ഫുട്ബോള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫുട്ബോള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2010

ഫുട്ബോള്‍ ദൈവത്തിനു 50 വയസ്സ്



പിറന്നാള്‍ ആശംസകള്‍.........
പോരാടുന്നവര്‍ക്കുള്ള പ്രചോദനമായി ഇനിയും ഒരു പാടുകാലം നമ്മുക്കിടയില്‍ താങ്കള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു ആരാധകന്‍.......
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

കല്‍മാഡീചരിതം, മൂന്നാം ഖണ്ഡം....





ആഹ്ലാദിപ്പിന്‍, അര്‍മ്മാദിപ്പിന്‍....അങ്ങനെ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണു. 38 സ്വര്‍ണ്ണം ഉള്‍പ്പടെ 101 മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യയുടെ കായികതാരങ്ങള്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തു. മെഡല്‍ നേടിയവരും അല്ലാത്തവരുമായ എല്ലാ കായികതാരങ്ങള്‍ക്കും എന്‍റെ ഒരായിരം അഭിനന്ദനങ്ങള്‍. മത്സരിക്കുന്നതാണല്ലോ വിജയത്തേക്കാള്‍ പ്രധാനം. ഇന്ത്യക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ എല്ലാ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നന്ദി.... വേദികള്‍ ഒരുക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ആ തൊഴിലാളികള്‍ക്ക് ഇത്രയെങ്കിലും തിരിച്ചു നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞുവേന്നോര്‍ക്കുമ്പോള്‍ ഓരോ കായികതാരത്തിനും അഭിമാനിക്കാം.

അങ്ങനെ രണ്ടാം ഖണ്ഡം ഇവിടെ അവസാനിക്കുന്നു. ഗെയിംസിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളുടെ (ചാനലുകാര്‍ വന്നതുകാരണം വിവാദം എന്ന വാക്കിന്റെ ആ പഴേ എടുപ്പോക്കെ അങ്ങ് പോയി. പുതിയൊരണ്ണം കണ്ടുപിടിക്കണം. ഞാനതിനുള്ള ഗവേഷണത്തിലാണ്. കണ്ടുപിടിക്കുവാനെ അറിയിക്കാം. ഒരുപാടാവശ്യം വരുന്ന കോളാ...) കറ ഒരല്‍പ്പമെങ്കിലും ഇല്ലാതാക്കാന്‍ ഈ നേട്ടങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നത് സത്യമാണ്. ഇനിയിതാ മൂന്നാം ഭാഗത്തിലേയ്ക്ക്. ദത് തന്നെ, യേത്...

ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ ചെല കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ('കോമണ്‍വെല്‍ത്ത് അഥവാ നാട്ടുകാരുടെമുതല്‍' ) അപ്പൊ പലരും എന്നോട് ചോദിച്ചു. നിനക്ക് ദേശസ്നേഹം ഉണ്ടോടാ കോപ്പേ? "മോന്‍ ചത്താലും വേണ്ടീല ,മരുമോളുടെ കണ്ണീരു കണ്ടാല്‍ മതീ" അല്ലേ, ദങ്ങനെ ദിങ്ങനെ... എന്‍റെ മറുപടി ഇതാണ്. ഇവിടെ പ്രശ്നം ഒരാള്‍
പച്ചയായി അഴിമതി കാണിക്കുക, അഥവാ കക്കുക. അതും ചില്ലറയൊന്നുമല്ല. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ നെഞ്ചും വിരിച്ചു നടക്കുക. പ്രസിഡണ്ടിന്റെം പ്രധാനമന്ത്രീടെം ഒക്കെ മുന്നില്‍ നിന്ന് പരിപാടിക്ക് സ്വാഗതം പറയുക. എന്നിട്ട് നമ്മള്‍ ഒന്നും മിണ്ടിക്കൂടാ. അയാള്‍ക്ക്‌ കയ്യടിക്കണം. (നല്ല വിവരമുള്ള മനുഷ്യനാ, എ.പി.ജെ അബ്ദുല്‍ കലാമിനെ അബ്ദുല്‍ കലാം ആസാദ് എന്നൊക്കെ പറയുന്ന കേട്ടു. അത് കേട്ടു അബ്ദുല്‍കലാം അങ്ങടും ഇങ്ങടും ഒക്കെ നോക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് പറയുന്നു ചാള്‍സ് രാജകുമാരന്റെ കൂടെ വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ ഡയാന രാജകുമാരി ആണെന്ന്) സൗകര്യമില്ല എനിക്ക് ഈ കല്‍മാഡിക്കൊക്കെ കയ്യടിക്കാന്‍. അത് ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനായത് കൊണ്ടാ. ഞാനും കൂടി നികുതി കൊടുക്കുന്ന പൈസയാ പുള്ളി പച്ചക്ക് കട്ട് വീട്ടില്‍ കൊണ്ട് വെച്ചിരിക്കുന്നെ.

ഏഴു വര്ഷം മുന്‍പ് ഗെയിംസ് ഇന്ത്യക്ക് കിട്ടി. ആറര വര്ഷം ചുമ്മാ ഇരുന്നു. പിന്നെ അയ്യോ ഇനി ടെണ്ടര്‍ വിളിക്കാന്‍ സമയമില്ലല്ലോ എന്ന് വ്യാകുലപ്പെട്ടു സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും ചോദിച്ച പൈസക്ക് ടെണ്ടര്‍ കൊടുത്തു. എഴുപതിനായിരം കോടി പൊടിച്ചു. അതും സാധാരണക്കാരന്റെ കീശയില്‍ നിന്ന്. പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള ഫണ്ട്‌ വരെ ഗെയിമ്സിലെയ്ക്ക് വകമാറ്റി. എന്നിട്ടോ, ഗയിംസിന്റെ തലേന്ന് ഒരു മേല്‍പ്പാലം പൊളിഞ്ഞു വീണു. പിന്നെ നടന്നതൊന്നും ഞാന്‍ പറയണ്ടല്ലോ. ഉത്തരേന്ത്യന്‍ പത്രക്കാരൊക്കെ കല്‍മാടിക്കെതിരെ ആഞ്ഞടിച്ചു. അവരെ കല്‍മാഡി വേണ്ട രീതിയില്‍ ഗൗനിച്ചില്ല എന്നൊരു പരാതിയും ഉണ്ടായിരുന്നു. ആ പരാതി ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് സംഘാടകര്‍ അങ്ങ് തീര്‍ത്തു. പ്രധാന പത്രക്കാര്‍ക്കും മുതലാളിമാര്‍ക്കും വമ്പന്‍ ട്രീറ്റ്. അതിനു ശേഷം കല്മാടിക്കതിരെ പത്രക്കാര്‍(പ്രത്യേകിച്ചും ചാനല്‍ അവതാരങ്ങള്‍) കാര്യമായി മിണ്ടാതായി. ഐ.പി.എല്‍ കള്ളപ്പണ ഇടപാടുകളില്‍ അവര്‍ കാണിച്ച നിസംഗത നാം കണ്ടതാണല്ലോ. ദി ഹിന്ദുവിലെ സായിറാം പറഞ്ഞ പോലെ ഐ.പി.എല്ലിലുള്ള വന്‍ പരസ്യക്കമ്പനികളെ അങ്ങനെ പിണക്കാന്‍ പറ്റോ, അല്ലപിന്നെ.... അപ്പൊ പത്രക്കാരുടെ ശല്യവും തീര്‍ന്നു. എന്തിനാ അങ്ങു വടക്കൊക്കെ പോണേ? ഇവിടേം ഉണ്ടല്ലോ അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച വീരമാധ്യമശിങ്കങ്ങള്‍‍. ഒരുത്തനും ഒന്നും മിണ്ടുന്നില്ലല്ലോ? എവിടപ്പോയി ആ ഉശിരൊക്കെ, ഏ?

കല്‍മാഡി നില്‍ക്കാനും അറിയുന്ന കള്ളനാണെന്ന് നേരത്തെ തെളിയിച്ചതാണല്ലോ. (കക്കുന്നവനെ നമ്മുടെ നാട്ടില്‍ കള്ളനെന്നാ വിളിക്കുന്നെ, അതിനു എന്നോട് ചൂടായിട്ടു കാര്യമില്ല). കൊണ്ഗ്രസ്സുകാരനായിട്ടു കൂടി കരാറുകള്‍ കൊടുത്തപ്പോള്‍ പുള്ളി പാര്‍ട്ടി ഭേദം ആരോടും കാണിച്ചില്ല. അതോണ്ട് തന്നെ പ്രശ്നം രൂക്ഷമായപ്പോള്‍ പ്രധാന പ്രതിപക്ഷവും മഹാമൌനികളായി. കള്ളി വെളിച്ചത്തായാല്‍ അവരും കുടുങ്ങുമേ. ഡെല്‍ഹിലെ ചേരികള്‍ക്ക് മുന്നിലെല്ലാം വലിയ ഫ്ലക്സ് ബോര്‍ഡുകള്‍. ഗെയിംസ് കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ല. ഭിക്ഷക്കാരെയൊക്കെ വണ്ടികളില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. ചേരികള്‍ സായിപ്പന്മാര്‍ കണ്ടാല്‍ സൂപ്പര്‍ പവറായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇമേജിന് കോട്ടം തട്ടത്തില്ലായോ?
ഇനി ഒരു ചോദ്യം ഉണ്ട്. അഴിമതി നമ്മുടെ നാട്ടില്‍ അത്ര പുതിയതൊന്നുമല്ല. എന്നിട്ടും ഈ കല്‍മാഡിമക്കളുടെ കാര്യം മാത്രം എന്തേ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നെ എന്ന്. ദതിന്‍റെ ഉത്തരം ദിതാണ്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍, കൃത്യമായി പറഞ്ഞാല്‍ 1996 -ലെ ഇന്ത്യയിലും മറ്റുമായി നടന്ന ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ് മുതല്‍, ഞാന്‍ ഒരു കുഞ്ഞു കായിക പ്രേമി ആണ്. സാമാന്യം നല്ലൊരു ക്രിക്കറ്റ്‌ ഭ്രാന്തന്‍. എന്നാല്‍ കോഴ വിവാദത്തോടെ ക്രിക്കറ്റ്‌ പ്രേമം ഏതാണ്ടോടുങ്ങുകയും ഫുട്ബാള്‍ മുതലായവയുമായി പ്രണയത്തിലാവുകയും ചെയ്തു. സച്ചിന്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിപ്പോഴും സ്വല്പം ക്രിക്കറ്റ്‌ കാണുന്നെ. ക്രിക്കറ്റ്‌ ഒഴികെ മറ്റു ഏതു കായിക ഇനത്തിലാണ് ഒരു കായിക താരത്തിനു നല്ല രീതിയിലുള്ള ജീവിതം സാധ്യമാകുന്നത്. (ക്രിക്കറ്റിനും ആ അവസ്ഥ വിദൂരമല്ല. ഐ.പി.എല്‍ പൊന്മുട്ടക്ക് വേണ്ടി ആ താറാവിന്റെ കഴുത്തില്‍ കത്തി വെക്കുകയാനല്ലോ പവാറും പിള്ളേരും.) ഫെല്‍പ്സ് എന്ന നീന്തല്‍ക്കാരന്‍ ഒറ്റയ്ക്ക് നേടിയതിന്റെ പകുതി സ്വര്‍ണ്ണം പോലും ഈ നൂറ്റാണ്ടില്‍ ഒളിമ്പിക്സില്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അതിനു പ്രധാന കാരണം ഞാന്‍ നേരത്തെ പറഞ്ഞത് തന്നെയാണ്, അല്ലാതെ ഇവിടെ കഴിവില്ലാത്തവര്‍ ഇല്ലാഞ്ഞിട്ടൊന്നുമല്ല. ഏതെങ്കിലും ഒരു കായിക ഇനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചാല്‍ പിന്നീടുള്ള ജീവിതം മനോഹരമാകുമെന്നു എന്തുറപ്പാണുള്ളത്? കായിക രംഗത്ത് സജീവമാകുന്നവര്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നത് സ്വാഭാവികം, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. അതുകൊണ്ട് തന്നെ പഠിച്ചു നല്ലൊരു ജോലി സമ്പാദിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. കായിക രംഗത്ത് മികവു തെളിയിക്കുന്ന പലരും സാമ്പത്തികമായി അത്ര ഉയര്‍ന്ന സ്ഥിതിയില്‍ നിന്ന് വരുന്നവരായിരിക്കില്ല. അതു കൊണ്ട് തന്നെ ജീവിതം മിക്കപ്പോഴും ദുരിതമയമായിതീരുന്നു. മുപ്പത്തഞ്ചു വയസ്സോക്കെയാണ് സാധാരണ കായികതാരങ്ങളുടെ വിരമിക്കാന്‍ സമയമാകുമ്പോഴുള്ള പ്രായം. അവര്‍ പിന്നെ എങ്ങനെ ജീവിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി ഇന്ത്യന്‍ കായിക രംഗത്തിനു മുകളില്‍ ഡെമോക്ലസിന്റെ വാള് പോലെ തൂങ്ങിക്കിടക്കുന്നു. സ്വന്തം മകനോ മകളോ ഒരു പ്രൊഫഷനല്‍ കായിതാരമാകണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എത്ര മാതാപിതാക്കള്‍ ഭാരതത്തില്‍ ഉണ്ടാകും?

ഇക്കാര്യത്തില്‍ നമ്മുക്ക് മാതൃക അമേരിക്കയും, ചൈനയും, ആസ്ട്രെലിയയുമോക്കെയാണ്. അവിടെ കായികതാരങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും, ഉയര്‍ന്ന ജീവിത നിലവാരവും നാം കണ്ടു പഠിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇവിടയോ? ഇവിടെ ഫണ്ടില്ലാത്തത് കൊണ്ടൊന്നുമല്ല ഈ അവസ്ഥ എന്ന് കോമണ്‍വെല്‍ത്ത് എന്ന പേരില്‍ പൊടിച്ച കോടികളിലൂടെ നാം കണ്ടതാണ്. പക്ഷെ ഇതു കായികതാരങ്ങളില്‍ എത്തുന്നില്ല. ഭൂരിഭാഗവും അധികാരികള്‍ തന്നെ പങ്കിട്ടെടുക്കുന്നു. ഇതിന്റെ ഏറ്റവും നിന്ദ്യമായ ഉദാഹരണമാണ് ഈ കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇപ്പൊ നാം കയ്യടിക്കും. സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയവരെപ്പറ്റി രോമാഞ്ചം കൊള്ളും. രണ്ട് ദിവസം കഴിയുമ്പോള്‍ നാം ഇതെല്ലാം അങ്ങ് മറക്കുകയും ചെയ്യും. (അല്ലേലും നാം വലിയ മറവിക്കാരാ, അതോണ്ടാണല്ലോ ആന്റണിയുടെ മുണ്ട് മുറുക്കല്‍ ഭരണവും മറ്റും നാം പെട്ടെന്ന് തന്നെ അങ്ങു മറന്നു കളഞ്ഞത്..!!) പിന്നെ അവര്‍ എങ്ങനെ ജീവിക്കുന്നെന്നോ അവരുടെ അവസ്ഥ എന്തെന്നോ ആരും ചിന്തിക്കാറില്ല. എന്തിനേറെ നമ്മുടെ പി.ടി. ഉഷയെ ഉത്ഘാടനത്തിനു ഒന്ന് ക്ഷണിക്കാന്‍ പോലും സംഘാടകര്‍ കൂട്ടാക്കിയില്ല. 'സ്വന്തം വീട്ടിലെ കല്യാണത്തിനു വിളിക്കേണ്ട കാര്യമുണ്ടോ' എന്നൊക്കെ നമുക്ക് ഉപമിക്കാം. എന്നാല്‍ കല്യാണത്തിനു പോകുമ്പോള്‍ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു നിര്‍ത്തി എവിടെ വി.ഐ.പി പാസ് എന്നൊന്നും നമ്മോടു ചോദിക്കാറില്ല എന്ന് നാം മറന്നു കളഞ്ഞു.

ഈ കല്‍മാഡിമക്കള്‍ക്കൊന്നും കയ്യടിക്കാന്‍ എന്നെ കിട്ടില്ല. ഈ പുല്ലന്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി നമ്മുടെ അത്ലടിക്ക്സ് ഫെഡറേഷന്‍ അടക്കിവാഴുന്നു. കുറെ കാലമായി ഇന്ത്യന്‍ ഒളിമ്പിക്സ് ഫെഡറേഷനും. എന്നിട്ടെന്തായി?? മരുന്നിനു ഒരു അഭിനവ് ബിന്ദ്രയിലും, പെയ്സിലും സൈനയിലും മല്ലേശ്വരിയിലും മറ്റും ഒതുങ്ങുന്നു ഇന്ത്യന്‍ കായികരംഗം (ഏഷ്യാഡില്‍ കളിക്കാന്‍ ഇന്ത്യയുടെ രോമാഞ്ചങ്ങളായ ക്രിക്കറ്റ്‌ പുലികള്‍ക്ക് സമയമില്ല. കോടികള്‍ കിട്ടുന്നില്ലേല്‍ പിന്നെന്തു ഇന്ത്യ, ഏതു ഏഷ്യാഡ്?) കല്‍മാഡിക്കും മറ്റും എതിരെ അന്വേഷണം തുടങ്ങി എന്ന് കേട്ടു. അതൊക്കെ എവിടെ വരെ പോകും എന്ന് നമുക്ക് ഊഹിക്കാവുന്നെതെ ഉള്ളു. ഊഹിക്കാന്‍ പറ്റുന്നില്ലേല്‍ കേന്ദ്ര മന്ത്രിയായി ഇപ്പോഴും സസുഖം വാഴുന്ന ആ സ്പെക്ട്രം രാജയോടു ഒന്ന് ചോദിച്ചു നോക്കൊയാട്ടെ. ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ കായികരംഗത്തിന് ഒരു ഉണര്‍വ്വ് നല്‍കി എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ ഈ കല്‍മാഡിമാര്‍ ഇനിയും ഇന്ത്യന്‍ കായികരംഗം ഭരിച്ചാല്‍ പ്രതിഭകളുണ്ടായിട്ടും പണമുണ്ടായിട്ടും നമുക്ക് അസെര്‍ബിജാനും മോസാമ്ബിയക്കുമോപ്പം ഒളിമ്പിക്സ് മെഡല്‍ പട്ടികയുടെ കീഴില്‍ അന്ത്യവിശ്രമം കൊള്ളാം എന്നോര്‍മ്മിപ്പിച്ചു കൊണ്ട്
ജയ് ഹിന്ദ്‌...
ശുഭം!
മംഗളം!

ശനിയാഴ്‌ച, സെപ്റ്റംബർ 11, 2010

വിവാ 'വിവ കേരള'


ഒടുവില്‍ കേരളത്തിന്റെ അഭിമാനമായ 'വിവ കേരള'യ്ക്ക് സ്പോണ്‍സറെ ലഭിച്ച വിവരം സന്തോഷത്തോടും അതിലേറെ ആശ്വാസത്തോടും ഒരു കുഞ്ഞു ഫുട്ബോള്‍ പ്രേമി എന്ന നിലയില്‍ ഇവിടെ അറിയിക്കട്ടെ. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് മസ്ലി പവര്‍ എക്സ്ട്രാ ആണ് വിവ കേരളയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാത്രമല്ല, വിവയ്ക്ക് വേണ്ടി ഒരു ഫുട്ബോള്‍ അക്കാഡമിയും അവര്‍ തുടങ്ങുന്നുണ്ടത്രേ. ഏതായാലും ഇനി വിവയ്ക്ക് പണത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല എന്ന ഉറപ്പു അവര്‍ നല്‍കിക്കഴിഞ്ഞു. കൂടാതെ അന്തര്‍ദേശീയ നിലവാരമുള്ള ടീമുകളുമായി പരിശീലന മത്സരം നടത്താനുള്ള അവസരവും വിവയ്ക്ക് ഉണ്ടാകുമത്രേ.

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ ആയിരുന്ന സക്കീര്‍ ഉള്‍പ്പടെ ചിലരെ നഷ്ടമായെങ്കിലും കൂടുതല്‍ കളിക്കാരെയും പിടിച്ചു നിര്‍ത്താന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ ബഗാനില്‍ നിന്ന് കലോതുങ്കനേയും ചില വിദേശ കളിക്കാരെയും കൊണ്ട് വരാന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാനും മലബാര്‍ യുണൈറ്റെഡ് പോലുള്ള ടീമുകളുമായി ചേര്‍ന്ന് കേരളാ ഫുട്ബാളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിയുമാറാകട്ടെ എന്നും ആശംസിക്കുന്നു. നായനാര്‍ സ്മാരക ഫുട്ബോള്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കൊണ്ടുവന്ന ആവേശം ഇതിനു അവരെ സഹായിക്കുക തന്നെ ചെയ്യും....

വാല്‍ക്കഷണം: ഇന്ത്യയില്‍ ഫുട്ബോളിനുള്ള പരിശീലന സൗകര്യങ്ങള്‍ തീരെ നിലവാരമില്ലാ
ത്തതാണെന്നു ഇന്ത്യന്‍ കോച്ച് ബോബ് ഹൗട്ടണ്‍‍. പോര്‍ച്ചുഗലില്‍ പരിശീലനം നടത്താന്‍ മൂന്നു കോടി ചെലവാക്കിയതിന് അദ്ദേഹത്തെ ഇവിടത്തെ മേലാളന്മാര്‍ വഴക്ക് പറഞ്ഞപ്പോളാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്. നിലവാരമുണ്ടാക്കാനോക്കെ അവര്‍ക്കെവിടെ സമയം. അവര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ പെടാപാട് പെടുകല്ലേ. അതിനിടയിലെവിടാ ഫുട്ബാളിനേം ഹോക്കിയേം ഒക്കെ ഉദ്ധരിക്കാന്‍ സമയം?


ശുഭം!
മംഗളം!
anoopesar

ചൊവ്വാഴ്ച, ഓഗസ്റ്റ് 10, 2010

പ്രദീപാണ് താരം...

 ഇത് എന്‍.പി. പ്രദീപ്‌.  കേട്ടാല്‍ അറിയുമോ എന്നറിയില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സൂപ്പര്‍ താരമാണ്. ഇപ്പൊ പോര്‍ച്ചുഗലില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് വേണ്ടി പുള്ളി ഗോളുകള്‍ അടിച്ചു കൂട്ടുകയാണ്. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെയും മഹീന്ദ്രയുടെയും  നേടുന്തൂണാണ്   പ്രദീപ്‌. പക്ഷെ ഇവിടത്തെ പത്രങ്ങളൊന്നും അത് കാര്യമായെടുത്തിട്ടില്ല. ഇവിടന്നൊരു പുള്ളി ക്രിക്കറ്റ്‌ കളിക്കാനെന്നും പറഞ്ഞു പോയിട്ട് കാണിക്കുന്ന കോപ്രായങ്ങള്‍ക്ക്‌ നല്‍കുന്നതിന്റെ ആയിരത്തിലൊന്ന് പ്രാധാന്യം പോലും പ്രദീപിന് കൊടുക്കുന്നില്ല. അതുകൊണ്ട് കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ....
'പ്രദീപാണ് താരം'.

ദേ പിന്നെ: കണ്ണൂര്‍ക്കാരനായ ടെന്സണ്‍ ദേവദാസ് ഇപ്പോള്‍ ബംഗാളിലെ സൂപ്പര്‍ താരമാണ്. ഫൈനലില്‍ അദ്ദേഹം നേടിയ ഇരട്ട ഗോളുകളാണ് ബംഗാളിന് സന്തോഷ്‌ ട്രോഫി നേടിക്കൊടുത്തത്. 'വിവാ കേരള'യിലൂടെ കളിച്ചു വളര്‍ന്ന ഈ താരത്തിനു ഒരായിരം അഭിനന്ദനങ്ങള്‍..........


ശുഭം!
മംഗളം!
anoopesar

ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010

കോമണ്‍വെല്‍ത്ത് അഥവാ നാട്ടുകാരുടെ മുതല്‍........





"എന്റെ കളിക്കൂട്ടുകാരനായ സൈമണ്‍ മുതല്‍ നജീബിന്റെ ജൂനിയര്‍ താരം അജിത് വരെയുള്ളവര്‍ പന്തിനു പുറകെ പാഞ്ഞവരാണ്. കീറിത്തുന്നിയ ബൂട്ടുമായി അജിത് കൃത്യനിഷ്ഠയോടെ ഗ്രൗണ്ടിലെത്തുമ്പോള്‍ അവന്റെ വയറ്റില്‍ വിശപ്പിന്റെ തീക്കനലുണ്ടായിരുന്നു. ഉണ്ടായിരുന്ന ഊര്‍ജം ഗ്രൗണ്ടില്‍ പ്രാക്ടീസിനായി കത്തിച്ചുകളഞ്ഞ് വീട്ടിലേക്കു തിരിക്കുന്ന അവന്റെ വിശപ്പിന്റെ ആളിക്കത്തല്‍ എനിക്ക് ഊഹിക്കാം. മികവുറ്റ കളിക്കാരനായിരുന്നിട്ടും ഉപജീവനത്തിനായി പെട്രോള്‍ബങ്കില്‍ കിട്ടിയ ജോലിക്കു പുറകെ പോയ അവനെ ആര്‍ക്ക് കുറ്റപ്പെടുത്താനാവും? നജീബ് പറയാറുണ്ട്, ഒരിക്കലും പ്രാക്ടീസ് മുടക്കാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ അവധിയെടുക്കുന്നുവെങ്കില്‍ ഊഹിച്ചാല്‍ മതി, കോണ്‍ക്രീറ്റ് പണിക്കോ കാറ്ററിങ്ങിനോ അവന്‍ പോയിട്ടുണ്ടാകും. അവിടെ സഹായിച്ചുകൊടുത്താല്‍ പണം കിട്ടും. പണം കിട്ടിയാല്‍ അമ്മയ്ക്ക് ചെലവിന് കൊടുക്കാം എന്നു പറയുന്ന കുട്ടികളെ ആര്‍ക്ക് കുറ്റപ്പെടുത്താനാകും? വിശക്കാത്തവന് ഇവിടെ ഉന്നത വിദ്യാഭ്യാസം കിട്ടാന്‍ എളുപ്പമാണ്. ഇല്ലാത്ത കഴിവ് ഉണ്ടാക്കിയെടുത്ത് ജീവിതം കളിച്ചുതീര്‍ക്കേണ്ടതില്ല. വിദ്യാഭ്യാസവും കളിയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ ഉണ്ടാകാം. പല കളിക്കാര്‍ക്കും അതിനു കഴിയാറില്ല എന്നതാണ് സത്യം. പഠിക്കേണ്ട കാലം മുഴുവന്‍ പന്തുകളിക്കാനായി വിനിയോഗിച്ചവര്‍ സെലക്ഷന്‍ വേളയില്‍ തഴയപ്പെടുന്നത് സങ്കടകരമാണ്. ജൂനിയര്‍ ഡിസ്ട്രിക്ട് കളിച്ചിട്ടും എന്റെ മകനെ കളിയുടെ കാണാവഴികളിലേക്ക് കയറൂരിവിടാഞ്ഞതും ഇതുകൊണ്ടൊക്കെത്തന്നെ."
-റംല നജീബ്‌ (പ്രശസ്ത കോച്ച് നജീബിന്റെ പത്നി)
'പെണ്ണിന്റെ സഹനമാണ് ആണിന്റെ ഫുട്‌ബോള്‍' (മാതൃഭൂമി സ്പോര്‍ട്സ് മാസിക)

അതാണ്‌ നമ്മുടെ രാജ്യത്തിലെ കായിക രംഗത്തിന്റെ അവസ്ഥ (ക്രിക്കറ്റ്‌ ഒഴിച്ച്). കളിക്കാന്‍ മൈതാനങ്ങളില്ല. കളിയിലൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട. 700 രൂപയാണത്രേ ഇന്ത്യന്‍ ടീമിലെ ഫുട്ബോള്‍ കളിക്കാരുടെ കളിക്കോ പരിശീലനത്തിനോ ഉള്ള ദിവസവേതനം. ഇങ്ങനുള്ള നമ്മുടെ നാട്ടില്‍ ദേ ഇങ്ങനെയും ഒരു വാര്‍ത്ത...

"നാലായിരം രൂപയുടെ ടോയ്‌ലറ്റ് ടിഷ്യൂവിനും 29 ലക്ഷത്തിന്റെ സമോസയ്ക്കും പിറകെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ അത്ഭുത കണക്കുകള്‍ വീണ്ടും പുറത്തുവരുന്നു. സംഘാടക സമിതി വാട്ടര്‍ജഗ്ഗ് വാങ്ങിയത് 168 രൂപയ്ക്ക്. വാങ്ങിയത് തികയാഞ്ഞിട്ടോ എന്തോ കുറേ വാടകയ്ക്കുമെടുത്തു. അതുപക്ഷേ, ഒരു ജഗ്ഗിന് 2,145 രൂപയ്ക്കാണെന്നു മാത്രം! ഇവിടെയും തീരുന്നില്ല സംഘാടക സമിതിക്കാരുടെ പണം ചെലവാക്കാനുള്ള പ്രത്യേക വൈഭവം. എട്ടു ലക്ഷം രൂപയുടെ ജനറേറ്റര്‍ വാടകയ്‌ക്കെടുത്തത് 11,38,498 രൂപയ്ക്ക്. 44 ലക്ഷത്തിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് മെഷീന്‍ വാടകയ്‌ക്കെടുത്തതാവട്ടെ 2.84 കോടി രൂപയ്ക്കും. വാട്ടര്‍ ഡിസ്‌പെന്‍സര്‍ 36,384 രൂപ, എയര്‍ ഫ്രെഷ്‌നര്‍ 1,606 രൂപ, സ്റ്റൂള്‍ 7,543 രൂപ, ഫാന്‍ 8,693 രൂപ, മേശ 8776 രൂപ എന്നീ നിരക്കിലാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. വിവിധ സാധനങ്ങളും ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത് താത്കാലികമായ സൗകര്യങ്ങള്‍ തരപ്പെടുത്താന്‍ 600 കോടി രൂപയോളമാണ് സംഘാടക സമിതി ചെലവാക്കിയത്. 40 കോടിയുടെ ബലൂണ്‍, പത്തുലക്ഷത്തിന്റെ ട്രെഡ് മില്‍ തുടങ്ങി വിവിധ സാധനങ്ങള്‍ വന്‍വിലയ്ക്ക് വാടകയ്‌ക്കെടുത്തതിന്റെ കഥ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു."

എന്ത് പറയാന്‍? ചൈന കഴിഞ്ഞ ഒളിമ്പിക്സിനു ചെലവാക്കിയതിനെക്കാള്‍ കൂടുതല്‍ ഈ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ചെലവാക്കുകയാണത്രേ... പക്ഷെ എന്ത് കാര്യം? ഒക്ടോബര്‍ 3 നു തുടങ്ങേണ്ട ഗെയിംസിന്റെ ഒരുക്കങ്ങള്‍ ഒന്നും ആയില്ലെന്നാണ് കേട്ടത്. മൈതാനങ്ങളുടെ പണി ഒന്നും കഴിഞ്ഞിട്ടില്ല. പണികഴിഞ്ഞവയുടെ മേല്‍ക്കൂരകള്‍ കഴിഞ്ഞ മഴയില്‍ തകര്‍ന്നു വീണു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റും പൂനയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പി-യുമായ സുരേഷ് കല്‍മാഡി എന്ന മഹാനാണ് ഗെയിംസിന്റെ മുഖ്യ മുതലാളി. പുള്ളി തന്നെയാണ് ഇന്ത്യന്‍ അത്ലെടിക്സ് ഫെഡറെഷന്റെയും ആജീവനാന്ത പ്രസിഡന്റ്‌. കുറ്റം പറയരുതല്ലോ, ഇന്ത്യ ഓരോ ഒളിമ്പിക്സിനും പോയി കൊണ്ടുവരുന്ന ചാക്കുകണക്കിനു സ്വര്‍ണത്തിന്റെയും വെള്ളിയുടെയുമൊക്കെ ഫുള്‍ ക്രെഡിറ്റും പുള്ളിക്കാണ്. പുള്ളിയുടെ മഹത്വം കാരണമാണല്ലോ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയായ മുന്‍ കായിക മന്ത്രി മണിശങ്കര്‍ അയ്യര്‍ ഈ ഗെയിംസ് പൊളിയണേ എന്ന് ആഗ്രഹിക്കുന്നത്. ഈ ഗെയിംസ് വിജയിച്ചാല്‍ ഇനിയും ഇതുപോലുള്ളവ ഈ മഹാന്മാര്‍ ഏറ്റുപിടിക്കില്ലേ? കുറെ സാറന്മാര്‍ക്ക്‌ ജനങ്ങളുടെ ചെലവില്‍ വലിയൊരു ആപ്പീസും തുറന്നു മാസം തോറും വലിയ തുക എഴുതിയെടുക്കാനും, സ്വന്തക്കാര്‍ക്ക് കരാറുകള്‍ കൊടുക്കാനും മാത്രമായി എന്തിനാണിങ്ങനെയൊരു മേള? അഴിമതിയുടെ നാറിയ കഥകള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയല്ലേ. നഗരം മോടിപിടിപ്പിക്കല്‍ എന്ന് പറഞ്ഞു ഡല്‍ഹിയിലെ ചേരിനിവാസികളെയെല്ലാം വഴിയാധാരമാക്കി. ചിക്കന്‍ പോക്സ് വന്നാല്‍ പുറത്തു പാടുകള്‍ വരും. പാടുകള്‍ ഇല്ലാതാക്കിയാല്‍ രോഗം മാറുമോ? ദാരിദ്ര്യത്തിനല്ലേ ചികിത്സ വേണ്ടത്? തണുപ്പുകാലത്ത് വീടില്ലാത്തവര്‍ക്ക് കഴിയാന്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞു. റോഡരികില്‍ തണുപ്പ് മൂലം ആളുകള്‍ മരിക്കുന്ന വാര്‍ത്തകള്‍ വന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് അനുവദിച്ച ഫണ്ട്‌ പോലും മേളയ്ക്കായി വകമാറ്റി ചെലവഴിച്ചു. മേളയുടെ പേരില്‍ ഡല്‍ഹിയിലെ നികുതികള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. എന്തിനാണ് ഈ പണമെല്ലാം ഉപയോഗിച്ചത്? ഇന്നലെ ഒരു വാര്‍ത്ത കണ്ടു. മൈതാനങ്ങള്‍ മോടിപിടിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ചു ചെടിചെട്ടികള്‍ വാങ്ങി. എന്നിട്ടോ? അവ മൈതാനത്തില്‍ കയറ്റിപ്പോകരുതെന്നു ഇപ്പൊ പോലീസ്. ഇനി അവ ഡല്‍ഹിയിലെ റോഡുകളുടെ ഇരുവശങ്ങളിലുമായി നിരത്താന്‍ പോവുകയാണത്രേ....

ഇന്ത്യന്‍ ഫുട്ബാള്‍ താരം ബൂട്ടിയ (പുള്ളിയുടെ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആണെന്ന് തോന്നുന്നു, ഫുട്ബാള്‍ അല്ലേ ആര്‍ക്കറിയാം?) പറഞ്ഞത് പോലെ നമുക്ക് വേണ്ടത് ഈ ഗെയിംസുകള്‍ അല്ല, കളിയ്ക്കാന്‍ മൈതാനങ്ങളാണ്. ഈ ഗെയിംസിന് പൊടിച്ച പണമുണ്ടായിരുന്നേല്‍ എത്ര മൈതാനങ്ങള്‍ ഒരുക്കാമായിരുന്നു? എത്രയോ കായികതാരങ്ങളുടെ ജീവിതം മെച്ചപ്പെടുത്താമായിരുന്നു? ഇത്തവണ ബംഗാളില്‍ സന്തോഷ്‌ ട്രോഫി കളിയ്ക്കാന്‍ കേരളാ ടീം ആദ്യമായി ട്രെയിനില്‍ എ.സി കോച്ചില്‍ പോയപ്പോള്‍ കേരളാ ഫുട്ബാള്‍ അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റ്‌ മേത്തര്‍ പറഞ്ഞത് ഇതൊക്കെ അനാവശ്യം എന്നാണ്. കഴിഞ്ഞതവണ വരെ സ്ലീപ്പര്‍ ക്ലാസ്സിലാണ് ടീമിനെ അയച്ചു കൊണ്ടിരുന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് ഇതിനു മാറ്റം വരുത്തിയത്. ഇത് പോലെ പത്തും അന്‍പതും കൊല്ലം ഭരിക്കുന്ന അസോസിയേഷന്‍ മേധാവികളാണ് നമ്മുടെ ശാപം. ഇത് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ട് വന്നപ്പോള്‍ സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ നിരസിച്ചു പ്രതിഷേധിക്കുകയാണ് ഈ മഹാന്മാര്‍ ചെയ്തത്. ഗ്രാന്റ് ഇല്ലേല്‍ അവര്‍ക്കെന്താ, പാവം കളിക്കാര്‍ക്കല്ലേ കുഴപ്പം..... ഈ മഹാന്മാര്‍ ഇനിയും ഈ സ്ഥാനങ്ങളില്‍ തുടര്‍ന്നാല്‍ നമുക്ക് ഇനിയും ഉഗാണ്ടയ്ക്കും അസര്‍ബൈജാനുമോപ്പം ഒളിമ്പിക്സ് മെഡല്‍ പട്ടികയുടെ ഏറ്റവും അടിയില്‍ ഇരിക്കാം, അര്‍ജന്റീനയ്ക്കും സ്പെയ്നിനും പിന്തുണ പ്രഖ്യാപിച്ചു ലോകകപ്പുകള്‍ കണ്ടു പുളകം കൊള്ളാം.....
ജയ് ഹിന്ദ്‌

ദേ പിന്നെ: ഈ അസ്സോസിയേഷനുകളൊക്കെ വര്‍ഷങ്ങളായി ഭരിക്കുന്നത്‌ കോണ്‍ഗ്രസിന്റെയും ബി.ജെ.പി-യുടെയും പ്രമുഖ നേതാക്കളാ. പൂച്ചയ്ക്കാരു മണികെട്ടും? അല്ല ആരു കെട്ടും....!!!!

ശുഭം!
മംഗളം!
anoopesar
cartoons: The Hindu

ബുധനാഴ്‌ച, ജൂൺ 16, 2010

മിശിഹായും മെസ്സിയും പിന്നെ ഞങ്ങളും...















അതിജീവനത്തിനായി പോരാടുന്നവര്‍ക്ക് ആവേശം നല്കുന്നതാകട്ടെ ഈ ലോകകപ്പ്‌......
അധിനിവേശവീരന്മാര്‍ മുട്ടുകുത്തട്ടെ.........
ഫുട്ബോള്‍ മിശിഹായുടെ 'ദൈവത്തിന്റെ കൈകള്‍' ഇത്തവണ കപ്പുയര്‍ത്തട്ടെ.....
മരഡോണയ്ക്കും പിള്ളേര്‍ക്കും സര്‍വമംഗളങ്ങളും നേരുന്നു........


ശുഭം!
മംഗളം!
anoopesar

22 കൂലിക്കാര്‍ മൈതാനത്ത് പന്ത് തട്ടി കളിക്കുന്നതാണ് ഫുട്ബോള്‍ എങ്കില്‍ ഒരു തടിക്കഷണത്തില്‍ കുറെ കമ്പികള്‍ വലിച്ചുകെട്ടിയതാണ് വയലിന്‍; പേപ്പറില്‍ കുറെ മഷി പടര്‍ന്നതാണ് 'ഹാംലെറ്റ്' .
-ജെ.ബി പ്രീസ്റ്ലി

ഗ്രീനിനോട് പറയാനുള്ളത്.....




കുറ്റം 'ജബുലാനി'യുടെതാകാം......
പക്ഷെ......
ഗോളിമാര്‍ നന്ദി അര്‍ഹിക്കുന്നില്ല..........
അതവരുടെ നിയോഗമാണ്; സ്വയം തെരഞ്ഞെടുത്ത നിയോഗം.
എങ്കിലും എനിക്കിഷ്ടം ഗോളിയാവാനാണ്..........

Being a good person is like being a goal-keeper. No matter how many goals you will save, People will remember the only one you missed.
-Anonymous

ശുഭം!
മംഗളം!
anoopesar

വ്യാഴാഴ്‌ച, ജൂൺ 10, 2010

വിവ അര്‍ജന്റിനാ..........



ഭൂമി തന്നെ ഒരു പന്തിലേയ്ക്ക് ചുരുങ്ങുമ്പോള്‍........

എനിക്കിഷ്ടം ഗോളിയാവാനാണ്.......
ആള്‍ക്കൂട്ടത്തില്‍ തനിയെ...........
പരിശുദ്ധമായ ഏകാന്തതയും നുകര്‍ന്ന്.............
























ശുഭം
!
മംഗളം!
anoopesar

ശനിയാഴ്‌ച, മേയ് 29, 2010

വിവ കേരള....


തങ്ങളുടെ പരിമിതമായ വിഭവങ്ങളുപയോഗിച്ച് ദേശീയ ഐ ലീഗില്‍ സ്ഥാനം നിലനിര്‍ത്തിയ വിവ കേരളയ്ക്ക് അഭിനന്ദനങ്ങള്‍. പക്ഷേ മികച്ച പ്രകടനം നടത്തുമ്പോള്‍ പ്രധാനതാരങ്ങളെ മറ്റ് ക്ളബ്ബുകള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് റാഞ്ചുന്ന രീതി ഇത്തവണയും ആവര്‍ത്തിക്കപ്പെടുമെന്നാണ് കരുതേണ്ടത്. 10 ലക്ഷം ശമ്പളം വാങ്ങുന്ന പ്രധാന താരങ്ങള്‍ക്ക് 20 ലക്ഷം വരെയാണ് ഓഫര്‍ വന്നിരിക്കുന്നത്. ഒരുകൂട്ടം ഫുട്ബോള്‍ പ്രേമികളുടെ ശ്രമഫലമാണ് കേരളത്തിന്റെ അഭിമാനമായ വിവ കേരള. ക്ളബ്ബിന് കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് കിട്ടിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. വിവ കേരളയുടെ നിലനില്‍പ്പ് നമ്മുടെ ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഭരണകര്‍ത്താക്കളുടെ ശ്രദ്ധ ഈ വിഷയത്തിലേയ്ക്ക് ക്ഷണിക്കുന്നു. വിയര്‍പ്പ് ഓഹരിക്കാരുടെ സഹായം പ്രതീക്ഷിക്കുന്നില്ല..
ശുഭം!
മംഗളം!
anoopesar