Poverty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Poverty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

സിംഹാസനം: ഏഴാം തമ്പുരാന്റെ ഏനക്കേടുകള്‍

ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും, പിന്നീട് പൈങ്കിളിയായും...
-ദീപക് ശങ്കരനാരായണന്‍

അന്‍പതുകള്‍ മുതല്‍ പുരോഗമന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന മലയാള സിനിമ മാറിത്തുടങ്ങുന്നത് തോണൂറുകളുടെ തുടക്കം മുതലാണ്‌. അതായത് ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഉദയവും ഉണ്ടാകുന്ന അതെ സമയത്ത്. രഞ്ജിത്ത് വക ദേവാസുരത്തില്‍ തുടങ്ങി പിന്നീട് ഷാജി കൈലാസ്-രഞ്ജിത്ത് ടീമിലൂടെ ശക്തി പ്രാപിച്ചു ഉസ്താദും ആറാം തമ്പുരാനും ധ്രുവവും താണ്ഡവവും വഴി നരസിംഹത്തിലൂടെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിത്തീര്‍ന്ന അങ്ങേയറ്റം സാമൂഹ്യവിരുദ്ധമായ സവര്‍ണ്ണ ഫ്യൂടല്‍-മാടമ്പി സ്തുതികളുടെ പൈങ്കിളിയായ ആവര്‍ത്തനമായി മാറുകയാണ് ഈ ചിത്രം. ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലെയ്ക്ക്  എത്തിയ മോഹന്‍ലാലിനെ അനുകരിച്ച് സൂപ്പര്‍ താരസിംഹാസനത്തിലേക്ക് കയറാനുള്ള ഒരു യുവനടന്റെ പരാജയപ്പെട്ട പരിശ്രമവും ദീപക്കിന്റെ കമന്റിനെ തന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതിയ സിംഹാസനം. സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയെ പോളിച്ചടുക്കിയതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഷാജി കൈലാസ് സ്വയം താനിതുവരെ ചെയ്ത പടങ്ങളെല്ലാം, അല്ലെങ്കില്‍ പിന്തുടര്‍ന്ന സിനിമാ രീതി തന്നെ എത്ര അപഹാസ്യമാണ് എന്ന് പകല്‍ വെളിച്ചത്തില്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന ചിത്രമാണ് സിംഹാസനം. ഒരര്‍ത്ഥത്തില്‍ കാലം കരുതിവെച്ച കാവ്യനീതി.

സിനിമയും രാഷ്ട്രീയവും : പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ 

ഈ ജനുസ്സില്‍ ഇന്നേ വരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ദേവാസുരം മുതല്‍ താണ്ഡവം വരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും സീനുകളും ഡയലോഗുകളും അടക്കം ഷാജി കോപ്പി ചെയ്തിരിക്കുന്നു,. അതുകൊണ്ടുതന്നെ ഈ ജനുസ്സിന്റെ എല്ലാ സാമൂഹ്യവിരുദ്ധതയും ഒറ്റ ചിത്രം കൊണ്ട് വ്യക്തമാകും. ചന്ദ്രഗിരി എന്ന തറവാട്ടിലെ മാധവന്റെയും മകന്‍ അര്‍ജ്ജുനന്‍ എന്ന അച്ചുവിന്റെയും (നരസിംഹത്തിലെ അതെ അച്ചു!)  കഥയാണ്‌ ചിത്രം.  തന്റെ അച്ഛന്‍ ഒരു 'Parallel Government' ആണല്ലോ എന്ന് അച്ചുവിന്റെ കൂട്ടുകാരന്‍ പറയുമ്പോള്‍ 'അല്ല  Alternate Government എന്ന്' അച്ചു പറയുന്നിടത്ത് ആ ജനാധിപത്യ-സാമൂഹ്യ വിരുദ്ധത ആരംഭിക്കുന്നു (ദേവാസുരം, താണ്ഡവം, ധ്രുവം). ഒടുവില്‍ തങ്ങള്‍ പഴയ രാജകുടുംബം ആണെന്നും ക്ഷത്രിയര്‍ ആണെന്നും പറഞ്ഞു അച്ചു പൂണൂല്‍ ധരിച്ചു (ആറാം തമ്പുരാനില്‍ എല്ലാത്തിന്റെം നാഥനായ ജഗന്നാഥന്‍ ഇട്ട അതെ പൂണൂല്‍) സിംഹാസനത്തില്‍ ഏറുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക. ഇവിടെ പൂണൂല്‍ വീണ്ടുമണിഞ്ഞു  കൊണ്ട് നമ്മോട് ഉത്ഘോഷിക്കുന്നത് സവര്‍ണ്ണ, ഫ്യൂടല്‍ രാജവാഴ്ചയുടെ 'മഹത്വം' ആണ്. നാം എന്നേ  കയ്യൊഴിഞ്ഞ ആ കെട്ടകാലത്തെ തിരിച്ചു കൊണ്ടുവരാനാനാണ്.



നരസിംഹത്തിലെത്തുമ്പോള്‍ അച്ചുവിന്റെ അച്ഛന്‍ ഒരു ജഡ്ജി ആണ്. ജനാധിപത്യത്തില്‍ നേരത്തെ പ്രതീക്ഷ നഷ്ടപ്പെട്ട ഷാജി   ജൂഡീഷ്യറിയിലും പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണല്ലോ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനിച്ചുകൊണ്ട് 'ചിന്താമണി കൊലക്കേസ്' എന്ന ക്രിമിനല്‍ സിനിമ ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഇവിടെ കാണിക്കുന്നത് സാക്ഷി പറയാനായി നില്‍ക്കുന്ന എസ്.പിയെ കോടതിക്കുള്ളില്‍ വെച്ച് ഒരു വക്കീല്‍ തന്നെ കാച്ചുന്നതാണ്. കണ്ടാ, ജൂഡീഷ്യറിയുടെ കാര്യവും പോക്കാണ്. ശൂദ്രന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി പുല്ലുപോലെ കേസ് തെളിയിച്ചിരുന്ന കാലം എത്രയും പെട്ടെന്ന് തിരിച്ചു വരണം. 'ഇവടെ പോലീസും വക്കീലും ജഡ്ജിയും ഒക്കെ ഞാനാണ്' എന്ന് പണ്ട് ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത് വെറുതെയല്ലല്ലോ, യേത്?


കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കാനും മുഖ്യമന്ത്രിയുടെ തന്നെ പ്രശ്നങ്ങളില്‍ അവസാന അഭയമായി മാറാനും കെല്‍പ്പുള്ള പുള്ളി ആണത്രേ ചന്ദ്രഗിരി തറവാട്ടിലെ ('എന്ത് വരിക്കാശ്ശേരി മന കിട്ടൂലെടെ, ഞാന്‍ ഷൂട്ടിംഗ്തന്നെ വേണ്ടാന്നു വെക്കും') മാധവ മേനോന്‍ . ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും, എന്തിനു ബെല്ലാരിയിലെ ഗുണ്ടക്കും ബാംഗ്ലൂരിലെ പോലീസിനും പോലും മാധവന്‍ വന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവക്കെല്ലാം പുള്ളി ദൈവവും ആണ്! ചന്ദ്രഗിരി ഭരിക്കുന്നത്‌ തന്നെ മാധവന്‍ ആണ്. പതിവുപോലെ തറവാടിനു മുന്നില്‍ ചുമ്മാ ബോറടിച്ച് നില്‍ക്കുന്ന ആനകളും, അമ്പലത്തിലെ ഉത്സവം നടത്തിപ്പും ഒക്കെ തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെ നായകന്‍ അച്ചുവിന് ഹിന്ദിപ്പടത്തില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് മീശ ഇല്ലാത്തത് കൊണ്ട് മീശപിരിക്കുക എന്ന ആചാരം തന്തപ്പടി മാധവമേനോന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പണ്ട് ആറാം തമ്പുരാന്‍ കൊളപ്പുള്ളി അപ്പനെ തട്ടിയിട്ടു കൊണ്ടുവന്ന തിരുവാഭരണം ഇപ്പോള്‍ ചന്ദ്രഗിരി തറവാട്ടിലാണ്. അത് ഉത്സവക്കമ്മിറ്റിക്കു അച്ചുത്തമ്പുരാന്‍ കൊടുത്തുകൊണ്ടാണ് താന്‍ വരുന്ന വഴി വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പ് ഒരു പദ്ധതി നടത്താന്‍ തീരുമാനിക്കുന്നു. പക്ഷെ തന്നോട് ആലോചിക്കാതെ തന്റെ നാട്ടില്‍ പദ്ധതി നടത്തുമോ എന്ന് ചോദിച്ചു മാധവണ്ണന്‍ നേരെ  കേറിച്ചെന്നു റവന്യൂ  മന്ത്രിയുടെ കുത്തിനു പിടിക്കുന്നു, നാട്ടുകാര്‍ പദ്ധതിസ്ഥലം  തന്നെ കയ്യേറി അവിടെ 'ചന്ദ്രഗിരി' വക എന്ന ബോര്‍ഡ് തന്നെ വെക്കുന്നു. 'നീ എന്റെ സ്വത്താണ്' എന്ന് ഒരു പെണ്‍കുട്ടിയോട് അച്ചു പറയുന്നത് നല്‍കുന്ന ധ്വനി ഒട്ടും നല്ലതല്ല.




ജനാധിപത്യത്തിനു പകരമായി ഷാജി മുന്നോട്ടു വെക്കുന്ന ഈ നാടുവാഴിയുടെ രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് പകല്‍ പോലെ വ്യക്തമാകുന്നു. ചന്ദ്രഗിരി തറവാട് പഴയ രാജകുടുംബവും, അവര്‍ ക്ഷത്രിയരും ആണ്. ഭരണം എന്നത് രാജകുടുംബങ്ങള്‍ക്കും സവര്‍ണ്ണ പൌരോഹ്യത്തിനും മാത്രം പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യം വന്നതോടെ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതാണ് നാം നേരിടുന്ന പ്രശ്നം. അത് തിരിച്ചുകൊണ്ടു വരണം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഷാജിയും കൂട്ടരും ഇത്തരം സിനിമകളിലൂടെ മുന്നോട്ടു വെക്കുന്ന 'അ'രാഷ്ട്രീയം. സിംഹാസനത്തില്‍ എത്തുമ്പോള്‍ അത് പച്ചയായ രാജഭക്തിക്കു വഴിമാറുന്നു. ഇന്നത്തെ കാലത്തും എന്തിനാണ് ആചാരങ്ങള്‍ എന്ന് ചോദിക്കുന്ന അച്ചുവിനോട് ആസ്ഥാന ജ്യോത്സന്‍ (മാടമ്പ് മാറി ശ്രീരാമനാണ് ഇവിടെ) പറയുന്നതിങ്ങനെ. 'മനുഷ്യനെക്കാള്‍ വലുതാണ്‌ ശാസ്ത്രം (ങേ!). ശാസ്ത്രമെന്നാല്‍ ആചാരങ്ങള്‍ (ഓ  അങ്ങനെ). ആ ആചാരങ്ങളുടെ ബലത്തിലാണ് കോടിക്കണക്കിനു വരുന്ന സ്വത്ത് സംരക്ഷിച്ചുവെക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു കഴിഞ്ഞത്. അതുകൊണ്ട് നാം അത് പിന്തുടര്‍ന്നെ പറ്റൂ.' സിനിമയുടെ ടൈറ്റില്‍ കാണിക്കുന്നതുമുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാന്‍ സില്മാക്കാര്‍ കാണിക്കുന്ന അഭ്യാസത്തിന്റെ യഥാര്‍ത്ഥ കാരണം വെളിയില്‍ വരുന്നത് അപ്പോഴാണ്‌. ക്ഷേത്രമല്ല, അതിനുള്ളിലെ നിധിയാണ്‌ കാര്യം. ആചാരങ്ങള്‍ നമ്മള്‍ക്ക് സ്വത്തു സൂക്ഷിക്കാനുള്ള മറയാണ്. അതുകൊണ്ട് തന്നെ അത് പിന്തുടര്‍ന്നെ മതിയാകൂ.





സൂരജ് രാജന്റെ വാക്കുകളില്‍, 'ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല. 

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.  


 പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്. 

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?'

ജനാധിപത്യം തന്നെ എല്ലാ സൌകര്യങ്ങളും യഥേഷ്ടം അനുഭവിക്കുകയും എന്നാല്‍ അപ്പോഴും രാജവാഴ്ചയുടെ അയഥാര്‍ത്ഥമായ നൊസ്റ്റാള്‍ജിയ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവത്വം ഇവിടെയുമുണ്ട്. അതിനുപിന്നിലുള്ള ജാതിചിന്തയും സവര്‍ണ്ണ മനോഭാവവും കാണാതിരുന്നുകൂട. ജനനേതാക്കളുടെ രൂപവും നിറവും ജനിച്ച ജാതിയും എല്ലാം ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നതിലും ചിലര്‍ക്കൊക്കെ ഓക്കാനം വരുന്നതിലും ഈ ജാതിചിന്ത ഒരു പങ്കു വഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.


എന്നാല്‍ ഈ അറുപിന്തിരിപ്പന്‍ രാഷ്ട്രീയത്തെ നേരെ കൈകാര്യം ചെയ്യാനും പണ്ട് ചെയ്തിരുന്നതുപോലെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാനും ഒന്നും ഷാജിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാടുവാഴിത്തറവാടും ഉത്സവം നടത്തി നാടുനന്നാക്കലും പൂണൂലിടലും ഒക്കെ വീണ്ടും നമ്മുടെ മുന്നില്‍ അവതരിക്കുന്നു, ഇങ്ങനെയുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സാധൂകരിച്ചുകൊണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ആദ്യഷോയ്ക്ക് പോലും ലഭിച്ച  കൂവലുകള്‍ ഈ കള്ളത്തരം കയ്യോടെ പിടികൂടാന്‍ പൊതുജനത്തിന് കഴിയുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു.


ചെഗുവേരയുടെ വാചകം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് താന്‍ ഒരു ഭയങ്കര ഇടതുപക്ഷക്കാരനാണ് എന്നുമൊക്കെ പ്രഖ്യാപിച്ച് പാര്‍ട്ടി പത്രത്തിലടക്കം ഷാജി കൈലാസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. ചെ ഒരു ഫാഷനായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ എത്ര ഉപരിപ്ലവമായാണ് ചെഗുവേരയെ ഒക്കെ ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ പോലും മനസിലാക്കിയിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുകയും എന്നാല്‍ വലതുപക്ഷത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുകയും ചിലരില്‍ നിന്നും ഷാജിയിലേക്കുള്ള ദൂരം തീരെക്കുറവ് എന്നുമാത്രം പറയുന്നു..

സൂപ്പര്‍ താരമാവാന്‍  പെടുന്ന പാടുകള്‍ 

'ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല.'

 - ബി. അബൂബക്കര്‍, (തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍ )

സൂപ്പര്‍ താരങ്ങളായി അവകാശപ്പെട്ടിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മെഗാ സ്റ്റാറും പിന്നീട് യൂണിവേഴ്സല്‍ സ്റ്റാറും ഒക്കെയായി സ്വയം പ്രൊമോഷന്‍ വാങ്ങിപ്പോയ ഒഴിവിലേക്ക് വരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത ക്യൂ നിന്നവരാണ് 'ജനപ്രിയ' പൈങ്കിളി നായകന്‍ , ഷിറ്റിന്റെ ആശാന്‍ , ടോം ആന്‍ഡ്‌ ജെറിക്ക് പഠിക്കുന്ന ആനക്കമ്പക്കാരന്‍ എന്നിവര്‍. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തില്‍ കവിഞ്ഞൊന്നും ഇവരെയൊന്നും സൂപ്പര്‍ താരം എന്ന് വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായില്ലെങ്കിലും ഇവരുടെ ഉപദേശികള്‍ക്ക് ഉണ്ടായി.. അപ്പോഴാണ്‌ രംഗത്തേയ്ക്ക് പ്രിഥ്വിയുടെ വരവ്. 'പുതിയ മുഖം' എന്ന പറക്കൂതറ ചിത്രത്തോടെയാണ് പുള്ളി സൂപ്പര്‍ താരപദവി നോട്ടമിടാന്‍ തുടങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു മലയാള സിനിമയാണ് തന്റെ സ്വപ്നമെന്നും മറ്റും അഭിമുഖങ്ങളില്‍ ചപ്പടാച്ചി അടിക്കുകയും എന്നാല്‍ അതിനു നേര്‍വിപരീതമായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഒരു നടന്റെ ആരംഭം ഇവിടെ നിന്നാണ്. അതിനുശേഷം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയ വളരെക്കുറച്ച് ചിത്രങ്ങളാണ് പ്രിത്വി ചെയ്തത്; വീട്ടിലേയ്ക്കുള്ള വഴി, മാണിക്ക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ, രാവണന്‍  എന്നിവ. ബാക്കി പ്രധാന ചിത്രങ്ങള്‍ ഇവയാണ്: റോബിന്‍ ഹുഡ്, താന്തോന്നി, പോക്കിരിരാജ, പോലീസ് പോലീസ്, ത്രില്ലര്‍, അര്‍ജ്ജുനന്‍ സാക്ഷി, മനുഷ്യമൃഗം, മാസ്റ്റേഴ്സ്, മേക്കപ്പ്മാന്‍, തേജാഭായി, ഉറുമി, ഹീറോ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ആ ലിസ്റ്റ് അങ്ങനെ പോകുന്നു. പ്രിഥ്വിവിരോധം  എന്ന പൊതുബോധത്തില്‍ പങ്കുചേരാതെ`ഈ നടനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് കുഴിച്ചുമൂടാന്‍ തക്ക കപ്പാസിറ്റി ഉള്ള ഒരു ലിസ്റ്റ്. ഒരു സൂപ്പര്‍ താരം ആയി പ്രതിഷ്ഠ നേടാനുള്ള പെടാപ്പാട് ആണ് ഈ ചിത്രങ്ങള്‍ പൊതുവായി പങ്കുവെക്കുന്നത്. അതിന്റെ പാരമ്യം ആണ് സിംഹാസനം.



ഒരു സൂപ്പര്‍ താരമാവാന്‍ പ്രിഥ്വി  സ്വീകരിച്ച വഴികള്‍ മുകളില്‍ കൊടുത്ത ലേഖനത്തില്‍ വിശദമായി അബൂബക്കര്‍ എഴുതിയിട്ടുണ്ട്. അതിനു ഒരു അനുബന്ധമാണ്‌ ഈ ചിത്രം. മോഹന്‍ലാല്‍ എങ്ങനെ ഒരു താരസ്വരൂപമായി മാറി എന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സവര്‍ണ്ണ വിളയാട്ടങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. താരസിംഹാസനത്തില്‍ എറാനായി അതിനെ പിന്തുടരുക ഒട്ടും നല്ലതല്ലാത്ത വഴിയാണ് ഇവിടെ പ്രിഥ്വി  സ്വീകരിക്കുന്നത്.എന്നാല്‍ ലാലുമായി താരതമ്യപ്പെടുത്തുമ്പോള്‍  അഭിനയമികവ് എന്നൊരു സാധനം പ്രിഥ്വിക്ക് തീരെ കുറവായതിനാതിനാലും ഷാജിയുടെ പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കാത്തതിനാലും വലിയൊരു ക്യാന്‍വാസില്‍ എടുത്ത ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ മോഡല്‍ പടം എന്നതിനപ്പുറം മറ്റൊന്നുമാവാന്‍ ഈ ചിത്രത്തിന് കഴിയാതെ പോകുന്നു. 'കൂതറ പടം പിടിക്കാന്‍ അഞ്ചു ലക്ഷം മതി, അതിനു പത്തുകൊടിയും താടിയും വേണ്ട' എന്ന പണ്ഡിറ്റ്‌ജി പഠിപ്പിച്ച പാഠം നമ്മുടെ നിര്‍മ്മാതാക്കാള്‍ പഠിക്കാത്തിടത്തോളം കാലം സിംഹാസനങ്ങള്‍ വീണ്ടും ഉണ്ടാകും. എന്നാല്‍ അവ മുന്‍പ് നിര്‍വ്വഹിച്ച സാമൂഹ്യവിരുദ്ധമായ ദൌത്യം ഇനിയും ചെലവാവുമോ എന്ന് കണ്ടുതന്നെ അറിയണം. വിക്കിപീഡിയ ചിത്രത്തെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തുന്നു..

'The film opened with negative reviews and critics saying 'Simhasanam' is another terrible waste of a terrific opportunity and money.'

ഞായറാഴ്‌ച, ഓഗസ്റ്റ് 21, 2011

ജന്‍ലോക്പാല്‍ ബില്‍; വിക്കിപീഡിയയിലെ ലേഖനത്തിന്റെ മലയാള പരിഭാഷ

ലോക്പാല്‍  ബില്ലിനെയും അണ്ണ ഹസാരയുടെ സമരത്തെയും പറ്റി നാലുകോണിലും ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഈ ബില്‍ എന്താണെന്നും അതിലെ വ്യവസ്ഥകള്‍ എന്താണെന്നും നമുക്ക് പലര്‍ക്കും അറിയില്ല. ഈ അവസരത്തിലാണ് നിഷാദ് കൈപ്പള്ളി ജന്‍ലോക്പാല്‍ ബില്ലിനെപ്പറ്റി  വിക്കിപീഡിയയിലെ ഇംഗ്ലീഷ് ലേഖനം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. അതിനുള്ള ഒരു എളിയ ശ്രമമാണ് ഇത്. യോഗ്യമെങ്കില്‍ വേണ്ട തിരുത്തലുകളോടെ വിക്കിപീഡിയയില്‍ ഇത് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് മലയാളം വിക്കി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ആശയം മുന്നോട്ടു വെച്ച നിഷാദ് കൈപ്പള്ളിയ്ക്കും നമ്മുടെ എല്ലാമെല്ലാമായ വിക്കിപീഡിയയ്ക്കും ടി. രാമലിംഗം പിള്ളയ്ക്കും കടപ്പാട്.  


ജന്‍ലോക്പാല്‍  ബില്‍
'പൌരന്മാരുടെ ഓംബുട്സ്മാന്‍'  എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന്‍ലോക്പാല്‍  ബില്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു നിയമമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അഴിമതി വിരുദ്ധ പ്രവര്‍ത്തകരാണ് ഈ ബില്‍ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളിലൂടെയും എന്‍.ജി.ഓ-കളിലൂടെയും മറ്റും സാധാരണ  ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഈ മെച്ചപ്പെടുത്തലുകള്‍ക്ക്  വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാനായാണ് ബില്ലിന്റെ പേരിനു മുന്നില്‍ 'ജന്‍' എന്ന് ചേര്‍ത്തിരിക്കുന്നത്. ജനങ്ങളുടെ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദമാണ് 'ലോക്പാല്‍'.

ഫലപ്രദമായി അഴിമതിയെ തടയുവാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ (whistle-blowers) സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍' ലക്ഷ്യമിടുന്നത്‌. ഒരു നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു സ്വതന്ത്ര ഓംബുട്സ്മാന്‍ ബോഡി ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും. രാഷ്ട്രീക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെ തന്നെ പരാതികള്‍ സ്വീകരിക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും ലോക്പാലിനു അധികാരം ഉണ്ടായിരിക്കും. 1968 -ല്‍ കൊണ്ടുവന്ന ഈ ബില്‍ നാല് ദശകങ്ങള്‍ക്കിപ്പുറവും  ഒരു നിയമമായി മാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു.


2011 -ല്‍ ഈ ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടു ഗാന്ധിയന്‍ അവകാശ പ്രവര്‍ത്തകന്‍ ആയ അണ്ണാ ഹസാരെ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്നു പ്രഖ്യാപിച്ചു സത്യാഗ്രഹം ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ഈ സമരത്തിന്‌ ലഭിക്കുകയുണ്ടായി. ഹസാരെയുടെ നാല് ദിവസത്തെ നിരാഹാര സമരത്തിന്‌ ശേഷം ഈ ബില്‍ പാര്‍ലമെണ്ടിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു.


തുടര്‍ന്ന് അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെയും ഹസാരെ ഉള്‍പ്പടെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി സര്‍ക്കാരിന്റെ ലോക്പാലിനെയും ജന്‍ ലോക്പാലിനെയും ചേര്‍ത്ത് ഒരു കരടുബില്‍ തയ്യാറാക്കുന്നതിനായി ശ്രമിച്ചെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ലോക്പാല്‍ ബില്‍ മാത്രം പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു. എന്നാല്‍ ഇതു ദുര്‍ബലമാണ് എന്ന് ആരോപിച്ചു ജന്‍ ലോക്പാല്‍ പ്രവര്‍ത്തകര്‍ ഈ ബില്ലിനെ എതിര്‍ത്തു.


ഹിന്ദിയിലും ഇന്ഗ്ലീഷിലും ജന്‍ലോക്പാല്‍ ബില്‍ ഇവിടെ ലഭ്യമാണ്. (www.indiaagainstcorruption.org )
ലോക്പാല്‍ ബില്ലിന്റെ പശ്ചാത്തലം
ശാന്തിഭൂഷണ്‍ 1968 -ല്‍ ഈ നിയമം കൊണ്ടുവരുകയും തുടര്‍ന്ന് 1969 -ല്‍ ഈ നിയമം നാലാം ലോകസഭ പാസാക്കുകയും ചെയ്തു. പക്ഷെ ഉപരിസഭയായ രാജ്യസഭയില്‍ ഈ ബില്‍ പസ്സായില്ല. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലിന്റെ പുതുക്കിയ രൂപങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല. സന്തോഷ്‌ ഹെഗ്ടെ, ശാന്തി ഭൂഷന്‍, അണ്ണ ഹസാരെ, അരവിന്ദ് കേജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘവും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള മുന്‍പ് സൂചിപ്പിച് അഭിപ്രായ വ്യത്യാസത്തെടുര്‍ന്നു ഈ ബില്ലിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ വീണ്ടും ശക്തമായി.


ഇപ്പോഴത്തെ നിയമങ്ങള്‍ തീരെ ദുര്‍ബ്ബലവും, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും, അഴിമതിയെ നേരിടാന്‍ അപര്യാപ്തവുമാണെന്നു  ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. എന്നാല്‍ ഈ ബില്ലിന്റെ വിമര്‍ശകര്‍ ഈ ബില്‍ നിലവിലുള്ള ഭരണപരമായ സ്ഥാപനങ്ങളെ മറികടക്കുന്നതിന് ശ്രമിക്കുന്നു എന്നും വിപുലമായ അധികാരങ്ങളുള്ള അമിതശക്തിയുള്ള ഒരു സ്ഥാപനം ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമാണ് എന്നും വാദിക്കുന്നു. 


മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1 )  ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക. സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ  സഹായിക്കും.


2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും ലോക്പാലിനു മേല്‍നോട്ടം വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം ആവുകയും ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍ നിന്ന് മോചിതമാവുകയും ചെയ്യും.


3 ) ഇതിലെ അംഗങ്ങളെ ജട്ജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും, പൌരന്മാരും, ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.


4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.


5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും, ഓരോന്നിന്റെയും സംക്ഷിത രൂപവും, ഓരോന്നിനും എടുത്തതോ എടുക്കാന്‍ പോകുന്നതോ ആയ നടപടികളും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും അതില്‍ നടപടിയെടുക്കാന്‍ ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.


6 )  അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.
7 ) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.


8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.


10 ) ഇപ്പോഴുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ (സി.വി.സി, വിജിലന്‍സ്, സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖ എന്നിവ) ലോക്പാലില്‍ ലയിപ്പിക്കും. ഏത് രാഷ്ട്രീയക്കാരനോ, ഉദ്യോഗസ്ഥനോ, ജട്ജിനോ എതിരായ പരാതി സ്വതന്ത്രമായി അന്വേഷിക്കാനും അവരെ പ്രോസിക്ക്യൂട്ട് ചെയ്യാനും ഉള്ള ശക്തിയും അധികാരവും ലോക്പാലിനു ഉണ്ടാവും.


11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് (വിസില്‍ ബ്ലോവേഴ്സിന്) പൂര്‍ണ്ണ സംരക്ഷണം നല്‍കും.


സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
ഗ : സര്‍ക്കാരിന്റെ കരടു ബില്‍
ജ : ജന്‍ലോക്പാല്‍ ബില്‍


ഒന്ന്) ഗ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.


ജ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.


രണ്ട്) ഗ: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.


ജ: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.


മൂന്ന്) ഗ: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ ക്രിമിനല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.


ജ:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.


നാല്) ഗ: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.


ജ:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.
അഞ്ച്) ഗ: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.


ജ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.


വ്യത്യാസങ്ങള്‍ വിശദമായി: 
പ്രധാനമന്ത്രി:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.


ജ്യുഡീഷ്യറി:
ജ: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത പദവിയിലുള്ളവരെക്കുറിച്ച്  ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.
ഗ: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.


എം.പിമാര്‍:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.


ഉദ്യോഗസ്ഥവൃന്ദം
ജ: എല്ലാ പോതുസേവകരും ഉള്‍പ്പെടും.
ഗ: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.


സി.ബി.ഐ
ജ: ലോക്പാലിനോട് ലയിപ്പിക്കും.
ഗ:സ്വതന്ത്ര ഏജന്‍സി ആയി തുടരും.


ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:
ജ:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും. സുപ്രീം കോടതി പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.
ഗ: വ്യക്തി പരാതി പ്രസിടന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.


ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:
ജ: വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട സ്വതന്ത്ര സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍ അന്വേഷിക്കും.
ഗ: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.


ലോകായുക്ത:
ജ: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും  അതുപോലെ തുടരും.
ഗ: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.


വിസില്‍ ബ്ലോവേഴ്സിനുള്ള സംരക്ഷണം:
ജ:സംരക്ഷണം നല്‍കും.
ഗ: സംരക്ഷണം നല്‍കില്ല.


അഴിമതിക്കുള്ള ശിക്ഷ:
ജ: ലോക്പാലിനു നേരിട്ട് ശിക്ഷ കൊടുക്കുകയോ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്യാം. ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജയില്‍ ശിക്ഷ, അഴിമതിക്ക് കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കല്‍ എന്നിവ ലോക്പാലിനു നേരിട്ട് നല്‍കാം.
ഗ:ലോക്പാലിനു നേരിട്ട് ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ശിക്ഷ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും.


അന്വേഷണ അധികാരങ്ങള്‍:
ജ: ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍ എന്നിവയ്ക്ക് അധികാരം ഉണ്ട്. സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.
ഗ:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍, സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.


തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:
ജ: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.
ഗ: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.


അന്വേഷണ പരിധി:
ജ: എല്ലാ അഴിമതിയും അന്വേഷിക്കാം.
ഗ: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.


ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രചരണം 
2010 -ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ് അഴിമതിയെ തടയാന്‍ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകരായ പൊതു സമൂഹ പ്രതിനിധികള്‍ തള്ളുകയുണ്ടായി. ഈ പ്രവര്‍ത്തകര്‍ 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും പൌരന്മാരുടെതായ ഒരു ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇതിനു പിന്നീട് 'ജന്‍ലോക്പാല്‍ ബില്‍' എന്ന് പേര് നല്‍കി. ബില്ലിന്റെ പ്രചാരണത്തിനായി പബ്ലിക് അവയര്‍നെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ മാര്‍ച്ചുകളും  നടത്തി. 2011 ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള ജനപിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.


ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ ഉപദേശക സമിതി ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് ലോക്പാല്‍ ബില്‍ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍ സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്നിവേശിനേയും അരവിന്ദ് കേജ്രിവാളിനെയും ഏപ്രില്‍ ഏഴിന് കണ്ടു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല.


സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചു ഏപ്രില്‍ 13 മുതല്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ ഏപ്രില്‍ 7 -ന് അണ്ണ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകള്‍ ലഭിച്ചതായും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഹസാരെ അവകാശപ്പെട്ടു. സമരത്തിന്‌ ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്നു 98 മണിക്കൂറിനു ശേഷം ഏപ്രില്‍ 9 -ന് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ്‌ പതിനഞ്ചിന് മുന്‍പ് ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ പതിനാറു മുതല്‍ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സമ്മതം മൂളി.


പ്രധാനമായി പിന്തുണച്ചവരും എതിര്‍ത്തവരും

ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത്‌ സിംഗ് മന്‍പ്രീത് സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും  ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടില്‍ നിന്നുള്ള അനവധി നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ ഈ ബില്ലിന് പിന്തുണയുമായി രംഗത്ത് വന്നു. 
കേന്ദ്രമന്ത്രി കപില്‍ സിബല്‍, മറ്റു കോണ്ഗ്രസ് നേതാക്കള്‍, മമത ബാനര്‍ജി, അകാലി ദാല്‍ നേതാവ് പ്രകാശ്‌ സിംഗ് ബദല്‍, ബാല്‍ താക്കറേ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ജഗ്ദിഷ് ശരണ്‍ വര്‍മ്മ എന്നിവരാണ് ഈ ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ബി.ജെ.പി ആദ്യം ഈ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാര്‍ലമെന്റിന് നിയമനിര്‍മ്മാനത്തിന്  ഉള്ള അവകാശത്തില്‍  മേല്‍ക്കൈ നേടുമോ'  എന്ന കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.


ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
Member Qualifications and status
Pranab Mukherjee Finance Minister, Co-Chairman
Shanti Bhushan Former Minister of Law and Justice, Co-Chairman
P. Chidambaram Minister of Home Affairs
Veerappa Moily Minister of Corporate Affairs
Kapil Sibal Minister for Communications and Information Technology
Salman Khursid Minister of Law
Anna Hazare Social Activist
Prashant Bhushan Lawyer
N. Santosh Hegde Former Lokayukta (Karnataka)
Arvind Kejriwal RTI Activist.

ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം), ആര്‍.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. ബില്ലില്‍ ഒരു സമവായത്തില്‍ എത്താന്‍ സമിതി പരാജയപ്പെടുകയും സര്‍ക്കാര്‍ സ്വന്തം രീതിയില്‍ കരട് 2011 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ്‌ പതിനാറു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് രാവിലെ ഡല്‍ഹി പോലീസ് ഹസാരയെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലില്‍ വെച്ചു സത്യാഗ്രഹം ആരംഭിച്ചു. എന്നാല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം ഇപ്പോള്‍ ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നു,


ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍
ഈ ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അഴിമതിയെ നേരിടുന്ന കാര്യത്തില്‍ ഈ ബില്‍ തീര്‍ത്തും നിഷ്കളങ്കമായ അല്ലെങ്കില്‍ തീര്‍ത്തും ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റ്‌ ആയ പ്രതാപ്‌ ഭാനു മേഹ്ത ഈ ബില്ലിനെ വിശേഷിപ്പിച്ചത്‌ 'ഏറ്റവും നല്ല അവസ്ഥയില്‍ തീരെ നിഷ്കളങ്കവും എന്നാല്‍ ഏറ്റവും മോശം അവസ്ഥയില്‍ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുമായ ഒന്ന്' എന്നാണ്.  കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ലോക്പാല്‍ എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്‌.

എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അരവിന്ദ് കേജ്രിവാള്‍ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാല്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുകയെ ഉള്ളൂ എന്നും അതില്‍ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്. സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കൂടാതെ ബില്ലില്‍ സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉണ്ട്.


ഈ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും ലോക്പാലിന്റെ വിമര്‍ശകര്‍ പറയുന്നത് ലോക്പാലിന്റെ യഥാര്‍ഥ ജുഡീഷ്യല്‍  അധികാരങ്ങള്‍ അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസുകാര്‍ ആയിരിക്കണമെന്ന്  ബില്‍ ആവശ്യപ്പെടുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരില്‍ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരും ചില വിമര്‍ശകരും അതിനു അര്‍ദ്ധ-ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉള്ളതായി കരുതുന്നു.


ബില്ലില്‍ പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈക്കോടതിക്ക് ഉള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ കോടതില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലില്‍ വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തില്‍ തന്നെ പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജുഡീഷ്യല്‍ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള, അന്വേഷണ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സാധാരണ കോടതിയില്‍ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാല്‍.


ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ്‌ വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'


വിവാദങ്ങള്‍
2011  ഏപ്രിലില്‍ ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി കോ-ചെയര്‍മാന്‍ ശാന്തി ഭൂഷന്റെത് എന്ന് അവകാശപ്പെടുന്ന ഒരു സി.ഡി. പുറത്തു വന്നു. ഇതില്‍ അദ്ദേഹം അമര്‍ സിങ്ങിനോടും മുലായം സിങ്ങിനോടും ഒരു ജട്ജിനെ സ്വാധീനിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സി.ഡി. കൃത്രിമം ആണ് എന്ന് വാദിക്കുകയും ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


ആഗസ്റ്റ്‌ പതിനാറിന് നിരാഹാര സമരത്തിനു പുറപ്പെടാനിരുന്ന അണ്ണ ഹസാരയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഇതേ സമയം പോലീസ് അരവിന്ദ്   കേജ്രീവാളിനെയും മറ്റു അനുയായികളെയും അറസ്റ്റ് ചെയ്തു. ഇതിനെതിരെ നാല് കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇന്ത്യാ ഗേറ്റില്‍ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പിന്നീട് അന്നയെ വിട്ടയച്ചു.
ബില്ലിനെക്കുറിച്ചുള്ള എന്റെ  അഭിപ്രായങ്ങള്‍ ഇവിടെ പറയുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ സ്വയം സംസാരിക്കട്ടെ...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

 

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

 
അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്‍ഫാന്‍ നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്‍ഫാന്‍ ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
 


നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ  എന്ടോസള്‍ഫാന്‍. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്‌ കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്‍ഫാന്‍ നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന്‍ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ  മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്‍ഫാന്‍ പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു   എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും.  എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്‍ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...





 

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില്‍ എന്ടോസള്‍ഫാന്‍ അണ്ണന്‍മാര്‍ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല്‍ നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക. 


 

എന്ടോസള്‍ഫാന്‍ അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ ണ്. ഈ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പട്ടിണിക്കാരായ  സാധാരണക്കാരന്‍ നേടിയ വിജയമാണ് നാം സ്റോക്ക്ഹോമില്‍ കണ്ടത്. ഈ വിജയം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ. നമുക്ക് ഉണര്‍ന്നിരിക്കാം; നമുക്ക് വേണ്ടി, നമ്മുടെ വരും തലമുറയ്ക്കുവേണ്ടി. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


അധികവായനയ്ക്ക്...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം


ചിത്രങ്ങള്‍: Kerala Walk