ഞായറാഴ്‌ച, ജൂൺ 05, 2011

ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!

 
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര  ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക്‌ ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.

ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ്‌ സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക  കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ. 


 
പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച്‌ കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക. 

പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത്‌ വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി.  സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്,
"How many Ramdevs make one Gandhi?"

ജനാധിപത്യത്തില്‍ ഇങ്ങങ്ങനെയുള്ള സത്യാഗ്രഹങ്ങള്‍ക്കുള്ള ഇടം എന്ത് എന്ന ചോദ്യം സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം സത്യാഗ്രഹങ്ങളില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണം എന്നും നിയമവ്യവസ്ഥിതിയെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അംബെദ്കര്‍ പറയുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്ത് പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യം  നിലനില്‍ക്കാത്തിടത്തോളം കാലം ചിലപ്പോള്‍ ഇങ്ങനെയുള്ള സമരമുറകള്‍ ആവശ്യമായി വരും. ഇറോം ഷര്‍മിള പത്ത് വര്‍ഷമായി നടത്തുന്ന ഉപവാസം തന്നെ ഉദാഹരണം. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനും സര്‍ക്കാരിനെതന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തു സ്വന്തം ആവശ്യങ്ങള്‍ നേടാനും അതുപയോഗിക്കപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. അഴിമതി, കള്ളപ്പണം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നാം ചുറ്റും കാണുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ രോഗമല്ല, മറിച്ചു ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് എന്ന് നാം മനസിലാക്കണം. നവ ഉദാരവല്‍ക്കണത്തിന്റെ കൂടപ്പിറപ്പുകള്‍ ആണ് ഇവയെല്ലാം. ചികിത്സ വേണ്ടത് ലക്ഷണങ്ങള്‍ക്കല്ല, മറിച്ചു രോഗത്തിനാണ്‌. ലക്ഷണങ്ങള്‍ക്ക് ഈ നിരാഹാരം പോലുള്ള ചികിത്സ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രോഗത്തെ കൂടതല്‍ വഷളാക്കുകയെ ഉള്ളൂ. 1991-ല്‍ മനമോഹനനും നരസിംഹറാവുവും ചേര്‍ന്ന് നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണനയങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഇത്ര തീവ്രമാക്കി മാറ്റിയത്. അതിനുമുന്‍പ്‌ അഴിമതി ഇല്ലായിരുന്നു എന്നല്ല, എന്നാല്‍ ഈ പുതിയ നയം മൂലം കേന്ദ്രസര്‍ക്കാരിന് വന്നു ചേര്‍ന്ന മുതലാളിത്തമുഖമാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയത്. നെഹ്രൂവിയന്‍ സോഷ്യലിസത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയും മുതലാളിത്ത നയങ്ങള്‍ അവര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയില്‍ 'ലോബിയിംഗ്' എന്ന പേരില്‍ അഴിമതി നിയമവിധേയമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ട് കാലമേറെയായി. വന്‍ കോര്‍പ്പറേറ്റുകള്‍ ഭരണകര്‍ത്താക്കളുടെ നയങ്ങളെ ഈ ലോബിയിസ്ടുകള്‍ വഴി തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്വാധീനിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് നീരാ റാഡിയയിലൂടെ നാം കണ്ടത്. അതായത് ഉദാരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ സര്‍വ്വ ശക്തിയോടും കൂടെ നമ്മെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ആഴ്ച തോറും കൂടുന്ന എണ്ണവിലയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു തുലയ്ക്കലും എല്ലാം ഇതിനു അനുബന്ധം മാത്രം....

രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്‌. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും  ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ്‌ വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക.  ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും  നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി...  വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്‌...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വാല്‍ക്കഷണം: ഇതൊക്കെക്കണ്ട്‌ ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....

Related Posts:

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...


 

18 അഭിപ്രായങ്ങൾ:

 1. രാം ദേവിനെപോലെയുള്ള ഒരാൾ ഒരു സമരം പ്രഖ്യാപിക്കുമ്പോൾ, ഭയപ്പെടാതെ നേർക്കുനേർ നിന്ന് എതിരിടാൻ വിശ്വസ്യയോഗ്യനായ ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രസർക്കാരിന് ഇല്ലാതെ പോയി... നയിക്കുന്ന പാർട്ടിക്കും ഒരു നേതാവ് ഇല്ല... കോൺഗ്രസ്സിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്... ഒരു ജനാധിപത്യ രാജ്യത്ത് നേതാവിന്റെ അഭിപ്രായം കേൾക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്... ഇക്കാര്യത്തിൽ സോണിയ ഗാന്ധി പൂർണ്ണമായും പരാജയമാണ്... പ്രധാനമന്ത്രി മൻമോഹനും ജനത്തിന് ഒരു സന്ദേശവും നൽകുന്നില്ല...

  മറുപടിഇല്ലാതാക്കൂ
 2. ശ്രദ്ധേയവും പാകതയാര്‍ന്നതുമായ ചില നിരീക്ഷണങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഒഴുക്കുള്ള ഭാഷാശൈലിയും ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 3. വളരെ ഇരുത്തം വന്ന ഭാഷ....
  ഈ വിഷയത്തില്‍ ഞാനൊത്തിരി ബ്ലോഗുകള്‍ വായിച്ചു...

  ഇതില്‍ താങ്കള്‍ വിഷയം സമഗ്രമായീ അവതരിപിച്ചു...

  അഭിനന്ദനങ്ങള്‍....

  പക്വതയുള്ള ഒരു ബ്ലോഗരായീ താങ്കള്‍ വളര്‍ന്നു കഴിഞ്ഞു....

  മറുപടിഇല്ലാതാക്കൂ
 4. വളരെ നന്നായിട്ടുണ്ട് അശംസകൾ....

  മറുപടിഇല്ലാതാക്കൂ
 5. നല്ല നിരീക്ഷണങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 6. അനൂപ്‌, വളരെ ശ്രദ്ധേയമായ നിരീക്ഷണം...

  //ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ//

  Well Said..

  മറുപടിഇല്ലാതാക്കൂ
 7. 'അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ'.

  ഇതിന്റെ കാരണം രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്കു രാ‍ാഷ്ട്ര്രിയ മാര്‍ഗദര്‍ശം അടങ്ങുന്ന നേതൃത്വം കൊടുക്കേണ്ടതിന്റെ ചുമതലയുണ്ട്. അതവരുടെ മാത്രം ചുമതലയാണ്. അ ചുമതല നിരഹിക്കാതെ വരുമ്പോഴാണ് ബാക്കിയും അവതാളത്തിലാകുന്നത്. അപ്പോള്‍ ഞങ്ങളെ മാത്രം പറയുന്നത് എന്തിനാണ് എന്നു രാഷ്ട്ര്രിയക്കാരന്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല :)

  നല്ല എഴുത്ത്. കീപ് ഇറ്റ് അപ്

  മറുപടിഇല്ലാതാക്കൂ
 8. നന്ദി, എല്ലാവര്‍ക്കും നന്ദി..!!
  :)

  മറുപടിഇല്ലാതാക്കൂ
 9. @MKERALAM, താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. എന്നാല്‍ ദുരുദ്ദേശപരമായി രാഷ്ട്രീയക്കാര്‍ എല്ലാം മോശക്കാരാണെന്നും അവരാണ് എല്ലാത്തിനും കാരണമെന്നുമുള്ള പ്രചാരണം എതിര്‍ക്കപ്പെടെണ്ടാതാണ്. നമ്മുടെ നാട്ടില്‍ കന്‍സ്ട്രക്ടീവ് ആയ ഒരു മാറ്റം ജനാധിപത്യത്തിലൂടെ മാത്രമേ സാധ്യമാവൂ. അതിനാല്‍ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടുള്ള ഒരു നീക്കം ആത്യന്തികമായി ഫലം നേടാന്‍ പോകുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 10. രാഷ്ട്രീയം എന്ന് പറയുന്നത് നിലപാടുകളുടെ സമഗ്രതയാണ്‌, തുടര്‍ച്ചയും.

  "ഇപ്പശര്യാക്കിത്തരാം" എന്ന് പറഞ്ഞ് ഇറങ്ങുന്ന മൊണ്ണാമാരും ഫ്രാഡ് ബാബമാരും പൊളിഞ്ഞ് പോകുന്നത് ഈ സമഗ്രത തരുന്ന ഉള്‍ബലം ഇല്ലാത്തതുകൊണ്ടുകൂടിയാണ്‌.

  -Dr.Suraj Rajan

  മറുപടിഇല്ലാതാക്കൂ
 11. വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി എന്ന പോലെയാണ് കാര്യം. അണ്ണാ ഹസാരെ നടത്തിയ ഗാന്ധിയന്‍ സമരം ഏറെ ശ്രദ്ധിക്കപ്പെടുകയും, വലിയ പൊതുജന പങ്കാളിത്തം ലഭിക്കുകയും ചെയ്തിരുന്നു. ചില സാമ്പത്തിക ക്രമക്കേടുകളില്‍ കുറ്റാരോപിതന്‍ ആയ ബാബാ രാംദേവ്‌ എന്ന ഫൈവ്സ്റാര്‍ മാന്ത്രികന്‍ രാംലീല മൈതാനത്തിന് കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ വ്യക്തമായ രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിത്തന്നെയായിരുന്നു. ഇത്തരം കള്ള നാണയങ്ങളുടെ വാക്കുകള്‍ക്ക് സമൂഹം മുഖം നല്‍കാതിരിക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥ കുറ്റക്കാര്‍ ഹസാരെമാരോ, ബാബാ മാരോ ഒന്നും അല്ല. കള്ളപ്പണക്കാര്‍ക്കും, അഴിമതിക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന ഭരണവര്‍ഗം തന്നെയാണ് മുഖ്യപ്രതി. 2G സ്പെക്ട്രവും, കോമണ്‍വെല്‍ത്തും തുടങ്ങി കോടിക്കക്കണക്കിനു രൂപ അഴിമതി നടത്തി, സുപ്രീം കോടതി പറഞ്ഞിട്ട് പോലും സ്വിസ്സ് ബാങ്കില്‍ നിക്ഷേപം ഉള്ളവരുടെ പേരുവിവരം വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ആണ് ഇപ്പോള്‍ ബാബക്കും, ഹസാരെക്കും നേരെ പോലീസിനെയും പട്ടാളത്തിനെയും ഇറക്കി യുദ്ധം ചെയ്യാന്‍ ഇറങ്ങുന്നത്.

  അനൂപ്‌ മോന്‍ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. നല്ല എഴുത്ത്. താങ്കളുടെ "ശബ്ദങ്ങള്‍" ഇടിമുഴക്കം പോലെ പ്രതിധ്വനിക്കുന്നു...! അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 12. അനൂപ്, ആവേശത്തിന്റെ തെന്നിവീഴലുകളില്ലാതെ വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞു. ജയപ്രകാശ് നാരായണനും രാം മനോഹര്‍ ലോഹ്യയുമൊക്കെ നയിച്ച സോഷ്യലിസ്റ്റ് മുന്നേറ്റം പോലെ ഇടതുപക്ഷ നേതൃത്വത്തില്‍ ഒരു ജനകീയ സമര മുന്നേറ്റം അഴിമതി, കള്ളപ്പണം, വര്‍ഗീയത, വിഘടനവാദം തുടങ്ങിയ ഇന്ത്യ നേരിടുന്ന ഭീഷണികള്‍ക്കെതിരെ ഉയര്‍ന്നുവരണം. രാഷ്ട്രീയ പരിഹാരം മാത്രമേ ഈ വിഷയങ്ങളിലുള്ളൂ, എന്ന് അന്നാ ഹസാരെയുടെ നാടകങ്ങളില്‍ ആവേശം കൊള്ളുന്നവര്‍ മനസിലാക്കേണ്ടതുണ്ട്. അന്നാഹസാരെ അരാഷ്ട്രീയ വഴിയിലാണുള്ളത്. സംശയമുള്ളവര്‍ അദ്ദേഹം വാഴുന്ന ഗ്രാമത്തിന്റെ കഥ അന്വേഷിച്ചാല്‍ മതി.... രാംദേവ് കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചുകൊണ്ടിരിക്കുകയാണ്. അയാളുടെ കാര്യം വിടുക. തിഹാര്‍ ജയിലിലെ വി.ഐ.പി ലോഞ്ചിലാണ് പുള്ളിക്കൊരു സമാധിക്ക് സാധ്യത...

  മറുപടിഇല്ലാതാക്കൂ
 13. Good Writing Anoop. Keep it up.
  I had written a blog on the same topic.

  http://ssrameez.wordpress.com/2011/06/05/kabadi-kabadi-kabadi/

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....