വെള്ളിയാഴ്‌ച, ജനുവരി 04, 2013

I.D (2012)


റസൂല്‍ പൂക്കുട്ടി അടക്കം അഞ്ചു മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും മലയാളിയായ കമല്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത ഹിന്ദി ചിത്രമാണ് I.D.  IFFK 2012-ലെ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്ന ചിത്രങ്ങളില്‍ നിലവാരം അവകാശപ്പെടാവുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണിത്.  നവ-ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ കാലത്ത് മുംബൈ പോലുള്ള ഒരു മഹാനഗരത്തിലെ തൊഴിലാളികളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നോര്‍ത്ത്-ഈസ്റ്റില്‍ നിന്ന് മുംബൈയില്‍ എത്തി അവിടെ ജോലി നോക്കുന്ന ചാരുവിന്റെ ഫ്ലാറ്റിലേയ്ക്ക് ഒരു പെയ്ന്റര്‍ എത്തുന്നു. പെയ്ന്റ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുന്ന പെയ്ന്റര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നു. തുടര്‍ന്ന് ആ പെയ്ന്ററുടെ വിലാസം അന്വേഷിച്ചു ചാരു പോകുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം.

നടി ഗീതാഞ്ജലിയും സംവിധായകന്‍ കമലും

സാധാരണ ഹിന്ദി ചിത്രങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ബോളീവുഡ് കച്ചവട ചിത്രങ്ങളില്‍ നിന്നും,  വ്യത്യസ്തമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം പറയാന്‍ കമല്‍ ധൈര്യം കാണിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നും വരുന്ന ഒരു സ്ത്രീ കേന്ദ്രകഥാപാത്രം ആകുന്നതിന്റെ രാഷ്ട്രീയം കാണാതിരിക്കേണ്ട കാര്യമില്ല, ഇന്ത്യയുടെ പല ഭാഗത്തും ജോലിക്കായി എത്തുന്ന നോര്‍ത്ത് ഈസ്റ്റുകാര്‍ പലവിധ ആക്രമങ്ങള്‍ക്കും വിധേയമാകേണ്ടി വരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ആ തെരഞ്ഞെടുപ്പിന് കമല്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.അങ്ങനെ ഒരു കഥാപാത്രത്തിനെ വീക്ഷണകോണിലൂടെ മുംബൈ പോലുള്ള ഒരു നഗരത്തിലെ പെയ്ന്ററുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് യാത്ര നടത്തുമ്പോള്‍ അത് തുറന്നിടുന്ന സാധ്യതകള്‍ അനവധിയാണ്. ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് ഏറെ വളക്കൂറുണ്ടായിരുന്ന മണ്ണായിരുന്നു മുംബയിലേത്. ശക്തമായ തൊഴിലാളി സംഘടനകളുടെ വര്‍ഗ്ഗബോധം തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട ബാല്‍ താക്കറെയുടെയും ശിവസേനയുടെയും വരവോടെയാണ് അത് നഷ്ടമാകുന്നത് (സെബിന്റെ കുറിപ്പ് വായിക്കുക: https://www.facebook.com/sebinaj/posts/10151324595724083). മറാത്ത ദേശീയതയും മണ്ണിന്റെ മക്കള്‍  വാദത്തിന്റെയും അകമ്പടിയോടെ, മുതലാളിമാരുടെ ആശീര്‍വാദത്തോടെ ശിവസേന മുംബൈ കീഴടക്കിയപ്പോള്‍ നഷ്ടമായത് തൊഴിലാളികളുടെ വര്‍ഗ്ഗബോധമാണ്. അതിന്റെ ദോഷഫലങ്ങള്‍ ഇന്ന് മുംബൈയിലെ തൊഴിലാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം. 

ചാരുവിനു ഈ പെയ്ന്ററെ ഏര്‍പ്പാടാക്കി കൊടുക്കുന്നത് ഒരു കരാറുകാരന്‍ ആണ്. അയാള്‍ക്കാകട്ടെ   ഈ പെയ്ന്ററെ അറിയുക പോലുമില്ല; കാരണം അയാള്‍ ഉപകരാരുകാര്‍ വഴിയാണ് ജോലിക്കാരെ ഏര്‍പ്പാടാക്കുന്നത്. അതുകൊണ്ടുതന്നെ ആ തൊഴിലാളിയുടെ കുടുംബത്തെ തേടിയുള്ള ചാരുവിന്റെ യാത്ര കൂടുതല്‍ ദുഷ്കരമാകുന്നു.പലതട്ടിലൂടെയുള്ള കരാറുകാരിലൂടെ അരിക്കപ്പെട്ടു ഒടുവില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയോ തുച്ഛം ആയിരിക്കും എന്നോര്‍ക്കുക. മാത്രമല്ല, യാതൊരു വിധ തൊഴില്‍ നിയമങ്ങളോ, സംരക്ഷണമോ, എന്തിനു അടിസ്ഥാനമായ അവകാശങ്ങള്‍ പോലും അവര്‍ക്ക് ലഭിക്കുന്നില്ല. ജോലിസ്ഥലത്ത് അസുഖം ബാധിച്ചാലോ, മരിച്ചാല്‍ തന്നെയോ സ്വന്തം വീടുകാര്‍ തന്നെ അറിയാത്ത രീതിയിലായി മാറിക്കഴിഞ്ഞു നമ്മുടെ വന്‍നഗരങ്ങളിലെ പോലും തൊഴില്‍ വ്യവസ്ഥ. എല്ലാ ദിവസവും തൊഴിലിനായി പെയ്ന്റര്‍മാര്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ കരാറുകാരുടെ ദയാദാക്ഷണ്യങ്ങള്‍ക്കായി കാത്തു ഒരുമിച്ചുകൂടി നില്‍ക്കേണ്ടി വരുന്നു. വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്കുകളില്‍ കണ്ണ് മഞ്ഞളിച്ചവര്‍ കാണാതെ പോകുന്നത് നമ്മുടെ രാജ്യത്തിലെ കഷ്ടപ്പെടുന്ന ഭൂരിപക്ഷത്തെയാണ്. മേട്രോനഗരത്തിന്റെ പുറം മോടി ചായമടിച്ചു സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു പെയ്ന്ററുടെ  നിറമില്ലാത്ത ജീവിതം കഥാതന്തു ആകുന്നത് ഒട്ടും യാദൃശ്ചികമാകാന്‍ വഴിയില്ല. സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകളിലെയ്ക്ക് മാറുന്ന ഈ കാലഘട്ടത്തില്‍ ഒരു അധാരവുമില്ലാത്ത, വിലാസം പോലുമില്ലാത്ത ചേരിനിവാസികള്‍ വറചട്ടിയില്‍ നിന്നും എരിതീയിലേയ്ക്കുള്ള യാത്ര തുടരുന്നു.റസൂല്‍ പൂക്കുട്ടിയുടെ യാഥാര്‍ത്ഥ്യം നിറഞ്ഞ ശബ്ദസംവിധാനവും മധു നീലകണ്‌ഠന്റെ ക്യാമറയും ചിത്രത്തിന്റെ മിഴിവ് വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിന്റെ ഡോക്യുമെന്ററി സ്വഭാവം ഒരു പക്ഷെ ബോധപൂര്‍വ്വമാകാം, ചിത്രത്തെ യാഥാര്‍ത്യത്തോട് അടുപ്പിക്കുന്ന ഒരു പാലമായി...1 അഭിപ്രായം:

  1. റസൂല്‍ പൂക്കുട്ടി അടക്കം അഞ്ചു മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും മലയാളിയായ കമല്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത ഹിന്ദി ചിത്രമാണ് I.D. IFFK 2012-ലെ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്ന ചിത്രങ്ങളില്‍ നിലവാരം അവകാശപ്പെടാവുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണിത്. നവ-ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ കാലത്ത് മുംബൈ പോലുള്ള ഒരു മഹാനഗരത്തിലെ തൊഴിലാളികളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നോര്‍ത്ത്-ഈസ്റ്റില്‍ നിന്ന് മുംബൈയില്‍ എത്തി അവിടെ ജോലി നോക്കുന്ന ചാരുവിന്റെ ഫ്ലാറ്റിലേയ്ക്ക് ഒരു പെയ്ന്റര്‍ എത്തുന്നു. പെയ്ന്റ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുന്ന പെയ്ന്റര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നു. തുടര്‍ന്ന് ആ പെയ്ന്ററുടെ വിലാസം അന്വേഷിച്ചു ചാരു പോകുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം.

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....