ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

ഒരു ജനതയുടെ ആത്മാവിഷ്കാരം....

ഒടുവില്‍ തങ്കമ്മ ചേച്ചിയുടെയും കുടുംബത്തിന്റെയും ഗൃഹപ്രവേശം നടന്നു. സ്പോണ്സര്‍മാരായ ശാന്തിമഠം ബില്‍ടെഴ്സ് നിര്‍മ്മിച്ച്‌ നല്‍കിയ വില്ലയില്‍ ഇന്നലെയാണ് തങ്കമ്മയും കുടുംബവും താമസമാക്കിയത്. ഒരു രൂപ പോലും തങ്കമ്മയ്ക്ക് ചെലവായില്ല. രജിസ്ട്രേഷന്‍ ഉള്‍പ്പടെ സര്‍വ ചെലവുകളും ശാന്തിമഠം ആണ് വഹിച്ചത്. കൂടാതെ ടി.വി, ഫ്രിഡ്ജ്, ഗാസ് കണക്ഷന്‍ മുതലായവയും ശാന്തിമടം നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ പോയി ഒന്ന് നോക്കുക.
http://www.kairalitv.in/TV/kairalisays.asp

പിന്നെന്തിനായിരുന്നു ഈ കുപ്രചരണങ്ങള്‍? കൈരളി ചാനലിനെ കുറ്റം പറയാന്‍ കിട്ടുന്ന ഒരവസരവും കളയാത്ത ചിലരുണ്ട്. ഇതില്‍ ഇവര്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നത് എന്ന് മനസിലാകുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളികളുടെ സ്വത്താണ് കൈരളി ഉള്‍പ്പെടുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റെഡ്. നമ്മുടെ താല്പര്യം സംരക്ഷിക്കുക മര്‍ഡോക്ക് നടത്തുന്ന ചാനലാണോ അതോ നമ്മള്‍ തന്നെ നടത്തുന്ന ചാനലാണോ എന്ന് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. സാധാരണക്കാരനായ ഒരു മധ്യവര്‍ഗക്കാരന് എനിക്ക് മൂന്ന് ചാനലുണ്ട് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നത്‌ ഈ കൊച്ചു കേരളത്തില്‍ മാത്രമായിരിക്കും. ശരിയാണ്, ഷെയര്‍ ഉള്ളവരില്‍ കൂടുതലും ഇടതുപക്ഷ ചിന്താഗതിക്കാരാണ്. അതിനു കാരണം കേരളത്തിന്റെ ഇടതുപക്ഷ മനസ്സാണ്. ഇതു പലര്‍ക്കും ദഹിച്ചെന്നു വരില്ല; പക്ഷെ ഇതല്ലേ സത്യം? കൈരളി 'ഒരു ജനതയുടെ ആത്മാവിഷ്കാരം' തന്നെയാണ്.

റിയാലിറ്റി ഷോ കേരളത്തില്‍ ആദ്യമായി രംഗപ്രവേശം നടത്തുന്നത് പത്തുവര്‍ഷം മുന്‍പ് കൈരളിയിലൂടെയാണ്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പേരിലുള്ള 'ഗന്ധര്‍വ സംഗീതം' ആയിരുന്നു ആ പരിപാടി. എന്നാല്‍ മറ്റു പല റിയാലിറ്റി ഷോകളിലും കാണുന്ന പോലെ എലിമിനേഷന്‍ കണ്ണീര്‍പ്പുഴയും മറ്റു മസാലകളും ഈ പരിപാടിയില്‍ കാണാന്‍ കഴിയില്ല. യേശുദാസ് പല റിയാലിറ്റി ഷോകളിലെയും ജഡ്ജുകളെ രൂക്ഷമായി വിമര്‍ശിച്ചു സംസാരിക്കുകയുണ്ടായി. പരിപാടി കാണാന്‍ ആളെക്കൂട്ടാനായി വളര്‍ന്നു വരുന്ന യുവപ്രതിഭകളുടെ മനോവീര്യം കെടുത്തുന്ന രീതിയിലാണ് പല ജഡ്ജുമാരും പെരുമാറുന്നത്. എന്നു ഗന്ധര്‍വ സംഗീതത്തില്‍ ഈ രീതി വരുന്നോ അന്ന് തന്‍റെ പേര് ഈ പരിപാടിയില്‍ നിന്ന് മാറ്റണമെന്ന് യേശുദാസ് പറഞ്ഞു. ഇതു വരെ അതിനുള്ള അവസരം 'ഗന്ധര്‍വ സംഗീതം' ഉണ്ടാക്കിയിട്ടില്ല. കവിതകള്‍ക്കായുള്ള 'മാമ്പഴം', മാപ്പിളപ്പാട്ടുകള്‍ക്കുള്ള 'പട്ടുറുമാല്‍', കഥാപ്രസംഗത്തിനുള്ള 'കഥ പറയുമ്പോള്‍' എന്നിങ്ങനെ എത്രയെത്ര പരിപാടികള്‍....

പ്രവാസലോകം : ദി റിയല്‍ റിയാലിറ്റി ഷോ

യഥാര്‍ത്ഥത്തില്‍ റിയാലിറ്റി ഷോ എന്നു ആത്മാര്‍ഥമായി ഒരു പരിപാടിയെ വിളിക്കാമെങ്കില്‍ അത് കൈരളിയുടെ 'പ്രവാസലോകം' ആണ്. പത്തു വര്‍ഷം പിന്നിട്ട ഈ പരിപാടി കാണാതായവരെത്തേടിയുള്ള ഒരു അന്വേഷണമാണ്. 2000 ആഗസ്റ്റ്‌ 24 നാണ് ഈ പരിപാടി ആരംഭിച്ചത്. ജോലി തേടിയും മറ്റും വിദേശത്ത് പോവുകയും പിന്നീടു കാണാതാവുകയും ചെയ്ത പലരെയും തിരിച്ചു കൊണ്ടുവരാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. പ്രശസ്ത ചലച്ചിത്ര സംവിധായകനും കൈരളിയുടെ മേധാവികളില്‍ ഒരാളുമായ പി. ടി. കുഞ്ഞുമുഹമ്മതാണ് പ്രവാസലോകത്തിന്റെ അവതാരകന്‍. സംവിധാനം റഫീക്ക്.

പ്രവാസികള്‍ മലയാളികളുടെ ആന്തരിക സത്തയുടെ ഒരു ഭാഗം തന്നെയാണ്. ഒരു ഗള്‍ഫുകാരനെങ്കിലും ബന്ധു ആയില്ലാത്ത മലയാളികളുടെ എണ്ണം കുറയും. നാം ഇന്ന് അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളില്‍ പ്രവാസികളുടെ കണ്ണീരും വിയര്‍പ്പും ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌ എന്നു മറക്കാന്‍ കഴിയില്ല. സ്വന്തം കുടുംബത്തിനായി ജോലി തേടി ഗള്‍ഫിലെത്തുകയും അവിടെ ജയിലില്‍ അകപ്പെടുകയും ചെയ്ത വളരെയധികം പേരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ പ്രവാസലോകത്തിനു കഴിഞ്ഞിട്ടുണ്ട്. ജപ്പാനിലെ ജയിലില്‍ നിന്ന് പോലും ഒരാളെ അടുത്തിടെ പ്രവാസലോകം ഇടപെട്ടു മോചിപ്പിച്ചിരുന്നു. വിദേശത്ത് മാത്രമല്ല നമ്മുടെ നാട്ടില്‍തന്നെ കാണാതായ പലരെയും പ്രവാസലോകം തിരിച്ചു കൊണ്ടുവന്നു. പ്രവാസലോകത്തിന്റെ സ്റ്റുഡിയോയില്‍ വീഴുന്ന ഉറ്റവരെ നഷ്ടപ്പെട്ട അമ്മമാരുടെയും ഭാര്യമാരുടെയും കണ്ണീരിന്റെ പവിത്രതയും സത്യസന്ധതയും ഒരു റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ നാട്യങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല.


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

1 അഭിപ്രായം:

  1. പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....