വെള്ളിയാഴ്‌ച, ജനുവരി 04, 2013

'ഐ.പി.എല്‍ എന്ന ബിസിനസ്‌' ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്ന വിധം


അങ്ങനെ പാകിസ്ഥാനോടുള്ള പരമ്പരയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീരോചിതമായി തോറ്റു. വിദേശത്ത് തുടര്‍ച്ചയായി എട്ടു ടെസ്റ്റ്‌ മത്സരങ്ങള്‍ തോറ്റ് ധോണിയുടെ ടീം പുതിയ 'ചരിത്രം' സൃഷ്ടിച്ചപ്പോഴും ഏകദിന-T20 മത്സരങ്ങളിലെയും നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളിലെയും വിജയങ്ങളാണ് ധോണിയുടെ ക്യാപ്ടന്‍സി റെക്കോഡിനെ തീര്‍ത്തും പരിതാപകരം ആക്കാതെ നിര്‍ത്തിയിരുന്നത്. എന്നാല്‍ ആ വിദ്യയും ഇന്ത്യന്‍ ടീമിന് അന്യമായി മാറിക്കഴിഞ്ഞു. ഐ.പി.എല്‍ എന്ന കോടികളുടെ ബിസിനസ് താല്പര്യങ്ങള്‍ മാന്യന്മാരുടെ കളിയെ എങ്ങനെയാണ് അങ്ങനെ അല്ലാതാക്കിത്തീര്‍ത്തത് എന്നത് ഏറെ പഠിക്കേണ്ട ഒരു സംഗതിയാണ്. ഇന്ത്യന്‍ സെലക്ടര്‍മാരുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ക്യാപ്റ്റനെ മാറ്റി പുതിയൊരാളെ നിയമിക്കാനുള്ള തീരുമാനത്തെ, ആ ക്യാപ്ടന്‍ തന്റെ സ്വന്തം ഐ.പി.എല്‍ ടീമിന്റെ താരം ആയതുകൊണ്ട് മാത്രം, അട്ടിമറിച്ച ബി.സി.സി.ഐ പ്രസിഡണ്ടിനു മുതല്‍ ഐ.പി.എല്ലിലെ കാര്യമായി മേലനങ്ങാതെ നേടുന്ന കോടികള്‍ കണ്ണ് മഞ്ഞളിപ്പിച്ച ഏറ്റവും ജൂനിയര്‍ താരങ്ങള്‍ക്കുവരെ ഈ ദുരന്തത്തില്‍ പങ്കുണ്ട്.

ധോണിയും ബി.ശ്രീനിവാസനും
courtesy :http://timesofnews.co/2012/12/12/selectors-wanted-to-sack-dhoni-but-bcci-did-not-allow-it/

പ്രസിഡണ്ടിന്റെ ഇലവന്‍


courtesy: wikipedia 
മുന്‍പ് വിദേശ രാജ്യങ്ങള്‍ ഇന്ത്യയില്‍ പരമ്പരയ്ക്കായി വരുമ്പോള്‍ അവര്‍ പരിശീലനത്തിനായി 'President's Eleven'-നെ നേരിടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 'പ്രസിഡണ്ടിന്റെ ഇലവന്‍' എന്ന് കേട്ടാല്‍ നമുക്ക് ഉടനെ ഓര്‍മ്മ വരിക ഒരു ഐ.പി.എല്‍ ടീമിനെ ആണ്. ഒരു ടീമിന്റെ ഉടമ തന്നെ ടൂര്‍ണമെന്റിന്റെ പ്രധാന നടത്തിപ്പുകാരന്‍ ആകുന്ന അശ്ലീലത്തെ മാറ്റിവെച്ചാല്‍ തന്നെ അത്ര ചെറുതല്ലാത്ത പ്രശ്നങ്ങള്‍ ഈ ഇരട്ടപ്പദവി മുന്നോട്ടു വെക്കുന്നു. ബി.സി.സി.ഐ സെക്രട്ടറി ആയിരുന്ന കാലം മുതല്‍ ശ്രീനിവാസന്‍ ഐ.പി.എല്ലിന്റെ നടത്തില്‍ നല്ലതല്ലാത്ത രീതിയില്‍ ഇടപെട്ടിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. രാജസ്ഥാനില്‍ വെച്ച് നടക്കുന്ന മത്സരത്തിനു പോലും ചെന്നൈ ടീമിന്റെ താല്പര്യ പ്രകാരം പിച്ച് ഒരുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാണ്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരുകയും ചെയ്തത് ഓര്‍ക്കുക. ഇതിനെത്തുടര്‍ന്ന് ആ സീസണ്‍ അവസാനത്തോടെ വാണ്‍ ഐ.പി.എല്ലുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ചെന്നൈ ടീമിന്റെ ഐ.പി.എല്ലിലെ മുന്നേറ്റത്തെ (ഇതുവരെയുള്ള 6 സീസണുകളില്‍ അഞ്ചെണ്ണത്തില്‍ ഫൈനലില്‍ എത്തിയ ചെന്നൈ രണ്ടു പ്രാവശ്യം ജേതാക്കള്‍ ആയി) ചിലപ്പോഴെങ്കിലും സംശയത്തിന്റെ മുനയില്‍ ആക്കിയിട്ടുണ്ട്. ചെന്നൈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്ന വസ്തുതയെ അംഗീകരിച്ചു കൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്.മറ്റൊന്ന് ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് മുന്‍പ്  ചെന്നൈ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറും ആയിരുന്നു എന്നതാണ്. ഇന്ത്യന്‍ ടീമില്‍ എപ്പഴും ചുരുങ്ങിയത് മൂന്നോ, ചിലപ്പോള്‍ നാലോ ചെന്നൈ ടീമിന്റെ കളിക്കാര്‍ ഉണ്ടായിരുന്നു എന്നുകൂടി ഓര്‍ക്കുക. എന്നാല്‍ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് വിദേശത്ത് തുടര്‍ച്ചയായ എട്ടു ടെസ്റ്റ്‌ മത്സരങ്ങള്‍ തോറ്റതിനെ തുടര്‍ന്ന്‍ ധോണിയെ ടെസ്റ്റ്‌ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചപ്പോഴാണ്. മൊഹിന്ദര്‍ അമര്‍നാഥ് ആയിരുന്നു അപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ . സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് ബി.സി.സി.ഐ പ്രസിഡണ്ടിന്റെ അംഗീകാരം വേണമെന്ന തീര്‍ത്തും സാങ്കേതികമായ നിബന്ധന ഉണ്ട്. എന്നാല്‍ സാധാരണ ഗതിയില്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ബി.ശ്രീനിവാസന്‍ ഈ സാങ്കേതികത ഉപയോഗിച്ച് സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചു. തുടര്‍ന്ന് മൊഹിന്ദര്‍ അമര്‍നാഥ് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ടു എന്ന് കൂടി വരുമ്പോഴാണ് ബിസിനസ്‌ താല്പര്യങ്ങള്‍ക്ക് കളിയേക്കാള്‍ പ്രാധാന്യം ലഭിക്കുന്നതിന്റെ ദുരന്തം നാം അറിയേണ്ടത്.

യുവതാരങ്ങള്‍ക്ക് സംഭവിക്കുന്നത്‌ 

ഇന്ത്യന്‍ ടെസ്റ്റ്‌ ടീം നേരിടുന്ന തുടര്‍ച്ചയായ പരാജയങ്ങള്‍, പ്രത്യേകിച്ചും വിദേശത്ത്, ധോണിയെന്ന ക്യാപ്റ്റന്റെ കഴിവുകേട് മാത്രമല്ല സൂചിപ്പിക്കുന്നത്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന ഒരു സിസ്റ്റത്തിന് നേരിടേണ്ടി വന്ന അപചയം കൂടിയാണ്. പതിറ്റാണ്ടുകളോളം വിദേശത്ത് ഒരു ടെസ്റ്റ്‌ മത്സരം പോലും ജയിക്കാതിരുന്ന ഇന്ത്യന്‍ ടീം ആ ദൌര്‍ബല്യം ഇല്ലാതാക്കിയത് ഗാംഗുലി എന്ന നായകന്‍റെ വരവോടു കൂടിയാണ്. ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, യുവ താരങ്ങളെ ആത്മവിശ്വാസം നല്‍കി മുന്നോട്ടു കൊണ്ടുവരാന്‍ ഗാംഗുലി തയ്യാറായി. പരാജപ്പെട്ടാലും താന്‍ ഇത്ര മത്സരങ്ങള്‍ കളിക്കുമെന്ന മിനിമം ഗ്യാരന്റി യുവതാരങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. സെവാഗ്, ഗംഭീര്‍, ധോണി, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍  എന്നിങ്ങനെ ഇന്നത്തെ മിന്നും താരങ്ങള്‍ പലരും അന്നത്തെ ആ സെലക്ഷന്‍ പോളിസിയുടെ ഉത്പന്നങ്ങളാണ്. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, കുംബ്ലെ എന്നിങ്ങനെ പരിചയ സമ്പന്നത  കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ വിദേശത്ത് പോലും വിജയങ്ങള്‍ വെട്ടിപ്പിടിച്ചു. തുടര്‍ന്ന്‍ വന്ന ദ്രാവിഡ്, കുംബ്ലെ എന്നീ ക്യാപ്റ്റന്മാരുടെ സംഭാവനയും വളരെ വലുതാണ്‌. ഇതിന്റെ വിളവിന്റെ വലിയൊരു ഭാഗം കൊയ്യാനുള്ള യോഗമുണ്ടായതാവട്ടെ ധോണിക്കും.

എന്നാല്‍ പിന്നീട് വിദേശ പരമ്പരകളില്‍ ഇന്ത്യയുടെ ആധിപത്യം കുറഞ്ഞുവന്നു. ഐ.പി.എല്ലിനും T20-ക്കും ലഭിച്ച പ്രാധാന്യത്തിന്റെ നൂറിലൊന്നു പോലും ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക് ലഭിക്കാതായി. യുവതാരങ്ങള്‍ക്ക് വളരാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ മത്സരങ്ങള്‍ ആണെന്നിരിക്കെ ആണ് ഇത് സംഭവിക്കുന്നത്‌. ഐ.പി.എല്‍ തുടങ്ങിയ ശേഷം ഇന്ത്യ വിദേശത്ത് കളിക്കുന്ന ടെസ്റ്റ്‌ മത്സരങ്ങള്‍ ക്രമാനുഗതമായി കുറഞ്ഞു വന്നു. ഹാഷിം അമല, അലസ്റ്റിയര്‍ കുക്ക് എന്നിങ്ങനെ പ്രതിഭാശാലികള്‍ ടെസ്റ്റ്‌ മത്സരങ്ങളിലൂടെ മോള്ഡ് ചെയ്യപ്പെട്ടു ഇന്ന് രാജ്യത്തിന്റെ ഏറ്റവും പ്രധാന കളിക്കാരായി മാറിയപ്പോള്‍ ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതിനുള്ള അവസരം പോലും നല്‍കാതെ ഐ.പി.എല്ലിനെയും T 20-യെയും വാരിപ്പുണര്‍ന്നു. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യന്‍ ടീം നേരിടുന്ന ദുര്‍ഗതി. ധോണിയുടെ അങ്ങേയറ്റം പ്രതിരോധാത്മകമായ ശൈലി ഈ താഴോട്ടുപോക്കിന്റെ വേഗത വര്‍ദ്ധിപ്പിച്ചു.

കളിക്ക് ബിസിനസ്സിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന ഒരു നേതൃത്വത്തിന്റെ അഭാവത്തില്‍ ക്രിക്കറ്റിന്റെ ഭാവി ഒട്ടും ശോഭനമല്ല. ഇനിയെങ്കിലും ഈ മനോഭാവം മാറ്റിയില്ലെങ്കില്‍ എല്ലാ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മറ്റു താല്പര്യങ്ങള്‍ മൂലം ഇന്ത്യന്‍ ക്രിക്കറ്റിനെ ദുര്‍ബ്ബലമാക്കിയവര്‍ എന്നാവും ഇന്നത്തെ നേതൃത്വത്തെ ചരിത്രം അടയാളപ്പെടുത്തുക.

1 അഭിപ്രായം:

  1. ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് വെറും പണമെറിയുന്ന ഒരു കളി മാത്രമായി അതിനെ നമുക്ക് ഒരു ക്രിക്കറ്റ് ചൂതാട്ടം എന്ന് വിളിക്കാം

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....