ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

ചില സ്വാതന്ത്ര്യദിന ചിന്തകള്‍........

നമ്മുടെ ഭാരതാംബ അറുപത്തിമൂന്ന് വയസ്സ് പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ചിരിക്കണോ കരയണോ എന്നുള്ള കണ്ഫ്യൂഷനിലാണ് ഈ പാവം ഞാന്‍. ഒരു വശത്ത് മമതോയിസ്ടുകള്‍(മാവോ എന്ന പേരിവിടെ മിണ്ടിപ്പോവരുത്‌; അവര്‍ക്ക് പുള്ളിയുമായി യാതൊരു കണക്ഷനും ഇല്ല), മറുവശത്ത് വിലക്കയറ്റം, പിന്നൊരു ആണവ ബാധ്യതാ ബില്‍, കോമണ്‍മാന്‍സ്‌ വെല്‍തില്‍ കയ്യിട്ടു വാരുന്ന കല്‍മാഡി-സ്പെക്ട്രം രാജാ കൂട്ടങ്ങള്‍, ഇതൊന്നും അറിയാതെ ലാവലിനും തിന്നു ജീവിക്കുന്ന കുറെ പത്രക്കാര്‍...... ഇവിടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നു. ഓണത്തിന് പോലും നമുക്ക് തരാന്‍ കേന്ദ്രത്തിന്റെ കയ്യില്‍ അരിയില്ല; അപ്പൊ ദേ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ കേന്ദ്രം സംഭരിച്ച അരി ചീഞ്ഞു നാറുന്ന കാഴ്ച. ഒടുവില്‍ ഭക്ഷണ ധാന്യങ്ങള്‍ ഇങ്ങനെ നശിപ്പിക്കാതെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ സുപ്രീം കോടതിയ്ക്ക് പറയേണ്ടി വന്നു. എന്നിട്ടോ, സിംഹന്‍ കേട്ട ഭാവം നടിക്കാതെ തിരിഞ്ഞു കിടന്നുറങ്ങുന്നു. പിന്നെ കുറ്റം പറയരുതല്ലോ, ഇടയ്ക്ക് ഉണരുമ്പോഴോക്കെ വന്നു എണ്ണവില കൂട്ടി നമ്മെ സഹായിക്കുന്നുണ്ട് ആ മഹാന്‍, താന്ക്സ്.... യുവരാജാവ് ഇടയ്ക്കൊക്കെ വന്നു കോളേജ് പിള്ളേരുടെ ഇടയിലൂടെ നടന്നു 'ആം ആദ്മി' കളിച്ചു പോകാറുണ്ട്. ഭേദം നമ്മുടെ തിരുവന്തോരം എം.പിയാ. വര്‍ഷത്തിലൊരിക്കലോക്കെ ഇവിടെ വന്നു നമ്മുടെ സുഖവിവരമോക്കെ അന്വേഷിക്കാറുണ്ട്. കഴിഞ്ഞ ഓണത്തിന് ചന്ദ്രശേഖരന്‍ നായര്‍ സ്ടെടിയത്തില്‍ വന്നു ഇത് തന്റെ കേരളത്തിലെ ആദ്യത്തെ ഓണമാണന്നൊക്കെ പറയുന്നത് കേട്ട് എനിക്കുണ്ടായ രോമാഞ്ചം ദേ ഇപ്പോഴും മാറിയിട്ടില്ല. മന്ത്രിസ്ഥാനം പോയശേഷം വേറെ വിവരമൊന്നുമില്ല. ഇടയ്ക്ക് നോര്‍ത്തിലെ വല്ല അമ്പലത്തിലോ മറ്റോ ഭാവി വധുവുമായി കറങ്ങുന്ന വാര്‍ത്ത കേള്‍ക്കാം, അത്രതന്നെ. ന്യൂസേഷ് കുമാര്‍ (ഇപ്പൊ വീരേഷ് കുമാര്‍ എന്ന് പേര് മാറ്റിയെന്നു കേട്ടു) പറഞ്ഞ പോലെ ഇതിനിടേല്‍ കുറവന്കോണത്തെ തങ്കപ്പന്റെ കാര്യമൊക്കെ അന്വേഷിക്കാന്‍ പുള്ളിക്കെവിടെ സമയം. ശരിക്കും തിരുവന്തോരം മണ്ഡലത്തിന്റെ പുഷ്കരകാലം. പിന്നൊന്ന് പറയാന്‍ വിട്ടു, വിവാഹ മംഗളാഷംസകള്‍...
മമതചേച്ചിയെ ക്കുറിച്ച് പറയുവാനാണേല്‍ അനന്തന്റെ ആയിരം നാവും മതിയാകുമെന്ന് തോന്നുന്നില്ല. അത്രയ്ക്കുണ്ട് ഭവതിയുടെ വീര സാഹസിക കൃത്യങ്ങള്‍. ഭവതി ആ ലോകസഭയില്‍ ഒന്ന് വന്നു കണ്ടാല്‍ മതിയായിരുന്നു. അതെങ്ങാനെ ബംഗാളിലെ ഇലക്ഷന്‍ വരുവാ, അതിന്റിടയ്ക്കാ ഒരു ലോകസഭേം മന്ത്രിയാപ്പീസും. ഇതിനിടയിലും ഒരു ആഴ്ചേം ഓരോ ട്രെയിനപകടം വെച്ച് സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? പിന്നെ എണ്ണം തികഞ്ഞില്ലേല്‍ സഹായിക്കാന്‍ മമതോയിസ്റ്റ് അണ്ണന്മാര്‍ ഉണ്ടല്ലോ, അവ്ര്‍ക്കാണേല്‍ മമതാജിയാണല്ലോ ഇപ്പൊ കണ്‍കണ്ട ദൈവം. അവരുടെ റാലി ഉദ്ഘാടിക്കുന്നത് തന്നെ ഭവതിയല്ലേ. കാശൊക്കെ ഇപ്പൊ നല്ല പോലെ പുറത്തുന്നു ഒഴുകുന്നുണ്ടല്ലോ. മാവോയിസ്ടുകളാ സോറി മമതോയിസ്ടുകളാ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിംഹനും ചിദംബരനും ഇടയ്ക്കിടയ്ക്ക് വന്നു പറയാറുണ്ട്‌. അവര്‍ക്കൊക്കെ എന്തും ആവാമല്ലോ, അടുത്ത ഇലക്ഷന് ബംഗാള്‍ പിടിച്ചില്ലേല്‍ ആര്‍ക്കാ ചേതം? അവിടാണെങ്കില്‍ ഇപ്പൊ കോണ്‍ഗ്രസിന്റെ പൊടിപോലും കാണാനില്ല, ആകെയുള്ള സഹായം ആ പിള്ളേരാ. അവരാണേല്‍ അവിടെയുള്ള സഖാക്കളെയൊക്കെ ഓടിച്ചിട്ട്‌ തല്ലിക്കൊല്ലുന്നുമുണ്ട്. അപ്പഴാ ഒരു ചിദംബരവേദാന്തം. തന്റെ എം.പീമാരില്ലേല്‍ കാണാമായിരുന്നു, ഇവരൊക്കെ ഈ മന്ത്രിക്കസേരയില്‍ ഇരിക്കുന്നെ. പിന്നെ പുള്ളി പറച്ചില്‍ മാത്രേ ഉള്ളു, അതൊന്ടങ്ങ്‌ ഷമിച്ചു. അല്ല പിന്നെ.......

യഥാര്‍ഥ ഭാരതം ഗ്രാമങ്ങളില്‍ ആണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ കാണാന്‍ യുവരാജാവ് പണ്ടൊരു യാത്ര പോയിരുന്നു. എന്തോ അങ്ങിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടിപ്പോ അങ്ങനത്തെ എരിയയിലോന്നും പുള്ളി കാലെടുത്തു കുത്താറില്ല. അല്ലെതന്നെ ഈ പുവര്‍ പീപ്പിള്സിന്റെ കാര്യമൊക്കെ നോക്കാന്‍ പോയാല്‍ വലിയ പാടാ. വിലക്കയറ്റം പിടിച്ചു നിര്‍ത്തണം, എണ്ണവില കുറയ്ക്കണം, റേഷന്‍ കടകള്‍ അടച്ചു പൂട്ടരുത്, കടങ്ങള്‍ എഴുതിത്തള്ളണം, ഭക്ഷണം, ജോലി അങ്ങനെ എന്തൊക്കെ അങ്ങനെ എന്തൊക്കെ ആവശ്യങ്ങളാ. അതൊക്കെ നോക്കാന്‍ പോയ പിന്നെ ഒബാമയണ്ണന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ആര് നോക്കും? അല്ല, ആര് നോക്കും..... നമുക്കണേല്‍ എന്തൊക്കെ കാര്യങ്ങളാ, അവിടെ ആപ്പീസും പൂട്ടി നില്‍ക്കുന്ന റിയാക്ടര്‍ കമ്പനികളെ എന്തേലും ബിസിനസ് കൊടുത്തു രക്ഷിക്കണം, പിന്നെ എന്തേലും പ്രശ്നം വന്നാല്‍ അവര്‍ക്ക് സുഖമായി തലയൂരാന്‍ ബാധ്യതാ ബില്‍ പാസാക്കണം, ആ പാവപ്പെട്ട അംബാനിക്കുട്ടികളെ ഒന്ന് രക്ഷപ്പെടുത്തിയെടുക്കണം, ഓരോ കായിക മേള നടത്തി അഴിമതിയിലെ നമ്മുടെ കഴിവുകള്‍ ലോകം മുഴുവന്‍ എത്തിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളെയൊക്കെ ഏതേലും വേദനിക്കുന്ന കൊടീശ്വരന്മാരെ ഏല്‍പ്പിച്ചു കുറച്ചു കമ്മീഷന്‍ സംഘടിപ്പിക്കണം, ആ കോര്‍പ്പറേറ്റ് നികുതികളൊക്കെ അങ്ങ് എഴുതിത്തള്ളണം. അതിന്റിടയ്ക്കാ കര്‍ഷക ആത്മഹത്യേം, വനിതാ സംവരണോം, വിലക്കയറ്റോം, തീവ്രവാദോം ഒക്കെ പൊക്കിപ്പിടിച്ച് ഓരോരുത്തര് വരുന്നേ. അല്ല നമ്മളെന്തിനാ അവരെയൊക്കെ മൈന്‍ഡ് ചെയ്യുന്നേ, ഇലക്ഷന്‍ ഇനി മൂന്നാല് കൊള്ളാം കഴിഞ്ഞല്ലേ ഉള്ളു. ഇപ്പൊ എന്തൊക്കെ കാണിച്ചു കൂട്ടിയാലും ഇലക്ഷനാവുമ്പോ ആ പ്രജകള്‍ വല്ല പഴകി ചീഞ്ഞ ലാവലിനോ, അല്ലേല്‍ മദനിയെയോ ഒക്കെ തലയിലേറ്റി നടന്നോളും. ഇപ്പഴാവുമ്പോ ആ ഇടതന്മാരുടെ ശല്യവുമില്ല. ആ ലാലൂനേം, ശ്രീമതി മായവതിയേം ഒക്കെ സി.ബി.ഐ വടി കാട്ടി പേടിപ്പിച്ചു നിര്‍ത്തിയെക്കല്ലേ. ഇടതന്മാരുടെ ശല്യം കാരണം അന്ന് കൊണ്ടുവന്ന്ന ദേശീയ തൊഴിലുറപ്പും, വിവരാവകാശവും ഒക്കെ ഇപ്പൊ ഒരു വഴിക്കാക്കിയിട്ടുണ്ടല്ലോ. ഇപ്പഴത്തെ പിന്തുണക്കാര്‍ക്കാണെങ്കി അങ്ങനത്തെ ആശകളോന്നുമില്ല. അവര്‍ക്ക് വല്ല സ്പെക്ട്രമോക്കെ വിറ്റു ജീവിച്ച മതി. ശരിക്കും ഭാരതത്തിന്റെ 'സുവര്‍ണ്ണ കാലം'. ഇനി ഒരാഗ്രഹം മാത്രേ ബാക്കിയുള്ളൂ. യുവരാജാവ് ഒന്ന് രാജാവായി കാണണം. അതും കൂടിയായാല്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി അംബാനി-ആദിയായവരുടെ കാര്യം ഭദ്രം. സോഷ്യലിസമോക്കെ ചാച്ച നെഹ്രുവിന്റെ കാലശേഷം കുഴിച്ചു മൂടിയതാണല്ലോ. ഇനി മനമോഹനോമിക്സിന്റെ കാലം. പണക്കാര്‍ ഇനിയും ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ, പാവപ്പെട്ടവര്‍ പണ്ടാരമടങ്ങട്ടെ........
ജയ് ഹിന്ദ്‌.....

കാര്യങ്ങളിങ്ങനോക്കെ ആണേലും നാം ശുഭ പ്രതീക്ഷ കൈവിടാന്‍ പാടില്ലല്ലോ; അതോണ്ട്
ശുഭം!
മംഗളം!
സ്വാതന്ത്ര്യദിനാശംസകള്‍........

anoopesar
Cartoon : THE HINDU

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....