ശനിയാഴ്‌ച, സെപ്റ്റംബർ 18, 2010

എന്തരാവോ എന്തോ?

കടയില്‍ നിന്ന് ഒരു സാധനം വാങ്ങാന്‍ ചെന്നു. കടക്കാരനാണേല്‍ വലിയ ബിസിനസ്‌ ഒന്നുമില്ലാതെ വെയില് വെക്കയും കുത്തി ഇരിപ്പാണ്. ഞാന്‍ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് വായിച്ചു. പുള്ളി അപ്പൊ ഒരേ ഡിമാണ്ട്. ഞാന്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പിന്നെ വാങ്ങിച്ചവയ്ക്ക് എന്തേലും കേടുവന്നാല്‍ അത് എന്റെ കുറ്റമാണ്. ദിവിടൊരൊപ്പ്, ദവിടെ, ദവിടെ, ദതിന്റെ ദപ്പുറത്ത് (കട: സ. കു). അങ്ങനെ ഇങ്ങനെ.... ഒരു വിധം സാമാന്യ ബുദ്ധിയുള്ളവനോക്കെ താന്‍ പോ ഊവ്വേ എന്നും പറഞ്ഞ് വേറെ ഏതേലും കടയില്‍ പോകും. പക്ഷെ അത് ചെയ്യാതെ അവിടത്തന്നെ കറങ്ങിത്തിരിഞ്ഞ്‌ നില്‍ക്കുവാണേല്‍ ഒന്നുകില്‍ എന്റെ തലയ്ക്കു എന്തോ വലിയ പ്രശ്നമുണ്ട്, അല്ലേല്‍ പുള്ളി എനിക്കെന്തോ വലിയ കൈക്കൂലി തരാമെന്നു പറഞ്ഞിട്ടുണ്ട്; ഈ സാധനമൊക്കെ വാങ്ങിക്കൊണ്ടുപോയി വീട്ടുകാരെ പറ്റിക്കാന്‍. എന്താണ് സംഭവമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ആണവ ബാധ്യതാ ബില്ലിന്റെ കാര്യം തന്നെ നോക്കുക. ഇവിടന്നു വളരെ ഗഷ്ടപ്പെട്ടു മനമോഹനനും സംഘവും ഒരു ബില്ലൊക്കെ പാസ്സാക്കി അയച്ചപ്പോള്‍ ഞാന്‍ കുറെ അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഒക്കെ പുള്ളിക്ക് അയച്ചു കൊടുത്തിരുന്നു. ആ കാശ് പോയെന്നാണ് തോന്നുന്നത്. ഈ ബില്ലും അമേരിക്കയിലെ മുതലാളിമാര്‍ക്ക് പോരത്രേ. ഈ റിയാക്ടറുകളില്‍ എന്തേലും അപകടം പറ്റിയാല്‍ മുഴുവന്‍ ബാധ്യതയും ഇന്ത്യക്കാരുടെ തലയില്‍ വരണമെന്നാണ് അവര്‍ പറയുന്നത്; അവര്‍ക്ക് അതിന്റെ ഒന്നും പിറകെ നടക്കാന്‍ സമയമില്ല. കാശുമില്ല. ഇപ്പൊ ബിസിനസ്‌ ഒന്നും ഇല്ലേലും അഹങ്കാരത്തിന് ഒരു കുറവുമില്ല. എന്നാല്‍ റഷ്യ, ഫ്രാന്‍സ് മുതലായവര്‍ക്ക് ഇങ്ങനത്തെ നിര്‍ബന്ധങ്ങളൊന്നുമില്ല. എന്നിട്ടും നമുക്കിതിക്കെ അമേരിക്കക്കാരുടെ കയ്യില്‍ നിന്ന് മതി. അപ്പോഴാണ്‌ ഞാന്‍ നേരത്തെ ചോദിച്ച ആ ചോദ്യം ഉയര്‍ന്നു വരുന്നത്. ഓര്‍ക്കുക, 30 മുതല്‍ 40 വരെ റിയാക്ടരുകളാണ് ഇന്ത്യ വാങ്ങാന്‍ പോകുന്നത്. ഓരോന്നിനും 10000-15000 കോടി വില വരും. എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ എന്നൊരു സംശയം. ഈ ആണവ കരാറിന്റെ പേരിലല്ലേ ഇവര്‍ ഇടതുപക്ഷവുമായി തെറ്റിയത്. അന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ നടന്ന വിശ്വാസവോട്ടെടുപ്പിന്റെ കാര്യമൊക്കെ ഓര്‍മയുണ്ടാകുമല്ലോ. കോഴയായി കിട്ടിയ കോടിക്കണക്കിനു രൂപ പാര്‍ലമെന്റില്‍ ചില എം.പി-മാര്‍ കൊണ്ടുവാന്നതും മറ്റും. ആ കേസൊക്കെ എവിടെയോ അലിഞ്ഞലിഞ്ഞു ഇല്ലാതായി. അന്ന് മറിഞ്ഞ കോടികളുടെ ഉറവിടം എന്താണെന്ന് ഈ അവസരത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇവര്‍ക്ക് നട്ടെല്ല് നിവര്‍ന്നു പറഞ്ഞൂടെ, എന്നാല്‍ പിന്നെ നിങ്ങളുടെ കയ്യില്‍ നിന്ന് വേണ്ടെടെയ് എന്ന്. അതോ നട്ടെല്ലും പണയം വെച്ചിരിക്കുവാണോ? ഇനി അവര്‍ പറയുന്നതെല്ലാം കേട്ടു, നമ്മുടെ കാശും കൊടുത്തു ഇതൊക്കെ വാങ്ങിക്കൂട്ടിയിട്ടൊടുക്കം... അല്ലേല്‍ ഞാന്‍ ഒന്നും പറയുന്നില്ല.

ഇതെല്ലാം കാണുമ്പോള്‍ ഒരു തിരുവന്തോരംകാരന്‍ എന്ന നിലയില്‍ എന്റെ ച്വാദ്യം ഇതാണ്,
"ദിതെല്ലാം കൂടി എന്തരാവോ എന്തോ?"

ശുഭം?
മംഗളം?
anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....