anoopesar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
anoopesar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, മാർച്ച് 24, 2012

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്?

             (മലയാളരാജ്യത്തില്‍ പ്രസിദ്ധീകരിച്ചത്)



കോളേജ് പഠനം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചിട്ടില്ല (വൈകുന്നേരങ്ങളില്‍ എന്റെ  വീട്ടിലുള്ള സഹപാഠികളുടെ എണ്ണം വെച്ച് എന്റെ വീട് ഒരു ബോയ്സ് ഹോസ്റ്റല്‍ ആയി വേണേല്‍ പ്രഖ്യാപിക്കാം എന്ന് ഉമ്മ ഇടയ്ക്കൊരു പ്രസ്താവന നടത്തിയിരുന്നു എങ്കിലും). ജോലി കിട്ടിയപ്പോഴാണ് ആദ്യമായി ഹോസ്റ്റലില്‍ താമസിക്കുന്നത്. അപ്പൊ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ എന്നെ 'ഡേയ് ലുങ്കീ, ലുങ്കീ' എന്ന് മാത്രമാണ് ഇവരില്‍ ചിലര്‍ (എല്ലാവരും അല്ല, ചിലര്‍ മാത്രം) എന്നെ വിളിക്കുന്നത്‌. ഇടയ്ക്ക് ഒരാള്‍ മറയില്ലാതെ എന്നോട് ചോദിക്കുകയും ചെയ്തു, 'ഡേയ് നീ വെറും പഴഞ്ചന്‍ ആയിപ്പോയല്ലോടെ, ലുങ്കിയും ഉടുത്തു നടക്കുന്നു. നിനക്ക് നമ്മളെപ്പോലെ മോഡേണ്‍ ആയി നടന്നൂടെ. നമ്മുടേം അച്ഛനപ്പൂപ്പന്മാര്‍ ധോത്തി ഉപയോഗിച്ചിരുന്നു. പക്ഷെ നമ്മള്‍ ട്രാക്ക് സ്യൂട്ടും ഹാഫ് പാന്റ്സും ഒക്കെയേ ധരിക്കാറുള്ളൂ. നീയൊക്കെ എന്നാണു പുരോഗമിക്കുന്നത്?'


വസ്ത്രധാരണത്തില്‍ പാശ്ചാത്യരെ അനുകരിച്ചാല്‍, മുടി സ്പൈക്ക് ചെയ്തു നടന്നാല്‍, പാശ്ചാത്യ ആഹാര രീതികള്‍ ശീലിച്ചാല്‍, അവരുടെ തീന്മേശ മര്യാദകള്‍ പിന്തുടര്‍ന്നാല്‍, പാശ്ചാത്യ സംഗീതം ഉച്ചത്തില്‍ ആസ്വദിച്ചാല്‍ ഉണ്ടാകുന്ന പുരോഗമനത്തിന് എത്ര ആഴമാണുള്ളത്? നമ്മുടെ പൊതുബോധം പലപ്പോഴും പുറം മോടിയില്‍ വിരാജിക്കുന്ന ഒന്നാണെന്നുള്ളത് ഒരു വാസ്തവമാണ്. ചെറുതോ വലുതോ, സാമൂഹ്യമോ രാഷ്ട്രീയമോ  വ്യക്തിപരമോ ആയ എന്ത് കാര്യവും ഉപരിപ്ലവമായി മാത്രം കാണുന്ന, ആഴത്തില്‍ ചിന്തിക്കാന്‍ കഴിവുള്ള എന്നാല്‍ അതിനു താല്പര്യമില്ലാത്തവരായി നമ്മുടെ യുവതലമുറ മാറുന്നുവോ?


പുരോഗമനത്തിന്റെ കാര്യം തന്നെ എടുക്കാം. ഇങ്ങനെ പുറംമോടിയില്‍ എത്ര പുരോഗമനം അവകാശപ്പെട്ടാലും എന്നേ തൂത്തെറിയേണ്ട സമൂഹത്തിന്റെ എല്ലാ പഴഞ്ചന്‍ മൂല്യങ്ങളും ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു ഇളക്കവും തട്ടാതെ കാത്തു സൂക്ഷിക്കുന്നവരല്ലേ നമ്മളില്‍ ഭൂരിപക്ഷവും. ജാതിചിന്തയുടെ കാര്യം നോക്കുക. അന്യജാതിയില്‍പ്പെട്ടവനെ(ളെ) പ്രണയിച്ചു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം മകളെയോ മകനെയോ കമിതാവിനോപ്പം കൊല്ലാന്‍ മടിയില്ലാത്ത, എന്നിട്ട് അതിനു 'അഭിമാനഹത്യ' എന്ന് ഉത്ഘോഷിച്ചു നടക്കാന്‍ അറപ്പില്ലാത്തവര്‍ ഉള്ള സമൂഹം. സ്വന്തം ജാതി എന്തോ ഭയങ്കര സംഭവം ആണെന്ന് കരുതി അത് സ്വന്തം നെറ്റിയില്‍ ഒട്ടിച്ച്, അതിന്റെ പേരില്‍ സംഘടന ഉണ്ടാക്കി, അതൊരു വിലപേശല്‍ മാര്‍ഗ്ഗവും വോട്ടു ബാങ്കും ആക്കി മാറ്റി ജനാധിപത്യത്തെ വ്യഭിചരിക്കുന്നവര്‍ ഉള്ള സമൂഹം. നൂറ്റാണ്ടുകള്‍ നീണ്ട തൊട്ടുകൂടായ്മയും അടിച്ചമര്‍ത്തലുകളും മൂലം സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളെ സംവരണം എന്ന കൈത്താങ്ങ്‌ നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, അതിനെ പരാജയപ്പെടുത്താന്‍ ഐ-പാഡുകളും തൂക്കി പോരാടുന്ന, സര്‍വ്വ സൌഭാഗ്യങ്ങളോടും കൂടി ജനിച്ചുജീവിക്കുന്ന, ഊത്ത് ഫോര്‍ ഇക്വാളിറ്റിക്കാര്‍, തങ്ങളുടെ ജാതിക്കാര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ കോളേജ് നടത്തുന്നതെന്ന് പറയാന്‍ ഉളുപ്പില്ലാത്തവര്‍, ജാതി വിവേചനം ചൂണ്ടിക്കാട്ടുന്നവരെ ജാതിഭ്രാന്തന്‍ എന്ന് വിളിക്കാന്‍ മടിയില്ലാത്ത വിവരദോഷികള്‍, അമ്പലത്തിന്റെയും പള്ളിയുടെയും പേര് പറഞ്ഞു ആളുകളെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ എല്ലാം കൂടിവരുന്ന കാഴ്ചയാണ് ചുറ്റും. അയിത്തവും അതുമായി ബന്ധപ്പെട്ട അലുക്കൊലുത്തുകളും പലയിടത്തും ഇപ്പോഴും ശക്തം.


കപട സദാചാരത്തിന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം. ഭാര്യക്കും ഭര്‍ത്താവിനും പോലും സദാചാര പോലീസിനെ പേടിക്കാതെ ഒരുമിച്ചു പുറത്തുപോണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് കൂടെ കരുതേണ്ട അവസ്ഥ വന്നിരിക്കുന്നു നമ്മുടെ ഈ പുരോഗമനം വാതില്‍ക്കല്‍ വന്നു മുട്ടി നില്‍ക്കുന്ന സമൂഹത്തില്‍. വ്യക്തിസ്വാതന്ത്ര്യം എന്നൊരു സംഗതി ഉണ്ടെന്നു പോലും ഇവര്‍ മറന്നു തുടങ്ങിയിരിക്കുന്നു. ഇതാകട്ടെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായി മാറുന്നതായാണ് നമുക്ക് പലപ്പോഴും കാണാന്‍ കഴിയുക. എന്നാല്‍ നാല് വയസ്സുകാരിക്ക് പോലും രക്ഷയില്ലാത്ത പീഡനങ്ങളുടെ സ്വന്തം നാട്ടില്‍ അവയ്ക്കെതിരെ ഒന്നും ഈ സദാചാര പോലീസിനെ കാണാറില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അതിനൊക്കെ അവര്‍ക്ക് എവിടെ സമയം. വൈകുന്നേരം സുഹൃത്തിന്റെ ബൈക്കില്‍ കയറി പോകുന്ന പെണ്‍കുട്ടികളുടെ തടഞ്ഞു നിര്‍ത്തി സദാചാരം പറഞ്ഞ് കരണം അടിച്ചു പൊളിക്കാന്‍ പോലും അവര്‍ക്ക് സമയം തികയുന്നില്ല, അപ്പോഴാണ്‌. ആണിനും പെണ്ണിനും സൗഹൃദം സാധ്യമാണ് എന്നുപോലും സമൂഹത്തില്‍ ഒരു വിഭാഗം മറന്നു തുടങ്ങിയിരിക്കുന്നു.


വിദ്യാഭ്യാസം നേടാനുള്ള അവസരത്തിലൂടെയും മറ്റും സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പമോ, അതിനു മുകളിലോ സ്ഥാനം നേടുന്ന അവസ്ഥ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ വേരോട്ടമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സംജാതമായിട്ടുണ്ട് എങ്കിലും മിക്കയിടങ്ങളിലും അവസ്ഥ അതല്ല. പെണ്‍കുട്ടികളുടെ ഭ്രൂണഹത്യ നിരക്കില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്‌. പുരോഗമിച്ചു എന്നവകാശപ്പെടുന്ന ഇടങ്ങളില്‍ പോലും ജനപ്രിയവും അതെ സമയം അങ്ങേയറ്റം ജനവിരുദ്ധവുമായ പൊതുബോധം വഹിക്കുന്ന സ്ത്രീവിരുദ്ധത വളരെ സ്പഷ്ടമാണ്. അതിനിടയിലാണ് വസ്ത്രധാരണം മാറ്റിയാല്‍ മതി പുറംമോടി നന്നായാല്‍ മതി നാട് പുരോഗമിച്ചു, കര്‍ഷകര്‍ എത്ര വേണേലും മരിച്ചോട്ടെ വളര്‍ച്ചാനിരക്ക് മെച്ചപ്പെട്ടാല്‍ മതി നാട് വികസിച്ചു എന്നൊക്കെ ചിലരെങ്കിലും നമ്മോടു പറയുന്നത്.താന്‍ രാഷ്ട്രീയത്തെ വെറുക്കുന്നു എന്ന് നെഞ്ചും വിരിച്ചു പറഞ്ഞു നടക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍ എന്ന് ചിലരെങ്കിലും കരുതുന്നു എന്നത് ഇതിന്റെ മറ്റൊരു വശമാണ്. ചരിത്രബോധം ഇല്ലാതിരിക്കുകയാണല്ലോ ഏറ്റവും സുഖപ്രദം, മറവികളില്‍ ജീവിക്കുന്നതും.


പാശ്ചാത്യ അനുകരണമാണ് പുരോഗമനം എന്ന് പലരും വിശ്വസിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ സിനിമ തന്നെയാണ്. 'ട്രാഫിക്കില്‍' തുടങ്ങി 'ഈ അടുത്ത കാലത്തില്‍' എത്തി നില്‍ക്കുന്ന സിനിമകള്‍ ഉപയോഗിക്കുന്നത് പാശ്ചാത്യ ചലച്ചിത്രകാരന്മാര്‍ ഉപയോഗിച്ച് പഴകി ഉപേക്ഷിച്ചതും എന്നാല്‍ മലയാളത്തില്‍ തീരെ ഉപയോഗിക്കപ്പെടാത്തതും ആയ നോണ്‍-ലീനിയാര്‍ നരേഷന്‍ പോലുള്ള സങ്കേതങ്ങള്‍ ആണ്. അതില്‍ ചിലത് പാശ്ചാത്യ സിനിമകളെ സീന്‍-ബൈ-സീന്‍ കൊപ്പിയടിച്ചവ ആണ് എന്നതും ഒരു വസ്തുത ആണ്. നവ-സിനിമകള്‍ എന്നത്രേ ഇവയ്ക്കു വിളിപ്പേര്. ഇത്തരം ഉടായിപ്പ് പരിപാടികളെ ഒരറ്റത്ത് നിന്ന് പൊളിച്ചടുക്കുന്ന ബി.അബൂബക്കറിനെ പോലുള്ള നിരൂപകര്‍ നേരിടുന്നതോ ഘോരഘോരമായ വിമര്‍ശന പീരങ്കികളും. അബൂബക്കറിന്റെ ബ്യൂട്ടിഫുളിന്റെ നിരൂപണത്തില്‍ നിന്നും


"പിഞ്ചിപ്പഴകിയ സദാചാരനിയമങ്ങളെ ലംഘിക്കുന്നതെന്നും, പുതുജീവിതത്തിന്റെ നാഗരികസ്വഭാവങ്ങളെയും നാഗരികമനുഷ്യന്റെ ആകുലതകളെയും ആധികളെയും പുതുജീവിതത്തില്‍ സംഭവിച്ചുപോകുന്ന സാംസ്കാരികമായ പരിതസ്ഥിതിവ്യതിയാനത്തില്‍ വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായിവരുന്ന പുതിയ വൈകാരികസംഘര്‍ഷങ്ങളെയും അടയാളപ്പെടുത്തുന്നതെന്നും ഒക്കെ പുറമേ തോന്നിപ്പിക്കുകയെന്നതാണ് ഈ ചിത്രങ്ങളുടെ പൊതുസ്വഭാവം. എന്നാല്‍, ആഴത്തില്‍ പരിശോധിച്ചാല്‍, ഇതേ സദാചാരസംഹിതകളെ മറ്റെന്തിനേക്കാളും പ്രധാനമായി മുറുക്കെപ്പിടിക്കുകയും പുതുജീവിതത്തില്‍ നാഗരികസ്ത്രീ നേടിയെടുത്തെന്നു കരുതപ്പെടുന്ന വൈകാരികബലവും സ്വാതന്ത്ര്യബോധവും വെറും പൊള്ളയാണെന്നു തെളിയിച്ചുകൊണ്ട് അവളെ വീണ്ടും വെറും ശരീരമെന്നനിലയിലേക്ക് തള്ളിവിടുന്നതിനു കാരണമാകുകയും ചെയ്യുന്ന സാസ്കാരികനിര്‍മിതികളെന്ന നിലയിലാണ് ഈ ചിത്രങ്ങള്‍ നിലകൊള്ളുന്നതെന്നു കാണാം. അതിനുപുറമേ, സമകാലികജീവിതം ചിത്രീകരിക്കുന്ന നിലയില്‍ പുറത്തുവരുമ്പോഴും രാഷ്ട്രീയപരതയെ സമ്പൂര്‍ണമായി നിരാകരിക്കുകയോ അസന്നിഹിതപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാനും ഈ ചിത്രങ്ങള്‍ ഇടം കണ്ടെത്തുന്നു.


കേരളം പോലെയുള്ള ഇടങ്ങള്‍ ഒരേസമയം പഴഞ്ചന്‍ സദാചാരമൂല്യങ്ങളുടെ തകര്‍ച്ചയ്ക്കു സാക്ഷ്യം വഹിക്കുമ്പോഴും കിട്ടാക്കൊതിമൂലം ഒരു വലിയ വിഭാഗം അതിനെ വ്യാജമായി പൊതിഞ്ഞുസംരംക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഈ കാലത്തേക്ക് കൃത്യം പാകമായ പാചകവിധിയുമായാണ് ബ്യൂട്ടിഫുള്‍ എത്തുന്നത്. ഈ ചിത്രം ഒരു വന്‍വിജയമാകുകയും നല്ല അഭിപ്രായം നേടുകയും ചെയ്യുകയാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്യൂട്ടിഫുള്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരികപ്രശ്നങ്ങളെ കണ്ടില്ലെന്നു വയ്ക്കാനാവില്ല. അതും പുരോഗമനാത്മകമെന്നും പ്രചോദനാത്മകമെന്നും ഉള്ള വ്യാജമുഖംമൂടികള്‍ ഈ ചിത്രം എടുത്തണിയുന്ന അവസ്ഥയില്‍."


അബൂബക്കര്‍ 'ഈ അടുത്ത കാലത്തിന്റെ' നിരൂപണത്തില്‍ പറയുന്നത് ശ്രദ്ധിക്കുക.


"ഇത്തരം ചിത്രങ്ങളുടെ വന്‍വിജയം കൂടുതല്‍ അപകടകരമായ സാസ്‌കാരികാന്തരീക്ഷമാണുണ്ടാക്കുക എന്ന്‌ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇവിടെ സദാചാരനാട്യങ്ങള്‍, കപടമാന്യതകളും പൊളിഞ്ഞുവീഴുന്നു എന്ന തോന്നലുണ്ടാക്കിക്കൊണ്ട്‌ ഒരു പ്രാചീനമൂല്യത്തെയും അട്ടിമറിക്കാതെ, എല്ലാത്തിനെയും പൊതിഞ്ഞുവയ്‌ക്കുകയാണ്‌ ട്രാഫിക്‌ മുതല്‍ ഈ അടുത്ത കാലത്തു വരെയുള്ള സിനിമകള്‍. യഥാര്‍ത്ഥ വിപ്ലവത്തെ അട്ടിമറിക്കുന്ന വ്യാജകലാപബഹളം മാത്രമാണിത്‌. ഇതു തിരിച്ചറിയാന്‍ തക്ക ജാഗ്രത പ്രേക്ഷകരും ബുദ്ധിജീവികളും പുലര്‍ത്തിയില്ലെങ്കില്‍, പുതിയ താരങ്ങളും പ്രച്ഛന്നരൂപങ്ങളും വെച്ച്‌ നമുക്ക്‌ പഴയതിലും കുഴപ്പം പിടിച്ച കളി തുടരാം. അടുത്ത മുപ്പതുകൊല്ലത്തേക്ക്‌..."




അതായത് പുറം മോടിയില്‍ മാത്രമേ ഇവയൊക്കെ നവ-സിനിമകള്‍ ആകുന്നുള്ളൂ, അതും പാശ്ചാത്യരുടെ ഉപയോഗിച്ച് പഴകിയ കുപ്പായങ്ങള്‍ എടുത്തണിഞ്ഞു കൊണ്ട്. എന്നാല്‍ ആ പുറം മോടിയുടെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിച്ചു പോയവര്‍ക്ക് ഉള്ളിലെ വലിച്ചെറിയേണ്ട പിഞ്ചിപ്പഴകിയ സാമൂഹ്യബോധത്തെ കാണാന്‍ കഴിയുന്നില്ല, അഥവാ അതിനു ശ്രമിക്കുന്നില്ല. അതിനു ശ്രമിക്കുന്നവരെ അധിക്ഷേപിക്കാന്‍ ഇവര്‍ക്ക് സമയം ധാരാളം ഉണ്ടുതാനും.


പാശ്ചാത്യമായത് ഉപയോഗിക്കുന്നതിനെ ഞാന്‍ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ല. പലപ്പോഴും അത് കാലത്തിന്റെ ആവശ്യമാണ്‌ താനും. തനിക്കു സൗകര്യം നല്കുന്നതെന്തോ അതുപയോഗിക്കുക; അതെന്തുകാര്യത്തിലായാലും, ആരെന്തു പറഞ്ഞാലും. അതുതന്നെയാണല്ലോ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല്. എന്നാല്‍ കാലംചെന്ന പ്രാചീനസാമൂഹ്യബോധത്തെ 'പുത്തന്‍' പുറംമോടികളും മുഖംമൂടികളും മാത്രം കൊണ്ട് മറച്ച ശേഷം പുരോഗമിച്ചു എന്ന് കരുതുന്നത് നമ്മുടെ സമൂഹത്തെ, പ്രത്യേകിച്ചും യുവതലമുറയെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.




ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?


അധികവായനയ്ക്ക്:

ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് ഫിലിം ഫെസ്റ്റിവെല്‍ വേദിയിലേക്ക്

സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്‌ട്രീയം

ട്രാഫിക്‌ എന്ന സിനിമ - ഒരു സാംസ്‌കാരിക കുറ്റകൃത്യം


ബ്യൂട്ടിഫുള്‍ - ഫ്രം സെക്സ് റ്റു അട്ടര്‍ അണ്‍കോണ്‍ഷ്യസ്നെസ്

ഈ അടുത്ത കാലത്ത്‌ - ബുദ്ധിജീവികളേ അതിലേ ഇതിലേ...

സെക്കന്റ്‌ ഷോ - ഉപ്പ ആനപ്പുറത്തേറിയാല്‍ മകന്റെ ചന്തിയില്‍ തഴമ്പുകാണുമോ?
 
കോക്ക്ടെയ്ല്‍ - രുചിവ്യതിയാനങ്ങളുടെ മിശ്രിതം

ചാപ്പാ കുരിശ്‌ - പുതുവഴി വെട്ടുന്നവരോട്‌!

ഡോക്ടര്‍ ലൌ: അനുരാഗചികിത്സയുടെ മറപ്പുരയെഴുത്തുകള്‍ 
  
പെണ്‍നടത്തം
 

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂടീനോ: ശാസ്ത്രം ചരിത്രസന്ധിയില്‍ - ഒന്ന്

അനന്തമജ്ഞാതമവര്‍ണ്ണനീയം,
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം;
അതിന്റെയെങ്ങാണ്ടൊരിടത്തിരുന്ന്‍,  
നോക്കുന്ന മര്‍ത്യന്‍ കഥയെന്ത് കണ്ടു...

മനുഷ്യചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പരീക്ഷണ ഉപകരണമാണ് ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡര്‍ (LHC) എന്ന കണികാത്വരകം. പ്രോട്ടോണ്‍ പോലുള്ള സൂക്ഷ്മകണങ്ങളെ കൂട്ടിയിടിപ്പിച്ച് പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളെ സിമുലെട്റ്റ് ചെയ്യുക എന്നതാണ് ആത്യന്തികമായി ഈ ഉപകരണത്തിന്റെ ലക്‌ഷ്യം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഭൌതികശാസ്ത്രത്തിന്റേയും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെയും വളര്‍ച്ച കണികാത്വരകങ്ങളുടെയും ദൂരദര്‍ശിനികളുടെയും വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം. ദൂരദര്‍ശിനികള്‍ സ്ഥൂല പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിപ്പിച്ചപ്പോള്‍ കണികാത്വരകങ്ങള്‍ സൂക്ഷ്മ പ്രപഞ്ചത്തെയും, പിണ്ഡത്തിന്റേയും(mass) ഊര്‍ജ്ജത്തിന്റേയും(enegy) അടിസ്ഥാന കണങ്ങളെയും (elementary particles) കൂടുതല്‍ അടുത്തറിയാന്‍ നമ്മെ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൌതികശാസ്ത്രത്തിന്റെ വന്‍കുതിച്ചുചാട്ടം ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡര്‍ പോലൊരു ഉപകരണത്തിന്റെ ആവശ്യകതയിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു. അതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യശക്തി ഒന്നിച്ചപ്പോള്‍ അതു സാധ്യമായി. ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡറില്‍ ന്യൂട്രിനോകള്‍ പ്രകാശത്തിനേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു എന്ന നിരീക്ഷണം സംശയാതീതമായി തെളിക്കപ്പെടുകയാണെങ്കില്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളില്‍ ഒന്നായിരിക്കും അത്. കാരണം പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്‍റെ വളര്‍ച്ചയില്‍ പ്രകാശത്തിനും അതിന്റെ വേഗത്തിനും ഉള്ള സ്ഥാനം വളരെ വലുതാണ്‌.


പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ അറിയുന്നതിനുള്ള പോരാട്ടത്തിനെ നമുക്ക് മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം.


ഒന്ന്) ന്യൂട്ടന് മുന്‍പുള്ള കാലം (Pre-Newton Era). ഗലീലിയോക്കും കോപ്പര്‍ നിക്കസ്സിനും മറ്റും സമൂഹത്തില്‍ സ്വീകാര്യത കിട്ടുന്നതിനു മുന്‍പുള്ള കാലം എന്നും പറയാം. തീര്‍ച്ചയായും മതങ്ങള്‍ ശാസ്ത്രബോധത്തെ അടിച്ചമര്‍ത്തിയിരുന്ന  കാലം.


രണ്ട്) ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ കാലം (Post Newton Era). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭൌതികശാസ്ത്രത്തെ ഭരിച്ചിരുന്നത് ന്യൂട്ടോണിയന്‍ മെക്കാനിക്ക്സ് ആയിരുന്നു.


മൂന്ന്) ഐന്‍സ്ടീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം മെക്കാനിക്സിന്റെയും കാലം (Relativity and Quantum Mechanics Era). ഇരുപതാം നൂറ്റാണ്ടിറെ തുടക്കം മുതല്‍ (കൃത്യമായി പറഞ്ഞാല്‍ 1905 മുതല്‍) ന്യൂട്രിനോ പരീക്ഷണം ശരിയാണെങ്കില്‍ ഒരു പക്ഷെ 2011 വരെ...


വിപ്ലവകരമായ ഒരു കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്ര ചരിത്രത്തെ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമമാണ് ഇത്. വിസ്താരഭയത്താല്‍ മൂന്ന് ഭാഗമായിട്ടാണ് ഇതെഴുതുന്നത്.

ഒന്ന്‍) ന്യൂട്ടന്  മുന്‍പുള്ള കാലം (Pre-Newton Era)

ആര്യഭടന്‍ , വരാഹമിഹിരന്‍ തുടങ്ങിയ ശാസ്ത്രകാരന്മാരിലൂടെ ഭാരതവും ഗ്രീസിനെപ്പോലുള്ള രാജ്യങ്ങളോടൊപ്പം പ്രപഞ്ചവിജ്ഞാനത്തിന്റെ ആദ്യ ചുവടുകള്‍ വെച്ചു. എന്നാല്‍ പിന്നീട് ഇതു കാര്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ നൂറ്റാണ്ടുകളോളം മനുഷ്യകുലത്തിനു കഴിഞ്ഞില്ല. അന്ധകാരയുഗം എന്ന പേര് അന്വര്‍ത്ഥമാക്കിയ, ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് വിശ്വസിക്കപ്പെട്ട കാലം. പല ശാസ്ത്രശാഖകളും മെല്ലെയെങ്കിലും മുന്നോട്ടു പോയപ്പോഴും ജ്യോതിശാസ്ത്രവും, അതിലുപരി ഭൌതികശാസ്ത്രം തന്നെയും വളര്‍ച്ച മുരടിച്ചു നിന്ന കാലം. ഇതിനു പ്രധാന കാരണക്കാര്‍ കത്തോലിക്കാ സഭ പോലുള്ള യാഥാസ്ഥിത വര്‍ഗ്ഗം തന്നെയാണ്. പരന്ന ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രവും, മനുഷ്യന്‍ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തരമായ വര്‍ഗ്ഗവും എന്ന് കരുതപ്പെട്ടിരുന്ന കാലം. ഇതു തെറ്റാണെന്ന് തെളിയിച്ച ശാസ്ത്രകാരന്മാര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു; ഗലീലിയോ വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടു. എങ്കിലും ഭൂമി കറങ്ങിക്കൊണ്ട് തന്നെയിരുന്നു. ജ്യോതിശാസ്ത്രത്തിന് ആദ്യകാലത്ത് കനപ്പെട്ട സംഭാവന ഇന്ത്യയിലാകട്ടെ അപ്പോഴേക്കും ജ്യോതിശാസ്ത്രം ജ്യോതിഷത്തിനും, ശാസ്ത്രബോധം അന്ധവിശ്വാസത്തിനും വഴിമാറിയിരുന്നു. സവര്‍ണ്ണമേലാളന്മാരുടെ  ആര്‍ഷഭാരത കെട്ടുകഥകളില്‍ നാം നമ്മെ സ്വയം തളച്ചിട്ടു. ലോകം ഏറെ മുന്നോട്ടു പോയി; നാം ഇപ്പോഴും ഒരു പരിധി വരെ ആ തളച്ചിടപ്പെടലും ആസ്വദിച്ചു കഴിയുന്നു...



വാനനിരീക്ഷണത്തിനായി ഗലീലിയോ ദൂരദര്‍ശിനി ഉപയോഗിച്ചത് ശാസ്ത്രചരിത്രത്തിലെ എക്കാലത്തെയും വലിയ കുതിച്ചുചാട്ടമായിരുന്നു. മനുഷ്യജീവികളെ കണ്ണുകളുടെ ദൃശ്യപരിധിയെന്ന പൊട്ടക്കുളത്തില്‍ നിന്നും പുറത്തുകൊണ്ടുവന്ന ചരിത്രവിപ്ലവം. ദൂരദര്‍ശിനി കണ്ടുപിടിച്ചത് ഗലീലിയോ അല്ലെങ്കില്‍ കൂടി അതിന്റെ സാധ്യതകള്‍ മനസിലാക്കുകയും, ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും, അതിന്റെ പേരില്‍ മരണം വരെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തു എന്നിടത്താണ് ഗലീലിയോയുടെ പ്രസക്തി. അതുകൊണ്ടുതന്നെയാണ് 'ആധുനിക ശാസ്ത്രത്തിന്റെ പിതാവ്' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി സൂര്യനെ ചുറ്റുകയാനെന്നും ഉള്ള ചരിത്രപരമായ കണ്ടുപിടിത്തത്തിന്റെ അവകാശി പക്ഷെ കോപ്പര്‍ നിക്കസ് ആണ്. ശാസ്ത്ര ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ കണ്ടുപിടിത്തം. ഇത് ജനസമക്ഷം തെളിയിക്കുക എന്നതായിരുന്നു ഗലീലിയോ ഏറ്റെടുത്ത ശ്രമകരമായ ദൗത്യം. ഇത് തെളിയിക്കുക മാത്രമല്ല, സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളേയും എന്തിനേറെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെപ്പോലും അദ്ദേഹം ജനങ്ങള്‍ക്ക്‌ കാട്ടിക്കൊടുത്തു. അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനകളില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്നത് ഇത് തന്നെയാണ്. എന്നാല്‍ കത്തോലിക്ക സഭ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയും പറഞ്ഞത് തിരുത്തിപ്പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഒടുവില്‍ പൊതുസമക്ഷം  ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നദ്ദേഹം ഏറ്റു പറഞ്ഞു. എന്നാലോടുവില്‍ ആരും കേള്‍ക്കാതെ ഇങ്ങനെ പതുക്കെ പറഞ്ഞു, 'എങ്കിലും ഭൂമി കറങ്ങിക്കൊണ്ട് തന്നെയിരിക്കുന്നു'. ശാസ്ത്രമെന്ന സത്യത്തിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ഒടുവില്‍ ശരിയാണെന്ന് തെളിയിക്കപ്പെടുക തന്നെ ചെയ്തു.
          
ഈ കാലഘട്ടത്തെക്കുറിച്ചു പറയുമ്പോള്‍ ഗലീലിയോക്കൊപ്പം പ്രാധാന്യമുള്ള വ്യക്തിത്വമാണ് കേപ്ലറുടെത്. പ്ലസ്‌ ടു-പ്രീഡിഗ്രീ തലത്തില്‍ ശാസ്ത്രം പഠിച്ചവരിലാരും അദ്ദേഹത്തിന്റെ ഗ്രഹങ്ങളുടെ ചലനം സംബന്ധിച്ച നിയമങ്ങള്‍ പഠിക്കാതിരുന്നിട്ടുണ്ടാവില്ല. മറ്റൊരു പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടെക്കോ ബ്രഹോയുടെ സഹായിയായാണ് അദ്ദേഹം തന്റെ ശാസ്ത്ര ജീവിതം ആരംഭിച്ചത്. സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനത്തെ സംബന്ധിച്ച മൂന്ന് നിയമങ്ങളാണ്  
(Kepler's laws of planetary motion ) അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ആദ്യമായി ആകാശഗോളങ്ങളുടെ ചലനത്തെക്കുറിച്ച് ഗണിതശാസ്ത്രത്തില്‍ അധിഷ്ടിതമായ ഒരു മാതൃക മുന്നോട്ടു വെച്ചു എന്നതാണ് അദ്ദേഹത്തിന്റെ നിയമങ്ങളുടെ ചരിത്രപരമായ പ്രാധാന്യം. ഈ നിയമങ്ങളാണ് വാസ്തവത്തില്‍ ഗുരുത്വാകര്‍ഷണ നിയമങ്ങളും ചലന നിയമങ്ങളും രൂപീകരിക്കുന്നതില്‍ ന്യൂട്ടന് പ്രചോദനമായത്. ആര്യഭടനിലും അരിസ്റ്റോട്ടിലിലും പ്ലാറ്റൊയിലും  തുടങ്ങി നൂറു കണക്കിന് ശാസ്ത്രകാരന്മാര്‍ ജീവിതം സമര്‍പ്പിച്ചു നേടിയ ജ്ഞാനമാണ് ന്യൂട്ടോണിയന്‍ മെക്കാനിക്സ് എത്തിച്ചേരാന്‍ ന്യൂട്ടനെ സഹായിച്ചത്. ആ മഹാപ്രതിഭയ്ക്ക് വേണ്ട ഫലഭൂയിഷ്ടമായ മണ്ണൊരുക്കുകയായിരുന്നു ഇവരെന്ന് പറയാം. തന്റെ മുന്‍ഗാമികളുടെ തലയില്‍ ചവിട്ടി നിന്നാണ് കൂടുതല്‍ ദൂരങ്ങള്‍ കാണാന്‍  ഒരു ശാസ്ത്രാന്വേഷിയും പ്രാപ്തനാകുന്നത്.


ഈ കാലഘട്ടത്തില്‍ ഭൌതികശാസ്ത്രകാരനാകുക എന്നത് ഒരു ജീവന്മരണ പോരാട്ടമായിരുന്നു എന്ന് കാണുമ്പോള്‍ കൂടിയാണ് അവരുടെ സംഭാവനയുടെ വലിപ്പം നമുക്ക് മനസിലാവുക. ഇങ്ങനെ കുറെയേറെ പേരുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും  ചോരയുടെയും പ്രതിഫലമത്രെ നാമിന്നു അനുഭവിക്കുന്ന ജീവിതസുഖളെല്ലാം. ദൌര്‍ഭാഗ്യവശാല്‍ അവരെപ്പറ്റിയെല്ലാം പറയുക സാധ്യമല്ല. അതിനാല്‍ നമ്മുടെ വിഷയത്തില്‍ ഏറ്റവും പ്രസക്തമായത് എന്നെനിക്കു തോന്നിയ ചിലത് മാത്രമേ ഇവിടെ സൂചിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 1642 എന്ന ഗലീലിയോ മരിച്ച വര്‍ഷമാണ്‌ ന്യൂട്ടന്‍ ജനിച്ചത്‌ എന്നത് ചരിത്രത്തിലെ ഒരു യാദൃശ്ചികത ആകാം. ന്യൂട്ടന്റെ കാലത്തെക്കുറിച്ച്, ന്യൂട്ടോണിയന്‍ മെക്കാനിക്സിനെക്കുറിച്ച്, അതുയര്‍ത്തിയ ശാസ്ത്ര വിപ്ലവത്തെക്കുറിച്ച് അടുത്ത ഭാഗത്തില്‍...
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
പ്രപഞ്ച രേഖ - എം.പി. പരമേശ്വരന്‍
ഒന്ന്, രണ്ട്, മൂന്ന്... അനന്തം - ജോര്‍ജ്ജ് ഗാമോ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി
വിക്കിപ്പീഡിയ
ഗൂഗിള്‍
ഹരിസാര്‍, ബിലഹരിസാര്‍ 
പിന്നെ എന്‍റെ എല്ലാ അദ്ധ്യാപകര്‍ക്കും...

ശാസ്ത്രം ചരിത്രസന്ധിയില്‍ - രണ്ട്: ന്യൂട്ടന്റെ കാലം, മാക്സ് വെല്ലിന്റെയും... 

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

അദ്ധ്യാപകദിനാശംസകള്‍..!!

  
മാതാപിതാക്കള്‍ രണ്ടുപേരും സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍. സ്വന്തം ഉമ്മയുടെ ക്ലാസിലിരുന്നു പഠിക്കാനും തല്ലുവാങ്ങാനും ഭാഗ്യമുണ്ടായവന്‍ . കുടുംബസുഹൃത്തുക്കള്‍ മിക്കവാറും അദ്ധ്യാപകര്‍. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ  ഇടയില്‍ വളര്‍ന്ന ഈയുള്ളവന് ഇതിലും വലിയൊരു ദിനമുണ്ടോ? മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം നിറച്ചുകൊണ്ട് തങ്ങളുടെ ജീവിതം സാര്‍ത്ഥകമാക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അദ്ധ്യാപകദിനാശംസകള്‍..!!



പൊതുവിദ്യാലയങ്ങള്‍ നാടിന്റെ ആവശ്യമാണ്‌. സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍പ്പിച്ചുകൊണ്ട്‌....

 ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, മേയ് 20, 2011

ജന്മദിനം


 

ചില തോല്‍വികള്‍ വിജയത്തേക്കാള്‍ മധുരമുള്ളതാകുമ്പോള്‍.....

നേടിയെന്നു കരുതിയതുപലതും നേട്ടങ്ങളായിരുന്നില്ല;  
നഷ്ടപ്പെട്ടെന്നു കരുതിയതുപലതും നഷ്ടങ്ങളുമായിരുന്നില്ല...

ഇന്നിന്റെ വേദനകള്‍ നാളയെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ പ്രാപ്തനാക്കുന്നു എന്ന തിരിച്ചറിവില്‍ ഒരു ജന്മദിനം...

വെറുത്തവര്‍ക്കും സ്നേഹിച്ചവര്‍ക്കും ദുഖിപ്പിച്ചവര്‍ക്കും സന്തോഷിപ്പിച്ചവര്‍ക്കും എല്ലാം നന്ദി.

ഇനിയെത്രകാലമുണ്ടെന്നറിവീലയെങ്കിലും

Miles to go before I finally sleep..!!


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


ആരാ?

ആരുമല്ല. ഒന്നുമല്ല. ഒരു വഴിപോക്കന്‍.....