ശനിയാഴ്‌ച, സെപ്റ്റംബർ 11, 2010

വിവാ 'വിവ കേരള'


ഒടുവില്‍ കേരളത്തിന്റെ അഭിമാനമായ 'വിവ കേരള'യ്ക്ക് സ്പോണ്‍സറെ ലഭിച്ച വിവരം സന്തോഷത്തോടും അതിലേറെ ആശ്വാസത്തോടും ഒരു കുഞ്ഞു ഫുട്ബോള്‍ പ്രേമി എന്ന നിലയില്‍ ഇവിടെ അറിയിക്കട്ടെ. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് മസ്ലി പവര്‍ എക്സ്ട്രാ ആണ് വിവ കേരളയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാത്രമല്ല, വിവയ്ക്ക് വേണ്ടി ഒരു ഫുട്ബോള്‍ അക്കാഡമിയും അവര്‍ തുടങ്ങുന്നുണ്ടത്രേ. ഏതായാലും ഇനി വിവയ്ക്ക് പണത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല എന്ന ഉറപ്പു അവര്‍ നല്‍കിക്കഴിഞ്ഞു. കൂടാതെ അന്തര്‍ദേശീയ നിലവാരമുള്ള ടീമുകളുമായി പരിശീലന മത്സരം നടത്താനുള്ള അവസരവും വിവയ്ക്ക് ഉണ്ടാകുമത്രേ.

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ ആയിരുന്ന സക്കീര്‍ ഉള്‍പ്പടെ ചിലരെ നഷ്ടമായെങ്കിലും കൂടുതല്‍ കളിക്കാരെയും പിടിച്ചു നിര്‍ത്താന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ ബഗാനില്‍ നിന്ന് കലോതുങ്കനേയും ചില വിദേശ കളിക്കാരെയും കൊണ്ട് വരാന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാനും മലബാര്‍ യുണൈറ്റെഡ് പോലുള്ള ടീമുകളുമായി ചേര്‍ന്ന് കേരളാ ഫുട്ബാളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിയുമാറാകട്ടെ എന്നും ആശംസിക്കുന്നു. നായനാര്‍ സ്മാരക ഫുട്ബോള്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കൊണ്ടുവന്ന ആവേശം ഇതിനു അവരെ സഹായിക്കുക തന്നെ ചെയ്യും....

വാല്‍ക്കഷണം: ഇന്ത്യയില്‍ ഫുട്ബോളിനുള്ള പരിശീലന സൗകര്യങ്ങള്‍ തീരെ നിലവാരമില്ലാ
ത്തതാണെന്നു ഇന്ത്യന്‍ കോച്ച് ബോബ് ഹൗട്ടണ്‍‍. പോര്‍ച്ചുഗലില്‍ പരിശീലനം നടത്താന്‍ മൂന്നു കോടി ചെലവാക്കിയതിന് അദ്ദേഹത്തെ ഇവിടത്തെ മേലാളന്മാര്‍ വഴക്ക് പറഞ്ഞപ്പോളാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്. നിലവാരമുണ്ടാക്കാനോക്കെ അവര്‍ക്കെവിടെ സമയം. അവര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ പെടാപാട് പെടുകല്ലേ. അതിനിടയിലെവിടാ ഫുട്ബാളിനേം ഹോക്കിയേം ഒക്കെ ഉദ്ധരിക്കാന്‍ സമയം?


ശുഭം!
മംഗളം!
anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....