വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

കല്‍മാഡീചരിതം, മൂന്നാം ഖണ്ഡം....

ആഹ്ലാദിപ്പിന്‍, അര്‍മ്മാദിപ്പിന്‍....അങ്ങനെ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണു. 38 സ്വര്‍ണ്ണം ഉള്‍പ്പടെ 101 മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യയുടെ കായികതാരങ്ങള്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തു. മെഡല്‍ നേടിയവരും അല്ലാത്തവരുമായ എല്ലാ കായികതാരങ്ങള്‍ക്കും എന്‍റെ ഒരായിരം അഭിനന്ദനങ്ങള്‍. മത്സരിക്കുന്നതാണല്ലോ വിജയത്തേക്കാള്‍ പ്രധാനം. ഇന്ത്യക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ എല്ലാ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നന്ദി.... വേദികള്‍ ഒരുക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ആ തൊഴിലാളികള്‍ക്ക് ഇത്രയെങ്കിലും തിരിച്ചു നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞുവേന്നോര്‍ക്കുമ്പോള്‍ ഓരോ കായികതാരത്തിനും അഭിമാനിക്കാം.

അങ്ങനെ രണ്ടാം ഖണ്ഡം ഇവിടെ അവസാനിക്കുന്നു. ഗെയിംസിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളുടെ (ചാനലുകാര്‍ വന്നതുകാരണം വിവാദം എന്ന വാക്കിന്റെ ആ പഴേ എടുപ്പോക്കെ അങ്ങ് പോയി. പുതിയൊരണ്ണം കണ്ടുപിടിക്കണം. ഞാനതിനുള്ള ഗവേഷണത്തിലാണ്. കണ്ടുപിടിക്കുവാനെ അറിയിക്കാം. ഒരുപാടാവശ്യം വരുന്ന കോളാ...) കറ ഒരല്‍പ്പമെങ്കിലും ഇല്ലാതാക്കാന്‍ ഈ നേട്ടങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നത് സത്യമാണ്. ഇനിയിതാ മൂന്നാം ഭാഗത്തിലേയ്ക്ക്. ദത് തന്നെ, യേത്...

ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ ചെല കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ('കോമണ്‍വെല്‍ത്ത് അഥവാ നാട്ടുകാരുടെമുതല്‍' ) അപ്പൊ പലരും എന്നോട് ചോദിച്ചു. നിനക്ക് ദേശസ്നേഹം ഉണ്ടോടാ കോപ്പേ? "മോന്‍ ചത്താലും വേണ്ടീല ,മരുമോളുടെ കണ്ണീരു കണ്ടാല്‍ മതീ" അല്ലേ, ദങ്ങനെ ദിങ്ങനെ... എന്‍റെ മറുപടി ഇതാണ്. ഇവിടെ പ്രശ്നം ഒരാള്‍
പച്ചയായി അഴിമതി കാണിക്കുക, അഥവാ കക്കുക. അതും ചില്ലറയൊന്നുമല്ല. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ നെഞ്ചും വിരിച്ചു നടക്കുക. പ്രസിഡണ്ടിന്റെം പ്രധാനമന്ത്രീടെം ഒക്കെ മുന്നില്‍ നിന്ന് പരിപാടിക്ക് സ്വാഗതം പറയുക. എന്നിട്ട് നമ്മള്‍ ഒന്നും മിണ്ടിക്കൂടാ. അയാള്‍ക്ക്‌ കയ്യടിക്കണം. (നല്ല വിവരമുള്ള മനുഷ്യനാ, എ.പി.ജെ അബ്ദുല്‍ കലാമിനെ അബ്ദുല്‍ കലാം ആസാദ് എന്നൊക്കെ പറയുന്ന കേട്ടു. അത് കേട്ടു അബ്ദുല്‍കലാം അങ്ങടും ഇങ്ങടും ഒക്കെ നോക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് പറയുന്നു ചാള്‍സ് രാജകുമാരന്റെ കൂടെ വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ ഡയാന രാജകുമാരി ആണെന്ന്) സൗകര്യമില്ല എനിക്ക് ഈ കല്‍മാഡിക്കൊക്കെ കയ്യടിക്കാന്‍. അത് ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനായത് കൊണ്ടാ. ഞാനും കൂടി നികുതി കൊടുക്കുന്ന പൈസയാ പുള്ളി പച്ചക്ക് കട്ട് വീട്ടില്‍ കൊണ്ട് വെച്ചിരിക്കുന്നെ.

ഏഴു വര്ഷം മുന്‍പ് ഗെയിംസ് ഇന്ത്യക്ക് കിട്ടി. ആറര വര്ഷം ചുമ്മാ ഇരുന്നു. പിന്നെ അയ്യോ ഇനി ടെണ്ടര്‍ വിളിക്കാന്‍ സമയമില്ലല്ലോ എന്ന് വ്യാകുലപ്പെട്ടു സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും ചോദിച്ച പൈസക്ക് ടെണ്ടര്‍ കൊടുത്തു. എഴുപതിനായിരം കോടി പൊടിച്ചു. അതും സാധാരണക്കാരന്റെ കീശയില്‍ നിന്ന്. പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള ഫണ്ട്‌ വരെ ഗെയിമ്സിലെയ്ക്ക് വകമാറ്റി. എന്നിട്ടോ, ഗയിംസിന്റെ തലേന്ന് ഒരു മേല്‍പ്പാലം പൊളിഞ്ഞു വീണു. പിന്നെ നടന്നതൊന്നും ഞാന്‍ പറയണ്ടല്ലോ. ഉത്തരേന്ത്യന്‍ പത്രക്കാരൊക്കെ കല്‍മാടിക്കെതിരെ ആഞ്ഞടിച്ചു. അവരെ കല്‍മാഡി വേണ്ട രീതിയില്‍ ഗൗനിച്ചില്ല എന്നൊരു പരാതിയും ഉണ്ടായിരുന്നു. ആ പരാതി ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് സംഘാടകര്‍ അങ്ങ് തീര്‍ത്തു. പ്രധാന പത്രക്കാര്‍ക്കും മുതലാളിമാര്‍ക്കും വമ്പന്‍ ട്രീറ്റ്. അതിനു ശേഷം കല്മാടിക്കതിരെ പത്രക്കാര്‍(പ്രത്യേകിച്ചും ചാനല്‍ അവതാരങ്ങള്‍) കാര്യമായി മിണ്ടാതായി. ഐ.പി.എല്‍ കള്ളപ്പണ ഇടപാടുകളില്‍ അവര്‍ കാണിച്ച നിസംഗത നാം കണ്ടതാണല്ലോ. ദി ഹിന്ദുവിലെ സായിറാം പറഞ്ഞ പോലെ ഐ.പി.എല്ലിലുള്ള വന്‍ പരസ്യക്കമ്പനികളെ അങ്ങനെ പിണക്കാന്‍ പറ്റോ, അല്ലപിന്നെ.... അപ്പൊ പത്രക്കാരുടെ ശല്യവും തീര്‍ന്നു. എന്തിനാ അങ്ങു വടക്കൊക്കെ പോണേ? ഇവിടേം ഉണ്ടല്ലോ അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച വീരമാധ്യമശിങ്കങ്ങള്‍‍. ഒരുത്തനും ഒന്നും മിണ്ടുന്നില്ലല്ലോ? എവിടപ്പോയി ആ ഉശിരൊക്കെ, ഏ?

കല്‍മാഡി നില്‍ക്കാനും അറിയുന്ന കള്ളനാണെന്ന് നേരത്തെ തെളിയിച്ചതാണല്ലോ. (കക്കുന്നവനെ നമ്മുടെ നാട്ടില്‍ കള്ളനെന്നാ വിളിക്കുന്നെ, അതിനു എന്നോട് ചൂടായിട്ടു കാര്യമില്ല). കൊണ്ഗ്രസ്സുകാരനായിട്ടു കൂടി കരാറുകള്‍ കൊടുത്തപ്പോള്‍ പുള്ളി പാര്‍ട്ടി ഭേദം ആരോടും കാണിച്ചില്ല. അതോണ്ട് തന്നെ പ്രശ്നം രൂക്ഷമായപ്പോള്‍ പ്രധാന പ്രതിപക്ഷവും മഹാമൌനികളായി. കള്ളി വെളിച്ചത്തായാല്‍ അവരും കുടുങ്ങുമേ. ഡെല്‍ഹിലെ ചേരികള്‍ക്ക് മുന്നിലെല്ലാം വലിയ ഫ്ലക്സ് ബോര്‍ഡുകള്‍. ഗെയിംസ് കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ല. ഭിക്ഷക്കാരെയൊക്കെ വണ്ടികളില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. ചേരികള്‍ സായിപ്പന്മാര്‍ കണ്ടാല്‍ സൂപ്പര്‍ പവറായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇമേജിന് കോട്ടം തട്ടത്തില്ലായോ?
ഇനി ഒരു ചോദ്യം ഉണ്ട്. അഴിമതി നമ്മുടെ നാട്ടില്‍ അത്ര പുതിയതൊന്നുമല്ല. എന്നിട്ടും ഈ കല്‍മാഡിമക്കളുടെ കാര്യം മാത്രം എന്തേ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നെ എന്ന്. ദതിന്‍റെ ഉത്തരം ദിതാണ്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍, കൃത്യമായി പറഞ്ഞാല്‍ 1996 -ലെ ഇന്ത്യയിലും മറ്റുമായി നടന്ന ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ് മുതല്‍, ഞാന്‍ ഒരു കുഞ്ഞു കായിക പ്രേമി ആണ്. സാമാന്യം നല്ലൊരു ക്രിക്കറ്റ്‌ ഭ്രാന്തന്‍. എന്നാല്‍ കോഴ വിവാദത്തോടെ ക്രിക്കറ്റ്‌ പ്രേമം ഏതാണ്ടോടുങ്ങുകയും ഫുട്ബാള്‍ മുതലായവയുമായി പ്രണയത്തിലാവുകയും ചെയ്തു. സച്ചിന്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിപ്പോഴും സ്വല്പം ക്രിക്കറ്റ്‌ കാണുന്നെ. ക്രിക്കറ്റ്‌ ഒഴികെ മറ്റു ഏതു കായിക ഇനത്തിലാണ് ഒരു കായിക താരത്തിനു നല്ല രീതിയിലുള്ള ജീവിതം സാധ്യമാകുന്നത്. (ക്രിക്കറ്റിനും ആ അവസ്ഥ വിദൂരമല്ല. ഐ.പി.എല്‍ പൊന്മുട്ടക്ക് വേണ്ടി ആ താറാവിന്റെ കഴുത്തില്‍ കത്തി വെക്കുകയാനല്ലോ പവാറും പിള്ളേരും.) ഫെല്‍പ്സ് എന്ന നീന്തല്‍ക്കാരന്‍ ഒറ്റയ്ക്ക് നേടിയതിന്റെ പകുതി സ്വര്‍ണ്ണം പോലും ഈ നൂറ്റാണ്ടില്‍ ഒളിമ്പിക്സില്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അതിനു പ്രധാന കാരണം ഞാന്‍ നേരത്തെ പറഞ്ഞത് തന്നെയാണ്, അല്ലാതെ ഇവിടെ കഴിവില്ലാത്തവര്‍ ഇല്ലാഞ്ഞിട്ടൊന്നുമല്ല. ഏതെങ്കിലും ഒരു കായിക ഇനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചാല്‍ പിന്നീടുള്ള ജീവിതം മനോഹരമാകുമെന്നു എന്തുറപ്പാണുള്ളത്? കായിക രംഗത്ത് സജീവമാകുന്നവര്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നത് സ്വാഭാവികം, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. അതുകൊണ്ട് തന്നെ പഠിച്ചു നല്ലൊരു ജോലി സമ്പാദിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. കായിക രംഗത്ത് മികവു തെളിയിക്കുന്ന പലരും സാമ്പത്തികമായി അത്ര ഉയര്‍ന്ന സ്ഥിതിയില്‍ നിന്ന് വരുന്നവരായിരിക്കില്ല. അതു കൊണ്ട് തന്നെ ജീവിതം മിക്കപ്പോഴും ദുരിതമയമായിതീരുന്നു. മുപ്പത്തഞ്ചു വയസ്സോക്കെയാണ് സാധാരണ കായികതാരങ്ങളുടെ വിരമിക്കാന്‍ സമയമാകുമ്പോഴുള്ള പ്രായം. അവര്‍ പിന്നെ എങ്ങനെ ജീവിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി ഇന്ത്യന്‍ കായിക രംഗത്തിനു മുകളില്‍ ഡെമോക്ലസിന്റെ വാള് പോലെ തൂങ്ങിക്കിടക്കുന്നു. സ്വന്തം മകനോ മകളോ ഒരു പ്രൊഫഷനല്‍ കായിതാരമാകണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എത്ര മാതാപിതാക്കള്‍ ഭാരതത്തില്‍ ഉണ്ടാകും?

ഇക്കാര്യത്തില്‍ നമ്മുക്ക് മാതൃക അമേരിക്കയും, ചൈനയും, ആസ്ട്രെലിയയുമോക്കെയാണ്. അവിടെ കായികതാരങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും, ഉയര്‍ന്ന ജീവിത നിലവാരവും നാം കണ്ടു പഠിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇവിടയോ? ഇവിടെ ഫണ്ടില്ലാത്തത് കൊണ്ടൊന്നുമല്ല ഈ അവസ്ഥ എന്ന് കോമണ്‍വെല്‍ത്ത് എന്ന പേരില്‍ പൊടിച്ച കോടികളിലൂടെ നാം കണ്ടതാണ്. പക്ഷെ ഇതു കായികതാരങ്ങളില്‍ എത്തുന്നില്ല. ഭൂരിഭാഗവും അധികാരികള്‍ തന്നെ പങ്കിട്ടെടുക്കുന്നു. ഇതിന്റെ ഏറ്റവും നിന്ദ്യമായ ഉദാഹരണമാണ് ഈ കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇപ്പൊ നാം കയ്യടിക്കും. സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയവരെപ്പറ്റി രോമാഞ്ചം കൊള്ളും. രണ്ട് ദിവസം കഴിയുമ്പോള്‍ നാം ഇതെല്ലാം അങ്ങ് മറക്കുകയും ചെയ്യും. (അല്ലേലും നാം വലിയ മറവിക്കാരാ, അതോണ്ടാണല്ലോ ആന്റണിയുടെ മുണ്ട് മുറുക്കല്‍ ഭരണവും മറ്റും നാം പെട്ടെന്ന് തന്നെ അങ്ങു മറന്നു കളഞ്ഞത്..!!) പിന്നെ അവര്‍ എങ്ങനെ ജീവിക്കുന്നെന്നോ അവരുടെ അവസ്ഥ എന്തെന്നോ ആരും ചിന്തിക്കാറില്ല. എന്തിനേറെ നമ്മുടെ പി.ടി. ഉഷയെ ഉത്ഘാടനത്തിനു ഒന്ന് ക്ഷണിക്കാന്‍ പോലും സംഘാടകര്‍ കൂട്ടാക്കിയില്ല. 'സ്വന്തം വീട്ടിലെ കല്യാണത്തിനു വിളിക്കേണ്ട കാര്യമുണ്ടോ' എന്നൊക്കെ നമുക്ക് ഉപമിക്കാം. എന്നാല്‍ കല്യാണത്തിനു പോകുമ്പോള്‍ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു നിര്‍ത്തി എവിടെ വി.ഐ.പി പാസ് എന്നൊന്നും നമ്മോടു ചോദിക്കാറില്ല എന്ന് നാം മറന്നു കളഞ്ഞു.

ഈ കല്‍മാഡിമക്കള്‍ക്കൊന്നും കയ്യടിക്കാന്‍ എന്നെ കിട്ടില്ല. ഈ പുല്ലന്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി നമ്മുടെ അത്ലടിക്ക്സ് ഫെഡറേഷന്‍ അടക്കിവാഴുന്നു. കുറെ കാലമായി ഇന്ത്യന്‍ ഒളിമ്പിക്സ് ഫെഡറേഷനും. എന്നിട്ടെന്തായി?? മരുന്നിനു ഒരു അഭിനവ് ബിന്ദ്രയിലും, പെയ്സിലും സൈനയിലും മല്ലേശ്വരിയിലും മറ്റും ഒതുങ്ങുന്നു ഇന്ത്യന്‍ കായികരംഗം (ഏഷ്യാഡില്‍ കളിക്കാന്‍ ഇന്ത്യയുടെ രോമാഞ്ചങ്ങളായ ക്രിക്കറ്റ്‌ പുലികള്‍ക്ക് സമയമില്ല. കോടികള്‍ കിട്ടുന്നില്ലേല്‍ പിന്നെന്തു ഇന്ത്യ, ഏതു ഏഷ്യാഡ്?) കല്‍മാഡിക്കും മറ്റും എതിരെ അന്വേഷണം തുടങ്ങി എന്ന് കേട്ടു. അതൊക്കെ എവിടെ വരെ പോകും എന്ന് നമുക്ക് ഊഹിക്കാവുന്നെതെ ഉള്ളു. ഊഹിക്കാന്‍ പറ്റുന്നില്ലേല്‍ കേന്ദ്ര മന്ത്രിയായി ഇപ്പോഴും സസുഖം വാഴുന്ന ആ സ്പെക്ട്രം രാജയോടു ഒന്ന് ചോദിച്ചു നോക്കൊയാട്ടെ. ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ കായികരംഗത്തിന് ഒരു ഉണര്‍വ്വ് നല്‍കി എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ ഈ കല്‍മാഡിമാര്‍ ഇനിയും ഇന്ത്യന്‍ കായികരംഗം ഭരിച്ചാല്‍ പ്രതിഭകളുണ്ടായിട്ടും പണമുണ്ടായിട്ടും നമുക്ക് അസെര്‍ബിജാനും മോസാമ്ബിയക്കുമോപ്പം ഒളിമ്പിക്സ് മെഡല്‍ പട്ടികയുടെ കീഴില്‍ അന്ത്യവിശ്രമം കൊള്ളാം എന്നോര്‍മ്മിപ്പിച്ചു കൊണ്ട്
ജയ് ഹിന്ദ്‌...
ശുഭം!
മംഗളം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....