വി. കെ പ്രകാശിന്റെ ശിഷ്യനായ വിനയ് ഗോവിന്ദ് ആദ്യമായി സംവിധാനം ചെയ്ത 'കിളി പോയി' ധാരാളം കൂവലുകളും കുറച്ചുമാത്രം കയ്യടികളും നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രം ഇന്നത്തെ മലയാള സിനിമയിലെ കൊട്ടിഘോഷിക്കപ്പെടുന്ന നവതുരങ്കത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
ചിത്രം തുടങ്ങുന്നത് 'ബോയിംഗ് ബോയിംഗ്' എന്ന പ്രിയദർശൻ ചിത്രത്തിലെ, അഥവാ ഒറിനജിനലിന്റെ പേര് പോലും മാറ്റാൻ പ്രിയൻ കോപ്പിയടിച്ചുണ്ടാക്കിയ സിനിമയിലെ, ഈ പ്രശസ്തമായ രംഗത്തോടെയാണ്. ഈ രംഗം യാദൃശ്ചികമായ ഒരു തമാശയ്ക്ക് വേണ്ടി ഉൾപ്പെടുത്തിയത് മാത്രമാണ് എന്ന് കരുതാൻ നിർവ്വാഹമില്ല, 'ന്യൂവേവി'ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ഇന്ന് മാർക്കറ്റ് നവതലമുറ സിനിമയ്ക്ക് ആണ്, അഥവാ പുതിയൊരു സിനിമയുടെ ആശയവുമായി ചെല്ലുന്ന സംവിധായകരും കഥാകൃത്തുകളും തലമുറഭേദമന്യേ നേരിടുന്ന ചോദ്യം പടം ന്യൂവേവ് ആണോ എന്നത്രേ. മണിയൻ പിള്ള രാജു ഒരു അഭിമുഖത്തിൽ പറഞ്ഞത് നവതലമുറ സിനിമ ആയതുകൊണ്ടാണ് 'ബ്ലാക്ക് ബട്ടർഫ്ലൈ' നിർമ്മിക്കാൻ താൻ തുനിഞ്ഞിറങ്ങിയത് എന്നും ഓർക്കുക. രാജുവിന്റെ മകൻ നായകനായി നടിച്ച ഈ ചിത്രം മറ്റു പല നവതുരങ്കങ്ങളെയും പോലെ ഒരു ദുരന്തമായി മാറി എന്നത് വേറെ കാര്യം.
ലോകസിനിമയിൽ ന്യൂവേവ് എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് കലാപരമായ നൂതനത്വത്തിലൂടെ സിനിമയെന്ന കലാരൂപം തന്നെ മാറ്റിമറിക്കപ്പെട്ട അവസരങ്ങളിൽ ആണ്. ആ വാക്ക് ഒരു കച്ചവട ഫോർമുലയായി അധപതിക്കുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാൻ കഴിയുക. വിനയ് ഗോവിന്ദും സിനിമയ്ക്കായി ശ്രമിച്ചപ്പോൾ നേരിടേണ്ടി വന്നത് ഇതേ ചോദ്യം തന്നെയാവും. ഒ. പി. ഒളശ്ശ ആധുനിക സാഹിത്യത്തിനാണ് ഡിമാന്റ് എന്ന് കേട്ടപ്പോൾ കഞ്ചാവടിച്ച് ആനകളെയും തെളിച്ച് വരികയാണ് ചെയ്തതെങ്കിൽ, സാമാന്യം നല്ല സിനിമാ ബോധവും ലോകസിനിമയെപ്പറ്റി അത്യാവശ്യം നല്ല പരിചയവും ഉള്ള വിനയ് ഗോവിന്ദ് ചെയ്തത് ഈ ദുരവസ്ഥയെ നേരെ കീഴ്മേൽ മറിച്ച് കഞ്ചാവിനെത്തന്നെ നായകനാക്കി ഒരു സിനിമയെടുത്ത് ഒരുപക്ഷെ ഒരു നവതലമുറ അട്ടിമറി തന്നെ സൃഷ്ടിക്കുകയാണ്. നവതുരങ്കത്തിന്റെ അപ്പോസ്തലന്മാരിൽ ഒരാളായ വി. കെ പ്രകാശിന്റെ നെത്തോലി ഒക്കെ സർറിയൽ ആയ വലിയ മീനാണെന്ന് ഒക്കെ നിരൂവിച്ചവരെ, ഒരു പക്ഷെ സർറിയലിസത്തിന്റെ അടുത്തെങ്കിലും എത്തുന്ന രീതിയിൽ അടുത്തിറങ്ങിയ ഒരേയൊരു മലയാള പടമാണ് 'കിളി പോയി' എന്ന് നിങ്ങൾ മനസിലാക്കാതെ കൂവിക്കൊണ്ടിരിക്കുന്ന കാലം വരെയും നവതുരങ്ക കശ്മലന്മാർ ഇവിടെ വിരാജിക്കുക തന്നെ ചെയ്യും. വി. കെ പ്രകാശിനെയും ശിഷ്യൻ വിനയ് ഗോവിന്ദിനെയും കാണുമ്പോൾ പാലം കടക്കുന്ന ആളുകളെ തുപ്പുന്ന പ്രതിമ ഉണ്ടാക്കിയ പെരുന്തച്ചനെയും ആ പ്രതിമയുടെ ചെകിടത്ത് അടിക്കുന്ന മകനെയും ഓർമ്മ വരുന്നത് ലേഖകന് മാത്രമാണോ? പക്ഷെ ചെകിട്ടത് നല്ല പിട കിട്ടിയ കാര്യം അറിയാനുള്ള മൂള പോലും നവതുരങ്കവീരന്മാർക്ക് ഇല്ല എന്നിടത്താണ് ശരിക്കുള്ള ദുരന്തം.
നാടോടിക്കാറ്റിന്റെ ലൂസായ ഒരു റീമേക്ക് ആണ് 'കിളി പോയി' എന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാതന്തുവും പവനായിയെ കാണുമ്പോഴുള്ള 'ഇതേതാ ഈ അലവലാതി?' എന്ന ചോദ്യം ഹരി (അജു വർഗ്ഗീസ്) ഡിസ്ക്കോ ഡഗ്ലസിനെ (രവീന്ദ്രൻ) കാണുമ്പോൾ ആവർത്തി ക്കുന്നതും മുതൽ ക്ലൈമാക്സിൽ കാണിക്കുന്ന 'ഇവിടെ ആരാ വെടിവെച്ചത്? ഇവിടെ എന്താ സംഭവിച്ചത്?' എന്ന നാടോടിക്കാറ്റിലെ സീൻ വരെ ഇത് സൂചിപ്പിക്കുന്നു. ഒ. പി ഒളശ്ശയെ വിശ്വസിക്കാമെങ്കിൽ പഴയ 'ബോംബ്' കഥ ആധുനിക കവിത ആക്കുന്നവരെ തന്നെയാകണം പിന്നണിക്കാർ ഉന്നം വെക്കുന്നത്. പുതുതലമുറയുടെ വേഗമാകണം ന്യൂ ജനറേഷൻ പടത്തിനും ഇത്ര പെട്ടെന്ന് സ്പൂഫ് ഇറങ്ങാൻ കാരണമായത്. ലോക ക്ലാസിക്കുകളുടെ വാൾപേപ്പറുകളുടെ പശ്ചാത്തലത്തിൽ ദാസനെയും വിജയനെയും മാത്രം കണ്ടുകൊണ്ടിരിക്കുന്ന നായക കഥാപാത്രങ്ങൾ നമ്മുടെ സിനിമാക്കാരെ ആണോ പ്രേക്ഷകരെ ആണോ ഉന്നം വെയ്ക്കുന്നത് എന്ന് നിങ്ങൾ തീരുമാനിക്കുക.
'ഈ 'A' പടത്തെ ജനങ്ങൾ സ്വീകരിച്ചു' എന്ന പരസ്യ വാചകത്തിലൂടെയാണ് ചിത്രം ചുവരുകളിൽ നിറഞ്ഞു നിന്നത്. 'A' സർട്ടിഫിക്കറ്റ് എന്നത് ഒരുകാലത്ത് ഇവിടത്തെ ചില സിനിമകളെ എങ്ങനെയാണ് സഹായിച്ചിരുന്നത് എന്നും, അതിനു സെൻസർ ബോർഡ് എങ്ങനെ കാരണക്കാരായി എന്നും ഓർമ്മയുള്ളവർക്ക് ഈ പരസ്യ വാചകം ആരെ കളിയാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് കണ്ടെത്താൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. അതുപോലെ തന്നെ മദ്യപാന, പുകവലി രംഗങ്ങളിൽ മുന്നറിയിപ്പ് തൂക്കണം എന്ന സെൻസർ ബോർഡിന്റെ നിർദ്ദേശത്തോടുള്ള പ്രതിഷേധം ആയാണ് ഏതാണ്ട് എല്ലാ രംഗങ്ങളിലും പുകവലിയോ മദ്യപാനമോ കഞ്ചാവോ ഒക്കെ ഉൾപ്പെടുത്തി ചിത്രത്തിൽ ഉടനീളം നിയമപ്രകാരമുള്ള മുന്നറിയിപ്പ് സിനിമയുടെ ഭാഗമെന്നോണം ചുവട്ടിൽ തൂക്കിയി രിക്കുന്നത് എന്ന വായനയും സാധ്യമാണ്. അടിയന്തരാവസ്ഥ കാലത്ത് സെൻസറിങ്ങിൽ പ്രതിഷേധിച്ചു എഡിറ്റോറിയൽ കോളം ബ്ലാങ്ക് ആയി പത്രമിറക്കിയ നടപടിയുടെ തലകീഴായ അനുകരണമാണ് ഇതെന്നും പറയാം. വിനയ് ഗോവിന്ദിന്റെ സിനിമാബോധത്തിന്റെ അല്പശതമാനം എങ്കിലും കത്തിയും കത്രികയുമായി സെൻസറിംഗിന് ഇറങ്ങുന്നവർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കാനല്ലേ പാവം പ്രേക്ഷകർക്ക് കഴിയുകയുള്ളൂ. ഇത് എഴുതുമ്പോൾ 'പാപ്പിലിയോ ബുദ്ധ' എട്ടു മാസത്തെ സെൻസറിംഗും പല കട്ടുകളും കഴിഞ്ഞ് 'A' സർട്ടിഫിക്കറ്റോടെ ഒടുവിൽ പ്രദർശനത്തിനു എത്തുകയാണ്.
ഇങ്ങനെ പുറം മോടിയിലുള്ള ചില പ്രത്യകതകൾ അവകാശപ്പെടാമെങ്കിലും ആഴമുള്ള ഒരു പ്രമേയമോ അതിനുള്ള ശ്രമങ്ങളോ പിന്നണിക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഒരു ചിത്രം അല്ല ഇത്. മാത്രമല്ല ഈ 'നവ'സിനിമകളുടെ രാഷ്ട്രീയ ശരികേടുകളെ പരാമർശിക്കാനും ഇവർ തയ്യാറായിട്ടില്ല. ഫിലിം ഫെസ്റ്റിവലുകളിലും സർക്കാർ അവാർഡുകളിൽ നിന്ന് പോലും ആർട്ട് ഹൗസ് സിനിമകൾ അഥവാ കലാമൂല്യമുള്ള സിനിമകൾ മാറ്റിനിർത്തപ്പെടുന്ന അവസരത്തിൽ വേണം കച്ചവട സിനിമാക്കാരുടെ ന്യൂവേവ് അവകാശവാദങ്ങളെ നാം കാണേണ്ടത്. നമ്മുടെ സിനിമ പൂർണ്ണമായും മുഖ്യധാരാ സിനിമക്കാരാൽ ഹൈജാക്ക് ചെയ്യപ്പെടുകയും യഥാർത്ഥ നവതലമുറ അല്ലെങ്കിൽ നവതരംഗ സിനിമകൾ ആവേണ്ട ആർട്ട് ഹൗസ് ചിത്രങ്ങളും സിനിമാ പ്രവർത്തകരും ഇടമില്ലാതെ ഒതുക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിൽ മുഖ്യധാരയ്ക്ക് ഉള്ളിൽ നിന്നാണെങ്കിൽ കൂടി പൊള്ളയായ ന്യൂ വേവ് അവകാശങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ വിനയ് ഗോവിന്ദ് തീർച്ചയായും അഭിനന്ദം അർഹിക്കുന്നു.
മംഗളം!
അനൂപ് കിളിമാനൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....