ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010

കോമണ്‍വെല്‍ത്ത് അഥവാ നാട്ടുകാരുടെ മുതല്‍........

"എന്റെ കളിക്കൂട്ടുകാരനായ സൈമണ്‍ മുതല്‍ നജീബിന്റെ ജൂനിയര്‍ താരം അജിത് വരെയുള്ളവര്‍ പന്തിനു പുറകെ പാഞ്ഞവരാണ്. കീറിത്തുന്നിയ ബൂട്ടുമായി അജിത് കൃത്യനിഷ്ഠയോടെ ഗ്രൗണ്ടിലെത്തുമ്പോള്‍ അവന്റെ വയറ്റില്‍ വിശപ്പിന്റെ തീക്കനലുണ്ടായിരുന്നു. ഉണ്ടായിരുന്ന ഊര്‍ജം ഗ്രൗണ്ടില്‍ പ്രാക്ടീസിനായി കത്തിച്ചുകളഞ്ഞ് വീട്ടിലേക്കു തിരിക്കുന്ന അവന്റെ വിശപ്പിന്റെ ആളിക്കത്തല്‍ എനിക്ക് ഊഹിക്കാം. മികവുറ്റ കളിക്കാരനായിരുന്നിട്ടും ഉപജീവനത്തിനായി പെട്രോള്‍ബങ്കില്‍ കിട്ടിയ ജോലിക്കു പുറകെ പോയ അവനെ ആര്‍ക്ക് കുറ്റപ്പെടുത്താനാവും? നജീബ് പറയാറുണ്ട്, ഒരിക്കലും പ്രാക്ടീസ് മുടക്കാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ അവധിയെടുക്കുന്നുവെങ്കില്‍ ഊഹിച്ചാല്‍ മതി, കോണ്‍ക്രീറ്റ് പണിക്കോ കാറ്ററിങ്ങിനോ അവന്‍ പോയിട്ടുണ്ടാകും. അവിടെ സഹായിച്ചുകൊടുത്താല്‍ പണം കിട്ടും. പണം കിട്ടിയാല്‍ അമ്മയ്ക്ക് ചെലവിന് കൊടുക്കാം എന്നു പറയുന്ന കുട്ടികളെ ആര്‍ക്ക് കുറ്റപ്പെടുത്താനാകും? വിശക്കാത്തവന് ഇവിടെ ഉന്നത വിദ്യാഭ്യാസം കിട്ടാന്‍ എളുപ്പമാണ്. ഇല്ലാത്ത കഴിവ് ഉണ്ടാക്കിയെടുത്ത് ജീവിതം കളിച്ചുതീര്‍ക്കേണ്ടതില്ല. വിദ്യാഭ്യാസവും കളിയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ ഉണ്ടാകാം. പല കളിക്കാര്‍ക്കും അതിനു കഴിയാറില്ല എന്നതാണ് സത്യം. പഠിക്കേണ്ട കാലം മുഴുവന്‍ പന്തുകളിക്കാനായി വിനിയോഗിച്ചവര്‍ സെലക്ഷന്‍ വേളയില്‍ തഴയപ്പെടുന്നത് സങ്കടകരമാണ്. ജൂനിയര്‍ ഡിസ്ട്രിക്ട് കളിച്ചിട്ടും എന്റെ മകനെ കളിയുടെ കാണാവഴികളിലേക്ക് കയറൂരിവിടാഞ്ഞതും ഇതുകൊണ്ടൊക്കെത്തന്നെ."
-റംല നജീബ്‌ (പ്രശസ്ത കോച്ച് നജീബിന്റെ പത്നി)
'പെണ്ണിന്റെ സഹനമാണ് ആണിന്റെ ഫുട്‌ബോള്‍' (മാതൃഭൂമി സ്പോര്‍ട്സ് മാസിക)

അതാണ്‌ നമ്മുടെ രാജ്യത്തിലെ കായിക രംഗത്തിന്റെ അവസ്ഥ (ക്രിക്കറ്റ്‌ ഒഴിച്ച്). കളിക്കാന്‍ മൈതാനങ്ങളില്ല. കളിയിലൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട. 700 രൂപയാണത്രേ ഇന്ത്യന്‍ ടീമിലെ ഫുട്ബോള്‍ കളിക്കാരുടെ കളിക്കോ പരിശീലനത്തിനോ ഉള്ള ദിവസവേതനം. ഇങ്ങനുള്ള നമ്മുടെ നാട്ടില്‍ ദേ ഇങ്ങനെയും ഒരു വാര്‍ത്ത...

"നാലായിരം രൂപയുടെ ടോയ്‌ലറ്റ് ടിഷ്യൂവിനും 29 ലക്ഷത്തിന്റെ സമോസയ്ക്കും പിറകെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ അത്ഭുത കണക്കുകള്‍ വീണ്ടും പുറത്തുവരുന്നു. സംഘാടക സമിതി വാട്ടര്‍ജഗ്ഗ് വാങ്ങിയത് 168 രൂപയ്ക്ക്. വാങ്ങിയത് തികയാഞ്ഞിട്ടോ എന്തോ കുറേ വാടകയ്ക്കുമെടുത്തു. അതുപക്ഷേ, ഒരു ജഗ്ഗിന് 2,145 രൂപയ്ക്കാണെന്നു മാത്രം! ഇവിടെയും തീരുന്നില്ല സംഘാടക സമിതിക്കാരുടെ പണം ചെലവാക്കാനുള്ള പ്രത്യേക വൈഭവം. എട്ടു ലക്ഷം രൂപയുടെ ജനറേറ്റര്‍ വാടകയ്‌ക്കെടുത്തത് 11,38,498 രൂപയ്ക്ക്. 44 ലക്ഷത്തിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് മെഷീന്‍ വാടകയ്‌ക്കെടുത്തതാവട്ടെ 2.84 കോടി രൂപയ്ക്കും. വാട്ടര്‍ ഡിസ്‌പെന്‍സര്‍ 36,384 രൂപ, എയര്‍ ഫ്രെഷ്‌നര്‍ 1,606 രൂപ, സ്റ്റൂള്‍ 7,543 രൂപ, ഫാന്‍ 8,693 രൂപ, മേശ 8776 രൂപ എന്നീ നിരക്കിലാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. വിവിധ സാധനങ്ങളും ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത് താത്കാലികമായ സൗകര്യങ്ങള്‍ തരപ്പെടുത്താന്‍ 600 കോടി രൂപയോളമാണ് സംഘാടക സമിതി ചെലവാക്കിയത്. 40 കോടിയുടെ ബലൂണ്‍, പത്തുലക്ഷത്തിന്റെ ട്രെഡ് മില്‍ തുടങ്ങി വിവിധ സാധനങ്ങള്‍ വന്‍വിലയ്ക്ക് വാടകയ്‌ക്കെടുത്തതിന്റെ കഥ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു."

എന്ത് പറയാന്‍? ചൈന കഴിഞ്ഞ ഒളിമ്പിക്സിനു ചെലവാക്കിയതിനെക്കാള്‍ കൂടുതല്‍ ഈ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ചെലവാക്കുകയാണത്രേ... പക്ഷെ എന്ത് കാര്യം? ഒക്ടോബര്‍ 3 നു തുടങ്ങേണ്ട ഗെയിംസിന്റെ ഒരുക്കങ്ങള്‍ ഒന്നും ആയില്ലെന്നാണ് കേട്ടത്. മൈതാനങ്ങളുടെ പണി ഒന്നും കഴിഞ്ഞിട്ടില്ല. പണികഴിഞ്ഞവയുടെ മേല്‍ക്കൂരകള്‍ കഴിഞ്ഞ മഴയില്‍ തകര്‍ന്നു വീണു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റും പൂനയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പി-യുമായ സുരേഷ് കല്‍മാഡി എന്ന മഹാനാണ് ഗെയിംസിന്റെ മുഖ്യ മുതലാളി. പുള്ളി തന്നെയാണ് ഇന്ത്യന്‍ അത്ലെടിക്സ് ഫെഡറെഷന്റെയും ആജീവനാന്ത പ്രസിഡന്റ്‌. കുറ്റം പറയരുതല്ലോ, ഇന്ത്യ ഓരോ ഒളിമ്പിക്സിനും പോയി കൊണ്ടുവരുന്ന ചാക്കുകണക്കിനു സ്വര്‍ണത്തിന്റെയും വെള്ളിയുടെയുമൊക്കെ ഫുള്‍ ക്രെഡിറ്റും പുള്ളിക്കാണ്. പുള്ളിയുടെ മഹത്വം കാരണമാണല്ലോ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയായ മുന്‍ കായിക മന്ത്രി മണിശങ്കര്‍ അയ്യര്‍ ഈ ഗെയിംസ് പൊളിയണേ എന്ന് ആഗ്രഹിക്കുന്നത്. ഈ ഗെയിംസ് വിജയിച്ചാല്‍ ഇനിയും ഇതുപോലുള്ളവ ഈ മഹാന്മാര്‍ ഏറ്റുപിടിക്കില്ലേ? കുറെ സാറന്മാര്‍ക്ക്‌ ജനങ്ങളുടെ ചെലവില്‍ വലിയൊരു ആപ്പീസും തുറന്നു മാസം തോറും വലിയ തുക എഴുതിയെടുക്കാനും, സ്വന്തക്കാര്‍ക്ക് കരാറുകള്‍ കൊടുക്കാനും മാത്രമായി എന്തിനാണിങ്ങനെയൊരു മേള? അഴിമതിയുടെ നാറിയ കഥകള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയല്ലേ. നഗരം മോടിപിടിപ്പിക്കല്‍ എന്ന് പറഞ്ഞു ഡല്‍ഹിയിലെ ചേരിനിവാസികളെയെല്ലാം വഴിയാധാരമാക്കി. ചിക്കന്‍ പോക്സ് വന്നാല്‍ പുറത്തു പാടുകള്‍ വരും. പാടുകള്‍ ഇല്ലാതാക്കിയാല്‍ രോഗം മാറുമോ? ദാരിദ്ര്യത്തിനല്ലേ ചികിത്സ വേണ്ടത്? തണുപ്പുകാലത്ത് വീടില്ലാത്തവര്‍ക്ക് കഴിയാന്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞു. റോഡരികില്‍ തണുപ്പ് മൂലം ആളുകള്‍ മരിക്കുന്ന വാര്‍ത്തകള്‍ വന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് അനുവദിച്ച ഫണ്ട്‌ പോലും മേളയ്ക്കായി വകമാറ്റി ചെലവഴിച്ചു. മേളയുടെ പേരില്‍ ഡല്‍ഹിയിലെ നികുതികള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. എന്തിനാണ് ഈ പണമെല്ലാം ഉപയോഗിച്ചത്? ഇന്നലെ ഒരു വാര്‍ത്ത കണ്ടു. മൈതാനങ്ങള്‍ മോടിപിടിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ചു ചെടിചെട്ടികള്‍ വാങ്ങി. എന്നിട്ടോ? അവ മൈതാനത്തില്‍ കയറ്റിപ്പോകരുതെന്നു ഇപ്പൊ പോലീസ്. ഇനി അവ ഡല്‍ഹിയിലെ റോഡുകളുടെ ഇരുവശങ്ങളിലുമായി നിരത്താന്‍ പോവുകയാണത്രേ....

ഇന്ത്യന്‍ ഫുട്ബാള്‍ താരം ബൂട്ടിയ (പുള്ളിയുടെ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആണെന്ന് തോന്നുന്നു, ഫുട്ബാള്‍ അല്ലേ ആര്‍ക്കറിയാം?) പറഞ്ഞത് പോലെ നമുക്ക് വേണ്ടത് ഈ ഗെയിംസുകള്‍ അല്ല, കളിയ്ക്കാന്‍ മൈതാനങ്ങളാണ്. ഈ ഗെയിംസിന് പൊടിച്ച പണമുണ്ടായിരുന്നേല്‍ എത്ര മൈതാനങ്ങള്‍ ഒരുക്കാമായിരുന്നു? എത്രയോ കായികതാരങ്ങളുടെ ജീവിതം മെച്ചപ്പെടുത്താമായിരുന്നു? ഇത്തവണ ബംഗാളില്‍ സന്തോഷ്‌ ട്രോഫി കളിയ്ക്കാന്‍ കേരളാ ടീം ആദ്യമായി ട്രെയിനില്‍ എ.സി കോച്ചില്‍ പോയപ്പോള്‍ കേരളാ ഫുട്ബാള്‍ അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റ്‌ മേത്തര്‍ പറഞ്ഞത് ഇതൊക്കെ അനാവശ്യം എന്നാണ്. കഴിഞ്ഞതവണ വരെ സ്ലീപ്പര്‍ ക്ലാസ്സിലാണ് ടീമിനെ അയച്ചു കൊണ്ടിരുന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് ഇതിനു മാറ്റം വരുത്തിയത്. ഇത് പോലെ പത്തും അന്‍പതും കൊല്ലം ഭരിക്കുന്ന അസോസിയേഷന്‍ മേധാവികളാണ് നമ്മുടെ ശാപം. ഇത് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ട് വന്നപ്പോള്‍ സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ നിരസിച്ചു പ്രതിഷേധിക്കുകയാണ് ഈ മഹാന്മാര്‍ ചെയ്തത്. ഗ്രാന്റ് ഇല്ലേല്‍ അവര്‍ക്കെന്താ, പാവം കളിക്കാര്‍ക്കല്ലേ കുഴപ്പം..... ഈ മഹാന്മാര്‍ ഇനിയും ഈ സ്ഥാനങ്ങളില്‍ തുടര്‍ന്നാല്‍ നമുക്ക് ഇനിയും ഉഗാണ്ടയ്ക്കും അസര്‍ബൈജാനുമോപ്പം ഒളിമ്പിക്സ് മെഡല്‍ പട്ടികയുടെ ഏറ്റവും അടിയില്‍ ഇരിക്കാം, അര്‍ജന്റീനയ്ക്കും സ്പെയ്നിനും പിന്തുണ പ്രഖ്യാപിച്ചു ലോകകപ്പുകള്‍ കണ്ടു പുളകം കൊള്ളാം.....
ജയ് ഹിന്ദ്‌

ദേ പിന്നെ: ഈ അസ്സോസിയേഷനുകളൊക്കെ വര്‍ഷങ്ങളായി ഭരിക്കുന്നത്‌ കോണ്‍ഗ്രസിന്റെയും ബി.ജെ.പി-യുടെയും പ്രമുഖ നേതാക്കളാ. പൂച്ചയ്ക്കാരു മണികെട്ടും? അല്ല ആരു കെട്ടും....!!!!

ശുഭം!
മംഗളം!
anoopesar
cartoons: The Hindu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....