍പതുകളിലും അറുപതുകളിലും പുരോഗമന ആശയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന മലയാള സിനിമ എണ്‍പതുകളോടുകൂടി എല്ലാതരം പിന്തിരിപ്പന്‍ ആശയങ്ങളുടെയും പ്രവാചകര്‍ ആയി മാറിയതായി കാണാം. നമ്മുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തിന്റെ ദിശ കൂടിയാണ് ഇതു കാണിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് എതിരാണ് ചിത്രത്തിന്റെ ശില്‍പ്പികള്‍ എന്ന ധ്വനി ജനിപ്പിക്കുന്നുണ്ട്. പ്രവീണ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിലൂടെ മലയാളത്തിലെ ഇന്നത്തെ കുടുംബ വ്യവസ്ഥകളെ ശക്തമായി വിമര്‍ശിക്കുന്നു. എന്നാല്‍ ചിത്രം പകുതി കഴിയുമ്പോള്‍ രചയിതാവിന്റെ ഉള്ളിലിരുപ്പ് പയ്യെപ്പയ്യെ പുറത്തു വരുന്നു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ. 

രാത്രി കൂട്ടുകാരനൊപ്പം ബൈക്കില്‍ കയറി പോകുന്ന പെണ്‍കുട്ടി ചില സമീപകാല സംഭവങ്ങള്‍ ഓര്‍മ്മയില്‍ ഉള്ളത് കൊണ്ട് സദാചാര പോലീസുകള്‍ക്കുള്ള ഒരടി ആയാണ് ഉള്‍പ്പെടുത്തിയത് എന്ന് കരുതിയെങ്കിലും, ഈ പെണ്‍കുട്ടി അയാളുടെ പിറകെ പ്രേമാഭ്യര്‍ത്ഥനയുമായി നടക്കുന്ന രംഗങ്ങള്‍ പിന്നീട് കുത്തിത്തിരുകിയത് അങ്ങനെയൊരു വായനയെ അസാധ്യമാക്കി എന്ന് മാത്രമല്ല, സദാചാര പോലീസുകള്‍ക്ക് പരോക്ഷമായെങ്കിലും ഒരു ന്യായീകരണം നല്‍കുന്നതായി ഭവിച്ചു. പിന്നീടങ്ങോട്ട് പ്രത്യക്ഷമായിത്തന്നെ സ്ത്രീ വിരുദ്ധമാവുകയാണ് ചിത്രം. 

വീട്ടുജോലിക്കാരികളെയും ഹോം നെഴ്സുമാരെയും കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ, അവര്‍ എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്നവരാണ് എന്ന ഒരു പൊതു ധാരണയെ ഒരു ഉളുപ്പുമില്ലാതെ ഏറ്റു പിടിക്കുകയാണ് അനൂപ്‌ മേനോന്‍ . കൂടാതെ പണം മോഷ്ടിച്ച് കൊണ്ട് ഓടിപ്പോകുന്നവരാണ് വീട്ടുജോലിക്ക് പോകുന്ന സ്ത്രീകള്‍ എന്ന പഴയ നമ്പരും പുള്ളി ഇറക്കിയിട്ടുണ്ട്. അങ്ങനെയുള്ള പ്രമേയമുള്ള ഒരു പരസ്യം മൂലം ഡോക്കൊമോ-ക്കാര്‍ കോടതി കയറിയതൊന്നും തിരക്കിനിടയില്‍ ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല.

പ്രവീണയുടെ കഥാപാത്രത്തിലൂടെ ഉയര്‍ത്തിയ സാമൂഹിക വിമര്‍ശനം മുഴുവന്‍ അസാധുവാക്കുകയാണ് ആനിയും (മേഘ്ന) അലെക്സും (ടിനി ടോം) തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിരിക്കുന്ന രീതി. 'എന്നും ഇങ്ങനെ വെപ്പാട്ടിയായി കഴിഞ്ഞാല്‍ മതിയോ?' എന്ന ഒരു കാലത്ത് മലയാള സിനിമയിലെ ക്ലീഷേ ആയിരുന്നു ഡയലോഗ് പോലും അതുപോലെ എടുത്തുപയോഗിക്കാന്‍ രചയിതാവ് ഒരു മടിയും കാണിക്കുന്നില്ല എന്നിടത്താണ് ചിത്രത്തിന്റെ തനിപിന്തിരിപ്പന്‍ സ്വഭാവം പുറത്തു വരുന്നത്. താന്‍ ആദ്യം പറയാന്‍ ശ്രമിച്ചതൊക്കെ വെറും പൊള്ളയായ ഒരു പുറം മൂടി ആയിരുന്നെന്നും, തന്റെ നിലപാടുകള്‍ മുഖ്യധാര മലയാള സിനിമയില്‍ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ല എന്നും രചയിതാവ് കാണികളോട് നേരിട്ട് പറയുന്നത് പോലെയാണ് ഈ ഡയലോഗ് അനുഭവപ്പെടുക. ഇവിടെത്തന്നെയാണ് നവസിനിമകള്‍ എന്ന പേരില്‍ പടച്ചു വിടുന്നവയുടെ കള്ളി വെളിച്ചത്താവുന്നതും. സിനിമയുടെ വിപണി തന്നെയാവും അബോധമായെങ്കിലും ഇത്തരം പ്രവൃത്തികള്‍ക്ക്‌ സൃഷ്ടാക്കളെ പ്രേരിപ്പിക്കുന്നത്. വിപണിയുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തില്‍ ഇവ ഒരു വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരപൂരകമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി മുന്നോട്ടു പോകുന്ന ഈ പ്രക്രിയ നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു ദുരന്തത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. ഒരു സമൂഹം മൊത്തത്തില്‍ സദാചാര പോലീസിങ്ങും കപട സദാചാരവും ഒരു വിശ്വാസ സംഹിതയായി തെരഞ്ഞെടുക്കുന്നു എന്ന ദുരന്തം. നവസിനിമകളായി കൊട്ടിഘോഷിക്കപ്പെട്ട കൊക്ക്ടെയ്ലും ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ്‌ പേപ്പറും ഒന്നും അടിസ്ഥാനപരമായി ഇങ്ങനെയുള്ള പ്രതിലോമകരമായ ആശയങ്ങള്‍ തന്നെയാണ് വിനിമയം  ചെയ്യുന്നത് എന്നും ഓര്‍ക്കുക.

ആനി അഞ്ജലിയാവുന്ന മായാജാലം കൂടി ഒന്ന് സ്പര്‍ശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. വലിയൊരു പൊട്ടും തൊട്ട് സവര്‍ണ്ണകുലജാതയായി വരുന്ന അഞ്ജലി സ്റ്റീഫനെ (ജയസൂര്യ) നന്നായി നോക്കുന്ന, ജോണിന്റെ (അനൂപ്‌ മേനോന്‍ ) പ്രണയത്തിനു പാത്രമാകുന്ന, സാരി മാത്രമുടുക്കുന്ന കഥാപാത്രമാണ്. എന്നാല്‍ ഇതേ കഥാപാത്രം സ്റ്റീഫനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ ആയി മാറുമ്പോള്‍  അലെക്സുമായി സാമ്പ്രദായിക കുടുംബബന്ധങ്ങള്‍ക്ക് നിരക്കാത്ത ബന്ധം പുലരുത്തുന്ന, മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആനി എന്ന പെണ്‍കുട്ടി ആയി മാറുന്നു. ഒരേ കഥാപാത്രത്തിന്റെ  നന്മ-തിന്മ എന്നീ വിരുദ്ധ ധ്രുവങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളും, പേരും, ജാതിയും, സ്വഭാവ സവിശേഷതകളും നല്‍കുന്ന സൂചന ഒട്ടും ശുഭകരമല്ല. ഇതെഴുതുമ്പോള്‍ അപ്പുറത്ത് ടി.വി-യില്‍ മിന്നിമറയുന്ന സീരിയലിലെ(ഹരിചന്ദനം എന്നത്രേ പേര്) നായികയും പ്രതിനായികയും യഥാക്രമം അഞ്ജലി-ആനി മാരെ ഓര്‍മ്മിപ്പിക്കുന്ന വേഷ-സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍ തന്നെയാണ്. അഞ്ജലിമാര്‍ ആഘോഷിക്കപ്പെടുന്നതും ആനിമാര്‍ ക്രൂശിക്കപ്പെടുന്നതും ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നും, വാത്സല്യം എന്ന ചിത്രം മുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ദ്വന്ദം ആണ് എന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ ഈ ദ്വന്ദം നിര്‍മ്മിച്ചിരിക്കുന്ന പൊതുബോധം പുരോഗനപരമായി ചിന്തിക്കേണ്ട ഒരു സമൂഹത്തിനു ഒട്ടും യോജിക്കുന്നതല്ല എന്നത് കൊണ്ടാണ് അതു ഇവിടെ പരാമര്‍ശവിധേയമാകുന്നത്.

വാത്സല്യത്തില്‍ നന്മയുടെ പ്രതീകങ്ങളായി കാണുന്ന സ്ത്രീകള്‍ ഒക്കെയും അടുക്കളയില്‍ മാത്രമൊതുങ്ങുന്ന, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കാത്ത, പുരുഷാധിപത്യത്തിന് യാതൊരു വിരോധവുമില്ലാത്ത കീഴ്പ്പെടുന്ന, ഒരു പരിധി വരെ ആസ്വദിക്കുന്ന സ്ത്രീകളാണ്. എന്നാല്‍ അങ്ങനെയല്ലാത്ത, സ്വന്തമായി ഒരു അഭിപ്രായം ഉള്ള, അതു പറയാന്‍ ധൈര്യം ഉള്ള, ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഒരു പെണ്‍കുട്ടിയായി കടന്നു വരുന്ന സിദ്ദിക്കിന്റെ ഭാര്യ ചിത്രത്തില്‍ പ്രതിനായികയായി, ആ തറവാടിന്റെ നാശത്തിനു തന്നെ കാരണമാവുന്നവളായി ചിത്രീകരിക്കപ്പെടുന്നു. ഒടുവില്‍ അവളെ ചെകിട്ടത്തടിച്ചു കൊണ്ട് നന്നാക്കുകയാണ് സിദ്ദിക്കിന്റെ കഥാപാത്രം. ആ പാത്രസൃഷ്ടിക്കും ചെകിട്ടത്തടിക്കും ലഭിച്ച സ്വീകാര്യത അതു ആയിരത്തൊന്നു വട്ടം ആവര്‍ത്തിക്കപ്പെട്ടു ഇന്ന് മറ്റൊരു രീതിയില്‍  ബ്യൂട്ടിഫുളില്‍ എത്തി നില്‍ക്കാന്‍ കാരണമായി. പുരുഷമേധാവിത്വത്തിന്റെ അസ്സന്നിഗ്ദമായ പ്രഖ്യാപനം ആയിരുന്നു അതു എന്നത് തന്നെയാണ് ആ ചെകിട്ടത്തടിക്കും രണ്ട് പതിട്ടാണ്ടിനിപ്പുറവും ഉണ്ടാവുന്ന ആവര്‍ത്തനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതക്കു നിദാനം. പുരുഷമേധാവിത്വത്തില്‍ അധിഷ്ടിതമായി നിര്‍മ്മിക്കപ്പെട്ട ഈ പൊതുബോധം അതിന്റെ എല്ലാ ദോഷവശങ്ങളും അനുഭവിക്കുന്ന സ്ത്രീകള്‍ക്കും സ്വീകാര്യമായിത്തീര്‍ന്നു എന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം. ഇതിനു പ്രധാന പങ്ക് വഹിച്ചത് മുഖ്യധാരാ സിനിമ മാത്രമല്ല,  ടി.വി സീരിയലുകള്‍ കൂടിയാണ്. വി.ടി അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് സ്ത്രീകളെ കൊണ്ട് വന്നപ്പോള്‍, ടി.വി സ്ത്രീകളെ അരങ്ങത്തു നിന്ന് തിരിച്ചു അടുക്കളയിലേക്കു ഒതുക്കി എന്നത്രേ കെട്ട കറുത്ത കാലം അടയാളപ്പെടുത്തുന്നത്.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സമൂഹമായി നമ്മുടേത്‌ അധപതിക്കുമ്പോള്‍ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ധൈര്യപ്പെടുന്ന രഞ്ജിനി ഹരിദാസുമാര്‍ അതേ സമൂഹത്തിന്റെ മുന്നില്‍ തെറ്റുകാരായി മാറുന്നതില്‍ അത്ഭുതമുണ്ടോ? അതെ, ആനിമാര്‍ എന്നും ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കും. തെറ്റുകാരായി ചിത്രീകരിക്കപ്പെടും. 'നീ വെറും പെണ്ണായിപ്പോയി' എന്ന് ആക്രോശിച്ച് അതു നമ്മള്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്യും.

ഇതോടൊപ്പം ഈ അഞ്ജലി-ആനി ദ്വന്ദത്തിനു ഒരു പ്രാധാന്യം കൂടിയുണ്ട്. അതു മനസിലേക്ക് കൊണ്ട് വരുന്നത്  കേരളക്കരയെ ഒരു കാലത്ത് കീഴടക്കിയ പരമേശ്വരന്‍ -ഉസ്താദ് ദ്വന്ദത്തിന്റെ ഒട്ടും സുഖകരമല്ലാത്ത ഓര്‍മ്മകളെയാണ്. കുടുംബസ്ഥനും നാട്ടിലെ മാന്യനുമായ ശുഭ്രവസ്ത്രധാരി ആയി, തബലയും വായിച്ചു പരമേശ്വരന്‍ വാഴുമ്പോള്‍, മാപ്പിളപ്പാട്ടുമായി പ്രത്യക്ഷപ്പെടുന്ന അധോലോകരാജാവായ ക്രിമിനലിന്റെ പേര് ഉസ്താദ് എന്നാണ്. അതെന്നും അങ്ങനെ തന്നെയായിരിന്നു. വായിക്കുന്നവരില്‍ ചിലര്‍ക്ക് എത്ര ചൊറിച്ചില്‍ തോന്നിയാലും വേണ്ടില്ല, ഇതു മുഖ്യധാര മലയാള സിനിമയിലെ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഹിസ്‌ ഹൈനെസ് മഹാരാജാവിനെ കൊല്ലാന്‍ വരുന്നത് അബ്ദുള്ള തന്നെയാവും. അപ്പോഴും അഞ്ജലിയും പരമേശ്വരനും മാത്രമായി ആ കഥാപാത്രങ്ങള്‍  എന്ത് കൊണ്ട് നിര്‍മ്മിക്കപ്പെട്ടില്ല, എതിനവര്‍ക്ക് ആനിയും ഉസ്താദും ആയി മാറേണ്ടി വന്നു എന്നൊരു ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു. ഉത്തരം വളരെ വ്യക്തം.

ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാണ് സ്ത്രീ പക്ഷത്തു നിന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ചിലതായ നാല് പെണ്ണുങ്ങളും ചാപ്പാകുരിശും ഒക്കെ പരാജയപ്പെട്ടിടത്ത് ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നത്.

മുന്‍അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പോസ്റ്റിനു ലഭിക്കാനിടയുള്ള ചില പ്രതികരണങ്ങള്‍ക്ക് അഡ്വാന്‍സ് ആയി മറുപടി നല്‍കി പോസ്റ്റ്‌ അവസാനിപ്പിക്കാം. 

൧) ബുദ്ധിജീവി ആവാനുള്ള വികലശ്രമം 

തനിക്കു രസിക്കാത്ത അഭിപ്രായം പറയുന്നവരെ വിളിക്കാന്‍ മല്ലൂസ് ഉപയോഗിക്കുന്ന ഏറ്റവും മാന്യമായ തെറിയാണല്ലോ ഇപ്പോള്‍ ബുദ്ധിജീവി എന്നത്. 'Intellectual' എന്ന വാക്കിന്റെ മലയാള പദമാണ് ബുദ്ധിജീവി എന്ന കാര്യം പോലും സന്ദേശത്തിന്റെ ഹാങ്ങോവര്‍ മാറാത്ത, ചരിത്രം പഠിച്ചു മാര്‍ക്ക് വാങ്ങാനുള്ള ഒരു വിഷയം മാത്രമായി കണക്കാക്കുന്ന ഒരു സമൂഹം മറന്നു തുടങ്ങിയിരിക്കുന്നു. കുറെ ബുദ്ധിജീവികളുടെ പ്രയത്നഫലമാണടോ കേരളത്തിന്‌ ഉന്നത നിലവാരമുള്ള സാംസ്കാരിക പരിസരം നല്‍കിയത്. അങ്ങനെ ചിലരെയെങ്കിലും അറിയുന്നതുകൊണ്ടും, എന്‍റെ എല്ലാ പരിമിതികളും ബോധ്യമുള്ളതു കൊണ്ടും ഒരു ബുദ്ധിജീവി ആവാനുള്ള ശ്രമം നടത്താന്‍ മാത്രം വിഡ്ഡിയൊന്നുമല്ല ഞാന്‍ . 

൨) ഇങ്ങനെയും ഉണ്ടോ ഭ്രാന്ത് 

രാത്രി ഒരുമിച്ചു യാത്ര ചെയ്‌താല്‍ ഉടന്‍ അനാശാസ്യം ആരോപിച്ചു മര്‍ദ്ദിക്കുന്ന സദാചാര പോലീസിനില്ലാത്ത, എല്ലാ അധികാരസ്ഥാപനങ്ങളെയും വെല്ലുവിളിച്ചു  സ്വന്തമായി ഒരു സിനിമ പിടിച്ചതിന്റെ പേരില്‍ ഒരാള്‍ക്ക്‌ നേരെ ചീമുട്ടയേറും കൊലപാതക ഭീഷണിയും തെറിവിളിയും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് ഇല്ലാത്ത, മുസ്ലീം പ്രേക്ഷകര്‍ കുറയുമെന്ന ഭയത്താല്‍ നോമ്പ് കാലത്ത് സിനിമ റിലീസ് ചെയ്യാനുള്ള ധൈര്യം പോലുമില്ലാഞ്ഞിട്ടും തുടര്‍ച്ചയായി മുസ്ലീം വിരുദ്ധ സിനിമകള്‍ ഇറക്കുന്നവര്‍ക്കില്ലാത്ത, ഭൂരിപക്ഷം സ്ത്രീ പ്രേക്ഷകര്‍ ആയിട്ടും തുടര്‍ച്ചയായി സ്ത്രീ വിരുദ്ധ സിനിമകള്‍ പടച്ചു വിടുന്നവര്‍ക്കില്ലാത്ത, ചാനല്‍ അവതാരക എന്ത് വേഷം ധരിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും ഫത്വ ഇറക്കുന്നവര്‍ക്ക് ഇല്ലാത്ത ഭ്രാന്ത് എനിക്കുണ്ടെങ്കില്‍ ഞാനങ്ങു സഹിച്ചു.

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
വിക്കിപ്പീഡിയ 
m3db
ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ 

ബന്ധപ്പെട്ട പോസ്റ്റുകള്‍:

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

12 അഭിപ്രായങ്ങൾ:

 1. പ്രിയപ്പെട്ട അനൂപേട്ടാ പണ്ടുമുതലേ നമ്മുടെയൊക്കെ മനസ്സില്‍ പതിഞ്ഞു പോയ ചിത്രങ്ങളാണ്‌ സിമ്പിള്‍ വസ്ത്രധാരികള്‍ പാവങ്ങളും ,മോഡേണ്‍ വസ്ത്രധാരികള്‍ ഭീകരന്മാരും എന്നത്..അത മാറാന്‍ കുറച്ച പാടാണ് ..കാരണം നാം അറിയുന്ന ഗാന്ധിജി മുതലുള്ള ആള്‍കാര്‍ സിമ്പ്ലന്മാരും..നമ്മെ അടിച്ചമര്‍ത്തിയ ബ്രിടിഷുകാര്‍ കോട്ടൂരാന്‍ മാരും ആണല്ലോ..ഇതൊക്കെ കണ്ടു വളര്‍ന്ന നാം അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം ...ഇപ്പോഴും പണ്ടത്തെ ചങ്കരന്‍ തെങ്ങുംമേ തന്നെ ഇരിക്കുന്നു..............അനൂപ്‌ മേനോനും അത് തന്നെ അനുഷ്ടിച്ചു...........താങ്കളുടെ ഈ പോസ്ടിനോടുള്ള യോജിപ്പും അറിയിച്ചു കൊള്ളുന്നു ,,,,

  മറുപടിഇല്ലാതാക്കൂ
 2. anoop,
  enikk ithonnum ariyilla.. pakshe enikk movie nannayi ishtapettu... :-)

  മറുപടിഇല്ലാതാക്കൂ
 3. കേരളം പോലെയുള്ള ഇടങ്ങള്‍ ഒരേസമയം പഴഞ്ചന്‍ സദാചാരമൂല്യങ്ങളുടെ തകര്‍ച്ചയ്ക്കു സാക്ഷ്യം വഹിക്കുമ്പോഴും കിട്ടാക്കൊതിമൂലം ഒരു വലിയ വിഭാഗം അതിനെ വ്യാജമായി പൊതിഞ്ഞുസംരംക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഈ കാലത്തേക്ക് കൃത്യം പാകമായ പാചകവിധിയുമായാണ് ബ്യൂട്ടിഫുള്‍ എത്തുന്നത്. ഈ ചിത്രം ഒരു വന്‍വിജയമാകുകയും നല്ല അഭിപ്രായം നേടുകയും ചെയ്യുകയാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്യൂട്ടിഫുള്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരികപ്രശ്നങ്ങളെ കണ്ടില്ലെന്നു വയ്ക്കാനാവില്ല. അതും പുരോഗമനാത്മകമെന്നും പ്രചോദനാത്മകമെന്നും ഉള്ള വ്യാജമുഖംമൂടികള്‍ ഈ ചിത്രം എടുത്തണിയുന്ന അവസ്ഥയില്‍.

  http://malayal.am/node/13526

  മറുപടിഇല്ലാതാക്കൂ
 4. അനൂപ് പറഞ്ഞതിനോട് യോജിക്കുന്നു. സത്യത്തില്‍ ആനി അഞ്ജലിയായി മാറേണ്ടതുണ്ടായിരുന്നോ? അല്ലെങ്കില്‍ അഞ്ജലി എന്നു തന്നെ പോരായിരുന്നോ യഥാര്‍ത്ഥ പേര്‌? പേരിലൊരു മാറ്റം അവിടെയൊരു അനിവാര്യതയായേ തോന്നിയില്ല. ഒരുപക്ഷെ, ക്ലൈമാക്സ് നിര്‍മ്മിതിക്കായാവാം ഇങ്ങിനെയൊരു കള്ളക്കളി കൊണ്ടു വന്നത്. (ആനി എന്നു മറ്റൊരാള്‍ അഞ്ജലിയെ വിളിക്കുന്നതു വഴിയാണല്ലോ കള്ളത്തരം പൊളിയുന്നത്.) ഇത്തരമൊരു ഒപ്പിക്കല്‍ ക്ലൈമാക്സ് ആയതിനാല്‍ തന്നെ ആ ഭാഗങ്ങള്‍ അത്രകണ്ട് ശോഭിച്ചതുമില്ല. ഒരുപക്ഷെ, ഇത്തരം ക്ലീഷേകളില്‍ നിന്നു കൂടി പുറത്തുവരുവാന്‍ അനൂപ് മേനോന്‌ വരും നാളുകളില്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

  മറുപടിഇല്ലാതാക്കൂ
 5. ഫെയ്സ്ബുക്കില്‍ വന്ന ഒരു കമന്റിനുള്ള മറുപടി...

  Girish AD സിനിമയിലെ നായകന്‍ മൊത്തം പുരുഷ സമൂഹത്തെയോ , നായിക മൊത്തം സ്ത്രീ സമൂഹത്തെയോ അല്ല പ്രതിനിധീകരിക്കുന്നത് ..അത് രണ്ടും രണ്ടു വ്യക്തികള്‍ മാത്രമാണ് ...അവരുടെ എല്ലാ സ്വഭാവങ്ങളും രൂപപ്പെടുത്തുന്നത് സംവിധായകന്‍ ആണ് , അവര്‍ പിന്തിരിപ്പന്‍ ആശയമുള്ളവരാവാം, അവര്‍ പുരുഷ മേധാവിത്വത്തില്‍ വിശ്വസിക്കുന്നവര്‍ ആകാം , അവര്‍ മതഭ്രാന്തര്‍ ആകാം ...സംവിധായകന്‍ ഇപ്പോഴും ന്യൂട്രല്‍ ആയിരിക്കണം , കഥാ പാത്രങ്ങളുടെ പ്രവര്‍ത്തികളെ സംവിധായകന്‍ ന്യായീകരിക്കരുത് അത്രേ ഉള്ളൂ ....
  ഞാന്‍ നിരീശ്വര വാദി ആണ് അതുകൊണ്ട് ഞാന്‍ കാണുന്ന പടത്തിലെ കഥാപാത്രങ്ങള്‍ എല്ലാം നിരീശ്വരവാദികള്‍ ആയിരിക്കണം എന്ന നിലയില്‍ റിവ്യൂ എഴുതിക്കഴിഞ്ഞാല്‍ അതുവെറും ബാലിശം ആയിപ്പോകും ....സിനിമയുടെ ആത്യന്തിക ലക്‌ഷ്യം സാമൂഹ്യ പരിഷ്കരനമല്ല ..

  >>സിനിമയിലെ നായകന്‍ മൊത്തം പുരുഷ സമൂഹത്തെയോ , നായിക മൊത്തം സ്ത്രീ സമൂഹത്തെയോ അല്ല പ്രതിനിധീകരിക്കുന്നത് ..<<

  യോജിക്കുന്നു. പക്ഷെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൂടെ മുന്നോട്ടു വെക്കപ്പെടുന്നത് സിനിമയുടെ ആത്യന്തികമായ സ്വഭാവമാണ്. അത് അവരുടെ പ്രവൃത്തികളിലൂടെയും സംഭാഷണങ്ങളിലൂടെയും സൂക്ഷ്മ ചലനങ്ങളില്‍ കൂടി പോലും വെളിവാകുന്നു. ഇവിടെ അങ്ങനെ ലഭിക്കുന്ന ചിത്രം അത്ര നല്ലതല്ല.

  >>സംവിധായകന്‍ ഇപ്പോഴും ന്യൂട്രല്‍ ആയിരിക്കണം , കഥാ പാത്രങ്ങളുടെ പ്രവര്‍ത്തികളെ സംവിധായകന്‍ ന്യായീകരിക്കരുത് അത്രേ ഉള്ളൂ ....<<

  ശരി. പക്ഷെ നേരത്തെ പറഞ്ഞ സിനിമയുടെ സ്വഭാവം, പ്രത്യേകിച്ചും വിപണിയില്‍ കയ്യടിയും കാശും കിട്ടുന്ന ചിത്രങ്ങളുടെത്, മിക്കപ്പോഴും ഞാനുള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ പൊതു ബോധത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഞാന്‍ കരുതുന്നു. അങ്ങനെയുള്ള സിനിമകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ കിട്ടുന്ന മറുപടികള്‍ ഈ വാദത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. (അതിനായിരുന്നു മോളിലെ നന്ദി.)

  >>സിനിമയുടെ ആത്യന്തിക ലക്‌ഷ്യം സാമൂഹ്യ പരിഷ്കരനമല്ല .<<

  സിനിമയിലൂടെ സാമൂഹ്യ പരിഷ്കരണം പരോക്ഷമായെങ്കിലും സാധ്യമാണ്. സ്വാതന്ത്ര്യ സമരകാലത്തെ നാടകങ്ങള്‍ ആ സമരത്തിന്റെ വിജയത്തിന് നല്‍കിയ സംഭാവന ചെറുതല്ല. പാട്ടബാക്കി, വാഴക്കുല, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ കൊണ്ട് വന്ന നവ ചൈതന്യം ഇപ്പോഴും സുവ്യക്തമാണ്. ആധുനികതയുടെ സങ്കേതമായ സിനിമ കേരളത്തില്‍ അറുപതുകളിലും എഴുപതികളിലും ഈ നവോധാനതിന്റെ പാത പിന്തുടര്‍ന്ന് സാമൂഹ്യ പരിഷ്ക്കരണത്തിന് തന്നെ കഴിവുള്ള ധാരാളം സിനിമകള്‍ പുറത്തുവന്നു. എന്നാല്‍ എണ്‍പത് മുതല്‍ നാം പിന്നോട്ട് നടക്കുന്ന കാഴ്ചയാണ് കണ്ടത്. സവര്‍ണ്ണതയും വലതുപക്ഷ വീക്ഷണവും സ്ത്രീവിരുദ്ധതയും മുസ്ലീം വിരുദ്ധതയും മലയാള സിനിമയെ ഭരിച്ചു തുടങ്ങി. ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ ശക്തികളുടെ ഉദയവും പ്രകടമായ സ്വാധീനമാണ് മലയാള സിനിമയില്‍ നേടിയെടുത്തത്. മീശപിരിച്ചും പിരിക്കാതെയും സവര്‍ണ്ണ ബിംബങ്ങള്‍ മലയാള സിനിമയെ ഭരിച്ചു തുടങ്ങി. മലയാളികളുടെ പൊതു ബോധത്തിന്റെ രൂപീകരണത്തിന്റെ ദിശ രൂപീകരിക്കുന്നതില്‍ മലയാള മുഖ്യധാരാ സിനിമ വലിയ പങ്കാണ് വഹിക്കുന്നത്. തിരിച്ച് ആ പൊതു ബോധത്തിന് അനുഗുണമായ സിനിമകള്‍ മാത്രം ഉണ്ടാവാനും തുടങ്ങി. ഇതിനു ഒരു ഉദാഹരണമായി ശ്രീനിവാസന്‍ സിനിമകളെ ചൂണ്ടിക്കാണിക്കാന്‍ കഴിയും. രാഷ്ട്രീയ പാര്‍ട്ടികളെയും, തൊഴിലാളി സംഘടനകളെയും, അവകാശത്തിനു വേണ്ടിയുള്ള സമരങ്ങളെയും പറ്റി ഇന്നത്തെ യുവ സമൂഹത്തിന്റെ തീര്‍ത്തും നെഗറ്റീവും ചരിത്ര ബൊധമില്ലാത്തതുമായ പൊതുബോധത്തിന്റെ രൂപീകരണത്തില്‍ ശ്രീനി ചിത്രങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.

  എന്റെ മറുപടി ഇതാണ്. സിനിമയുടെ ആത്യന്തിക ലക്ഷണം രണ്ടു മണിക്കൂര്‍ രസിപ്പിക്കുക എന്നത് മാത്രമല്ല. സമൂഹത്തിന്റെ പുരഗമന മനോഭാവത്തെ പിന്നോട്ടടിക്കുക എന്നതുമല്ല. അതിനു ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സംശയമുണ്ടെങ്കില്‍ നാളെ മുതല്‍ ആരംഭിക്കുന്ന ഐ.എഫ്.എഫ്.കെ-യില്‍ പങ്കെടുക്കുക. അത്രന്നെ....

  മറുപടിഇല്ലാതാക്കൂ
 6. ഹരി പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ, അഞ്ജലി-ആനി എന്ന നന്മ-തിന്മ ദ്വന്ദത്തെ ചിത്രീകരിക്കാന്‍ അനൂപ്‌ മേനോന്‍ ഉപയോഗിക്കുന്ന രീതിയാണ് ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്നത്‌.

  മറുപടിഇല്ലാതാക്കൂ
 7. ഈ സ്ത്രീ പക്ഷ വാദവും ആയിരത്തോന്നാവര്‍ത്തി കേട്ട് പഴകിപ്പുളിച്ചതാണ് മാഷേ ,വേരെയെന്തെകിലും പറ ,,

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍9:07 AM, ജനുവരി 22, 2012

  മാഷേ ഈ സിനിമകള്‍ക്ക് പ്രേക്ഷകര്‍ കൂടുതല്‍ സ്ത്രീകളാണന്ന് താങ്കള്‍ക്ക് എവിടുന്നു കിട്ടിയ അറിവാ? പിന്നെ പ്രവീണ പറഞ്ഞത് പോലെ ഭര്‍ത്താവറിയാതെ കാമുകനെ കാണാന്‍ പോകുന്നതാണ് സാമൂഹ്യ പുരോഗമനമെങ്കില്‍ അതിവിടെ വേണ്ട.. ഇങ്ങനത്തെ കപടപുരോഗമനവാദികള്‍ക്കൊക്കെ മിക്കവാറും ഇതുപോലോരന്നം കാണും.. താങ്കളുടെ 'ഏഴാം അറിവിനെ'ക്കുറിച്ചുള്ള റിവ്യൂ കണ്ടു ഒരു ബഹുമാനമൊക്കെ തോന്നിയിരുന്നതാ ഇതോടെ ഏതായാലും അത് പോയിക്കിട്ടി..

  മറുപടിഇല്ലാതാക്കൂ
 9. >>മാഷേ ഈ സിനിമകള്‍ക്ക് പ്രേക്ഷകര്‍ കൂടുതല്‍ സ്ത്രീകളാണന്ന് താങ്കള്‍ക്ക് എവിടുന്നു കിട്ടിയ അറിവാ? <<

  ഈ സിനിമയ്ക്ക് പ്രേക്ഷകര്‍ കൂടുതല്‍ സ്ത്രീകള്‍ ആണെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്? അങ്ങനെ ഒരു കണക്കെടുപ്പൊന്നും ഞാന്‍ നടത്തിയിട്ടില്ല.

  >>പിന്നെ പ്രവീണ പറഞ്ഞത് പോലെ ഭര്‍ത്താവറിയാതെ കാമുകനെ കാണാന്‍ പോകുന്നതാണ് സാമൂഹ്യ പുരോഗമനമെങ്കില്‍ അതിവിടെ വേണ്ട..<<

  വിവാഹിതര്‍ മറ്റു ബന്ധം പുലര്ത്തുന്നതിനോട് വ്യക്തിപരമായി എനിക്ക് ഒരു യോജിപ്പുമില്ല. എന്നാല്‍ എന്റെ വിശ്വാസപ്രമാണങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ എനിക്ക് അവകാശമില്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.

  താങ്കള്‍ ഒന്ന് കൂടി വായിച്ചു നോക്കിയാല്‍ ഞാന്‍ അത് ഇതു സാഹചര്യത്തിലാണ് പറഞ്ഞത് എന്ന് മനസിലാകും. സദാചാര പോലീസിംഗ് നമ്മുടെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. അതിനെതിരെ നില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നു ചിത്രം പ്രവീണയിലൂടെ. എങ്കിലും ആ പ്രതീതി വെറും പൊള്ളയാണ്‌ എന്ന് ചിത്രം മുഴുവന്‍ വിശകലനം ചെയ്‌താല്‍ മനസിലാകും. പിന്നെ പ്രവീണയുടെ കഥാപാത്രത്തെ അബൂബക്കര്‍ പൊളിച്ചടുക്കിയിട്ടുണ്ട്. ഇവിടെ..

  http://malayal.am/node/13526
  "അയാള്‍ ഒരു ലേ­ഡീ ഡോ­ക്ട­റെ കാ­ണാന്‍ പോ­കു­ന്നു. അവ­രോ­ട് കു­ശ­ലം ചോ­ദി­ക്കു­ന്ന­തു­ത­ന്നെ, ഡോ­ക്ടര്‍­ക്ക് എക്സ്ട്രാ മാ­രി­റ്റല്‍ അഫ­യ­റൊ­ന്നു­മി­ല്ലേ എന്ന മട്ടി­ലാ­ണ്. ഇ­തെ­ല്ലാം നമ്മു­ടെ സദാ­ചാ­ര­പു­റം­പൂ­ച്ചു­ക­ളെ അട്ടി­മ­റി­ക്കാ­നെ­ന്ന നി­ല­യ്ക്കാ­ണ് അനൂ­പ് മേ­നോന്‍ ചാര്‍­ത്തി­വ­ച്ചി­രി­ക്കു­ന്ന­തെ­ങ്കി­ലും അതി­ന­ടി­യില്‍ ഒന്നി­നെ­യും പരി­ക്കേ­ല്പി­ക്കാന്‍ ഉദ്ദി­ഷ്ട­മാ­യ­ത­ല്ല ചെ­യ്തി­ക­ളെ­ന്നു കാ­ണാം. ഡോ­ക്ടര്‍ ആ വെ­റും പരി­ച­യ­ക്കാ­ര­ന്റെ­യും അയാ­ളു­ടെ സഹാ­യി­യായ പു­രു­ഷ­ന്റെ­യും മു­ന്നില്‍ തനി­ക്ക് അങ്ങ­നൊ­രു അഫ­യ­റു­ണ്ടെ­ന്നു പര­സ്യ­മാ­യി നി­സ്സാ­ര­മാ­യി സമ്മ­തി­ക്കു­ന്നു. എന്നാല്‍, അത് ഒരു ഉദാ­ത്ത­ബ­ന്ധം മട്ടി­ലാ­ണ് അനൂ­പ് ചെ­യ്തു­വ­ച്ചി­രി­ക്കു­ന്ന­ത്. വി­വാ­ഹം കഴി­ച്ചാല്‍ പ്രേ­മം പോ­കു­മെ­ന്നു കരു­തി , മറ്റാ­ളു­ക­ളെ വി­വാ­ഹം കഴി­ക്കു­ക­യും വര്‍­ഷ­ത്തില്‍ ഒരി­ക്കല്‍ കൂ­ടി­ക്കാ­ണു­ക­യും ചെ­യ്യു­ന്ന ഒരു ദി­വ്യ­പ്രേ­മാ­നു­ഭൂ­തി­."

  അബൂബക്കര്‍ ചിത്രത്തെ ഇങ്ങനെ കൃത്യമായി വിശകലനം ചെയ്യുന്നു...
  "കേരളം പോലെയുള്ള ഇടങ്ങള്‍ ഒരേസമയം പഴഞ്ചന്‍ സദാചാരമൂല്യങ്ങളുടെ തകര്‍ച്ചയ്ക്കു സാക്ഷ്യം വഹിക്കുമ്പോഴും കിട്ടാക്കൊതിമൂലം ഒരു വലിയ വിഭാഗം അതിനെ വ്യാജമായി പൊതിഞ്ഞുസംരംക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഈ കാലത്തേക്ക് കൃത്യം പാകമായ പാചകവിധിയുമായാണ് ബ്യൂട്ടിഫുള്‍ എത്തുന്നത്. ഈ ചിത്രം ഒരു വന്‍വിജയമാകുകയും നല്ല അഭിപ്രായം നേടുകയും ചെയ്യുകയാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്യൂട്ടിഫുള്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരികപ്രശ്നങ്ങളെ കണ്ടില്ലെന്നു വയ്ക്കാനാവില്ല. അതും പുരോഗമനാത്മകമെന്നും പ്രചോദനാത്മകമെന്നും ഉള്ള വ്യാജമുഖംമൂടികള്‍ ഈ ചിത്രം എടുത്തണിയുന്ന അവസ്ഥയില്‍."

  മറുപടിഇല്ലാതാക്കൂ
 10. http://ulkazhcha.blogspot.in/2012/04/blog-post.html

  Ramachandran Gp എഴുതുന്നു:

  എന്നും ഇങ്ങനെ വെപ്പാട്ടിയായി കഴിഞ്ഞാല്‍ മതിയോ എന്ന മലയാള സിനിമയിലെ ക്ളീഷേ ആയ അറുപഴഞ്ചന്‍ ഡയലോഗ് പോലും അതു പോലെ എടുത്തുപയോഗിക്കാന്‍ മടി കാണിക്കാത്ത രചയിതാവിന്റെ ഉള്ളിരിപ്പ് തനി പിന്തിരിപ്പന്‍ സ്വഭാവം തന്നെയാണെന്നും നവസിനിമ എന്ന ഇക്കൂട്ടരുടെ സ്വയം പ്രശംസകള്‍ പൊള്ളയാണെന്നും യഥാര്‍ത്ഥത്തില്‍ ഇവയും പ്രതിലോമാശയങ്ങള്‍ തന്നെയാണ് വിപണനം ചെയ്യുന്നതെന്നും അനൂപ് കിളിമാനൂര്‍ ശബ്ദങ്ങള്‍ എന്ന തന്റെ ബ്ളോഗിലെഴുതി...യിരിക്കുന്നത് സത്യമാണ്. ആനിന്റെ അഞ്ജലി എന്ന ആള്‍മാറാട്ടത്തിലെ മതംമാറ്റം, വേഷമാറ്റം എന്നിവയിലെ രാഷ്ട്രീയ ധ്വനികള്‍ അത്യന്തം അപകടകരമാണ് എന്നും അനൂപ് വിവരിക്കുന്നു. വലിയൊരു പൊട്ടും തൊട്ട് സവര്‍ണകുലജാതയായി വരുന്ന അഞ്ജലി സ്റീഫനെ നന്നായി നോക്കുന്ന, ജോണിന്റെ പ്രണയത്തിന് പാത്രമാകുന്ന സാരി മാത്രമുടുക്കുന്ന കഥാപാത്രമാണ്. എന്നാല്‍ ഇതേ കഥാപാത്രം സ്റീഫനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ശ്രമിക്കുന്ന ക്രിമിനല്‍ ആയി മാറുമ്പോള്‍ അലെക്സുമായി സാമ്പ്രദായിക കുടുംബ ബന്ധങ്ങള്‍ക്ക് നിരക്കാത്ത ബന്ധം പുലര്‍ത്തുന്ന മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ആനി എന്ന പെണ്‍കുട്ടിയായി മാറുന്നു. ഒരേ കഥാപാത്രത്തിന്റെ നന്മ-തിന്മ എന്നീ വിരുദ്ധ ധ്രുവങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളും പേരും ജാതിയും സ്വഭാവ സവിശേഷതകളും നല്‍കുന്ന സൂചന ഒട്ടും ശുഭകരമല്ല എന്ന് അനൂപ് വ്യക്തമാക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 11. അനൂപ്‌ സംഭവം കലക്കി,,,,,,, ഒരു സിനിമ റിവ്യൂ എന്നതില കൂടി അത്യാവശ്യം എല്ലാം മേഘലകളിലും നീ കൈ വെച്ച്,,,,,,,,,, പാവം അനന്ത പദ്മനാഭനെ പോലും വെറുതെ വിട്ടില്ല അല്ലെ..........? റിവ്യൂ ഒരു പാട് ഇഷ്ട്ടമായി,,,,,,, ഇനിയും ഇത് പോലുള്ള സിനിമകൾ ഉണ്ടാകതിരിക്ക്കാൻ നമുക്ക് പ്രാര് ഥിക്കാം..............

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....